അർണോസ് പാതിരി

അർണോസ് പാതിരി ജീവചരിത്രം (Arnos Pathiri in Malayalam)

ജനനം: 1681 

മരണം: 1732 മാർച്ച് 21

മലയാളഗദ്യത്തിന്റെ വളർച്ചയെ ഏറെ സഹായിച്ച മലയാളം - പോർച്ചുഗീസ് നിഘണ്ടു എഴുതിയത് ഹംഗറിക്കാരനായ അർണോസ് പാതിരിയാണ്. പാശ്ചാത്യനാട്ടില്‍നിന്ന്‌ ഇവിടെ വന്ന്‌ സംസ്കൃതവും മലയാളവും ഹൃദിസ്ഥമാക്കി തത്ത്വവിജ്ഞാനപ്രദങ്ങളായ കവിതകള്‍ രചിച്ച വ്യക്തി എന്ന നിലയിലാണ്‌ മലയാളകാവ്യസാഹിത്യത്തില്‍ അര്‍ണോസ്‌ പാതിരി ഇടം നേടുന്നത്‌. ആധുനിക കാവ്യനിരൂപണ വെളിച്ചത്തില്‍ പാതിരിയുടെ കവിതകള്‍ക്ക്‌ മൂല്യം കുറവായിരിക്കാം. എന്നാല്‍ കാലഘട്ടത്തെ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ കൃതികള്‍ ശ്രേഷ്ഠവും ഉത്തമവും തന്നെ. ഇപ്പോഴും ക്രിസ്ത്യാനികളുടെ വീടുകളില്‍ അദ്ദേഹത്തിന്റെ മിശിഹാചരിത്രവും ദേവമാതൃചരിതവും വായിക്കുക പതിവുണ്ട്‌. എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ട്‌ നിത്യപാരായണം ചെയ്യുന്നതുപോലെയാണ്‌ ക്രിസ്തീയഭവനങ്ങളില്‍ ഈ കൃതികള്‍ വായിക്കുന്നത്‌. ആ ലക്ഷ്യം ഉള്ളില്‍ കണ്ടുതന്നെയാണ്‌ തനി ദ്രാവിഡവൃത്തങ്ങളില്‍ അദ്ദേഹം ഇത്തരം കൃതികള്‍ക്ക്‌ ജന്മംനല്‍കിയതും.

അര്‍ണോസ്‌ പാതിരി 1699-ല്‍ കേരളത്തില്‍ എത്തി. യഥാര്‍ഥ പേര് ജോണ്‍ ഏണസ്റ്റസ്‌ ഹാങ്സന്‍ഡര്‍. ഏണസ്റ്റസ്‌ എന്നതിന്റെ മലയാളവത്കൃതരൂപമാണ്‌ അര്‍ണോസ്‌. 1681 -ല്‍ ഹംഗറിയിലാണ്‌ അദ്ദേഹം ജനിച്ചത്‌. മതപ്രചാരണത്തിനുവേണ്ടിയാണ്‌ അദ്ദേഹം മലയാളഭാഷ പഠിച്ചത്‌. അമ്പഴക്കാട്ട്‌ കുറേക്കാലം ഈശോസഭക്കാരുടെ ആശ്രമത്തില്‍ വസിച്ചു. പിന്നിട്‌ തൃശൂരിലെത്തി. താന്‍ വസിക്കുന്ന നാട്ടിലെ ഭാഷയെക്കുറിച്ച്‌ അദ്ദേഹം തിരിച്ചറിഞ്ഞു. മലയാളത്തില്‍ എന്തെങ്കിലും നവീകരണം നടത്തണമെങ്കില്‍ സംസ്കൃതജ്ഞാനം ആവശ്യമാണെന്ന്‌ തിരിച്ചറിഞ്ഞ അര്‍ണോസ്‌ പാതിരി തൃശൂരില്‍വച്ച്‌ സംസ്‌കൃതപഠനം തുടങ്ങി. വളരെവേഗം അദ്ദേഹം ആ ഭാഷ പഠിച്ചു. നല്ല പരിജ്ഞാനം അതില്‍ നേടി. വേലൂര്‍ എന്ന സ്ഥലത്ത്‌ കുറേക്കാലം വസിച്ച്‌ മതപ്രചാരണം നടത്തി. അവിടെ ഒരു പളളിയും സ്ഥാപിച്ചു.

എഴുത്തച്ഛന്റെ കൃതികള്‍ അര്‍ണോസ്‌ പാതിരിയെ ഏറെ ആകര്‍ഷിച്ചു. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങള്‍ തുടച്ചുമാറ്റണമെങ്കില്‍ മനുഷ്യമനസ്സുകള്‍ പരിഷ്കൃതമാകണമെന്ന്‌ മനസ്സിലാക്കിയതുകൊണ്ടാണല്ലോ എഴുത്തച്ഛന്‍ ഭക്തിക്കു പ്രാധാന്യം നല്‍കി കൃതികള്‍ രചിച്ചത്‌. ആ പാത പിന്തുടരാന്‍ അര്‍ണോസ്‌ പാതിരിയും തീരുമാനിച്ചു. ക്രിസ്തീയഭവനങ്ങളില്‍ നിത്യപാരായണത്തിനുവേണ്ടുന്ന ചില ഗ്രന്ഥങ്ങള്‍ എഴുതാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ്‌ ചതുരന്ത്യം, മിശിഹാചരിത്രം, പുത്തന്‍പാന, ഉമ്മാപര്‍വം എന്നീ കൃതികള്‍ രചിച്ചത്‌. പഴയതും പുതിയതും യോജിപ്പിച്ച് സാധാരണക്കാരനുവേണ്ടി ഗ്രന്ഥരചന നടത്തിയ മഹാനാണ് അർണോസ് പാതിരി. 1732 ൽ പഴയൂർ പള്ളിയിൽവച്ച് 51-ാം വയസ്സിൽ അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. പുത്തൻപാന എന്ന കാവ്യം രചിച്ചത് - അർണോസ് പാതിരി 

2. ഗ്രന്ഥഭാഷ എന്ന ഗ്രന്ഥം രചിച്ചത് - അർണോസ് പാതിരി 

3. അർണോസ് പാതിരി മരിച്ചത് എവിടെവെച്ചാണ്? - തൃശ്ശൂരിനടുത്തുള്ള പഴയൂർ

4. മലയാളത്തിൽ ആദ്യമായി ലെക്സിക്കൽ ഗ്രാമർവർക്ക് തയ്യാറാക്കിയത് - അർണോസ് പാതിരി

5. മലയാള ഭാഷയിലെ ആദ്യ നിഘണ്ടു രൂപപ്പെടുത്തിയത് - അർനോസ് പാതിരി (മലയാളം - പോർച്ചുഗീസ്)

Post a Comment

Previous Post Next Post