മലബാർ മാന്വൽ

മലബാർ മാന്വൽ (Malabar Manual in Malayalam)

ചരിത്രരേഖകൾ ശേഖരിച്ച് വിവരിക്കുന്നതാണ് 'മാന്വൽ' എന്നറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ഗവൺമെന്റ് ഓരോ ജില്ലയിലെയും ചരിത്രരേഖകളെ കുറിച്ച് മാന്വൽ തയ്യാറാക്കുവാൻ തീരുമാനിച്ചു. വില്യം ലോഗനാണ് അന്ന് മലബാർ കലക്ടർ. കുറേക്കാലമായി ഇവിടെയുള്ള ലോഗനെത്തന്നെ മാന്വൽ തയ്യാറാക്കാൻ ചുമതലപ്പെടുത്തി. ഒരു ഗവേഷകന്റെ ശ്രദ്ധയോടെയും ജാഗ്രതയോടെയും അദ്ദേഹം നന്നായി കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കി മാന്വൽ തയ്യാറാക്കി. മലബാർ മാന്വലിന്റെ ഒന്നാം അധ്യായം ഭൂമിശാസ്ത്രപരമായ സവിശേഷതകളെ കുറിച്ചാണ് പറയുന്നത്. രണ്ടാം ഭാഗത്ത് ഇവിടെയുള്ള ജാതികൾ, മതങ്ങൾ, ആചാരങ്ങൾ, ഭാഷ, സാഹിത്യം, വിദ്യാഭ്യാസം എന്നിവ വിശദീകരിക്കുന്നു. മൂന്നാം അധ്യായം തൊട്ടാണ് ചരിത്രം രേഖപ്പെടുത്തിയത്. നാലാം അധ്യായത്തിൽ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണുള്ളത്. കിട്ടാവുന്നത്ര പ്രാചീനഗ്രന്ഥങ്ങൾ പരിശോധിച്ചും പണ്ഡിതന്മാരോട് ചോദിച്ചറിഞ്ഞും പുറത്തുനിന്ന് രേഖകൾ വരുത്തി പരിശോധിച്ചുമാണ് പ്രദേശങ്ങളുടെ ചരിത്രം എഴുതിയിട്ടുള്ളത്.

വിദേശികൾ മലബാറിൽ ആധിപത്യം സ്ഥാപിക്കും മുമ്പ് ഇവിടെ നായർ പ്രാമാണിത്തമായിരുന്നുവെന്നാണ് ലോഗൻ പറയുന്നത്. വിദേശികളുടെ വരവ് മുതലാണ് ഇവിടെ കൃത്യമായ ഭരണസംവിധാനം ഉണ്ടായത് എന്നാണ് ലോഗന്റെ വാദം. ഇതിനൊക്കെ പുറമെ മാപ്പിളപ്പാട്ടുകളും വടക്കൻ പാട്ടുകളിൽ പെടുന്ന തച്ചോളിപ്പാട്ടുകളുമൊക്കെ മാന്വലിൽ സന്ദർഭാനുസരണം ഉൾപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടതിലും അപ്പുറം കാര്യങ്ങൾ മലബാർ മാന്വലിൽ ഏറെയുണ്ട്. പക്ഷം പിടിക്കാതെ കാര്യങ്ങൾ കാണാനാണ് വില്യം ലോഗൻ ശ്രദ്ധിച്ചത്. മൂന്ന് ഭാഗങ്ങളിൽ ഒരെണ്ണം ഒഴിച്ചുള്ളതെല്ലാം ഔദ്യോഗികരേഖകളാണ്. ചരിത്രം പഠിക്കുന്നവർക്ക് ഏറെ ഫലപ്രദമായ ഈ ഗ്രന്ഥം അക്കാലത്തെ സർക്കാർ രേഖകളുടെ ഒരു സമാഹാരം കൂടിയാണെന്നു പറയാം. മലബാർ ജില്ലയെ സംബന്ധിക്കുന്ന പ്രധാന കാര്യങ്ങളെല്ലാം തന്നെ അതിൽ പരാമർശിക്കുന്നുണ്ട്.

മലബാർ മാന്വൽ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവ് വില്യം ലോഗൻ എന്ന വിദേശിയാണെങ്കിലും ഭാരതം ലോകത്തിന് സമ്മാനിച്ച അപൂർവ ഗ്രന്ഥങ്ങളുടെ കൂട്ടത്തിലാണ് ഇതിന്റെയും സ്ഥാനം. നമ്മുടെ നാട്ടിലെ പ്രാചീന രേഖകളും ഗ്രന്ഥങ്ങളുമൊക്കെയാണ് ലോഗനെ മലബാർ മാന്വലിന്റെ രചനയ്ക്ക് സഹായിച്ചത്. മാത്രവുമല്ല വർഷങ്ങളോളം ഭാരതത്തിൽ ജീവിച്ച വ്യക്തികൂടിയാണ് അദ്ദേഹം. അതുകൊണ്ട് മലബാർ മാന്വലിനെക്കുറിച്ചും നമുക്ക് അഭിമാനിക്കാം.

നാലായി പകുത്ത ചരിത്രം 

അടുക്കും ചിട്ടയുമുള്ള ഒരു പുസ്തകമായിരിക്കണം മലബാര്‍ മാന്വല്‍. വായിക്കുന്നവര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റണം. ചരിത്രരചന തുടങ്ങുംമുമ്പ്‌ ലോഗന് നിര്‍ബന്ധമുണ്ടായിരുന്ന കാര്യങ്ങളാണിവ. മലബാര്‍ ജില്ലയെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും മാന്വലില്‍ ഉണ്ടാവണം. അവയ്ക്ക്‌ ഒരു അടുക്കും ചിട്ടയും വേണം. ഈ ലക്ഷ്യങ്ങളോടെ അദ്ദേഹം തന്റെ ചരിത്ര പുസ്തകത്തെ നാല്‌ ഭാഗങ്ങളായി തിരിച്ചു.

ആദ്യഭാഗം ജില്ലയുടെ ഭൂമി ശാസ്ത്രപരമായ കാര്യങ്ങള്‍ വിവരിക്കാനാണ്‌ ലോഗന്‍ മാറ്റിവച്ചത്‌. ജില്ലയുടെ വിവിധ അതിരുകൾ, ഭൂമിയുടെ പ്രത്യേകതകൾ, പർവ്വതപ്രദേശങ്ങൾ, പുഴകൾ, കായലുകൾ, തോടുകൾ എന്നിവയെക്കുറിച്ചൊക്കെയുള്ള വിവരണങ്ങൾ ഈ ഭാഗത്ത് കാണാം. കാലാവസ്ഥ, ഭൂഗർഭഘടന, സസ്യജാലങ്ങൾ, ഗതാഗത സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങളും ആദ്യഭാഗത്തുണ്ട്.

പുസ്തകത്തിന്റെ രണ്ടാമത്തെ ഭാഗത്ത് മലബാറിലെ ജനങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. ജനസംഖ്യ, ജനസാന്ദ്രത, സ്ത്രീ-പുരുഷ അനുപാതം തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ കാണാം. ഗ്രാമങ്ങളെയും നഗരങ്ങളെയും കുറിച്ചുള്ള വിവരണങ്ങള്‍, ഇവിടങ്ങളില്‍ ജീവിക്കുന്ന വിവിധ ജാതിയിലുള്ള ജനങ്ങള്‍, അവരുടെ തൊഴില്‍മേഖലകള്‍ എന്നിവയെക്കുറിച്ചൊക്കെ വിവരിക്കുന്ന ഭാഗമാണിത്‌.

വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള ആളുകള്‍ കഴിഞ്ഞിരുന്ന പ്രദേശമാണ്‌ മലബാര്‍. ഈ മതവിഭാഗങ്ങള്‍ക്കൊക്കെ പലതരം ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടായിരുന്നു. ഇവയെക്കുറിച്ചൊക്കെയുള്ള വിശദമായ വിവരങ്ങള്‍ ലോഗന്‍ മാന്വലിൽ ഉള്‍പ്പെടുത്തി. ജനങ്ങളും ഭാഷയും, അവരുടെ സാഹിത്യപരമായ മുന്നേറ്റങ്ങള്‍, വിദ്യാഭ്യാസ നിലവാരം എന്നിവയൊക്കെ മാന്വലിന്റെ ഭാഗമാക്കാന്‍ ലോഗന്‍ പ്രത്യേകം ശ്രദ്ധിച്ചു.

മലബാറിന്റെ ചരിത്രത്തിന്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന്‌ ലോഗന് അറിയാമായിരുന്നു. നീണ്ട ഗവേഷണങ്ങള്‍ നടത്തി കണ്ടെത്തിയ ചരിത്രവിവരങ്ങൾ ഉൾപ്പെടുത്താൻ അദ്ദേഹം മാന്വലിന്റെ മൂന്നാം ഭാഗം മാറ്റിവച്ചു. പ്രാചീന ചരിത്രം മുതൽ വർത്തമാനകാല വിവരങ്ങൾ വരെ കാലഘട്ടം തിരിച്ച് ഇവിടെ കൊടുത്തിട്ടുണ്ട്. മലബാറിലുണ്ടായ ഡച്ച്‌, ഇംഗ്ലീഷ്‌, ഫ്രഞ്ച്‌ അധിനിവേശങ്ങളെക്കുറിച്ചും അവരുടെ ശക്തികേന്ദ്രങ്ങളായിരുന്ന പ്രദേശങ്ങളെക്കുറിച്ചുമൊക്കെ ഇതില്‍ വിശദമായി പറയുന്നു.

കുരുമുളക്‌ അടക്കമുള്ള സുഗന്ധവ്യഞ്ജനങ്ങളും കൈത്തറിയുമൊക്കെ മലബാറിന്റെ സ്വന്തം സമ്പത്തായിരുന്നു. ഇതില്‍ കണ്ണുവച്ചാണ്‌ വിദേശികള്‍ കപ്പലോടിച്ചെത്തിയത്‌. ഇവയ്ക്കുവേണ്ടി അവര്‍ നടത്തിയ പോരാട്ടങ്ങളുടെ കഥകളും മലബാര്‍ മാന്വലില്‍ ഇടംപിടിച്ചു. മൈസൂര്‍ രാജവംശത്തിന്റെ അധിനിവേശവും അതിനു ശേഷം വന്ന ബ്രിട്ടീഷ് ആധിപത്യവുമെല്ലാം മാന്വലിന്റെ ഭാഗമായി. 

മലബാറിലെ ഭൂമി അവകാശവും റവന്യൂ നികുതിഘടനയുമൊക്കെ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ വിശദമാക്കാനാണ്‌ മാന്വലിന്റെ അവസാനഭാഗത്ത്‌ ലോഗന്‍ ശ്രമിച്ചിരിക്കുന്നത്‌. അതിനുശേഷം, പൊതുവായ ചില നിഗമനങ്ങള്‍ കൂടി ചേര്‍ത്ത്‌ "മലബാറിന്റെ ആധികാരികമായ ചരിത്രപുസ്തകം” ലോഗന്‍ അവസാനിപ്പിക്കുന്നു. മാന്വല്‍ രചനയില്‍ ലോഗന്‍ കാണിച്ച ആത്മാര്‍ഥതയും കഠിനാധ്വാനവുമാണ്‌ മലബാര്‍ മാന്വലിനെ ലോകമറിയുന്ന പുസ്തകമാക്കിയത്‌.

Post a Comment

Previous Post Next Post