ചെറുശ്ശേരി നമ്പൂതിരി

ചെറുശ്ശേരി നമ്പൂതിരി ജീവചരിത്രം (Cherusseri Namboothiri in Malayalam)

ജനനം : 1375

മരണം : 1475

മലയാളത്തിലെ പ്രാചീന കവിത്രയത്തിലൊരാളായ ചെറുശ്ശേരി നമ്പൂതിരി പതിനഞ്ചാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നതെന്നു കരുതുന്നു. ആധുനിക മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്ന എഴുത്തച്ഛനേക്കാൾ മുൻപാണ് ചെറുശ്ശേരി ജീവിച്ചിരുന്നത്. ഉത്തരകേരളത്തിൽ പണ്ട് കുറുമ്പനാട് എന്നൊരു താലൂക്ക് ഉണ്ടായിരുന്നു.  ആ താലൂക്കിലെ ഒരു സ്ഥലമായ വടകരയിൽ കേൾവികേട്ട 'ചെറുശ്ശേരി' ഇല്ലത്തു ജനിച്ച വ്യക്തിയാണ് ചെറുശ്ശേരി നമ്പൂതിരി. ചെറുശ്ശേരി എന്നപേരിൽ ഒരില്ലം ഇന്നവിടെയില്ല. പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ മൈസൂർ പടയോട്ടക്കാലത്ത് ഉത്തരകേരളത്തിൽ നിന്ന് അനേകം കുടുംബങ്ങൾ സ്ഥലംവിടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. അക്കൂട്ടത്തിൽ നശിച്ചുപോയതാകാം ചെറുശ്ശേരി ഇല്ലമെന്ന് സാഹിത്യചരിത്രകാരന്മാർ ഊഹിക്കുന്നു. കോലത്തിരി രാജാവായിരുന്ന ഉദയവർമന്റെ ആശ്രിതനായിരുന്നത്രേ ചെറുശ്ശേരി നമ്പൂതിരി. എന്നാൽ, മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗവും 'രാമായണം ചമ്പു'വിന്റെ കർത്താവുമായ പുനം നമ്പൂതിരി തന്നെയാണ് ചെറുശ്ശേരിയെന്നും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.

ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ഐതിഹ്യം

ശുദ്ധമലയാളത്തിന്റെ സൗന്ദര്യവും ശക്തിയും ആദ്യമായി കാണുന്നത് 'കൃഷ്ണഗാഥ' എന്ന മനോഹരകൃതിയിലാണ്. സംസ്കൃതപദങ്ങളും തമിഴ്‌പദങ്ങളും ഉപേക്ഷിച്ച് ശുദ്ധമായ മലയാളഭാഷയിലാണ് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. കൃഷ്ണഗാഥ രചിച്ചതിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ ഉദയവർമ്മരാജാവും ചെറുശ്ശേരിയും ചതുരംഗം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്ത്രപരമായ നീക്കങ്ങളിലൂടെ ചെറുശ്ശേരി ഉദയവർമ്മനെ പരാജയത്തിന്റെ വക്കിലെത്തിച്ചു. ആളിന്റെ കരു മുന്നോട്ടു നീക്കിയാൽ രാജാവ് ജയിക്കുമെന്ന് രാജ്ഞിക്കു മനസിലായി. കുഞ്ഞിനെ തൊട്ടിലിൽ ആട്ടിക്കൊണ്ട് സമീപത്തു നിൽക്കുകയാണ് രാജ്ഞി. നേരിട്ട് കളി പറഞ്ഞുകൊടുക്കുന്നത് ശരിയല്ലല്ലോ. രാജ്ഞി ഈണത്തിൽ ഒരു താരാട്ടുപാടി.

"ഉന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു,

ന്തുന്തുന്തു ന്തുന്തുന്തു ന്താളേയുന്ത്"

പാട്ടിന്റെ അർഥം രാജാവിന് പിടികിട്ടി. ആളിനെ നീക്കി അദ്ദേഹം കളി ജയിക്കുകയും ചെയ്തു. രാജ്ഞി പാടിയ പാട്ടിന്റെ ഈണം ഉദയവർമന് ഇഷ്ടപ്പെട്ടു. അതേ മട്ടിൽ ഒരു കാവ്യം നിർമ്മിക്കാൻ അദ്ദേഹം ചെറുശ്ശേരിയോട് ആവശ്യപ്പെട്ടു. അപ്രകാരം ചെറുശ്ശേരി എഴുതിയ കാവ്യമാണത്രെ കൃഷ്ണഗാഥ. ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള സംഭവങ്ങളാണ് കൃഷ്ണഗാഥയിൽ പറഞ്ഞിരിക്കുന്നത്. വായനക്കാരിൽ കൃഷ്ണഭക്തി ജനിപ്പിക്കുകായാണ് കവിയുടെ ലക്ഷ്യം. ദീർഘവും മനോഹരവുമായ വർണനകളും ധാരാളമായുള്ള അലങ്കാരപ്രയോഗങ്ങളും കൃഷ്ണഗാഥയുടെ പ്രത്യേകതകളാണ്. മഞ്ജരിവൃത്തത്തിലാണ് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. ഇതിന് ഭാഗവതത്തിലെ ദശമസ്കന്ധത്തിലെ ശ്രീകൃഷ്ണചരിതത്തെയാണ് കവി അടിസ്ഥാനമാക്കിയത്. ആകെ 47 അധ്യായങ്ങളും 2400 ഓളം ഈരടികളുമുള്ള കൃഷ്ണഗാഥയിൽ ലളിതമായ സംസ്കൃത പദങ്ങളും ഉപയോഗിച്ചിരിക്കുന്നു. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. പ്രാചീന കവിത്രയം - ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ 

2. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി - ചെറുശ്ശേരി 

3. ഭാഷാവൃത്തത്തിൽ രചിച്ച ആദ്യ മഹാകാവ്യം - കൃഷ്ണഗാഥ 

4. ആധുനിക രീതിയിലുള്ള മലയാളത്തിന്റെ ആദ്യ രൂപം കാണപ്പെടുന്ന കൃതി - കൃഷ്ണഗാഥ

5. ഋതുക്കളുടെ കവി എന്ന് വിശേഷിപ്പിക്കുന്നതാരെ - ചെറുശ്ശേരിയെ 

6. അധികരിച്ച് മലയാളത്തിലുണ്ടായ ആദ്യത്തെ മഹാകാവ്യം - കൃഷ്ണഗാഥ 

7. കൃഷ്ണഗാഥയുടെ കർത്താവ് ആര് - ചെറുശ്ശേരി 

8. ചെറുശ്ശേരി ഏത് നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത് - പതിനഞ്ചാം 

9. ചെറുശ്ശേരി ഏത് രാജാവിന്റെ സദസ്യനായിരുന്നു - ഉദയവർമ്മ കോലത്തിരി 

10. ഏത് കഥയെ ആസ്പദമാക്കിയാണ് കൃഷ്ണഗാഥ രചിച്ചിരിക്കുന്നത് - ഭാഗവതം ദശമസ്കന്ധത്തിലെ കഥ 

11. കൃഷ്ണഗാഥയിൽ ഉപയോഗിച്ചിരിക്കുന്ന അലങ്കാരങ്ങൾ - ഉൽപ്രേക്ഷ, ഉപമ, രൂപകം

12. കൃഷ്ണഗാഥയിൽ ഏറ്റവുമധികം ഉപയോഗിച്ചിരിക്കുന്ന അലങ്കാരം - ഉൽപ്രേക്ഷ

13. ശുദ്ധമലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ ബൃഹത്കവ്യം - കൃഷ്ണഗാഥ 

14. മലയാളത്തിന്റെ ആദ്യ മഹാകാവ്യമായി ഉള്ളൂർ വിലയിരുത്തിയ കൃതി - കൃഷ്ണഗാഥ

15. ചെറുശ്ശേരി കൃഷ്ണഗാഥ രചിച്ചത് ആരുടെ ആജ്ഞപ്രകാരമായിരുന്നു - ഉദയവർമ്മ കോലത്തിരി

16. കൃഷ്ണഗാഥ യുടെ മറ്റൊരു പേര് - ചെറുശ്ശേരിഗാഥ

17. ഗാഥ എന്ന പദത്തിന്റെ അർഥം - പാട്ട്

18. ഗാഥാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് - ചെറുശ്ശേരി

Post a Comment

Previous Post Next Post