ഉള്ളൂർ കവിതകൾ

ഉള്ളൂർ എസ്. പരമേശ്വരയ്യർ കൃതികൾ

ഭാരതത്തിന്റെ സാംസ്കാരികപൈതൃകത്തിൽ അഭിമാനം കൊണ്ട കവിയാണ് ഉള്ളൂർ. ഒരിക്കല്‍ അമേരിക്കന്‍ എഴുത്തുകാരിയായ മിസ്‌. മേയോ ഭാരതീയ സംസ്‌കാരത്തെ ആക്ഷേപിച്ചുകൊണ്ട്‌ ഒരു ഗ്രന്ഥമെഴുതി. മേയോക്ക്‌ മറുപടി നൽകിക്കൊണ്ട്‌ ഉള്ളൂര്‍ ഒരു ഖണ്ഡകാവ്യം തന്നെ എഴുതി; ചിത്രശാല. ഭാരതസംസ്‌കാരത്തിന്റെ മഹത്വവും ഭാരതസ്ത്രീയുടെ വിശുദ്ധിയുമാണ്‌ ഈ കാവ്യത്തില്‍ പ്രതിപാദിക്കുന്നത്‌. ഭാരതസംസ്കാരം ലോകത്തിനു വഴികാട്ടിയാകുമെന്ന്‌ ഉള്ളൂര്‍ ഈ കാവ്യത്തില്‍ പ്രഖ്യാപിക്കുന്നു.

ഉമാകേരളം

ഉള്ളൂരിന്റെ മഹാകാവ്യമാണ്‌ ഉമാകേരളം. 1913-ലാണ്‌ ഉമാകേരളം ആദ്യമായി പ്രസിദ്ധീകരിച്ചത്‌. 19സര്‍ഗങ്ങളും 2000-ല്‍ അധികം ശ്ലോകങ്ങളും ഇതിലുണ്ട്. മലയാളത്തിലെ മഹാകാവ്യങ്ങളുടെ കൂട്ടത്തില്‍ സുപ്രധാനമായ സ്ഥാനമാണ് ഉമാകേരളത്തിനുള്ളത്‌. മഹാകാവ്യത്തിന്റെ ഇതിവൃത്തം പുരാണകഥയായിരിക്കണമെന്ന പരമ്പരാഗതമായ നിബന്ധന ഉള്ളൂർ ഇതിൽ പാലിച്ചിട്ടില്ല. പുരാണകഥയ്ക്കു പകരം തിരുവിതാംകൂർ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളെ ആധാരമാക്കിയാണ് ഉമാകേരളം രചിച്ചിട്ടുള്ളത്. ഉമാകേരളത്തിന്റെ പുറംചട്ടയാണ് ചിത്രത്തിൽ.

ഭക്തിദീപിക

ശങ്കരാചാര്യരുടെ ശിഷ്യനാണ്‌ സനന്ദനന്‍. നരസിംഹമൂര്‍ത്തിയെ പ്രത്യക്ഷനാക്കുവാന്‍ സനന്ദനന്‍ കഠിനമായ തപസ്‌ ആരംഭിച്ചു. അങ്ങനെയിരിക്കെ ചാത്തന്‍ എന്നു പേരുള്ള ഒരു വേടന്‍ സനന്ദനന്റെ സമീപമെത്തി. ചാത്തന്റെ വിചാരം സനന്ദനനും തന്നെപ്പോലെ ഒരു വേടനാണെന്നാണ്‌. ഏത്‌ മൃഗത്തെ പിടിക്കുവാനാണ് കാട്ടില്‍ വന്നതെന്ന്‌ ചാത്തന്‍ സനന്ദനനോട്‌ ചോദിച്ചു. സനന്ദനന്‌ നല്ല രസം തോന്നി. ചാത്തനെ ഒന്നു പറ്റിച്ചിട്ടുതന്നെ കാര്യം, സനന്ദനന്‍ വിചാരിച്ചു. സനന്ദനന്‍ നരസിംഹ മൂര്‍ത്തിയുടെ രൂപം വിവരിച്ചു കൊടുത്തു. അതിനെ പിടിക്കുവാനാണ്‌ താന്‍ വന്നിരിക്കുന്നതെന്നും പറഞ്ഞു. ശുദ്ധഗതിക്കാരനായ ചാത്തന്‍ എല്ലാം വിശ്വസിച്ചു.

ചാത്തന്‍ അത്തരമൊരു മൃഗത്തെത്തേടി രാവും പകലും അലഞ്ഞു. പെട്ടെന്നൊരു ദിവസം മഹാവിഷ്ണു നരസിംഹരൂപത്തില്‍ ചാത്തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ചാത്തന്‌ അത്‌ ആരാണെന്ന്‌ മനസ്സിലായില്ല. ചാത്തന്‍ മൃഗത്തെ പിടിച്ചുകെട്ടി സനന്ദനന്റെ അടുത്തു ചെന്നു. സനന്ദനന് വലിയ അത്ഭുതമായി. താന്‍ എത്ര നാളായി മഹാവിഷ്ണുവിനെ പ്രതൃക്ഷപ്പെടുത്താന്‍ തപസ്‌ ചെയ്യുന്നു. ഒടുവില്‍ വിഷ്ണു പ്രത്യക്ഷപ്പെട്ടത്‌ വേടനു മുമ്പില്‍. മഹാവിഷ്ണു, ജാതിയനുസരിച്ച്‌ ഉച്ചനീതത്വം കല്‍പിക്കുന്നതിലെ അര്‍ഥശുന്യതയെക്കുറിച്ച്‌ സനന്ദനനെ ഉപദേശിക്കുന്നു. സനന്ദനന്റെ എല്ലാ അഹങ്കാരവും അതോടെ അടങ്ങി. ഉള്ളൂരിന്റെ “ഭക്തിദീപിക" എന്ന ഖണ്ഡകാവ്യത്തിലാണ്‌ ഈ കഥ പറയുന്നത്‌. ശങ്കരചരിതത്തിലേതാണ്‌ ഈ കഥ.

വിദുരഭിക്ഷ

കൗരവരുടെ നേതാവായ ദുര്യോധനന്‍ ദൂതുമായെത്തുന്ന ശ്രീകൃഷ്ണനുവേണ്ടി ഗംഭീരമായ സല്‍ക്കാരം ഒരുക്കുന്നു. പക്ഷേ, ആ സല്‍ക്കാരം സ്വീകരിക്കാതെ ശ്രീകൃഷ്ണന്‍ വിദുരരുടെ കുടിലില്‍ അത്താഴമുണ്ണാന്‍ പോകുന്നു. ഇതാണ്‌ ഉള്ളൂരിന്റെ 'വിദുരഭിക്ഷ'എന്ന ഖണ്ഡകാവ്യത്തിലെ ഇതിവൃത്തം. ജാതിയും സമ്പത്തുമൊന്നുമല്ല മനുഷ്യത്വവും ഭക്തിയുമാണ്‌ പ്രധാനം. വിദുരഭിക്ഷയിലൂടെ ഉള്ളൂര്‍ സ്ഥാപിക്കുന്നത്‌ ഇതാണ്‌.

കര്‍ണഭൂഷണം

കര്‍ണഭൂഷണമാണ്‌ ഉള്ളൂരിന്റെ ശ്രദ്ധേയമായ ഖണ്ഡകാവ്യം. കര്‍ണന്‍ ദേവേന്ദ്രന്‌ കവച കുണ്ഡലങ്ങള്‍ ദാനം ചെയ്യുന്നതാണ്‌ ഇതിലെ ഇതിവൃത്തം. ജന്മനാ ലഭിച്ച കവചകുണ്ഡലങ്ങള്‍ ധരിച്ച കര്‍ണനെ ആര്‍ക്കും തോല്‍പിക്കാനാവില്ല, മകനായ അര്‍ജുനന്‍ യുദ്ധത്തില്‍ ജയിക്കാന്‍ ദേവേന്ദ്രന്‍ കര്‍ണന്‍റെ കവച്ച കുണ്ഡലങ്ങള്‍ യാചിച്ചു വാങ്ങാന്‍ ഇറങ്ങിപ്പുറപ്പെടുന്നു. കവചകുണ്ഡലങ്ങള്‍ ദാനം ചെയ്യരുതെന്ന്‌ കര്‍ണനെ പിതാവായ സൂര്യന്‍ ഉപദേശിക്കുന്നു. പക്ഷേ, സൂര്യന്‌ മകനെ പിന്തിരിപ്പിക്കാനായില്ല. ബ്രാഹ്മണവേഷത്തിൽ എത്തിയ ദേവേന്ദ്രൻ കവചകുണ്ഡലങ്ങൾ യാചിച്ചപ്പോൾ കർണൻ അത് നൽകുന്നു. അർജ്ജുനനെ ജയിപ്പിക്കാനുള്ള തന്ത്രമാണെന്ന് അറിഞ്ഞുകൊണ്ട് കവചകുണ്ഡലങ്ങൾ ദാനം ചെയ്ത കർണ്ണന്റെ ചിത്രം ഉള്ളൂർ ഉജ്ജ്വലമായി അവതരിപ്പിക്കുന്നുണ്ട്.

ഉജ്ജ്വലശബ്ദം   

ഖണ്ഡകാവ്യങ്ങള്‍ക്ക്‌ പുറമേ ലഘുകവിതകളും ഉള്ളൂരിന്റെതായുണ്ട്‌. കിരണാവലി, അമൃതധാര, താരഹാരം, രത്നമാല എന്നിവയാണ്‌ പ്രധാന കവിതാസമാഹാരരങ്ങള്‍. കവിത്രയത്തിലെ മറ്റു രണ്ടു കവികളുമായും അടുത്ത ബന്ധം ഉള്ളൂരിനുണ്ടായിരുന്നു. ആശാന്റെ ചണ്ഡാലഭിക്ഷുകിക്ക്‌ ഉള്ളൂരാണ്‌ അവതാരിക എഴുതിയത്‌. സംസ്കൃതം കലര്‍ന്ന ഭാഷയായിരുന്നു ഉള്ളൂരിന്റെത്. “ഉജ്ജ്വലശബ്ദാഢ്യൻ' എന്നാണ്‌ നിരൂപക൪ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. ശബ്ദ സൗകുമാര്യത്തില്‍ ഉള്ളൂരിന്‌ പ്രത്യേകനിഷ്ഠയുണ്ടായിരുന്നു. സംഗീതാത്മകമായരചനാശൈലി എപ്പോഴും പിന്തുടര്‍ന്നിരുന്നു. “പ്രേമസംഗീതം" അത്തരത്തിലൊന്നാണ്‌.

"ഒരൊറ്റ മതമുണ്ടുലകി, ന്നുയിരാം

പ്രേമം; അതൊന്നല്ലോ

പരക്കെ നമ്മേ പാലമൃതൂട്ടും

പാർവണശശിബിംബം"

ഉള്ളൂരിന്റെ കവിതകൾ

പദ്യം 

■ ഉള്ളൂരിന്റെ പദ്യകൃതികൾ (2 ഭാഗം)

■ വഞ്ചീശഗീതി

■ സുജാതോദ്വാഹം (ചമ്പു)

■ ഉമാകേരളം 

■ മംഗളമഞ്ജരി 

■ കിരണാവലി 

■ താരഹാരം 

■ തരംഗിണി 

■ കർണഭൂഷണം 

■ പിംഗള 

■ അരുണോദയ 

■ ചിത്രശാല 

■ ചിത്രോദയ

■ മണിമഞ്ജുഷ 

■ ഭക്തിദീപിക 

■ ഹൃദയകൗമുദി 

■ ദീപാവലി 

■ ചൈത്രപ്രഭാവം 

■ രത്നമാല 

■ അമൃതധാര 

■ ശരണോപഹാരം 

■ കല്പശാഖി 

■ തപ്തഹൃദയം 

■ ഒരു നേർച്ച 

■ ദേവയാനീപരിണയം 

■ അംബരീഷശതകം 

■ സത്യവതി 

■ ഗജേന്ദ്രമോക്ഷം 

■ ദത്താപഹാരം 

■ മിഥ്യാപവാദം 

■ കാവ്യചന്ദ്രിക 

ഗദ്യം 

■ കേരളസാഹിത്യചരിതം (5 വാല്യം)

■ സദാചാരദീപിക 

■ ബാലദീപിക 

■ മാതൃകാജീവിതങ്ങൾ 

■ ഭാഷാസാഹിത്യവും മണിപ്രവാളവും

■ ഭാഷാചമ്പുക്കൾ 

■ അംബ (ഗദ്യനാടകം)

■ ആനന്ദി ഭായി (നാടകം - അപൂർണം)

■ ഗദ്യമാലിക 

■ വിജ്ഞാനദീപിക (4 ഭാഗങ്ങൾ)

Post a Comment

Previous Post Next Post