ചെമ്പകം

ചെമ്പകം ശാസ്ത്രീയ നാമം - മഗ്‌നോളിയ ചമ്പക

കേരളത്തിലെ ഏറ്റവും സുഗന്ധമുള്ള പുക്കളിലൊന്നാണ്‌ ചെമ്പകം. ഭാരതീയ പുരാണങ്ങളില്‍ ഇതിന്‌ വിശേഷപ്പെട്ട സ്ഥാനമുണ്ട്‌. പൂമരമായി അറിയപ്പെടുന്ന ചെമ്പകത്തിന്റെ ജന്മദേശം ദക്ഷിണേന്ത്യയാണ്‌. എന്നാല്‍ ഇന്ത്യയ്ക്കു പുറമേ വിവിധ രാജ്യങ്ങളിലും ചെമ്പകം വളരുന്നു. കേരളത്തിലെ മിക്കവാറും മേഖലകളില്‍ നന്നായി വളരുന്ന മരം കൂടിയാണിത്‌. ചെമ്പകപ്പൂവിന്റെ സുഗന്ധം മരം നില്‍ക്കുന്ന പ്രദേശത്താകെയുണ്ടാകുമെന്നതിനാല്‍ ഇതിനെ പെട്ടെന്ന്‌ തിരിച്ചറിയാം.

വലിയ ഇലകളുള്ള ചെമ്പകമരം മണ്ണിലാണ്‌ നന്നായി വളരുന്നത്‌. ഒരു നിത്യഹരിതവ്യക്ഷമായ ചെമ്പകം പവിത്രമരമായും അറിയപ്പെടുന്നു. ഇലകള്‍ക്ക്‌ തിളക്കമുള്ള പച്ചനിറമാണ്‌. ചെമ്പകത്തിന്റെ പൂക്കളെ സുന്ദരിയുടെ മന്ദഹാസത്തോടാണ്‌ കവികള്‍ ഉപമിക്കുന്നത്‌. സാധാരണയായി ഏപ്രില്‍ മാസത്തിലാണ്‌ ചെമ്പകത്തിന്‍റെ പൂക്കാലം ആരംഭിക്കുന്നത്‌. മഞ്ഞനിറമുള്ള പൂക്കള്‍ അനേകം ഇതളുകളോടു കൂടിയവയാണ്‌. കായ്ക്കൾ കുലകളായിട്ടാണ് ഉണ്ടാകുന്നത്.

ചില ഔഷധങ്ങള്‍ക്കായും ചെമ്പകം ഉപയോഗിക്കാറുണ്ട്‌. തടിക്ക്‌ ബലവും ഈടുമുള്ളതിനാല്‍ ഫര്‍ണിച്ചറിനുപയോഗിക്കാം. വിറകിനായും ഇതിന്റെ തടി പ്രയോജനപ്പെടുത്തുന്നവരുണ്ട്‌. എന്നാല്‍, പുണ്യതരുവായി പരക്കെ അറിയപ്പെടുന്നതിനാല്‍ ഇത്തരം ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നത്‌ വിരളമാണ്‌.

Post a Comment

Previous Post Next Post