രാജാറാം മോഹൻ റോയ്

രാജാറാം മോഹൻ റോയ് (Raja Ram Mohan Roy)

ജനനം: 1772 മെയ് 22

മരണം: 1833 സെപ്റ്റംബർ 27


ബംഗാളിലെ രാധാനഗറിൽ ഒരു യാഥാസ്ഥിതിക ഹിന്ദു കുടുംബത്തിലായിരുന്നു റാം മോഹന്റെ ജനനം. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തി വാണിരുന്ന ഒരു സാമൂഹ്യവ്യവസ്ഥയിൽ അവയ്‌ക്കെതിരെ അദ്ദേഹം ശക്തമായി പോരാടി. മതം, രാഷ്ട്രീയം, വിദ്യാഭ്യാസം തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലകളിലും നവീകരണം ഉണ്ടാക്കുന്നതിന് അദ്ദേഹം ശ്രമിച്ചു. എങ്കിലും ചരിത്രം റാം മോഹനെ ഏറ്റവും അധികം വാഴ്ത്തുന്നത് സതി നിരോധനത്തിന്റെ കാരണക്കാരൻ എന്ന നിലയിലാണ്. റാം മോഹൻ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും സമാന ചിന്താഗതിക്കാരുമായി ആശയവിനിമയം നടത്തുന്നതിനുംവേണ്ടി 1815-ൽ 'ആത്മീയ സഭ' എന്ന സംഘടനയ്ക്ക് രൂപം നൽകി. പിന്നീട് സ്വന്തം സംസ്കാരത്തിൽ ഉറച്ചു നിന്ന് 'ഏകദൈവത്തെ' ആരാധിക്കുന്നതിനായി 1828-ൽ 'ബ്രഹ്മസമാജം' എന്ന പ്രസ്ഥാനത്തിന് രൂപം നൽകി. പലദേശീയ പ്രസ്ഥാനങ്ങൾ രൂപം കൊള്ളാനും ഒട്ടെറെ സാംസ്‌കാരിക നായകന്മാർ മുൻനിരയിലേയ്ക്ക് വളരുവാനും ബ്രഹ്മസമാജം പ്രചോദനമായി.


രാജാറാം മോഹൻ റോയ് ജീവചരിത്രം


ബംഗാളിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ 1772 മെയ് 22-ന് റാം മോഹൻ റോയ് ജനിച്ചു. ആദ്യകാല വിദ്യാഭ്യാസം പട്നയിൽ പൂർത്തിയാക്കി. പതിനാറാം വയസ്സിൽ തന്റെ നാട്ടിൽ നിന്ന് പുറപ്പെട്ടുപോയി പല പുണ്യനഗരങ്ങളും സന്ദർശിച്ചതിനുശേഷം തിരിച്ചെത്തി. ബനാറസിലേക്ക് തന്റെ താമസം മാറ്റി. അവിടെയുള്ള മതപണ്ഡിതന്മാരിൽ നിന്നും അദ്ദേഹം ശാസ്ത്രങ്ങളും വേദങ്ങളും പഠിച്ചു.


1805-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥനായി. 1815-ൽ ജോലി രാജിവെച്ച് കൊൽക്കത്തയിൽ എത്തി സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 'ആത്മീയ സഭ' എന്നാരു സംഘടനയ്ക്ക് രൂപംകൊടുത്തു. 1828-ൽ 'ബ്രഹ്മസമാജം' എന്നൊരു മറ്റൊരു സംഘടനയും സ്ഥാപിച്ചു. മതകാപട്യങ്ങൾ തുറന്നു ജനങ്ങൾക്ക് കാണിച്ചുകൊടുക്കുക എന്നതായിരുന്നു ഈ സംഘടനകളുടെ ലക്ഷ്യം. 1829-ൽ 'സതി' എന്നൊരു ദുരാചാരം നിയമം കൊണ്ട് നിരോധിക്കുവാൻ ജനറൽ വില്യം ബെൻറിക് പ്രഭുവിനെ പ്രേരിപ്പിച്ചത് അദ്ദേഹമായിരുന്നു. 1830-ൽ മുഗൾ ചക്രവർത്തിയുടെ പ്രതിനിധിയായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. 'രാജ' എന്ന ബഹുമതി നൽകി അദ്ദേഹത്തെ മുഗൾ ചക്രവർത്തി ആദരിച്ചു.


പുരോഗമന ആശയങ്ങളുടെ വക്താവും ഊർജ്ജസ്വലമായ ഒരു പരിഷ്കരണ വാദിയുമായിരുന്നു അദ്ദേഹം. മതപരമായി നടത്തുന്ന അപരിഷ്കൃതവും അനാവശ്യവുമായ ചടങ്ങുകൾ മറ്റു ആർഭാട ചെലവുകൾ ഇവയൊക്കെ നിയന്ത്രിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതമൗലികവാദവും അന്ധവിശ്വാസങ്ങളും അദ്ദേഹം എതിർത്തിരുന്നു. നാടിൻറെ പുരോഗതിക്ക് പാശ്ചാത്യ വിദ്യാഭ്യാസം അനിവാര്യമാണെന്ന് വാദിച്ചു. പലതരത്തിലുള്ള മാമൂലുകളെയും എതിർത്തിരുന്ന കാരണത്താൽ അദ്ദേഹത്തെ വീട്ടിൽ നിന്നും പുറത്താക്കി. അസാധാരണമായ പണ്ഡിതനായിരുന്ന അദ്ദേഹം ഇംഗ്ലീഷ്, പേർഷ്യൻ, അറബിക്, ലാറ്റിൻ, ഫ്രഞ്ച്, ഹീബ്രു എന്നീ ഭാഷകൾ നന്നായി അറിയാമായിരുന്നു. മതഗ്രന്ഥങ്ങളെല്ലാം പഠന വിധേയമാക്കി. സാധാരണക്കാരുടെ പഠനത്തിനായി വേദങ്ങൾ, ഉപനിഷത്ത് എന്നിവ ബംഗാളിയിലേക്ക് വിവർത്തനം ചെയ്തു. 'ഇന്ത്യൻ മത-സാമൂഹിക നവോത്ഥാനത്തിന്റെ പിതാവ്' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 1833 സെപ്റ്റംബർ 27-ന് ബ്രിസ്റ്റണിൽ വെച്ച് അന്തരിച്ചു.


ഓർത്തിരിക്കേണ്ട വസ്തുതകൾ


■ 'ആധുനിക ഭാരതത്തിന്റെ നവോത്ഥാന നായകൻ', ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്', 'ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ' എന്നിങ്ങനെ വിളിക്കപ്പെടുന്നത് റോയെയാണ്.


■ 1772 മെയ് 22-ന് ബംഗാളിലെ രാധാനഗറിൽ രമാകാന്തരായിയുടെയും താരിണീദേവിയുടെയും രണ്ടാമത്തെ പുത്രനായി രാജാറാം മോഹൻറോയ് ജനിച്ചു.


■ 1802-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനായി.1815-ൽ ഉദ്യോഗം രാജിവെച്ചു.


■ 1815-ൽ ആത്മീയ സഭയ്ക്ക് രൂപംനൽകി. ഇന്ത്യയിലെ ആദ്യത്തെ സാമൂഹ്യ മതപരിഷ്കരണപ്രസ്ഥാനമാണ് ആത്മീയ സഭ. ബഹുദൈവാരാധനാ സമ്പ്രദായത്തെ ശക്തമായി വിമർശിച്ച പരിഷ്കർത്താവായിരുന്നു മോഹൻറോയ്.


■ 1817-ൽ ഡേവിഡ് ഹെയറിന് കൽക്കട്ട ഹിന്ദു കോളേജ് സ്ഥാപിക്കാൻ എല്ലാവിധ സഹായങ്ങളും നൽകിയത് മോഹൻറോയിയാണ്. ഇന്ത്യയിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ ആദ്യ പ്രചാരകനും മോഹൻ റോയിയായിരുന്നു.


■ ഉത്തരായൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 1822-ൽ ആംഗ്ലോ - ഹിന്ദു സ്കൂൾ സ്ഥാപിച്ചു. 


■ 1825-ൽ വേദാന്ത കോളേജ് സ്ഥാപിച്ചത്.


■ 1828-ലാണ് 'ബ്രഹ്മസമാജം'(ബ്രഹ്മ സഭ) സ്ഥാപിക്കപ്പെട്ടത്. ബ്രഹ്മസമാജത്തിന്റെ പ്രചാരണാർഥം തുടങ്ങിയ വാരികയാണ് 'തത്ത്വകൗമുദി'. ഹിന്ദുമതത്തെയും സമൂഹത്തെയും കാലോചിതമായി പരിഷ്കരിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.


■ 1829 നവംബർ 26-ന് 'സതി' എന്ന ദുരാചാരം നിർത്തലാക്കികൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. സതിക്കെതിരെ രാജാറാം മോഹൻറോയ് നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഗവർണർ ജനറൽ ആയിരുന്ന വില്യം ബെൻറിക് പ്രഭുവാണ് ഉത്തരവ് പുറത്തിറക്കിയത്.


■ ഇന്ത്യയിലെ ആദ്യത്തെ മിഷണറി സ്കൂൾ സ്ഥാപിക്കുന്നത് രാജാറാം മോഹൻറോയുടെ നേതൃത്വത്തിലാണ്. 1830 ജൂലായ് 13-നായിരുന്നു അത്. 


■ 1830-ൽ ഇംഗ്ലണ്ടിലേക്കു യാത്രതിരിച്ചു. ഇംഗ്ലണ്ട് സന്ദർശിച്ച ആദ്യ ഇന്ത്യക്കാരൻ.


■ തുഹ്ഫത്തുൽ-മുവാഹിദ്ദീൻ (ഏക ദൈവ വിശ്വാസികൾക്ക് ഒരു ഉപഹാരം), ദി പ്രിസ്പ്റ്റ്സ് ഓഫ് ജീസസ് (യേശുവിന്റെ കല്പനകൾ) എന്നിവയാണ് മോഹൻറോയുടെ വിഖ്യാത ഗ്രന്ഥങ്ങൾ.


■ രാജാറാം മോഹൻറോയ്ക്ക് 'രാജ' എന്ന വിശേഷണം നൽകിയത് മുഗൾ ചക്രവർത്തിയായ അക്ബർ രണ്ടാമനാണ്.


■ ജാതി വ്യവസ്ഥയെ എതിർത്തുകൊണ്ടുള്ള ബജ്‌റ സൂചി എന്ന നാടകം ബംഗാളിലേക്ക് വിവർത്തനം ചെയ്തതും മോഹൻ റോയ് ആണ്.


■ ഇന്ത്യൻ ദേശീയ പത്രപ്രവർത്തനത്തിന്റെ സ്ഥാപകനും റോയിയാണ്. ബംഗാളി ഭാഷയിലെ വിഖ്യാത പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപരും മോഹൻ റോയിയായിരുന്നു.


■ മതങ്ങളെ താരതമ്യം ചെയ്ത്  പഠിച്ച ആദ്യത്തെ അന്വേഷകൻ എന്നാണ് മോനിയർ വില്യംസ് മോഹൻറോയിയെ വിശേഷിപ്പിച്ചത്.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ബ്രഹ്മസമാജം സ്ഥാപിച്ചത് - രാജാറാം മോഹൻ റോയ്


2. രാജാറാം മോഹൻ റോയുടെ പ്രസ്ഥാനം - ആത്മീയസഭ, ബ്രഹ്മസമാജം


3. രാജാറാം മോഹൻ റോയ് ആരംഭിച്ച പത്രത്തിന്റെ പേര് എന്ത് - സംവാദ് കൗമുദി (ബംഗാളി), മിറാത്തുല്‍ അക്ബര്‍ (പേർഷ്യൻ)


4. രാജാറാം മോഹൻ റോയ് മരണമടഞ്ഞ സ്ഥലം ഏത് - ബ്രിസ്റ്റോൾ (ഇംഗ്ലണ്ട്)


5. ബ്രിട്ടനിലെത്തിയ ആദ്യ ബ്രാഹ്മണൻ - റാം മോഹൻ റോയ്


6. എത്രാം ശതകത്തിലാണ് ഇന്ത്യയിൽ രാജാറാം സാമൂഹിക രംഗത്ത് നവോത്ഥാനത്തിന് തുടക്കം കുറിച്ചത് - 19


7. വേദാന്ത കോളേജ് 1825-ൽ സ്ഥാപിച്ചതാര് - റാം മോഹൻറോയ്


8. ഇന്ത്യൻ സാമൂഹിക വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - റാം മോഹൻറോയ്


9. ഇന്ത്യൻ മത-സാമൂഹിക നവോത്ഥാനത്തിന്റെ പിതാവ് - റാം മോഹൻറോയ്


10. ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യൻ എന്നറിയപ്പെട്ടത് - റാം മോഹൻറോയ്


11. രാജാറാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ എവിടെയാണ് - കൊൽക്കത്ത


12. ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടത് - രാജാറാം മോഹൻ റോയ്


13. ഏതു ഭാഷയിലാണ് മോഹൻറോയ് മിറാത്ത് ഉൽ അഖ്തർ പ്രസിദ്ധീകരിച്ചത് - പേർഷ്യൻ


14. 1772-ൽ ഹൂഗ്ലി ജില്ലയിലെ രാധാനഗറിൽ ജനിച്ച മഹാൻ - റാം മോഹൻറോയ്


15. റാം മോഹൻ റോയ്, സതി സമ്പ്രദായത്തെ സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിന് ഇറങ്ങിത്തിരിച്ചത് എന്ന്? - 1818-ൽ


16. ബ്രഹ്മസമാജം എന്ന് പിൽകാലത്ത് അറിയപ്പെട്ട ബ്രഹ്മസഭ സ്ഥാപിച്ചത് എന്ന്? - 1829-ൽ


17. ബ്രഹ്മസഭയുടെ തത്വങ്ങൾ ഏതിന്റെയെല്ലാം അടിസ്ഥാനത്തിൽ ആയിരുന്നു? - വേദങ്ങളുടേയും ഉപനിഷത്തുകളുടേയും


18. റാം മോഹൻ റോയിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് ദേബേന്ദ്രനാഥ് ടാഗോർ തത്ത്വബോഡിനി സഭ സ്ഥാപിച്ചത് എന്ന്? - 1839-ൽ 


19. 1841-ൽ ബ്രഹ്മ സമാജത്തിന് പുത്തൻ ഉണർവ്വ് ഉണ്ടാക്കിയതാര്? - ദേബേന്ദ്രനാഥ് ടാഗോർ


20. 1829-ൽ സതി സമ്പ്രദായം നിരോധിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കിയത് ഏത് ഗവർണർ ജനറൽ? - വില്യം ബന്റിക്


21. ദക്ഷിണേന്ത്യലെ ബ്രഹ്മസമാജം? - വേദ സമാജം

0 Comments