സുഭാഷ് ചന്ദ്ര ബോസ്

സുഭാഷ് ചന്ദ്ര ബോസ് (Subhash Chandra Bose)

ജനനം: 1897 ജനുവരി 23

മരണം: 1945 ഓഗസ്റ്റ് 18 


ഒറീസ്സയിലെ കട്ടക്കിൽ ജനിച്ച സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യക്കാർ 'നേതാജി' എന്നാണ് വിളിച്ചിരുന്നത്. സായുധ വിപ്ലവത്തിലൂടെ മാത്രമേ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയുള്ളു എന്നു വിശ്വസിച്ച നേതാജി "എനിക്ക് രക്തം തരൂ, പകരം നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" എന്ന ആഹ്വാനത്തിലൂടെ യുവാക്കളെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചു. പലതവണ ജയിൽ ശിക്ഷ അനുഭവിച്ച അദ്ദേഹം ജപ്പാന്റെ സഹായത്തോടെ 'ഇന്ത്യൻ നാഷണൽ ആർമി'(ഐ.എൻ.എ) എന്ന സംഘടന രൂപീകരിച്ചു. 1945-ലെ ഐ.എൻ.എ യുടെ ആക്രമണം ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചു. 'ജയ്‌ഹിന്ദ്‌' എന്ന അഭിവാദ്യ വാക്യം നമുക്ക് സമർപ്പിച്ച സുഭാഷ് ചന്ദ്രബോസ് 1945-ൽ  ജപ്പാനിൽ വച്ചുണ്ടായ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു.


സുബാഷ് ചന്ദ്ര ബോസ് ജീവചരിത്രം


ഒറീസ്സയിലെ കടക്കിൽ 1897 ജനുവരി 23 ന് സുബാഷ് ചന്ദ്രബോസ് ജനിച്ചു. തന്റെ അഞ്ചാമത്തെ വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചു. യൂറോപ്പുകാർ നടത്തുന്ന സ്കൂളിൽ ആദ്യം ചേരുകയും പിന്നീട് ഒരു ബംഗാളി സ്കൂളിലേയ്ക്ക് മാറി പഠനം തുടർന്നു. മെട്രിക്കുലേഷൻ രണ്ടാം റാങ്കോടെ പാസ്സായി. ശ്രീരാമപരമകൃഷ്ണൻ, സ്വാമി വിവേകാനന്ദൻ തുടങ്ങി പ്രസിദ്ധരായവർ രചിച്ച പുസ്തകങ്ങൾ അദ്ദേഹം വായിച്ചു.


പ്രാന്തീയ സേനയുടെ ശാഖയിൽ അദ്ദേഹം ചേർന്ന് സൈനികപരിശീലനം നേടി. കോളേജിൽ പ്രവർത്തിച്ചിരുന്ന ഒരു സേനയാണിത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായി പോയി. ഇന്ത്യൻ സിവിൽ സർവീസ് 1920 ൽ പാസ്സായി. ജോലി രാജിവെച്ച് ഗാന്ധിജിയെ സന്ദർശിച്ചു. സി.ആർ.ദാസിനെ സമീപിക്കാൻ ഗാന്ധിജി അദ്ദേഹത്തിന് നിർദ്ദേശം നൽകി. സി.ആർ.ദാസാണ് സുബാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു.


ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം കോൺഗ്രസിന്റെ തീവ്രവാദപരമായ നയപരിപാടികളെ പിന്തുണച്ചു. ഇക്കാരണത്താൽ തനിക്കെതിരെ ധാരാളം എതിർപ്പുകൾ സംഘടനയിൽ നിന്നും ഉണ്ടായി. ബംഗാൾ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി 1927-ൽ ചുമതലയേറ്റു. 1930-ൽ നിയമവിരുദ്ധ സ്വാതന്ത്ര്യദിന ഘോഷയാത്ര നയിച്ചു എന്ന കാരണത്താൽ ജയിലിലായി. വീണ്ടും 1931-ൽ നിയമലംഘന സമരത്തോടനുബന്ധിച്ച് ജയിലിലായി. അദ്ദേഹം രോഗബാധിതനായതിനാൽ വിട്ടയച്ചു. തുടർന്ന് ചികിത്സയ്ക്കായി വിയന്നയിലേക്ക് പോവുകയും ചെയ്തു. പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലേയ്ക്ക് യൂറോപ്പിലെ ജനതയുടെ ശ്രദ്ധ തിരിച്ചുവിടാൻ പ്രചാരണ പരിപാടികൾ നടത്തി. 1937ൽ യൂറോപ്പിൽ വച്ച് പരിചയപ്പെട്ട ഓസ്ട്രിയൻ വനിതയായ എമിലി ഷെങ്കലിനെ വിവാഹം കഴിച്ചു. 


1938-ലെ ഹരിപുര കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1939-ൽ വീണ്ടും കോൺഗ്രസ് പ്രസിഡന്റായി. ഗാന്ധിയുടെ സ്ഥാനാർഥിയായ പട്ടാഭി സീതാരാമയ്യയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പാർട്ടിക്കുള്ളിലെ അന്തഃഛിദ്രങ്ങളാൽ പ്രസിഡന്റ് പദം രാജിവെക്കുകയും 'ഫോർവേഡ് ബ്ലോക്ക്' എന്നൊരു സംഘടന സ്ഥാപിക്കുകയും ചെയ്തു.


ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് തന്നിൽ നിന്നുണ്ടായ വിപ്ലവ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലായി. 1941-ൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട് ജർമനിയിലെത്തി. 1943 ജനുവരി 26-ന് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ബർലിനിൽ ആഘോഷിച്ചു. 'നേതാജി' എന്നാണ് അദ്ദേഹത്തെ ജനങ്ങൾ വിളിച്ചിരുന്നത്. ഐ.എൻ.എ യുടെ നേതൃത്വം ഏറ്റെടുക്കാൻ ബർലിനിൽ നിന്നും ജപ്പാനിലേക്ക് അദ്ദേഹം പോയി. ഒരു പ്രവാസ ഭരണകൂടം അദ്ദേഹം അവിടെ രൂപീകരിച്ചു. 'ആസാദ് ഹിന്ദ്' എന്ന താത്കാലിക ഗവൺമെന്റ് 1943 ഒക്ടോബർ 21-ന് സിംഗപ്പൂരിൽ വെച്ച് രൂപീകരിച്ചു. ഇന്ത്യൻ അതിർത്തി കടന്ന് 1944-ൽ ഐ.എൻ.എ യുടെ പ്രശസ്തി വ്യാപിച്ചെങ്കിലും പോരാട്ടത്തിൽ അവർക്ക് പിൻവാങ്ങേണ്ടിവന്നു. 1945-ൽ  ജപ്പാനിൽ വച്ചുണ്ടായ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. ഇങ്ങനെ ഒരു വിമാന അപകടം നടന്നിട്ടില്ലെന്നാണ് തായ്‌വാൻ ഗവൺമെന്റ് പറയുന്നത്. അദ്ദേഹത്തിന്റെ വിയോഗം ഇപ്പോഴും കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല.


ഓർത്തിരിക്കേണ്ട വസ്തുതകൾ 


■ 1897 ജനുവരി 23 ന് ഒറീസ്സയിലെ കട്ടക്കിൽ ജനിച്ചു. പിതാവ് ജാനകിനാഥ് ബോസ്, മാതാവ് പ്രഭാവതി.


■ 1921-ൽ സർക്കാർവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു.


■ 1931-ൽ ജയിലിലായിരിക്കെ കൊൽക്കത്ത  മേയറായി തിരഞ്ഞെടുക്കപ്പെട്ടു.


■ 1938 ഹരിപുര കോൺഗ്രസ് സമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.


■ 1937-ൽ എമിലി ഷെങ്കൽ എന്ന ഓസ്ട്രിയക്കാരിയുമായി വിവാഹം.


■ 1939-ൽ ഗാന്ധിജിയുടെ ആശിസ്സുകളോടെ മത്സരിച്ച പട്ടാഭി സീതാരാമയ്യയെ പരാജയപ്പെടുത്തി സുഭാഷ് ചന്ദ്രബോസ് വീണ്ടും കോൺഗ്രസ് പ്രസിഡന്റായി.


■ 1939-ൽ 'ഫോർവേഡ് ബ്ലോക്ക്' എന്ന പാർട്ടി സ്ഥാപിച്ചു.


■ 1940 നവംബറിൽ ജയിലിലായിരിക്കെ നിരാഹാര സമരം നടത്തി. ആരോഗ്യം തകരാറിലായതറിഞ്ഞ് ബോസിനെ  വീട്ടുതടങ്കലിലാക്കി. 1941 ജനുവരി 7 ന് ബോസ് വീട്ടുതടങ്കലിൽനിന്ന് അപ്രത്യക്ഷനായി.


■ അദ്ദേഹം 'ഒർലാണ്ട മസാട്ട' എന്നപേരിൽ അദ്ദേഹം ജർമനിയിലേക്ക് കടന്നു. സൈനിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും ഇവിടെ വെച്ചാണ്.


■ 1942 സെപ്റ്റംബർ ഒന്നിന് ബാങ്കോക്കിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് രൂപംകൊണ്ടു.


■ റാഷ് ബിഹാരി ബോസിൽനിന്ന് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതൃത്വമേറ്റെടുത്ത ബോസ് വനിതാ സേനാവിഭാഗമായ 'റാണി ഓഫ് ഝാൻസി' രൂപവത്കരിച്ചു.


■ 1944-ൽ ഐ.എൻ.എ തലസ്ഥാനം റങ്കൂണിലേക്ക് മാറ്റപ്പെട്ടു.


■ 1945 മേയിൽ ഐ.എൻ.എ കമാൻഡർ ഷാനവാസ്ഖാനും കൂട്ടരും കീഴടങ്ങി.


■ ദ ഇന്ത്യൻ സ്ട്രഗിൾ, ആൻ ഇന്ത്യൻ പിൽഗ്രിം, ദ ആൾട്ടർനേറ്റീവ് ലീഡർഷിപ്പ്, ലെറ്റേഴ്സ് ടു എമിലി ഷെങ്കൽ  എന്നിവ ബോസിന്റെ പ്രമുഖ ഗ്രന്ഥങ്ങളാണ്. 'ആൻ ഇന്ത്യൻ പിൽഗ്രിം' നേതാജിയുടെ അപൂർണ ആത്മകഥയാണ്.


■ നേതാജിയുടെ തിരോധനത്തെപ്പറ്റി അന്വേഷിക്കാൻ 2004-ൽ നിയുക്തമായ ഏകാംഗ കമ്മീഷനാണ് മുഖർജി കമ്മിഷൻ.


■ 'ദേശ് നായക്' എന്നാണ് ടാഗോർ സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്.


■ സി.ആർ.ദാസ് ആയിരുന്നു സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു.


■ 'Patriot of Patriots'  എന്നാണ് ഗാന്ധിജി സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്.


ആവർത്തിക്കുന്ന ചോദ്യങ്ങൾ 


1. സുഭാഷ് ചന്ദ്രബോസ് സ്വതന്ത്ര ഇന്ത്യയുടെ താത്കാലിക ഗവൺമെന്റ് സ്ഥാപിച്ച സ്ഥലം - സിങ്കപ്പൂർ 


2. സുബാഷ് ചന്ദ്രബോസ് ജനിച്ച സ്ഥലം - കട്ടക് 


3. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു - സി.ആർ.ദാസ്


4. ബ്രിട്ടന്റെ കഷ്ടകാലം ഇന്ത്യയുടെ അവസരം എന്ന പ്രസ്താവന ഏതു നേതാവിന്റേതാണ് - സുഭാഷ് ചന്ദ്രബോസ് 


5. 1943 -ൽ ഇന്ത്യൻ നാഷണൽ ആർമി (ഐഎൻഎ) രൂപവത്കരിച്ചതാര്? - സുഭാഷ് ചന്ദ്ര ബോസ് (സിംഗപ്പൂരിൽ)


6. 1945-ൽ ഐഎൻഎ ഭടന്മാരുടെ വിചാരണ നടന്നത് എവിടെയാണ്? - ഡൽഹിയിലെ ചെങ്കോട്ടയിൽ 


7. സുഭാഷ് ചന്ദ്ര ബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതെന്ന്? - 1938 ലെ ഹരിപുരസമ്മേളനം 


8. സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം ഏതു വർഷമായിരുന്നു? - 1945 


9. 'എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം' എന്നുള്ളത് ആരുടെ വാക്കുകൾ - സുഭാഷ് ചന്ദ്ര ബോസ് 


10. സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ് വിട്ടതെന്ന്? - 1939 ൽ 


11. 1939 ലെ കോൺഗ്രസിന്റെ ത്രിപുരി സമ്മേളനത്തിൽ, പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്ര ബോസ് പരാജയപ്പെടുത്തിയതാരെ? - പട്ടാഭി സീതാരാമയ്യയെ


12. സുഭാഷ് ചന്ദ്ര ബോസ് രൂപീകരിച്ച പട്ടാളം - ഇന്ത്യൻ നാഷണൽ ആർമി (ഐ.എൻ.എ)


13. സുഭാഷ് ചന്ദ്ര ബോസ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി - ഫോർവേഡ് ബ്ലോക്ക്


14. സുഭാഷ് ചന്ദ്ര ബോസ് ഗാന്ധിജിയെ വിശേഷിപ്പിച്ചത് - രാഷ്ട്രപിതാവ് 

0 Comments