കമ്പ്യൂട്ടർ അടിസ്ഥാന വിവരങ്ങൾ

കമ്പ്യൂട്ടർ അടിസ്ഥാന വിവരങ്ങൾ (Computer Basics)

■ വേഗത്തിൽ ഗണിത ക്രിയകൾ ചെയ്യുവാനുള്ള യന്ത്രം എന്ന ഉദ്ദേശത്തിലാണ് കമ്പ്യൂട്ടർ ആദ്യമായി കണ്ടുപിടിച്ചത്. വിവരങ്ങൾ കണ്ടെത്തി സംഭരിക്കാനും ക്രമീകരിക്കാനും അളവുകൾ കണക്കാക്കാനും മറ്റു മെഷീനുകൾ നിയന്ത്രിക്കാനും കഴിയുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് കമ്പ്യൂട്ടർ.

■ ഒരു കമ്പ്യൂട്ടര്‍ അടിസ്ഥാനപരമായി അഞ്ച് ധര്‍മങ്ങളാണ്‌ നിര്‍വഹിക്കുന്നത്‌. ഇന്‍പുട്ട്‌, ഔട്ട്പുട്ട്, പ്രോസസിങ്‌, വിവരസംഭരണം, നിയന്ത്രണം എന്നിവയാണവ.

■ കമ്പ്യൂട്ടറിലേക്ക്‌ ഡാറ്റ നല്‍കുന്ന പ്രക്രിയയെയാണ്‌ ഇന്‍പുട്ട്‌ എന്നു പറയുന്നത്‌. കമ്പ്യൂട്ടര്‍ കീബോര്‍ഡ്‌, മൗസ്‌ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്തോടെ ഇന്‍പുട്ട്‌ നടത്താം.

■ ഇന്‍പുട്ട്‌ സംവിധാനത്തിലൂടെ നാം നല്‍കുന്ന വിവരങ്ങൾ കമ്പ്യൂട്ടര്‍ അനുയോജ്യമായ രീതിയില്‍ കൈകര്യം ചെയ്യുന്ന പ്രക്രിയയെ പ്രോസസിങ്‌ എന്നു പറയുന്നു.

■ പ്രോസസിങ്‌ നടന്നതിനു ശേഷം കമ്പ്യൂട്ടര്‍ നമുക്ക്‌ നല്‍കുന്ന ഫലത്തെ ഔട്ട്പുട്ട് എന്നു പറയുന്നു. കമ്പ്യൂട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് ഉപകരണം മോണിറ്റര്‍ ആണ്‌.

■ നാം നല്‍കുന്ന വിവരങ്ങൾ അല്പനേരമെങ്കിലും കമ്പ്യൂട്ടറിന്‌ സംഭരിച്ച്‌ വെക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ പ്രോസസിങ്‌ നടത്താന്‍ സാധിക്കുകയുള്ളൂ. കമ്പ്യൂട്ടറിന്റെ സംഭരണശേഷി സാധാരണ മെമ്മറി എന്ന പേരിലും അറിയപ്പെടുന്നു.

ബിറ്റ്‌ 

■ ബൈനറി സംഖ്യകൾ ഉപയോഗിച്ചാണ്‌ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്‌. 1, 0 എന്നീ സംഖ്യകളാണ്‌ ബൈനറി സംഖ്യകൾ. ഈ സംഖ്യകളെ ബിറ്റ്‌ എന്നു പറയുന്നു, അതായത്‌ ബിറ്റിന്റെ മൂല്യം ഒന്നോ പൂജ്യമോ ആകാം.

■ ബൈനറി ഡിജിറ്റ്‌ (Binary Digit) എന്നതിന്റെ ചുരുക്കപ്പേരാണ്‌ ബിറ്റ്‌ (Bit). കമ്പ്യൂട്ടറിന്‌ പ്രോസസ്‌ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ യൂണിറ്റാണ്‌ ബിറ്റ്‌.

■ ബിറ്റിന്റെ മൂല്യം 1 ആണെങ്കില്‍ അത്‌ ശരി, അതെ തുടങ്ങിയവയെ സൂചിപ്പിക്കുന്നു. 0 ആണെങ്കില്‍ തെറ്റ്‌, അല്ല എന്നിവയെയാണ്‌ സൂചിപ്പിക്കുക.

ബൈറ്റ്‌

■ 8 ബിറ്റുകൾ ചേരുമ്പോൾ ഒരു ബൈറ്റ്‌ ആയി മാറുന്നു.

■ കമ്പ്യൂട്ടറില്‍ ഒരു ക്യാരക്ടര്‍ ഒരു ബൈറ്റാണ്‌. അക്കം, അക്ഷരം, ചിഹ്നം, പ്രതീകം എന്നിവയെല്ലാം ക്യാരക്ടറുകളാണ്‌.

■ ഹാഫ് ബൈറ്റ് എന്നറിയപ്പെടുന്നത് നിബ്ബിൾ ആണ്.

കിലോബൈറ്റ്‌

■ 1024 ബൈറ്റുകൾ ചേരുമ്പോൾ ഒരു കിലോ ബൈറ്റ്‌ ആയി.

■ 210 ആണ് കിലോബൈറ്റിന്റെ ബൈനറി വാല്യു.

■ KB എന്ന ചുരുക്കപ്പേരിലാണ്‌ കിലോ ബൈറ്റ്‌ പരാമർശിക്കുന്നത്.

മെഗാബൈറ്റ്‌

■ 1024 കിലോബൈറ്റുകൾ ചേരുമ്പോൾ ഒരു മെഗാബൈറ്റ്‌ ആകുന്നു.

■ 220 ആണ്‌ മെഗാബൈറ്റിന്റെ ബൈനറി വാല്യു.

■ MB എന്ന ചുരുക്കപ്പേരിലാണ്‌ മെഗാബൈറ്റ്‌ അറിയപ്പെടുന്നത്‌.

■ ഒരു മെഗാബൈറ്റില്‍ 1,048,576 ബൈറ്റുകളാണ്‌ ഉണ്ടാവുക. (1024 x 1024).

ജിഗാബൈറ്റ്‌

■ 1024 മെഗാബൈറ്റുകൾ ചേര്‍ന്നാല്‍ ഒരു ജിഗാബൈറ്റ്‌ ആയി.

■ 230 ആണ്‌ ജിഗാബൈറ്റിന്റെ ബൈനറി വാല്യൂ.

■ GB എന്ന ചുരുക്കപ്പേരില്‍ ഇത്‌ അറിയപ്പെടുന്നു.

■ 1,073,741,824 ബൈറ്റുകളാണ്‌ ഒരു ജിഗാബൈറ്റില്‍ ഉണ്ടാവുക. (1024 x 1024 x 1024)

മെമ്മറിയുടെ പല യൂണിറ്റുകൾ 

■ ബൈനറി ഡിജിറ്റ് - 1 ബിറ്റ് 

■ 4 ബിറ്റ് - 1 നിബ്ബിൾ 

■ 8 ബിറ്റ്‌സ് - 1 ബൈറ്റ് 

■ 16 ബിറ്റ്‌സ് - 1 വേർഡ്

■ 1024 ബൈറ്റ്സ് - 1 കിലോബൈറ്റ് (1 KB)

■ 1024 കിലോബൈറ്റ് - 1 മെഗാ ബൈറ്റ് (1 MB)

■ 1024 മെഗാ ബൈറ്റ് - 1 ജിഗാ ബൈറ്റ് (1 GB)

■ 1024 ജിഗാ ബൈറ്റ് - 1 ടെറാ ബൈറ്റ് (1 TB)

■ 1024 ടെറാ ബൈറ്റ് - 1 പെറ്റാ ബൈറ്റ് (1 PB)

■ 1024 പെറ്റാ ബൈറ്റ് - 1 എക്‌സാ ബൈറ്റ് (1 EB)

■ 1024 എക്‌സാ ബൈറ്റ് - 1 സെറ്റാ ബൈറ്റ് (1 ZB)

■ 1024 സെറ്റാ ബൈറ്റ് - 1 യോട്ടാ ബൈറ്റ് (1 YB)

■ 1024 യോട്ടാ ബൈറ്റ് - 1 ബ്രോണ്ടോ ബൈറ്റ് (1 BB)

■ 1024 ബ്രോണ്ടോ ബൈറ്റ് - 1 ജിയോപ് ബൈറ്റ് (1 GpB)

കമ്പ്യൂട്ടറിന്റെ മേന്മകൾ

■ വേഗത - ഒരു സെക്കന്റ് അല്ലെങ്കിൽ അതിന്റെ ഒരംശം കൊണ്ട് ദശലക്ഷക്കണക്കിന് പ്രവർത്തനങ്ങൾ നിർവഹിക്കുവാൻ കമ്പ്യൂട്ടറുകൾക്ക് കഴിയും. ഒരു മനുഷ്യൻ മാസങ്ങളോ വർഷങ്ങളോ എടുത്ത് ചെയ്യുന്ന ജോലികൾ കമ്പ്യൂട്ടറിന് ഒരു മിനിട്ടു കൊണ്ട് ചെയ്യുവാൻ കഴിയും.

■ കൃത്യത - കമ്പ്യൂട്ടറിന് ഗണിതക്രിയകൾ വളരെ ഉയർന്ന കൃത്യതയോടു കൂടി നിർവഹിക്കാൻ കഴിയും. ഫലങ്ങളിലും ഗണിത ക്രിയകളുടെ സൂക്ഷ്‌മതയിലും യാതൊരുവിധ തെറ്റുകളും ഉണ്ടാകില്ല എന്നുള്ളതാണ് കൃത്യത എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

■ സ്ഥിരോത്സാഹം - കമ്പ്യൂട്ടർ ഒരു യന്ത്രമായതുകൊണ്ട് അതിന് മണിക്കൂറുകളോളം മുഷിയാതെ പ്രവർത്തിക്കാൻ കഴിയും. മനുഷ്യരിൽ നിന്ന് വ്യത്യസ്തമായി അത് നമ്മോട് അനുസരണക്കേടോ മറ്റ് വികാരങ്ങളോ പ്രകടിപ്പിക്കില്ല. അതുകൊണ്ട് കമ്പ്യൂട്ടറുകൾ പതിവ് ജോലികൾക്ക് ഏറ്റവും യോജിച്ചതാണ്.

■ ബഹുമുഖ വൈദഗ്ധ്യം - ധാരാളം വ്യത്യസ്ത തരത്തിലുള്ള പ്രോസസിങ് ദൗത്യങ്ങൾ നിർവഹിക്കാൻ കമ്പ്യൂട്ടറുകളെ ഉപയോഗിക്കാം. ഇത് പൊതു ഉപയോഗത്തിനുള്ള ഡാറ്റ പ്രോസസിംഗ് യന്ത്രമാണ്.

■ വളരെ വലിയ മെമ്മറി - കമ്പ്യൂട്ടറുകൾക്ക് വർധിച്ച തോതിലുള്ള സംഭരണശേഷിയുണ്ട്. പ്രോസസിംഗിനായി വലിയ അളവിൽ ഡാറ്റ മെമ്മറിയിൽ സംഭരിക്കാനാകും. സംഭരണ അളവ് ആവശ്യത്തിനനുസരിച്ച് വർധിപ്പിക്കാനുമാകും.

കമ്പ്യൂട്ടറിന്റെ പരിമിതികൾ 

■ ഐ.ക്യൂവിന്റെ അഭാവം - കമ്പ്യൂട്ടറിന് അമാനുഷിക കഴിവുകൾ ഉണ്ടെന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ അത് വാസ്തവമല്ല. കമ്പ്യൂട്ടറിന് മനുഷ്യർക്കുള്ളതുപോലെ സ്വതസ്സിദ്ധമായ ബുദ്ധിയില്ല.

■ തീരുമാനമെടുക്കാനുള്ള കഴിവിന്റെ അഭാവം - കമ്പ്യൂട്ടറുകൾക്ക് സ്വന്തം നിലയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. മനുഷ്യർക്കുള്ളതുപോലെ അന്തർജ്ഞാനപരമായ കഴിവുകൾ അതിനില്ല.

Post a Comment

Previous Post Next Post