കമ്പ്യൂട്ടർ ചരിത്രം

കമ്പ്യൂട്ടറിന്റെ ചരിത്രം (History of Computer in Malayalam)
■ ബി.സി. പത്ത്‌ - അഞ്ച്‌ നൂറ്റാണ്ടിനിടയ്ക്ക് ‌ചൈനക്കാര്‍ അബാക്കസ്‌ (മണിച്ചട്ടം) കണ്ടുപിടിച്ചതോടുകൂടിയാണ്‌ കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം തുടങ്ങുന്നത്‌.

■ 1623ല്‍ വില്യം ഷിക്കാര്‍ഡ്‌ (Wilhem Schickard) ആദ്യത്തെ മെക്കാനിക്കല്‍ കാല്‍ക്കുലേറ്റര്‍ കണ്ടുപിടിച്ചു. ഇതിന്റെ പേരില്‍ ഇദ്ദേഹത്തെ 'കമ്പ്യൂട്ടിങ്ങ്‌ യുഗത്തിന്റെ പിതാവ്‌' എന്ന്‌ വിശേഷിപ്പിക്കാറുണ്ട്‌.

■ 1642ല്‍ ഫ്രഞ്ചുകാരനായ ബ്ലെയിസ്‌ പാസ്കലിന്റെ (Blaise Pascal) കാല്‍ക്കുലേറ്റിങ്‌ യന്ത്രമായ പാസ്കലിന്‍ രംഗത്തെത്തി.

■ 1822 കാലഘട്ടത്തിലാണ്‌ ബ്രിട്ടീഷ്‌ ഗണിതശാസ്ത്രജ്ഞനായ ചാൾസ്‌ ബാബേജ്‌ (Charles Babbage) ഡിഫറന്‍സ്‌ എഞ്ചിന്റെ രൂപരേഖ തയ്യാറാക്കിയത്‌. ഗണിതക്രിയകൾ നിര്‍വഹിക്കാനും അവയുടെ ഫലങ്ങൾ പ്രിന്‍റ്‌ ചെയ്യാനും ഈ എഞ്ചിന്‌ സാധിക്കുമായിരുന്നു. "കമ്പ്യൂട്ടറിന്റെ പിതാവ്‌" എന്ന്‌ ചാൾസ്‌ ബാബേജ്‌ അറിയപ്പെടുന്നു.

■ 1832-33 കാലഘട്ടമായപ്പോഴേക്കും ചാൾസ്‌ ബാബേജ്‌ അനലറ്റിക്കല്‍ എഞ്ചിന്‍ എന്ന കൂടുതല്‍ മികച്ച യന്ത്രത്തിന്റെ രൂപരേഖ തയ്യാറാക്കി.

■ പില്‍ക്കാലത്ത്‌ ബാബേജിന്റെ ശിഷ്യയായ അഗസ്റ്റ അഡാ കിങ്‌ ബാബേജിന്റെ ആശയങ്ങൾ ലോകത്തിന്‌ മുന്നില്‍ അവതരിപ്പിച്ചു. ആദ്യത്തെ കമ്പൂട്ടര്‍ പ്രോഗ്രാമറായി അവര്‍ അറിയപ്പെടുന്നു.

■ ബാബേജിന്റെ സമകാലികനായിരുന്ന അമേരിക്കക്കാരന്‍ ഹെര്‍മന്‍ ഹോളറിത്ത്‌ (Herman Hollerith) പഞ്ച്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ ഹോളറിത്ത്‌ ടാബുലേറ്റര്‍ നിര്‍മ്മിച്ചു. 1880-90കളിലായിരുന്നു ഇത്‌. ആധുനിക കമ്പ്യൂട്ടിങ്‌ വിദ്യ ആദ്യമായി പ്രവൃത്തിപഥത്തിലെത്തിയത്‌ ഹോളറിത്തിന്റെ ടാബുലേറ്റിംങ്‌ മെഷീനിലൂടെയായിരുന്നു.

■ പില്‍ക്കാലത്ത്‌ ഇന്‍റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ്‌ (IBM) എന്ന പേരില്‍ പ്രശസ്തമായ കമ്പനിക്ക് തുടക്കം കുറിച്ചത്‌ ഹെര്‍മന്‍ ഹോളറിത്താണ്.

■ ആറ്റാനാസോഫ്‌-ബെറി കമ്പ്യൂട്ടര്‍ (Atanasoff-Berry Computer), ഇസെഡ്3 (Z3), കോളോസ്സസ്‌ (Colossus), എഡ്വാക്‌ (EDVAC), എനിയാക്ക്‌ (ENIAC), യൂനിവാക്‌ (UNIVAC) എന്നിവ ഒന്നാം തലമുറയിലെ പ്രധാനപ്പെട്ട കമ്പ്യൂട്ടറുകളായി കണക്കാക്കപ്പെടുന്നു.

■ ടെലിഫോണ്‍ റിലേ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ച Z3യാണ്‌ ആദ്യത്തെ പ്രോഗ്രാം നിയന്ത്രിത കമ്പ്യൂട്ടറായി കണക്കാക്കപ്പെടുന്നത്. 

■ 1946ല്‍ അമേരിക്കക്കാരായ ജോണ്‍ ഡബ്ല്യു. മോക്ക്‌ളി (John W Mauchly), ജോണ്‍ പ്രെസ്പര്‍ എക്കെര്‍ട്ട്‌ (John Presper Eckert) എന്നിവര്‍ ചേര്‍ന്ന്‌ ആദ്യത്തെ ഡിജിറ്റല്‍ കമ്പ്യൂട്ടറായ ഇലക്ട്രോണിക്‌ ന്യൂമറിക്കല്‍ ഇന്‍റഗ്രേറ്റര്‍ ആന്‍ഡ്‌ കമ്പ്യൂട്ടറിന്‌ (ENIAC) ജന്മം നല്‍കി.

■ 1955 കാലഘട്ടത്തില്‍ AT&T ബെല്‍ ലബോറട്ടറീസ്‌ നിര്‍മ്മിച്ച ട്രാന്‍സിസ്റ്റര്‍ ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ (TRADIC) ആണ്‌ പൂര്‍ണമായും ട്രാന്‍സിസ്റ്റര്‍ ഉപയോഗിച്ച ആദ്യത്തെ കമ്പ്യൂട്ടര്‍.

■ 1958ലാണ്‌ ആദ്യത്തെ ഇന്‍റഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌ (IC) വികസിപ്പിച്ചത്‌. ടെക്‌സാസ്‌ ഇന്‍സ്ട്രുമെന്‍റ്സിലെ ജാക്ക്‌ കില്‍ബി (Jack Kilby) ആയിരുന്നു ഇതിന്റെ പിന്നില്‍.

■ ആദ്യത്തെ വീഡിയോ ഗെയിം “സ്പേസ്‌ വാര്‍” (1962).

■ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മാണത്തില്‍ വിദഗ്ധനായ സീമോര്‍ ക്രേ (Seymour Cray) 1964ല്‍ CDC 6600 എന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചു. സെക്കന്‍ഡില്‍ 30 ലക്ഷത്തോളം നിര്‍ദേശങ്ങൾ പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമായ കമ്പ്യൂട്ടറായിരുന്നു ഇത്‌. സീമോര്‍ ക്രേ 'സൂപ്പര്‍ കമ്പ്യൂട്ടിങ്ങിന്റെ പിതാവ്‌' എന്നറിയപ്പെടുന്നു. 

■ 1965ല്‍ ആദ്യത്തെ മിനി കമ്പ്യൂട്ടറായ PDP-8 ഡിജിറ്റല്‍ എക്വുപ്മെന്‍റ്‌ കോര്‍പ്പറേഷന്‍ നിര്‍മിച്ചു.

■ 1971ല്‍ ഫ്‌ളോപ്പി ഡിസ്ക് രംഗത്തെത്തി. 8 ഇഞ്ച്‌ വലുപ്പമുണ്ടായിരുന്നു. ഈ ഡിസ്കുകൾ നിര്‍മിച്ചത്‌ ഐബിഎമ്മിലെ ശാസ്ത്രജ്ഞരാണ്‌.

■ 1971 ആയപ്പോഴേക്കും മൈക്രോ പ്രോസസറുകൾ രംഗത്തെത്തി. ആയിരക്കണക്കിന്‌ ഇന്‍റഗ്രേറ്റഡ്‌ സർക്യൂട്ടുകൾ ഒരു സിലിക്കണ്‍ ചിപ്പില്‍ ഉൾക്കൊള്ളിച്ച മൈക്രോചിപ്പാണ്‌ മൈക്രോപ്രോസസര്‍. ഇന്‍റല്‍ 4004 ആയിരുന്നു ആദ്യത്തെ മൈക്രോപ്രോസസര്‍.

■ ലോകത്തെ ആദ്യത്തെ പോര്‍ട്ടബിൾ കമ്പ്യൂട്ടറായ ഓസ്ബോണ്‍ I (Osborne I) 1981ല്‍ പുറത്തിറങ്ങി. ആദം ഓസ്ബോണ്‍ (Adam Osborne) ആയിരുന്നു ഈ കമ്പ്യൂട്ടര്‍ പുറത്തിറക്കിയത്‌.

■ 1981ല്‍ ഐ.ബി.എം. അവരുടെ ആദ്യത്തെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ പുറത്തിറക്കി. ലോകമാകെ പില്‍ക്കാലത്ത്‌ പേഴ്‌സണല്‍ കമ്പ്യൂട്ടറുകൾ പ്രചാരത്തിലാകാന്‍ സഹായകമായത്‌ ഈ കമ്പ്യൂട്ടര്‍ ആയിരുന്നു.

■ 1981ല്‍ സോണി ആദ്യത്തെ 3 ½ ഇഞ്ച്‌ ഫ്‌ളോപ്പി ഡ്രൈവുകളും ഡിസ്കുകളും നിര്‍മിച്ചു.

■ ഇന്നത്തെ കമ്പ്യൂട്ടറുകൾക്കുള്ളതുപോലെ ഗ്രാഫിക്കല്‍ യൂസര്‍ ഇന്‍റര്‍ഫേസ്‌ (GUI) അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ കമ്പ്യൂട്ടര്‍ ആയ “ആപ്പിൾ ലിസ"‌ 1983ല്‍ പുറത്തിറങ്ങി.

■ മൈക്രോസോഫ്റ്റ്‌ വിന്‍ഡോസ്‌, ഗ്നു/ലിനക്സ്‌, ആപ്പിൾ മാക്ക്‌ ഒ.എസ്‌. എന്നിവയെല്ലാം ഗ്രാഫിക്കല്‍ യൂസര്‍ ഇന്‍റര്‍ഫേസ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റങ്ങളാണ്‌.

ചില കണ്ടുപിടിത്തങ്ങൾ

■ ട്രാൻസിസ്റ്റർ - ജോൺ ബർദീൻ, വാൾട്ടർ ബ്രട്ടെയ്ൻ, വില്യം ഷോക്ക്‌ലി (1947-48)
■ ഇൻറഗ്രേറ്റഡ് സർക്യൂട്ട് - ജാക്ക് കിൽബി, റോബർട്ട് നോയ്‌സ് (1958)
■ കമ്പ്യൂട്ടര്‍ ഗെയിം - സ്റ്റീവ് റസ്സൽ (സ്പേസ് വാർ) (1962)
■ കമ്പ്യൂട്ടര്‍ മൗസ് - ഡഗ്ലസ്‌ ഏഞ്ചൽബർട്ട് (1964)
■ ഇന്റൽ 4004 മൈക്രോ - ഫാഗിൻ, ഹോഫ്‌, മേസർ പ്രോസസർ (1971)
■ ഫ്ലോപ്പി ഡിസ്ക് - അലൻ ഷുഗാർട്ട് (1971)
■ ഇഥർനെറ്റ് - റോബർട്ട് മെറ്റ്കാഫ് (1973)
■ വിസികാൽക്ക് സ്പ്രെഡ്ഷീറ്റ് പ്രോഗ്രാം - ഡാൻബ്രിക്ക്ളിൻ, ബോംബ് ഫ്രാങ്ക്സ്റ്റൺ (1978)

0 Comments