ദേശീയ വരുമാനം കണക്കാക്കുന്ന രീതികൾ

ദേശീയ വരുമാനം കണക്കാക്കുന്ന രീതികൾ (National Income Calculation Methods)

ഒരു രാജ്യത്ത് ഒരു വർഷം മൊത്തം ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെത്തുകയാണ് ദേശീയ വരുമാനം.  ഒരു സമ്പദ്‌വ്യവസ്ഥയുടെ സാമ്പത്തിക വളർച്ച വിലയിരുത്തുന്നതിനുള്ള പ്രധാന മാനദണ്ഡമാണ് ആ സമ്പദ്‌വ്യവസ്ഥയിലെ ദേശീയ വരുമാനത്തിന്റെ വർദ്ധനവ്. ദേശീയ വരുമാനം എന്നത് ഘടകച്ചെലവിലുള്ള അറ്റ ദേശീയ ഉൽപ്പന്നത്തിന് (NNPFCതുല്യമായിരിക്കും. ദേശീയ വരുമാനം കണക്കാക്കാൻ മൊത്തം ദേശീയ ഉൽപ്പാദനത്തിൽ നിന്ന് തേയ്‌മാനവും (D) അറ്റപരോക്ഷ നികുതിയും (NIT)കുറച്ചാൽ മതിയാകും. 

NNPFC = GNPFC - (D + NIT)

ദേശീയ വരുമാനം കണക്കാക്കുന്നതിന് പ്രധാനമായും മൂന്ന് രീതികൾ അവലംബിക്കുന്നു - ഉൽപ്പാദനരീതി, വരുമാനരീതി, ചെലവുരീതി.

ഉൽപ്പാദനരീതി : മനുഷ്യരുടെ വിവിധ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനായി സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനെയാണ് ഉൽപ്പാദനം എന്നു പറയുന്നത്. ഉല്പാദനത്തിന്റെ ആത്യന്തികമായ ലക്ഷ്യം മനുഷ്യാവശ്യങ്ങളുടെ നിറവേറ്റലാണ്. ഒരു വർഷത്തിൽ ഒരു രാജ്യത്ത് പ്രാഥമിക - ദ്വിതീയ - തൃതീയ മേഖലകളിൽ ഉല്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതിയാണ് ഉൽപ്പാദനരീതി. ദേശീയവരുമാനത്തിൽ വിവിധ കാർഷിക, വ്യവസായ, സേവന വിഭാഗങ്ങളിലെ മേഖലകളുടെ പങ്കാളിത്തം എത്രത്തോളം ഉണ്ടെന്നും ഏതു മേഖലയാണ് കൂടുതൽ സംഭാവന ചെയ്യുന്നതെന്നും വിലയിരുത്താൻ ഉൽപ്പാദനരീതി സഹായിക്കും. ഉൽപ്പാദനപ്രക്രിയയയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ഒന്നിലധികം പ്രാവശ്യം സാധനങ്ങളുടെയും സേവനങ്ങളുടെയും പണമൂല്യം കണക്കാക്കപ്പെടാം (ഡബിൾ കൗണ്ടിംഗ്).

വരുമാനരീതി : ഒരു വസ്തുവിന്റെ ഉല്പാദനത്തിനായി ഉപയോഗിക്കുന്ന അധ്വാനം, പ്രകൃതി വിഭവങ്ങൾ, മനുഷ്യനിർമ്മിത വസ്തുക്കൾ എന്നിവയെ ഉൽപ്പാദന ഘടകങ്ങൾ എന്നു വിളിക്കുന്നു. ഉൽപ്പാദനഘടകങ്ങൾക്കു ലഭിക്കുന്ന പ്രതിഫലമാണ് വരുമാനം. ഉല്പാദനഘടകം എന്ന നിലയിൽ ഭൂമിക്ക് ലഭിക്കുന്ന പ്രതിഫലമാണ് പാട്ടം. പാട്ടം ഭൂമിയുടെ ഉടമസ്ഥന് ലഭിക്കുന്നു. അധ്വാനത്തിലൂടെ ലഭിക്കുന്ന പ്രതിഫലമാണ് കൂലി അല്ലെങ്കിൽ വേതനം. കൂലി തൊഴിലാളിക്ക് ലഭിക്കുന്നു. മൂലധനത്തിന്റെ പ്രതിഫലമാണ് പലിശ. പലിശ വ്യക്തിക്കോ സ്ഥാപനത്തിനോ ലഭിക്കുന്നു. സംഘടനയുടെ പ്രതിഫലമാണ് ലാഭം. ലാഭം സംഘാടകന് ലഭിക്കുന്നു. ഉൽപ്പാദന ഘടകങ്ങളിൽ നിന്ന് ലഭിക്കുന്ന പാട്ടം, വേതനം, പലിശ, ലാഭം എന്നിവയുടെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്ന രീതിയാണ് വരുമാനരീതി. വരുമാനരീതി ഓരോ ഉൽപ്പാദന ഘടകത്തിന്റെയും ദേശീയ വരുമാനത്തിലുള്ള സംഭാവന വേർതിരിച്ച് അറിയാൻ സഹായിക്കുന്നു.

ചെലവുരീതി : സമ്പദ് വ്യവസ്ഥയിലെ അന്തിമ ചെലവിന്റെ അടിസ്ഥാനത്തിൽ ദേശീയ വരുമാനം കണക്കാക്കുന്ന രീതിയാണ് ചെലവ് രീതി. ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതിയാണ് ചെലവുരീതി. സാമ്പത്തിക ശാസ്ത്രത്തിൽ സാധനങ്ങളും സേവനങ്ങളും വാങ്ങുന്ന ചെലവിനോടൊപ്പം നിക്ഷേപവും ചെലവായാണ് കണക്കാക്കുന്നത്. ഉപഭോഗ ചെലവും (Consumption Expenditure), നിക്ഷേപച്ചെലവും (Investment Expenditure), സർക്കാർ ചെലവും (Government Expenditure) കൂടിച്ചേരുന്നതാണ് ആകെ ചെലവ്. 

Post a Comment

Previous Post Next Post