വേലുത്തമ്പി ദളവ

വേലുത്തമ്പി ദളവ (Velu Thampi Dalawa in Malayalam)

ജനനം: 6 May 1765, തലക്കുളം (കൽക്കുളം)

മരണം: 29 March 1809, മണ്ണടി

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ചരിത്രകാരന്മാർ വിളിക്കുന്ന 1857 ലെ ബ്രിട്ടീഷ് വിരുദ്ധസമരത്തിന് ഏതാണ്ട് അര നൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷുകാർക്കെതിരെ സമരപ്രഖ്യാപനം നടത്തിയ മഹാനാണ് വേലുത്തമ്പി ദളവ. 1808 ൽ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ചെറുചലനം പോലും തുടങ്ങും മുമ്പ് തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പി 'കുണ്ടറ വിളംബര'ത്തിലൂടെയാണ് ബ്രിട്ടീഷുകാർക്കെതിരെ സമരാഹ്വാനം നടത്തിയത്. 1765 ൽ ജനിച്ച വേലുത്തമ്പി 37-ാം വയസ്സിൽ തിരുവിതാംകൂർ ദളവയായി. നാട്ടിലെങ്ങും ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാനും ക്രമസമാധാനം നിലനിർത്താനും വേലുത്തമ്പിയ്ക്കു കഴിഞ്ഞു. 

1805 ൽ വേലുത്തമ്പി തിരുവിതാംകൂർ ദളവയായിരിക്കെ തിരുവിതാംകൂറിലെ രാജാവുമായി ബ്രിട്ടീഷുകാർ ഒരു സൗഹാർദ്ദ ഉടമ്പടി ഒപ്പുവെച്ചു. ഇതുപ്രകാരം രാജ്യത്തിൻറെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരം റസിഡന്റിനു ലഭിച്ചു. ഇതോടെ തിരുവിതാംകൂറിന് അതിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. മെക്കാളെ ഭരണകാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ തുടങ്ങി. തിരുവിതാംകൂറിന്റെ സാമ്പത്തിക വിഷമതകൾ കണക്കിലെടുക്കാതെ കമ്പനിക്കു നൽകാനുള്ള കപ്പം ഉടൻ അടച്ചുതീർക്കണമെന്ന് അദ്ദേഹം വാശിപിടിച്ചു. കൂടാതെ ഭാരിച്ച നികുതി കുടിശ്ശിക വരുത്തിവെച്ച മാത്തുതരകന്റെ വസ്തുക്കൾ കണ്ടുകെട്ടാനുള്ള വേലുത്തമ്പി ദളവയുടെ ഉത്തരവ് മെക്കാളെ റദ്ദാക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങളാണ് കമ്പനിക്കെതിരെ സായുധ കലാപം സംഘടിപ്പിക്കാൻ വേലുത്തമ്പിയെ പ്രേരിപ്പിച്ചത്.

മെക്കാളെയുമായി ശത്രുതവെച്ചുപുലർത്തിയിരുന്ന കൊച്ചിയിലെ പ്രധാനമന്ത്രിയായ പാലിയത്തച്ചനുമായി വേലുത്തമ്പിദളവ ഒരു രഹസ്യധാരണയിലെത്തി. മൗറീഷ്യസിലെ ഫ്രഞ്ചുകാരുമായും കോഴിക്കോട്ടെ സാമൂതിരിയുമായും അവർ രഹസ്യമായി ബന്ധപ്പെടുകയും ബ്രിട്ടീഷുകാർക്കെതിരായുള്ള പോരാട്ടത്തിൽ പിന്തുണയഭ്യർത്ഥിക്കുകയും ചെയ്തു. 1808 ൽ ഇരുവരുടെയും നേതൃത്വത്തിലുള്ള സൈന്യം മെക്കാളെയുടെ കൊച്ചിയിലുള്ള വസതി ആക്രമിച്ചു. റസിഡന്റ് ഒരു ബ്രിട്ടീഷ് കപ്പലിൽ രക്ഷപ്പെട്ടു. കലാപം നടന്നുകൊണ്ടിരിക്കെ വേലുത്തമ്പി കുണ്ടറയിലെത്തി. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ അണിനിരക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു വിളംബരം 1809 ജനുവരി 11 ന് അദ്ദേഹം പുറത്തിറക്കി. ഇത് 'കുണ്ടറ വിളംബരം' എന്നറിയപ്പെട്ടു (ദക്ഷിണേന്ത്യയിലെ കോളനി വിരുദ്ധ പോരാട്ടത്തിൽ ഒരു യുഗത്തെകുറിക്കുന്ന പ്രമാണമായി കുണ്ടറ വിളംബരം വിലയിരുത്തപ്പെടുന്നു).

ബ്രിട്ടീഷുകാർ ശക്തമായി തിരിച്ചടിച്ചു. അവർ കൊച്ചി ആക്രമിച്ചു. ബ്രിട്ടീഷുകാരുമായി സന്ധിചെയ്ത് പാലിയത്തച്ചൻ കലാപത്തിൽ നിന്നും പിന്മാറി. ബ്രിട്ടീഷുകാരുടെ ഭീഷണിക്കു വഴങ്ങിയ തിരുവിതാംകൂർ രാജാവ് വേലുത്തമ്പിയെ സ്ഥാനഭ്രഷ്ടനാക്കുകയും ഉമ്മിണിതമ്പിയെ പുതിയ ദളവയായി നിയമിക്കുകയും ചെയ്തു. പുതിയ ദളവ വേലുത്തമ്പിയെ പിടികൂടാൻ ഉത്തരവിട്ടു. അദ്ദേഹത്തെ പിടിച്ചുകൊടുക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. വേലുത്തമ്പി മണ്ണടിയിലെ ഒരു വീട്ടിൽ അഭയം പ്രാപിച്ചു. തിരുവിതാംകൂർ-ബ്രിട്ടീഷ് സേനകൾ അവിടെയെത്തി വീടുവളഞ്ഞപ്പോൾ അദ്ദേഹം ആത്മഹത്യ ചെയ്തു. ജീവനോടെ പിടികൊടുത്ത് അപമാനിതനാകാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. തിരുവിതാംകൂറിൽ ബ്രിട്ടീഷുകാർക്കെതിരെയുണ്ടായ ധീരവും സാഹസികവുമായ ചെറുത്തുനിൽപ്പിന് ഇതോടെ അന്ത്യം കുറിക്കപ്പെട്ടു. അടൂരിലെ മണ്ണടിയിൽ ഇന്ന് വേലുത്തമ്പി സ്മാരകമുണ്ട്. 2010 മെയ് മാസം 6-ാം തീയതി വേലുത്തമ്പി ദളവയുടെ തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഭാരതം അദ്ദേഹത്തെ ആദരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കുണ്ടറ വിളംബരം (1809) പുറപ്പെടുവിച്ചതാര്‌ - വേലുത്തമ്പി ദളവ

2. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുകയും ഒടുവില്‍ ശത്രുക്കളുടെ പിടിയിലകപ്പെടുന്നതിനുമുമ്പ്‌ മണ്ണടി ക്ഷേത്രത്തില്‍വച്ച്‌ ആത്മഹത്യ ചെയ്യുകയും ചെയ്ത ദേശാഭിമാനി - വേലുത്തമ്പി ദളവ

3. തിരുവനനപുരത്ത്‌ എം.ജി.റോഡിനു സമീപം സെക്രട്ടേറിയറ്റ്‌ വളപ്പിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമ ആരുടേതാണ്‌ - വേലുത്തമ്പി ദളവ

4. അവിട്ടം തിരുനാളിന്റെ പ്രശസ്തനായ ദിവാൻ - വേലുത്തമ്പി ദളവ

5. അവിട്ടം തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ കാലത്ത്‌ ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയതാര്‌ - വേലുത്തമ്പി ദളവ

6. കൊല്ലത്ത് ഹജൂർ കച്ചേരി (സെക്രട്ടേറിയറ്റ്‌ ) സ്ഥാപിച്ചത് - വേലുത്തമ്പി ദളവ

7. ആരുടെ മൃതദേഹമാണ്‌ ബ്രിട്ടീഷുകാര്‍ തിരുവനന്തപുരത്ത്‌ കണ്ണമ്മൂലയില്‍ പരസ്യമായി തൂക്കിയിട്ടത്‌ - വേലുത്തമ്പി ദളവ

8. കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന കോടതി എന്ന ആശയം നടപ്പിലാക്കിയ ഭരണാധികാരി - വേലുത്തമ്പി ദളവ

9. വേലുത്തമ്പിദളവ ജീവത്യാഗം ചെയ്ത വർഷം - 1809 

10. വേലുത്തമ്പിദളവ ആത്മഹത്യ ചെയ്ത ക്ഷേത്രം - മണ്ണടി (പത്തനംതിട്ട)

11. വേലുത്തമ്പിദളവ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ - അടൂരിലെ മണ്ണടിയിൽ

12. വേലുത്തമ്പിദളവയുടെ യഥാർത്ഥ നാമം - തമ്പി വേലായുധൻ ചെമ്പകരാമൻ 

13. വേലുത്തമ്പിദളവയ്ക്ക് ശേഷം തിരുവിതാംകൂർ ദിവാനായത് - ഉമ്മിണി തമ്പി

14. വേലു തമ്പി ദളവയുടെ ജന്മദേശം - കൽക്കുളം (കന്യാകുമാരിയിൽ)

15. വേലു തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ ക്ഷേത്ര സന്നിധി - ഇളമ്പള്ളൂർ ക്ഷേത്രം (കുണ്ടറ)

16. വേമ്പനാട്ട് കായലിലെ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ തിരുവിതാംകൂർ ദിവാൻ - വേലു തമ്പി ദളവ

17. ചങ്ങനാശേരിയിൽ അടിമച്ചന്ത സ്ഥാപിച്ച തിരുവിതാംകൂർ ദിവാൻ - വേലു തമ്പി ദളവ

18. വേലുത്തമ്പി ദളവ തിരുവിതാംകൂറിൽ ദിവാനായ വർഷം - 1802 

19. വേലുത്തമ്പിയുടെ തറവാട്ടു നാമം - തലക്കുളത്തുവീട് 

20. തിരുവിതാംകൂർ നായർ ബ്രിഗേഡിന്റെ അലവൻസ് കുറയ്ക്കാൻ തീരുമാനിച്ച വേലുത്തമ്പി ദളവയുടെ നീക്കത്തിനെതിരെ നടന്ന ലഹള - തിരുവിതാംകൂർ പട്ടാള ലഹള (1804)

21. വേലുത്തമ്പി ദളവയുടെ പേരിൽ സ്ഥാപിതമായ കോളേജ് സ്ഥിതി ചെയ്യുന്നത് - ധനുവച്ചപുരം (VTMNSS College, തിരുവനന്തപുരം)

22. വേലുത്തമ്പി ദളവയുടെ വാൾ സൂക്ഷിച്ചിരിക്കുന്നത് - നേപ്പിയർ മ്യൂസിയം (തിരുവനന്തപുരം)

23. ഏതു മഹാരാജാവിന്റെ മോഷണം പോയ സ്വർണപേടകമാണു വേലുത്തമ്പി കണ്ടെടുത്തു നൽകിയത് - ധർമ്മരാജാവിന്റെ 

24. ബാലരാമവർമ മഹാരാജാവിന്റെ കാലത്ത് 1799ൽ നടന്ന ജനകീയ പ്രക്ഷോഭത്തിനു വേലുത്തമ്പിക്കൊപ്പം നേതൃത്വം നൽകിയ വ്യക്തി - ചിറയിൻകീഴ് ചെമ്പകരാമൻ പിള്ള

Post a Comment

Previous Post Next Post