കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ

കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ (Computer Networks)

ഒരു വിനിമയ ഇലക്ട്രോണിക് മാധ്യമത്തിലൂടെ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറുകളുടെയും മറ്റ് കമ്പ്യൂട്ടിങ് ഹാർഡ്‌വെയർ ഉപകരണങ്ങളുടെയും ഒരു കൂട്ടമാണ് കമ്പ്യൂട്ടർ ശൃംഖല അഥവാ കമ്പ്യൂട്ടർ നെറ്റ്‌വർക്ക്. നെറ്റ്‌വർക്കുകൾ ഒന്നിലധികം കമ്പ്യൂട്ടറുകളെ തമ്മില്‍ പ്രോഗ്രാമുകളും ഡോക്യുമെന്‍റുകളും സോഫ്റ്റ് വെയറുകളും അന്യോന്യം പങ്കുവെക്കാന്‍ സഹായിക്കുന്നു. വിഭവം പങ്കുവയ്ക്കൽ, വില പ്രകടന അനുപാതം, വിവര വിനിമയം, വിശ്വാസ്യത, വിപുലീകരിക്കുവാനുള്ള സാധ്യത എന്നിവയാണ് പരസ്പരം ബന്ധിപ്പിച്ച കമ്പ്യൂട്ടറുകളുടെ മേന്മകൾ. 

കമ്പ്യൂട്ടർ ശൃംഖലയുടെ മേന്മകൾ

വിഭവം പങ്കുവയ്ക്കൽ (Resource Sharing) - കമ്പ്യൂട്ടർ ശൃംഖലയിൽ ലഭ്യമായ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും പങ്കിടുന്നതിനെ പറയുന്നതാണ് വിഭവം പങ്കുവയ്ക്കൽ.

വില പ്രകടന അനുപാതം (Price Performance Ratio) - ഒരു കമ്പ്യൂട്ടറിൽ ലഭ്യമായ വിഭവങ്ങൾ ശൃംഖലയിലുള്ള മറ്റ് കമ്പ്യൂട്ടറുകളുമായി പങ്കിടുവാൻ കഴിയുന്നതിലൂടെ കുറഞ്ഞ ചെലവിനും കൂടുതൽ ലാഭത്തിനും വഴിയൊരുക്കുന്നു. ഇത് അറിയപ്പെടുന്നത് വില പ്രകടന അനുപാതം എന്നാണ്.

വിവര വിനിമയം (Data Communication) - ഒരു സംപ്രേക്ഷണ മാധ്യമത്തിലൂടെ രണ്ടു ഉപകരണങ്ങൾ തമ്മിൽ നടത്തുന്ന ഡിജിറ്റൽ വിവരങ്ങളുടെ കൈമാറ്റം അറിയപ്പെടുന്നത് വിവര വിനിമയം എന്നാണ്. ഇ-മെയിൽ, ചാറ്റിങ്, വീഡിയോ കോൺഫറൻസിങ് തുടങ്ങിയ സേവനങ്ങളിലൂടെ വിവര വിനിമയം സാധ്യമാകുന്നു.

വിശ്വാസ്യത (Reliability) - വിശ്വാസ്യത എന്നത് വിവരങ്ങൾ ബാക്കപ്പ് ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. കമ്പ്യൂട്ടർ നെറ്റ്‌വർക്കിലെ ഒരു കമ്പ്യൂട്ടർ തകരാറാകുകയോ ആക്‌സസ് ചെയ്യാനാകാതെയോ വരികയാണെങ്കിൽ, ഭാവിയിലെ ഉപയോഗത്തിനായി സമാനമായ വിവരങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് നെറ്റ്‌വർക്കിലെ മറ്റൊരു കമ്പ്യൂട്ടറിൽ നിന്നും ഉപയോക്താവിന്റെ കമ്പ്യൂട്ടറിലേക്ക് വീണ്ടെടുത്ത് ആക്‌സസ് ചെയ്യാൻ കഴിയും. ഇത് തടസ്സങ്ങളില്ലാതെ സുഗമമായി പ്രവർത്തിക്കാനും കൂടുതൽ കൈകാര്യം ചെയ്യാനും പ്രേരിപ്പിക്കുന്നു.

വിപുലീകരിക്കുവാനുള്ള സാധ്യത (Scalability) - ചിലവ് വർദ്ധിപ്പിക്കാതെതന്നെ ബിസിനസ് പ്രവർത്തനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു.

കമ്പ്യൂട്ടർ ശൃംഖലയിലെ ബാൻഡ്‌വിഡ്ത്ത്, നോയ്‌സ് & നോഡ്

ബാൻഡ്‌വിഡ്ത്ത് - നിശ്ചിത സമയത്ത് നിശ്ചിത മാധ്യമത്തിലൂടെ അയയ്ക്കാവുന്ന ഡേറ്റയുടെ അളവാണ് ബാൻഡ്‌വിഡ്ത്ത്. ബാൻഡ്‌വിഡ്ത്തിനെ അളക്കാനുപയോഗിക്കുന്നത് ബിറ്റ്‌സ് പെർ സെക്കൻഡി (BPS) ലാണ്. ബാൻഡ്‌വിഡ്ത്ത് കൂടുതലാകുമ്പോൾ ഡേറ്റയ്ക്കു വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നു. കേബിൾ മോഡം വഴിയുള്ള ഇന്റർനെറ്റ് കണക്ഷന്റെ സാധാരണ ബാൻഡ്‌വിഡ്ത്താണ് 25 എം.ബി.പി.എസ്.

നോയ്‌സ് - ഡേറ്റ സിഗ്നലിന്റെ ഗുണനിലവാരം കുറയ്ക്കുന്നതോ, സിഗ്നലുകളുടെയോ ഡേറ്റയുടെയോ നീക്കത്തെ തടസ്സപ്പെടുത്തുന്നതോ ആയതും സമീപത്തുള്ള സംപ്രേഷണ ഉപകരണങ്ങളിൽ നിന്നും മറ്റ് യന്ത്രങ്ങളിൽ നിന്നും കേബിളുകളിൽ നിന്നും പുറത്തുവരുന്ന സിഗ്നലുകൾ മൂലമുള്ളതുമായ അനഭിമത തരംഗങ്ങളാണ് നോയ്‌സ് എന്ന പേരിൽ അറിയപ്പെടുന്നത്. ഒരു ശൃംഖലയിൽ കൈമാറ്റം ചെയ്യുന്ന എല്ലാ ഡാറ്റയെയും നോയ്‌സ് പ്രതികൂലമായി ബാധിക്കുന്നു.

നോഡ് - കമ്പ്യൂട്ടർ ശൃംഖലയിലേക്കു നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ഏത് ഉപകരണത്തെയും അറിയപ്പെടുന്നത് നോഡ് എന്നാണ്. കമ്പ്യൂട്ടറിനെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുമ്പോൾ ആ കമ്പ്യൂട്ടർ, ഇന്റർനെറ്റിലെ ഒരു നോഡ് ആയി മാറുന്നു. കമ്പ്യൂട്ടർ, സ്‌കാനർ, പ്രിന്റർ മുതലായവ നോഡുകൾക്ക് ഉദാഹരണമാണ്.

വിവിധതരം കമ്പ്യൂട്ടർ ശൃംഖലകൾ

കമ്പ്യൂട്ടർ ശൃംഖലയെ അവയുടെ വ്യാപനത്തെ അടിസ്ഥാനമാക്കി പ്രധാനമായും കാണപ്പെടുന്ന ചില കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളാണ്‌ പാൻ (പേർസണൽ ഏരിയ നെറ്റ്‌വർക്ക്), ലാന്‍ (ലോക്കല്‍ ഏരിയ നെറ്റ്‌വർക്ക്), മാന്‍ (മെട്രൊപൊളിറ്റന്‍ ഏരിയ നെറ്റ്‌വർക്ക്), വാന്‍ (വൈഡ്‌ ഏരിയ നെറ്റ്‌വർക്ക്), ഇന്‍ട്രാനെറ്റ്‌, ഇന്റർനെറ്റ് എന്നിവ.

പേർസണൽ ഏരിയ നെറ്റ്‌വർക്ക് (PAN) - ഒരു വ്യക്തിയുടെ പരിധിയിലുള്ള വിനിമയ ഉപകരണങ്ങളുടെ ശൃംഖലയാണ് പേർസണൽ ഏരിയ നെറ്റ്‌വർക്ക് (PAN). ഏതാനും മീറ്റർ വൃത്തപരിധിക്കുള്ളിൽ വ്യാപിച്ചു കിടക്കുന്നു.

ലോക്കല്‍ ഏരിയ നെറ്റ്‌വർക്ക് (LAN) - ഒരു മുറിയിലോ കെട്ടിടത്തിലോ അടുത്തടുത്ത കെട്ടിടങ്ങളിലോ ഉള്ള കമ്പ്യൂട്ടറുകൾ തമ്മില്‍ ബന്ധിപ്പിച്ചാലുള്ള ചെറിയ നെറ്റ്‌വര്‍ക്കിനെ ലോക്കല്‍ ഏരിയ നെറ്റ്‌വർക്ക് (LAN) എന്നു വിളിക്കുന്നു. ഓഫീസ്‌, വീട്‌ എന്നിവിടങ്ങളില്‍ സാധാരണമായി കാണപ്പെടുന്ന നെറ്റ്‌വർക്ക്‌ ലാന്‍ ആണ്‌. ഇഥര്‍നെറ്റ്‌, നോവെല്‍, പിസി നെറ്റ്‌വർക്ക്‌ തുടങ്ങിയവ ചില ലാന്‍ സംവിധാനങ്ങൾക്കുദാഹരണമാണ്‌.

മെട്രൊപൊളിറ്റന്‍ ഏരിയ നെറ്റ്‌വർക്ക്‌  (MAN) - ഒരു നഗരത്തിലെ കമ്പ്യൂട്ടറുകളെ തമ്മില്‍ ബന്ധിപ്പിക്കാവുന്ന നെറ്റ്‌വര്‍ക്കാണ്‌ മെട്രൊപൊളിറ്റന്‍ ഏരിയ നെറ്റ്‌വർക്ക്‌  (MAN).

വൈഡ്‌ ഏരിയ നെറ്റ്‌വർക്ക് ‌(WAN) - വളരെ വിസ്തതൃതിയുള്ള പ്രദേശങ്ങളിലെ കമ്പ്യൂട്ടറുകളെപ്പോലും ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന നെറ്റ്‌വർക്കാണ്‌ വൈഡ്‌ ഏരിയ നെറ്റ്‌വർക്ക് ‌(WAN).

ഇന്‍ട്രാനെറ്റ്‌ (INTRANET) - സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ആവശ്യത്തിനു വേണ്ടി നിര്‍മിക്കുന്ന ഇന്‍റര്‍നെറ്റിന് സമാനമായ നെറ്റ്‌വർക്കാണ്‌ ഇന്‍ട്രാനെറ്റ്‌ (INTRANET).

ഇന്റർനെറ്റ് (INTERNET) - ഇന്റർനെറ്റാണ് ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ നെറ്റ്‌വർക്ക്. ഇതുവഴി ആശയവിനിമയം നടത്താനും വിവരങ്ങൾ പങ്കുവയ്ക്കാനും സാധിക്കുന്നു.

Post a Comment

Previous Post Next Post