തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭ

Arun Mohan
0

തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭ (1904 - 1932)

തിരുവിതാംകൂർ ഭരണത്തിൽ ജനങ്ങള്‍ക്ക്‌ കൂടുതൽ പങ്കാളിത്തം നല്‍കുക എന്ന ലക്ഷ്യത്തോടെ 1904 ഒക്ടോബർ ഒന്നിന് ശ്രീമൂലം പ്രജാസഭ രൂപം കൊണ്ടു. ശ്രീ മൂലംതിരുനാൾ രാമവര്‍മ തന്നെയാണ്‌ ഇത്‌ രൂപീകരിച്ചത്‌. താലൂക്കുകളുടെയും തോട്ടക്കാരുടെയും കച്ചവടക്കാരുടെയും പട്ടണപരിഷ്കരണ സമിതികളുടെയും ജന്മികളുടെയും പ്രതിനിധികളും നാമനിർദേശം ചെയ്യപ്പെട്ടവരും ചേർന്ന് പരമാവധി 100 അംഗങ്ങൾ ശ്രീമൂലംപ്രജാസഭയിൽ ഉണ്ടായിരുന്നു. നിയമനിർമാണാധികാരമോ ഭരണപങ്കാളിത്തമോ ഇല്ലാത്ത ശ്രീമൂലം പ്രജാസഭയുടെ കാലാവധി ഓരോ വർഷമായിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കാനും ഭരണം കൂടുതൽ സുതാര്യമാക്കാനും ലക്ഷ്യമിട്ട ശ്രീമൂലം പ്രജാസഭ 'ശ്രീമൂലം പോപ്പുലർ അസംബ്ലി' എന്നും അറിയപ്പെട്ടു. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലനിർത്തിക്കൊണ്ടുതന്നെയായിരുന്നു പ്രജാസഭയുടെ രൂപീകരണം. പോപ്പുലർ അസംബ്ലിയുടെ ആദ്യയോഗം 1904 ഒക്ടോബർ 22ന് ദിവാന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം വി.ജെ.ടി ഹാളിൽ (ഇപ്പോൾ മഹാത്മ അയ്യങ്കാളി ഹാൾ) ചേർന്നു. ഭൂപ്രഭുക്കന്മാരും ധനിക വ്യാപാരികളുമായ നാട്ടുപ്രമാണിമാരിൽ നിന്നും ദിവാൻ പേഷ്‌കാർ തിരഞ്ഞെടുക്കുന്നവർക്കു മാത്രമായിരുന്നു അന്നു പ്രജാസഭാംഗത്വം. ആറായിരം രൂപയെങ്കിലും വാര്‍ഷിക വരുമാനം വേണം എന്നതായിരുന്നു അംഗത്വത്തിനുള്ള യോഗ്യത. ഒരു വര്‍ഷം കാലാവധിയുള്ള സഭ വര്‍ഷത്തിൽ ഒരിക്കൽ മാത്രമാണ് സമ്മേളിച്ചിരുന്നത്. 1905 ഓഗസ്റ്റിലായിരുന്നു ആദ്യ തിരഞ്ഞെടുപ്പ്. മലയാളക്കരയിൽ ഒരു നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ടാകുന്നത് ശ്രീമൂലം പ്രജാസഭ തെരഞ്ഞെടുപ്പിലാണ്. 

കാലാകാലങ്ങളിൽ കൗൺസിലും പ്രജാസഭയും പരിഷ്‌കാരങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോയി. 1905ൽ പ്രജാസഭയുടെ ഘടനയിൽ മാറ്റങ്ങളുണ്ടായി. ഒരു വർഷത്തേക്കായി അംഗങ്ങളുടെ കാലാവധി പരിമിതപ്പെടുത്തി. ഇതിൽ 77 പേർ തിരഞ്ഞെടുക്കപ്പെട്ടവരാവണം എന്നായിരുന്നു വ്യവസ്ഥ. ബാക്കി 23 പേരെ സർക്കാർ നേരിട്ട് നാമനിർദേശം ചെയ്യും. വോട്ടെടുപ്പിൽ പങ്കെടുക്കാനുള്ള അവകാശം രണ്ടായിരം രൂപയിൽ കൂടുതൽ വാർഷികവരുമാനമുള്ളവർക്കും പ്രതിവർഷം 50 രൂപയിൽ കൂടുതൽ കരമടയ്ക്കുന്നവർക്കും മാത്രമാക്കി.  1919ൽ ലെജിസ്ലേറ്റീവ് കൗൺസിലും പരിഷ്കരിച്ച് അംഗസംഖ്യ 25 ആക്കി വർധിപ്പിച്ചു. ഇതിൽ എട്ടുപേരെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുകയായിരുന്നു. 1921ൽ തിരഞ്ഞെടുക്കപ്പെടുന്ന 28 അംഗങ്ങളുമായി കൗൺസിൽ അവരുടെ അംഗസംഖ്യ 50 ആയി വർധിപ്പിച്ചു. ബജറ്റ് ചർച്ച, ഡപ്യൂട്ടി സ്പീക്കർ എന്നീ വ്യവസ്ഥകളും കൗൺസിലിന്റെ പരിഷ്‌കൃതസ്വഭാവത്തിന് ഉദാഹരണങ്ങളാണ്. 

1930 ജനുവരി 12 ന് വോട്ടവകാശം സംബന്ധിച്ച് പ്രത്യേക നിയമം നടപ്പാക്കി. ഇതേതുടർന്ന് ഒരു വർഷം അഞ്ച് രൂപയെങ്കിലും ഭൂനികുതി അടയ്ക്കുന്നവർക്കും നഗരസഭയിൽ തൊഴിൽനികുതി കൊടുക്കുന്നവർക്കും ബിരുദമുള്ളവർക്കും വോട്ടവകാശം ലഭിച്ചു. തിരുവിതാംകൂർ നായർ റഗുലേഷന്‍, തിരുവിതാംകൂർ ഈഴവ റഗുലേഷൻ എന്നീ നിയമങ്ങളിലൂടെ 1930ൽ വനിതകൾക്ക് ശ്രീമൂലം പ്രജാസഭയിൽ അംഗങ്ങളാകാനും പ്രതിനിധികളെ തിരഞ്ഞെടുക്കാനുമുള്ള അവകാശം ലഭിച്ചു. സമൂഹത്തിലെ ഏറ്റവും സമ്പന്നരാണ്‌ അന്ന്‌ അഞ്ച്‌ രൂപ നികുതി അടച്ചിരുന്നത്‌. വോട്ടവകാശം സമ്പന്നരിലേക്ക്‌ ചുരുങ്ങിയതിനെതിരെ പ്രക്ഷോഭം നടന്നു. നിവര്‍ത്തന പ്രക്ഷോഭം" എന്നറിയപ്പെട്ട ഈ ജനകീയ സമരത്തെ തുടര്‍ന്ന്‌ ഒരു രൂപയെങ്കിലും നികുതിയടയ്ക്കുന്നവര്‍ക്ക്‌ വോട്ടവകാശം ലഭ്യമായി. ആകെ 28 സമ്മേളനങ്ങൾ നടന്നു. 1904 മുതൽ 1932 വരെയായിരുന്നു സമ്മേളനങ്ങൾ. 1932-ൽ ശ്രീചിത്തിര കൗണ്‍സിൽ എന്ന പേരിൽ ഉപരിസഭയും പ്രജാസഭയും അധോസഭയും നിലവിൽ വന്നു. ദിവാൻ പ്രസിഡന്റായ ഈ സഭകളുടെ ആദ്യ സമ്മേളനം 1933 ജൂലൈ 31 ന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടത്തി. 1947-ൽ ഈ സഭകൾ ഇല്ലാതായി.

Post a Comment

0 Comments
Post a Comment (0)