തിരുവിതാംകൂർ ശ്രീമൂലം അസംബ്ലി & ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സിൽ

Arun Mohan
0

ശ്രീമൂലം അസംബ്ലി & ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സിൽ (1932 - 1947)

തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ സ്ഥാനമേറ്റശേഷം 1932ൽ നടത്തിയ രാജവിളംബര പ്രകാരം നിയമനിർമാണസഭകളുടെ ഘടനയിൽ കാതലായ മാറ്റങ്ങളുണ്ടായി. ശ്രീചിത്തിര തിരുനാൾ മഹാരാജാവ് 1932 ഒക്ടോബർ 28ന് അതുവരെ നിലനിന്നിരുന്ന നിയമനിർമ്മാണവ്യവസ്ഥക്ക് മാറ്റംവരുത്താനായി പുറപ്പെടുവിച്ച റെഗുലേഷനിലൂടെ ദ്വിമണ്ഡല സംവിധാനമാക്കി. ബ്രിട്ടനിലെ ദ്വിമണ്ഡല പാർലമെന്റ് രീതിയോട് ഇതിന് വിദൂര സാമ്യമുണ്ടായിരുന്നു. ദ്വിമണ്ഡല സംവിധാനം ഏർപ്പെടുത്തിയതോടെ 1933 ജനുവരി ഒന്നിന് ശ്രീമൂലം സഭ (തിരുവിതാംകൂർ ശ്രീമൂലം അസംബ്ലി) എന്നു പേരുള്ള അധോസഭയും (72 അംഗങ്ങൾ) ശ്രീചിത്തിര സംസ്ഥാന സമിതി (തിരുവിതാംകൂർ ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സിൽ) എന്നു പേരുള്ള ഉപരിസഭയും (37 അംഗങ്ങൾ) നിലവിൽ വന്നു. യഥാക്രമം 24 ഉം 15 ഉം പേർ നാമനിർദേശം ചെയ്യപ്പെട്ടവരായിരുന്നു. 'ട്രാവൻകൂർ ലെജിസ്ലേറ്റീവ് റിഫോംസ് റെഗുലേഷൻ' എന്ന പേരിലാണ് ഈ പരിഷ്കാരങ്ങളെല്ലാം അറിയപ്പെട്ടത്. ദിവാൻ പ്രസിഡന്റായ ഈ സഭകളുടെ ആദ്യ സമ്മേളനം 1933 ജൂലൈ 31ന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടത്തി. 1938 ഓഗസ്റ്റ് ആറാം തീയതി ആദ്യത്തെ ശ്രീമൂലം അസംബ്ലിയുടെ വി.ജെ.ടി ഹാളിലെ അവസാനയോഗം നടന്നു. യഥാക്രമം 1938 മുതൽ 1944 വരെ രണ്ടാമത്തെ ശ്രീമൂലം അസംബ്ലിയും 1944 മുതൽ 1947 വരെ മൂന്നാമത്തെ ശ്രീമൂലം അസംബ്ലിയും നിലവിൽ വന്നു. സെക്രട്ടറിയേറ്റ് മന്ദിരത്തിലെ അസംബ്ലി ഹാളിൽ വച്ചുള്ള ശ്രീമൂലം അസംബ്ലിയുടെ പ്രഥമ സമ്മേളനം 1939 ഫെബ്രുവരി ഒൻപതിനു ചേർന്നു. 1933 - 1937, 1937 - 1944, 1944 - 1947 വരെയുള്ള കാലയളവിലാണ് ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിലുകൾ നിലവിൽ വന്നത്. ബൈക്കാമറൽ ലെജിസ്ലേച്ചർ (ദ്വിമണ്ഡല സംവിധാനം) ഉത്തരവാദഭരണ പ്രഖ്യാപനം വരെ തുടർന്നു. അവസാനയോഗം കൂടിയത് 1946 ലാണ്. 1947ൽ ശ്രീമൂലം അസംബ്ലിയും ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സിലും ഇല്ലാതായി. രാജാവ്‌ ഉത്തരവാദ ഭരണം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പിലൂടെ 120 അംഗ പ്രതിനിധിസഭ രൂപീകരിച്ചു. എ.ജെ.ജോണായിരുന്നു പ്രസിഡന്റ്‌. ജി.ചന്ദ്രശേഖരൻ പിള്ള വൈസ്‌ പ്രസിഡന്റും. പട്ടം താണുപിള്ള പ്രധാനമന്ത്രിയും ടി.എം.വര്‍ഗീസ്‌, സി.കേശവൻ എന്നിവർ മന്ത്രിമാരുമായി. പിന്നീട് മന്ത്രിമാരുടെ എണ്ണം കൂട്ടി. 1948-ൽ തിരുവിതാംകൂർ ഭരണഘടന പരിഷ്കരിച്ചു. തുടര്‍ന്ന്‌ തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായി. ഇന്ത്യയിൽ പിന്നീടുണ്ടായ ജനാധിപത്യ സംവിധാനത്തിനാകെ മാതൃകയായിരുന്നു തിരുവിതാംകൂറിലെ ഈ പരിഷ്‌കാരങ്ങൾ.

Post a Comment

0 Comments
Post a Comment (0)