കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ (1925 - 1948)
തിരുവിതാംകൂറിനൊപ്പം കൊച്ചിയിലും കാലത്തിനൊത്ത മാറ്റങ്ങളുണ്ടായി. 1923ൽ കൊച്ചി രാജാവ് ഒരു ലെജിസ്ലേറ്റീവ് കൗൺസിലിന് രൂപംകൊടുത്തു. 1923 ഓഗസ്റ്റ് ഒൻപതിന് പാസ്സാക്കിയ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ ആക്ട് അനുസരിച്ചാണ് കൊച്ചിയിൽ നിയമനിർമാണ സമിതി (ലെജിസ്ലേറ്റീവ് കൗൺസിൽ) രൂപീകരിച്ചത്. 1925 ജനുവരി ഏഴിന് കൗൺസിലിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുക്കപ്പെട്ടതും നാമനിർദേശം ചെയ്യപ്പെട്ടതുമായ 45 അംഗങ്ങളാണ് ഈ സഭയിൽ ഉണ്ടായിരുന്നത്. 1925 ഏപ്രിൽ മൂന്നിന് ഒന്നാം കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. കൊച്ചിയിലെ ആദ്യത്തെ മൂന്നു (1925-28, 1928-31, 1931-35) കൗൺസിലുകളിൽ 45 ഉം നാലാമത്തെ (1935-38) കൗൺസിലിൽ 54 ഉം അവസാനത്തെ രണ്ടു (1938-45, 1945-48) കൗൺസിലുകളിൽ 58 ഉം അംഗങ്ങളുണ്ടായിരുന്നു. മൂന്നിലൊന്നിൽ കുറയാതെ അംഗങ്ങൾ നാമനിർദേശം ചെയ്യപ്പെട്ടവരായിരുന്നു.
1938ലെ ഗവൺമെന്റ് ഓഫ് കൊച്ചിൻ ആക്ടിന്റെ ഫലമായി 1938 ജൂൺ 17ന് ദ്വിഭരണ സംവിധാനം നിലവിൽവന്നു. ദ്വിഭരണ സംവിധാനം (ഡയാർക്ക്) നിലവിൽ വന്നതോടെ ഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കി ഒരു ഏകാംഗ മന്ത്രിസഭയും നിലവിൽ വന്നു. കൗൺസിൽ അംഗങ്ങൾ ചേർന്ന് ആദ്യ മന്ത്രിയായി അമ്പാട്ട് ശിവരാമമേനോനെയാണ് തിരഞ്ഞെടുത്തത്. ഏകാംഗ മന്ത്രിസഭയ്ക്ക് ഏതാനും വകുപ്പുകളുടെ അധികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് വകുപ്പുകളെല്ലാം കൈകാര്യം ചെയ്തത് മഹാവരാജാവു തന്നെയായിരുന്നു. 1938ൽ അധികാരത്തിൽ വന്ന ശിവരാമമേനോൻ ഏതാനും മാസങ്ങളെ ഭരണത്തിൽ തുടർന്നുള്ളൂ. അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് എ.ആർ.മേനോനും സ്റ്റേറ്റ് കോൺഗ്രസ് നേതാവ് ടി.കെ.നായരും തുടങ്ങി പലരും ഏകാംഗ മന്ത്രിസഭയിലെ മന്ത്രിമാരായി.
1941ൽ വി.ആർ.കൃഷ്ണൻ എഴുത്തച്ഛന്റെ നേതൃത്വത്തിൽ കൊച്ചി രാജ്യപ്രജാമണ്ഡലം എന്നൊരു സംഘടന രൂപീകരിച്ചു. 1945ൽ കൗൺസിലിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പ്രജാമണ്ഡലം സ്ഥാനാർഥികളായി 12 പേർ വിജയിച്ചു. പനമ്പിള്ളി ഗോവിന്ദമേനോൻ മന്ത്രിയായി. 1945ൽ മന്ത്രിമാരുടെ എണ്ണം രണ്ടായി. 1946ൽ മന്ത്രിമാരുടെ എണ്ണം നാലാക്കി. പനമ്പിള്ളി ഗോവിന്ദമേനോനടക്കം നാലുപേർ അങ്ങനെ മന്ത്രിസ്ഥാനത്തെത്തി. 1947ൽ രാജാവ് ഭരണ നിർവഹണം പൂർണമായും കൗൺസിലിന് കൈമാറി. കൊച്ചി മഹാരാജാവ് 1947 ഓഗസ്റ്റ് 14ന് ഉത്തരവാദ ഭരണപ്രഖ്യാപനം നടത്തിയതോടെ ഒരു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നാലംഗ മന്ത്രിസഭ രൂപീകരിച്ചു. 1947 സെപ്റ്റംബർ ഒന്നിന് പനമ്പിള്ളി ഗോവിന്ദമേനോൻ കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിയായി. ഒക്ടോബർ 22 വരെയേ ഈ മന്ത്രിസഭ നിലനിന്നുള്ളൂ. തുടർന്ന് ടി.കെ. നായർക്കായിരുന്നു നേതൃത്വം.
പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു 1948ൽ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. 1948ലെ തിരഞ്ഞെടുപ്പിൽ ഇക്കണ്ടവാര്യരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയും നിലവിൽ വന്നു. 'ലെജിസ്ലേറ്റീവ് കൗൺസിൽ' (നിയമ സമിതി), 'ലെജിസ്ലേറ്റീവ് അസംബ്ലി' (നിയമസഭ) ആയി. 1948 സെപ്റ്റംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഫലമായി രൂപീകരിച്ച കൊച്ചി നിയമസഭയിൽ 58 അംഗങ്ങളുണ്ടായിരുന്നു. ഇവരിൽ അഞ്ചു പേർ നാമനിർദേശം ചെയ്യപ്പെട്ടവരായിരുന്നു. 1949ൽ കൊച്ചിയും തിരുവിതാംകൂറും തമ്മിൽ ലയിക്കുംവരെ ഇക്കണ്ടവാര്യരുടെ നേതൃത്വത്തിലുള്ള ഈ മന്ത്രിസഭ അധികാരത്തിൽ തുടർന്നു.