തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ

Arun Mohan
0

തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ (1888 - 1932)

1956 ലാണ് ഐക്യകേരളം നിലവിൽ വന്നത്. എന്നാൽ അതിനും വർഷങ്ങൾക്കു മുമ്പ് രാജഭരണകാലത്തുതന്നെ നിയമനിർമ്മാണസഭകൾ ഇവിടെ ഉണ്ടായിരുന്നു. ലോകത്തിനു തന്നെ അഭിമാനവും മാതൃകയുമായ ചുവടുവയ്പാണ് ഇക്കാര്യത്തിൽ തിരുവിതാംകൂർ നടത്തിയത്. ലോകമെമ്പാടും ജനാധിപത്യത്തിന്റെ കൊടുംകാറ്റ് വീശിത്തുടങ്ങിയ കാലം സാമ്രാജ്യത്വ ഭരണകൂടങ്ങളും രാജവാഴ്ചയും അവസാനിപ്പിക്കാൻ കച്ചകെട്ടിയ ജനങ്ങൾ തെരുവുകളിലേക്കിറങ്ങിത്തുടങ്ങി. കിരീടവും സമ്പത്തുമൊന്നും കൈവിട്ട് പോകാതിരിക്കാൻ ഇത്തരം ജനകീയ സമരങ്ങളെ ഭരണകൂടങ്ങൾ ഏതുവിധേനയും അടിച്ചമർത്താൻ ശ്രമിച്ചു. എന്നാൽ നമ്മുടെ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലെ രാജാക്കന്മാർ ഇതിനെല്ലാം അപവാദമായിരുന്നു. ജനകീയ ഭരണത്തിന്റെ കടന്നുവരവിനെ തടയാൻ അവർ കോട്ടകെട്ടിയില്ല. പടയാളികളെ അണിനിരത്തിയുമില്ല. മഹത്തായ ജനാധിപത്യ മുന്നേറ്റത്തെ തുറന്ന മനസ്സോടെയാണ് തിരുവിതാംകൂർ രാജാക്കന്മാർ സ്വീകരിച്ചത്. രാജഭരണത്തിനാവശ്യമായ നിയമങ്ങളും ചട്ടങ്ങളും നിർമിക്കാനും വേണ്ട ഉപദേശങ്ങൾ നൽകാനുമായി ഒരു സമിതി വേണമെന്ന് രാജാവ് തീരുമാനിച്ചു. ഇതിനായി 1888 മാർച്ച് 30 ന് ഒരു വിളംബരം പുറപ്പെടുവിച്ചു. രാജ്യത്ത് ഒരു ലെജിസ്ലേറ്റീവ് കൗൺസിൽ (നിയമനിർമാണ സമിതി) രൂപീകരിക്കാനുദ്ദേശിച്ചായിരുന്നു ഈ വിളംബരം. ഇന്ത്യൻ നാട്ടുരാജ്യങ്ങളിലെ ആദ്യ നിയമനിർമാണസഭകളിലൊന്നാണ് തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ (1888 - 1932). തിരുവിതാംകൂർ രാജ്യത്തെ നിയമനിർമാണാവകാശം ഈ കൗൺസിലിനായിരുന്നു.

1888 ൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീ മൂലംതിരുനാൾ രാമവർമ രാജാവ് ലെജിസ്ലേറ്റീവ് കൗൺസിൽ എന്ന പേരിൽ ഒരു സമിതി രൂപീകരിച്ചു. 1888 മാർച്ച് 30 ന് ഇത് സംബന്ധിച്ച് നിയമം പാസ്സായി. ഒരു ഔദ്യോഗിക ഉപദേശക സമിതി എന്ന നിലയിൽ 1888 ഓഗസ്റ്റ് 23ന് പ്രഥമ യോഗം ചേർന്ന തിരുവിതാംകൂർ നിയമനിർമാണ സമിതി (ലെജിസ്ലേറ്റീവ് കൗൺസിൽ) യിലെ അംഗങ്ങളെ നാമനിർദേശം ചെയ്യുകയായിരുന്നു. ഓഗസ്റ്റ്‌ 23 ന് സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ദിവാന്റെ മുറിയിലാണ് ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ ആദ്യ യോഗം ചേര്‍ന്നത്. അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ടി.രാമറാവുവായിരുന്നു കൗൺസിലിന്റെ അധ്യക്ഷൻ. കേരളത്തിന്റെ നിയമനിര്‍മാണസഭയുടെ ചരിത്രം തുടങ്ങുന്നത്‌ ഇവിടെ നിന്നാണ്‌. ഭരണത്തിൽ നാട്ടുകാരെക്കൂടി പങ്കാളികളാക്കുന്നതിനായി 1861-ൽ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ ഇന്ത്യൻ കൗണ്‍സിൽ ആക്ട്‌ പാസാക്കിയിരുന്നു. അതില്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ തിരുവിതാംകൂറിൽ ലെജിസ്റ്റേറ്റീവ്‌ കൗണ്‍സിൽ രൂപംകൊണ്ടത്‌. അങ്ങനെ തിരുവിതാംകൂർ ഇന്ത്യയിലെ മറ്റ്‌ നാട്ടുരാജ്യങ്ങള്‍ക്ക്‌ മാതൃകയായി. ഭരണകാര്യങ്ങളിൽ ഇടപെടുന്ന ഒരു ഔദ്യോഗിക ഉപദേശകസമിതി എന്ന നിലയിലാണ്‌ കൗണ്‍സിൽ രൂപീകരിച്ചത്‌. തുടക്കത്തിൽ ആറ്‌ ഔദ്യോഗിക അംഗങ്ങളും രണ്ട്‌ അനൗദ്യോഗിക അംഗങ്ങളുമാണ്‌ കൗണ്‍സിലിൽ ഉണ്ടായിരുന്നത്‌. മൂന്ന്‌ വര്‍ഷമായിരുന്നു ഇതിന്റെ കാലാവധി. കൗണ്‍സിലിലേക്കുള്ള അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു. 1898ലെ റെഗുലേഷൻ അനുസരിച്ച് ഒൻപത് ഔദ്യോഗികാംഗങ്ങളും ആറ് അനൗദ്യോഗികാംഗങ്ങളുമായി കൗൺസിലിലെ അംഗസംഖ്യ 15 ആയി വർധിപ്പിച്ചുവെങ്കിലും 1913ൽ മാത്രമാണ് പരമാവധി അംഗസംഖ്യയിലെത്തിയത്. 

1919-ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ ഗണ്യമായ മാറ്റം സംഭവിച്ചു. ജനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യവും അധികാരവും നൽകിക്കൊണ്ട് നിയമനിർമാണ സഭയിലെ അംഗസംഖ്യ 25 ആയി ഉയർത്തി. എട്ടു പേർ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. 1920ൽ ആദ്യ തിരഞ്ഞെടുപ്പു നടന്നു. 1921ൽ അംഗസംഖ്യ 50 ആയി വർധിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട 28 പേരും നാമനിർദേശം ചെയ്യപ്പെട്ട 22 പേരുമാണുണ്ടായിരുന്നത്. 1922ലെ കൗൺസിൽ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് സമ്മതിദാനത്തിനും സാമാജികസ്ഥാനത്തിനും അർഹത ലഭിച്ചു. 1932 ഒക്ടോബർ 28നു ശ്രീചിത്തിര തിരുനാൾ മഹാരാജാവ് പുറപ്പെടുവിച്ച റെഗുലേഷൻ അതുവരെ നിലനിന്നിരുന്ന നിയമനിർമ്മാണവ്യവസ്ഥക്ക് മാറ്റംവരുത്തി. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലും ശ്രീമൂലം പ്രജാസഭയും പരിഷ്കരിച്ച് ശ്രീമൂലം അസംബ്ലി എന്ന അധോസഭയും ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സിൽ എന്ന ഉപരിസഭയും ആവിഷ്ക്കരിച്ച്‌ ദ്വിമണ്ഡല സംവിധാനമാക്കി. ദിവാൻ പ്രസിഡന്റായ ഈ സഭകളുടെ ആദ്യ സമ്മേളനം 1933 ജൂലൈ 31ന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടത്തി. 1947ൽ ഈ സഭകൾ ഇല്ലാതായി.

Post a Comment

0 Comments
Post a Comment (0)