ഇന്ത്യൻ നവോത്ഥാനം

Arun Mohan
0

ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ

പത്തൊൻപതാം നൂറ്റാണ്ടിലാണ് ഇന്ത്യൻ അനാചാരങ്ങൾക്കെതിരെ നവോത്ഥാന നായകരുടെ നേതൃത്വത്തിൽ പരിഷ്കരണ പ്രസ്ഥാനങ്ങൾ ഉയർന്നുവന്നത്.

സ്വാമി നാരായൺ പ്രസ്ഥാനം

ഗുജറാത്തിൽ സഹജാനന്ദ സ്വാമി (1781 - 1830) പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച ഹിന്ദു മത നവീകരണ പ്രസ്ഥാനമാണ് സ്വാമി നാരായൺ പ്രസ്ഥാനം. അദ്ദേഹം ഏക ദൈവ വിശ്വാസിയായിരുന്നു. വിധവകൾക്കു പുനർവിവാഹംപെൺശിശുഹത്യ നിരോധനംസതി നിരോധനം എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ഈ പ്രസ്ഥാനം സസ്യാഹാരം ഭക്ഷിക്കുവാനും  മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കാനും ജനങ്ങളെ ഉപദേശിച്ചു. എല്ലാ മതവിഭാഗങ്ങൾക്കും പ്രസ്ഥാനത്തിൽ അംഗത്വം നൽകിയിരുന്നു. ഈ പ്രസ്ഥാനം വൈഷ്ണമതത്തിന്റെ ആഡംബര സമ്പ്രദായങ്ങൾക്കെതിരായ ഒരുതരം പ്രതിഷേധമായിരുന്നു. വ്യക്തിത്വ വികസനത്തിന് പ്രാധാന്യം നൽകിയ പ്രസ്ഥാനം സാമൂഹിക സമത്വവും ശുദ്ധമായ ജീവിത രീതി നയിക്കുവാനും ഉപദേശിച്ചു.

ഫറൈസി പ്രസ്ഥാനം

ഫറൈസി പ്രസ്ഥാനം 1819ൽ ആരംഭിച്ചത് ഹാജി ശരിയത്തുള്ളയാണ്. ബംഗാളിലെ മുസ്‌ലിങ്ങളോട് അനിസ്‌ലാമികമായ ആചാരങ്ങൾ ഉപേക്ഷിച്ച് മുസ്‌ലിങ്ങൾ എന്ന നിലയിൽ തങ്ങളുടെ കടമകൾ നിറവേറ്റാൻ ഈ പ്രസ്ഥാനം ആഹ്വാനം ചെയ്തു. ധാക്കഫരീദ്‌പൂർബാരിസാൽമൈമെൻസിങ് കോമില്ല എന്നീ ജില്ലകളിൽ ഫറൈസി പ്രസ്ഥാനത്തിന് വ്യാപകമായ സ്വീകാര്യത ലഭിച്ചു. ബ്രിട്ടീഷ് സർക്കാരിനെതിരെ ആദ്യമായി നികുതിവിരുദ്ധ പ്രചാരണത്തിന് ശരീഅത്തുള്ള ഖാനും മകൻ ദാദു മിയാനും നേതൃത്വം നൽകി. അവരുടെ സന്നദ്ധസംഘം സമീന്ദാർമാരുടെയും നീലം തോട്ടക്കാരുടെയും സായുധ സംഘത്തെ ധീരമായി നേരിട്ടു. ഭൂവുടമകളുടെ സ്വേച്‌ഛാധിപത്യത്തിനും നിയമവിരുദ്ധമായ കൃഷിക്കും എതിരെ ബംഗാളിലെ എല്ലാ കർഷകരെയും ഈ പ്രസ്ഥാനം ഒന്നിപ്പിച്ചു.

സത്നാമി പ്രസ്ഥാനം

ഛത്തീസ്ഗഡിൽ ഘാസി ദാസിന്റെ നേതൃത്വത്തിൽ 1820കളിൽ ആരംഭിച്ച നവീകരണ പ്രസ്ഥാനമാണ് സത്നാമി പ്രസ്ഥാനം. ചമാർ വർഗക്കാരുടെ ഇടയിലാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. ജാതിവ്യവസ്ഥവിഗ്രഹാരാധനഎന്നിവയെ എതിർത്തു. ജാതി വ്യത്യാസങ്ങളില്ലാതെ മനുഷ്യരെ ഒന്നായി കാണാൻ ഈ പ്രസ്ഥാനം ആഹ്വാനം ചെയ്‌തു. സത്നാമ് എന്ന വാക്കിന് സത്യമായ ദൈവം എന്നാണർഥം. ഘാസി ദാസിനെ തുടർന്ന് മകനായ ബാലക് ദാസ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലെത്തി. ഉയർന്ന ജാതിക്കാർ മാത്രം ധരിക്കുന്ന പൂണൂൽ ധരിച്ചതിന്റെ പേരിൽ ഇദ്ദേഹത്തെ ജാതിവെറിയന്മാർ വധിച്ചു.

യങ് ബംഗാൾ പ്രസ്ഥാനം

കൊൽക്കത്ത ഹിന്ദു കോളേജിലെ അധ്യാപകനായിരുന്ന ഹെൻറി ലൂയിസ് വിവിയൻ ഡെറോസിയോയുടെ നേതൃത്വത്തിൽ 1820 കളിൽ ആരംഭിച്ച ഒരു സമൂലമായ ബൗദ്ധികസാമൂഹികപരിഷ്കരണ പ്രസ്ഥാനമായിരുന്നു യങ് ബംഗാൾ പ്രസ്ഥാനം. ഇതിന്റെ അനുയായികൾ ഡെറോസിയൻസ് എന്നും അറിയപ്പെട്ടു. പരമ്പരാഗത മാനദണ്ഡങ്ങളെ ചോദ്യം ചെയ്യാനും യുക്തിസഹവും ആധുനികവുമായ ആശയങ്ങൾ സ്വീകരിക്കാനും ഡെറോസിയോ വിദ്യാർഥികളെ പ്രചോദിപ്പിച്ചു. യാഥാസ്ഥിതിക ഹിന്ദു ആചാരങ്ങളെ അദ്ദേഹം വിമർശിച്ചു. തീവ്രവാദ നിലപാട് കാരണം 1831ൽ ഡെറോസിയോയെ ഹിന്ദു കോളേജിൽനിന്ന് പുറത്താക്കി. പാശ്ചാത്യ ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രസ്ഥാനമാണ് യങ് ബംഗാൾ പ്രസ്ഥാനം. എന്നാൽ1832 വരെയെ ഈ പ്രസ്ഥാനം നിലനിന്നുള്ളൂ.

ബ്രഹ്മസമാജം                                                  

ദുരാചാരങ്ങളുടെ അന്ധകാരത്തിൽ നിന്ന് ഇന്ത്യൻ സമൂഹത്തെ നവോത്ഥാനത്തിന്റെ വെളിച്ചത്തിലേയ്ക്കു നയിച്ച സാമൂഹ്യ പരിഷ്കർത്താവാണ് റാം മോഹൻ റോയ്. റാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മ സമാജം ഇന്ത്യൻ നവോത്ഥാന രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 1815 ൽ ആത്മീയസഭ എന്നൊരു സംഘടന രൂപീകരിച്ച റാം മോഹൻ റോയ് 1828 ൽ ബ്രഹ്മസഭയ്ക്കു രൂപം നൽകി. ഇതാണ് ബ്രഹ്മ സമാജമായി മാറിയത്. 'ഏകദൈവസംഘംഎന്നാണ് ബ്രഹ്മ സമാജം എന്നതുകൊണ്ട് അർഥമാക്കുന്നത്. ഹിന്ദു മതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള സാമൂഹിക പരിഷ്കരണവുമായിരുന്നു ബ്രഹ്മസമാജത്തിന്റെ ലക്ഷ്യം. ബ്രഹ്മസമാജത്തിന്റെ ആദ്യ യോഗം നടന്നത് കൊൽക്കത്തയിലാണ്.  എല്ലാ വിശ്വാസങ്ങളും തുല്യമാണെന്നും തുല്യമായി ബഹുമാനിക്കപ്പെടണമെന്നും അർഥം വരുന്ന "സർവ ധർമ സംഭവ" എന്നായിരുന്നു ബ്രഹ്മസമാജത്തിന്റെ മുദ്രാവാക്യം. താരാചന്ദ് ചക്രവർത്തിയായിരുന്നു ബ്രഹ്മസഭയുടെ ആദ്യ സെക്രട്ടറി. ശൈശവ വിവാഹംബഹുഭാര്യാത്വംജാതിസമ്പ്രദായം തുടങ്ങിയ അനാചാരങ്ങൾക്കെതിരെ ഈ പ്രസ്ഥാനം ശബ്ദമുയർത്തി. പിതൃസ്വത്തിൽ പെൺകുട്ടികൾക്ക് അവകാശം നിഷേധിക്കുന്നതിനെ എതിർത്ത അദ്ദേഹം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി ശക്തമായി വാദിച്ചു.

താൻ ജീവിക്കുന്ന സമൂഹത്തിൽ നിലനിന്ന യുക്തിരഹിതമായ ആചാരാനുഷ്ഠാനങ്ങൾ ഇല്ലാതാക്കുന്നതിനായും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായും അദ്ദേഹം ശബ്ദമുയർത്തി. രാജാറാം മോഹൻ റോയിയുടെ പ്രവർത്തന ഫലമായി 1829 ൽ വില്യം ബെന്റിക് പ്രഭു നിയമപ്രകാരം സതി നിർത്തലാക്കി. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്ആധുനിക ഇന്ത്യയുടെ പിതാവ് എന്നീ വിശേഷണങ്ങളും രാജാറാം മോഹൻ റോയിക്കുണ്ട്. രാജാറാം മോഹൻ റോയിയെ തുടർന്ന് ദേവേന്ദ്രനാഥ് ടാഗോർകേശവചന്ദ്ര സെൻ എന്നിവർ ബ്രഹ്മ സമാജത്തിന്റെ നേതൃത്വത്തിലെത്തി. മഹർഷി ദേവേന്ദ്രനാഥ് ടാഗോറിന്റെയും കേശവ ചന്ദ്രസെന്നിന്റെയും പ്രവർത്തനം ബ്രഹ്മസമാജത്തെ ഊർജസ്വലമാക്കി. അവർ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ തുടർന്ന് 1866 ൽ ബ്രഹ്മസമാജം ആദി ബ്രഹ്മസമാജമെന്നും ഭാരതീയ ബ്രഹ്മസമാജമെന്നും രണ്ടായി പിളർന്നു. ദേവേന്ദ്രനാഥ് ടാഗോറായിരുന്നു ആദി ബ്രഹ്മസമാജത്തിന്റെ നേതാവ്. ഭാരതീയ ബ്രഹ്മസമാജത്തെ നയിച്ചത് കേശവചന്ദ്ര സെന്നായിരുന്നു. കേശവ ചന്ദ്ര സെന്നിന്റെ പ്രായപൂർത്തിയാകാത്ത മകളെ കുച്ച്ബിഹാറിലെ രാജാവിന് വിവാഹം കഴിച്ചുകൊടുത്തത് ഇന്ത്യൻ ബ്രഹ്മസമാജത്തിൽ പിളർപ്പിന് വഴിതെളിച്ചു.  1878 ൽ ഇന്ത്യൻ ബ്രഹ്മസമാജം വീണ്ടും പിളരുകയും ആനന്ദമോഹൻ ബോസും ശിവാനന്ദ ശാസ്ത്രിയും ചേർന്ന് സാധാരണ ബ്രഹ്മസമാജം സ്ഥാപിക്കുകയും ചെയ്തു.  സാധാരൺ ബ്രഹ്മസമാജത്തിന്റെ ആദ്യ അധ്യക്ഷൻ ആനന്ദ് മോഹൻ ബോസും ആദ്യ സെക്രട്ടറി ശിവ് ചന്ദ്ര ദേബും ആയിരുന്നു.

ബ്രഹ്മസമാജത്തിന്റെ പ്രധാന സവിശേഷതകൾ

ബഹുദൈവാരാധനവിഗ്രഹാരാധനപ്രതിമാരാധന എന്നിവ നിരാകരിച്ചു. സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിനും കുട്ടികളെ സംരക്ഷിക്കുന്നതിനുമുള്ള നിയമനിർമാണത്തിനായി വാദിച്ചു. വേദങ്ങളുടെയും ജാതിവ്യവസ്ഥയുടെയും ആധികാരികത നിരാകരിച്ചു. എല്ലാ ജീവജാലങ്ങളോടും ഉള്ള ബഹുമാനം പ്രോത്സാഹിപ്പിച്ചു. മതേതര മൂല്യങ്ങളെ പിന്തുണച്ചുവിഭാഗീയതയെ എതിർത്തു.

ധർമ്മസഭ

രാജാ റാം മോഹൻ റോയ് സ്ഥാപിച്ച ബ്രഹ്മസമാജവും മറ്റ് സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയും പ്രവർത്തനങ്ങളെ ചെറുത്തുക്കൊണ്ട് 1830ൽ കൽക്കട്ടയിൽ രാധാകാന്ത് ദേവ് സ്ഥാപിച്ച സംഘടനയാണ് ധർമ്മസഭ. ഹിന്ദു ജീവിതരീതി അല്ലെങ്കിൽ ഹിന്ദു സംസ്കാരത്തെ സംരക്ഷിക്കുന്ന സമൂഹത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയായിരുന്നു ധർമ്മസഭ പ്രവർത്തിച്ചത്. എങ്കിലും പെൺകുട്ടികൾക്ക് പാശ്ചാത്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് ധർമ്മസഭ അനുകൂല നിലപാട് സ്വീകരിച്ചു. സതി പോലുള്ള പ്രാചീന ദുരാചാരങ്ങൾ നിർത്തലാക്കാൻ വേണ്ടി നിയമം കൊണ്ടുവരുന്നതിനെതിരെ ധർമ്മസഭ ഇംഗ്ലണ്ടിലെ പ്രിവി കൗൺസിലിൽ അപ്പീൽ നൽകുകയുണ്ടായി. 1856ലെ ഹിന്ദു വിധവ പുനർവിവാഹം ആക്ട് പാസ്സാക്കുന്നതിനെതിരെ പെറ്റീഷൻ നൽകിയെങ്കിലും നിയമം നിലവിൽ വന്നു. പിൽക്കാലത്ത് ധർമ്മസഭയ്ക്ക് ബംഗാളിൽ നിരവധി ശാഖകളുണ്ടായി.

വഹാബി പ്രസ്ഥാനം

സയ്യദ് അഹമ്മദ് ബെറെൽവിയാണ് വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. അറേബ്യയിലെ അബ്ദുൽ വഹാബിന്റെയും ഡൽഹിയിലെ സന്ന്യാസിയായ ഷാ വലിയുള്ളയുടെയും ഉദ്ബോധനങ്ങൾ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചു. ബിഹാറിലെ പട്നയായിരുന്നു ഇന്ത്യയിലെ വഹാബി പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രം. കൂടാതെബോംബെബംഗാൾയുപിഹൈദരാബാദ്മദ്രാസ് എന്നിവിടങ്ങളിൽ ഇതിന് മിഷനുകളുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്തോ - ഇസ്‌ലാമിക് സമൂഹത്തിൽ സാമൂഹിക - മത പരിഷ്കാരങ്ങൾക്കായുള്ള ശക്തമായ ഒരു പ്രസ്ഥാനമായിരുന്നു ഇത്. 1830 കളിൽ ശക്തിപ്രാപിച്ച് 1870 കളോടെ ഈ പ്രസ്ഥാനം അമർച്ച ചെയ്യപ്പെട്ടു. 1863ലെ Ambeyla War ലാണ് വഹാബി പ്രസ്ഥാനം അതിന്റെ പാരമ്യതയിലെത്തിയത്. എൽജിൻ പ്രഭു ഒന്നാമനാണ് വഹാബി പ്രസ്ഥാനത്തെ അമർച്ചചെയ്ത വൈസ്രോയി.

തത്വബോധിനി സഭ

1839ൽ ദേവേന്ദ്രനാഥ ടഗോർ ബംഗാളിൽ രൂപം നൽകിയ സംഘടനയാണ് തത്വ ബോധിനി സഭ. ബ്രഹ്മസമാജത്തിന്റെ തത്വങ്ങളിൽ നിന്നും ആശയങ്ങൾ ഉൾക്കൊണ്ടാണ് ദേവേന്ദ്രനാഥ ടഗോർ ഈ സംഘടന സ്ഥാപിച്ചത്. സഭയുടെ ആശയങ്ങൾ ബ്രഹ്മസമാജത്തിന്റെ ആശയങ്ങളുമായി ചേർന്നുനിൽകുന്നതാണ്. സ്ത്രീകളുടെ വിദ്യാഭ്യാസവും വിധവാ വിവാഹവും പ്രോത്സാഹിപ്പിക്കുകമദ്യ നിരോധനം നടപ്പിലാക്കുകബഹുഭാര്യാത്വം അവസാനിപ്പിക്കുക എന്നിവയൊക്കെ തത്വബോധിനി സഭയുടെ ലക്ഷ്യങ്ങളായിരുന്നു. 1840 ജൂണിൽ 'തത്വബോധിനിപാഠശാല സ്ഥാപിച്ചു. 1847 ഓഗസ്റ്റിൽ സഭയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി തത്വബോധിനി പത്രിക ആരംഭിച്ചു. അതിൽ ഉപനിഷത്തുകൾ പരിഭാഷ ചെയ്ത പ്രസിദ്ധീകരണം ആരംഭിച്ചു. 1849ൽ ഭാരതത്തിലെ പുരാതന മതഗ്രന്ഥങ്ങളിലെ ചിന്തകളുടെ സമാഹാരമായ 'ബ്രഹ്മധർമ്മംപ്രസിദ്ധീകരിച്ചു. അതിന് ശേഷം 'ബ്രഹ്മധർമ്മവ്യാഖ്യാനംഎന്ന കൃതി രചിച്ചു. 1859ൽ തത്വബോധിനിസഭ പിരിച്ചുവിട്ടു.

സെമീന്ദാരിസഭ

ദ്വാരകാനാഥ് ടാഗോറും അദ്ദേഹത്തിന്റെ സഹോദരൻ പ്രസന്നകുമാർ ടാഗോറും ചേർന്ന് 1839ൽ സ്ഥാപിച്ച സംഘടനയാണ് സെമീന്ദാരിസഭ.

മാനവ് ധർമ സഭ

ഗുജറാത്തിലെ സൂറത്തിൽ 1844ൽ അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ദുർഗാറാം മേത്തയുംദഡോബ പാണ്ഡുരംഗ് തർഖാട്കറും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച പ്രസ്ഥാനമാണ് മാനവ് ധർമ സഭ. നവീന ആശയങ്ങൾ മുന്നോട്ടുവച്ച മാനവ് ധർമ സഭ സത്യത്തെ മാത്രം വിശ്വസിക്കാൻ മതങ്ങളോട് ആഹ്വാനം ചെയ്‌തു. അന്ധവിശ്വാസങ്ങൾകൺകെട്ടുവിദ്യകൾ എന്നിവയെ എതിർത്തു. ശാസ്ത്രത്തിലെ യുക്തികളെ മാത്രം മാനവ് ധർമ സഭ അംഗീകരിച്ചു. എന്നാൽകുറച്ചുകാലമേ ഈ പ്രസ്ഥാനം നിലനിന്നുള്ളൂ.

നിരങ്കാരി പ്രസ്ഥാനം

സിഖുക്കാർക്കിടയിലെ ഒരു സാമൂഹിക നവീകരണ പ്രസ്ഥാനമായിരുന്നു നിരങ്കാരി പ്രസ്ഥാനം. 1851ൽ പഞ്ചാബിൽ ബാബാ ദയാൽ ദാസ് (1783 - 1855) തുടക്കമിട്ടതാണ് ഈ പ്രസ്ഥാനം. സിക്കുകാർക്കിടയിൽ മതനവീകരണമായിരുന്നു ഇതിന്റെ ലക്ഷ്യം. രൂപമില്ലാത്ത ഈശ്വരനിൽ വിശ്വസിക്കാൻ ആഹ്വാനം ചെയ്യുന്ന ഈ പ്രസ്ഥാനത്തിന്റെ പേരിന്റെ അർഥം തന്നെ 'അരൂപനായ' (നിരങ്കാരി) എന്നാണ്. ഗുരുനാനാക്കിന്റെ കാലത്ത് നിലനിന്നിരുന്ന സിഖുകാരുടെ ആചാരങ്ങളും വിശ്വാസങ്ങളും പുനഃസ്ഥാപിക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുഖ്യലക്ഷ്യം. സിഖ് സാമ്രാജ്യത്തിന്റെ അന്ത്യത്തിനുശേഷവും മഹാരാജ രഞ്ജിത് സിങ്ങിന്റെ ഭരണക്കാലത്തുമാണ് നിരങ്കാരി പ്രസ്ഥാനം ഉയർന്നുവന്നത്.

നംധാരി പ്രസ്ഥാനം

സിഖ് ആചാരങ്ങളെ അവയുടെ യഥാർഥ വിശുദ്ധിയിലേക്ക് പുനഃസ്ഥാപിക്കുന്നതിനും ബ്രിട്ടീഷ് സ്വാധീനത്തെ എതിർക്കുന്നതിനും ലക്ഷ്യമിട്ട് പഞ്ചാബിലെ ലുധിയാന ആസ്ഥാനമാക്കി പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സത്ഗുരു രാംസിങ് സ്ഥാപിച്ച ഒരു സിഖ് പരിഷ്കരണ പ്രസ്ഥാനമായിരുന്നു കുക്ക പ്രസ്ഥാനം. നാംധാരി പ്രസ്ഥാനം എന്നും ഇത് അറിയപ്പെട്ടു. 1841ൽ നടന്ന കുക പ്രസ്ഥാനത്തിലെ നേതാവായ ബാലക് സിങ്ങിന്റെ ശിഷ്യനായിരുന്നു ബാബാ രാംസിങ്. മതനവീകരണ വിഗ്രഹാരാധനയെ എതിർക്കുകയും പൗരോഹിത്യത്തെ വെറുക്കുകയും ചെയ്ത ഈ പ്രസ്ഥാനം സ്ത്രീധനംബാലവിവാഹം എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കുകയും ചെയ്‌തു. സിഖ് സാമ്രാജ്യത്തിന്റെ പതനത്തിനുശേഷവും മഹാരാജ രഞ്ജിത് സിങ്ങിന്റെ ഭരണത്തിനുശേഷവും സിഖ് വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും സിഖ് മതത്തെ അതിന്റെ മഹത്വത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയും നംധാരി പ്രസ്ഥാനം പ്രവർത്തിച്ചു.

പരമഹംസ മണ്ഡലി

1849ൽ മഹാരാഷ്ട്രയിൽ പരമഹംസ മണ്ഡലി സ്ഥാപിച്ചത് ദുർഗാറാം മേത്താജിദഡോബ പാണ്ഡുരംഗ് എന്നിവർ ചേർന്നാണ്. സ്ത്രീ വിദ്യാഭ്യാസത്തിനും വിധവാ പുനർവിവാഹത്തിനും വേണ്ടി വാദിക്കുക, വിഗ്രഹാരാധനയെ എതിർക്കുക, ജാതി വ്യവസ്ഥ നിർത്തലാക്കുക, ഏകദൈവ വിശ്വാസം പ്രചരിപ്പിക്കുക തുടങ്ങിയവയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങൾ.

മദ്രാസ് നേറ്റീവ് അസോസിയേഷൻ

ഇന്ത്യക്കാരുടെ അവകാശങ്ങൾ നേടിയെടുക്കാൻ മദ്രാസ് പ്രസിഡൻസിയിൽ ആരംഭിച്ച ആദ്യത്തെ സംഘടനയാണ് മദ്രാസ് നേറ്റീവ് അസോസിയേഷൻ. ഗസുലു ലക്ഷ്മിനരശു ചെട്ടിയാണ് 1852ൽ മദ്രാസ് നേറ്റീവ് അസോസിയേഷൻ സ്ഥാപിച്ചത്. വ്യവസായികളുടെയും വ്യക്തികളുടെയും സാമ്പത്തിക, കച്ചവട താൽപ്പര്യങ്ങൾ സംരക്ഷിക്കുക, അമിതമായ നികുതിയിൽ ഇളവ് വരുത്തുവാൻ ആവശ്യപ്പെടുക, യൂറോപ്യൻ മിഷണറിമാരുടെ പ്രവർത്തനങ്ങളെ വീക്ഷിക്കുക, തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ  നിയമപരമായി പോരാടുക തുടങ്ങിയവയാണ് മദ്രാസ് നേറ്റീവ് അസോസിയേഷന്റെ പ്രധാന ലക്ഷ്യങ്ങൾ.

സംഗത് സഭ

1859ൽ ബംഗാളിൽ കേശബ് ചന്ദ്ര സെന്നിന്റെ നേതൃത്വത്തിൽ രൂപം കൊടുത്ത സംഘടനയാണ് സംഗത് സഭ. തന്റെ ആശയത്തിൽ വിശ്വസിക്കുന്ന യുവാക്കളെ സംഘടിപ്പിച്ചാണ് അദ്ദേഹം 'സംഗത് സഭ'യ്ക്ക് രൂപം നൽകിയത്. സമൂഹത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയെ സഭ ശക്തമായി എതിർത്തു. ദൈവസൃഷ്ടിയിൽ എല്ലാ മനുഷ്യരും സമന്മാരാണെന്നും അതിനാൽ സമ്പത്തിന്റെയും ജാതിയുടെയും പേരിലുള്ള തരംതിരുവുകൾ പാടില്ലെന്നുമായിരുന്നു സഭയുടെ വാദം. ജാതി വ്യവസ്ഥസാമ്പത്തിക അസമത്വം എന്നിവയ്‌ക്കൊക്കെ എതിരായി പോരാടിയ അദ്ദേഹം സമത്വം എന്ന ആശയത്തിൽ ഉറച്ചുനിന്നു. എല്ലാ മേഖലയിലും തുല്യത വേണമെന്ന ആശയത്തിൽ ഊന്നിയായിരുന്നു സംഗത് സഭയുടെ പ്രവർത്തനങ്ങൾ. ആത്മീയവും സാമൂഹികവുമായ വിഷയങ്ങളിൽ സഭ സംവാദങ്ങളും സംഘടിപ്പിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഗത് സഭയുടെ ശാഖകൾ സ്ഥാപിതമായി.

സത്യമഹിമാ ധർമ പ്രസ്ഥാനം

ഒഡീഷയിൽ ആരംഭിച്ച പ്രസ്ഥാനമാണ് സത്യമഹിമാ ധർമ പ്രസ്ഥാനം. മഹിമ ഗോസൈൻ എന്നറിയപ്പെടുന്ന മുകുന്ദ് ദാസ്ഗോവിന്ദ ബാബയുടെയും ഭീമാ ഭോയിയുടെയും സഹായത്താൽ 1860-കളിലാണ് സത്യമഹിമാ ധർമ പ്രസ്ഥാനം സ്ഥാപിച്ചത്. മുകുന്ദ് ദാസുടെ സങ്കൽപ്പത്തിൽ ദൈവം ശാശ്വത ജീവിയാണ്അത് രൂപരഹിതവും വിവരണാതീതവുമാണ്. വൈഷ്ണവമതംവിഗ്രഹാരാധനബ്രാഹ്മണ പൗരോഹിത്യം എന്നിവയെ എതിർത്ത പ്രസ്ഥാനം സ്വന്തമായി ക്ഷേത്രങ്ങൾ നിർമിച്ചു. വൈഷ്ണവമതത്തെയും ജഗന്നാഥ ആരാധനയെയും മറ്റ് വിഗ്രഹ ദൈവങ്ങളെയും എതിർത്ത പ്രസ്ഥാനം ഏകദൈവാരാധനയിൽ വിശ്വസിച്ചു.

വേദ സമാജം

1864ൽ മദ്രാസ് സന്ദർശിച്ച കേശവചന്ദ്ര സെൻ വേദസമാജം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ആളുകളെ ബോധ്യപ്പെടുത്തുകയും തുടർന്ന് ശ്രീധരലു നയിഡു 1864ൽ മദ്രാസിൽ സ്ഥാപിച്ച സംഘടനയാണ് വേദ സമാജം. പിന്നീട്  ശ്രീധരലു നയിഡു കൽക്കട്ട സന്ദർശിക്കുകയും ബ്രഹ്മ സമാജത്തിന്റെ പ്രവർത്തനങ്ങൾ പഠിക്കുകയും തിരികെ മദ്രാസിലെത്തി 1871ൽ വേദ സമാജത്തെ ദക്ഷിണേന്ത്യയിലെ ബ്രഹ്മ സമാജം എന്ന് പുനർനാമകരണവും ചെയ്തു. സാമൂഹികവും മതപരവുമായ പരിഷ്‌കാരങ്ങൾ പ്രോത്സാഹിപ്പിക്കുകജാതി വ്യത്യാസങ്ങൾ ഇല്ലാതാക്കുകവിധവാ പുനർവിവാഹവും സ്ത്രീ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുകയാഥാസ്ഥിതിക ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങളെയും ആചാരങ്ങളെയും നിരുത്സാഹപ്പെടുത്തുകപരമദൈവത്തിലുള്ള വിശ്വാസം പ്രചരിപ്പിക്കുക തുടങ്ങിയവയായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങൾ. അദ്ദേഹം ബ്രഹ്മധർമ്മ ഗ്രന്ഥങ്ങൾ തമിഴിലേക്കും തെലുങ്കിലേക്കും വിവർത്തനം ചെയ്യുകയുംപുസ്തകത്തിന്റെ പ്രചാരണത്തിനായി മിഷനറി പര്യടനങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ 1874ൽ ശ്രീധരലു നയിഡുവിന്റെ മരണത്തെത്തുടർന്ന് സമാജത്തിനുള്ളിൽ നിരവധി ഭിന്നതകൾ ഉടലെടുത്തു.

ദിയോബന്ദ് പ്രസ്ഥാനം

ഖാസിം നാനോതവിയും മറ്റു ചിലരും ചേർന്ന് 1886ൽ ഉത്തർ പ്രദേശിലെ ദിയോബന്ദിൽ സ്ഥാപിച്ചതാണ് ദിയോബന്ദ് പ്രസ്ഥാനം. ഇസ്ലാം മത പരിഷ്‌കരണമായിരുന്നു ലക്ഷ്യം. ഇവരുടെ നേതൃത്വത്തിൽ ഉത്തരേന്ത്യയിൽ ധാരാളം മതപഠന സ്ഥാപനങ്ങൾ സ്ഥാപിക്കുകയുണ്ടായി. ഇത്തരം സ്‌കൂളുകളും കോളേജുകളും ആരംഭിക്കാൻ ഖാസിം നാനോതവിയുടെ സുഹൃത്തായ റാഷിദ് അഹമ്മദ് ഗംഗോഹി എന്ന മതപണ്ഡിതനാണ് മുഖ്യ നേതൃത്വം വഹിച്ചത്. പൊതുവേദിയോബന്ദികൾ സൂഫി ഭക്തി ആചാരങ്ങളുടെ കടുത്ത എതിരാളികളായിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ ധാർമികവും മതപരവുമായ പുനരുജ്ജീവനമായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യം. അലിഗഢ് പ്രസ്ഥാനം പ്രചരിപ്പിച്ച ചിന്തകളെ എതിർത്ത ഈ സംഘടന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപവത്കരണത്തെ സ്വാഗതം ചെയ്തു.

പ്രാർത്ഥനാ സമാജം

മഹാദേവ് ഗോവിന്ദ് റാനഡെആർ.ജി.ഭണ്ഡാർക്കർഎൻ.ചന്ദ്രവാർക്കർ എന്നിവർ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച സംഘടനയാണ് പ്രാർത്ഥനാ സമാജം. മഹാരാഷ്ട്രയിൽ സാംസ്‌കാരിക നവോത്ഥാനം ലക്ഷ്യമിട്ട് 1867 ൽ ഡോ ആത്മാറാം പാണ്ഡുരംഗ് രൂപീകരിച്ച പ്രസ്ഥാനമാണിത്. സാമൂഹ്യപരിഷ്‌കർത്താവ്വൈദ്യൻ എന്നീ നിലകളിലൊക്കെ തിളങ്ങിയ നേതാവായിരുന്നു ഡോ ആത്മാറാം പാണ്ഡുരംഗ്. ബോംബെ കേന്ദ്രീകരിച്ചായിരുന്നു പ്രാർത്ഥനാ സമാജത്തിന്റെ പ്രവർത്തനം. സ്ത്രീകളുടെയും പിന്നാക്കക്കാരുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച ഇവർ ജാതി വിവേചനം ഇല്ലാതാക്കൽസ്ത്രീകളുടെ ഉന്നമനംഏകദൈവ വിശ്വാസംമിശ്രവിവാഹംമിശ്രഭോജനംവിധവാ പുനർവിവാഹം എന്നിവയൊക്കെ പ്രോത്സാഹിപ്പിച്ചു. കൂടാതെ ശൈശവ വിവാഹംവിഗ്രഹാരാധന എന്നിവ നിർത്തലാക്കാൻ പ്രോത്സാഹിപ്പിച്ചു. ആധുനിക സംസ്കാരത്തിന്റേയും വിദ്യാഭ്യാസത്തിന്റെയും വെളിച്ചത്തിൽ ഹിന്ദുമത ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പരിഷ്കരിക്കുവാൻ ആരംഭിച്ച സംഘടനകൂടിയാണിത്. ധാർമിക ജീവിതത്തിനും ആത്മീയ പുരോഗതിക്കും ഊന്നൽ നൽകുന്നതും സമാജത്തിന്റെ തത്ത്വങ്ങളിൽ ഉൾപ്പെട്ടിരുന്നു. ബംഗാളിലെ ബ്രഹ്മസമാജവും മറ്റ് സാമൂഹിക മത പരിഷ്കരണ പ്രസ്ഥാനങ്ങളും ഈ സംഘടനയെ സ്വാധീനിച്ചു. പ്രാർത്ഥനാ സമാജത്തെ ദക്ഷിണേന്ത്യയിൽ ജനകീയമാക്കിയത് ആന്ധ്രയിലെ വീരേശലിംഗമാണ്.

പൂന സാർവജനിക് സഭ

1870 ഏപ്രിൽ രണ്ടിന് മഹാദേവ ഗോവിന്ദ് റാനഡെ സ്ഥാപിച്ചതാണ് പൂന സാർവജനിക് സഭ. സർക്കാരിൽ നിന്നും ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുക എന്നതാണ് പൂന സാർവജനിക് സഭയുടെ ലക്ഷ്യം. ജനങ്ങളുടെ പ്രശ്‌നങ്ങൾ സർക്കാരിൽ എത്തിക്കുവാൻ സഭ ഒരു ത്രൈമാസിക പ്രസിദ്ധീകരിച്ചിരുന്നു. ബാലഗംഗാധര തിലക്മീരാ പവഗി തുടങ്ങിയവർ സഭയുടെ പ്രവർത്തകരായിയുന്നു.

സിങ് സഭ പ്രസ്ഥാനം

1873ൽ പഞ്ചാബിലെ അമൃത്സറിൽ പിറവിയെടുത്തതാണ് സിങ് സഭ. പഞ്ചാബിൽ പിന്നീടുണ്ടായ അകാലി പ്രസ്ഥാനത്തിന്റെ പിറവിക്കു പിന്നിൽ സിങ് സഭയുടെ സ്വാധീനമുണ്ടായിരുന്നു. സിഖ് മതത്തിന്റെ നവീകരണത്തിനായി ആധുനിക വിദ്യാഭ്യാസത്തിനും പാശ്ചാത്യ ചിന്തകൾക്കും പ്രാമുഖ്യം നൽകണമെന്ന ആശയം സിങ് സഭ മുന്നോട്ടുവച്ചു. പഞ്ചാബിൽ ഹിന്ദു പ്രസ്ഥാനങ്ങളായ ബ്രഹ്മ സമാജത്തിന്റെയും ആര്യ സമാജത്തിന്റെയും ക്രിസ്ത്യൻ മിഷനറിമാരുടെയും മുസ്‌ലിം പ്രസ്ഥാനങ്ങളുടെയും പ്രവർത്തനങ്ങളെ ചെറുക്കുക എന്നതായിരുന്നു സിങ് സഭയുടെ ലക്ഷ്യം. സിഖ് മതത്തിന്റെ മുൻ മഹത്വം പുനഃസ്ഥാപിച്ച് മറ്റു മതങ്ങളിലേയ്ക്കുള്ള സിഖുകാരുടെ മതപരിവർത്തനം തടയുക എന്നതായിരുന്നു സിങ് സഭയുടെ മറ്റൊരു ലക്ഷ്യം.

ആര്യസമാജം

ദയാനന്ദ സരസ്വതിയാണ് ആര്യസമാജം സ്ഥാപിച്ചത്. മുംബൈ നഗരത്തിലാണ് ആര്യസമാജം 1875 ഏപ്രിൽ പത്തിന് ഔപചാരികമായി രജിസ്റ്റർ ചെയ്തത്. ലോകത്തെ മഹത്ത്വപൂർണമാക്കുക എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ആര്യസമാജത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്നത് ദയാനന്ദ സരസ്വതി രചിച്ച സത്യാർഥ പ്രകാശമാണ്. ഹിന്ദുക്കളുടെ ആദ്യകാല ഗ്രന്ഥങ്ങളായ വേദങ്ങൾ പുനഃസ്ഥാപിക്കുകമനുഷ്യരാശിയുടെ ഭൗതികവും ആത്മീയവും സാമൂഹികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി പരിശ്രമിക്കുകഇന്ത്യയിൽ പൗരാവകാശ പ്രസ്ഥാനങ്ങൾ വളർത്തുക തുടങ്ങിയവയായിരുന്നു സംഘടനയുടെ ലക്ഷ്യങ്ങൾ. ഹിന്ദുമതത്തിൽ മതപരിവർത്തനം അവതരിപ്പിച്ച ആദ്യത്തെ ഹിന്ദു സംഘടനയാണ് ആര്യസമാജം. ഹിന്ദുക്കളെ അവരുടെ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ശുദ്ധി പ്രസ്ഥാനം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ചത് ആര്യസമാജത്തിന്റെ ആഭിമുഖ്യത്തിലാണ്. പാശ്ചാത്യ സമ്പ്രദായങ്ങളിൽനിന്നു മാറി സ്വദേശി സാംസ്‌കാരിക മൂല്യങ്ങളിൽ അടിയുറച്ചുനിൽക്കാൻ ആര്യസമാജം ആളുകളെ പ്രേരിപ്പിച്ചു. ഇതിന് വേദങ്ങളുടെ ആശയങ്ങൾ അടിസ്ഥാനമാവണം. ജാതീയമായ ചേരിതിരിവില്ലാതെ ഓരോരുത്തരുടെയും കഴിവും പ്രാപ്‌തിയും ആവണം എല്ലാറ്റിനും അളവുകോൽ എന്ന് ദയാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ഇതുവഴി ജാതിവ്യവസ്ഥയെ ശുദ്ധീകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഉത്തർപ്രദേശിലും പഞ്ചാബിലും രാജസ്ഥാനിലുമെല്ലാം മാറ്റങ്ങളുണ്ടാക്കാൻ ആര്യസമാജത്തിന് കഴിഞ്ഞു. ഇന്ന് ഇന്ത്യയ്ക്കു പുറത്ത് പല രാജ്യങ്ങളിലും ഈ സമാജം ശക്തമാണ്.

തിയോസഫിക്കൽ സൊസൈറ്റി

വ്യത്യസ്ത പാരമ്പര്യങ്ങളുടെ ജ്ഞാനത്തെക്കുറിച്ചുള്ള ഐക്യവും ധാരണയും പ്രോത്സാഹിപ്പിക്കുന്ന ഒരു സാമൂഹിക - മത സംഘടന എന്ന നിലയിൽ ഹെലീന പെട്രോവ്ന ബ്ലാവട്സ്‌കിഹെൻറി സ്റ്റീൽ ഓൾക്കോട്ട്വില്യം ക്വാൻ ജഡ്ജ് എന്നിവർ ചേർന്ന് 1875ൽ ന്യൂയോർക്ക് സിറ്റിയിലാണ് തിയോസഫിക്കൽ സൊസൈറ്റി (ബ്രഹ്മവിദ്യാ സംഘം) സ്ഥാപിച്ചത്. ഏതാനും വർഷങ്ങൾക്കുശേഷം ഓൾക്കോട്ടും ബ്ലാവട്സ്‌കിയും ഇന്ത്യയിലേക്ക് താമസം മാറിമദ്രാസിലെ (ഇപ്പോൾ ചെന്നൈ) അഡയാറിൽ അന്താരാഷ്ട്ര ആസ്ഥാനം സ്ഥാപിച്ചു. ഹെലീന ബ്ലാവട്സ്‌കിയുടെ മരണശേഷം (1891), സൊസൈറ്റിക്കുള്ളിലെ സ്ഥാപകാംഗങ്ങൾക്കിടയിൽ മത്സരം ഉയർന്നുവന്നു. സംഘടന തിയോസഫിക്കൽ സൊസൈറ്റി pasadena എന്നും പിളർന്നു. ഹൈന്ദവ നവോത്ഥാനത്തിൽ അതിപ്രധാനമായൊരു പങ്കുവഹിച്ച തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായിരുന്ന ആനി ബസന്റ് ഇന്ത്യയിൽ ഈ പ്രസ്ഥാനത്തിന്റെ സ്വാധീനം വർധിപ്പിക്കുന്നതിൽ മുഖ്യമായ ഒരു സംഭാവന അർപ്പിച്ചു. പിന്നീട് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയായി മാറിയ സെൻട്രൽ ഹിന്ദു സ്കൂൾ സ്ഥാപിക്കാൻ (1898) അവർ സഹായിച്ചു. തിയോസഫിക്കൽ സൊസൈറ്റിയുടെ ശാഖകൾ ഇന്ത്യയിലുടനീളം സ്ഥാപിച്ചു. അതിന്റെ പ്രസിദ്ധീകരണമായ തിയോസഫിസ്റ്റിന് വിപുലമായ പ്രചാരം ലഭിച്ചു. തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യക്കാരനാണ് സി.ജിനരാജദാസ. വംശംമതംലിംഗംജാതിവർണം എന്നിവയ്ക്കതീതമായ ഒരു സാർവത്രിക സാഹോദര്യം രൂപപ്പെടുത്തുന്നതിന് പരിശ്രമിച്ച തിയോസഫിക്കൽ സൊസൈറ്റി താരതമ്യ മതംതത്ത്വചിന്തശാസ്ത്രം എന്നിവയുടെ പഠനത്തെയും പ്രകൃതിയുടെ വിശദീകരിക്കാനാകാത്ത നിയമങ്ങളെയും മനുഷ്യനിൽ ഒളിഞ്ഞിരിക്കുന്ന ശക്തികളെയും കുറിച്ചുള്ള അന്വേഷണങ്ങളെയും പ്രോത്സാഹിപ്പിച്ചു.

ഇന്ത്യൻ അസോസിയേഷൻ

അഖിലേന്ത്യാ സ്വഭാവമുള്ള ആദ്യത്തെ രാഷ്ട്രീയ സംഘടനയായ 'ഇന്ത്യൻ അസോസിയേഷൻ', സുരേന്ദ്രനാഥ് ബാനർജിആനന്ദ മോഹൻ ബോസ് എന്നിവർ ചേർന്ന് 1876 ലാണ് രൂപവത്കരിച്ചത്. ഇന്ത്യൻ നാഷണൽ അസോസിയേഷൻ എന്നും ഇന്ത്യൻ അസോസിയേഷൻ അറിയപ്പെട്ടു. ദീനബന്ധു മിത്ര രചിച്ച 'നീൽദർപ്പണി'ൽ ചിത്രീകരിച്ച കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തത് ഇന്ത്യൻ അസോസിയേഷൻ ആയിരുന്നു.

മുഹമ്മദൻ ലിറ്റററി സൊസൈറ്റി

കൊൽക്കത്തയിൽ 1863ൽ അബ്ദുൽ ലത്തീഫാണ് മുഹമ്മദൻ ലിറ്റററി സൊസൈറ്റി സ്ഥാപിച്ചത്. വിദ്യാഭ്യാസംസാമൂഹികരാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചമുസ്‌ലിം യുവാക്കൾക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ ഉപയോഗം എന്നിവ ഈ പ്രസ്ഥാനം പ്രോത്സാഹിപ്പിച്ചു. ബഹുഭാര്യത്വംപോലുള്ള സാമൂഹിക ആചാരങ്ങൾ ഇല്ലാതാക്കുന്നതിനും ഇത് ലക്ഷ്യമിട്ടു. ശാസ്ത്രംകലജീവിത പ്രശ്നങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കായി സൊസൈറ്റി യോഗങ്ങൾ സംഘടിപ്പിച്ചു. ബംഗാൾ ലെഫ്റ്റനന്റ് ഗവർണറെ സൊസൈറ്റിയുടെ രക്ഷാധികാരിയാക്കി.

അലിഗഢ് പ്രസ്ഥാനം                                           

ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക്‌ ആധുനിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രൂപംകൊണ്ട സാമൂഹിക വിദ്യാഭ്യാസ പരിഷ്‌കരണ പ്രസ്ഥാനമാണ്‌ അലിഗഡ്‌ പ്രസ്ഥാനം. സര്‍ സെയ്ദ്‌ അഹ്മദ്‌ ഖാന്‍ ആണ്‌ അലിഗഡ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. 1875ൽ മുഹമ്മദൻ ആംഗ്ലോ - ഓറിയന്റൽ കോളേജ് സ്ഥാപിതമായ അലിഗഢ് നഗരത്തിൽനിന്നാണ് ഈ പ്രസ്ഥാനത്തിന്റെ പേരിന്റെ ഉദ്ഭവം. പാശ്ചാത്യശൈലിയിലുള്ള ശാസ്ത്രീയ വിദ്യാഭ്യാസം മുസ്‌ലിങ്ങൾക്ക് പകരുന്നതിനായി ഒരു ആധുനിക സംവിധാനം ആവിഷ്കരിക്കുകഹിന്ദു-മുസ്‌ലിം ഐക്യംമുസ്‌ലിം വിഭാഗത്തിലെ ആളുകളുടെ ഇംഗ്ലിഷ്‌ വിദ്യാഭ്യാസംഇന്ത്യന്‍ ദേശീയതമുസ്‌ലിം സ്ത്രീ വിമോചനംസ്ത്രീവിദ്യാഭ്യാസംവിധവാ പുനർവിവാഹംബഹുഭാര്യത്വം അവസാനിപ്പിക്കൽ എന്നിവയുൾപ്പെടെ മുസ്‌ലിങ്ങളുടെ സാമൂഹിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക മുതലായവയായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ. മുസ്‌ലിം നവോത്ഥാനത്തിന് അടിത്തറ പാകാൻ ഈ പ്രസ്ഥാനം സഹായിച്ചു.

സത്യശോധക് സമാജം

സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി ജ്യോതിറാവു ഗോവിന്ദറാവു ഫുലെ സ്ഥാപിച്ച നവീകരണ പ്രസ്ഥാനമാണ്‌ സത്യശോധക് സമാജം. ജാതി മുൻവിധിയെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിനും ഉയർന്ന ജാതിക്കാർ സൃഷ്‌ടിച്ച കളങ്കങ്ങളിൽ നിന്ന് താഴ്ന്നവരായി കണക്കാക്കിയ ജാതിക്കാരെ മോചിപ്പിക്കുന്നതിനുമായി പുണെയിൽ 1873ൽ ജ്യോതി റാവു ഫുലെ സ്ഥാപിച്ച പ്രസ്ഥാനമാണിത്. ജാതിയും വർഗവും പരിഗണിക്കാതെ എല്ലാവർക്കും സമാജത്തിൽ അംഗത്വം നൽകിയിരുന്നു. ഉയർന്ന ജാതിക്കാർ താഴ്ന്ന ജാതിക്കാരും തൊട്ടുകൂടാത്തവരുമായി കരുതുന്ന എല്ലാ ആളുകളെയും സൂചിപ്പിക്കാൻ ജ്യോതിബയാണ് 'ദളിത്എന്ന പദം ആദ്യമായി ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്നു. സംഘടനയുടെ വനിതാ വിഭാഗത്തിനു വേണ്ടി സാമൂഹിക പ്രവർത്തനങ്ങൾക്ക് ജ്യോതിറാവുവിന്റെ ഭാര്യ സാവിത്രിബായി ഫുലെ നേതൃത്വം നൽകി. പൗരാവകാശങ്ങൾക്കായി പോരാടുകബ്രാഹ്മണ മേധാവിത്വത്തെ തള്ളിക്കളയുക എന്നിവയൊക്കെയായിരുന്നു ഇതിന്റെ മുദ്രാവാക്യങ്ങള്‍. മതപരമായ ചടങ്ങുകള്‍ക്ക്‌ ബ്രാഹ്മണ പുരോഹിത്വം ആവശ്യമില്ലെന്ന്‌ ഇവർ തെളിയിച്ചു. സാർവജനിക് സത്യധർമപുസ്തകംഗുലാംഗിരി എന്നീ ഗ്രന്ഥങ്ങളിലൂടെ ബ്രഹ്മണ്യത്തെ വിമർശിച്ചു. സത്യശോധക് സമാജിന്റെ നേതാക്കൾ 1930ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.

മദ്രാസ് മഹാജന സഭ

1884ൽ മദ്രാസ് പ്രവിശ്യയിൽ എം.വീരരാഘവാചാര്യർ രൂപം കൊടുത്ത സംഘടനയാണ് മദ്രാസ് മഹാജന സഭ. ജി.സുബ്രഹ്മണ്യ അയ്യർപി.അനന്ദചാർലുഎസ്.രാമസ്വാമി മുതലിയാർ തുടങ്ങിയവരാണ് മറ്റ് സ്ഥാപക നേതാക്കൾ.  മദ്രാസ് മഹാജന സഭയുടെ ആദ്യ സമ്മേളനം നടന്നത് 1884 ഡിസംബർ 29 മുതൽ 1885 ജനുവരി 2 വരെയാണ്. മദ്രാസ് മഹാജന സഭ വർഷങ്ങളോളം ഒരു പ്രധാന സാമൂഹിക നവീകരണ പ്രസ്ഥാനമായി തുടർന്നു.

രഹ്നുമൈ മസ്ദയാസൻ സഭ

പാഴ്‌സി പരിഷ്കരണ പ്രസ്ഥാനമായ രഹ്നുമൈ മസ്ദയാസൻ സഭ സ്ഥാപിച്ചത് നവറോജി ഫുർദോൻജിദാദാഭായ് നവറോജിഎസ്.എസ്.ബംഗാളി എന്നിവർ ചേർന്നാണ്. ബോംബയിൽ സ്ഥാപിതമായ 'രഹ്നുമൈ മസ്ദയാസൻ സഭപാഴ്‌സി മതത്തിന്റെ ഉന്നമനത്തിനായാണ് പ്രവർത്തിച്ചത്.

ഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റി

1884ൽ പൂനെയിൽ ജസ്റ്റിസ്  മഹാദേവ് ഗോവിന്ദ് റാനഡെവിഷ്ണുശാസ്ത്രി ചിപ്ലൂങ്കർജി.ജി.അഗാർക്കർബാല ഗംഗാധർ തിലക് തുടങ്ങിയവർ ചേർന്ന് സ്ഥാപിച്ച വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റി. 1880-ൽ പൂനെയിൽ ന്യൂ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചുകൊണ്ട് വിദ്യാഭ്യാസ നിലവാരത്തിന് പ്രശസ്തി നേടി. ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിക്കാൻ പ്രേരണയായത്. പാശ്ചാത്യ ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രവർത്തനത്തിന് സംഭാവന നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് ഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റി. സർക്കാർ സ്ഥാപനങ്ങളും ക്രിസ്ത്യൻ മിഷനറിമാരുമായിരുന്നു അതുവരെ പൊതുവിദ്യാഭ്യാസത്തിൽ ഏർപ്പെട്ടിരുന്നത്. വിദ്യാർത്ഥികൾക്ക് ആധുനിക വിദ്യാഭ്യാസം നൽകി സാമൂഹിക പരിവർത്തനം കൊണ്ടുവരിക എന്നതായിരുന്നു ഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റിയുടെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്പരമ്പരാഗതവും ആധുനികവുമായ ആശയങ്ങളുടെ സമ്മിശ്രതോടെ വിദ്യാഭ്യാസം നൽകുന്നതിൽ ഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റി പ്രത്യേക ശ്രദ്ധചെലുത്തി. 1885ൽ പൂനെയിൽ ഫെർഗുസ്സൺ കോളേജ് ആരംഭിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ച സൊസൈറ്റി നിലവിൽ 45 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ്.

ദേവ സമാജം

1887 ഫെബ്രുവരി 16ന് ലാഹോറിൽ പണ്ഡിറ്റ് ശിവ് നാരായൺ അഗ്നിഹോത്രി രൂപം നൽകിയ മതപരവും സാമൂഹികവുമായ ഒരു പരിഷ്കരണ പ്രസ്ഥാനമാണ് ദേവ സമാജം. അതിന് മുമ്പ് അദ്ദേഹം ബ്രഹ്മ സമാജത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ദേവസമാജം സമകാലിക ഹിന്ദുമതത്തെ നിരാകരിച്ചു. അതിന്റെ ആചാരങ്ങളും ദേവതകളും യഥാർഥ 'ഗുരു'വായ ദേവ് ഭഗവാൻ ആത്മയെ ആരാധിക്കുന്നതിലൂടെ മാറ്റിസ്ഥാപിക്കപ്പെട്ടു. ജനങ്ങളിൽ വിദ്വേഷംസ്വാർഥത തുടങ്ങിയ ദുർഗുണങ്ങളെ ഇല്ലാതാക്കാനും കരുണകൃതജ്ഞതഭക്തി തുടങ്ങിയ നിസ്വാർഥവികാരങ്ങൾ വളർത്തിയെടുക്കാനും പരിശ്രമിക്കുക എന്നതായിരുന്നു ദേവസമാജത്തിന്റെ ലക്ഷ്യം. ദേവസമാജത്തിന്റെ ഉദ്ബോധനങ്ങളടങ്ങിയ പുസ്തകമാണ് ദേവശാസ്ത്ര. ദേവ സമാജം ജാതീയതയ്‌ക്കെതിരായിരുന്നു. ശൈശവ വിവാഹമെന്ന അനാചാരത്തെ ദേവ സമാജം എതിർത്തു. മിശ്രഭോജനംമിശ്ര വിവാഹംവിധവാ പുനർ വിവാഹംസ്ത്രീ വിദ്യാഭ്യാസം എന്നിവയെ സംഘടന പ്രോത്സാഹിപ്പിച്ചു. പരിഷ്‌കൃത ആശയങ്ങൾ ഉൾക്കൊണ്ട ശിവനാരായൺ അഗ്നിഹോത്രി ഒരു വിധവയെ വിവാഹം ചെയ്‌ത്‌ മാതൃക കാട്ടുകയും ചെയ്‌തു.

ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസ്

1887ൽ മഹാദേവ് ഗോവിന്ദ് റാനഡെയും രഘുനാഥ് റാവുവും ചേർന്ന് സ്ഥാപിച്ചതാണ് ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സാമൂഹ്യ പരിഷ്കരണ വിഭാഗമായാണ് ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസ് പ്രവർത്തിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വർഷം തോറുമുള്ള സമ്മേളനങ്ങളുടെ അതെ വേദിയിൽ തന്നെ ഇന്ത്യൻ നാഷണൽ സോഷ്യൽ കോൺഫറൻസിന്റെ പ്രവർത്തകർ പങ്കെടുക്കുകയും സാമൂഹിക പരിഷ്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. 1895ൽ ലക്‌നൗവിൽ നടന്ന സോഷ്യൽ കോൺഫറൻസ് സമ്മേളനത്തിൽ എം.ജി.റാനഡെ നടത്തിയ പ്രസംഗം ഏറെ പ്രസിദ്ധമാണ്. കോൺഫറൻസ് മിശ്ര വിവാഹങ്ങളെ പ്രോൽസാഹിപ്പിക്കുകയും കുലിനിസത്തെയും ബഹുഭാര്യത്വത്തെയും എതിർക്കുകയും ചെയ്തു.

അഹമ്മദീയ പ്രസ്ഥാനം

1889ൽ മിർസ ഗുലാം അഹമ്മദ് സ്ഥാപിച്ചതാണ് അഹമ്മദീയ പ്രസ്ഥാനം. ജനങ്ങൾക്കിടയിൽ ബ്രഹ്മ സമാജവും ക്രിസ്ത്യൻ മിഷനറിമാരും നടത്തുന്ന പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങളെ മുസ്‌ലിമുകൾക്ക് വേണ്ടി ചെറുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതാണ് അഹമ്മദീയ പ്രസ്ഥാനം. പാശ്ചാത്യ ലിബറലിസംദൈവശാസ്ത്രംഹിന്ദുക്കളുടെ മത-നവീകരണ പ്രസ്ഥാനങ്ങൾ എന്നിവ ഗുലാം അഹമ്മദിനെ വളരെയധികം സ്വാധീനിച്ചു. സൂഫിക്യാഥാസ്ഥിതിക ഇസ്‌ലാമികഹിന്ദുക്രിസ്ത്യൻ ഘടകങ്ങൾ അഹമ്മദീയ പ്രസ്ഥാനത്തിൽ സംയോജിച്ചിരുന്നു. സമാധാനംസഹിഷ്ണുതസ്നേഹം എന്നിവയ്ക്ക് ഊന്നൽ നൽകി ഇസ്‌ലാമിനെ പുനരുജ്ജീവിപ്പിക്കുകമനുഷ്യരാശിയുടെ ക്ഷേമത്തിനായി വാദിക്കുകയും ഇസ്‌ലാം മതത്തിന്റെ പാഠങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യം. അഹമ്മദീയ പ്രസ്ഥാനത്തിന്റെ തത്വങ്ങൾ ബ്രഹ്മസമാജത്തിനു സമാനമാണ്. എല്ലാ മനുഷ്യരാശിയുടെയും സാർവത്രിക മതം എന്ന തത്വമാണ് അഹമ്മദീയ പ്രസ്ഥാനം മുന്നോട്ടുവെച്ചത്. സാർവത്രിക സഹോദര്യത്തിനാണ് പ്രസ്ഥാനം ഊന്നൽ നൽകിയത്. ഈ പ്രസ്ഥാനം ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിൽ പാശ്ചാത്യ ലിബറൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും അതിനായി സ്കൂളുകളുടെയും കോളേജുകളുടെയും ഒരു ശൃംഖല ആരംഭിക്കുകയും ചെയ്തു.

രാമകൃഷ്ണ മിഷൻ

ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനായിരുന്ന സ്വാമി വിവേകാനന്ദൻ 1897 മെയ് ഒന്നിന് കൊൽക്കത്തയിലെ ബേലൂരിൽ സ്ഥാപിച്ചതാണ് രാമകൃഷ്ണ മിഷൻ. 'ആത്മനോ മോക്ഷാർഥം ജഗത്ഹിതായച' (സ്വന്തം മോചനത്തിനും ലോകത്തിന്റെ ക്ഷേമത്തിനും വേണ്ടി) എന്നാണ് രാമകൃഷ്ണമിഷന്റെ ആപ്തവാക്യം. വേദാന്തത്തിന്റെ പ്രചരണത്തിനായി ആരംഭിച്ച ഈ സംഘടന ആത്മീയ അധ്യാപനത്തിനുപുറമെ സേവനപ്രവർത്തനങ്ങൾക്കും പ്രാമുഖ്യം നൽകുന്നു. വ്യക്തിയെ മോക്ഷത്തിലേക്കു നയിക്കുകയും അതിലൂടെ ലോകനന്മയുമാണ് മിഷന്റെ പ്രഖ്യാപിത നയം. മനുഷ്യസേവയാവണം സന്യാസത്തിലൂടെ ലക്ഷ്യം വയ്‌ക്കേണ്ടതെന്നും മനുഷ്യനെ സേവിക്കുന്നതാണ് ഈശ്വര സേവ എന്നും രാമകൃഷ്ണ മിഷൻ ഉദ്ബോധിപ്പിക്കുന്നു. സ്വാമി വിവേകാനന്ദന്റെ പ്രമുഖ ശിഷ്യയായ അയർലൻഡുകാരി മാർഗരറ്റ് നോബിൾ എന്ന സിസ്റ്റർ നിവേദിതരാമകൃഷ്ണ മിഷന്റെ പ്രധാന വക്താവായിരുന്നു. സാമൂഹിക ആരോഗ്യ പരിപാലന പരിപാടിദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസംശ്രീരാമകൃഷ്ണ പരമഹംസർ ഉപദേശിച്ച ആശയങ്ങൾ പ്രചരിപ്പിക്കൽഎല്ലാ മതങ്ങളും സമമാണെന്ന ധാരണ പ്രോത്സാഹിപ്പിച്ച് വിവിധ മതാനുയായികളിൽ ഐക്യമുണ്ടാക്കുകഎല്ലാവർക്കും വിദ്യാഭ്യാസം നൽകുകശില്പവേലയും കൈത്തൊഴിലുകളും പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു രാമകൃഷ്ണമിഷന്റെ ലക്ഷ്യങ്ങൾ.

സെർവന്റ്സ് ഓഫ്‌ ഇന്ത്യാ സൊസൈറ്റി

1905ൽ മഹാരാഷ്ട്രയിലെ പൂനെയിൽ ഗോപാലകൃഷ്‌ണ ഗോഖലെ സ്ഥാപിച്ചതാണ് സെർവന്റ്സ് ഓഫ്‌ ഇന്ത്യാ സൊസൈറ്റി. സാമൂഹിക സേവനത്തിനും പരിഷ്‌കരണത്തിനുമായി ഒരു സമർപ്പിത ആളുകളുടെ ഒരു കൂട്ടം സൃഷ്ടിക്കുവാനാണ് സംഘടന ശ്രമിച്ചത്. വിദ്യാഭ്യാസംശുചിത്വംആരാഗ്യ സംരക്ഷണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുകയായിരുന്നു സെർവന്റ്സ് ഓഫ്‌ ഇന്ത്യാ സൊസൈറ്റിയുടെ പ്രധാന ലക്ഷ്യം. തൊട്ടുകൂടായ്മവിവേചനംമദ്യപാനംദാരിദ്ര്യംസ്ത്രീപീഡനംഗാർഹിക പീഡനം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ പോരാടുക എന്നതായിരുന്നു സൊസൈറ്റിയുടെ മറ്റ് ലക്ഷ്യങ്ങൾ. സംഘടനയുടെ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുവാൻ 1911 മുതൽ ഹിതവാദ എന്ന പത്രം പ്രസിദ്ധീകരിച്ചു. നിലവിൽ പൂനെയിലാണ് സംഘടനയുടെ ആസ്ഥാനം സ്ഥിചെയ്യുന്നത്. പട്ടിണി നിവാരണംസംഘാടനംസഹകരണ സംഘങ്ങൾആദിവാസികളുടെയും വിഷാദരോഗികളുടെയും ഉന്നമനത്തിനുമായി സംഘടന പ്രശംസനീയമായ പ്രവർത്തനങ്ങളാണ് നടത്തിയത്.

സ്വദേശി ബാന്ധവ് സമിതി

ബംഗാൾ വിഭജനത്തിന് ശേഷം 1905 ഓഗസ്റ്റ് ആറിന് അശ്വിനി കുമാർ ദത്ത സ്ഥാപിച്ച സംഘടനയാണ് സ്വദേശി ബാന്ധവ് സമിതി. ഇന്നത്തെ ബംഗ്ലാദേശിലെ ബാരിസാൽ ജില്ലയിലാണ് സ്വദേശി ബാന്ധവ് സമിതി രൂപംകൊണ്ടത്. തദ്ദേശീയ ഉൽപ്പന്നങ്ങളുടെ ഉപഭോഗം വർദ്ധിപ്പിച്ച് വിദേശ വസ്‌തുക്കൾ ബഹിഷ്‌കരിക്കുക എന്നതായിരുന്നു സമിതിയുടെ പ്രധാന ലക്ഷ്യം. സ്വദേശി ബാന്ധവ് സമിതി നിരവധി സ്വദേശി ഉത്പന്ന നിർമാണശാലകൾ ആരംഭിച്ചു.

ഹിതകാരിണി സമാജം

ആധുനിക ആന്ധ്രയുടെ പിതാവെന്നറിയപ്പെടുന്ന വീരേശലിംഗം പന്തുലു സ്ഥാപിച്ച സംഘടനയാണ് ഹിതകാരിണി സമാജം. അദ്ദേഹമാണ് ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത്. തെലുങ്ക് സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന സാമൂഹിക പരിഷ്കർത്താവായിരുന്നു അദ്ദേഹം. സാമൂഹിക സേവനം ലക്ഷ്യമാക്കിയാണ് അദ്ദേഹം 1906 ഡിസംബർ 12ന് ഹിതകാരിണി സമാജം സ്ഥാപിച്ചത്. വിധവാ പുനർവിവാഹം പ്രോത്സാഹിപ്പിക്കാനായി അദ്ദേഹം പരിശ്രമിച്ചു. സ്വന്തം വീട്ടിൽ വച്ചുപോലും അദ്ദേഹം വിധവാ വിവാഹം സംഘടിപ്പിച്ചു.  ഹിതകാരിണി സമാജത്തിന് തന്റെ സകല ഭൂസ്വത്തും പണവും പുസ്തകങ്ങളുടെ പകർപ്പവകാശവും എല്ലാം ദാനം നൽകുകയും ചെയ്തു.

ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ്

ഗജേന്ദ്രനാഥ ടാഗോറും അബനീന്ദ്രനാഥ ടാഗോറും ചേർന്ന് 1907ൽ സ്ഥാപിച്ച സംഘടനയാണ് ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സ്.

സോഷ്യൽ സർവ്വീസ് ലീഗ്

1911ൽ സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മുൻനിര പ്രവർത്തകനായ എൻ.എം.ജോഷി ബോംബയിൽ സ്ഥാപിച്ചതാണ് സോഷ്യൽ സർവ്വീസ് ലീഗ്. സാമൂഹിക സേവനങ്ങളിൽ നിന്ന് ഉയരുന്ന ചോദ്യങ്ങളിൽ ജനങ്ങളുടെ അഭിപ്രായം  ശേഖരിക്കുകയും പഠിക്കുകയും സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയുമാണ് സോഷ്യൽ സർവ്വീസ് ലീഗിന്റെ പ്രധാന പ്രവർത്തനം. ഈ പ്രവർത്തങ്ങളിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംഘടന പ്രവർത്തിച്ചത്. സോഷ്യൽ സർവ്വീസ് ലീഗ് നിരവധി ഡേ ആൻഡ് നൈറ്റ് സ്കൂളുകൾഗ്രന്ഥശാലകൾഡിസ്പെൻസറികൾ എന്നിവ തുറക്കുകയും ആൺകുട്ടികളുടെ ക്ലബ്ബുകളും സ്കൗട്ട് കോർപ്പുകളും ആരംഭിക്കുകയും ചെയ്തു.

ഹിന്ദു മഹാസഭ

1907ൽ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ സ്ഥാപിച്ച സംഘടനയാണ് ഹിന്ദു മഹാസഭ. ഉത്തരേന്ത്യയിൽ ഒതുങ്ങിനിന്ന ഒരു ഹിന്ദുപാർട്ടിയായിരുന്നു ഹിന്ദു മഹാസഭ. ജാതിയുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഭിന്നതകൾ മറികടന്നുകൊണ്ട് ഹൈന്ദവ സമൂഹത്തെ ഏകീകരിക്കുകയായിരുന്നു സഭയുടെ ലക്ഷ്യം. എന്നാൽ ഇന്ത്യ ഒട്ടാകെ ഹിന്ദുമഹാസഭയുടെ പ്രവർത്തനം വ്യാപിപ്പിച്ചത് 1915ലാണ്. 1915ൽ ഹരിദ്വാറിൽ ഹിന്ദു മഹാസഭയുടെ ആദ്യ സമ്മേളനം നടന്നു. മറ്റ് ഹിന്ദു സംഘടനകളോടൊപ്പവും ആര്യ സമാജത്തിനോടൊപ്പവും ചേർന്നാണ് ഹിന്ദു മഹാസഭ പ്രവർത്തിച്ചത്. പ്രയാഗ ഹിന്ദു സമാജ് (1880), ഭാരത് ധർമ്മ മണ്ഡൽ (1887), ഗംഗാ മഹാസഭ (1905), സനാതന ധർമ്മ മഹാസഭ (1906), പ്രയാഗ സേവ സമിതി (1919), ഓൾ ഇന്ത്യ സ്വദേശി യൂണിയൻ (1932) തുടങ്ങിയവയാണ് പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ സ്ഥാപിച്ച മറ്റ് സംഘടനകൾ.

സ്വാഭിമാന പ്രസ്ഥാനം

1925-ലാണ്‌ ഇ.വി രാമസ്വാമി സ്വാഭിമാന പ്രസ്ഥാനം (Self Respect Movement) ആരംഭിച്ചത്‌. അക്കാലത്ത്‌ ബ്രാഹ്മണ മേധാവിത്വം നിലനിന്നിരുന്നു. ഇവരുടെ അധികാരത്തിനും വിവേചനങ്ങള്‍ക്കുമെതിരെ പിന്നാക്കക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കാനായിരുന്നു ഈ പ്രസ്ഥാനം. രാജ്യത്തെ പട്ടിണിയും ദാരിദ്യവും നേരിട്ടനുഭവിച്ച രാമസ്വാമിസവര്‍ണര്‍ക്കു മാത്രമാണ്‌ സമ്പത്തും സൗകര്യങ്ങളുമുള്ളതെന്ന്‌ തിരിച്ചറിഞ്ഞു. അങ്ങനെയാണ്‌ അദ്ദേഹം സ്വാഭിമാന പ്രസ്ഥാനം” രൂപീകരിച്ചത്‌. 1919-ല്‍ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിൽ ചേര്‍ന്നുകൊണ്ട്‌ ഇ.വി രാമസ്വാമി ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി. എന്നാല്‍ 1925-ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍നിന്ന്‌ രാജിവച്ചു. പിന്നീട് രാമസ്വാമി സ്വാഭിമാന പ്രസ്ഥാനത്തിന്റെ ഭാഗമായി ദ്രാവിഡര്‍ കഴകം" എന്ന സാമൂഹ്യ പ്രസ്ഥാനം രൂപീകരിച്ചു. പൂണൂല്‍ മുറിക്കൽ, വിഗ്രഹഭഞ്ജനം എന്നിവയ്‌ക്കൊക്കെ ഈ പ്രസ്ഥാനം നേതൃത്വം നല്‍കി. "ദ്രാവിഡ മുന്നേറ്റത്തിന്റെ പിതാവ്‌” എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌. രാമസ്വാമിയുടെ ശിഷ്യനായ അണ്ണാദുരൈ 1949-ല്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) രൂപീകരിച്ചു. ഇന്ന്‌ തമിഴ്‌നാട്‌ രാഷ്ട്രീയത്തിലെ പ്രബലശക്തികളിലൊന്നാണ്‌ ഡിഎംകെ.

ഹരിജൻ സേവക് സംഘം

രണ്ടാം വട്ടമേശ സമ്മേളനത്തെത്തുടർന്ന് ഡോ.ബി.ആർ.അംബേദ്ക്കറുടെ അഭ്യർത്ഥന മാനിച്ച് അധഃസ്ഥിതവിഭാഗങ്ങൾക്ക് കമ്മ്യൂണൽ അവാർഡ് ഏർപ്പെടുത്താൻ തീരുമാനിച്ചു. എന്നാൽ അധഃകൃത വിഭാഗക്കാരെ ഒരു പ്രത്യേക വിഭാഗമായി കാണുന്നതിനെ ഗാന്ധിജി എതിർത്തു. തുടർന്ന് കമ്യൂണൽ അവാർഡ് പിൻവലിക്കാനായി 1932 സെപ്റ്റംബർ 20 ന് ഗാന്ധിജി യെർവാദ ജയിലിൽ നിരാഹാരം ആരംഭിച്ചു. അംബേദ്ക്കറുമായി പൂനെ ഉടമ്പടിയിൽ ഒപ്പുവച്ചതിനെത്തുടർന്ന് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു. ഇതുപ്രകാരം അധഃകൃതവിഭാഗക്കാർക്കുള്ള പ്രത്യേക സംവരണ മണ്ഡലങ്ങൾ ഇല്ലാതാകുകയും പൊതു ഹിന്ദു മണ്ഡലങ്ങളിലുള്ള അവരുടെ സംവരണ സീറ്റുകൾ ഇരട്ടിയാക്കുകയും ചെയ്തു. തുടർന്ന് അയിത്തോച്ചാടനത്തിനുവേണ്ടി ഒരു അഖിലേന്ത്യ യാത്രതന്നെ അദ്ദേഹം നടത്തി.  അധഃസ്ഥിത വിഭാഗക്കാരുടെ ഉന്നമനത്തിനായി ഹരിജൻ സേവക് സംഘ് എന്ന ഒരു സംഘടനയ്ക്ക് ഗാന്ധിജി രൂപം നൽകി. രാജ്യത്തെ തൊട്ടുകൂടായ്മയ്‌ക്കെതിരെ പോരാടാനാണ് സംഘം സ്ഥാപിതമായത്. അയിത്തം അനുഭവിക്കുന്നവരുടെ പുരോഗതിക്കായി ഗാന്ധിജി 'ദി ഹരിജൻഎന്ന പേരിൽ ഒരു പുതിയ പത്രവും ആരംഭിച്ചു. സംഘത്തിന്റെ ആസ്ഥാനം ന്യൂഡൽഹിയിലാണ് സ്ഥിതിചെയ്യുന്നത്. ജി.ഡി.ബിർളയായിരുന്നു ഹരിജൻ സേവക് സംഘത്തിന്റെ പ്രഥമ അദ്ധ്യക്ഷൻ.

അഖിലേന്ത്യാ കിസാൻ സഭ

1920ന് ശേഷം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംസ്ഥാന കിസാൻ സഭകൾ രൂപംകൊണ്ടിരുന്നു. കിസാൻ സഭ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ബീഹാറിലാണ്. 1929ൽ സഹജാനന്ദ സരസ്വതി ബീഹാർ പ്രവിശ്യ കിസാൻ സഭ രൂപീകരിച്ചു. കർഷകർക്ക് അഖിലേന്ത്യാ തലത്തിൽ ഒരു കേന്ദ്ര സംഘടന ആവശ്യമാന്നെന്നു സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും കരുതി. അങ്ങനെ 1936ൽ ലക്ക്നൗവിൽ അഖിലേന്ത്യ കിസാൻ സഭ രൂപീകരിച്ചു. സഹജാനന്ദ സരസ്വതിയായിരുന്നു ആദ്യത്തെ പ്രസിഡന്റ്. എൻ.ജി.രംഗ ആദ്യ ജനറൽ സെക്രട്ടറിയും. കൃഷി ഭൂമി കർഷകന് എന്നതായിരുന്നു മുദ്രാവാക്യം. 1937 ഒക്ടോബറിൽ കിസാൻ സഭ ഔദ്യോഗിക പതാകയായി ചെങ്കൊടി സ്വീകരിച്ചു.

അഖിലേന്ത്യാ കിസാൻ സഭയുടെ ലക്ഷ്യങ്ങൾ

 ജന്മിത്വം അവസാനിപ്പിക്കുകയും കർഷകർക്കും മറ്റ് ഗ്രാമീണ തൊഴിലാളികൾക്കും സൗജന്യമായി ഭൂമി വിതരണം ചെയ്യാനും.

 ഭൂനികുതി കുറയ്ക്കുക.

 ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും കൃഷിയും വ്യവസായവും വികസിപ്പിക്കാനും.

 കർഷകർക്കും മറ്റ് ഗ്രാമീണ തൊഴിലാളികൾക്കും നേരെയുള്ള ചൂഷണം അവസാനിപ്പിക്കുക.

ഭാരതീയ വിദ്യാഭവൻ

1938ൽ മുംബൈയിൽ ഗാന്ധിജിയുടെ സഹായത്തോടെ കെ.എം.മുൻഷി സ്ഥാപിച്ച സംഘടനയാണ് ഭാരതീയ വിദ്യാഭവൻ. ഭാരതീയ വിദ്യാഭവൻ ഒരു ഇന്ത്യൻ വിദ്യാഭ്യാസ ട്രസ്റ്റാണ്. പ്രാചീന ആര്യസംസ്‌കാരം പഠിക്കുന്നതിനും ഇന്ത്യാ ചരിത്ര പശ്ചാത്തലത്തിൽ ആധുനിക ഭാരതീയ സംസ്‌കാരത്തെ പരിപോക്ഷിപ്പിക്കുന്നതിനു വേണ്ടിയുമാണ് കെ.എം.മുൻഷി ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത്. മുംബൈയിലാണ് ഭാരതീയ വിദ്യാഭവന്റെ ആദ്യത്തെ ശാഖ പ്രവർത്തനമാരംഭിച്ചത്. പിൽക്കാലത്ത് ഇന്ത്യ മുഴുവൻ ഈ പ്രസ്ഥാനത്തിന് പ്രചാരം ലഭിച്ചു.

ഭൂദാന പ്രസ്ഥാനം

ഗാന്ധിയൻ വിശ്വാസങ്ങളുടെ പ്രചരണാർഥം ആചാര്യ വിനോബ ഭാവെ സ്ഥാപിച്ചതാണ് 'ഭൂദാന പ്രസ്ഥാനം'. വൻകിട ഭൂവുടമകൾ ദാനമായി നൽകുന്ന സ്ഥലം ഏറ്റെടുത്ത് പാവപ്പെട്ടവർക്ക് നൽകുകയായിരുന്നു ഇതിന്റെ ലക്ഷ്യം. 1951 ഏപ്രിലിൽ ഇന്നത്തെ തെലങ്കാനയിൽ ഇതിനു തുടക്കം കുറിച്ചു. വിനോബയും സംഘവുംനൽഗോണ്ട ജില്ലയിലെ പൊച്ചംപള്ളി ഗ്രാമ സന്ദർശന വേളയിൽ ഗ്രാമത്തിലെ മൂന്നിൽ രണ്ടു ഭാഗം ഭൂരഹിതരാന്നെന്നു മനസിലാക്കി. തുടർന്ന് ഗ്രാമത്തിലെ രാംചന്ദ്ര റെഡ്ഢിയെന്ന ജന്മി 100 ഏക്കർ ഭൂമി ഭൂരഹിതർക്കായി നൽകി. ഇതായിരുന്നു ഭൂദാന പ്രസ്ഥാനത്തിന് ലഭിച്ച ആദ്യ സംഭാവന. ഇന്ത്യ മുഴുവൻ ഈ പ്രസ്ഥാനത്തിന് പ്രചാരം ലഭിച്ചു. 1957നു ശേഷം ഈ സംരംഭം ക്രമേണ ഇല്ലാതായി.

ഇന്ത്യയിലെ സാമൂഹിക പരിഷ്കർത്താക്കൾ

രാജാറാം മോഹൻ റോയ്

ബംഗാളിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ 1772 മെയ് 22-ന് റാം മോഹൻ റോയ് ജനിച്ചു. ആദ്യകാല വിദ്യാഭ്യാസം പട്നയിൽ പൂർത്തിയാക്കി. പതിനാറാം വയസ്സിൽ തന്റെ നാട്ടിൽ നിന്ന് പുറപ്പെട്ടുപോയി പല പുണ്യനഗരങ്ങളും സന്ദർശിച്ചതിനുശേഷം തിരിച്ചെത്തി. ബനാറസിലേക്ക് തന്റെ താമസം മാറ്റി. അവിടെയുള്ള മതപണ്ഡിതന്മാരിൽ നിന്നും അദ്ദേഹം ശാസ്ത്രങ്ങളും വേദങ്ങളും പഠിച്ചു.

1805-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥനായി. 1815-ൽ ജോലി രാജിവെച്ച് കൊൽക്കത്തയിൽ എത്തി സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 'ആത്മീയ സഭ' എന്നാരു സംഘടനയ്ക്ക് രൂപംകൊടുത്തു. 1828-'ബ്രഹ്മസമാജം' എന്നൊരു മറ്റൊരു സംഘടനയും സ്ഥാപിച്ചു. മതകാപട്യങ്ങൾ തുറന്നു ജനങ്ങൾക്ക് കാണിച്ചുകൊടുക്കുക എന്നതായിരുന്നു ഈ സംഘടനകളുടെ ലക്ഷ്യം. 1829-'സതി' എന്നൊരു ദുരാചാരം നിയമം കൊണ്ട് നിരോധിക്കുവാൻ ജനറൽ വില്യം ബെൻറിക് പ്രഭുവിനെ പ്രേരിപ്പിച്ചത് അദ്ദേഹമായിരുന്നു. 1830-ൽ മുഗൾ ചക്രവർത്തിയുടെ പ്രതിനിധിയായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. 'രാജ' എന്ന ബഹുമതി നൽകി അദ്ദേഹത്തെ മുഗൾ ചക്രവർത്തി ആദരിച്ചു.

പുരോഗമന ആശയങ്ങളുടെ വക്താവും ഊർജ്ജസ്വലമായ ഒരു പരിഷ്കരണ വാദിയുമായിരുന്നു അദ്ദേഹം. മതപരമായി നടത്തുന്ന അപരിഷ്കൃതവും അനാവശ്യവുമായ ചടങ്ങുകൾ മറ്റു ആർഭാട ചെലവുകൾ ഇവയൊക്കെ നിയന്ത്രിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതമൗലികവാദവും അന്ധവിശ്വാസങ്ങളും അദ്ദേഹം എതിർത്തിരുന്നു. നാടിൻറെ പുരോഗതിക്ക് പാശ്ചാത്യ വിദ്യാഭ്യാസം അനിവാര്യമാണെന്ന് വാദിച്ചു. പലതരത്തിലുള്ള മാമൂലുകളെയും എതിർത്തിരുന്ന കാരണത്താൽ അദ്ദേഹത്തെ വീട്ടിൽ നിന്നും പുറത്താക്കി. അസാധാരണമായ പണ്ഡിതനായിരുന്ന അദ്ദേഹം ഇംഗ്ലീഷ്, പേർഷ്യൻ, അറബിക്, ലാറ്റിൻ, ഫ്രഞ്ച്, ഹീബ്രു എന്നീ ഭാഷകൾ നന്നായി അറിയാമായിരുന്നു. മതഗ്രന്ഥങ്ങളെല്ലാം പഠന വിധേയമാക്കി. സാധാരണക്കാരുടെ പഠനത്തിനായി വേദങ്ങൾ, ഉപനിഷത്ത് എന്നിവ ബംഗാളിയിലേക്ക് വിവർത്തനം ചെയ്തു. 'ഇന്ത്യൻ മത-സാമൂഹിക നവോത്ഥാനത്തിന്റെ പിതാവ്' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 1833 സെപ്റ്റംബർ 27-ന് ബ്രിസ്റ്റണിൽ വെച്ച് അന്തരിച്ചു.

സ്വാമി വിവേകാനന്ദൻ

സ്വാമി വിവേകാനന്ദൻ 1863 ജനുവരി 12 ന് കൊൽക്കത്തയിൽ ജനിച്ചു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് 'നരേന്ദ്രനാഥ് ദത്തൻ' എന്നാണ്. മെട്രോപൊളിറ്റൻ സ്കൂളിൽ തന്റെ ഏഴാം വയസ്സിൽ ചേർന്ന് പഠനം തുടങ്ങി. അതിനുശേഷം 1879-ൽ ഹൈസ്കൂൾ പഠനം ഒന്നാം ക്ലാസോടെ പാസായി. തുടർന്ന് പ്രസിഡൻസി കോളേജിൽ ചേർന്ന് പഠിച്ചു. അസാധാരണമായ ബുദ്ധിശക്തിയും അന്വേഷണത്വരയും വിദ്യാർത്ഥിയായിരിക്കെ നരേന്ദ്രൻ പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം വളരെയധികം പുസ്തകങ്ങൾ വായിക്കുമായിരുന്നു. ജനറൽ അസംബ്ലീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് പാശ്ചാത്യ തത്വശാസ്ത്രം, ലോകചരിത്രം എന്നിവ പഠിച്ചു.

ഹിന്ദുമതത്തിലെ ദുരാചാരങ്ങളെ എതിർത്തിരുന്ന പ്രസ്ഥാനമായിരുന്നു ബ്രഹ്മസമാജം. ഈ സംഘടനയുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായ നരേന്ദ്രൻ ചെറുപ്പത്തിൽ ബ്രഹ്മസമാജം പ്രവർത്തകനായി. തന്റെ സുഹൃത്തായ നരേന്ദ്രനാഥ് മിത്രയുടെ വീട്ടിൽ ശ്രീരാമകൃഷ്ണ പരമഹംസനെ 1881-ൽ നരേന്ദ്രൻ പരിചയപ്പെട്ടു. പരമഹംസനിൽ ആകൃഷ്ടനായ അദ്ദേഹം ദക്ഷിണേശ്വരത്ത് ചെന്ന് ശ്രീരാമകൃഷ്ണ പരമഹംസനെ കണ്ടു. അത് നരേന്ദ്രന്റെ ജീവിതത്തെ മാറ്റിമറിച്ചു. നരേന്ദ്രൻ പരമഹംസരുടെ പ്രിയശിഷ്യനായി. ഇതിൽ നിന്ന് ജീവിതത്തിന് പുതിയ അർത്ഥവും, കരുത്തും, ആത്മീയ ചൈതന്യവും കൈവന്ന അദ്ദേഹം ഈ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ 1886-ൽ ശ്രീരാമകൃഷ്ണ മഠം സ്ഥാപിച്ചു. അന്ധവിശ്വാസങ്ങൾ, ജാതി, അയിത്തം തുടങ്ങിയവയെ എതിർത്തിരുന്നു.

കേരളത്തിൽ നിലനിന്നിരുന്ന ജാതീയമായ തരംതിരുവുകളും, തീണ്ടലും, തൊടീലും മറ്റു അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും കണ്ടിട്ട് 'കേരളം ഭ്രാന്താലയമാണ്' എന്നദ്ദേഹം പറഞ്ഞു. 1893-ൽ അമേരിക്കയിലെ ഷിക്കാഗോയിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിൽ ഹിന്ദുമതത്തെയും അതിന്റെ സംസ്കാരത്തെയും ഭാരതീയ പാരമ്പര്യത്തെയും അവതരിപ്പിച്ചു. 1894-ൽ ന്യൂയോർക്കിൽ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു.

യോഗ, രാജയോഗ, ജ്ഞാനയോഗ തുടങ്ങിയ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. 'വിവേകാനന്ദ സാഹിത്യ സർവ്വസ്വം' എന്ന പേരിൽ ശ്രീകൃഷ്ണമഠം പ്രസിദ്ധീകരിച്ച ഗ്രന്ഥസമുച്ചയത്തിലൂടെ സ്വാമിയുടെ ഗ്രന്ഥങ്ങൾ മലയാളത്തിലും ലഭ്യമാണ്. 1902 ജൂലൈ നാലാം തീയതി അദ്ദേഹം അന്തരിച്ചു.

സ്വാമി ദയാനന്ദ സരസ്വതി

വിദേശാധിപത്യത്തിനെതിരായി പ്രവർത്തിച്ച സ്വാമി ദയാനന്ദസരസ്വതി സമൂഹത്തിൽ അനീതിയും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണിരുന്ന കാലത്ത് അവയെ പരസ്യമായി എതിർക്കാൻ മുന്നോട്ടു വന്നു. വേദങ്ങളുടെ മഹത്വവും പുരോഗമന ആശയങ്ങളും അടിസ്ഥാനമാക്കി അവ പ്രചരിപ്പിക്കുന്നതിനായി നവോത്ഥന പ്രസ്ഥാനമായ ആര്യസമാജത്തിന് തുടക്കം കുറിച്ച അദ്ദേഹം വിഗ്രഹാരാധനയെ എതിർക്കുകയും വിധവാ വിവാഹത്തെ പരസ്യമായി അനുകൂലിക്കുകയും ചെയ്തു. ഗാന്ധിജി പിൽക്കാലത്ത് സ്വാമിയുടെ പല ആശയങ്ങളും സ്വീകരിച്ചിട്ടുണ്ട്. സത്യാർത്ഥപ്രകാശം, ഋഗ്വേദഭൂമിക തുടങ്ങിയ ഗ്രന്ഥങ്ങളും വേദങ്ങളെക്കുറിച്ച് ഒരു തത്വസംഹിതയും അദ്ദേഹം രചിച്ചിട്ടുണ്ട്.

രവീന്ദ്രനാഥ ടാഗോർ

ദേവേന്ദ്രനാഥ ടാഗോറിന്റെ 15 മക്കളിൽ പതിനാലാമനായാണ് രവീന്ദ്രനാഥ് ടാഗോർ ജനിക്കുന്നത്. പതിനൊന്നാമത്തെ വയസ്സിൽ ഉപനയനം കഴിഞ്ഞു. ആദ്യ കവിത "അഭിലാഷ്" 1874-ൽ തത്വബോധിനി പത്രികയിൽ പ്രസിദ്ധീകരിച്ചു. 'കവികഹിനി' ആദ്യ കവിതാസമാഹാരം 1878-ൽ പ്രസിദ്ധീകരിച്ചു. 1880-'വാത്മീകി പ്രതിഭ' എന്ന നാടകത്തിൽ അഭിനയിച്ചു. നോവൽ, ചെറുകഥ, നാടകം, ഗാനസാഹിത്യം എന്നിവയിൽ മികച്ച സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കാവ്യം 'ഗീതാഞ്ജലി' 1910-ൽ ബംഗാളി ഭാഷയിൽ പ്രസിദ്ധീകരിച്ചു. 1912-ൽ ഇംഗ്ലീഷിലേക്ക് ഗീതാഞ്ജലി പരിഭാഷപ്പെടുത്തി. തുടർന്ന് 1913-ൽ ടാഗോറിന്റെ ഗീതാഞ്ജലിക്ക് നോബൽ സമ്മാനം ലഭിച്ചു.

പാശ്ചാത്യ പൗരസ്ത്യ സംസ്കാരങ്ങൾ ചേർന്നുള്ള ഒരു പുതിയ ലോകക്രമം ഉണ്ടാകണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിൽ 'ശാന്തിനികേതൻ' വെസ്റ്റ് ബംഗാളിലെ ബോലെപൂരിൽ സ്ഥാപിച്ചു. പിൽകാലത്ത് ഈ ശാന്തിനികേതനാണ് വിശ്വഭാരതിയായി മാറിയത്. ഗീതാഞ്ജലി, പുരവി, സായംകാലഗാനങ്ങൾ, സോനാർതാരി, വസന്തചക്രം, പുലർകാലഗാനങ്ങൾ എന്നിവ ടാഗോർ കവിതകളാണ്. പ്രസിദ്ധനോവലുകളായ ഗോറാ, രാജാവും രാജ്ഞിയും, റിഷിരാജാ, ബിന്ദോനി, നാശാവശിഷ്ടം, മുക്താര, നൗകാഡുബി എന്നിവ അദ്ദേഹം രചിച്ച നോവലുകളാണ്. കാബൂളിവാല, ശുചിത്ഭാഷൺ എന്നിവ ടാഗോർ രചിച്ച പ്രസിദ്ധ കഥകളാണ്.

ബ്രിട്ടീഷ് ഗവൺമെന്റ് 'സർ' പദവി നൽകി ടാഗോറിനെ ആദരിച്ചു. 1919 ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർ പദവി ഉപേക്ഷിച്ചു. ഗാന്ധിജിയെ 'മഹാത്മാ' എന്ന് ആദ്യമായി വിളിച്ചത് ടാഗോറാണ്. 'ഗുരുദേവ്' എന്നാണ് ഗാന്ധിജി ടാഗോറിനെ വിളിക്കുന്നത്. വനമഹോത്സവം ആരംഭിച്ചത് ടാഗോറാണ്. 1941 ഓഗസ്റ്റ് 7-ന് ടാഗോർ അന്തരിച്ചു.

ആനി ബസന്റ്

1847 ഒക്ടോബർ ഒന്നാം തീയതി ലണ്ടനിൽ ആനി ബസന്റ് ജനിച്ചു. പിതാവായ വില്യം പി വുഡ് ആനിക്ക് എട്ടു വയസ്സുള്ളപ്പോൾ മരിച്ചു. കുടുംബനാഥന്റെ മരണത്തിനുശേഷം ആനിയുടെ അമ്മ ഒരു സത്രം നടത്തി അതിൽ നിന്ന് ലഭിച്ച പണം ആനിയുടെ വിദ്യാഭ്യാസത്തിന് ഉപയോഗിച്ചു. ഉറച്ച മതവിശ്വാസിയായിരുന്ന തന്റെ അമ്മ, ഫ്രാങ്ക് ബസന്റ് എന്ന വൈദികനെ 1866-ൽ വിവാഹം കഴിച്ചു. പക്ഷേ ആ ദാമ്പത്യം അധികകാലം നിലനിന്നില്ല. 1879-ൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി ബോട്ടണിയിൽ ഒന്നാം ക്ലാസോടെ വിജയിച്ചു. ബ്ലവസ്കി എന്നൊരു റഷ്യക്കാരിയുമായുള്ള അടുപ്പം ആനിയെ തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമാക്കി. തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിതമായത് 1875-ൽ ആണ്. അതിന്റെ പ്രവർത്തനങ്ങൾ 1878-ലാണ് ഇന്ത്യയിൽ തുടങ്ങിയത്. 1893 സെപ്റ്റംബർ ചിക്കാഗോയിൽ നടന്ന ലോകമത സമ്മേളനത്തിൽ തിയോസഫിക്കൽ സൊസൈറ്റി പ്രതിനിധിയായി ആനി പങ്കെടുത്തു. 1893-ൽ തന്നെ അവർ ഇന്ത്യയിലുമെത്തി. 1896-ൽ വീണ്ടും ഇന്ത്യയിലെത്തി ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ സ്കൂൾ, കോളേജ് എന്നിവയിൽ സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചു.

ഓൾക്കട്ടാണ് തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകാധ്യക്ഷൻ. അദ്ദേഹത്തിന്റെ മരണശേഷം തന്റെ മരണം വരെ ആനി ബസന്റ് ഈ സംഘടനയുടെ അദ്ധ്യക്ഷ പദവി വഹിച്ചു. 1914 മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവയായ അവർ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി വാദിച്ചു. ഹൈന്ദവ സംസ്കാരത്തെക്കുറിച്ച് ആഴമായ അറിവ് അവർക്കുണ്ടായിരുന്നു. ഇന്ത്യൻ സംസ്കാരം, പാരമ്പര്യം എന്നിവ ആനിയെ വളരെ ആകർഷിച്ചിരുന്നു. "ഹോം റൂൾ ലീഗ്" എന്ന പ്രസ്ഥാനം ലോകമാന്യ തിലകന്റെ സഹായത്തോടെ അവർ ആരംഭിച്ചു. തിയോസഫിക്കൽ സൊസൈറ്റി എന്ന സംഘടനയിലൂടെ വിലമതിക്കാനാവാത്ത സേവനങ്ങൾ വിദ്യാഭ്യാസ, സാമൂഹ്യമേഖലകളിൽ അവർ സംഭാവന നൽകി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1919-ലെ കൊൽക്കത്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പത്രപ്രവർത്തകയായിരുന്ന അവർ "ന്യൂ ഇന്ത്യ" പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായും പ്രവർത്തിച്ചു. ഇന്ത്യയിൽ സ്കൗട്ട് പ്രസ്ഥാനം വളരെ വിപുലീകരിച്ചു. 1931 മുതൽ മദ്രാസിലെ അഡയാറിൽ പൂർണ്ണ വിശ്രമത്തിലായിരുന്ന അവർ 86-ാം വയസ്സിൽ 1933 സെപ്റ്റംബർ 20-ന് അന്തരിച്ചു.

ശ്രീരാമകൃഷ്ണ പരമഹംസൻ

ബംഗാളിലെ ഹുഗ്ലിയുടെ വടക്ക് പടിഞ്ഞാറുള്ള കാമാർപൂക്കൂർ ഗ്രാമത്തിൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി 18 ന് പരമഹംസൻ ജനിച്ചു. ആദ്യകാല നാമം ഗദാധരൻ എന്നായിരുന്നു. അസാധാരണ ഓർമ്മശക്തിയുണ്ടായിരുന്ന ഗദാധരൻ രാമായണം, മഹാഭാരതം മറ്റ് സ്തോത്രങ്ങൾ എന്നിവ മനഃപാഠമാക്കി. സ്കൂൾ പഠനകാലത്ത് ഗണിതം ഒഴികെ മറ്റു വിഷയങ്ങൾ നന്നായി പഠിക്കുമായിരുന്നു. തന്റെ ഏഴാം വയസ്സിൽ അച്ഛൻ മരിച്ചു. ചെറുപ്പം മുതൽ വീട്ടിലിരുന്ന് ധ്യാനിക്കുമായിരുന്ന അദ്ദേഹത്തിന്റെ ഉപനയനം ഒൻപതാം വയസ്സിൽ കഴിഞ്ഞു. തന്റെ ജ്യേഷ്ഠനായ രാമകുമാർ ഒരു സ്കൂൾ നടത്തുവാൻ കൊൽക്കത്തയിൽ പോയപ്പോൾ കൂടെ പോവുകയും വീടുകളിൽ പൂജയ്ക്ക് പോകുമ്പോൾ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുമായിരുന്നു.

അക്കാലത്ത് പുതുതായി സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിൽ രാമകുമാർ പൂജാരിയായി. അവിടെയും ഗദാധരൻ പൂജാകാര്യങ്ങളിൽ രാമകുമാറിനെ സഹായിച്ചു. ജ്യേഷ്ഠന്റെ മരണശേഷം ഗദാധരൻ അവിടുത്തെ പ്രധാന പൂജാരിയായി. തുടർന്ന് തന്റെ പേര് രാമകൃഷ്ണൻ എന്നാക്കി. സദാസമയം അദ്ദേഹം ധ്യാനത്തിൽ മുഴികിയിരിക്കും. വേണ്ടത്ര ശ്രദ്ധ ക്ഷേത്രകാര്യങ്ങളിൽ രാമകൃഷ്ണൻ കാണിക്കുന്നില്ല എന്ന പരാതി തന്റെ അമ്മ കേട്ടപ്പോൾ, മകനെ തിരികെവരുത്തി വിവാഹം കഴിപ്പിച്ചു. ശൈശവ വിവാഹമായതിനാൽ അഞ്ചുവയസ്സുകാരി ശാരദാമണി വധുഗൃഹത്തിൽ തന്നെ തുടർന്നു. തന്റെ സ്വന്തം ഗ്രാമമായ കമാർപൂക്കൂറിൽ ഒന്നരവർഷം താമസിച്ചതിനു ശേഷം ദക്ഷിണേശ്വരത്തേക്ക് മടങ്ങി. വീണ്ടും ക്ഷേത്ര ചുമതലകൾ ഏറ്റെടുത്തു ഭക്തി പരവശനായി. അക്കാലത്ത് ദക്ഷിണേശ്വരത്തേക്ക് വന്ന ഒരു സന്ന്യാസിയിൽ നിന്ന് പല താന്ത്രിക വിദ്യകളും പഠിച്ചു. അമ്മയുടെ വിയോഗത്തെ തുടർന്ന് തോട്ടാപുരി രാമകൃഷ്ണന്റെ ശിഷ്യത്വം സ്വീകരിച്ച് അദ്വൈതം പഠിച്ചു. ശ്രീരാമനെക്കുറിച്ച് ധാരാളം വായിച്ചു. ഇസ്ലാം, ഹിന്ദു, ക്രിസ്തു മതങ്ങളെല്ലാം അദ്വൈതത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം മനസിലാക്കി.

അക്കാലത്ത് ഭൈരണി ബ്രാഹ്മണി എന്ന ഒരു സന്ന്യാസി ദക്ഷിണേശ്വരത്തിലെത്തി. തുടർന്ന് രാമകൃഷ്ണനെ കണ്ടുമുട്ടിയ അദ്ദേഹം ആദ്ധ്യാത്മിക ചർച്ചകളിലേർപ്പെട്ടു. ചർച്ചയിലൂടെ രാമകൃഷ്ണന്റെ അഗാധമായ പാണ്ഡിത്വം ഭൈരണിയെ അത്ഭുതപ്പെടുത്തുകയും, രാമകൃഷ്ണൻ ഈശ്വര അവതാരമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീരാമകൃഷ്ണൻ ദൈവാവതാരമെന്ന് കേട്ടറിഞ്ഞ ധാരാളം പേർ അദ്ദേഹത്തെ ദർശിക്കാനായെത്തി. ദീർഘനാൾ ഭൈരവി അവിടെ താമസിക്കുകയും ശ്രീരാമകൃഷ്ണനെ വിവിധ യോഗാമാർഗങ്ങൾ അഭ്യസിപ്പിക്കുകയും, ഭാരതീയ മതങ്ങളെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ പ്രസിദ്ധനായ സാമൂഹ്യപരിഷ്കർത്താവായ അദ്ദേഹം 1886 ഓഗസ്റ്റ് 16-ന് അന്തരിച്ചു. 'മാനവ സേവയാണ് ഈശ്വര സേവ' എന്ന അദ്ദേഹത്തിന്റെ ദർശനം പ്രചരിപ്പിക്കുവാൻ ശിഷ്യന്മാർ 'ശ്രീരാമകൃഷ്ണമിഷൻ' എന്നൊരു സംഘടന രൂപീകരിച്ചു.

ആചാര്യ വിനോബാ ഭാവേ

ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും സർവ്വോദയ പ്രസ്ഥാനത്തിന്റെ പോഷകനുമായ വിനോബാ ഭാവേ ബോംബെ സംസ്ഥാനത്തിൽ കൊലാബാ ജില്ലയിലെ ഗഗോദ ഗ്രാമത്തിൽ ജനിച്ചു. ബാല്യകാലം ചെലവഴിച്ചത് ബറോഡയിലായിരുന്നു. അദ്ദേഹം 1916ൽ കോളേജ് വിദ്യാഭ്യാസം അവസാനിപ്പിച്ചു. ഇതേ വർഷം തന്നെ കാശിയിൽ ഗാന്ധിജി നടത്തിയ പ്രഭാഷണം വിനോബായെ വല്ലാതെ സ്പർശിച്ചു. തുടർന്ന് കുറച്ചുകാലം ആശ്രമവ്രതങ്ങൾ അനുഷ്ഠിച്ചുകൊണ്ട് ഗാന്ധിജിയോടൊപ്പം കഴിഞ്ഞു. 1924ൽ വൈക്കം സത്യാഗ്രഹത്തിന്റെ നിരീക്ഷകനായി വിനോബാ കേരളത്തിലെത്തിയിരുന്നു. 1940ൽ ഗാന്ധിജി വ്യക്തിസത്യാഗ്രഹം ആരംഭിച്ചപ്പോൾ അദ്ദേഹം ഒന്നാമത്തെ ഭടനായി തിരഞ്ഞെടുത്തത് വിനോബായെ ആയിരുന്നു. മൂന്ന് തവണ വിനോബാ ജയിൽവാസം വരിച്ചു. 1946ൽ പനാവറിലേക്കു മടങ്ങിവന്ന അദ്ദേഹം തോട്ടിപ്പണി ഔദ്യോഗികമായി സ്വീകരിച്ചു. 1948ൽ തെലുങ്കാന സന്ദർശിച്ച് പ്രസിദ്ധമായ ഭൂദാനപ്രസ്ഥാനത്തിനു രൂപം നൽകി. ഗാന്ധിജിയുടെ മരണാന്തരം സർവ്വോദയപ്രസ്ഥാനത്തിന് അദ്ദേഹം രൂപം കൊടുത്തു. ബഹുഭാഷാ പണ്ഡിതൻ കൂടിയായിരുന്നു വിനോബാജി. 1982ൽ മരണാന്തര ബഹുമതിയായി ഭാരതരത്നവും ഇദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.

ഈശ്വരചന്ദ്ര വിദ്യാസാഗർ

ഇന്ത്യൻ സാമൂഹികപരിഷ്‌കർത്താവും പത്ര പ്രവർത്തകനും എഴുത്തുകാരനുമായ ഇദ്ദേഹം സംസ്കൃതപണ്ഡിതൻ കൂടിയാണ്. പശ്ചിമബംഗാളിലെ മിഡ്‌നാപൂരിൽ ഒരു സാധാരണ ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. കൽക്കട്ടയിലെ സംസ്കൃത കോളേജിൽ വേദാന്തം, ന്യായം, തർക്കം, ജ്യോതിശാസ്ത്രം, ധർമ്മശാസ്ത്രം തുടങ്ങിയവ പഠിച്ചു. അതോടൊപ്പം ഹിന്ദു നിയമത്തെക്കുറിച്ചുള്ള 'വിദ്യാസാഗർ' പരീക്ഷയും വിജയിച്ചു. വിദ്യാസാഗർ എന്ന പേര് അങ്ങനെയാണ് ലഭിച്ചത്. അദ്ദേഹം പതിനാലാം വയസ്സിൽ വിവാഹിതനായി. തുടർന്ന് പഠനം പൂർത്തിയാക്കിയശേഷം 1841ൽ ഫോർട്ട് വില്യം കോളേജിൽ മുഖ്യപണ്ഡിതനായി. 1850ൽ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കാനുള്ള അനുവാദത്തോടെ സംസ്കൃത കോളേജിൽ പ്രൊഫസർ നിയമനം ലഭിച്ചു. തുടർന്ന് അവിടത്തെ ആദ്യ പ്രിൻസിപ്പലായി നിയമിതനായി. ബ്രാഹ്മണർക്ക് മാത്രമായിരുന്ന സംസ്കൃത കോളേജ് പ്രവേശനം അദ്ദേഹം എല്ലാവർക്കുമായി അനുവദിച്ചു. സംസ്കൃതത്തിനു പുറമെ ബംഗാളിയിലും, ഇംഗ്ലീഷിലും വിദ്യാർത്ഥികളെ പഠിപ്പിച്ചു. കുട്ടികൾക്കായി നിരവധി പ്രമുഖ ഗ്രന്ഥങ്ങൾ ബംഗാളിയിലേയ്ക്ക് വിവർത്തനം ചെയ്തു. സംസ്കൃത കോളേജ് പ്രൊഫസർ, പ്രിൻസിപ്പൽ, സ്കൂൾ ഇൻസ്‌പെക്ടർ എന്നീ പദവികൾ വഹിച്ചശേഷം ഉദ്യോഗം ഉപേക്ഷിച്ചു.

റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയിലെ അംഗത്വം ലഭിച്ചു. വിക്ടോറിയ രാജ്ഞിയിൽനിന്ന് സി.ഐ.ഇ ബിരുദം നേടി. ബീരസിംഹഭഗവതി വിദ്യാലയം, മെട്രോപോളിറ്റൻ കോളേജ് എന്നീ സ്ഥാപനങ്ങളുടേയും സർവ്വശുഭംകരി പത്രിക, തത്വബോദിനി പത്രിക, ഷോം പ്രകാശ് എന്നീ ആനുകാലികങ്ങളുടേയും ആവിർഭാവത്തിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവ്‌ കൂടിയായിരുന്ന ഇദ്ദേഹം സമൂഹത്തിലെ അനീതികൾക്കെതിരെ പോരാടി. അഗതികളേയും അശരണരേയും സഹായിച്ചു. ബംഗാൾ ക്ഷാമകാലത്ത് സൗജന്യ ഭക്ഷണശാലകൾ തുറന്നു. ബംഗാളിൽ മലേറിയ പടർന്ന് പിടിച്ചപ്പോൾ സൗജന്യ ചികിത്സാശാലകൾ തുറന്നു. വനിതാവിദ്യാഭ്യാസം, വിധവാവിവാഹം, ബഹുഭാര്യാത്വനിരോധനം തുടങ്ങിയ സാമൂഹിക പരിഷ്‌കാരങ്ങളുടെ ശില്പിയായിട്ടാണ് ഇദ്ദേഹം ഓർമിക്കപ്പെടുന്നത്. 'ബംഗാളർ ഇതിഹാസ്', 'വിധവാ വിവാഹ്‌', തുടങ്ങി നിരവധി സ്വാതന്ത്രകൃതികളും 'രഘുവംശം', 'കിരാതാർജ്ജുനീയം', 'അഭിജ്ഞാന ശാകുന്തളം' തുടങ്ങിയ അനേകം സംസ്കൃതകൃതികളുടെ വ്യാഖ്യാനങ്ങളും ഈശ്വരചന്ദ്ര വിദ്യാസാഗറിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ആധുനിക ബംഗാളി ഭാഷയുടെ പിതാവ്' എന്ന് രവീന്ദ്രനാഥ് ടാഗോർ അദ്ദേഹത്തെ വിശേഷിപ്പിച്ചു. 1891 ജൂലൈ 29-ന് അന്തരിച്ചു.

മദൻ മോഹൻ മാളവ്യ

1861 ഡിസംബർ 25-ന് അലഹബാദിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് മദൻ മോഹൻ മാളവ്യ ജനിച്ചത്. സ്കൂളിൽ പഠിക്കുന്നകാലത്ത് തന്നെ നല്ലൊരു പ്രാസംഗികനും സംഘാടകനുമായിരുന്നു. കലയിലും സാഹിത്യത്തിലും നല്ല വാസനയുണ്ടായിരുന്നു. ഹിന്ദിയിൽ കവിതകൾ എഴുതി എല്ലാവരുടെയും പ്രശംസ നേടി. കോളേജിൽ പഠിക്കുമ്പോൾ അലഹബാദിൽ ഒരു ഹിന്ദി സമാജം സ്ഥാപിച്ചു. ഭാരതീയ സംസ്കാരത്തിന്റെ പ്രചാരണമായിരുന്നു ലക്ഷ്യം. ബി.എ ബിരുദം നേടിയശേഷം അധ്യാപകനായി കുറെനാൾ ജോലിചെയ്തു. പിന്നീട് കോൺഗ്രസിൽ ചേർന്നു. 1886-ൽ കോൺഗ്രസിന്റെ രണ്ടാം സമ്മേളനം കൊൽക്കത്തയിൽ നടന്നപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗം ഏറെ പ്രശംസ നേടി. കുറെനാൾ ഹിന്ദുസ്ഥാൻ, ദി ഇന്ത്യൻ ഒപ്പീനിയൻ എന്നീ പത്രങ്ങളിൽ ജോലിചെയ്തു. അതിനുശേഷം നിയമബിരുദം കരസ്ഥമാക്കി. അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായി.

1909-ൽ അഭിഭാഷക ജോലി ഉപേക്ഷിച്ച് പൊതുപ്രവർത്തനങ്ങളിൽ ശ്രദ്ധിച്ചു. ഉത്തർപ്രദേശിലെ ചൗരിചൗരയിൽ പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ 225 പേരെ തൂക്കികൊല്ലാൻ വിധിച്ചതിനെതിരെ കേസ് നടത്തിയത് അദ്ദേഹമാണ്. 153 പേരെ തൂക്കുമരത്തിൽ നിന്നും രക്ഷിക്കുവാൻ മാളവ്യക്ക് സാധിച്ചു. എല്ലാ കോൺഗ്രസ് സമ്മേളനങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്ന മാളവ്യ 1909-ൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു. ഗാന്ധിജിയോട് പല കാര്യങ്ങളിലും എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഉപ്പു സത്യാഗ്രഹം, നിസ്സഹരണ പ്രസ്ഥാനം എന്നിവയിൽ സജീവമായി പങ്കെടുത്തു. പലതവണ ജയിൽവാസം അനുഭവിച്ചു. ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകൾ അറിയാമായിരുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കുവാൻ ധാരാളം ജനങ്ങൾ കൂടുമായിരുന്നു. വിദ്യാഭ്യാസമുള്ള ഒരു ജനതയ്‌ക്കേ പുരോഗതി ഉണ്ടാകൂ എന്ന് അദ്ദേഹം വിശ്വസിച്ചു. ആനി ബസന്റ് സ്ഥാപിച്ച സെൻട്രൽ ഹിന്ദു കോളേജ്, ഒരു സർവ്വകലാശാലയാക്കി മാറ്റാൻ അദ്ദേഹമാണ് പരിശ്രമിച്ചത്. പിൽകാലത്ത് രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങി. നിന്ദിതരേയും, പീഡിതരേയും സഹായിക്കുവാൻ ശ്രമിച്ചു. മതത്തിന്റെ പേരിലുള്ള കലാപങ്ങളെ എതിർത്തു. 1946 നവംബർ 12-ന് അന്തരിച്ചു. മരണാനന്തര ബഹുമതിയായി കേന്ദ്ര സർക്കാർ അദ്ദേഹത്തിന് 2014-ൽ ഭാരതരത്ന പുരസ്കാരം നൽകി.

പെരിയാർ ഇ വി രാമസ്വാമി നായ്ക്കർ

ജാതിവ്യവസ്ഥയ്ക്കും ബ്രാഹ്മണ മേധാവിത്വത്തിനും എതിരെ പടപൊരുതിയ വിപ്ലവ നേതാവാണ് ഇ വി രാമസ്വാമി നായ്ക്കർ. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളിയായ അദ്ദേഹം ഇവിടെ നിലനിന്നിരുന്ന സവര്‍ണാധിപത്യത്തെ പരസ്യമായി ചോദ്യം ചെയ്തു. തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട്‌ ഗാന്ധിജിയോടു പോലും സംവാദം നടത്തിയ ധീരനാണ്‌ രാമസ്വാമി. അനുയായികള്‍ 'പെരിയാര്‍' എന്ന്‌ സ്നേഹത്തോടെ വിളിക്കുന്ന ഇ.വി രാമസ്വാമി 1879 സെപ്റ്റംബർ 17-ന്‌ തമിഴ്നാട്ടിലെ ഈറോഡിലാണ്‌ ജനിച്ചത്‌. വെങ്കടപ്പ നായ്ക്കരും ചിന്നത്തായമ്മയുമാണ് മാതാപിതാക്കള്‍. പതിനൊന്നാം വയസ്സില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച രാമസ്വാമി പിതാവിനൊപ്പം കച്ചവടത്തിനിറങ്ങി. കുറേ യാത്ര ചെയ്തു. ആ യാത്രകളാണ്‌ അദ്ദേഹത്തെ മാറ്റിമറിച്ചത്‌.

രാജ്യത്തെ പട്ടിണിയും ദാരിദ്യവും നേരിട്ടനുഭവിച്ച രാമസ്വാമി, സവര്‍ണര്‍ക്കു മാത്രമാണ്‌ സമ്പത്തും സൗകര്യങ്ങളുമുള്ളതെന്ന്‌ തിരിച്ചറിഞ്ഞു. അങ്ങനെയാണ്‌ അദ്ദേഹം സ്വാഭിമാന പ്രസ്ഥാനംരൂപീകരിച്ചത്‌. 1919-ല്‍ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസിൽ ചേര്‍ന്നുകൊണ്ട്‌ ഇ.വി രാമസ്വാമി ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി. എന്നാല്‍ 1925-ല്‍ അദ്ദേഹം കോണ്‍ഗ്രസില്‍നിന്ന്‌ രാജിവച്ചു. പിന്നീട് രാമസ്വാമി ദ്രാവിഡര്‍ കഴകം" എന്ന സാമൂഹ്യ പ്രസ്ഥാനം രൂപീകരിച്ചു. പൂണൂല്‍ മുറിക്കൽ, വിഗ്രഹഭഞ്ജനം എന്നിവയ്‌ക്കൊക്കെ ഈ പ്രസ്ഥാനം നേതൃത്വം നല്‍കി. "ദ്രാവിഡ മുന്നേറ്റത്തിന്റെ പിതാവ്‌എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌.

ഗാന്ധിജിയുടെ ലളിത ജീവിതം, ഖാദി ധരിക്കല്‍, മദ്യനിരോധനം തുടങ്ങിയ ആശയങ്ങളോട്‌ അദ്ദേഹത്തിന്‌ താല്‍പര്യമായിരുന്നു. 1922-ല്‍ കോണ്‍ഗ്രസിന്റെ തമിഴ്നാട്‌ ഘടകത്തിന്റെ അധ്യക്ഷനായ പെരിയാർ കേരളത്തിൽ നടന്ന വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തു. തമിഴില്‍ അദ്ദേഹം 'ഉണ്‍മ' എന്നൊരു മാസികയും പ്രസിദ്ധീകരിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ ബ്രാഹ്മണേതര വിഭാഗങ്ങൾക്കായി രൂപീകരിച്ച സൗത്ത്‌ ഇന്ത്യൻ ലിബറൽ ഫെഡറേഷൻ' പാർട്ടിയുടെ നേതാവായിരുന്നു പെരിയാർ. 1973 ഡിസംബർ 24 ന് അദ്ദേഹം അന്തരിച്ചു.

കേശബ് ചന്ദ്ര സെൻ

തത്വചിന്തകന്‍, മികച്ച പ്രസംഗകൻ, എഴുത്തുകാരൻ, പത്രപ്രവര്‍ത്തകൻ എന്നീ നിലകളിലൊക്കെ അറിയപ്പെട്ട സാമൂഹ്യ പരിഷ്കര്‍ത്താവാണ്‌ കേശബ് ചന്ദ്ര സെൻ. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയില്‍ ബംഗാളിലെ യുവാക്കള്‍ക്കിടയിൽ ആവേശം സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌. മോഹന്‍ സെൻ, ശാരദാദേവി എന്നിവരുടെ മകനായി 1838 നവംബർ 19-ന്‌ കൊല്‍ക്കത്തയിലാണ്‌ കേശവ ചന്ദ്ര സെൻ ജനിച്ചത്‌. എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു അച്ഛനായ മോഹന്‍ സെന്‍. അതിനാല്‍ത്തന്നെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിൽ ചെറുപ്പത്തിലേ കേശബ്‌ ചന്ദ്ര സെൻ തല്‍പരനായിരുന്നു. പതിനേഴാം വയസ്സില്‍ 'ബ്രിട്ടിഷ്‌ ഇന്ത്യ സൊസൈറ്റി' എന്നൊരു സംഘടന മറ്റു ചിലരുമായി ചേര്‍ന്ന്‌ അദ്ദേഹം ആരംഭിച്ചു. ആളുകള്‍ക്ക്‌ വിദ്യാഭ്യാസം കൊടുക്കാനായി ഈ സൊസൈറ്റിയുടെ നേതൃത്വത്തില്‍ തന്റെ വീട്ടിൽ ഒരു സായാഹ്ന വിദ്യാലയം അദ്ദേഹം തുടങ്ങി.

കൊൽക്കത്താ കോളജിലെ പഠനശേഷം കേശബ്‌ ചന്ദ്ര സെൻ സര്‍ക്കാർ സര്‍വീസിൽ ജോലിക്കു ചേര്‍ന്നു. ഇതിനൊപ്പം സാമൂഹ്യപ്രവര്‍ത്തനങ്ങളും അദ്ദേഹം മുന്നോട്ടു കൊണ്ടുപോയി. 1857-ല്‍ സെൻ ബ്രഹ്മസമാജത്തിൽ ചേര്‍ന്നു. പിന്നിട്‌ ഈ സംഘടനയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. ജാതിവ്യവസ്ഥ, സാമ്പത്തിക അസമത്വം എന്നിവയ്ക്കൊക്കെ എതിരായി പോരാടിയ ആളാണ് സെൻ. സമത്വം എന്ന ആശയത്തില്‍ ഊന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. എല്ലാ മേഖലയിലും തുല്യത വേണമെന്ന ആശയം അദ്ദേഹം പ്രചരിപ്പിച്ചു. തന്റെ ആശയത്തില്‍ വിശ്വസിക്കുന്ന യുവാക്കളെ സംഘടിപ്പിച്ച്‌ അദ്ദേഹം സംഗത്‌ സഭഎന്ന കൂട്ടായ്മയ്ക്ക്‌ രൂപം നല്‍കി.

സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ച ആളാണ്‌ കേശബ് ചന്ദ്ര സെൻ. ജാതി വ്യവസ്ഥയെ എതിര്‍ത്ത അദ്ദേഹം സ്ത്രീകള്‍ക്കായി 'ബാമബോധിനി പത്രിക' എന്നൊരു ബംഗാളി മാസികയും ആരംഭിച്ചു. "ഇന്ത്യന്‍ മിറര്‍" എന്ന പേരില്‍ ഒരു ഇംഗ്ലിഷ്‌ പ്രസിദ്ധീകരണവും സെൻ നടത്തി. ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്ത്‌ പല പുതിയ രീതികള്‍ക്കും തുടക്കമിട്ട ആളാണ്‌ കേശവ ചന്ദ്ര സെൻ.

ജ്യോതിറാവു ഗോവിന്ദറാവു ഫുലെ

ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ എന്നിവയ്‌ക്കെതിരേ പ്രവര്‍ത്തിച്ച സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമാണ്‌ ജ്യോതിറാവു ഗോവിന്ദറാവു ഫുലെ. സ്ത്രീസമത്വത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഇദ്ദേഹം സ്ത്രീകള്‍ക്കും താഴേക്കിടയിലുള്ള പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നല്‍കിയ നേതാവായാണ്‌ അറിയപ്പെടുന്നത്‌. മഹാരാഷ്ട്രയിലെ കാട്ഗണ്‍ എന്ന സ്ഥലത്ത്‌ 1827-ലാണ്‌ ജ്യോതിറാവു ഫുലെയുടെ ജനനം. സാമൂഹിക അസമത്വം നിലനിന്നിരുന്ന കാലമായിരുന്നു അത്‌. പിന്നാക്ക സമുദായത്തിൽ ജനിച്ച ഫുലെ അതിന്റേതായ എല്ലാ അവഗണനകളും ഏറ്റാണ്‌ വളര്‍ന്നത്‌. ഈ അനുഭവങ്ങളാണ്‌ പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയതും, പിന്നാക്ക വിഭാഗക്കാര്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിച്ചിരുന്നെങ്കിലും ഫുലെ സ്വയം ഭാഷാപഠനം നടത്തി. പിന്നീട്‌ പുണെയിലെ സ്‌കോട്ടിഷ്‌ സ്കൂളിൽ പഠിക്കാൻ അദ്ദേഹത്തിന്‌ അവസരം ലഭിച്ചു. സവര്‍ണ മേധാവിത്തത്തെ ചോദ്യം ചെയ്തുകൊണ്ട്‌ വളര്‍ന്ന ഫുലെ അവര്‍ണര്‍ക്കായി സ്‌കൂളും ആരംഭിച്ചു.

സാവിത്രി എന്നായിരുന്നു ഫുലെയുടെ ഭാര്യയുടെ പേര്‌. അവരെ ഇംഗ്ലീഷ്‌ പഠിപ്പിച്ച ഫുലെ താൻ തുടങ്ങിയ സ്‌കൂളുകളിൽ ഭാര്യയെ അധ്യാപികയാക്കി. കുറഞ്ഞ കാലം കൊണ്ടാണ്‌ ഫുലെയുടെ സ്‌കൂളുകൾ പ്രശസ്തമായത്‌. ഫുലെയുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സാവിത്രിയുടെ പിന്തുണയുണ്ടായിരുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തോടൊപ്പം വിധവകളുടെ വിവാഹത്തിനായും ഇരുവരും പ്രയത്നിച്ചു. ത്രിതീയ രത്ന, ജനിക്‌ സത്യധര്‍മപുസ്തക്‌, ഗുലാംഗിരി എന്നീ പുസ്തകങ്ങളും ഫുലെ രചിച്ചിട്ടുണ്ട്‌. 1876-ല്‍ പുണെ മുനിസിപ്പൽ കൗൺസിലറായി നാമനിര്‍ദേശം ചെയ്യപ്പെട്ട ജ്യോതിറാവു ഫുലെ 1890 നവംബർ 28-നാണ്‌ അന്തരിച്ചത്‌.

വീരേശലിംഗം പന്തുലു

ആധുനിക തെലുങ്ക് സാഹിത്യത്തിന്റെ വളർച്ചയെ സഹായിച്ച വീരേശലിംഗത്തെ 'ആധുനിക ആന്ധ്രയുടെ പിതാവ്' എന്നാണ് അറിയപ്പെടുന്നത്. 1848 ഏപ്രിൽ 16 ന് രാജമുന്ദ്രിയിൽ ഒരു ശൈവബ്രാഹ്മണനായ സുബയ്യനായുഡുവിന്റെയും പുന്നമ്മയുടെയും ഏകമകനായി ജനിച്ചു. കുട്ടിക്ക് നാല് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പ്രാഥമിക വിദ്യാഭ്യാസങ്ങൾക്ക് ശേഷം ഇംഗ്ലീഷും കണക്കും സംസ്കൃതവും പഠിച്ചു. 1861 ൽ വിവാഹിതനായി. 1870 ൽ മെട്രിക്കുലേഷൻ വിജയിച്ചതിന് ശേഷം അദ്ധ്യാപകനായി സ്കൂളിൽ ജോലി നോക്കി. പിന്നീട് കോളേജ് അദ്ധ്യാപകനായി.

ഇരുപത് വയസ്സിനിടയ്ക്ക് രണ്ട് ശതകകാവ്യങ്ങൾ വീരേശലിംഗം രചിച്ചു. തെലുങ്ക് ഗദ്യത്തിന് പുതിയൊരു രൂപം അദ്ദേഹം നൽകി. പഞ്ചതന്ത്രത്തിലെ വിഗ്രഹതന്ത്രം ഗദ്യരൂപത്തിൽ പരിഭാഷപ്പെടുത്തി. തെലുങ്കിൽ നിലവിലുള്ള എല്ലാ കാവ്യരീതികളിലും കാവ്യരചനകൾ നടത്തി. തെലുങ്ക് നോവൽ, നാടകം, ആത്മകഥ, സാഹിത്യ ചരിത്രം, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം എന്നിവയുടെയെല്ലാം തുടക്കകാരനായിരുന്നു വീരേശലിംഗം. ജാതിക്കും അന്ധവിശ്വാസങ്ങൾക്കും എതിരായി ശാസ്ത്രീയ മനോഭാവം പ്രചരിപ്പിച്ചു. ശൈവവിവാഹത്തെയും സ്ത്രീധനത്തെയും അദ്ദേഹം എതിർത്തു. വിധവാവിവാഹത്തെ പ്രോത്സാഹിപ്പിച്ചു. അതിനായി ധാരാളം എഴുതുകയും പ്രസംഗിക്കുകയും സംഘടനകൾ രൂപീകരിക്കുകയും ചെയ്തു. പൊതുജീവിതത്തിലെ അഴിമതിക്കും അസത്യത്തിനും അധാർമ്മികതയ്ക്കുമെതിരെ അദ്ദേഹം ജനങ്ങളുടെ മുന്നിൽ നിന്ന് പ്രവർത്തിച്ചു. വിധവാലയങ്ങൾ, അഗതിമന്ദിരങ്ങൾ എന്നിവ സ്ഥാപിക്കുകയും അവയുടെ നടത്തിപ്പിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.

ആധുനിക തെലുങ്ക് പത്രപ്രവർത്തനത്തിന്റെ പിതാവായും അറിയപ്പെടുന്നത് അദ്ദേഹമാണ്. 'വിവേകവർധിനി' എന്ന പേരിൽ 1874 ൽ ഒരു പത്രം ആരംഭിച്ചുവെങ്കിലും 1890 ൽ സാമ്പത്തിക ബാധ്യതകളെ തുടർന്ന് നിർത്തി. പത്രപ്രവർത്തനരംഗത്ത് സിവിലായും ക്രിമിനലായും ധാരാളം അപകീർത്തി കേസുകൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിട്ടുണ്ട്. 1893 ൽ അദ്ദേഹത്തിന് റാവു ബഹദൂർ സ്ഥാനവും ലഭിച്ചു. മുനിസിപ്പിൽ പബ്ലിക് ഹെൽത്ത് കമ്മിറ്റി അംഗമായും താലൂക്ക് ബോർഡിലും ഡിസ്ട്രിക്ട് ബോർഡിലും അംഗമായി സേവനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനങ്ങളിലെ സാമൂഹ്യ പരിഷ്കരണ യോഗങ്ങളിൽ അദ്ധ്യക്ഷം വഹിച്ചിട്ടുണ്ട്. 1906 ഡിസംബർ 12 ന് ഹിതകാരിണി സമാജം സ്ഥാപിച്ച് തന്റെ സകല ഭൂസ്വത്തും പണവും പുസ്തകങ്ങളുടെ പകർപ്പവകാശവും എല്ലാം ആ സമാജത്തിന് ദാനം നൽകുകയും ചെയ്തു. 1919 മേയ് 27 ന് അദ്ദേഹം അന്തരിച്ചു.

സർ സയ്യിദ് അഹമ്മദ് ഖാൻ

ഇന്ത്യയിലെ മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവാണ്‌ സയ്യിദ് അഹമ്മദ് ഖാൻ. ഇസ്ലാം മതവിശ്വാസികള്‍ക്കിടയിൽ നിലനിന്ന അനാചാരങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിച്ച സാമൂഹിക പരിഷ്കര്‍ത്താവാണ്‌ ഇദ്ദേഹം. 1817 ഒക്ടോബര്‍ 17-ന്‌ ഡല്‍ഹിയിലാണ്‌ അഹ്മദ്‌ ഖാൻ ജനിച്ചത്‌. ഉര്‍ദു, അറബിക്‌ ഭാഷകളും നിയമവും ഗണിതവുമെല്ലാം പഠിച്ച അദ്ദേഹം ബ്രിട്ടിഷ്‌ സര്‍ക്കാരിൽ ഉദ്യോഗസ്ഥനായി. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരവേളയില്‍ ബ്രിട്ടിഷ്‌ സൈന്യത്തിൽ നിന്ന്‌ അഹ്മദ്‌ ഖാൻ ഏറെ സഹിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ വീട്‌ പോലും ആക്രമിക്കപ്പെട്ടു. ഈ വിപ്ലവം നടന്ന്‌ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം ഒരു പുസ്തകമിറക്കി. അസ്ബാബ്‌-ഇ ബഗവത്-ഇ ഹിന്ദ്‌. ഇന്ത്യന്‍വിപ്ലവത്തിന്റെ യഥാര്‍ത്ഥ കാരണങ്ങൾ അദ്ദേഹം അതിലൂടെ പുറത്തുകൊണ്ടുവന്നു.

1866-ല്‍ ബ്രിട്ടിഷ്‌ ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ച അദ്ദേഹം ഭരണനേതൃത്വവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിച്ചു. ബ്രിട്ടിഷ്‌ സര്‍ക്കാരിന്റെ 'ഭിന്നിപ്പിച്ചുഭരിക്കുക' എന്ന തന്ത്രത്തിന്‌ അഹ്മദ്‌ ഖാൻ എതിരായിരുന്നു. പക്ഷേ, ബ്രിട്ടിഷുകാര്‍ക്കെതിരേ സമരം നടത്തുന്നതിൽ മുന്‍പന്തിയില്‍നിന്നു. ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസിന്റെ ഭാഗമാകാൻ അദ്ദേഹം ഇഷ്ടപ്പെട്ടതുമില്ല. ഇസ്‌ലാമിക വീക്ഷണങ്ങളെ യൂറോപ്യൻ ആശയങ്ങളുമായി ബന്ധപ്പെടുത്താന്‍ അഹ്മദ്ഖാൻ ശ്രമിച്ചിരുന്നു. മതത്തിനുള്ളിലെ അന്ധവിശ്വാസങ്ങളെ എതിര്‍ത്ത അദ്ദേഹം, പാശ്ചാത്യ വിദ്യാഭ്യാസരീതി പിന്തുടരുകയും സയന്‍സിൽ അറിവ്‌ നേടാത്തിടത്തോളം കാലം ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്‌ പുരോഗതി ഉണ്ടാകില്ലന്ന്‌ വിശ്വസിച്ചു.

1875-ല്‍ സെയ്ദ്‌ അഹ്മദ്‌ ഖാൻ അലിഗഡിൽ ഒരു കോളജ്‌ സ്ഥാപിച്ചു. മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റൽ കോളേജ്" എന്ന ഈ സ്ഥാപനമാണ്‌ 1920-ല്‍ അലിഗഡ്‌ മുസ്‌ലിം സര്‍വകലാശാലയായിമാറിയത്‌. അഹ്മദ്‌ ഖാന്റെ വിശിഷ്ട സേവനങ്ങളെ മുന്‍നിര്‍ത്തി ബ്രിട്ടിഷ്‌ സര്‍ക്കാർ അദ്ദേഹത്തിന്‌ സര്‍"പദവി നല്‍കി. 1898 മാര്‍ച്ച്‌ 28 -ന്‌ അഹ്മദ്‌ ഖാൻ അന്തരിച്ചു.

ദേബേന്ദ്രനാഥ ടാഗോർ

ബംഗാളിലെ മത സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നിർണ്ണായകമായ സംഭാവനകൾ നൽകിയിട്ടുള്ള ദേവേന്ദ്രനാഥ് ടാഗോർ, രവീന്ദ്രനാഥ് ടാഗോറിന്റെ പിതാവാണ്. 1817 മെയ് 15 ന് കൊൽക്കത്തയിലെ ഒരു സമ്പന്നനായ രാജപദവിയിലുള്ള ദ്വാരകനാഥ് ടാഗോറിന്റെ പുത്രനായി ജനിച്ചു. ദ്വാരകനാഥ് ടാഗോറിന്റെ സ്നേഹിതനായിരുന്നു രാജാറാം മോഹൻറോയി. 1827 ൽ ദേവേന്ദ്രനാഥ ടാഗോറിനെ രാജാറാം മോഹൻറോയി നടത്തിയിരുന്ന ആംഗ്ലോ - ഹിന്ദു സ്കൂളിൽ ചേർത്തു. തുടർന്ന് ഹിന്ദു കോളേജിലും പഠിച്ചു. കോളേജ് പഠനത്തിന് ശേഷം സംസ്കൃത പഠനവും സാഹിത്യരചനയും തുടങ്ങി. 1834 ൽ ശാരദാദേവിയെ വിവാഹം കഴിച്ചു. അച്ഛന്റെ വക യൂണിയൻ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു.

ഉപനിഷത് ആശയങ്ങളിൽ ആകൃഷ്ടനായി പണ്ഡിറ്റ് രാമചന്ദ്ര വിദ്യാവാഗീശന്റെ കീഴിൽ പഠനം ആരംഭിച്ചു. വിഗ്രഹാരാധന ഉപേക്ഷിച്ച് വേദാന്തധിഷ്ഠിതമായ ഏകദൈവാരാധന അദ്ദേഹം പ്രചരിപ്പിച്ചു. 1840 ജൂണിൽ 'തത്വബോധിനി' പാഠശാല സ്ഥാപിച്ചു. 1843 ഡിസംബറിൽ രാമചന്ദ്രവിദ്യാവാഗീശന്റെ കാർമ്മികത്വത്തിൽ 20 സഹചാരികൾക്കൊപ്പം ബ്രഹ്മധർമ്മ ദീക്ഷ സ്വീകരിച്ചു. 1846 ഓഗസ്റ്റിൽ അദ്ദേഹത്തിന്റെ അച്ഛൻ ദ്വാരകനാഥ് ഇംഗ്ലണ്ടിൽവച്ച് അന്തരിച്ചു. അതിനുശേഷം വേദപഠനത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ചു. 1847 ഓഗസ്റ്റിൽ തത്വബോധിനി പത്രിക ആരംഭിച്ചു. അതിൽ ഉപനിഷത്തുകൾ പരിഭാഷ ചെയ്ത പ്രസിദ്ധീകരണം ആരംഭിച്ചു. 1849ൽ ഭാരതത്തിലെ പുരാതന മതഗ്രന്ഥങ്ങളിലെ ചിന്തകളുടെ സമാഹാരമായ 'ബ്രഹ്മധർമ്മം' പ്രസിദ്ധീകരിച്ചു. അതിന് ശേഷം 'ബ്രഹ്മധർമ്മവ്യാഖ്യാനം' എന്ന കൃതി രചിച്ചു. 1859 ൽ തത്വബോധിനിസഭ പിരിച്ചുവിട്ടു.

കേശവചന്ദ്ര സെന്നിനോടൊപ്പം ബ്രഹ്മസമാജത്തിന്റെ ജോയിന്റ് സെക്രട്ടറി ആയി. 1866 ൽ കേശവസെന്നിന്റെ അനുയായികൾ ബ്രഹ്മസമാജം വിട്ട് ഭാരതീയ ബ്രഹ്മസമാജ് സ്ഥാപിച്ചു. ആ സംഘടനയാണ് 1867 ൽ ദേവേന്ദ്രനാഥ് ടാഗോറിന് 'മഹർഷി' എന്ന ബഹുമതി നൽകിയത്. 1873 ൽ ഹിമാലയയാത്ര നടത്തിയപ്പോൾ 12 വയസുള്ള മകൻ രവീന്ദ്രനാഥ് ടാഗോറിനെയും കൂടെ കൊണ്ട് പോയി. 1863 ൽ ദേവേന്ദ്രനാഥ് വാങ്ങിയ സ്ഥലത്താണ് 1901 ൽ രവീന്ദ്രനാഥ് ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ചത്. 1898 ൽ അദ്ദേഹത്തിന്റെ ആത്മകഥയായ 'ആത്മജീവിനി' പ്രസിദ്ധീകരിച്ചു. കേശവ് ചന്ദ്ര സെൻ പോലുള്ള പല പ്രമുഖരും ദേവേന്ദ്രനാഥിന്റെ ശിഷ്യനായിരുന്നു. അവസാനകാലത്ത് ദേബേന്ദ്രനാഥ് ഒരു മഹർഷിയെ പോലെ ജീവിച്ചു. 1905 ജനുവരി 19 ന് കൊൽക്കത്തയിൽ വച്ച് അന്തരിച്ചു.

സുബ്രഹ്മണ്യ ഭാരതി

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമിഴ് കവിയായി വാഴ്ത്തപ്പെടുന്ന സുബ്രഹ്മണ്യ ഭാരതി തമിഴ്‌നാട്ടിൽ തിരുനെൽവേലിയിൽ എടയപുരം ഗ്രാമത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. എടയപുരത്തെ ആംഗ്ലോവെർനാക്കുലർ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. തുടർന്ന് തിരുനെൽവേലിയ്ക്കടുത്ത് ഹിന്ദു കോളേജിലും പഠിച്ചു. പതിനഞ്ചാം വയസ്സിൽ ഏഴുവയസ്സുകാരിയായ ചെല്ലമ്മാളെ വിവാഹം കഴിച്ചു. കുട്ടിക്കാലം മുതൽ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഹിന്ദിയും ഇംഗ്ലീഷും സംസ്കൃതവും പഠിച്ചശേഷം രാജസദസ്സിൽ ആസ്ഥാന വിദ്വാനായിരുന്നു. എടയപുരം സുബ്ബയ്യ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രാജാവാണ് 'ഭാരതി' എന്ന പേര് കൊടുത്തത്. അന്നുമുതൽ സുബ്രഹ്മണ്യ ഭാരതി എന്നറിയപ്പെട്ടു. അച്ഛന്റെ മരണശേഷം കാശിയിലുള്ള അമ്മായിയുടെ ക്ഷണപ്രകാരം അങ്ങോട്ടുപോയി. കാശിയിൽ വച്ചാണ് തലപ്പാവും കട്ടിമീശയും ധരിച്ചുതുടങ്ങിയത്. 1901ൽ എടയപുരത്ത് മടങ്ങിയെത്തി. കൊട്ടാരത്തിൽ ജോലി ലഭിച്ചുവെങ്കിലും പിന്നീട് ഉപേക്ഷിച്ചു.

സ്വാതന്ത്ര്യസമരം ഭാരതിയെ സ്വാധീനിച്ചതോടെ അദ്ദേഹം ഊർജ്ജസ്വലനായ ഒരു പത്രപ്രവർത്തകനായി മാറി. 'സ്വദേശിമിത്രൻ' എന്ന പത്രത്തിൽ സഹപത്രാധിപരായി. 'ഇന്ത്യ' എന്ന വാരികയിലൂടെ ഗവൺമെന്റിനെ വിമർശിച്ചതിനെതിരെ കേസ്സെടുക്കുകയും വാരിക നിരോധിക്കുകയും ചെയ്തു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തതോടെ 1910 മുതൽ കുറേക്കാലം പുതുശ്ശേരിയിൽ സാഹിത്യപ്രവർത്തനവുമായി കഴിഞ്ഞു. പുതുശ്ശേരിയിൽ വച്ച് അരവിന്ദഘോഷുമായി പരിചയപ്പെട്ടു. അവർ സുഹൃത്തുക്കളായി. അരവിന്ദഘോഷിന്റെ സ്വാധീനത്തിൽ രാജ്യസ്നേഹപരമായ കവിതകളിൽ നിന്നും ആദ്ധ്യാത്മികപരമായ കവിതകളിലേക്ക് തിരിഞ്ഞു. 1918ൽ പുതുശ്ശേരിയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടു. ജയിൽ മോചിതനായ അദ്ദേഹം വീണ്ടും സ്വദേശിമിത്രൻ എന്ന പത്രത്തിൽ സഹപത്രാധിപരായി പ്രവർത്തിച്ചു. 1921 സെപ്റ്റംബർ 11ന് അന്തരിച്ചു.  

തൊട്ടുകൂടായ്‌മക്കും മറ്റു സാമൂഹിക അനാചാരങ്ങൾക്കുമെതിരെ അദ്ദേഹം പോരാടി. ഇംഗ്ലീഷ് റൊമാന്റിക് കവികളുടെ സ്വാധീനത്താൽ തന്റെ കവിതകളിൽ സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ഇതിവൃത്തമാണ് അദ്ദേഹം ഉപയോഗിച്ചത്. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിൽ അഭിമാനം കൊണ്ട അദ്ദേഹം രാജ്യസ്നേഹി, പത്രപ്രവർത്തകൻ, സാമൂഹ്യപരിഷ്കർത്താവ്, കവി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു.

മദർ തെരേസ

സമൂഹത്തിലെ ദുഖിതർക്കും പീഡിതർക്കുമായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച വിശുദ്ധവനിതയാണ് മദർ തെരേസ. 1910 ഓഗസ്റ്റ് 27-ന് യുഗോസ്ലോവ്യയിലെ സ്പോജെയിൽ അൽബേനിയൻ കുടുംബത്തിപ്പെട്ട നിക്കോളയുടേയും ഡാൻഡ്രഫിലെ ബോംക്സുവിന്റേയും പുത്രിയായാണ് മദർ തെരേസ ജനിക്കുന്നത്. ആഗ്നസ് ഗോൻക്സ് ബൊജായ്ഷ്യൂ എന്നായിരുന്നു യഥാർത്ഥ നാമം. ദൈവഭക്തയായിരുന്ന കുടുംബത്തിൽപ്പെട്ട ഇവരുടെ പിതാവ് ഒരു കോൺട്രാക്ടറും മാതാവ് വീട്ടമ്മയുമായിരുന്നു. വെറും പന്ത്രണ്ട് വയസ്സ് മാത്രം പ്രായമായപ്പോഴേക്കും ആഗ്നസ് ആതുരസേവനരംഗത്തേയ്ക്ക് കാലെടുത്തു വെച്ചിരിക്കുന്നു. തുടർന്ന് കന്യാസ്ത്രീയാകുവാൻ തീരുമാനിച്ചു. റോമൻ കത്തോലിക്ക സഭയിലെ ഒരു കന്യാസ്ത്രീ ആയതിന് ശേഷം 1929-ൽ ഇന്ത്യയിലെത്തി. 1921-ൽ ഇന്ത്യയിലെത്തിയ ഒരുസംഘം ക്രിസ്ത്യൻ മിഷനറിമാർ ഇന്ത്യയിലെ പട്ടിണിപാവങ്ങൾക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് യുഗോസ്ലോവിയയിലേക്ക് കത്തുകൾ അയച്ചു. ആ കത്തുകൾ വായിക്കാനിടയായതുകൊണ്ടാണ് ആഗ്നസ് ഇന്ത്യയിൽ വരാൻ തീരുമാനിച്ചത്. ഡാർജിലിംഗിൽ പോയി പരിശീലനം പൂർത്തിയാക്കിയതിന് ശേഷം 'തെരേസ' എന്ന പേര് സ്വീകരിച്ചു. തുടർന്ന് ഇന്ത്യയിൽ തന്നെ സ്ഥിരതാമസമാക്കിയ അവർ കൽക്കട്ടയിലെ സെന്റ് മേരീസ് വിദ്യാലയത്തിലെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.

1931 മെയ് 24-ന് കന്യാസ്ത്രീയായുള്ള തെരേസയുടെ ആദ്യസത്യപ്രതിജ്ഞ കഴിഞ്ഞതോടെ പുറംലോകത്ത് കഷ്ടതകളിൽപ്പെട്ടുഴലുന്ന ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ മദർ തെരേസ തയ്യാറായി. മാരകരോഗം പിടിപെട്ട് ജീവിതം തള്ളിനീക്കുന്നവർക്കും മദർ ഒരാശ്വാസമായി. 1948 ൽ കൊൽക്കത്തയിൽ ആദ്യമായി ഒരു ചേരി സ്കൂൾ സ്ഥാപിച്ചു. 1950'മിഷനറീസ് ഓഫ് ചാരിറ്റി' എന്ന കാത്തോലിക്ക സന്യാസിസഭ സ്ഥാപിച്ചു. കൊൽക്കത്ത ആസ്ഥാനമാക്കിയായിരുന്നു മദറിന്റെ പ്രവർത്തനം. നിസ്വാർത്ഥരായ ആയിരക്കണക്കിന് യുവതികൾ മദറിന്റെ കാലടികൾ പിന്തുടർന്ന് അവരെ സഹായിക്കുന്നതിനായി ജീവിതം സമർപ്പിച്ചു. രോഗാതുരർക്കും മരണാസന്നർക്കുമായി നിർമ്മലഹൃദയഭവനങ്ങളും, മന്ദബുദ്ധികളും അംഗവിഹീനരുമായ കുട്ടികൾക്കുമായി നിർമ്മല ശിശുഭവനങ്ങളും അവർ സ്ഥാപിച്ചു. കുഷ്ഠരോഗ ക്ലിനിക്കുകൾ, ഭവനരഹിതരേയും കുട്ടികളേയും കുറ്റവാളികളേയും പരിരക്ഷിക്കുന്ന പ്രേംനിവാസ് തുടങ്ങിയ അനേകം സ്ഥാപനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചു.

ആതുരസേവനത്തിനായി സ്വയം സമർപ്പിച്ച മദർ തെരേസയെ ലോകസമാധാനത്തിനുള്ള നോബൽ പ്രൈസ്, പത്മശ്രീ, അമേരിക്കയിലെ ഉയർന്ന സിവിലിയൻ ബഹുമതിയായ മെഡൽ ഓഫ് ഫ്രീഡം എന്നിവ നൽകി ആദരിച്ചു. 1980 ൽ ഭാരതത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നവും മദറിന് ലഭിച്ചു. സമാധാനത്തിന്റെ ഊതാന്റ പുരസ്‌കാരം, രാജീവ്ഗാന്ധി സദ്ഭാവനാ പുരസ്‌കാരം, ഐസനോവർ അവാർഡ് തുടങ്ങിയവയും ലഭിച്ചു. സ്വാർത്ഥത വെടിഞ്ഞ് നിരാലംബർക്കായി ജീവിച്ച ആ കാരുണ്യസാഗരം 1997 സെപ്റ്റംബർ 5 ന് ദിവംഗതനായി.

സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും സ്ഥാപകരും (Social Reform Movements and Founders)

1. ബ്രഹ്മസമാജം (1828) - രാജാറാം മോഹൻ റോയ്‌

2. ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ (1851, കൽക്കട്ട) - രാധാകാന്ത് ദേവ്, ദേവേന്ദ്രനാഥ് ടാഗോർ

3. ഇന്ത്യൻ ലിബറൽ ഫെഡറേഷൻ - സുരേന്ദ്രനാഥ് ബാനർജി

4. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ - വില്യം ജോൺസ്

5. ബംഗാൾ ബ്രിട്ടീഷ് ഇന്ത്യ സൊസൈറ്റി (1843, കൽക്കട്ട) - ജോർജ് തോംസൺ

6. ബേതൂൺ സ്കൂൾ (1879) - ജോൺ ഏലിയറ്റ് ഡ്രിങ്ക്വാട്ടർ ബേതൂൺ

7. രാധാസ്വാമി പ്രസ്ഥാനം - തുളസീ റാം (ശിവ് ദയാൽ സാഹിബ്)

8. ഭാരത് മാതാ സൊസൈറ്റി - ജെ.എം.ചാറ്റർജി

9. സ്വദേശി ബാന്ധവ് സമിതി - അശ്വിനികുമാർ ദത്ത

10. കൊൽക്കത്തയിലെ 'ഹിന്ദു കോളേജ്' - ഡേവിഡ് ഹരേ

11. ഇന്ത്യൻ അസോസിയേഷൻ ഫോർ ദ കൾട്ടിവേഷൻ ഓഫ് സയൻസ് - മഹേന്ദ്രലാൽ സർക്കാർ

12. അഭിനവ ഭാരത് സൊസൈറ്റി - വി.ഡി.സവർക്കർ

13. ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ - ലാല ഹൻസ് രാജ്

14. മദ്രാസ് ലേബർ യൂണിയൻ - ബി.പി.വാഡിയ

15. ഐക്യവർധിനിസഭ - വസുദേവ് ബൽവന്ത് ഫാഡ്കെ

16. ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ - ശിങ്കാരവേലു ചെട്ടിയാർ

17. ഇന്ത്യൻ ഫെഡറേഷൻ ഓഫ് ലേബർ - എം.എൻ.റോയ്

18. ഭാരത് നൗജവാൻ സഭ - ഭഗത് സിങ്

19. ഇന്ത്യൻ റിഫോംസ് അസോസിയേഷൻ - കേശബ് ചന്ദ്ര സെൻ

20. നിരങ്കാരി പ്രസ്ഥാനം - ദയൽ ദാസ്

21. മദ്രാസ് നേറ്റീവ് അസോസിയേഷൻ (1849, മദ്രാസ്) - ഗസുലു ലക്ഷ്മിനരശു ചെട്ടി

22. ഇന്ത്യൻ വിമൻസ് അസോസിയേഷൻ - ഡോറോത്തി ദിനരാജദാസ

23. ഭാരത് സ്ത്രീ മഹാമണ്ഡൽ - സരളാദേവി ചൗധുറാണി

24. മഹിളാ രാഷ്ട്രീയ സംഘ് - ലതികാ ഘോഷ്

25. നാഷണൽ ഇന്ത്യൻ അസോസിയേഷൻ (1867, ബ്രിസ്റ്റൾ) - മേരി കാർപെന്റർ (കേശവ് ചന്ദ്ര സെന്നിന്റെ സഹായത്തോടെ)

26. പുണെ സേവാസദൻ (1909) - ജി.കെ.ദേവധർ, രമാഭായി റാനഡെ

27. ഗുരുകുൽ കാംഗ്രി സർവകലാശാല, ഹരിദ്വാർ (1902) - സ്വാമി ശ്രദ്ധാനന്ദ

28. കൊൽക്കത്ത മദ്രസ (1780) - വാറൻ ഹേസ്റ്റിങ്സ്

29. ജാമിയ മിലിയ ഇസ്‌ലാമിയ, അലിഗഢ് (1920) - അലിഗഢ് സർവകലാശാലയിലെ വിദ്യാർത്ഥികൾ

30. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി, അമൃത്സർ (1920) - സുന്ദർ സിങ് മജിതിയ

31. വേദാന്ത സൊസൈറ്റി, ന്യൂയോർക്ക് - സ്വാമി വിവേകാനന്ദൻ

32. ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി, ലണ്ടൻ (1905) - ശ്യാംജി കൃഷ്ണ വർമ്മ, എസ്.ആർ.റാണ

33. ഫ്രീ ഇന്ത്യ സെന്റർ, ബെർലിൻ - സുഭാഷ് ചന്ദ്രബോസ്

34. ഇന്ത്യൻ സൊസൈറ്റി, ലണ്ടൻ (1872) - ആനന്ദ് മോഹൻ ബോസ്

35. ലണ്ടൻ ഇന്ത്യൻ സൊസൈറ്റി (1865) - ദാദാഭായ് നവറോജി, ഡബ്ള്യൂ.സി.ബാനർജി

36. ബ്രിട്ടീഷ് ഇന്ത്യ സൊസൈറ്റി, ലണ്ടൻ (1839) - വില്യം ആദം

37. ആര്യസമാജം (1875) - സ്വാമി ദയാനന്ദസരസ്വതി

38. സെർവന്റ്സ് ഓഫ്‌ ഇന്ത്യാ സൊസൈറ്റി - ഗോപാലകൃഷ്ണ ഗോഖലെ

39. തിയോസഫിക്കല്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ (1875) - കേണൽ ഓള്‍ക്കോട്ട്, മാഡം ബ്ലാവട്സ്കി

40. ഹോംറൂള്‍ പ്രസ്ഥാനം (1916) - ആനിബസന്റ്‌, ബാലചന്ദ്ര തിലക്

41. രാമകൃഷ്ണ മിഷന്‍ (1897) - സ്വാമി വിവേകാനന്ദൻ

42. ഭൂദാന പ്രസ്ഥാനം - ആചാര്യ വിനോബാഭാവേ

43. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി - സര്‍. സെയ്ദ്‌ അഹമ്മദ് ഖാൻ

44. അദ്വൈത സിദ്ധാന്തം - ശ്രീ. ശങ്കരാചാര്യര്‍

45. ഇന്ത്യന്‍ നാഷണൽ ആർമി (ഐ.എന്‍.എ) - സുഭാഷ്‌ ചന്ദ്രബോസ്‌

46. ഇന്ത്യയിലെ പഞ്ചവത്സരപദ്ധതി - ജവഹര്‍ലാൽ നെഹ്റു

47. ശുദ്ധി മൂവ്മെന്റ്‌ - സ്വാമി ദയാനന്ദസരസ്വതി

48. ഇന്ത്യന്‍ സൊസൈററി ഓഫ്‌ ഓറിയെന്റൽ സ്റ്റഡീസ് - നന്ദലാൽ ബോസ്‌

49. സ്വരാജ്‌ പാര്‍ട്ടി - സി.ആര്‍. ദാസ്‌, മോട്ടിലാല്‍ നെഹ്റു

50. സോഷ്യല്‍ സര്‍വ്വീസ്‌ ലീഗ്‌ - എന്‍.എം. ജോഷി

51. ഓള്‍ ഇന്ത്യാ ട്രേയ്ഡ്‌ യൂണിയൻ കോണ്‍ഗ്രസ്‌ - എന്‍.എം. ജോഷി

52. റെഡ്‌ ഷര്‍ട്ട്സ്‌ - ഖാൻ അബ്ദുൾ ഖാഫർ ഖാൻ

53. ഖിലാഫത്ത്‌ മൂവ്മെന്റ്‌ - അലി സഹോദരന്മാർ

54. ഭാരതീയ വിദ്യാഭവന്‍ - കെ.എം. മുന്‍ഷി

55. ഇന്ത്യന്‍ ഹോംറൂൾ ലീഗ്‌ - ബാലഗംഗാധര തിലകൻ

56. സത്യശോധക്‌ സമാജ്‌. - ജോതിബ ഗോവിന്ദറാവു ഫൂലെ

57. ഗദ്ദാർ പാര്‍ട്ടി - ലാലാ ഹര്‍ദയാൽ

58. ക്വിറ്റ് ഇന്ത്യാ മൂവ്മെന്റ്‌ - ബാബാ ആംതെ

59. പ്രാര്‍ത്ഥനാ സമാജ്‌ (1867) - ആത്മാറാം പാണ്ഡുരംഗ്

60. ബോംബെ അസോസിയേഷൻ (1852, ബോംബെ) - ദാദാഭായ് നവറോജി, നവറോജി ഫുർദൂൻജി

61. സെല്‍ഫ്‌ റെസ്പക്റ്റ് മൂവ്മെന്റ്‌ (സ്വാഭിമാന പ്രസ്ഥാനം) - പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കര്‍

62. ബോയ്‌ സ്കൗട്ട്സ്‌ ഇന്‍ ഇന്ത്യ - എന്‍.എം. ബാജ്‌പേയ്‌

63. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗ്‌ - നെഹ്രു, സുഭാഷ്ചന്ദ്രബോസ്‌, സത്യമൂര്‍ത്തി

64. ഓള്‍ ഇന്ത്യാ മുസ്ലീം ലീഗ്‌ - നവാബ്‌ സലൈമുല്ലാഖാൻ, ആഗാഖാൻ

65. വേദ സമാജ്‌ - മഹാദേവ്‌ ഗോവിന്ദ്‌ റാനഡ

66. ഓള്‍ ഇന്ത്യാ ഹരിജൻ സേവക്‌ സംഘ്‌ (1932) - മഹാത്മാഗാന്ധി

67. സര്‍വോദയ മൂവ്മെന്റ്‌ - ജയപ്രകാശ് നാരായൺ

68. ദേവസമാജ്‌ (1887) - ശിവനാരായൺ അഗ്നിഹോത്രി

69. ചിന്മയാ മിഷൻ - സ്വാമി ചിന്മയാനന്ദ

70. വനമഹോത്സവ് - കെ.എം. മുന്‍ഷി

71. വിശ്വഭാരതി - രവീന്ദ്രനാഥ ടാഗോർ

72. ദിന്‍ ഇലാഹി - അക്ബർ

73. ജൈനമതം - വര്‍ദ്ധമാന മഹാവീരൻ

74. ക്രിസ്തുമതം - യേശുക്രിസ്തു

75. ഇസ്ലാം മതം - മുഹമ്മദ് നബി

76. ബുദ്ധ മതം - ശ്രീ ബുദ്ധൻ

77. രാഷ്ട്രിയ സ്വയംസേവക സംഘം - കേശവ ബലിറാം ഹെഡഗേവാർ

78. ഭാരതീയ മസ്ദൂര്‍ സംഘം - ദത്തോപാന്ത്‌ ധേങ്ക്ടിജി

79. ജനസംഘം - ശ്യാമപ്രസാദ്‌ മുഖര്‍ജി

80. ഇന്ത്യൻ നാഷണല്‍ ആര്‍മി - നേതാജി സുഭാഷ്‌ ചന്ദ്രബോസ്‌

81. തത്വബോധിനി സഭ - ദേബേന്ദ്രനാഥ ടാഗോർ

82. അഹമ്മദീയ മൂവ്മെന്റ് (1889) - മിർസാ ഗുലാം അഹമ്മദ്

83. മഹർ പ്രസ്ഥാനം - അംബേദ്‌കർ

84. ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ (1866, ലണ്ടൻ) - ദാദാഭായ് നവറോജി

85. യുണൈറ്റഡ് ഇന്ത്യ പാട്രിയോട്ടിക് അസോസിയേഷൻ (1888) - സര്‍. സെയ്ദ്‌ അഹമ്മദ് ഖാന്‍

86. ചിപ്കോ പ്രസ്ഥാനം - സുന്ദർലാൽ ബഹുഗുണ

87. ഹിതകാരിണി സമാജം – വീരേശലിംഗം

88. ഇന്ത്യാ ഹൗസ് - ശ്യാംജി കൃഷ്ണ വർമ്മ

89. ആത്മീയസഭ (1815) - രാജാറാം മോഹൻ റോയ്

90. പൂനെ സാർവ്വജനിക് സഭ (1870, പൂനെ) - മഹാദേവ ഗോവിന്ദ റാനഡെ

91. ഹിന്ദുമഹാസഭ - മദൻ മോഹൻ മാളവ്യ

92. ആൾ ഇന്ത്യ കിസ്സാൻ സഭ - സ്വാമി സഹജാനന്ദ സരസ്വതി

93. ധർമ്മസഭ (1830) - രാധാകാന്ത് ദേബ്

94. നവവിധാൻ - കേശബ് ചന്ദ്ര സെൻ

95. നവ്ജവാൻ ഭാരത് സഭ (1926) - ഭഗത് സിങ്

96. സത്യശോധക് സമാജ് (1873) - ജ്യോതിറാവു ഫൂലെ

97. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ - ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്

98. യങ് ബംഗാൾ മൂവ്മെന്റ് - ഹെൻറി വിവിയൻ ഡെറോസിയോ

99. അക്കാഡമിക് അസോസിയേഷൻ (1828) - ഹെൻറി വിവിയൻ ഡെറോസിയോ

100. ആർ.എസ്.എസ് (1925) - ഡോ.കേശവ് ബൽറാം ഹെഡ്ഗോവർ

101. അനുശീലൻ സമിതി (1902) - പി.മിത്ര, ബരീന്ദ്രകുമാർ ഘോഷ്

102. അഭിനവ് ഭാരത് സൊസൈറ്റി (1904) - വി.ഡി.സവർക്കർ, ഗണേഷ് സവർക്കർ

103. ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1924) - സചീന്ദ്രനാഥ് സന്യാൽ, രാംപ്രസാദ്‌ ബിസ്മിൽ, ജോഗേഷ് ചന്ദ്രചാറ്റർജി

104. സോഷ്യൽ സർവീസ് ലീഗ് (1911) - എൻ.എം.ജോഷി

105. പീപ്പിൾസ് എജ്യുക്കേഷൻ സൊസൈറ്റി (1945, മുംബൈ) - ഡോ.ബി.ആർ.അംബേദ്‌കർ

106. ലാൻഡ് ഹോൾഡേഴ്സ് സൊസൈറ്റി (1838, കൽക്കട്ട) - ദ്വാരകാനാഥ് ടാഗോർ

107. ഇന്ത്യൻ ലീഗ് (1875, കൽക്കട്ട) - ശിശിർകുമാർ ഘോഷ്

108. ഇന്ത്യൻ അസോസിയേഷൻ (1876, കൽക്കട്ട) - ആനന്ദ മോഹൻ ബോസ്, സുരേന്ദ്രനാഥ ബാനർജി

109. ഇന്ത്യൻ നാഷണൽ സൊസൈറ്റി (1883, കൽക്കട്ട) - ശിശിർചന്ദ്രബോസ്

110. മദ്രാസ് മഹാജന സഭ (1884, മദ്രാസ്) - ജി.സുബ്രഹ്മണ്യ അയ്യർ, എം.വീരരാഘവാചാര്യർ, പി.അനന്ദചാർലു

111. ബോംബെ പ്രസിഡൻസി അസോസിയേഷൻ (1885, ബോംബെ) - ഫിറോസ്‌ഷാ മേത്ത, ബദറുദ്ദീൻ ത്യാബ്ജി, കെ.ടി.തെലാങ്

Post a Comment

0 Comments
Post a Comment (0)