ചരിത്രാതീതകാലം
ശിലായുഗം
പുരാവസ്തുശാസ്ത്രജ്ഞന്മാരും
പണ്ഡിതന്മാരും ഇന്ത്യയുടെ ചരിത്രത്തെ വളരെയധികം പുറകോട്ടുകൊണ്ടുപോയി. പ്രാക്ചരിത്ര
കാലഘട്ടം അഥവാ ചരിത്രാതീതകാലം മുതലുള്ള ഇന്ത്യയുടെ ചരിത്രപരമായ പരിണാമത്തെ അവർ
പുനർനിർമ്മിക്കാൻ ശ്രമിച്ചു. ശിലാ-ലോഹ യുഗങ്ങളോടുകൂടിയ ഒരു ചരിത്രാതീതകാലം ഇന്ത്യക്കുണ്ടായിരുന്നു.
ശിലായുഗത്തെ പൊതുവെ മൂന്നുഘട്ടങ്ങളായി തരംതിരിച്ചിട്ടുണ്ട്. പ്രാചീന ശിലായുഗം, മധ്യ ശിലായുഗം,
നവീന ശിലായുഗം. ഓരോ കാലഘട്ടത്തിലെയും ജനങ്ങൾ ഉപയോഗിച്ചിരുന്ന
ശിലായുധങ്ങൾ, അവരുടെ ജീവിതോപായ മാർഗ്ഗങ്ങൾ എന്നിവയെ
ആധാരമാക്കിയാണ് ഈ വിഭജനം നടത്തിയിട്ടുള്ളത്.
പ്രാചീന
ശിലായുഗം
ശിലായുഗത്തിന്റെ
പ്രഥമ ഘട്ടത്തെ പ്രാചീന ശിലായുഗം എന്നു വിളിക്കുന്നു. 'പാലിയോ', 'ലിത്തിക്' എന്നീ പദങ്ങളിൽ നിന്നാണ് ഈ
വാക്കിന്റെ ഉത്ഭവം. 'പാലിയോ' എന്നാൽ
പ്രാചീനം എന്നും 'ലിത്തിക്' എന്നാൽ
ശില എന്നുമാണ് അർത്ഥം. പ്രാചീനശിലായുഗം വളർച്ച പ്രാപിച്ചത് ഹിമയുഗത്തിലാണ്.
പ്രാചീന ശിലായുഗത്തിലെ മനുഷ്യർ മിനുസപ്പെടുത്താത്ത പരുക്കൻ ശിലായുധങ്ങളാണ്
ഉപയോഗിച്ചിരുന്നത്. കൈകോടാലി, വെട്ടുളി, പിളർപ്പുളി, കൽപ്പാളികൾ എന്നിവയാണ് അവരുടെ
പ്രധാന ശിലായുധങ്ങൾ. ഇന്ത്യയിലെ പ്രാചീന ശിലായുഗമനുഷ്യർ ആയുധങ്ങൾ
നിർമ്മിച്ചിരുന്നത് വെള്ളാരൻ കല്ലുകൊണ്ടാണ്. ഇക്കാരണത്താൽ പുരാവസ്തുശാസ്ത്രജ്ഞർ
അവരെ 'വെള്ളാരൻകല്ലു മനുഷ്യർ' എന്നു
വിശേഷിപ്പിക്കാറുണ്ട്.
മധ്യശിലായുഗം
പ്രാചീന
ശിലായുഗത്തിൽനിന്ന് നവീന ശിലായുഗത്തിലേക്കുള്ള പരിവർത്തനഘട്ടത്തെയാണ് മധ്യശിലായുഗം
എന്നു വിളിക്കുന്നത്. പ്രാചീന - നവീന ശിലായുഗങ്ങൾക്കിടയിലുള്ള ഈ ഘട്ടം ബി.സി.9000 ഓടെയാണ്
ഇന്ത്യയിലാരംഭിച്ചതെന്ന് കരുതപ്പെടുന്നു. മധ്യശിലായുഗത്തിലെ മനുഷ്യർ 'മൈക്രോലിത്തുകൾ' എന്നറിയപ്പെട്ട ചെറു
ശിലായുധങ്ങളാണ് ഉപയോഗിച്ചിരുന്നത്. മൂർച്ചയുള്ള കത്തി, ഏറുകുന്തം,
അമ്പ് എന്നിവയായിരുന്നു അവരുടെ പ്രധാന ആയുധങ്ങൾ. മിക്ക
ആയുധങ്ങൾക്കും ഒരിഞ്ചോളം മാത്രമേ നീളമുണ്ടായിരുന്നുള്ളൂ. അതിനാൽ മരക്കൊമ്പുകളിലോ
എല്ലുകളിലോ ഉറപ്പിച്ചാണ് ഈ ആയുധങ്ങൾ ഉപയോഗിച്ചിരുന്നത്. സ്ഫടികശിലകളുടെ പരന്ന
പാളികളിൽനിന്നാണ് 'മൈക്രോലിത്തുകൾ' നിർമ്മിച്ചത്. .
നവീനശിലായുഗം
ഇന്ത്യയിൽ
നവീനശിലായുഗം ആരംഭിച്ചത് ബി.സി 6000 ലാണെന്ന് കരുതപ്പെടുന്നു. ചെത്തിമിനുക്കിയ ആയുധങ്ങൾ
ഉപയോഗിച്ചുതുടങ്ങി. കല്ലിനെ ഉരച്ച് മിനുസപ്പെടുത്തിയാണ് അവർ ആയുധങ്ങൾ
നിർമ്മിച്ചിരുന്നത്. 'സെൽറ്റ്' എന്നറിയപ്പെടുന്ന
കൈമഴു ആയിരുന്നു അവരുടെ പ്രധാന ആയുധം. മനുഷ്യൻ കൃഷി ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്.
അവർ മൃഗങ്ങളെ ഇണക്കി വളർത്താനും തുടങ്ങി. നാടോടി ജീവിതം ഉപേക്ഷിച്ച് അവർ ഒരിടത്ത്
താമസമാരംഭിച്ചു. ഇതോടെ കാർഷിക ഗ്രാമങ്ങൾ ഉയർന്നുവന്നു. ഈ കാർഷിക സമൂഹങ്ങൾക്ക്
മിചോല്പാദനം നടത്താൻ കഴിഞ്ഞു. മിച്ചം വരുന്ന ധാന്യങ്ങളും മറ്റും
സംഭരിച്ചുവെക്കുന്നതിനായി അവർ മൺപാത്രങ്ങൾ നിർമ്മിച്ചു.
ശിലാ
- താമ്രയുഗം
നവീന
ശിലായുഗത്തിന്റെ അവസാനത്തോടെ ലോഹങ്ങൾ കണ്ടുപിടിക്കുകയും 'ലോഹയുഗം' ആരംഭിക്കുകയും ചെയ്തു. ആദ്യമായി കണ്ടുപിടിച്ച ലോഹം ചെമ്പ് ആയിരുന്നു.
ചെമ്പിന്റെ ഉപയോഗം മനുഷ്യർ ആരംഭിച്ചുവെങ്കിലും ശിലകൾകൊണ്ടുള്ള ആയുധങ്ങളും
ഉപകരണങ്ങളും ഉപേക്ഷിക്കപ്പെട്ടിരുന്നില്ല. അതിനാൽ, ശിലകൾകൊണ്ടും
ചെമ്പുകൊണ്ടുമുള്ള ആയുധങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടത്തെ ശിലാ - താമ്രയുഗം
എന്നുവിളിക്കുന്നു. ശിലാ - താമ്രയുഗത്തിൽ സാങ്കേതികവിദ്യ ഏറെ പുരോഗതി പ്രാപിച്ചിരുന്നു.
ലോഹവിദ്യ അവർക്കു സുപരിചിതമായിരുന്നു. സാങ്കേതികവിദ്യയിലെ മുന്നേറ്റം പ്രത്യേക
തൊഴിലുകളിൽ ഏർപ്പെടാൻ ജനങ്ങളെ സഹായിച്ചു. ശിലാ - താമ്രയുഗത്തിൽ മനുഷ്യർ ആഭരണങ്ങൾ,
ചെമ്പുപാത്രങ്ങൾ, വജ്രാഭരണങ്ങൾ എന്നിവ
നിർമ്മിച്ചിരുന്നു.
വെങ്കല
യുഗം
ചെമ്പിനോടുകൂടി
ഈയമോ നാകമോ ചേർത്ത് കാഠിന്യമുള്ള വെങ്കലം ഉണ്ടാക്കാനുള്ള വിദ്യ കണ്ടെത്തി. ക്രമേണ
മനുഷ്യർ വെങ്കലം ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു.
വെങ്കലത്തിന്റെ ഉപയോഗം വർദ്ധിച്ചപ്പോൾ ആ കാലഘട്ടം വെങ്കലയുഗം എന്നറിയപ്പെടാൻ
തുടങ്ങി.
മൺപാത്രനിർമ്മാണം
നവീനശിലായുഗത്തിലാണ്
മൺപാത്രനിർമ്മാണം ആരംഭിച്ചത്. ഭക്ഷ്യധാന്യങ്ങൾ, പാൽ എന്നിവ സൂക്ഷിക്കുന്നതിനും ഭക്ഷണം
പാകം ചെയ്യുന്നതിനും മൺപാത്രങ്ങൾ ആവശ്യമായിരുന്നു. ആദ്യകാലത്ത് പൂർണ്ണമായും
കൈകൊണ്ടാണ് പാത്രങ്ങൾ നിർമ്മിച്ചത്. ചക്രം കണ്ടുപിടിച്ചതിനുശേഷം മൺപാത്ര
നിർമ്മാണത്തിൽ അത് ഉപയോഗപ്പെടുത്താൻ തുടങ്ങി. ഹരപ്പൻ സൈറ്റുകളിൽ നിന്ന് അനേകം
മൺപാത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മൺപാത്ര നിർമ്മാണം നന്നായി വികാസം
പ്രാപിച്ചിരുന്നുവെന്നും കുശവന്മാർ കരവേലക്കാരിലെ പ്രധാന വിഭാഗമായിരുന്നുവെന്നും
ഇതു സൂചിപ്പിക്കുന്നു. ചക്രമുപയോഗിച്ചാണ് മൺപാത്രങ്ങൾ നിർമ്മിച്ചിരുന്നത്.
ഉൽഖനന
കേന്ദ്രങ്ങളിൽ നിന്ന് കണ്ടെടുക്കുന്ന ഭൗതികാവശിഷ്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട
ഒന്നായിരുന്നു മൺപാത്രങ്ങൾ. മൺപാത്രങ്ങളെ പുരാവസ്തുശാസ്ത്രത്തിന്റെ 'അക്ഷരമാല'യെന്നു വിളിക്കാറുണ്ട്. മൺപാത്രങ്ങളോ അവയുടെ കഷണങ്ങളോ ഒരിക്കലും
നശിക്കാറില്ല. 'തെർമോലൂമിനിസെൻസ്' എന്ന കാലഗണനാരീതി ഉപയോഗിച്ച് അവയുടെ കാലവും നിർണ്ണയിക്കാൻ കഴിയും.
പ്രാചീന ഇന്ത്യയിൽ അധിവസിച്ചിരുന്ന വിവിധ ജനസമൂഹങ്ങളെ വേർതിരിക്കുന്നതിന്
പുരാവസ്തു ശാസ്ത്രജ്ഞന്മാർ മിക്കപ്പോഴും ആധാരമാക്കുന്നത് മൺപാത്രങ്ങളെയാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പല തരത്തിലുള്ള മൺപാത്രങ്ങൾ
കുഴിച്ചെടുത്തിട്ടുണ്ട്. അവയെ നാലായി തരംതിരിക്കാം.
1. കാവി നിറമുള്ള മൺപാത്രങ്ങൾ
ബി.സി
2000 നും 1000 നും മദ്ധ്യേയാണ് കാവിനിറമുള്ള മൺപാത്രങ്ങളുടെ കാലം. ഉത്തരേന്ത്യയിലെ
പലഭാഗങ്ങളിൽനിന്നും ഇത്തരം മൺപാത്രങ്ങൾ കുഴിച്ചെടുത്തിട്ടുണ്ട്. മണൽ കലർന്ന ഒരു
തരം കളിമണ്ണുകൊണ്ടാണ് കാവിനിറമുള്ള മൺപാത്രങ്ങൾ നിർമ്മിച്ചിട്ടുള്ളത്. ഹരപ്പാനന്തര
കാലഘട്ടത്തിൽ ജീവിച്ചിരുന്ന കാർഷിക ജനസമൂഹത്തെയാണ് ഇതു പ്രതിനിധാനം ചെയ്യുന്നത്.
2. കറുപ്പ്-ചുവപ്പ് നിറങ്ങളോടുകൂടിയ മൺപാത്രങ്ങൾ
കറുപ്പ്
- ചുവപ്പ് നിറങ്ങളോടുകൂടിയ മൺപാത്രങ്ങളുടെ കാലം ബി.സി 2400 മുതൽക്കാണ്. ഇത്തരം
മൺപാത്രങ്ങളുടെ ഉൾഭാഗവും പുറമെയുള്ള കഴുത്തുഭാഗവും കറുപ്പ് നിറത്തിലും, അവശേഷിക്കുന്ന
ഭാഗങ്ങൾ ചുവപ്പുനിറത്തിലും ആയിരിക്കും. ഇരുമ്പുസംസ്കരണവിദ്യയിൽ പുരോഗമിച്ച ഒരു
പ്രാചീന ജനസമൂഹത്തെ ഇതു പ്രതിനിധാനം ചെയ്യുന്നു.
3. ചാരനിറമുള്ള വർണ്ണാലംകൃത മൺപാത്രങ്ങൾ
ഏറ്റവും
വ്യാപകമായി ഉപയോഗിച്ചിരുന്നവയാണ് ചാരനിറത്തിലുള്ള വർണ്ണാലംകൃത മൺപാത്രങ്ങൾ.
കറുപ്പ്, കടും ചോക്ലേറ്റ് എന്നീ നിറങ്ങളാണ് ഇത്തരം മൺപാത്രങ്ങൾക്ക്
കൊടുത്തിട്ടുള്ളത്. ഇതുവരെ നാല്പത്തിരണ്ടോളം ഡിസൈനുകളിലുള്ള PGM മൺപാത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും കോപ്പ, തളിക എന്നീ ഇനങ്ങളിലുള്ള പാത്രങ്ങളാണ്. ഇരുമ്പ് ഉപയോഗിച്ചിരുന്ന
മെച്ചപ്പെട്ടൊരു കാർഷിക ജനവിഭാഗവുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു.
4. കറുത്തതും തിളക്കമാർന്നതുമായ മൺപാത്രങ്ങൾ
കറുത്തതും
തിളക്കമാർന്നതുമായ മൺപാത്രങ്ങളുടെ കാലം ബി.സി.800 നും 500 നും മദ്ധ്യേയാണ്. ഇവ
നന്നായി മിനുസപ്പെടുത്തിയവയും സമൃദ്ധമായി അലങ്കരിക്കപ്പെട്ടവയുമാണ്. ഈ മൺപാത്രങ്ങൾ
സമ്പന്നർ മാത്രം ഉപയോഗിച്ചിരുന്നതാണെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ 'രണ്ടാം നഗരവൽക്കരണ'ത്തിന്റെ സൂചനകൾ ഇവയിൽനിന്നു ലഭിക്കുന്നു.
ഇന്ത്യൻ
വാസ്തുവിദ്യ
ഇന്ത്യൻ
വാസ്തുവിദ്യയെപ്പറ്റി ഗവേഷകർക്ക് വിലപ്പെട്ട വിവരങ്ങൾ ലഭിക്കുന്നത് പ്രാചീന ജനത
എല്ല്, മരം,
ശില, ചെമ്പ്, വെങ്കലം,
ഇരുമ്പ് എന്നീ ആയുധോപകരണങ്ങൾ കൊണ്ട് നിർമ്മിച്ചിട്ടുള്ള
പലതരത്തിലുള്ള നിർമിതികളിൽ നിന്നാണ്. ആവാസകേന്ദ്രങ്ങൾ, നഗരങ്ങൾ,
മതിലുകൾ, കോട്ടകൾ, കൊട്ടാരങ്ങൾ, കുളങ്ങൾ, കിണറുകൾ, അണക്കെട്ടുകൾ, ക്ഷേത്രങ്ങൾ, വിഗ്രഹങ്ങൾ, രക്ഷകൾ, ആരാധനാ വസ്തുക്കൾ, ശവക്കല്ലറകൾ തുടങ്ങിയവ നിർമിതികൾക്ക് ഉദാഹരണങ്ങളാണ്.
പ്രാചീന കാലഘട്ടം
ഹരപ്പൻ വാസ്തുവിദ്യ
നഗരത്വമാണ്
ഹരപ്പൻ സംസ്‌കാരത്തിന്റെ മുഖ്യ സവിശേഷത. അതിനാൽ നഗരാസൂത്രണത്തിന് പ്രത്യേക ശ്രദ്ധ
നൽകിയിരുന്നു. ഹരപ്പൻ സംസ്‌കാരം പ്രദർശിപ്പിച്ച ഐക്യരൂപം ഏറ്റവും നന്നായി
പ്രകടമാവുന്നത് നഗരാസൂത്രണത്തിലാണ്. കിലോമീറ്ററുകളുടെ അകലമുണ്ടെങ്കിലും
നഗരങ്ങളെല്ലാം ഏറെക്കുറെ ഒരു നിശ്ചിത പ്ലാൻ അനുസരിച്ചാണ്
നിർമ്മിക്കപ്പെട്ടിട്ടുള്ളത്. നഗരാസൂത്രണം വ്യക്തമായി കാണാവുന്നത് വൻ നഗരങ്ങളായ
ഹരപ്പായിലും മോഹൻജൊദാരോയിലുമാണ്. ഹരപ്പൻ നഗരങ്ങൾക്ക് രണ്ടു ഭാഗങ്ങളുണ്ട്; കോട്ടയും (citadel),
കീഴ്‌പട്ടണവും (lower city). നഗരത്തിന്റെ
പടിഞ്ഞാറുഭാഗത്ത് മണ്ണിഷ്‌ടികകൊണ്ട് നിർമ്മിച്ച ഒരു തറയിലാണ് (platform) 'സിറ്റാഡൽ' അഥവാ കോട്ട സ്ഥിതി ചെയ്യുന്നത്.
മതിലുകളാൽ സംരക്ഷിക്കപ്പെട്ട ഒരു ഉയർന്ന ഭാഗമാണ് കോട്ട. ഇവിടെ വലിയ കെട്ടിടങ്ങൾ
കാണപ്പെടുന്നു. ഇവ ഭരണകേന്ദ്രങ്ങളായിരുന്നുവെന്നും ഭരണവർഗ്ഗത്തിൽപ്പെടുന്നവർ ഈ
പൊതു കെട്ടിടങ്ങളിലാണ് താമസിച്ചിരുന്നതെന്നും അഭിപ്രായങ്ങളുണ്ട്. കോട്ടയ്ക്കു
പുറത്തുള്ള കീഴ്‌പട്ടണം ജനങ്ങൾ താമസിക്കുന്ന പ്രദേശമായിരുന്നു. ഈ പട്ടണങ്ങൾക്ക്
ശരാശരി ഒരു ചതുരശ്രമൈൽ വിസ്‌തീർണ്ണമുണ്ട്. കീഴ്‌പട്ടണത്തിലെ വീടുകൾ
നിർമ്മിച്ചിരുന്നത് 'ഗ്രിഡ് വ്യവസ്ഥ'യനുസരിച്ചാണ്. ഇതുപ്രകാരം റോഡുകൾ അങ്ങോട്ടുമിങ്ങോട്ടും മുറിച്ചുകടന്നത്
മട്ടകോണിലാണ്. ഇങ്ങനെ പട്ടണം സമചതുരത്തിലോ ദീർഘചതുരത്തിലോ ഉള്ള അനേകം
ബ്ലോക്കുകളായി വിഭജിക്കപ്പെട്ടു. ഈ പട്ടണത്തിലെ തെരുവോരങ്ങളിലാണ് നഗരവാസികളുടെ
വസതികൾ സ്ഥിതി ചെയ്തിരുന്നത്. ഓരോ പാതവക്കിലും ഒരു പൊതുകിണർ ഉണ്ടായിരുന്നു.
വസതികൾ
(Dwelling Houses)
നഗരവാസികൾക്കു
താമസിക്കാനുള്ള വസതികൾ കീഴ്‌പട്ടണത്തിലാണ് നിർമ്മിച്ചിരുന്നത്. ചുടുകട്ടകൾ
കൊണ്ടാണ് വീടുകൾ പണികഴിപ്പിച്ചത്. പല വലിപ്പത്തിലുള്ള വീടുകൾ ഉണ്ടായിരുന്നു.
ഒറ്റമുറിയുള്ള വീടുകൾ മുതൽ പന്ത്രണ്ട് മുറികളും വിശാലമായ മുറ്റവും ഉള്ള വലിയ
വീടുകൾവരെ ഉണ്ടായിരുന്നു. കോണിപ്പടികളുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നത് ഹരപ്പയിൽ
ഇരുനില വീടുകളും ഉണ്ടായിരുന്നു എന്നാണ്. വീടുകൾക്കെല്ലാം ഒരേ പ്ലാനാണ് -
സമചതുരത്തിലുള്ള ഒരു നടുമുറ്റവും അതിനുചുറ്റും നിരവധി മുറികളും. വീട്ടിലേക്കുള്ള
പ്രവേശനം ഇടവീഥിയിൽനിന്നു മാത്രം സാധ്യമാക്കുന്ന രീതിയിലാണ് വാതിൽ നിർമ്മിച്ചിരുന്നത്.
വാതിലുകളും ജനാലകളും നടുമുറ്റത്തേക്ക് തുറക്കുന്നവയായിരുന്നു. തെരുവിനെ
അഭിമുഖീകരിച്ചുകൊണ്ടുള്ള വാതിലുകളും ജനാലകളും അപൂർവ്വമായിരുന്നു. മിക്ക
വീടുകൾക്കും അതിന്റേതായ കിണറുകളും,
കുളിമുറികളും കക്കൂസുകളും ഉണ്ടായിരുന്നു. വീടുകളിൽനിന്ന് മലിനജലം
തെരുവോടകളിലേക്ക് ഒഴുക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരുന്നു. അടുത്തടുത്താണ്
വീടുകൾ നിർമ്മിച്ചിരുന്നത്. രണ്ടു വീടുകൾക്കിടയിലെ ശൂന്യസ്ഥലം ഇഷ്‌ടികയിട്ട്
നിരത്തിയിരുന്നു. പണിക്കാരുടെ വീടുകളുടെ അവശിഷ്‌ടങ്ങൾ ഹരപ്പയിലും മോഹൻജൊദാരോയിലും
കണ്ടെത്തിയിട്ടുണ്ട്. രണ്ടുമുറികൾ മാത്രമുള്ള ഈ ചെറിയ വീടുകളെ "കൂലി
ലൈനുകൾ" എന്നാണ് പുരാവസ്തു ഗവേഷകർ വിശേഷിപ്പിക്കുന്നത്. കീഴ്‌പട്ടണത്തിൽ
ലോഹപണിക്കാർ, ചിപ്പികൊണ്ടുള്ള ആഭരണ നിർമ്മാതാക്കൾ,
മണിമാല നിർമ്മിക്കുന്നവർ എന്നിവരുടെ ധാരാളം കടകളും
ഉണ്ടായിരുന്നു.
അഴുക്കുചാൽ
സമ്പ്രദായം (Drainage
system)
ഹരപ്പൻ
നഗരങ്ങളിലെ അഴുക്കുചാൽ സംവിധാനം ആധുനിക പട്ടണങ്ങളെപ്പോലും
അതിശയിപ്പിക്കുന്നതായിരുന്നു. മൊത്തം നഗരത്തിന് പൊതുവായ ഒരു അഴുക്കുചാൽ സമ്പ്രദായം
ഉണ്ടായിരുന്നു. നഗരങ്ങളിലെ പ്രധാന തെരുവുകളിലെല്ലാം അഴുക്കുചാലുകൾ
നിർമ്മിച്ചിരുന്നു. ഓടകളെ ചിലയിടങ്ങളിൽ ഇഷ്ടിക ഉപയോഗിച്ചും മറ്റു ചിലയിടങ്ങളിൽ
കൽപ്പാളികൾ ഉപയോഗിച്ചും മൂടിയിരുന്നു. മലിനജലം വാർന്നുവീഴുന്നതിനുള്ള വൻകുഴികളും (soak pits) ഓടകളിലെ
തടസ്സങ്ങൾ നീക്കുന്നതിനുള്ള ആൾത്തുളകളും കൊണ്ട് ഓടകൾ സജ്ജീകരിക്കപ്പെട്ടിരുന്നു.
വീടുകളിലെ ഓടകളെ തെരുവിലെ ഓടകളുമായി ബന്ധിപ്പിച്ചിരുന്നു. ഹരപ്പൻ നഗരങ്ങളിലെ
അഴുക്കുചാൽ സമ്പ്രദായം അസാധാരണമാണ്. ആരോഗ്യത്തിനും ശുചിത്വത്തിനും ഹരപ്പൻ ജനത
നൽകിയ അതീവ ശ്രദ്ധയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. മറ്റൊരു വെങ്കലയുഗ സംസ്കാരവും
ഇതുപോലെ കാര്യക്ഷമവും വിജയപ്രദവുമായൊരു അഴുക്കുചാൽ പദ്ധതി ആവിഷ്കരിച്ചിട്ടില്ല. ഹരപ്പൻ
നഗരങ്ങളിൽ ഒരു നഗരഭരണം ഉണ്ടായിരുന്നുവെന്ന് ഇതു സൂചിപ്പിക്കുന്നു. ഹരപ്പരുടെ
എഞ്ചിനിയറിങ്ങ് വൈദഗ്ദ്ധ്യവും ഇതു പ്രകടമാക്കുന്നുണ്ട്. നമുക്കെല്ലാം ഒരു
മാതൃകയായി സ്വീകരിക്കാൻ കഴിയുംവിധം മഹത്തരമായിരുന്നു അവരുടെ അഴുക്കുചാൽ സമ്പ്രദായം
വലിയ
കുളിപ്പുര (The
Great Bath)
മോഹൻജൊദാരോയിലെ
ഏറ്റവും ശ്രദ്ധേയമായ ഒരു പൊതുകെട്ടിടം വലിയ കുളിപ്പുരയാണ്. അവിടത്തെ 'കോട്ട'യ്ക്കുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ കുളിപ്പുരയുടെ മുഖ്യഭാഗം
മധ്യഭാഗത്തുള്ള ഒരു തുറന്ന കുളമാണ്. ഈ കുളത്തിന് 11.7
മീറ്റർ നീളവും 6.9 മീറ്റർ വീതിയും 2.4 മീറ്റർ ആഴവുമുണ്ട്. കുളത്തിലേക്ക് ഇറങ്ങുന്നതിന് രണ്ടു ഭാഗങ്ങളിൽ
(വടക്കും, തെക്കും) പടവുകളുണ്ട്. കുളത്തിനു ചുറ്റുമായി
വസ്ത്രം മാറുന്നതിനുള്ള മുറികളും കാണാം. ഒരു മുറിയിലെ വലിയ കിണറിൽനിന്നാണ്
കുളത്തിലേക്കുള്ള വെള്ളം കൊണ്ടുവന്നിരുന്നത്. കുളത്തിലെ വെള്ളം അഴുക്കുചാലിലേക്ക്
ഒഴുക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നു. അനുഷ്ഠാനപരമായ സ്‌നാനത്തിനുവേണ്ടിയാണ്
വലിയ കുളിപ്പുര നിർമ്മിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ ഏതു മത
ചടങ്ങിലും സ്‌നാനം വളരെ പ്രധാനപ്പെട്ടതാണല്ലോ. രാജാക്കന്മാരോ പുരോഹിതന്മാരോ ആണ്
വലിയ കുളിമുറി ഉപയോഗിച്ചിരുന്നതെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. ഹരപ്പയുടെ
എഞ്ചിനിയറിംഗ് വൈദഗ്ദ്ധ്യത്തിന്റെ നിദർശനമായാണ് പലരും ഈ കുളിപ്പുരയെ കാണുന്നത്.
ധാന്യപ്പുരകൾ
(Granaries)
ഹരപ്പൻ
നഗരങ്ങളിൽ ധാന്യപ്പുരകൾ ഉണ്ടായിരുന്നു. മോഹൻജൊദാരോയിലെ ഏറ്റവും വലിയ കെട്ടിടം
അവിടത്തെ ധാന്യപ്പുരയാണ്. ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച 27 ബ്ലോക്കുകളായി
അതിനെ വേർത്തിരിച്ചിട്ടുണ്ട്. ഹരപ്പയിൽ ആറു ധാന്യപ്പുരകളുടെ രണ്ടു നിരകളുണ്ട്.
ചുടുകട്ടകൾ കൊണ്ട് പണിതുയർത്തിയിട്ടുള്ള വലിയ ഫ്ളാറ്റുഫോമുകളിലാണ് ഇവ
ഉറപ്പിച്ചിരിക്കുന്നത്. ഹരപ്പയിലെ ധാന്യപ്പുരകൾ കോട്ടയ്ക്കപുറത്ത് നദീതീരത്താണ്
നിർമ്മിച്ചിട്ടുള്ളത്. ബോട്ടുകൾ വഴി ധാന്യമെത്തിക്കാനും വിതരണം ചെയ്യാനുമുള്ള
സൗകര്യത്തിനു വേണ്ടിയാണ് ഈ സ്ഥാനം തെരഞ്ഞെടുത്തത്. ധാന്യപ്പുരകളുടെ പുറംചുമരുകളിൽ
ത്രികോണാകൃതിയിൽ ദ്വാരങ്ങളിട്ട് വെന്റിലേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ധാന്യപ്പുരകളുടെ തെക്കുഭാഗത്ത് ധാന്യങ്ങൾ മെതിക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള
വൃത്താകൃതിയിലുള്ള ഇഷ്ടികത്തറകൾ കാണാം. നഗരവാസികൾക്കാവശ്യമായ ഗോതമ്പ്, ബാർലി തുടങ്ങിയവ ധാന്യപ്പുരകളിലാണ് സൂക്ഷിച്ചിരുന്നത്. ഭൂനികുതിയായി
പിരിച്ചെടുത്തതായിരിക്കാം ഈ ധാന്യങ്ങൾ.
അസംബ്ളി
ഹാളും ബലിപീഠവും
മോഹൻജൊദാരയിൽ
കാണുന്ന മറ്റൊരു പൊതു കെട്ടിടമാണ് അസംബ്ളി ഹാൾ. നാലു നിരകളായി ഇഷ്ടികത്തറയുടെ
മുകളിൽ മരംകൊണ്ടുള്ള തൂണുകൾ പണിതുയർത്തിയാണ് ഇതു നിർമ്മിച്ചിട്ടുള്ളത്. അസംബ്ളി
ഹാളിൽ മുറികളുടെ ഒരു നിര തന്നെയുണ്ട്. അതിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു പുരുഷ
പ്രതിമയെയും കാണാം. കാളിബംഗനിൽ 'അഗ്നികുണ്ഠം' അഥവാ 'ബലിപീഠം'
കണ്ടെത്തുകയുണ്ടായി. നിരയായി നിർമ്മിക്കപ്പെട്ട ഇഷ്‌ടികത്തറകൾ
അവിടെ കണ്ടെത്തിയിരുന്നു. അവയിലൊന്നിൽ ബലിപീഠങ്ങളുടെ ഒരു നിര തന്നെയുണ്ടായിരുന്നു.
ഒപ്പം മൃഗങ്ങളുടെ അസ്ഥികളും മാൻകൊമ്പുകളും അടങ്ങുന്ന ഒരു കുഴിയും കണ്ടെത്തുകയുണ്ടായി.
ബുദ്ധമതത്തിന്റെ
വാസ്തുവിദ്യ
ഇന്ത്യയിലെ
വാസ്‌തുശില്‌പം, ശില്‌പകല, ചിത്രകല എന്നിവയുടെ വളർച്ചക്കും
ബുദ്ധമതം സംഭാവനയേകി. അശോക സ്തംഭങ്ങളും, സാഞ്ചി, സാരനാഥ്, നളന്ദ, അമരാവതി,
എല്ലോറ എന്നിവിടങ്ങളിലെ സ്തൂപങ്ങളും ബൗദ്ധ വാസ്‌തുവിദ്യയുടെ
ഏറ്റവും മികച്ച മാതൃകകളാണ്. കരിങ്കൽ പാറകൾ തുരന്ന് നിർമ്മിച്ച വിഹാരങ്ങളും
ചൈത്യങ്ങളും ഏറെ പ്രസിദ്ധമാണ്. സാരനാഥ് സ്തംഭത്തിലെ സിംഹങ്ങളുടെ ശില്‌പവും,
ബർഹട്ട്, ഗയ, സാഞ്ചി
എന്നിവിടങ്ങളിലെ കവാടങ്ങളിലുള്ള കൊത്തുപണികളും ബൗദ്ധകലയുടെ മികച്ച ഉദാഹരണങ്ങളാണ്.
ഇന്ത്യയിലാദ്യമായി ആരാധിക്കപ്പെട്ട മനുഷ്യവിഗ്രഹങ്ങൾ ബുദ്ധന്റെതാണ്. കുഷാനന്മാരുടെ
കാലത്ത് ഇവിടെ വളർന്നുവന്ന ഗാന്ധാരകലയും ബുദ്ധമതത്തിന്റെ സ്വാധീനം
പ്രകടമാക്കുന്നു. അജന്തയിലേയും ബാഗിലെയും ചുവർചിത്രങ്ങൾ ബൗദ്ധചിത്രകലയുടെ ഉത്തമ
മാതൃകകളാണ്. സാരനാഥ് സ്‌തംഭത്തിലെ അശോകചക്രമാണ് നമ്മുടെ ദേശീയപതാകയിലെ ചിഹ്നമായി
സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ ബുദ്ധമതത്തിനുള്ള പ്രസക്തിയിലേക്ക് ഇതു
വിരൽചൂണ്ടുന്നു.
ജൈനരുടെ വാസ്തുവിദ്യ
കല, ശില്പകല, വാസ്തുശില്‌പകല എന്നീ മേഖലകളിൽ ജൈനമതം അവിസ്‌മരണീയമായ സംഭാവനകൾ
നൽകിയിട്ടുണ്ട്. തീർത്ഥങ്കരന്മാരുടേയും ഭിക്ഷുക്കളുടേയും മനോഹരമായ അനേകം പ്രതിമകൾ
അവർ കല്ലിൽ കൊത്തിയുണ്ടാക്കി. രാജസ്ഥാൻ, മധ്യപ്രദേശ്
തുടങ്ങിയ സ്ഥലങ്ങൾ ജൈനരുടെ ശില്‌പകലയാൽ സമ്പന്നമാണ്. ശ്രാവണ ബെൽഗോളയിലും
കാരക്കലിലും ഉള്ള ഗോമതേശ്വരന്റെ ഭീമാകാര പ്രതിമകൾ ഭാരതീയ ശില്‌പകലയിലെ അത്ഭുതമായി
ഇന്നും നിലനിന്നുപോരുന്നു. പാറ തുരന്നുള്ള പല ഗുഹാക്ഷേത്രങ്ങളും ജൈനർ
നിർമ്മിക്കുകയുണ്ടായി. ഒറീസ്സയിലെ ഉദയഗിരിയിലുള്ള ഹാഥിഗുംഭ ഗുഹകൾ ഈ ശൈലിയിൽ
നിർമ്മിക്കപ്പെട്ടവയാണ്. ജൂനഗഢ്, ഒസ്മനാബാദ് തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ഗുഹാക്ഷേത്രങ്ങൾ കാണാം.
രാജസ്ഥാനിലെ മൗണ്ട് അബുവിലുള്ള ദിൽവാര ക്ഷേത്രം ജൈനരുടെ വാസ്‌തുവിദ്യാ മികവിന്റെ
പൂർണ്ണത പ്രകാശിപ്പിക്കുന്നുണ്ട്. ജൈനർ പണിതുയർത്തിയിട്ടുള്ള സ്‌തൂപങ്ങളും സ്‌തംഭങ്ങളും
ജൈന കലയുടെ മികവ് പ്രദർശിപ്പിക്കുന്നു. സന്യാസിമാരുടെ ബഹുമാനാർത്ഥമാണ് സ്തൂപങ്ങൾ
നിർമ്മിച്ചിരുന്നത്. ഉദയഗിരി, എല്ലോറ, ഖജൂരാഹോ എന്നിവിടങ്ങളിലും ജൈന കലയുടെ മാതൃകകൾ കാണാം.
മൗര്യന്മാരുടെ
വാസ്തുശില്പം
ഇന്ത്യൻ
കലയെ സംബന്ധിച്ചിടത്തോളം മൗര്യൻ കാലഘട്ടം ഒരു വലിയ നാഴികക്കല്ലായിരുന്നു.
മൗര്യന്മാർ സംഘടിത കലാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. മൗര്യൻ
ചക്രവർത്തിമാരെല്ലാം വലിയ കലാപ്രോത്സാഹകരായിരുന്നു. ചന്ദ്രഗുപ്‌തമൗര്യൻ തടികൊണ്ട്
പലതരം കെട്ടിടങ്ങൾ നിർമ്മിച്ചിരുന്നു. അശോകന്റെ കാലത്ത് ശിലകൊണ്ട് ഉയർന്ന
മേന്മയുള്ള അനേകം സ്‌മാരകങ്ങൾ നിർമ്മിക്കപ്പെടുകയുണ്ടായി.
മൗര്യ
കാലഘട്ടത്തിൽ മുഖ്യമായും നാലുതരത്തിലുള്ള കലാശില്‌പങ്ങളാണ് ഉണ്ടായിരുന്നത്.
(1) സ്‌തംഭങ്ങൾ
(2) സ്‌തൂപങ്ങൾ
(3) കൊട്ടാരങ്ങൾ
(4) ഗുഹകൾ
മൗര്യൻ
കലയുടെ ഏറ്റവും മികച്ച മാതൃക അവരുടെ ശിലാസ്തംഭങ്ങളാണ് (pillars). അവ
ഒറ്റക്കല്ലിൽ കൊത്തിയെടുത്തവയാണ്. രണ്ടുതരത്തിലുള്ള കല്ലുകൾകൊണ്ടാണ് അവ
നിർമ്മിച്ചിരിക്കുന്നത്. (1) ചുവപ്പും വെളുപ്പും നിറമുള്ള
മണൽക്കല്ലുകൊണ്ട് (2) ഇളം മഞ്ഞനിറമുള്ള മണൽക്കല്ലുകൊണ്ട്.
ഒരു സ്തംഭത്തിന് മൂന്നു ഭാഗങ്ങളുണ്ട്: തറയ്ക്കു കീഴെയുള്ള താങ്ങ്, തൂണ്, മകുടം. ചില സ്തംഭങ്ങളുടെ തറയിൽ
ചിത്രങ്ങൾ കൊത്തിവെച്ചിട്ടുണ്ട് (ഉദാ:മയിലിന്റെ ചിത്രം). തൂണ് ഒറ്റക്കല്ലിൽ
നിർമ്മിച്ചതാണ്. മകുടത്തിൽ (capital) ഒന്നോ അതിലധികമോ
ചിത്രങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. സിംഹം, ആന, കാള, ധർമ്മചക്രം, താമര
എന്നിവയുടെ ചിത്രങ്ങളാണ് കാണപ്പെടുന്നത്. ശിലാസ്തംഭങ്ങളിൽ ഏറ്റവും മികച്ചത്
സാരാനാഥിലെയാണ്. സാരാനാഥ് സ്‌തംഭത്തിന്റെ മകുടത്തിൽ പുറംതിരിഞ്ഞിരിക്കുന്ന നാലു
സിംഹങ്ങളുടെ രൂപമുണ്ട്. ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ ചിഹ്നമായി
സ്വീകരിച്ചിട്ടുള്ളത് ഈ രൂപത്തെയാണ്.
കല്ലുകൊണ്ടോ
ഇഷ്ട്ടികകൊണ്ടോ സ്‌തംഭരൂപാകൃതിയിൽ നിർമ്മിക്കപ്പെട്ടവയാണ് സ്‌തൂപങ്ങൾ. അതിനു
ചുറ്റുമായി കല്ലുകൊണ്ടോ ഇഷ്ടികകൊണ്ടോ നിർമ്മിച്ച ഒരു കൈവരിയുണ്ടാകും. ഇവയിൽ
മനോഹരമായ കൊത്തുപണികളും ഒരു കവാടവുമുണ്ട്. സ്‌തൂപത്തിന്റെ നിറുകയിൽ ഒരു സ്തംഭവും
മകുടവും ഉണ്ടാരിക്കും. ബുദ്ധന്റെയും ബൗദ്ധ സന്യാസിമാരുടെയും സ്‌മാരകങ്ങൾ പ്രതിഷ്‌ഠിക്കുന്നതിനുവേണ്ടിയാണ്
സ്‌തൂപങ്ങൾ പണികഴിപ്പിച്ചത്. അതിനാൽ സ്‌തൂപങ്ങൾക്ക് മതപരമായ വിശുദ്ധി
ലഭിച്ചിരുന്നു. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലുമായി അസംഖ്യം സ്തൂപങ്ങൾ അശോകൻ
സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ സാഞ്ചിയിലെ സ്‌തൂപം (ഭോപ്പാലിനടുത്ത്) അതിമനോഹരമായ
കലാസൃഷ്‌ടിയാണ്.
അശോകന്റെ
ഭരണകാലത്ത് അനേകം കൊട്ടാരങ്ങൾ നിർമ്മിക്കപ്പെടുകയുണ്ടായി. പാടലിപുത്രത്തിലെ
കൊട്ടാരത്തിന്റെ പ്രൗഢിയെ വിദേശീയർപോലും വാഴ്ത്തിയിട്ടുണ്ട്. ഈ കൊട്ടാരം 'അമാനുഷ കരങ്ങളുടെ'
സൃഷ്‌ടിയാണെന്നാണ് ഫാഹിയാൻ പറയുന്നത്. പാടലിപുത്രത്തിലെ
കൊട്ടാരത്തിന്റെയും നഗരത്തിന്റേയും നിർമ്മാണത്തിൽ അക്കേമീനിയൻ സംസ്‌കാരത്തിന്റെ
സ്വാധീനം പതിഞ്ഞു കാണുന്നുണ്ട്. പാടലിപുത്രത്തിലെ 'നൂറു
തൂണുകളുള്ള ഹാൾ' മൗര്യൻ കെട്ടിടനിർമ്മാണകലയുടെ മറ്റൊരു മികച്ച
ഉദാഹരണമാണ്. ഭിക്ഷുകൾക്ക് താമസിക്കാനായി പാറകൾ തുരന്ന് മനോഹരമായ അനേകം ഗുഹകൾ
ഇക്കാലത്ത് നിർമ്മിക്കുകയുണ്ടായി. ഗുഹകളുടെ ഉൾഭാഗത്തുള്ള ചുമരുകൾ കണ്ണാടിപോലെ
മിനുസപ്പെടുത്തിയിരുന്നു. ഗയയുടെ അടുത്തുള്ള നാഗാർജ്ജുന-ബരാബർ കുന്നുകളിൽ
അത്തരത്തിലുള്ള നിരവധി ഗുഹകൾ കാണാം. ലാളിത്യവും സ്ഥൂലതയുമാണ്
മൗര്യൻ കലയുടെ രണ്ടു പ്രധാന സവിശേഷതകൾ. മൗര്യൻ ചക്രവർത്തിമാരുടെ
അധികാരത്തെക്കുറിച്ചും പ്രതാപത്തെക്കുറിച്ചും ജനങ്ങളിൽ മതിപ്പുളവാക്കുക
എന്നതായിരുന്നു മൗര്യൻ കലയുടെ പ്രധാന ലക്ഷ്യം. മൗര്യൻ കലയ്ക്ക് സാമൂഹ്യമായ
വേരുകളുണ്ടായിരുന്നില്ല. അതിനാൽ പിൽക്കാലത്ത് ഇന്ത്യയിലുണ്ടായ കലാപരമായ വികസനങ്ങളെ
സ്വാധീനിക്കുന്നതിൽ അതു പരാജയപ്പെട്ടു.
ഗുപ്തന്മാരുടെ വാസ്‌തുവിദ്യ
ഗുപ്തരാജാക്കന്മാർ
വാസ്‌തുവിദ്യയെ പ്രോത്സാഹിപ്പിച്ചിരുന്നു. നിരവധി ക്ഷേത്രങ്ങളും വിഹാരങ്ങളും
സ്ഥാപനങ്ങളും സ്‌തംഭങ്ങളും അവർ പണികഴിപ്പിച്ചു. ഇവയിൽ കല്ലുകൊണ്ടു നിർമ്മിച്ച
കെട്ടിടങ്ങൾ വിദേശാക്രമണങ്ങളെപ്പോലും അതിജീവിക്കുകയുണ്ടായി. ഗുപ്തക്ഷേത്രങ്ങൾ
തദ്ദേശീയ ശൈലിയിലാണ് നിർമ്മിക്കപ്പെട്ടിരുന്നത്. ചതുരാകൃതിയിലുള്ള ഒരു ഗർഭഗൃഹവും
(പ്രതിഷ്ഠാമുറി) അതിനു മുന്നിലായി മനോഹരമായി അലങ്കരിച്ച തൂണുകളോടുകൂടിയ ഒരു
മണ്ഡപവും ക്ഷേത്രങ്ങളിൽ ഉണ്ടായിരുന്നു. ക്ഷേത്രത്തിന്റെ പുറം ചുവരുകൾ
അലങ്കരിക്കപ്പെട്ടിരുന്നില്ല. ക്ഷേത്രനിർമ്മാണത്തിന് മൺകട്ടകൾക്കുപകരം
കല്ലുപയോഗിക്കുന്ന രീതി ഇക്കാലത്താണ് പ്രചാരം നേടിയത്. ഉയർന്ന പ്ളാറ്റ് ഫോമിലാണ്
ക്ഷേത്രം പണിതുയർത്തിയിരുന്നത്. ഗുപ്‌തകാലത്തെ ക്ഷേത്രങ്ങൾ ലളിതവും
ആകർഷണീയവുമായിരുന്നു. വാസ്‌തുശില്‌പകലയുടെ യാതൊരു ഗാംഭീര്യവും അതിന്
അവകാശപ്പെടാനില്ല. അക്കാലത്തെ പ്രധാന ക്ഷേത്രങ്ങൾ താഴെപ്പറയുന്നവയാണ്.
(1) ദശാവതാരക്ഷേത്രം : ഝാൻസി
(2) ശിവക്ഷേത്രം : പ്രൂമര
(3) പാർവ്വതിക്ഷേത്രം : നച്ച്‌ന
(4) വിഷ്‌ണുക്ഷേത്രം : ജബൽപ്പൂർ
(5) ഭിത്തർഗാവിലെ ക്ഷേത്രം : കാൺപൂർ (ഇഷ്‌ടികക്ഷേത്രം)
ക്ഷേത്ര വാസ്തുവിദ്യ
ഇന്ത്യയിൽ
രണ്ടുതരം ക്ഷേത്ര വാസ്തുശില്പ ശൈലികളാണ് ഉണ്ടായിരുന്നത്. നഗര ശൈലിയും ദ്രാവിഡ
ശൈലിയും. ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങൾ നഗരശൈലിയിലും ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങൾ
ദ്രാവിഡ ശൈലിയിലുമാണ് നിർമ്മിച്ചിട്ടുള്ളത്.
ഉത്തരേന്ത്യൻ
ക്ഷേത്രവാസ്തുവിദ്യ
ഉത്തരേന്ത്യയിലെ
ക്ഷേത്രങ്ങൾ നഗരശൈലിയിലാണ് നിർമ്മിച്ചിട്ടുള്ളത്. മുകളിലേക്ക് ചെരിഞ്ഞുപോയി ഒരു
ബിന്ദുവിൽ അവസാനിക്കുന്ന ഗോപുരം,
കുരിശാകൃതിയിലുള്ള ക്ഷേത്ര പ്ലാൻ, അതിർത്തിച്ചുമരുകളുടെ
അഭാവം എന്നിവയാണ് നഗരമാതൃകയിലുള്ള വാസ്തുവിദ്യയുടെ പ്രധാന സവിശേഷതകൾ.
ചുറ്റുമതിലുകളോ അതിർത്തി ചുമരുകളോ നഗര ശൈലിയ്ക്ക് ഉണ്ടായിരുന്നില്ല.
ദക്ഷിണേന്ത്യൻ
ക്ഷേത്രവാസ്തുവിദ്യ
ദക്ഷിണേന്ത്യയിലെ
ഭരണാധികാരികൾ കലയെയും വാസ്തുവിദ്യയെയും പ്രോത്സാഹിപ്പിച്ചിരുന്നു. ധാരാളം
ക്ഷേത്രങ്ങൾ അവർ പണികഴിപ്പിച്ചു. ക്ഷേത്രങ്ങൾ ആരാധനാലയങ്ങൾ മാത്രമല്ല, ജനങ്ങളുടെ
സാമൂഹിക-മതപര-സാംസ്‌കാരിക-സാമ്പത്തിക-രാഷ്ട്രീയ ജീവിതത്തിന്റെ കേന്ദ്രങ്ങൾ
കൂടിയായിരുന്നു. ദക്ഷിണേന്ത്യയിൽ പ്രചാരത്തിലിരുന്ന ക്ഷേത്രനിർമ്മാണ ശൈലി ദ്രാവിഡ
ശൈലി എന്നറിയപ്പെടുന്നു. ഈ രീതിയിലുള്ള ക്ഷേത്രങ്ങൾ ഏറെക്കുറെ ദക്ഷിണേന്ത്യയിൽ
ഒതുങ്ങിനിന്നതുകൊണ്ടാണ് അതിനെ ദ്രാവിഡം എന്നു വിളിക്കുന്നത്. ദ്രാവിഡ ശൈലിയുടെ
പ്രധാന സവിശേഷതകളെ ഇങ്ങനെ സംഗ്രഹിക്കാം.
• ഗർഭഗൃഹത്തിനു (മുഖ്യ പ്രതിഷ്ഠാഗൃഹം) മുകളിൽ പല നിലകൾ പടുത്തുയർന്നതാണ്
ഇതിന്റെ പ്രധാന സവിശേഷത. അഞ്ചുമുതൽ ഏഴുവരെ നിലകളുണ്ടായിരിക്കും. ശിഖരങ്ങൾ എന്നാണ്
അവയെ വിളിക്കുന്നത്. ഈ നിലകളുടെ (ശിഖരങ്ങൾ) സവിശേഷ രീതിയെ 'വിമാന'രീതി എന്നു വിളിക്കുന്നു.
• ശ്രീ കോവിലിനു മുമ്പിൽ കൊത്തുപണികളോടുകൂടിയ ധാരാളം തൂണുകളും പരന്ന
മേൽക്കൂരയുമുള്ള ഒരു മണ്ഡപം ഉണ്ടായിരുന്നു.
• ഭക്തർക്ക് പ്രദക്ഷിണം ചെയ്യുന്നതിന് ശ്രീകോവിലിനു ചുറ്റും ചിലപ്പോൾ
പ്രദക്ഷിണ വഴികൾ നിർമ്മിച്ചിരുന്നു. പ്രദക്ഷിണവഴിയിൽ ഉപദേവന്മാരുടെ രൂപങ്ങൾ
പ്രതിഷ്ഠിച്ചിരുന്നു.
• ക്ഷേത്രാങ്കണത്തിന്റെ ചുറ്റുമതിലുകളിൽ ഉയർന്ന കവാടങ്ങൾ
സ്ഥാപിച്ചിരുന്നു. അവ ഗോപുരങ്ങൾ എന്നറിയപ്പെട്ടു.
• ദ്രാവിഡശൈലിയെ പല്ലവശൈലി, ചോളശൈലി, പാണ്ഡ്യശൈലി, വിജയനഗരം ശൈലി, മധുരശൈലി എന്നിങ്ങനെ അഞ്ചായി തരംതിരിച്ചിട്ടുണ്ട്.
ദ്രാവിഡ
ശൈലിയിലുള്ള ക്ഷേത്ര വാസ്തുവിദ്യ ആരംഭിച്ചത് പല്ലവ കാലത്താണ്. ചോളന്മാരുടെ കാലത്ത്
അത് വളർച്ചയുടെ ഉച്ചഘട്ടത്തിലെത്തുകയും ചെയ്തു.
പല്ലവന്മാരുടെ
വാസ്തുവിദ്യ
വാസ്തുവിദ്യയിലെ
ദ്രാവിഡരീതിക്ക് ജന്മം നൽകിയത് പല്ലവന്മാരാണ്. എ.ഡി. ഏഴാം നൂറ്റാണ്ടുമുതൽ പല്ലവന്മാർ
ക്ഷേത്രനിർമ്മാണം ആരംഭിച്ചിരുന്നു. പല്ലവക്ഷേത്രങ്ങളെ പൊതുവെ രണ്ടായി തിരിക്കാം: (1) പാറ
തുരന്നുണ്ടാക്കിയ ക്ഷേത്രങ്ങൾ (2) കല്ലുകൊണ്ട് കെട്ടി
നിർമ്മിച്ച ക്ഷേത്രങ്ങൾ. മഹാബലിപുരത്തെ ഏഴു'രഥ' ക്ഷേത്രങ്ങൾ പാറതുരന്നുണ്ടാക്കിയ
ക്ഷേത്രങ്ങൾക്ക് ഏറ്റവും നല്ല മാതൃകയാണ്. ഏഴാം നൂറ്റാണ്ടിൽ നരസിംഹവർമ്മൻ
ഒന്നാമനാണ് ഇതു നിർമ്മിച്ചത്. ഇവയിൽ ഏറ്റവും പ്രസിദ്ധമായത് “പഞ്ചപാണ്ഡവ രഥങ്ങളാ”ണ്. പഞ്ചപാണ്ഡവ രഥങ്ങളിൽ വലുത്
ധർമ്മരാജ രഥമാണ്. കല്ലുകൊണ്ട് നിർമ്മിച്ച ക്ഷേത്രങ്ങളിൽ രണ്ടെണ്ണം വളരെയധികം
പ്രാധാന്യമർഹിക്കുന്നു: മഹാബലിപുരത്തെ 'കടൽത്തീരക്ഷേത്രവും',
കാഞ്ചിയിലെ 'കൈലാസനാഥ ക്ഷേത്രവും'.
ശിവന് സമർപ്പിതമായ കടൽത്തീരക്ഷേത്രം നിർമ്മിച്ചത് രാജസിംഹനാണ്.
പല്ലവക്ഷേത്രങ്ങളിൽ ഏറ്റവും വലുത് കൈലാസനാഥ ക്ഷേത്രമാണ്. കാഞ്ചിയിലെ
വൈകുണ്ഠപെരുമാൾ ക്ഷേത്രവും ഏറെ പ്രസിദ്ധമാണ്. പല്ലവകാലത്ത് നാലു പ്രത്യേക
ക്ഷേത്രശില്‌പകലാരീതികൾ രൂപംകൊണ്ടു. മഹേന്ദ്രരീതി, മാമല്ലരീതി,
രാജസിംഹരീതി, അപരാജിത രീതി എന്നിവയാണവ.
ഇവയിൽ ഓരോ രീതിക്കും അതിന്റേതായ പ്രത്യേക സവിശേഷതകൾ ഉണ്ടായിരുന്നു.
ചാലൂക്യന്മാരുടെ
വാസ്തുവിദ്യ
ചാലൂക്യ
രാജാക്കന്മാർ ക്ഷേത്രനിർമ്മാണത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. നഗര-ദ്രാവിഡ ശൈലികൾ
അവർ സ്വതന്ത്രമായി ഉപയോഗിച്ചു. ഈ ശൈലി ഡക്കാൻ ശൈലി അഥവാ വേസര ശൈലി എന്ന പേരിൽ
അറിയപ്പെട്ടു. ചാലൂക്യന്മാർ അനേകം ഗുഹാക്ഷേത്രങ്ങൾ പണി കഴിപ്പിച്ചു. പാറ തുരന്ന്
അനേകം ചൈത്യങ്ങളും വിഹാരങ്ങളും അവർ നിർമ്മിച്ചു. അജന്ത, എല്ലോറ
എന്നിവിടങ്ങളിലെ ഗുഹകൾ അവർ പ്രകടിപ്പിച്ച കലാവിരുതിന് ഉദാഹരണങ്ങളാണ്. ഐഹോളിൽ
(ബിജാപ്പൂർ ജില്ല) എഴുപതോളം ക്ഷേത്രങ്ങൾ ചാലൂക്യന്മാർ പണികഴിപ്പിച്ചിരുന്നു. ബദാമി,
പട്ടടക്കൽ എന്നിവിടങ്ങളിലും അനേകം ക്ഷേത്രങ്ങൾ
നിർമ്മിക്കപ്പെട്ടിരുന്നു. ബദാമിയിലെ 'മേലഗിട്ടി ശിവാലയം'
ആകർഷണീയമാണ്. പട്ടടക്കലിൽ 10
ക്ഷേത്രങ്ങളുണ്ട്. അതിൽ നാലെണ്ണം ഉത്തരേന്ത്യൻ ശൈലിയിലും ആറെണ്ണം ദക്ഷിണേന്ത്യൻ
ശൈലിയിലുമാണ് നിർമ്മിച്ചിട്ടുള്ളത്. പട്ടടക്കലിലെ ക്ഷേത്രങ്ങളിൽ ഏറ്റവും
പ്രാധാന്യമർഹിക്കുന്നത് 'പാപനാഥക്ഷേത്ര'വും 'വിരൂപാക്ഷക്ഷേത്ര'വുമാണ്. ഇതിൽ ആദ്യത്തേത് ഉത്തരേന്ത്യൻ ശൈലിയും രണ്ടാമത്തേത്
ദക്ഷിണേന്ത്യൻ ശൈലിയും നിർമിച്ചതാണ്. വിരൂപാക്ഷ ക്ഷേത്രത്തിന്റെ ഭിത്തികളിൽ
രാമായണത്തിലെ പല രംഗങ്ങളും ചിത്രീകരിച്ചിട്ടുണ്ട്.
ചോളന്മാരുടെ
വാസ്തുവിദ്യ
ദ്രാവിഡ
വാസ്തുതുശില്‌പരീതി അതിന്റെ പ്രതാപത്തിന്റെ പാരമ്യത്തിലെത്തിയത് ചോളന്മാരുടെ
കീഴിലാണ്. പാറതുരന്ന് ക്ഷേത്രങ്ങൾ നിർമ്മിക്കുന്ന പല്ലവശൈലി ചോളന്മാർ ഉപേക്ഷിച്ചു.
ഇക്കാലത്ത് നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങൾ കല്ലുകൾകൊണ്ട് പടുത്തുകെട്ടിയവയായിരുന്നു.
ശ്രീകോവിലിനു മുമ്പിൽ തട്ടുകളോടുകൂടി നിർമ്മിക്കപ്പെട്ട 'വിമാനം', വിശാലമായ ചുറ്റമ്പലം, ഉയരം കൂടിയ ചുറ്റുമതിൽ,
ഭീമാകാരവും അത്യാകർഷകവുമായ കവാടങ്ങൾ (ഗോപുരം) തുടങ്ങിയവയാണ്
ചോളക്ഷേത്രങ്ങളുടെ സവിശേഷതകൾ. തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ അനേകം
ചോളക്ഷേത്രങ്ങളുണ്ട്. നാർത്തമലയിലെ 'വിജയാലയ
ചോളേശ്വരക്ഷേത്രം' ഇതിലേറ്റവും പ്രധാനപ്പെട്ടതാണ്.
രാജരാജൻ ഒന്നാമൻ തഞ്ചാവൂരിൽ പണികഴിപ്പിച്ച ബൃഹദീശ്വരക്ഷേത്രം ദ്രാവിഡ വാസ്തുശില്പ
ശൈലിയുടെ ഏറ്റവും മികച്ച മാതൃകയാണ്. ശിവപ്രതിഷ്ഠക്കു പുറമെ രാജാവിന്റെയും
രാജ്ഞിയുടെയും ശില്പങ്ങളും സ്ഥാപിച്ചിരുന്നതുകൊണ്ട് ഇതിനെ 'രാജരാജക്ഷേത്രം' എന്നും വിളിക്കുന്നു. ഈ
ക്ഷേത്രത്തിന്റെ മുകളിലുള്ള മകുടം ഒറ്റക്കല്ലിൽ നിർമ്മിക്കപ്പെട്ടതാണ്.
ബൃഹദീശ്വരക്ഷേത്രത്തെ അനുകരിച്ച് രാജേന്ദ്രൻ ഗംഗൈകൊണ്ട ചോളപുരത്തു നിർമ്മിച്ച
ക്ഷേത്രവും ചോളന്മാരുടെ ക്ഷേത്രനിർമ്മാണ കലയുടെ ഉത്തമ മാതൃകയാണ്. പിൽക്കാല
ചോളക്ഷേത്രങ്ങളായ ദാരാസുരത്തിലെ 'ഐരാവതേശ്വര ക്ഷേത്ര'വും ത്രിഭുവനത്തിലെ 'കമ്പഹരേശ്വരക്ഷേത്ര'വും വാസ്തുശില്പ കലയിലെ വിസ്മയങ്ങളാണ്. നടരാജനെ ചിത്രീകരിക്കുന്ന
വെങ്കലപ്രതിമകൾ ചോളകലയുടെ പ്രശസ്‌തി വർദ്ധിപ്പിച്ചു. കുംഭകോണത്തെ നാഗേശ്വരക്ഷേത്രത്തിലെയും
ചിദംബരത്തെ നടരാജക്ഷേത്രത്തിലെയും നടരാജവിഗ്രഹങ്ങൾ ഇതിനു ദൃഷ്ടാന്തങ്ങളാണ്.
ചേരന്മാരുടെ
വാസ്തുവിദ്യ
കേരളത്തിൽ
ക്ഷേത്രനിർമ്മാണത്തിന് രണ്ടുതരത്തിലുള്ള വാസ്‌തുശില്‌പശൈലികൾ ഉപയോഗിച്ചിരുന്നു:
ദ്രാവിഡശൈലിയും കേരളശൈലിയും. ശ്രീകോവിൽ,
മരപ്പണിക്കുള്ള പ്രാമുഖ്യം എന്നിവയാണ് കേരളശൈലിയുടെ അടിസ്ഥാന
സവിശേഷതകൾ. കേരള ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ചില ക്ഷേത്രങ്ങളിൽ കൂത്തമ്പലവും
ഗരുഡമണ്ഡപവും കാണാം. കേരളത്തിലെ ക്ഷേത്രനിർമ്മാണത്തിന്റെ വികാസത്തിൽ മൂന്നു
ഘട്ടങ്ങളുണ്ട്.
(1) ഒമ്പത്-പതിനൊന്ന് നൂറ്റാണ്ടുകൾക്ക് മധ്യേയുള്ള കാലമാണ് ഒന്നാംഘട്ടം.
ഇക്കാലത്തെ ക്ഷേത്രങ്ങളുടെ അടിത്തറ വൃത്താകൃതിയിലോ സമചതുരാകൃതിയിലോ ആണ്
നിർമ്മിക്കപ്പെട്ടിരുന്നത്.
(2) പതിനൊന്ന്-പതിനാല് നൂറ്റാണ്ടുകൾക്കിടയിലുള്ള രണ്ടാംഘട്ടത്തിൽ
ദ്രാവിഡ-കേരള ശൈലികൾ സമന്വയിപ്പിച്ചുകൊണ്ടുള്ള ക്ഷേത്രനിർമ്മാണ രീതിയാണ് നിലനിന്നിരുന്നത്.
ക്ഷേത്രത്തിനകത്ത് ശ്രീകോവിൽ നിർമ്മിക്കുന്ന രീതി ആരംഭിച്ചത് ഇക്കാലത്താണ്.
(3) പതിനാല്-പത്തൊമ്പത് നൂറ്റാണ്ടുകൾക്ക് മധ്യേയാണ് കേരളത്തിലെ
ക്ഷേത്രനിർമ്മാണത്തിന്റെ മൂന്നാംഘട്ടം. ഈ ഘട്ടത്തിൽ ക്ഷേത്രനിർമ്മാണം വളരെയധികം
സങ്കീർണ്ണമായിത്തീർന്നു. ആകർഷണീയമായ അലങ്കാരവേലകൾ ക്ഷേത്രങ്ങളുടെ മുഖ്യഘടകമായി
മാറി.
കേരള
ശൈലിയിൽ നിർമ്മിക്കപ്പെട്ട പ്രധാന ക്ഷേത്രങ്ങൾ താഴെ പറയുന്നവയാണ്.
• ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യക്ഷേത്രം (തൃശൂർ)
• പെരുവനത്തെ മഹാദേവക്ഷേത്രം (തൃശൂർ)
• തൃശൂരിലെ വടക്കുംനാഥക്ഷേത്രം
• തൃപ്രയാറിലെ ശ്രീരാമക്ഷേത്രം (തൃശൂർ)
• ഗുരുവായൂരിലെ ശ്രീകൃഷ്‌ണക്ഷേത്രം
• തലശ്ശേരിയിലെ തിരുവങ്ങാട് ക്ഷേത്രം
വിജയനഗരശൈലി
വാസ്തുവിദ്യ
വിജയനഗര
ഭരണാധികാരികൾ 'വിജയനഗരശൈലി' എന്നറിയപ്പെട്ട ഒരു പുതിയ
വാസ്തുശില്പ കലാശൈലിയെ പ്രോത്സാഹിപ്പിച്ചു. അനേകം ക്ഷേത്രങ്ങൾ അവർ പണികഴിപ്പിച്ചു.
കലഹസ്തി, തിരുപ്പതി, ശ്രീരംഗം,
ചിദംബരം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾക്ക് അവർ സംരക്ഷണം
നൽകിയിരുന്നു. സുപ്രസിദ്ധമായ ഹസർനാ രാമസ്വാമിക്ഷേത്രവും വിട്ടല സ്വാമിക്ഷേത്രവും
വിജയനഗര സാമ്രാജ്യകാലത്ത് നിർമ്മിക്കപ്പെട്ടവയാണ്. ഇക്കാലത്തെ ക്ഷേത്രശില്പകലയുടെ
പ്രധാന സവിശേഷത ഒരു പ്രത്യേക തരത്തിലുള്ള കൽത്തൂണുകളാണ്. നടുവിൽ ഒരു വലിയ തൂണും
ചുറ്റും ഏഴു ചെറിയ തൂണുകളും ഇവയിലുണ്ട്. ഈ ചെറിയ തൂണുകളിൽ തട്ടിയാൽ കർണ്ണാടക
സംഗീതത്തിലെ സപ്തസ്വരങ്ങൾ കേൾക്കാം.
മധ്യകാല കാലഘട്ടം
ഡൽഹി സുൽത്താനേറ്റ് വാസ്തുവിദ്യ
എ.ഡി
1206
മുതൽ 1526 വരെയുള്ള കാലഘട്ടം ഇന്ത്യാ ചരിത്രത്തിൽ ഡൽഹി
സുൽത്താനേറ്റ് കാലം എന്ന പേരിൽ അറിയപ്പെടുന്നു. മൂന്നു നൂറ്റാണ്ടിലേറെ നീണ്ടുനിന്ന
സുൽത്താൻ ഭരണകാലത്ത് അഞ്ചു രാജവംശങ്ങൾ ഡൽഹി ഭരിക്കുകയുണ്ടായി - അടിമ വംശം, ഖിൽജി വംശം, തുഗ്ലക് വംശം, സയ്യിദ് വംശം, ലോദി വംശം. സുൽത്താനേറ്റു
കാലത്തെ വാസ്തുശില്പം ഭാരതീയ - ഇസ്ലാമിക് ശൈലികളുടെ ഒരു സമന്വയമായിരുന്നു.
അറബികളും പേർഷ്യക്കാരും തുർക്കികളും അവരോടൊപ്പം ഇസ്ലാമിക കലാശൈലി ഇന്ത്യയിലേക്കു
കൊണ്ടുവന്നു. ഇന്ത്യയിലെ തദ്ദേശീയ കലാരീതികളുമായി അതു കൂടികലർന്നു. തൽഫലമായി,
രണ്ടു കലാരീതികളുടെയും സവിശേഷതകൾ പ്രകടിപ്പിച്ച ഒരു പുത്തൻ
വാസ്തുശില്പ ശൈലി ഇന്ത്യയിൽ വികാസം പ്രാപിച്ചു. വാസസ്ഥലങ്ങൾ, ആരാധനാലയങ്ങൾ, ശവകുടീരങ്ങൾ, സ്മാരകങ്ങൾ എന്നിവയിലാണ് ഇന്തോ - മുസ്ലിം വാസ്തുശില്പ ശൈലി മുഖ്യമായും
പ്രകടമാകുന്നത്. സുൽത്താനേറ്റ് കാലത്തെ വാസ്തുശില്പ കലയുടെ പ്രധാന സവിശേഷതകൾ താഴെ
പറയുന്നവയാണ്.
• സുൽത്താനേറ്റ് വാസ്തുശില്പകലയുടെ മുഖ്യ സവിശേഷത കമാനങ്ങളുടെയും
താഴികക്കുടങ്ങളുടെയും ഉപയോഗമാണ്. സമചതുരാകൃതിയിലുള്ള കെട്ടിടങ്ങൾക്കു മുകളിൽ
വൃത്താകാരമായ താഴികക്കുടങ്ങൾ കൂടുതൽ ഉയരത്തിൽ സ്ഥാപിക്കുന്നതിന് ധാരാളം
പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇത്തരത്തിൽ ധാരാളം കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു.
കമാനങ്ങളുടെയും താഴികക്കുടങ്ങളുടെയും ഉപയോഗം തൂണുകളുടെ ആവശ്യം കുറച്ചു. കൂടാതെ
വിശാലമായ ഹാളുകളുടെ നിർമ്മാണത്തിന് പ്രയോജനപ്പെടുകയും ചെയ്തു.
• കമാനങ്ങളിൽ മനുഷ്യരുടെയോ മൃഗങ്ങളുടെയോ രൂപങ്ങളൊന്നും
ഉപയോഗിച്ചിട്ടില്ല. അവ ഉപയോഗിക്കുന്നത് ഇസ്ലാമിക വിരുദ്ധമായതിനാലാണ്
ഒഴിവാക്കപ്പെട്ടത്. പകരം പുഷ്പങ്ങളുടെ ചിത്രങ്ങളും ഖുറാൻ വചനങ്ങളുമാണ് കമാനങ്ങളിൽ
കൊത്തിവെച്ചിട്ടുള്ളത്. അങ്ങനെ അറബി ലിപി തന്നെ അലങ്കാരമായി മാറി.
• കെട്ടിടനിർമ്മാണത്തിന് തുർക്കികൾ ഉപയോഗിച്ചിരിക്കുന്നത് തദ്ദേശീയരായ
നിർമ്മാണത്തൊഴിലാളികളെയാണ്. കല്ലുചെത്തുന്നവർ, കല്ലാശാരിമാർ
എന്നിവരെ ഇതിനായി അവർ നിയമിച്ചു. കെട്ടിടങ്ങൾക്ക് ഉറപ്പു ലഭിക്കുന്നതിന്
കുമ്മായവും നിറം പകരുന്നതിന് ചെങ്കല്ലും അവർ ഉപയോഗിച്ചു.
അടിമ രാജവംശം
തുർക്കികൾ
നിർമ്മിച്ച ഏറ്റവും മനോഹരവും പ്രൗഢിയാർന്നതുമായ കെട്ടിടം കുത്തബ്‌മീനാറാണ്.
കുത്തബുദ്ദീൻ ഭക്തിയാർ കാകിയെന്ന സൂഫി സന്യാസിയുടെ സ്മരണയ്ക്കായി
നിർമ്മിക്കപ്പെട്ടതാണ് ഈ കെട്ടിടം. കുത്തബ്ദ്ദീൻ ഐബക്കിന്റെ കാലത്ത് തുടങ്ങിയ ഈ
കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത് ഇൽത്തുമിഷാണ്. കുത്തബ്മീനാറിന് 238 അടി ഉയരവും
നാലുനിലകളുമുണ്ടായിരുന്നു. പിന്നീട് ഫിറോസ് ഷാ തുഗ്ലക് അഞ്ചാമതൊരു നിലകൂടി
കൂട്ടിച്ചേർക്കുകയുണ്ടായി. കുത്തബ് മീനാറിന്റെ ഗോപുരത്തിൽനിന്നു തള്ളിനിൽക്കുന്ന
ബാൽക്കണികൾ വിസ്മയകരവും സുന്ദരവുമാണ്. കുത്തബ് മീനാറിനു സമീപമുള്ള കുവാത്ത് - ഉൾ -
ഇസ്ലാം പള്ളി ഇസ്ലാമിക വാസ്തുവിദ്യയുടെ മറ്റൊരുദാഹരണമാണ്. പള്ളിയുടെ കവാടവും
കെട്ടിടവും കൊത്തുപണികളാൽ അലംകൃതമാണ്. ബദാവൂരിലെ പള്ളിയും കെട്ടിടങ്ങളും, നാഗൂരിലെയും ഹാൻസിയിലെയും കവാടങ്ങളും തുർക്കികളുടെ ശ്രേഷ്ഠമായ
നിർമ്മിതികളാണ്. ഇൽത്തുമിഷിന്റെ ശവകുടീരത്തിലും ഹിന്ദു-മുസ്ലിം വാസ്തുവിദ്യാ
പാരമ്പര്യം കാണാവുന്നതാണ്.
ഖിൽജി രാജവംശം
ഖിൽജികളുടെ
ഭരണകാലത്തും ധാരാളം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. അലാവുദ്ദീൻ ഖിൽജി
തന്റെ തലസ്ഥാനം സിറിയിൽ നിർമ്മിച്ചു. നിർഭാഗ്യവശാൽ ഈ നഗരത്തിന്റെ ഒന്നും തന്നെ
ഇന്നു ശേഷിക്കുന്നില്ല. അലാവുദ്ദീന്റെ രണ്ടു കെട്ടിടങ്ങൾ വളരെ ശ്രദ്ധേയമാണ് - (1) ജമായിത്ത് ഖാൻ
മസ്ജിദ്, (2) അലൈ ദർവാസ. അലാവുദ്ദീൻ കുത്തബ്മീനാറിന്
നിർമിച്ച ആകർഷകമായ പ്രവേശന കവാടമാണ് അലൈ ദർവാസ.
തുഗ്ലക്ക് രാജവംശം
തുഗ്ലക്
ഭരണകാലത്തും ധാരാളം നിർമ്മാണങ്ങൾ നടന്നു. ഗിയാസുദ്ദീനും മുഹമ്മദ് തുഗ്ലക്കും
ചേർന്ന് തുഗ്ലക്കാബാദ് എന്ന പേരിൽ കൊട്ടാരങ്ങളും കോട്ടകളുമടങ്ങുന്ന ഒരു സമുച്ചയം
നിർമ്മിച്ചു. യമുനയിലെ വെള്ളം തടഞ്ഞു നിർത്തി തുഗ്ലക്കാബാദിനെ ചുറ്റുമായി വലിയൊരു
കൃത്രിമ തടാകവും നിർമ്മിച്ചു. ഇവിടത്തെ വാസ്തുവിദ്യയുടെ ഒരു പ്രധാന സവിശേഷത
ചെരിഞ്ഞ ഭിത്തികളാണ്. ഈ രീതി ബാറ്റർ എന്നറിയപ്പെടുന്നു. കെട്ടിടങ്ങളിൽ കമാനം, ലിന്റൽ, ഉത്തരം എന്നിവയുടെ തത്ത്വങ്ങളെ തുഗ്ലക്കുകൾ സമന്വയിപ്പിച്ചു. ഫിറോസ്
തുഗ്ലക്കിന്റെ കെട്ടിടങ്ങളിൽ ഈ രീതിയിലാണ് പ്രയോഗിച്ചിട്ടുള്ളത്. ഇപ്പോൾ കോട്ല
എന്നു വിളിക്കപ്പെടുന്ന ഫിറോസിന്റെ രാജകൊട്ടാരത്തിലെ കെട്ടിടങ്ങൾ
ഇതിനുദാഹരണങ്ങളാണ്. അദ്ദേഹത്തിന്റെ വിനോദകാല വസതിയായി
നിർമ്മിച്ചിട്ടുള്ള 'ഹൗസ് ഖാസി'ന്റെ
ഒന്നിടവിട്ട നിലകളിൽ കമാനങ്ങളും ലിന്റലുകളും ഉത്തരങ്ങളും ദൃശ്യമാണ്. സുലഭമായി
കിട്ടിയിരിക്കുന്ന ചാരക്കല്ലുകളാണ് തുഗ്ലക്കുകൾ കെട്ടിടനിർമ്മാണത്തിന്
ഉപയോഗിച്ചിരിക്കുന്നത്. നിരവധി പള്ളികളും ഇക്കാലത്ത് നിർമ്മിച്ചിട്ടുണ്ട്. അവ അത്ര
രമണീയമല്ല. കാരണം മിനുക്കാത്ത കല്ലുകൾകൊണ്ടാണ് അവ നിർമ്മിച്ചിട്ടുള്ളത്.
ലോധി രാജവംശം
പാറക്കഷണങ്ങളോ, ചെത്തിമിനുക്കാത്ത
കല്ലോ ഉപയോഗിച്ചാണ് ലോദികൾ കെട്ടിടങ്ങൾ നിർമ്മിച്ചിരുന്നത്. ഇരട്ട താഴികക്കുടങ്ങൾ
ഉപയോഗിക്കുന്ന രീതി അവരിവിടെ അവതരിപ്പിച്ചു. അഷ്ടകോണാകൃതിയിലുള്ള ശവകുടീരങ്ങൾ അവർ
നിർമ്മിച്ചിരുന്നു. അവയ്ക്കു ചുറ്റുമായി ഒരു വരാന്ത ഉണ്ടായിരുന്നു. ഒപ്പം
വെയിലിൽനിന്നും മഴയിൽനിന്നും സംരക്ഷണം ലഭിക്കുന്നതിനായി ചെരിവോടുകൂടിയ ഇറകളും
പണികഴിപ്പിച്ചിരുന്നു. ചില കല്ലറകൾ സ്ഥാപിച്ചിട്ടുള്ളത് പൂന്തോട്ടങ്ങളുടെ മധ്യത്തിലാണ്.
ഡൽഹിയിലെ 'ലോദി ഗാർഡൻ' ഇതിനു
മാതൃകയാണ്. ഉയർന്ന പ്ലാറ്റ്‌ഫോമിൽ കെട്ടിടങ്ങൾ, പ്രത്യേകിച്ച്
ശവകുടീരങ്ങൾ, നിർമ്മിക്കുന്ന വാസ്തുവിദ്യാരീതിയും ലോദികൾ
ഇവിടെ അവതരിപ്പിച്ചു.
മുഗൾ വാസ്തുവിദ്യ
മുഗളരുടെ
ഏറ്റവും മനോഹരമായ കലാസൃഷ്ടികൾ വാസ്തുശില്പ രംഗത്തായിരുന്നു. കമനീയമായ ധാരാളം
കോട്ടകളും കൊട്ടാരങ്ങളും കവാടങ്ങളും ദേവാലയങ്ങളും ശവകുടീരങ്ങളും സ്മാരകങ്ങളും പൊതു
കെട്ടിടങ്ങളും അവർ പണികഴിപ്പിക്കുകയുണ്ടായി. ബാബർ അദ്ദേഹത്തിന്റെ ആത്മകഥയിൽ
ഇന്ത്യൻ വാസ്തുശില്പകലയെ പരാമർശിക്കുന്നുണ്ട്. അദ്ദേഹത്തിന് ഇന്ത്യയിലെ
കല്പണിക്കാരെ വലിയ മതിപ്പായിരുന്നു. കെട്ടിടനിർമാണത്തിൽ അവരുടെ സേവനം അദ്ദേഹം
ഉപയോഗപ്പെടുത്തിയിരുന്നു.
അക്ബറിന്റെ
കാലത്തെ നിർമ്മാണങ്ങൾ
അക്ബറിന്റെ
ഭരണകാലത്ത് വാസ്തുവിദ്യയിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടായി. അദ്ദേഹത്തിന്റെ വിശാല
മനസ്കതയും സഹിഷ്ണുതയും വാസ്തുവിദ്യയിലും പ്രതിഫലിച്ചു. അക്ബർ ഹിന്ദു-മുസ്ലിം
വാസ്തുശില്പ ശൈലികളെ സമന്വയിപ്പിക്കാൻ ശ്രമിച്ചു. കെട്ടിടനിർമ്മാണത്തിൽ ഹിന്ദു
വാസ്തുശില്പ ശൈലികളെ അദ്ദേഹം ഉപയോഗിച്ചു. അക്ബർ ധാരാളം കോട്ടകൾ പണികഴിപ്പിച്ചു.
അവയിൽ ഏറ്റവും പ്രസിദ്ധി നേടിയത് ആഗ്ര കോട്ടയാണ്. അക്ബർ രൂപം നൽകിയ പുതിയ തലസ്ഥാന നഗരിയായ
ഫത്തേപ്പൂർ സിക്രി വാസ്തുശില്പവിദ്യയിലെ
ഒരു വിസ്മയമാണ്. "ഒരു മഹാമനസ്സിന്റെ ഭാവപ്രകാശം" എന്നാണ് ഫത്തേപ്പൂർ സിക്രിയെ ഫർഗുസൺ വിശേഷിപ്പിക്കുന്നത്. ഫത്തേപ്പൂർ
സിക്രിയിലെ ഏറ്റവും ഗംഭീരമായ കെട്ടിടം അവിടത്തെ പള്ളിയും പ്രവേശന കവാടമായ 'ബുലന്ദ് ദർവാസ'യുമാണ്. ജോദ്ബായിയുടെ കൊട്ടാരം,
ദിവാൻ-ഇ-ആം (ചക്രവർത്തിയുടെ കാര്യാലയം), ദിവാൻ-ഇ-ഖാസ്, പ ഞ്ച്മഹൽ എന്നിവയാണ് അക്ബർ നിർമ്മിച്ച പ്രധാന മന്ദിരങ്ങൾ.
ജഹാംഗീറിന്റെ
കാലത്തെ നിർമ്മാണങ്ങൾ
ജഹാംഗീറിന്റെ
കാലത്ത് പ്രധാനമായും രണ്ട് വാസ്തുശില്പ കലാസൃഷ്ടികളാണ് ഉണ്ടായിരുന്നത്. (1) പൂർണ്ണമായും വെള്ള
മാർബിളിൽ നിർമ്മിച്ച ഇത്തിമാദ്-ഉദ്-ദൗളയുടെ ശവകുടീരം, (2) സിക്കന്ദ്രയിൽ അദ്ദേഹം നിർമ്മിച്ച അക്ബറുടെ ശവകുടീരം.
ഷാജഹാന്റെ
കാലത്തെ നിർമ്മാണങ്ങൾ
ഇന്തോ
- പേർഷ്യൻ വാസ്തുശില്പകല അതിന്റെ പാരമ്യത്തിലെത്തിയത് ഷാജഹാന്റെ കാലത്താണ്.
ഇക്കാലമായപ്പോഴേക്കും കെട്ടിടങ്ങൾ പൂർണ്ണമായും മാർബിളിൽ നിർമ്മിക്കാൻ
തുടങ്ങിയിരുന്നു. ഷാജഹാൻ അനേകം കൊട്ടാരങ്ങളും, കോട്ടകളും, ഉദ്യാനങ്ങളും
പള്ളികളും നിർമ്മിക്കുകയുണ്ടായി. കോടിക്കണക്കിനു രൂപ അദ്ദേഹം ഇതിനായി ചിലവഴിച്ചു.
ഡൽഹിയിലെ ഷാജഹാനാബാദിൽ പണിത ചെങ്കോട്ടയായിരുന്നു ഷാജഹാന്റെ ആദ്യകാല കലാസൃഷ്ടികളിൽ
ഒന്ന്. ചെങ്കോട്ടയിലെ കെട്ടിടങ്ങളിൽ ദിവാൻ-ഇ-ആം, ദിവാൻ-ഇ-ഖാസ്
എന്നിവ പ്രത്യേക ശ്രദ്ധയർഹിക്കുന്നു.
പള്ളി
നിർമ്മാണവും ഷാജഹാന്റെ കാലത്ത് അതിന്റെ പാരമ്യത്തിലെത്തി. ആഗ്ര കോട്ടയിൽ പൂർണമായും
മാർബിളിൽ തീർത്ത മോത്തി മസ്ജിദ് ഇതിൽ ഏറ്റവും ശ്രദ്ധേയമാണ്. ഷാജഹാന്റെ പ്രശസ്ത
സിംഹാസനമായ 'മയൂരസിംഹാസനം' അദ്ദേഹത്തിന്റെ മറ്റൊരു മികച്ച
കലാസൃഷ്ടിയാണ് (1739ൽ നാദിർഷാ പേർഷ്യയിലേക്കു
കടത്തിക്കൊണ്ടുപോയ ഈ സിംഹാസനം ലോകത്തൊരിടത്തും പിന്നീട് കാണുകയുണ്ടായില്ല). തന്റെ
പ്രിയ പത്നിയായ മുംതാസ് മഹലിന്റെ സ്മരണയായി ഷാജഹാൻ നിർമ്മിച്ച താജ്മഹൽ
ലോകാത്ഭുതങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. 50 ലക്ഷം
രൂപ ചിലവഴിച്ച് ശുദ്ധമായ വെള്ള മാർബിളിൽ നിർമ്മിക്കപ്പെട്ട താജ്മഹലിന്റെ
ശില്പഭംഗിയും ഗാംഭീര്യവും കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നവയാണ്. 'വാസ്തുശില്പകലയിലെ മണിമുത്ത്', 'മാർബിളിലെ
സ്വപ്നം' എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ
മഹാസൗധത്തിന് രൂപകൽപന ചെയ്തത് ഉസ്താദ് അലിയാണ്. വലിയ താഴികക്കുടവും വീതികുറഞ്ഞ
നാല് മിനാരങ്ങളുമാണ് താജിന്റെ മുഖ്യ മഹിമ.
ഔറംഗസേബിന്റെ
കാലത്തെ നിർമ്മാണങ്ങൾ
ഔറംഗസേബിന്റെ
കാലത്ത് പ്രധാന കലാസൃഷ്ടികളൊന്നുമുണ്ടായിരുന്നില്ല. അക്കാലത്ത് നിർമ്മിക്കപ്പെട്ട
കെട്ടിടങ്ങൾ പഴയ മാതൃകയിലുള്ളവയുടെ ദുർബ്ബലമായ അനുകരണങ്ങളായിരുന്നു. സാമ്പത്തിക
കാര്യങ്ങളിൽ ദുർച്ചെലവിന് എതിരായിരുന്ന ഔറംഗസേബ് നിർമ്മാണ പ്രവർത്തനങ്ങളെ പൊതുവെ
പ്രോത്സാഹിപ്പിച്ചിരുന്നില്ല.
മുഗൾ
വാസ്തുശില്പകലക്ക് പൊതുവായ ചില സവിശേഷതകൾ ഉണ്ടായിരുന്നു. മുഗളരുടെ ആദ്യകാല
കെട്ടിടങ്ങൾ മണൽക്കല്ലുകൊണ്ടാണ് നിർമ്മിച്ചിരുന്നത്. ജഹാംഗീറിന്റെ വാഴ്ചയുടെ
അവസാനത്തോടെ കെട്ടിടങ്ങൾ പൂർണ്ണമായും മാർബിളിൽ നിർമ്മിക്കുന്ന രീതി വ്യാപകമായി. ഈ
നിർമ്മാണരീതി 'പിയേറ്റ്റാഡ്യൂറാ' എന്നറിയപ്പെട്ടു.
കെട്ടിടങ്ങൾ കരുത്തുറ്റതും പ്രൗഢഗംഭീരവും മനോഹരമായ അലങ്കാരങ്ങൾ ഉള്ളവയുമായിരുന്നു.
കമനീയമായ താഴികക്കുടങ്ങളും മിനാരങ്ങളും കമാനങ്ങളും അവരുടെ മന്ദിരങ്ങളുടെ
സവിശേഷതയാണ്. മാർബിളിൽ മനോഹരമായ ചിത്രങ്ങൾ അങ്കനം ചെയ്തിരുന്നു.
ആധുനിക വാസ്തുവിദ്യ
പോർച്ചുഗീസ്
ഇന്ത്യയിൽ
യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കോട്ടയാണ് മാനുവൽ കോട്ട (1503). പോർച്ചുഗീസ്
ഭരണാധികാരിയായ അൽബുക്കർക്കാണ് മാനുവൽ കോട്ട പണികഴിപ്പിച്ചത്. 1555ൽ മട്ടാഞ്ചേരി പാലസ് നിർമ്മിച്ചതും പോർച്ചുഗീസുകാരാണ്. പതിനാറാം
നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഇന്ത്യയിൽ പരിചയപ്പെടുത്തിയ വാസ്തുവിദ്യാ ശൈലിയാണ്
ഗോഥിക് ശൈലി. സെന്റ് ഫ്രാൻസിസ് പള്ളി (കൊച്ചി), ബോംജീസസ്
പള്ളി (ഗോവ) എന്നീ പള്ളികളാണ് ഇന്ത്യയിൽ ഗോഥിക് ശൈലിയിൽ പോർച്ചുഗീസുകാർ
പണികഴിപ്പിച്ച നിർമിതികൾ. പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ പള്ളിയാണ്
കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി.
ബ്രിട്ടീഷ്
18, 19 നൂറ്റാണ്ടുകളിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി നിർമ്മിച്ച കെട്ടിടങ്ങളുടെ
വാസ്തുവിദ്യ പുരാതന, ക്ലാസിക്കൽ, ഗോഥിക് രൂപങ്ങളോട് സാദൃശ്യമുള്ളതാണ്. ഇന്ത്യൻ ജനതയുടെ പ്രതിഭയ്ക്ക്
അന്യമായിരുന്നെങ്കിലും, ഭരണകൂടം വളർത്തിയെടുത്ത ഈ പുതിയ
വാസ്തുവിദ്യ താമസിയാതെ ജനപ്രിയമായി. ഉയർന്ന തൂണുകൾ, പെഡിമെന്റ്,
ടിമ്പാനം തുടങ്ങിയ അതിന്റെ ചില സവിശേഷതകൾ പൊതു കെട്ടിടങ്ങളിൽ
അംഗീകരിക്കപ്പെട്ടു.
ഇന്ത്യയിലെ
ശില്‌പകല
ഗാന്ധാര
ശില്‌പകല
കനിഷ്കന്റെ
കാലത്ത് ഇന്ത്യയിൽ വളർന്നു വികസിച്ച ശില്‌പകലാരൂപമാണ് ഗാന്ധാര കല. ഗ്രീക്കോ-റോമൻ
ശില്‌പകലയും ഇന്ത്യൻ ശില്‌പകലയും തമ്മിൽ കൂടിച്ചേർന്നതിന്റെ ഫലമായാണ് ഈ ശില്പകലാശൈലി
രൂപംകൊണ്ടത്. യവന-ബൗദ്ധ കല എന്നും ഇതിനെ വിളിക്കാറുണ്ട്. ഗാന്ധാര കലയുടെ
മുഖ്യകേന്ദ്രം പെഷവാറായിരുന്നു. ഗാന്ധാര കലാസൃഷ്‌ടികളിൽ ഏറിയ ഭാഗവും ബുദ്ധ
പ്രതിമകളാണ്. ബുദ്ധന്റേയും ബോധിസത്വന്മാരുടേയും വിഗ്രഹങ്ങൾ അപ്പോളോ ദേവന്റെ
മാതൃകയിൽ അതീവ സുന്ദരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മനുഷ്യശരീരത്തെ യഥാർത്ഥമായി, സൂക്ഷ്മതയോടെ,
വസ്ത്രത്തിന്റെ ചുളിവുകൾപോലും വിട്ടുകളയാതെയാണ് ചിത്രീകരിച്ചിരുന്നത്.
ഗാന്ധാര ശില്പ്‌പകലയുടെ പ്രതിപാദ്യ വിഷയം ഭാരതീയവും ശൈലി ഗ്രീക്കോ റോമനുമാണ്.
അതിനാൽ ഗാന്ധാര കലാകാരന് ഇന്ത്യക്കാരന്റെ ഹൃദയവും ഗ്രീക്കുകാരന്റെ കൈകളുമാണ്
ഉണ്ടായിരുന്നതെന്ന് പറയാറുണ്ട്. മഹായാന ബുദ്ധമതത്തിന്റെ വളർച്ചക്ക് ഗാന്ധാര കല
പ്രചോദമേകി. ഗാന്ധാരകലയുടേയും ബുദ്ധനെ ദൈവമാക്കി ആരാധിക്കാൻ തുടങ്ങിയ
മഹായാനത്തിന്റേയും വളർച്ച ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നു. ഇന്ത്യയുടെ വിവിധ
ഭാഗങ്ങളിൽ വളർന്നുവന്ന ശില്‌പകല ഗാന്ധാരകലാരീതിയിൽനിന്ന് പ്രചോദനം
ഉൾക്കൊണ്ടിട്ടുണ്ട്.
മഥുര
ശില്‌പകല
ബി.സി.
ഒന്നാം നൂറ്റാണ്ടിൽതന്നെ മഥുര ഒരു ശില്‌പകലാകേന്ദ്രമായി വളർന്നുതുടങ്ങിയിരുന്നു.
കുഷാനന്മാരുടെ വരവ് ഈ വളർച്ചയെ ത്വരിതപ്പെടുത്തി. എന്നാൽ മഥുര പ്രധാനമായും
സ്വദേശകലയുടെ ഒരു കേന്ദ്രമായിരുന്നു. ഗാന്ധാരകലയിൽനിന്നും വ്യത്യസ്‌തമായി
ഏറെക്കുറെ സ്വതന്ത്രമായ ഒരു കലാരീതിയാണ് മഥുര പിന്തുടർന്നിരുന്നത്. കുഷാന
രാജാക്കന്മാരുടെ നിരവധി പ്രതിമകൾ മഥുരയിൽ കണ്ടെത്തിയിട്ടുണ്ട്. മഥുരാ കലാകാരന്മാർ
ഭംഗിയുള്ള ബുദ്ധപ്രതിമകളും നിർമ്മിച്ചു. മഹാവീരന്റെ അനേകം കൽപ്രതിമകളും ഇവിടെ
നിർമ്മിക്കപ്പെട്ടിട്ടുണ്ട്. എ.ഡി ആദ്യ നൂറ്റാണ്ടുകളിലാണ് മഥുരാ ശില്പകല
വളർന്നുവികസിച്ചത്. ചുവന്ന മണൽക്കല്ലുകൊണ്ടുള്ള ഇവിടത്തെ ശില്പങ്ങൾ മഥുരയ്ക്ക്
പുറത്തും കാണപ്പെട്ടിട്ടുണ്ട്. കുശാനകാലത്തെ ഇന്ത്യൻ ശില്പങ്ങളുടെ ഏറ്റവും വലിയ
ശേഖരം ഇപ്പോഴുള്ളത് മഥുരയിലാണ്.
ഗുപ്തകല
ഗുപ്തകാലഘട്ടം
അഭൂതപൂർവ്വമായ കലാപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ശില്‌പകല, ചിത്രകല, വാസ്തുശില്‌പം എന്നീ മേഖലകളിൽ ഗുപ്‌തന്മാർ മികച്ച സംഭാവനകൾ
നൽകുകയുണ്ടായി. കലാരീതികൾ പൂർണ്ണത കൈവരിച്ചു. ഒപ്പം രൂപഭാവങ്ങളെക്കുറിച്ചുള്ള
പുതിയ സൗന്ദര്യശാസ്ത്ര സങ്കല്പങ്ങൾ രൂപീകരിക്കപ്പെടുകയും ചെയ്‌തു. ഗുപ്‌തകലയ്ക്ക്
ചില സവിശേഷതകളുണ്ടായിരുന്നു. ഗുപ്‌തകലയിൽ വിദേശ സ്വാധീനം ഉണ്ടായിരുന്നില്ല.
ഗ്രീക്ക് സ്വാധീനത്തിൽനിന്ന് അത് വിമുക്തമായിരുന്നു. ഗാന്ധാര കലാരീതിയിൽ
പ്രകടമായിരുന്ന ഗ്രീക്ക് സ്വഭാവം ഗുപ്‌തകാലഘട്ടത്തിൽ അപ്രത്യക്ഷമായി. ലാളിത്യവും
മൗലികതയുമാണ് ഗുപ്‌തകലയുടെ മറ്റൊരു സവിശേഷത. ഇക്കാലത്ത് നിർമ്മിക്കപ്പെട്ട
വിഗ്രഹങ്ങളും കെട്ടിടങ്ങളും അവയുടെ ലാളിത്യംകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റുന്നവയാണ്.
തികച്ചും മൗലികമായ ശൈലിയിലാണ് അവ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഗുപ്‌തകലയ്ക്ക് ഒരു
ആത്മീയ സ്വഭാവമുണ്ട്. കലാസൃഷ്‌ടികളുടെ മുഖ്യ പ്രചോദനം മതമായിരുന്നു.
ആത്മീയതയോടൊപ്പം മനോഹാരിതയും കുലീനത്വവും ഗുപ്‌തകലയുടെ മുഖ്യ സവിശേതകളായിരുന്നു.
സാരനാഥിൽനിന്നും കണ്ടെടുത്തിട്ടുള്ള ബുദ്ധപ്രതിമകളിൽ ഈ സവിശേഷതകൾ കാണാം. ഗുപ്തകാലഘട്ടത്തിലെ
ശില്പികൾ കല്ലിലും ലോഹത്തിലും അനേകം ബുദ്ധവിഗ്രഹങ്ങൾ നിർമ്മിച്ചു. ഇവ ഗാന്ധാര
പ്രതിമകളിൽനിന്ന് വ്യത്യസമായിരുന്നു. കുഷാന കാലത്തെ ബുദ്ധപ്രതിമകളുടെ മുണ്ഡനം
ചെയ്ത ശിരസ്സുകൾക്കു പകരം ചുരുണ്ട തലമുടിയോടുകൂടിയ പ്രതിമകളാണ് ഗുപ്‌തകലാകാരൻ
നിർമ്മിച്ചത്. കൂടാതെ ബുദ്ധവിഗ്രഹങ്ങളുടെ പുറകിലുള്ള പ്രകാശവലയത്തെ അലങ്കരിക്കുന്ന
ശൈലിയും അവർ കൊണ്ടുവന്നു. ശാരീരികസൗന്ദര്യത്തെക്കാൾ മുഖത്തിന്റെയും കണ്ണുകളുടെയും
ആത്മീയശാന്തതയ്ക്കാണ് പ്രാധാന്യം നൽകിയിരുന്നത്. സാരനാഥിലെയും, മഥുരയിലെയും (നിൽക്കുന്ന ബുദ്ധൻ), സുൽത്താൻ
ഗഞ്ചിലെയും വിഖ്യാതമായ ബുദ്ധപ്രതിമകളിൽ ഈ സവിശേഷതകൾ കാണാം. വിഷ്ണുവിന്റെയും
ശിവന്റെയും വിഗ്രഹങ്ങൾ ആദ്യമായി നിർമ്മിക്കപ്പെട്ടത് ഗുപ്തകാലഘട്ടത്തിലാണ്.
ബ്രാഹ്മണമതത്തിലെ മിത്തുകളും ഐതിഹ്യങ്ങളും രാമന്റെയും കൃഷ്‌ണന്റെയും ഇതിഹാസകഥകളും
അസാധാരണ പൂർണ്ണതയോടെ ദൃശ്യവൽക്കരിക്കപ്പെട്ടു. മിക്കവാറും എല്ലാ ദേവന്മാരുടെയും
രൂപങ്ങൾ പല സ്ഥലങ്ങളിൽനിന്നായി നമുക്ക് ലഭിക്കുന്നുണ്ട്. ഇതിൽ വിഷ്‌ണുവിന്റെയും
ശിവന്റെയും വിഗ്രഹങ്ങൾ മികച്ച കലാസൃഷ്ടികളാണ്.
ഇന്ത്യൻ
ചിത്രകല
ചരിത്രാതീത
ചിത്രകല
പ്രാക്ചരിത്ര
കലയുടെ ഉത്ഭവം പ്രാചീന ശിലായുഗത്തിലായിരുന്നുവെങ്കിലും അതു വികാസം പ്രാപിച്ചത്
മധ്യശിലായുഗത്തിലാണ്. ശിലായുഗ മനുഷ്യർ ഗുഹകളുടെ ഭിത്തികളിലാണ് ചിത്രങ്ങൾ
വരച്ചിരുന്നത്. അവർ വേട്ടയാടിയിരുന്ന പക്ഷി-മൃഗാദികളുടെ ചിത്രങ്ങളാണ് ഇവയിൽ
ഭൂരിഭാഗവും. ഫലഭൂയിഷ്ടതയെ പ്രതിനിധാനം ചെയ്യുന്ന സ്ത്രീ-പുരുഷ ചിത്രങ്ങളും
വരയ്ക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ വയനാട് ജില്ലയിലുള്ള എടക്കൽ ഗുഹയിൽ നവീന
ശിലായുഗമനുഷ്യർ വരച്ച ചിത്രങ്ങളുണ്ട്.
ഗുപ്തകാലഘട്ടത്തിലെ
ചിത്രകല
ചിത്രകല
അതിന്റെ പൂർണ്ണതയിലെത്തിയത് ഗുപ്‌തന്മാരുടെ കാലത്താണ്. മതപരമായ വസ്തുക്കൾ, ഭൂമി, ഭൂപ്രദേശങ്ങൾ, ജലം, സസ്യജാലം,
പക്ഷിമൃഗാദികൾ, മനുഷ്യർ, പിശാചുകൾ തുടങ്ങിയവയായിരുന്നു ഗുപ്ത ചിത്രകലയിലെ പ്രതിപാദ്യവിഷയം.
അജന്ത, എല്ലോറ, തമിഴ്‌നാട്ടിലെ
സിത്തനവാസൽ ക്ഷേത്രത്തിലെ ബാഘ് ഗുഹുകൾ, ശ്രീലങ്കയിലെ പാറ
തുരന്നുണ്ടാക്കിയ അറകൾ എന്നിവിടങ്ങളിലാണ് ഗുപ്‌തചിത്രകലയിലെ ഏറ്റവും മികച്ച
സൃഷ്ടികളുള്ളത്. അജന്തയിലെ ചുമർചിത്രങ്ങൾ കലാവിമർശകരുടെ പ്രശംസ
പിടിച്ചുപറ്റിയവയാണ്. ഗൗതമബുദ്ധന്റെയും മുൻഗാമികളായ ബുദ്ധന്മാടെയും ജീവിതത്തിലെ
സംഭവങ്ങളാണ് അവ ചിത്രീകരിക്കുന്നത്. അജന്തയിലെ പത്താം നമ്പർ ഗുഹയിലെ നീരാടുന്ന
ആനക്കൂട്ടത്തിന്റെ ചിത്രം ജീവൻ തുടിക്കുന്നതുപോലെ പൂർണ്ണതയുള്ളതാണ്. മരണശയ്യയിൽ
കിടക്കുന്ന രാജകുമാരിയുടെയും അവൾക്കു ചുറ്റുമായി നിസ്സഹായതയോടെ നോക്കിനിൽക്കുന്ന
ബന്ധുക്കളുടെയും ചിത്രം വിസ്‌മയകരമായ ഒരു കലാസൃഷ്‌ടിയാണ്. 'ബുദ്ധന്റെ പരിത്യാഗം' അജന്താചിത്രങ്ങളിലെ
മറ്റൊരു ശ്രദ്ധേയമായ സൃഷ്ടിയാണ്. പതിനഞ്ചു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ
ചിത്രങ്ങളുടെ തിളക്കം നഷ്‌ടപ്പെട്ടിട്ടില്ല. മറ്റു ലളിത കലകളോടൊപ്പം സംഗീതവും
ശ്രദ്ധേയമായ പുരോഗതി നേടി. ഗുപ്‌തഭരണാധികാരികളുടെ രാജസദസ്സിൽ പ്രസിദ്ധരായ അനേകം
സംഗീതജ്ഞരുണ്ടായിരുന്നു. അക്കാലത്തെ ശില്പങ്ങളിൽ സംഗീതവും നൃത്തവുമെല്ലാം
പ്രതിഫലിക്കപ്പെടുന്നുണ്ട്.
മുഗൾ
ചിത്രകല
മുഗൾ
ചക്രവർത്തിമാർ ചിത്രകലയെ പ്രോത്സാഹിപ്പിച്ചു. ഭാരതീയ ശൈലിയും പേർഷ്യൻ ശൈലിയും
ചേർന്നുള്ള ഒരു പുതിയ ചിത്രകലാശൈലി മുഗളർ ആവിഷ്കരിച്ചു. പുതിയ
വർണ്ണസങ്കേതങ്ങൾക്കും രചനാരീതികൾക്കും ഇക്കാലത്ത് തുടക്കം കുറിക്കപ്പെട്ടു. അക്ബർ
വലിയൊരു കലാസ്വാദകനായിരുന്നു. ഫത്തേപ്പൂർ സിക്രിയിലെ ചുമരുകളിൽ ചിത്രങ്ങൾ
രചിക്കുന്നതിന് അദ്ദേഹം അനേകം ചിത്രകാരന്മാരെ നിയമിച്ചു. ദസ്വന്ത്, ബാസവൻ എന്നിവർ
അക്ബറുടെ രാജധാനിയിലെ പ്രശസ്തരായ രണ്ടു ചിത്രകാരന്മാരായിരുന്നു. ജഹാംഗീറിന്റെ
കാലത്ത് മുഗൾ ചിത്രകല അതിന്റെ പാരമ്യത്തിലെത്തി. ഒരേ ചിത്രത്തിലെത്തന്നെ ആളുകളുടെ
മുഖം, ശരീരം, കാൽ എന്നിവ
വ്യത്യസ്ത ചിത്രകാരന്മാർ വരയ്ക്കുന്നത് മുഗൾ രചനാ രീതിയിൽ പതിവായിരുന്നു. ഒരു
ചിത്രത്തിലെ വിവിധ ചിത്രകാരന്മാരുടെ വരകൾ വേർതിരിച്ചറിയാൻ ജഹാംഗീറിനു
കഴിയുമായിരുന്നു. തനിക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങൾ എന്തു വിലകൊടുത്തും അദ്ദേഹം
വാങ്ങിയിരുന്നു. ജഹാംഗീറിന്റെ കാലത്ത് ഛായാചിത്രരചന വളരെ പ്രചാരം നേടി. അക്കാലത്തെ
ഏറ്റവും പ്രശസ്തനായ ചിത്രകാരനായിരുന്നു മൻസൂർ.
ഷാജഹാന്
ചിത്രകലയിൽ തന്റെ പിതാവിനുണ്ടായിരുന്നത്ര താല്പര്യം ഉണ്ടായിരുന്നില്ല.
വാസ്തുശില്പത്തോടും ആഭരണനിർമ്മാണത്തോടുമായിരുന്നു അദ്ദേഹത്തിനു കമ്പം.
വർണ്ണവിഭ്രമം, അമിതമായ തങ്കരേഖാ പ്രയോഗം എന്നിവയാണ് അദ്ദേഹത്തിന്റെ കാലത്തെ
ചിത്രങ്ങളുടെ മുഖ്യ സവിശേഷതകൾ. ഷാജഹാൻ കൊട്ടാരം ചിത്രകാരന്മാരുടെ എണ്ണം കുറച്ചു.
ക്രമേണ ചിത്രകലക്ക് അദ്ദേഹത്തിന്റെ പ്രോത്സാഹനം നഷ്ടപ്പെടുകയും ചെയ്തു. ഔറംഗസേബ്
ചിത്രകലയോട് ശത്രുതവെച്ചു പുലർത്തിയിരുന്ന ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ
കാലത്ത് ചിത്രകാരന്മാർ ബസാറുകളിൽ സ്റ്റുഡിയോകൾ സ്ഥാപിക്കുകയും ജീവിക്കാനായി അവരുടെ
ചിത്രങ്ങൾ വിൽക്കുകയും ചെയ്തിരുന്നുവെന്ന് ബെർണിയർ രേഖപ്പെടുത്തുന്നു.
സിക്കന്ദ്രയിലെ അക്ബറുടെ ശവകുടീരത്തിലെ ചിത്രങ്ങളടക്കം പല ചിത്രങ്ങളും ഔറംഗസേബ്
നശിപ്പിച്ചു. പല കലാകാരന്മാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭയം പ്രാപിച്ചു.
ഔറംഗസേബിന്റെ പിൻതുടർച്ചക്കാർ മുഗൾ ചിത്രരചന പുനരുജ്ജീവിപ്പിച്ചെങ്കിലും അതിന് പഴയ
പ്രൗഢി വീണ്ടെടുക്കാൻ കഴിഞ്ഞില്ല.
രജപുത്
ചിത്രകല
രജപുത്താന, ബുന്ദേൽഖണ്ഡ്,
പഞ്ചാബ്, ഹിമാലയൻ പ്രദേശങ്ങളിൽ
നിലനിന്നിരുന്ന ചിത്രകലാ രീതിയാണ് രജപുത്.
തഞ്ചാവൂർ
ചിത്രകല
ശ്രീരാമപട്ടാഭിഷേകം, ശ്രീകൃഷ്ണ കഥകൾ തുടങ്ങിയവയാണ്
തഞ്ചാവൂർ ചിത്രകലയുടെ മുഖ്യപ്രമേയം.
മിഥിലാ
ചിത്രകല
സ്ത്രീ
കലാകാരികൾക്ക് മേധാവിത്വമുള്ള മേഖലയാണ് മിഥിലാ ചിത്രരചനാരീതി.
പഹാരി
ചിത്രകല
ജമ്മു, കുളു, ഗർവാൾ, കാംഗ്ര എന്നിവിടങ്ങളിൽ കാണുന്ന
ചിത്രരചനാ രീതിയാണ് പഹാരി ചിത്രകല.
രാജസ്ഥാൻ
ചിത്രകല
രാധാ
- കൃഷ്ണാ പ്രണയം മുഖ്യവിഷയമാവുന്നത് രാജസ്ഥാൻ ചിത്രകലയിലാണ്.
ഫ്രെസ്കോ
ചിത്രങ്ങൾ
കളിമൺ
പ്രതലങ്ങളിൽ, പ്രകൃതിജന്യ നിറങ്ങൾ ചാലിച്ച് വരയ്ക്കുന്നവയാണ് ഫ്രെസ്കോ ചിത്രങ്ങൾ.
ഇന്ത്യയിലെ
പ്രശസ്തരായ ചിത്രകാരന്മാർ
നന്ദലാൽ
ബോസാണ് ഇന്ത്യൻ ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത്. അബനീന്ദ്രനാഥ ടാഗോർ, അമൃതാ ഷേർ-ഗിൽ,
രാജാരവിവർമ്മ, എം.എഫ്.ഹുസൈൻ, കെ.സി.എസ്.പണിക്കർ എന്നിവരാണ് ഇന്ത്യയിലെ പ്രശസ്തരായ മറ്റ്
ചിത്രകാരന്മാർ.
അബനീന്ദ്രനാഥ
ടാഗോർ
ഇന്ത്യക്കാരിൽ
ദേശസ്നേഹം വളർത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ച ചിത്രമാണ് 'ഭാരതമാത'. ബംഗാളി ചിത്രകാരനായ അബനീന്ദ്രനാഥ ടാഗോർ ബംഗാളിലെ സ്വദേശിസമരകാലത്ത്
വരച്ച ജലഛായാചിത്രമാണ് ഭാരതമാത. ഇന്ത്യയിലെ ജനങ്ങൾക്ക് ആഹാരം, വസ്ത്രം, വിജ്ഞാനം എന്നിവ നൽകുന്ന
ഭാരതമാതാവിനെയാണ് അബനീന്ദ്രനാഥ ടാഗോർ ചിത്രീകരിച്ചത്. ഇതിനെത്തുടർന്ന് പല
രൂപത്തിലുള്ള ഭാരതമാതാവിന്റെ ചിത്രം ഇന്ത്യയുടെ ഭൂപടത്തിൽ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള
ചിത്രങ്ങൾ പ്രചാരത്തിലായി. ഇന്ത്യൻ ചിത്രകലയെ പാശ്ചാത്യസ്വാധീനത്തിൽ നിന്ന്
മോചിപ്പിക്കാനും ഭാരത സംസ്‌കാരത്തിലും ദേശീയപാരമ്പര്യത്തിലും അടിയുറച്ച
പൗരസ്ത്യചിത്രകലയുടെ പ്രോത്സാഹനത്തിനുമായി കൊൽക്കത്തയിൽ 'ഇന്ത്യൻ
സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്' സ്ഥാപിച്ചത് അബനീന്ദ്രനാഥ
ടാഗോറാണ്. അദ്ദേഹത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങൾ - ഗണേഷ് ജനനി, ബുദ്ധനും സുജാതയും, ഷാജഹാന്റെ അന്ത്യം,
യാത്രയുടെ അന്ത്യം, ഷാജഹാൻ താജ് സ്വപ്നം
കാണുന്നു.
നന്ദലാൽ
ബോസ്
ഇന്ത്യയിലെ
ശ്രദ്ധേയമായ സാഹിത്യകൃതികളിൽ നിന്നും ചരിത്രസംഭവങ്ങളിൽ നിന്നുമുള്ള സന്ദർഭങ്ങളാണ്
നന്ദലാൽ ബോസ് തന്റെ ചിത്രങ്ങൾക്ക് വിഷയമാക്കിയത്. അദ്ദേഹത്തിന്റെ ഏറ്റവും
ശ്രദ്ധേയമായ ചിത്രമാണ് 'സതി'. ഇന്ത്യയിൽ നിലനിന്ന ദുരാചാരങ്ങളിലൊന്നായ
സത്യയനുഷ്ഠിക്കുന്ന സ്ത്രീയുടെ ചിത്രമാണിത്. ആരെയും സ്പർശിക്കുന്ന ഈ ചിത്രം ഇത്തരം
ദുരാചാരങ്ങൾക്കെതിരെയുള്ള മനോഭാവം ഇന്ത്യക്കാരിൽ വളർത്താൻ കാരണമായി. നന്ദലാൽ
ബോസിന്റെ 'ഗ്രാമീണ ചെണ്ടക്കാരൻ' എന്ന
ചിത്രം 1938ൽ ഹരിപുരയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ
സമ്മേളനത്തിൽ പ്രദർശിപ്പിക്കുകയും അതിനെ കോൺഗ്രസിന്റെ പോസ്റ്ററിനുള്ള ചിത്രമായി
തിരഞ്ഞെടുക്കുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ കൈയെഴുത്തുപ്രതി അലങ്കരിച്ചത്
നന്ദലാൽ ബോസിന്റെ നേതൃത്വത്തിലുള്ള ചിത്രകാരന്മാരാണ്. ഉമയുടെ തപസ്യ, പ്രണാമം, സ്പ്രിങ്, ശിവപാർവതി,
ഗോപിനി മുതലായവയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങൾ.
അമൃതാ
ഷേർ-ഗിൽ
ഇന്ത്യയുടെ
ഗ്രാമങ്ങളിലെ ജീവിതദുരിതങ്ങൾ വെളിച്ചംകുറഞ്ഞ വർണങ്ങളിൽ ആവിഷ്കരിച്ച ചിത്രകാരിയാണ്
അമൃതാ ഷേർ-ഗിൽ. ഇന്ത്യയിലെ ജീവിതത്തെയും സംസ്‌കാരത്തെയും ചിത്രീകരിച്ച ഇവരുടെ
സൃഷ്ടികൾ ഇന്ത്യക്കാരുടെ മനസ്സിൽ ഒരൊറ്റ ഇന്ത്യയുടെ ചിത്രം സൃഷ്ടിച്ചു. ഹംഗറിയിലെ
ബുദാപെസ്റ്റിലാണ് അമൃതാ ഷേർ-ഗിൽ ജനിച്ചത്. കേവലം പത്തൊൻപതുവയസുള്ളപ്പോൾ വരച്ച ഓയിൽ
പെയിന്റിങ്ങായ 'യങ് ഗേൾസ്' അവർക്ക് അംഗീകാരം നേടിക്കൊടുത്തു.
അമൃതാ ഷേർ-ഗിൽ കണ്ടെത്തിയ ഇന്ത്യ ദാരിദ്ര്യത്താലും വിസ്തൃതിയാലും
ഭൗതികസാഹചര്യങ്ങളുടെ പരിമിതികളാലും ബന്ധിതമായിരുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ഇരകളായി
മാറേണ്ടിവന്ന ജനത. അമൃതാ ഷേർ-ഗിലുടെ 'ഭാരതമാതാ' എന്ന ചിത്രത്തിൽ ഒരു ഭിക്ഷക്കാരിയേയും രണ്ടു കുട്ടികളേയും കാണാം.
വിഷാദം ഘീഭവിച്ചു കിടക്കുന്ന മുഖങ്ങൾ. ഹൃദയമലിയിക്കുന്നതാണ് ഈ ചിത്രം.
വൈകാരികതയോളം എത്തിനിൽക്കുന്ന ദേശീയ ബോധം, പ്രജ്ഞാപരമായ
നിസ്സംഗത, സഹാനുഭൂതി എന്നിവയോടുകൂടി അമൃതാ ഷേർ-ഗിൽ
ചിത്രങ്ങൾ വരച്ചു.
എം.എഫ്.ഹുസൈൻ
1915 സെപ്റ്റംബർ 17ന് ബോംബെയിലെ പന്ധാർപൂരിലാണ്
മക്ബൂൽ ഫിദ ഹുസൈൻ എന്ന എം.എഫ്.ഹുസൈൻ ജനിച്ചത്. ബോംബെ കേന്ദ്രമാക്കി ആരംഭിച്ച ബോംബെ
പ്രോഗ്രസ്സീവ് ആർട്ടിസ്റ്റ്സ് ഗ്രൂപ്പ് എന്ന പ്രസ്ഥാനത്തിനു നേതൃത്വം നൽകി.
ഇന്ത്യൻ പിക്കാസോ, നഗ്നപാദനായ ചിത്രകാരൻ എന്നിങ്ങനെ
അറിയപ്പെടുന്നു. പാവങ്ങളുടെ അമ്മ (മദർ തെരേസ), കുതിരകൾ,
ലാംഗ്വേജ് ഓഫ് സ്റ്റോൺ, ത്രീ ഡൈനാസ്റ്റി
എന്നിവയാണ് പ്രശസ്തമായ ചിത്രങ്ങൾ. ഗജഗാമിനി, ത്രൂ ദ ഐസ്
ഓഫ് എ പെയിന്റർ, മീനാക്സി : ടെയിൽ ഓഫ് ത്രീ സിറ്റീസ്
എന്നിവ എം.എഫ്.ഹുസൈൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങളാണ്. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികളും
ചിത്രകലയ്ക്കുള്ള കേരളത്തിലെ പരമോന്നത ബഹുമതിയായ രാജാരവിവർമ്മ പുരസ്കാരവും
ലഭിച്ചിട്ടുണ്ട്. 2011 ജൂൺ 9ന്
ലണ്ടനിൽ വച്ച് അന്തരിച്ചു.
ഇന്ത്യൻ
കരകൗശലവസ്തുക്കൾ
കൈകൾ
കൊണ്ട് രൂപ കൽപനചെയ്ത് നിർമ്മിച്ചെടുക്കുന്ന വിദ്യക്കാണ് കരകൗശലം എന്ന്
വിളിക്കുന്നത്. ഇവ മിക്കവാറും കുടിൽ വ്യവസായങ്ങളായിരിക്കും. പരവതാനികൾ, പാത്രങ്ങൾ പോലുള്ള
വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള ഒരു പ്രത്യേക വൈദഗ്ധ്യത്തെയോ കലയെയോ
സൂചിപ്പിക്കുന്നതാണ് കരകൗശലം. അലങ്കാരത്തിനായി മനോഹരമായ വസ്തുക്കൾ
സൃഷ്ടിക്കുന്നതും ഇതിനർത്ഥമാകാം. ആഭരണങ്ങൾ, ലെഡ് ഗ്ലാസ്
ജനാലകൾ, മരപ്പണി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചില കരകൗശല
വസ്തുക്കൾ വളരെ ഉയർന്ന നിലവാരത്തിൽ എത്തിയിട്ടുണ്ട്, അവയെ
ഒരു കല എന്ന് വിളിക്കാം. മൂർച്ചയുള്ള കല്ലുകൾ ഉപയോഗിച്ച് ആളുകൾ മര തടിയിൽ
നിർമിച്ചതായിരിക്കാം ആദ്യകാല കരകൗശല വസ്തുക്കൾ. ചരിത്രാതീത കാലഘട്ടത്തിലെ
ആളുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കാൻ കരകൗശല വസ്തുക്കളെ ആശ്രയിക്കേണ്ടിവന്നു,
കാരണം അവർക്ക് യന്ത്രങ്ങളില്ലായിരുന്നു. ആയിരക്കണക്കിന്
വർഷങ്ങളായി വിവിധ വസ്തുക്കൾ നിർമ്മിക്കുന്നതിനായി ഏക മാർഗ്ഗമായി കരകൗശലവസ്തുക്കൾ
പ്രവർത്തിച്ചിരുന്നു. ചെറിയ മൺപാത്രങ്ങൾ മുതൽ പതിനായിരങ്ങൾ വിലമതിക്കുന്ന
പരവതാനികൾ വരെ കരകൗശല വിദ്യകൊണ്ട് ഉത്പാദിപ്പിക്കുന്നുണ്ട്. യന്ത്രങ്ങളുടെ ഉപയോഗം
വളരെ പരിമിതമായിരിക്കും. മിക്കവാറും കൈകൊണ്ടുണ്ടാക്കുന്ന, വ്യത്യസ്തമായ ഉല്പന്നങ്ങളായിരിക്കും ഇവ.
ഇന്ത്യൻ
കരകൗശലവസ്തുക്കളുടെ വർഗ്ഗീകരണം
ടെക്‌സ്‌റ്റൈൽസ്
ഇന്ത്യൻ
കരകൗശല നിർമ്മാണം അങ്ങേയറ്റം തൊഴിൽ കേന്ദ്രീകൃതവും, കുടിൽ കേന്ദ്രീകൃതവും, വികേന്ദ്രീകൃതവുമാണ്. ഗ്രാമീണ, നഗര
പ്രദേശങ്ങളിലെ വലിയൊരു വിഭാഗം തുണിത്തര നിർമാണ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഈ മേഖലയിലെ കരകൗശല തൊഴിലാളികൾക്ക് അതിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി
വിവിധ യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
എംബ്രോയ്ഡറി
തുണിത്തരങ്ങളിലെ
ചിത്രപ്പണികൾക്ക് പറയുന്ന പേരാണ് എംബ്രോയ്ഡറി. സാധാരണ ഡിസൈനിംഗ് മുതൽ
അതിസങ്കീർണമായ ചിത്രപ്പണികൾ വരെ എംബ്രോയ്ഡറിയിൽ ഉൾപ്പെടുന്നു.
ഐവറി
കൊത്തുപണികൾ
ചില
മൃഗങ്ങളുടെ കൊമ്പുകളുടെയും പല്ലുകളുടെയും പ്രധാന ഭാഗം കൊണ്ട് നിർമ്മിക്കുന്ന ഒരു
കടുപ്പമുള്ള വസ്തുവാണ് ഐവറി. മിനുക്കിയ ആനക്കൊമ്പ് അലങ്കാര വസ്തുക്കളായും
കലാസൃഷ്ടികളായും കൊത്തിയെടുക്കുന്നുണ്ട്.
സ്വർണ
കരകൗശലവസ്തുക്കൾ
ആഭരണങ്ങൾ
നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രധാന ലോഹം സ്വർണ്ണമാണ്. ഏറ്റവും സാധാരണമായ തരം വളകൾ, കമ്മലുകൾ, മാലകൾ, മോതിരങ്ങൾ തുടങ്ങി നിരവധി ആഭരണങ്ങൾ
സ്വർണത്തിൽ നിർമ്മിക്കുന്നുണ്ട്. ആഭരണങ്ങൾ പ്രധാനമായും വ്യക്തിപരമായ
അലങ്കാരത്തിനായി ഉപയോഗിച്ചിരുന്നു. എന്നാൽ മതപരമായ ആവശ്യങ്ങൾക്കോ സമ്പത്തിന്റെയോ
പദവിയുടെയോ പ്രതീകമായോ ഇത് ധരിച്ചിട്ടുണ്ട്. മിക്ക മികച്ച ആഭരണങ്ങളിലും കലാപരമായ
ഡിസൈനുകളിൽ സൃഷ്ടിച്ച വിലയേറിയ ലോഹങ്ങളും രത്നങ്ങളും അടങ്ങിയിരിക്കുന്നു.
വെള്ളി
കരകൗശലവസ്തുക്കൾ
സ്വർണം
പോലെ മനുഷ്യൻ ആഭരണങ്ങളും മറ്റ് കരകൗശല വസ്തുക്കളും നിർമിക്കാൻ ഉപയോഗിച്ച മറ്റൊരു
ലോഹമാണ് വെള്ളി. ആഭരണങ്ങൾ ഉണ്ടാക്കാനും പാത്രങ്ങൾ ഉണ്ടാക്കാനും ഈ ലോഹം പണ്ടുമുതലേ
ഉപയോഗിച്ചിരുന്നു. സ്വർണത്തേക്കാൾ വില കുറവാണ് വെള്ളിക്ക്. എന്നാൽ സ്വർണത്തിന്റെ
മിക്ക ഗുണങ്ങളുമുണ്ട്. സ്വർണം പോലെ വെള്ളിയും നേർത്ത കമ്പികളാക്കാനും കനം കുറഞ്ഞ തകിടുകളാക്കാനും
കഴിയും.
വെങ്കല
കരകൗശലവസ്തുക്കൾ
ചെമ്പിന്റെയും
ടിന്നിന്റെയും മിശ്രിതമാണ് വെങ്കലം. മനുഷ്യൻ ആദ്യം നിർമ്മിച്ച കൂട്ടുലോഹമാണ്
വെങ്കലം. വെങ്കലയുഗത്തിൽ മനുഷ്യൻ ആയുധമുണ്ടാക്കാനും മറ്റും വെങ്കലം കൂടുതലായി
ഉപയോഗിച്ചിരുന്നു.
തടി
കരകൗശലവസ്തുക്കൾ
തടി
ഉപയോഗിച്ച് ഫർണിച്ചറും അനുബന്ധ വസ്തുക്കളും നിർമിക്കുന്നു. മേശ, കസേര, കട്ടിൽ, അലമാര തുടങ്ങി നിരവധി ഗൃഹോപകരണങ്ങൾ
തടി ഉപയോഗിച്ച് നിർമിക്കുന്നു. കൂടാതെ കരകൗശല നിർമിതികളായ കളിപ്പാട്ടങ്ങൾ, പ്രതിമകൾ തുടങ്ങി നിരവധി വസ്തുക്കൾ തടി കൊണ്ട് നിർമ്മിക്കുന്നു.
കളിപ്പാട്ടങ്ങൾ
കുട്ടികൾക്ക്
കളിപ്പാട്ടമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു വസ്തുവാണ് കളിപ്പാട്ടം. പന്തുകൾ, പാവകൾ, ഗെയിമുകൾ, പസിലുകൾ തുടങ്ങി നിരവധി
കളിപ്പാട്ടങ്ങളുണ്ട്. പുരാതന കാലം മുതൽ, കുട്ടികളുടെ
ജീവിതത്തിൽ കളിപ്പാട്ടങ്ങൾക്ക് ഒരു പ്രധാന പങ്കുണ്ട്. ചില കളിപ്പാട്ടങ്ങൾ കുട്ടികളെ
ചുറ്റുമുള്ള ലോകത്തെക്കുറിച്ച് പഠിക്കുമ്പോൾ ആസ്വദിക്കാൻ അനുവദിക്കുന്നു.
മറ്റുള്ളവരുമായി ഒത്തുപോകാൻ കുട്ടികളെ പഠിപ്പിക്കാൻ ഗെയിമുകൾ സഹായിക്കും. പ്രത്യേക
കഴിവുകൾ പഠിക്കാനും വികസിപ്പിക്കാനും കളിപ്പാട്ടങ്ങൾ അവരെ സഹായിച്ചേക്കാം.
നിർമ്മാതാക്കൾ ആയിരക്കണക്കിന് വ്യത്യസ്ത കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നു. ഒരു
കുട്ടി തന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും വർദ്ധിച്ചുവരുന്ന സങ്കീർണ്ണതയുള്ള
കളിപ്പാട്ടങ്ങൾ ഉപയോഗിക്കുന്നു.
കൽപ്പാത്രങ്ങൾ
കൽപ്പാത്രങ്ങൾ
കട്ടിയുള്ളതും സുഷിരങ്ങളില്ലാത്തതുമായ ഒരു തരം മൺപാത്രമാണ്. റസ്റ്റോറന്റുകളിലും ഫാമുകളിലും
ഭക്ഷണം സൂക്ഷിക്കുന്നതിനും ഫാക്ടറികളിൽ രാസവസ്തുക്കൾ സൂക്ഷിക്കുന്നതിനും
കൽപ്പാത്രങ്ങൾ ഉപയോഗിക്കുന്നു. കൽപ്പാത്രങ്ങൾ ഈടുനിൽക്കുന്ന പാത്രങ്ങളും
പൈപ്പുകളും നിർമ്മിക്കുന്നു. കൂടാതെ,
പ്രതിമകളും മറ്റ് കലാ വസ്തുക്കളും സൃഷ്ടിക്കാൻ കുശവൻമാർ ഈ
മെറ്റീരിയൽ ഉപയോഗിക്കുന്നു.
പരവതാനികൾ
തറകൾ
അലങ്കരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി നിർമിക്കുന്ന വസ്തുക്കളാണ് പരവതാനികൾ.
കുടിലിൽ നിർമിക്കുന്ന പരവതാനികൾ മുതൽ വൻകിട വ്യവസായശാലകളിൽ നിർമിക്കുന്ന പരവതാനികൾ
വരെ വിപണിയിൽ ലഭ്യമാണ്.
തുകൽ
ഉൽപ്പന്നങ്ങൾ
ഷൂസ്, ബൂട്ട്സ്, ബെൽറ്റുകൾ, കയ്യുറകൾ, ജാക്കറ്റുകൾ, തൊപ്പികൾ, ഷർട്ടുകൾ, ട്രൗസറുകൾ, സ്കർട്ടുകൾ, ഹാൻഡ്ബാഗുകൾ, ബേസ്ബോൾ, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ് ബോളുകൾ, ഫുട്ബോൾ എന്നിവ
നിർമ്മിക്കാൻ തുകൽ ഉപയോഗിക്കുന്നു.
ഇന്ത്യൻ
സംഗീതം
ഇന്ത്യയിലെ സംഗീതം
ഭാരതീയ
സംഗീതത്തിന്റെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്നത് സാമവേദമാണ്. ഭാരതീയ സംഗീതത്തിലെ
രണ്ടു പ്രധാന വിഭാഗങ്ങളാണ് കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും. സപ്തസ്വരങ്ങൾ
എന്നറിയപ്പെടുന്നത് ഷഡ്ജം (സ),
ഋഷഭം (രി), ഗാന്ധാരം (ഗ), മധ്യമം (മ), പഞ്ചമം (പ), ധൈവതം (ധ), നിഷാദം (നി) എന്നിവയാണ്.
കർണാടക
സംഗീതം
കർണാടക
സംഗീതത്തിലെ അടിസ്ഥാന രാഗങ്ങൾ എഴുപത്തിരണ്ടെണ്ണമാണ്. ഇവ മേളകർത്താ രാഗങ്ങൾ
എന്നറിയപ്പെടുന്നു. അടിസ്ഥാന രാഗങ്ങളെ ആധാരപ്പെടുത്തിയുള്ള ആധുനിക കർണാടക സംഗീത
സമ്പ്രദായത്തിന്റെ ഉപജ്ഞാതാവാണ് വെങ്കിടമഖി. കർണാടക സംഗീതത്തിന്റെ പിതാവ്
എന്നറിയപ്പെടുന്നത് പുരന്ദരദാസനാണ് (1484
- 1564). സംഗീതപഠനത്തിലെ അടിസ്ഥാനരാഗമായി മായാമാളവഗൗളയെ അദ്ദേഹം
നിശ്ചയിച്ചു. പ്രഭാതത്തിൽ ആലപിക്കുന്ന കർണാടക സംഗീത രാഗങ്ങളാണ് ഭൂപാളം, മലയമാരുതം, മലഹരി, ഗൗരി
എന്നിവ. ബിലഹരി, സാവേരി, ദേവമനോഹരി
രാഗങ്ങൾ ആലപിക്കുന്നത് ദിവസത്തിന്റെ ആദ്യയാമത്തിൽ. ദിവസത്തിന്റെ രണ്ടാം യാമത്തിൽ
ആലപിക്കാവുന്ന രാഗങ്ങളാണ് മധ്യമാവതി, സാരംഗം, ശ്രീ എന്നിവ. ഹിന്ദോളം, കാപി, കാനഡ എന്നിവ വൈകുന്നേരം ആലപിക്കാവുന്ന രാഗങ്ങളാണ്. സന്ധ്യയ്ക്ക്
ആലപിക്കുന്ന രാഗങ്ങളാണ് ശങ്കരാഭരണം, കല്യാണി, നാട്ടക്കുറിഞ്ചി എന്നിവ. പന്തുവരാളി, നീലാംബരി,
ആനന്ദഭൈരവി എന്നീ രാഗങ്ങൾ ആലപിക്കാവുന്നത് രാത്രിയിൽ.
ദിവസത്തിന്റെ ഏത് സമയത്തും ആലപിക്കാവുന്നതായി കരുതപ്പെടുന്ന കർണാടക രാഗങ്ങളാണ്
മോഹനവും കാംബോജിയും.
കർണാടക
സംഗീതത്തിലെ കീർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് താളപ്പാക്കം അന്നമാചാര്യർ.
ശ്യാമശാസ്ത്രികൾ, ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ എന്നിവരാണ്
കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ. സ്വരജതി എന്ന സംഗീതാംശം കർണാടക സംഗീതത്തിൽ
അവതരിപ്പിച്ചത് ശ്യാമശാസ്ത്രികൾ. മലയമാരുതം, മയൂരധ്വനി,
നളിനകാന്തി തുടങ്ങിയ രാഗങ്ങൾ സൃഷ്ടിച്ചത് ത്യാഗരാജൻ.
സംഗീതക്കച്ചേരിയിൽ ആദ്യമായി വയലിൻ ഉപയോഗിച്ചത് മുത്തുസ്വാമി ദീക്ഷിതർ. പഞ്ചരത്ന
കീർത്തനങ്ങളുടെ കർത്താവാണ് ത്യാഗരാജൻ. രാമസ്വാമി ദീക്ഷിതരാണ് ഹംസധ്വനി രാഗത്തിന്റെ
സ്രഷ്ടാവ്. എല്ലാവർഷവും ത്യാഗരാജ സംഗീതോത്സവം നടക്കുന്നത് തമിഴ്‌നാട്ടിലെ
തിരുവയ്യാറിലാണ്.
ഹിന്ദുസ്ഥാനി
സംഗീതം
അക്ബർ
ചക്രവർത്തിയുടെ സദസ്സിലെ ആസ്ഥാന ഗായകനായിരുന്ന താൻസെൻ പാട്ടുപാടി മഴ
പെയ്യിച്ചിട്ടുണ്ടത്രേ! താൻസെൻ ദീപക് രാഗം പാടിയപ്പോൾ വിളക്കുകൾ സ്വയം
തെളിഞ്ഞുവെന്നും മേഘമൽഹാർ രാഗം പാടിയപ്പോൾ മഴ വർഷിച്ചുവെന്നുമാണ് കഥ. ഇന്ത്യൻ
സംഗീതത്തിന്റെ രണ്ടു വഴികളാണ് ഹിന്ദുസ്ഥാനിയും കർണാടക സംഗീതവും. ഉത്തരേന്ത്യയാണ്
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പ്രഭവകേന്ദ്രമായി അറിയപ്പെടുന്നത്. അക്ബർ
ചക്രവർത്തിയുടെ സദസ്സിലെ അംഗമായിരുന്നു സംഗീത പ്രതിഭയായ താൻസൻ. താൻസന്റെ ശരിയായ
പേരാണ് താണ മിശ്ര. സ്വാമി ഹരിദാസ് ആയിരുന്നു താൻസന്റെ ഗുരു. താൻസൻ എന്ന പേര്
നൽകിയത് ഗ്വാളിയർ രാജാവ് വിക്രംജിത്ത്. താൻസൻ സൃഷ്ടിച്ചതായി കരുതപ്പെടുന്ന
ഹിന്ദുസ്ഥാനി രാഗങ്ങളാണ് മിയാൻകി ഇയോദി,
മിയാൻകി സാരംഗ്, മിയാൻകി മൽഹാർ എന്നിവ.
കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനിയിലും പൊതുവായി ഉപയോഗിക്കുന്ന സംഗീതോപകരണമാണ്
തംബുരു.
സംഗീതോപകരണങ്ങൾ
വാദ്യം എന്നാൽ
വാദ്യോപകരണം എന്നാണർത്ഥം. ഏറ്റവും പഴക്കം ചെന്ന സംഗീതോപകരണമാണ് ഡ്രംസ്. 'നാട്യശാസ്ത്രം'
രചിച്ച ഭരതമുനി സംഗീതോപകരണങ്ങളെ നാലു പ്രധാന വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് - തന്ത്രി
വാദ്യങ്ങൾ, അവനദ്ധ വാദ്യങ്ങൾ, സുഷിര വാദ്യങ്ങൾ, ഘന വാദ്യങ്ങൾ. ഏതു വസ്തുകൊണ്ടാണ് സംഗീതോപകരണം
നിർമിക്കപ്പെട്ടിട്ടുള്ളത്, എങ്ങനെയാണ് അവ സംഗീതം പുറപ്പെടുവിക്കുന്നത് എന്നിങ്ങനെയുള്ള
കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനം.
തന്ത്രി വാദ്യങ്ങൾ
(തത വാദ്യങ്ങൾ)
തന്ത്രികൾ ഉപയോഗിച്ച് നാദം ഉണ്ടാക്കുന്ന വാദ്യങ്ങളാണ് തതവാദ്യങ്ങൾ. തന്ത്രികളിൽ
നിന്നും പുറത്തുവരുന്ന നാദത്തിന് അനുരണനം സൃഷ്ടിക്കുവാൻ വേണ്ടിയാണ് 'കുടം' ഒരുക്കിയിരിക്കുന്നത്.
തന്ത്രികൾ വലിച്ചുമുറുക്കുന്നതിന് മരദണ്ഡുകളിൽ വലിയ ആണികൾ പോലെയുള്ള കുറ്റികളുണ്ട്.
ഇവയ്ക്ക് 'ബിരഡ' അല്ലെങ്കിൽ 'പെഗ്ഗ്' എന്നു പറയുന്നു. തന്ത്രികളുടെ എണ്ണം അനുസരിച്ചാണ്
കുറ്റികൾ ഉറപ്പിക്കുന്നത്. തന്ത്രികളും മരദണ്ഡുകളും തമ്മിലുള്ള അകലം നിലനിർത്തിയിരിയ്ക്കുന്നത്
ചെറിയ തടിക്കഷണങ്ങൾ ഉപയോഗിച്ചാണ്. 'ബ്രിഡ്ജ്' എന്നാണ് ഇവ അറിയപ്പെടുന്നത്.
തന്ത്രിവാദ്യങ്ങളുടെ പിറവി ആദിമമനുഷ്യന്റെ വില്ലിൽ നിന്നാണെന്നു വിശ്വസിക്കപ്പെടുന്നു.
വേട്ടമൃഗത്തെ ലക്ഷ്യമാക്കി അമ്പ് അയയ്ക്കുമ്പോൾ ഉയരുന്ന 'ഞാണൊലി'യിൽ നിന്നും ആയിരിക്കാം
വലിച്ചുമുറുക്കിയ തന്ത്രികളിൽ നിന്നും ഇമ്പമാർന്ന സ്വരങ്ങൾ സൃഷ്ടിക്കാമെന്ന് അറിവ്
മനുഷ്യൻ നേടിയത്. വേട്ടയാടാൻ മാത്രമല്ലാതെ മധുരനാദം കേൾക്കാനും അവൻ വില്ലുകൾ നിർമിച്ചു
തുടങ്ങി. നാടോടിക്കലകളിൽ ഇപ്പോഴും ഇത്തരം വില്ലുകൾ ഉപയോഗിക്കാറുണ്ട്. 'വില്ലടിവാദ്യം'
ഇത്തരത്തിലുള്ള ഒന്നാണ്.
ഒറ്റ തന്ത്രി വാദ്യങ്ങൾ
നാടോടിക്കലകളിൽ ഒറ്റ തന്ത്രി വാദ്യങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു. ലളിതമായ ഘടനയാണു
ഇവയ്ക്കുള്ളത്. പാട്ടിനു ശ്രുതി ചേർക്കുക എന്നതു മാത്രമാണു ഒറ്റ തന്ത്രിവാദ്യങ്ങളുടെ
ഏക ഉപയോഗം. രാഗവിസ്താരത്തിൽ ഇവയ്ക്കു സ്ഥാനമില്ല. തുംതുണെയും ഏക്താരയുമാണ് ഭാരതത്തിലെ
പ്രസിദ്ധമായ ഒറ്റ തന്ത്രിവാദ്യങ്ങൾ.
തന്ത്രി വാദ്യങ്ങൾക്ക് ഉദാഹരണങ്ങൾ
കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, വിവിധതരം നാടോടി സംഗീതം എന്നിവയിലെല്ലാം
തന്ത്രിവാദ്യോപകരണങ്ങൾ ഉപയോഗിക്കപ്പെടുന്നു. വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ചില തന്ത്രി
വാദ്യങ്ങൾക്ക് ഉദാഹരണം ഇവയാണ്.
നാടോടി തന്ത്രി വാദ്യങ്ങൾക്ക് ഉദാഹരണം
1. വില്ലടിവാദ്യം - കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ നാടോടിക്കലയായ വില്ലുപാട്ടിന്
ഉപയോഗിക്കുന്ന മുഖ്യവാദ്യമാണ് വില്ലടിവാദ്യം. കമിഴ്ത്തിവച്ച ഒരു മൺകലത്തിന്മേൽ ഉറപ്പിച്ച
വില്ലാണ് ഇതിന്റെ മുഖ്യഭാഗം. തുകൽ ഞാണിൽ രണ്ടു കമ്പുകൾ ശക്തിയായി അടിച്ചാണ് നാദമുണ്ടാക്കുന്നത്.
കുടം ശബ്ദത്തിന് 'അനുരണനം' സൃഷ്ടിക്കുന്നു.
2. തുംതുണെ - ഉത്തരേന്ത്യൻ നാടോടി വാദ്യമാണ് തുംതുണെ. മരം കൊണ്ടുണ്ടാക്കിയ പൊള്ളയായ
ഒരു ചെറിയ സിലിണ്ടറിൽ ഉറപ്പിച്ചിരിക്കുന്ന മുള കൊണ്ടുള്ള ദണ്ഡാണ് ഇതിന്റെ പ്രധാന ഭാഗം.
3. ഏക്താര - തുംതുണെയുടെ പരിഷ്കൃതരൂപമാണ് ഏക്താര. സിലിണ്ടർ ആകൃതിയിലുള്ള അടിഭാഗത്തിനു
പകരം അർദ്ധഗോളമാണ്. മുകളിൽ മൃഗത്തോലും വലിച്ചു മുറുക്കിയിരിക്കും.
4. തംബൂര - കർണാടക സംഗീതത്തിലെ ശ്രുതിവാദ്യമായ 'തംബുരു'വിന്റെ നാടോടിരൂപമാണ്
തംബൂര.
5. ബുവാംഗ് - പൊള്ളയായ ഒരു മുളങ്കമ്പിന്റെ ഇരുവശങ്ങളിലും ഉറപ്പിച്ചിരിക്കുന്ന
ചെറിയ വളഞ്ഞ കമ്പുകളിലാണ് 'ബുവാംഗിന്റെ' 'ഞാൺ വലിച്ചുകെട്ടിയിരിക്കുന്നത്. സംഘനൃത്തത്തിനിടയിൽ
ബുവാംഗ് ഒരു കയ്യിൽ പിടിച്ച് ഞാൺ വലിച്ചാണ് നൃത്തകർ നാദമുണ്ടാക്കുന്നത്.
ഹിന്ദുസ്ഥാനി സംഗീതത്തിലെ ചില തന്ത്രി വാദ്യങ്ങൾക്ക് ഉദാഹരണം
1. സിത്താർ - കർണാടകസംഗീതത്തിലെ 'സരസ്വതീവീണ'യ്ക്ക് സമാനമായ ഉത്തരേന്ത്യൻ ഉപകരണമാണ്
സിത്താർ.
2. സരോദ് - 'ശാരദവീണ' എന്ന പഴയ സംഗീതോപകരണത്തിന്റെ പരിഷ്കൃതരൂപമാണ് സരോദ്.
3. സന്തൂർ - ഒരു തടിപ്പെട്ടിയുടെ ആകൃതിയിലുള്ള തന്ത്രിവാദ്യമാണിത്. 'ശതതന്ത്രി
വീണ' എന്ന പഴയകാല സംഗീതോപകരണത്തിന്റെ പരിഷ്കൃതരൂപമാണ് സന്തൂർ.
4. സാരംഗി - പാശ്ചാത്യരുടെ വയലിനു സമാനമായ ഇന്ത്യൻ സംഗീതോപകരണമാണ് സാരംഗി.
5. സ്വർമണ്ഡൽ - പാശ്ചാത്യരുടെ ഹാർപ്പിന് സമാനമായ ഇന്ത്യൻ സംഗീതോപകരണമാണ് സ്വർമണ്ഡൽ.
തടികൊണ്ടുണ്ടാക്കിയ ഒരു പെട്ടിയിൽ തന്ത്രികൾ ഉറപ്പിച്ചാണ് ഇവ നിർമ്മിക്കുന്നത്.
കർണാടക സംഗീതത്തിലെ ചില തന്ത്രി വാദ്യങ്ങൾക്ക് ഉദാഹരണം
1. തംബുരു – കച്ചേരികൾക്ക് ശ്രുതി ചേർക്കാനാണ് തംബുരു ഉപയോഗിക്കുന്നത്. കർണാടക
സംഗീതത്തിലെ ഒഴിച്ചുകൂടാനാവാത്ത തന്ത്രി വാദ്യമാണ് തംബുരു.
2. വീണ – ഭാരതീയ സംഗീതോപകരണങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട സ്ഥാനമാണ് വീണയ്ക്കുള്ളത്.
രാഗങ്ങളുടെ സ്വരസ്ഥാനങ്ങൾ കണ്ടുപിടിക്കാനും ആരോഹണാവരോഹണക്രമങ്ങൾ നിശ്ചയിക്കാനുമെല്ലാം
വീണ സഹായകമാണ്.
3. ഗോട്ടുവാദ്യം – അഞ്ചു തന്ത്രികളാണ് ഗോട്ടുവാദ്യത്തിനുള്ളത്. ഇത് കൂടാതെ 'സിംപതറ്റിക്
സ്ട്രിങ്ങുകൾ' എന്നു വിളിക്കുന്ന പന്ത്രണ്ട് കമ്പികൾ വേറെയുമുണ്ട്. ഭാരതീയ തതവാദ്യങ്ങളുടെ
കൂട്ടത്തിൽ പ്രധാനസ്ഥാനമാണ് ഗോട്ടുവാദ്യത്തിനുള്ളത്.
4. വയലിൻ – കർണാടക സംഗീതലോകത്ത് ഒഴിവാക്കാനാവാത്ത ഒരു തന്ത്രിവാദ്യമാണ് വയലിൻ.
വില്ലുകൊണ്ടു വായിക്കുന്ന തന്ത്രിവാദ്യമാണ് വയലിൻ. നാലു കമ്പികളാണുള്ളത്. തടിയിൽ നിർമ്മിക്കപ്പെടുന്നു.
പാശ്ചാത്യ സംഗീതത്തിലെ ചില തന്ത്രി വാദ്യങ്ങൾക്ക് ഉദാഹരണം
1. ഗിറ്റാർ – പാശ്ചാത്യ സംഗീതത്തിന്റെ മുഖ്യഭാഗമാണ് ഗിറ്റാർ. ആറു തന്ത്രികളാണ്
ഗിറ്റാറിനുള്ളത്. കൂടാതെ വിരൽ മീട്ടാനുള്ള ഭാഗവും സൗണ്ട് ബോക്സുമുണ്ട്.
2. വയലിൻ – നാടോടി സംഗീതോപകരണമായ ഫിഡിലിൽ നിന്നുമാണ് ആദ്യമായി വയലിൻ നിർമിച്ചതെന്നു
കരുതപ്പെടുന്നു. വയലിൻ, വയോള, ചെല്ലോ, ഡബിൾ ബാസ് എന്നിങ്ങനെ വയലിൻ കുടുംബത്തിൽ നിരവധി
അംഗങ്ങളുണ്ട്.
3. മാൻഡൊലിൻ – ക്ലാസിക്കൽ, നാടൻ സംഗീതം തുടങ്ങി വിവിധതരം സംഗീതശാഖകളിൽ മാൻഡൊലിൻ
ഉപയോഗിക്കാറുണ്ട്.
4. പിയാനോ – കീബോഡ് ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ് പിയാനോ.
തുകൽ വാദ്യങ്ങൾ
(താള വാദ്യങ്ങൾ)
'അവനദ്ധം' എന്ന സംസ്കൃതവാക്കിന്റെ അർത്ഥം മൂടപ്പെട്ടത്, പൊതിയപ്പെട്ടത് എന്നെല്ലാമാണ്.
പൊള്ളയായ വസ്തുവിന്റെ തുറന്ന ഭാഗത്ത് തുകൽ മുറുക്കി ബന്ധിച്ചാണ് അവനദ്ധവാദ്യങ്ങൾ അഥവാ
താള വാദ്യങ്ങൾ ഉണ്ടാക്കുന്നത്. അതിനാൽ അവയെ തുകൽ വാദ്യങ്ങൾ അല്ലെങ്കിൽ ചർമ്മ വാദ്യങ്ങൾ
എന്നും വിളിക്കുന്നു. ചെണ്ട, മദ്ദളം, ഇടയ്ക്ക, മൃദംഗം, തകിൽ, തിമില, മിഴാവ്, ഉടുക്ക്,
തുടി, കടുന്തുടി, ഗഞ്ചിറ, ദഫ്, തബല, ഡോലക്, പഖവാജ്, തപ്പ് തുടങ്ങിയവ തുകൽ വാദ്യങ്ങൾക്ക്
ഉദാഹരണങ്ങളാണ്.
തുകൽ വാദ്യങ്ങൾക്ക് ഉദാഹരണങ്ങൾ
1. ചെണ്ട - കേരളീയമായ താളവാദ്യമാണ് ചെണ്ട. കഥകളിയിലെ പ്രധാന വാദ്യമാണിത്. പ്ലാവിന്റെ
തടിയിലാണ് ചെണ്ട നിർമ്മിക്കുന്നത്. കോലുകൊണ്ടും കൈവിരലുകൾ കൊണ്ടും ചെണ്ട കൊട്ടാറുണ്ട്.
തോളിൽ തൂക്കിയിട്ടാണ് ചെണ്ട കൊട്ടുന്നത്.
2. മദ്ദളം - കഥകളി, പഞ്ചവാദ്യം, വേല, പൂരം എന്നിവയ്ക്ക് ഉപയോഗിക്കുന്ന താളവാദ്യങ്ങളിൽ
ഒന്നാണ് മദ്ദളം. മദ്ദളം രണ്ടുതരമുണ്ട് - ശുദ്ധമദ്ദളം, തൊപ്പിമദ്ദളം. ശുദ്ധനാദം മുഴക്കുന്നതിനെ
ശുദ്ധമദ്ദളം എന്നു വിളിക്കുന്നു. അടഞ്ഞ ശബ്ദമുള്ളത് തൊപ്പിമദ്ദളം. പ്ലാവിൻതടിയിലാണ്
മദ്ദളത്തിന്റെയും കുറ്റി നിർമ്മിക്കുന്നത്.
3. ഇടയ്ക്ക - കേരളത്തിന്റെ സ്വന്തം വാദ്യമാണ് ഇടയ്ക്ക. ക്ഷേത്രങ്ങളിലെ സോപാന
സംഗീതത്തിന് ഇടയ്ക്ക ഉപയോഗിക്കുന്നു. പഞ്ചവാദ്യത്തിൽ ഇടയ്ക്ക പ്രധാനമാണ്. കൂടിയാട്ടത്തിലും
ഇടയ്ക്കയുണ്ട്. ഇടയ്ക്ക കൊണ്ട് കച്ചേരിയും നടത്താറുണ്ട്.
4. മൃദംഗം - കർണാടക സംഗീതത്തിലെ മുഖ്യതാളവാദ്യമാണ് മൃദംഗം. സിലിണ്ടർ ആകൃതിയിൽ
60 സെന്റിമീറ്റർ നീളമുള്ള പ്ലാവിന്റെ തടി ഉള്ളുപൊള്ളയാക്കി കടഞ്ഞെടുത്താണ് മൃദംഗത്തിന്റെ
കുറ്റി നിർമിക്കുന്നത്.
5. തകിൽ - അകം പൊള്ളയായ മരക്കുറ്റിയിൽ ഇരുവശത്തും തോൽ പൊതിഞ്ഞാണ് തകിൽ നിർമിക്കുന്നത്.
നടുഭാഗം വീർത്തിരിക്കും. വശങ്ങൾ ഉരുണ്ടും. നാഗസ്വരക്കച്ചേരിയുടെ പ്രധാന പക്കവാദ്യമാണ്
തകിൽ.
6. തിമില - പഞ്ചവാദ്യത്തിലെ പ്രധാനപ്പെട്ട താളവാദ്യമാണ് തിമില. തിമിലയുടെ ഒരു
വശം മാത്രമാണ് കൊട്ടുവാൻ ഉപയോഗിക്കുന്നത്. തോളിൽ തൂക്കി കൈപ്പത്തികൾ കൊണ്ടാണ് തിമില
കൊട്ടുന്നത്.
7. മിഴാവ് - കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന വാദ്യമാണ് മിഴാവ്. ചീനഭരണിയുടെ
ആകൃതിയാണിതിന്. കളിമണ്ണിലോ ചെമ്പിലോ ഇത് നിർമ്മിക്കാറുണ്ട്. വായ് മൃഗത്തോലുകൊണ്ട് മൂടിക്കെട്ടിയിരിക്കും.
വിരലുകളും കൈത്തലവും ഉപയോഗിച്ചാണ് മിഴാവ് കൊട്ടുന്നത്.
8. ഉടുക്ക് - ചെറിയ താളവാദ്യങ്ങളിലൊന്നാണ് ഉടുക്ക്. തടിയിൽ നിർമ്മിച്ച് ഇരുവശവും
ഉടുമ്പിന്റെ തോൽ പൊതിഞ്ഞാണ് ഇത് ഉണ്ടാക്കുന്നത്. 25 മുതൽ 30 സെന്റിമീറ്റർ വരെ നീളമുണ്ട്
ഉടുക്കിന്. മദ്ധ്യഭാഗം ഇടതുകൈകൊണ്ടുപിടിച്ച് വലതുകൈയിലെ വിരലുകൾ കൊണ്ടാണ് ഇത് കൊട്ടുന്നത്.
9. തുടി - ഉടുക്കിന് സമാനമായ താളവാദ്യമായ തുടിയുടെ രണ്ട് വശത്തും തുകൽ പൊതിഞ്ഞിരിക്കും.
ചുമലിൽ തൂക്കിയിട്ട് കോൽ ഉപയോഗിച്ച് ഒരു വശത്ത് തട്ടിയാണ് തുടി വായിക്കുന്നത്.
10. കടുന്തുടി - കേരളത്തിലെ ഒരു തുകൽ വാദ്യമാണ് കടുന്തുടി. ഇടയ്ക്ക പോലെതന്നെ
കടുന്തുടിയ്ക്കും ചുമലിൽ തൂക്കിയിടാവുന്ന വണ്ണവും ഇരുവശത്തും തുകൽ പൊതിഞ്ഞ വൃത്താകൃതിയിലുള്ള
ഭാഗങ്ങളും ഉണ്ട്.
11. ഗഞ്ചിറ - സംഗീതകച്ചേരികൾക്ക് ഉപയോഗിക്കുന്ന ഉപ താളവാദ്യമാണ് ഗഞ്ചിറ. എട്ടിഞ്ച്
വ്യാസവും നാലിഞ്ച് വീതിയുമുള്ള തടിയിൽ വൃത്താകൃതിയിലാണ് ഇതിന്റെ ചട്ടം നിർമിക്കുന്നത്.
12. ദഫ് - കേരളത്തിലെ മുസ്ലിംകൾക്കിടയിൽ ഏറെ പ്രചാരമുള്ള ഒരു വാദ്യമാണ് ദഫ്.
ദപ്പ്, തപ്പിട്ട എന്നിങ്ങനെ പല പേരുകളിലും ഈ വാദ്യം അറിയപ്പെടുന്നു.
13. തബല - ഹിന്ദുസ്ഥാനിസംഗീതത്തിലെ പ്രധാനപ്പെട്ട താളവാദ്യമാണു തബല. തബല ഒരു
ഇന്ത്യൻ താളവാദ്യമാണ്. ഇരട്ടവാദ്യമാണ് തബല. രണ്ടു ഭാഗങ്ങളുണ്ട് ഇതിന്. ഇടതുകൈകൊണ്ട്
വായിക്കുന്ന ഭാഗത്തെ ബായ എന്നും വലതുകൈകൊണ്ട് വായിക്കുന്ന വാദ്യത്തെ ദായ എന്നുമാണ്
പറയുന്നത്. ഇതു രണ്ടും ചേർന്നാൽ തബല എന്ന വാദ്യമായി.
14. ഡോലക് - ഒരു നാടൻ തുകൽ വാദ്യമാണ് ഡോലക്. വടക്കേ ഇന്ത്യയിലാണ് ഈ വാദ്യം കൂടുതൽ
പ്രചാരത്തിലുള്ളത്. മൃദംഗത്തിൽ നിന്നു അല്പം വ്യത്യസ്തമായാണ് ആകൃതി. കനം കുറഞ്ഞ് നീളം
കൂടിയ ഇതിന്റെ ഇരുവശവും തോൽ കെട്ടി ഉറപ്പിച്ചിരിക്കുന്നു.
15. പഖവാജ് - മൃദംഗം പോലെ തന്നെയുള്ള ഉത്തരേന്ത്യൻ വാദ്യോപകരണമാണ് പഖവാജ്. 'ശുദ്ധശബ്ദം'
എന്നാണ് ഈ പേരിന്റെ അർഥം. ഹിന്ദുസ്ഥാനി സംഗീതത്തിലെ താളവാദ്യങ്ങളുടെ രാജാവായാണ് ഇതിനെ
വിശേഷിപ്പിക്കുന്നത്.
16. തപ്പ് - ഒരു കേരളീയ വദ്യോപകരണമാണ് തപ്പ്. പടയണി, വേലക്കളി, തൂക്കം തുടങ്ങിയ
കലാരൂപങ്ങളിൽ വാദ്യോപകരണമായി ഉപയോഗിക്കുന്നു. ഏകദേശം ചെണ്ടയുടേതിന് സമാനമായ നാദമാണ്
ഇതിന്.
സുഷിര വാദ്യങ്ങൾ
മനുഷ്യൻ കണ്ടെത്തിയ ആദിമ വാദ്യോപകരണങ്ങളിൽ ഒന്നാണ് സുഷിര വാദ്യങ്ങൾ. ഇവയുടെ ഘടന
വളരെ ലളിതമാണ്. കുഴൽ രൂപത്തിലുള്ള വസ്തുക്കളിലൂടെ കാറ്റ് കടത്തിവിട്ട് ശബ്ദമുണ്ടാക്കാൻ
കഴിയുമെന്ന് കണ്ടെത്തിയതോടെയാണ് സുഷിര വാദ്യങ്ങളുടെ നിർമാണത്തിന് തുടക്കമായത്. പ്രകൃതിയിൽ
നിന്നു ലഭിക്കുന്ന കുഴൽ പോലുള്ള വസ്തുക്കളാണ് ആദ്യകാല സുഷിര വാദ്യങ്ങൾ. മൃഗങ്ങളുടെ
കൊമ്പുകൾ, അകം പൊള്ളയായ എല്ലുകൾ, മുള എന്നിവയെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. ആദ്യകാല
സുഷിര വാദ്യങ്ങൾ ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കാൻ മാത്രം കഴിവുള്ളവയായിരുന്നു.
കുഴലിനുള്ളിലെ വായുവിനെ നിയന്ത്രിച്ച് പുറത്തുവിട്ടാൽ ശബ്ദം കൂടുതൽ ഇമ്പമുള്ളതാക്കാമെന്ന്
പിന്നീട് കണ്ടെത്തുകയുണ്ടായി. സംഗീതത്തിന്റെ അടിസ്ഥാനമായ ഏഴു സ്വരങ്ങൾ പോലെ ഇവയിൽ ഏഴ്
സുഷിരങ്ങൾ സ്ഥാനം പിടിച്ചു. ഇരുവശവും തുറന്നിരുന്നാൽ കുഴലിനുള്ളിൽ വായു നിലനിർത്താൻ
പ്രയാസമായതിനാൽ അവയുടെ ഊതുന്ന ഭാഗം ഒന്നുകിൽ കൂർത്തതോ അല്ലെങ്കിൽ അടഞ്ഞതോ ആക്കി മാറ്റുകയും
ചെയ്തു.
സുഷിര വാദ്യങ്ങൾക്ക് ഉദാഹരണങ്ങൾ
ശംഖ്
പുരാണ പ്രസിദ്ധമായ സുഷിരവാദ്യമാണ് ശംഖ്. ഒരു കടൽ ജീവിയുടെ പുറംതോടാണിത്. ശ്വാസം
അടക്കിപ്പിടിച്ച് ശബ്ദം നീണ്ടുനിൽക്കുന്നവിധത്തിൽ വേണം ഇത് ഊത്തുവാൻ. ഒരു സംഗീതോപകരണം
എന്നതിലുപരി ക്ഷേത്ര ചടങ്ങുകൾക്കാണ് ശംഖ് ഉപയോഗിക്കുന്നത്. ഇതിന്റെ ശബ്ദം മംഗളസൂചകമായി
കണക്കാക്കുന്നു. കഥകളിയിലും പഞ്ചവാദ്യത്തിലും ശംഖ് ഉപയോഗിക്കാറുണ്ട്. ശംഖിന്റെ ഉൾഭാഗത്ത്
പിരിയാണി പോലെ പിരിഞ്ഞു പോകുന്ന ഒരു ചാലുണ്ട്. ഇതിന്റെ ദിശ അനുസരിച്ച് ഇതിനെ വലം പിരിശംഖ്
എന്നും ഇടം പിരിശംഖ് എന്നും വിളിക്കുന്നു. വളരെ വിശേഷപ്പെട്ടതാണ് വലംപിരി ശംഖ്.
കൊമ്പ്
തെക്കേ ഇന്ത്യയിൽ ഉപയോഗിച്ചുവരുന്ന ഒരു സുഷിരവാദ്യമാണ് കൊമ്പ്. ഇംഗ്ലീഷ് അക്ഷരം
'സി' യുടെ ആകൃതിയാണിതിന്. പിച്ചളയോ ചെമ്പോ ഉപയോഗിച്ച് ഇത് നിർമ്മിക്കുന്നു. ഊതുന്ന
ഭാഗത്തുനിന്നും മുകളിലേക്ക് വരുന്തോറും ഇതിന് വണ്ണം കൂടുന്നു. 'S' ആകൃതിയിൽ മറ്റൊരു
കൊമ്പുകൂടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. സാധാരണ കൊമ്പിനേക്കാൾ നീളമുണ്ടിതിന്.
കുഴൽ
കൊമ്പ് പോലുള്ള മറ്റൊരു സുഷിരവാദ്യമാണ് കുഴൽ. കൊമ്പ് വളഞ്ഞതാണെങ്കിൽ കുഴൽ നേർരേഖയിലാണ്. കൊമ്പിനെ അപേക്ഷിച്ച് നീളവും കുറവാണ്. കേരളത്തിൽ
പൂരങ്ങൾക്ക് കുഴൽ ഉപയോഗിക്കാറുണ്ട്.
ഓടക്കുഴൽ
ഏറ്റവും പുരാതനമായ സുഷിരവാദ്യമാണ് പുല്ലാങ്കുഴൽ. ഓടക്കുഴൽ, വേണു എന്നീ പേരുകളും
പുല്ലാങ്കുഴലിന് ഉണ്ട്. ഫ്ളൂട്ട് എന്നാണ് പാശ്ചാത്യർ പുല്ലാങ്കുഴലിനെ വിളിക്കുന്നത്.
പല വലിപ്പത്തിൽ പല വസ്തുക്കൾ കൊണ്ട് 'കുഴലു'കൾ ഉണ്ടാക്കാറുണ്ടെങ്കിലും ഓടൽ എന്ന മുളകൊണ്ടുണ്ടാക്കിയ
കുഴലാണ് സംഗീതജ്ഞന്മാർ ഉപയോഗിച്ചുവരുന്നത്. കുഴലിന്റെ നീളം, ഉൾഭാഗത്തെ വ്യാസം, സുഷിരങ്ങൾ
തമ്മിലുള്ള അകലം എന്നിവയിലുള്ള വ്യത്യാസമനുസരിച്ച് ശ്രുതിയിലും വ്യത്യാസം വരുന്നു.
നാദസ്വരം
നാഗസ്വരമെന്നും പേരുള്ള നാദസ്വരം പ്രസിദ്ധമായ സുഷിരവാദ്യമാണ്. ആദ്യകാലങ്ങളിൽ
നീളം കുറഞ്ഞ നാദസ്വരമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിനെ കുറുങ്കുഴൽ എന്നാണ് വിളിച്ചിരുന്നത്.
ചെത്തിമിനുസപ്പെടുത്തിയ ഒരു നീണ്ട കുഴലാണിത്. വായിക്കുന്ന ഭാഗം വിസ്താരം കുറഞ്ഞ് കൂർത്തിരിക്കും.
ഇതിന് 'ഓരിക' എന്നാണ് പറയുന്നത്. തമിഴ്‌നാട്ടിലും കേരളത്തിലും ഈ സുഷിരവാദ്യത്തിന് വലിയ
പ്രചാരമുണ്ട്.
ഘനവാദ്യങ്ങൾ
മണ്ണ്, തടി, ലോഹങ്ങൾ തുടങ്ങിയവകൊണ്ടാണ് ഘന വാദ്യങ്ങൾ നിർമിക്കുന്നത്. മിക്ക ഘനവാദ്യങ്ങളും
താളം പകരുവാനാണ് ഏറെയും ഉപയോഗിക്കുന്നത്. കർണാടക സംഗീതത്തിൽ ഇവയെ ഉപതാളവാദ്യങ്ങളായാണ്
കണക്കാക്കുന്നത്. മനുഷ്യർ പണ്ടുമുതലേ ഘനവാദ്യങ്ങൾ ഉപയോഗിച്ചിരുന്നു. ശ്രുതി സൗകര്യം
കുറവായതിനാൽ ശാസ്ത്രീയസംഗീതത്തിൽ ഘനവാദ്യങ്ങൾ അധികം ഉപയോഗിക്കാറില്ല. എന്നാൽ കർണാടക
സംഗീതത്തിൽ ഉപതാളവാദ്യമായി ഉപയോഗിക്കുന്ന രണ്ട് ഘനവാദ്യങ്ങളാണ് ഘടം, മുഖർശംഖ് എന്നിവ.
ചേങ്ങില, ഇലത്താളം, കോൽ, ഓണവില്ല് എന്നിവ ചില കേരളീയ ഘനവാദ്യങ്ങളാണ്. ഇന്ത്യയിലെ വിവിധ
പ്രദേശങ്ങളിൽ ഉപയോഗിച്ചു വരുന്ന ചില ഘനവാദ്യങ്ങളാണ് ജലതരംഗം, ഡഹര, ചുടിയാൻ, ചിംത, ശ്രീ
മണ്ഡൽ, മഞ്ജീര എന്നിവ.
ഘനവാദ്യങ്ങൾക്ക് ഉദാഹരണങ്ങൾ
ചേങ്ങില
വൃത്താകൃതിയിൽ വെങ്കലത്തിലോ പിച്ചളയിലോ നിർമിക്കുന്നു. ഒറ്റനോട്ടത്തിൽ ദോശക്കല്ലുപോലെ.
മുകൾഭാഗത്ത് ഒന്നോ രണ്ടോ ദ്വാരങ്ങൾ കാണും. ഇതിൽ ചരട് കോർത്താണ് ചേങ്ങില പിടിക്കുന്നത്.
ചെറിയ മരക്കോലു കൊണ്ട് അടിച്ചാണ് നാദം ഉണ്ടാക്കുന്നത്. ക്ഷേത്രച്ചടങ്ങുകൾക്കും കഥകളിയിലും
ഇത് ഉപയോഗിക്കുന്നു.
ഇലത്താളം
വെങ്കലത്തിൽ വൃത്താകൃതിയിൽ തീർത്ത രണ്ട് ലോഹത്തട്ടുകൾ ചേരുന്നതാണ് ഇലത്താളം.
തട്ടുകൾക്ക് ചേങ്ങിലയേക്കാൾ വലിപ്പം കുറവാണ്. നാടോടിക്കലകളിലും മറ്റും ഘനവാദ്യങ്ങളുടെ
ലളിതരൂപങ്ങൾ കാണാം. കോൽകളിക്ക് ഉപയോഗിക്കുന്ന കോൽ, ഓണവില്ല് എന്നിവ ഉദാഹരണം.
കോൽ
ഏറ്റവും ലളിതമായ ഘനവാദ്യങ്ങളിൽ ഒന്നാണിത്. മുളംകമ്പിന്റേയോ ഉണങ്ങിയ മരക്കഷണത്തിന്റേയോ
ഒരു ജോടി ചേർന്നാൽ കോൽ ആയി. കേരളത്തിലേയും തമിഴ്‌നാട്ടിലെയും നാടോടിക്കലയായ കോൽകളിക്ക്
താളം പകരാനാണ് ഈ കോൽവാദ്യം ഉപയോഗിക്കുന്നത്. 30 സെന്റിമീറ്ററാണ് ഇതിന്റെ നീളം. കോൽകളിക്കാൻ
ഇത് പരസ്പരം അടിച്ച് ആകർഷകമായ ശബ്ദമുണ്ടാക്കുന്നു.
ഓണവില്ല്
ഓണവുമായി ബന്ധപ്പെട്ട കേരളീയ വാദ്യോപകരണം. തെങ്ങിന്റേയോ മറ്റോ കനം കുറഞ്ഞ വാരി
വില്ലുപോലെ വളച്ചാണിതുണ്ടാക്കുന്നത്. ഞാണിന് പകരം മുളംകമ്പ് ഘടിപ്പിക്കും. ഇതിൽ മറ്റൊരു
മുളങ്കമ്പ് അടിച്ചാണ് ശബ്ദമുണ്ടാകുന്നത്.
ഘടം
ഘടം മൺകുടമാണ്. വീടുകളിൽ ഉപയോഗിക്കുന്ന കുടത്തേക്കാൾ വായ്‌വട്ടം കൂടിയ മൺകുടം.
താളവാദ്യമാണ് ഇത്. ബലവും നാദവും കൂട്ടാൻ കളിമണ്ണിനൊപ്പം ഇരുമ്പ് പൊടികൂടി ചേർത്താണ്
ഘടം നിർമിക്കുന്നത്. കൈപ്പടം, വിരലുകൾ, മണിബന്ധം, നഖം എന്നിവ ഉപയോഗിച്ചാണ് ഇത് കൊട്ടുന്നത്.
ഘടത്തിന്റെ ശ്രുതി വളരെയേറെ കൂട്ടാനോ കുറയ്ക്കാനോ കഴിയില്ല. ഉള്ളിൽ മെഴുക് ഒട്ടിച്ച്
ശ്രുതി ക്രമീകരിക്കാം.
മുഖർശംഖ്
ലളിതമായ ഒരു ചെറിയ വാദ്യമാണ് മുഖർശംഖ്. മുഖർശംഖ് കമ്പന സ്വരമാണ് ഉണ്ടാക്കുന്നത്.
സംഗീതക്കച്ചേരികൾക്ക് അകമ്പടിയായി മുഖർശംഖ് ഉപയോഗിച്ചുവരുന്നു. വലിച്ചു മുറുക്കിയ ഒരു
കമ്പിയിൽ അടിക്കുമ്പോഴുണ്ടാകുന്ന ശബ്ദമാണിതിന്. ത്രിശൂലാകൃതിയിലുള്ള ഒരു ചെറിയ ലോഹദണ്ഡാണിത്.
വശങ്ങൾ നീണ്ടുകൂർത്ത് ചവണ പോലിരിക്കും.
ജലതരംഗം
മറ്റു ഘനവാദ്യങ്ങളെപ്പോലെ താളവാദ്യമല്ല ജലതരംഗം. സ്വരസംബന്ധിയായ കീർത്തനങ്ങൾ
വായിച്ച് കച്ചേരി നടത്തുവാൻ കഴിയും എന്ന് തെളിയിച്ച ഘനവാദ്യമാണ് ജലതരംഗം. ജലത്തിൽക്കൂടി
ശ്രുതിമധുരമായ തരംഗങ്ങൾ സൃഷ്ടിച്ച് സംഗീതാനുഭൂതി പകരുവാൻ കഴിയും എന്നതാണ് ഈ സംഗീതോപകരണത്തിന്റെ
അടിസ്ഥാനം.
ഇന്ത്യയിലെ
നൃത്തരൂപങ്ങൾ
ഇന്ത്യയിലെ
നൃത്തത്തിന്റെ ചരിത്ര പശ്ചാത്തലം
ഭരതമുനിയാണ്
ഇന്ത്യൻ അവതരണ കലകളുടെ പിതാവ് എന്നറിയപ്പെടുന്നത്. ഭരതമുനി രചിച്ച പ്രശസ്തകൃതിയാണ്
നാട്യശാസ്ത്രം. ബി.സി.രണ്ടാം നൂറ്റാണ്ടിനും എ.ഡി.രണ്ടാം നൂറ്റാണ്ടിനുമിടയിലാണ്
നാട്യശാസ്ത്രം രചിച്ചത്. നാട്യശാസ്ത്രത്തിന് അഭിനവഭാരതി എന്ന പേരിൽ ഭാഷ്യമെഴുതിയത്
അഭിനവഗുപ്തൻ. നൃത്തത്തിന്റെ ഉറവിടമായി കരുതപ്പെടുന്ന ഭാരതീയദേവനാണ് ശിവൻ. നൃത്തം
ചെയ്യുന്ന ശിവരൂപമാണ് നടരാജൻ. ചോളരാജാക്കന്മാരുടെ കാലത്താണ് ആദ്യമായി
നടരാജവിഗ്രഹങ്ങൾ നിർമ്മിക്കപ്പെട്ടത്.
ക്ലാസിക്കൽ
നൃത്തങ്ങൾ
ഇന്ത്യയിലെ
നൃത്തരൂപങ്ങൾക്ക് ക്ലാസിക്കൽ പദവി നൽകുന്നത് കേന്ദ്ര സംഗീത നാടക അക്കാദമിയാണ്.
നിലവിൽ എട്ടു നൃത്തരൂപങ്ങൾക്കാണ് ഇന്ത്യയിൽ ക്ലാസിക്കൽ പദവിയുള്ളത്. ഭരതനാട്യം, ഒഡീസി, കുച്ചിപ്പുഡി, മണിപ്പുരി, മോഹിനിയാട്ടം, സാത്രിയ, കഥകളി, കഥക് എന്നിവയാണ് ക്ലാസിക്കൽ
നൃത്തരൂപങ്ങൾ.
ഭരതനാട്യം
നാട്യശാസ്ത്രാടിസ്ഥാനത്തിലുള്ള
മുഖ്യനൃത്തരൂപമാണ് ഭരതനാട്യം. ദാസിയാട്ടം എന്നറിയപ്പെട്ടിരുന്ന ഭാരതനാട്യത്തിന്റെ
ഉദ്ഭവം തമിഴ്നാട്ടിലാണ്. 'ചലിക്കുന്ന കാവ്യം' എന്നാണ് ഭരതനാട്യം
അറിയപ്പെടുന്നത്. ഇന്ത്യയുടെ ദേശീയ നൃത്തരൂപമായി വിശേഷിപ്പിക്കാറുള്ളത്
ഭരതനാട്യത്തെയാണ്. അഭിനവദർപ്പണം എന്ന കൃതിയാണ് ഭരതനാട്യത്തിന്റെ അടിസ്ഥാന ഗ്രന്ഥം.
ഭരതനാട്യത്തിനെ പരിഷ്കരിച്ചവരിൽ പ്രധാനപ്പെട്ടയാളാണ് രുക്മിണി ദേവി അരുണ്ഡേൽ.
1936ൽ രുക്മിണി ദേവി സ്ഥാപിച്ചതാണ് കലാക്ഷേത്ര. ചെന്നൈയാണ് ആസ്ഥാനം. യാമിനി
കൃഷ്ണമൂർത്തി, പത്മാസുബ്രഹ്മണ്യം, മല്ലികാ സാരഭായ് എന്നിവർ ഈ രംഗത്തെ പ്രഗല്ഭരാണ്.
ഒഡീസി
ഒഡിഷയിലെ
പ്രധാന നൃത്തരൂപമാണ് ഒഡീസി. ജയദേവരുടെ ഗീത ഗോവിന്ദത്തെയാണ് ഒഡീസിയിൽ
ആധാരമാക്കിയിരിക്കുന്നത്. മംഗളാചരണം,
സ്ഥായി, പല്ലവി, അഭിനയം, മോക്ഷം എന്നിവയാണ് ഒഡീസിയിലെ
അഞ്ചുഭാഗങ്ങൾ. മോക്ഷ എന്ന ഭാഗത്തോടെയാണ് ഒഡീസി നൃത്തം അവസാനിക്കുന്നത്. ഒഡിഷയിലെ
ക്ഷേത്രശില്പങ്ങൾ ഒഡീസി നൃത്തമാതൃകയിലുള്ളവയാണ്. കേളുചരൺ മഹാപാത്ര, സോണാൽ മാൻസിങ്, ഇന്ദ്രാണി റഹ്മാൻ, പ്രൊമിത ബേഡി തുടങ്ങിയവരാണ് ഈ രംഗത്തെ പ്രഗല്ഭർ.
കുച്ചിപ്പുഡി
ആന്ധ്രാപ്രദേശിലെ
കുച്ചിപ്പുഡി ഗ്രാമത്തിലാണ് കുച്ചിപ്പുഡി നൃത്തം ഉടലെടുത്തത്. കുചേലപുരം എന്നും
കുച്ചിപ്പുഡി ഗ്രാമം അറിയപ്പെടുന്നു. സിദ്ധേന്ദ്ര യോഗിയാണ് കുച്ചിപ്പുഡിക്ക്
ഇപ്പോഴുള്ള രൂപം നൽകിയത്. പത്മശോഭനായിഡു,
രാജറെഡി, രാധറെഡി, കൗസല്യറെഡി തുടങ്ങിയവരാണ് ഈ രംഗത്തെ പ്രഗല്ഭർ.
മണിപ്പുരി
മണിപ്പുരിൽ
നിന്നുള്ളതാണ് മണിപ്പുരി നൃത്തം. കൃഷ്ണന്റെ രാസലീലയാണ് മണിപ്പുരി നൃത്തത്തിന്റെ പ്രധാന
ഇതിവൃത്തം. ഗുരു ബിബിൻ സിംഹ,
ഗുരു നീലേശ്വർ മുഖർജി, ഗുരു ചന്ദ്ര
കാന്ത സിംഹ, തമന്ന റഹ്മാൻ തുടങ്ങിയവർ ഈ രംഗത്തെ
പ്രഗല്ഭരാണ്.
മോഹിനിയാട്ടം
കേരളത്തിന്റെ
തനത് ലാസ്യ നൃത്തരൂപമാണ് മോഹിനിയാട്ടം. ശൃംഗാരഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന
നൃത്തമാണ് മോഹിനിയാട്ടം. മോഹിനിയാട്ടത്തിന്റെ പുനരുജ്ജീവനത്തിൽ പ്രധാന പങ്കു
വഹിച്ച രാജാവാണ് സ്വാതിതിരുനാൾ. കലാമണ്ഡലം ക്ഷേമാവതി, വിനീത നെടുങ്ങാടി,
സുനന്ദ നായർ, പല്ലവികൃഷ്ണൻ തുടങ്ങിയവർ ഈ
രംഗത്തെ പ്രഗല്ഭരാണ്.
സാത്രിയ
അസമിന്റെ
ക്ലാസിക്കൽ നൃത്തരൂപമാണ് സാത്രിയ. സത്രങ്ങളോടനുബന്ധിച്ചു നടത്തിയിരുന്ന
നൃത്തരൂപമായിരുന്നു ഇത്. വൈഷ്ണവ സന്ന്യാസിയായിരുന്ന ശങ്കരദേവനാണ് സാത്രിയ
നൃത്തത്തിന് ഇപ്പോഴത്തെ രൂപം നൽകിയത്. അനിതാ ശർമ, ഗഹൻ ചന്ദ്രഗോസ്വാമി, ആനന്ദമോഹൻ ഭഗവതി തുടങ്ങിയവർ ഈ രംഗത്തെ പ്രഗല്ഭരാണ്.
കഥകളി
കേരളത്തിന്റെ
തനതുകലയാണ് കഥകളി. രാമനാട്ടമായിരുന്നു കഥകളിയുടെ ആദിരൂപം. രാമനാട്ടം കഥകളിയായി
രൂപപ്പെട്ടത് കോട്ടയത്തു തമ്പുരാന്റെ കാലത്താണ്. കഥകളിയുടെ സാഹിത്യരൂപമാണ്
ആട്ടക്കഥ. കഥകളിയിലെ വേഷങ്ങളെ പച്ച,
കത്തി, കരി, താടി,
മിനുക്ക് എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. കലാമണ്ഡലം
കൃഷ്ണൻ നായർ, കലാമണ്ഡലം രാമൻ കുട്ടിനായർ, കലാമണ്ഡലം ഗോപി, ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
തുടങ്ങിയവർ ഈ രംഗത്തെ പ്രഗല്ഭരാണ്.
കഥക്
വടക്കേ
ഇന്ത്യയിലെ ഏക ക്ലാസിക് നൃത്തമാണ് കഥക്. ഉത്തർപ്രദേശിലാണ് കഥക് ഉത്ഭവിച്ചത്.
ഹിന്ദു-മുസ്ലിം സംസ്‌കാരികാംശങ്ങളെ ഉൾക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തമാണ് കഥക്.
ശ്രീകൃഷ്ണ കഥകളാണ് കഥക് നർത്തകർ അവതരിപ്പിക്കുന്നത്. ബിർജു മഹാരാജ്, സിത്താരാ ദേവി,
കുമുദിനീ ലഖിയ, ഷോവന നാരായൺ തുടങ്ങിയവർ
ഈ രംഗത്തെ പ്രഗല്ഭരാണ്.
ഇന്ത്യൻ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങൾ
■ കേരളം - കഥകളി, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ
■ ആന്ധ്രാപ്രദേശ് - കുച്ചുപ്പുടി, കൊട്ടം
■ അസം - ബിഹു, സാത്രിയ, ഒജപാലി, ബജാവാലി
■ അരുണാചൽ പ്രദേശ് - വെയ്കിങ്
■ മഹാരാഷ്ട്ര - തമാശ, ദാഹികാല, ലെസിം
■ പഞ്ചാബ് - ഭാംഗ്ര, ഗിഡ
■ ഒഡീഷ - ഒഡീസി, ഗോട്ടിപുവ, ബഹാകവാഡ, ദന്താനതെ,
ചൗ
■ ഗുജറാത്ത് - ഗർബ, ദാണ്ഡിയ, രാസ്, ഭാവൈ,
രാസലീല, തിപ്‌നി
■ തമിഴ്‌നാട് - ഭരതനാട്യം, കുമ്മി, കരഗാട്ടം,
മയിലാട്ടം, കോലാട്ടം, തെരുകൂത്ത്
■ ബീഹാർ - ജത്-ജതിൻ, ബിദേസിയ
■ കർണ്ണാടക - യക്ഷഗാനം, ബായലാട്ടം
■ രാജസ്ഥാൻ - ഖയാൽ, ഗുമാർ, ഭാവൈ, ഗാം ഗോർ,
ജുലൽലീല, കായംഗ ബജവംഗ
■ ജമ്മു കാശ്മീർ - റൗഫ്, ഛാക്രി, ഹികാത്ത്
■ ജാർഖണ്ഡ് - കർമ
■ മിസോറാം - ചിറാവു (മുള നൃത്തം)
■ മണിപ്പൂർ - മണിപ്പൂരി, ലായിഹരേബ, മഹാരസ്സ
■ പശ്ചിമ ബംഗാൾ - ചൗ, ജാത്ര, കാഥി
■ ഉത്തർപ്രദേശ് - കഥക്, നൗട്ടങ്കി, രാസലീല,
ഛപ്പേലി, കജ്റി, കാരൺ
■ മധ്യപ്രദേശ് - മച, ലോത, ഗ്രിഡ, ലോത്ത,
പാണ്ട്വാനി
■ മേഘാലയ - ഷാദ്, നോംഗ്ക്രം
■ ഹിമാചൽ പ്രദേശ് - നതി, ഗിഡപർഹ്യൻ, കായംഗ,
ലുഡ്‌ഢി
■ ഹരിയാന - സ്വാംഗ്
■ ഉത്തരാഖണ്ഡ് - കുമയോൺ
ഇന്ത്യൻ
സിനിമ
ഇന്ത്യയിലെ
ആദ്യ സിനിമാ പ്രദർശനം
ഫ്രാൻസിലെ
ലൂമിയർ സഹോദരന്മാരാണ് ലോകത്തിലെ ആദ്യ ചലച്ചിത്ര പ്രദർശനം നടത്തിയത്. ആറു
മാസത്തിനുശേഷം 1896 ജൂലൈ ഏഴിന് ലൂമിയർ സഹോദരന്മാരുടെ അസിസ്റ്റന്റായിരുന്ന മാരിയസ്
സെസ്റ്റിയർ ഇന്ത്യയിൽ ഒരു സിനിമാ പ്രദർശനം നടത്തി. ആകെ ആറ് ഹ്രസ്വ ചിത്രങ്ങൾ.
മൊത്തം പ്രദർശന സമയം ഒരു മണിക്കൂറിൽ താഴെ. ബോംബെയിലെ എസ്പ്ലനേഡ് മാൻഷനിലുള്ള
വാട്സൺ ഹോട്ടലിലായിരുന്നു പ്രദർശനം. പിന്നീടത് നോവൽറ്റി തിയേറ്റത്തിലേക്ക് മാറ്റി.
ഓഗസ്റ്റ് 15ന് ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര പ്രദർശനം
അവസാനിച്ചു.
ദാദാസാഹിബ്
ഫാൽക്കെ
ആദ്യത്തെ
മുഴുനീള ഇന്ത്യൻ സിനിമയായ രാജാഹരിശ്ചന്ദ്രയ്ക്ക് ചുക്കാൻ പിടിച്ച ദാദാസാഹിബ്
ഫാൽക്കെയാണ് ഇന്ത്യൻ സിനിമയുടെ പിതാവെന്ന് അറിയപ്പെടുന്നത്. 1913 മെയ് മൂന്നിനാണ്
'രാജാഹരിശ്ചന്ദ്ര' റിലീസ്
ചെയ്തത്. 95 സിനിമകളും 26
ഹ്രസ്വചിത്രങ്ങളും ഫാൽക്കെ നിർമ്മിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ ബോക്സ് ഓഫീസ്
ഹിറ്റായി അറിയപ്പെടുന്ന ചിത്രമാണ് 1917ൽ ദാദാ സാഹിബ്
ഫാൽക്കെ പുറത്തിറക്കിയ 'ലങ്കാ ദഹൻ'. ഇദ്ദേഹത്തിന്റെ ഓർമയ്ക്കായാണ് 1969 മുതൽ
കേന്ദ്ര ഗവൺമെന്റ് ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഏർപ്പെടുത്തിയത്. ഇന്ത്യൻ
സിനിമയ്ക്ക് നൽകിയ വ്യക്തിഗത സംഭാവനകളെ പരിഗണിച്ച് നൽകുന്ന ഈ അവാർഡാണ് ഇന്ത്യൻ
സിനിമാലോകത്ത് നൽകുന്ന ഏറ്റവും വലിയ അവാർഡ്.
നിശ്ശബ്ദചിത്രങ്ങളുടെ യുഗം (1913-1931)
രാജാ
ഹരിശ്ചന്ദ്ര മുതൽ ഏതാണ്ട് 20 വർഷം ഇന്ത്യയിൽ നിശ്ശബ്ദ സിനിമയുടെ കാലഘട്ടമായിരുന്നു. ഈ കാലം 'നിശ്ശബ്ദചിത്രങ്ങളുടെ യുഗം' എന്നറിയപ്പെടുന്നു.
1300 ലധികം ചിത്രങ്ങൾ ഇക്കാലത്ത് നിർമിച്ചിരുന്നതായി
നാഷണൽ ഫിലിം ആർക്കൈവ്സിലെ രേഖകൾ പറയുന്നു. എന്നാൽ, ഇവയിൽ
പതിനഞ്ചോളം ചിത്രങ്ങൾ മാത്രമേ ഇന്നുള്ളൂ. ചുരുക്കം ചില സാമൂഹികചിത്രങ്ങളൊഴികെ,
പുരാണകഥകളേയും ചരിത്രകഥകളെയും അടിസ്ഥാനമാക്കിയവയായിരുന്നു
അക്കാലത്തെ മിക്കവാറും ചിത്രങ്ങൾ. അവയിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രമാണ് ബംഗാളിയായ
ധിരൻ ഗാംഗുലിയുടെ 'ബിലേത് ഫെരാത് അഥവാ ഇംഗ്ലണ്ട്
റിട്ടേൺഡ്' (1921). നിശ്ശബ്ദസിനിമയുടെ കാലത്തെ മറ്റു ചില
ശ്രദ്ധേയ ചിത്രങ്ങളാണ് ബാബു റാവു പെയിന്ററുടെ സിൻഗദ് (1923), സാവ്‌കാർ പാഷ് (1925), ആർദേശിർ ഇറാനിയുടെ വീര
അഭിമന്യു, കോഹിനൂർ ഫിലിംസിന്റെ ഭക്തവിദുർ, മദൻ തിയറ്റേഴ്‌സിന്റെ നൂർജഹാൻ, ഫാൽക്കെയുടെ
ലൈഫ് ഓഫ് ലോഡ് ബുദ്ധ, മദൻ തിയറ്റേഴ്‌സിന്റെ സാവിത്രി,
ഫ്രാൻസ് ഓസ്റ്റന്റെ എ ത്രോ ഓഫ് സൈഡ് തുടങ്ങിയവ.
സിനിമാ
നിയമങ്ങൾ
നിശ്ശബ്ദസിനിമയുടെ
കാലഘട്ടത്തിലെ സുപ്രധാന വർഷമാണ് 1918.
സിനിമാ വ്യവസായം നിയന്ത്രിക്കാനും മറ്റുമുള്ള
ചട്ടങ്ങളുൾപ്പെടുത്തികൊണ്ട് ഇന്ത്യൻ സിനിമാറ്റോഗ്രാഫ് ആക്ട് നിലവിൽ വന്നത് ആ
വർഷമാണ്. 1920ൽ ബോംബെ, കൊൽക്കത്ത,
മദ്രാസ് എന്നിവിടങ്ങളിൽ ഫിലിം സെൻസർ ബോർഡും രൂപീകരിച്ചു.
സംസാരിക്കുന്ന
ആദ്യ ചിത്രം
1930 കളിലാണ് ഇന്ത്യയിൽ സംസാരിക്കുന്ന സിനിമ നിർമിക്കാനുള്ള ശ്രമം
തുടങ്ങിയത്. ഭാഗികമായി ശബ്ദം ഉപയോഗിച്ച ആദ്യചിത്രമായ 'ഫ്ളാഗ്
ഓഫ് ഫ്രീഡം' (സ്വരാജ് തോരൺ) വി.ശാന്താറാം നിർമിച്ചു.
എന്നാൽ പൂർണമായ ശബ്ദസിനിമ ആദ്യം അവതരിപ്പിച്ചത് അർദേശിർ ഇറാനിയാണ്. 'ആലം ആര' (ലൈറ്റ് ഓഫ് ദ വേൾഡ്) എന്നാണ് ആ ചിത്രത്തിന്റെ
പേര്. ഹിന്ദിയും ഉറുദുവും ഇതിൽ ഇടകലർത്തി ഉപയോഗിച്ചു. 40,000 മുടക്കി നാലു മാസം കൊണ്ടാണ് ആലം ആര പൂർത്തിയാക്കിയത്. മാസ്റ്റർ വിത്തൽ
യാക്കൂബ്, പൃഥ്വിരാജ്, ജഗദിഷ്
സേത്തി, സോറാബ് മോഡി, മിസ് സുബൈദ
തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിച്ചു. ബോംബെയിലെ മജസ്റ്റിക് തിയറ്ററിൽ 1931 മാർച്ച് 14ന് റിലീസ് ചെയ്ത ചിത്രം
എട്ടാഴ്ചക്കാലം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു.
ഇന്ത്യൻ
ശബ്ദചിത്രങ്ങൾ
മുപ്പതുകളിലും
നാല്പതുകളിലും ശ്രദ്ധേയമായ ശബ്ദചിത്രങ്ങൾ ഇന്ത്യയിൽ പുറത്തുവന്നു. അറുപതുകളിൽ
സിനിമാരംഗത്തുണ്ടായ ശ്രദ്ധേയമായ മാറ്റം കളർ ചിത്രങ്ങളുടെ വരവാണ്. നൃത്തത്തിനും
സംഗീതത്തിനും പ്രാധാന്യം നൽകിയ ഒട്ടേറെ 'മസാല' ചിത്രങ്ങൾ ഈ ദശകത്തിൽ പുറത്തുവന്നു.
ഇവയിൽ മിക്കതും വൻവിജയം നേടുകയും ചെയ്തു. അൻപതുകളിലും അറുപതുകളിലും പ്രഗത്ഭരായ
ഒട്ടേറെ അഭിനേതാക്കളും സംഗീതസംവിധായകരുമെത്തി.
ദേശീയ
അവാർഡ്
1954ൽ സിനിമയ്ക്ക് ദേശീയ അവാർഡ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച നടി, മറ്റ് താരങ്ങൾ, പിന്നണി പ്രവർത്തകർ തുടങ്ങി
സിനിമ മേഖലയിലെ പല വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്. ഇന്ത്യയിൽ വർഷം തോറും ഏറ്റവും
മികച്ച ചിത്രത്തിനു നൽകുന്ന സമ്മാനമാണ് 'സുവർണകമലം'.
ഏറ്റവും മികച്ച ചിത്രത്തിന് നൽകുന്ന സുവർണ്ണ കമലം ആദ്യമായി
നേടിയത് പി.കെ ആത്രെ സംവിധാനം ചെയ്ത മറാത്തി ചിത്രമായ 'ശ്യാംചി
ആയി' ആണ്.
സെൻസർ ബോർഡ്
1952ലെ സിനിമാട്ടോഗ്രാഫ് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സെൻട്രൽ ബോർഡ് ഓഫ്
ഫിലിം സർട്ടിഫിക്കേഷൻ (സെൻസർ ബോർഡ്) സ്ഥാപിതമായത്. മുംബൈ ആസ്ഥാനമായ ബോർഡിന് 9 മേഖലാ കേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരത്താണ് കേരളത്തിലെ മേഖലാ
കേന്ദ്രം. സിനിമകൾക്ക്, പൊതുപ്രദർശനത്തിന് അനുമതി
നൽകുന്നത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ് (CBFS).
ദേശീയ
ചലച്ചിത്ര വികസന കോർപ്പറേഷൻ
1975ൽ സ്ഥാപിതമായ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഘടനയിൽ 1980ൽ ചില മാറ്റങ്ങൾ വരുത്തുകയുണ്ടായി. ഗുണമേന്മയുള്ള സിനിമകളുടെ
നിർമാണത്തിനുവേണ്ട സാമ്പത്തിക സഹായങ്ങൾ ചെയ്യലാണ് കോർപ്പറേഷന്റെ പ്രധാന ദൗത്യം. ബിമൽ
ജുൽക്കയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയുടെ (2020) റിപ്പോർട്ട്
പ്രകാരം 2022-ൽ നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ
നാല് ഫിലിം മീഡിയ യൂണിറ്റുകളെ ലയിപ്പിച്ചു. ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി, നാഷണൽ ഫിലിം
ആർക്കൈവ്, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ്
എന്നിവയാണ് നാല് ഫിലിം മീഡിയ യൂണിറ്റുകൾ.
ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യ
1948 ജനുവരിയിലാണ് ഫിലിംസ് ഡിവിഷൻ സ്ഥാപിതമായത്. മുംബൈയാണ് ആസ്ഥാനം.
ഡോക്യുമെന്ററി - ആനിമേഷൻ - ഹ്രസ്വചിത്രങ്ങൾക്കുവേണ്ടിയുള്ള മുംബൈ ഇന്റർനാഷണൽ ഫിലിം
ഫെസ്റ്റിവൽ ഫിലിംസ് ഡിവിഷനാണ് സംഘടിപ്പിക്കുന്നത്.
ചിൽഡ്രൻസ്
ഫിലിം സൊസൈറ്റി
മൂല്യവത്തായ
വിനോദം കുട്ടികൾക്കു നൽകാനായി,
1955 ലാണ് ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായത്. മുംബൈയാണ്
ആസ്ഥാനം.
നാഷണൽ
ഫിലിം ആർക്കൈവ്
പുണെ
ആസ്ഥാനമായുള്ള നാഷണൽ ഫിലിം ആർക്കൈവ്,
1964 ഫെബ്രുവരിയിൽ സ്ഥാപിതമായി. ഇന്ത്യൻ സിനിമയുടെ പൈതൃക
സംരക്ഷണമാണ് പ്രധാന ദൗത്യം.
ഡയറക്ടറേറ്റ്
ഓഫ് ഫിലിം ഫെസ്റ്റിവൽസ്
1973-ൽ ഇന്ത്യൻ സർക്കാർ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ
ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റ് സ്ഥാപിച്ചു. ഇന്ത്യൻ സിനിമയെ പ്രോത്സാഹിപ്പിക്കുക
എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സിനിമയെ അടിസ്ഥാനമാക്കിയുള്ള സാംസ്കാരിക
കൈമാറ്റങ്ങളിലൂടെ, പരസ്പര സാംസ്കാരിക ധാരണ
വർദ്ധിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.
ഇന്ത്യയിലെ അവാർഡുകളും
ബഹുമതികളും
ഭാരതരത്നം
ഇന്ത്യയിലെ ഏറ്റവും ഉയർന്ന
സിവിലിയൻ പുരസ്കാരമാണിത്. 1954ൽ ആണ് ഇത് ഏർപ്പെടുത്തിയത്. കല, സാഹിത്യം, ശാസ്ത്രം, പൊതുപ്രവർത്തനം എന്നീ മേഖലകളിൽ
മികച്ച നേട്ടം കൈവരിച്ചവരെയാണ് ഭാരതരത്നം പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. എല്ലാ
വർഷവും ഭാരതരത്നം നൽകണമെന്ന നിബന്ധനയൊന്നുമില്ല. ഇന്ത്യൻ പൗരന്മാർക്കു മാത്രമേ ഈ
പുരസ്‌കാരം നൽകാവൂ എന്ന നിബന്ധനയും ഇല്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 18 (1) പ്രകാരം
'ഭാരതരത്നം' എന്നത് അതു ലഭിക്കുന്ന
ആളിന്റെ പേരിനു മുൻപോ പിൻപോ ചേർക്കാൻ പാടുള്ളതല്ല. ആലിലയുടെ ആകൃതിയിൽ തയാറാക്കിയ
മെഡലിൽ സൂര്യബിംബവും താഴെ ഭാരതരത്നം എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത്
ദേശീയ ചിഹ്നവും സത്യമേവ ജയതേ എന്ന വാക്യവും രേഖപ്പെടുത്തിയിരിക്കുന്നു.
പത്മ പുരസ്‌കാരങ്ങൾ
1954 ജനുവരിയിലാണ്
ഭാരതസർക്കാർ ഇന്ത്യയിലെ നാല് പരമോന്നത സിവിലിയൻ പുരസ്‌കാരങ്ങളായ ഭാരതരത്ന, പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിവ ഏർപ്പെടുത്തിയത്. ഇതിൽ പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ എന്നിവ പത്മ പുരസ്‌കാരങ്ങളാണ്.
രാഷ്ട്രപതിയാണ് ഈ അവാർഡുകൾ സമ്മാനിക്കുന്നത്. സർക്കാർ സേവനമുൾപ്പെടെ സാഹിത്യം,
കല, കായികം, വിദ്യാഭ്യാസം,
വ്യവസായം, പൊതുസേവനം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകുന്നവരെയാണ് പത്മ
അവാർഡുകൾക്ക് തിരഞ്ഞെടുക്കുന്നത്. ഭാരതരത്നം കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവുമുയർന്ന
സിവിലിയൻ ബഹുമതിയാണ് പത്മവിഭൂഷൺ. ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി
പത്മഭൂഷനും നാലാമത്തേത് പത്മശ്രീയുമാണ്.
ജ്ഞാനപീഠം
ഭാരതത്തിലെ ഏറ്റവും വലിയ
സാഹിത്യസമ്മാനമാണ് ജ്ഞാനപീഠം അഥവാ ജ്ഞാനപീഠ പുരസ്‌കാരം. അവാർഡ് തുകയുടെ
കാര്യത്തിലും ആധികാരികതയിലും സാഹിത്യരംഗത്ത് ഇതിനേക്കാൾ മാനിക്കപ്പെടുന്ന മറ്റൊരു
അംഗീകാരവും രാജ്യത്തില്ല. ഭാരതത്തിലെ പരമോന്നത സാഹിത്യബഹുമതിയാണെങ്കിലും ജ്ഞാനപീഠം
നൽകുന്നത് കേന്ദ്ര സർക്കാരോ ഏതെങ്കിലും സംസ്ഥാന സർക്കാരോ അല്ല: പത്രസ്ഥാപനമായ 'ടൈംസ് ഓഫ് ഇന്ത്യ'
ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റാണ്. 1944
ഫെബ്രുവരി 14നാണ് ജ്ഞാനപീഠം ട്രസ്റ്റിന്റെ പിറവി. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ
ഉടമസ്ഥരായ സാഹുജയിൻ കുടുംബത്തിലെ ശാന്തിപ്രസാദ് ജയിനിന്റെയും
നേതൃത്വത്തിലായിരുന്നു അത്. പ്രാചീന ഭാഷകളിലെ ഗ്രന്ഥങ്ങൾ കണ്ടെത്തി
പ്രസിദ്ധീകരിക്കുന്നതിനു പുറമേ യുവ എഴുത്തുകാരുടെ മികച്ച സാഹിത്യകൃതികൾ
പ്രസിദ്ധീകരിക്കാനും ആദ്യത്തെ 20 വർഷക്കാലം ജ്ഞാനപീഠം ട്രസ്റ്റ് പ്രത്യേകം
ശ്രദ്ധിച്ചിരുന്നു. എന്നാൽ, ജ്ഞാനപീഠം രാജ്യമെങ്ങും
പ്രസിദ്ധമായത് 1965ൽ ആ പേരിൽ ദേശീയതലത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒരു അവാർഡ് നിലവിൽ
വന്നതോടെയാണ്. ഭാരതത്തിന്റെ വിവിധ ഭാഷകളിൽ വർഷംതോറും ഉണ്ടാകുന്ന സാഹിത്യകൃതികളിൽ
ഏറ്റവും മികച്ചതിന് ദേശീയതലത്തിൽ വലിയൊരു സമ്മാനം ജ്ഞാനപീഠം ട്രസ്റ്റ് നൽകി
തുടങ്ങി. 1982 മുതലാണ് തിരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരന്റെ സമഗ്രസംഭാവനയ്ക്ക്,
അതായത് മൊത്തം കൃതികൾ പരിഗണിച്ച് അവാർഡ് നൽകി തുടങ്ങിയത്.
മൂർത്തീദേവി അവാർഡ്
ജ്ഞാനപീഠം അവാർഡ് നിലവിൽ
വന്ന് രണ്ടു പതിറ്റാണ്ടിനകം അത്രത്തോളം തന്നെ മാനിക്കപ്പെടുന്ന മറ്റൊരു
പുരസ്കാരത്തിനും ജ്ഞാനപീഠം ട്രസ്റ്റ് തുടക്കമിട്ടു. അതാണ് മൂർത്തീദേവി അവാർഡ്.
ഭാരതീയ മൂല്യങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന കൃതികൾക്കാണ് ഈ അവാർഡ് നൽകുക. നാലുലക്ഷം
രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. ആദ്യത്തെ മൂർത്തീദേവി അവാർഡ്
1983ൽ കന്നഡയിലെ സി.കെ നാഗരാജറാവുവിന്റെ
'പട്ടമഹാദേവി ശാന്തല' എന്ന നോവലിന്
ലഭിച്ചു. ജ്ഞാനപീഠം അവാർഡ് സ്ഥാപിച്ച ശാന്തിപ്രസാദ് ജെയിനിന്റെ അമ്മയാണ്
മൂർത്തീദേവി. വിദ്യാസമ്പന്നയും ഭാരതീയ മൂല്യങ്ങളിൽ അങ്ങേയറ്റം തല്പരയുമായിരുന്നു ആ
മഹതി. ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റിന്റെ പിറവിക്കു പിന്നിലുള്ള പരോക്ഷമായ സ്വാധീനവും
അവരുടേതുതന്നെ.
സൈനിക ബഹുമതികൾ
ഇന്ത്യയിലെ പരമോന്നത സൈനിക
ബഹുമതിയാണ് പരമവീരചക്രം. ശത്രുക്കൾക്കെതിരെ ധീരമായി പോരാട്ടം നടത്തുന്ന
സേനാംഗങ്ങൾക്കു നൽകുന്ന പുരസ്‌കാരമാണ് പരമവീരചക്രം. 1950 ജനുവരി 26നാണ് ഈ പുരസ്‌കാരം
ഏർപ്പെടുത്തിയത്. വെങ്കലത്തിൽ 1.38 ഇഞ്ച് വ്യാസത്തിൽ തീർത്തതാണ് പരമവീരചക്രം പുരസ്‌കാരം.
മധ്യത്തിൽ ദേശീയ ചിഹ്നവും അതിനു ചുറ്റുമായി ഇന്ദ്രന്റെ വജ്രായുധത്തിന്റെ നാല്
ചിത്രവും ആലേഖനം ചെയ്‌തിട്ടുണ്ട്. ഇതിന്റെ മറുവശത്ത് പരംവീർചക്ര എന്നു
ഹിന്ദിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിരിക്കുന്നു. യുണൈറ്റഡ് കിങ്ഡത്തിന്റെ 'വിക്ടോറിയ ക്രോസ്’,
യുഎസ്എയുടെ ‘മെഡൽ ഓഫ് ഓണർ' എന്നിവയ്ക്കു
തുല്യമാണ് പരമവീരചക്ര. പരമവീരചക്ര നൽകി രാജ്യം ആദ്യമായി ആദരിച്ച സൈനിക ഓഫീസറാണ്
മേജർ സോംനാഥ് ശർമ. മരണാനന്തര ബഹുമതിയായിട്ടാണ് അദ്ദേഹത്തിന് പരമവീരചക്രം നൽകിയത്.
മഹാവീരചക്രം, വീരചക്രം, അശോകചക്രം,
കീർത്തിചക്രം, ശൗര്യചക്രം, പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ,
വിശിഷ്ട സേവാ മെഡൽ, സർവോത്തം യുദ്ധ സേവാ
മെഡൽ എന്നിവയാണ് മറ്റ് പ്രധാന സൈനിക ബഹുമതികൾ. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നീ ദേശീയ ദിനങ്ങളിലാണ് സൈനിക ബഹുമതികൾ നൽകുന്നത്.
ഗാന്ധി സമാധാന പുരസ്‌കാരം
ഇന്ത്യാ ഗവൺമെന്റ്
ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള അവാർഡാണ് അന്താരാഷ്ട്ര
ഗാന്ധി സമാധാന പുരസ്‌കാരം. ഒരു കോടി രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ 125 ആം ജന്മവാർഷിക
ദിനത്തോടനുബന്ധിച്ച് 1995 ലാണ് ഈ പുരസ്‌കാരം ആദ്യമായി സമ്മാനിച്ചത്. ഇന്ത്യൻ
പ്രധാനമന്ത്രി, ലോകസഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, മറ്റു രണ്ട്
വിശിഷ്ട വ്യക്തികൾ എന്നിവരടങ്ങുന്ന പാനലാണ് പുരസ്‌കാര ജേതാവിനെ
തിരഞ്ഞെടുക്കുന്നത്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സാംസ്കാരികമന്ത്രാലയമാണ് പുരസ്‌കാരം
ഏർപ്പെടുത്തിയത്. 1995ൽ ആദ്യത്തെ ഗാന്ധി സമാധാന പുരസ്‌കാരം നേടിയത് താൻസാനിയൻ രാഷ്‌ട്രപതി
ജൂലിയസ് നെരേര. 1996ൽ ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്ന എ.ടി.അരിയരത്‌നയായിരുന്നു
രണ്ടാമത്തെ ജേതാവ്. ജെറാർഡ് ഫിഷർ (1997), രാമകൃഷ്‌ണ മിഷൻ
(1998), ബാബാ ആംതെ (1999), നെൽസൺ
മണ്ടേല (2000), ബംഗ്ലാദേശ് ഗ്രാമീൺ ബാങ്ക് (2000),
ജോൺ ഹ്യൂം (2001), ഭാരതീയ വിദ്യാഭവൻ
(2002), വക്ലാവ് ഹവേൽ (2003), കൊറേറ്റാ
സ്കോട്ട് കിങ്ങ് (2004), ഡെസ്മണ്ട് ടുട്ടു (2005),
ചണ്ഡിപ്രസാദ് ഭട്ട് (2013), ഐ.എസ്.ആർ.ഒ
(2014) തുടങ്ങിയ സ്ഥാപനങ്ങൾ/വ്യക്തികൾ പുരസ്‍കാരം നേടിയിട്ടുണ്ട്.
വ്യാസ സമ്മാനം
കെ.കെ.ബിർള ഫൗണ്ടേഷൻ
ഏർപ്പെടുത്തിയിട്ടുള്ള സാഹിത്യപുരസ്‌കാരമാണ് വ്യാസ സമ്മാനം. ഏറ്റവും ഒടുവിലത്തെ
പത്തു വർഷങ്ങളിൽ ഹിന്ദി ഭാഷയിലുണ്ടായ മികച്ച കൃതിക്കാണ് പുരസ്‌കാരം നൽകുന്നത്.
നാല് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വ്യാസ സമ്മാൻ. 1991ലാണ്
ആദ്യ പുരസ്കാരം നൽകിയത്. ആദ്യത്തെ വ്യാസ സമ്മാനം ഡോ രാംവിലാസ് ശർമയുടെ 'ഭാരത് കെ പ്രാചീൻ
ഭാഷ പരിവാർ ഔർ ഹിന്ദി' എന്ന കൃതിക്ക് ലഭിച്ചു.
സരസ്വതി സമ്മാൻ
ഭാരതീയ ഭാഷകളിൽ കഴിഞ്ഞ
പത്തു വർഷത്തിനിടെ പ്രസിദ്ധീകരിച്ച മികച്ച സാഹിത്യകൃതിക്ക് കെ.കെ.ബിർള ഫൗണ്ടേഷൻ
ഏർപ്പെടുത്തിയ പുരസ്‌കാരമാണ് സരസ്വതി സമ്മാൻ. പണ്ഡിതരും സാഹിത്യപ്രതിഭകളുമടങ്ങുന്ന
ഒരു പാനലാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. പതിനഞ്ചു ലക്ഷം രൂപയും ഫലകവും
പ്രശസ്തിപത്രവും അടങ്ങുന്നതാണ് സരസ്വതി സമ്മാൻ. ഇന്ത്യയിൽ സാഹിത്യരംഗത്ത് നൽകുന്ന
ഏറ്റവും മികച്ച അവാർഡായി സരസ്വതി സമ്മാനത്തെ കണക്കാക്കപ്പെടുന്നു. 1991ൽ ആദ്യത്തെ
സരസ്വതി സമ്മാൻ ഹരിവംശറായി ബച്ചനാണ് ലഭിച്ചത്. മലയാളത്തിൽ ആദ്യമായി ഈ പുരസ്‌കാരം
ലഭിച്ചത് 1995ൽ നിവേദ്യം എന്ന കൃതിക്ക് ബാലാമണി അമ്മയ്ക്കാണ്. 2005ൽ
അയ്യപ്പപ്പണിക്കരും 2012ൽ സുഗതകുമാരിയും സരസ്വതി സമ്മാൻ നേടി.
ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം
ഇന്ത്യയുടെ മുൻ
പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ സ്മരണാർഥം ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റാണ്
പുരസ്‌കാരം നൽകുന്നത്. 25 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
1986 മുതലാണ് അവാർഡ് നൽകിത്തുടങ്ങിയത്. സമാധാനത്തിനും നിരായുധീകരണത്തിനും
വികസനത്തിനുമായി നൽകുന്ന അന്താരാഷ്ട്ര അവാർഡാണിത്. ഇന്ദിരാഗാന്ധി മെമ്മോറിയൽ
ട്രസ്റ്റ് നിയമിക്കുന്ന മുൻ പുരസ്‌കാര ജേതാക്കളും പ്രമുഖ ദേശീയ, അന്തർദേശീയ
വ്യക്തികൾ എന്നിവരടങ്ങുന്ന പാനലാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. ദേശീയ,
അന്താരാഷ്ട്ര വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് അവാർഡ്
നൽകുന്നത്. പാർലമെന്റേറിയൻസ് ഫോർ ഗ്ലോബൽ ആക്ഷൻ എന്ന സംഘടനയ്ക്കായിരുന്നു പ്രഥമ
പുരസ്‌കാരം. ഈ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി സോവിയറ്റ് യൂണിയൻ പൗരനായ മിഖായേൽ
ഗോർബച്ചേവാണ്. 1987ലാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. രാജീവ് ഗാന്ധി (1991),
ഡോ.എം.എസ്.സ്വാമിനാഥൻ (1999), ഇള ഭട്ട്
(2011), ഡോ.മൻമോഹൻ സിങ് (2017) എന്നിവരാണ് ഈ പുരസ്‌കാരം
ലഭിച്ച ഇന്ത്യാക്കാർ.
ഇന്ദിരാഗാന്ധി
ദേശീയോദ്ഗ്രഥന പുരസ്‌കാരം
ഇന്ത്യയുടെ മുൻ
പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ സ്മരണാർഥം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏർപ്പെടുത്തിയ
പുരസ്‌കാരമാണ് ഇന്ദിരാഗാന്ധി ദേശീയോദ്ഗ്രഥന പുരസ്‌കാരം. വിവിധ മേഖലകളില്‍
സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നവര്‍ക്കാണ് പുരസ്‌കാരം നൽകുന്നത്. 1985 മുതലാണ്
പുരസ്‌കാരം നൽകിത്തുടങ്ങിയത്. ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബർ 31നാണ് പുരസ്‌കാരം
നൽകുന്നത്. പത്ത് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കല, ശാസ്ത്രം, സംസ്കാരം, വിദ്യാഭ്യാസം, സാഹിത്യം, മതം, സാമൂഹ്യ
സേവനം, മാധ്യമം, നിയമം, പൊതുപ്രവർത്തനം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ അടങ്ങുന്ന
ഉപദേശക സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. അവാർഡ് നൽകുന്ന വർഷവും
അതിന് തൊട്ടുമുമ്പുള്ള രണ്ട് വർഷവും ദേശീയോദ്‌ഗ്രഥനത്തിനു നൽകിയ സംഭാവനകൾ
കണക്കിലെടുത്തുമാണ് പുരസ്‌കാരം നൽകുന്നത്.
ജവഹർലാൽ നെഹ്റു പുരസ്‌കാരം
ഇന്ത്യയുടെ പ്രഥമ
പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ബഹുമാനാർത്ഥം ഭാരത സർക്കാർ 1965ൽ ഏർപ്പെടുത്തിയ
പുരസ്‌കാരമാണ് ജവഹർലാൽ നെഹ്റു പുരസ്‌കാരം. 25 ലക്ഷം രൂപയും പ്രശസ്തി പത്രവും
ഫലകവും അടങ്ങുന്നതാണ് അവാർഡ്. ലോകസമാധാനത്തിനും അന്തർദേശീയ ധാരണയ്ക്കും മികച്ച
സംഭാവനകൾ നൽകിയ വ്യക്തികൾക്ക് നൽകുന്ന പുരസ്‌കാരമാണിത്. ഇന്ത്യൻ കൗൺസിൽ ഫോർ
കൾച്ചറൽ റിലേഷൻസ് (ICCR) എന്ന സ്ഥാപനത്തിനാണ് പുരസ്‌കാരം നിർണക്കുന്നതിനുള്ള ചുമതല. ഐക്യരാഷ്ട്ര
സഭയുടെ മുൻ സെക്രട്ടറി ജനറൽ യു താന്റ് ആണ് ആദ്യത്തെ അവാർഡ് ജേതാവ്. ഇന്ത്യയിൽ
നിന്നും ആദ്യമായി അവാർഡ് ലഭിച്ചത് 1969ൽ മദർ തെരേസക്കാണ്. 2009ലാണ് ഈ പുരസ്‌കാരം
അവസാനമായി നൽകിയത്. ജർമ്മൻ ചാൻസിലർ ഏഞ്ചെലാ മെർക്കലായിരുന്നു 2009ലെ ജേത്രി.
ശാന്തി സ്വരൂപ് ഭട്നാഗർ
പുരസ്കാരം
ശാസ്ത്ര-സാങ്കേതിക രംഗത്ത്
മികച്ച സംഭാവനകൾ നൽകുന്നവർക്ക് ഭാരത സർക്കാർ നൽകുന്ന അംഗീകാരമാണ് ശാന്തി സ്വരൂപ്
ഭട്നാഗർ പുരസ്കാരം. 1942ൽ ഇന്ത്യാ ഗവൺമെന്റ് രൂപീകരിച്ച ശാസ്ത്ര വ്യവസായ ബോർഡിന്റെ
(CSIR) ആദ്യ
ഡയറക്ടറായിരുന്ന സർ ശാന്തി സ്വരൂപ് ഭട്നാഗർ 'ഇന്ത്യൻ ശാസ്‌ത്ര
സാങ്കേതിക ഗവേഷണശാലകളുടെ പിതാവ്' എന്നാണ്
അറിയപ്പെടുന്നത്. ശാന്തി സ്വരൂപ് ഭട്നാഗറിന്റെ ഓർമ്മയ്ക്കായിയാണ് ഈ അവാർഡ് ഭാരത
സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ
റിസർച്ച് (CSIR) എന്ന സ്ഥാപനത്തിനാണ് പുരസ്‌കാരം
നിർണക്കുന്നതിനുള്ള ചുമതല. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും
അടങ്ങുന്നതാണ് അവാർഡ്. ഒപ്പം 65 വയസുവരെ നിശ്ചിത തുക പ്രതിമാസ വേതനമായി വിജയിക്ക്
ലഭിക്കും. 45 വയസ്സിൽ താഴെയുള്ള യുവശാസ്ത്രജ്ഞന്മാരെയും ഗവേഷകരെയുമാണ് ഈ അവാർഡിനു
പരിഗണിക്കുക. രാജ്യത്ത് നൽകുന്ന മികച്ച മൾട്ടി ഡിസിപ്ലിനറി സയൻസ്
അവാർഡുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. 1958ലാണ് ഈ പുരസ്‌കാരം ആദ്യമായി
നൽകിയത്. 1958-ൽ ഭൗതികശാസ്ത്രത്തിൽ കെ.എസ്.കൃഷ്ണനാണ് ആദ്യ അവാർഡ് ലഭിച്ചത്. ഭട്‌നാഗർ
പുരസ്‌കാരം 'ഇന്ത്യയുടെ നൊബേൽ സമ്മാനം' എന്നാണ് അറിയപ്പെടുന്നത്. തിരഞ്ഞെടുത്ത ഏഴ് ശാസ്‌ത്രശാഖകൾക്കാണ് ഈ
അവാർഡ് നൽകുന്നത് - ബയോളജിക്കൽ സയൻസ്, കെമിക്കൽ സയൻസ്,
എർത്ത്, അറ്റ്‌മോസ്‌ഫിയർ, ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസ്, എൻജിനീയറിങ്,
ഗണിതം, വൈദ്യശാസ്ത്രം, ഫിസിക്കൽ സയൻസ്.
പ്രവാസി ഭാരതീയ സമ്മാൻ
സ്വന്തം മേഖലകളിൽ
വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്ര
വിദേശകാര്യമന്ത്രാലയം ഏർപ്പെടുത്തിയതാണ് പ്രവാസി ഭാരതീയ സമ്മാൻ. പ്രവാസി
ഭാരതീയർക്കായി നൽകുന്ന പരമോന്നത പുരസ്‌കാരമാണിത്. പ്രവാസി ഭാരതീയ സമ്മാൻ എല്ലാ
വർഷവും പ്രവാസി ഭാരതീയ ദിനമായ ജനുവരി 9ന് നൽകുന്നു. 1915, ജനുവരി 9ന്
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയതിന്റെ സ്മരണാർത്ഥമാണ്
പ്രവാസി ഭാരതീയ ദിനം 2003 മുതൽ ആചരിച്ചു തുടങ്ങിയത്. അതെ വർഷം തന്നെയാണ് പ്രവാസി
ഭാരതീയ സമ്മാൻ നൽകിത്തുടങ്ങിയത്.
കാളിദാസ സമ്മാൻ
കലാരംഗത്തെ സംഭാവനകൾക്ക്
മധ്യപ്രദേശ് സർക്കാർ ഏർപ്പെടിത്തിയിരിക്കുന്ന പുരസ്‌കാരമാണ് കാളിദാസ സമ്മാനം. 1980
മുതലാണ് പുരസ്‌കാരം നൽകിത്തുടങ്ങിയത്. പ്രാചീന ഭാരതത്തിൽ ജീവിച്ചിരുന്ന പ്രശസ്ത
സംസ്കൃതകവിയായ കാളിദാസന്റെ സ്മരണയ്ക്കായി നൽകിവരുന്ന പുരസ്‌കാരമാണിത്. ശാസ്ത്രീയ
സംഗീതം, രൂപാലങ്കാര കല, രംഗകല, ശാസ്ത്രീയ നൃത്തം എന്നീ കലാ മേഖലകളിൽ ഏതെങ്കിലുമൊന്നിൽ ശോഭിക്കുന്ന
വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുന്നത്. 2 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും
അടങ്ങുന്നതാണ് അവാർഡ്. പ്രശസ്ത കലാകാരന്മാരോടൊപ്പം സംഗീത നാടക അക്കാഡമി അംഗങ്ങളടങ്ങിയ
അഞ്ചംഗ ഉപദേശക സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്.
ടാഗോർ പുരസ്‌കാരം
സർവ്വദേശീയ
സാഹോദര്യത്തിനായി ടാഗോറിന്റെ പേരിൽ 2012ൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരമാണ്
ടാഗോർ പുരസ്‌കാരം. ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവും നോബൽ സമ്മാന ജേതാവും പ്രശസ്ത
കവിയുമായിരുന്ന രബീന്ദ്രനാഥ് ടാഗോറിന്റെ സ്മരണയ്ക്കായി ഇന്ത്യയിലും വിദേശത്തുമുള്ള
ഇന്ത്യന്‍ എഴുത്തുകാര്‍ക്ക് സാഹിത്യമേഖലയിൽ (നോവല്‍, ചെറുകഥ, കവിത,
നാടകം) ഇന്ത്യ ഗവൺമെന്റ് നൽകുന്ന പുരസ്‌കാരമാണ് ടാഗോർ സമ്മാനം. 1
കോടി രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ശാസ്ത്രീയ സംഗീത
വിദഗ്ദ്ധനായ പണ്ഡിറ്റ് രവിശങ്കറാണ് പ്രഥമ ടാഗോർ പുരസ്‌ക്കാരത്തിനർഹനായത്.
ഔട്ട്സ്റ്റാൻഡിങ്
പാർലമെന്റേറിയൻ അവാർഡ്
ഇന്ത്യൻ പാർലമെന്റിലെ സമഗ്ര
സംഭാവനയ്ക്ക് ഇന്ത്യൻ പാർലമെന്റിലെ മികച്ച സിറ്റിംഗ് അംഗത്തിന് ഇന്ത്യൻ
പാർലമെന്ററി ഗ്രൂപ്പ് (ഐപിജി) ഏർപ്പെടുത്തിയ പുരസ്കാരമാണ് 'അവാർഡ് ഫോർ ഔട്ട്‌സ്റ്റാൻഡിംഗ്
പാർലമെന്റേറിയൻ'. 1991 മുതൽ 1996 വരെ ലോക്‌സഭാ
സ്പീക്കറായിരുന്ന ശിവരാജ് പാട്ടീലാണ് 1992ൽ ഇത് സ്ഥാപിച്ചത്. 1992 മുതൽ വർഷം തോറും
അവാർഡ് കമ്മിറ്റി തിരഞ്ഞെടുത്ത ഏറ്റവും മികച്ച പാർലമെന്റേറിയന്മാർക്ക്
നൽകിവരുന്നു.
കേന്ദ്ര സാഹിത്യ അക്കാദമി
അവാർഡ്
ഇന്ത്യയിൽ നൽകപ്പെടുന്ന
ഏറ്റവും പ്രധാന സാഹിത്യ ബഹുമതിയാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. 1954-ൽ
സ്ഥാപിതമായ ഈ പുരസ്കാരം അക്കാദമി അംഗീകരിച്ച 24 ഇന്ത്യൻ ഭാഷകളിൽ പ്രസിദ്ധീകരിച്ച
മികച്ച സാഹിത്യകൃതികൾക്ക് വർഷം തോറും നൽകിവരുന്നു. ഒരു ഫലകവും 1 ലക്ഷം രൂപയുമാണ്
പുരസ്‌കാരമായി ലഭിക്കുക. ആജീവനാന്തനേട്ടങ്ങൾക്കുള്ള സാഹിത്യഅക്കാദമി ഫെലോഷിപ്പും
പ്രതിവർഷം നൽകുന്നുണ്ട്. അക്കാദമി അംഗീകരിച്ച ഓരോ ഭാഷയിലും യുവ സാഹിത്യ പുരസ്‌കാരവും
ബാലസാഹിത്യത്തിനുള്ള പുരസ്‌കാരവും നൽകുന്നുണ്ട്. പുസ്തകം പ്രസിദ്ധീകരിച്ച വർഷം
ജനുവരി ഒന്നിനു 35 വയസ്സ് കവിയാത്തവരെയാണ് യുവ സാഹിത്യ പുരസ്‌കാരത്തിന്
പരിഗണിക്കുന്നത്. ഫലകവും 50000 രൂപയുമാണ് യുവ സാഹിത്യ പുരസ്‌കാരത്തിനും ബാലസാഹിത്യ
പുരസ്‌കാരത്തിനും ലഭിക്കുക.
രാമാനുജൻ അവാർഡുകൾ
ലോകപ്രശസ്‌തനായ ഗണിത
ശാസ്ത്രജ്ഞനായിരുന്നു ശ്രീനിവാസ രാമാനുജൻ. ഇന്ത്യൻ ഗണിതശാസ്ത്രത്തിന് ലോകം മുഴുവൻ
മേൽവിലാസമുണ്ടാക്കിക്കൊടുത്തത് അദ്ദേഹമാണ്. ICTP
രാമാനുജൻ പ്രൈസ്, SASTRA രാമാനുജൻ
പ്രൈസ് എന്നിവയാണ് ശ്രീനിവാസ രാമാനുജന്റെ ബഹുമാനാർത്ഥം നൽകപ്പെടുന്ന അവാർഡുകൾ.
വികസ്വര രാജ്യങ്ങളിലെ 45 വയസ്സിനു താഴെയുള്ള ഗണിതശാസ്ത്രജ്ഞർക്കാണ് ICTP രാമാനുജൻ പ്രൈസ് നൽകുന്നത്. ഇറ്റലിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ
തിയറിറ്റിക്കൽ ഫിസിക്സ് (ICTP), ഇന്ത്യൻ സർക്കാരിന്റെ
ശാസ്ത്രസാങ്കേതിക വകുപ്പ്, ഇന്റർനാഷണൽ മാത്തമാറ്റിക്കൽ
യൂണിയൻ (IMU) എന്നിവ സംയുക്തമായാണ് പ്രൈസ് നൽകുന്നത്.
2005ലാണ് ICTP രാമാനുജൻ പ്രൈസ് പുരസ്‌കാരം
ഏർപ്പെടുത്തിയത്. 15000 ഡോളറാണ് പുരസ്‌ക്കാരത്തുക.
32 വയസ്സിൽ താഴെയുള്ള
യുവ ഗണിതശാസ്ത്രജ്ഞർക്കായി SASTRA (Shanmugha Arts, Science, Technology
& Research Academy) സർവകലാശാല ഏർപ്പെടുത്തിയ അവാർഡാണ് SASTRA
രാമാനുജൻ അവാർഡ്. ശ്രീനിവാസ രാമാനുജന്റെ ഗവേഷണങ്ങളുടെ
സ്വാധീനത്തിൽ ഗണിതശാസ്ത്ര മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ശാസ്ത്ര
രാമാനുജൻ അവാർഡ് നൽകിവരുന്നത്. 2005ലാണ് SASTRA രാമാനുജൻ
അവാർഡ് ഏർപ്പെടുത്തിയത്. 10000 ഡോളറാണ് പുരസ്‌ക്കാരത്തുക.
ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്‌കാരം
സംരക്ഷണം, പരിസ്ഥിതി വികസനം
തുടങ്ങിയ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 1987ൽ കേന്ദ്രവനം പരിസ്ഥിതി
മന്ത്രാലയം ഏർപ്പെടുത്തിയ സമ്മാനമാണ് ഇന്ദിരാഗാന്ധി പര്യാവരണ്‍ പുരസ്‌കാരം (IGPP).
സംഘടന/ വ്യക്തി എന്നിങ്ങനെയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനാണ് അവാര്‍ഡ് നൽകിയിരുന്നത്. അഞ്ച് ലക്ഷം രൂപയും
പ്രശസ്തി പത്രവും ഫലകവും ട്രോഫിയുമടങ്ങുന്നതാണ് അവാർഡ്. 2012ലാണ് അവസാനമായി അവാർഡ്
നൽകിയത്. ഉപരാഷ്ട്രപതി ചെയര്‍മാനായുള്ള സമിതിയിൽ ലോകസഭാ സ്പീക്കര്‍, കേന്ദ്രവനം പരിസ്ഥിതി മന്ത്രി, കേന്ദ്രവനം
പരിസ്ഥിതി സെക്രട്ടറി, മറ്റംഗങ്ങള്‍ തുടങ്ങിയവരാണ്
പുരസ്കാരം നിര്‍ണയിച്ചിരുന്നത്.
രാജീവ് ഗാന്ധി സദ്ഭാവന
പുരസ്‌കാരം
ഇന്ത്യയുടെ മുൻ
പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാർഥം ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി 1992ൽ
ഏർപ്പെടുത്തിയ പുരസ്‌കാരമാണ് രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാരം. പത്ത് ലക്ഷം
രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. സാമുദായിക ഐക്യവും
സമാധാനവും ദേശീയോദ്ഗ്രന്ഥനവും പ്രോത്സാഹിപ്പിക്കാൻ മികച്ച സംഭാവനകൾ നൽകിയ
വ്യക്തികൾക്ക് നൽകുന്ന അവാർഡാണിത്. രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാര ഉപദേശക
സമിതിക്കാണ് പുരസ്‌കാരം നിർണക്കുന്നതിനുള്ള ചുമതല. മദർ തെരേസയാണ് (1992) ആദ്യത്തെ
അവാർഡ് ജേതാവ്. സദ്ഭാവന ദിനമായി ആചരിക്കുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനമായ
ഓഗസ്റ്റ് 20നാണ് പുരസ്‌കാരം നൽകുന്നത്.
ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ
പുരസ്‌കാരം
ശാസ്ത്ര-സാങ്കേതിക-സാമൂഹ്യ-മാനവീയ
വിഷയങ്ങളിലെ ഗവേഷണ മികവിന് ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരമാണ്
ഇൻഫോസിസ് പുരസ്‌കാരം. എൻജിനിയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ്, ഹ്യൂമാനിറ്റീസ്,
ബയോളജിക്കൽ സയൻസ്, മാത്തമറ്റിക്കൽ സയൻസ്,
ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ ആറു
വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. ഇന്ത്യക്കാർക്കാണ് അവാർഡുകൾ നൽകുന്നത്.
സ്വർണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും ഒരു ലക്ഷം യു.എസ്. ഡോളറുമാണ് (ഏകദേശം 81
ലക്ഷം രൂപ) പുരസ്കാരം. 2008ൽ ഗണിതശാസ്ത്ര ഗവേഷണങ്ങൾക്ക് അവാർഡ് നൽകി തുടക്കം
കുറിച്ചു. പിന്നീട് മറ്റു മേഖലകൾക്കുകൂടി അവാർഡുകൾ ഏർപ്പെടുത്തി.
നാരീശക്തി പുരസ്കാരം
എല്ലാ വർഷവും രാജ്യാന്തര
വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം നൽകുന്നതാണ്
നാരീശക്തി പുരസ്കാരം. സ്ത്രീശക്തി പുരസ്‌കാരം എന്ന പേരിൽ 1999-ൽ ഏർപ്പെടുത്തിയ
അവാർഡ് 2015-ൽ നാരീശക്തി പുരസ്കാരം എന്ന് പുനർനാമകരണം ചെയ്തു. ഇന്ത്യയിലെ
സ്ത്രീകൾക്ക് നൽകുന്ന പരമോന്നത സൈനികേതര ബഹുമതിയായ ഈ പുരസ്‌കാരം എല്ലാ വർഷവും
അന്താരാഷ്ട്ര വനിതാ ദിനത്തിൽ (മാർച്ച് 8ന്) സമ്മാനിക്കുന്നു. രാഷ്ട്രപതിയാണ് പുരസ്‌കാരം
സമ്മാനിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിച്ച വനിതകൾക്കോ സ്ഥാപനങ്ങൾക്കോ
നൽകുന്ന പുരസ്‌കാരമാണിത്. ഇന്ത്യാ ചരിത്രത്തിലെ ധീരവനിതകളുടെ പേരിലാണ്
സ്ഥാപനങ്ങൾക്ക് നൽകുന്ന പുരസ്‌കാരം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ദേവി അഹല്യ
ബായ് ഹോൾക്കർ പുരസ്‌കാരം,
കണ്ണകി ദേവി പുരസ്‌കാരം, മാതാ ജിജാബായ്
പുരസ്‌കാരം, റാണി ഗെയ്ഡിൻലിയു സെലിയാങ് പുരസ്‌കാരം,
റാണി ലക്ഷ്മി ബായ് പുരസ്‌കാരം, റാണി
രുദ്രമ്മ ദേവി പുരസ്‌കാരം എന്നിവയാണ് ആറ് സ്ഥാപന അവാർഡുകൾ. വ്യക്തിഗത വിഭാഗത്തിൽ
രണ്ടു വനിതകൾക്ക് അവാർഡ് നൽകുന്നുണ്ട്. യഥാക്രമം 200,000
രൂപയും 100,000 രൂപയും സമ്മാനത്തുക അടങ്ങുന്ന പുരസ്‌കാരങ്ങളാണ്
ആറ് സ്ഥാപന വിഭാഗത്തിനും രണ്ട് വ്യക്തിഗത വിഭാഗത്തിനും നൽകുന്നത്.
ജെ.സി.ബി സാഹിത്യ പുരസ്കാരം
ഇന്ത്യൻ എഴുത്തുകാരെ
കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018
മുതലാണ് ജെ.സി.ബി പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇന്ത്യക്കാർ ഇംഗ്ലീഷിലെഴുതിയതോ
മറ്റ് ഇന്ത്യൻ ഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ്
പരിഗണിക്കുന്നത്. 25 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
പുസ്തകം വിവര്‍ത്തനം ചെയ്തയാള്‍ക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും.
ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ശ്രീചിത്തിര തിരുനാൾ ദേശീയ
പുരസ്‌കാരം
തിരുവിതാംകൂർ
നാട്ടുരാജ്യത്തെ പ്രമുഖ ഭരണാധികാരിയായിരുന്നു ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്.
അദ്ദേഹത്തിന്റെ സ്മരണാർഥം 2006ൽ ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റ് ഏർപ്പെടുത്തിയ
പുരസ്‌കാരമാണ് ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്‌കാരം. കലാ സാഹിത്യ, ശാസ്ത്ര സാങ്കേതിക
രംഗത്തെ മികവിനും സാമൂഹിക സേവനങ്ങൾക്കുമായി നൽകുന്ന ഈ പുരസ്കാരത്തിന്റെ
സമ്മാനത്തുക രണ്ട് ലക്ഷം രൂപയാണ്. കൂടാതെ ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്
പുരസ്‌കാരം. 2006 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. മുൻ ഐ.എസ്.ആർ.ഒ
ചെയർമാൻ ജി.മാധവൻ നായരാണ് പ്രഥമ അവാർഡ് ജേതാവ്.
ദാദാ സാഹിബ് ഫാൽക്കെ അവാർഡ്
'ഇന്ത്യൻ സിനിമയുടെ
പിതാവ്' എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയോടുള്ള
ആദരസൂചകമായി 1969ൽ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച പുരസ്‌കാരമാണ് ദാദാസാഹിബ് ഫാൽക്കെ
അവാർഡ്. ഇന്ത്യയിൽ സിനിമയുടെ ജനനത്തിനും അതിന്റെ വളർച്ചയ്ക്കും ജീവിതം ഒഴിഞ്ഞുവച്ച
ദാദാസാഹിബ് ഫാൽക്കെയുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികമായ
1969ലാണ് കേന്ദ്രസർക്കാർ അവാർഡ് ഏർപ്പെടുത്തിയത്. സ്വർണത്തിൽ തീർത്ത താമരരൂപവും 10
ലക്ഷം രൂപയും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ
വ്യക്തിഗത സംഭാവനകളെ പരിഗണിച്ച് നൽകുന്ന ഈ അവാർഡാണ് ഇന്ത്യൻ സിനിമാലോകത്ത് നൽകുന്ന
ഏറ്റവും വലിയ അവാർഡ്.
ദേശീയ ചലച്ചിത്ര അവാർഡ്
ഇന്ത്യൻ സിനിമ മേഖലയിൽ ദേശീയതലത്തിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ദേശീയ ചലച്ചിത്ര അവാർഡ്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച നടി, മറ്റ് താരങ്ങൾ, പിന്നണി പ്രവർത്തകർ തുടങ്ങി സിനിമ മേഖലയിലെ പല വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്. ഡയറക്ടറേറ്റ് ഓഫ് ഫിലിം അവാർഡ്‌സാണ് പുരസ്‌കാരം നൽകുന്നത്. 1954 മുതലാണ് ദേശീയ ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയത്. ഏറ്റവും മികച്ച ചിത്രത്തിന് നൽകുന്ന സുവർണ്ണ കമലം ആദ്യമായി നേടിയത് പി.കെ ആത്രെ സംവിധാനം ചെയ്ത മറാത്തി ചിത്രമായ 'ശ്യാംചി ആയി' ആണ്. രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള രജതകമലം മലയാളത്തിലെ 'നീലക്കുയിലി'ന് ലഭിച്ചു. 1967 മുതലാണ് മികച്ച നടൻ, മികച്ച നടി എന്നീ വിഭാഗങ്ങളിൽ അവാർഡ് ഏർപ്പെടുത്തിയത്. യഥാക്രമം ഉത്തംകുമാർ, നർഗീസ് ദത്ത് എന്നിവരായിരുന്നു ആദ്യത്തെ മികച്ച നടനും നടിയും.