ഇന്ത്യയിലെ മതങ്ങൾ
ഇന്ത്യ
ഒരു മതേതര രാജ്യമാണ്. ഔദ്യോഗികമായി ഒരു മതത്തെയും പിന്തുണയ്ക്കാത്തവയാണ് മതേതര
രാജ്യം. ലോകത്തിലെ പ്രധാനപ്പെട്ട നാലുമതങ്ങളായ ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതം എന്നിവ ഉത്ഭവിച്ചത്
ഇന്ത്യയിലാണ്. ഇസ്ലാം മതം,
ക്രിസ്തുമതം, സൊറോസ്ട്രിയനിസം, ജൂതമതം എന്നിവയാണ് ഇന്ത്യയിലുള്ള മറ്റ്
മതങ്ങൾ.
ഹിന്ദുമതം
വിശ്വാസികൾ
കൂടുതലുള്ള ലോകത്തിലെ മൂന്നാമത്തെ മതം ഹിന്ദുമതമാണ്. ബി.സി 1500 കാലഘട്ടം മുതൽ ഇന്ത്യയിൽ ഹിന്ദുമതം
പ്രചരിച്ചിരുന്നു. ഹിന്ദുമതത്തിന്റെ കേന്ദ്രബിന്ദുവായ ഗ്രന്ഥങ്ങളടങ്ങിയ വേദസാഹിത്യത്തിൽ
നാലുവേദങ്ങളും ഉപനിഷത്തുകളും ആരണ്യകങ്ങളും ബ്രാഹ്മണങ്ങളും ഉൾപ്പെടുന്നു. കൂടാതെ
ക്ലാസിക് കൃതികളിൽ പുരാണങ്ങൾ,
ഉപവേദം, തന്ത്രങ്ങൾ, ഇതിഹാസങ്ങൾ മുതലായവ ഉൾപ്പെടുന്നു.
ബുദ്ധമതം
ബുദ്ധമതത്തിന്റെ
സ്ഥാപകനായി അറിയപ്പെടുന്നത് ഗൗതമബുദ്ധനാണ്. ഏകദേശം 2500 വർഷം മുമ്പ് ഇന്ത്യയിലാണ്
ബുദ്ധമതത്തിന്റെ ഉത്ഭവം. നേപ്പാളിലെ ലുംബിനിവനത്തിൽ (കപിലവസ്തു) ബി.സി 563ൽ ബുദ്ധൻ ജനിച്ചു. ശാക്യ വംശത്തിൽ
ജനിച്ചതിനാൽ ശാക്യമുനി എന്നും അറിയപ്പെടുന്നു. ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം
നടത്തിയത് സാരനാഥിലെ (യു.പി) ഡീർപാർക്കിൽ വച്ചാണ്. അഷ്ടാംഗമാർഗത്തിൽ അധിഷ്ഠിതമായ
തത്ത്വമാണ് ബുദ്ധമതത്തിന്റേത്. സാധാരണക്കാരുടെ ഭാഷയായ 'അർധമഗധി'യായിരുന്നു ബുദ്ധന്റെ ഭാഷ. നാലാമത്തെ
ബുദ്ധമത സമ്മേളനത്തിലാണ് ബുദ്ധമതം, 'ഹീനയാനം', 'മഹായാനം' എന്ന രണ്ടുവിഭാഗങ്ങളായി മാറിയത്.
ബുദ്ധമതത്തിലെ ത്രിരത്നങ്ങൾ എന്നറിയപ്പെടുന്നത് ബുദ്ധം, ധർമ്മം, സംഘം. ബുദ്ധമത സന്ന്യാസിമാരുടെ
വാസസ്ഥലം വിഹാരങ്ങൾ എന്നറിയപ്പെടുന്നു. ബുദ്ധമതക്കാരുടെ ആരാധനാലയങ്ങൾ 'പഗോഡകൾ' എന്നറിയപ്പെടുന്നു.
ബുദ്ധമതഗ്രന്ഥങ്ങളാണ് 'ത്രിപീഠിക'. ബുദ്ധന്റെ മരണം 'പരിനിർവ്വാണം' എന്നാണ് അറിയപ്പെടുന്നത്. ബുദ്ധൻ
എല്ലാം ത്യജിച്ച് കൊട്ടാരം വിട്ടിറങ്ങുകയും, സന്ന്യാസം സ്വീകരിക്കുകയും ചെയ്ത
സംഭവത്തിനെ 'മഹാപരിത്യാഗം' എന്നു പറയുന്നു.
ജൈനമതം
ഇന്ത്യയിൽ
ഉത്ഭവിച്ച മതമാണ് ജൈനമതം. ജൈനമതത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്നത് വർദ്ധമാന
മഹാവീരൻ. മഹാവീരൻ ബി.സി.540ൽ വൈശാലിയിൽ ജനിച്ചു.
ജൈനമതത്തിലെ പ്രബോധകൻമാർ തീർത്ഥങ്കരൻമാർ എന്നറിയപ്പെടുന്നു. 'കൈവല്യം ലഭിച്ച മഹത്തുക്കൾ' എന്നാണ് 'തീർത്ഥങ്കരൻമാർ' എന്ന വാക്കിനർഥം. ജൈനമതത്തിലെ 24 ആം തീർത്ഥങ്കരനാണ് മഹാവീരൻ.
റിഷഭദേവനാണ് ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരൻ. ദിഗംബരൻമാർ, ശ്വേതാംബരൻമാർ എന്നിവയാണ് ജൈനമതത്തിലെ
രണ്ടു വിഭാഗങ്ങൾ. ഇന്ത്യയിലെ കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് കൂടുതൽ
അനുയായികളുള്ളത്.
സിഖ്
മതം
ഗുരു
നാനാക്കാണ് സിഖ്‌മത സ്ഥാപകൻ. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനകാലത്താണ് സിഖ്‌മതം
രൂപപ്പെടുന്നത്. മതരൂപത്തിൽ ചിട്ടപ്പെടുത്തിയത് ഗുരു ഗോബിന്ദ് സിങ്ങാണ്. സിഖ്
മതത്തിൽ 10 ഗുരുക്കൻമാരാണുള്ളത്.
ഗുരുഗോബിന്ദ് സിംഗാണ് പത്തമൻ. സിഖുകാരുടെ വിശുദ്ധഗ്രന്ഥമാണ് ഗ്രന്ഥ് സാഹിബ്.
സിഖുകാരുടെ ആരാധനാലയമാണ് ഗുരുദ്വാര. പഞ്ചാബി ഭാഷയുടെ ലിപിയായ 'ഗുരുമുഖി'യുടെ ഉപജ്ഞാതാവാണ് ഗുരു അംഗദ്. അമൃത്സറിന്റെ
വളർച്ചയ്ക്ക് അടിത്തറയിട്ടത് ഗുരു രാംദാസാണ്. ഗുരു അർജൻദേവ് നഗരത്തിന്റെ പണി
പൂർത്തിയാക്കി. സുവർണക്ഷേത്രം നിർമ്മിച്ച സിഖ് ഗുരു അർജൻദേവാണ്. 'ഹർമന്തിർ സാഹിബ്' എന്നും ഇതറിയപ്പെടുന്നു. സിഖുകാരുടെ
പുണ്യഗ്രന്ഥമായ 'ആദിഗ്രന്ഥം' ക്രോഡീകരിച്ചത് ഗുരു അർജൻദേവാണ്. 'ഗുരുഗ്രന്ഥസാഹിബ്' എന്നും ഇതറിയപ്പെടുന്നു.
ഇസ്ലാം
മതം
വിശ്വാസികളുടെ
എണ്ണത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ മതമായി ഇസ്ലാം മതത്തെ കണക്കാക്കുന്നു. ഏഴാം
നൂറ്റാണ്ടിലാണ് ഉദ്ഭവം. പ്രവാചകൻ മുഹമ്മദ് നബിയാണ് മതം പ്രചരിപ്പിച്ചത്. അള്ളാഹ്
എന്ന ഏകദൈവത്തിലാണ് ഇസ്ലാം മതക്കാർ വിശ്വസിക്കുന്നത്. ഖുറാനാണ് പരിശുദ്ധഗ്രന്ഥം.
ക്രിസ്തുമതം
ലോകത്തിൽ
ഏറ്റവും കൂടുതൽ അനുയായികളുള്ളത് ക്രിസ്തുമതത്തിനാണ്. യേശുക്രിസ്തുവിന്റെ ജീവിതവും
അനുശാസനങ്ങളുമാണ് ക്രിസ്തുമതവിശ്വാസികൾ പിന്തുടരുന്നത്. ബൈബിളാണ് വിശുദ്ധപുസ്തകം.
റോമൻ കത്തോലിക്കർ,
ഈസ്റ്റേൺ ഓർത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് തുടങ്ങി പലവിധ
വിഭാഗങ്ങൾ ക്രിസ്തുമതത്തിലുണ്ട്.
സൊറോസ്ട്രിയനിസം
ഏകദൈവാരാധനയിൽ
അധിഷ്ഠിതമായി ബി.സി 1400 നും 1000 നും മധ്യേ പേർഷ്യയിൽ രൂപം കൊണ്ട
മതമാണ് സൊറാസ്ട്രിയൻ മതം. സൊറാസ്റ്ററാണ് ഈ മതത്തിന്റെ സ്ഥാപകൻ. സൊറാസ്ട്രിയൻ
മതത്തിലെ ദൈവമാണ് അഹുരമസ്ദാ. തീയാണ് അഹുരമസ്ദായുടെ പ്രതീകം. സൊറാസ്ട്രിയൻ മതത്തിലെ
പുണ്യഗ്രന്ഥമാണ് അവെസ്ത. ശ്ലോകങ്ങളായാണ് ഇത് രചിച്ചിരിക്കുന്നത്. പേർഷ്യയിൽ
നിന്നും പലായനം ചെയ്ത സൊറാസ്ട്രിയൻ മതക്കാരുടെ പിൻതുടർച്ചക്കാരാണ് ഇന്ത്യയിലെ പാഴ്‌സികൾ.
ഫയർ ടെമ്പിൾ എന്നാണ് ഇവരുടെ ആരാധനാലയം അറിയപ്പെടുന്നത്. സൊറാസ്ട്രിയൻ മതത്തിൽ
നിന്നും ഉരുത്തിരിഞ്ഞ് ഉണ്ടായതാണ് മിത്രമതം.
ജൂതമതം
ലോകത്തിലെ
പുരാതന മതങ്ങളിലൊന്നാണ് യഹൂദമതം (ജൂതമതം). ഏകദൈവവിശ്വാസികളാണ് യഹൂദർ. മധ്യകിഴക്കൻ
മേഖലയിൽ എട്ടാം നൂറ്റാണ്ട് ബി.സി.ഇ യിൽ ഉത്ഭവിച്ചു. യഹൂദരുടെ വിശുദ്ധഗ്രന്ഥമാണ്
തോറ. യഹൂദരുടെ ആരാധനാസ്ഥലമാണ് സിനഗോഗ്.
ബഹായി
മതം
പത്തൊൻപതാം
നൂറ്റാണ്ടിൽ പേർഷ്യയിലാണ് ബഹായി മതം സ്ഥാപിക്കപ്പെട്ടത്. സ്ഥാപകൻ ബഹാവുള്ള.
ഏകദൈവവിശ്വാസികളാണിവർ. മനോഹരമായ വാസ്തുശില്പഭംഗിയുള്ള ന്യൂഡൽഹിയിലെ ലോട്ടസ്
ടെമ്പിൾ ബഹായികളുടെ പ്രധാന ദേവാലയങ്ങളിലൊന്നാണ്.
ദക്ഷിണേന്ത്യൻ ഭക്തി
പ്രസ്ഥാനം
സംഘാനന്തര
കാലഘട്ടത്തിൽ മതരംഗത്ത് ശ്രദ്ധേയമായ ചില പരിവര്‍ത്തനങ്ങളുണ്ടായി. അതിലൊന്നാണ്
ഭക്തിപ്രസ്ഥാനത്തിന്റെ ഉയര്‍ച്ച. സംഘ കാലഘട്ടത്തിനുശേഷം സാമ്പത്തികരംഗത്തുണ്ടായ
മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഭക്തിപ്രസ്ഥാനം ഉയര്‍ന്നുവന്നത്. ഇക്കാലത്ത്
സമുദ്രാന്തര വ്യാപാരത്തിലുണ്ടായ തകര്‍ച്ചയും രക്തരൂക്ഷിതമായ യുദ്ധങ്ങളും
സാമ്പത്തികമേഖലയെ തകര്‍ക്കുകയും ജനജീവിതത്തെ ബാധിക്കുകയും ചെയ്തു. മതത്തിലേക്കും
തത്ത്വചിന്തയിലേക്കും തിരിയാൻ ജനങ്ങളെ ഇതു പ്രേരിപ്പിച്ചു.
ഭക്തിപ്രസ്ഥാനത്തിന്റെ
ഉയര്‍ച്ചക്ക് മതപരമായ കാരണങ്ങളും ഉണ്ടായിരുന്നു. ജൈന-ബൗദ്ധമതങ്ങള്‍ക്ക്
സാമാന്യജനങ്ങള്‍ക്കിടയിൽ നല്ല സ്വാധീനമുണ്ടായിരുന്നു. സംഘാനന്തര കാലഘട്ടത്തിൽ
പരിഷ്കൃത ഹിന്ദു മതവും പ്രചാരം നേടാൻ തുടങ്ങി. വൈഷ്ണവ-ശൈവാരാധനയെ ആധാരമാക്കിയുള്ള
പരിഷ്കൃത ഹിന്ദു മതത്തെ ദക്ഷിണേന്ത്യയിലെ മിക്ക രാജാക്കന്മാരും
പ്രോത്സാഹിപ്പിച്ചു. ഈ സാഹചര്യത്തിൽ ജൈന-ബുദ്ധമതങ്ങളുടെ വളര്‍ച്ച തടയാനും
സാമാന്യജനങ്ങളെ ഹിന്ദുമതത്തിലേക്കടുപ്പിക്കുന്നതിനുമായി ആവിഷ്കരിക്കപ്പെട്ടതാണ്
ഭക്തിപ്രസ്ഥാനം.
പരമ്പരാഗത
ഹൈന്ദവചിന്തയനുസരിച്ച് മോക്ഷം നേടുന്നതിൻ മൂന്നു മാര്‍ഗ്ഗങ്ങളുണ്ട്: കര്‍മ്മമാര്‍ഗ്ഗം, ജ്ഞാനമാര്‍ഗ്ഗം, ഭക്തിമാർഗ്ഗം. ഇതിൽ മൂന്നാമത്തെ മാര്‍ഗ്ഗത്തിനാണ്
ഭക്തിപ്രസ്ഥാനം ഊന്നൽ നല്‍കിയത്. ഒരു സ്വകാര്യ ദൈവത്തിനു സ്വയം സമര്‍പ്പിക്കുകയും
അടിയറവെക്കുകയും ചെയ്യുന്നതിനെയാണ് 'ഭക്തി' എന്നു പറയുന്നത്. വിഷ്ണു, ശിവൻ എന്നീ മൂര്‍ത്തികളിൽ ആരെയെങ്കിലും
വ്യക്തിപരമായ ദൈവമായി സ്വീകരിക്കാനും അതിനു കീഴടങ്ങാനും ഭക്തിപ്രസ്ഥാനത്തിന്റെ
ഉപജ്ഞാതാക്കൾ ആവശ്യപ്പെട്ടു. ഭക്തിമാര്‍ഗ്ഗത്തിന്റെ പ്രയോക്താക്കളായ കവികളും
പണ്ഡിതന്മാരും കീര്‍ത്തനങ്ങൾ രചിച്ചതും ആശയങ്ങൾ പ്രചരിപ്പിച്ചതും ജനങ്ങളുടെ ഭാഷയായ
തമിഴിലാണ്. സ്വാഭാവികമായും സാധാരണജനങ്ങളെ ഭക്തിപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാൻ
അവര്‍ക്കു കഴിഞ്ഞു.
ഭക്തിപ്രസ്ഥാനത്തിനു
നേതൃത്വം നല്‍കിയത് ആഴ്വാര്‍മാരും നായനാര്‍മാരുമാണ്. ആഴ്വാര്‍മാർ വിഷ്ണുഭക്തരും
നായനാര്‍മാർ ശിവഭക്തരും ആയിരുന്നു. ഒന്നാംതരം കവികൾ കൂടിയായിരുന്നു ഈ വൈഷ്ണവ-ശൈവ
ഭക്തന്മാർ. തങ്ങളുടെ ആരാധനാമൂര്‍ത്തിയെക്കുറിച്ച് അവർ ഭക്തിനിര്‍ഭരമായ കീര്‍ത്തനങ്ങൾ
രചിക്കുകയും അവ ആലപിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയിൽ സഞ്ചരിക്കുകയും ചെയ്തു.
ഭക്തിപ്രസ്ഥാനം മതപരമായ ഉദാരത പ്രകടിപ്പിച്ചു. ജാതിമതഭേദമെന്യേ ദൈവം എല്ലാവര്‍ക്കും
പ്രാപ്യമാണെന്ന സന്ദേശം അതു നല്‍കി. അതിനാൽ ഭക്തിപ്രസ്ഥാനത്തിന്റെ പ്രയോക്താക്കളിൽ
കീഴ്ജാതിയില്‍പ്പെട്ടവരുമുണ്ടായിരുന്നു.
ആഴ്വാര്‍മാർ
(Alvars)
ആറാം
നൂറ്റാണ്ടുമുതൽ ഒമ്പതാം നൂറ്റാണ്ടുവരെ തമിഴകത്ത് നിലനിന്ന ഭക്തിപ്രസ്ഥാനത്തിന്
നേതൃത്വം നല്‍കിയത് ആഴ്വാര്‍മാരും നായനാര്‍മാരുമാണെന്ന് സൂചിപ്പിച്ചുവല്ലോ. 12 ആഴ്വാര്‍മാരെയും 63 നായനാര്‍മാരെയും സാഹിത്യകൃതികൾ പരാമര്‍ശിക്കുന്നു.
പൊയ്ക, പൂതം, പേയ് ആഴ്വാർ എന്നിവരാണ് ആദ്യത്തെ
ആഴ്വാര്‍മാരെന്ന് വിശ്വസിക്കപ്പെടുന്നു.
തിരുമങ്കൈ
ആഴ്വാരും പെരിയാഴ്വാരും പ്രസിദ്ധരായ വിഷ്ണുഭക്തരായിരുന്നു. അവർ രചിച്ച കീര്‍ത്തനങ്ങൾ
ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്നവയുമാണ്. ആഴ്വാര്‍മാരിൽ ആണ്ടാൾ എന്ന വനിതയും
(ദക്ഷിണേന്ത്യയിലെ മീരാഭായി എന്നറിയപ്പെടുന്നു) തിരുപ്പാൻ എന്ന അസ്പൃശ്യനും വളരെ
ശ്രദ്ധേയരായിരുന്നു.
ആഴ്വാര്‍മാരിൽ
ഒരാൾ കേരളത്തില്‍നിന്നുണ്ടായിരുന്നു; ചേരരാജാവായ
കുലശേഖര ആഴ്വാർ. അദ്ദേഹത്തിന്റെ മുകുന്ദമാലയും പെരുമാൾ തിരുമൊഴിയും ആരേയും ആകര്‍ഷിക്കുന്ന
ഭക്തി കാവ്യങ്ങളാണ്. നമ്മാഴ്വർ (ശതകോപന്‍) മറ്റൊരു പ്രസിദ്ധനായ ആഴ്വാറായിരുന്നു.
കേരളത്തിലെ വൈഷ്ണവ ക്ഷേത്രങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങൾ
പ്രസിദ്ധമാണ്. ആഴ്വാര്‍മാരുടെ 4000-ഓളം ഭക്തിഗീതങ്ങൾ നാഥമുനിയെന്ന
വൈഷ്ണവ ഭക്തൻ പില്‍ക്കാലത്ത് 'നാലായിരപ്രബന്ധം' എന്ന പേരിൽ സമാഹരിച്ചു.
നായനാര്‍മാർ
(Nayanars)
തമിഴ്
ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ട 63
നായനാര്‍മാർ ഉണ്ടായിരുന്നു. തിരുമൂലര്‍,
കാരയ്ക്കൽ അമ്മ,
അയ്യടികൾ കാടവര്‍കോൻ
എന്നിവരാണ് ആദ്യകാല നായനാര്‍മാർ. അപ്പര്‍, സംബന്ധർ, സുന്ദരാർ എന്നീ ത്രിമൂര്‍ത്തികൾ
പല്ലവകാലത്തെ പ്രമുഖരായ നായനാര്‍മാരായിരുന്നു. പല്ലവരാജാവായ മഹേന്ദ്രവര്‍മ്മനെ
ശൈവമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചത് അപ്പരാണ്. സംബന്ധർ നിരവധി
ജൈനപണ്ഡിതന്മാരെ സംവാദത്തിൽ തോല്പിക്കുകയുണ്ടായി. സുന്ദരാർ ആയിരക്കണക്കിന് കീര്‍ത്തനങ്ങൾ
രചിച്ചിരുന്നു. നായനാര്‍മാരിൽ രണ്ടുപേർ കേരളത്തില്‍നിന്നുള്ളവരായിരുന്നു: ചേരമാൻ
പെരുമാൾ നായനാരും വിറാള്‍മിണ്ട നായനാരും. സുന്ദരമൂര്‍ത്തി നായനാർ, മാണിക്യവാസകർ എന്നിവരും പ്രസിദ്ധരായ
ശിവഭക്തരായിരുന്നു. മാണിക്യവാസകർ രചിച്ച 5 കീര്‍ത്തനങ്ങൾ “തിരുവച്ചകം” എന്ന പേരിൽ അറിയപ്പെടുന്നു.
നായനാര്‍മാരുടെ
ശൈവ കീര്‍ത്തനങ്ങൾ “പതിനൊന്ന് തിരുമുറൈകൾ” എന്ന പേരിൽ നമ്പി ആണ്ടർ നമ്പി എന്ന
ശൈവഭക്തൻ പില്‍ക്കാലത്ത് സമാഹരിച്ചു. ഇതിലെ 'തേവാരം' (അപ്പര്‍, സംബന്ധർ, സുന്ദരാർ എന്നിവർ രചിച്ചത്) ഭക്തി
പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ ഏറെ സഹായിക്കുകയുണ്ടായി. ദക്ഷിണേന്ത്യയിലെ
ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവരിൽ പ്രസിദ്ധരായ ചില ആത്മീയാചാര്യന്മാരും
ഉണ്ടായിരുന്നു. ശങ്കരാചാര്യര്‍, രാമാനുജൻ, മാധവൻ, ബസവേശ്വരൻ എന്നിവരാണ് ഇതിൽ
പ്രധാനികൾ.
ശങ്കരാചാര്യർ
(788-820)
അദ്വൈത
ചിന്തകനായ ശങ്കരാചാര്യർ പെരിയാറിന്റെ തീരത്ത് കാലടിയിലാണ് ജനിച്ചത്.
അദ്ദേഹത്തിന്റെ മാതാപിതാക്കളായ ശിവഗുരുവും ആര്യംബയും വലിയ ദൈവഭക്തരായിരുന്നു.
ചെറുപ്പത്തില്‍ത്തന്നെ സന്യാസം സ്വീകരിച്ച ശങ്കരൻ ഇന്ത്യയിലെ പ്രധാന ഹിന്ദുമത തീര്‍ത്ഥാടനകേന്ദ്രങ്ങളെല്ലാം
സന്ദര്‍ശിച്ചു. ഈ സമയത്ത് അദ്ദേഹം ഗൗഢപാദ ശിഷ്യനായ ഗോവിന്ദയോഗിയെ ഗുരുവായി
സ്വീകരിച്ചു.
ഉപനിഷത്തുകള്‍, ഭഗവദ്ഗീത എന്നിവയെ സൂക്ഷ്മമായി
അപഗ്രഥിച്ച ശങ്കരൻ അവയിൽ സൂചിതമായിട്ടുള്ള അദ്വൈത ദര്‍ശനത്തെ വികസിപ്പിച്ചെടുത്തു.
അദ്ദേഹം രൂപപ്പെടുത്തിയ ദര്‍ശനം “അദ്വൈത വേദാന്തം” എന്നറിയപ്പെട്ടു. അനേകം മീമാംസകരോടും
ബൗദ്ധപണ്ഡിതരോടും ശങ്കരൻ വിവാദങ്ങളിലേര്‍പ്പെടുകയും അവരെ പരാജയപ്പെടുത്തുകയും
ചെയ്തു. അങ്ങനെ തന്റെ ദര്‍ശനത്തിന്റെയും ഹിന്ദുമതത്തിന്റെയും മികവ് അദ്ദേഹം
തെളിയിച്ചു.
രാമാനുജനും
മാധവനും
കാഞ്ചിക്കടുത്തുള്ള
ശ്രീപെരുമ്പത്തൂരിലാണ് രാമാനുജൻ ജനിച്ചത്. അദ്ദേഹം “വിശിഷ്ടാദ്വൈത'ത്തിന്റെ പ്രചാരകനായിരുന്നു.
വിശിഷ്ടാദ്വൈതം ഒരു മതദര്‍ശനമായിരുന്നു. ദൈവം, ആത്മാവ്, ദ്രവ്യം (പ്രപഞ്ചം) എന്നീ മൂന്നു
അന്തിമ യാഥാര്‍ത്ഥ്യങ്ങളെ അത് അംഗീകരിക്കുന്നു. രാമാനുജന്റെ വീക്ഷണത്തിൽ ഈ മൂന്നു
യാഥാര്‍ത്ഥ്യങ്ങളിൽ ഒന്നുമാത്രമാണ് സ്വതന്ത്രം. അത് ദൈവമാണ്. മറ്റു രണ്ടു
യാഥാര്‍ത്ഥ്യങ്ങളും ദൈവത്തെ ആശ്രയിച്ചുനില്‍ക്കുന്നവയാണ്. മനുഷ്യൻ പ്രാര്‍ത്ഥിക്കാനും
ഉപാസിക്കാനും മാപ്പിരക്കാനും കഴിയുന്ന നീതിമാനും സ്നേഹസമ്പന്നനുമായ ഒരു
സ്വകാര്യദൈവം എന്ന ആശയം രാമാനുജന്റെ സംഭാവനയാണ്.
ഉഡുപ്പിയിലെ
മാധവൻ ഒരു വിഷ്ണുഭക്തനായിരുന്നു. അദ്ദേഹം രാമാനുജന്റെ വിശിഷ്ടാദ്വൈതത്തെ
നിരാകരിച്ചു. ഭാഗവതപുരാണത്തെ അടിസ്ഥാനമാക്കിയുള്ള ദ്വൈതവാദത്തെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു.
വീരശൈവ
പ്രസ്ഥാനം
പന്ത്രണ്ടാം
നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ മറ്റൊരു മതപ്രസ്ഥാനം രൂപംകൊള്ളുകയുണ്ടായി. ഇതിനെ വീരശൈവപ്രസ്ഥാനം
എന്നു പറയുന്നു. ലിംഗായത് പ്രസ്ഥാനം എന്ന പേരിലും ഇതറിയപ്പെടുന്നു. ബാസവ, ചിന്നബാസവ എന്നിവരാണ് ഇതിന്റെ
സ്ഥാപകർ. കര്‍ണ്ണാടകത്തിലെ കലചുരി രാജാക്കന്മാരുടെ അരമനയിലാണ് ഇവർ
താമസിച്ചിരുന്നത്. ശൈവമതത്തിന്റെ മറ്റൊരു രൂപമാണ് ലിംഗായതം. ശൈവാരാധകരായ ലിംഗായത്തുകൾ
ഉപവാസം, തീര്‍ത്ഥാടനം, യാഗങ്ങൾ എന്നിവയെ നിരാകരിച്ചു.
ലിംഗായത്തുകൾ ജാതിവ്യവസ്ഥയ്ക്കും ബാല്യവിവാഹത്തിനും എതിരായിരുന്നു. അവർ
വിധവാവിവാഹത്തെ അനുകൂലിച്ചു.
ഉത്തരേന്ത്യൻ ഭക്തി
പ്രസ്ഥാനം
ദൈവഭക്തിയെ
അടിസ്ഥാനമാക്കി മധ്യകാലഘട്ടത്തിൽ ഉയർന്നുവന്ന ആശയങ്ങളെയും പ്രവർത്തനങ്ങളെയും
പൊതുവെ ഭക്തി പ്രസ്ഥാനം എന്നു പറയുന്നു. ഒരു ജനകീയ പ്രസ്ഥാനമായി ഭക്തി ആദ്യം
വളർന്നുവന്നത് ദക്ഷിണേന്ത്യയിലാണ്. തമിഴ്‌നാട്ടിൽ ആരംഭിച്ച ഭക്തി പ്രസ്ഥാനം
പിൽക്കാലത്ത് ഉത്തരേന്ത്യയിലേക്കു വ്യാപിച്ചു. ഭക്തിപ്രസ്ഥാനത്തിന്റെ പ്രധാന
സവിശേഷതയായി ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത് അതിലെ സജീവ സ്ത്രീ സാന്നിധ്യമാണ്.
ഭക്തിയുടെ ആശയങ്ങൾ
ഉത്തരേന്ത്യയിൽ പ്രചരിപ്പിച്ചത് പണ്ഡിതന്മാരും സന്യാസികളുമാണ്. ജ്ഞാനേശ്വരൻ, നാമദേവൻ,
രാമാനന്ദൻ, കബീർ, ഗുരുനാനാക്ക്, വല്ലഭാചാര്യ, ചൈതന്യ, മീരാബായ് എന്നിവരാണ് ഭക്തിപ്രസ്ഥാനത്തിന്റെ
പ്രമുഖ നേതാക്കൾ.
ഭക്തിപ്രസ്ഥാനത്തിന്റെ
ഫലങ്ങൾ
◆ ജാതി
വിവേചനത്തിനെതിരായ സാമൂഹിക സമത്വം എന്ന ചിന്ത ഭക്തിപ്രസ്ഥാനം മൂലം ശക്തിപ്പെട്ടു.
◆ സ്ത്രീ
- പുരുഷ സമത്വം എന്ന ആശയം രൂപപ്പെടാൻ തുടങ്ങി.
◆ ജാതിയിൽ
പിന്നാക്കക്കാരായ കബീറും ലാൽദേദും ഭക്തിപ്രസ്ഥാനത്തെ നയിച്ചപ്പോൾ സാമൂഹിക
സമത്വമെന്ന ആശയത്തിൽ പ്രചാരം ലഭിച്ചു.
◆ പ്രാദേശിക
ഭാഷകൾ വികസിച്ചു.
◆ അനാചാരങ്ങൾ
ചോദ്യം ചെയ്യപ്പെട്ടു.
◆ യാഥാസ്ഥിതിക
ബ്രാഹ്മണ പാരമ്പര്യങ്ങളെ വെല്ലുവിളിച്ചു.
◆ സ്ത്രീകൾക്കും
കീഴ്‌ജാതിക്കാർ എന്നു മാറ്റിനിർത്തപ്പെട്ടവർക്കും പ്രാതിനിധ്യം നൽകി.
◆ സാഹിത്യത്തിലും
സംഗീതത്തിലും സംഭാവനകൾ നൽകി.
ഭക്തി പ്രസ്ഥാനത്തിലെ നേതാക്കൾ
ജ്ഞാനേശ്വരൻ
: ഭക്തിപ്രസ്ഥാനത്തിലെ ആദ്യകാല ആചാര്യന്മാരിൽ ഒരാളായ ജ്ഞാനേശ്വരൻ മഹാരാഷ്ട്രയിലെ സന്യാസിയായിരുന്നു.
ഭഗവദ്ഗീതയ്ക്ക് അദ്ദേഹം ഒരു ഭാഷ്യം തയ്യാറാക്കി. അതിൽ ജ്ഞാനം, കർമ്മം, ഭക്തി എന്നിവയ്ക്ക്
അദ്ദേഹം തുല്യപ്രാധാന്യം നൽകി. സാധാരണക്കാർക്ക് ഗീത മനസ്സിലാകുന്നതിനുവേണ്ടി അവരുടെ
ഭാഷയായ മറാത്തിയിലാണ് അദ്ദേഹം എഴുതിയത്.
നാമദേവൻ
: ജ്ഞാനേശ്വരന്റെ പിൻഗാമിയായിരുന്ന നാമദേവൻ ഒരു തയ്യൽക്കാരനായിരുന്നു. സന്യാസം സ്വീകരിക്കുന്നതിനുമുമ്പ്
കുറേക്കാലം അദ്ദേഹം ഒരു കൊള്ളക്കാരനായി ജീവിച്ചു. മറാത്തിയിൽ രചിച്ച അദ്ദേഹത്തിന്റെ
കവിതകൾ അഗാധസ്നേഹത്തിന്റെയും ദൈവാരാധനയുടെയും മഹത്വം വാഴ്ത്തുന്നു. ദൈവത്തിന്റെ ഏകതയിൽ
വിശ്വസിച്ചിരുന്ന നാമദേവൻ ഈശ്വരസ്നേഹത്തിലൂടെ മാത്രമേ മോക്ഷം നേടാൻ കഴിയുകയുള്ളൂവെന്ന്
പ്രചരിപ്പിച്ചു. വിഗ്രഹാരാധനയും ബാഹ്യമായ അനുഷ്ഠാനങ്ങളും മനുഷ്യരെ മോക്ഷത്തിലേക്ക്
നയിക്കുകയിലെന്ന് അദ്ദേഹം വിശ്വസിച്ചു. നാമദേവനുശേഷം തുക്കാറാമും രാമദാസും മഹാരാഷ്ട്രയിലെ
ഭക്തിപ്രസ്ഥാനത്തിന്റെ നേതൃത്വമേറ്റെടുത്തു.
രാമാനന്ദൻ
: ഭക്തിപ്രസ്ഥാനത്തിന്റെ മറ്റൊരു ആചാര്യനായിരുന്ന രാമാനന്ദൻ അലഹബാദിലെ ഒരു ബ്രാഹ്മണകുടുംബത്തിലാണ്
ജനിച്ചത്. വിഷ്ണുവിനുപകരം രാമനെ ആരാധിക്കുക എന്ന സമ്പ്രദായം ആവിഷ്കരിച്ചത് അദ്ദേഹമാണ്.
കടുത്ത രാമഭക്തനായിരുന്ന അദ്ദേഹം നാലുവർണ്ണങ്ങളിൽപ്പെട്ടവരിലും തന്റെ ഭക്തിസിദ്ധാന്തം
പ്രചരിപ്പിച്ചു. വിവിധ ജാതിക്കാർ ഒരുമിച്ച് പാചകം ചെയ്യുന്നതിനും ഭക്ഷിക്കുന്നതിനുമുണ്ടായിരുന്ന
നിരോധനം അദ്ദേഹം അവഗണിച്ചു. കീഴ്ജാതിക്കാരുൾപ്പെടെ എല്ലാ ജാതിയിൽപ്പെട്ടവരും അദ്ദേഹത്തിന്റെ
ശിഷ്യന്മാരായി ഉണ്ടായിരുന്നു. രാമാനന്ദന്റെ പ്രധാനപ്പെട്ട 12 ശിഷ്യന്മാരിൽ രവിദാസ്
ചെരുപ്പുകുത്തിയും, കബീർ നെയ്ത്തുകാരനും, സേന ക്ഷുരകനും, സധനൻ അറവുകാരനുമായിരുന്നു.
കബീർ :
ഭക്തിപ്രസ്ഥാനത്തിലെ ഒരു കവിയെന്നതിന് പുറമേ ജനങ്ങളിൽ വ്യാപകമായ സ്വാധീനം
ചെലുത്തിയ ഒരു സമൂഹോദ്ധാരകൻ കൂടിയായിരുന്നു അദ്ദേഹം. അദൃശ്യനായ ബ്രഹ്മസ്വരൂപമാണ്
ദൈവമെന്ന് കബീർ വിശ്വസിച്ചു. ചാതുർവർണ്യത്തിന്റെ ദുരന്തഫലങ്ങൾ കണ്ട് ആകുലനായ കബീർ, ഹിന്ദു സമുദായത്തിൽ നിലനിന്നിരുന്ന
പ്രാകൃതമായ അനീതികൾ തന്റെ കവിതകളിലൂടെ അനാവരണം ചെയ്തു. ഉയർന്ന വിദ്യാഭ്യാസം
നേടുവാനായില്ലെങ്കിലും അക്കാലത്ത് നൂതനമെന്ന് കരുതപ്പെടുന്ന ആശയങ്ങൾ
രൂപപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും കബീറിന് സാധിച്ചു. എല്ലാ
മനുഷ്യർക്കും സ്വീകാര്യമായ ഒരു പുതിയ മതം 'സന്ത്‌മതം' അദ്ദേഹം സ്ഥാപിച്ചു. മനുഷ്യസാഹോദര്യവും
ഈശ്വരമാഹാത്മ്യബോധവുമാണ് സന്ത്‌മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ. വിവിധ ജാതിമതസ്ഥരായ
സാധാരണക്കാർ അദ്ദേഹത്തിന്റെ അനുയായികളായി. രാജ്യം മുഴുവൻ സഞ്ചരിച്ച് അദ്ദേഹം തന്റെ
സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു. സന്യാസം സ്വീകരിക്കുന്നതിനായി ഗാർഹിക ജീവിതം
ഉപേഷിക്കുന്നതിനെ അദ്ദേഹം എതിർത്തു.
ഗുരുനാനാക്
: വളരെ ചെറുപ്പത്തിൽ തന്നെ പഞ്ചാബി, സംസ്കൃതം, ഹിന്ദി, പാർസി എന്നീ ഭാഷകളിൽ പ്രാവിണ്യം നേടി.
ഏകദൈവ വിശ്വാസത്തിൽ ഊന്നൽ നൽകിയ അദ്ദേഹം ഹിന്ദു, ഇസ്ലാം മതങ്ങളിലെ തത്വങ്ങളെ
ഏകീകരിക്കാൻ ശ്രമിച്ചു. മതസഹിഷ്ണുത, സാർവത്രിക
സാഹോദര്യം എന്നീ ആശയങ്ങളുടെ വക്താവായിരുന്നു അദ്ദേഹം. ഹിന്ദു-ഇസ്ലാം മതങ്ങളിലെ
ബാഹ്യാനുഷ്ഠാനങ്ങളെയും വിഗ്രഹാരാധന, തീർത്ഥാടനം
തുടങ്ങിയവയെയും അദ്ദേഹം എതിർത്തു. ഗൃഹസ്ഥന്റെ ചുമതലകൾ ആത്മീയ ജീവിതത്തോടൊപ്പം
കൊണ്ടുപോകുന്ന മധ്യമാർഗം പ്രോത്സാഹിപ്പിച്ചു. ഗുരു നാനാക്കിന്റെ സംഭാവനയായ
പ്രാർത്ഥന ഗീതങ്ങൾ ഷാബാദ് എന്നറിയപ്പെടുന്നു. തന്റെ അനുയായികൾ ഒരു പൊതു അടുക്കള
(ലംഗർ) യിൽ നിന്ന് ഭക്ഷണം കഴിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം നിർദേശിച്ചു.
നാനാക്കിന്റെ ആശയങ്ങൾ പിൽക്കാലത്ത് സിഖ് മതത്തിന്റെ ഉത്ഭവത്തിൻ വഴിതെളിച്ചു.
വല്ലഭാചാര്യ
: വിഷ്ണുവിന്റെ അവതാരമായ കൃഷ്ണന്റെ ഭക്തനായിരുന്ന വല്ലഭാചാര്യൻ ബനാറസിനടുത്തുള്ള ഒരു
തെലുങ്കു ബ്രാഹ്മണകുടുംബത്തിലെ അംഗമായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം കൃഷ്ണദേവരായരുടെ
രാജസദസ്സിലേക്കു പോയ അദ്ദേഹം അവസാനം കാശ്മീരിൽ സ്ഥിരതാമസമാക്കുകയും കൃഷ്ണഭക്തി പ്രചരിപ്പിക്കുകയും
ചെയ്തു.
ചൈതന്യൻ
: വല്ലഭാചാര്യന്റെ സമകാലികനായിരുന്ന ചൈതന്യൻ വൈഷ്ണവ സന്യാസിമാരിൽ ഏറ്റവും പ്രശസ്തനായിരുന്നു.
ബംഗാളിലെ നദിയയിൽ ഒരു ബ്രാഹ്മണകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഇരുപത്തിരണ്ടാമത്തെ
വയസ്സിൽ ലൗകികജീവിതം ഉപേക്ഷിച്ച അദ്ദേഹം ശിഷ്ടകാലം തന്റെ സന്ദേശങ്ങളായ സ്നേഹവും ഈശ്വരാർപ്പണവും
പ്രചരിപ്പിക്കുന്നതിനായി ചെലവഴിച്ചു. വൃന്ദാവനം ഉൾപ്പെടെ ഇന്ത്യ മുഴുവൻ അദ്ദേഹം സഞ്ചരിക്കുകയും
അവിടെയെല്ലാം കൃഷ്ണഭക്തി പുനരുദ്ധീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. ചൈതന്യൻ കീർത്തനങ്ങൾ
പ്രചരിപ്പിച്ചു. സ്നേഹം, സമർപ്പണം, ഗാനം, നൃത്തം എന്നിവയിലൂടെ ഈശ്വരസാന്നിദ്ധ്യം അനുഭവിക്കാൻ
കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. ചൈതന്യൻ തന്റെ സന്ദേശം ജാതി-വർഗ്ഗ വ്യത്യാസമില്ലാതെ
എല്ലാ ജനങ്ങൾക്കിടയിലും പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ അനുയായികളിൽ ചിലർ ഹൈന്ദവ സമൂഹത്തിലെ
താഴ്ന്ന തട്ടിൽനിന്നുള്ളവരായിരുന്നു. വിഗ്രഹാരാധനയെ അദ്ദേഹം എതിർത്തിരുന്നില്ല. അതേസമയം
അദ്ദേഹം ഒരു പാരമ്പര്യവാദിയുമായിരുന്നില്ല.
മീരാഭായി
: ഉത്തരേന്ത്യൻ ഭക്തി പ്രസ്ഥാനത്തിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളിലൊന്നാണ്
മീരാഭായിയുടേത്. രാജാസ്ഥാനിലെ മാർവാറിലെ മേർട്ട എന്ന നാട്ടുരാജ്യത്തിലെ രജപുത്ര
രാജകുമാരിയായിരുന്നു മീര. രാജസ്ഥാനിലെ ചിത്തോറിലെ റാണാ സംഗയുടെ മകൻ ഭോജനുമായി
മീരയുടെ വിവാഹം നടത്തി. പക്ഷേ വിവാഹജീവിതത്തിൽ താല്പര്യമില്ലാതിരുന്ന മീര, കൊട്ടാരം ഉപേക്ഷിച്ച് സംഗീതവുമായി
നാട്ടിലെങ്ങും സഞ്ചരിച്ചു. കൃഷ്ണനെ ഭജിക്കുന്ന മീരയുടെ ഭക്തിഗാനങ്ങൾ 'ഭജനുകൾ' എന്ന് അറിയപ്പെടുന്നു. കൃഷ്ണനെ സംബോധന
ചെയ്തുകൊണ്ടുള്ള ധാരാളം ഭജനകൾ മീരാഭായ് രചിച്ചു. തുകൽപണിക്കാരനായ റയിദാസിനെ മീര
ഗുരുവായി സ്വീകരിച്ചു. ജാതിവ്യവസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു അത്.
ജനങ്ങൾ മീരയെ 'ഭക്തമീര' എന്നാണ് വിളിച്ചിരുന്നത്.
സൂഫി പ്രസ്ഥാനം
സൂഫി
എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥം 'കമ്പിളി വസ്ത്രം ധരിക്കുന്നവർ' എന്നാണ്. വിശുദ്ധ ഖുറാനിൽനിന്നും
മുഹമ്മദ് നബിയുടെ ജീവിതത്തിൽനിന്നും പ്രചോദനമുൾക്കൊണ്ട് ആരംഭിച്ച ഒരു പരിഷ്കരണ
പ്രസ്ഥാനമാണ് സൂഫിസം. ബുദ്ധമതം,
ജൈനമതം, ഹിന്ദുമതം എന്നിവയും സൂഫിസത്തെ
സ്വാധീനിക്കുകയുണ്ടായി. പശ്ചിമേഷ്യയിൽ ആരംഭിച്ച സൂഫിസം സുൽത്താനേറ്റ് കാലഘട്ടത്തിൽ
ഇന്ത്യയിൽ വേരുറപ്പിക്കുകയും പ്രചാരം നേടുകയും ചെയ്തു. സൂഫികൾ അജ്ഞേയവാദികളായിരുന്നു. ഖുറാനിലെ
പ്രബോധനങ്ങൾ, ആചാരങ്ങൾ, സുന്ന എന്നിവയെക്കുറിച്ച് അവർക്ക് സ്വന്തമായ വ്യാഖ്യാനങ്ങളുണ്ടായിരുന്നു.
സൂഫിസത്തിന്റെ തത്ത്വങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
•
സമ്പത്ത് പ്രദർശിപ്പിക്കുന്നതിനെ സൂഫികൾ വെറുത്തു. അവർ ലളിതജീവിതത്തിന് പ്രാധാന്യം
നൽകി.
•
സൂഫികൾ ഏകദൈവത്തിൽ വിശ്വസിച്ചു. എല്ലാ ജനങ്ങളും ദൈവത്തിന്റെ സന്തതികളാണ്. ദൈവം സർവ്വവ്യാപിയാണ്.
•
സൂഫികൾ സ്നേഹത്തിനും ഭക്തിക്കും ഊന്നൽ നൽകി. അവരുടെ ദർശനത്തിന്റെ അടിസ്ഥാനം സ്നേഹമായിരുന്നു.
സ്നേഹത്തിലൂടെ ദൈവത്തെ പ്രാപിക്കാമെന്ന് അവർ വിശ്വസിച്ചു. ആചാരങ്ങളും വ്രതങ്ങളും ആഘോഷങ്ങളുമെല്ലാം
നിരർത്ഥകമാണെന്ന് അവർ പ്രഖ്യാപിച്ചു. സൂഫികളായിരുന്ന ബസാരി, റാബിയ എന്നിവർ പ്രാർത്ഥനക്കും
ഉപവാസത്തിനും ദൈവസ്നേഹത്തിനുമാണ് പ്രാധാന്യം നൽകിയത്.
•
ആശ്രമജീവിതം, തപസ്സ്, ധ്യാനം, ശ്വാസനിയന്ത്രണം തുടങ്ങിയ അനുഷ്ഠാനങ്ങൾക്ക് സൂഫികൾ പ്രാധാന്യം
നൽകി.
ഇന്ത്യയിലെ
കലണ്ടറുകൾ
ചന്ദ്രപഞ്ചാംഗവും
സൗരപഞ്ചാംഗവും
ചന്ദ്രനെ
അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടർ ചന്ദ്രപഞ്ചാംഗമെന്നും സൂര്യനെ അടിസ്ഥാനപ്പെടുത്തിയുള്ള
കലണ്ടർ സൗരപഞ്ചാംഗമെന്നും അറിയപ്പെടുന്നു. ചന്ദ്രനെ ആധാരമാക്കിയുള്ള കലണ്ടർ
ആദ്യമായി തയ്യാറാക്കിയത് മെസോപ്പൊട്ടേമിയക്കാരാണ്. ഒരു ദിവസത്തെ 24 മണിക്കൂറുകളായി വിഭജിച്ചതും
മെസോപ്പൊട്ടേമിയക്കാരാണ്. സൂര്യനെ ആധാരമാക്കിയുള്ള സൗരപഞ്ചാംഗം ആദ്യമായി
തയ്യാറാക്കിയത് ഈജിപ്തുകാരാണ്.
വിക്രമാബ്ദം
ബി.സി.
58-ൽ ഉജ്ജയിനിയിലെ വിക്രമാദിത്യൻ
എന്ന രാജാവ് ശകരാജാവിനെ (അസെസ്) തോല്‍പ്പിച്ചുവെന്നും അതിന്റെ വിജയം ആഘോഷിക്കാൻ
വിക്രമാബ്ദം എന്ന പുതിയ സംവത്സരം തുടങ്ങി എന്നും കരുതപ്പെടുന്നു. കൃതവര്‍ഷം, മാളവവര്‍ഷം എന്നീ പേരുകളിലും അത്
അറിയപ്പെടുന്നു.
ശകവർഷം
ഇന്ത്യയുടെ
ദേശീയ കലണ്ടറാണ് ശകവർഷം. കുശാന രാജാവായ കനിഷ്‌ക്കനാണ് എ.ഡി.78-ൽ ശകവർഷം ആരംഭിച്ചത്. 1957 മാർച്ച് 22 നാണ് ശകവർഷത്തെ ഇന്ത്യയുടെ ദേശീയ
കലണ്ടറായി അംഗീകരിച്ചത്. 12 മാസങ്ങളുളള ശകവർഷത്തിലെ
ആദ്യമാസം ചൈത്രവും,
അവസാനമാസം
ഫാൽഗുനവുമാണ്. ചൈത്രം,
വൈശാഖം, ജ്യേഷ്‌ഠം, ആഷാഢം, ശ്രാവണം, ഭാദ്രം, ആശ്വിനം, കാർത്തികം, ആഗ്രഹായണം, പൗഷം, മാഹം, ഫാൽഗുനം എന്നിവയാണ് ശകവർഷ മാസങ്ങൾ. 2024 എന്നത് ശകവർഷപ്രകാരം 1946 ആയിരുന്നു.
ഹിജറാ
കലണ്ടർ
ഇസ്‌ലാംമതത്തിലെ
ഔദ്യോഗിക കലണ്ടറാണ് ഹിജറാ കലണ്ടർ. ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയുള്ള 12 മാസങ്ങളാണ് ഹിജറാ കലണ്ടറിലുളളത്.
മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത എ.ഡി.622 മുതലാണ് ഹിജറവർഷം ആരംഭിക്കുന്നത്. ഇസ്‌ലാമിക
കലണ്ടറിലെ ആദ്യമാസം മുഹർറമും,
അവസാനമാസം
ദുൽഹജ്ജുമാണ്.
ജൂലിയൻ
കലണ്ടർ
ബി.സി.
46-ൽ ജൂലിയസ് സീസർ ആരംഭിച്ചതാണ്
ജൂലിയൻ കലണ്ടർ. സോസിജിൻസി എന്ന വാനശാസ്ത്രജ്ഞന്റെ ഉപദേശപ്രകാരമാണ് ജൂലിയസ് സീസർ
കലണ്ടർ ആരംഭിച്ചത്. ജൂലിയൻ കലണ്ടറിൽ 365 ദിവസങ്ങൾ
ഉണ്ടായിരുന്നു. 'അധിവർഷം' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്
ജൂലിയൻ കലണ്ടറാണ്.
ഗ്രിഗോറിയൻ
കലണ്ടർ
ലോകത്ത്
ഇന്ന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന കലണ്ടർ സംവിധാനമാണ് ഗ്രിഗോറിയൻ കലണ്ടർ. 1582-ൽ ഗ്രിഗോറിയൻ കലണ്ടർ സ്ഥാപിച്ചത്
ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പയാണ്. ജൂലിയൻ കലണ്ടറിലെ പോരായ്മകൾ പരിഹരിച്ചു
കൊണ്ടാണ് ഗ്രിഗോറിയൻ കലണ്ടർ നിലവിൽ വന്നത്. അലോഷിയസ് ലിലിയസ് എന്ന ഭിഷഗ്വരനാണ്
മാർപാപ്പയുടെ കല്പന അനുസരിച്ച് ഗ്രിഗോറിയൻ കലണ്ടർ രൂപപ്പെടുത്തിയത്. യേശുക്രിസ്തു
ജനിച്ച വർഷമായ എ.ഡി.1 അടിസ്ഥാനമാക്കിയാണ്
ഗ്രിഗോറിയൻ കലണ്ടറിൽ വർഷങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി, പോളണ്ട് എന്നിവയാണ് ഗ്രിഗോറിയൻ കലണ്ടർ
ആദ്യമായി അംഗീകരിച്ച രാജ്യങ്ങൾ. ജനവരി മുതൽ ഡിസംബർ വരെയുള്ള 12 മാസങ്ങളാണ് ഗ്രിഗോറിയൻ കലണ്ടറിലുളളത്.
റോമൻ ഐതിഹ്യത്തിലെ ജാനസ് ദേവന്റെ പേരിൽ നിന്നാണ് ജനവരി മാസത്തിന് ആ പേര് ലഭിച്ചത്.
കവാടങ്ങളുടെയും,
വാതിലുകളുടെയും
ദേവനാണ് ജാനസ്. 30 ദിവസത്തിൽ കുറവുളളതും, ഏറ്റവും ചെറുതുമായ മാസമാണ് ഫിബ്രവരി.
നാലു വർഷത്തിലൊരിക്കലുള്ള അധിവർഷങ്ങളിൽ ഫിബ്രവരിക്ക് 29 ദിവസങ്ങളുണ്ടാവും. 'ശുദ്ധീകരണം' എന്നർഥം വരുന്ന ഫിബ്രം എന്ന ലാറ്റിൻ
വാക്കിൽ നിന്നാണ് ഫിബ്രവരി എന്ന പേരുണ്ടായത്. മാർച്ച് മാസത്തിന് ആ പേര് ലഭിച്ചത്
റോമാക്കാരുടെ യുദ്ധദേവനായ മാർസിൽ നിന്നാണ്. ജൂനോ എന്ന റോമൻ ദേവതയുടെ പേരിൽ
നിന്നാണ് ജൂൺ മാസത്തിന്റെ പേരുണ്ടായത്. ജൂലിയസ് സീസറുടെ സ്‌മരണാർഥം നാമകരണം
ചെയ്യപ്പെട്ട മാസമാണ് ജൂലായ്.
പ്രാദേശിക
കലണ്ടറുകൾ
മലയാളം
കലണ്ടറാണ് കൊല്ലവർഷം. എ.ഡി.825-ൽ ഉദയ മാർത്താണ്ഡവർമയാണ്
കൊല്ലവർഷം ആരംഭിച്ചതെന്നു കരുതപ്പെടുന്നു. സൂര്യനെ കേന്ദ്രീകരിച്ചുള്ള കലണ്ടർ
സംവിധാനമാണ് കൊല്ലവർഷം. മലയാളം കലണ്ടറിലെ ആദ്യമാസം ചിങ്ങവും അവസാനമാസം
കർക്കിടകവുമാണ്. സൂര്യനെ ആധാരമാക്കിയുള്ള തമിഴ് കലണ്ടറിനും 12 മാസങ്ങളുണ്ട്. തമിഴ് കലണ്ടറിലെ ആദ്യ
മാസം ചിത്തിരൈയും അവസാനമാസം പങ്കുനിയുമാണ്.
ഇന്ത്യയിലെ
ഉത്സവങ്ങൾ
ഇന്ത്യയിലെ ദേശീയ ഉത്സവങ്ങൾ
റിപ്പബ്ലിക്
ദിനം
1950
ജനുവരി 26 ന് ഇന്ത്യ പരമാധികാര ജനാധിപത്യ
റിപ്പബ്ലിക്കായി. എല്ലാ വർഷവും ജനുവരി 26 റിപ്പബ്ലിക്
ദിനമായി ആചരിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണസ്വരാജ് ആദ്യമായി ആചരിച്ചത് 1930 ജനുവരി 26 നായിരുന്നു.
സ്വാതന്ത്ര്യദിനം
രണ്ടു
നൂറ്റാണ്ടിലധികം നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്രമായത് 1947 ഓഗസ്റ്റ് 15 നാണ്. എല്ലാ വർഷവും ആ ദിനം (ഓഗസ്റ്റ് 15) സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു.
ഗാന്ധി
ജയന്തി
രാഷ്ട്രപിതാവായി
വിശേഷിപ്പിക്കപ്പെടുന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി (മഹാത്മാഗാന്ധി) യുടെ ജന്മദിനമായ
ഒക്ടോബർ 2 ദേശീയ ദിനമായി ആചരിക്കുന്നു.
ബുദ്ധപൂർണിമ
വൈശാഖ
മാസത്തിലെ വെളുത്തവാവ് ദിവസമാണ് ബുദ്ധപൂർണിമ ആഘോഷിക്കുന്നത്.
ദീപാവലി
സമ്പദ്‌സമൃദ്ധിയേയും
ഐശ്വര്യത്തേയും സൂചിപ്പിക്കുന്ന ആഘോഷമാണ് ദീപാവലി.
ദസ്സറ
(വിജയദശമി)
രാവണനെ
രാമൻ വധിച്ചതിന്റെ സ്മരണാർത്ഥമുള്ള ആഘോഷമാണ് ദസ്സറ. വിജയദശമി എന്നും ദസ്സറ
ആഘോഷത്തിനു പേരുണ്ട്. വിജയദശമി ദിനത്തിലാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്.
നവരാത്രി
നവരാത്രി
ആഘോഷങ്ങൾ ദസ്സറയോടനുബന്ധിച്ചാണ് നടക്കുന്നത്. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ്
ഗുജറാത്തിൽ ഗർബ നൃത്തം നടക്കുന്നത്. മഹിഷാസുരനെ ഭദ്രകാളി വധിച്ചതും ദസ്സറ
നാളിലാണെന്നു പുരാണങ്ങൾ പറയുന്നു.
ഗുരുപൂർണിമ
ആഷാഢ
മാസത്തിലെ വെളുത്തവാവ് ദിനത്തിലാണ് ഗുരുപൂർണിമ ആഘോഷിക്കുന്നത്. വ്യാസപൂർണിമ എന്നും
ഗുരുപൂർണിമ അറിയപ്പെടുന്നു.
ഹോളി
ഇന്ത്യയിലെ
ഏറ്റവും പഴക്കമുള്ള ഉത്സവങ്ങളിൽ ഒന്നാണ് ഹോളി. നിറങ്ങളുടെ ഉത്സവമായ ഹോളി ഫാൽഗുന
മാസത്തിലെ (ജനവരി) വെളുത്തവാവ് ദിവസമാണ്.
ജന്മാഷ്ടമി
ശ്രീകൃഷ്ണന്റെ
ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷമാണ് ജന്മാഷ്ടമി.
നവ്‌റോസ്
പാഴ്സികളുടെ
നവവത്സര ആഘോഷമാണ് നവ്‌റോസ്.
ക്രിസ്തുമസ്
ക്രിസ്തുമസ്
ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ്. യേശു ക്രിസ്തുവിന്റെ ജന്മദിനമായ
ഡിസംബർ 25 ന് ലോകമെമ്പാടുമുള്ള പോലെ
ഇന്ത്യയിലും ക്രിസ്തുമസ് വിപുലമായി ആഘോഷിക്കുന്നു.
മിലാദി
ഷെരീഫ്
ഇസ്ലാം
മതപ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനമായ ഈ ദിവസം ഇന്ത്യയിൽ അങ്ങോളമിങ്ങോളം
ജാതിമത ഭേദമന്യേ ആഘോഷിക്കുന്നു.
ഇന്ത്യയിലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള
ഉത്സവങ്ങൾ
തമലഡു
(അരുണാചൽപ്രദേശ്)
ഭൂമിയുടെയും
ജലത്തിന്റെയും ഉത്സവമാണിത്.
മയോഖ്
(അരുണാചൽപ്രദേശ്)
അപതാനി
സമൂഹത്തിന്റെ ആഘോഷമാണ്. മാർച്ച് മാസത്തിൽ ഈ സമൂഹത്തിന്റെ നന്മയ്ക്കായി നടത്തുന്ന
മതപരമായ ആഘോഷമാണ്.
റെഹ്
(അരുണാചൽപ്രദേശ്)
ഇഡു
ആദിവാസികളുടെ ആഘോഷമാണിത്. 'തൻയി ഇൻകി തായ്'യുടെ മക്കളാണ് എന്നു വിശ്വസിക്കുന്ന
ഇക്കൂട്ടർ ആ അമ്മയുടെ ആശീർവാദത്തിനായി നടത്തുന്ന ഉത്സവം ആറുദിവസം നീണ്ടുനിൽക്കും.
ബൂരിബുട്ട്
(അരുണാചൽപ്രദേശ്)
കൊയ്ത്തുത്സവമാണ്.
സ്ത്രീപുരുഷഭേദമെന്യേ എല്ലാവരും ഒത്തുകൂടുന്ന ഉത്സവമാണ്.
ബിഹു
(അസം)
അസമിലാണ്
ബിഹു ആഘോഷിക്കുന്നത്. ഏപ്രിൽ 13 നു വരുന്ന
പുതുവത്സരപ്പിറവിയിൽ ആഘോഷിക്കുന്നു. വിളവെടുപ്പിന്റെ കാലം കൂടിയാണിത്. ബിഹു
ആഘോഷത്തോടനുബന്ധിച്ചുള്ള ബിഹു നൃത്തം പ്രസിദ്ധമാണ്.
ഉഗാദി
(ആന്ധ്രാപ്രദേശ്,
തെലങ്കാന, കർണാടക)
തെക്കേ
ഇന്ത്യയിലെ ഡെക്കാൺ പ്രദേശത്തെ ജനങ്ങളുടെ പുതുവത്സരദിനാഘോഷമാണ് ഉഗാദി. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലാണ് ഉഗാദി
ആഘോഷിക്കുന്നത്. അബ്ബാട്ടു എന്ന പ്രത്യേക പലഹാരം അന്ന് ഉണ്ടാക്കും.
ഫൂൽ
ദേവി (ഉത്തരാഖണ്ഡ്)
ചൈത്ര
മാസത്തിലെ ആദ്യ ദിവസം ആഘോഷിക്കുന്നു. യുവതികൾ താമ്പാളത്തിൽ അരിയും ശർക്കരയുമായി
ഓരോ വീട്ടിലും കയറി സമ്പദ്‌സമൃദ്ധിക്കായി പ്രാർഥിക്കുന്നു.
ഹരേല
(ഉത്തരാഖണ്ഡ്)
ശ്രാവണമാസത്തിലെ
ആദ്യ ദിവസം ആഘോഷിക്കുന്നു. ഹരേലയ്ക്കു പത്തു ദിവസം മുൻപ് അഞ്ചോ ആറോ വിത്ത്
കുട്ടയിൽ മണ്ണിട്ടു മുളപ്പിക്കുന്നു. ഹരേലയ്ക്കു തലേന്ന് ശിവന്റെയും പാർവതിയുടെയും
വിഗ്രഹത്തിനു മുകളിൽ മുളച്ച ചെടികൾ കിരീടമായി ചൂടിക്കുന്നു.
രഥയാത്ര
(ഒഡീഷ)
പുരിയിലെ
രഥയാത്ര വളരെ പ്രശസ്തമാണ്. ആഷാഢ മാസത്തിലെ കറുത്ത പക്ഷത്തിലെ രണ്ടാമത്തെ ദിവസം
ഒഡീഷയിലെ എല്ലായിടത്തും രഥയാത്ര നടത്തുന്നു. ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരുടെ വലിയ രൂപങ്ങൾ പുരി
ക്ഷേത്രത്തിൽനിന്നു ഗുണ്ടിയ ക്ഷേത്രത്തിലേക്കു രഥത്തിൽ ആനയിക്കുന്നു. ആളുകൾ കയർ
കെട്ടി രഥം വലിക്കുന്നു. ഒൻപതു ദിവസത്തിനുശേഷം വിഗ്രഹങ്ങൾ തിരിച്ചുകൊണ്ടുവരുന്നു.
രാജപർബ
(ഒഡീഷ)
ഈ
ആഘോഷം ഭൂമി മാതാവിനാണു സമർപ്പിച്ചിട്ടുള്ളത്. കൃഷി പ്രവൃത്തികൾ നിർത്തിവച്ച് ഭൂമി
മാതാവിനു വിശ്രമം നൽകുന്നു.
ബോയ്ട്ട
- ബാഡ്ന (ഒഡീഷ)
വള്ളങ്ങളെ
ആരാധിക്കുന്ന ഉത്സവമാണ്. നദീ തീരത്തോ കടൽത്തീരത്തോ ഒത്തുകൂടി ചെറുവഞ്ചികൾ
ഉണ്ടാക്കി നദികളിലോ കടലിലോ ഒഴുക്കുന്നു.
ദസറ
(കർണാടക)
മഹിഷാസുരനുമേൽ
ചാമുണ്ഡേശ്വരി നേടിയ വിജയമാണ് ദസറ ഓർമിപ്പിക്കുന്നത്. പത്തു ദിവസം നീണ്ട
ഉത്സവമാണിത്.
തുല
സംക്രമണ (കർണാടക)
കുടക്
ജില്ലയിലുള്ളവരുടെ ആഘോഷമാണിത്. കാവേരി ദേവത പ്രത്യക്ഷപ്പെടുന്ന ദിവസമായിട്ടാണ്
ഇതിനെ കണക്കാക്കുന്നത്.
ഓണം
(കേരളം)
കേരളീയരുടെ
ദേശീയോത്സവമാണ് ഓണം. ചിങ്ങ മാസത്തിലെ തിരുവോണം നാളിൽ ഓണം ആഘോഷിക്കുന്നു. അത്തം
മുതൽ പത്തു ദിവസം ഓണാഘോഷം നീണ്ടുനിൽക്കുന്നു.
വിഷു
(കേരളം)
മലയാളമാസം
മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. വിഷു ഒരു കാർഷികോത്സവമാണ്. ഓണത്തെക്കാളും
പഴക്കമുള്ള ആഘോഷമാണ് വിഷുവെന്നു കരുതപ്പെടുന്നു. കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായ
കണിക്കൊന്ന കർണികാരം എന്നും അറിയപ്പെടുന്നു. എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ
വിഷു ദിനത്തിൽ നടക്കുന്ന വ്യാപാരമാണ് വിഷുമാറ്റം. ഭാരതത്തിലെ പഴയ കാർഷിക
പഞ്ചാംഗത്തിലെ ആദ്യദിനമാണ് വിഷു ആഘോഷിക്കുന്നത്. വിഷുവിനൊപ്പം ഇന്ത്യയുടെ മറ്റു
ഭാഗങ്ങളിൽ ആഘോഷിക്കുന്ന ഉത്സവങ്ങളാണ് ബിഹു, വൈശാഖി, ഉഗാദി എന്നിവ.
ദീപാവലി
(ഗുജറാത്ത്)
ആശ്വിനമാസത്തിൽ
നാലു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണിത്. കൊയ്ത്ത് അവസാനിക്കുന്ന സമയമാണ്. ഒന്നാം
ദിവസം ലക്ഷ്മീപൂജ രണ്ടാം ദിവസം ദുഷ്ടശക്തികളെ ഉച്ചാടനം ചെയ്യുന്നു. മൂന്നാം ദിവസം
വീടുകളെല്ലാം ദീപങ്ങൾകൊണ്ട് അലങ്കരിക്കുന്നു. മുറ്റത്തു കോലമിടുന്നു. നാലാമത്തെയും
അവസാനത്തെയും ദിവസം ഗുജറാത്തികളുടെ നവവത്സരമാണ്.
ഷിഗ്മോ
(ഗോവ)
വസന്തകാലത്ത്
ആഘോഷിക്കുന്നു. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ്. അക്രമികളെ
തുരത്തിയോടിച്ച് മടങ്ങിവരുന്ന യോദ്ധാക്കളെ ആദരിക്കലാണ് ഒരു പ്രധാന ചടങ്ങ്.
ഹോളിയുമായി ചേർന്നു വരുന്നതിനാൽ പരസ്പരം നിറങ്ങൾ എറിഞ്ഞു കളിക്കുന്നു.
ഹരേലി
(ഛത്തീസ്ഗഡ്)
നല്ല
വിളവു ലഭിക്കാനായി നടത്തുന്ന ഉത്സവം. പണിയായുധങ്ങൾ വച്ചു പൂജ നടത്തുന്നു. ജൂലൈ -
ഓഗസ്റ്റ് മാസത്തിലാണ് ഇത് അരങ്ങേറുന്നത്.
സ്പിക്ടോക്
ഗുടോർ സംസ്‌കാർ (ജമ്മു കശ്മീർ)
തിന്മയ്ക്കുമേൽ
നന്മയുടെ വിജയം ആഘോഷിക്കുന്ന ഉത്സവമാണിത്. ജനുവരി മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്.
ബുദ്ധമതക്കാരുടെ ഒരു ആഘോഷമാണിത്.
തുലിപ്പ്
ഉത്സവം (ജമ്മു കശ്മീർ)
മാർച്ച്
അവസാനം തുലിപ്പ് പുഷ്പങ്ങൾ വിടരും. ഈ അവസരത്തിലാണ് തുലിപ്പ് ഉത്സവം.
പൊങ്കൽ
(തമിഴ്‌നാട്)
തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിലെ
വിളവെടുപ്പുത്സവമാണ് പൊങ്കൽ.
പുതാണ്ടു
(തമിഴ്‌നാട്)
തമിഴ്‌നാട്ടിലെ
പുതുവത്സരാഘോഷമാണ് പുതാണ്ടു.
ആഡിപ്പെറുക്ക്
(തമിഴ്‌നാട്)
മഴക്കാലത്തെ
വരവേറ്റുകൊണ്ടുള്ള തമിഴ്‌നാട്ടിലെ ഉത്സവമാണ് ആഡിപ്പെറുക്ക്.
ഗരിയ
(ത്രിപുര)
ഏപ്രിൽ
മാസം ഏഴാം തീയതിയാണ് ഗോത്രവർഗക്കാർ ഗരിയ പൂജ നടത്തുന്നത്. ഇതൊരു കൊയ്ത്തുത്സവമാണ്.
ഗരിയ ഭഗവാന്റെ മുന്നിൽ ആളുകൾ പാട്ടും നൃത്തവുമായി കൂടുന്നു. മുളക്കമ്പുകൾ
അലങ്കരിച്ച് അതിനെയാണു പൂജിക്കുന്നത്.
ഹോൺബിൽ
നൃത്തം (നാഗാലാൻഡ്)
ഡിസംബർ
മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. കൊഹിമയിൽനിന്നു 12 കിലോമീറ്റർ അകലെയുള്ള കിസാമ
ഗ്രാമത്തിലാണ് ഹോൺബിൽ ആഘോഷം നടക്കുന്നത്.
മൊവാട്സു
(നാഗാലാൻഡ്)
എല്ലാ
വർഷവും മെയ് മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. പാടം വിത്തിട്ടതിനുശേഷമാണ് ഈ ആഘോഷം.
പാട്ടും നൃത്തവുമാണ് പ്രധാനം. മൂന്നു ദിവസം നീണ്ടുനിൽക്കും.
തുളുനി
(നാഗാലാൻഡ്)
സുമു
ഗോത്രത്തിലെ വിവിധ വിഭാഗക്കാരുടെ ആഘോഷമാണ് തുളുനി. ജൂലൈ എട്ടിനു പാട്ടും
നൃത്തവുമായി മഴക്കാലത്തെ വരവേൽക്കുന്നു. ലിറ്റ് സാബ എന്ന ദേവതയെ കൃഷി
സംരക്ഷിക്കുന്നതിനായി ആരാധിക്കുന്നു.
അഹോലിങ്
മോൺയു (നാഗാലാൻഡ്)
മോൺ
ജില്ലയിലെ കോൺയാക് ഗോത്രക്കാർ ഏപ്രിൽ ഒന്നുമുതൽ ആറുവരെയുള്ള ദിവസങ്ങളിൽ ഇത്
ആഘോഷിക്കുന്നു. പുതുവത്സരത്തെ വരവേൽക്കുകയാണ്.
ബാന്തി
(പഞ്ചാബ്)
ഒക്ടോബർ
- നവംബറിൽ പഞ്ചാബിൽ നടക്കുന്ന ഉത്സവമാണ് ബാന്തി.
വൈശാഖി
(പഞ്ചാബ്)
പഞ്ചാബിലെ
പ്രമുഖ കൊയ്ത്തുത്സവമാണ് വൈശാഖി. വൈശാഖി ഉത്സവം പഞ്ചാബിലെ പുതുവർഷത്തെയും
കുറിക്കുന്നു.
ലോഹ്‌രി
(പഞ്ചാബ്)
ശൈത്യ
കാലത്തിന്റെ തുടക്കത്തിൽ ഉത്തരേന്ത്യയിൽ നടക്കുന്ന ആഘോഷമാണ് ലോഹ്റി.
നവബത്സര
(പശ്ചിമ ബംഗാൾ)
ബംഗാളി
പുതുവത്സരമാണിത്. വൈശാഖം ഒന്നാണ് നവവത്സരം.
ഛോട്ട്
(ബിഹാർ)
സൂര്യഭഗവാനെ
പൂജിക്കുന്ന ഒരു ആഘോഷമാണിത്. വർഷത്തിൽ രണ്ടു പ്രാവശ്യം ഇത് ആഘോഷിക്കുന്നു. ചൈത്ര
(മാർച്ച്) മാസത്തിലും കാർത്തിക (നവംബർ) മാസത്തിലുമാണ് ആഘോഷിക്കുന്നത്.
ഗാങ്
നാഗൈ ഉത്സവം (മണിപ്പുർ)
അഞ്ചു
ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ഡിസംബർ, ജനുവരി
മാസത്തിലാണ് ഈ ആഘോഷം അരങ്ങേറുന്നത്.
യോഷാങ്
(മണിപ്പുർ)
ഹോളി
കാലഘട്ടത്തിൽ തന്നെയാണിത് ആഘോഷിക്കുന്നത്. താബൽ ചോങ്ബാ എന്നൊരു ഗ്രാമീണ നൃത്തം ഈ
അവസരത്തിൽ അരങ്ങേറുന്നു. ഫാൽഗുന മാസത്തിലെ പൂർണ ചന്ദ്രനെ കാണുന്ന ദിവസമാണിത്.
ചെയ്രാബാ
(മണിപ്പുർ)
മണിപ്പുരി
നവവത്സര ഉത്സവമാണ്. വിവിധ ദൈവങ്ങൾക്കു വിവിധതരം നൈവേദ്യം ഒരുക്കുന്നു. ഗ്രാമവാസികൾ
അടുത്തുള്ള കുന്നിൻമുകളിൽ കയറുന്നു.
ദഗോരിയ
ഹാട്ട് ഉത്സവം (മധ്യപ്രദേശ്)
പ്രണയത്തിന്റെ
ഉത്സവമാണ്. മാർച്ച് മാസത്തിൽ ഹോളിക്കു മുൻപു നടക്കുന്നു. ചെറുപ്പക്കാരായ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തങ്ങളുടെ ഇണകളെ കണ്ടെത്തി അന്ന് ഒളിച്ചോടാം. പരസ്പരം ഇഷ്ടപ്പെട്ടാൽ
ഇഷ്ടപ്പെട്ടയാളുടെ മുഖത്തു ചുവന്ന ചായം പുരട്ടുന്നു.
ഖജുരാഹോ
ഉത്സവം (മധ്യപ്രദേശ്)
ഇതൊരു
നൃത്തോത്സവമാണ്. ഖജുരാഹോവിൽ ഫെബ്രുവരി ആദ്യവാരം നടക്കുന്നു. ക്ലാസിക്കൽ
നൃത്തരൂപങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.
ഗുഡി
പാഡ്വ (മഹാരാഷ്ട്ര)
മഹാരാഷ്ട്രയിലെ
പുതുവത്സരദിനാഘോഷമാണ് ഗുഡി പാഡ്വ.
ആന്തൂറിയം
ഉത്സവം (മിസോറം)
മിസോറമിലെ
പ്രശസ്ത ഉത്സവമാണിത്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ഈ
ഉത്സവം ആന്തൂറിയം പൂക്കുന്ന കാലത്താണു നടത്തുന്നത്. 2006ൽ ആണ് ഈ ഉത്സവം ആരംഭിച്ചത്.
മാർവാർ
ഉത്സവം (രാജസ്ഥാൻ)
രണ്ടു
ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ്. അശ്വിന മാസത്തിൽ ഇത് ആഘോഷിക്കുന്നു.
രാജസ്ഥാനിലെ വീരന്മാരെ ആരാധിക്കാനാണ് ഈ ആഘോഷം.
ലോസുങ്
(സിക്കിം)
കൊയ്ത്തുത്സവമാണ്
ടിബറ്റൻ വർഷത്തിലെ പത്താമത്തെ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. നല്ല വിളവിനായുള്ള
നൃത്തവും പാട്ടും നിർബന്ധമാണ്.
ഫാങ്
ലിഹാബ് സോൾ (സിക്കിം)
കാഞ്ചൻജംഗയ്ക്കു
നന്ദി പറയുന്ന ഉത്സവമാണിത്. സെപ്റ്റംബറിൽ ഇത് ആഘോഷിക്കുന്നു. അവരുടെ സമൃദ്ധിക്കു
നിദാനം ഈ പർവതഭാഗമാണെന്ന് അവർ വിശ്വസിക്കുന്നു.
ബസന്ത്
പഞ്ചമി (ഹരിയാന)
ശിശിരകാലത്തിനുശേഷം
വസന്തകാലത്തെ വരവേൽക്കാനാണ് ബസന്ത് പഞ്ചമി ആഘോഷിക്കുന്നത്.
ലോഹ്‌രി
(ഹിമാചൽ പ്രദേശ്)
ശീതകാല
വിളവെടുപ്പിനുശേഷം നടക്കുന്ന ആഘോഷം. മാഘമാസത്തിന്റെ വരവേൽപുകൂടിയാണ് ഇത്.
പുതുവസ്ത്രമണിഞ്ഞ് തീക്കുണ്ഡത്തിനു ചുറ്റും പാട്ടും നൃത്തവുമാണ് പ്രധാനം. പാട്ടും
നൃത്തവും പൊരി നിവേദിക്കും.
ഹാൽദ
(ഹിമാചൽ പ്രദേശ്)
നവവത്സര
ആഘോഷമാണിത്. ശശികാർ അപ എന്ന സമ്പത്തിന്റെ ദേവതയെ ആരാധിക്കുന്നു. ആഘോഷ ദിവസം
തീരുമാനിക്കുന്നത് ലാമമാരാണ്. സെഡാർ വൃക്ഷത്തിന്റെ കുറച്ചു ചില്ലകളുമായി ഓരോ
വീട്ടുകാരും എത്തുന്നു. ഇവ ഉപയോഗിച്ചുണ്ടാക്കുന്ന തീയുടെ ചുറ്റും പാട്ടു പാടുന്നു.
ഇന്ത്യയിലെ പ്രധാന
മേളകൾ
ബാണേശ്വർ
മേള
ജനുവരിയിൽ
രാജസ്ഥാനിൽ നടക്കുന്ന പ്രസിദ്ധമായ ആദിവാസി മേളയാണ് ബാണേശ്വർ മേള.
ആനമേള
ഹോളിയോടനുബന്ധിച്ച്
എല്ലാ വർഷവും രാജസ്ഥാനിൽ നടക്കുന്ന ഉത്സവമാണ് ആനമേള. പിടിയാനകൾ മാത്രമാണ്
രാജസ്ഥാനിലെ ആനമേളയിൽ ഉണ്ടാവുക.
ഗംഗാസാഗർ
മേള
ഗംഗാനദി
കടലിൽ പതിക്കുന്നിടത്താണ് എല്ലാ വർഷവും ഗംഗാസാഗർ മേള സംഘടിപ്പിക്കുന്നത്.
കൊൽക്കത്തക്കു സമീപമുള്ള സാഗർ ദ്വീപാണ് ഗംഗാസാഗർ മേളയുടെ വേദി.
കുംഭമേള
പന്ത്രണ്ടു
വർഷത്തിലൊരിക്കൽ വിവിധ സ്ഥലങ്ങളിൽ അരങ്ങേറുന്ന മഹാമേളകളാണ് കുംഭമേള. അലഹബാദ്, നാസിക്ക്, ഉജ്ജയിനി, ഹരിദ്വാർ എന്നിവിടങ്ങളിലാണ് കുംഭമേളകൾ
അരങ്ങേറുന്നത്. ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്ന ലോകത്തിലെ മേളയാണ് കുംഭമേള.
ഇപ്പോഴും തുടരുന്ന ലോകത്തിലെ ഏറ്റവും പഴയ മേളയായി കുംഭമേള കരുതപ്പെടുന്നു. ആറുവർഷം
കൂടുമ്പോൾ നടക്കുന്നതാണ് അർധ കുംഭമേള.
ഹോൺബിൽ ഉത്സവം
വടക്കുകിഴക്കൻ
നാഗാലാൻഡിന്റെ തദ്ദേശീയ സംസ്കാരം ആഘോഷിക്കുന്ന ഒരു സാംസ്കാരിക ഉത്സവമാണ് ഹോൺബിൽ ഉത്സവം.
ഡിസംബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. കൊഹിമയിൽനിന്നു 12 കിലോമീറ്റർ അകലെയുള്ള കിസാമ
ഗ്രാമത്തിലാണ് ഹോൺബിൽ ആഘോഷം നടക്കുന്നത്.
പുഷ്ക്കാർ
മേള
രാജസ്ഥാനിൽ
എല്ലാ വർഷവും നടക്കുന്ന പ്രസിദ്ധമായ മേളയാണ് പുഷ്ക്കാർ മേള. ലോകത്തിലെ ഏറ്റവും
വലിയ കന്നുകാലി മേളയാണ് പുഷ്ക്കാറിലേത്.
ഇന്ത്യയിലെ
ലോക പൈതൃക
കേന്ദ്രങ്ങൾ
ചരിത്രപരവും
സാംസ്കാരികവും ശാസ്ത്രീയവും പാരിസ്ഥിതികവുമായി പ്രാധാന്യമർഹിക്കുന്ന
ഇടങ്ങളിൽനിന്ന് മാനദണ്ഡങ്ങൾ അനുസരിച്ച് യുണൈറ്റഡ് നേഷൻസ് എജുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ
(യുനെസ്കോ) തിരഞ്ഞെടുത്ത സ്ഥലങ്ങളാണ് ലോകപൈതൃക കേന്ദ്രങ്ങൾ. നഗരങ്ങളോ ഗ്രാമങ്ങളോ
മറ്റ് മനുഷ്യനിർമിതികളോ ഭൂപ്രകൃതിയോ അങ്ങനെയെന്തുമാകട്ടെ, അവയുടെ ചരിത്രവും കാലികപ്രാധാന്യവും
നിലനിർത്തുക, നാളേക്കായി
സംരക്ഷിച്ചുനിർത്തുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ ഇത്തരം 44 ഇടങ്ങളാണുള്ളത്. ഇതിൽ 36 കേന്ദ്രങ്ങൾ സാംസ്‌കാരിക
പ്രാധാന്യമുള്ളതും 7 കേന്ദ്രങ്ങൾ പരിസ്ഥിതി
പ്രാധാന്യമുള്ളതുമാണ്. ഒരെണ്ണം സാംസ്‌കാരിക പ്രാധാന്യവും പരിസ്ഥിതി
പ്രാധാന്യമുള്ളതാണ്. മാനസ് വന്യജീവി സങ്കേതം, കേവൽദേവ് ദേശീയോദ്യാനം, കിയലാഡിയോ ദേശീയോദ്യാനം, സുന്ദർബൻസ്, നന്ദാദേവി & വാലി ഓഫ് ഫ്ലവേഴ്‌സ് ദേശീയോദ്യാനം, പശ്ചിമഘട്ടം, ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് എന്നിവ
പരിസ്ഥിതി പ്രാധാന്യമുള്ള കേന്ദ്രങ്ങളാണ്. പരിസ്ഥിതി പ്രാധാന്യവും സാംസ്‌കാരിക
പ്രാധാന്യവും ഉള്ളവയുമായ ഒരേയൊരു കേന്ദ്രം കാഞ്ചൻജംഗയാണ്. മറ്റുള്ളവ സാംസ്‌കാരിക
പ്രാധാന്യമുള്ള കേന്ദ്രങ്ങളാണ്.
കേരളത്തിൽനിന്ന്
പട്ടികയിൽ ഇടംപിടിച്ചത് പശ്ചിമഘട്ടമാണ്. മഹാരാഷ്ട്രയിലെ അജന്ത-എല്ലോറ ഗുഹകൾ, ആഗ്ര കോട്ട, താജ്‌മഹൽ എന്നിവിടങ്ങളാണ് ഇത്തരത്തിൽ
ഇന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സ്ഥലങ്ങൾ. 1983-ലായിരുന്നു ഇത്. ഉദാത്തമായ
പ്രാപഞ്ചികമൂല്യമുള്ളതും യുനെസ്‌കോ നിർദേശിക്കുന്ന പത്ത് മാനദണ്ഡങ്ങളിൽ
ഏതിലെങ്കിലും ഉൾപ്പെടുന്നതുമായ സ്ഥലങ്ങളാണ് ലോകപൈതൃകപട്ടികയിൽ ഇടംനേടുക. വേൾഡ്
ഹെറിറ്റേജ് കൺവെൻഷന്റെ നിർദേശങ്ങൾ നടപ്പിൽ വരുത്തുന്നതിനായി നിയുക്തമായിട്ടുള്ള
പ്രധാന സമിതിയാണ് വേൾഡ് ഹെറിറ്റേജ് കമ്മിറ്റി. ലോകപൈതൃകപട്ടികയിൽ സ്ഥലങ്ങളെ
അടയാളപ്പെടുത്തുന്നതിനായി കൃത്യമായ മാനദണ്ഡങ്ങൾ വികസിപ്പിച്ചിട്ടുള്ളതും വേൾഡ്
ഹെറിറ്റേജ് ഫണ്ടിന്റെ കീഴിൽ അന്താരാഷ്ട്രത്തലത്തിലുള്ള മേൽനോട്ടത്തിനായി
വ്യവസ്ഥകളുണ്ടാക്കിയിട്ടുള്ളതും ഈ കമ്മിറ്റിയാണ്. ഈ നിർദേശങ്ങൾ ഉൾപ്പെടുന്ന രേഖ
ലോകപൈതൃക ഉടമ്പടിയുടെ നടത്തിപ്പിനുള്ള മാർഗരേഖ എന്നറിയപ്പെടുന്നു.
മാനദണ്ഡങ്ങൾ
ഒരു
സ്ഥലത്തെ ലോകപൈതൃകകേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് യുനെസ്‌കോ കണക്കിലെടുക്കുന്ന
മാനദണ്ഡങ്ങൾ ഇവയൊക്കെയാണ്.
1.
മനുഷ്യന്റെ
ഉത്കൃഷ്ടമായ സർഗാത്മക പ്രതിഭയുടെ മകുടോദാഹരണമായിരിക്കണം.
2.
ഭൂഭാഗങ്ങളെ ക്രമീകരിച്ചെടുക്കുക, നഗരാസൂത്രണം, ശാശ്വതമായ കലാവിഷ്കാരങ്ങൾ, സാങ്കേതികത, വാസ്തുവിദ്യ എന്നിവയുടെ
വികസനത്തിലൂന്നി ഒരു കാലഘട്ടത്തിൽ അല്ലെങ്കിൽ ലോകത്തിലെ ഒരു പ്രത്യേക
സാംസ്കാരികമേഖലയിൽ സംഭവിച്ചിട്ടുള്ള മാനവികമൂല്യങ്ങളുടെ അതിപ്രധാനമായ കൈമാറ്റത്തെ
പ്രതിനിധാനം ചെയ്യുന്നതായിരിക്കണം.
3.
ഇന്ന്
നിലനിൽക്കുന്നതോ മൺമറഞ്ഞതോ ആയ ഒരു സാംസ്കാരിക പാരമ്പര്യത്തിന്റെയോ ഒരു മാനവിക സംസ്കാരത്തിന്റെയോ
അനന്യമായ അല്ലെങ്കിൽ വേറിട്ടുനിൽക്കുന്നതെങ്കിലുമായ അടയാളമായിരിക്കണം.
4.
മനുഷ്യചരിത്രത്തിലെ
പ്രധാനപ്പെട്ട ഘട്ടങ്ങളെ വരച്ചുകാട്ടുന്ന ഒരു ഭൂപ്രകൃതിയുടെയോ വാസ്തുവിദ്യയുടെ
അല്ലെങ്കിൽ സാങ്കേതിക സമഗ്രതയുടെയോ പ്രത്യേകതയുള്ള കെട്ടിടങ്ങളുടെയോ
വേറിട്ടുനിൽക്കുന്ന ഉദാഹരണമായിരിക്കണം.
5.
പരമ്പരാഗതമായ
മനുഷ്യാധിവാസം,
ഒരു
സംസ്കാരത്തെയോ ഒന്നിലധികം സംസ്കാരങ്ങളെയോ പ്രതിനിധാനംചെയ്യുന്ന ഭൂവിനിയോഗം, സമുദ്രവിനിയോഗം, നിയതമായ ഒരു മാറ്റത്തിന്റെ ഫലമായി
നിലനില്പിനായി മനുഷ്യർ പ്രകൃതിയുമായി നടത്തിയ ഇടപെടലുകൾ എന്നിവയുടെ വ്യത്യസ്തമായ
ഉദാഹരണമായിരിക്കണം.
6.
സാർവത്രികമായി
പ്രാധാന്യമുള്ള കലാസാഹിത്യ രചനകൾകൊണ്ടോ വിശ്വാസങ്ങൾകൊണ്ടോ ആശയങ്ങൾകൊണ്ടോ ഇന്നും
നിലനിൽക്കുന്ന ആചാരങ്ങളുമായോ സംഭവങ്ങളുമായോ നേരിട്ടോ അല്ലാതെയോ
ബന്ധപ്പെട്ടതായിരിക്കണം.
7.
അനിർവചനീയമായ
പ്രകൃതിഭംഗി ഉൾക്കൊള്ളുന്നതോ വിസ്മയകരമായ പ്രകൃതി പ്രതിഭാസങ്ങൾ അരങ്ങേറുന്നതോ ആയ
ഇടങ്ങൾ.
8.
ജീവനെ
സാക്ഷ്യപ്പെടുത്തുന്ന,
ഭൂഭാഗങ്ങളുടെ
രൂപവത്കരണത്തിൽ ഭൗമശാസ്ത്രപരമായി പരിണാമപ്രക്രിയകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന, ഭൂമിയുടെ ഉപരിതലരൂപവത്‌കരണസംബന്ധമായതും
ഭൂപ്രകൃതി ശാസ്ത്രപരമായതുമായ സവിശേഷതകൾ ഉൾക്കൊള്ളുകയും ചെയ്യുന്ന ഭൂമിയുടെ
ചരിത്രത്തിലെ മഹത്തായ ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം.
9.
കര, ശുദ്ധജലം, തീരം, സമുദ്രം എന്നിവിടങ്ങളിലെ ആവാസവ്യവസ്ഥയുടെയും
വിവിധ സസ്യജന്തുജാലങ്ങളുടെ വർഗങ്ങളുടെയും രൂപവത്കരണത്തിനും വികസനത്തിനും
കാരണമാകുന്ന പാരിസ്ഥിതികവും ജൈവികവുമായ പ്രക്രിയകളെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം.
10.
ശാസ്ത്രത്തിന്റെയും
പരിപാലനപ്രാധാന്യത്തിന്റെയും കാഴ്ചപ്പാടിൽനിന്ന് നോക്കുമ്പോൾ സാർവത്രികമൂല്യമുള്ള, വംശനാശഭീഷണി നേരിടുന്ന സ്പീഷിസുകൾ
അടക്കമുള്ള ജൈവവൈവിധ്യത്തെ നിലവിലെ അവസ്ഥയിൽ സംരക്ഷിക്കുന്ന അതിപ്രധാനമായ
സ്വാഭാവിക പ്രകൃതിയിലെ ആവാസസ്ഥലം.
ഇന്ത്യയിലെ
ലോകപൈതൃകകേന്ദ്രങ്ങൾ
1.
അജന്ത, മഹാരാഷ്ട്ര (1983)
200 ബി.സി.ക്കും 650 എ.ഡി.ക്കും ഇടയിൽ
നിർമിക്കപ്പെട്ടിട്ടുള്ള അജന്താഗുഹകൾ ബുദ്ധസന്ന്യാസിമാരുടെ പ്രധാന
കേന്ദ്രമായിരുന്നു. പാറതുരന്ന് നിർമിച്ച പുരാതനബുദ്ധവിഹാരങ്ങളും ചൈത്യ എന്നറിയപ്പെടുന്ന
ആരാധനാഹാളും കൊത്തുപണികളുമൊക്കെ ഇവിടെ കാണാം. 1819-ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന
ക്യാപ്റ്റൻ ജോൺ സ്മിത്ത് ആകസ്മികമായി ഇവിടെ എത്തിപ്പെട്ടതോടെയാണ് നൂറ്റാണ്ടുകളോളം
കാടുമൂടിക്കിടന്ന അജന്താ ഗുഹകൾ വീണ്ടും ജനശ്രദ്ധയിലെത്തുന്നത്. മഹാരാഷ്ട്രയിലെ
ഔറംഗാബാദ് ജില്ലയിലാണ് അജന്ത സ്ഥിതിചെയ്യുന്നത്.
2.
എല്ലോറ, മഹാരാഷ്ട്ര (1983)
ഔറംഗാബാദിൽനിന്ന്
അധികം അകലെയല്ലാതെ രണ്ടുകിലോമീറ്ററിലേറെ ദൂരത്തിൽ പരന്നുകിടക്കുന്ന 34 സന്ന്യാസാശ്രമങ്ങളുടെയും
ക്ഷേത്രങ്ങളുടെയും സമന്വയമാണ് എല്ലോറ. ചെങ്കുത്തായ ബസാൾട്ട് കുന്നിന്റെ
വശങ്ങളിൽനിന്ന് തുരന്നെടുത്ത് നിർമിച്ചതാണ് ഇവയൊക്കെ എന്നതാണ് ഏറെ അദ്ഭുതകരമായ
വസ്തുത. പുരാതന ഇന്ത്യയുടെ ചരിത്രത്തിലേക്കും സംസ്ക്കാരത്തിലേക്കും വെളിച്ചം
വീശുന്ന, ശിലയിൽ കൊത്തിയെടുത്ത ഈ
വാസ്തുവിദ്യാവിസ്മയം ബുദ്ധിസത്തിന്റെയും ജൈനിസത്തിന്റെയും ബ്രാഹ്മണിസത്തിന്റെയും
സ്വാധീനം പ്രതിഫലിപ്പിക്കുന്നു.
3.
ആഗ്ര
കോട്ട,
ഉത്തർപ്രദേശ് (1983)
പതിനാറാം
നൂറ്റാണ്ടിൽ നിർമിച്ച ഈ മുഗൾ കോട്ട ആഗ്രയുടെ ചെങ്കോട്ട എന്നറിയപ്പെടുന്നു. താജ്‌മഹലിലെ
ഉദ്യാനങ്ങൾക്കു സമീപമാണിത് നിലകൊള്ളുന്നത്. ജഹാംഗീർ പാലസ്, ഖാസ് മഹൽ, ദിവാൻ ഇ ഖാസ് പോലുള്ള സദസ്സുകൾ, രണ്ട് മനോഹരമായ പള്ളികൾ എന്നിവയൊക്കെ
കോട്ടയ്ക്കുള്ളിൽ കാണാം.
4.
താജ് മഹൽ, ഉത്തർപ്രദേശ് (1983)
ലോകപ്രശസ്തമായ
പ്രണയകുടീരം. ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയപത്നി മുംതാസിനായി പണിത സ്മാരകമാണിത്. 1613 മുതൽ 1648 വരെയുള്ള കാലയളവിലാണ് യമുനാതീരത്ത്
വെണ്ണക്കല്ലിൽ താജ് മഹൽ പണിതീർത്തത്. ഇന്തോ-ഇസ്‌ലാമിക് വാസ്തുവൈദഗ്‌ധ്യത്തിന്റെ
മകുടോദാഹരണമായാണ് താജ് മഹൽ കണക്കാക്കപ്പെടുന്നത്. ഉസ്താദ് അഹ്‌മദ് ലഹോരിയായിരുന്നു
താജ്‌മഹലിന്റെ പ്രധാന ആർക്കിടെക്ട്.
5.
സൂര്യക്ഷേത്രം, ഒഡിഷ (1984)
കൊണാർക്കിൽ
ബംഗാൾ ഉൾക്കടലിന്റെ തീരത്തോടുചേർന്ന് സ്ഥിതിചെയ്യുന്ന മനോഹരക്ഷേത്രം. പതിമൂന്നാം
നൂറ്റാണ്ടിൽ കിഴക്കൻ ഗംഗാ രാജവംശത്തിലെ നരസിംഹദേവ ഒന്നാമൻ നിർമിച്ചതെന്നു കരുതപ്പെടുന്ന
സൂര്യക്ഷേത്രം കലിംഗൻ ക്ഷേത്രവാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ്. കല്ലിൽ
കൊത്തിയെടുത്ത രഥത്തിന്റെ മാതൃകയിലാണ് ക്ഷേത്രനിർമാണം. ക്ഷയിച്ച അവസ്ഥയിലായ
ക്ഷേത്രസമുച്ചയത്തെ താങ്ങിനിർത്തുന്നതിനുള്ള പരിശ്രമങ്ങൾ നടന്നുവരുന്നു.
6.
മഹാബലിപുരം, തമിഴ്‌നാട് (1984)
ഇന്ത്യൻ
ഉപഭൂഖണ്ഡത്തിന്റെ കിഴക്കേ തീരമായ കോറമാൻഡൽ തീരത്ത് ഏഴ്, എട്ട് നൂറ്റാണ്ടുകളിൽ പല്ലവരാജവംശം
നിർമിച്ച ശിലാശില്പങ്ങളാണ് മഹാബലിപുരത്തിന്റെ പ്രത്യേകത. അതിപുരാതനമായ ഒരു
തുറമുഖനഗരം കൂടിയാണിവിടം. ഗുഹാക്ഷേത്രങ്ങളും ഒറ്റക്കൽ മണ്ഡപങ്ങളും ക്ഷേത്രങ്ങളും
മഹാബലിപുരത്ത് തലയുയർത്തിനിൽക്കുന്നു. തിരുക്കടൽ മല്ലൈ എന്ന വിഷ്ണുക്ഷേത്രം, ശിലാശില്പങ്ങളായ 'ഗംഗയുടെ പതനം', അർജുനന്റെ തപസ്സ്, വരാഹഗുഹാക്ഷേത്രം, പഞ്ചരഥങ്ങൾ തുടങ്ങിയവയാണ് ഏറ്റവും
പ്രശസ്തം.
7.
കാസിരംഗ
ദേശീയോദ്യാനം,
അസം (1985)
അസമിന്റെ
ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വനവിസ്മയം ലോകത്തിൽ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ
ഏറ്റവും അധികം കാണപ്പെടുന്ന ഇടമാണ്. കൂടാതെ കടുവ, പുള്ളിപ്പുലി, കരടി, ഹൂലോക്ക് ഗിബ്ബൺ, സംഭാർ തുടങ്ങിയ അനവധി
വന്യമൃഗങ്ങളുടെയും അപൂർവ പക്ഷിവർഗങ്ങളുടെയും ആവാസസ്ഥാനമാണ് കാസിരംഗ.
ബ്രഹ്മപുത്രാനദിക്കരയിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.
8.
കിയലാഡിയോ
ദേശീയോദ്യാനം,
രാജസ്ഥാൻ (1985)
മഹാരാജാക്കന്മാർ
താറാവുവേട്ടയ്ക്കിറങ്ങിയിരുന്നത് ദേശാടനക്കിളികളുടെ പറുദീസയായ ഈ വനഭൂമിയിലാണ്.
സൈബീരിയൻ കൊക്കുകളുൾപ്പെടെ 364 സ്പീഷിസുകളിൽപ്പെട്ട
പക്ഷികളാണ് ഇവിടെ ദേശാടനത്തിനെത്തുന്നത്. 2873 ഹെക്ടർ സ്ഥലത്ത് പരന്നുകിടക്കുന്ന, പുൽമേടുകളും മരക്കൂട്ടങ്ങളും
ചതുപ്പുനിലങ്ങളും അടങ്ങുന്ന വൈവിധ്യമാർന്ന ഭൂപ്രകൃതിയാണിത്.
9.
മാനസ്
വന്യജീവിസങ്കേതം,
അസം (1985)
ഹിമാലയത്തിന്റെ
താഴ്‌വാരത്തിലെ ചെറുചെരിവുകളിൽ വ്യാപിച്ചുകിടക്കുന്ന വന്യജീവിസങ്കേതം. അസം റൂഫ്‌ഡ്
ആമ, ഹിസ്പിഡ് ഹെയർ, ഗോൾഡൻ ലങ്കൂർ, പിഗ്മി ഹോഗ് തുടങ്ങി അപൂർവജീവികളുടെ
സാന്നിധ്യമുണ്ടിവിടെ. 39,100 ഹെക്ടറിലുള്ള ഈ വനഭൂമി മാനസ്
നദിക്കരയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. വടക്ക് ഭൂട്ടാന്റെ അധീനതയിലുള്ള
വനപ്രദേശവുമായി അതിർത്തി പങ്കിടുന്നു.
10.
ഗോവൻ
പള്ളികളും കോൺവെന്റുകളും,
ഗോവ (1986)
പോർച്ചുഗീസ്
ഇന്ത്യയുടെ തലസ്ഥാനമായിരുന്ന ഗോവയിലെ പുരാതന പള്ളികളും കോൺവെന്റുകളും ഏഷ്യയിലെ
സുവിശേഷപ്രവർത്തങ്ങളെ വരച്ചുകാട്ടുന്നവയാണ്. ബോം ജീസസ് ബസിലിക്ക, സെന്റ് ഫ്രാൻസിസിന്റെ ശവകുടീരം. സെന്റ്
കാതറീൻ ചാപ്പൽ,
ചർച്ച് ഓഫ് അവർ
ലേഡി ഓഫ് റോസറി തുടങ്ങിയവ മാനുവെലൈൻ, മാന്നെറിസ്റ്റ്, ബറോക്ക് ശൈലികളിലുള്ള കലയുടെയും
വാസ്തുവിദ്യയുടെയും ഉത്തമോദാഹരണങ്ങളായ നിർമിതികളാണ്.
11.
ഖജൂരാഹോ, മധ്യപ്രദേശ് (1986)
ചന്ദേലാ
രാജവംശത്തിന്റെ ഭരണകാലത്ത് നിർമിച്ച ക്ഷേത്രങ്ങളാണ് ഖജൂരാഹോയിലേത്. ഹിന്ദുമതവും ജൈനമതവുമായി
ബന്ധപ്പെട്ട ഇരുപതോളം ക്ഷേത്രങ്ങളുടെ ശേഷിപ്പുകളാണ് ഇവിടെയുള്ളത്. ഭാരതീയ
ശില്പകലയുടെ മകുടോദാഹരണങ്ങളാണ് ഖജുരാഹോയിലെ ശില്പങ്ങൾ.
12.
ഹംപി, കർണാടക (1986)
വിജയനഗരസാമ്രാജ്യത്തിന്റെ
അവസാനത്തെ തലസ്ഥാനമായിരുന്ന ഹംപിയിലെ നിർമിതികൾ ദ്രവീഡിയൻ വാസ്തുശില്പകലയുടെ
സമാനതകളില്ലാത്ത ഉദാഹരണമാണ്. എ.ഡി. 14
മുതൽ പതിനാറാം നൂറ്റാണ്ടുവരെയാണ് വിജയനഗരസാമ്രാജ്യത്തിന്റെ ഭരണകാലം. കർണാടകയിലെ
ബല്ലാരി ജില്ലയിൽ തുംഗഭദ്രാനദിക്കരയിലാണ് ഹംപി സ്ഥിതിചെയ്യുന്നത്. കോട്ടകൾ, ക്ഷേത്രങ്ങൾ, ഉദ്യാനങ്ങൾ, മണ്ഡപങ്ങൾ, കവാടങ്ങൾ, വിഗ്രഹങ്ങൾ തുടങ്ങി 1600-ലേറെ പുരാവസ്തുശേഷിപ്പുകൾ ഹംപിയിൽ
കാണാം. ദ്രാവിഡവാസ്തുവിദ്യയുടെ സുവർണകാലമായിരുന്നു വിജയനഗരസാമ്രാജ്യത്തിന്റേത്.
മികച്ച വാണിജ്യകേന്ദ്രമെന്നനിലയിലും അഭിവൃദ്ധി പ്രാപിച്ചിരുന്ന ഇവിടത്തെ ക്യൂൻസ്
ബാത്തും ആനക്കൊട്ടിലുകളുമൊക്കെ ഇന്തോ-ഇസ്‌ലാമിക് വാസ്തുവിദ്യ തുളുമ്പുന്ന
മനോഹരനിർമിതികളാണ്.
13.
ഫത്തേപുർ
സിക്രി,
ഉത്തർപ്രദേശ് (1986)
പതിനാറാം
നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അക്‌ബർ ചക്രവർത്തിയാണ് ഫത്തേപൂർ സിക്രി
പണിതീർത്തത്. വിജയത്തിന്റെ നഗരം എന്നാണ് ഫത്തേപൂർ സിക്രി എന്ന പേരിന്റെ അർഥം.
പത്തുവർഷത്തോളം മുഗൾ ചക്രവർത്തിയുടെ തലസ്ഥാനമായിരുന്നു ഇവിടം. ഒരേ
വാസ്തുവിദ്യാരീതിയിൽ നിർമിച്ച ഈ നഗരത്തിൽ നിരവധി ക്ഷേത്രങ്ങളും സ്മാരകങ്ങളും
കാണാം. ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളികളിലൊന്നായ ജമാ മസ്‌ജിദ് ഇവിടെയാണ്
സ്ഥിതിചെയ്യുന്നത്.
14.
എലിഫെന്റാ
കേവ്സ്,
മഹാരാഷ്ട്ര (1987)
ഇന്ത്യയുടെ
പടിഞ്ഞാറൻ തീരത്ത് മുംബൈ നഗരത്തോടുചേർന്ന് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപാണ്
എലിഫെന്റാ. ഘാരാപുരി എന്നാണ് ഇതിന്റെ പ്രാദേശികനാമം. ബി.സി. രണ്ടാം
നൂറ്റാണ്ടുമുതലുള്ള പുരാവസ്തുശേഷിപ്പുകൾ ദ്വീപിൽ കാണാം. പാറയിൽ കൊത്തിയെടുത്ത
എലിഫെന്റാ ഗുഹകൾ എ.ഡി.അഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലും ആറാം നൂറ്റാണ്ടിലുമായാണ്
നിർമിച്ചതെന്നു കരുതപ്പെടുന്നു. ഗ്രേറ്റ് കേവ് എന്നറിയപ്പെടുന്ന പ്രധാന ഗുഹയ്ക്ക് 39 മീറ്റർ നീളമുണ്ട്.
15.
ഗ്രേറ്റ്
ലിവിങ് ചോള ക്ഷേത്രങ്ങൾ,
തമിഴ്‌നാട് (1987)
സി.ഇ.
ഒമ്പതാം നൂറ്റാണ്ടുമുതൽ തഞ്ചാവൂരിലും പരിസരപ്രദേശങ്ങളിലും ആധിപത്യമുറപ്പിച്ച
ചോളരാജാക്കന്മാർ തെന്നിന്ത്യയിലും സമീപദ്വീപുകളിലുമായി പണിതീർത്ത ക്ഷേത്രങ്ങളാണിവ.
പതിനൊന്നാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലും നിർമിച്ച മൂന്ന്
മഹാക്ഷേത്രങ്ങളാണ് ഇവയിലുൾപ്പെടുന്നത്. തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം, ഗംഗൈകൊണ്ടചോളപുരത്തെ ബൃഹദീശ്വരക്ഷേത്രം, ദാരാസുരത്തെ ഐരാവതേശ്വരക്ഷേത്രം
എന്നിവയാണവ.
16.
പട്ടടക്കൽ, കർണാടക (1987)
ഏഴ്-എട്ട്
നൂറ്റാണ്ടുകളിൽ ചാലൂക്യ രാജവംശം നിർമിച്ച ഹിന്ദു, ജൈനക്ഷേത്രങ്ങളുടെ സമന്വയമാണ്
പട്ടടക്കൽ കാണാനാവുക. വടക്കേഇന്ത്യയുടെയും തെന്നിന്ത്യയുടെയും
കലാപാരമ്പര്യത്തിന്റെ സമ്മേളനംകൂടിയാണ് ഈ നിർമിതികൾ. കർണാടകയിലെ ബാഗൽകോട്ട്
ജില്ലയിലാണ് ഈ പുരാതനഗ്രാമം സ്ഥിതിചെയ്യുന്നത്. മറ്റൊരു ചരിത്രനഗരമായ ഐഹോളെയിൽ
നിന്നും പത്ത് കി.മീ.ദൂരത്തിലാണ് ഇവിടം. ചാലൂക്യ രാജാക്കന്മാരുടെ
തലസ്ഥാനനഗരിയായിരുന്നു പട്ടടക്കൽ. രാജാക്കന്മാരുടെ യുദ്ധവിജയത്തിന്റെ
സ്മരണയ്ക്കായാണ് ഇവിടെ ക്ഷേത്രങ്ങൾ നിർമിച്ചത്. പട്ടടക്കലിലെ ഏറ്റവും പ്രസിദ്ധമായ
വിരൂപാക്ഷ ക്ഷേത്രമാണ് ഇന്നവിടെ പൂജനടക്കുന്ന ഏക ക്ഷേത്രം. ചാലൂക്യ രാജാവായിരുന്ന
വിക്രമാദിത്യൻ പല്ലവരാജാക്കന്മാരുടെ മേൽ നേടിയ യുദ്ധവിജയത്തിന്റെ സ്മരണയ്ക്കായി
രാജ്ഞി ലോകമഹാദേവിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.
17.
സുന്ദർബൻസ്, പശ്ചിമ ബംഗാൾ (1987)
പതിനായിരം
ചതുരശ്ര കിലോമീറ്ററിൽ കരയിലും ജലത്തിലുമായി പരന്നുകിടക്കുന്ന സുന്ദർബൻസിന്റെ പകുതിയിലേറെ
ഇന്ത്യയിലും ബാക്കി ഭാഗം ബംഗ്ലാദേശിലുമായാണ് നിലകൊള്ളുന്നത്. ലോകത്തിലെ ഏറ്റവും വലിയ
കണ്ടൽക്കാടുള്ളതും ഇവിടെത്തന്നെ. ബംഗാൾ കടുവകളുടെ ആവാസകേന്ദ്രമാണിവിടം.
അപൂർവങ്ങളായ ജലജീവികളും പക്ഷികളും ഉരഗങ്ങളുമൊക്കെ ഈ ദേശീയോദ്യാനത്തിലുണ്ട്.
18.
നന്ദാദേവി
& വാലി ഓഫ് ഫ്ലവേഴ്‌സ്
ദേശീയോദ്യാനം,
ഉത്തരാഖണ്ഡ് (1988)
പടിഞ്ഞാറൻ
ഹിമാലയത്തിലാണ് പ്രശസ്തമായ വാലി ഓഫ് ഫ്ലവേഴ്‌സ് ദേശീയോദ്യാനം. പർവതപ്രദേശങ്ങളിൽ
മാത്രം കാണപ്പെടുന്ന പൂക്കളും സ്വച്ഛമായ പുൽത്തകിടികളും ചേർന്ന അവർണനീയമായ
പ്രകൃതിഭംഗിയാണ് 'പൂക്കളുടെ താഴ്വര'യുടെ പ്രത്യേകത. ഏഷ്യാറ്റിക് ബ്ലാക്ക്
കരടി, മഞ്ഞുപുലി, ഭരൽ എന്നയിനം ആടുകൾ തുടങ്ങി
വംശനാശഭീഷണിനേരിടുന്ന അനവധി മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രം
കൂടിയാണിവിടം. ഗ്രേറ്റ് ഹിമാലയം,
സൻസ്കാർ എന്നീ
പ്രദേശങ്ങൾക്കിടയിൽ നന്ദാദേവി ദേശീയോദ്യാനവും വാലി ഓഫ് ഫ്ലവേഴ്‌സും ചേരുന്ന
ഭൂപ്രദേശം പർവതാരോഹകരുടെയും സസ്യശാസ്ത്രജ്ഞരുടെയും ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനമാണ്.
19.
സാഞ്ചി, മധ്യപ്രദേശ് (1989)
ബി.സി.
മൂന്നാംനൂറ്റാണ്ടു മുതൽ എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടുവരെയുള്ള നീണ്ട ചരിത്രമാണ്
സാഞ്ചിയുടേത്. ലോകത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് ഇവിടുത്തേത്.
ഭോപ്പാലിൽനിന്ന് 40 കി.മീ.ദൂരെയാണ് ഇവിടം.
സാഞ്ചിയിലെ ബുദ്ധസ്തൂപം ലോകപ്രശസ്തമാണ്. കൊട്ടാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും
ബുദ്ധവിഹാരങ്ങളുടെയും അവശിഷ്ടങ്ങളും ഒറ്റക്കൽത്തൂണുകളുമൊക്കെ ഇവിടെക്കാണാം.
20.
ഹുമയൂണിന്റെ
ശവകുടീരം,
ഡൽഹി (1993)
ഇന്ത്യൻ
ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ഉദ്യാന ശവകുടീരമാണ് മുഗൾ ചക്രവർത്തിയായിരുന്ന
ഹുമയൂണിന്റേത്. താജ്‌മഹൽ ഉൾപ്പെടെയുള്ള മുഗൾ നിർമിതികളുടെ നിർമാണത്തിൽ ഈ ശവകുടീരം
മാതൃകയായിട്ടുണ്ട്. 1570-ലാണ് ഇത് പണികഴിപ്പിച്ചത്.
21.
കുത്തബ്
മിനാർ,
ഡൽഹി (1993)
ഡൽഹിയിൽനിന്നും
ഏതാനും കിലോമീറ്റർ തെക്കുമാറി സ്ഥിതിചെയ്യുന്ന കുത്തബ് മിനാർ പതിമൂന്നാം
നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നിർമിച്ചിട്ടുള്ളത്. ചുവന്ന മണൽക്കല്ലിൽ നിർമിച്ച ഈ
ഗോപുരത്തിന് 72.5 മീ. ഉയരമുണ്ട്. അടിഭാഗത്തിന് 14.32 മീറ്ററാണ് വ്യാസം. ഏറ്റവും മുകളിൽ 2.75 മീറ്ററും. ഇതിനുചുറ്റുമായി
പുരാവസ്തുപ്രാധാന്യമുള്ള ശവകുടിരങ്ങളും ഇന്തോ-മുസ്‌ലിം കലയുടെ ഉദാത്തരൂപമായ ആലയ്
ദർവാസ ഗേറ്റും (1311)
രണ്ട് പള്ളികളും
കാണാം.
22.
ഡാർജിലിങ്, കൽക്ക-ഷിംല, നീലഗിരി എന്നിവിടങ്ങളിലെ
മൗണ്ടൻ റെയിൽവേ
(1999)
1881-ൽ ആണ് ഡാർജിലിങ് ഹിമാലയൻ
റെയിൽവേ പ്രവർത്തനം ആരംഭിച്ചത്. ഹിമാലൻപർവതനിരകളുടെ അതുല്യഭംഗിയിൽ മലനിരകളെ
ബന്ധിപ്പിച്ചുകൊണ്ടാണിതിന്റെ നിർമാണം. തമിഴ്‌നാട്ടിലാണ് നീലഗിരി മൗണ്ടൻ റെയിൽവേ
സ്ഥിതിചെയ്യുന്നത്. 46 കി.മീ. ദൂരത്തിലുള്ള മീറ്റർ
-ഗേജ് സിംഗിൾ ട്രാക്ക് റെയിൽ പാതയുടെ ആശയം 1854ൽ ത്തന്നെ ഉയർന്നുവന്നിരുന്നു.
എങ്കിലും നിർമാണത്തിനുള്ള പ്രതിസന്ധികൾ മൂലം 1891-ലാണ് ഇതിന്റെ പണിതുടങ്ങിയത്. 1908-ൽ പൂർത്തിയായ റെയിൽപ്പാത
സമുദ്രനിരപ്പിൽനിന്ന് 326 മീറ്റർ മുതൽ 2023 മീറ്റർവരെ ഉയരത്തിലൂടെ
കടന്നുപോകുന്നു. 96 കി.മീ.ദൂരത്തിലാണ് കൽക്ക-ഷിംല
റെയിൽപ്പാത കടന്നുപോകുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഈ സിംഗിൾ
-ട്രാക്ക് തീവണ്ടിപ്പാതയുടെ നിർമാണം. ഈ മൂന്ന് റെയിൽവേകളും ഇന്നും
പ്രവർത്തനക്ഷമമാണ്.
23.
മഹാബോധി
ക്ഷേത്രം,
ബിഹാർ (2002)
ശ്രീബുദ്ധന്റെ
ജീവിതവുമായി ബന്ധപ്പെട്ട നാല് വിശുദ്ധഭൂമികളിൽ ഒന്നാണ് ബുദ്ധഗയയിലെ മഹാബോധിക്ഷേത്രസമുച്ചയം.
ബിഹാറിന്റെ തലസ്ഥാനമായ പട്‌നയിൽനിന്ന് 115
കി.മീ.ദൂരമുണ്ട് ഇവിടേയ്ക്ക്,
ഗയയിൽനിന്ന് 16 കിലോമീറ്ററും. ബി.സി.മൂന്നാം
നൂറ്റാണ്ടിൽ മഹാനായ അശോകചക്രവർത്തിയാണ് മഹാബോധി ക്ഷേത്രസമുച്ചയം നിർമിച്ചത്. എ.ഡി.
അഞ്ച്- ആറ് നൂറ്റാണ്ടുകളിലാണ് മറ്റ് ക്ഷേത്രങ്ങളുടെ നിർമാണം. പൂർണമായും ഇഷ്ടികയിൽ
നിർമിച്ച, ഗുപ്തസാമ്രാജ്യത്തിന്റെ
ഒടുക്കം മുതൽ ഇന്നും നിലനിൽക്കുന്ന ഏറ്റവും പുരാതനമായ ബുദ്ധമത ക്ഷേത്രങ്ങളിൽ
ഒന്നാണ് മഹാബോധിക്ഷേത്രം. പിന്നീട് നൂറ്റാണ്ടുകളോളം നിലനിന്ന, ഇഷ്ടികയിലുള്ള വാസ്തുനിർമാണശൈലിയിൽ
വലിയ സ്വാധീനംചെലുത്താൻ ഈ ക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്ന്
വിലയിരുത്തപ്പെടുന്നു.
24.
ഭീംബെട്‌ക, മധ്യപ്രദേശ് (2003)
മധ്യ
ഇന്ത്യൻ പീഠഭൂമിയുടെ തെക്കേ അറ്റത്തായി വിന്ധ്യപർവതത്തിന്റെ താഴ്‌വരയിലാണ് ഭീംബെട്‌ക
ശിലാഗൃഹങ്ങൾ ഉള്ളത്. ഒൻപതിനായിരത്തിൽ അധികം വർഷങ്ങൾ പഴക്കമുള്ള ഗുഹാചിത്രങ്ങളാണ്
ഇവിടുത്തെ പ്രത്യേകത. ആദിമ മനുഷ്യർ പല പരിണാമഘട്ടങ്ങളിലായി വരച്ച ചിത്രങ്ങളാണിവ.
ആമയുടെ രൂപത്തിലും മനുഷ്യമുഖത്തിന്റെ ആകൃതിയിലുമൊക്കെയുള്ള പാറകൾ ഇവിടെക്കാണാം.
ഭോപ്പാലിൽനിന്ന്
45 കി.മീ.
ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഇവിടം വർഷങ്ങൾക്ക് മുൻപുവരെ കൊടുംകാടിനുള്ളിൽ മറഞ്ഞ അവസ്ഥയിലായിരുന്നു.
ഇന്ന് ഏകദേശം പത്ത് കി.മീ ചുറ്റളവിലുള്ള സംരക്ഷിതമേഖലയാണിവിടം.
25.
ഛത്രപതി
ശിവജി ടെർമിനസ്
(2004)
മുംബൈ
നഗരത്തിലെ പ്രധാന റെയിൽവേസ്റ്റേഷനായ വിക്ടോറിയ ടെർമിനസിന്റെ പുതിയ പേരാണ് ഛത്രപതി
ശിവജി ടെർമിനസ്. വിക്ടോറിയൻ ഗോഥിക് റിവൈവൽ വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ് ഇത്.
ഇന്ത്യൻ പരമ്പരാഗത വാസ്തുവിദ്യയുടെ സ്വാധീനവും ഈ നിർമിതിയിൽ കാണാം. ബ്രിട്ടീഷ്
ആർക്കിടെക്ട് എഫ്.ഡബ്ല്യൂ.സ്റ്റീവൻസ് ആണ് ഈ കെട്ടിടം രൂപകൽപന ചെയ്തത്. 1878 ൽ നിർമാണം തുടങ്ങിയ ടെർമിനലിന്റെ പണി
പൂർത്തീകരിച്ചത് ഏതാണ്ട് പത്തുവർഷം എടുത്താണ്. ലോകത്തിലെതന്നെ പ്രവർത്തനക്ഷമമായ
ഏറ്റവും മികച്ച റെയിൽവേസ്റ്റേഷനുകളിലൊന്നാണ് ഇത്.
26.
ചമ്പാനിർ
പാവഗഡ് ആർക്കിയോളജിക്കൽ പാർക്ക്, ഗുജറാത്ത് (2004)
ഗുജറാത്തിലെ
പഞ്ച്‌മഹൽ ജില്ലയിലാണ് ഈ പുരാവസ്തു ഉദ്യാനം സ്ഥിതിചെയ്യുന്നത്. സുൽത്താൻ മഹ്‌മൂദ്
ബെഗഡെയാണ് ചരിത്രനഗരമായ ചമ്പാനീറിന്റെ സ്ഥാപകൻ. പാവ്ഗഡ് മലയുടെ മുകളിലും
ചെരിവുകളിലുമായി കൊട്ടാരങ്ങളും പ്രവേശനകവാടങ്ങളും കമാനങ്ങളും മസ്‌ജിദുകളും
ക്ഷേത്രങ്ങളും കോട്ടകളും കിണറുകളും ജലസംഭരണികളുമൊക്കെ ഇന്നും കാര്യമായ
കേടുപാടുകളില്ലാതെ നിലനിൽക്കുന്നു. പ്രശസ്ത തീർഥാടനകേന്ദ്രമായ കാലികമാതാ
ക്ഷേത്രവും ഇവിടെയുണ്ട്.
27.
ചെങ്കോട്ട, ഡൽഹി (2007)
അഞ്ചാം
മുഗൾഭരണാധികാരിയായിരുന്ന ഷാജഹാന്റെ ഭരണതലസ്ഥാനമായിരുന്നു ചെങ്കോട്ട. പുരാനി ദില്ലി
അഥവാ ഷാജഹാനാബാദ് നഗരത്തിന്റെ കേന്ദ്രം ഭാഗമാണ് ചെങ്കോട്ട. 1546-ൽ ഇസ്ലാം ഷാ സൂരി നിർമിച്ച സലിംഗഡ്
കോട്ടയോട് ചേർന്നാണ് ചുവന്ന മണൽക്കല്ലിൽ ചെങ്കോട്ട പണിതീർത്തത്. ഷാജഹാൻ ചക്രവർത്തി
ഇതിന് കില ഇ മുഅല്ല എന്നാണ് പേരിട്ടത്. 1857-ൽ
അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർഷാ സഫറിൽ നിന്ന് ബ്രിട്ടീഷുകാർ
പിടിച്ചെടുക്കുന്നതുവരെ ഈ കോട്ടയായിരുന്നു മുഗൾ രാജവംശത്തിന്റെ തലസ്ഥാനം.
28.
ജന്തർ മന്തർ, രാജസ്ഥാൻ (2010)
പതിനെട്ടാം
നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ജയ്‌പുരിൽ ജന്തർ മന്തർ നിർമിക്കപ്പെട്ടത്. പുരാതന
ജ്യോതിശാസ്ത്ര നിരീക്ഷണകേന്ദ്രമാണിത്. ഉറപ്പിച്ചുനിർത്തിയ പത്തൊൻപത് ഉപാധികളുടെ
കൂട്ടമാണിത്. രജപുത്രഭരണത്തിന്റെ വാസ്തുവിദ്യാമികവിന്റെയും ജ്യോതിശാസ്ത്രപരമായ
കണ്ടുപിടിത്തങ്ങളുടെയും സാക്ഷ്യപ്പെടുത്തലാണ് ഈ വിസ്മയനിർമിതി. ജയപുർ നഗരം
സ്ഥാപിച്ച രജപുത്ര രാജാവായിരുന്ന സവായ് ജയ് സിങ് രണ്ടാമനാണ് 1734-ൽ ജന്തർ മന്തറിന്റെ നിർമാണം
പൂർത്തിയാക്കിയത്. വലിയ പണ്ഡിതനായിരുന്ന ജയ് സിങ് ജ്യോതിശാസ്ത്രത്തിൽ ഏറെ
തത്പരനുമായിരുന്നു. 'യന്ത്രം' എന്ന സംസ്കൃതവാക്കിൽനിന്നാണ് 'ജന്തർ' എന്ന പദത്തിന്റെ ഉദ്ഭവം. 1948-ൽ ഇവിടം ദേശീയസ്മാരകമായി
പ്രഖ്യാപിക്കപ്പെട്ടു. 18,700 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന
ജന്തർ മന്തർ നിർമിച്ചിരിക്കുന്നത് പ്രാദേശികമായി ലഭ്യമായിട്ടുള്ള കല്ലിലും
മാർബിളിലുമാണ്.
29.
പശ്ചിമഘട്ടം
- കേരളം,
കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര (2012)
ഹിമാലയപർവതനിരകളെക്കാൾ
പ്രായമുണ്ട് നമ്മുടെ പശ്ചിമഘട്ടത്തിന്. ഇന്ത്യയിൽ മറ്റെവിടെയും കാണാത്ത തനതായ
ഭൂപ്രകൃതിയും പാരിസ്ഥിതികവികാസവും സസ്യജന്തുജാലങ്ങളുമാണ് പശ്ചിമഘട്ടത്തിന്റെ പ്രത്യേകത.
ഭൂമിയിലെ മൺസൂൺ കാലചക്രത്തിന്റെ ഏറ്റവും നല്ല ഉദാഹരണംകൂടിയാണ് ഇവിടം. ഇന്ത്യയിൽ
മൺസൂണിനെ സ്വാധീനിക്കുന്നത് പശ്ചിമഘട്ടത്തിലെ വനപരിസ്ഥിതിയും ആവാസവ്യവസ്ഥയുമാണ്.
ജൈവ വൈവിധ്യംകൊണ്ട് ലോകത്തിലെ എട്ട് 'ഹോട്ടസ്റ്റ്
ഹോട്ട്സ്പോട്ടു'
(അതിലോല
പരിസ്ഥിതിപ്രദേശം) കളിൽ ഒന്നാണിത്. ഇന്ത്യയുടെ പടിഞ്ഞാറൻതീരത്തിന് സമാന്തരമായി
കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി
നീണ്ടുകിടക്കുന്ന പശ്ചിമഘട്ടം ഭൂമിയുടെ ഉപരിതലരൂപവത്കരണത്തെപ്പറ്റിയുള്ള പഠനങ്ങളിൽ
ആഗോള പ്രാധാന്യമർഹിക്കുന്നതാണ്.
30.
ഹിൽ
ഫോർട്ട്,
രാജസ്ഥാൻ (2013)
രാജസ്ഥാനിലെ
ആറ് മഹത്തായ കോട്ടകളടങ്ങുന്നതാണിത്. ചിത്തോർഗഢ്, കുംഭൽഗഢ്, സവായ് മാധോപുർ, ഝാലാവാർ, ജയ്‌പുർ, ജയ്‌സാൽമേർ എന്നിവയാണിവ.
എട്ടാംനൂറ്റാണ്ടുമുതൽ പതിനെട്ടാംനൂറ്റാണ്ടുവരെ ഈ പ്രദേശങ്ങൾ ഭരിച്ചിരുന്ന
രജപുത്രരാജാക്കന്മാരുടെ അധികാരത്തിന്റെയും സമ്പന്നതയുടെയും അടയാളങ്ങളാണ് ഈ
കോട്ടകൾ. പ്രകൃതിദത്തമായ പ്രതിരോധസംവിധാനമാണ് ഈ കോട്ടകളുടെ പ്രത്യേകത.
മലമ്പ്രദേശങ്ങളും രൺഥംഭോറിലെ കൊടുംവന പ്രദേശങ്ങളും ഗാറോൺ നദിയും മരുഭൂമിയുമൊക്കെ ഈ
കോട്ടകളുടെ ഭാഗമായിമാറുന്നത് കാണാം. ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയാണ്
ചിത്തോർഗഢ്.
31.
റാണി കി
വാവ്, ഗുജറാത്ത് (2014)
ഗുജറാത്തിലെ
പഠാനിൽ പതിനൊന്നാം നൂറ്റാണ്ടിൽ നിർമിച്ച പടിക്കിണറാണ് റാണി കി വാവ്.
സരസ്വതീനദിയുടെ കരയിൽ മാരു-ഗുർജര വാസ്തുശൈലിയിൽ പല നിലകളിലായാണ് ഈ സൗധം
നിർമിച്ചിട്ടുള്ളത്. 1063-ൽ ചാലൂക്യരാജവംശത്തിലെ റാണി
ഉദയമതിയാണ് തന്റെ ഭർത്താവായ ഭീംദേവ് ഒന്നാമന്റെ ഓർമ്മയ്ക്കായി ഇത്
പണികഴിപ്പിച്ചത്. ഇരുപതുവർഷത്തോളമെടുത്താണ് പടിക്കിണർ പൂർത്തിയായത്. മണ്ണുമൂടി
മറഞ്ഞുപോയിരുന്ന ഈ പുരാതനനിർമിതി വീണ്ടെടുക്കപ്പെട്ടത് 1940-കളിലാണ്.
32.
ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്, ഹിമാചൽപ്രദേശ് (2014)
ഹിമാലയൻ
പർവതനിരകളുടെ പടിഞ്ഞാറുഭാഗത്തായാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഉയർന്ന
പർവതങ്ങളും പുൽമേടുകളും നദിക്കരയിലെ വനപ്രദേശങ്ങളുമൊക്കെയായി പ്രകൃതിഭംഗിയുടെ
കേദാരമാണിവിടം. മഞ്ഞുമലകളിൽ നിന്നുദ്ഭവിക്കുന്ന ഒട്ടനവധി നദികളും ഇരുപത്തിയഞ്ച്
വ്യത്യസ്ത വനവിഭാഗങ്ങളും അത്യപൂർവമായ സസ്യങ്ങളുമൊക്കെയുള്ള ഇവിടം ഹിമാലയ ബയോഡൈവേഴ്‌സിറ്റി
ഹോട്ട്സ്പോട്ടിന്റെ ഭാഗമാണ്.
33.
നളന്ദ,
ബിഹാർ (2016)
അഞ്ചാംനൂറ്റാണ്ടിൽ
ഗുപ്തരാജവംശത്തിലെ കുമാരഗുപ്തൻ ഒന്നാമൻ സ്ഥാപിച്ച പുരാതന ഇന്ത്യയിലെ സർവകലാശാലയാണ്
നളന്ദ. ഒരു ബുദ്ധവിഹാരമായിരുന്ന നളന്ദ പിൽക്കാലത്ത് ഉന്നതവിദ്യാപീഠമായി
ഉയർന്നുവന്നു. രത്നസാഗർ,
രത്നധാടി, രത്നരാജക് എന്നിങ്ങനെ മൂന്ന് വലിയ
ഗ്രന്ഥാലയങ്ങളും വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യവും
ഇവിടെയുണ്ടായിരുന്നു. ചൈന,
മംഗോളിയ, കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള
വിദ്യാർഥികളും ഇവിടെ പഠനം നടത്തിയിരുന്നു. ചൈനീസ് ബുദ്ധസന്ന്യാസിയും സഞ്ചാരിയുമായിരുന്ന
ഹ്യുയാൻസാങ്ങിന്റെ വിവരണങ്ങളിൽനിന്ന് നളന്ദയെക്കുറിച്ചുള്ള അമൂല്യ അറിവുകൾ
ലഭ്യമാണ്. ഇവിടെ അധ്യാപകരിൽ ഒരാളുമായിരുന്നു അദ്ദേഹം. ലോകത്തിലെത്തന്നെ ആദ്യത്തെ
സർവകലാശാലയാണിത്.
34.
കാഞ്ചൻജംഗ ദേശീയോദ്യാനം,
സിക്കിം (2016)
ഹിമാലയപർവതനിരകളുടെ
ഹൃദയത്തിലാണ് കാഞ്ചൻജംഗയുടെ സ്ഥാനം. സമതലങ്ങളും താഴ്വരകളും തടാകങ്ങളും
ഹിമാനികളുമൊക്കെ ഇടകലർന്ന മനോഹരഭൂപ്രകൃതിയാണ് ഇവിടത്തെത്. മഞ്ഞുമൂടിയ പർവതങ്ങളും
പുരാതനമായ വനങ്ങളും ഇവിടെ കാണാം. ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ പർവതമായ
കാഞ്ചൻജംഗയും ഇവിടെയാണുള്ളത്. സിക്കിമിലെ ആദിജനതയുടെ വിശ്വാസങ്ങൾ, സംസ്കാരം എന്നിവയുമായി ഏറെ ബന്ധമുണ്ട്
ഈ പർവതത്തിന്.
35.
ലെ കോർബസിയറുടെ വാസ്‌തുവിദ്യാസൃഷ്‌ടികൾ, ചണ്ഡീഗഢ് (2016)
ഏഴിലേറെ
രാജ്യങ്ങളിലായി പരന്നുകിടക്കുന്ന പതിനേഴ് കേന്ദ്രങ്ങൾ അടങ്ങുന്ന പുതു
വാസ്തുവിദ്യാസമന്വയമാണിത്. സ്വിസ്- ഫ്രഞ്ച് വാസ്തുവിദ്യാവിദഗ്‌ധനും ചിത്രകാരനും
നഗരാസൂത്രകനുമായിരുന്ന ലെ കോർബസിയറാണ് ഇതിന് നേതൃത്വം നൽകിയത്. ആധുനിക
വാസ്തുവിദ്യയുടെ പതാകാവാഹകരിൽ പ്രധാനിയാണ് അദ്ദേഹം. അരനൂറ്റാണ്ടിലേറെ സമയമെടുത്ത്
പൂർത്തിയാക്കിയ ഈ നിർമിതി ആധുനിക വാസ്തുവിദ്യാഭാഷയുടെ അടയാളമാണ്. ചണ്ഡീഗഢിലെ ദ
കോംപ്ലക്‌സ് ഡു ക്യാപിറ്റോൾ,
ജപ്പാനിലെ
ടോക്കിയോയിൽ സ്ഥിതിചെയ്യുന്ന ദ നാഷണൽ മ്യൂസിയം ഓഫ് വെസ്റ്റേൺ ആർട്ട്, അർജന്റീനയിലെ ലാ പ്ലാറ്റയിലുള്ള ദ ഹൗസ്
ഓഫ് ഡോ. കുറുഷെറ്റ്,
ഫ്രാൻസിലെ
മാർസെലിയിലുള്ള യുണൈറ്റ് ഡി ഹാബിലിറ്റേഷൻ എന്നിവയാണ് ഇത്തരത്തിലുള്ള നിർമിതികൾ.
36.
അഹമ്മദാബാദ് നഗരം,
ഗുജറാത്ത് (2017)
ഇന്ത്യയിലെ
ആദ്യ പൈതൃകനഗരമാണ് അഹമ്മദാബാദ്. ദ വാൾഡ് സിറ്റി എന്നറിയപ്പെടുന്ന പഴയ അഹമ്മദാബാദ്
നഗരം നൂറ്റാണ്ടുകൾക്കിപ്പുറവും ചരിത്രപ്രാധാന്യത്തോടെ നിലകൊള്ളുന്നു. പതിനഞ്ചാം
നൂറ്റാണ്ടിൽ സബർമതി നദിയുടെ കിഴക്കേക്കരയിൽ ഗുജറാത്ത് സുൽത്താനായിരുന്ന അഹമ്മദ് ഷാ
നിർമിച്ചതാണ് അഹമ്മദാബാദ് നഗരം. പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിൽ
സംരക്ഷിക്കപ്പെടുന്ന വീടുകളും മറ്റു കെട്ടിടങ്ങളും തെരുവുകളുമൊക്കെ ഇവിടെ കാണാം.
37.
വിക്ടോറിയൻ ഗോഥിക് ആൻഡ് ആർട്ട് ഡെക്കോ എൻസെമ്പിൾസ്, മഹാരാഷ്ട്ര (2018)
പത്തൊൻപതാം
നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ആഗോള വ്യാപാരകേന്ദ്രമായി ഉയർന്നുവന്ന മുംബൈയിൽ
നടപ്പിൽവരുത്തിയ നഗരാസൂത്രണ പദ്ധതികളുടെ ഭാഗമായി, നിരവധി പുതിയ നിർമിതികൾ ഉണ്ടായി.
സൗത്ത് മുംബൈയിൽ ഓവൽ മൈതാനത്തിന് ചുറ്റും ആദ്യം വിക്ടോറിയൻ നിയോ-ഗോഥിക് രീതിയിലും
പിന്നീട് ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ ആർട്ട് ഡെക്കോ ശൈലിയിലും
പൊതുകെട്ടിടങ്ങൾ നിർമിച്ചു. ഇന്ത്യൻ കാലാവസ്ഥയ്ക്ക് ചേരുന്ന രീതിയിൽ മട്ടുപ്പാവും
വരാന്തകളും ഉൾക്കൊള്ളിച്ചതാണ് വിക്ടോറിയൻ കെട്ടിടങ്ങൾ. തിയേറ്ററുകളും സിനിമാ
തിയേറ്ററുകളും അടങ്ങുന്ന ആർട്ട് ഡെക്കോ നിർമിതികളാകട്ടെ ഇന്ത്യൻ മാതൃകയുടെയും
ആർട്ട് ഡെക്കോ ഭാവനയുടെയും സമന്വയമാണ്. ഈ തനതുശൈലി ഇൻഡോ-ഡെക്കോ എന്നറിയപ്പെടുന്നു.
38.
ജയ്‌പുർ,
രാജസ്ഥാൻ (2019)
രാജസ്ഥാൻ
തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവുമാണ് ജയ്‌പുർ. ഇവിടത്തെ കെട്ടിടങ്ങളുടെ
സമാനമായ വർണങ്ങൾ കാരണം ഈ നഗരം 'പിങ്ക് സിറ്റി' എന്നും അറിയപ്പെടുന്നു. 1727ൽ സവായ്
ജയ് സിങ് രണ്ടാമനാണ് കോട്ടനഗരമായ ജയ്‌പുർ സ്ഥാപിച്ചത്. പ്രദേശത്തെ മറ്റ് പട്ടണങ്ങൾ
മലമ്പ്രദേശത്താണ് സ്ഥാപിക്കപ്പെട്ടതെങ്കിൽ ജയ്‌പുർ പടുത്തുയർത്തിയത് വേദിക്
വാസ്തുവിദ്യയനുസരിച്ച് സമതലത്തിലാണ്. ചൗപാർ എന്നറിയപ്പെടുന്ന വലിയ പൊതുചത്വരങ്ങളും
വ്യാപാരശാലകളും ഉൾക്കൊള്ളുന്ന തെരുവുകളും വീടുകളും ക്ഷേത്രങ്ങളുമൊക്കെ ഇവിടെ
കാണാം.
39.
രാമപ്പ ക്ഷേത്രം,
തെലങ്കാന (2021)
തെലങ്കാനയിലെ
ഹൈദരാബാദ് നഗരത്തിൽനിന്ന് 200 കി.മീ. മാറി സ്ഥിതിചെയ്യുന്ന പാലംപേട്ട്
ഗ്രാമത്തിലാണ് രുദ്രേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാമപ്പ ക്ഷേത്രം എന്നാണ്
ഇവിടം പൊതുവേ അറിയപ്പെടുന്നത്. എ.ഡി.1123-നും 1323-നും ഇടയിൽ കാകതീയ
രാജവംശത്തിന്റെ ഭരണകാലത്താണ് ഈ ശിവക്ഷേത്രം നിർമിക്കപ്പെട്ടത്. 1213 ൽ തുടങ്ങിയ
ക്ഷേത്രനിർമാണം നാല്പത് വർഷംകൊണ്ടാണ് പൂർത്തിയായത് എന്ന് കരുതപ്പെടുന്നു. കാകതീയ
രാജാക്കന്മാരായ രുദ്രദേവയും രേചർല രുദ്രയുമാണ് ക്ഷേത്രം പണികഴിപ്പിച്ചത്.
40.
ധൊലാവിര,
ഗുജറാത്ത് (2021)
ഹാരപ്പൻ
സംസ്ക്കാരത്തിന്റെ ദക്ഷിണകേന്ദ്രമായിരുന്നു പുരാതന നഗരമായ ധൊലാവിര. ഗുജറാത്തിലെ
വരണ്ട ഭൂപ്രദേശമായ ഖാദിർ ദ്വീപിലാണ് ഈ നഗരത്തിന്റെ ശേഷിപ്പ് കണ്ടെത്തിയത്. ബി.സി.
3000-ത്തിനും 1500-നും ഇടയിലാണ് ഈ നഗരം സജീവമായിരുന്നത്. കോട്ടമതിലിനാൽ
ചുറ്റപ്പെട്ട നഗരവും ശ്മശാനവും അടക്കം ആ കാലഘട്ടത്തിലേതായി തെക്കുകിഴക്കൻ ഏഷ്യയിൽ
ഇതുവരെ ലഭ്യമായതിൽവെച്ച് ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന അവശേഷിപ്പുകൾ ഇവിടെ
കാണാം. കോപ്പർ,
കളിമൺ പാത്രങ്ങളും
ശില്പങ്ങളും അമൂല്യമായ കല്ലുകൾകൊണ്ടുണ്ടാക്കിയ ആഭരണങ്ങൾ, സ്വർണം തുടങ്ങിയവയൊക്കെ കണ്ടെത്തി.
41.
ശാന്തിനികേതൻ,
പശ്ചിമ
ബംഗാൾ
(2023)
1901-ൽ
പശ്ചിമബംഗാളിലെ ഗ്രാമപ്രദേശത്ത് മഹാകവി രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ചതാണ്
ശാന്തിനികേതൻ. പുരാതന ഇന്ത്യൻ സാംസ്കാരിക കലകളുടെ കേന്ദ്രം എന്ന നിലയിലും
മതത്തിന്റെയും സംസ്ക്കാരത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം മാനവിക ഐക്യത്തിന്റെ
ദർശനം എന്ന നിലയിലും ശാന്തിനികേതൻ നിലകൊള്ളുന്നു. 1921-ൽ ഇവിടെ വിശ്വഭാരതി എന്ന
പേരിൽ ലോക സർവകലാശാല സ്ഥാപിക്കപ്പെട്ടു. പാൻ ഏഷ്യൻ ആധുനികതയാണ് ശാന്തിനികേതന്റെ
മുഖമുദ്ര.
42.
ഹൊയ്‌സാല ക്ഷേത്രങ്ങൾ,
കർണാടക (2023)
ദക്ഷിണേന്ത്യയിൽ
12-13 നൂറ്റാണ്ടുകളിലായി ഹൊയ്‌സാല രാജാക്കന്മാർ നിർമിച്ച ക്ഷേത്രങ്ങളാണിവ. ഹാസൻ
ജില്ലയിലെ ബേലൂർ ചെന്നകേശവക്ഷേത്രം, ഹാലേബീഡുവിലെ
ഹൊയ്സാലേശ്വരക്ഷേത്രം,
മൈസൂരു ജില്ലയിലെ
സോമനാഥപുര കേശവക്ഷേത്രം എന്നിങ്ങനെ ഹൊയ്‌സാല വാസ്തുവിദ്യയുടെ അഴകും പ്രൗഢിയും
ചേർന്ന ക്ഷേത്രങ്ങളാണ് പൈതൃകകേന്ദ്രങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അപൂർവമായ
കൊത്തുപണികളും ശിലാലിഖിതങ്ങളുമുള്ള മൂന്ന് ക്ഷേത്രങ്ങളും ആർക്കിയോളജിക്കൽ സർവേ ഓഫ്
ഇന്ത്യയുടെ കീഴിലാണുള്ളത്.
43.
മയ്ദം, അസം (2024)
വടക്കുകിഴക്കന്‍
സംസ്ഥാനങ്ങളില്‍നിന്ന് സംസ്‌കാരിക വിഭാഗത്തില്‍ പട്ടികയില്‍പ്പെടുന്ന ആദ്യ
സ്ഥലമാണിത്. 600 വര്‍ഷത്തോളമായുള്ള അസം
രാജവംശത്തിന്റെ പ്രത്യേകതരം ശവകുടീരങ്ങളാണ് മയ്ദം. പ്രത്യേക വാസ്തുരൂപകല്പനയാണ്
ഇതിലുള്ളത്. അടക്കംചെയ്യപ്പെട്ട രാജാവ് ഉപയോഗിച്ചിരുന്ന വസ്തുക്കളും
ശവകുടീരത്തിലുള്ളതായി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
44.
മറാഠാ
മിലിറ്ററി ലാന്‍ഡ്‌സ്‌കേപ്‌സ് ഓഫ് ഇന്ത്യ (2025)
മറാഠ
ഭരണാധികാരികള്‍ 17 മുതല്‍ 19 വരെ നൂറ്റാണ്ടുകളിൽ നിര്‍മിക്കുകയും
വികസിപ്പിക്കുകയും ചെയ്ത തന്ത്രപ്രധാന കോട്ടകളാണ് ഇവ. മഹാരാഷ്ട്രയിലെ സല്‍ഹര്‍, ശിവ്‌നേരി, ലോഗഡ്, റൈഗഡ്, രാജ്ഗഡ്, പ്രതാപ്ഗഡ്, സുവര്‍ണദുര്‍ഗ്, പന്‍ഹാല, വിജയ്ദുര്‍ഗ്, സിന്ധുദുര്‍ഗ് എന്നിവയും തമിഴ്‌നാട്ടിലെ
ഗിന്‍ഗീ കോട്ടയുമാണ് പട്ടികയിലുള്ള പന്ത്രണ്ടു കോട്ടകള്‍. സഹ്യാദ്രി മലനിരകള്‍, കൊങ്കണ്‍ തീരം, ഡെക്കാണ്‍ പീഠഭൂമി, പശ്ചിമഘട്ടം എന്നീ മേഖലകളിലാണ് ഈ
കോട്ടകള്‍ സ്ഥിതിചെയ്യുന്നത്.
ഇന്ത്യയിലെ ലോക
മാനവീക സാംസ്‌കാരിക പൈതൃകങ്ങൾ
മാനവികത
മുൻനിർത്തിയുള്ള യുനെസ്‌കോയുടെ ലോക സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ
പൈതൃകങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
രാമായണത്തിന്റെ
പരമ്പരാഗത പ്രകടനമായ രാംലീല
"രാമന്റെ നാടകം" എന്ന്
അക്ഷരാർത്ഥത്തിൽ വിളിക്കുന്ന രാംലീല, രാമായണ
ഇതിഹാസത്തിന്റെ ഒരു പരമ്പരയിലെ അവതരണമാണ്, അതിൽ ഗാനം, വിവരണം, പാരായണം, സംഭാഷണം എന്നിവ ഉൾപ്പെടുന്നു. രാമനും
രാവണനും തമ്മിലുള്ള യുദ്ധത്തെ ഓർമ്മിപ്പിക്കുന്ന ഇതിൽ ദേവന്മാരും ഋഷിമാരും
വിശ്വാസികളും തമ്മിലുള്ള സംഭാഷണങ്ങളുടെ ഒരു പരമ്പര ഉൾപ്പെടുന്നു.
വേദ
ജപ പാരമ്പര്യം
വേദപൈതൃകം
നാല് വേദങ്ങളിലായി ശേഖരിച്ച നിരവധി ഗ്രന്ഥങ്ങളെയും വ്യാഖ്യാനങ്ങളെയും
ഉൾക്കൊള്ളുന്നു. അവ സാധാരണയായി "അറിവിന്റെ ഗ്രന്ഥങ്ങൾ" എന്ന്
വിളിക്കപ്പെടുന്നു,
എന്നിരുന്നാലും
അവ വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ടവയാണ്.
കൂടിയാട്ടം
(സംസ്കൃത നാടകം)
ലോകപൈതൃകമായി
യുനെസ്‌കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. പ്രാചീന സംസ്കൃത നാടക
രൂപങ്ങളിലൊന്നാണിത്. കൂടിയാട്ടത്തെക്കുറിച്ചുള്ള ഗുരു മാണി മാധവ ചാക്യാരുടെ
കൃതിയാണ് 'നാട്യകല്പദ്രുമം'.
രാംമാൻ, ഉത്സവവും നാടകവും
വളരെ
സങ്കീർണ്ണമായ ആചാരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ചടങ്ങാണിത്. രാമന്റെ ഇതിഹാസത്തിന്റെയും
വിവിധ ഇതിഹാസങ്ങളുടെയും പാരായണം,
ഗാനങ്ങളുടെയും
മുഖംമൂടി നൃത്തങ്ങളുടെയും അവതരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മുടിയേറ്റ്
തെക്കൻ
കേരളത്തിലും കൊച്ചിയിലും പൊതുവേ അനുഷ്ഠിക്കുന്ന കല. കേരളത്തിൽ നിന്ന് രണ്ടാമതായി
യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ കലാരൂപം.
കൽബേലിയ
കൽബേലിയ
സമൂഹത്തിന്റെ പരമ്പരാഗത ജീവിതരീതിയുടെ പ്രകടനമാണ് ഗാനങ്ങളും നൃത്തങ്ങളും.
ഒരുകാലത്ത് പ്രൊഫഷണൽ പാമ്പുകളെ കൈകാര്യം ചെയ്യുന്നവരായിരുന്നു കൽബേലിയ. ഇന്ന്, പുതിയതും സൃഷ്ടിപരവുമായ രീതിയിൽ
വികസിച്ചുകൊണ്ടിരിക്കുന്ന സംഗീതത്തിലും നൃത്തത്തിലൂടെ അവരുടെ പഴയ തൊഴിലിനെ അവർ
ഉണർത്തുന്നു.
ഛൗ
നൃത്തം
ഒഡിഷയിലെ
പ്രധാന നൃത്തരൂപമാണ് ഛൗ നൃത്തം. മഹാഭാരതം, രാമായണം എന്നിവയുൾപ്പെടെയുള്ള
ഇതിഹാസങ്ങളിൽ നിന്നുള്ള എപ്പിസോഡുകൾ, പ്രാദേശിക
നാടോടിക്കഥകൾ എന്നിവ ഛൗ നൃത്തത്തിൽ അവതരിപ്പിക്കുന്നു. ഇതിന്റെ ഉത്ഭവം തദ്ദേശീയമായ
നൃത്തരൂപങ്ങളിലും ആയോധന പരിശീലനങ്ങളിലും നിന്നാണ്.
ലഡാക്കിലെ
ബുദ്ധ ജപം
ലഡാക്ക്
മേഖലയിലെ ആശ്രമങ്ങളിലും ഗ്രാമങ്ങളിലും, ബുദ്ധമത
ലാമമാർ (പുരോഹിതന്മാർ) ബുദ്ധന്റെ ആത്മാവിനെയും തത്ത്വചിന്തയെയും
പഠിപ്പിക്കലുകളെയും പ്രതിനിധീകരിക്കുന്ന പുണ്യഗ്രന്ഥങ്ങൾ ജപിക്കുന്നു.
സങ്കീർത്തനം
കൃഷ്ണന്റെ
ജീവിതത്തെയും പ്രവൃത്തികളെയും ഗാനത്തിലൂടെയും നൃത്തത്തിലൂടെയും കലാകാരന്മാർ
അവതരിപ്പിക്കുന്നു.
പരമ്പരാഗത
പിച്ചള,
ചെമ്പ്
കരകൗശല പാത്ര നിർമ്മാണം
പഞ്ചാബിലെ
പിച്ചള, ചെമ്പ് പാത്രങ്ങൾ
നിർമ്മിക്കുന്നതിനുള്ള പരമ്പരാഗത സാങ്കേതിക വിദ്യ.
യോഗ
കൂടുതൽ
മാനസികവും ആത്മീയവും ശാരീരികവുമായ ക്ഷേമം ഉറപ്പാക്കാൻ മനസ്സിനെ ശരീരത്തോടും
ആത്മാവിനോടും ഏകീകരിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് യോഗ.
നവ്‌റോസ്
പാഴ്സികളുടെ
നവവത്സര ആഘോഷമാണ് നവ്‌റോസ്. ഈ സമയത്ത് ആചരിക്കുന്ന ഒരു പ്രധാന പാരമ്പര്യമാണ് 'മേശ'യ്ക്ക് ചുറ്റും ഒത്തുകൂടി
പ്രിയപ്പെട്ടവരോടൊപ്പം ഒരു പ്രത്യേക ഭക്ഷണം കഴിക്കുന്നത്. വിശുദ്ധി, തെളിച്ചം, ഉപജീവനമാർഗ്ഗം, സമ്പത്ത് എന്നിവയെ പ്രതീകപ്പെടുത്തുന്ന
വസ്തുക്കൾ കൊണ്ട് മേശ അലങ്കരിക്കുന്നു.
കുംഭമേള
ലോകത്തിൽ
ഏറ്റവും കൂടുതൽ ഹൈന്ദവ വിശ്വാസികൾ ഒത്തുകൂടുന്ന ഉത്സവമാണ് കുംഭമേള.
പന്ത്രണ്ടുവർഷത്തിൽ നാലുതവണ നാല് പ്രധാന സ്ഥലങ്ങളിലാണ് കുംഭമേള നടത്തുന്നത്.
പ്രയാഗ്, ഹരിദ്വാർ, ഉജ്ജയിനി, നാസിക് എന്നിവിടങ്ങളിലാണിത്.
പന്ത്രണ്ടാം വർഷം മഹാകുംഭമേള നടത്തും. പ്രയാഗിൽ നടത്തുന്ന ഈ മേളയിൽ 60 ദശലക്ഷം പേർ പങ്കെടുക്കാറുണ്ടെന്നാണ്
കണക്ക്. ആറു വർഷം കൂടുമ്പോൾ നടത്തുന്നതാണ് അർധ കുംഭമേളയാണ്.
ദുർഗ്ഗാ പൂജ
ഹിന്ദു
മാതൃദേവതയായ ദുർഗ്ഗാദേവിയുടെ പത്ത് ദിവസത്തെ ആരാധനയെ അടയാളപ്പെടുത്തുന്ന കൊൽക്കത്ത
നഗരത്തിലെ ഒരു വാർഷിക ഉത്സവമാണ് ദുർഗ്ഗാ പൂജ. മഹാലയ മാസത്തിലെ ഉദ്ഘാടന ദിവസം
ദേവിയുടെ ആരാധന ആരംഭിക്കുന്നു,
ദേവിയെ
ജീവിപ്പിക്കുന്നതിനായി കളിമൺ പ്രതിമകളിൽ കണ്ണുകൾ വരയ്ക്കുന്നു. പത്താം ദിവസം, കളിമണ്ണ് വാരിയ നദിയിൽ വിഗ്രഹങ്ങൾ
ഒഴുക്കുന്നതോടെ ദുർഗ്ഗാ പൂജ അവസാനിക്കുന്നു.
ഗർബ
ഗുജറാത്ത്
സംസ്ഥാനത്തിലെ ഹിന്ദു ഉത്സവമായ നവരാത്രിയിൽ അവതരിപ്പിക്കുന്ന ഒരു ആചാരപരവും
ഭക്തിപരവുമായ നൃത്തമാണ് ഗർബ. സ്ത്രീശക്തിയെ അല്ലെങ്കിൽ 'ശക്തി'യെ ആരാധിക്കുന്നതിനായി ഇത്
സമർപ്പിച്ചിരിക്കുന്നു.
ദീപാവലി
സമ്പദ്‌സമൃദ്ധിയേയും
ഐശ്വര്യത്തേയും സൂചിപ്പിക്കുന്ന ആഘോഷമാണ് ദീപാവലി.
ഇന്ത്യയിലെ
നാണയനിർമ്മാണം
നാണയങ്ങളെക്കുറിച്ചുള്ള
പഠനത്തിന്റെ പ്രാധാന്യം
പണം
എന്ന നിലയിലുള്ള മൂല്യത്തിലുപരി ചരിത്രത്തിന്റെ അടഞ്ഞുപോയ പല അധ്യായങ്ങളിലേക്കും
വെളിച്ചം വീശുന്നു എന്നതാണ് നാണയങ്ങളുടെ വലിയ സവിശേഷത. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഭൂതകാലത്തെയും വർത്തമാന കാലത്തെയും
ബന്ധിപ്പിക്കുന്ന കണ്ണികൾ കൂടിയാണ് നാണയങ്ങൾ. പല സംസ്‌കാരങ്ങളും യാതൊരു തെളിവും
അവശേഷിപ്പിക്കാതെ മൺമറഞ്ഞുപോയപ്പോൾ അവിടുത്തെ ലോഹനാണയങ്ങൾ കേടുകൂടാതെ
കണ്ടെത്താനായി. ഈ നാണയങ്ങളിൽനിന്നും അവിടെ നിലനിന്ന പ്രാചീന സംസ്കാരത്തെക്കുറിച്ചുള്ള
വിലപ്പെട്ട വിവരങ്ങൾ ലഭിച്ചു. ഒരു പ്രാചീന നാണയം, അതു നിലനിന്നിരുന്ന
കാലഘട്ടത്തെക്കുറിച്ചും അക്കാലത്തെ ജനതയുടെ സാങ്കേതികജ്‌ഞാനത്തെക്കുറിച്ചുമൊക്കെ
വിവരങ്ങൾ വിളിച്ചുപറയുന്നുണ്ട്. നാണയത്തിൽ വർഷം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത്
ആ കാലഘട്ടത്തിന്റെ ഏറ്റവും വ്യക്തമായ തെളിവാണ്. നാണയത്തിലുള്ള
രേഖപ്പെടുത്തലുകളിൽനിന്നും ചിത്രങ്ങളിൽനിന്നും അതു കൈകാര്യം ചെയ്തിരുന്ന
സമൂഹത്തിന്റെ ഭാഷയും ആചാരങ്ങളും ജീവിതരീതികളും ഏതാണ്ട് മനസ്സിലാക്കാനാകും.
ചുരുക്കത്തിൽ വില മതിക്കാനാവാത്ത വിവരങ്ങളാണ് നാണയങ്ങൾ ചരിത്രഗവേഷകർക്ക് സമ്മാനിക്കുന്നത്.
പുരാതന
ഇന്ത്യയിലെ നാണയങ്ങൾ
പണത്തിന്റെ
കാര്യത്തിൽ മഹത്തായ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ലിഡിയയിലും ചൈനയിലും നാണയങ്ങൾ
നിർമിക്കുന്നതിനു മുമ്പേ ഭാരതത്തിൽ നാണയങ്ങൾ നിലനിന്നിരുന്നതായി പൗരാണികഗ്രന്ഥങ്ങൾ
പറയുന്നു. പുരാതനഭാരതത്തിലെ നാട്ടുരാജ്യങ്ങളായ മഹാജനപദങ്ങളിൽ ബി.സി ആറാം
നൂറ്റാണ്ടിൽത്തന്നെ മുദ്രണം ചെയ്ത നാണയങ്ങൾ ഉണ്ടായിരുന്നത്രേ. പാണിനിയുടെ വ്യാകരണ
ഗ്രന്ഥങ്ങളിലും ചാണക്യന്റെ അർത്ഥശാസ്ത്രത്തിലും ഭാരതത്തിൽ നിലനിന്നിരുന്ന
നാണയങ്ങളെക്കുറിച്ച് പരാമർശമുണ്ട്. ഗാന്ധാര, കുന്തല, കുരു, പാഞ്ചാല, സുരസേന, സൗരാഷ്ട്ര പ്രവിശ്യകളിൽ
പ്രചാരത്തിലുണ്ടായിരുന്ന നാണയം 'പണം', 'കർഷപണം' തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടു.
കൃത്യമായ തൂക്കത്തിൽ നിർമിച്ച,
പ്രത്യേക ആകൃതി
ഇല്ലാത്ത വെള്ളിനാണയങ്ങളാണ് ഭാരതത്തിൽ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. വൃത്തം, ദീർഘവൃത്തം തുടങ്ങി വിവിധ
രൂപങ്ങളായിരുന്നു ഇവയ്ക്ക്. പ്രവിശ്യകൾക്കനുസരിച്ച് നാണയങ്ങളിൽ മുദ്രണം
ചെയ്തിരുന്ന ചിത്രങ്ങൾക്കും വ്യത്യാസമുണ്ടായിരുന്നു. നാണയത്തിന്റെ ഒരു വശത്തു
മാത്രമാണ് ചിത്രങ്ങൾ പതിച്ചിരുന്നത്. സൗരാഷ്ട്രയിലെ നാണയത്തിൽ കാള, ദക്ഷിണ പാഞ്ചാലയിലേതിൽ സ്വസ്തിക്
ചിഹ്നം എന്നിവയൊക്കെയാണ് പതിച്ചിരുന്നത്. ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ ഈ നാണയങ്ങൾ
പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇന്ത്യൻ
നാണയ ചരിത്രം
ബി.സി
326ൽ പുരു രാജാവിനെ കീഴടക്കിയ
ചരിത്രവിജയത്തിന്റെ ഓർമയ്ക്കായി പുരു-അലക്സാണ്ടർ യുദ്ധം ചിത്രീകരിക്കുന്ന ഒരു
നാണയം ബാബിലോണിയയിൽ പുറത്തിറക്കി. കുതിരപ്പടയാളിയും ആനയും തമ്മിലുള്ള പോരാട്ടമാണ്
ഇതിൽ ചിത്രീകരിച്ചത്. ഇന്ത്യയുമായി ബന്ധപ്പെട്ട് ഏതെങ്കിലുമൊരു വിദേശരാജ്യം
പുറത്തിറക്കുന്ന ആദ്യ നാണയമായിരിക്കാം ഇത്. തുടർന്നങ്ങോട്ട് ഇന്ത്യൻ നാണയങ്ങളിൽ
ഗ്രീക്ക് സ്വാധീനം പ്രകടമായി.
മൗര്യ
കാലഘട്ടം
ബി.സി
322 മുതൽ ബി.സി 185 വരെ നീണ്ട മൗര്യ കാലഘട്ടത്തിൽ കൃത്യമായ
അളവിലും തോതിലും നിർമിച്ച നാണയങ്ങൾ പുറത്തിറങ്ങി. രുപ്യരൂപ (വെള്ളി), സുവർണരൂപ (സ്വർണം), താമ്രരൂപ (ചെമ്പ്) നാണയങ്ങൾ
ഇക്കാലത്തുണ്ടായിരുന്നു. വെള്ളിയും ചെമ്പും ഒരുമിച്ചുചേർത്തും ഇക്കാലത്ത് നാണയങ്ങൾ
നിർമിച്ചു. മൗര്യവംശത്തിന്റെ പതനത്തോടെ ചിന്നിച്ചിതറിയ ജനവിഭാഗങ്ങൾ അവരുടേതായ
നാണയങ്ങൾ ഉണ്ടാക്കി. ഇവരിൽ ഗാന്ധാര വിഭാഗക്കാരാണ് അച്ചുകൂടത്തിൽ നാണയങ്ങൾ
നിർമ്മിക്കുന്ന രീതി തുടങ്ങിയത്. അച്ചുകളിൽ ലോഹം ഉരുക്കി ഒഴിച്ച് നാണയം
ഉണ്ടാക്കുന്നതായിരുന്നു അവരുടെ രീതി. അതിനു മുമ്പ് ലോഹപാളിയിൽ നിന്ന് കൃത്യമായ
തൂക്കത്തിൽ നാണയം വെട്ടിയെടുത്തശേഷം വശങ്ങളിൽ മുദ്രപതിപ്പിക്കുകയായിരുന്നു
ചെയ്തിരുന്നത്.
ബാക്ട്രിയൻമാരുടെ
നാണയം
വിവിധ
രൂപത്തിൽ നാണയം നിർമിക്കുന്ന ഇന്ത്യൻ രീതിയിൽനിന്ന് വ്യത്യസ്തമായി വൃത്തം, ചതുരം എന്നീ രൂപത്തിൽ മാത്രം നാണയങ്ങൾ
നിർമിക്കാൻ തുടങ്ങിയത് ബാക്ട്രിയൻമാരാണ്. ഗ്രീക്ക് ഭാഷയും ഭാരതത്തിലെ നാട്ടുഭാഷയായ
പ്രാകൃതും ഒരേ നാണയത്തിൽ രേഖപ്പെടുത്തിയവരാണ് ബാക്ട്രിയൻമാർ.
കുശാന
കാലഘട്ടം
രാജാക്കന്മാരുടെയും
ദേവന്മാരുടെയും ചിത്രം ആദ്യമായി നാണയങ്ങളിൽ രേഖപ്പെടുത്തിയവരാണ് കുശാനൻമാർ.
നാണയത്തിന്റെ ഒരു വശത്ത് രാജാവിന്റെ ചിത്രവും മറുവശത്ത് രാജാവിന് പ്രിയപ്പെട്ട
ദേവന്റെ ചിത്രവുമായി ഇവർ നാണയങ്ങൾ പുറത്തിറക്കി. ഏഷ്യയിലെ പ്രബലരായിരുന്ന
ബാക്ട്രിയൻ (ബി.സി 200
- ബി.സി 100) രാജാക്കൻമാർ ഗ്രീക്കു മാതൃകയിൽ
തങ്ങളുടെ ചിത്രം പതിച്ച നാണയങ്ങൾ പുറത്തിറക്കി. കുശാനവംശക്കാർ ഇത് പിന്തുടർന്നു.
ഗ്രീക്ക്-ഇന്ത്യൻ ദേവൻമാരുടെ ചിത്രങ്ങൾ അവർ നാണയത്തിൽ പതിപ്പിച്ചു. ചക്രവുമായി
നിൽക്കുന്ന കൃഷ്ണൻ,
കലപ്പയേന്തിയ
ബലരാമൻ തുടങ്ങിയ ചിത്രങ്ങൾ നാണയങ്ങളിലെത്തി. ഇന്തോ - ബാക്ട്രിയൻ കാലഘട്ടത്തിലേതിനു
സമാനമായ സ്വർണനാണയങ്ങളും കുശാന രാജാക്കൻമാർ പുറത്തിറക്കി. പ്രമുഖ കുശാന രാജാവായ
കനിഷ്കനാണ് ശ്രീബുദ്ധന്റെ ചിത്രം ആദ്യമായി നാണയത്തിൽ ഉപയോഗിച്ചത്. നാണയങ്ങളിൽ
എഴുത്ത് ആരംഭിച്ചതും ഇക്കാലത്താണെന്ന് കരുതുന്നു.
ഗുപ്‌ത
കാലഘട്ടം
ഇന്ത്യയുടെ
നാണയചരിത്രത്തിൽ മഹത്തായ സംഭാവന നൽകിയവരാണ് ഗുപ്തൻമാർ. ഗുപ്തകാലഘട്ടത്തിലാണ്
മുദ്രയിലും രൂപഭംഗിയിലും മികച്ചു നിൽക്കുന്ന നാണയങ്ങൾ ഉണ്ടായത്.
നിലവിലുണ്ടായിരുന്ന നാണയങ്ങളിൽ കാണപ്പെട്ടിരുന്ന വിദേശ സ്വാധീനം പൂർണമായി
ഒഴിവാക്കിയ ഗുപ്തൻമാർ തനതായ ഭാരതീയ നാണയങ്ങൾ നിർമിച്ചു. ചന്ദ്രഗുപ്തൻ ഒന്നാമന്റെ
പുത്രനായ സമുദ്രഗുപ്തന്റെ ഭരണകാലം (336 - 380) 'ഇന്ത്യയുടെ സുവർണകാലഘട്ട'മെന്നാണ് അറിയപ്പെടുന്നത്. ഇക്കാലത്ത്
സ്വർണം ധാരാളം ലഭിച്ചിരുന്നതിനാൽ പലതരം സ്വർണനാണയങ്ങൾ നിർമ്മിക്കപ്പെട്ടു. എഴുതരം
നാണയങ്ങൾ ഇക്കാലത്ത് നിലവിലുണ്ടായിരുന്നു. സംസ്കൃത ഭാഷയിലായിരുന്നു ഇവയിലെ
എഴുത്തുകൾ. ഇന്ത്യൻ നാണയചരിത്രത്തിലെയും സുവർണ കാലമായി ഗുപ്തകാലത്തെ കണക്കാക്കാം.
മധ്യകാല
ഇന്ത്യയിലെ നാണയങ്ങൾ
മുഗൾ
കാലഘട്ടം
നിലവിലുണ്ടായിരുന്ന
നാണയസമ്പ്രദായത്തിൽ നിരവധി മാറ്റങ്ങൾ വരുത്തിയ ഭരണാധികാരികളാണ് മുഗളൻമാർ. അവർ
രാജാക്കൻമാരുടെ ചിത്രങ്ങൾക്ക് പകരം ഇസ്ലാമിക സൂക്തങ്ങൾ നാണയങ്ങളിൽ രേഖപ്പെടുത്തി.
സ്വർണത്തിലും വെള്ളിയിലും ചെമ്പിലും നിർമിച്ച നാണയങ്ങൾക്ക് പല മൂല്യങ്ങൾ നൽകി
ശാസ്ത്രീയമായ ഒരു സമ്പദ് വ്യവസ്ഥ ഉണ്ടാക്കാനും അവർ ശ്രമിച്ചു. എ.ഡി 1526ൽ മുഗളൻമാരുടെ കാലത്താണ്
ഗുപ്തകാലത്തിനുശേഷം ഇന്ത്യയിൽ വീണ്ടും മികച്ച നാണയങ്ങൾ പുറത്തിറങ്ങിയത്. പേർഷ്യൻ, ഉർദു ഭാഷകളിൽ എഴുത്തുകളുണ്ടായിരുന്ന ഈ
നാണയങ്ങളിൽ രാശിചക്രവും മറ്റും ചിത്രീകരിച്ചിരുന്നു. മുഗൾ ചക്രവർത്തിയായിരുന്ന
അക്ബർ പുറത്തിറക്കിയ നാണയങ്ങളിൽ മതചിന്തകൾക്കതീതമായി ഇതിഹാസ കഥാപാത്രങ്ങളെയും
ചിത്രീകരിച്ചു. രാമന്റെയും സീതയുടെയും ചിത്രമുള്ള നാണയങ്ങൾ അദ്ദേഹം പുറത്തിറക്കി.
പിൽക്കാലത്ത് ഔറംഗസേബ് ചക്രവർത്തിയായതോടെ ഈ നാണയങ്ങളെല്ലാം വീണ്ടും പരിഷ്കരിച്ചു.
രൂപ
വന്ന വഴി
ഇന്ത്യൻ
കറൻസിക്ക് രൂപ എന്ന പേരുലഭിക്കാൻ കാരണക്കാരനായ ആളാണ് ഷേർഷാ സുരി. പതിനാറാം
നൂറ്റാണ്ടിൽ ഡൽഹി ഭരിച്ച ഭരണാധികാരിയാണദ്ദേഹം. ഹുമയൂണിനെ തോൽപ്പിച്ച് ഡൽഹി
പിടിച്ചടക്കിയ ഷേർഷാ 1542ൽ 'റുപയാ' എന്ന പേരിൽ 178 ഗ്രാം തൂക്കമുള്ള വെള്ളിനാണയം
പുറത്തിറക്കി. ഈ പേര് പരിഷ്കരിച്ചാണ് 'രൂപ' ഉണ്ടായത്. 'മനോഹരം' എന്ന അർഥത്തിൽ ഷേർഷാ 'റുപയാ' എന്നു വിളിച്ചതാണെന്നും ഇൻഡോ-ആര്യൻ
ഭാഷകളിൽ വെള്ളി എന്ന അർഥമുള്ള 'റുപ'യിൽ നിന്നാണ് രൂപ ഉണ്ടായതെന്നും
അഭിപ്രായമുണ്ട്. വെള്ളിയുടെ സംസ്കൃത വാക്കായ രൂപ്യകത്തിൽനിന്നാണ് രൂപ ഉണ്ടായതെന്ന്
ചിലർ പറയുന്നു. 1672ൽ മുംബൈയിലാണ് ഇന്നത്തെ
രീതിയിലുള്ള രൂപ ആദ്യം ഉണ്ടാക്കിയത്. ബ്രിട്ടീഷുകാർ നിർമിച്ച ആ വെള്ളിനാണയത്തിന് 180 ഗ്രാം ഭാരമുണ്ടായിരുന്നു.
പോർച്ചുഗീസുകാരിൽനിന്ന് മുംബൈ പ്രവിശ്യയുടെ ഭരണം സ്വന്തമാക്കിയ ഈസ്റ്റ് ഇന്ത്യാ
കമ്പനി 1671ൽ അവിടെ നാണയം അച്ചടിക്കുന്ന
കമ്മട്ടം സ്ഥാപിച്ചു. 1672ൽ ബ്രിട്ടീഷുകാർ പുറത്തിറക്കിയ
ഒരു രൂപാ നാണയവും 1675,
1677, 1678 വർഷങ്ങളിൽ
അവർ പുറത്തിറക്കിയ മറ്റു നാണയങ്ങളും ഇന്നും ലണ്ടനിലെ ബ്രിട്ടീഷ്
മ്യൂസിയത്തിലുണ്ട്.
ബ്രിട്ടീഷ്
ഇന്ത്യയിലെ നാണയങ്ങൾ
1601-ൽ കച്ചവടത്തിനായി
ഇന്ത്യയിലേക്കു വന്ന ബ്രിട്ടിഷുകാർ 1853
ആയപ്പോഴേക്കും ഇവിടത്തെ നാട്ടുരാജ്യങ്ങളൊക്കെ പിടിച്ചടക്കി. വ്യാപാരത്തിനായി
എത്തിയ ബ്രിട്ടിഷുകാർക്ക് ഇന്ത്യയുമായി കച്ചവടം നടത്തുന്നതിന് നമ്മുടെ നാട്ടിലെ
പണം ആവശ്യമായിരുന്നു. ആദ്യം നേരായ മാർഗത്തിലൂടെ അവർ ഇന്ത്യൻ നാണയങ്ങൾ സമ്പാദിച്ചു.
പിന്നീടവ കൃത്രിമമായി അച്ചടിച്ചു പുറത്തിറക്കി. 1639-ൽ മദ്രാസ് പ്രവിശ്യക്കുമേൽ കുത്തകപ്പാട്ടം
സ്വന്തമാക്കിയ ബ്രിട്ടിഷുകാർ മദ്രാസിലെ നാണയ നിർമാണശാലയിൽ (കമ്മട്ടം) നാണയം
ഉണ്ടാക്കുന്നതിനും അനുമതി നേടി. അങ്ങനെ മദ്രാസ് പ്രവിശ്യയുടെ നാണയം അവർ നിർമിച്ചു.
തങ്ങളുടെ നാണയങ്ങൾ നിർമിക്കുന്നതിൽനിന്ന് ബ്രിട്ടിഷുകാരെ വിലക്കിയ ഒരു ഭരണാധികാരി
ഉണ്ടായിരുന്നു. മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബ്! എന്നാൽ ഈസ്‌റ്റ് ഇന്ത്യാ
കമ്പനി ഔറംഗസേബിന്റെ നാണയങ്ങൾ രഹസ്യമായി പുറത്തിറക്കി. പ്രാദേശിക ഭരണാധികാരികൾ
എതിർത്തതോടെ ഈ നാണയങ്ങൾക്ക് അംഗീകാരം നേടാനായി ബ്രിട്ടിഷുകാരുടെ ശ്രമം. ഒടുവിൽ 1717-ൽ ബോംബെ കമ്മട്ടത്തിൽ മുഗൾ നാണയം
നിർമിക്കാനുള്ള അനുമതി മുഗൾ ഗവർണർ ഫാറുഖ് സിയാറിൽനിന്ന് ഈസ്‌റ്റ് ഇന്ത്യാ കമ്പനി
നേടിയെടുത്തു.
1764-ൽ ബംഗാൾ ഭരണം ഏറ്റെടുത്തതോടെ
കൽക്കട്ടയിലെ കമ്മട്ടത്തിൽ നാണയം നിർമിക്കാനുള്ള അവകാശവും ഈസ്‌റ്റ് ഇന്ത്യാ കമ്പനി
നേടി. ഇങ്ങനെ മദ്രാസ്,
മുംബൈ, കൽക്കട്ട എന്നീ മൂന്നു പ്രവിശ്യകളിലും
നാണയം നിർമിക്കാൻ അനുമതി നേടിയ കമ്പനി ആദ്യമുണ്ടായിരുന്ന നാണയങ്ങളാണുണ്ടാക്കിയത്.
പിന്നീട് രാജ്യമൊട്ടാകെ ഒരു പോലുള്ള നാണയം കൊണ്ടുവന്നു. തുടർന്ന്, തെക്കേ ഇന്ത്യയിൽ
പ്രചാരത്തിലുണ്ടായിരുന്ന ആർകൊട്ട് റുപീ (Arcot Rupee) ചില മാറ്റങ്ങളോടെ രാജ്യത്തിന്റെ
പൊതുനാണയമായി ബ്രിട്ടിഷുകാർ തിരഞ്ഞെടുത്തു. നാണയത്തിൽ ബ്രിട്ടിഷ് രാജാവായിരുന്ന
വില്യം നാലാമന്റെ ചിത്രം ആലേഖനം ചെയ്യുകയും ഈസ്റ്റ് ഇന്ത്യാ കമ്പനി എന്ന്
മുദ്രകുത്തുകയും ചെയ്തു. 1835-ൽ ഇംഗ്ലണ്ടിൽ പാസാക്കിയ
നാണയനിയമം അനുസരിച്ചാണ് ഇന്ത്യ മുഴുവനും ഒരു പോലെയുള്ള നാണയം എന്ന വ്യവസ്‌ഥ
വന്നത്. 1840-ൽ വിക്ടോറിയ രാജ്‌ഞിയുടെ
ചിത്രമുള്ള സ്വർണ,
വെള്ളി നാണയങ്ങൾ
ഇന്ത്യയിൽ പുറത്തിറങ്ങി. 1862-ൽ വിക്ടോറിയാ രാജ്‌ഞിയുടെ
ചിത്രമുള്ള കറൻസി നോട്ടുകളും നാണയങ്ങളും പുറത്തിറങ്ങി. പിന്നീട് എഡ്വേർഡ് ആറാമൻ, ജോർജ് അഞ്ചാമൻ തുടങ്ങിയവരുടെ
ചിത്രങ്ങളുള്ള നാണയങ്ങളും പുറത്തുവന്നു.
സ്വതന്ത്ര
ഇന്ത്യയുടെ നാണയനിർമ്മാണം
ഇന്ത്യ
1947 ഓഗസ്‌റ്റ് 15-ന് സ്വതന്ത്രയായെങ്കിലും 1950 ജനുവരി 26-ന് ജനാധിപത്യ റിപ്പബ്ലിക് ആകുംവരെ
ബ്രിട്ടിഷ് നാണയങ്ങളും നോട്ടുകളുമാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. 1950-ൽ ആദ്യമായി നമ്മുടെ സ്വന്തം നാണയങ്ങളും
നോട്ടുകളും പുറത്തിറങ്ങി. ബ്രിട്ടിഷ് ഇന്ത്യയിലെ നാണയങ്ങളോട് ഏറെ സാമ്യമുള്ള
നാണയങ്ങളാണ് സ്വതന്ത്ര ഇന്ത്യയിലും ആദ്യമായി നിർമിച്ചത്. നാണയങ്ങളുടെ മൂല്യവും
ഭാരവും നിർമിക്കാനുപയോഗിച്ച ലോഹവും എല്ലാം ഒന്നുതന്നെയായിരുന്നു. ബ്രിട്ടിഷ്
രാജാവിന്റെ ചിത്രത്തിനുപകരം അശോകസ്‌തംഭവും രാജാവിന്റെ പേരിനുപകരം ഗവൺമെന്റ് ഓഫ്
ഇന്ത്യ എന്ന എഴുത്തും വന്നു എന്നതായിരുന്നു പ്രധാന വ്യത്യാസം. ഒരു രൂപ, അര രൂപ, കാൽ രൂപ എന്നിവയിൽ നാണയത്തിന്റെ മൂല്യം
കാണിച്ചിരിക്കുന്നതിന് ഇരുവശത്തുമായി രണ്ട് ഗോതമ്പ് കതിരുകളും
ചിത്രീകരിക്കപ്പെട്ടു.
ദശാംശരീതിയുടെ
തുടക്കം
ഇന്ത്യൻ
നാണയചരിത്രത്തിലെ പ്രധാനപ്പെട്ടൊരു വർഷമാണ് 1957. നാണയ വ്യവസ്ഥ ദശാംശരീതിയിൽ പരിഷ്‌കരിച്ച
വർഷമാണത്. ഫ്രാൻസിൽ തുടക്കമിട്ട് ദശാംശരീതി പിന്നീട് മറ്റു രാജ്യങ്ങളിലേക്കും
കടന്നുവന്നപ്പോഴാണ് ഇന്ത്യയും ഈ രീതിയിലേക്ക് മാറിയത്. 1955-ൽ കൊണ്ടുവന്ന ഇന്ത്യൻ നാണയനിയമം
(ഭേദഗതി) 1957 ഏപ്രിൽ ഒന്നിന് നിലവിൽവന്നു.
അങ്ങനെ ഒരു രൂപ 100 പൈസയായി വിഭജിക്കപ്പെട്ടു.
ഒന്ന്, രണ്ട്, അഞ്ച്, പത്ത് പൈസകളുടെ നാണയങ്ങൾ നിലവിൽ വന്നു.
പിന്നീട് 25,
50 പൈസ
എന്നിവയുടെ നാണയങ്ങളും പുറത്തിറക്കി.
ഇന്ത്യയിലെ
സാംസ്കാരിക സ്ഥാപനങ്ങൾ
ബ്രിട്ടീഷ്
ഇന്ത്യയിലെ സാംസ്കാരിക സ്ഥാപനങ്ങൾ
ഇന്ത്യൻ
ദേശീയതയുടെ രൂപപ്പെടലിന് നിരവധി ഘടകങ്ങൾ കാരണമായി. ജാതി-മത-വർഗ-പ്രാദേശിക വ്യത്യാസങ്ങൾക്കുപരിയായി
ഒരു രാജ്യത്തെ ജനതയുടെ മാനസിക ഐക്യമാണ് ദേശീയത. സാമൂഹിക - സാംസ്‌കാരിക
രംഗങ്ങളിലുണ്ടായ നിരവധി മാറ്റങ്ങൾ ഇന്ത്യൻ ജനതയുടെ ദേശീയബോധത്തെ ശക്തമാക്കി.
പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ സാംസ്കാരികരംഗത്തും ആശയതലങ്ങളിലും
രണ്ടുതരത്തിനുള്ള പ്രതിഷേധങ്ങൾ ഉയർന്നുവന്നു. ഇന്ത്യൻ സമൂഹത്തിൽ നിലനിന്ന
അസമത്വങ്ങൾക്കും തിന്മകൾക്കും അവകാശനിഷേധങ്ങൾക്കും എതിരായവ ആയിരുന്നു
ഒന്നാമത്തേത്. ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരുന്ന സാമ്രാജ്യത്വ ചൂഷണത്തിന്
എതിരായവ ആയിരുന്നു രണ്ടാമത്തേത്.
ഇന്ത്യൻ
ജനതയുടെ ജീവിതവും സംസ്കാരവും നന്നായി അറിയേണ്ടത് ഭരണം ശക്തമാക്കാൻ ആവശ്യമാണെന്ന്
ബ്രിട്ടീഷുകാർ മനസ്സിലാക്കി. സംസ്കൃതത്തിലും പേർഷ്യനിലും രചിക്കപ്പെട്ട കൃതികൾ
വായിച്ചും പരിഭാഷപ്പെടുത്തിയും അവർ ഇന്ത്യയെപ്പറ്റിയുള്ള അറിവ് നേടി. ബ്രിട്ടീഷ്
ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനും കൂടുതൽ പഠനങ്ങൾക്കുമായി ബ്രിട്ടീഷുകാർ രൂപം നൽകിയ
സ്ഥാപനങ്ങൾക്ക് ഉദാഹരണങ്ങളാണ് ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ, കൽക്കട്ട മദ്രസ, ബനാറസ് സംസ്കൃത കോളേജ് എന്നിവ.
കൽക്കട്ട
മദ്രസ
1780ൽ വാറൻ ഹേസ്റ്റിങ്‌സാണ്
കൽക്കട്ട മദ്രസ സ്ഥാപിച്ചത്. കൽക്കട്ട മുഹമ്മദൻ കോളേജ് എന്നും ഇതറിയപ്പെട്ടു. 2008ൽ ഈ സ്ഥാപനത്തെ സർവകലാശാലാ
പദവിയിലേക്ക് ഉയർത്തി. അലിയാ യൂണിവേഴ്‌സിറ്റി എന്നാണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ
പേര്.
ഏഷ്യാറ്റിക്
സൊസൈറ്റി ഓഫ് ബംഗാൾ
ഓറിയന്റൽ
പഠനങ്ങൾക്കായി 1784ൽ ഏഷ്യാറ്റിക് സൊസൈറ്റി
സ്ഥാപിച്ചത് സർ വില്യം ജോൺസാണ്. 1936 മുതൽ 1951 വരെ ദി റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ്
ബംഗാൾ എന്നാണ് സ്ഥാപനം അറിയപ്പെട്ടത്. 1951ൽ
സ്ഥാപനത്തിന്റെ പേര് ദി ഏഷ്യാറ്റിക് സൊസൈറ്റി എന്ന് മാറ്റി. ഇന്ത്യയിലെ
പുരാതനരേഖകൾ കണ്ടെത്തി ശേഖരിക്കുക എന്നതായിരുന്നു സൊസൈറ്റിയുടെ പ്രധാന പ്രവർത്തനം.
ബനാറസ്
സംസ്കൃത കോളേജ്
ജൊനാഥൻ
ഡങ്കനാണ് ബനാറസ് സംസ്കൃത കോളേജ് സ്ഥാപിക്കാൻ മുൻകൈ എടുത്തത്. 1791 ലാണ് സ്ഥാപനം നിലവിൽവന്നത്. നിലവിൽ
സമ്പൂർണാനന്ദ സംസ്കൃത വിശ്വവിദ്യാലയം എന്നറിയപ്പെടുന്ന ഈ സ്ഥാപനം ലോകത്തിലെ
ഏറ്റവും പ്രധാനപ്പെട്ട സംസ്കൃത സർവകലാശാലകളിലൊന്നാണ്. സരസ്വതി ഭവന ഗ്രന്ഥമാല
എന്നപേരിൽ സംസ്കൃതഗ്രന്ഥങ്ങൾ പുറത്തിറക്കുന്നത് ഈ സ്ഥാപനമാണ്.
സയന്റിഫിക്
സൊസൈറ്റികൾ
ശാസ്ത്രബോധം
പ്രചരിപ്പിക്കാനും ശാസ്ത്രഗ്രന്ഥങ്ങൾ പരിഭാഷപ്പെടുത്താനും ചർച്ചചെയ്യാനുമായി
നിരവധി സയന്റിഫിക് സൊസൈറ്റികൾ പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ
സ്ഥാപിക്കപ്പെട്ടു. യൂറോപ്യൻ ശാസ്ത്രങ്ങൾ പരിഭാഷപ്പെടുത്തുന്നതിനുള്ള സൊസൈറ്റി 1825ൽ കൊൽക്കത്തയിൽ സ്ഥാപിക്കപ്പെട്ടു. 1838 ലാണ് പൊതുവിവരങ്ങൾ
നേടുന്നതിനുവേണ്ടിയുള്ള സൊസൈറ്റി കൊൽക്കത്തയിൽ സ്ഥാപിച്ചത്. 1876ൽ മഹേന്ദ്രലാൽ സർക്കാർ ബംഗാളിൽ ഇന്ത്യൻ
അസോസിയേഷൻ സ്ഥാപിച്ചു. ബനാറസ് സംവാദക്ലബ് 1861ൽ നിലവിൽവന്നു. 1864ൽ സർ സയ്യിദ് അഹ്മദ് ഖാനാണ് അലിഗഢ്
സയന്റിഫിക് സൊസൈറ്റി സ്ഥാപിച്ചത്. 1868ൽ
ബിഹാർ സയന്റിഫിക് സൊസൈറ്റി നിലവിൽവന്നു.
ഇന്ത്യയിലെ
സാംസ്കാരിക സ്ഥാപനങ്ങൾ
പ്രസാർ
ഭാരതി
ഇന്ത്യയിലെ
പബ്ലിക് സർവീസ് ബ്രോഡ്ക്കാസ്റ്ററാണ് പ്രസാർ ഭാരതി. 1997 നവംബർ 23-ന് ഇന്ത്യയിൽ നിലവിൽ വന്ന
നിയമവിധേയമായി സ്വയം ഭരണാധികാരമുള്ള ഒരു സംഘടനയാണ് പ്രസാർ ഭാരതി. പ്രസാർ
ഭാരതിയുടെ കീഴിൽ ആകാശവാണി,
ദൂരദർശൻ എന്നിവ
പ്രവർത്തിക്കുന്നു. ദേശീയോദ്ഗ്രഥനം, രാജ്യത്തിന്റെ
ഐക്യം ഊട്ടിയുറപ്പിക്കുക,
പൗരന്റെ
അറിയാനുള്ള അവകാശത്തെ പിന്തുണക്കുക, ഗ്രാമീണ-കാർഷിക-വിദ്യാഭ്യാസമേഖലകൾക്ക്
പ്രത്യേക ഊന്നൽ നൽകുക,
സാമൂഹിക നീതി
പ്രചരിപ്പിക്കുക തുടങ്ങിയവ പ്രസാർ ഭാരതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്.
ന്യൂഡൽഹിയാണ് പ്രസാർഭാരതിയുടെ ആസ്ഥാനം.
ആകാശവാണി
ഇന്ത്യയിൽ
ആദ്യത്തെ റേഡിയോ പ്രോഗ്രാം സംപ്രേഷണം ചെയ്തത് 1923ൽ മുംബൈ റേഡിയോ ക്ലബ്ബാണ്. 1927ൽ സ്വകാര്യ ട്രാൻസ്മിറ്ററുകൾ വഴി
മുംബൈയിലും, കൊൽക്കത്തയിലും റേഡിയോ
സംപ്രേഷണം തുടങ്ങി. 1930ൽ സർക്കാർ, ഈ ട്രാൻസ്മിറ്ററുകൾ ഏറ്റെടുത്ത് 'ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് സർവ്വീസ്' എന്ന പേരിൽ റേഡിയോ സംപ്രേഷണം
ആരംഭിച്ചു. 1936ൽ റേഡിയോ സംപ്രേഷണത്തിന് ഓൾ
ഇന്ത്യ റേഡിയോ എന്ന പേരു ലഭിച്ചു. 1936ൽ
മൈസൂരിൽ ആരംഭിച്ച റേഡിയോ സ്റ്റേഷന്റെ പേരായിരുന്നു 'ആകാശവാണി'. മൈസൂർ യൂണിവേഴ്‌സിറ്റിയിലെ
അധ്യാപകനായിരുന്ന ഡോ.എം.വി.ഗോപാലസ്വാമിയുടെ ശ്രമഫലമായിരുന്നു 'ആകാശവാണി'. 1941ൽ റേഡിയോ നിലയത്തെ സർക്കാർ
ഏറ്റെടുത്തു. മൈസൂരിലെ ഈ റേഡിയോ നിലയത്തിന്റെ പേര് കടമെടുത്താണ് 1957ൽ ഓൾ ഇന്ത്യ റേഡിയോയെ 'ആകാശവാണി' എന്ന് നാമകരണം ചെയ്തത്. ആകാശവാണിയുടെ
ആപ്തവാക്യമാണ് 'ബഹുജനഹിതായ, ബഹുജനസുഖായ'.
ദൂരദർശൻ
1959 സെപ്റ്റംബർ 15ന് ഡൽഹിയിലാണ് ഇന്ത്യയിൽ ടെലിവിഷൻ
സംപ്രേഷണം ആരംഭിച്ചത്. ദൂരദർശന്റെ ദിവസേനയുള്ള സംപ്രേഷണം തുടങ്ങിയത് 1965 മുതലാണ്. 1976 സെപ്റ്റംബർ 15ന് ദൂരദർശനെ ഓൾ ഇന്ത്യ റേഡിയോയിൽ
നിന്നും വേർപെടുത്തി. ഇന്ത്യയിൽ,
കളർ ടി.വി
സംപ്രേഷണം തുടങ്ങിയതും,
ദേശീയ തലത്തിൽ
ടി.വി പരിപാടികൾ തുടങ്ങിയതും 1982ലാണ്. 1982 ഓഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിന പരേഡാണ് ഇന്ത്യയിൽ ആദ്യമായി
കളറിൽ സംപ്രേഷണം ചെയ്യപ്പെട്ടത്. 1982ൽ
നടന്ന ന്യൂഡൽഹി ഏഷ്യൻ ഗെയിംസും കളറിലാണ് സംപ്രേഷണം ചെയ്തത്. നിലവിൽ 24 ചാനലുകളാണ് ദൂരദർശനുള്ളത്. ദൂരദർശന്റെ
മെട്രോ ചാനലുകൾ 1993 ജനുവരി 26നു തുടങ്ങി. ദൂരദർശന്റെ അന്തർദേശിയ
ചാനലാണു 'ഡി.ഡി.ഇന്ത്യ'. 1995 മാർച്ച് 14 നാണ് ഡി.ഡി.ഇന്ത്യ സംപ്രേഷണം
തുടങ്ങിയത്. ദൂരദർശന്റെ സ്പോർട്സ് ചാനലായ ഡി.ഡി. സ്പോർട്സ് 1999 മാർച്ച് 18നു തുടങ്ങി. സാംസ്കാരിക പരിപാടികൾക്കായുള്ള
ദൂരദർശൻ ചാനലാണു ഡി.ഡി.ഭാരതി. 2002 ജനുവരി 26ന് ഇത് സംപ്രേഷണം ആരംഭിച്ചു.
ദൂരദർശന്റെ 24 മണിക്കൂർ വാർത്താ ചാനലാണു
ഡി.ഡി. ന്യൂസ്. 2002 നവംബർ 3ന് പ്രവർത്തനം തുടങ്ങി. ഇന്ത്യയിൽ
കർഷകർക്കായി തുടങ്ങിയ ആദ്യ ടെലിവിഷൻ ചാനലാണ് ഡി.ഡി.കിസാൻ. 1986 മുതലാണ് ദൂരദർശൻ വാണിജ്യടിസ്ഥാനത്തിൽ
സംപ്രേഷണം ആരംഭിച്ചത്. ദൂരദർശന്റെ ആപ്തവാക്യമാണ് 'സത്യം, ശിവം, സുന്ദരം'.
ആർക്കിയോളജിക്കൽ
സർവേ ഓഫ് ഇന്ത്യ
ഭാരത
സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള ഒരു ഏജൻസിയാണ് ആർക്കിയോളജിക്കൽ സർവേ
ഓഫ് ഇന്ത്യ. പുരാവസ്തു പഠനത്തിന്റെയും സ്മാരകങ്ങളുടെ സംരക്ഷണവുമാണ് ഈ ഏജൻസിയുടെ
പ്രധാന ചുമതല. 1861ൽ അലക്സാണ്ടർ കണ്ണിങ്ഹാം ആണ്
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ചത്. സർ. വില്യം ജോൺസിന്റെ ഏഷ്യാറ്റിക്
സൊസൈറ്റിയുടെ തുടർച്ചയായിരുന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ഓറിയന്റൽ
പഠനങ്ങൾക്കായി 15 ജനുവരി 1784ലാണ് ഏഷ്യാറ്റിക് സൊസൈറ്റി
സ്ഥാപിതമായത്. ഈ സ്ഥാപനം ഏഷ്യാറ്റിക് റിസർച്ചസ് എന്ന പേരിലൊരു ജേണൽ 1788 മുതൽ പുറത്തിറക്കാനാരംഭിച്ചു. 1814ൽ ആദ്യ മ്യൂസിയം ബംഗാളിൽ ആരംഭിച്ചു.
ഇന്ത്യയിലെ പുരാതനരേഖകൾ കണ്ടെത്തി ശേഖരിക്കുക, പുരാവസ്തു പര്യവേക്ഷണം, രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം
സംരക്ഷിക്കൽ എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന ദൗത്യങ്ങൾ.
നാഷണൽ
ആർക്കൈവ്സ് ഓഫ് ഇന്ത്യ
സ്വാതന്ത്ര്യം
ലഭിക്കുംവരെ ഇംപീരിയൽ റെക്കോഡ് ഡിപ്പാർട്ട്മെന്റ് എന്നറിയപ്പെട്ടിരുന്ന നാഷണൽ
ആർക്കൈവ്സ് ഓഫ് ഇന്ത്യ 1891 മാർച്ച് 11ന് കൊൽക്കത്തയിൽ രൂപംകൊണ്ടു. ഈ
സ്ഥാപനത്തിന്റെ ആദ്യകാല മേൽനോട്ടം ജി.ഡബ്ല്യു. ഫോറസ്റ്റിനായിരുന്നു. ഇപ്പോൾ
ന്യൂഡൽഹിയാണ് ആസ്ഥാനം. നിയോ-ക്ലാസിക്കൽ ശൈലിയിൽ നിർമ്മിച്ച ന്യൂഡൽഹിയിലെ
മന്ദിരത്തിന്റെ ആർക്കിടെക്ട് എഡ്‌വിൻ
ല്യൂട്ടൻസാണ്. ഭാരത സർക്കാരിന്റെ പഴയകാല രേഖകളും മറ്റും സൂക്ഷിക്കുന്നതിനായി
പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്ഥാപനമാണ് നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ. സാംസ്കാരിക
മന്ത്രാലയത്തിനു കീഴിലാണ് ഇതിന്റെ പ്രവർത്തനം. ഇവിടെയുള്ള രേഖകൾ പൊതുജനങ്ങൾക്കും
പരിശോധിക്കാവുന്നതാണ്. എ.ഡി. 1748 മുതലുള്ള രേഖകൾ ഇവിടെ
സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇംഗ്ലീഷ്, അറബി, ഹിന്ദി, പേർഷ്യൻ, സംസ്കൃതം, ഉർദു എന്നീ ഭാഷകളിലുള്ള പല പ്രധാന
രേഖകളും ഇതിൽ ഉൾപ്പെടുന്നു. പനയോല, മരത്തോൽ, കടലാസ് എന്നിവയിലുള്ള പുരാതന രേഖകൾ ഇപ്പോഴും
കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട്.
ആന്ത്രോപ്പോളജിക്കൽ
സർവേ ഓഫ് ഇന്ത്യ
കേന്ദ്ര
സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആന്ത്രോപ്പോളജിക്കൽ സർവേ, 1945 ലാണ് സ്ഥാപിതമായത്.
കൊൽക്കത്തയാണ് ആസ്ഥാനം.
നാഷണൽ
മ്യൂസിയം
1949 ഓഗസ്റ്റ് 15ന് ന്യൂഡൽഹിയിലാണ് നാഷണൽ മ്യൂസിയം ഉദ്‌ഘാടനം
ചെയ്യപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയമാണിത്.
നാഷണൽ
ലൈബ്രറി
ഇന്ത്യയിലെ
ഏറ്റവും വലിയ ലൈബ്രറിയാണ് കൊൽക്കത്തയിലുള്ള നാഷണൽ ലൈബ്രറി. 1948ൽ സ്ഥാപിതമായി. കൊൽക്കത്ത നഗരത്തിലുള്ള
മുപ്പത് ഏക്കറോളം വരുന്ന ബെൽവെഡെർ എസ്റ്റേറ്റിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.
സെൻട്രൽ
സെക്രട്ടേറിയറ്റ് ലൈബ്രറി
ഇംപീരിയൽ
സെക്രട്ടേറിയറ്റ് ലൈബ്രറി എന്ന പേരിൽ 1891ൽ
കൊൽക്കത്തയിൽ പ്രവർത്തനം ആരംഭിച്ചു. 1969
മുതൽ ന്യൂഡൽഹിയിലെ ശാസ്ത്രിഭവനിൽ പ്രവർത്തിക്കുന്നു.
നാഷണൽ
ഗാലറി ഓഫ് മോഡേൺ ആർട്ട്
സമകാലീന
ഇന്ത്യൻ കലയുടെ പരിപോഷണം ലക്ഷ്യമിട്ട് 1954ൽ
ന്യൂഡൽഹിയിലാണ് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് സ്ഥാപിതമായത്.
ലളിതകലാ
അക്കാദമി
1954ൽ ന്യൂഡൽഹിയിൽ സ്ഥാപിതമായ
ലളിതകലാ അക്കാദമിയുടെ (നാഷണൽ അക്കാദമി ഓഫ് ആർട്സ്) പ്രധാന ലക്ഷ്യം, ഇന്ത്യക്കകത്തും പുറത്തും ഇന്ത്യൻ കലകളുടെ
പ്രചാരണമാണ്.
സംഗീത
നാടക അക്കാദമി
1953 ജനുവരി 28ന് സംഗീത നാടക അക്കാദമിയുടെ ഉദ്‌ഘാടനം
നിർവഹിച്ചത് രാഷ്ട്രപതിയായിരുന്ന ഡോ.രാജേന്ദ്രപ്രസാദാണ്. ദി നാഷണൽ അക്കാദമി ഓഫ്
ഡാൻസ്, ഡ്രാമ ആൻഡ് മ്യൂസിക് എന്നാണിത്
മുൻപ് അറിയപ്പെട്ടത്. ന്യൂഡൽഹിയാണ് ആസ്ഥാനം.
നാഷണൽ
സ്‌കൂൾ ഓഫ് ഡ്രാമ
സംഗീത
നാടക അക്കാദമിയുടെ കീഴിൽ 1959ൽ ന്യൂഡൽഹിയിൽ സ്ഥാപിതമായി.
എല്ലാവർഷവും, സ്കൂൾ ഓഫ് ഡ്രാമ
സംഘടിപ്പിക്കുന്ന കുട്ടികളുടെ നാടക ഉത്സവമാണ് ജഷ്ൻ-ഇ-ബച്പൻ'. 'ഭാരത് രംഗ് മഹോത്സവ്' എല്ലാവർഷവും നടത്തപ്പെടുന്ന ദേശീയ
നാടകമേളയാണ്.
സാഹിത്യ
അക്കാദമി
സാഹിത്യ
അക്കാദമി 1954 മാർച്ചിൽ നിലവിൽ വന്നു. 24 ഭാഷകൾ സാഹിത്യ അക്കാദമി
അംഗീകരിച്ചിട്ടുണ്ട്. എഴുത്തുകാർക്ക് സാഹിത്യ അക്കാദമി നൽകുന്ന ഉയർന്ന ബഹുമതിയാണ് 'ഫെലോ' ആയി തിരഞ്ഞെടുക്കുന്നത്.
ഇന്ത്യയിലെ മ്യൂസിയങ്ങൾ
ഇന്ത്യയുടെ
മഹത്തായ പൈതൃകവും സമ്പന്നമായ സംസ്ക്കാരവും ഇന്നും മാറ്റുകുറയാതെ കാത്തുസൂക്ഷിച്ചിരിക്കുന്ന
മ്യൂസിയങ്ങൾ പലതമുണ്ട്. അതിൽ ഏറ്റവും തലയെടുപ്പോടുകൂടി നിൽക്കുന്നത് കൊൽക്കത്തയിലെ
ഇന്ത്യൻ മ്യൂസിയമാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്നതും വലുതുമായ ഈ മ്യൂസിയം 1814-ലാണ്
പണികഴിപ്പിച്ചത്. ഇത് ചരിത്രക്കാരന്മാരെയും കലാസ്നേഹികളെയും ആകർഷിച്ചതോടെ പുതിയ മ്യൂസിയങ്ങൾ
രാജ്യത്ത് തുറക്കുന്നതിന് പ്രചോദനമായി. നിലവിൽ നാന്നൂറിലധികം മ്യൂസിയങ്ങൾ ഇന്ത്യയിലുണ്ട്.
ഇന്ത്യൻ മ്യൂസിയം
ഇന്ത്യൻ
ഉപഭൂഖണ്ഡത്തിലെന്നല്ല ഏഷ്യ പസഫിക്ക് റീജണിൽ തന്നെയുള്ള ഏറ്റവും വലിയ മ്യൂസിയമാണ് കൊൽക്കത്തയിലെ
ഇന്ത്യൻ മ്യൂസിയം. ഏഷ്യാറ്റിക്ക് സൊസൈറ്റിയുടെ കീഴിലാണ് ഇന്ത്യൻ മ്യൂസിയം പ്രവർത്തിക്കുന്നത്.
1784-ൽ കൊൽക്കത്തയിൽവെച്ചാണ് ഏഷ്യാറ്റിക്ക് സൊസൈറ്റി ജനിക്കുന്നത്. ഇന്ത്യയ്ക്കുവേണ്ടി
സേവനം ചെയ്യാൻ ജീവിതമുഴിഞ്ഞുവെച്ച സർ. വില്യം ജോൺസാണ് സൊസൈറ്റി രൂപവത്കരിക്കുന്നതിന്
ചുക്കാൻപിടിച്ചത്. അദ്ദേഹം തന്നെയാണ് മ്യൂസിയം പണിയണമെന്ന ആശയം മുന്നോട്ടുവെച്ചതും.
1808-ൽ ഗവൺമെന്റിന്റെ അധീനതയിലുണ്ടായിരുന്ന പാർക്ക് സ്ട്രീറ്റിലെ വിജനമായ പ്രദേശത്ത്
അതിന്റെ പ്രാരംഭഘട്ട ജോലികൾ സൊസൈറ്റി തുടങ്ങിവെച്ചു. ആറുവർഷത്തിനുശേഷം മ്യൂസിയത്തിന്
കാതലായ മാറ്റങ്ങൾ വന്നു. അതിന് നേതൃത്വം നൽകിയത് ഡാനിഷ് ബോട്ടണിസ്റ്റായ ഡോ.നതാനിയൽ
വാലിച്ചാണ്. സെരാംപൂർ ജയിലിലായിരുന്ന നതാനിയലിനെ ഗവൺമെന്റ് മ്യൂസിയം നിർമിക്കുന്നതിനായി
കൊണ്ടുവന്നു. അദ്ദേഹം ഏഷ്യാറ്റിക്ക് സൊസൈറ്റിക്ക് മുൻപാകെ ഒരു പ്രൊപ്പോസലും നൽകി. ആ
പ്രൊപ്പോസലിന് ഏഷ്യാറ്റിക്ക് സൊസൈറ്റി പച്ചക്കൊടി കാണിച്ചതോടെ ഇന്ത്യൻ മ്യൂസിയം പതിയെ
എഴുന്നേറ്റുനിൽക്കാൻ തുടങ്ങി. 1814 ഫെബ്രുവരി 2ന് ഇന്ത്യയിലെ ആദ്യ മ്യൂസിയം എന്ന ഖ്യാതിയോടെ
ഇന്ത്യൻ മ്യൂസിയം നിലവിൽവന്നു. കൗതുകമുണർത്തുന്നതും വിലപിടിപ്പുള്ളതും ചരിത്രപ്രാധാന്യമുള്ളതുമായ
നിരവധി വസ്തുക്കൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി മ്യൂസിയത്തിലേക്ക് കൊണ്ടുവന്നു.
1816-ൽ 174 വസ്തുക്കളുള്ള വലിയൊരു ഉപഹാരം 27 യൂറോപ്യൻ രാജ്യങ്ങൾ മ്യൂസിയത്തിനുവേണ്ടി
നൽകി. ഇന്ത്യയിൽനിന്ന് സമ്മാനമായി നിരവധി അമൂല്യവസ്തുക്കൾ മ്യൂസിയത്തിലേക്ക് ഒഴുകി.
1837-ൽ മ്യൂസിയത്തെ ദേശീയ മ്യൂസിയമാക്കാൻ സർക്കാർ തീരുമാനമെടുത്തു. 1840 മുതൽ മ്യൂസിയം
തുറന്നുപ്രവർത്തിക്കാൻ തുടങ്ങി. ഏഷ്യാറ്റിക്ക് മ്യൂസിയം എന്ന പേരിലാണ് ആദ്യം മ്യൂസിയം
അറിയപ്പെട്ടത്. പിന്നീട് അത് ഇംപീരിയൽ മ്യൂസിയമെന്നാക്കി. ഇന്ത്യയ്ക്ക് സ്വാതന്ത്യം
ലഭിച്ചതിനുശേഷമാണ് ഇന്ത്യൻ മ്യൂസിയം എന്ന പേര് കൈവന്നത്. കല, ആർക്കിയോളജി, ആന്ത്രോപ്പോളജി
എന്നീ വിഭാഗങ്ങളായാണ് ഇന്ന് മ്യൂസിയം പ്രവർത്തിക്കുന്നത്. അതിനോടൊപ്പം എട്ട് സഹ സർവീസുകളും
മ്യൂസിയം നൽകുന്നുണ്ട്. പ്രിസർവേഷൻ, പബ്ലിക്കേഷൻ, ഫോട്ടോഗ്രഫി, പ്രസന്റേഷൻ, മോഡലിങ്,
വിദ്യാഭ്യാസം, ലൈബ്രറി എന്നിവയാണവ. ഇന്ത്യൻ മ്യൂസിയത്തിന് സ്വന്തമായി ഒരു മെഡിക്കൽ
യൂണിറ്റ് തന്നെയുണ്ട്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലാണ് ഇന്ന് ഇന്ത്യൻ
മ്യൂസിയം പ്രവർത്തിക്കുന്നത്. ദിവസേന പതിനായിരക്കണക്കിന് സഞ്ചാരികളാണ് മ്യൂസിയം സന്ദർശിക്കാനായി
എത്തുന്നത്.
നാഷണൽ മ്യൂസിയം
ഇന്ത്യയിലെ
ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നാണ് നാഷണൽ മ്യൂസിയം. ചരിത്രവുമായി വലിയ ബന്ധമുള്ള ഈ
മ്യൂസിയം 1949-ൽ ഡൽഹിയിലെ ജനപഥിലാണ് നിർമിച്ചത്. ഇന്ത്യ ഭരിച്ച രാജാക്കന്മാർ ഉപയോഗിച്ച
ട്രെയിനുകളിലെ ബോഗികൾ കാണാൻ പറ്റിയ ഇടമാണ് ഈ മ്യൂസിയം. നിരവധി അമൂല്യവസ്‌തുക്കളുടെ
കലവറയാണ് നാഷണൽ മ്യൂസിയം. ആഭരണങ്ങൾ, പെയിന്റിങ്ങുകൾ, ആയുധങ്ങൾ, മനുസ്‌മൃതി തുടങ്ങിയവയും
മ്യൂസിയത്തിലുണ്ട്. മ്യൂസിയത്തിലെ മറ്റൊരു ഭാഗത്ത് ബുദ്ധമതവിശ്വാസികൾക്കായി ഒരുക്കിയ
പ്രത്യേക വിഭാഗമുണ്ട്. അവിടെ ശ്രീബുദ്ധന്റെ വലിയൊരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അശോക
ചക്രവർത്തി നിർമിച്ച പ്രതിമയാണത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ചെന്നൈയിലെ ഗവൺമെന്റ് മ്യൂസിയം
മദ്രാസ്
മ്യൂസിയമെന്ന പേരിൽ പ്രസിദ്ധമാണ് ഗവൺമെന്റ് മ്യൂസിയം. ചെന്നൈ എഗ്‌മോറിലാണ് ഇത്.
1851-ൽ പണികഴിപ്പിച്ച ഈ മ്യൂസിയത്തിൽ ജിയോളജി, സുവോളജി, ആന്ത്രോപ്പോളജി, ബോട്ടണി എന്നീ
വിഷയങ്ങളുമായി ബന്ധപ്പെട്ട വസ്‌തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ സ്ഥിതിചെയ്യുന്നതുകൊണ്ടുതന്നെ
ഇവിടത്തെ സംസ്‌കാരങ്ങളെയാണ് ഈ മ്യൂസിയം കൂടുതൽ എടുത്തുകാണിക്കുന്നത്. ചാലൂക്യന്മാർ,
ചോളന്മാർ തുടങ്ങിയവരുടെ അവശേഷിപ്പുകളും വിജയനഗര സാമ്രാജ്യത്തിലെ പരമപ്രധാനമായ ചില വസ്‌തുക്കളും
മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. കുട്ടികൾക്കായി ഒരു പ്രത്യേക സെക്ഷനും മ്യൂസിയത്തിൽ
ഒരുക്കിയിട്ടുണ്ട്. ലൈബ്രറിയാണ് മ്യൂസിയത്തിന്റെ പ്രധാന സവിശേഷത. കഴിഞ്ഞ കാലത്തിന്റെ
ഓർമകൾ പേറുന്ന പുരാതനമായ നിരവധി ഗ്രന്ഥങ്ങൾ ഗവൺമെന്റ് മ്യൂസിയത്തിന്റെ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ശങ്കേഴ്സ് ഇന്റർനാഷണൽ പാവ മ്യൂസിയം
പാവകളെ
ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്? ഒരു വലിയ കെട്ടിടം നിറയെ പാവകളുടെ പ്രദർശനമായാലോ? അതാണ്
ഡൽഹിയിലെ ശങ്കേഴ്സ് ഇന്റർനാഷണൽ പാവ മ്യൂസിയം യാഥാർഥ്യമാക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള
പാവകൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ന്യൂസിലൻഡ്, യുണൈറ്റഡ് കിങ്ഡം, അമേരിക്ക
തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പാവകളെ ഒരു സെക്ഷനായി തിരിച്ചിട്ടുണ്ട്. രണ്ടാമത്തെ
സെക്ഷനിൽ മിഡിൽ ഈസ്റ്റ്, ഇന്ത്യ, ഏഷ്യൻ രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവയിൽനിന്ന്
ശേഖരിച്ച പാവകളാണ് സൂക്ഷിച്ചിരിക്കുന്നത്. ഗ്ലാസ് കേസുകളിലാണ് പാവകൾ സൂക്ഷിച്ചിരിക്കുന്നത്.
അവയിൽ പലതും വർഷങ്ങളോളം പഴക്കമുള്ളവയാണ്. പല തരത്തിലുള്ള സംസ്‌കാരത്തെ സൂചിപ്പിക്കുന്ന
പാവകളും ഇവിടെയുണ്ട്. ഇന്ത്യൻ നൃത്തകലാരൂപങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാവകൾ, വരന്റെയും
വധുവിന്റെയും വിവിധ വേഷങ്ങളിലുള്ള പാവകൾ എന്നിവ അവയിൽ ചിലതുമാത്രം.
സാലാർ ജങ് മ്യൂസിയം
നൈസാമുകളുടെ
നാടായ ഹൈദരാബാദിൽ തലയെടുപ്പോടെ നിൽക്കുന്ന മ്യൂസിയമാണ് സാലാർ ജങ്. വളരെ വ്യത്യസ്തമായ
കാഴ്‌ചകളാണ് ഈ മ്യൂസിയം സഞ്ചാരികൾക്കായി ഒരുക്കുന്നത്. പെയിന്റിങ്ങുകൾ, വസ്ത്രങ്ങൾ,
മെറ്റൽ വാസ്‌തുകലാശില്പങ്ങൾ, ക്ലോക്കുകൾ, കൊത്തുപണികൾ തുടങ്ങിയവയാണ് അതിൽ പ്രധാനം.
അവ മിക്കതും അന്യരാജ്യങ്ങളിൽനിന്ന് കൊണ്ടുവന്നതാണ്. ചൈന, നോർത്ത് അമേരിക്ക, ഈജിപ്ത്,
നേപ്പാൾ, യൂറോപ്പ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വസ്‌തുക്കളാണ് കൂടുതലായും
മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ പൈതൃകം പേറുന്ന നിരവധി കലാസൃഷ്ടികളും
മ്യൂസിയത്തിലുണ്ട്. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും മ്യൂസിയം തുറന്നുപ്രവർത്തിക്കും.
നാഷണൽ റെയിൽ മ്യൂസിയം
ന്യൂഡൽഹിയിലെ
ചാണക്യപുരിയിലാണ് നാഷണൽ റെയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്. വിവിധ രൂപങ്ങളിലുള്ള നൂറോളം
ട്രെയിനുകൾ ഇവിടെ പ്രദർശനത്തിനായി വെച്ചിട്ടുണ്ട്. പത്ത് ഏക്കർ വിശാലമായ പ്രദേശത്താണ്
പാർക്ക് സ്ഥിതിചെയ്യുന്നത്. സഞ്ചാരികൾക്ക് അവിടം മൊത്തം ചുറ്റിക്കാണാൻ ഒരു പൈതൃക ട്രെയിൻ
സർവീസ് ഉണ്ട്. പഴക്കം ചെന്ന ഫർണിച്ചർ, എൻജിനുകൾ, ബോഗികൾ, വർക്കിങ് മോഡലുകൾ, ചരിത്രപ്രാധാന്യമുള്ള
ഫോട്ടോകൾ, സിഗ്നൽ നൽകാൻ ഉപയോഗിക്കുന്ന വസ്‌തുക്കൾ തുടങ്ങിയവയുടെ പ്രദർശനവും മ്യൂസിയത്തിലുണ്ട്.
തിങ്കൾ ഒഴികെ എല്ലാദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ മ്യൂസിയം പ്രവർത്തിക്കുന്നു.
കാലിക്കോ മ്യൂസിയം
അഹമ്മദാബാദ്
നഗരത്തിന്റെ ആകർഷണങ്ങളിലൊന്നാണ് കാലിക്കോ മ്യൂസിയം. 1949-ൽ ഗൗതം സാരാഭായിയും അദ്ദേഹത്തിന്റെ
സഹോദരി ഗിര സാരാഭായിയും ചേർന്നാണ് മ്യൂസിയത്തിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
തുണികൾക്ക് മാത്രമായുള്ള ഒരു പ്രത്യേക മ്യൂസിയമാണിത്. അതിപുരാതനമായ തുണികൾ വരെ ഇവിടെ
പ്രദർശനത്തിനുവെച്ചിട്ടുണ്ട്. ഒപ്പം ഇന്ത്യയുടെ പട്ടിന്റെ പെരുമ മാറ്റുകുറയാതെ സഞ്ചാരികളിലേക്ക്
മ്യൂസിയം എത്തിക്കുന്നുമുണ്ട്. ഇന്ത്യ മുഗൾ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന സമയത്ത്
രാജാക്കന്മാരും പ്രജകളും ധരിച്ചിരുന്ന വസ്ത്രങ്ങളും ബ്രിട്ടീഷ് കാലത്ത് ഉപയോഗിച്ചിരുന്ന
വസ്ത്രങ്ങളുമെല്ലാം കാലിക്കോ മ്യൂസിയത്തിൽ പ്രദർശനത്തിനുവെച്ചിട്ടുണ്ട്. ഒപ്പം പുരാതന
ഇന്ത്യയിൽ ഉപയോഗിച്ചിരുന്ന വിവിധ ഗൃഹോപകരണങ്ങളുടെയും വസ്‌തുക്കളുടെയും
കമനീയശേഖരവും മ്യൂസിയത്തിലുണ്ട്.
ഡോ. ഭാവു ദാജി ലഡ് മ്യൂസിയം
ഇന്ത്യയുടെ
കലാരംഗം പുരാതനകാലം തൊട്ട് എത്ര പ്രൗഢമായിരുന്നു എന്ന് കാണിച്ചുതരുകയാണ് ഡോ.ഭാവു ദാജി
ലഡ് മ്യൂസിയം. പത്തൊൻപതാം നൂറ്റാണ്ടിലെ മിക്ക കലാസൃഷ്ടികളും ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
1872 മേയ് 2-നാണ് മ്യൂസിയം സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. ആ സമയത്ത് വിക്ടോറിയ
ആൻഡ് ആൽബർട്ട് മ്യൂസിയം എന്നതായിരുന്നു പേര്. മുംബൈയിലെ റാണി ബാഗിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്.
അതിപുരാതനമായ ഫോട്ടോഗ്രാഫുകൾ, കളിമൺ പ്രതിമകൾ, മാപ്പുകൾ, തുണിത്തരങ്ങൾ എന്നിവയും മ്യൂസിയത്തിൽ
പ്രദർശിപ്പിച്ചിട്ടുണ്ട്.
നേപ്പിയർ മ്യൂസിയം
കേരളത്തിലെ
ഏറ്റവും പ്രൗഢമായ മ്യൂസിയങ്ങളിലൊന്നാണ് നേപ്പിയർ മ്യൂസിയം. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത്
സ്ഥിതിചെയ്യുന്ന ഈ മ്യൂസിയം സ്ഥാപിക്കപ്പെട്ടത് 1855-ലാണ്. 1874-ൽ ഇതിന്റെ പഴയ കെട്ടിടം
പൊളിച്ച് പുതിയ കെട്ടിടത്തിന്റെ അടിത്തറ പണിതു. 1866 മുതൽ 1872 വരെ മദ്രാസ് സർക്കാരിന്റെ
ഗവർണറായിരുന്ന നേപ്പിയർ പ്രഭുവിന്റെ പേരിൽ പുതിയ കെട്ടിടം നാമകരണം ചെയ്‌തു. റോബർട്ട്
കിസോം എന്ന വാസ്തുകലാ വിദഗ്‌ധനാണ് ഈ മ്യൂസിയത്തിന് രൂപരേഖ നൽകിയത്. ഈ മ്യൂസിയത്തിൽ
ചരിത്രപ്രാധാന്യമുള്ള ധാരാളം പൗരാണിക വസ്തുതുക്കളും വെങ്കല പ്രതിമകളും ആഭരണങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.
കൂടാതെ പുരാതനകാലത്തെ ഒരു വലിയ തേരും ആനക്കൊമ്പ് കൊണ്ടുള്ള കൊത്തുപണികളും ഇവിടെ കാണാം.
മ്യൂസിയത്തിനകത്ത് ശ്രീചിത്ര ആർട്ട് ഗാലറിയും സ്ഥിതിചെയ്യുന്നു. ഇവിടെ രാജാ രവിവർമയുടെയും
നിക്കോളാസ് റോറിച്ചിന്റെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ മുഗൾ വംശകാലത്തെ
ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. ഇതിന്റെ പരിസരത്തുതന്നെയാണ് തിരുവനന്തപുരം
മൃഗശാലയും സ്ഥിതിചെയ്യുന്നത്.
മോട്ടോർ സൈക്കിൾ മ്യൂസിയം
വിന്റേജ്
കാറുകളുടെ മ്യൂസിയം ഇപ്പോൾ ഏറക്കുറെ സാധാരണമായിരിക്കുകയാണ്. എന്നാൽ വിന്റേജ് മോട്ടോർ
സൈക്കിളുകൾക്ക് മാത്രമായി ഒരു മ്യൂസിയം ഒരുക്കിയിരിക്കുകയാണ് എസ്.കെ. പ്രഭു എന്ന വാഹനപ്രേമി.
ബെംഗളൂരുവിന് സമീപത്തായി പുലകേശി നഗറിലാണ് അദ്ദേഹം ലെജന്റ് മോട്ടോർ സൈക്കിൾ മ്യൂസിയം
എന്ന പേരിൽ ഒരു മ്യൂസിയം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്തെ മോട്ടോർ സൈക്കിളുകൾ
ഉൾപ്പെടെ ഇരുപതിലധികം മോട്ടോർ സൈക്കിളുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇന്ദ്രോദ ദിനോസർ ആൻഡ് ഫോസിൽ പാർക്ക്
സബർമതിനദിയുടെ
തീരത്തായി ഏകദേശം 400 ഹെക്ടർ സ്ഥലത്തായി പരന്നുകിടക്കുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്
ഇന്ദ്രോദ ദിനോസർ ആൻഡ് ഫോസിൽ പാർക്ക്. ഇന്ത്യയിലെ ഏക ദിനോസർ മ്യൂസിയമാണ് ഇത്. ഗുജറാത്ത്
ഇക്കോളജിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷനാണ് ഇന്ദ്രോദ ദിനോസർ ആൻഡ് ഫോസിൽ പാർക്ക്
നോക്കിനടത്തുന്നത്. ഇന്ത്യയുടെ ജുറാസിക് പാർക്ക് എന്നൊരു വിളിപ്പേരും ഇന്ദ്രോദ ദിനോസർ
ആൻഡ് ഫോസിൽ പാർക്കിനുണ്ട്.
ഐലൻഡ് മ്യൂസിയം
തെലങ്കാനയിലെ
നൽഗൊണ്ട ജില്ലയുടെ ഭാഗമായ നാഗാർജുനകൊണ്ട ബുദ്ധകേന്ദ്രമെന്ന പേരിൽ പ്രസിദ്ധമാണ്. നാഗാർജുന
സാഗറിൽനിന്ന് വളരെ അടുത്തായിട്ടാണ് ദ്വീപ് പോലുള്ള ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ബുദ്ധമതവുമായി
ബന്ധപ്പെട്ട കാര്യങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു മ്യൂസിയം ഇവിടെയുണ്ട്. ഇത് ഐലൻഡ്
മ്യൂസിയം എന്ന പേരിൽ അറിയപ്പെടുന്നു.
സബ്‌മറൈൻ മ്യൂസിയം
ഏഷ്യയിലെതന്നെ
ഒരേ ഒരു സബ്മറൈൻ മ്യൂസിയമാണ് വിശാഖപട്ടണത്തിലെ രാമകൃഷ്ണ ബീച്ചിൽ ഉള്ളത്. സ്‌മൃതിക എന്നാണ്
മ്യൂസിയം അറിയപ്പെടുന്നത്. 2001-ൽ ആണ് ഐ.എൻ.എസ്. കുർസുര എന്ന റഷ്യൻ അന്തർവാഹിനിക്കപ്പൽ
മ്യൂസിയമാക്കി മാറ്റിയത്. നിരവധി സഞ്ചാരികളാണ് ഈ മ്യൂസിയം കാണാനായി ദിവസേനയെത്തുന്നത്.
ടോയ്‌ലെറ്റ് മ്യൂസിയം
പേരുകേൾക്കുമ്പോൾ
കൗതുകത്തിനൊപ്പം ചിരിയും വരുന്നുണ്ടാകും. പക്ഷേ ഇങ്ങനെയൊരു മ്യൂസിയമുണ്ട്. ഡൽഹിയിലാണത്.
സുലഭ് ഇന്റർനാഷണൽ മ്യൂസിയം ഓഫ് ടോയ്‌ലെറ്റ് എന്നാണ് ഈ മ്യൂസിയത്തിന്റെ പേര്. പഴയകാലങ്ങളിൽ
എത്തരത്തിലുള്ള ടോയ്‌ലെറ്റുകളാണ് ഉപയോഗിച്ചിരുന്നതെന്ന് ഈ മ്യൂസിയത്തിൽ എത്തുമ്പോൾ
നമുക്ക് മനസ്സിലാകും. അതുപോലെ തന്നെ വിവിധ തരത്തിലുള്ള സാനിറ്ററി ഉപകരണങ്ങളും ഇവിടെ
പ്രദർശിപ്പിച്ചിട്ടുണ്ട്.
അർണ ഝർണ
രാജസ്ഥാന്റെ
സംസ്‌കാരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഓപ്പൺ മ്യൂസിയമാണിത്. അർണ ഝർണ എന്നാണ് ഈ ഡസേർട്ട്
മ്യൂസിയത്തിന്റെ പേര്. മറ്റ് മ്യൂസിയങ്ങൾ പോലെ എന്തെങ്കിലും കെട്ടിടത്തിനുള്ളിലല്ല
ഈ മ്യൂസിയം പ്രവർത്തിക്കുന്നത്. ജോധ്‌പുരിൽനിന്ന് 23 കിലോമീറ്റർ അകലെയായി അർണേശ്വർ
ക്ഷേത്രത്തിന് സമീപത്തായാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
മെഴുക് മ്യൂസിയം
ലോകപ്രശസ്ത
മെഴുക് മ്യൂസിയമായ മാഡം തുസൗഡ്‌സിന്റെ ഇരുപതിനാലാമത്തെ മ്യൂസിയമാണ് ഡൽഹിയിൽ സ്ഥിതിചെയ്യുന്ന
മാഡം തുസൗഡ്‌സ് ഹോളിവുഡ്. ന്യൂഡൽഹിയിലെ റീഗൽ സിനിമയുടെ രണ്ടാമത്തെ നിലയിലാണ് ഇതുള്ളത്.
ഇന്ന് ഡൽഹിയിലെ ഏറ്റവും തിരക്കുള്ള സ്ഥലങ്ങളിലൊന്നുകൂടിയായി ഇവിടം മാറിയിട്ടുണ്ട്.
കുട്ടികളെയാണ് ഇവിടത്തെ കാഴ്‌ചകൾ കൂടുതലും ആകർഷിക്കുന്നത്. സിനിമാതാരങ്ങളുടെ ജീവൻ തുടിക്കുന്ന
മെഴുകുപ്രതിമകളോടൊപ്പം നിന്ന് ഫോട്ടോ എടുക്കാം എന്നതാണ് ഇവിടത്തെ ഏറ്റവും വലിയ ആകർഷണം.
ഗാന്ധി മ്യൂസിയം
ഗാന്ധിജിയുടെ
കൊലപാതകത്തിനുശേഷം അദ്ദേഹത്തെ കൂടുതലറിയുവാൻ താത്പര്യമുള്ളവർക്കായി നിർമിക്കപ്പെട്ട
മ്യൂസിയമാണ് ഡൽഹിയിലെ നാഷണൽ ഗാന്ധി മ്യൂസിയം. ഇന്ത്യയിലെ ഏറ്റവും വലിയ ഗാന്ധി മ്യൂസിയം
കൂടിയാണിത്. രാജ്ഘട്ടിലാണിത് സ്ഥിതിചെയ്യുന്നത്.
രാഷ്ട്രപതിഭവൻ മ്യൂസിയം
രാഷ്ട്രപതിഭവൻ
88 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിനോടനുബന്ധിച്ചാണ് രാഷ്ട്രപതിഭവൻ മ്യൂസിയം 2016-
ൽ നിർമിച്ചത്. ബ്രിട്ടീഷുകാർ നിർമിച്ച രാഷ്ട്രപതിഭവന്റെ ചരിത്രവും സ്വാതന്ത്ര്യംവരെ
അവിടെ ജീവിച്ച വൈസ്രോയിമാരുടെയും പിന്നീട് ഇന്ത്യ ഭരിച്ച രാഷ്ട്രപതിമാരുടെയും ചരിത്രവും
ജീവിതവും സ്വാതന്ത്ര്യത്തിന്റെ നാൾവഴികളുമെല്ലാം മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. രാഷ്ട്രപതിഭവനിലെ
പൈതൃക കെട്ടിടത്തിന്റെ സമീപമാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. ഇതിനോടുചേർന്ന് ഒരു ആർട്ട്
ഗാലറിയും ഒരുക്കിയിട്ടുണ്ട്. മലയാളികൾക്ക് അഭിമാനിക്കാനായി കുമരകത്തെ കെട്ടുവള്ളവും
അൽഫോൺസാമ്മയുടെ ഓർമകളുമെല്ലാം മ്യൂസിയത്തിലുണ്ട്. ഇന്ത്യയിലെ രാഷ്ട്രപതിമാരുടെ ഛായാചിത്രങ്ങളും
പ്രതിമകളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ
ഇന്ത്യയിലെ
ആദ്യ സിനിമാ മ്യൂസിയം മുംബൈ ഫിലിംസ് ഡിവിഷൻ ആസ്ഥാനത്താണ് പ്രവർത്തിക്കുന്നത്. ശ്യാം
ബെനഗലിന്റെ നേത്യത്വത്തിലുള്ള സമിതിയാണ് മ്യൂസിയത്തിന്റെ നിർമാണത്തിന് മേൽനോട്ടം വഹിച്ചത്.
മുംബൈ ഫിലിംസ് ഡിവിഷൻ ആസ്ഥാനത്തെ ഗുൽഷൻ മഹലിലും ഫിലിംസ് ഡിവിഷന്റെ പഴയ ഡെമോ സ്റ്റുഡിയോയിലുമാണ്
നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ എന്ന പേരിൽ മ്യൂസിയം നിർമിച്ചിരിക്കുന്നത്. ന്യൂയോർക്കിലെ
മ്യൂസിയം ഓഫ് മൂവിങ് ഇമേജസ്, ലണ്ടൻ ഫിലിം മ്യൂസിയം എന്നിവയുടെ മാതൃകയിൽ തയ്യാറാക്കിയ
സിനിമാ മ്യൂസിയം ഏഷ്യയിലെ ആദ്യത്തെ ബൃഹദ് ചലച്ചിത്ര മ്യൂസിയമാണ്. 140 കോടി രൂപയാണ്
നിർമാണച്ചെലവ്. ശ്യാം ബെനഗൽ തലവനായ ഉപദേശക സമിതിയും പ്രസൂൺ ജോഷിയുടെ നേത്യത്വത്തിലുള്ള
മ്യൂസിയം പുനരുദ്ധാരണ സമിതിയുമാണ് മ്യൂസിയത്തിന്റെ നിർമാണത്തിന് പിന്നിൽ. മ്യൂസിയത്തിലെ
ഒന്നാംഹാളിൽ ഇന്ത്യൻ സിനിമയുടെ ചരിത്രമാണ് വ്യക്തമാക്കുന്നത്. മുംബൈയിലെ വാട്ട്സൻ ഹോട്ടലിൽ
നടന്ന ലൂമിയർ സഹോദരങ്ങളുടെ സിനിമാ പ്രദർശനത്തിന്റെ പകർപ്പ് ഉൾപ്പെടെ സിനിമയിലേക്കുള്ള
വികാസത്തിന്റെ ചരിത്രം ഇതിലുണ്ട്.