ഇന്ത്യൻ സാഹിത്യം

Arun Mohan
0

ഇന്ത്യയിലെ ഭാഷകൾ

ഇന്ത്യൻ ഭാഷകളുടെ വർഗ്ഗീകരണം

പല വിദേശരാജ്യങ്ങളിൽനിന്നും വിഭിന്നമായി വ്യത്യസ്ത സംസ്കാരങ്ങളും തികച്ചും വ്യത്യസ്തമായ ഒട്ടനവധി ഭാഷകളുമുള്ള നാടാണ് ഇന്ത്യ. ഈ ഭാഷകളെയെല്ലാം പൊതുവേ നാലു കുടുംബങ്ങളായി തിരിച്ചിട്ടുണ്ട്. പ്രോട്ടോ ആസ്ട്രലോയിഡ്, ദ്രാവിഡം, സീനോ-ടിബറ്റൻ, ഇന്തോ-ആര്യൻ എന്നിവയാണവ. 1961ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ആകെയുണ്ടായിരുന്ന മാതൃഭാഷകളുടെ എണ്ണം 1652 ആയിരുന്നു. ഇവരിൽ അപൂർവം ചിലതൊഴികെയുള്ളതെല്ലാം മുകളിൽ പറഞ്ഞ നാല് ഭാഷാകുടുംബങ്ങളിൽ ഉൾപ്പെട്ടു.

നീഗ്രോയിഡ് ഗ്രൂപ്പ്

പല കാലങ്ങളിലായി ഇന്ത്യയിലെത്തിയ വിവിധ മനുഷ്യവിഭാഗങ്ങളിൽനിന്നാണ് നമ്മുടെ ഭാഷാകുടുംബങ്ങൾ ഉദ്ഭവിച്ചത്. ആഫ്രിക്കയിൽ നിന്നുള്ള 'നെഗ്രിറ്റോ' വംശജരാണ് നമ്മുടെ നാട്ടിൽ ആദ്യം കുടിയേറിയവരെന്നു കരുതുന്നു. തെക്കേ ഇന്ത്യയിലും കിഴക്കേ ഇന്ത്യയിലുമൊക്കെ ആ ഗോത്രക്കാരുടെ പിൻമുറക്കാരുണ്ടെങ്കിലും അവരുടേതിന് സമാനമായ ഭാഷകൾ ഇന്ന് ഇവിടെയില്ല.

പ്രോട്ടോ ആസ്ട്രലോയിഡ് ഗ്രൂപ്പ്

പ്രോട്ടോ ആസ്ട്രലോയിഡ് വംശജരാണ് പിന്നീട് ഇവിടെയെത്തിയത്. ബർമ, ഇന്തോ - ചൈന മുതൽ ഓസ്ട്രേലിയ, പോളിനേഷ്യ എന്നിവിടങ്ങളിൽ വരെ കുടിയേറിപ്പാർത്ത ഇവരുടെ പിൻമുറക്കാരാണ് ഇന്ത്യയിലെ കോൾ, മുണ്ട തുടങ്ങിയ വർഗക്കാർ. മുണ്ടാരി, സന്താലി തുടങ്ങിയ ഇന്ത്യൻ ഭാഷകൾ ആസ്ട്രോ-ഏഷ്യാറ്റിക് കുടുംബത്തിൽ പെടുന്നു.

ദ്രാവിഡ ഗ്രൂപ്പ്

ഏതാണ്ട് 5000 വർഷങ്ങൾക്കുമുമ്പ് നമ്മുടെ നാട്ടിലെത്തിയവരാണ് ദ്രാവിഡർ. തെക്കേ ഇന്ത്യയിൽ താവളമുറപ്പിച്ച ഇവരിൽനിന്നാണ് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളുണ്ടായത്. ഈ വികസിതഭാഷകൾക്കുപുറമേ തുളു, കുടക്, കോട, ഗോണ്ടി തുടങ്ങിയ നിരവധി അവികസിതഭാഷകളും ദ്രാവിഡ ഭാഷാകുടുംബത്തിൽ ഉൾപ്പെടുന്നു. ഇക്കൂട്ടത്തിൽ തമിഴാണ് ഒരു സാഹിത്യഭാഷയായി ആദ്യം വികസിച്ചത്.

സീനോ-ടിബറ്റൻ ഗ്രൂപ്പ്

ഇന്ത്യയിലെത്തിയ സീനോ-ടിബറ്റൻ അഥവാ മംഗളോയിഡ് വംശക്കാരുടെ ഭാഷകളാണ് അടുത്ത കുടുംബത്തിൽ. ഈ കുടുംബത്തിന്റെ ഉപവിഭാഗമായ ടിബറ്റോ - ബർമനാണ് ഇന്ത്യയിലുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരത്തിലുള്ള മണിപ്പൂരി, അംഗാമി നാഗ, മിസോ തുടങ്ങിയ ഭാഷകൾ ഇവയ്ക്കുദാഹരണങ്ങളാണ്.

ഇന്തോ-ആര്യൻ ഗ്രൂപ്പ്

രണ്ടായിരത്തിലേറെ വർഷങ്ങൾക്കുമുമ്പ് വടക്കേ ഇന്ത്യയിലെത്തിയ ആര്യന്മാരിൽ നിന്നുണ്ടായ ഭാഷകളാണ് ഇന്തോ-ആര്യൻ കുടുംബത്തിൽ വരുന്നത്. ലോക ഭാഷാകുടുംബങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്തോ-യൂറോപ്യൻ കുടുംബത്തിന്റെ ഉപവിഭാഗമാണ് ഇന്തോ-ആര്യൻ. ഏറ്റവുമൊടുവിൽ ഇന്ത്യയിലെത്തിയ ഈ ഭാഷാകുടുംബത്തിലെ മൂലഭാഷ സംസ്കൃതമാണ്. ഹിന്ദി, ബംഗാളി, പഞ്ചാബി, സിന്ധി, മറാഠി, കൊങ്കണി, ഒറിയ, അസമീസ്, മൈഥിലി, മാഗധി, ഭോജ്പൂരി, ഛോട്ടാ നാഗ്‌പുരി, കോസലി, അവധി, ഉർദു, ഗുജറാത്തി, വ്രജ്, ദോഗ്രി, രാജസ്ഥാനി, പഹാഡി, ഗോർഖാലി - നേപ്പാളി, കശ്മീരി തുടങ്ങിയവ ഈ കുടുംബത്തിലാണ്. പാലിയും മാഗധിയും പോലുള്ള പ്രാകൃതഭാഷകളും ഒട്ടനവധി ഉപഭാഷകളും ഉൾപ്പെടുന്നതാണ് ഈ ഭാഷാകുടുംബം.

ഇന്ത്യയിലെ വ്യത്യസ്ത ലിപികൾ

ഹരപ്പൻ ലിപി

ഹരപ്പർ എഴുത്തുവിദ്യ വികസിപ്പിച്ചെടുത്തിരുന്നു. അവർ ഇന്ത്യയിലെ ആദ്യത്തെ സാക്ഷരസമൂഹമായിരുന്നു. ഹരപ്പൻ ലിപിയെക്കുറിച്ച് നമുക്ക് അറിവു ലഭിക്കുന്നത് മുഖ്യമായും അവരുടെ മുദ്രകളിൽ നിന്നാണ്. ഇതിന്റെ ആദ്യത്തെ മാതൃക കണ്ടെത്തിയത് 1853 ലാണ്. 1923 ആയപ്പോഴേക്കും മുഴുവൻ ലിപികളും കണ്ടെത്തി. ഹരപ്പൻ ലിപിയുടെ ഏതാണ്ട് 4000 മാതൃകകൾ കണ്ടെത്തുകയുണ്ടായി. ഹരപ്പൻ നീണ്ട ലിഖിതങ്ങൾ എഴിതിയിരുന്നില്ല. അവരുടെ ലിഖിതങ്ങളിൽ വളരെക്കുറിച്ച് വാക്കുകൾ മാത്രമേയുള്ളൂ. ഹരപ്പൻ ലിപി വലത്തുനിന്നും ഇടത്തോട്ടാണ് എഴുതിയിരുന്നത്.

ബ്രഹ്മി ലിപി

എ.ഡി പന്ത്രണ്ടാം നൂറ്റാണ്ടിനുമുൻപ് ബ്രഹ്മി ലിപിയുടെ വിവിധ വകഭേദങ്ങളായിരുന്നു സംസ്കൃതത്തിന്റെ ലിപി. ബി.സി ഏഴോ എട്ടോ നൂറ്റാണ്ടുകൾ വരെ പഴക്കമുണ്ട് എന്നു കരുതുന്ന ഈ എഴുത്തുസമ്പ്രദായം മധ്യേഷ്യയിൽ നിന്നെത്തിയ കച്ചവടക്കാരാകാം ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഖരോഷ്ടി, ഗുപ്ത ലിപി തുടങ്ങിയവ ബ്രഹ്മി ലിപിയുടെ വിവിധ വകഭേദങ്ങളായിരുന്നു.

ഖരോഷ്ടി ലിപി

ബ്രഹ്മി ഭാഷയ്ക്ക് പല വകഭേദങ്ങൾ ഉണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഖരോഷ്ടി. ഇന്നത്തെ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലുമായി കിടക്കുന്ന പഴയ ഗാന്ധാരമേഖലയിൽ സംസ്കൃതവും പ്രാകൃതവും എഴുതാൻ ഉപയോഗിച്ച ലിപിയാണിത്. മധ്യേഷ്യയിലും ഖരോഷ്ടി ലിപി വ്യാപകമായി ഉപയോഗിച്ചിരുന്നു. ബി.സി മൂന്നാം നൂറ്റാണ്ടിനും എ.ഡി മൂന്നാം നൂറ്റാണ്ടിനും ഇടയിലാണ് ഖരോഷ്ടി ലിപിക്ക് ഏറ്റവും പ്രചാരമുണ്ടായിരുന്നത്. വലത്തു നിന്ന് ഇടത്തോട്ട് എഴുതുന്ന ഈ ലിപി ബ്രഹ്മി ലിപിയുടെ തന്നെ വകഭേദമായ അരാമിക് ലിപിയിൽ നിന്നാണ് രൂപംകൊണ്ടതെന്നു കരുതുന്നു. എ.ഡി കാലഘട്ടത്തിന്റെ തുടക്കത്തിലും അതിനു തൊട്ടുമുൻപുള്ള ശിലാലിഖിതങ്ങളിൽ നിന്നാണ് ഖരോഷ്ടി ലിപിയെക്കുറിച്ചുള്ള വിവരങ്ങൾ നമുക്ക് ലഭിക്കുന്നത്.

ഗുപ്ത ലിപി

സംസ്കൃതം എഴുതാൻ ഉപയോഗിച്ചിരുന്ന മറ്റൊരു ലിപിയാണ് ഗുപ്തലിപി. ബ്രഹ്മി ഭാഷയിൽ നിന്നാണ് ഈ ലിപി രൂപംകൊണ്ടത്. നാലാം നൂറ്റാണ്ടായപ്പോഴേക്കും ഗുപ്‌ത ലിപിക്ക് ഒട്ടേറെ മാറ്റങ്ങൾ വരാൻ തുടങ്ങി. എഴുതാനുള്ള എളുപ്പത്തിനും ഭംഗിക്കും വേണ്ടി ലിപിയിൽ വളവുകൾ വരാൻ തുടങ്ങിയതായിരുന്നു അതിൽ പ്രധാനം. പിന്നീട് ദേവനാഗരി, ശാരദ, സിദ്ധം എന്നീ ലിപികൾ ഗുപ്തലിപിയിൽ നിന്ന് രൂപമെടുത്തു.

ശാരദ ലിപി

ഗുപ്തലിപിയിൽ നിന്ന് രൂപമെടുത്തതാണ് ശാരദ ലിപി. എട്ടാം നൂറ്റാണ്ടായപ്പോഴേക്കും ശാരദ ലിപി വ്യാപകമായി ഉപയോഗിച്ചു തുടങ്ങി.

ദേവനാഗരി ലിപി

സംസ്കൃതഭാഷ എഴുതാൻ ഇന്ന് 'ദേവനാഗരി' ലിപിയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഏകദേശം പന്ത്രണ്ടാം നൂറ്റാണ്ടിനുശേഷം മാത്രമേ ഈ ലിപിയിൽ സംസ്കൃതം വ്യാപകമായി എഴുതാൻ ആരംഭിച്ചുള്ളൂ. 'ദേവ', 'നാഗരി' എന്നീ പദങ്ങൾ ചേർത്താണ് ദേവനാഗരി എന്ന വാക്കുണ്ടാക്കിയിരിക്കുന്നത്. ദേവ ലിപി എന്നുതന്നെയാണ് ഇതിനർഥം. ഏകദേശം ഏഴാം നൂറ്റാണ്ട് മുതൽ ദേവനാഗരി ലിപി ഉപയോഗിച്ചുതുടങ്ങി. പതിനൊന്നാം നൂറ്റാണ്ടോടുകൂടിയാണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് ഈ ലിപിക്ക് രൂപമാറ്റം സംഭവിച്ചത്. സംസ്കൃതത്തിനു പുറമെ പ്രാകൃതം, ഹിന്ദി, നേപ്പാളി, മറാഠി ഭാഷകൾ എഴുതാനും ദേവനാഗരി ലിപി ഉപയോഗിക്കുന്നു. അക്ഷരങ്ങൾക്കു മുകളിൽ വിലങ്ങനെ നീളത്തിൽ വരകൾ ഇടുന്നതാണ് ഈ ലിപിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. എ.ഡി പതിനഞ്ചാം നൂറ്റാണ്ടോടുകൂടി സംസ്കൃതഭാഷയുടെ ഔദ്യോഗിക ലിപിയായി ദേവനാഗരി മാറി.

ഹിന്ദി ലിപി

ഹിന്ദിയും ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള ഹിന്ദിയുടെ വകഭേദങ്ങളായ ഒട്ടേറെ പ്രാദേശിക ഭാഷകളും 'ദേവനാഗരി' ലിപിയിലാണ് എഴുതുന്നത്.

ഗുരുമുഖി ലിപി

പഞ്ചാബി ഭാഷയിലെ ഏറ്റവും പഴയ രേഖയാണ് 'ജനം സഖിസ്‌'. 'ഗുരുമുഖി' എന്ന ലിപിയിലാണ് ജനം സഖിസും സിഖ് പുണ്യഗ്രന്ഥമായ 'ആദി ഗ്രന്ഥ'വും എഴുതപ്പെട്ടിരിക്കുന്നത്. 'ഗുരുവിന്റെ മുഖത്തുനിന്ന് വന്നത്' എന്നാണ് ഗുരുമുഖിയുടെ അർഥം. 'ബ്രഹ്മിലിപി'യുമായി അടുത്ത ബന്ധമുള്ള ലിപിയാണിത്. ഷാമുഖി എന്ന ലിപിയും പഞ്ചാബിയിൽ ഉപയോഗിക്കുന്നു. പഞ്ചാബിലെ മുസ്ലിങ്ങളും പാകിസ്ഥാൻ എഴുത്തുകാരും പേർഷ്യൻ ലിപി സ്വീകരിച്ചു. പക്ഷേ, പഞ്ചാബിയിലെ എല്ലാ ശബ്ദങ്ങളും രേഖപ്പെടുത്താൻ പേർഷ്യൻ ലിപിക്ക് കഴിയുമായിരുന്നില്ല.

ഉറുദു ലിപി

ഹിന്ദി, പേർഷ്യൻ, അറബി എന്നീ ഭാഷകളുമായി ഏറെ സാമ്യമുള്ള ഭാഷയാണ് ഉർദു. ഹിന്ദിയുടെയും ഉർദുവിന്റെയും വ്യാകരണവും വാക്കുകളുമൊക്കെ ഏതാണ്ട് ഒരുപോലെ തന്നെ. അറബി ലിപിക്ക് ചില മാറ്റങ്ങൾ വരുത്തി രൂപംകൊടുത്തതാണ് ഉർദു ലിപി. വലത്തുനിന്ന് ഇടത്തോട്ടാണ് ഉർദു എഴുതുന്നത്.

ബംഗാളി ലിപി

ഏഴാം നൂറ്റാണ്ടിനടത്ത് വികാസം പ്രാപിച്ച 'കുടില' എന്ന കിഴക്കൻ ബ്രഹ്മിയിൽ നിന്നാണ് ബംഗാളി ലിപി ഉണ്ടായത്.

അസമീസ് ലിപി

ബംഗാളിയും അസമീസും തമ്മിൽ വലിയ അടുപ്പമുണ്ട്. രണ്ട് അക്ഷരങ്ങൾ ഒഴിച്ചാൽ ഈ രണ്ടു ഭാഷകളുടെയും ലിപികൾ ഒന്നുതന്നെ.

മണിപ്പൂരി ലിപി

മണിപ്പൂരിക്ക് സ്വന്തം ലിപിയുണ്ട്. മീതെയ് മയെക് എന്നറിയപ്പെടുന്ന ഈ ലിപിക്ക് പകരം ബംഗാളി ലിപിയാണ് വ്യാപകമായി ഉപയോഗിച്ചുവരുന്നത്. എന്നാൽ, ഇപ്പോൾ സ്വന്തം ലിപിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

നേപ്പാളി ലിപി

സംസ്കൃതത്തിൽ നിന്ന് രൂപംകൊണ്ട ഇന്തോ ആര്യൻ ഭാഷാകുടുംബത്തിലെ ഒരു ഭാഷയാണ് നേപ്പാളി. ദേവനാഗരി ലിപിയിലാണ് നേപ്പാളി എഴുതുന്നത്.

ഗുജറാത്തി ലിപി                                 

ദേവനാഗരിയുടെ ഒരു പരിഷ്കൃത രൂപമാണ് ഗുജറാത്തി ലിപിയായി ഉപയോഗിക്കുന്നത്.

മറാഠി ലിപി

ദേവനാഗരിയുടെ ഒരു പരിഷ്കൃത രൂപമാണ് മറാഠി ലിപിയായി ഉപയോഗിക്കുന്നത്.

കൊങ്കണി ലിപി

ഹിന്ദിയും മറ്റും എഴുതാനുപയോഗിക്കുന്ന ദേവനാഗരി ലിപി ഉപയോഗിച്ചാണ് കൊങ്കണി എഴുതുന്നത്. ഗോവയിൽ റോമൻ ലിപിയിലും കൊങ്കണി ഗ്രന്ഥങ്ങൾ അച്ചടിച്ചിട്ടുണ്ട്.

സിന്ധി ലിപി

ആറ് ഭാഷാഭേദങ്ങളുള്ള സിന്ധി എഴുതാൻ ദേവനാഗരി, പേർഷ്യൻ, ലൻഡോ തുടങ്ങിയ ലിപികളൊക്കെ ഉപയോഗിച്ചിരുന്നു. 1852ൽ 52 അക്ഷരങ്ങളുള്ള ഒരു കൃത്രിമ ലിപി സമ്പ്രദായം നിലവിൽ വന്നു. അറബി-സിന്ധി എന്നായിരുന്നു ഇതിന്റെ പേര്. 100 വർഷത്തോളം ഇത് നിലനിന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഇന്നു പ്രചാരത്തിലുള്ള പേർഷ്യൻ-അറബി ലിപി ഉണ്ടായത്.

കശ്മീരി ലിപി

കശ്മീരി സംസാരിക്കുന്നവരിൽ പേർഷ്യൻ, അറബി വാക്കുകൾ കൂടുതൽ ഉപയോഗിക്കുന്നവരും സംസ്കൃതത്തിൽ നിന്നു വന്ന വാക്കുകൾ ഉപയോഗിക്കുന്നവരുമുണ്ട്. എഴുത്തിലും ഈ വ്യതാസം കാണാം. ചിലർ പേർഷ്യൻ ലിപി ഉപയോഗിക്കുമ്പോൾ മറ്റുചിലർ ശാരദ, ദേവനാഗരി ലിപികളിലാണ് എഴുതാറ്.

മലയാളം ലിപികൾ

ഭാരതത്തിൽ ഉപയോഗിക്കുന്ന ഭാഷകളുടെ മൂലലിപി 'ബ്രഹ്മി'യാണ്. ബ്രഹ്മിയുടെ ഭേദങ്ങളാണ് ഖരോഷ്ഠിയും ദേവനാഗരിയും ദ്രാവിഡിയും. ദ്രാവിഡിയിൽ നിന്ന് രൂപംപ്രാപിച്ച പ്രാദേശിക ഭേദമാണ് വട്ടെഴുത്ത്. കോലെഴുത്തും ഒരു പ്രാദേശിക ലിപിഭേദമാണ്. വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ തുടങ്ങിയ ലിപികളിൽ മലയാളം എഴുതിയിരുന്നു.  പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ലിപിസമ്പ്രദായമായിരുന്നു വട്ടെഴുത്ത്. അതിൽ നിന്ന് രൂപപ്പെട്ട മറ്റൊരു ലിപിരീതിയാണ് കോലെഴുത്ത്. താളിയോലയിൽ നാരായം അഥവാ കോലുകൊണ്ട് എഴുതിയതിനാലാണ് കോലെഴുത്ത് എന്ന പേരുവന്നത്. പതിനാറാം നൂറ്റാണ്ടിൽ എഴുത്തച്ഛന്റെ ശ്രമഫലമായാണ് ആ പഴയ ലിപികളെല്ലാം പരിഷ്കരിച്ച് ഇന്നു പ്രചാരത്തിലുള്ള മലയാള അക്ഷരങ്ങൾക്ക് രൂപം നൽകുന്നത്. ആര്യലിപിയിൽ അഥവാ ഗ്രന്ഥലിപിയിൽ നിന്നാണ് ആധുനിക മലയാള ലിപി രൂപപ്പെട്ടത്.

തമിഴ് ലിപി

ബ്രഹ്മി ലിപിയിൽ നിന്നാണ് തമിഴിലെ അക്ഷരങ്ങൾ രൂപപ്പെട്ടത്. പതിനാറാം നൂറ്റാണ്ടിൽ അച്ചടി വരുന്നതുവരെ തമിഴ് അക്ഷരങ്ങൾക്ക് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരുന്നു. മറ്റ് ദ്രാവിഡ ഭാഷകളെ വച്ചു നോക്കുമ്പോൾ തമിഴിൽ അക്ഷരങ്ങൾ കുറവാണ്.

കന്നഡ ലിപി

ബ്രഹ്മി ലിപിയിൽ നിന്നാണ് കന്നഡയിലെ അക്ഷരങ്ങളുടെ വരവ്. നാല് പ്രധാന ദ്രാവിഡ ഭാഷാ അക്ഷരങ്ങളിൽ പഴക്കം കൊണ്ട് രണ്ടാം സ്ഥാനത്താണ് കന്നഡ ലിപി.

തെലുങ്ക് ലിപി

ബ്രഹ്മി ലിപിയിൽനിന്ന് രൂപംകൊണ്ട ഇതിന്റെ ലിപിക്ക് കന്നഡയുമായി അടുത്ത ബന്ധമുണ്ട്. നാല് പ്രധാന ദ്രാവിഡ ഭാഷാ അക്ഷരങ്ങളിൽ പഴക്കം കൊണ്ട് മൂന്നാം സ്ഥാനത്താണ് തെലുങ്ക് ലിപി.

ഇന്ത്യയിലെ ഔദ്യോഗിക ഭാഷകൾ

ആയിരത്തി അഞ്ഞൂറിലേറെ മാതൃഭാഷകൾ നിലനിന്ന ഭാരതത്തിൽ ഒരു പൊതുഭാഷ ഇല്ലാതിരുന്നത് വലിയ പ്രശ്നമായിരുന്നു. സ്വാതന്ത്ര്യം നേടിയശേഷവും ഇക്കാര്യത്തിൽ നമ്മുടെ ഭരണഘടനാനിർമാണ സഭയ്ക്ക് ഒരു തീരുമാനത്തിലെത്താനായില്ല. ഒടുവിൽ വോട്ടിങ് നടത്തുകയും രാഷ്ട്രപതിയുടെ 'കാസ്റ്റിങ് വോട്ടി'ന്റെ ഭൂരിപക്ഷത്തോടെ ഹിന്ദി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അങ്ങനെ ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 343 ലാണ് ഹിന്ദിയുടെ ഔദ്യോഗിക ഭാഷാ പദവിയെക്കുറിച്ച് പറയുന്നത്. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷയേയും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണെന്ന് ഭരണഘടന അനുശാസിക്കുന്നു. രാജ്യത്തെ ഏതാണ്ട് 46 ശതമാനം ജനങ്ങളും ഹിന്ദിയും സമാനഭാഷകളായ ഉർദുവും ഹിന്ദുസ്ഥാനിയും സംസാരിക്കുന്നവരായതുകൊണ്ടാണ് ഹിന്ദിക്ക് ഈ പദവി കൈവന്നത്.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ആദ്യം 14 ഭാഷകളാണ് ഉൾപ്പെടുത്തിയിരുന്നത്. ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക ഭാഷാ കമ്മിഷൻ 1955ൽ രൂപീകരിച്ചു. ബി.ജി.ഖേർ ആയിരുന്നു അതിന്റെ ചെയർമാൻ. 196721 ആം ഭരണഘടന ഭേദഗതിയിലൂടെ സിന്ധിയെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി. 199271 ആം ഭരണഘടന ഭേദഗതിയിലൂടെ കൊങ്കണി, മണിപ്പൂരി, നേപ്പാളി എന്നീ ഭാഷകൾ ഉൾപ്പെടുത്തുകയുണ്ടായി. 200392 ആം ഭരണഘടന ഭേദഗതിയിലൂടെ ദോഗ്രി, ബോഡോ, സന്താലി, മൈഥിലി എന്നീ ഭാഷകളെയും എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി. ഇപ്പോൾ ഔദ്യോഗിക ഭാഷയായി 22 എണ്ണമുണ്ട്. രാജ്യത്തെ ആകെ ജനങ്ങളിൽ 91 ശതമാനത്തോളം പേർ സംസാരിക്കുന്ന ഭാഷകളാണവ. അസ്സമീസ്, ബംഗാളി, ബോഡോ, ദോഗ്രി, ഗുജറാത്തി, ഹിന്ദി, കശ്മീരി, കന്നഡ, കൊങ്കണി, മൈഥിലി, മലയാളം, മണിപ്പൂരി, മറാഠി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്കൃതം, സന്താലി, സിന്ധി, തമിഴ്, തെലുങ്ക്, ഉർദു എന്നിവയാണ് ഔദ്യോഗിക ഭാഷകൾ.

ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകൾ

ഒരു ഭാഷയ്ക്കു ക്ലാസിക് പദവി നൽകുന്നതിനായി നാലു മാനദണ്ഡമാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്‌തിട്ടുള്ളത്‌.

മാനദണ്ഡം 1 - ഒരു ഭാഷയുടെ ആദ്യകാലഗ്രന്ഥങ്ങൾക്കോ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിനോ 1500 - 2000 വർഷത്തെ പ്രാചീനത ഉണ്ടായിരിക്കണം.

മാനദണ്ഡം 2 - തലമുറകളായി ഭാഷ ഉപയോഗിക്കുന്നവർക്ക് തങ്ങളുടെ മഹത്തായ പാരമ്പര്യമായി കരുതുന്ന ഒരു പ്രാചീന സാഹിത്യമോ ഗ്രന്ഥങ്ങളോ ഉണ്ടായിരിക്കണം.

മാനദണ്ഡം 3 - മറ്റൊരു ഭാഷ സംസാരിക്കുന്ന വിഭാഗത്തിൽനിന്നു കടംകൊണ്ടതല്ലാത്തതും തനതുമായ ഒരു സാഹിത്യ പാരമ്പര്യം ഉണ്ടായിരിക്കണം.

മാനദണ്ഡം 4 - ഒരു ക്ലാസ്സിക്കൽ ഭാഷ പിന്നീടു രൂപം കൊണ്ടവയിൽനിന്നു വ്യതിരിക്തമോ പിന്നീടു രൂപപ്പെട്ട ഭാഷാ ഭേദങ്ങളുമായി തുടർബന്ധം ഇല്ലാത്തതോ ആയിരിക്കണം.

തമിഴ് (2004), തെലുങ്കു (2008), കന്നഡ (2008), മലയാളം (2013), ഒഡിയ (2014), അസമീസ് (2024), ബംഗാളി (2024), മറാഠി (2024), പാലി (2024), പ്രാകൃത് (2024) എന്നീ ഇന്ത്യൻ ഭാഷകൾക്കാണ് ക്ലാസിക്കൽ പദവി ലഭിച്ചിട്ടുള്ളത്.

തമിഴ്

ദ്രാവിഡ ഭാഷാകുടുംബത്തിലെ പ്രധാന ഭാഷയാണ് തമിഴ്. തമിഴിനാടിന്റെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെയും ഔദ്യോഗിക ഭാഷയാണിത്. ദ്രാവിഡ ഭാഷകളിലെ ഏറ്റവും പഴക്കമുള്ള സാഹിത്യം തമിഴിന്റേതാണ്. ഏകദേശം 2300 വർഷത്തെ പഴക്കമുണ്ട് തമിഴിലെ ആദ്യകാല സാഹിത്യമായ സംഘസാഹിത്യത്തിന്. വ്യാകരണത്തിലും വാക്കുകളിലും ഉണ്ടായ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ തമിഴിന്റെ ചരിത്രത്തെ മൂന്ന് കാലഘട്ടങ്ങളിലായി തിരിക്കാം. പ്രാചീന തമിഴ് (ബി.സി 450 - എ.ഡി 700), മധ്യകാല തമിഴ് (എ.ഡി 700 - എ.ഡി 1600), ആധുനിക തമിഴ് (എ.ഡി 1600 മുതൽ). ബ്രഹ്മി ലിപിയിൽനിന്നാണ് തമിഴിലെ അക്ഷരങ്ങളുടെ വരവ്. 2004ൽ തമിഴിനെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചു.

സംസ്കൃതം

പുരാതന ഭാരതീയ സംസ്കാരത്തിന്റെ മുഖമുദ്രയായ ക്ലാസിക് ഭാഷയാണ് സംസ്കൃതം. സംസ്കൃതം മാതൃഭാഷയായിട്ടുള്ളവർ വളരെ കുറവായിരിക്കും. എന്നാൽ ഭാരതത്തിന്റെ എല്ലാ ഭാഗത്തുള്ളവർക്കും സ്വന്തമെന്നു പറയാവുന്ന ഭാഷയാണ് സംസ്കൃതം. സംസ്കൃതം മറ്റെല്ലാ ഭാരതീയ ഭാഷകളുടെ വളർച്ചയ്ക്കും സാഹിത്യപുരോഗതിക്കും കാരണമായ ഒരേയൊരു ഭാഷയാണ്. പല കാലങ്ങളിൽ പല സമൂഹങ്ങളായി ഇന്ത്യയിലെത്തിയ ആര്യന്മാർ സംസ്കൃതം ഇവിടെ പ്രചരിപ്പിച്ചു. ഏകദേശം 2500 വർഷം മുമ്പ് പാണിനി എഴുതിയ 'അഷ്ടാധ്യായി' സംസ്കൃതത്തിലെ ഒരു പ്രശസ്ത വ്യാകരണഗ്രന്ഥമാണ്. ഇന്തോ - ആര്യൻ ഭാഷകളുടെ രണ്ടു വിഭാഗങ്ങളാണ് വേദ സംസ്കൃതവും ക്ലാസിക്കൽ സംസ്കൃതവും. 2005ൽ സംസ്കൃതത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചു.

തെലുങ്ക്

ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും ഒപ്പം പുതുച്ചേരിയുടെ ഭാഗമായ യാനത്തിന്റെയും പ്രധാന ഭാഷയാണ് തെലുങ്ക്. ദ്രാവിഡ ഭാഷാ കുടുംബത്തിലെ മുഖ്യ ഭാഷകളിലൊന്നാണ് തെലുങ്ക്. സംസ്കൃത വാക്കായ 'ത്രിലിംഗ'മാണ് പിന്നീട് തെലുങ്ക് ആയതെന്ന് ഒരു വാദമുണ്ട്. തെലുങ്കിൽ എഴുതപ്പെട്ട ആദ്യ രേഖകൾക്ക് ബി.സി.575 വരെ പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ബ്രഹ്മി ലിപിയിൽനിന്ന് രൂപംകൊണ്ട ഇതിന്റെ ലിപിക്ക് കന്നഡയുമായി അടുത്ത ബന്ധമുണ്ട്. സംസ്കൃതത്തിന്റെ സ്വാധീനം തെലുങ്കിൽ ധാരാളമായി കാണാം. 2008ൽ ഭാരത സർക്കാർ തെലുങ്കിന് ശ്രേഷ്ഠഭാഷാ പദവി നൽകി.

കന്നഡ

ദ്രാവിഡ ഭാഷാകുടുംബത്തിലെ ഒരംഗമായ കന്നഡ ഭാഷ കർണാടക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാണ്. കനറീസ്, കന്നണ എന്നീ പേരുകളിലും ഈ ഭാഷ അറിയപ്പെടുന്നു. നാല് പ്രധാന ദ്രാവിഡഭാഷകളിൽ പഴക്കം കൊണ്ട് രണ്ടാം സ്ഥാനത്താണ് കന്നഡ. ബ്രഹ്മി ലിപിയിൽനിന്ന് രൂപംകൊണ്ടതാണ് കന്നഡ ലിപി. കന്നഡഭാഷയുടെ വളർച്ചയിൽ മൂന്ന് ഘട്ടങ്ങളുണ്ട് : പഴയകാല കന്നഡ (എ.ഡി 450 - 1200), മധ്യകാല കന്നഡ (എ.ഡി 1200 - 1700), ആധുനിക കന്നഡ (എ.ഡി 1700 മുതൽ). തെക്കൻ കന്നഡ, വടക്കൻ കന്നഡ, തീരദേശ കന്നഡ എന്നിങ്ങനെ കന്നഡയ്ക്ക് പല രൂപഭേദങ്ങളുണ്ട്. 2008ൽ ഭാരത സർക്കാർ കന്നഡയ്ക്ക് ശ്രേഷ്ഠഭാഷാ പദവി നൽകി.

മലയാളം

'മലകളുടെ നാട്' എന്ന അർഥത്തിൽ നാടിനു കിട്ടിയ പേര് പിന്നീട് ഭാഷയ്ക്ക് സ്വന്തമാക്കുകയായിരുന്നു എന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. കേരളത്തിനു പുറമേ ലക്ഷദ്വീപിലെയും പുതുച്ചേരിയിലെയും ഔദ്യോഗിക ഭാഷകളിലൊന്നാണ് മലയാളം. മലയാളത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട പ്രധാനമായും രണ്ട് വാദങ്ങളാണുള്ളത്. മധ്യകാല തമിഴിൽ നിന്നാണ് മലയാളം രൂപപ്പെട്ടത് എന്നതാണ് അതിൽ ഒന്ന്. മൂലദ്രാവിഡത്തിൽ നിന്ന് രൂപപ്പെട്ടതാണ് മലയാളം എന്നതാണ് രണ്ടാമത്തേത്. മൂന്നു ശാഖകളിലായിട്ടാണ് പഴയ മലയാളം വളർന്നതെന്നു പറയാം. നാടൻപാട്ടുകളിലെ ശുദ്ധ മലയാളമായിരുന്നു ആദ്യത്തേത്. തമിഴിന്റെ സ്വാധീനമുള്ള മലയാളമായിരുന്നു രണ്ടാമത്തേത്. മൂന്നാമത്തേതാവട്ടെ സംസ്കൃതത്തിന്റെ സ്വാധീനമുള്ളതും. സംസ്കൃതത്തിൽനിന്ന് ധാരാളം വാക്കുകൾ സ്വീകരിച്ചാണ് മലയാളം വളർന്നത്. 2013ൽ ഭാരത സർക്കാർ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നൽകി.

ഒഡിയ

ഒഡിഷ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാണ് ഒഡിയ. മഗധി എന്ന പ്രാകൃത ഭാഷാരൂപത്തിൽ നിന്ന് ജന്മമെടുത്ത ഒഡിയ ഭാഷയുടെ ആദ്യ പേര് ഒറിയ എന്നായിരുന്നു. 2011 ലാണ് ഒഡിയ എന്ന് പേരുമാറ്റിയത്. പത്താം നൂറ്റാണ്ടോടുകൂടി ഒഡിയ ഇന്നത്തെ രൂപത്തിൽ ഒരു പ്രത്യേക ഭാഷയായി രൂപംകൊണ്ടു എന്ന് കരുതുന്നു. 'അർധമഗധി', 'ശൗര്യസേനി' എന്നീ പ്രാചീന ഭാഷകളുടെ സ്വാധീനം ഈ ഭാഷയിൽ കാണാം. 2014ൽ ഒഡിയക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചു.

അസമീസ്

ഇന്ത്യയുടെ കിഴക്കൻ ഭാഗത്തുള്ള ഇന്തോ - ആര്യൻ ഭാഷകളിലെ പ്രധാനപ്പെട്ട ഭാഷയാണ് അസമീസ് അഥവാ അസമിയ. ബംഗാളിയും അസമീസും തമ്മിൽ അടുപ്പമുണ്ട്. രണ്ട് അക്ഷരങ്ങൾ ഒഴിച്ചാൽ ഈ രണ്ടു ഭാഷകളുടെയും ലിപികൾ ഒന്നുതന്നെ. രണ്ടിന്റെയും വ്യാകരണത്തിനും സാമ്യമുണ്ട്. എങ്കിലും സംസാരരീതി രണ്ടുഭാഷകളിലും വ്യത്യസ്തമാണ്. അസമീസിലെ പദങ്ങളിൽ പകുതിയും സംസ്കൃതത്തിൽ നിന്നാണ് വന്നിട്ടുള്ളത്. ഹിന്ദി, മറാഠി, ഗുജറാത്തി, അറബി, പേർഷ്യൻ, പോർച്ചുഗീസ്, ഇംഗ്ലീഷ് ഭാഷകളുടെ സ്വാധീനവും അസമീസ് ഭാഷയിൽ കാണാം. 2024ൽ അസമീസിന് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചു.

ബംഗാളി

ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളിലെയും അയൽരാജ്യമായ ബംഗ്ലാദേശിലെയും മാതൃഭാഷയാണ് ബംഗാളി. ബനാറസ് മുതൽ ഗുവാഹത്തി വരെ പണ്ടു നിലനിന്നിരുന്ന സംസാരഭാഷയിൽനിന്ന് പത്താം നൂറ്റാണ്ടിനോടടുത്ത് രൂപംകൊണ്ട ഭാഷയാണ് ബംഗാളി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്ന പല ഭാഷകളുടെയും സ്വാധീനം ഇതിനുണ്ടായി. പ്രത്യേകിച്ച് സംസ്കൃതം, മൈഥിലി, ഒറിയ, ഭോജ്‌പുരി എന്നീ ഭാഷകളുടെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ബംഗാളി ഭാഷ വിട്ടുകസിച്ചത്. പഴയ ബംഗാളി (എ.ഡി 950 - 1350), മധ്യ ബംഗാളി (എ.ഡി 1350 - 1800), ആധുനിക ബംഗാളി (എ.ഡി 1800 നുശേഷം) എന്നിവയാണ് ആ ഘട്ടങ്ങൾ. 2024ൽ ബംഗാളിയ്ക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചു.

മറാഠി

ഇന്തോ - ആര്യൻ ഭാഷകളിൽ ഏറ്റവും പഴക്കംചെന്ന ഭാഷയാണ് മറാഠി. പതിമൂന്നാം നൂറ്റാണ്ടിലാണ് മറാഠി ഭാഷയുടെ വളർച്ച ആരംഭിക്കുന്നത്. 'പ്രാകൃത് മഹാരാഷ്ട്രി' എന്ന ഭാഷാരൂപത്തിൽ നിന്നാണ് മറാഠി വികസിച്ചതെന്ന് പല ചരിത്രകാരന്മാരും പറയുന്നു. സംസ്കൃതം മറാഠി ഭാഷയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മറാഠി ഭാഷയുടെ പദസമ്പത്തിൽ മുക്കാൽ പങ്കും സംസ്കൃതത്തിൽ നിന്ന് വന്നതാണ്. പഴയ മറാഠി (എ.ഡി 1350 വരെ), മധ്യകാല മറാഠി (എ.ഡി 1350 മുതൽ 1800 വരെ), ആധുനിക മറാഠി (എ.ഡി 1800നു ശേഷം) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയായിരുന്നു മറാഠി സാഹിത്യത്തിന്റെ വളർച്ച. 2024ൽ മറാഠിക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചു.

പാലി ഭാഷ

പ്രാചീന ഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഇന്തോ ആര്യൻ ഭാഷാകുടുംബത്തിലെ ഒരു പ്രാകൃത ഭാഷയാണ് പാലി. ബുദ്ധമതക്കാരുടെ ഭാഷയായിരുന്നു പാലി. ബുദ്ധൻ തന്റെ പ്രബോധനങ്ങൾ നടത്തിയത് സാധാരണ ജനങ്ങളുടെ ഭാഷയായ പാലിയിലാണ്. ബുദ്ധമതപ്രമാണങ്ങൾ എഴുതപ്പെട്ടതും പാലി ഭാഷയിലാണ്. ത്രിപിടകങ്ങൾ, ജാതകകഥകൾ തുടങ്ങിയ മതഗ്രന്ഥങ്ങൾ പാലി ഭാഷയിലാണ് രചിക്കപ്പെട്ടത്. ദീപവംശം, മഹാവംശം എന്നീ ബൗദ്ധ ഗ്രന്ഥങ്ങളും എഴുതപ്പെട്ടിട്ടുള്ളതും പാലിയിലാണ്. 2024ൽ പാലി ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചു.

പ്രാകൃത ഭാഷ

പ്രാകൃത ഭാഷ എന്നത് പ്രാചീന ഇന്ത്യയിൽ ഉപയോഗത്തിലിരുന്ന ഒരു കൂട്ടം ഭാഷകളെ പൊതുവായി സൂചിപ്പിക്കുന്ന പദമാണ്. ഇത് മധ്യ-ഇന്തോ-ആര്യൻ ഭാഷാ കുടുംബത്തിൽ പെടുന്നു. സംസ്കൃതവുമായി അടുത്ത ബന്ധമുണ്ടെങ്കിലും, പ്രാകൃത ഭാഷകൾ കൂടുതൽ ലളിതവും സംസാരഭാഷയോട് അടുത്തുമായിരുന്നു. ബി.സി.ഇ. 500 മുതൽ സി.ഇ. 1000 വരെയുള്ള കാലഘട്ടത്തിലാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. വൈദിക സംസ്കൃതത്തിൽ നിന്നുണ്ടായ ഭാഷകളാണ് പ്രാകൃത ഭാഷകൾ. മഹാരാഷ്ട്രി, ശൗര്യസേനി, മാഗധി, പൈശാചി എന്നിവയാണ് ഇതിൽ പ്രധാനം. എ.ഡി 800 കളിൽ ഇന്ത്യയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന ഭാഷയാണ് പ്രാകൃത് മഹാരാഷ്ട്രി. എ.ഡി 1000 മുതലാണ് ആധുനിക ഇന്തോ - ആര്യൻ ഘട്ടം. സാഹിത്യഭാഷകളായ പ്രകൃതങ്ങളിൽ നിന്ന് 'അപഭ്രംശങ്ങൾ' എന്ന സംസാര ഭാഷകൾ ഇക്കാലത്ത് രൂപംകൊണ്ടു. 2024ൽ പ്രാകൃത് ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചു.

ഇന്ത്യൻ സാഹിത്യം

പുരാതന സാഹിത്യം

സംസ്കൃത സാഹിത്യം

ഇന്തോ ആര്യൻ ഭാഷയുടെ രണ്ടു വിഭാഗങ്ങളാണ് വേദിക് സംസ്കൃതവും ക്ലാസിക്കൽ സംസ്കൃതവും. വൈദിക സംഹിതകൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുകൾ എന്നിവ വേദിക് സംസ്കൃതത്തിൽ ഉൾപ്പെടുന്നു. ഇതിഹാസങ്ങളും മറ്റും ഉൾപ്പെടുന്നത് ക്ലാസിക്കൽ സംസ്കൃതത്തിലാണ്. ആധ്യാത്മിക വിഷയങ്ങളായിരുന്നു ആദ്യകാലത്ത് സംസ്കൃതത്തിൽ എഴുതപ്പെട്ടതെങ്കിലും പിന്നീട് സാഹിത്യം, ശാസ്ത്രം എന്നുതുടങ്ങി പല മേഖലകളിലും മികച്ച കൃതികളുണ്ടായി.

വേദകാല സാഹിത്യം

വേദ സംസ്കാരത്തെക്കുറിച്ച് നമുക്ക് അറിവു ലഭിക്കുന്നത് മുഖ്യമായും വേദസാഹിത്യത്തിൽ നിന്നാണ്. വേദഗ്രന്ഥങ്ങൾ രചിച്ചത് അനേകം എഴുത്തുകാരാണ്. ബുദ്ധന്റെ കാലഘട്ടത്തിനു മുമ്പുതന്നെ ഭൂരിഭാഗം ഗ്രന്ഥങ്ങളും രചിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്നു. വേദഗ്രന്ഥങ്ങൾ തലമുറകളിൽനിന്ന് തലമുറകളിലേക്ക് പകർന്നത് വാമൊഴിയായാണ്. സ്വാഭാവികമായും അവയിൽ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും ഉണ്ടായി. വാമൊഴിയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വേദഗ്രന്ഥങ്ങൾ നൂറ്റാണ്ടുകൾക്കു ശേഷമാണ് ലിഖിത രൂപത്തിലാക്കപ്പെട്ടത്. സംസ്കൃതഭാഷയിലാണ് വേദകാലസാഹിത്യം രചിക്കപ്പെട്ടത്. അവയെ ശ്രുതിയെന്നും സമൃതിയെന്നും രണ്ടായിത്തിരിക്കാം.

ശ്രുതി

ഹിന്ദുമതത്തിന്റെ കേന്ദ്രബിന്ദുവായ ഗ്രന്ഥങ്ങളടങ്ങിയ വേദസാഹിത്യത്തെയാണ് ശ്രുതിസാഹിത്യം എന്നുപറയുന്നത്. ക്ലാസിക്കൽ ശ്രുതിസാഹിത്യത്തിൽ നാലുവേദങ്ങളും ഉപനിഷത്തുകളും ആരണ്യകങ്ങളും ബ്രാഹ്മണങ്ങളും ഉൾപ്പെടുന്നു.

സ്‌മൃതി

ശ്രുതിസാഹിത്യത്തിൽനിന്ന് വ്യത്യസ്തമായി, വേദകാലത്തിനുശേഷം എഴുതപ്പെട്ട സാഹിത്യത്തെയാണ് സ്മൃതിസാഹിത്യം എന്നുപറയുന്നത്. സ്മൃതിസാഹിത്യമെന്നാൽ ഓർമ്മിക്കപ്പെടുന്ന സാഹിത്യം എന്നാണ്. ഈ വിഭാഗത്തിലെ ക്ലാസിക് കൃതികളിൽ പുരാണങ്ങൾ, ഉപവേദം, തന്ത്രങ്ങൾ, ഇതിഹാസങ്ങൾ മുതലായവ ഉൾപ്പെടുന്നു.

വേദങ്ങൾ

മാനവരാശിക്ക് പരിചയമുള്ള ഏറ്റവും പഴക്കമുള്ള പുസ്തകങ്ങളായി പാശ്ചാത്യരും പൗരസ്ത്യരും അംഗീകരിച്ചിട്ടുള്ളത് വേദങ്ങളെയാണ്. ഋക്, സാമം, യജുർ, അഥർവം എന്നിങ്ങനെ നാലുവേദങ്ങളാണുള്ളത്. ബി.സി. 1500-നും 1200-നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ഋഗ്വേദം രചിക്കപ്പെട്ടതെന്നാണ് പ്രൊഫ.മാക്സ്‌മുള്ളറുടെ നിഗമനം. മറ്റുവേദങ്ങളുടെ കാലം ബി.സി.1200 -നും 800-നും ഇടയ്ക്കാണെന്ന് അനുമാനിക്കപ്പെടുന്നു. ലോകമാന്യ തിലകിന്റെ അഭിപ്രായത്തിൽ, ഋഗ്വേദം ബി.സി 6000-ത്തിനുമുൻപ് രചിക്കപ്പെട്ടതാണ്. ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും രചിക്കപ്പെട്ടത് ബി.സി. 800-നും 600 -നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ്. ഓരോ വേദത്തോടുമനുബന്ധിച്ച് എഴുതപ്പെട്ടവയാണിവ. യാഗങ്ങളുടെയും യജ്ഞങ്ങളുടെയും പ്രാധാന്യത്തെ ഇവ വിശദീകരിക്കുന്നു.

ഋഗ്വേദം

പൂർവവേദകാലഘട്ടത്തിലുണ്ടായിരുന്ന ഏകവേദമാണ് ഋഗ്വേദം. സാമൂഹികമായും മതപരമായും ഏറ്റവും പ്രാധാന്യമുള്ള വേദമാണിത്. സ്തുതിക്കുക എന്നർഥമുള്ള 'ഋച്' എന്ന ധാതുവിൽനിന്നുണ്ടായ പദമാണ് 'ഋക്'. ലോകത്തിലെ ഏറ്റവും പ്രാചീനമായ മതഗ്രന്ഥമാണിത്. സംസ്കൃതത്തിലെ ഏറ്റവും പ്രാചീനകൃതിയും ഇന്തോ-യൂറോപ്യൻ ഭാഷകളിലെ ആദ്യഗ്രന്ഥവും ഋഗ്വേദമാണ്. എല്ലാ വേദസാഹിത്യങ്ങളുടെയും അടിസ്ഥാനം ഋഗ്വേദമാണ്. ഇതിൽ പ്രധാനമായും വ്യത്യസ്തദേവതകളെ സ്തുതിക്കുന്ന വരികൾ അടങ്ങിയിരിക്കുന്നു. പ്രകൃതിപ്രതിഭാസങ്ങളെ ദേവതകളായി വ്യക്തിവത്കരിക്കുന്ന മനുഷ്യമനസ്സിന്റെ വികാസത്തിന്റെ ഒരുഘട്ടത്തെ ഇത് പ്രതിനിധീകരിക്കുന്നു. ഋഗ്വേദത്തിന് 10 മണ്ഡലങ്ങളാണുള്ളത്. ആകെ 1028 സൂക്തങ്ങളുടെ (10,500 മന്ത്രങ്ങൾ) സമാഹാരമാണ് ഋഗ്വേദം. 'അഗ്നിമീളേ പുരോഹിതം' എന്നാരംഭിക്കുന്ന ഋഗ്വേദം 'യഥ വസ്സുസഹാസതി' എന്നവസാനിക്കുന്നു. മന്ത്രങ്ങൾ പ്രധാനമായും ഋഷികളുടെ സൃഷ്ടിയായിരുന്നു. ഏഴ് പ്രധാന ഋഷികളായിരുന്നു അത്രി, കണ്വൻ, വസിഷ്ഠൻ, വിശ്വാമിത്രൻ, ജമദഗ്നി, ഗൗതമൻ, ഭരദ്വാജൻ എന്നിവർ. ഋഗ്വേദത്തിന്റെ മൂന്നാമത്തെ മണ്ഡലത്തിലാണ് ഗായത്രീമന്ത്രം ഉൾപ്പെടുന്നത്. വിശ്വാമിത്രനാണ് ഗായത്രിമന്ത്രം രചിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. സാവിത്രിയെന്ന മൂർത്തിക്കാണ് ഇത് സമർപ്പിച്ചിരിക്കുന്നത്. ഹൈന്ദവവിശ്വാസമനുസരിച്ച് ഉപനയനസമയത്ത് ഗുരൂപദേശമായിമാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രീമന്ത്രം. ഋഗ്വേദത്തിൽ ഏറ്റവും പ്രാധാന്യമുള്ള ദേവൻ ഇന്ദ്രനാണ്. യുദ്ധദേവനായിട്ടാണ് അദ്ദേഹം പരാമർശിക്കപ്പെട്ടിരിക്കുന്നത്. ഋഗ്വേദത്തിലെ ഏറ്റവും കൂടുതൽ മന്ത്രങ്ങൾ സമർപ്പിക്കപ്പെട്ടിരിക്കുന്നത് ഇന്ദ്രനാണ്. കോട്ടകളെ തകർക്കുന്നവൻ എന്ന അർഥത്തിൽ പുരന്ദരൻ എന്നുവിളിച്ചിരുന്നത് ഇന്ദ്രനെയാണ്. ഭാരതീയപുരാണങ്ങളിൽ ദേവൻമാരുടെ രാജാവായ ഇന്ദ്രൻ മഴയുടെയും ഇടിമിന്നലിന്റെയും അധിദേവനാണ്. ഋഗ്വേദകാലത്ത് ജലത്തിന്റെ അധിദേവനായി കണക്കാക്കപ്പെട്ടിരുന്നത് വരുണനാണ്. ഋഗ്വേദത്തിൽ ഓം എന്ന വാക്ക് 1028 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ഋഗ്വേദകാലത്ത് ജീവിച്ചിരുന്ന രണ്ട് പ്രധാന പുരോഹിതൻമാരാണ് വസിഷ്ഠനും വിശ്വാമിത്രനും. ഇവർ യഥാക്രമം സൂര്യവംശത്തിന്റെയും ചന്ദ്രവംശത്തിന്റെയും കുലഗുരുക്കളായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

സാമവേദം

സംഗീതത്തെപ്പറ്റിയുള്ള ആദ്യത്തെ പുസ്തകമാണ് സാമവേദം. ഇന്ത്യൻ സംഗീതത്തിന്റെ ഉറവിടമെന്നും സാമവേദത്തെ വിശേഷിപ്പിക്കുന്നു. ഇതിന് 1549 ശ്ലോകങ്ങളുണ്ട്. ഏകദേശം 75 ശ്ലോകങ്ങൾ ഋഗ്വേദത്തിൽ നിന്നാണെടുത്തത്.

യജുർവേദം

ഇതിന് 1875 ശ്ലോകങ്ങളുണ്ട്. യജുർവേദത്തെ കൃഷ്ണയജുർവേദമെന്നും (കറുപ്പ്) ശുക്ലയജുർവേദമെന്നും (വെളുപ്പ്) രണ്ടായിത്തിരിച്ചിട്ടുണ്ട്. കൃഷ്ണയജുർവേദത്തിലെ മന്ത്ര-സൂക്തങ്ങൾ ശുക്ലയജുർവേദത്തിലെതുപോലെ ക്രമമായി ചിട്ടപ്പെടുത്താത്തതിനാലാണ് അതിന് 'കൃഷ്ണ' (കറുപ്പ് - അവ്യക്തത) യജുർവേദം എന്ന പേര് വന്നത്. ഗദ്യരൂപത്തിലുള്ള ഏകവേദമാണ് യജുർവേദം. ഋഗ്വേദം, സാമവേദം, യജുർവേദം എന്നിവയെല്ലാം ചേർന്ന് വേദത്രയി എന്നപേരിൽ അറിയപ്പെടുന്നു. പിൽക്കാലത്ത് അഥർവവേദവും ഈ ഗണത്തിൽ ഉൾപ്പെടുത്തി.

അഥർവവേദം

വേദങ്ങളിൽ ഒടുവിൽ രചിക്കപ്പെട്ട അഥർവവേദം, ബ്രഹ്മവേദമെന്നും അറിയപ്പെടുന്നു. ഇത് 20 കാണ്ഡങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ശ്ലോകങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള വേദമായ ഇതിൽ 730 ശ്ലോകങ്ങളാണുള്ളത്. ഈ ശ്ലോകങ്ങളിൽ ഭൂരിഭാഗവും ദുഷ്ടാത്മാക്കളെ അകറ്റാനുപയോഗിക്കുന്ന ആഭിചാരപ്രവൃത്തികളെക്കുറിച്ച് പ്രതിപാദിക്കുന്ന മന്ത്രങ്ങളുടെ ഒരു സമാഹാരമാണ്. അഥർവവേദത്തിന് രണ്ട് വ്യത്യസ്തവിഭാഗങ്ങളുണ്ട് - പൈപ്പലാദ, സൗനകീയ. 'യുദ്ധം മനുഷ്യന്റെ മനസ്സിൽ തുടങ്ങുന്നു' എന്നത് ഈ വേദത്തിലെ വാക്യമാണ്. ചരിത്രപരമായും സാമൂഹികശാസ്ത്രപരമായും ഋഗ്വേദം കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വേദമാണ് അഥർവം. ഏറ്റവും പ്രയോജനപ്രദമായ വേദമായും ഇതിനെ കണക്കാക്കുന്നു.

പിൽക്കാലവേദങ്ങൾ

ഋഗ്വേദവുമായി സാദൃശ്യമുള്ള, പാഴ്‌സികളുടെ വിശുദ്ധഗ്രന്ഥമാണ് സെന്ത് അവെസ്ത. വേദം എന്ന വാക്കിനർഥം അറിവ് എന്നാണ്. ഋഗ്വേദത്തിലെ മാണ്ഡൂക്യസൂക്തം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലാണ് 'പുരുഷസൂക്തം'. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചാതുർവർണ്യവ്യവസ്ഥ നിലവിൽവന്നത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നതാണ് ചാതുർവർണ്യവിഭാഗങ്ങൾ. മഹാവിഷ്ണുവിന്റെ ശിരസ്സ്, കരങ്ങൾ, ഊരുക്കൾ, കാൽപ്പാദം എന്നിവിടങ്ങളിൽനിന്ന് യഥാക്രമം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവർ സൃഷ്ടിക്കപ്പെട്ടുവെന്ന് പുരുഷസൂക്തത്തിൽ പറയുന്നു. സാമവേദം, യജുർവേദം, അഥർവവേദം എന്നിവയാണ് പിൽക്കാലവേദങ്ങൾ.

ബ്രാഹ്മണങ്ങൾ

വേദങ്ങളുടെ അനുബന്ധമായി ഗദ്യരൂപത്തിലുള്ള വ്യാഖ്യാനങ്ങളാണ് ബ്രാഹ്മണങ്ങൾ. വേദങ്ങളിലെ ശ്ലോകങ്ങളെ വിശദീകരിക്കുന്നത് ബ്രാഹ്മണങ്ങളാണ്. ഇവ യാഗശാസ്ത്രമാണ് കൈകാര്യംചെയ്യുന്നതെന്ന് പറയാം. വിവിധ യാഗങ്ങളെയും ആചാരങ്ങളെയും അവയുടെ നിഗൂഢാർഥങ്ങളെയും കുറിച്ച് അവ വിശദമായി വിവരിക്കുന്നു. ഓരോ വേദത്തിനും ഒട്ടേറെ ബ്രാഹ്മണങ്ങളുണ്ട്.

ഉപനിഷത്തുകൾ

ഹിന്ദുമതത്തിന്റെ തത്ത്വശാസ്ത്ര ഗ്രന്ഥങ്ങളാണ് ഉപനിഷത്തുകൾ. അവ ഇന്ത്യൻ തത്ത്വചിന്തയുടെ ഉറവിടം എന്നറിയപ്പെടുന്നു. 'ഉപനിഷത്ത്' എന്ന വാക്ക് 'ഉപനി-സദ്' എന്ന ധാതുവിൽനിന്നാണ് ഉരുത്തിരിഞ്ഞത്. 'ആരുടെയെങ്കിലും അടുത്ത് ഇരിക്കുക' എന്നർഥം. അറിവ് പഠിക്കാൻ ഒരു വിദ്യാർഥി തന്റെ ഗുരുവിന്റെ കാൽക്കൽ ഇരിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു. ഒടുവിൽ ആ പദം ഗുരു തന്റെ തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് പകർന്നുനൽകിയ രഹസ്യ അറിവിനെ സൂചിപ്പിക്കാൻ ഉപയോഗിച്ചു. ധ്യാനത്തിലൂടെയും ആത്മനിയന്ത്രണത്തിലൂടെയും മോക്ഷം കൈവരിക്കുക എന്ന ജീവിതലക്ഷ്യമാണ് ഉപനിഷത്തുകൾ വിഭാവനംചെയ്യുന്നത്. ബി.സി. 600-നോടടുപ്പിച്ചാണ് ഉപനിഷത്തുകൾ രചിക്കപ്പെട്ടത്. ഇവ 108 എണ്ണമുണ്ടെന്നാണ് ഏറ്റവും പ്രബലമായ വിശ്വാസം. അവയിൽ പന്ത്രണ്ടെണ്ണത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. ഉപനിഷത്തുകൾ പൊതുവേ 'വേദാന്തങ്ങൾ' എന്നറിയപ്പെടുന്നു. ഏറ്റവും വലിയ ഉപനിഷത്ത് ബൃഹദാരണ്യകോപനിഷത്താണ്. മാണ്ഡൂക്യോപനിഷത്താണ് ഏറ്റവും ചെറുത്. ഏറ്റവും പഴക്കമുള്ള ഉപനിഷത്തുകൾ ബൃഹദാരണ്യകോപനിഷത്തും ഛാന്ദോഗ്യോപനിഷത്തുമാണ്. ഇന്ത്യയുടെ ദേശീയ ആപ്തവാക്യമായ 'സത്യമേവ ജയതേ' (സത്യം മാത്രമേ ജയിക്കൂ) എന്ന വാക്യം മുണ്ടകോപനിഷത്തിലേതാണ്. ശങ്കരാചാര്യർ, രാമാനുജൻ, രാമകൃഷ്ണ പരമഹംസർ, അരവിന്ദ ഘോഷ് തുടങ്ങിയ ചിന്തകരെ സ്വാധീനിച്ച പിൽക്കാല ഇന്ത്യൻ തത്ത്വചിന്തയുടെ അടിത്തറയാണ് ഉപനിഷത്തുകൾ. 'ഉത്തിഷ്ഠത, ജാഗ്രത' എന്ന വാക്യം കഠോപനിഷത്തും 'തമസോമാ ജ്യോതിർഗമയ' എന്ന വാക്യം ബൃഹദാരണ്യകോപനിഷത്തും 'മാതൃദേവോ ഭവ' എന്ന വാക്യം തൈത്തിരീയോപനിഷത്തും ഉൾക്കൊള്ളുന്നു. യമനും നചികേതസും തമ്മിലുള്ള സംഭാഷണമടങ്ങിയിരിക്കുന്നത് കഠോപനിഷത്തിലാണ്. വർണാശ്രമത്തെക്കുറിച്ച് ആദ്യപരാമർശമുള്ളത് ജാബാല ഉപനിഷത്തിലാണ്. ശ്രീകൃഷ്ണനെക്കുറിച്ച് ആദ്യം പരാമർശിച്ചിരിക്കുന്നത് ഛാന്ദോഗ്യോപനിഷത്തിലാണ്. ആത്മാവിന്റെ പലായനത്തെക്കുറിച്ച് പരാമർശിക്കുന്ന ഉപനിഷത്താണ് ബൃഹദാരണ്യകോപനിഷത്ത്.

ഉപനിഷത്ത് പരിഭാഷ

ഉപനിഷത്തുകൾ (50 എണ്ണം) പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ മുഗൾ രാജകുമാരനാണ് ദാരാഷുക്കോ (1657). ഉപനിഷത്തുകൾ വിവർത്തനംചെയ്യപ്പെട്ട ആദ്യ വിദേശഭാഷയാണ് പേർഷ്യൻ. ഉപനിഷത്തുകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് മാക്സ്‌മുള്ളർ എന്ന ജർമൻ പണ്ഡിതനാണ്. ഉപനിഷത്ത് ചിന്തയിലൂടെ പരമസത്യം നാല് മഹാവാക്യങ്ങളായി ഉപന്യസിക്കാമെന്ന് പണ്ഡിതമതം. പ്രജ്ഞാനം ബ്രഹ്മ (ഐതരേയം), അഹം ബ്രഹ്മാസ്മി (ബൃഹദാരണ്യകം), അയമാത്മാ ബ്രഹ്മ (മാണ്ഡുക്യം). തത്ത്വമസി (ഛാന്ദോഗ്യേം) എന്നിവയാണവ.

സൂത്രങ്ങൾ

സൂത്രങ്ങൾ ഉദ്ഭവിച്ചത് വാമൊഴിപാരമ്പര്യങ്ങളിലാണ്. അവിടെ മനഃപാഠമാക്കലും പാരായണവും പ്രധാന രീതികളായിരുന്നു. പതഞ്ജലിയുടെ യോഗസൂത്രങ്ങൾ, ബ്രഹ്മസൂത്രങ്ങൾ, വിവിധ ബുദ്ധസൂത്രങ്ങൾ, ജൈനസൂത്രങ്ങൾ എന്നിവ സൂത്രങ്ങൾക്ക് ഉദാഹരണങ്ങളാണ്. മൂന്നുതരം യാഗങ്ങൾ എങ്ങനെ അർപ്പിക്കണം എന്നതിനെക്കുറിച്ചുള്ള നിർദേശങ്ങൾ ശ്രൗതസൂത്രങ്ങൾ നൽകുന്നു. മനുഷ്യൻ ജനനംമുതൽ മരണംവരെ പാലിക്കേണ്ട ആചാരവിധികളെക്കുറിച്ച് ഗൃഹ്യസൂത്രങ്ങൾ പ്രതിപാദിക്കുന്നു. വിവാഹം എട്ടുരീതികളായി തരംതിരിക്കപ്പെട്ടു. ബ്രാഹ്മം, പ്രാജാപത്യം, ആർഷം, ദൈവം, ഗാന്ധർവം, ആസുരം, രാക്ഷസം, പൈശാചം എന്നിവയായിരുന്നു ഇവ. ഇവയിൽ ആദ്യത്തെ നാലും ശ്രേഷ്ഠങ്ങളായി വിധിക്കപ്പെട്ടു. ഗൃഹനാഥൻ അനുഷ്ഠിക്കേണ്ട പഞ്ചയജ്ഞങ്ങളായിരുന്നു ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ദൈവയജ്ഞം, അതിഥിയജ്ഞം എന്നിവ. ഒരാളുടെ ജീവിതദശ നാല് ആശ്രമധർമാനുഷ്ഠാനങ്ങളിൽക്കൂടി കടന്നുപോകേണ്ടതാണെന്ന് വിധിക്കപ്പെട്ടു. ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സന്ന്യാസം എന്നിവയാണ് ആ ഘട്ടങ്ങൾ. വിജ്ഞാനസമ്പത്ത് വർധിപ്പിക്കുന്നതിനുവേണ്ടി മറ്റെല്ലാം ത്യജിക്കുന്ന ബ്രഹ്മചാരി (25 വയസ്സുവരെ), മാതൃകാപരനായ ഗൃഹനാഥൻ (25 മുതൽ 50 വയസ്സുവരെ), ആധ്യാത്മികജീവിതത്തിലും ധ്യാനത്തിലും മാത്രം മുഴുകി വനത്തിലെ ഏകാന്തതയിൽ കഴിയുന്ന വാനപ്രസ്ഥൻ (50 മുതൽ 75 വയസ്സുവരെ), ഐഹികമായ എല്ലാം ത്യജിച്ച് മോക്ഷപ്രാപ്തിക്കുവേണ്ടി അലയുന്ന ഭിക്ഷു (75 മുതൽ 100 വയസ്സുവരെ) എന്നിവയായിരുന്നു ആശ്രമധർമത്തിലെ ഘടകങ്ങൾ. ധർമസൂത്രങ്ങൾ പൊതുവേ നിയമങ്ങൾ, മര്യാദകൾ, ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഗൗതമൻ, ബൗധായനൻ, വസിഷ്ഠൻ, ആപസ്തംബൻ എന്നിവരാണ് പ്രധാന ധർമസൂത്രകാരൻമാർ. യാഗപീഠങ്ങൾ നിർമിക്കുന്നതിന് സുൽവസൂത്രം വിവിധ അളവുകൾ നിർദേശിക്കുന്നു.

ആരണ്യകങ്ങൾ

ആരണ്യകം എന്ന വാക്കിന്റെ അർഥം 'കാട്' എന്നാണ്. ഇവയെ 'വനഗ്രന്ഥങ്ങൾ' എന്നുവിളിക്കുന്നു. പ്രധാനമായും കാട്ടിൽ താമസിക്കുന്ന സന്ന്യാസിമാർക്കും വിദ്യാർഥികൾക്കും വേണ്ടി എഴുതിയതാണ് ഇവ. ബ്രാഹ്മണങ്ങളുടെയോ അവയുടെ അനുബന്ധങ്ങളുടെയോ അവസാനഭാഗങ്ങളാണിവ. ബ്രാഹ്മണങ്ങൾക്കും ഉപനിഷത്തുകൾക്കും ഇടയിലുള്ള കൃതികളായ ആരണ്യകങ്ങളുടെ ലക്ഷ്യം വാനപ്രസ്ഥത്തിനായി ആരണ്യകത്തിലേക്കു പോകുന്നവർക്ക് ആത്മീയജ്ഞാനമാർജിക്കാൻ സഹായകമാകുകയെന്നതാണ്. ആരണ്യകങ്ങൾ യാഗങ്ങളനുഷ്ഠിക്കുന്നതിനുള്ള നിയമങ്ങളോ ചടങ്ങുകളുടെ വിശദീകരണങ്ങളോ അല്ല.

പുരാണങ്ങൾ

വേദവ്യാസനാണ് 18 പുരാണങ്ങളും രചിച്ചതെന്ന അഭിപ്രായമുണ്ട്. 18 മഹാപുരാണങ്ങളെ കൂടാതെ 18 ഉപപുരാണങ്ങളും ഉണ്ടെന്നു കണക്കാക്കിയിരിക്കുന്നു. ബ്രഹ്മപുരാണം, ഭഗവതപുരാണം, മാർക്കണ്ഡേയപുരാണം, വിഷ്ണുപുരാണം, നാരദീയപുരാണം, പദ്മപുരാണം, വായുപുരാണം, അഗ്നിപുരാണം, ഭവിഷ്യപുരാണം, ബ്രഹ്മ വൈവർത്തകപുരാണം, ലിംഗപുരാണം, വരാഹപുരാണം, സ്കന്ദപുരാണം, വാമന പുരാണം, കൂർമപുരാണം, മത്സ്യപുരാണം, ഗരുഡപുരാണം, ബ്രഹ്മാണ്ഡപുരാണം. ഏറ്റവും പ്രധാനപ്പെട്ട പുരാണങ്ങൾ വിഷ്ണുപുരാണം, വായുപുരാണം, മത്സ്യപുരാണം, ബ്രഹ്മപുരാണം, ഭവിഷ്യപുരാണം എന്നിവയാണ്. ഏറ്റവും വലിയ പുരാണം സ്കന്ദപുരാണമാണ്. ഇതിൽ 80,000-ൽപ്പരം പദ്യങ്ങളുണ്ട്. രണ്ടാംസ്ഥാനത്തുള്ള പദ്‌മപുരാണത്തിൽ 55,000 പദ്യങ്ങളുണ്ട്. പ്രാചീന ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പുസ്തകമായി സ്കന്ദപുരാണം കണക്കാക്കപ്പെടുന്നു. മാർക്കണ്ഡേയപുരാണമാണ് ഏറ്റവും ചെറിയ പുരാണം. ദേവീഭാഗവതപ്രകാരമുള്ള ഉപപുരാണങ്ങൾ - സനൽകുമാരം, നരസിംഹം, നാരദീയം, ശിവം, ദുർവാസസം, കാപിലം, വാമനം, ഔശനസ്സം, വാരുണം, കാളിക, ഭാർഗവം, നന്ദി, സൗരം, സാംബം, മാഹേശ്വരം, പാരശരം, ഗണേശം, വാസിഷ്ഠം എന്നിവ. 

വേദാംഗങ്ങൾ

വേദങ്ങളുടെ അനുബന്ധകൃതികളാണ് വേദാംഗങ്ങൾ. വേദകാലത്തിന്റെ അവസാനത്തോടെ, ബിസി ഒന്നാം സഹസ്രാബ്ദത്തിന്റെ മധ്യത്തിലോ അതിനുശേഷമോ ആണ് വേദാംഗങ്ങൾ വികസിച്ചതെന്ന് കരുതപ്പെടുന്നു. ഇവ ആറെണ്ണമുണ്ട്. ശിക്ഷ ഉച്ചാരണത്തെക്കുറിച്ചും ഛന്ദ മന്ത്രങ്ങളുടെ ഘടന സംബന്ധിച്ച ചട്ടങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. വ്യാകരണമാണ് മൂന്നാമത്തെത്. കല്പം ആചാരങ്ങളെക്കുറിച്ച് വിവരിക്കുന്നു. വേദാംഗങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളതാണിത്. ശ്രൗതസൂത്രം, ഗൃഹ്യസൂത്രം, ധർമസൂത്രം, സുൾവസൂത്രം എന്നിങ്ങനെ നാലായി കല്പം വിഭജിക്കപ്പെട്ടിട്ടുണ്ട്. വാക്കുകളുടെ ഉദ്ഭവമാണ് നിരുക്തത്തിന്റെ ഉള്ളടക്കം. ജ്യോതിഷം തിളക്കമുള്ള വസ്തുക്കളെക്കുറിച്ച് പ്രതിപാദിക്കുന്നു. വേദാംഗങ്ങളെക്കുറിച്ച് ആദ്യമായി പരാമർശിച്ചിരിക്കുന്നത് മുണ്ടകോപനിഷത്തിലാണ്. നിരുക്തത്തിന്റെ കർത്താവായി അറിയപ്പെടുന്നത് യാസ്‌കനാണ്. നൂറ്റാണ്ടുകളായി വേദപാരമ്പര്യത്തിന്റെ പരിശുദ്ധിയും സമഗ്രതയും നിലനിർത്തുന്നതിൽ വേദാംഗങ്ങൾ നിർണായകപങ്കാണ് വഹിച്ചത്.

ഭാരതീയ ദർശനങ്ങൾ

ഭാരതീയ ദർശനങ്ങൾ മുഖ്യമായി ഒൻപതെണ്ണമെന്നു കണക്കാക്കാം. ആസ്തിക ദർശനങ്ങൾ (വേദപ്രാമാണ്യം അംഗീകരിക്കുന്നവ) ആറെണ്ണവും നാസ്തിക ദർശനങ്ങൾ (വേദപ്രാമാണ്യം അംഗീകരിക്കാത്തവ) മൂന്നെണ്ണവും ഉണ്ട്. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, പൂർവമീമാംസ, ഉത്തരമീമാംസ (വേദാന്തം) എന്നിവയാണ് ആസ്തിക ദർശനങ്ങൾ. ഇവയെ ഷഡ്‌ദർശങ്ങൾ എന്നു പറയുന്നു. ബൗദ്ധം, ജൈനം, ചാർവാകം (ബാർഹസ് പത്യം അഥവാ ലോകായതം) എന്നിവ നാസ്തിക ദർശനങ്ങളുമാണ്. ഉത്തരമീ മാംസയെ ജ്ഞാനകാണ്ഡം എന്നും പൂർവ മീമാംസയെ കർമകാണ്ഡം എന്നും വിളിക്കുന്നു. കപില മഹർഷി സാംഖ്യത്തിന്റെയും ജൈമിനി പൂർവമീമാംസത്തിന്റെയും ഗൗതമൻ ന്യായദർശനത്തിന്റെയും കണാദൻ വൈശേഷികദർശനത്തിന്റെയും പതഞ്‌ജലി യോഗത്തിന്റെയും ബാദരായണൻ ഉത്തരമീമാംസയുടെയും ഉപജ്ഞാതാക്കളാണ്. ന്യായസൂത്രമാണ് ന്യായദർശനത്തിന്റെ പ്രാമാണിക ഗ്രന്ഥം. വൈശേഷികദർശനത്തിന്റെ പ്രാമാണികഗ്രന്ഥം വൈശേഷികസൂത്രങ്ങളാണ്. മീമാംസസൂത്രം പൂർവമീമാംസയുടെയും സാംഖ്യസൂത്രം സാംഖ്യദർശനത്തിന്റെയും യോഗസൂത്രം യോഗദർശനത്തിന്റെയും ബ്രഹ്മസൂത്രം ഉത്തരമീമാംസയുടെയും പ്രാമാണികഗ്രന്ഥങ്ങളാണ്. ഈ ദർശനങ്ങളെല്ലാം ജീവിതത്തിന്റെ മൂല്യങ്ങളെ പ്രചരിപ്പിക്കുന്നു. ഷഡ്‌ദർശനങ്ങളിൽ ഏറ്റവും പഴക്കമുള്ളത് സാംഖ്യമാണ്. ഇന്ത്യൻ കണികാസിദ്ധാന്തം എന്നറിയപ്പെടുന്നത് വൈശേഷികദർശനമാണ്.

ഉപവേദങ്ങൾ

വേദങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടതായി വേദാംഗങ്ങളും ദർശനങ്ങളും അവകാശപ്പെടുന്നുവെങ്കിലും അവയെ കാതലായ വേദസാഹിത്യത്തിന്റെ കുടക്കീഴിൽ ഉൾപ്പെടുത്തിയിട്ടില്ല. വേദതത്ത്വചിന്തയെ വിശദീകരിക്കുന്നവയാണ് ഉപവേദങ്ങൾ. സാമവേദത്തിന്റെ ഉപവേദമായ ഗന്ധർവവേദം സംഗീതത്തെപ്പറ്റി പ്രതിപാദിക്കുന്നു. യജുർവേദത്തിന്റെ ഉപവേദമായ ധനുർവേദം അസ്ത്രവിദ്യയെപ്പറ്റി പ്രതിപാദിക്കുന്നു. ഭൃഗുവാണ് ഉപജ്ഞാതാവ്. അഥർവവേദത്തിന്റെ ഉപവേദങ്ങളായ ശില്പവേദം (സ്ഥാപത്യവേദം) വാസ്തുവിദ്യയെക്കുറിച്ചും ആയുർവേദം വൈദ്യശാസ്ത്രത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. ആയുർവേദത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നത് ചരകൻ, സുശ്രുതൻ, വാഗ്ഭടൻ എന്നിവരാണ്. ആയുർവേദം എന്ന പദം സൂചിപ്പിക്കുന്നത് ജീവനേയും ആരോഗ്യത്തെയുമാണ്. വേദസാഹിത്യത്തിന്റെ ഭാഗമല്ലെന്നിരുന്നാലും ഉപവേദങ്ങൾക്ക് വലിയ പവിത്രത കല്പിക്കപ്പെടുന്നു.

ക്ലാസ്സിക്കൽ സംസ്കൃതം

ഇന്തോ ആര്യൻ ഭാഷയുടെ രണ്ടു വിഭാഗങ്ങളാണ് വേദിക് സംസ്കൃതവും ക്ലാസിക്കൽ സംസ്കൃതവും. വൈദിക സംഹിതകൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുകൾ എന്നിവ വേദിക് സംസ്കൃതത്തിൽ ഉൾപ്പെടുന്നു. ഇതിഹാസങ്ങളും മറ്റും ഉൾപ്പെടുന്നത് ക്ലാസിക്കൽ സംസ്കൃതത്തിലാണ്. ക്ലാസിക്കൽ സംസ്കൃതത്തിൽ എഴുതപ്പെട്ട വിവിധ കൃതികളും അവയുടെ രചയിതാക്കളും ചുവടെ കൊടുത്തിരിക്കുന്നു.

1. രാമായണം - വാല്മീകി

2. മഹാഭാരതം - വ്യാസൻ

3. ചരകസംഹിത - ചരകമുനി

4. അമരകോശം - അമരസിംഹൻ

5. അഷ്ടാധ്യായി - പാണിനി

6. മഹാഭാഷ്യം - പതഞ്‌ജലി

7. അർഥശാസ്ത്രം - കൗടില്യൻ

8. ഗീതാഗോവിന്ദം - ജയദേവൻ

9. നാട്യശാസ്ത്രം - ഭരതമുനി

10. അഷ്ടാംഗഹൃദയം - വാഗ്ഭടൻ

11. പഞ്ചതന്ത്രം - വിഷ്ണുശർമ

12. ആര്യഭടീയം - ആര്യഭടൻ

13. ലീലാവതി - ഭാസ്കരൻ രണ്ടാമൻ

14. അഭിജ്ഞാനശാകുന്തളം, മാളവികാഗ്നിമിത്രം, കുമാരസംഭവം - കാളിദാസൻ

15. ബുദ്ധചരിതം - അശ്വഘോഷൻ

16. സ്വപ്നവാസവദത്തം, ഊരുഭംഗം, പഞ്ചരാത്രം, ചാരുദത്തം, ദൂതഘടോത്കചം, അവിമാരകം, ബാലചരിതം, കർണഭാരം, അഭിഷേകനാടകം, പ്രതിമാനാടകം, ദൂതവാക്യം - ഭാസൻ

17. മൃച്ഛകടികം - ശൂദ്രകൻ

18. ശതകത്രയം - ഭർതൃഹരി

19. കാദംബരി, ഹർഷചരിതം - ബാണഭട്ടൻ

20. സൂര്യദശകം - മയൂരഭട്ടൻ

21. ശിശുപാലവധം - മാഘൻ

22. ജനകീഹരണം - കുമാരദാസൻ

23. കാവ്യാദർശം - ദണ്ഡി

24. വാസവദത്ത - സുബന്ധു

25. വേണിസംഹാരം - ഭട്ടനാരായണൻ

26. മാലതിമാധവം - ഭവഭൂതി

27. കഥാസരിത് സാഗരം - സോമദേവഭട്ടൻ

ഇതിഹാസങ്ങൾ

പ്രാചീന ഇന്ത്യൻ സമൂഹത്തെക്കുറിച്ച് ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും വിലപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട്.

രാമായണം

വാല്മീകിമഹർഷിയാണ് ആദികാവ്യമെന്നറിയപ്പെടുന്ന രാമായണം രചിച്ചത്. വാല്മീകിയുടെ പഴയ പേര് രത്നാകരൻ എന്നായിരുന്നു. കാട്ടാളനായിരുന്ന ഇദ്ദേഹം മനംമാറ്റത്തെത്തുടർന്ന് താപസനായി, ദീർഘകാലതപസ്സുമൂലം അദ്ദേഹത്തിനുചുറ്റും ചിതൽപ്പുറ്റ് അഥവാ വല്മീകം രൂപംകൊണ്ടു. അങ്ങനെ വാല്മീകിയെന്ന പേരുലഭിച്ചു. രാമായണം എന്നതിന് രാമന്റെ യാത്ര എന്നാണർഥം. 500 സർഗങ്ങളിലായി 24,000 ശ്ലോകങ്ങളാണ് രാമായണത്തിലുള്ളത്. കാവ്യരൂപത്തിലുള്ള ആദ്യകൃതിയാണിതെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യമെന്നും അറിയപ്പെടുന്നു. രാമായണത്തിന്റെ ഭാഗങ്ങൾ കാണ്ഡം എന്നാണറിയപ്പെടുന്നത്. ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിവയാണ് രാമായണത്തിലെ ഏഴുകാണ്ഡങ്ങൾ. രാമായണത്തിന്റെ ഇതിവൃത്തം കോസലത്തിലെ രാജാവായ ശ്രീരാമനും ലങ്കാധിപനായ രാവണനും തമ്മിലുള്ള യുദ്ധമാണ്.

മഹാഭാരതം

ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസമാണിത്. രാമായണത്തിന്റെ നാലുമടങ്ങ് വലുതാണ് മഹാഭാരതം. ലോകത്തിലെ ഏറ്റവും നീളംകൂടിയ പദ്യം എന്നും മഹാഭാരതം വിശേഷിപ്പിക്കപ്പെടുന്നു. വേദങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത സാധാരണ ജനങ്ങൾക്കു സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ് 'ഇതിഹാസങ്ങൾ' എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ പഞ്ചമവേദം (അഞ്ചാമത്തെ വേദം) എന്നും വിളിക്കുന്നു. ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡും ഒഡീസിയും ചേർത്തുവയ്ക്കുന്നതിന്റെ പത്തു മടങ്ങുവരും മഹാഭാരതത്തിന്റെ ദൈർഘ്യം. ഒരുലക്ഷത്തോളം ശ്ലോകങ്ങളുള്ള മഹാഭാരതത്തിന് 18 പർവങ്ങളുണ്ട്. ഒന്നാമത്തെ പർവം ആദിപർവമാണ്. സ്വർഗാരോഹണപർവമാണ് അവസാനത്തേത്. ഹരിവംശം എന്നൊരു അനുബന്ധഭാഗവും മഹാഭാരതത്തിനുണ്ട്. ജയസംഹിത എന്നാണ് മഹാഭാരതത്തിന്റെ പഴയ പേര്. ശതസഹസ്രസംഹിത (ശതം എന്നാൽ നൂറ്, സഹസ്രം എന്നാൽ ആയിരം, അതായത് നൂറായിരം അഥവാ ഒരുലക്ഷം) എന്നും മഹാഭാരതത്തെ വിളിക്കാറുണ്ട്. കൗരവരും പാണ്ഡവരും തമ്മിൽ പതിനെട്ടുദിവസം നീണ്ടുനിന്ന കുരുക്ഷേത്ര യുദ്ധമാണ് ഇതിന്റെ കേന്ദ്രപ്രമേയം. ഈ മഹായുദ്ധത്തിൽ, ഇന്ത്യയിലെ മിക്കവാറും എല്ലാ സമകാലികരാജാക്കന്മാരും ഏതെങ്കിലുമൊരു പക്ഷം ചേർന്നു. അതിന്റെ ഫലമായി കൗരവർ പൂർണമായി ഉന്മൂലനംചെയ്യപ്പെടുകയും പാണ്ഡവർ ഒടുവിൽ പരമാധികാരം നേടുകയും ചെയ്തു. വ്യാസനാണ് മഹാഭാരതത്തിന്റെ കർത്താവ്. പരാശരമുനിയുടെയും സത്യവതിയുടെയും പുത്രനായ വ്യാസൻ കൃഷ്ണദ്വൈപായനൻ എന്നപേരിലും അറിയപ്പെട്ടു. യമുനാ നദിയിലെ ഒരു ദ്വീപിലാണ് വ്യാസൻ ജനിച്ചത്. വേദങ്ങളെ പകുത്തതിനാൽ വേദവ്യാസൻ എന്നുവിളിക്കപ്പെട്ടു.

മഹാഭാരതത്തിന്റെ 18 പർവങ്ങൾ

ആദിപർവം, സഭാപർവം, വനപർവം, വിരാടപർവം, ഉദ്യോഗപർവം, ഭീഷ്മപർവം, ദ്രോണപർവം, കർണപർവം, ശല്യപർവം, സൗപ്തികപർവം, സ്ത്രീപർവം, ശാന്തിപർവം, അനുശാസനപർവം, അശ്വമേധികപർവം, ആശ്രമവാസികപർവം, മൗസലപർവം, മഹാപ്രസ്ഥാനികപർവം, സ്വർഗാരോഹണപർവം.

മഹാഭാരതത്തിലെ പർവങ്ങളിൽ ഏറ്റവും വലുത് പന്ത്രണ്ടാം പർവമായ ശാന്തിപർവവും ഏറ്റവും ചെറുത് പതിനേഴാം പർവമായ മഹാപ്രസ്ഥാനികപർവവുമാണ്. മഹാഭാരതം ആദ്യമായി തമിഴിലേക്ക് തർജ്ജമചെയ്തത് പെരുന്തേവനാരാണ്. കിസരി മോഹൻ ഗാംഗുലിയാണ് മഹാഭാരതം ആദ്യമായി സമ്പൂർണമായി സംസ്കൃതത്തിൽനിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

ഭഗവദ്ഗീത

മഹാഭാരതത്തിന്റെ ആത്മാവ് എന്നറിയപ്പെടുന്നത് ഭഗവദ്ഗീതയാണ്. 18 അധ്യായങ്ങളിലായി 700 ശ്ലോകങ്ങളുണ്ട്. മഹാഭാരതത്തിലെ ഭീഷ്മപർവത്തിന്റെ 25 മുതൽ 42 വരെ അധ്യായങ്ങളാണ് ഭഗവദ്‌ഗീത. തത്ത്വജ്ഞാനമാണ് ഗീതയുടെ പ്രമേയം. കുരുക്ഷേത്രയുദ്ധത്തിനു മുൻപ്, ബന്ധുക്കളുൾപ്പെട്ട കൗരവസൈന്യത്തോട് ഏറ്റുമുട്ടാൻ വിമുഖതകാട്ടിയ അർജുനനെ യുദ്ധോത്സുകനാക്കാൻ ശ്രീകൃഷ്ണൻ നൽകുന്ന ഉപദേശമെന്ന നിലയിലാണ് ഇതിന്റെ രചന. ഭഗവദ്ഗീതയുടെ അധ്യായങ്ങൾ യോഗം എന്നറിയപ്പെടുന്നു. ആദ്യത്തെ ആറധ്യായങ്ങൾ കർമയോഗമെന്നും മധ്യത്തിലെ ആറധ്യായങ്ങൾ ഭക്തിയോഗമെന്നും അവസാനത്തെ ആറധ്യായങ്ങൾ ജ്ഞാനയോഗമെന്നും അറിയപ്പെടുന്നു. ആദ്യ അധ്യായം വിഷാദയോഗമാണ്. അവസാനത്തെ അധ്യായം മോക്ഷ-ഉപദേശ യോഗം. ഉപനിഷത്തുകളുടെ ഉപനിഷത്ത്, മോക്ഷശാസ്ത്രം എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത് ഭഗവദ്‌ഗീതയാണ്. ഗീതോപനിഷത്ത് എന്നും ഭഗവദ്ഗീതയെ വിളിക്കാറുണ്ട്.

ഇന്ത്യൻ തത്ത്വചിന്ത

വേദ കാലഘട്ടത്തിന്റെ തത്ത്വചിന്ത

വേദകാലത്ത് മതവിശ്വാസങ്ങളും ആചാരങ്ങളും സമൂപരിവർത്തനത്തിനു വിധേയമായി. മതാരാധനയുടെ ലാളിത്യം നഷ്ടപ്പെടുകയും മതം കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്തു. 'യാഗസംസ്കാരം' മതത്തിന്റെ ആണിക്കല്ലായിത്തീർന്നു യാഗങ്ങളോടൊപ്പം മന്ത്രങ്ങളുമുണ്ടായിരുന്നു. അനേകം മറ്റു ആചാരാനുഷ്ഠാനങ്ങളും ഇക്കാലത്ത് ഉയർന്നുവന്നു. ഈ യാഗങ്ങളും മന്ത്രങ്ങളുമെല്ലാം കണ്ടുപിടിച്ചതും വികസിപ്പിച്ചെടുത്തും ബ്രാഹ്മണ പുരോഹിതരാണ്. യാഗങ്ങളും കർമ്മങ്ങളും അനുഷ്ഠിക്കുന്നതിന് പരിശീലനം സിദ്ധിച്ച പുരോഹിതവർഗ്ഗത്തിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. അതിനാൽ പൗരോഹിത്യത്തിന്റെ കുത്തക ബ്രാഹ്മണരുടെ കൈകളിലായി. ഇക്കാലത്തെ യാഗങ്ങൾ ലളിതമായ നിവേദ്യങ്ങളായിരുന്നില്ല. അവ വളരെയധികം ചെലവേറിയതായിരുന്നു. യാഗാനുഷ്ഠാനത്തിന് ദക്ഷിണയായി പശുക്കൾ, സ്വർണ്ണം, തുണി, കുതിരകൾ എന്നിവയെ പുരോഹിതന് നൽകണമായിരുന്നു. ഈ കാലഘട്ടത്തിൽ ദൈവങ്ങളുടെ പ്രകൃതത്തിലും സ്വഭാവത്തിലും മാറ്റങ്ങളുണ്ടായി. ഋഗ്വേദകാലത്തെ പ്രധാന ദേവന്മാരായിരുന്ന ഇന്ദ്രനും അഗ്നിക്കും അവരുടെ മുൻകാല പ്രാധാന്യം നഷ്ടപ്പെട്ടു. ഉത്തരവൈദിക കാലത്തെ ദേവന്മാരിൽ പ്രഥമ സ്ഥാനം സൃഷ്ടാവായ പ്രജാപതിക്കായിരുന്നു. വിഷ്ണുവും രുദ്രനും പ്രധാന ദേവന്മാരായി. വിഷ്ണുവിനെ പ്രപഞ്ചത്തിന്റെ രക്ഷകനായി കാണാൻ തുടങ്ങി.

ബുദ്ധമതത്തിന്റെ തത്ത്വങ്ങൾ

ജീവിതയാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു മതസിദ്ധാന്തമാണ് ബുദ്ധൻ മുന്നോട്ടുവെച്ചത്. ഇഹലോക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട തത്ത്വങ്ങളായിരുന്നു അവ. ബുദ്ധമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ 'ആര്യസത്യ' (നാലു ആര്യ സത്യങ്ങൾ) എന്ന പേരിലറിയപ്പെടുന്നു. അവ താഴെ പറയുന്നവയാണ്.

(1) ജീവിതം ദുഃഖമയമാണ്

(2) ആഗ്രഹങ്ങളാണ് ദുഃഖത്തിനു കാരണം

(3) ആഗ്രഹങ്ങളെ കീഴ്‌പ്പെടുത്തി ദുഃഖം ഇല്ലാതാക്കാം

(4) ദുഃഖനിവാരണത്തിന് അഷ്‌ടാംഗമാർഗ്ഗം സ്വീകരിക്കണം

ശരിയായ വീക്ഷണം, ശരിയായ തീരുമാനം, ശരിയായ വാക്ക്, ശരിയായ ജീവിതമാർഗ്ഗം, ശരിയായ പ്രവൃത്തി, ശരിയായ പരിശ്രമം, ശരിയായ സ്‌മരണ, ശരിയായ ധ്യാനം എന്നിവയാണ് ദുഃഖനിവാരണത്തിന് ബുദ്ധൻ നിർദ്ദേശിച്ച അഷ്‌ടാംഗമാർഗ്ഗങ്ങൾ. ഇവ മോക്ഷ (നിർവ്വാണം) മാർഗ്ഗമായി ശുപാർശ ചെയ്യപ്പെട്ടു. അഷ്ടാംഗമാർഗ്ഗം ഒരു മധ്യമാർഗ്ഗമായിരുന്നു. കാരണം കഠിനമായ തപോനിഷ്ഠകൾക്കും അമിതമായ സുഖഭോഗങ്ങൾക്കും ഇടയിലുള്ള ഒരു മാർഗ്ഗമായിരുന്നു അത്. ബുദ്ധൻ കർമ്മസിദ്ധാന്തത്തിൽ വിശ്വസിച്ചു. കർമ്മമാണ് മനുഷ്യന്റെ വിധി നിർണ്ണയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാൽ മോക്ഷസിദ്ധിക്കായി ശുദ്ധമായ ജീവിതം നയിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ബുദ്ധമതത്തിന്റെ മറ്റൊരു അടിസ്ഥാന തത്ത്വമാണ് അഹിംസ. ജീവനുള്ള ഒന്നിനേയും ഉപദ്രവിക്കുകയോ വധിക്കുകയോ ചെയ്യരുതെന്ന് ബുദ്ധൻ ഉപദേശിച്ചു. ദൈവസങ്കല്‌പത്തെ ബുദ്ധൻ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തില്ല. ജൈനാചാര്യർ ചെയ്‌തതുപോലെ ബുദ്ധനും തന്റെ അനുയായികൾക്കായി ഒരു പെരുമാറ്റ സംഹിത തയ്യാറാക്കി. അതിൽ അഞ്ചു കാര്യങ്ങൾ നിർദ്ദേശിക്കുന്നുണ്ട് : (1) മറ്റുള്ളവരുടെ സ്വത്ത് ആഗ്രഹിക്കരുത് (2) ഹിംസിക്കരുത് (3) ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത് (4) കള്ളം പറയരുത് (5) വ്യഭിചരിക്കരുത്.

ബുദ്ധമതം ഉദാരവും ജനാധിപത്യപരവുമായിരുന്നു. സമത്വത്തിന് അത് ഊന്നൽ നൽകി. സംഘത്തിൽ സ്ത്രീകൾക്കു പ്രവേശനം നൽകിയത് സമത്വം നടപ്പാക്കാനുള്ള പരിശ്രമമായിരുന്നു. സമത്വ സങ്കൽപത്തെ തകർക്കുന്ന വർണ്ണ സമ്പ്രദായത്തേയും ബുദ്ധൻ നിശിതമായെതിർത്തു. സത്യം, നീതി, അനുസരണ, ദാനധർമ്മം, ദയ തുടങ്ങിയ ധാർമ്മിക ഗുണങ്ങളെ ആധാരമാക്കിയുള്ള ഒരു ദർശനമാണ് ബുദ്ധമതം മുന്നോട്ടുവെച്ചത്.

ജൈനമത തത്ത്വങ്ങൾ

അഹിംസ, അപരിഗ്രഹം, അസ്തേയം, സത്യം, ബ്രഹ്മചര്യം എന്നിവയാണ് ജൈനമതത്തിന്റെ അഞ്ച് അടിസ്ഥാന പ്രമാണങ്ങൾ. ഇതിൽ ആദ്യത്തെ നാല് തത്ത്വങ്ങൾ പാർശ്വനാഥന്റെതും അഞ്ചാമത്തേത് മഹാവീരൻ കൂടിച്ചേർത്തതുമാണ്. ജൈനമതത്തിന്റെ മറ്റു പ്രധാന തത്ത്വങ്ങൾ താഴെ പറയുന്നയാണ്.

വൈദിക കർമ്മങ്ങൾ നിഷ്‌ഫലമാണ്.

ദൈവം മിഥ്യയാണ്. അതിനാൽ ആരാധനകൊണ്ടും പൂജാദി കർമ്മങ്ങൾ കൊണ്ടും ഒരു പ്രയോജനവുമില്ല.

ജനനം, മരണം, ദുഃഖം, യാതന എന്നിവയുടെ മൂലകാരണം കർമ്മമാണ്. ജനിമൃതികളിൽനിന്നും യാതനകളിൽനിന്നുമുള്ള മോചനമാണ് നിർവ്വാണം (മോക്ഷം). മോക്ഷം കിട്ടണമെങ്കിൽ കർമ്മം വിശുദ്ധമാകണം.

• 'ത്രിരത്നങ്ങൾ' അനുഷ്‌ഠിച്ചുകൊണ്ട് കർമ്മം ശുദ്ധമാക്കാം. ശരിയായ ജ്ഞാനം, ശരിയായ വിശ്വാസം, ശരിയായ പെരുമാറ്റം എന്നിവയാണ് ത്രിരത്നങ്ങൾ.

സന്യാസം, സ്വയം പീഡനം, നിരാഹാരത്തിലൂടെയുള്ള മരണം എന്നീ മാർഗ്ഗങ്ങളിലൂടേയും മോക്ഷം പ്രാപിക്കാം.

ആസ്തിക ദർശനങ്ങൾ (ഷഡ്‌ദർശനങ്ങൾ)

1. ന്യായദർശനം

ഗൗതമന്റെ അഥവാ ഗോതമന്റെ (ബി.സി.മൂന്നാം നൂറ്റാണ്ട്) ന്യായസൂത്രങ്ങൾ ആണ് ഇതിന്റെ പ്രാചീനമായ പ്രാമാണിക ഗ്രന്ഥം. വാചസ്പതിമിശ്രൻ (ഒൻപതാം നൂറ്റാണ്ട്), ഉദയനാചാര്യൻ (പത്താം നൂറ്റാണ്ട്) എന്നിവർ ന്യായദർശനവുമായി ബന്ധപ്പെട്ട പ്രമുഖ ആചാര്യന്മാരാണ്.

2. വൈശേഷികദർശനം

കണാദൻ (ബി.സി ആറാം നൂറ്റാണ്ട്) ആണ് ഇതിന്റെ ആവിഷ്കർത്താവ്. അദ്ദേഹത്തിന്റെ വൈശേഷികസൂത്രങ്ങളാണ് ഇതിന്റെ പ്രാമാണിക രേഖകൾ. ന്യായ - വൈശേഷിക ദർശനങ്ങളെ സംയോജിപ്പിച്ചുകൊണ്ട് അന്നംഭട്ടൻ എന്ന ആചാര്യൻ രചിച്ച തർക്കസംഗ്രഹം പ്രസിദ്ധമാണ്. പരമാണുസിദ്ധാന്തം അഥവാ അണുസിദ്ധാന്തം വൈശേഷിക ദർശനത്തിൽ ആവിഷ്കരിച്ചിരിക്കുന്നു.

3. സാംഖ്യദർശനം

ഷഡ്‌ദർശനങ്ങളിൽ ഏറ്റവും പ്രാചീനമായത് സാംഖ്യദർശനമാണെന്നു പണ്ഡിതന്മാർ പറയുന്നു. കപിലൻ (ബി.സി ആറാം നൂറ്റാണ്ട്) എന്ന ആചാര്യനാണ് ഈ ദർശനത്തിന്റെ ആവിഷ്കർത്താവ്. കപിലന്റെ സാംഖ്യസൂത്രങ്ങൾ ആണ് ഇതിന്റെ ആദ്യ പ്രമാണികരേഖ. ഈശ്വരകൃഷ്ണന്റെ (എ.ഡി 3 - 4 നൂറ്റാണ്ട്) സംഖ്യകാരിക ഇതിന്റെ പ്രാമാണിക ഗ്രന്ഥം.

4. യോഗദർശനം

പതഞ്ജലിയുടെ (ബി.സി 150) യോഗസൂത്രങ്ങൾ ആണ് യോഗദർശനത്തിന്റെ ആദ്യത്തെ ആധികാരിക ഗ്രന്ഥം. വ്യാസൻ (മഹാഭാരത കർത്താവല്ല) യോഗസൂത്രങ്ങൾക്കു രചിച്ച ഭാഷ്യം പ്രസിദ്ധം. യോഗസൂത്രത്തിൽ സമാധി, സാധനാ, വിഭൂതി, കൈവല്യം എന്നിങ്ങനെ നാലു പാദങ്ങളുണ്ട്. 195 സൂത്രങ്ങളാണ് ഇതിലുള്ളത്. ഇതിൽ അഷ്ടാംഗയോഗമാണ് പ്രതിപാദിച്ചിരിക്കുന്നത്. യമം, നിയമം, പ്രാണായാമം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് എട്ട് അംഗങ്ങൾ.

5. പൂർവമീമാംസ

ജൈമിനി (ബി.സി ഒന്നാം നൂറ്റാണ്ട്) ആണ് ഈ ദർശനത്തിന്റെ ഉപജ്ഞാതാവ്. ജൈമിനിയുടെ മീമാംസാസൂത്രങ്ങൾ (ജൈമിനീയസൂത്രം) ആണ് ഇതിന്റെ മൗലിക ഗ്രന്ഥം. പന്ത്രണ്ട് അധ്യായങ്ങളും 2644 സൂത്രങ്ങളുമാണ് ജൈമിനീയ സൂത്രത്തിലുള്ളത്. ശബരൻ, കുമാരിലഭട്ടൻ, പ്രഭാകരമിശ്രൻ എന്നിവർ ഈ ദർശനവുമായി ബന്ധപ്പെട്ട പ്രാമാണിക പണ്ഡിതന്മാരാണ്.

6. ഉത്തരമീമാംസ (വേദാന്തം)

ബാദരായണന്റെ ശാരീരിക മീമാംസാസൂത്രങ്ങൾ അഥവാ വേദാന്തസൂത്രങ്ങൾ (ബ്രഹ്മ‌സൂത്രം എന്നും ബാദരായണസൂത്രം എന്നും പേരുണ്ട്) ആണ് ഇതിന്റെ പ്രാമാണിക കൃതി. ശങ്കരാചാര്യർ, രാമാനുജാചാര്യർ തുടങ്ങി പന്ത്രണ്ടിലധികം ബ്രഹ്‌മസൂത്രഭാഷ്യകാരന്മാരുണ്ട്. ശങ്കരാചാര്യരുടെ അദ്വൈതം, ഭാസ്കരാചാര്യൻ ഭേദാഭേദദർശനം, രാമാനുജാചാര്യന്റെ വിശിഷ്‌ടാദ്വൈതം, നിംബാർക്കന്റെ ദ്വൈതാദ്വൈതദർശനം, മാധ്വാചാര്യൻ ദ്വൈതദർശനം, വല്ലഭാചാര്യന്റെ ശുദ്ധാദ്വൈതദർശനം എന്നിവ വേദാന്തത്തിന്റെ ഭിന്ന ശാഖകളാണ്. അതിൽ ഏറെ പ്രചാരം അദ്വൈതത്തിനാണ്. ശങ്കരാചാര്യർ ആണ് അദ്വൈതത്തിനു വ്യക്ത‌മായ മാർഗനിർദേശവും ഘടനയും നൽകിയത്. അദ്ദേഹം ബ്രഹ്‌മസൂത്രം, ഭഗവദ്ഗീത, ഉപനിഷത്തുകൾ എന്നിവയ്ക്കു രചിച്ച ഭാഷ്യങ്ങളിലൂടെ അദ്വൈതദർശനത്തെ വിവരിച്ചു. ശ്രീഹർഷൻ (പന്ത്രണ്ടാം ശതകം), ചിത്സുഖാചാര്യൻ (പതിമൂന്നാം ശതകം), വിദ്യാരണ്യൻ (പതിനാലാം ശതകം), മധുസൂദനസരസ്വതി (പതിനാറാം ശതകം) തുടങ്ങിയവർ അദ്വൈതദർശനത്തിനു സംഭാവന ചെയ്തവരിൽ പ്രമുഖരാണ്.

നാസ്തിക ദർശനങ്ങൾ

1. ബൗദ്ധദർശനം

ഗൗതമൻ (ബി സി ആറാം ശതകം) ബോധോദയം ലഭിച്ചു ബുദ്ധൻ ആയ ശേഷം ശിഷ്യന്മാർക്കു നൽകിയ ഉപദേശങ്ങളാണ് ബൗദ്ധദർശനത്തിന്റെ അടിസ്ഥാനം. പാലി ഭാഷയിലുള്ള ത്രിപിടകങ്ങളിൽ ബൗദ്ധദർശനങ്ങൾ സമാഹരിച്ചിരിക്കുന്നു. വിനയപിടകം, സുത്ത (സൂത്ര) പിടകം, അഭിധമ്മ (അഭിധർമ)പിടകം എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ ചേർന്നതാണ് ത്രിപിടകങ്ങൾ. ബുദ്ധമതത്തിന് ഹീനയാനം എന്നും മഹായാനം എന്നും രണ്ടു മഹാവിഭാഗമുണ്ട്. ഇവരിൽ ഹീനയാനത്തിന് വൈഭാഷികർ എന്നും സൗത്രാന്തികർ എന്നും രണ്ടു വിഭാഗവുമുണ്ട്. മഹായാനത്തിനാകട്ടെ യോഗാചാരം എന്നും മാധ്യമികം എന്നും രണ്ടു പിരിവുണ്ടായി. യോഗാചാരത്തെ വിജ്‌ഞാനവാദം എന്നും മാധ്യമികത്തെ ശൂന്യവാദം എന്നും പറയും. ബുദ്ധൻ കണ്ടെത്തിയ നാല് ആര്യസത്യങ്ങൾ ബൗദ്ധദർശനത്തിന്റെ അടിസ്ഥാന തത്ത്വങ്ങളാണ്.

2. ജൈനദർശനം

ജിനൻ (ബി സി ആറാം ശതകം) ആവിഷ്‌കരിച്ച ദാർശനിക പദ്ധതി. മഗധയിലെ യുവരാജാവായ വർധമാനൻ തപസ്സുകൊണ്ട് കേവലി (സർവജ്ഞൻ) ആയപ്പോൾ അദ്ദേഹത്തെ ജിനൻ (ആധ്യാത്മിക വിജയം നേടിയവൻ), മഹാവീരൻ എന്നീ വിശേഷണങ്ങൾ നൽകി ജനങ്ങൾ ആദരിച്ചു. തനിക്കു മുൻപ് ജീവിച്ച 23 തീർഥങ്കരന്മാരുടെ മതത്തിന്റെ വ്യാഖ്യാതാവു മാത്രമാണ് താനെന്ന് അദ്ദേഹം പറഞ്ഞു. തീർഥങ്കരന്മാരിൽ ആദ്യത്തെയാൾ ഋഷഭദേവനും ഇരുപത്തിമൂന്നാമത്തെയാൾ പാർശ്വനാഥനുമാണ്. ഇരുപത്തിനാലാമത്തെ തീർഥങ്കരനാണ് മഹാവീരൻ. ആദ്യകാലത്ത് പ്രാമാണിക ഗ്രന്ഥങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ജിനൻ അനുയായികളെ നിർഗ്രന്ഥന്മാർ എന്നു വിളിച്ചു. ഭദ്രബാഹു, ഉമാസ്വാതി, കുന്ദകുന്ദാചാര്യൻ, സിദ്ധസേനദിവാകരൻ, സിദ്ധസേനഗണി, അകളങ്കദേവൻ, ഹരിഭദ്രസൂരി, മല്ലിഷേണസൂരി തുടങ്ങിയവർ ജൈനദാർശനികരിൽ പ്രമുഖരാണ്.

3. ചാർവാകദർശനം

ലോകായതം എന്നും അറിയപ്പെടുന്ന ഈ ദർശനത്തിന്റെ ആദിമപ്രവർത്തകൻ ബൃഹസ്‌പതിയാണ്. അദ്ദേഹം രചിച്ച സൂത്രങ്ങൾ (ബാർഹസ്‌പത്യസൂത്രങ്ങൾ) പൂർണമായി കണ്ടെത്തിയിട്ടില്ല. എതിരാളികൾ ഉദ്ധരിച്ചിട്ടുള്ള ഏതാനും സൂത്രങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

അദ്വൈത ദർശനം

ശങ്കരദർശനം അദ്വൈതം എന്ന പേരിലറിയപ്പെടുന്നു. ഉപനിഷത്തുകളാണ് അതിന്റെ അടിസ്ഥാനം. 'ബ്രഹ്മസത്യം ജഗന്മിഥ്യ' എന്നതാണ് അദ്വൈതത്തിന്റെ അടിസ്ഥാന തത്ത്വം. എന്നുവച്ചാൽ "ബ്രഹ്മമാണ് സത്യം; ജഗത്ത് മിഥ്യയാണ്" ഈ ലോകത്തിൽ ബ്രഹ്മമല്ലാതെ (പ്രപഞ്ചത്തിന്റെ ആത്മാവ് അഥവാ ദൈവം) ഒന്നും നിലനിൽക്കുന്നില്ല. നമ്മുടെ ചുറ്റും കാണുന്ന ലോകവും ഭൗതികവസ്തുക്കളുമെല്ലാം മിഥ്യയാണ്. അവ വെറും തോന്നലാണ് അഥവാ മായയാണ്. മായാവാദം അദ്വൈതദർശനത്തിന്റെ അടിസ്ഥാന ഘടകമാണ്.

അദ്വൈതം എന്ന പദത്തിന്റെ അർത്ഥം 'രണ്ടില്ലാത്തത്' അഥവാ 'ഒന്നേയുള്ളു' എന്നാണ്. ജീവാത്മാവും (മനുഷ്യന്റെ ആത്മാവ്) പരമാത്മാവും (പ്രപഞ്ചത്തിന്റെ ആത്മാവ്) രണ്ടല്ല, ഒന്നുതന്നെയാണ് എന്ന് ശങ്കരൻ സമർത്ഥിക്കുന്നു. ജീവാത്മാവ് പരമാത്മാവിന്റെ ഭാഗമാണ്. അഹം ബ്രഹ്മാസ്മി (ഞാൻ ബ്രഹ്മമാണ്), തത്ത്വമസി (നീയും അതുതന്നെ) എന്നിവ ഈ ആശയം സൂചിപ്പിക്കുന്ന പദങ്ങളാണ്. ശങ്കരാചാര്യർ ഹിന്ദുമതത്തെ പരിഷ്കരിക്കാൻ ശ്രമിച്ചു. ഹിന്ദുമതത്തെ ഇപ്പോഴുള്ള രൂപത്തിലേക്ക് സംഘടിപ്പിച്ചെടുത്തത് അദ്ദേഹമാണെന്ന് കരുതപ്പെടുന്നു. ദൈവികമതത്തിലെ ആചാരാനുഷ്ഠനങ്ങളെയും മീമാംസകരെയും അദ്ദേഹം നിശിതമായി വിമർശിച്ചു. ബുദ്ധമതത്തെ വിമർശിച്ചുവെങ്കിലും അതിൽ നിന്ന് പല ആശയങ്ങളും അദ്ദേഹം സ്വീകരിച്ചു. അതിനാൽ ശങ്കരനെ പലപ്പോഴും 'പ്രച്ഛന്നബുദ്ധൻ' എന്നു വിളിക്കാറുണ്ട്. ശങ്കരാചാര്യർ ബുദ്ധമതത്തിൽ നിന്ന് 'സന്ന്യാസിമഠം' എന്ന ആശയം കടംകൊണ്ടു. ഇന്ത്യയുടെ നാലു ഭാഗങ്ങളിൽ അദ്ദേഹം നാലു മഠങ്ങൾ (Mutts) സ്ഥാപിച്ചു. അവ താഴെ കൊടുക്കുന്നു.

(1) ബദരിനാഥിലെ 'ജ്യോതിർമഠം'

(2) പുരിയിലെ 'ഗോവർദ്ധമഠം'

(3) ദ്വാരകയിലെ 'ശാരദാമഠം'

(4) ശൃംഗേരി മഠം (തുംഗഭദ്രയുടെ തീരത്ത്-കർണ്ണാടകം)

കേരളത്തിലെ തൃശ്ശൂരിൽ അദ്ദേഹം നാലു ചെറിയ മഠങ്ങൾ സ്ഥാപിക്കുകയുണ്ടായി. വടക്കേമഠം, തെക്കേമഠം, നടുവിൽമഠം, ഇടയിൽമഠം.

ശങ്കരാചാര്യരുടെ പ്രബോധനങ്ങൾ ഹിന്ദുമതത്തിന് ബുദ്ധിപരമായ അടിസ്ഥാനം നൽകി. അദ്ദേഹം സ്ഥാപിച്ച ആശ്രമങ്ങളും മഠങ്ങളും ഹിന്ദുമതത്തിന് സുസംഘടിതമായ ഒരു സംഘടനാക്രമവും സംഭാവന ചെയ്തു. ആത്മബോധം, ഉപദേശഹസ്രി, മോഹമുഗ്ധാരം, വിവേകചൂഢാമണി, ശിവാനന്ദലഹരി എന്നിവയാണ് ശങ്കരാചാര്യരുടെ പ്രധാന കൃതികൾ. കൂടാതെ ഭഗവത്ഗീതക്കും ബ്രഹ്മസൂത്രത്തിനും അദ്ദേഹം ഭാഷ്യങ്ങൾ രചിച്ചിട്ടുണ്ട്.

സംസ്കൃതത്തിലെ പ്രാചീന ഗ്രന്ഥങ്ങൾ

കലാ - സാഹിത്യ ഗ്രന്ഥങ്ങൾ

പാണിനീയം

സംസ്കൃതഭാഷയിലെ വ്യാകരണഗ്രന്ഥമാണ് പാണിനീയം. പാണിനി രചിച്ചതിനാലാണ് പാണിനീയം എന്ന പേരു ലഭിച്ചത്. ആകെ എട്ട് അധ്യായങ്ങളുള്ളതിനാൽ 'അഷ്ടാധ്യായി' എന്നും ഇതറിയപ്പെടുന്നു. വ്യാകരണനിയമങ്ങളെ നാലായിരത്തോളം ലഘുസൂത്രങ്ങളിലാക്കി, നന്നാലു പാദങ്ങളായി തിരിച്ചശേഷം എട്ട് അധ്യായങ്ങളിലായി അവതരിപ്പിരിക്കുകയാണ് ഈ പുസ്‌തകത്തിൽ. 'നാമങ്ങളുടെയെല്ലാം ഉൽപ്പത്തി ധാതുക്കളിൽ നിന്നാണ്' എന്ന സിദ്ധാന്തമാണ് പാണിനിയുടെ വ്യാകരണത്തിന്റെ അടിസ്‌ഥാനം. ബീജഗണിതത്തിലേതുപോലുള്ള സൂത്രങ്ങൾ കൊണ്ട് ഈ വ്യാകരണനിയമങ്ങൾ പഠിയ്ക്കാനാകും. അതിനാൽ ഇവ ഹൃദിസ്‌ഥമാക്കാൻ എളുപ്പമാണ്. നിലവിലുള്ള വ്യാകരണനിയമങ്ങൾ പഠിച്ച ശേഷം ആധികാരികമായ ഒന്ന് നിർമിക്കുക എന്ന ഉദ്ദേശത്തോടെ പാണിനി എഴുതിയ ഗ്രന്ഥമാണിത്. അതിനാൽ സംസ്കൃതഭാഷ നന്നായി അറിയുന്നവർക്ക് വളരെ എളുപ്പവും സംസ്‌കൃതം നന്നായി അറിയാത്തവർക്ക് മനസ്സിലാക്കാൻ തീരെ പ്രയാസവുമായിരിക്കും ഇത്. ചുരുക്കിപ്പറഞ്ഞാൽ, സംസ്കൃതം പച്ചവെള്ളം പോലെ അറിയുന്നവർക്കുവേണ്ടിയുള്ള ഗ്രന്ഥം. എല്ലാ ഭാരതീയ ഭാഷകളിലും അനവധി വ്യാഖ്യാനങ്ങൾ പാണിനീയത്തിന് ഉണ്ടായിട്ടുണ്ട്. പാണിനീയസൂത്രങ്ങൾക്ക് പതഞ്ജലി രചിച്ച മഹാഭാഷ്യം ഏറെ പ്രസിദ്ധമാണ്.

നാട്യശാസ്ത്രം

നാട്യശാസ്ത്രം എന്നുകേട്ടാൽ നൃത്തത്തെക്കുറിച്ചുള്ള ഒരു ഗ്രന്ഥം എന്നാണ് നമ്മൾ കരുതുക. എന്നാൽ, നൃത്തം മാത്രമല്ല നാടകം, സംഗീതം, രസം, അലങ്കാരം, അഭിനയം തുടങ്ങി സകല കലകളുടേയും ഉത്തമ ലക്ഷണഗ്രന്ഥമാണ് നാട്യശാസ്ത്രം. ഭരതമുനിയാണ് ഇത് രചിച്ചത്. ലോകത്തിൽ ഇന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും പ്രാചീനമായ സൗന്ദര്യശാസ്ത്രമാണ് നാട്യശാസ്ത്രം. "നതജ്‌ഞാനം, നതചിൽപ്പം, നസാവിദ്യ, നസകലാ, നസൗയോഗോ, നതത്കർമ്മ, നാട്യോസ്മമിൻ യന്നദൃശ്യതേ' നാട്യശാസ്ത്രത്തെക്കുറിച്ച് ഭരതമുനി അഭിമാനത്തോടെ പറയുന്നതാണിത്. അതായത്, നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കാത്ത യാതൊരുവിധ ജ്‌ഞാനമോ ശിൽപ്പമോ വിദ്യയോ കലയോ യോഗമോ കർമ്മമോ ഇല്ല എന്നർഥം. അത്രേയാദി മുനികളുടെ അഭ്യർഥനപ്രകാരം ഭരതമുനി പറഞ്ഞുകൊടുക്കുന്ന രീതിയിലാണ് നാട്യശാസ്ത്രം രചിച്ചിരിക്കുന്നത്. പദ്യരൂപവും ഗദ്യരൂപവും ഇതിന്റെ രചനയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്.

നാട്യശാസ്ത്രത്തിന്റെ 36 അധ്യായങ്ങളാണ് ലഭിച്ചിട്ടുള്ളത്. ആദ്യത്തെ അധ്യായം നാട്യോൽപ്പത്തിയെക്കുറിച്ചാണ്. നാട്യഗൃഹം എവിടെപ്പണിയണം, എങ്ങനെ പണിയണം എന്നുള്ള ശാസ്ത്രവിധികളാണ് രണ്ടാമധ്യായത്തിൽ. സ്വർഗത്തിൽ ജനിച്ച നാട്യം എങ്ങനെ ഭൂമിയിൽ എത്തി എന്ന് അവസാനത്തെ രണ്ട് അധ്യായങ്ങളിൽ പറയുന്നു. ബാക്കിയുള്ള 33 അധ്യായങ്ങളിലായി കലകളെക്കുറിച്ചും സംഗീതശാസ്ത്രത്തെക്കുറിച്ചുമൊക്കെ വിവരിക്കുന്നു. ഏതു കാലഘട്ടത്തിലാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടത് എന്നതിനെ കുറിച്ച് ഗവേഷകർക്കടയിൽ വ്യത്യസ്‌തമായ അഭിപ്രായങ്ങളുണ്ട്. ബി.സി രണ്ടാം നൂറ്റാണ്ടിലാണെന്നാണ് ചിലരുടെ വാദം. എന്നാൽ എ.ഡി. രണ്ടാം നൂറ്റാണ്ടാണ് ഇതിന്റെ രചനാകാലഘട്ടമെന്ന് ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു. ഇംഗ്ലിഷിലെ ഡ്രാമയ്ക്ക് തുല്യമായ വാക്കാണ് രൂപകം. നാട്യശാസ്ത്രത്തിൽ ഭരതമുനി പത്തു തരം രൂപകങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഇതിൽ ഒന്ന് മാത്രമാണ് നാടകം. പ്രകരണം, വീഥി, അങ്കം, ഭാണം, വ്യായോഗം, സമാവകാരം, പ്രഹസനം, ഡിമം, ഈഹാമൃഗം എന്നിവയാണ് മറ്റുള്ളവ. എന്നാൽ ഇവയിൽ നാടകം ഒഴികെ പലതും ഇന്നില്ല.

പഞ്ചതന്ത്രം

പണ്ടുപണ്ട് മഹിളാരോപ്യം എന്നൊരു ദേശത്ത് അമരശക്തി എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. സർവഗുണങ്ങളും തികഞ്ഞവനായിരുന്നു അമരശക്തി. എന്നാൽ തന്റെ മൂന്ന് ആൺമക്കളുള്ളതിൽ ഒന്നുപോലും രാജാവിനെപ്പോലെ ആയിരുന്നില്ല. മൂന്നുപേരും ബുദ്ധിയും വിവേകവുമില്ലാത്തവർ. മക്കളെ പഠിപ്പിച്ച് മിടുക്കരാക്കാൻ തീരുമാനിച്ച രാജാവ് അവരെ വിഷ്ണുശർമൻ എന്ന ബ്രാഹ്‌മണന്റെ കൂടെ വിട്ടു. ശാസിച്ചാലൊന്നും കുട്ടികൾ നന്നാവില്ലെന്നുകണ്ട വിഷ്ണുശർമൻ അവരെ പഠിപ്പിക്കാൻ ഒരു ഉപായം കണ്ടെത്തി. കഥകളിലൂടെ കാര്യം പഠിപ്പിക്കുക! വിഷ്ണു‌ശർമൻ പറഞ്ഞ ആ കഥകളാണ് പഞ്ചതന്ത്രം കഥകളായത്. ലോകമെമ്പാടുമുള്ള കുട്ടികൾ പഞ്ചതന്ത്രം കഥകളുടെ ആരാധകരാണ്. പലനാടുകളിലും പ്രചാരത്തിലുള്ള സാരോപദേശ കഥകളിൽ വളരെ വലിയ സ്വാധീനം ചെലുത്താൻ പഞ്ചതന്ത്രം കഥകൾക്ക് കഴിഞ്ഞിട്ടുണ്ട്.

നിറയെ കഥകളാണെങ്കിലും കുട്ടികൾക്കുവേണ്ടിയുള്ള വെറും കഥാപുസ്‌തകമായല്ല പഞ്ചതന്ത്രം കണക്കാക്കപ്പെടുന്നത്. മറിച്ച്, സംസ്കൃതഭാഷയിൽ ഏറ്റവും പ്രചാരം നേടിയ നീതിശാസ്ത്രഗ്രന്ഥമായാണ് ഇതിനെ വിലയിരുത്തുന്നത്. പക്ഷിമൃഗാദികൾക്ക് മനുഷ്യന്റെ സ്വഭാവഗുണങ്ങൾ നൽകി വളരെ രസകരമായാണ് കഥകൾ ഓരോന്നും രചിച്ചിട്ടുള്ളത്. ഓരോ കഥയിലും എന്തെങ്കിലും സാരോപദേശം ഉണ്ടാകും. മിത്രഭേദം, മിത്രപ്രാപ്‌തി, കാകോലുകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരിതം എന്നീ അഞ്ചു തന്ത്രങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. അതിനാലാണ് ഇത് പഞ്ചതന്ത്രം എന്ന് അറിയപ്പെടുന്നത്. വളരെ പണ്ടേ മറ്റുഭാഷകളിലേക്ക് വിവർത്തനം ചെയ്ത കൃതിയാണ് പഞ്ചതന്ത്രം. ലോകത്തെ അമ്പതോളം ഭാഷകളിലായി ഇരുനൂറിലധികം വിവർത്തന കൃതികൾ പഞ്ചതന്ത്രത്തിന് ഉണ്ടായിട്ടുണ്ട്. ലോകബാലസാഹിത്യത്തിൽ പഞ്ചതന്ത്രം എന്നും മുൻപന്തിയിലാണ്.

അമരകോശം

സംസ്കൃതഭാഷ പഠിച്ചുതുടങ്ങിയ കുട്ടികൾ സിദ്ധരൂപവും അമരകോശവും പഠിച്ചു എന്നു പറയുന്നതു കേൾക്കാം. അമരകോശത്തിന് സംസ്കൃത പഠനത്തിൽ അത്രയ്ക്ക് പ്രാധാന്യമുണ്ട്. സംസ്കൃതഭാഷയിൽ ഏറ്റവും പ്രചാരം കിട്ടിയ നിഘണ്ടു (കോശഗ്രന്ഥ) ആണ് അമരകോശം. അമരസിംഹനാണ് ഈ ഗ്രന്ഥം എഴുതിയത്. അമരകോശത്തിനു മുമ്പും സംസ്കൃതത്തിൽ കോശഗ്രന്ഥങ്ങൾ പലതുമുണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും അമരകോശത്തോളം മികച്ചതല്ല. ഈ ഗ്രന്ഥത്തെക്കുറിച്ച് ധാരാളം പഠനങ്ങളുണ്ടായിട്ടുണ്ട്. 'നാമലിംഗാനുശാസനം' എന്നാണ് ഗ്രന്ഥത്തിന് അമരസിംഹൻ കൊടുത്ത പേര്. നാമരൂപങ്ങളെയും അവയുടെ ലിംഗഭേദങ്ങളെയും കുറിച്ച് വിവരിക്കുന്നതിനാലാണ് ഈ പേരു നൽകിയത്. സ്വരാദികാണ്ഡം, ഭൂമ്യാദികാണ്ഡം സാമാന്യകാണ്ഡം എന്നിങ്ങനെ മൂന്നു കാണ്ഡങ്ങൾ ഉണ്ടിതിൽ. ഓരോ ഇനങ്ങളെ ഓരോ വർഗമായി തിരിച്ച് ഓരോന്നിലും പെട്ട പര്യായപദങ്ങൾ ഉൾപ്പെടുത്തിയാണ് അമരകോശം തയ്യാറാക്കിയിരിക്കുന്നത്. ഭൂവർഗം, ശൈലവർഗം, മനുഷ്യവർഗം തുടങ്ങിയവയാണ് വർഗങ്ങൾ. ഇങ്ങനെ മൂന്ന് കാണ്ഡങ്ങളിലായി ആകെ 27 വർഗങ്ങളുണ്ട്. ഗ്രന്ഥം എഴുതിയ അമരസിംഹൻ അമരൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അങ്ങനെ അമരൻ രചിച്ച കോശഗ്രന്ഥം, പിൽക്കാലത്ത് അമരകോശം എന്ന് അറിയപ്പെട്ടു. ഇരുപത്തിയേഴ് വർഗങ്ങളിൽ പെടുന്ന 13,000 പദങ്ങൾ അമരകോശത്തിലുണ്ട്. ഒന്നും രണ്ടും കാണ്ഡങ്ങളിൽ വിശേഷനാമങ്ങളെയും മൂന്നാമത്തേതിൽ സാമാന്യനാമങ്ങളെയും ആണ് ചേർത്തിരിക്കുന്നത്. അനുഷ്‌ടുപ്പ് വൃത്തത്തിൽ 1,583 പദ്യങ്ങളായിട്ടാണ് അമരസിംഹൻ ഈ നിഘണ്ടു പൂർത്തിയാക്കിയിരിക്കുന്നത്.

കഥാസരിത് സാഗരം

സംസ്കൃതത്തിലെ പ്രശസ്‌തമായ ഒരു കഥാസമാഹാരമാണ് കഥാസരിത് സാഗരം. പന്ത്രണ്ടാം നൂറ്റാണ്ടിൽ കശ്മീരദേശത്തു ജീവിച്ചിരുന്ന സോമദേവഭട്ടനാണ് ഇതിന്റെ രചയിതാവ്. ഗുണാഢ്യന്റെ 'ബൃഹൽകഥ' എന്ന ഗ്രന്ഥം പദ്യരൂപത്തിലേക്ക് മാറ്റിയതാണിത്. ഇതിൽ 124 തരംഗ (അധ്യായങ്ങൾ) ങ്ങളിലായി 22,000 ശ്ലോകങ്ങളുണ്ട്. മുത്തശ്ശിക്കഥകളും നാടോടിക്കഥകളുമാണ് ഈ പദ്യങ്ങളെല്ലാം. കഥാസരിത് സാഗരം എന്ന പേരിന്റെ അർഥം കഥകളുടെ പുഴകൾ ചേർന്ന സമുദ്രം എന്നാണ്. കശ്മീരിലെ രാജാവായിരുന്ന അനന്തദേവന്റെ ഭാര്യ സൂര്യമതിക്ക് വേണ്ടി രചിച്ച കൃതിയാണിത്. കഥാസരിത് സാഗരം ധാരാളം വിദേശഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. പല കവികളും ഇതിലെ കവിതകൾ വിഷയങ്ങളുമാക്കി. മഹാകവി വള്ളത്തോളിന്റെ ചിത്രയോഗം മഹാകാവ്യത്തിന്റെ വിഷയം കഥാസരിത് സാഗരത്തിൽ നിന്നും എടുത്തതാണ്.

ബുദ്ധചരിതം

വാല്മീകിക്ക് ശേഷമുള്ള പുരാതന സംസ്കൃതകവികളിൽ പ്രമുഖമാണ് അശ്വഘോഷൻ. കുശാന രാജാവായിരുന്ന കനിഷ്കൻ ഒന്നാമന്റെ രാജ്യസഭയിലെ അംഗമായിരുന്ന അശ്വഘോഷൻ ബുദ്ധമത വിശ്വാസിയായിരുന്നു. കാളിദാസന് മുൻപ് എ.ഡി 80 - 150 കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്ന് കരുതുന്ന അദ്ദേഹത്തെ സംസ്കൃതത്തിലെ ആദ്യ നാടകകൃത്ത് എന്ന് വിശേഷിപ്പിക്കാറുണ്ട്. ബുദ്ധചരിതം ആണ് അശ്വഘോഷന്റെ ഏറ്റവും പ്രശസ്തമായ കാവ്യം. സംസ്കൃതഭാഷയിലെ ആദ്യകാല മഹാകാവ്യങ്ങളിൽ ഒന്നായ ഈ കൃതിയുടെ പകുതി അധ്യായങ്ങൾ നഷ്ടപ്പെട്ടുപോയി. ഈ ഭാഗങ്ങൾ പിൽക്കാലത്ത് അമൃതാനന്ദ എന്ന നേപ്പാളി കവി എഴുതിച്ചേർത്തു. അഞ്ചാം നൂറ്റാണ്ടിൽ ബുദ്ധചരിതം ചൈനീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ ടിബറ്റൻ വിവർത്തനവുമുണ്ടായി. ഈ രണ്ട് വിവർത്തനങ്ങളിലും യഥാർഥ കൃതിയിലെ 28 അധ്യായങ്ങളും ഉണ്ട്.

മൃച്ഛകടികം

മറ്റ് പുരാതന സംസ്കൃത കവികളെ പോലെ തന്നെ ശൂദ്രകൻ എന്ന കവിയെ സംബന്ധിച്ചും വ്യക്തമായ അറിവുകൾ ഒന്നും ലഭിച്ചിട്ടില്ല. 'മൃച്ഛകടികം' എന്ന നാടകമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ശൂദ്രകൻ ദക്ഷിണേന്ത്യക്കാരനായിരുന്നു എന്നൊരു വാദമുണ്ട്. ഉത്തരേന്ത്യക്കാരായ കാവ്യമീമാംസകർ (കാവ്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നവർ) അപൂർവമായി മാത്രം മൃച്ഛകടികത്തെക്കുറിച്ച് സംസാരിക്കുന്നതും ദക്ഷിണേന്ത്യൻ ജാതികളെ കുറിച്ച് മൃച്ഛകടികത്തിൽ ഉള്ള പരാമർശങ്ങളും ആണ് ഈ വാദത്തിന്റെ അടിസ്ഥാനം. ശൂദ്രകനും ഭാസനും ഒരാൾ തന്നെയാണെന്നും ഒരു വാദമുണ്ട്. ഭാസൻ എഴുതിയ ദരിദ്രചാരുദത്തനും ശൂദ്രകന്റെ മൃച്ഛകടികവും തമ്മിലുള്ള സാമ്യമാണ് ഇതിന്റെ അടിസ്ഥാനം. എന്നാൽ ഭാസന്റെ നാടകം വികസിപ്പിച്ചാണ് ശൂദ്രകൻ തന്റെ മൃച്ഛകടികം എഴുതിയത് എന്നും പറയാറുണ്ട്. മൃച്ഛകടികം എന്ന വാക്കിന്റെ അർഥം 'ചെറു കളിമൺവണ്ടി' എന്നാണ്. ചാരുദത്തൻ, വസന്തസേന എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. മഹാപണ്ഡിതനായ ശൂദ്രകൻ എന്ന രാജാവാണ് മൃച്ഛകടികം രചിച്ചത് എന്നാണ് ഈ കൃതിയുടെ ആരംഭത്തിൽ പറയുന്നത്. നൂറ്റിപ്പത്ത് വയസ്സുവരെ അദ്ദേഹം ജീവിച്ചിരുന്നതായും ഇതിലുണ്ട്. എങ്കിലും ശൂദ്രകൻ എന്നു പേരുള്ള ഒരു രാജാവിനെ ഇതുവരെ ചരിത്രത്തിൽ കണ്ടെത്താനായിട്ടില്ല.

ഭാസന്റെ നാടകങ്ങൾ

സ്വപ്നവാസവദത്തം, ഊരുഭംഗം, പഞ്ചരാത്രം, ചാരുദത്തം, ദൂതഘടോത്കചം, അവിമാരകം, ബാലചരിതം, കർണഭാരം, അഭിഷേകനാടകം, പ്രതിമാനാടകം, ദൂതവാക്യം തുടങ്ങിയവയാണ് ഭാസന്റെ പ്രധാന നാടകങ്ങൾ. ഭാസന്റെ 'മാസ്റ്റർപീസ്' ആയി കരുതുന്ന നാടകമാണ് സ്വപ്നവാസവദത്തം. പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന ഉദയനൻ എന്ന രാജാവിന്റെയും വാസവദത്ത എന്ന അദ്ദേഹത്തിന്റെ ഭാര്യയുടെയും കഥയാണ് സ്വപ്നവാസവദത്തം. എന്നെന്നേക്കുമായി നഷ്ടമായി എന്ന് വിചാരിച്ചിരുന്ന ഈ കൃതിയുടെ ഒരു കയ്യെഴുത്തുപ്രതി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കേരളത്തിൽ നിന്നാണ് കണ്ടെടുത്തത്. 1909ൽ പദ്മനാഭപുരത്തെ മണലിക്കര മഠത്തിൽ നിന്ന് ടി.ഗണപതിശാസ്ത്രിയാണ് സ്വപ്നവാസവദത്തം ഉൾപ്പെടെയുള്ള ഭാസന്റെ നാടകങ്ങൾ കണ്ടെത്തിയത്. അധികം താമസിയാതെ തന്നെ, 'കേരള പാണിനി' എന്നറിയപ്പെടുന്ന എ.ആർ രാജരാജവർമ സ്വപ്നവാസവദത്തത്തിന് മലയാളം വിവർത്തനം ഉണ്ടാക്കുകയും ചെയ്തു. ഭീമനുമായി ഗദായുദ്ധത്തിൽ ഏർപ്പെട്ട് മരിക്കാറായി കിടക്കുന്ന ദുര്യോധനനാണ് ഊരുഭംഗത്തിലെ നായകൻ. കുരുക്ഷേത്രയുദ്ധത്തിനു മുൻപുള്ള കർണന്റെ മാനസിക സംഘർഷങ്ങളാണ് 'കർണഭാരം' എന്ന ഏകാംഗനാടകത്തിന്റെ വിഷയം. ഭീമനാണ് 'മധ്യമവ്യായോഗ'ത്തിലെ പ്രധാന കഥാപാത്രം. സ്വപ്നവാസവദത്തത്തിലെ നായകനായ ഉദയനൻ എന്ന രാജാവ് തന്നെയാണ് 'പ്രതിജ്ഞായൗഗന്ധരായണ'ത്തിലെയും കേന്ദ്രകഥാപാത്രം. 'അവിമാരകം' എന്ന നാടകത്തിലെ കേന്ദ്രകഥാപാത്രം അവിമാരകൻ എന്ന രാജകുമാരനാണ്. 'പഞ്ചരാത്രം' എന്ന നാടകത്തിൽ പ്രധാന കഥാപാത്രമായി വരുന്നത് ദുര്യോധനൻ ആണ്. കൃഷ്ണന്റെ ജനനം മുതൽ കംസവധം വരെയുള്ള കഥയാണ് 'ബാലചരിതം'. ദരിദ്രനായ ചാരുദത്തന്റെയും വസന്തസേനയുടെയും കഥ പറയുന്ന 'ദരിദ്രചാരുദത്തൻ' എന്ന നാടകം അപൂർണമാണ്. ഇത് വികസിപ്പിച്ചാണ് ശൂദ്രകൻ 'മൃച്ഛകടികം' എഴുതിയത് എന്ന് പറയപ്പെടുന്നു.

കാളിദാസന്റെ കൃതികൾ

'രഘുവംശം', 'കുമാരസംഭവം' എന്നിവയാണ് കാളിദാസന്റെ മഹാകാവ്യങ്ങൾ. അദ്ദേഹത്തിന്റെ പ്രശസ്തമായ സന്ദേശകാവ്യമാണ് 'മേഘസന്ദേശം'. 'മേഘദൂതം' എന്നും ഇതറിയപ്പെടുന്നു. മാളവികാഗ്നിമിത്രം, വിക്രമോർവശീയം, അഭിജ്ഞാനശാകുന്തളം എന്നിവയാണ് കാളിദാസന്റെ നാടകങ്ങൾ. 'ഋതുസംഹാരം' എന്ന കാവ്യവും കാളിദാസന്റേതാണെന്ന് കരുതുന്നു. ശിവന്റെയും പാർവതിയുടെയും പുത്രനായ സുബ്രഹ്മണ്യന്റെ ജനനമാണ് കുമാരസംഭവത്തിന്റെ കഥ. കുമാരസംഭവം എന്നു പറഞ്ഞാൽ കുമാരന്റെ, അതായത് സുബ്രഹ്മണ്യന്റെ ജനനം എന്നാണ് അർഥം. എന്നാൽ, സുബ്രഹ്മണ്യന്റെ ജനനത്തിനു മുൻപ് ഈ കാവ്യം അവസാനിക്കുന്നു. അതുകൊണ്ടുതന്നെ ഇതൊരു അപൂർണ കൃതിയാണെന്ന് പറയാറുണ്ട്. മഹാഭാരതത്തിലെ ശകുന്തളോപാഖ്യാനം കഥയ്ക്ക് ചില മാറ്റങ്ങൾ വരുത്തി കാളിദാസൻ രചിച്ച ലോകപ്രശസ്ത നാടകമാണ് 'അഭിജ്ഞാനശാകുന്തളം'. ശകുന്തളയും ദുഷ്യന്തനുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.

ബാണഭട്ടന്റെ കൃതികൾ

കന്യാകുബ്ജം എന്ന് മുൻപ് അറിയപ്പെട്ട ഇന്നത്തെ കനൗജിലെ രാജാവായിരുന്ന ഹർഷവർദ്ധനന്റെ ആസ്ഥാന കവിയായിരുന്നു ബാണൻ എന്ന ബാണഭട്ടൻ. ഏഴാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന് കരുതുന്നു. ഹർഷവർദ്ധനനെക്കുറിച്ച് രചിച്ച 'ഹർഷചരിതം', ലോകത്തിലെ തന്നെ ആദ്യ നോവലുകളിൽ ഒന്നായികരുതുന്ന 'കാദംബരി' എന്നിവയാണ് ബാണന്റെ പ്രശസ്ത കൃതികൾ. ഇവയിൽ നിന്നാണ് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് നമുക്ക് അറിവ് ലഭിക്കുന്നത്. ചണ്ഡികാശതകം, പർവതീപരിണയം തുടങ്ങിയവയാണ് ബാണന്റേതെന്നു കരുതുന്ന മറ്റ് പ്രധാന കൃതികൾ. കാദംബരിയുടെ ആദ്യഭാഗം മാത്രമാണ് ബാണൻ എഴുതിയത് എന്നും ബാക്കി അദ്ദേഹത്തിന്റെ മകൻ ഭൂഷണഭട്ടനാണ് പൂർത്തിയാക്കിയതെന്നും പറയപ്പെടുന്നു.

നിയമ, രാഷ്ട്രീയ ഗ്രന്ഥങ്ങൾ

അർഥശാസ്ത്രം

'അർഥശാസ്ത്രം' എന്ന ഭാരതീയ ഗ്രന്ഥത്തിന് രണ്ടായിരത്തിലേറെ വർഷത്തെ പഴക്കമുണ്ട്. ലോകമെമ്പാടും ആളുകൾ പഠിക്കുകയും സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്ന ഭാരതീയ ഗ്രന്ഥമാണ് അർഥശാസ്ത്രം. രാഷ്ട്രതന്ത്രത്തിൽ ഭാരതത്തിന്റെ മഹത്തായ സംഭാവന. ചാണക്യൻ, വിഷ്ണുഗുപ്‌തൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന കൗടില്യനാണ് അർഥശാസ്ത്രം എഴുതിയത്. ബി.സി 324-300 കാലഘട്ടത്തിൽ പാടലീപുത്രം ഭരിച്ച ചന്ദ്രഗുപ്ത മൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. കൗടില്യൻ എഴുതിയതിനാൽ 'കൗടിലീയം' എന്നും അർഥശാസ്ത്രം അറിയപ്പെടുന്നു. 'മനുഷ്യർ ജീവിക്കുന്ന ഭൂമിയുടെ ലബ്‌ധിക്കും നിലനിൽപ്പിനും വേണ്ട ശാസ്ത്രമാണ് അർഥശാസ്ത്രം'- കൗടില്യൻ തന്നെ തന്റെ പുസ്‌തകത്തെക്കുറിച്ച് പറയുന്നതാണിത്. ധനം, പണം, സമ്പത്ത് എന്നൊക്കെയാണ് അർഥം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ അർഥശാസ്ത്രം സമ്പത്തിനെക്കുറിച്ച് മാത്രം പറയുന്ന പുസ്ത‌കമല്ല. രാജ്യഭരണത്തെപ്പറ്റിയുള്ള ഒട്ടുമിക്ക കാര്യങ്ങളും ഇതിൽ നിരീക്ഷിച്ച് എഴുതിയിട്ടുണ്ട്. സാമ്പത്തിക-രാഷ്ട്രീയ വിമർശനങ്ങളാണ് അർഥശാസ്ത്രത്തിന്റെ ഉള്ളടക്കമെന്ന് ചുരുക്കിപ്പറയാം. ഈ വിഷയത്തെ കുറിച്ച് കണ്ടുകിട്ടിയവയിൽ ഏറ്റവും പഴയതും പ്രാമാണികവുമായ ഗ്രന്ഥമാണ് അർഥശാസ്ത്രം. ആറായിരം ശ്ലോകങ്ങളാണ് അർഥശാസ്ത്രത്തിൽ ഉള്ളതെന്ന് ആദ്യത്തെ അധ്യായത്തിൽ പറയുന്നുണ്ട്. പക്ഷേ, 380 എണ്ണം മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. കൗടില്യനു മുൻപും ഭാരതത്തിൽ അർഥശാസ്ത്ര പണ്ഡിതൻമാർ ജീവിച്ചിരുന്നു. പക്ഷേ, കൗടില്യൻ ഇവരേക്കാളൊക്കെ പ്രശസ്‌തനായി. ഒരു രാജ്യതന്ത്രജ്‌ഞൻ എന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ വളർച്ച. 'അധികരണം' എന്ന പേരിൽ 15 ഭാഗങ്ങളായാണ് അർഥശാസ്ത്രം എഴുതിയിട്ടുള്ളത്. ഓരോ അധികരണങ്ങളും ഓരോ അധ്യായങ്ങളായി വിഭജിച്ചിട്ടുണ്ട്. ഓരോ വിഷയങ്ങളെയും പ്രകരണങ്ങൾ എന്ന് വിളിക്കുന്നു. ഇങ്ങനെ ആകെ 180 പ്രകരണങ്ങളുണ്ട്. 195 തലക്കെട്ടുകളിലായാണ് ഇവ എഴുതിയിരിക്കുന്നത്. അവതരണം ഏറെയും ഗദ്യ രൂപത്തിലാണ്. വിഷയം വിസ്‌തരിച്ചു പറഞ്ഞശേഷം അവ ചുരുക്കി ശ്ലോകങ്ങളായി ചേർത്തിട്ടുമുണ്ട്. സിവിൽ-ക്രിമിനൽ നടപടികൾ, നീതി, ശിക്ഷകൾ, ചാരവൃത്തി, യുദ്ധം, സമാധാനം, മനുഷ്യർ പാലിക്കേണ്ട സാമൂഹ്യമര്യാദകൾ, വിവാഹം, സ്വത്തവകാശം, കച്ചവടം, വകുപ്പുകളുടെ വിഭജനം തുടങ്ങി രാജ്യഭരണവുമായി ബന്ധപ്പെട്ട് എക്കാലത്തും ആവശ്യമായ അറിവുകൾ അർഥശാസ്ത്രത്തിലുണ്ട്. പ്രജകളുടെ സുഖമാണ് രാജാവിന്റെ സുഖമെന്നും പ്രജകളുടെ ഇഷ്‌ടമാണ് രാജാവിന്റെയും ഇഷ്‌ട‌മെന്നും ഇതിൽ പറയുന്നു. പ്രജകളുടെ ക്ഷേമത്തിന് രാജാവ് ചെയ്യേണ്ട കാര്യങ്ങളും വിവരിക്കുന്നുണ്ട്. ലോകമെങ്ങുമുള്ള ഭാഷകളിലേക്ക് അർഥശാസ്ത്രം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ആദ്യ പരിഭാഷ മലയാളത്തിലേതാണെന്ന് കരുതപ്പെടുന്നു. എ.ഡി 9 മുതൽ 12 വരെ നൂറ്റാണ്ടുകളിൽ രചിച്ചതായി വിശ്വസിക്കുന്ന ഭാഷാകൗടിലീയമാണിത്.

ധർമ്മശാസ്ത്രങ്ങൾ

ധർമ്മസൂത്രങ്ങളും സ്മൃതികളും അവയുടെ വ്യാഖ്യാനങ്ങളും ചേർന്നവയാണ് ധർമ്മശാസ്ത്രങ്ങൾ. ബി.സി.500 നും 200 നും മധ്യേയാണ് അവ രചിക്കപ്പെട്ടത്. ധർമ്മശാസ്ത്രങ്ങൾ നിയമസംഹിതകളാകാമെന്ന് വിശ്വസിക്കപ്പെടുന്നു. വ്യത്യസ്ത വർണ്ണങ്ങൾക്കും രാജാക്കന്മാർക്കും ഉദ്യോഗസ്ഥർക്കുമുള്ള ചുമതലകൾ അവ നിർദ്ദേശിക്കുന്നു. കളവ്, അക്രമം, കൊല, വ്യഭിചാരം തുടങ്ങിയ കുറ്റങ്ങൾ ചെയ്യുന്നവർക്കുള്ള ശിക്ഷയും അതിൽ വിവരിക്കുന്നു. ധർമ്മശാസ്ത്രങ്ങൾ യഥാർത്ഥത്തിൽ നിയമസംഹിതകളല്ല. സാമൂഹ്യബാധ്യതകൾ, ആചാരപരമായ ആവശ്യതകൾ എന്നിവയെ പറ്റിയുള്ള വഴക്കങ്ങളാണ് അവ. ജാതി വ്യവസ്ഥയെ നിലനിർത്തുന്നതിനും ബ്രാഹ്മണരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ധർമ്മശാസ്ത്രങ്ങൾ നിലകൊണ്ടത്. ഭൂമിയിൽ ആദ്യം കൃഷി ചെയ്യുന്നവരാണ് അതിന്റെ ഉടമകൾ എന്ന് ധർമ്മശാസ്ത്രങ്ങൾ പ്രഖ്യാപിച്ചു. നെയ്ത്തുകാരേയും കുശവന്മാരേയും ധർമ്മശാസ്ത്രങ്ങൾ ശൂദ്രന്മാരായി മുദ്രകുത്തി. അവരിൽ ചിലർ സങ്കരജാതിക്കാരായതുകൊണ്ടാണ് ശൂദ്രന്മാരായി കണക്കാക്കപ്പെട്ടത്. താഴ്ന്ന ജാതികളിൽപ്പെട്ടവർ ജാതി ശ്രേണിയുടെ മുകളിലേക്ക് ഉയരാതിരിക്കാൻ ധർമ്മശാസ്ത്രങ്ങൾ പല സിദ്ധാന്തങ്ങളും അവതരിപ്പിച്ചു. ഇത് താഴ്ന്ന വിഭാഗങ്ങളിൽപ്പെട്ടവരെ ബുദ്ധമതം പോലെയുള്ള മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതിന് പ്രേരിപ്പിച്ചു. വ്യാപാരം, ധനവായ്‌പ, പണമിടപാടുകൾ എന്നിവയെ ധർമ്മശാസ്ത്രങ്ങൾ നിന്ദിക്കുകയും അപലപിക്കുകയും ചെയ്തു.

ശാസ്ത്ര ഗ്രന്ഥങ്ങൾ

പ്രാചീന കാലത്ത് ശാസ്ത്രമേഖലയിൽ ഗണ്യമായ പുരോഗതിയുണ്ടായി. ബി.സി.മൂന്നാം നൂറ്റാണ്ടോടെ ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവ സ്വതന്ത്രമായി വികാസം പ്രാപിക്കാൻ തുടങ്ങി. സൂചനാങ്കനം, ദശാംശ സമ്പ്രദായം, പൂജ്യത്തിന്റെ ഉപയോഗം എന്നിവയാണ് ഗണിതശാസ്ത്രത്തിന്റെ മേഖലയിലുണ്ടായ പ്രധാന സംഭാവനകൾ. ബി.സി.രണ്ടാം നൂറ്റാണ്ടിലാണ് പൂജ്യം കണ്ടുപിടിച്ചത്. ഇക്കാലത്ത് അന്തിമരൂപം കൈവരിച്ച 'സുൽവസൂത്രം' ക്ഷേത്രഗണിതം, അളവ് എന്നിവയെക്കുറിച്ചുള്ള ജ്ഞാനം പ്രകടമാക്കുന്നുണ്ട്. ബി.സി രണ്ടാം നൂറ്റാണ്ടിൽ 'അപസ്‌തംഭം' ബലിപീഠങ്ങളുടെ നിർമ്മാണത്തിനുവേണ്ടി ഒരു പ്രയുക്ത ക്ഷേത്രഗണിതം തയ്യാറാക്കി. ന്യൂനകോൺ, അധികകോൺ, സമകോൺ എന്നിവയെ അതു വിശദീകരിക്കുന്നു. ഇന്ത്യയിലെ ചായം മുക്കൽ വിദഗ്ധർ ഈടുനിൽക്കുന്ന നിറങ്ങളും നീല വർണ്ണവും കണ്ടുപിടിക്കുകയുണ്ടായി. ലോകത്തിലാദ്യമായി ഉരുക്ക് നിർമ്മിച്ചത് ഇന്ത്യയിലെ ലോഹപ്പണിക്കാരാണ്.

ജ്യോതിശാസ്ത്രത്തിലെ ഗ്രന്ഥങ്ങൾ

ആര്യഭടന്റെ ഗ്രന്ഥങ്ങൾ

ജ്യോതിശാസ്ത്രവും ഗണിതവും ഒരുമിച്ചുവരുന്ന മഹത്തായ ഒരു ഗ്രന്ഥം ഭാരതം ശാസ്ത്രലോകത്തിന് സംഭാവന ചെയ്‌തിട്ടുണ്ട്. അതാണ് ആര്യഭടീയം. ആര്യഭടൻ എന്ന ജ്യോതിശാസ്ത്രജ്‌ഞനാണ് ഇതെഴുതിയത്. ഭാരതത്തിലെ പ്രാചീന ജ്യോതിശാസ്ത്രജ്‌ഞരിൽ ഏറ്റവും പ്രമുഖനാണ് ആര്യഭടൻ. ദക്ഷിണഭാരതത്തിൽ പ്രചാരത്തിലുള്ള പഞ്ചാംഗം ആര്യഭടീയത്തെ അടിസ്‌ഥാനമാക്കിയാണ് തയാറാക്കിയിട്ടുള്ളത്. പദ്യരൂപത്തിലാണ് ആര്യഭടീയത്തിലെ വിവരണങ്ങൾ. 121 പദ്യങ്ങളാണ് ഇതിലുള്ളത്. വളരെ കുറച്ചുമാത്രം അക്ഷരങ്ങളുള്ള വരികളെല്ലാം തന്നെ അർഥസമ്പുഷ്ടവുമായവയാണ്. ഗീതിക, ഗണിതം, കാലക്രിയ, ഗോളം എന്നിങ്ങനെ നാല് പാദങ്ങളായി ഈ ഗ്രന്ഥത്തെ വിഭജിച്ചിരിക്കുന്നു. 13 പദ്യങ്ങൾ മാത്രമുള്ള ഗീതികയാണ് കൂട്ടത്തിൽ ഏറ്റവും ചെറുത്. മറ്റു മൂന്നു പാദങ്ങൾക്കും വേണ്ട സംഖ്യാനിർദേശങ്ങളെല്ലാം ഇതിലാണുള്ളത്. നിലവിലുണ്ടായിരുന്ന സംഖ്യാരീതികൾക്കു പകരം പുതിയ രീതികളും ഇതിൽ പരീക്ഷിച്ചിട്ടുണ്ട്. രണ്ടാം പാദമാണ് ഗണിതം. ഇതിൽ 33 പദ്യങ്ങളുണ്ട്. അടിസ്ഥാനഗണിതത്തിനൊപ്പം ജ്യോതിശാസ്ത്രത്തിന് കൂടി പ്രയോജനപ്പെടുന്ന കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വർഗം മുതലുള്ള ഗണിതക്രിയകളാണ് ഇതിലുള്ളത്. ഘനം, വർഗമൂലം, ഘനമൂലം, ഭുജങ്ങൾ, വൃത്തങ്ങൾ, ഛായാഗണിതം (ഷാഡോ കാൽക്കുലേഷൻ), പ്രോഗ്രഷൻ, പലിശ തുടങ്ങിയവയെല്ലാം ഈ ഭാഗത്ത് പ്രതിപാദിക്കുന്നുണ്ട്.

മൂന്നാമത്തെ പാദമായ കാലക്രിയയിൽ 25 ശ്ലോകങ്ങളുണ്ട്. മാസവും വർഷവും ഉൾപ്പെടുന്ന കാലവിഭാഗം, രാശി മുതലായ ക്ഷേത്രവിഭാഗം, ഗുരുവർഷം, സൗരവർഷം, ചാന്ദ്രമാസം, നക്ഷത്രമാസം, അതിമാസം, തുടങ്ങിയവയൊക്കെ ഇതിൽ പറയുന്നു. 50 ശ്ലോകങ്ങൾ ഉള്ള ഗോളപാദത്തിൽ ഗ്രഹങ്ങളുടെ സഞ്ചാരം, ഭൂഗോളത്തിന്റെ സ്‌ഥാനനിർണയം, എന്നിവയൊക്കെ കടന്നുവരുന്നു. നക്ഷത്രങ്ങൾ ഭ്രമണം ചെയ്യുന്നതിന്റെയും പകലും രാത്രിയും കൂടിയും കുറഞ്ഞും വരുന്നതിന്റെയും കാരണങ്ങൾ ഇവിടെ വിശദമാക്കുന്നുണ്ട്. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും നക്ഷത്രങ്ങളും സഞ്ചരിക്കുന്നതായി തോന്നുന്നതിന്റെ കാരണം കണ്ടത്തിയ ജ്യോതിശാസ്ത്ര പ്രതിഭയാണ് ആര്യഭടൻ. നിശ്ചിതമായ അച്ചുതണ്ടിനെ കേന്ദ്രമാക്കി ഭൂമി സ്വയം കറങ്ങുന്നതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നതെന്ന് ആര്യഭടൻ വിശദീകരിച്ചു. അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ ലോകമെമ്പാടുമുള്ള ശാസ്ത്രജ്‌ഞർക്ക് വഴികാട്ടിയായി. ആര്യഭടൻ രണ്ടാമതൊരു ഗ്രന്ഥം കൂടി രചിച്ചതായി സൂചനയുണ്ട്. 'ആര്യഭട സിദ്ധാന്തം' എന്നാണ് അതിന്റെ പേര്. ജ്യോതിശാസ്ത്രത്തിലെ മഹത്തായ ഗ്രന്ഥമാണ് ആര്യഭട സിദ്ധാന്തം.

വരാഹമിഹിരന്റെ ഗ്രന്ഥങ്ങൾ

ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും അസാധാരണമായ പാണ്ഡിത്യം നേടുകയും ആധികാരിക ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത ആചാര്യനായിരുന്നു വരാഹമിഹിരൻ. ഗണിതത്തേക്കാളധികം ജ്യോതിഷത്തിലാണ് വരാഹമിഹിരൻ താത്പര്യം കാണിച്ചിരുന്നത്. ജ്യോതിഷത്തിൽ അവഗാഹം നേടിയ വരാഹമിഹിരൻ അതിന്റെ സാരാംശങ്ങൾ ശേഖരിച്ച് സാധാരണക്കാർക്കായി ലളിതമായ വിധത്തിൽ അവതരിപ്പിച്ചു. അദ്ദേഹം അങ്ങനെ രചിച്ച ഗ്രന്ഥങ്ങളാണ് പഞ്ചസിദ്ധാന്തിക, ബൃഹൽസംഹിത, മഹായാത്ര, വിവാഹപടലം, ലഘുജാതകം, ബൃഹജ്ജാതകം മുതലായവ. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ബൃഹജ്ജാതകം. ആ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി നിരവധി വ്യാഖ്യാനങ്ങൾ ഉണ്ടായി. ജ്യോതിഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആധികാരികഗ്രന്ഥമായും ബൃഹജ്ജാതകം അറിയപ്പെട്ടു. "അതിബുദ്ധിമാന്മാർ എഴുതിയിട്ടുള്ള മഹാഗ്രന്ഥങ്ങൾ പഠിച്ച്, ജ്യോതിശാസ്ത്രമാകുന്ന മഹാസമുദ്രം കടക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവർക്കുവേണ്ടി ചെറുതും രസകരവുമായ ഒരു കടത്തുതോണി ഞാൻ നിർമ്മിക്കുന്നു". വരാഹമിഹിരൻ രചിച്ച 'ബൃഹജ്ജാതകം' എന്ന പുസ്തകം ആരംഭിക്കുന്നത് ഈ പ്രസ്താവനയോടെയാണ്. 'ജ്യോതിശാസ്ത്രഗ്രന്ഥങ്ങൾക്കിടയിലെ മഹാത്ഭുതം' എന്നാണ് പണ്ഡിതന്മാർ ആ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്.

ബ്രഹ്മഗുപ്തന്റെ ഗ്രന്ഥങ്ങൾ

'ഗണിതജ്ഞർക്കിടയിലെ രത്നം' എന്നു വിശേഷിപ്പിക്കപ്പെട്ട മഹാനായ ഭാരതീയ ജ്യോതിശാസ്ത്രജ്ഞനാണ് ബ്രഹ്മഗുപ്തൻ. മുപ്പതാം വയസ്സിൽ ബ്രഹ്മഗുപ്തൻ മഹത്തായ ഒരു ഗ്രന്ഥം രചിച്ചു. 'ബ്രഹ്മസ്ഫുടസിദ്ധാന്തം' എന്നായിരുന്നു ഗ്രന്ഥത്തിന്റെ പേര്. ഗണിതശാസ്ത്ര പഠനങ്ങളും ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളും ഉൾപ്പെടുന്ന വലിയൊരു ഗ്രന്ഥമാണ് ബ്രഹ്മസ്ഫുടസിദ്ധാന്തം. പദ്യ രൂപത്തിൽ എഴുതിയ ഈ മഹാഗ്രന്ഥത്തിന് 21 അധ്യായങ്ങളുണ്ട്. അതിൽ കുറേയെണ്ണം ശുദ്ധഗണിതം മാത്രം കൈകാര്യം ചെയ്യുന്ന അധ്യായങ്ങളാണ്. അങ്കഗണിതം, ക്ഷേത്രഗണിതം, സമതലത്രികോണമിതി എന്നിവയെക്കുറിച്ചെല്ലാം അവയിൽ പറയുന്നു. ബ്രഹ്മസ്ഫുടസിദ്ധാന്തത്തിന് നിരവധി വ്യാഖ്യാനങ്ങളും വിവർത്തനങ്ങളും ഉണ്ടായിട്ടുണ്ട്. എ.ഡി.എട്ടാം നൂറ്റാണ്ടിൽ അൽഫസാരി എന്ന അറബി പണ്ഡിതൻ ബ്രഹ്മസ്ഫുടസിദ്ധാന്തം വിവർത്തനം ചെയ്തു. മുഹമ്മദ് ബെൻ മൂസാ പിൽക്കാലത്ത് ഇതിന്റെ ഒരു ചുരുക്കരൂപം തയാറാക്കി. അറേബ്യൻ നാടുകളിൽ കുറേക്കാലം ഇത് പാഠപുസ്തകമായി ഉപയോഗിച്ചിരുന്നത്രേ. ഒമ്പതാം നൂറ്റാണ്ടിൽ പൃഥുകസ്വാമി എന്ന ഗണിതജ്ഞൻ ബ്രഹ്മസ്ഫുടസിദ്ധാന്തത്തിന് വ്യാഖ്യാനമെഴുതി. പൂജ്യം എന്ന സംഖ്യയെ സംബന്ധിച്ച് ആദ്യമായി പഠനം നടത്തിയ ഭാരതീയ ശാസ്ത്രജ്ഞനായും ബ്രഹ്മഗുപ്തൻ അറിയപ്പെടുന്നു. പൂജ്യം കൊണ്ട് ഒരു സംഖ്യയെ ഹരിച്ചാൽ ഫലമെന്താവും എന്ന് ആദ്യം ചിന്തിച്ച ഗണിതശാസ്ത്രജ്ഞനും അദ്ദേഹമായിരുന്നത്രേ. ആ ഹരണഫലത്തിന് 'ഖഛേദം' എന്നാണ് ബ്രഹ്മഗുപ്തൻ പേരിട്ടത്.

ഭാസ്കരൻ ഒന്നാമന്റെ ഗ്രന്ഥങ്ങൾ

സൗരാഷ്ട്രൻ, അശ്മകൻ എന്നീ പേരുകളിലും അറിയപ്പെടുന്ന ഗണിതശാസ്ത്രജ്ഞനാണ് ഭാസ്കരൻ ഒന്നാമൻ. ഇദ്ദേഹം കേരളീയനാണെന്നും പറയപ്പെടുന്നു. ആര്യഭടന്റെ ആരാധകനായിരുന്നു ഭാസ്കരൻ ഒന്നാമൻ. ആര്യഭടീയത്തെ അടിസ്ഥാനമാക്കി അദ്ദേഹം ഒരു ഗ്രന്ഥം തയാറാക്കി. ആര്യഭടീയഭാഷ്യം എന്നാണ് അതിന്റെ പേര്. അതുവരെയുള്ള ഭാരതീയ ഗണിതചരിത്രം ഭാസ്കരൻ ഒന്നാമന്റെ ആര്യഭടീയഭാഷ്യത്തിൽ നിറഞ്ഞു നിൽക്കുന്നു. ആര്യഭടന്റെ അനുയായികൾ അങ്കഗണിതത്തിലെയും ബീജഗണിതത്തിലെയും തത്ത്വങ്ങൾ സ്ഥാപിക്കാനും വിശദീകരിക്കാനും ക്ഷേത്രഗണിതം ഉപയോഗിച്ചിരുന്നതായി ഭാസ്കരൻ ഒന്നാമൻ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാകൃത ഭാഷയിലുള്ള ഗണിത സംബന്ധമായ ചില ശ്ലോകങ്ങളും ഇദ്ദേഹം ഉദ്ധരിക്കുന്നു. ജൈനരുടെ പുരാതന ഗണിതത്തിന് ആര്യഭട സമ്പ്രദായം പരിഷ്കരിക്കുന്നതിലുള്ള സ്വാധീനവും അദ്ദേഹം എടുത്തുകാട്ടുന്നു. മറ്റെങ്ങും പണ്ട് പരാമർശിക്കപ്പെടാത്ത ഏതാനും പുരാതന ഗണിതപണ്ഡിതന്മാരുടെ പേരുകളും ആര്യഭടീയഭാഷ്യത്തിൽ വായിക്കാം. മാസ്‌കരി, പൂരാണൻ എന്നിവർ അവരിൽ ചിലരാണ്. ആര്യഭടീയഭാഷ്യം കൂടാതെ ഭാസ്കരൻ ഒന്നാമന്റേതായി രണ്ട് പ്രധാന കൃതികൾ കൂടി ലഭിച്ചിട്ടുണ്ട്. മഹാഭാസ്കരീയം, ലഘുഭാസ്കരീയം എന്നിവയാണത്. മഹാഭാസ്കരീയത്തിന്റെ ചുരുക്കത്തിലുള്ള രൂപമാണ് മഹാഭാസ്കരീയം.

ഭാസ്കരാചാര്യന്റെ ഗ്രന്ഥങ്ങൾ

1114ൽ, ഗോദാവരിനദിയുടെ തീരത്ത് വിജ്ജഡവിഡം എന്ന ഗ്രാമത്തിലാണ് ഭാസ്കരാചാര്യൻ ജനിച്ചത്. മുപ്പത്താറാം വയസിൽ ഭാസ്കരാചാര്യൻ 'സിദ്ധാന്തശിരോമണി' എന്ന കൃതി രചിച്ചു. സിദ്ധാന്തശിരോമണിയിൽ നാലു ഭാഗങ്ങളാണുള്ളത്. ആദ്യഭാഗത്തിൽ അങ്കഗണിതത്തെപ്പറ്റി പറയുന്നു. ലീലാവതി എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. ലീലാവതി കൂടാതെ ബീജഗണിതം, ഗ്രഹഗണിതം, ഗോളാധ്യായം എന്നീ ഭാഗങ്ങളുമുണ്ട് സിദ്ധാന്തശിരോമണിയിൽ. ഗണിതക്രിയകൾ രസകരമായി പ്രതിപാദിച്ചിരിക്കുന്ന ലീലാവതിയിൽ പതിമൂന്ന് അധ്യായങ്ങളുണ്ട്. കൂട്ടലിലും കുറയ്ക്കലിലും തുടങ്ങി സങ്കീർണമായ ഗണിതപ്രശ്നങ്ങളിൽ ചെന്നെത്തുന്നു. ഗണിതസിദ്ധാന്തങ്ങൾ രസകരമായ ഉദാഹരണങ്ങളിലൂടെയാണ് അതിൽ വിശദീകരിക്കുന്നത്.

ഗണിതശാസ്ത്രത്തിലെ ഗ്രന്ഥങ്ങൾ

ബൗധായനന്റെ ഗ്രന്ഥങ്ങൾ

ബൗധായനൻ രചിച്ചതാണ് ബൗധായന ശൂൽബസൂത്രം. അദ്ദേഹത്തിന്റെ ജീവിതകാലം ബി.സി 600 നും 500 നും ഇടയ്ക്കായിരുന്നു. ഇന്നത്തെ ജ്യാമിതിയാണ് അക്കാലത്ത് ശൂൽബസൂത്രമായി പ്രചരിച്ചിരുന്നത്. ശൂൽബസൂത്രത്തിൽ മൂന്ന് അദ്ധ്യായങ്ങളുണ്ട്. ഒന്നാം അദ്ധ്യായത്തിൽ 116 സൂത്രങ്ങളും രണ്ടാം അദ്ധ്യായത്തിൽ 86 സൂത്രങ്ങളും മൂന്നാം അദ്ധ്യായത്തിൽ 323 സൂത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അങ്ങനെ ആകെ 525 സൂത്രങ്ങളാണ് ബൗധായന ശൂൽബസൂത്രത്തിൽ ഉള്ളത്. പൂജാ കർമ്മങ്ങൾക്കുള്ള യജ്ഞവേദികളുടെ അളവുകളും അവ നിർമ്മിക്കുവാനുള്ള രീതികളുമാണ് ഈ സൂത്രങ്ങളിൽ വിശദീകരിച്ചിരിക്കുന്നത്. ബൗധായനനെ കൂടാതെ ആപസ്തംഭൻ, കാത്യായനൻ എന്നിവരും ശൂൽബസൂത്രങ്ങൾ രചിച്ചിട്ടുണ്ട്. ആപസ്തംഭൻ ശൂൽബസൂത്രം, കാത്യായനൻ ശൂൽബസൂത്രം എന്നിവയാണവ. ഇവ കൂടാതെ മാണവ ശൂൽബസൂത്രം, ഹിരണ്യകോശ ശൂൽബസൂത്രം എന്നീ ശൂൽബസൂത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവ എഴുതിയവരെ കുറിച്ചുള്ള വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല.

മഹാവീരന്റെ ഗ്രന്ഥങ്ങൾ

ജൈന ഗണിതശാസ്ത്രജ്ഞരിൽ ഏറ്റവും പ്രശസ്തനാണ് മഹാവീരൻ. എ.ഡി.ഒമ്പതാം നൂറ്റാണ്ടിൽ കർണാടകത്തിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. 'ഗണിതസാരസംഗ്രഹം' എന്ന പേരിൽ അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചു. ദക്ഷിണേന്ത്യയിൽ വൻ പ്രചാരം നേടിയ ഗ്രന്ഥമാണ് ഗണിതസാരസംഗ്രഹം. അതിൽ അങ്കഗണിതം, ബീജഗണിതം, ജ്യാമിതി എന്നീ വിഭാഗങ്ങളിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നു. ഈ ഗ്രന്ഥത്തിൽ മഹാവീരൻ മുമ്പ് ജീവിച്ചിരുന്ന ചില ഗണിതശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ അതേപടി പകർത്തി എഴുതിയിട്ടുമുണ്ട്.

സംഗമഗ്രാമ മാധവന്റെ ഗ്രന്ഥങ്ങൾ

1350 നും 1600 നും ഇടയ്ക്ക് കേരളത്തിലാണ് സംഗമഗ്രാമ മാധവൻ ജനിച്ചത്. കേരളീയ ഗണിതശാസ്ത്രത്തിന്റെ സുവർണകാലമായും അക്കാലത്തെ വിശേഷിപ്പിക്കുന്നു. വേണ്വാരോഹണം, അഗരണം, ലഗ്നപ്രകരണം, മഹാജ്ഞാനയാഗപ്രകരണം, അഗണിത പഞ്ചാംഗം, ഗോളവാദം തുടങ്ങിയവ മാധവന്റെ പ്രധാന കൃതികളാണ്. എന്നാൽ വേറെയും കുറേ ഗ്രന്ഥങ്ങൾ മാധവൻ രചിച്ചിട്ടുണ്ടാവാമെന്ന് പണ്ഡിതന്മാർ സൂചിപ്പിക്കുന്നു. വേണ്വാരോഹണം എന്ന കൃതിയിൽ മാധവൻ, ചന്ദ്രന്റെ ഓരോ മിനുട്ടിലെയും സ്ഥാനം കണ്ടുപിടിക്കാനുള്ള വഴി വിശദീകരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്കു മുമ്പ് അദ്ദേഹം കൈവരിച്ച ഈ നേട്ടം ഒരു അദ്‌ഭുതമായി അവശേഷിക്കുന്നു.

പരമേശ്വരന്റെ ഗ്രന്ഥങ്ങൾ

1360നും 1455നും മധ്യേ കേരളത്തിലാണ് പരമേശ്വരൻ നമ്പൂതിരി ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ മാധവന്റെ ശിഷ്യനായിരുന്നു പരമേശ്വരൻ നമ്പൂതിരി. ആര്യഭടൻ ആവിഷ്കരിച്ച രീതിയാണ് ജ്യോതിശാസ്ത്രത്തിൽ പ്രചാരത്തിലുണ്ടായിരുന്നത്. പിന്നീട് ഹരിദത്തൻ എന്നൊരു പണ്ഡിതൻ പരഹിതം എന്നൊരു സമ്പ്രദായത്തിന് തുടക്കം കുറിച്ചു. എന്നാൽ പരഹിതത്തിന്റെ പ്രയോഗത്തിലും ചില പിഴവുകൾ പിന്നീട് കണ്ടെത്തി. പരഹിത രീതിയിൽ കണക്കാക്കുമ്പോൾ ആകാശഗോളങ്ങളുടെ യഥാർത്ഥ സ്ഥാനത്തിന് മാറ്റം വരുന്നതായി തെളിഞ്ഞു. പരഹിതത്തിന് പരിഷ്കരണങ്ങൾ ആവശ്യമായിരിക്കുന്നുവെന്ന് പരമേശ്വരൻ നമ്പൂതിരി ചിന്തിച്ചു. അന്നു മുതൽ അദ്ദേഹം ഭാരതപ്പുഴയുടെ മണലിൽ മലർന്നുകിടന്ന് ആകാശത്തിലെ ഗോളങ്ങളെ നിരീക്ഷിക്കാൻ തുടങ്ങി. ഗോളങ്ങളെ നിരീക്ഷിക്കുന്നതോടൊപ്പം മണലിൽ ചില കണക്കുകൂട്ടലുകളും അദ്ദേഹം നടത്തി. നീണ്ട അമ്പത്തഞ്ച് വർഷക്കാലം ആ നിരീക്ഷണ പഠനങ്ങൾ തുടർന്നു. അങ്ങനെ അദ്ദേഹം 1431ൽ ദൃഗ്ഗണിതം രചിച്ചു. കൂടാതെ മുപ്പതിലേറെ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. ഗോളദീപിക, ചന്ദ്രഛായ ഗണിതം, വാക്യകരണം എന്നിവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളാണ്. ആര്യഭടീയത്തിന് ഭടദീപിക എന്ന പേരിലും മഹാഭാസ്കരീയത്തിന് കർമദീപിക എന്ന പേരിലും അദ്ദേഹം വ്യാഖ്യാനങ്ങൾ എഴുതുകയുണ്ടായി. ലഘുഭാസ്കരീയത്തിന്റെ വ്യാഖ്യാനമായിരുന്നു 'പരമേശ്വരി' എന്ന ഗ്രന്ഥം.  ഗണിതശാസ്ത്രത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾക്കു പുറമേ ചില ജ്യോതിഷ ഗ്രന്ഥങ്ങൾക്കും പരമേശ്വരൻ നമ്പൂതിരി വ്യാഖ്യാനങ്ങൾ രചിച്ചു. സമർഥരായ നിരവധി ശിഷ്യന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു.

നീലകണ്‌ഠ സോമയാജിയുടെ ഗ്രന്ഥങ്ങൾ

കേരളത്തിന്റെ ഗണിത ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് മഹത്തായ സംഭാവനകൾ നൽകിയ മറ്റൊരു ഗണിത പ്രതിഭയാണ് നീലകണ്‌ഠ സോമയാജി. തിരൂരിനടുത്ത് തൃക്കണ്ടിയൂരിൽ 1465ൽ നീലകണ്‌ഠ സോമയാജി ജനിച്ചു. പരമേശ്വരൻ നമ്പൂതിരിയുടെ മകൻ ദാമോദരന്റെ ശിഷ്യനാണ് താനെന്ന് അദ്ദേഹത്തിന്റെ ആര്യഭടീയഭാഷ്യം എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. തൃക്കണ്ടിയൂരൂകാരനും മലയാളഭാഷയുടെ പിതാവുമായ തുഞ്ചത്ത് എഴുത്തച്ഛൻ നീലകണ്‌ഠ സോമയാജിയുടെ ശിഷ്യനായിരുന്നെന്നും കരുതപ്പെടുന്നു. തമിഴ്‌നാട്ടുകാരനായ ജ്യോതിശാസ്ത്രപണ്ഡിതൻ സുന്ദരരാജൻ ഉന്നയിച്ച പ്രശ്‌നങ്ങൾക്കെല്ലാം വിശദീകരണം നൽകുന്ന ഗ്രന്ഥമായ  'സുന്ദരാജപ്രശ്നോത്തരം' രചിച്ചു. ആര്യഭടീയത്തിന് അദ്ദേഹം ഗണിതപാദം എന്ന പേരിൽ വിശദീകരണവും എഴുതിയിട്ടുണ്ട്. ആര്യഭടീയത്തെ അടിസ്ഥാനമാക്കി അന്നോളം കേരളത്തിൽ അറിയപ്പെട്ടിരുന്ന ഗണിത ശാസ്ത്രസിദ്ധാന്തങ്ങളെല്ലാം ഉൾക്കൊള്ളിച്ച് സ്വതന്ത്രമായ ഗ്രന്ഥത്തിന്റെ രൂപത്തിലാണ് ഗണിതപാദം രൂപപ്പെടുത്തിയിരിക്കുന്നത്. 'തന്ത്രസംഗ്രഹം' അദ്ദേഹത്തിന്റെ മറ്റൊരു മുഖ്യകൃതിയാണ്. അതിലും ഗണിതപ്രശ്നങ്ങൾ കൂടുതൽ ഭംഗിയായും വിശദമായും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. വാനശാസ്ത്രത്തെക്കുറിച്ചുള്ള പഠന ഗ്രന്ഥമാണ് തന്ത്രസംഗ്രഹം. 1500ൽ ഇത് രചിച്ചതായി കരുതപ്പെടുന്നു. എട്ട് അദ്ധ്യായങ്ങളിലായി അഞ്ഞൂറോളം ശ്ലോകങ്ങൾ തന്ത്രസംഗ്രഹത്തിലുണ്ട്. ത്രികോണമിതി, ഗോളീയ ത്രികോണമിതി എന്നിവയെക്കുറിച്ചെല്ലാം അതിൽ പറയുന്നുണ്ട്. ഗ്രഹണനിർണയം, ചന്ദ്രഛായാഗണിതം, ഗോളസാരം, സിദ്ധാന്ത ദർപ്പണം, ഗൃഹപരീക്ഷാക്രമം എന്നിവയാണ് അവ.

ശങ്കരവാരിയരുടെ ഗ്രന്ഥങ്ങൾ

ഗണിതശാസ്ത്രത്തിന് മഹത്തായ സംഭാവനകൾ നൽകിയ കേരളീയനായ മറ്റൊരു ഗണിത പണ്ഡിതനാണ് ശങ്കരവാരിയർ. നീലകണ്ഠ സോമയാജിയുടെ ശിഷ്യനായിരുന്ന അദ്ദേഹം ഗുരുവിനെക്കുറിച്ച് തന്റെ കൃതികളിൽ വളരെ ആദരവോടെ വിവരിച്ചിട്ടുണ്ട്. ക്രിയാക്രമകരി, കരണസാരം, പഞ്ചബോധ വ്യാഖ്യാനം, യുക്തി ദീപിക, ലഘുവിവൃത്തി, എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.

ശ്രീധരന്റെ ഗ്രന്ഥങ്ങൾ

ഭാരതത്തിലെ പ്രസിദ്ധനായ ഒരു ഗണിത ശാസ്ത്രജ്ഞനാണ് ശ്രീധരൻ. എ.ഡി.1020 ലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതുന്നു. പാടീഗണിതം, ത്രിശതിക എന്നിവയാണ് ശ്രീധരന്റെ പ്രധാന കൃതികളായി കരുതപ്പെടുന്നത്. ത്രിശതികയിൽ മുന്നൂറ് ശ്ലോകങ്ങളാണ് ഉള്ളത്. ശ്രീധരി ലീലാവതി അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു കൃതിയാണ്. ബീജഗണിതം എന്ന പേരിൽ അദ്ദേഹം ഒരു ഗ്രന്ഥം കൂടി രചിച്ചിട്ടുള്ളതായി ചില പണ്ഡിതന്മാർ പറയുന്നു. സമവാക്യങ്ങൾ, ഭിന്നസംഖ്യകൾ, പൂജ്യം കൊണ്ടുള്ള വിദ്യകൾ തുടങ്ങിയവയെക്കുറിച്ചെല്ലാം അദ്ദേഹത്തിന്റെ കൃതികളിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് നൂറ്റാണ്ടുകൾക്കുശേഷം ഗണിതശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്.

നാരായണ പണ്ഡിതന്റെ കൃതികൾ

ഭാസ്കരാചാര്യനുശേഷം ഭാരതീയ ഗണിതശാസ്ത്രത്തിനുണ്ടായ വളർച്ചയിൽ മുഖ്യപങ്കുവഹിച്ചയാളാണ് നാരായണ പണ്ഡിതൻ. പതിനാലാം നൂറ്റാണ്ടിലാണ് നാരായണ പണ്ഡിതൻ ജീവിച്ചിരുന്നതെന്ന് കരുതുന്നു. ഗണിതകൗമുദി, ബീജ ഗണിതാവതംസം എന്നീ പ്രശസ്ത കൃതികൾ രചിച്ചത് ഇദ്ദേഹമാണ്. 1356 ലാണ് നാരായണ പണ്ഡിതൻ ഗണിതകൗമുദി രചിച്ചത്. ഭാരതീയ ഗണിതശാസ്ത്രത്തിന്റെ വികാസത്തിൽ ഒരു നാഴികക്കല്ലാണ് ആ കൃതി. ഗണിതക്രിയകൾ രസകരമായി വിശദീകരിക്കുന്ന കാര്യത്തിൽ നാരായണ പണ്ഡിതന്റെ മിടുക്ക് ഗണിതകൗമുദി എന്ന കൃതിയിൽ കാണാം. രസകരമായ ചോദ്യങ്ങൾ ഉന്നയിച്ച് അവയ്ക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുന്ന രീതിയിലാണ് വിവരണം. നാരായണ പണ്ഡിതന്റെ ബീജഗണിത ഗ്രന്ഥവും അതിശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു. ബീജഗണിത ഗ്രന്ഥത്തിന് രണ്ട് ഭാഗങ്ങളുണ്ട്. ധാരാളം പേർ നാരായണ പണ്ഡിതന്റെ ഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ട്. ജ്ഞാനദാസ്, സൂര്യദാസ് എന്നിവർ അവരിലുൾപ്പെടുന്നു.

വൈദ്യശാസ്ത്രത്തിലെ ഗ്രന്ഥങ്ങൾ

ചരകസംഹിത

ആയുർവേദത്തിലെ മഹാചാര്യൻമാരിൽ ഒരാളായിരുന്നു ചരകൻ. അദ്ദേഹം രചിച്ച ആയുർവേദഗ്രന്ഥമാണ് ‘ചരകസംഹിത'. ആയുർവേദത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നാണിത്. ഓരോ വിഷയവും പ്രത്യേകം തിരിച്ച് ആകെ 12 അധ്യായങ്ങളിലായാണ് ചരകസംഹിത എഴുതിയിട്ടുള്ളത്. ചരകന്റെ ജീവിതകാലത്തെക്കുറിച്ച് കൃത്യമായ രേഖകളില്ലാത്തതിനാൽ ചരകസംഹിതയുടെ രചനാകാലഘട്ടം ഏതെന്ന് വ്യക്തമല്ല. ശരീരചികിത്സയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ചരകന് ശേഷം എ.ഡി ഒൻപതാം ശതകത്തിൽ ദൃഢബലൻ എന്ന കാശ്മീരി ഭിഷഗ്വരൻ സംഹിത വീണ്ടും 'അഗ്നിവേശതന്ത്രം' എന്ന പേരിൽ പരിഷ്കരിച്ചു. വൈദ്യവും ശാസ്ത്രവും എങ്ങനെ ഉണ്ടായി, എന്ന കഥ തൊട്ടാണ് ചരകസംഹിത തുടങ്ങുന്നത്. 8 ഭാഗങ്ങളിലായി 120 അദ്ധ്യായങ്ങളുള്ള പദ്യവും ഗദ്യവും ചേർത്താണ് എഴുതിയിരിക്കുന്നത്. 149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും ആ ഗ്രന്ഥത്തിലുണ്ട്. 341 സസ്യങ്ങളും അവയിൽ നിന്നുണ്ടാകുന്ന ഔഷധങ്ങളും, കൂടാതെ ജന്തുക്കളിൽ നിന്നും ലഭിക്കുന്ന 177 ഔഷധങ്ങൾ, 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങൾ എന്നിവയെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഹരിശ്ചന്ദ്രൻ, ചക്രപാണിദത്തൻ, ശിവദാസൻ എന്നിവർ ചരകസംഹിതയെ വ്യാഖ്യാനിച്ച് എഴുതിയ ഗ്രന്ഥങ്ങളും പ്രസിദ്ധമാണ്. ചരകസംഹിതയെ അടിസ്ഥാനമാക്കിയാണ് വാഗ്‌ഭടൻ അഷ്ടാംഗഹൃദയം രചിച്ചതെന്ന് കരുതുന്നു.

സുശ്രുതസംഹിത                  

ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രിയാ ഗ്രന്ഥമായ 'സുശ്രുതസംഹിത' രചിച്ചത് സുശ്രുതനാണ്. 'സുശ്രുതസംഹിത' ആയുർവേദത്തിലെ അടിസ്ഥാനഗ്രന്ഥങ്ങളിലൊന്നാണ്. 'ശസ്ത്രക്രിയയ്ക്ക് പ്രാധാന്യം നൽകി രചിച്ചിരിക്കുന്ന സുശ്രുതസംഹിതയിൽ സൂത്രസ്ഥാനം, നിദാനസ്ഥാനം, ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കല്പസ്ഥാനം എന്നിങ്ങനെ അഞ്ച് ഭാഗങ്ങളിലായി 120 അദ്ധ്യായങ്ങളും, 66 അദ്ധ്യായങ്ങളുള്ള ഉത്തരതന്ത്രവും അടങ്ങിയതാണ് ആ സംഹിത. എട്ട് രീതിയിലുള്ള ശസ്ത്രക്രിയകളെ കുറിച്ചാണ് അതിൽ പ്രതിപാദിക്കുന്നത്. ഛേദ്യം, ഭേദ്യം, ലേഖ്യം, വേധ്യം, ഏഷ്യം, ആഹാര്യം, വിസ്രാവ്യം, സീവ്യം തുടങ്ങിയവയാണവ. ശസ്ത്രക്രിയ സ്വയം നടത്തുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്ത അദ്ദേഹം ശസ്ത്രക്രിയയ്ക്കുള്ള 120 ഉപകരണങ്ങളെപ്പറ്റിയും (യന്ത്ര-ശസ്ത്രങ്ങൾ) സുശ്രുതസംഹിതയിൽ പ്രതിപാദിക്കുന്നു. ശരീരത്തിൽ നിന്ന് ശല്യങ്ങൾ എടുത്തുമാറ്റുവാനുള്ളവയാണ് യന്ത്രങ്ങൾ. കീറിമുറിക്കുവാനുള്ളതാണ് ശസ്ത്രങ്ങൾ. വാഗ്ഭടന്റെ 'അഷ്ടാംഗഹൃദയം' ചരക - സുശ്രുത സംഹിതകളുടെ സംഗ്രഹമാണ്. നിരവധി വ്യാഖ്യാനങ്ങൾ സുശ്രുതസംഹിതയ്ക്ക് ഉണ്ടായിട്ടുണ്ട്. സുശ്രുതസംഹിത ഒൻപതാം നൂറ്റാണ്ടിൽ അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്തു. പിന്നീട് ലാറ്റിൻ, ജർമ്മൻ എന്നീ ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടു. അതിനുശേഷമാണ് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയത്.

അഷ്‌ടാംഗഹൃദയം

ഭാരതത്തിന് ലോകമെമ്പാടും പ്രശസ്തിയും അംഗീകാരവും നേടിക്കൊടുത്ത ചികിൽസാ രീതിയാണ് ആയുർവേദം. ധാരാളം വിദേശികൾ ആയുർവേദ ചികിൽസ തേടി നമ്മുടെ നാട്ടിൽ എത്താറുണ്ട്. കേരളമാണ് ആയുർവേദ ചികിൽസയുടെ ഈറ്റില്ലം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചികിൽസാരീതിയാണ് ആയുർവേദം. രോഗലക്ഷണങ്ങളും ചികിൽസാവിധികളുമൊക്കെ വിശദമാക്കുന്ന പുരാതനഗ്രന്ഥങ്ങൾ ആയുർവേദത്തിലുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അഷ്‌ടാംഗഹൃദയം. കേരളത്തിലെ വൈദ്യൻമാർ ചികിൽസയ്ക്ക് അടിസ്‌ഥാനമായി സ്വീകരിച്ചിട്ടുള്ള ആയുർവേദ ഗ്രന്ഥമാണിത്. നമ്മുടെ ശരീരത്തിൽ ഹൃദയം എത്രത്തോളം പ്രധാനപ്പെട്ടതാണോ അതുപോലെയാണ് ആയുർവേദത്തിൽ അഷ്‌ടാംഗഹൃദയത്തിന്റെ സ്‌ഥാനം. വാഗ്‌ഭടാചാര്യനാണ് പ്രസിദ്ധമായ ഈ ആയുർവേദഗ്രന്ഥം എഴുതിയത്.

ചികിൽസാവിധികൾ ഇത്ര ലളിതമായി വിവരിക്കുന്ന മറ്റൊരു ആയുർവേദ ഗ്രന്ഥമില്ലെന്നാണ് ആയുർവേദ ആചാര്യൻമാർ ഈ ഗ്രന്ഥത്തെക്കുറിച്ച് പറയുന്നത്. ആവശ്യമില്ലാത്ത ഒരു വാക്കു പോലും ഇതിൽ ചേർത്തിട്ടില്ലെന്ന് വാഗ്ഭടാചാര്യൻ അഭിമാനത്തോടെ ഈ പുസ്ത‌കത്തിൽ പറയുന്നുണ്ട്. 120 അധ്യായങ്ങളാണ് അഷ്‌ടാംഗഹൃദയത്തിലുള്ളത്. ഇവയെ സൂത്രസ്ഥാനം, ശരീരസ്ഥാനം നിദാനസ്‌ഥാനം, ചികിത്സാസ്ഥാനം, കൽപ്പസ്‌ഥാനം, ഉത്തരസ്‌ഥാനം എന്നിങ്ങനെ ആറു സ്‌ഥാനങ്ങളായി തിരിച്ചിരിക്കുന്നു. പദ്യരൂപത്തിലാണ് അഷ്ടാംഗഹൃദയത്തിൽ കാര്യങ്ങൾ വിശദീകരിക്കുന്നത്. ധന്വന്തരീ പരമ്പര, ആത്രേയ പരമ്പര എന്നിങ്ങനെ രണ്ടു വ്യത്യസ്‌ത പാരമ്പര്യങ്ങളെ പിന്തുടർന്നായിരുന്നു ആയുർവേദത്തിന്റെ വളർച്ച. ഇതിൽ ആത്രേയ പരമ്പരയോട് ചേർന്നു നിൽക്കുന്ന രീതികളാണ് അഷ്ടാംഗഹൃദയത്തിന്റേത്. സസ്യ ഔഷധങ്ങളെ ഇത് പ്രധാനമായും ആശ്രയിക്കുന്നു. അദ്ഭുതസിദ്ധിയുള്ള ഔഷധങ്ങളെപ്പറ്റി പ്രത്യേകം വിവരണമുണ്ട്.

പ്രാചീന ഭാരതത്തിലെ സംസ്കൃത പണ്ഡിതന്മാർ

1. വാല്മീകി

ആദികാവ്യമായ 'രാമായണം' രചിച്ചത് വാല്മീകിയാണ്. വാല്മീകിയുടെ പഴയ പേര് രത്നാകരൻ എന്നായിരുന്നു. കാട്ടാളനായിരുന്ന ഇദ്ദേഹം മനംമാറ്റത്തെത്തുടർന്ന് താപസനായി, ദീർഘകാലതപസ്സുമൂലം അദ്ദേഹത്തിനുചുറ്റും ചിതൽപ്പുറ്റ് അഥവാ വല്മീകം രൂപംകൊണ്ടു. അങ്ങനെ വാല്മീകിയെന്ന പേരുലഭിച്ചു. രാമായണം എന്നതിന് രാമന്റെ യാത്ര എന്നാണർഥം. ഭാരതത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ കൃതിയാണ് രാമായണം. നാരദനാണ് രാമായണം എഴുതുവാനുള്ള നിർദേശം വാല്മീകിയ്ക്ക് നൽകിയതെന്ന് രാമായണത്തിന്റെ ആദ്യ ഭാഗത്തിൽ തന്നെ പറയുന്നുണ്ട്. നാരദനാണ് രാമകഥ വാല്മീകിയ്ക്ക് പറഞ്ഞുകൊടുത്തത്. ഭാരതത്തിലെ എല്ലാ ഭാഷകളിലും അത് പ്രചരിച്ചു.  വാല്മീകിയുടെ മാതാപിതാക്കളെക്കുറിച്ചോ ജനനസ്ഥലം സംബന്ധിച്ചോ വ്യക്തമായ യാതൊരറിവും ഇന്ന് നമുക്കില്ല. ആദ്യകാലത്ത് ഉത്തരഭാരതത്തിൽ ഗംഗ, തമസാ - സരയൂ നദീതീരങ്ങളിലായി കഴിഞ്ഞെന്നും പിന്നീട് സന്യാസജീവിതത്തിൽ തമസാ തീരത്തായിരുന്നു അദ്ദേഹത്തിന്റെ ആശ്രമമെന്നും കരുതപ്പെടുന്നു.

2. വ്യാസൻ

മഹാഭാരതത്തിന്റെ രചയിതാവായും സ്മൃതികാരനായും ആദരിക്കപ്പെടുന്ന പ്രാചീന ഭാരതീയ മഹർഷിയാണ് കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യാസൻ എന്നറിയപ്പെടുന്ന വ്യാസമഹർഷി. ഹൈന്ദവ വേദങ്ങൾ ക്രോഡീകരിച്ചത് വ്യാസനാണെന്നു വിശ്വസിച്ചുപോരുന്നതിനാലാണ് അദ്ദേഹത്തിന് വേദവ്യാസൻ എന്ന പേരു സിദ്ധിച്ചത്. പുരാണകഥാപാത്രങ്ങളിൽ പ്രമുഖനായ ഇദ്ദേഹം പരാശരമഹർഷിക്ക് സത്യവതിയിൽ ജനിച്ച പുത്രനാണ്. ശന്തനുരാജാവിന് സത്യവതിയിൽ ജനിച്ച വിചിത്രവീര്യന്റെ പത്നിമാരായ അംബികയെയും അംബാലികയെയും സ്വീകരിച്ചു. അവരിൽ വ്യാസന് ജനിച്ച പുത്രന്മാരാണ് ധൃതരാഷ്ട്രരും പാണ്ഡുവും. ഇവരുടെ പുത്രന്മാരാണ് കൗരവരും പാണ്ഡവരും. ഈ സഹോദരപുത്രന്മാർ തമ്മിലുള്ള യുദ്ധമാണ് മഹാഭാരതം എന്ന ഇതിഹാസകഥയുടെ അടിസ്ഥാനം. മഹാഭാരതത്തിന്റെ ഭാഗമായി വ്യാസമഹർഷി രചിച്ച 'ഭഗവത്ഗീത' അമൂല്യവും മനോഹരവുമായ ദാർശനിക കൃതികളിലൊന്നാണ്. ബ്രഹ്മസൂത്രവും പതിനെട്ട് പുരാണങ്ങളും അദ്ദേഹത്തിന്റെ കൃതികളായി കണക്കാക്കപ്പെടുന്നു. ആദ്യത്തെ വൈയാകരണന്മാരിൽ ഒരാളുകൂടിയായി വ്യാസൻ ഗണിക്കപ്പെടുന്നു.

3. ചാണക്യൻ

രാജ്യതന്ത്രജ്ഞൻ, ചിന്തകൻ, പുരാതന രാഷ്ട്രമീമാംസാ പ്രബന്ധമായ 'അർത്ഥശാസ്ത്ര'ത്തിന്റെ രചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ ചാണക്യൻ (കൗടില്യൻ, വിഷ്ണുഗുപ്തൻ എന്നും വിളിക്കാറുണ്ട്). തക്ഷശിലയിലെ ഒരു സാധാരണ ബ്രാഹ്മണകുടുംബത്തിൽ ജനിച്ചു. 'അർത്ഥശാസ്ത്രം' ഗ്രന്ഥകർത്താവിന്റെ കാലം വരെ അർത്ഥത്തെ (ധനതത്ത്വശാസ്ത്രം, ഭൗതിക ജീവിത വിജയം) ക്കുറിച്ച് ഇന്ത്യയിൽ എഴുതപ്പെട്ടിട്ടുള്ളതിന്റെയെല്ലാം ഒരു സമാഹാരമാണ്. ഇദ്ദേഹം തക്ഷശിലയിൽ വിദ്യാഭ്യാസം നേടി. വൈദ്യശാസ്ത്രത്തെയും വാനശാസ്ത്രത്തെയും കുറിച്ച് ഇദ്ദേഹത്തിനറിയാമായിരുന്നു. സൊറാസ്ട്രിയൻ മതക്കാർ ഇന്ത്യയിലേക്കുകൊണ്ടുവന്ന ഗ്രീക്ക്, പേർഷ്യൻ വിജ്ഞാനത്തിന്റെ ചില ഘടകങ്ങളെക്കുറിച്ചും ജ്ഞാനമുണ്ടായിരുന്നു. പ്രഥമ മൗര്യ ചക്രവർത്തിയായ ചന്ദ്രഗുപ്തന്റെ ഉപദേഷ്ടാവും സഹായിയും ആയിരുന്നു. പാടലീപുത്രത്തിലെ ശക്തമായ നന്ദരാജവംശത്തെ നിഷ്കാസനം ചെയ്യുന്നതിന് കാരണക്കാരൻ ചാണക്യനായിരുന്നു. കുടിലതന്ത്രജ്ഞനെങ്കിലും ഭദ്രമായ രാഷ്ട്രീയ വിവേകവും മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചയും ഇദ്ദേഹത്തിനുണ്ടായിരുന്നു.

4. കാളിദാസൻ

ചന്ദ്രഗുപ്ത വിക്രമാദിത്യന്റെ രാജകൊട്ടാരത്തിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു കാളിദാസൻ എന്നു വിശ്വസിക്കപ്പെടുന്നു. ലോകപ്രശസ്തിനേടിയ ഭാരതീയ കവിയും നാടകകൃത്തുമായ ഇദ്ദേഹത്തിന്റെ യഥാർഥ നാമധേയം, ജന്മസ്ഥലം, ജീവിതകാലം എന്നിവ സംബന്ധിച്ച് തെളിവുകൾ ഇല്ല. ഉജ്ജയിനിയിൽ ഇദ്ദേഹം ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. കാളിദാസന്റെ സ്മരണ നിലനിർത്താനായി ഇപ്പോൾ അവിടെ വർഷംതോറും 'കാളിദാസസമാരോഹ്' നടത്തിവരുന്നു. ഋതുസംഹാരം, മേഘദൂതം, കുമാരസംഭവം, രഘുവംശം എന്നീ കാവ്യങ്ങളും വിക്രമോർവശീയം, മാളവികാഗ്നിമിത്രം, അഭിജ്ഞാനശാകുന്തളം എന്നീ നാടകങ്ങളും ആണ് കാളിദാസന്റെ മുഖ്യകൃതികൾ. അഭിജ്ഞാനശാകുന്തളമാണ് കാളിദാസനെ വിശ്വവിഖ്യാതനാക്കിയത്. ഈ കൃതി അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂമിയും സ്വർഗവും സംയോജിക്കുന്ന മഹാകാവ്യം എന്നാണ് ജർമ്മൻ നിരൂപകനായ ഗോയ്‌ഥെ ശകുന്തളത്തെ വിശേഷിപ്പിച്ചത്. 'മേഘസന്ദേശം' പ്രണയവും പ്രണയവിരഹവും ലളിതമായി വിവരിക്കുന്ന ഒരു ലഘുകാവ്യമാണ്. 'കുമാരസംഭവം' 17 സർഗങ്ങളുള്ള ഒരു ദീർഘകാവ്യമാണ്. 'രഘുവംശ'ത്തിൽ എല്ലാ സൂര്യവംശരാജാക്കന്മാരുടെയും ജീവിതവും ഭരണവും വിവരിക്കുന്നു. പുരൂവരസിന്റേയും ഉർവ്വശിയുടെയും പ്രേമബന്ധം നാടകീയമായി അവതരിപ്പിക്കുന്നു 'വിക്രമോർവശീയം'.

5. അശ്വഘോഷൻ

വാല്മീകിക്ക് ശേഷമുള്ള പുരാതന സംസ്കൃതകവികളിൽ പ്രമുഖനാണ് അശ്വഘോഷൻ. കുശാന രാജാവായിരുന്ന കനിഷ്കൻ ഒന്നാമന്റെ രാജ്യസഭയിലെ അംഗമായിരുന്ന അശ്വഘോഷൻ ബുദ്ധമത വിശ്വാസിയായിരുന്നു. കാളിദാസന് മുൻപ്, എ.ഡി 80 - 150 കാലഘട്ടത്തിൽ ജീവിച്ചിരുന്നു എന്ന് കരുതുന്ന അദ്ദേഹത്തെ സംസ്കൃതത്തിലെ ആദ്യ നാടകകൃത്ത് എന്ന് വിശേഷിപ്പിക്കാറുണ്ട്. അയോധ്യയിലാണ് അശ്വഘോഷൻ ജനിച്ചതെന്ന് കരുതപ്പെടുന്നു. പാർശ്വൻ എന്ന ബുദ്ധ സന്യാസിയുടെ സ്വാധീനം മൂലമാണ് അശ്വഘോഷൻ ബുദ്ധമതം സ്വീകരിച്ചത്. അശ്വഘോഷൻ വാരാണസിയിൽ ആയിരിക്കുന്ന സമയത്ത് കനിഷ്കൻ അവിടം ആക്രമിച്ചു. കനിഷ്കൻ ആവശ്യപ്പെട്ട സ്വർണത്തിന് പകരമായി അവിടത്തെ രാജാവ്, ബുദ്ധൻ ഭിക്ഷ യാചിക്കാൻ ഉപയോഗിച്ചിരുന്നു എന്നു കരുതുന്ന പാത്രവും മഹാപണ്ഡിതനായ അശ്വഘോഷനെയുമാണ് നൽകിയതത്രേ! കനിഷ്കന്റെ ആസ്ഥാനകവിയായി മാറിയ അശ്വഘോഷൻ 'സുന്ദരനന്ദൻ' എന്നൊരു കാവ്യവും എഴുതിയതായി കരുതുന്നു. ബുദ്ധചരിതം ആണ് അശ്വഘോഷന്റെ ഏറ്റവും പ്രശസ്തമായ കാവ്യം. ശാരീപുത്ര പ്രകരണം, വജ്രസൂചി എന്നിവയാണ് മറ്റ് സംസ്കൃത രചനകൾ.

6. ആര്യഭട്ടൻ

ലോകപ്രസിദ്ധനായ ജ്യോതിശാസ്ത്രജ്ഞനായിരുന്നു ആര്യഭട്ടൻ. അഞ്ചാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. 'ആര്യഭടീയം' എന്ന കൃതിയുടെ രചയിതാവാണ് അദ്ദേഹം. ജ്യോതിശാസ്ത്രത്തിന്റെയും, ഗണിത ശാസ്ത്രത്തിന്റെയും ഒരു പുതിയശാഖ അനാവരണം ചെയ്ത കൃതിയാണ് ആര്യഭടീയം. കുസുമപുരത്തുവച്ചാണ് ആ കൃതി രചിച്ചതെന്നാണ് വിശ്വസിക്കുന്നത്. പുരാതന ഭാരതത്തിലെ വിദ്യാപീഠങ്ങളിലൊന്നായ 'നളന്ദ' സ്ഥിതിചെയ്തിരുന്നത് ആ നഗരത്തിലായിരുന്നു. നളന്ദയിലെ പ്രധാന അദ്ധ്യാപകൻ ആര്യഭട്ടൻ ആയിരുന്നു എന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു. എ.ഡി 476ൽ അശ്മകം എന്ന സ്ഥലത്താണ് ആര്യഭട്ടൻ ജനിച്ചത്. കേരളത്തിൽ കൊടുങ്ങലൂരിന് അടുത്താണ് ഈ സ്ഥലം എന്നാണ് വിശ്വാസം. ഗണിതശാസ്ത്രത്തിൽ തത്പരനായിരുന്ന അദ്ദേഹം കുസുമപുരത്തെത്തി. അവിടെത്തന്നെ നടത്തിയ ഗവേഷണങ്ങളെത്തുടർന്ന് ഗണിത ശാസ്ത്രരംഗത്ത് ഒരു അതുല്യപ്രതിഭയായി മാറി. പൈയുടെ ഏകദേശ മൂല്യവും അദ്ദേഹം കണ്ടെത്തി.

7. വാഗ്ഭടൻ

വാഗ്ഭടൻ എ.ഡി ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്നാണ് പല ഗവേഷകരും കണക്കാക്കുന്നത്. പതിമൂന്നാം ശതകത്തിൽ ജീവിച്ച വാഗ്ഭടാചാര്യൻ എന്നു പേരുള്ള ഒരാൾ രസതന്ത്രത്തിലെ 'രസരത്നസമുച്ചയം' എന്ന കൃതി രചിച്ചിട്ടുണ്ട്. അദ്ദേഹം തന്നെയാണ് അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവും എഴുതിയത് എന്നും ചിലർ വാദിക്കുന്നു. ബുദ്ധഭിക്ഷുവായിരുന്ന വാഗ്ഭടാചാര്യൻ ഭാരതത്തിൽ എല്ലായിടത്തും ചുറ്റിസഞ്ചരിച്ചിരുന്നു. അക്കൂട്ടത്തിൽ അദ്ദേഹം കേരളത്തിലും വന്നുവെന്നാണ് കരുതപ്പെടുന്നത്. കേരളത്തിലെത്തിയ അദ്ദേഹം കുറേക്കാലം ആലപ്പുഴയിലെ തിരുവിഴയിലുള്ള ബുദ്ധവിഹാരത്തിൽ കഴിഞ്ഞുവെന്നും അക്കാലത്താണ് അഷ്ടാംഗഹൃദയം രചിച്ചതെന്നും ഐതിഹ്യമുണ്ട്. ആയുർവേദത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നവരാണ് ചരകൻ, സുശ്രുതൻ, വാഗ്ഭടൻ എന്നിവർ. വാഗ്ഭടകോശം, വാഗ്ഭടാലങ്കാരം, ശൃംഗാരതിലകം, ലഘുജാതകം തുടങ്ങിയവയും അദ്ദേഹത്തിന്റേതാണ് എന്ന് ചിലർ അഭിപ്രായപ്പെടുന്നു.

8. പാണിനി

പാണിനിയുടെ ജീവിതകാലം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ബി.സി.700 നും 600 നും മധ്യേ അദ്ദേഹം ജീവിച്ചിരുന്നു എന്നാണ് ഭൂരിഭാഗം ഗവേഷകരും അംഗീകരിച്ചിട്ടുള്ളത്. എ.ഡി.ഏഴാം നൂറ്റാണ്ടിനോടടുത്താണ് അദ്ദേഹത്തിന്റെ ജീവിതകാലം എന്ന് മറ്റു ചിലർ വാദിക്കുന്നു. സലാതുരം ആണ് പാണിനിയുടെ ജന്മദേശമായി അറിയപ്പെടുന്നത്. ബാല്യത്തിൽ, പഠിക്കാൻ വളരെ മോശമായിരുന്നു പാണിനി. അതിനാൽ മറ്റു കുട്ടികൾ എന്നും കളിയാക്കും. പരിഹാസം സഹിക്കവയ്യാതെ ഒരിക്കൽ പാണിനി ശിവനെ തപസ്സു ചെയ്തു. പ്രത്യക്ഷപ്പെട്ട ശിവൻ തന്റെ കടുന്തുടിയിൽ 14 തവണ കൊട്ടിയത്രേ. ആ ശബ്ദം അക്ഷരമാലയിലെ 14 സൂത്രങ്ങളായാണ് പാണിനിക്ക് തോന്നിയത്. ഇവ 'മേഹശ്വര' സൂത്രങ്ങളായി അറിയപ്പെട്ടു. അങ്ങനെ പാണിനി വിദ്യാസമ്പന്നനായി. പാണിനിയെക്കുറിച്ചുള്ള പ്രശസ്തമായ ഒരു ഐതിഹ്യമാണിത്. പാണിനി രചിച്ച സംസ്കൃത ഭാഷയിലെ വ്യാകരണഗ്രന്ഥമാണ് പാണിനീയം. ആകെ എട്ട് അദ്ധ്യായങ്ങളുള്ളതിനാൽ 'അഷ്ടാധ്യായി' എന്നും ഇതറിയപ്പെടുന്നു. ആഹികൻ, ദാക്ഷീപുത്രൻ, ശാലങ്കി, പാണിനൻ തുടങ്ങിയ പേരുകളിലും പാണിനി അറിയപ്പെടുന്നു.

9. ബാണഭട്ടൻ

കന്യാകുബ്ജം എന്ന് മുൻപ് അറിയപ്പെട്ട ഇന്നത്തെ കനൗജിലെ രാജാവായിരുന്ന ഹർഷവർദ്ധനന്റെ ആസ്ഥാന കവിയായിരുന്നു ബാണൻ എന്ന ബാണഭട്ടൻ. ഏഴാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന് കരുതുന്നു. ഹർഷവർദ്ധനനെക്കുറിച്ച് രചിച്ച 'ഹർഷചരിതം', ലോകത്തിലെ തന്നെ ആദ്യ നോവലുകളിൽ ഒന്നായികരുതുന്ന 'കാദംബരി' എന്നിവയാണ് ബാണന്റെ പ്രശസ്ത കൃതികൾ. ഇവയിൽ നിന്നാണ് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് നമുക്ക് അറിവ് ലഭിക്കുന്നത്. ചെറുപ്പത്തിലേ സംസ്കൃതത്തിൽ അപാര പാണ്ഡിത്യം നേടിയ ബാണഭട്ടൻ വിദ്യാഭ്യാസത്തിനു ശേഷം നാടു കാണാൻ ഇറങ്ങി. പല നാട്ടിലും കറങ്ങി അനുഭവസമ്പത്ത് നേടി അവസാനം സ്വന്തം നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ഈ കാലയളവിനുള്ളിൽ കവി എന്ന നിലയിൽ പ്രശസ്തനായി. ബാണനെക്കുറിച്ച് അറിഞ്ഞ ഹർഷവർദ്ധനൻ അദ്ദേഹത്തെ തന്റെ സദസ്സിലെ പ്രമുഖനാക്കി. ചണ്ഡികാശതകം, പർവതീപരിണയം തുടങ്ങിയവയാണ് ബാണന്റേതെന്നു കരുതുന്ന മറ്റ് പ്രധാന കൃതികൾ.

10. ചരകൻ

പുരാതനകാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന ആയുർവേദ ആചാര്യനായിരുന്നു ചരകൻ. എ.ഡി.ഒന്നാം ശതകത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. അതിന് മുമ്പാണ് എന്നും പറയപ്പെടുന്നു. കനിഷ്കന്റെ കാലത്ത് കൊട്ടരം വൈദ്യനായിരുന്ന ചരകനെപ്പറ്റി ബുദ്ധമത ഗ്രന്ഥമായ 'ത്രിപീടക'യിൽ പറയുന്നു. ചരകസംഹിതയുടെ രചയിതാവാണ് അദ്ദേഹം. അതിൽ ശരീരചികിത്സയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ചരകന് ശേഷം എ.ഡി ഒൻപതാം ശതകത്തിൽ ദൃഢബലൻ എന്ന കാശ്മീരി ഭിഷഗ്വരൻ സംഹിത വീണ്ടും 'അഗ്നിവേശതന്ത്രം' എന്ന പേരിൽ പരിഷ്കരിച്ചു. വൈദ്യവും ശാസ്ത്രവും എങ്ങനെ ഉണ്ടായി, എന്ന കഥ തൊട്ടാണ് ചരകസംഹിത തുടങ്ങുന്നത്.

11. നാഗാർജ്ജുനൻ

പുരാതനഭാരതത്തിൽ ജീവിച്ചിരുന്ന തത്വചിന്തകനായിരുന്ന നാഗാർജ്ജുനൻ 'ആൽക്കെമിസ്റ്റ്' ആയിരുന്നു. അദ്ദേഹം രചിച്ച ഗ്രന്ഥമാണ് 'രസരത്നാകര'! വെള്ളി, സ്വർണ്ണം, തുടങ്ങിയ ലോഹങ്ങളുടെ ശുദ്ധീകരണത്തെക്കുറിച്ച് ഇതിൽ പറയുന്നുണ്ട്. വൈദ്യശാസ്ത്രവിദഗ്ധൻ കൂടിയായ അദ്ദേഹം മറ്റു ലോഹങ്ങളെ സ്വർണമാക്കാനുള്ള പരീക്ഷണങ്ങളും നടത്തിയിരുന്നു.

12. ഭരദ്വാജ്

യന്ത്രങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് ശാസ്ത്രീയമായി വിശദീകരിക്കുന്ന ഒരു പുരാതന ഭാരതീയ ഗ്രന്ഥമുണ്ട്. അതാണ് യന്ത്രസർവസ്വം. ഭരദ്വാജ മഹർഷിയാണ് ഈ സംസ്കൃതഗ്രന്ഥം ബി.സി നാലാം നൂറ്റാണ്ടിൽ രചിച്ചതെന്ന് കരുതപ്പെടുന്നു. യന്ത്രങ്ങളെക്കുറിച്ച് സകല വിവരങ്ങളും എന്നാണ് യന്ത്രസർവസ്വം എന്നതിന്റെ അർഥം. വിമാനങ്ങളുടെ നിർമാണം, പ്രവർത്തനം എന്നിവയൊക്കെ വിശദീകരിക്കുന്ന 'വൈമാനിക പ്രകരണം' എന്നൊരു അധ്യായവും ഈ ഗ്രന്ഥത്തിലുണ്ട്.

13. പതഞ്‌ജലി

രണ്ടാം നൂറ്റാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരുന്ന ഒരു മുനിയാണ് പതഞ്ജലി. സ്വാസ്ഥ്യം നൽകുന്ന ഒരു ശാസ്‌ത്രീയ ആരോഗ്യപരിശീലന മാർഗമായി യോഗയെ ആദ്യമായി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് പതഞ്‌ജലി മുനിയാണ്‌. കലുഷിതമായ മനസ്സിനെ ശാന്തമാക്കി ശരീരക്ഷേമത്തിന്‌ യോഗയെ ഉപയോഗിക്കാനുള്ള മാർഗ്ഗം ആവിഷ്‌ക്കരിച്ചത് പതഞ്‌ജലിയാണ്.

14. കണാദൻ

പുരാതനഭാരതത്തിൽ ജീവിച്ചിരുന്ന ശാസ്ത്രജ്ഞനായിരുന്നു കണാദ മുനി. ഈ പ്രപഞ്ചത്തിലെ എല്ലാം നിർമിച്ചിട്ടുള്ളത് അതിസൂക്ഷ്മകണങ്ങൾ കൊണ്ടാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് കണാദ മുനിയാണ്. അതും ബി.സി ആറാം നൂറ്റാണ്ടിൽ! ദ്രവ്യത്തെ വിഭജിച്ചുകൊണ്ടേയിരുന്നാൽ ഒടുവിൽ വിഭജിക്കാൻ കഴിയാത്ത ഒരു ഘട്ടമെത്തുമെന്നും അതാണ് പരമാണു എന്നും കണാദൻ രചിച്ച 'അണുസൂത്ര'ത്തിൽ പറയുന്നു. പുരാതന ഭാരതത്തിലെ വിശ്വാസമനുസരിച്ച് മണ്ണ്, വായു, ജലം, അഗ്നി, ആകാശം എന്നീ പഞ്ചഭൂതങ്ങൾ കൊണ്ട് നിർമ്മിച്ചതാണ് പ്രപഞ്ചം.

15. കപിലൻ

ഭാരതീയ യുക്തിവാദ ദർശനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നു. സാംഖ്യദർശനസൂത്രങ്ങളുടെ രചയിതാവായ കപില മഹർഷിയുടെ ജീവിതകാലത്തെ പറ്റി കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ഹിന്ദുമത വിശ്വാസികൾ കപിലനെ വിഷ്ണുവിന്റെ അംശാവതാരമായിട്ടാണ് കാണുന്നത്.

16. ധന്വന്തരി

ഹൈന്ദവ വിശ്വാസപ്രകാരം ധന്വന്തരി മഹർഷി, വിഷ്ണു ഭഗവാന്റെ അവതാരവും ദേവന്മാരുടെ വൈദ്യനും ആയിരുന്നു. ആയുർവേദത്തിന്റെ ഉറവിടമായും അദ്ദേഹത്തെ കണക്കാക്കുന്നു. സമുദ്രമഥനത്തിന്റെ അവസാനം അമൃതുമായി പ്രത്യക്ഷപ്പെട്ട അദ്ദേഹം, ആയുർവേദം മനുഷ്യരാശിക്കു നൽകി.

17. വരാഹമിഹിരൻ

ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും അസാധാരണമായ പാണ്ഡിത്യം നേടുകയും ആധികാരിക ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത ആചാര്യനായിരുന്നു വരാഹമിഹിരൻ. എ.ഡി ആറാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. കാളിദാസനും വരാഹമിഹിരനും ഒരേ കാലത്ത് ജീവിച്ചിരുന്നവരാണെന്നും പറയപ്പെടുന്നു. ഉജ്ജയിനിക്കടുത്തുള്ള അവന്തി ഗ്രാമത്തിലായിരുന്നു വരാഹമിഹിരന്റെ ജനനം. ആദിത്യദാസൻ എന്നായിരുന്നു അച്ഛന്റെ പേര്. അദ്ദേഹത്തിൽ നിന്നാണ് താൻ വിദ്യകൾ അഭ്യസിച്ചതെന്ന് വരാഹമിഹിരൻ തന്റെ ഗ്രന്ഥത്തിൽ പറയുന്നുണ്ട്. ഗണിതത്തേക്കാളധികം ജ്യോതിഷത്തിലാണ് വരാഹമിഹിരൻ താത്പര്യം കാണിച്ചിരുന്നത്. ജ്യോതിഷത്തിൽ അവഗാഹം നേടിയ വരാഹമിഹിരൻ അതിന്റെ സാരാംശങ്ങൾ ശേഖരിച്ച് സാധാരണക്കാർക്കായി ലളിതമായ വിധത്തിൽ അവതരിപ്പിച്ചു. അദ്ദേഹം അങ്ങനെ രചിച്ച ഗ്രന്ഥങ്ങളാണ് പഞ്ചസിദ്ധാന്തിക, ബൃഹൽസംഹിത, മഹായാത്ര, വിവാഹപടലം, ലഘുജാതകം, ബൃഹജ്ജാതകം മുതലായവ.

18. സുശ്രുതൻ

പുരാതനകാലത്തെ ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു സുശ്രുതൻ. അദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വിവരങ്ങൾ കുറവാണ്. ചരകന് ശേഷമാണ് ജീവിച്ചിരുന്നത് എന്ന് വിശ്വസിക്കുന്നു. വിശ്വാമിത്ര മഹർഷിയുടെ പുത്രനായിരുന്നു എന്ന് അറിയപ്പെടുന്നു. ധന്വന്തരിയുടെ ശിഷ്യനുമായിരുന്നു. ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രിയാ ഗ്രന്ഥമായ 'സുശ്രുതസംഹിത' രചിച്ചത് സുശ്രുതനാണ്. അതിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായ രോഗങ്ങളേയും അതിനുവേണ്ട ഔഷധങ്ങളെക്കുറിച്ചും പരിചരണ ക്രമങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നു.

19. ഭാസൻ

സംസ്കൃതസാഹിത്യത്തിൽ കാളിദാസനോളം തന്നെ പ്രശസ്തനായ നാടകകൃത്താണ് ഭാസൻ. കാളിദാസനു മുമ്പ്, എ.ഡി മൂന്ന് - നാല് നൂറ്റാണ്ടുകൾക്കിടയിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതുന്നു. കാളിദാസൻ തന്റെ 'മാളവികാഗ്നിമിത്രം' എന്ന നാടകത്തിന്റെ ആമുഖത്തിൽ ഭാസനെക്കുറിച്ച് പറയുന്നുണ്ട്. നൂറ്റാണ്ടുകളോളം അദ്ദേഹത്തിന്റെ നാടകങ്ങൾ നഷ്ടപ്പെട്ടുപോയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അവയുടെ കയ്യെഴുത്തുപ്രതികൾ കണ്ടെത്തുന്നത്. അവയിൽ ചിലത് കേരളത്തിൽനിന്ന് ലഭിച്ചതിനാൽ ഭാസൻ കേരളീയനായിരുന്നുവെന്ന് വിശ്വസിക്കുന്നവരുമുണ്ട്.  ഭാസന്റെ നാടകങ്ങൾ വളരെ പ്രശസ്തമാണെങ്കിലും ഭാസൻ എന്ന കവിയെ കുറിച്ച് വളരെ കുറച്ച് അറിവേ നമുക്കുള്ളൂ. സ്വപ്നവാസവദത്തം, ഊരുഭംഗം, പഞ്ചരാത്രം, ചാരുദത്തം, ദൂതഘടോത്കചം, അവിമാരകം, ബാലചരിതം, കർണഭാരം, അഭിഷേകനാടകം, പ്രതിമാനാടകം, ദൂതവാക്യം തുടങ്ങിയവയാണ് ഭാസന്റെ പ്രധാന നാടകങ്ങൾ.

20. ശൂദ്രകൻ

മറ്റ് പുരാതന സംസ്കൃത കവികളെ പോലെ തന്നെ ശൂദ്രകൻ എന്ന കവിയെ സംബന്ധിച്ചും വ്യക്തമായ അറിവുകൾ ഒന്നും ലഭിച്ചിട്ടില്ല. 'മൃച്ഛകടികം' എന്ന നാടകം ആണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ശൂദ്രകൻ ദക്ഷിണേന്ത്യക്കാരനായിരുന്നു എന്നൊരു വാദമുണ്ട്. ഉത്തരേന്ത്യക്കാരായ കാവ്യമീമാംസക്കർ (കാവ്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നവർ) അപൂർവമായി മാത്രം മൃച്ഛകടികത്തെക്കുറിച്ച് സംസാരിക്കുന്നതും ദക്ഷിണേന്ത്യൻ ജാതികളെ കുറിച്ച് മൃച്ഛകടികത്തിൽ ഉള്ള പരാമർശങ്ങളും ആണ് ഈ വാദത്തിന്റെ അടിസ്ഥാനം. ശൂദ്രകൻ എന്ന രാജാവാണ് മൃച്ഛകടികം രചിച്ചതെന്നും അദ്ദേഹം നൂറ്റിപ്പത്ത് വയസ്സുവരെ ജീവിച്ചിരുന്നതായും മൃച്ഛകടികത്തിലുണ്ട്.

21. ഭരതമുനി

നാട്യശാസ്ത്രം എന്നുകേട്ടാൽ നൃത്തത്തെക്കുറിച്ചുള്ള ഒരു ഗ്രന്ഥം എന്നാണ് നമ്മൾ കരുതുക. എന്നാൽ, നൃത്തം മാത്രമല്ല നാടകം, സംഗീതം, രസം, അലങ്കാരം, അഭിനയം തുടങ്ങി സകല കലകളുടേയും ഉത്തമ ലക്ഷണഗ്രന്ഥമാണ് നാട്യശാസ്ത്രം. ഭരതമുനിയാണ് ഇത് രചിച്ചത്. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കാത്ത യാതൊരുവിധ ജ്ഞാനമോ ശിൽപ്പമോ വിദ്യയോ കലയോ യോഗമോ കർമ്മമോ ഇല്ല എന്നാണ് നാട്യശാസ്ത്രത്തെക്കുറിച്ച് ഭരതമുനി അഭിമാനത്തോടെ പറയുന്നത്. അത്രേയാദി മുനികളുടെ അഭ്യർഥനപ്രകാരം ഭരതമുനി പറഞ്ഞുകൊടുക്കുന്ന രീതിയിലാണ് നാട്യശാസ്ത്രം രചിച്ചിരിക്കുന്നത്. പദ്യരൂപവും ഗദ്യരൂപവും ഇതിന്റെ രചനയ്ക്കായി ഉപയോഗിച്ചിട്ടുണ്ട്.

22. വിഷ്ണുശർമ

പഞ്ചതന്ത്രം എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ രചയിതാവാണ് വിഷ്ണുശർമ്മൻ. വിഷ്ണുശർമ്മൻ രചിച്ച പഞ്ചതന്ത്രത്തിൽ ഇദ്ദേഹം രചിച്ചതാണെന്ന് പറയുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ ജീവിതകാലവും സ്ഥലവുമൊന്നും എവിടെയും പറഞ്ഞിട്ടില്ല. വിഷ്ണുശർമൻ എന്ന പേരുപോലും സാങ്കൽപ്പികമായിരിക്കാം എന്നാണ് ചിലരുടെ അഭിപ്രായം. പക്ഷിമൃഗാദികൾക്ക് മനുഷ്യന്റെ സ്വഭാവഗുണങ്ങൾ നൽകി വളരെ രസകരമായാണ് കഥകൾ ഓരോന്നും രചിച്ചിട്ടുള്ളത്. ഓരോ കഥയിലും എന്തെങ്കിലും സാരോപദേശം ഉണ്ടാകും. വളരെ പണ്ടേ മറ്റുഭാഷകളിലേക്ക് വിവർത്തനം ചെയ്ത കൃതിയാണ് പഞ്ചതന്ത്രം

23. അമരസിംഹൻ

സംസ്കൃതഭാഷയിൽ ഏറ്റവും പ്രചാരം കിട്ടിയ നിഘണ്ടു (കോശഗ്രന്ഥ) ആണ് അമരകോശം. അമരസിംഹനാണ് ഈ ഗ്രന്ഥം എഴുതിയത്. ഗ്രന്ഥം എഴുതിയ അമരസിംഹൻ അമരൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അങ്ങനെ അമരൻ രചിച്ച കോശഗ്രന്ഥം, പിൽക്കാലത്ത് അമരകോശം എന്ന് അറിയപ്പെട്ടു. വിക്രമാദിത്യനും വേതാളവും കഥകളിലെ നായകനായ വിക്രമാദിത്യചക്രവർത്തിയുടെ (ചന്ദ്രഗുപ്തൻ രണ്ടാമൻ) സദസ്സിലെ ശ്രേഷ്ഠരായ നവരത്നങ്ങളിൽപ്പെട്ട അമരസിംഹൻ തന്നെയാണ് അമരകോശം രചിച്ച അമരൻ എന്നൊരു വാദമുണ്ട്. എന്നാൽ, നവരത്നങ്ങളിൽപെട്ട പലരും പല കാലങ്ങളിൽ ജീവിച്ചവരാണെന്ന അഭിപ്രായവമുണ്ട്. അമരസിംഹൻ എ.ഡി 700-നും 900-നും ഇടയിലാണ് ജീവിച്ചിരുന്നത് എന്നാണ് മറ്റൊരു വാദം. ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ പറയുന്ന അമരസിംഹൻ തന്നെയാണ് ഇതെന്നും പറയപ്പെടുന്നു. എ.ഡി. 788-820 ആണ് ശങ്കരാചാര്യരുടെ ജീവിതകാലം. അങ്ങനെയെങ്കിൽ അമരസിംഹനും ഈ കാലത്ത് ജീവിച്ചയാളായിരിക്കണം. ബുദ്ധമതവിശ്വാസിയായിരുന്നു അമരസിംഹനെന്ന് തെളിയിക്കുന്ന വിവരങ്ങളും ലഭ്യമാണ്.

24. ബൗധായനൻ

ബൗധായനന്റെ ജീവിതകാലം ബി.സി 600 നും 500 നും ഇടയ്ക്കായിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്തെ പറ്റി കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. ബൗധായനൻ രചിച്ചതാണ് ബൗധായന ശൂൽബസൂത്രം. പൂജാ കർമ്മങ്ങൾക്കുള്ള യജ്ഞവേദികളുടെ അളവുകളും അവ നിർമ്മിക്കുവാനുള്ള രീതികളുമാണ് ശൂൽബസൂത്രത്തിൽ വിശദീകരിച്ചിരിക്കുന്നത്.

25. ശ്രീശങ്കരാചാര്യർ

ഇന്ത്യൻ തത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായ ശങ്കരൻ ആലുവയ്ക്കടുത്ത് കാലടിയിൽ ജനിച്ചു. ദൈവഭക്തിയുള്ള ഒരു ബ്രാഹ്മണകുടുംബാംഗമായ ഇദ്ദേഹം പിതാവിന്റെ മരണാന്തരം ഒരു സന്യാസിയായി. വ്യത്യസ്ത വിശ്വാസങ്ങൾ പുലർത്തുന്ന തത്വചിന്തകരുമായി സംവാദങ്ങളിൽ ഏർപ്പെട്ടുകൊണ്ട് ശങ്കരൻ ഇന്ത്യ മുഴുവൻ സഞ്ചരിച്ചതായി പറയപ്പെടുന്നു. മുന്നൂറിലധികം സംസ്കൃതഗ്രന്ഥങ്ങളുടെ രചയിതാവാണിദ്ദേഹം. വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാണ് ഇവയിൽ മിക്കവയും. വേദാന്ത തത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ഇദ്ദേഹം 'ആദിശങ്കരൻ' എന്ന പേരിലും അറിയപ്പെടുന്നു. നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ അടിത്തറപാകിയത് ഇദ്ദേഹമാണ്. ബാല്യത്തിൽതന്നെ സന്യാസം സ്വീകരിച്ച ശങ്കരന്റെ ഗുരുനാഥൻ ഗോവിന്ദാചാര്യരാണ്. കാശി സന്ദർശിച്ച് ബ്രഹ്മസൂത്രങ്ങൾ, ഉപനിഷത്തുക്കൾ, ഭഗവദ്ഗീത എന്നിവയ്ക്ക് ഭാഷ്യങ്ങൾ എഴുതി. അനേകം സ്തോത്രങ്ങളും ഉപദേശസാഹസ്രി തുടങ്ങിയ പ്രകരണഗ്രന്ഥങ്ങളും പല കൃതികൾക്കും വ്യാഖ്യാനങ്ങളും അദ്ദേഹം രചിച്ചതായി വിശ്വസിക്കപ്പെടുന്നു.

26. ബ്രഹ്മഗുപ്തൻ

'ഗണിതജ്ഞർക്കിടയിലെ രത്നം' എന്നു വിശേഷിപ്പിക്കപ്പെട്ട മഹാനായ ഭാരതീയ ജ്യോതിശാസ്ത്രജ്ഞനാണ് ബ്രഹ്മഗുപ്തൻ. ഭാസ്കരാചാര്യനാണ് ഈ വിശേഷണം നൽകിയത്. ആര്യഭട്ടന്റെ ഗ്രന്ഥങ്ങൾ പഠിച്ചുകൊണ്ടാണ് ബ്രഹ്മഗുപ്തൻ ഗണിതശാസ്ത്രരംഗത്ത് ചുവടുറപ്പിച്ചത്. പിന്നീട് സ്വന്തമായി പല കണ്ടുപിടിത്തങ്ങളും നടത്തി. ബ്രഹ്മഗുപ്തന്റെ ജീവചരിത്രം സംബന്ധിച്ച പൂർണമായ വിവരങ്ങൾ ലഭ്യമല്ല. എ.ഡി 598ൽ സിൻഡ് പ്രവിശ്യയിലുള്ള ദില്ലമാല എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചതായി കരുതപ്പെടുന്നു. ജിഷ്ണുഗുപ്തൻ എന്നായിരുന്നു അച്ഛന്റെ പേര്. ഉജ്ജയിനിയിലായിരുന്നു ബ്രഹ്മഗുപ്തന്റെ വിദ്യാഭ്യാസം. അതിനുശേഷം വ്യഗ്രമുഖരാജാവിന്റെ കൊട്ടാരത്തിൽ വാനനിരീക്ഷകനായി ജോലി ചെയ്യുകയും ചെയ്തു.

27. ഭാസ്കരൻ ഒന്നാമൻ

സൗരാഷ്ട്രൻ, അശ്മകൻ എന്നീ പേരുകളിലും അറിയപ്പെടുന്ന ഗണിതശാസ്ത്രജ്ഞനാണ് ഭാസ്കരൻ ഒന്നാമൻ. ഇദ്ദേഹം കേരളീയനാണെന്നും പറയപ്പെടുന്നു. ജനനസ്ഥലത്തെക്കുറിച്ചും ജീവിതത്തിലെ മറ്റു കാര്യങ്ങളെ സംബന്ധിച്ചും കൃത്യമായ രേഖകളൊന്നുമില്ല. ആറാം നൂറ്റാണ്ടിലാണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. ആര്യഭടന്റെ ആരാധകനായിരുന്നു ഭാസ്കരൻ ഒന്നാമൻ. ആര്യഭടീയത്തെ അടിസ്ഥാനമാക്കി അദ്ദേഹം ഒരു ഗ്രന്ഥം തയാറാക്കി. ആര്യഭടീയഭാഷ്യം എന്നാണ് അതിന്റെ പേര്. അതുവരെയുള്ള ഭാരതീയ ഗണിതചരിത്രം ഭാസ്കരൻ ഒന്നാമന്റെ ആര്യഭടീയഭാഷ്യത്തിൽ നിറഞ്ഞു നിൽക്കുന്നു.ആര്യഭടീയഭാഷ്യം കൂടാതെ ഭാസ്കരൻ ഒന്നാമന്റേതായി രണ്ട് പ്രധാന കൃതികൾ കൂടി ലഭിച്ചിട്ടുണ്ട്. മഹാഭാസ്കരീയം, ലഘുഭാസ്കരീയം എന്നിവയാണത്. ഭൂമി ഉരുണ്ടതാണെന്ന് പാശ്ചാത്യരേക്കാൾ മുമ്പ് ഭാസ്കരൻ ഒന്നാമൻ മനസിലാക്കിയിരുന്നു. ആകാശഗോളങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ആര്യഭടന്റെ തത്ത്വങ്ങളെ ഭാസ്കരൻ ഒന്നാമൻ വികസിപ്പിച്ചു.

28. ഭാസ്കരാചാര്യർ

1114ൽ, ഗോദാവരിനദിയുടെ തീരത്ത് വിജ്ജഡവിഡം എന്ന ഗ്രാമത്തിലാണ് ഭാസ്കരാചാര്യൻ (ഭാസ്കരൻ രണ്ടാമൻ) ജനിച്ചത്. കർണാടക സംസ്ഥാനത്താണ് ഈ സ്ഥലം. പണ്ഡിതനായിരുന്ന മഹേശ്വരനാണ് ഭാസ്കരന്റെ അച്ഛൻ. മഹേശ്വരൻ പുത്രനെ ചെറുപ്പത്തിലേ ഗണിതവിദ്യകൾ പഠിപ്പിച്ചു. മുപ്പത്താറാം വയസിൽ ഭാസ്കരാചാര്യൻ 'സിദ്ധാന്തശിരോമണി' എന്ന കൃതി രചിച്ചു. ഗണിതശാസ്ത്രത്തിലെയും ജ്യോതിശാസ്ത്രത്തിലെയും കഠിനമായ നിയമങ്ങൾ വ്യക്തവും ലളിതവുമാക്കുന്നതിൽ വിദഗ്ദനായിരുന്നു ഭാസ്കരാചാര്യൻ. പൂജ്യംകൊണ്ട് ഏതു സംഖ്യയെ ഹരിച്ചാലും അനന്തമാണ് ഫലമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ചിഹ്നസങ്കേതം, അറിയാത്ത സംഖ്യകളെ പ്രതിനിധാനം ചെയ്യാൻ അക്ഷരങ്ങൾ ഉപയോഗിക്കൽ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്. ഭൂമിയുടെ ഉപരിതലത്തിൽ ഭൂമിയുടെ സമീപത്തായി അറുപത്തിയാറ് കിലോമീറ്റർ കനത്തിൽ വായുമണ്ഡലം വ്യാപിച്ചിരിക്കുന്നു എന്ന് ഭാസ്കരാചാര്യൻ രേഖപ്പെടുത്തിയിരിക്കുന്നു. വായുമണ്ഡലങ്ങൾക്കു മുകളിൽ മേഘമണ്ഡലങ്ങളും അതിനും മുകളിൽ വിദ്യുന്മണ്ഡലങ്ങളും ഉള്ളതായി അദ്ദേഹം വിശ്വസിച്ചു. ഗ്രഹങ്ങളുടെ ചലനത്തെ സംബന്ധിച്ചും അദ്ദേഹത്തിനറിയാമായിരുന്നു.

29. മഹാവീരൻ

ജൈന ഗണിതശാസ്ത്രജ്ഞരിൽ ഏറ്റവും പ്രശസ്തനാണ് മഹാവീരൻ. എ.ഡി.ഒമ്പതാം നൂറ്റാണ്ടിൽ കർണാടകത്തിലാണ് ഇദ്ദേഹം ജീവിച്ചിരുന്നത്. അക്കാലത്ത് കർണാടകം ഭരിച്ചിരുന്നത് അമോഘവർഷനൃപതുംഗൻ എന്ന രാജാവായിരുന്നു. 'ഗണിതസാരസംഗ്രഹം' എന്ന പേരിൽ അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചു. ദക്ഷിണേന്ത്യയിൽ വൻ പ്രചാരം നേടിയ ഗ്രന്ഥമാണ് ഗണിതസാരസംഗ്രഹം. ഗണിതശാസ്ത്രത്തിന് മഹാവീരന്റെ സംഭാവനകൾ ഒട്ടേറെയുണ്ട്. ഏകം, ദശം, ശതം, സഹസ്രം, ദശസഹസ്രം, ലക്ഷം, ദശലക്ഷം, കോടി, ദശകോടി, ശതകോടി, അർബുദം, ന്യർബുദം, ഖർവം, മഹാഖർവം, പത്മം, മഹാപത്മം, ക്ഷോണി, മഹാക്ഷോണി, ശംഖം, മഹാശംഖം, ക്ഷിതി, മഹാക്ഷിതി, ക്ഷോഭം, മഹാക്ഷോഭം എന്നിങ്ങനെ 24 സ്ഥാനം വരെയുള്ള സംഖ്യകൾക്ക് മഹാവീരൻ പ്രത്യേക പേരുകൾ നിശ്ചയിച്ചു. ഭിന്നസംഖ്യകളുടെ ക്രിയകളിൽ ആദ്യമായി 'ല സാഗു' ഉപയോഗിച്ച ഭാരതീയ ഗണിതശാസ്ത്രജ്ഞൻ മഹാവീരനാണ്. നെഗറ്റീവ് സംഖ്യകൾ ഉപയോഗിച്ചുള്ള ഗണിതക്രിയകളും ഇദ്ദേഹം ചെയ്തിരുന്നു. ദീർഘവൃത്തത്തെക്കുറിച്ചു പഠനം നടത്തിയിട്ടുള്ള ആദ്യ ഭാരതീയഗണിതശാസ്ത്രജ്ഞൻ എന്ന ബഹുമതിയും മഹാവീരനു സ്വന്തമാണ്.

30. സംഗമഗ്രാമ മാധവൻ

ഇരിങ്ങാലക്കുടയ്ക്കടുത്ത് പണ്ടൊരിക്കൽ ഒരു ഗ്രാമമുണ്ടായിരുന്നു. സംഗമഗ്രാമം എന്ന് അതറിയപ്പെട്ടു. അവിടെ ജനിച്ചുവളർന്ന മഹാനായ ഗണിതശാസ്ത്രജ്ഞനാണ് മാധവൻ. പേരിനോടൊപ്പം ഗ്രാമത്തിന്റെ പേരുകൂടി ചേർത്ത് സംഗമഗ്രാമ മാധവൻ എന്ന് എല്ലാവരും അദ്ദേഹത്തെ വിളിച്ചു. സംഗമഗ്രാമ മാധവന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. 1350 നും 1600 നും ഇടയ്ക്ക് കേരളത്തിലാണ് സംഗമഗ്രാമ മാധവൻ ജനിച്ചത്. കേരളീയ ഗണിതശാസ്ത്രത്തിന്റെ സുവർണകാലമായും അക്കാലത്തെ വിശേഷിപ്പിക്കുന്നു. വേണ്വാരോഹണം, അഗരണം, ലഗ്നപ്രകരണം, മഹാജ്ഞാനയാഗപ്രകരണം, അഗണിത പഞ്ചാംഗം, ഗോളവാദം തുടങ്ങിയവ മാധവന്റെ പ്രധാന കൃതികളാണ്.

31. പരമേശ്വരൻ

ഭാരതപ്പുഴ സമുദ്രത്തിൽ ചേരുന്നതിനടുത്ത് അതിന്റെ വടക്കേ തീരത്താണ് വടശേരി ഇല്ലം. അവിടെയാണ് പ്രതിഭാശാലിയായ പരമേശ്വരൻ നമ്പൂതിരി ജനിച്ചു വളർന്നത്. ആര്യഭട്ടനു ശേഷം കേരളം കണ്ട ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി അദ്ദേഹം അറിയപ്പെടുന്നു. 1360നും 1455നും മധ്യേ കേരളത്തിലാണ് പരമേശ്വരൻ നമ്പൂതിരി ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ മാധവന്റെ ശിഷ്യനായിരുന്നു പരമേശ്വരൻ നമ്പൂതിരി. ദൃഗ്ഗണിതം, ഗോളദീപിക, ചന്ദ്രഛായ ഗണിതം, വാക്യകരണം, ഭടദീപിക, കർമദീപിക, പരമേശ്വരി എന്നിവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളാണ്. സമർഥരായ നിരവധി ശിഷ്യന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു.

32. നീലകണ്‌ഠ സോമയാജി

കേരളത്തിന്റെ ഗണിത ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് മഹത്തായ സംഭാവനകൾ നൽകിയ മറ്റൊരു ഗണിത പ്രതിഭയാണ് നീലകണ്ഠ സോമയാജി. തിരൂരിനടുത്ത് തൃക്കണ്ടിയൂരിൽ 1465ൽ നീലകണ്ഠ സോമയാജി ജനിച്ചു. പരമേശ്വരൻ നമ്പൂതിരിയുടെ മകൻ ദാമോദരന്റെ ശിഷ്യനാണ് താനെന്ന് അദ്ദേഹത്തിന്റെ ആര്യഭടീയഭാഷ്യം എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. തൃക്കണ്ടിയൂരൂകാരനും മലയാളഭാഷയുടെ പിതാവുമായ തുഞ്ചത്ത് എഴുത്തച്ഛൻ നീലകണ്ഠ സോമയാജിയുടെ ശിഷ്യനായിരുന്നെന്നും കരുതപ്പെടുന്നു. ഗണിത പണ്ഡിതനായ ഒരനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. ജാതദേവൻ എന്നായിരുന്നു അച്ഛന്റെ പേര്. വിജ്ഞാനഗ്രന്ഥങ്ങൾ ശേഖരിക്കുന്നതിനും പണ്ഡിതന്മാരെ കാണുന്നതിനും സോമയാജി കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും സഞ്ചരിച്ചു. വിജ്ഞാന ഗ്രന്ഥങ്ങളുടെ ലഭ്യമായ കൈയെഴുത്തു പ്രതികൾ മിക്കതും സംഘടിപ്പിച്ചു. തന്ത്രസംഗ്രഹം, സുന്ദരാജപ്രശ്നോത്തരം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്. ആര്യഭടീയത്തിന് അദ്ദേഹം ഗണിതപാദം എന്ന പേരിൽ വിശദീകരണവും എഴുതിയിട്ടുണ്ട്. 1545ൽ അന്തരിച്ചു.

33. നാരായണ പണ്ഡിതൻ

ഭാസ്കരാചാര്യനുശേഷം ഭാരതീയ ഗണിതശാസ്ത്രത്തിനുണ്ടായ വളർച്ചയിൽ മുഖ്യപങ്കുവഹിച്ചയാളാണ് നാരായണ പണ്ഡിതൻ. പതിനാലാം നൂറ്റാണ്ടിലാണ് നാരായണ പണ്ഡിതൻ ജീവിച്ചിരുന്നതെന്ന് കരുതുന്നു. ഇദ്ദേഹത്തിന്റെ അച്ഛന്റെ പേര് നൃസിംഹദൈവജ്ഞൻ എന്നായിരുന്നുവെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഭാരതത്തിൽ എവിടെയാണ് നാരായണ പണ്ഡിതൻ ജീവിച്ചിരുന്നതെന്ന കാര്യം കൃത്യമായി ആർക്കും അറിയില്ല. ഗണിതകൗമുദി, ബീജ ഗണിതാവതംസം എന്നീ പ്രശസ്ത കൃതികൾ രചിച്ചത് ഇദ്ദേഹമാണ്. 1356ലാണ് നാരായണ പണ്ഡിതൻ ഗണിതകൗമുദി രചിച്ചത്.

34. ശ്രീധരൻ

ഭാരതത്തിലെ പ്രസിദ്ധനായ ഒരു ഗണിത ശാസ്ത്രജ്ഞനാണ് ശ്രീധരൻ. ഗണിതശാസ്ത്രത്തിലെ ആചാര്യനായ ഭാസ്കരൻ രണ്ടാമനെപ്പോലും അദ്ഭുതപ്പെടുത്തിയ കണ്ടെത്തലുകൾ ശ്രീധരൻ നടത്തിയിട്ടുണ്ട്. എ.ഡി.1020 ലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതുന്നു. പാടീഗണിതം, ത്രിശതിക എന്നിവയാണ് ശ്രീധരന്റെ പ്രധാന കൃതികളായി കരുതപ്പെടുന്നത്. ഈ ഗ്രന്ഥങ്ങളുടെ കൈയ്യെഴുത്തുപ്രതികൾ പണ്ഡിതന്മാരുടെ ശേഖരങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പിന്നീട് ഈ പുസ്തകങ്ങൾ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. ശ്രീധരി ലീലാവതി അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു കൃതിയാണ്. സമവാക്യങ്ങൾ, ഭിന്നസംഖ്യകൾ, പൂജ്യം കൊണ്ടുള്ള വിദ്യകൾ തുടങ്ങിയവയെക്കുറിച്ചെല്ലാം അദ്ദേഹത്തിന്റെ കൃതികളിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് നൂറ്റാണ്ടുകൾക്കുശേഷം ഗണിതശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്.

ബുദ്ധ സാഹിത്യം

ബുദ്ധമതഗ്രന്ഥങ്ങൾ പാലി ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. അവയുടെ സമാഹാരത്തെ 'ത്രിപിടക'ങ്ങൾ എന്നു വിളിക്കുന്നു. ഇതിനു മൂന്നു ഭാഗങ്ങളുണ്ട്: വിനയപിടകം, സുത്തപിടകം, അഭിധമ്മപിടകം. ത്രിപിടകങ്ങളുടെ ആദ്യഭാഗമായ വിനയപിടകത്തിൽ അഞ്ചു പുസ്‌തകങ്ങളുണ്ട്. സന്യാസിമാർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങളും പെരുമാറ്റ ചട്ടങ്ങളുമാണ് ഇതിലുള്ളത്. സംഘത്തിലേക്ക് പുതിയതായി പ്രവേശനം തേടുന്നവർക്കുള്ള നിയമങ്ങളും ഇതിലുണ്ട്. ത്രിപിടകത്തിന്റെ രണ്ടാംഭാഗമായ സുത്തപിടകം ബുദ്ധന്റെ മതപ്രബോധനങ്ങളുടെ സമാഹാരമാണ്. 'നികയങ്ങൾ' എന്ന പേരിൽ അഞ്ചു സമാഹാരങ്ങളായി ഇതിനെ വിഭജിച്ചിട്ടുണ്ട്. ത്രിപിടകത്തിന്റെ മൂന്നാം ഭാഗമായ അഭിധമ്മപിടകത്തിൽ ബുദ്ധമതത്തിന്റെ പ്രമാണങ്ങൾ വിശദീകരിക്കുന്നു. ഇതിൽ എട്ടു പുസ്‌തകങ്ങളുണ്ട്. ബുദ്ധസാഹിത്യത്തിലെ ജാതക കഥകൾ ബോധിസത്വന്മാരുടെ ജീവചരിത്രം പ്രതിപാദിക്കുന്നു. ബുദ്ധന്റെ പൂർവ്വ ജന്മങ്ങളുടെ കഥയാണ് (ഓരോ ജനന കഥയും ജാതകം എന്നാണ് വിളിക്കപ്പെടുന്നത്) ഇതു പറയുന്നത്. പ്രാദേശിക ഭാഷകളായ പാലി, പ്രാകൃതം, അർദ്ധമാഗധി, തമിഴ് തുടങ്ങിയവയെ ബുദ്ധമതം പ്രോത്സാഹിപ്പിച്ചു. ത്രിപിടകങ്ങൾ, ജാതകകഥകൾ തുടങ്ങിയ മതഗ്രന്ഥങ്ങൾ പാലി ഭാഷയിലാണ് രചിക്കപ്പെട്ടത്. ദീപവംശം, മഹാവംശം എന്നീ ബൗദ്ധ ഗ്രന്ഥങ്ങളും എഴുതപ്പെട്ടിട്ടുള്ളതും പാലിയിലാണ്.

ജൈന സാഹിത്യം

ജൈന സാഹിത്യത്തിൽ മതപരവും മതേതരവുമായ കൃതികൾ ഉണ്ടായിരുന്നു. അർദ്ധമാഗധി, പ്രാകൃതം എന്നീ ഭാഷകളിലാണ് അവ രചിക്കപ്പെട്ടിരുന്നത്. രാജസ്ഥാനിലേയും ഗുജറാത്തിലേയും ജൈനക്ഷേത്രങ്ങളിൽ അവയുടെ കയ്യെഴുത്തുപ്രതികൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ജൈനരുടെ വിശുദ്ധഗ്രന്ഥം 'അഗമസിദ്ധാന്തം' എന്നറിയപ്പെടുന്നു. അവരുടെ മൗലിക ഗ്രന്ഥങ്ങളെ പൂർവങ്ങൾ എന്നു വിളിക്കുന്നു. അവ പതിനാലെണ്ണമുണ്ട്. പൂർവ്വങ്ങളെ 'അംഗങ്ങൾ' എന്നറിയപ്പെടുന്ന 12 ഭാഗങ്ങളായി ക്രമീകരിച്ചിട്ടുണ്ട്. പ്രാകൃത ഭാഷയിലാണ് അവ എഴുതപ്പെട്ടിട്ടുള്ളത്. ശ്വേതാംബരരും ദിഗംബരരും അവരുടെ സ്വന്തമായ സാഹിത്യരചനകൾ നടത്തിയിട്ടുണ്ട്. പ്രാകൃതഭാഷയിലാണ് ഈ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളത്. പിൽക്കാലത്ത് അവർ സംസ്കൃതത്തിലും ഗ്രന്ഥങ്ങളെഴുതി. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ പ്രദേശിക ഭാഷകളിലെ മതസാഹിത്യത്തിന് അവർ സംഭാവനകൾ നൽകിയിട്ടുണ്ട്. തമിഴിലെ മികച്ച കൃതികളിലൊന്നായ 'ജീവക ചിന്താമണി' ഒരു ജൈനൻ സംഭാവനയാണ്. ചില ജൈനഗ്രന്ഥങ്ങൾ സംസ്കൃതവും പ്രാകൃതവും തമ്മിലുള്ള ബന്ധഭാഷയായ അപഭ്രംശത്തിലും രചിക്കപ്പെട്ടിട്ടുണ്ട്.

ദ്രാവിഡ സാഹിത്യം

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, തുളു, കുടക്, കോട, ഗോണ്ടി തുടങ്ങിയ ഭാഷകൾ ദ്രാവിഡ ഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്നവയാണ്. ദ്രാവിഡ ഭാഷകളിലെ ഏറ്റവും പഴക്കമുള്ള സാഹിത്യം തമിഴിന്റേതാണ്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമുള്ള ശ്രേഷ്ഠഭാഷകളിൽ ഒന്നാണ് തമിഴ്. ഏകദേശം 2300 വർഷത്തെ പഴക്കമുണ്ട് തമിഴിലെ ആദ്യകാല സാഹിത്യമായ സംഘസാഹിത്യത്തിന്.

സംഘസാഹിത്യം

ഇറൈനാർ അകപ്പൊരുളാണ് സംഘം കൃതികളെക്കുറിച്ച് പറയുന്ന പ്രധാനപ്പെട്ട ഒരു കൃതി. എ.ഡി എട്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട സംഘസാഹിത്യ വ്യാഖ്യാനമാണത്. ഈ വ്യാഖ്യാനമനുസരിച്ച് പഴയകാല തമിഴ് കൃതികളെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കാം : പത്തുപ്പാട്ട്, എട്ടുത്തൊകൈ, പതിനെൺ കീഴ്ക്കണക്ക്. ഇവയിൽ ഏറ്റവും പ്രാചീനമായത് തൊൽക്കാപ്പിയം എന്ന വ്യാകരണഗ്രന്ഥമാണ്. സംഘം കൃതികളിൽ ഏറ്റവും പുതിയവ രണ്ട് ഇതിഹാസങ്ങളാണ് - ചിലപ്പതികാരവും മണിമേഖലയും. ആദ്യകാലത്തെ എട്ട് തമിഴ് സാഹിത്യകൃതികളെ മൊത്തത്തിൽ പറയുന്ന പേരാണ് എട്ടുത്തൊകൈ എന്നത്. നറ്റിണൈ, കുറുന്തൊകൈ, ഐങ്കറുനൂറ്, പതിറ്റുപത്ത്, പരിപാടൽ, കലിത്തൊകൈ, അകനാനൂറ്, പുറനാനൂറ് എന്നിവയാണ് ഈ എട്ടു കൃതികൾ. പത്തുപാട്ട് പത്ത് ദീർഘ കവിതകളുടെ സമാഹാരമാണ്. തിരുമുരുകാറ്റുപ്പടൈ, പൊരുനാരാറ്റുപ്പടൈ, ചിരുപാണാറ്റുപ്പടൈ, പെരുമ്പോണാറ്റുപ്പടൈ, മുല്ലൈപ്പാട്ട്, കുറിഞ്ഞിപ്പാട്ട്, മതുരൈക്കാഞ്ചി, നെടുനൽവാടൈ, പട്ടിനിപ്പാലൈ, മലൈപാടുകടാഅം തുടങ്ങിയവയാണിവ. കാല്പനിക ഭാവവും വീരവർണ്ണനകളുമാണ് ഇവയിലെ പ്രധാന പ്രതിപാദ്യം. അതോടൊപ്പം പ്രകൃതി വർണ്ണനകളും ജനജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങളും ലഭിക്കുന്നു. പൊതുവിൽ സംഘം കൃതികളെ 'അകം' 'പുറം' എന്ന് രണ്ടായി തിരിക്കുന്നു. പുറംപാട്ടുകൾ രാജാക്കന്മാരുടെ വ്യക്തിഗത നേട്ടങ്ങളുടെയും അവർ നടത്തുന്ന യുദ്ധങ്ങളുടെയും വർണ്ണനകളാണ്. അകംപാട്ടുകൾ പ്രണയം, കുടുംബജീവിതം തുടങ്ങിയ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. 18 കൃതികളടങ്ങുന്നതാണ് പതിനെൺകീഴ്ക്കണക്ക്. ഇവയിലേറ്റവും പ്രധാനപ്പെട്ടത് തിരുവള്ളുവർ രചിച്ച തിരുക്കുറൾ ആണ്. സാർവ്വലൗകിക സത്യങ്ങളാണ് തിരുക്കുറളിലെ പ്രതിപാദ്യം. തമിഴ് സാഹിത്യത്തിലെ അനശ്വരകൃതിയായി അത് ഗണിക്കപ്പെടുന്നു. കാവ്യരൂപത്തിലാണ് സംഘം കൃതികൾ രചിക്കപ്പെട്ടിരിക്കുന്നത്. ചില കവിതകളോടൊപ്പം അവയുടെ വ്യാഖ്യാനവും കാണാവുന്നതാണ്. ഈ കൃതികളെല്ലാം തന്നെ തമിഴ് ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. പല കവിതകളിലും കന്നുകാലികളെ അപഹരിക്കുന്നതും കൊള്ളചെയ്യുന്നതുമാണ് വർണ്ണിച്ചിരിക്കുന്നത്. പാരിസ്ഥിതിക ബോധത്തെയും പരിസര ധാരണകളെയും വ്യക്തമാക്കുന്നവയുമാണിവ. തെക്കേ ഇന്ത്യയുടെ പ്രാചീന ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകുന്നവയാണ് സംഘം കൃതികൾ.

ഗുപ്‌ത സാഹിത്യം

ഗുപ്തകാലഘട്ടം സാഹിത്യരംഗത്ത് ഉജ്ജ്വലമായ പുരോഗതി കൈവരിച്ചു. സംസ്കൃത സാഹിത്യത്തിന്റെ സുവർണ്ണ കാലമായിരുന്നു അത്. ഒപ്പം പ്രാദേശിക ഭാഷകളും പുരോഗതി നേടി. പാലി, പ്രാകൃതം, തമിഴ്, ബംഗാളി തുടങ്ങിയ ബഹുജന ഭാഷകൾ ഇക്കാലത്ത് ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി. സാഹിത്യരംഗത്തെ ഈ കുതിപ്പിനു കാരണം ഗുപ്‌തരാജാക്കന്മാരുടെ പ്രോത്സാഹനമായിരുന്നു. 'നവരത്നങ്ങൾ' എന്ന പേരിലറിയപ്പെട്ട ഒമ്പതു മഹാകവികൾ ചന്ദ്രഗുപ്‌ത വിക്രമാദിത്യന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു. ഇവരിൽ ഏറ്റവും സമുന്നതമായ സ്ഥാനം കാളിദാസനാണ്. അദ്ദേഹം രചിച്ച 'അഭിജ്ഞാനശാകുന്തളം' ലോകത്തിലെ മഹത്തരങ്ങളായ നൂറു സാഹിത്യകൃതികളിൽ ഒന്നാണ്. യൂറോപ്യൻ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട ആദ്യത്തെ കൃതികളിലൊന്നാണ് ശാകുന്തളം. അദ്ദേഹത്തിന്റെ 'മാളവികാഗ്നിമിത്രം', 'വിക്രമോർവ്വശീയം' എന്നീ നാടകങ്ങൾ ഉയർന്ന സാഹിത്യമേന്മയുള്ളവയാണ്. 'കുമാരസംഭവം', 'രഘുവംശം' എന്നീ ഇതിഹാസ കാവ്യങ്ങളും 'ഋതുസംഹാരം', 'മേഘസന്ദേശം' എന്നീ കാവ്യങ്ങളും കാളിദാസൻ രചിക്കുകയുണ്ടായി. കലാഭംഗിയും സാഹിത്യമൂല്യവും ഒത്തൊരുമിച്ച ഈ കൃതികൾ ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടുന്നു.

ഗുപ്ത‌കാലത്തെ മറ്റൊരു പ്രമുഖ കവിയും നാടകകൃത്തുമായിരുന്നു വിശാഖദത്തൻ. അദ്ദേഹം എഴുതിയ ചരിത്രനാടകമായ 'മുദ്രാരാക്ഷസം' ചന്ദ്രഗുപ്‌തമൗര്യന്റെ ചരിത്രം അനാവരണം ചെയ്യുന്നു. അദ്ദേഹത്തിന്റെ മറ്റൊരു നാടകമായ 'ദേവീചന്ദ്രഗുപ്‌തം' ചന്ദ്രഗുപ്‌തവിക്രമാദിത്യനും ശകന്മാരും തമ്മിലുള്ള യുദ്ധവും അദ്ദേഹം ശകന്മാരുടെമേൽ നേടിയ വിജയവുമാണ് ചിത്രീകരിക്കുന്നത്. ഭാരവിയുടെ 'കിരാതാർജ്ജുനീയം', ശുദ്രകന്റെ 'മൃച്ഛകടികം' ഭട്ടിയുടെ 'രാവണവധം', ദണ്ഡിൻ എഴുതിയ 'കാവ്യദർശനം', 'ദശകുമാരചരിതം' തുടങ്ങിയവ ഗുപ്‌തകാലഘട്ടത്തിലെ പ്രസിദ്ധമായ ഗ്രന്ഥങ്ങളാണ്. ഭാസന്റെ 13 നാടകങ്ങൾ ഈ കാലഘട്ടത്തിലേതാണ്. ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും പൂർത്തിയാക്കപ്പെട്ടത് ഗുപ്തന്മാരുടെ കാലത്താണെന്ന് കരുതപ്പെടുന്നു. യാജ്ഞവൽക്യൻ, നാരദൻ, കാത്യായനൻ, ബൃഹസ്‌പതി എന്നിവരുടെ സ്മൃ‌തികളും ഇക്കാലത്ത് രചിക്കപ്പെട്ടു. ആദ്യകാല പുരാണങ്ങൾ എഴുതപ്പെട്ടതും ഗുപ്‌തകാലത്താണ്.

സമുദ്രഗുപ്‌തന്റെ മന്ത്രിയും കവിയുമായിരുന്ന ഹരിസേനൻ ഇക്കാലത്തെ മറ്റൊരു പ്രതിഭാശാലിയായിരുന്നു. 'പഞ്ചതന്ത്രകഥകൾ' ഗുപ്‌തകാലത്ത് എഴുതപ്പെട്ടവയാണ്. 'അമരകോശം' എന്ന നിഘണ്ടുവിന്റെ രചയിതാവായ അമരസിംഹൻ ജീവിച്ചിരുന്നതും ഗുപ്‌തകാലത്തുതന്നെയാണ്. അനേകം ശാസ്ത്ര-വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും ഗുപ്‌തകാലത്ത് രചിക്കപ്പെട്ടു. സുപ്രസിദ്ധ പണ്ഡിതനായ ആര്യഭട്ടൻ തന്റെ വിശിഷ്‌ട കൃതിയായ 'ആര്യഭടീയം' രചിച്ച് ജ്യോതിശാസ്ത്രത്തെയും ഗണിതശാസ്ത്രത്തെയും പരിപോഷിപ്പിച്ചു. 'പഞ്ചസിദ്ധാന്തിക', 'ബൃഹത്സംഹിത', 'ബൃഹദ്ജാതകം', 'ലഘുജാതകം' എന്നീ ഗ്രന്ഥങ്ങളുടെ കർത്താവും ജ്യോതിശാസ്ത്ര പണ്ഡിതനുമായ വരാഹമിഹിരനും ഇക്കാലത്താണ് ജീവിച്ചിരുന്നത്. ശാസ്ത്രസാഹിത്യത്തിൽ സംഭാവന നൽകിയ മറ്റൊരു ജ്യോതിശാസ്ത്രജ്ഞനാണ് ബ്രഹ്മഗുപ്‌തൻ. വാഗ്‌ഭടന്റെ 'അഷ്‌ടാംഗഹൃദയ'വും ധന്വന്തരിയുടെ ആയുർവ്വേദ ഗ്രന്ഥങ്ങളും വൈദ്യശാസ്ത്രത്തെ സമ്പുഷ്ടമാക്കിയ കൃതികളാണ്.

ഗുപ്തകാലത്തെ ഗ്രന്ഥകർത്താക്കൾ (കൃതികൾ)

1. വിശാഖദത്തൻ - മുദ്രാരാക്ഷസം, . ദേവീചന്ദ്രഗുപ്‌തം

2. ഭാരവി - കിരാതാർജ്ജുനീയം

3. ശൂദ്രകൻ - മൃച്ഛകടികം

4. ഭട്ടി - രാവണവധം

5. ദണ്ഡിൻ - കാവ്യദർശനം, ദശകുമാരചരിതം

6. ആര്യഭട്ടൻ - ആര്യഭടീയം

7. വരാഹമിഹിരൻ - പഞ്ചസിദ്ധാന്തിക, ബൃഹത്ജാതകം, ബൃഹദ്‌സംഹിത, ലഘുജാതകം

8. വാഗ്ഭടൻ - അഷ്‌ടാംഗഹൃദയം

9. കാളിദാസൻ - അഭിജ്ഞാനശാകുന്തളം, മാളവികാഗ്നിമിത്രം, വിക്രമോർവ്വശീയം, കുമാരസംഭവം, രഘുവംശം, ഋതുസംഹാരം, മേഘസന്ദേശം

മധ്യകാല സാഹിത്യം

പേർഷ്യൻ സാഹിത്യം

മുസ്ലിങ്ങളുടെ ഇന്ത്യൻ അക്രമണത്തോടെ ഇന്ത്യയുടെ ചരിത്രരചനാ ശാസ്ത്രത്തിൽ പുതിയൊരു പാരമ്പര്യം ഉടലെടുത്തു. മുസ്ലിങ്ങൾക്ക് ഉന്നതമായ ചരിത്രബോധമുണ്ടായിരുന്നു. പ്രവാചകന്റെ കാലം മുതൽ ഇസ്ലാം മതത്തെപ്പറ്റി അവർ ഗ്രന്ഥങ്ങൾ രചിക്കാൻ തുടങ്ങിയിരുന്നു. അറബിക് ഭാഷയിലാണ് ഈ ഗ്രന്ഥങ്ങൾ എഴുതപ്പെട്ടത്. എന്നാൽ പത്താം നൂറ്റാണ്ടിനുശേഷം അറബിക് ഭാഷയുടെ സ്ഥാനം പേർഷ്യൻ ഭാഷ കയ്യടക്കി. മുസ്ലിങ്ങൾ ഇന്ത്യയിലേക്കു വന്നപ്പോൾ പേർഷ്യൻ സാഹിത്യവും കൊണ്ടുവന്നു. ഇതോടെ ചരിത്ര ഗ്രന്ഥങ്ങളുടെ എണ്ണത്തിലും ഗുണമേന്മയിലും അസാധാരണമായ വർദ്ധനവുണ്ടായി. അൽ-ബിറൂനി, അമീർ ഖുസ്‌റോ, സിയാവുദ്ദീൻ ബറാനി, ഇബ്നു-ബത്തൂത്ത, അബുൾ ഫസൽ എന്നിവരാണ് അറബ് - പേർഷ്യൻ പാരമ്പര്യത്തിന് അടിത്തറ പാകിയ പ്രമുഖർ. പേർഷ്യൻ ഭാഷ മുഗൾ കാലഘട്ടത്തിൽ പുരോഗതി കൈവരിച്ചിരുന്നു. പേർഷ്യൻ ഗദ്യവും പദ്യവും അതിന്റെ പരമോന്നതിയിലെത്തിയത് അക്ബറുടെ ഭരണകാലത്താണ്. മഹാനായ പണ്ഡിതനും പ്രശസ്തനായ ചരിത്രകാരനുമായിരുന്ന അബുൾ ഫസൽ ഗദ്യരചനയിൽ ഒരു പുത്തൻ ശൈലി ആവിഷ്കരിച്ചു. പേർഷ്യൻ - അറബ് രചനാ പാരമ്പര്യം സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ നവീന ശൈലി അനേകം തലമുറകൾ പിന്തുടരുകയുണ്ടായി.

ഉറുദു സാഹിത്യം

കച്ചവടം, മതപഠനം എന്നിവയ്ക്കുവേണ്ടി ഉപയോഗിക്കപ്പെട്ട ഉർദു പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടിയാണ് ഒരു ഭാഷയായി വളർന്നത്. ക്രമേണ ഗുജറാത്ത്, ഡെക്കാൻ മേഖലകളിൽ ഉർദു സാഹിത്യം വികസിക്കാൻ തുടങ്ങി. 'മസ്നവി' എന്നു പേരുള്ള നീണ്ട കാവ്യങ്ങളായിരുന്നു ആദ്യകാല ഉർദു സാഹിത്യകൃതികൾ. മുഗളന്മാർ ഉർദു സാഹിത്യത്തിന് വലിയ പ്രോത്സാഹനം നൽകി. 'ഗസൽ' എന്ന പേരിൽ പ്രസിദ്ധമായ ഗാനങ്ങൾ ഉർദു സാഹിത്യത്തിന്റെ ഭാഗമായി പുറത്തുവന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം രൂപംകൊണ്ട 'അലിഗഡ് പ്രസ്ഥാന'ത്തിന്റെ വരവോടെയാണ് ഉർദു സാഹിത്യത്തിന് ഉണർവ് ലഭിക്കുന്നത്. സർ സയ്യിദ് അഹമ്മദ് ഖാനായിരുന്നു ഈ സാഹിത്യപ്രസ്ഥാനത്തിന്റെ മുഖ്യ ശില്പി. ഉർദുവിന്റെ നവോത്ഥാന കാലഘട്ടമായിരുന്നു ഇത്. ഉർദുവിൽ ഗദ്യസാഹിത്യവും ഇക്കാലത്ത് വളർന്നുതുടങ്ങി. ഉർദു സാഹിത്യത്തിലെ ഏറ്റവും വലിയ എഴുത്തുകാരനാണ് 'സാരേ ജഹാൻസെ അച്ഛാ' എന്ന ഗാനം രചിച്ച മുഹമ്മദ് ഇഖ്ബാൽ. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ഉർദു സാഹിത്യത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം നീണ്ടുനിന്നു. ഹിന്ദിയിലും ഉർദുവിലും ഒരുപോലെ എഴുതിയിരുന്ന പ്രേംചന്ദ്, പിന്നീടു വന്ന ഖുർറത്തുൽ ഐൻ ഹൈദർ, അലി സർദാർ ജഫ്രി തുടങ്ങിയവരൊക്കെ പ്രശസ്തരായ ഉർദു എഴുത്തുകാരാണ്. ഖുർറത്തുൽ ഐൻ ഹൈദർ, അലി സർദാർ ജഫ്രി എന്നിവർ ജ്ഞാനപീഠം നേടിയ എഴുത്തുകാരാണ്.

ഹിന്ദി സാഹിത്യം

ഹിന്ദി ഭാഷയ്ക്കും സാഹിത്യത്തിനും വലിയ സംഭാവനകൾ നൽകിയവരാണ് ഭക്തകവികൾ. കബീറായിരുന്നു ഭക്തിപ്രസ്ഥാനത്തിലെ ഏറ്റവും പ്രശസ്തനായ കവി. എഴുതാനും വായിക്കാനും അറിയില്ലായിരുന്നുവെങ്കിലും അദ്ദേഹം മികച്ച കവിതകൾ ചൊല്ലി, ശിഷ്യർ അവ എഴുതിയെടുത്തു. തുളസീദാസ്, സൂർദാസ്, മീരാബായി എന്നിവരാണ് ഭക്തി പ്രസ്ഥാനത്തിലെ മറ്റു പ്രമുഖർ. കൃഷ്ണഭക്തരായിരുന്നു സൂർദാസും മീരാബായിയും. ഇവരുടെ കവിതകളിലെ പ്രധാന വിഷയവും കൃഷ്ണഭക്തി തന്നെ. തുളസീദാസിന്റെ 'രാമചരിതമാനസം' പ്രശസ്തമാണ്. പതിനാലാം നൂറ്റാണ്ടിലെ സൂഫി കവി ആമിർ ഖുസ്രു, പതിനഞ്ചാം നൂറ്റാണ്ടിലെ വിദ്യാപതി തുടങ്ങി ഒട്ടേറെ പ്രതിഭാധനന്മാരിലൂടെയാണ് ഹിന്ദി സാഹിത്യം വളർച്ച നേടിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ഹിന്ദി സാഹിത്യത്തിന്റെ ആധുനികകാലം തുടങ്ങി. ആധുനിക ഹിന്ദി സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഭാരതേന്ദു ഹരിശ്ചന്ദ്രയാണ്.

ആധുനിക സാഹിത്യം

ബംഗാളി സാഹിത്യം

പതിനൊന്നാം നൂറ്റാണ്ടിൽ എഴുതിയതെന്ന് കരുതുന്ന ചര്യാപദ എന്ന ഗ്രന്ഥത്തെയാണ് ബംഗാളി സാഹിത്യത്തിലെ ആദ്യ കൃതിയായി പലരും കണക്കാക്കുന്നത്. അതിനു ശേഷമുള്ള ബംഗാളി സാഹിത്യത്തെ മധ്യകാല ബംഗാളി സാഹിത്യമെന്നും ആധുനിക ബംഗാളിസാഹിത്യമെന്നും വിളിക്കാം. ജയദേവകവികളുടെ 'ഗീതാഗോവിന്ദം', വിദ്യാപതി എഴുതിയ 'മൈഥിലി ഗാനങ്ങൾ' എന്നിവയൊക്കെ ബംഗാളി എഴുത്തിനെ ഏറെ സ്വാധീനിച്ച കൃതികളാണ്. മധ്യ ബംഗാളി സാഹിത്യത്തിൽ ഏറ്റവും പ്രസിദ്ധനായിരുന്നു ചൈതന്യൻ എന്ന കവി. സാഹിത്യത്തെ വളർത്തുന്ന മഹത്തായ സംഭാവനകൾ അദ്ദേഹം നൽകി.

പത്തൊൻപതാം നൂറ്റാണ്ട് മുതലാണ് ആധുനിക ബംഗാളി സാഹിത്യം വികസിച്ചുതുടങ്ങിയത്. ബ്രിട്ടീഷ് ഭരണാധികാരികളുടെ പ്രോത്സാഹനത്തോടെ ഫോർട്ട് വില്യം കോളേജ് ബംഗാളി ഗദ്യ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇതിനായി പ്രശസ്ത ബംഗാളി പണ്ഡിതരെ നിയോഗിക്കുകയും ചെയ്തു. പിന്നീട്, റാം മോഹൻ റോയിയെപ്പോലുള്ള സാമൂഹ്യ പരിഷ്കർത്താക്കളും ബങ്കിം ചന്ദ്ര ചാറ്റർജി, മധുസൂദൻ ദത്ത, രബീന്ദ്രനാഥ ടാഗോർ, ശരത്ചന്ദ്ര ചാറ്റർജി തുടങ്ങിയ എഴുത്തുകാരും ബംഗാളി സാഹിത്യത്തെ ഒന്നാം സ്ഥാനത്തെത്തിച്ചു. രബീന്ദ്രനാഥ ടാഗോറിന് നൊബേൽ സമ്മാനം കിട്ടിയതോടെയാണ് ബംഗാളി സാഹിത്യത്തിന്റെ സുവർണകാലം ആരംഭിക്കുന്നത്. അതോടെ ബംഗാളി സാഹിത്യം ലോകശ്രദ്ധയിലെത്തി. ബംഗാളി കൃതികൾ വിവിധ ഇന്ത്യൻ ഭാഷകളിലേക്കും ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടു. താരാശങ്കർ ബാനർജി, ആർസി ദത്ത, പ്രേമേന്ദ്ര മിത്ര തുടങ്ങി പല ബംഗാളി എഴുത്തുകാരും ഇന്ന് ലോകപ്രശസ്തരാണ്.

അസമീസ് സാഹിത്യം

സമ്പന്നമായ സാഹിത്യമാണ് അസമീസ് ഭാഷയുടേത്. ആദ്യകാല സാഹിത്യം, മധ്യകാല സാഹിത്യം, ആധുനിക സാഹിത്യം എന്നിങ്ങനെ മൂന്നു വളർച്ചാ ഘട്ടങ്ങളായി അസമീസ് സാഹിത്യത്തെ തിരിക്കാറുണ്ട്. 14 - 16 നൂറ്റാണ്ടുകളിലുണ്ടായ സാഹിത്യകൃതികളാണ് ആദ്യകാല സാഹിത്യത്തിൽ പെടുന്നത്. ഹേമസരസ്വതി എഴുതിയ 'പ്രഹ്ളാദ ചരിത'മാണ് പതിനാലാം നൂറ്റാണ്ടിൽ അസമീസ് ഭാഷയിലുണ്ടായ ഒരു പ്രധാന കാവ്യം. ഇക്കാലത്ത് മിക്ക കാവ്യങ്ങളുടെയും പ്രധാനവിഷയം രാമായണ കഥകളും മഹാഭാരത കഥകളുമായിരുന്നു. ശങ്കരദേവൻ, മാധവദേവൻ എന്നീ പ്രശസ്ത കവികളുടെ കൃതികളെല്ലാം ഈ വിഭാഗത്തിൽ പെടുന്നു.

17 - 18 നൂറ്റാണ്ടുകളിലെ കൃതികളാണ് മധ്യകാല സാഹിത്യത്തിൽ വരുന്നത്. ഇക്കാലത്ത് ധാരാളം സംസ്കൃത കാവ്യങ്ങളും നാടകങ്ങളും അസമീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഇത് അസമീസ് സാഹിത്യത്തെ സമ്പന്നമാക്കി. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ആധുനിക അസമീസ് സാഹിത്യത്തിന്റെ വളർച്ച തുടങ്ങി. ഗദ്യവും പദ്യവും ഇക്കാലത്ത് ഒരുപോലെ പുരോഗമിച്ചു. ഹേംബറുവാ, നവകാന്ത ബറുവാ, നിലമണി ഫുക്കൻ, അബ്ദുൽ മല്ലിക്, അതുൽ ചന്ദ്ര ഹസാരിക തുടങ്ങിയവർ ആധുനിക അസമീസ് സാഹിത്യത്തിലെ ശ്രദ്ധേയരായ എഴുത്തുകാരാണ്.

ഒഡിയ സാഹിത്യം

ഇന്ത്യയിലെ മികച്ച സാഹിത്യകൃതികൾ പിറക്കുന്ന ഒരു ഭാഷയാണ് ഒഡിയ. 14 - 15 നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ട സരളാദാസിന്റെ 'മഹാഭാരതം' ഒഡിയയിലെ ആദ്യ കൃതിയാണ് എന്ന് കരുതപ്പെടുന്നു. മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഒഡിയ സാഹിത്യത്തിന്റെ വളർച്ച. എ.ഡി 1500 വരെയുള്ള കാലമാണ് ആദ്യത്തേത്. 1500 മുതൽ 1800 വരെയുള്ള മധ്യഘട്ടവും 1800 ന് ശേഷമുള്ള ആധുനിക ഘട്ടവുമാണ് പിന്നീടുള്ളവ. ബുദ്ധ-ശൈവ മതങ്ങൾ പ്രചരിച്ചതോടെ ഒഡീഷയിൽ സാഹിത്യം വളർന്നു തുടങ്ങി. മറ്റു മിക്ക ഭാരതീയ ഭാഷകളിലും പദ്യസാഹിത്യമാണ് ആദ്യം പുരോഗമിച്ചതെങ്കിലും ഒഡിയ ഭാഷയിൽ ഗദ്യം ആദ്യകാലത്തുതന്നെ വളർന്നു തുടങ്ങിയിരുന്നു. ഒഡിയ ഭാഷയിൽ പതിനാലാം നൂറ്റാണ്ടിൽ ഗദ്യരൂപത്തിൽ എഴുതപ്പെട്ട കൃതിയാണ് അവധൂത നാരായണസ്വാമിയുടെ 'രുദ്രസുധാനിധി'. മഹാഭാരതവും രാമായണവുമൊക്കെ കഥകളായും കാവ്യങ്ങളായും ഒഡിയയിൽ എഴുതപ്പെട്ടു. മലയാളത്തിലെ കവിത്രയം പോലെ ആധുനിക ഒഡിയ സാഹിത്യത്തിലും ത്രിമൂർത്തികൾ ഉണ്ടായിരുന്നു. ഫക്കീർ മോഹൻ സേനാപതി, രാധാനാഥ് റായി, മധുസൂദൻ റാവു എന്നിവരായിരുന്നു അവർ. ഒഡിയ നോവൽ പ്രസ്ഥാനത്തിന് തുടക്കമിട്ടയാളാണ് ഫക്കീർ മോഹൻ സേനാപതി. കാളിന്ദീചരൺ പാണിഗ്രഹി, ഗോപിനാഥ മൊഹന്തി, സീതാകാന്ത് മഹാപാത്ര തുടങ്ങിയവർ പ്രശസ്തരായ ഒഡിയൻ സാഹിത്യകാരൻമാരാണ്.

ഗുജറാത്തി സാഹിത്യം

ആദിഘട്ടം, മധ്യഘട്ടം, ആധുനിക ഘട്ടം എന്നിങ്ങനെ മൂന്ന് കാലങ്ങളിലൂടെയായിരുന്നു ഗുജറാത്തി സാഹിത്യത്തിന്റെ വളർച്ച. ആദ്യകാല കൃതികളെല്ലാം ജൈനമതക്കാരുടെ വകയായിരുന്നു. മുസ്‌ലിംകളും പാഴ്സികളും മധ്യഘട്ടത്തിൽ ഗുജറാത്തി സാഹിത്യത്തെ വളർത്തി. ഹിന്ദു മതത്തിന്റെ ഭാഗമായി ഭക്തിസാഹിത്യവും ഇക്കാലത്ത് ഉടലെടുത്തു. 15 - 16 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന നരസിംഹ മേത്തയും മീരാബായിയും ആയിരുന്നു ഈ വിഭാഗത്തിലെ പ്രമുഖർ. 17 - 18 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന അഖാ ഭഗത്, പ്രേമാനന്ദ ഭട്ട്, ശ്യാമൾ ഭട്ട് എന്ന കവികളുടെ കാലത്താണ് ഗുജറാത്തി സാഹിത്യം ആധുനിക ഘട്ടത്തിലേക്ക് മാറിയത്. പേർഷ്യൻ സാഹിത്യവും ഇംഗ്ലീഷ് സാഹിത്യവും ഇക്കാലത്ത് ഗുജറാത്തിഭാഷയുടെ വളർച്ചയെ സ്വാധീനിച്ചു. കെ.എം.മുൻഷി, ഉമാശങ്കർ ജോഷി, ചന്ദ്രവദൻ മേത്ത, ഗുലാബ്ദാസ് ബ്രോക്കർ, കാക്കാ കലേൽക്കർ തുടങ്ങിയവർ ആധുനിക ഗുജറാത്തി സാഹിത്യത്തെ ലോകനിലവാരത്തിലേക്ക് വളർത്തിയവരാണ്.

സിന്ധി സാഹിത്യം

സിന്ധി സാഹിത്യത്തെ കുറിച്ച് മറ്റു ഭാഷക്കാർ അറിയുന്നത് പതിനേഴാം നൂറ്റാണ്ടിലെ സൂഫി കവിയായ ഷാ അബ്ദുൾ ലത്തീഫിന്റെ കൃതികളിലൂടെയാണ്. സൂഫി കവിതകളിലൂടെയും അദ്വൈത വേദാന്ത കവിതകളിലൂടെയുമാണ് സിന്ധി സാഹിത്യം വികസിച്ചത്. 19 - 20 നൂറ്റാണ്ടുകളിൽ പാകിസ്ഥാനിലും ഇന്ത്യയിലും രണ്ട് രീതിയിലായിരുന്നു ഈ വളർച്ച. പാകിസ്ഥാനിൽ പേർഷ്യൻ ഭാഷയുടെ വഴിയിലൂടെയാണ് സിന്ധി എഴുത്തുകാർ പോയത്. ഇന്ത്യയിൽ ഹിന്ദി സാഹിത്യത്തിന്റെ രീതികളാണ് സിന്ധി രചയിതാക്കൾ മാതൃകയാക്കിയത്.

കാശ്മീരി സാഹിത്യം

ഏകദേശം 750 വർഷത്തെ പഴക്കമുണ്ട് കശ്മീരി സാഹിത്യത്തിന്. സംസ്കൃത, പേർഷ്യൻ സാഹിത്യങ്ങൾ കശ്മീരി സാഹിത്യത്തെ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെയാണ് ശൈവ സാഹിത്യവും സൂഫി സാഹിത്യവും കശ്മീരിയിൽ കടന്നുവന്നത്. പാട്ടുകൾക്ക് കശ്മീരിലുള്ള വൻപ്രചാരം മൂലം കശ്മീരികൾ 'പാടുന്ന ജനത' എന്നറിയപ്പെടുന്നു! പതിനഞ്ചാം നൂറ്റാണ്ടിൽ സൈൻ-ഉൽ അബിദിൻ എന്ന കശ്മീരി രാജാവിന്റെ കാലത്ത് കലകളും സാഹിത്യവും ഏറെ പുരോഗമിച്ചു. ആധുനിക കശ്മീരി സാഹിത്യത്തിൽ വിദേശ ഭാഷകളുടെയും സാഹിത്യത്തിന്റെയും സ്വാധീനമുണ്ട്. പണ്ഡിറ്റ് നന്ദാറാം, 'മാസ്റ്റർജി' എന്നറിയപ്പെടുന്ന സിൻഡ കൗൾ തുടങ്ങിയവർ കശ്മീരിലെ പ്രശസ്ത സാഹിത്യകാരന്മാരാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ പ്രകാശ് റാം ഭട്ട് എഴുതിയ കശ്മീരി രാമായണം പ്രസിദ്ധമാണ്.

പഞ്ചാബി സാഹിത്യം

ഇന്ത്യയിലെ മറ്റ് പല പ്രാദേശിക ഭാഷകളെക്കാളും മുൻപ് സാഹിത്യകൃതികൾ പിറന്ന ഭാഷയാണ് പഞ്ചാബി. എങ്കിലും ഗുരുനാനാക്കിന്റെ കാലഘട്ടമാണ് പഞ്ചാബി സാഹിത്യത്തിന്റെ സുവർണകാലമായി കരുതുന്നത്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിനെക്കുറിച്ച് തയ്യാറാക്കിയ ജനം സഖിസ് പഞ്ചാബി ഗദ്യസാഹിത്യത്തിന് തുടക്കമിട്ടു. 16 - 17 നൂറ്റാണ്ടുകളിൽ സൂഫി ഗുരുക്കൻമാരുടെ രചനകളാണ് പഞ്ചാബി സാഹിത്യത്തിൽ വ്യാപകമായത്. ഷാ ഹുസൈൻ, സുൽത്താൻ ബാഹു, ഷാ ഷറഫ് തുടങ്ങിയ സൂഫി ഗുരുക്കന്മാർ സൂഫി സാഹിത്യത്തെ വളർത്തി. പതിനെട്ടാം നൂറ്റാണ്ടിൽ പഞ്ചാബിൽ രാഷ്ട്രീയം ചൂടുപിടിക്കുകയും സിഖുകാർ മുഗളരെ തോൽപ്പിക്കുകയും ചെയ്തതോടെ സാഹിത്യത്തിലും പുരോഗതി വന്നു. 1860 കൾക്ക് ശേഷമാണ് ആധുനിക പഞ്ചാബി സാഹിത്യം വളർച്ച തുടങ്ങിയത്. നാനാക് സിങ്, വീർ സിങ്, തുടങ്ങിയവരുടെ രചനകളിലൂടെ പഞ്ചാബി നോവലുകൾ വികസിച്ചു. സ്വാതന്ത്ര്യസമരകാലത്തെ ദേശസ്നേഹമുണർത്തുന്ന കവിതകൾ പദ്യസാഹിത്യത്തിലും ഉണർവുണ്ടാക്കി. ജസ്വന്ത് സിങ് രഹി, ശിവ് കുമാർ ബട്ടൽവി തുടങ്ങിയവർ പ്രശസ്തരായ പഞ്ചാബി എഴുത്തുകാരാണ്. പഞ്ചാബി സാഹിത്യത്തിലെ പ്രമുഖ സ്ത്രീ എഴുത്തുകാരാണ് അമൃതാപ്രീതം, ദലീപ്കൗർ എന്നിവർ.

മറാഠി സാഹിത്യം

പഴയ മറാഠി (എ.ഡി 1350 വരെ), മധ്യകാല മറാഠി (1350 - 1800), ആധുനിക മറാഠി (1800 നു ശേഷം) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയായിരുന്നു മറാഠി സാഹിത്യത്തിന്റെ വളർച്ച. 1189 മുതൽ 1320 വരെ ഭരിച്ച യാദവ രാജാക്കന്മാരുടെ കാലത്ത് മറാഠി പദ്യവും ഗദ്യവും പുരോഗമിച്ചു തുടങ്ങി. രാമായണം, മഹാഭാരതം, പഞ്ചതന്ത്രം തുടങ്ങിയ കൃതികൾ ഇക്കാലത്ത് പഴയ മറാഠി ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. പിന്നീട് വന്ന മഹാനുഭാവ പന്ത്, വരഗരി പന്ത് എന്നീ മതവിഭാഗങ്ങളും മറാഠിയുടെ വളർച്ചയ്ക്ക് കാരണമായി. ഇവർ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ മറാഠി ഭാഷ ഉപയോഗിച്ചു. പദ്യരൂപത്തിലായിരുന്നു ഈ വിഭാഗങ്ങളുടെ എഴുത്തുകളേറെയും.

ഭക്തകാവ്യങ്ങൾ മറാഠി ഭാഷയിൽ പ്രചരിപ്പിച്ചവരാണ് ജ്ഞാനദേവനും നാമദേവനും. സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും ആദ്യമായി കൈവച്ച മറാഠി എഴുത്തുകാരനാണ് നാമദേവൻ. മധ്യകാല മറാഠിയിലെ പ്രശസ്ത സാഹിത്യകാരനായ ഏക്‌നാഥ്, ഭക്തകവിതകൾ എഴുതിയ തുക്കാറാം എന്നിവരൊക്കെ മറാഠിയുടെ വളർച്ചയ്ക്ക് കാരണക്കാരായി. ഹരിനാരായണ ആപ്‌തേ, വി.എസ്.ഖാണ്ഡേക്കർ തുടങ്ങിയവരൊക്കെ ആധുനിക മറാഠി സാഹിത്യത്തിലെ പ്രമുഖരാണ്. ജ്ഞാനപീഠം നേടിയ ഖാണ്ഡേക്കറുടെ പല നോവലുകളും മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

തമിഴ് സാഹിത്യം

ഏകദേശം 2300 വർഷത്തെ പഴക്കമുണ്ട് തമിഴിലെ ആദ്യകാല സാഹിത്യമായ സംഘസാഹിത്യത്തിന്. വ്യാകരണത്തിലും വാക്കുകളിലും ഉണ്ടായ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ തമിഴിന്റെ ചരിത്രത്തെ മൂന്ന് കാലഘട്ടങ്ങളായി തിരിക്കാം. പ്രാചീന തമിഴ് (ബി.സി.450 - എ.ഡി 700), മധ്യകാല തമിഴ് (എ.ഡി 700 - എ.ഡി 1600), ആധുനിക തമിഴ് (എ.ഡി 1600 മുതൽ). ബ്രാഹ്മി ലിപിയിൽ നിന്നാണ് തമിഴിലെ അക്ഷരങ്ങളുടെ വരവ്. തമിഴ് വ്യാകരണത്തെക്കുറിച്ച് വിശദീകരിക്കുന്ന ഏറ്റവും പഴയ ഗ്രന്ഥമാണ് 'തൊൽക്കാപ്പിയം'. തിരുക്കുറൾ രചിച്ച തിരുവള്ളുവർ, ചിലപ്പതികാരത്തിന്റെ രചയിതാവായ ഇളങ്കോവടികൾ, പ്രശസ്ത കവി സുബ്രഹ്മണ്യ ഭാരതി തുടങ്ങി തമിഴ് സാഹിത്യത്തെ ശ്രേഷ്ഠമാക്കിയ പ്രഗത്ഭർ ഏറെയാണ്.

മലയാള സാഹിത്യം

മലയാള ഭാഷയുടെ പ്രാഗ്‌രൂപമുള്ള സംഘകാല കൃതികൾക്കുശേഷം ചെന്തമിഴ്സ്വധീനം കുറഞ്ഞ് മലയാളം സ്വാതന്ത്രഭാഷയായി എന്നാണ് കരുതുന്നത്. സംസ്കൃതത്തിൽ നിന്ന് ധാരാളം വാക്കുകൾ സ്വീകരിച്ചാണ് മലയാളം വളർന്നത്. പതിമൂന്നാം നൂറ്റാണ്ടോടെ തമിഴ്-ബ്രാഹ്മി ലിപിയിൽനിന്ന് വേറിട്ട ഒരു ലിപി മലയാളത്തിനുണ്ടായി. 'ആധുനിക മലയാള ഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്നത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണ്. അദ്ദേഹമാണ് രാമായണവും മഹാഭാരതവും മലയാളത്തിലെഴുതിയത്. എന്നാൽ, പതിനഞ്ചാം നൂറ്റാണ്ടിൽ ചെറുശ്ശേരി രചിച്ച 'കൃഷ്ണഗാഥ'യാണ് ആധുനിക മലയാളത്തിലെ ആദ്യ സൃഷ്ടിയെന്ന് കരുതുന്നവരുമുണ്ട്. 'കൃഷ്ണഗാഥ'യ്ക്കു മുമ്പുള്ള കാലഘട്ടം മലയാളഭാഷയുടെ പഴയ കാലമായി പരിഗണിക്കാറുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ തുള്ളൽകൃതികളിലൂടെ മലയാളത്തെ സമ്പന്നമാക്കിയ പ്രതിഭാശാലിയാണ് കുഞ്ചൻ നമ്പ്യാർ. ക്രിസ്തീയ മിഷനറിമാരും ആധുനിക മലയാള ഭാഷയുടെ വളർച്ചയിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കിയ ഹെർമൻ ഗുണ്ടർട്ട് ഇവരിൽ പ്രധാനിയാണ്. മലയാള ഭാഷയുടെ അടിസ്ഥാന വ്യാകരണഗ്രന്ഥങ്ങൾ രചിച്ചത് 'കേരളപാണിനി' എ.ആർ രാജരാജ വർമയാണ്. ഇദ്ദേഹത്തെ കൂടാതെ കേരളവർമ വലിയകോയിത്തമ്പുരാൻ, ഒ.ചന്തുമേനോൻ, സി.വി.രാമൻപിള്ള, കുമാരനാശാൻ, ഉള്ളൂർ.എസ്.പരമേശ്വരയ്യർ, വള്ളത്തോൾ നാരായണ മേനോൻ തുടങ്ങി അനേകം സാഹിത്യപ്രതിഭകളുടെ മികച്ച സംഭാവനകൾ മലയാള സാഹിത്യത്തെ ശക്തമാക്കി.

കന്നഡ സാഹിത്യം

അഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ലിഖിതമാണ് കന്നഡഭാഷയിലുള്ള ഏറ്റവും പഴയ രേഖ. സാഹിത്യത്തിലാകട്ടെ ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നൃപതുംഗ രചിച്ച 'കവിരാജമാർഗ'മാണ് ഏറ്റവും പഴക്കമുള്ള കന്നഡ സാഹിത്യകൃതി. പമ്പ, കുമാരവ്യാസൻ, ബസവേശ്വരൻ എന്നിങ്ങനെ പ്രശസ്തരായ പല സാഹിത്യകാരന്മാരും കന്നഡ സാഹിത്യത്തെ വളർത്തി വലുതാക്കി. വീരശൈവ, ഹരിദാസ എന്നീ ഭക്തി പ്രസ്ഥാനങ്ങൾ കന്നഡ സാഹിത്യത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. സംസ്കൃതത്തിന്റെ സ്വാധീനത്തിൽ വളർന്ന കന്നഡ ഭാഷയിലും സാഹിത്യത്തിലും പിൽക്കാലത്ത് ഇംഗ്ലീഷിന്റെ സ്വാധീനവുമുണ്ടായി. കെ.വി.പുട്ടപ്പ, ഡി.ആർ.ബെന്ദ്രെ, എം വെങ്കിടേശ അയ്യങ്കാർ, ശിവ റാം കാരന്ത്, ഗിരീഷ് കർണാഡ്‌ തുടങ്ങിയവർ ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത കന്നഡ സാഹിത്യകാരന്മാരാണ്.

തെലുങ്ക് സാഹിത്യം

പതിനൊന്നാം നൂറ്റാണ്ടിലാണ് തെലുങ്കുസാഹിത്യം ആരംഭിക്കുന്നത്. നണ്ണയ്യ ഭട്ട എഴുതിയ മഹാഭാരതത്തോടെയായിരുന്നു ഇത്. തെലുങ്ക് സാഹിത്യത്തിൽ വലിയ സംഭാവന നൽകിയ കവിത്രയമാണ് നണ്ണയ്യ, തിക്കണ, എറണ എന്നിവർ. വിജയനഗര സാമ്രാജ്യത്തിലെ പ്രശസ്ത ഭരണാധികാരി, കൃഷ്ണദേവരായരുടെ ഭരണകാലമായ പതിനാറാം നൂറ്റാണ്ട് 'തെലുങ്കു സാഹിത്യത്തിന്റെ സുവർണ കാലം' എന്നാണ് അറിയപ്പെടുന്നത്. പിന്നീട് ബ്രിട്ടീഷ് ഭരണക്കാലത്ത് ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനവും തെലുങ്കിന്റെ വളർച്ചയ്ക്ക് സഹായകമായി. വിശ്വനാഥ സത്യനാരായൺ, സി.നാരായണ റെഡ്‌ഡി, റാവൂരി ഭരദ്വാജൻ തുടങ്ങിയവർ തെലുങ്കിലേക്ക് ജ്ഞാനപീഠ പുരസ്‌കാരം കൊണ്ടുവന്ന സാഹിത്യകാരന്മാരാണ്.

ദേശീയ പ്രസ്ഥാനത്തിലെ സാഹിത്യം

നീൽദർപ്പൺ

ബംഗാളിലെ നീലം കർഷകർ അനുഭവിക്കുന്ന കൊടിയ ചൂഷണത്തെ ഹൃദയഹാരിയായി ചിത്രീകരിച്ചുകൊണ്ട് ബംഗാളി നാടകകൃത്തായ ദിനബന്ധുമിത്ര രചിച്ച നാടകമാണ് 'നീൽദർപ്പൺ'. 1858-59 കാലയളവിൽ രചിക്കപ്പെട്ട ഈ നാടകം 1860-ൽ ധാക്കയിലാണ് ആദ്യമായി അവതരിപ്പിച്ചത്. 1859-ൽ ബംഗാളിൽ നടന്ന നീലം കർഷകരുടെ കലാപവുമായി ഈ നാടകത്തിന് ആശയപരമായ ബന്ധമുണ്ട്. നൂറുകണക്കിന് വേദികളിൽ അരങ്ങേറിയ ഈ നാടകത്തെ വർധിച്ച ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. 'നീൽദർപ്പണി'ൽ ചിത്രികരിച്ച കർഷകരുടെ പ്രശ്നങ്ങൾ സുരേന്ദ്രനാഥ ബാനർജി സ്ഥാപിച്ച ഇന്ത്യൻ അസോസിയേഷൻ എന്ന ആദ്യകാല രാഷ്ട്രീയസംഘടന ഏറ്റെടുക്കുകയും ഇന്ത്യയിലെമ്പാടും പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ കർഷകകലാപങ്ങൾക്ക് ഈ നാടകം പ്രചോദനമായി. നീൽദർപ്പണിലെ കഥാപാത്രങ്ങൾ ഗ്രാമവാസികളും ഭൂപ്രഭുക്കന്മാരും ആയിരുന്നു. പ്രധാന കഥാപാത്രങ്ങൾ-ഗൊലോക് ചന്ദ്ര ബസു (ധനിക കർഷകൻ), നൊബിൻ മണ്ഡപ്, ബിന്ദു മാധബ് (ഗൊലോകിന്റെ പുത്രൻമാർ), സാധു ചരൻ (കർഷകൻ), സാബിത്രി, രേബതി.

ആനന്ദമഠം

ബംഗാളി സാഹിത്യകാരനായ ബങ്കിംചന്ദ്ര ചാറ്റർജി ഒരു പാശ്ചാത്യ സാഹിത്യരൂപമായിരുന്ന നോവലിനെ ഇന്ത്യക്കാരുടെ ജീവിതയാഥാർഥ്യങ്ങൾ ചിത്രീകരിക്കാനുള്ള മാധ്യമമാക്കി മാറ്റി. ബംഗാളിലെ കർഷകർ നടത്തിയ സന്ന്യാസികലാപം പ്രമേയമാക്കി രചിച്ച 'ആനന്ദമഠം'ആണ് അദ്ദേഹത്തിന്റെ നോവലുകളിൽ ഏറ്റവും ശ്രദ്ധേയം. ഇതിലൂടെ ബംഗാളിലെ കർഷകരുടെ അവസ്ഥയും സമ്പന്നരും സാധാരണക്കാരും തമ്മിലുള്ള വ്യത്യാസവും ഇന്ത്യയിലെ ജനങ്ങളെയാകെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ആനന്ദമഠത്തിൽനിന്നുമാണ് 'വന്ദേമാതരം'എന്ന ഗാനം എടുത്തിട്ടുള്ളത്. 1882-ലാണ് 'ആനന്ദമഠം' പ്രസിദ്ധീകരിച്ചത്. ശത്രുക്കൾക്കെതിരേ പോരാടിയ 'ആനന്ദൻമാർ'എന്ന് വിളിച്ചിരുന്ന കാളിദേവിയുടെ ഒരു സംഘം പോരാളികളുടെ കഥയാണിത്. കല്യാണി എന്ന വീട്ടമ്മ, അവരുടെ ഭർത്താവ് മഹേന്ദ്ര, സന്ന്യാസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ശത്രുക്കൾക്കെതിരേ മുന്നേറിയപ്പോൾ അവർ വിളിച്ചിരുന്ന മുദ്രാവാക്യമാണ് 'വന്ദേമാതരം.' ഇന്ത്യയുടെ ദേശീയഗീതമായി വന്ദേമാതരം പിന്നീട് മാറി.

വന്ദേമാതരം

ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ആദ്യമായി പൊതുവേദിയിൽ ആലപിച്ചത് 1896-ലെ കോൺഗ്രസ് സമ്മേളനത്തിൽ രബീന്ദ്രനാഥ ടാഗോറാണ്. 1905-ലെ ബംഗാൾ വിഭജനത്തെത്തുടർന്ന് സ്വദേശിപ്രസ്ഥാനം ശക്തമായതോടെ വന്ദേമാതരം വൻപ്രാധാന്യത്തിലേക്ക് ഉയർന്നു. വന്ദേമതരം ആലപിക്കുന്നത് ശിക്ഷാർഹമായിവരെ ബ്രിട്ടീഷുകാർ പ്രഖ്യാപിച്ചു. 1950 ജനുവരി-24ന് ഭരണഘടനാ നിർമാണസഭ വന്ദേമാതരത്തെ ദേശീയഗീതമായി പ്രഖ്യാപിച്ചു. ഓൾ ഇന്ത്യാ റേഡിയോയിലൂടെ പ്രചരിപ്പിക്കപ്പെട്ട വന്ദേമാതരത്തിന്റെ ഏറ്റവും ജനകീയമായ രൂപം ചിട്ടപ്പെടുത്തിയിരിക്കുന്നത് ദേശ് രാഗത്തിലാണ്.

ദുർഗേശനന്ദിനി

ബംഗാളിഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു ബങ്കിംചന്ദ്ര ചാറ്റർജി. അദ്ദേഹത്തിന്റെ രചനാരീതി ഇന്ത്യയൊട്ടാകെയുള്ള എഴുത്തുകാർക്ക് പ്രചോദനമായി മാറി. 'സാഹിത്യ സമ്രാട്ട്' എന്നാണ് ബംഗാളിയിൽ അദ്ദേഹം അറിയപ്പെടുന്നത്. അച്ചടിച്ചുവന്ന അദ്ദേഹത്തിന്റെ ആദ്യ നോവലായിരുന്നു 'Rajmohan's Wife.' ബങ്കിംചന്ദ്ര ചാറ്റർജിയുടെ ആദ്യത്തെ ബംഗാളിനോവലായിരുന്നു 1865-ൽ പ്രസിദ്ധീകരിച്ച 'ദുർഗേശനന്ദിനി.' മുഗൾചക്രവർത്തി അക്ബറുടെ ഭരണകാലം പശ്ചാത്തലമാകുന്ന കൃതിയാണിത്.

സാരേ ജഹാം സേ അച്ഛാ

ഇന്ത്യയുടെ പ്രകൃതിഭംഗിയെയും ജനങ്ങളുടെ ഐക്യത്തെയും പാടിപ്പുകഴ്ത്തിയ അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ഗാനമാണ് 'സാരേ ജഹാം സേ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാര'എന്നത്. ഇന്ത്യ എന്ന ഏകരാഷ്ട്രത്തെപ്പറ്റിയുള്ള ബോധം ജനങ്ങളിൽ സൃഷ്ടിക്കാൻ ഈ രചന ഏറെ സഹായകരമായി. ഉറുദുഭാഷയിൽ കുട്ടികൾക്കായി രചിച്ച ദേശഭക്തിഗാനമായിരുന്നു ഇത്. 1904 ഓഗസ്റ്റിൽ 'ഇത്തിഹാദ്' വാരികയിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത്. 1905-ൽ ലഹോറിൽ നടന്ന ഒരു പരിപാടിയിൽ മുഹമ്മദ് ഇഖ്ബാൽ തന്നെ സാരേ ജഹാംസെ അച്ഛാ പൊതുവേദിയിൽ പാടിയതോടെ ഗാനം ഏറെ പ്രചാരംനേടി.

ഗോദാൻ

സാധാരണക്കാരുടെ ജീവിതാവസ്ഥകൾ തുറന്നുകാട്ടിയ ഹിന്ദി എഴുത്തുകാരൻ ധൻപത് റായ് ശ്രീവാസ്തവയുടെ തൂലികാനാമം ആയിരുന്നു 'പ്രേംചന്ദ്.' സമൂഹത്തിലെ ദുർബലവിഭാഗങ്ങളുടെ പ്രതിസന്ധികളാണ് പ്രേംചന്ദിന്റെ കൃതികൾ ശക്തമായി തുറന്നുകാട്ടുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ് 'ഗോദാൻ.' 1936-ൽ പ്രസിദ്ധീകരിച്ച ഈ നോവൽ ഹിന്ദിയിലെ ഏറ്റവും മികച്ച രചനകളിലൊന്നായി കരുതപ്പെടുന്നു. ഹോരി, ധാനിയ, ഗോബർ, ഭോല, ഹീര, പുനിയ തുടങ്ങിയവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. ഗാന്ധിജിയുടെ സത്യാഗ്രഹപ്രസ്ഥാനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള പ്രേംചന്ദിന്റെ കൃതിയാണ് 'കർമഭൂമി.' 1930-കളിലെ ഉത്തർപ്രദേശിലെ സാമൂഹികജീവിതമാണ് നോവലിന്റെ പശ്ചാത്തലം. അദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയ രചനയാണ് 'സേവാ സദൻ.'

ഗീതാഞ്ജലി

ഭാരതത്തിലെ പ്രഥമസ്മരണീയനായ സാഹിത്യകാരനും സാംസ്‌കാരികനായകനുമാണ് രബീന്ദ്രനാഥ ടാഗോർ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്‌ണമായ ഘട്ടങ്ങളിൽ അദ്ദേഹം പകർന്നു നൽകിയ ആവേശം വളരെ വലുതാണ്. 'ഗുരുദേവ്' എന്നാണ് ഗാന്ധിജി അദ്ദേഹത്തെ അഭിസംബോധന ചെയ്തത്. ടാഗോറിന് 1913-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിക്കൊടുത്ത കൃതിയാണ് 'ഗീതാഞ്ജലി'. ഈ കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ആമുഖമെഴുതിയത് പ്രമുഖ ഇംഗ്ലീഷ് കവി ഡബ്ല്യു.ബി.യേറ്റ്സാണ്. 1910 ജൂലായിലാണ് ബംഗാളിഭാഷയിലുള്ള ഗീതാഞ്ജലി പ്രസിദ്ധീകരിച്ചത്. ജനങ്ങൾക്ക് വെളിച്ചവും പ്രബോധനവും നൽകുന്ന കൃതിയാണ് ഗീതാഞ്ജലി. ഏഷ്യാ ഭൂഖണ്ഡത്തിൽനിന്ന് നൊബേൽ സമ്മാനം നേടുന്ന ആദ്യവ്യക്തിയാണ് ടാഗോർ. ഗീതാഞ്ജലിയിലെ ഗീതങ്ങൾ മുഖ്യമായും ഭാരതീയപാരമ്പര്യത്തിലധിഷ്ഠിതമായ ഭക്തിഗീതങ്ങളാണ്. “എവിടെ മനസ്സ് നിർഭയമായും ശിരസ്സ് ഉന്നതമായും നിൽക്കുന്നുവോ" എന്ന് തുടങ്ങുകയും “ആ സ്വാതന്ത്ര്യസ്വർഗത്തിലേക്ക് അല്ലയോ പിതാവേ, എന്റെ രാജ്യത്തെ ഉണർത്തേണമേ എന്ന് അവസാനിക്കുകയും ചെയ്യുന്ന ഗീതം ഈ കൃതിയിലെ ശ്രദ്ധേയമായ ഭാഗമാണ്.

രബീന്ദ്രസംഗീതം

മഹാകവി രബീന്ദ്രനാഥ ടാഗോർ തന്റെ ഗീതങ്ങളും കവിതകളും സ്വന്തം ഭാവനയ്ക്ക് ചേർന്നവിധം ആലപിക്കാനായി രൂപപ്പെടുത്തിയ സംഗീതശൈലിയാണ് രബീന്ദ്രസംഗീതം. ഉത്തരേന്ത്യൻ സംഗീതത്തിലെ രാഗങ്ങളെ അവലംബിക്കുമ്പോഴും അവയുടെ ശാസ്ത്രീയതയിലെ കാർക്കശ്യമൊഴിവാക്കിയുള്ള സ്വതന്ത്രമായ ആലാപനരീതിയാണ് രബീന്ദ്രസംഗീതം. നാടോടിസംഗീതശൈലികളും കർണാടകസംഗീതത്തിലെ രാഗങ്ങളും പാശ്ചാത്യസംഗീതത്തിലെ ചില വശങ്ങളും രബീന്ദ്രസംഗീതത്തിലുണ്ട്. പ്രണയഗീതങ്ങൾ, ഋതുഗീതങ്ങൾ, ദേശീയഗീതങ്ങൾ, ബാലഗീതങ്ങൾ, ഭക്തിഗീതങ്ങൾ എന്നിവയെല്ലാം രബീന്ദ്രസംഗീതത്തിന്റെ ശൈലിയിൽ ടാഗോർ ആവിഷ്‌കരിച്ചു.

ഓടി വിളയാട് പാപ്പ

ദേശീയപ്രസ്ഥാനത്തിന്റെ ആവേശം ദക്ഷിണേന്ത്യയിൽ ആളിക്കത്തിച്ച സാഹിത്യകാരനാണ് സുബ്രഹ്മണ്യ ഭാരതി. അദ്ദേഹം 'ഭാരതിയാർ' എന്നും അറിയപ്പെടുന്നു. പാഞ്ചാലീശപഥം, കളിപ്പാട്ട്, കണ്ണൻപാട്ട്, കുയിൽപ്പാട്ട് എന്നിവ രചനകളാണ്. 1908-ൽ ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്ന് 1918 വരെ ഫ്രഞ്ച് അധീനപ്രദേശമായ പുതുച്ചേരിയിലാണ് അദ്ദേഹം കഴിഞ്ഞത്. സുബ്രഹ്മണ്യ ഭാരതിയുടെ പ്രസിദ്ധമായ കവിതയാണ് 'ഓടി വിളയാട് പാപ്പ്. 1921-ൽ അന്തരിച്ചു.

വരിക വരിക സഹജരേ

ദേശീയപ്രസ്ഥാനത്തിന് ശക്തിപകർന്ന നിരവധി കവിതകളും ഗാനങ്ങളും മലയാളത്തിലും രചിക്കപ്പെട്ടു. ജനങ്ങളെ ആവേശംകൊള്ളിച്ച ദേശഭക്തിഗാനങ്ങളും ഇവയിലുണ്ട്. മഹാകവി വള്ളത്തോളിന്റെ എന്റെ ഗുരുനാഥൻ, ബാപ്പുജി, ഇന്ത്യയുടെ കരച്ചിൽ എന്നിവ ദേശീയപ്രസ്ഥാനത്തെ ആധാരമാക്കിയ രചനകളാണ്. എന്റെ ഗുരുനാഥൻ, ബാപ്പുജി എന്നീ കൃതികളിൽ ഗാന്ധിജിയാണ് പ്രധാനപ്രമേയം. ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി കേരളത്തിൽ നടന്ന സമരത്തിൽ വൊളന്റിയർമാർ ആലപിച്ചുമുന്നേറിയ ദേശഭക്തിഗാനമാണ് “വരിക വരിക സഹജരേ, വലിയ സഹനസമരമായ്" എന്ന് തുടങ്ങുന്നത്. അംശി നാരായണപിള്ളയാണ് ഇത് രചിച്ചത്.

ഇന്ത്യയിലെ പത്രപ്രവർത്തനം

ദിനപത്രങ്ങൾ

ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രമായ 'ബംഗാൾ ഗസറ്റ്' പുറത്തിറങ്ങിയത് 1780 ജനുവരി 29ന് കൊൽക്കത്തയിൽ നിന്നാണ്. ജയിംസ് അഗസ്റ്റസ് ഹിക്കിയായിരുന്നു ഇതിനു പിന്നിൽ. 'കൽക്കത്ത ജനറൽ അഡ്വൈസർ' എന്നും അറിയപ്പെട്ടിരുന്ന പത്രം ഇംഗ്ലീഷിലായിരുന്നു. എന്നാൽ ബ്രിട്ടീഷ് സർക്കാരിനെ വിമർശിച്ചതുമൂലം 1782ൽ പത്രത്തിന്റെ പ്രസിദ്ധീകരണം നിരോധിച്ചു. പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രമാണ് 'ബോംബെ സമാചാർ'. 1822ൽ ഫർദൂർജി മർസ്ബാനാണ് പത്രം ആരംഭിച്ചത്. ഗുജറാത്തി ഭാഷയിലാണിത് പ്രസിദ്ധീകരിക്കുന്നത്. 1868ൽ പുറത്തിറങ്ങിയ 'മദ്രാസ് മെയിൽ' ആണ് ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന ദിനപത്രം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രങ്ങളും ആനുകാലികങ്ങളും പുറത്തിറങ്ങുന്നത് ഹിന്ദി ഭാഷയിലാണ്.

ദേശീയപ്രസ്ഥാനവും പത്രങ്ങളും

ഇന്ത്യൻ ദേശീയപ്രസ്ഥാനവും നേതാക്കളും ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ ആശ്രയിച്ച പ്രധാന മാർഗം വർത്തമാനപത്രങ്ങളാണ്. പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് സാമൂഹികസേവനമായി ആദ്യകാലത്ത് തന്നെ അംഗീകരിക്കപ്പെട്ടിരുന്നു. ദേശീയസമരകാലത്ത് പത്രങ്ങൾ ചെയ്തിരുന്ന പ്രധാന പ്രവർത്തനങ്ങൾ ഇവയായിരുന്നു:

ഇന്ത്യൻ സമൂഹത്തിലെ തിന്മകൾക്കും അനാചാരങ്ങൾക്കുമെതിരായുള്ള സാമൂഹിക പരിഷ്കരണത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കി.

ഇന്ത്യയുടെ ഓരോ ഭാഗത്തും നടക്കുന്ന അടിച്ചമർത്തലുകൾ, മർദകഭരണം, കൂട്ടക്കൊല എന്നിവയെപ്പറ്റി ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങൾക്ക് വിവരംനൽകി.

ബ്രിട്ടീഷ് ഭരണത്തിനെതിരായും ഇന്ത്യയിലെ സാമൂഹികമായ തിന്മകൾക്കെതിരായും പ്രതിഷേധിക്കാനും പ്രതികരിക്കാനും ജനങ്ങളെ പ്രേരിപ്പിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സമത്വത്തിനുമായി ജനങ്ങൾ നടത്തുന്ന പോരാട്ടങ്ങളെപ്പറ്റി വിവരം നൽകി.

ബ്രിട്ടീഷ് ഭരണത്തിന്റെ സാമ്പത്തിക ചൂഷണങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കി.

പ്ലേഗ്, ക്ഷാമം എന്നിവമൂലം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിനാളുകൾ മരണപ്പെട്ട വാർത്ത ഇന്ത്യയിലെമ്പാടും എത്തിച്ചു.

സംബാദ് കൗമുദി

ദേശീയ കാഴ്ചപ്പാടോടുകൂടിയ പത്രങ്ങൾക്ക് ഇന്ത്യയിൽ തുടക്കംകുറിച്ചത് രാജാറാം മോഹൻ റോയ് ആണ്. അദ്ദേഹം ബംഗാളി ഭാഷയിൽ ആരംഭിച്ച 'സംബാദ് കൗമുദി', പേർഷ്യൻ ഭാഷയിൽ പുറത്തിറക്കിയ 'മിറാത്-ഉൽ-അക്ബർ' എന്നിവ സാമൂഹികപരിഷ്കരണം, ദേശീയത, ജനാധിപത്യം തുടങ്ങിയ ആശയങ്ങൾക്ക് ഊന്നൽനൽകി. ഇവയുടെ പാത പിന്തുടർന്ന് നിരവധി പത്രങ്ങൾ വിവിധ ഭാഷകളിൽ പുറത്തിറങ്ങി. ഇവയിൽ ഭൂരിഭാഗവും പ്രസിദ്ധീകരിച്ചത് സാമൂഹികപരിഷ്കരണ പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും നേതാക്കളായിരുന്നു.

പ്രാദേശിക ഭാഷാ പത്ര നിയമം

വർത്തമാനപത്രങ്ങളുടെ ശക്തി മനസ്സിലാക്കിയ ബ്രിട്ടീഷ് ഗവൺമെന്റ് അവയെ നിയന്ത്രിക്കാൻ പല ശ്രമങ്ങളും നടത്തി. അതിൽ പ്രധാനപ്പെട്ടതാണ് 1878ൽ ലിട്ടൺ പ്രഭു നടപ്പാക്കിയ പ്രാദേശിക ഭാഷാ പത്ര നിയമം അഥവാ വെർണാകുലർ പ്രസ് ആക്ട്. ഇതിലൂടെ ഇന്ത്യയിലെ പ്രാദേശികഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന പത്രങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയർന്നുവന്നതിനെത്തുടർന്ന് ബ്രിട്ടീഷ് സർക്കാർ നിയമം പിൻവലിച്ചു. പത്രങ്ങൾ വായിക്കുന്നതും വാർത്തകൾ പ്രചരിപ്പിക്കുന്നതും പത്രങ്ങളെ സംരക്ഷിക്കുന്നതും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് അക്കാലത്ത് ജനങ്ങൾ കണക്കാക്കിയിരുന്നത്.

സാമൂഹിക പരിഷ്കരണ പത്രങ്ങളും നേതൃത്വം നൽകിയവരും

സംബാദ് കൗമുദി, മിറാത്-ഉൽ-അക്ബർ - രാജാറാം മോഹൻ റോയ്

ഷോംപ്രകാശ് - ഈശ്വരചന്ദ്ര വിദ്യാസാഗർ

നാഷണൽ പേപ്പർ, ഇന്ത്യൻ മിറർ - ദേബേന്ദ്രനാഥ ടാഗോർ

വോയ്‌സ് ഓഫ് ഇന്ത്യ - ദാദാഭായ് നവറോജി

പ്രബുദ്ധഭാരത്, ഉദ്ബോധൻ - സ്വാമി വിവേകാനന്ദൻ

ദേശീയസമരകാലത്തെ പ്രധാന പത്രങ്ങളും നേതൃത്വം നൽകിയവരും

അമൃതബസാർ പത്രിക - ശിശിർകുമാർ ഘോഷ്, മോത്തിലാൽ ഘോഷ്

ഹിന്ദു, സ്വദേശിമിത്രം - ജി.സുബ്രഹ്മണ്യ അയ്യർ

ബോംബെ സമാചാർ - ഫർദൂർജി മർസ്ബാൻ

കേസരി, മാറാത്ത - ബാലഗംഗാധര തിലകൻ

ബംഗാളി - സുരേന്ദ്രനാഥ ബാനർജി

വോയ്‌സ് ഓഫ് ഇന്ത്യ - ദാദാഭായ് നവ്റോജി

ന്യൂ ഇന്ത്യ, കോമൺവീൽ - ആനിബസന്റ്

യങ് ഇന്ത്യ, ഹരിജൻ, ഇന്ത്യൻ ഒപ്പീനിയൻ, നവജീവൻ - ഗാന്ധിജി

അൽ-ഹിലാൽ - മൗലാന അബുൾകലാം ആസാദ്

വന്ദേമാതരം (ഉറുദു ഭാഷയിൽ) - ലാലാ ലജ്പത് റായ്

വന്ദേമാതരം (ഇംഗ്ലീഷ്) - ബിപിൻ ചന്ദ്രപാൽ

വന്ദേമാതരം (പാരീസ് ഇന്ത്യ സൊസൈറ്റി) - മാഡം ബിക്കാജി കാമ

നേഷൻ - ഗോപാലകൃഷ്ണ ഗോഖലെ

ബഹിഷ്‌കൃത ഭാരത്, മൂക്നായക് - ഡോ.ബി.ആർ.അംബേദ്‌കർ

കോമ്രേഡ് - മൗലാനാ മുഹമ്മദ് അലി

ബംഗാൾ ഗസറ്റ് (കൽക്കട്ട ജനറൽ അഡ്വറ്റൈസർ) - ജയിംസ് അഗസ്റ്റസ് ഹിക്കി

ബോംബൈ ക്രോണിക്കിൾ - ഫിറോസ് ഷാ മേത്ത

കർമ്മയോഗി - അരബിന്ദോ ഘോഷ്

ലീഡർ - മദൻ മോഹൻ മാളവ്യ

യുഗാന്തർ - ബരീന്ദ്രകുമാർ ഘോഷ്, ഭൂപേന്ദ്രനാഥ ദത്ത

നാഷണൽ ഹെറാൾഡ് - ജവഹർലാൽ നെഹ്‌റു

ദ ബംഗാളി - സുരേന്ദ്രനാഥ് ബാനർജി

ബംഗാ ദർശൻ - ബങ്കിം ചന്ദ്ര ചാറ്റർജി

ഗ്യാൻപ്രകാശ്, ഇന്ദുപ്രകാശ് - ഗോപാൽ ഹരിദേശ്‌മുഖ്

പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ

ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനും വാർത്താ പ്രസിദ്ധീകരണങ്ങളുടെയും വാർത്താ ഏജൻസികളുടെയും നിലവാരം ഉയർത്താനുമുദ്ദേശിച്ചുള്ള സ്ഥാപനമാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ). കൗൺസിൽ ചെയർമാനും 28 അംഗങ്ങളുമാണുള്ളത്. ഒരു പാർലമെന്റ് ആക്ടിലൂടെ 1966 ലാണ് പ്രസ് കൗൺസിൽ ആദ്യമായി നിലവിൽ വന്നത്. 1979, മറ്റൊരു ആക്ടിലൂടെ കൗൺസിലിനെ പരിഷ്‌കരിച്ചു. ന്യൂഡൽഹിയാണ് പ്രസ് കൗൺസിലിന്റെ ആസ്ഥാനം. ജസ്റ്റിസ് ജെ.ആർ.മുദോൽക്കർ ആയിരുന്നു പ്രസ് കൗൺസിലിന്റെ ആദ്യ ചെയർമാൻ. പി.സി.ഐ ഒരു സ്വതന്ത്ര പദവിയുള്ള ക്വാസി - ജുഡീഷ്യൽ സ്ഥാപനമാണ്.

ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് (എ.ബി.സി)

1948ൽ സ്ഥാപിതമായ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് (എ.ബി.സി), പ്രസിദ്ധീകരണ സ്ഥാപനങ്ങൾ, പരസ്യദാതാക്കൾ, പരസ്യ ഏജൻസികൾ എന്നിവയുടെ ഒരു കൂട്ടായ്മയാണ്. ഓരോ ആറുമാസം കൂടുമ്പോഴും ദിനപത്രങ്ങളുടെയും ആനുകാലികങ്ങളുടെയും കോപ്പികളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ എ.ബി.സി പ്രസിദ്ധീകരിക്കുന്നു. എ.ബി.സിയുടെ രജിസ്റ്റേഡ് ഓഫീസ് മുംബൈയിലാണ്.

രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്സ് ഫോർ ഇന്ത്യ

1953ലെ ഒന്നാം പ്രസ് കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ, 1956 ജൂലൈ ഒന്നിനാണ് രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്സ് ഫോർ ഇന്ത്യ നിലവിൽവന്നത്. രജിസ്ട്രാർ എന്ന് പൊതുവേ അറിയപ്പെടുന്ന ആർ.എൻ.ഐ വർഷംതോറും സർക്കാരിന് ദിനപത്രങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുന്നു. ന്യൂഡൽഹിയാണ് ആസ്ഥാനം.

പബ്ലിക്കേഷൻസ് ഡിവിഷൻ

ന്യൂഡൽഹിയാണ് പബ്ലിക്കേഷൻ ഡിവിഷന്റെ ആസ്ഥാനം. പബ്ലിക്കേഷൻ ഡിവിഷന്റെ, കുട്ടികൾക്കുവേണ്ടിയുള്ള ഹിന്ദി പ്രസിദ്ധീകരണമാണ് 'ബാൽ ഭാരതി'. 1948 മുതൽ പ്രസിദ്ധീകരിക്കുന്ന മാസികയാണിത്. ഹിന്ദിയിലും ഉറുദുവിലും പുറത്തിറക്കുന്ന സാഹിത്യ മാസികകളാണ് 'ആജ്‌കൽ'. പബ്ലിക്കേഷൻ ഡിവിഷൻ പുറത്തിറക്കുന്ന 'യോജന' 13 ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നു. ഗ്രാമീണ വികസനം, ലക്ഷ്യമാക്കിയുള്ള പ്രസിദ്ധീകരണമാണ് 'കുരുക്ഷേത്ര' (ഇംഗ്ലീഷ് & ഹിന്ദി). സർക്കാർ, അർധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ തൊഴിലവസരങ്ങൾ പ്രസിദ്ധീകരിക്കുന്ന എംപ്ലോയ്‌മെന്റ് ന്യൂസ്/ റോസ്ഗാർ സമാചാർ, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നു.

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ). 1947 ഓഗസ്റ്റ് 27ന് സ്ഥാപിതമായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തനം തുടങ്ങിയത് 1949 ഫെബ്രുവരി ഒന്നു മുതലാണ്. ചെന്നൈയിലാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ സ്ഥാപിതമായത്. ന്യൂഡൽഹിയിലാണ് ആസ്ഥാനം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പി.ടി.ഐ യുടെ സേവനം ലഭ്യമാണ്. പി.ടി.ഐ യുടെ ഹിന്ദി വാർത്താസർവീസാണ് 'ഭാഷ'.

യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാർത്താ ഏജൻസിയാണ് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യു.എൻ.ഐ). ബിധാൻ ചന്ദ്രറോയാണ് യു.എൻ.ഐയുടെ സ്ഥാപകൻ. 1959, ഡിസംബർ 19ന് സ്ഥാപിതമായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ചത് 1961 മാർച്ച് 21 നാണ്. ന്യൂഡൽഹിയാണ് യു.എൻ.ഐയുടെ ആസ്ഥാനം. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ 1982ൽ തുടങ്ങിയ ഹിന്ദി വാർത്താ സർവീസാണ് 'യൂണി വാർത്ത'. 1987ൽ യു.എൻ.ഐ ഫോട്ടോ സർവീസ് ആരംഭിച്ചു. ലോകത്തിലെ ആദ്യ ഉറുദു വാർത്താ സർവീസ് (1992) ആരംഭിച്ചതും യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ ആണ്.

Post a Comment

0 Comments
Post a Comment (0)