കേരളത്തിലെ കലകൾ

Arun Mohan
0

കേരളത്തിലെ കലകൾ

'ദൈവത്തിന്റെ സ്വന്തം നാടാ'യ കേരളം വൈവിധ്യമാർന്ന ഒട്ടേറെ കലാരൂപങ്ങളുടെയും നാടാണ്. ഏതൊരു നാട്ടിലെയും കലകളിലെ വൈവിധ്യം ആ നാടിന്റെ സമ്പന്നമായ സംസ്‌കാരത്തെ സൂചിപ്പിക്കുന്നു. ഗോത്രസംസ്‌കാരങ്ങളുടെ കാലം മുതൽക്കേ കേരളത്തിന് വേറിട്ട കലാപാരമ്പര്യം സ്വന്തമായുണ്ടായിരുന്നു. ഗോത്രകലകളിൽ നിന്നും മറ്റും സ്വാധീനമുൾക്കൊണ്ട് പിന്നീട് ഒട്ടനവധി കലാരൂപങ്ങൾ കേരളത്തിലുണ്ടായി. അനുഷ്ഠാന കലകൾ, ക്ഷേത്ര കലകൾ, സാമൂഹിക കലകൾ, കായിക വിനോദകലകൾ, നാടൻ-നാടോടി കലകൾ, നാട്യ കലകൾ, ദൃശ്യകലകൾ, ശ്രാവ്യകലകൾ എന്നിവയെല്ലാം ചേർന്നാൽ നൂറുകണക്കിന് കലാരൂപങ്ങൾ കേരളത്തിലുണ്ട്. എന്നാൽ, കാലം ചെല്ലുന്തോറും ഇവയിൽ പലതും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കലകളെ പ്രധാനമായും മൂന്നായി തരംതിരിക്കാം - ദൃശ്യകലകൾ, ശ്രവ്യകലകൾ, ദൃശ്യ-ശ്രവ്യകലകൾ. ദൃശ്യകലകൾ ഫൈൻ ആർട്സ് അഥവാ ലളിത കലകൾക്ക് ഉദാഹരണങ്ങളാണ്. ശ്രവ്യകലകൾ, ദൃശ്യ-ശ്രവ്യകലകൾ എന്നിവ പെർഫോമിംഗ് ആർട്സ് അഥവാ പ്രകടന കലകൾക്ക് ഉദാഹരണങ്ങളാണ്.

കേരളത്തിലെ ദൃശ്യ - ശ്രാവ്യ കലകൾ

ദൃശ്യകലകളുടെയും ശ്രാവ്യകലകളുടെയും സമ്മിശ്രമാണ് ദൃശ്യ-ശ്രാവ്യ കലകൾ. ഒരേ സമയം കണ്ണിനും കാതിനും ഒരുപോലെ അനുഭൂതി ഉണ്ടാക്കുന്ന കലകളാണ് ദൃശ്യ-ശ്രാവ്യ കലകൾ. നൃത്തങ്ങൾ, നാടകങ്ങൾ, സിനിമകൾ എന്നിവ ദൃശ്യ-ശ്രാവ്യ കലകൾക്ക് ഉദാഹരണങ്ങളാണ്.

ശാസ്ത്രീയ കലകൾ                                           

ശാസ്ത്രീയ കലകൾക്ക് ചിട്ടകളും, മുറയും ക്രമവും തെറ്റാതെയുള്ള അവതരണ ശൈലിയും ഉണ്ടാവണം. നല്ല ശിക്ഷണവും അഭ്യാസവും ആവശ്യമായ കലാരൂപങ്ങളാണ് ശാസ്ത്രീയ കലകൾ. കഥകളി, കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, തുള്ളൽ, മോഹിനിയാട്ടം, കേരള നടനം തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന ശാസ്ത്രീയ കലകൾ.

ക്ഷേത്ര കലകൾ

കൂത്ത്, കൂടിയാട്ടം, കഥകളി, രാമനാട്ടം, കൃഷ്ണനാട്ടം, തുള്ളൽ, അഷ്ടപദിയാട്ടം തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന ക്ഷേത്രകലകൾ. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു വളർന്നവയായതിനാലാണ് ഈ കലാരൂപങ്ങൾക്ക് ക്ഷേത്ര കലകൾ എന്ന പേരു കിട്ടിയത്. ക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ നാട്യഗൃഹങ്ങളിലാണ് മുൻപൊക്കെ ക്ഷേത്ര കലകൾ അവതരിപ്പിച്ചിരുന്നതും.

അനുഷ്ഠാന കലകൾ

പ്രാദേശികവും സാമുദായികവുമായ ആചാരാനുഷ്ഠാനങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും അനുസരിച്ച് രൂപപ്പെട്ടവയാണ് അനുഷ്ഠാന കലകള്‍. തിറ, തെയ്യം, മുടിയേറ്റ്, പടയണി, തീയാട്ട്, കാളിയൂട്ട്, അർജ്ജുനനൃത്തം, അമ്മാനാട്ടം, അയ്യപ്പൻവിളക്ക്,  തെരുക്കൂത്ത്, ഗന്ധർവൻ പാട്ട്, കുറുത്തിയാട്ടം, പാക്കനാർ കളി, കുമ്മാട്ടി, മാരിയമ്മൻ തുള്ളൽ, കളമെഴുതിപ്പാട്ട്, കനലാട്ടം, മയിലാട്ടം, പൂരക്കളി, മറുത്തുകളി, തിറയാട്ടം, പാന, ദൈവം തുള്ളൽ, മുടിയാട്ടം (വടക്കൻ കേരളത്തിൽ മുടിയാട്ടം അറിയപ്പെടുന്നത് നീലിയാട്ടം), നിണബലി, കാലൻകളി, കുത്തിയോട്ടം, കണ്ണേറുപാട്ട്, സർപ്പംതുള്ളൽ, ഓണത്തുള്ളൽ, തോൽപ്പാവക്കൂത്ത്, കാവടിയാട്ടം, സർപ്പം പാട്ട്, തിടമ്പ് നൃത്തം, കളമെഴുത്തും പാട്ടും, കോതാമൂരിയാട്ടം തുടങ്ങി ഒട്ടനവധി അനുഷ്ഠാനകലകൾ കേരളത്തിലുണ്ട്.

നാട്യകലകൾ

കൂടിയാട്ടം, പാഠകം, കഥകളി, തുള്ളൽ, അഷ്ടപദിയാട്ടം, കൂത്ത്, രാമനാട്ടം, കൃഷ്ണനാട്ടം, മോഹിനിയാട്ടം

കായിക വിനോദകലകൾ

കാക്കരിശ്ശി നാടകം (തിരുവനന്തപുരം ജില്ലയിലെ വിനോദ ഗ്രാമീണ നാടകം), പൊറാട്ടുനാടകം, ചവിട്ടുനാടകം, പണിയർകളി, വടിത്തല്ല്, പരിചമുട്ടുകളി, മങ്ങലംകളി (വടക്കേ മലബാർ) തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന കായിക വിനോദകലകൾ.

നാടൻ-നാടോടി കലകൾ

നാടൻ കലകളാൽ സമ്പന്നമാണ് കേരളം. കേരളത്തിലെ പ്രാചീന ജീവിതരീതികൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഉപാധികളാണ് കേരളീയ നാടൻ കലകൾ. നാടുവാഴിത്തവും നാട്ടുകൂട്ടായ്മയും നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ ഒരു ജനതയുടെ ആഗ്രഹസാഫല്യങ്ങളായിരുന്നു ഇത്തരം കലാരൂപങ്ങൾ. വിശ്വാസം, തൊഴിൽ, അനുഷ്ഠാനം, ആചാരം, സാമൂഹികഘടന, ഋതുഭേദം, വിളവെടുപ്പ് എന്നിങ്ങനെയുള്ള മേഖലകളുമായി ബന്ധപ്പെട്ടുകൊണ്ടാണ് നാടൻ കലകൾ വികസിച്ചുവന്നത്. അധ്വാനവുമായും അനുഷ്ഠാനവുമായും ഇഴചേർന്നുനിൽക്കുന്ന ഈ കലാരൂപങ്ങളെല്ലാം അടിസ്ഥാനപരമായി കീഴാളസമൂഹത്തിന്റെ കലാപ്രകടനങ്ങളാണ്. എങ്കിലും ജനകീയ പങ്കാളിത്തമുള്ള ഉത്സവങ്ങൾ കൂടിയായിരുന്നു. പ്രാചീന കേരളീയ സാമൂഹികജീവിതത്തിന്റെ പ്രതിഫലനം കൂടി ആയിരുന്ന ചില നാടോടി കലാരൂപങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്. മുടിയേറ്റ്, നിണബലി തുടങ്ങിയവ അനുഷ്ഠാനപരമായ നാടോടി നാടകങ്ങളാണ്.

യക്ഷഗാനം, ആര്യമാലനാടകം, കണ്യാർകളി (പൊന്നാനകളി), പൊറാട്ടുനാടകം, മീനാക്ഷികല്യാണം, തോൽപ്പാവക്കൂത്ത്, വില്ലടിച്ചാൻ പാട്ട്, ഗദ്ദിക (വയനാട്ടിലെ ഗോത്ര വർഗ്ഗക്കാർക്കിടയിലെ കലാരൂപം), കരുനീലിയാട്ടം, പണിയർകളി, പാവക്കഥകളി, മീനാക്ഷി കല്യാണം, ഓണത്തല്ല്, കോതാമ്മൂരിയാട്ടം, കുമ്മി, കുമ്മാട്ടി, കുതിരകളി, കരടികളി, പൂരക്കളി, പുലിക്കളി, താലംകളി, കാവടിയാട്ടം, കൈകൊട്ടിക്കളി, കോൽക്കളി, കോലാട്ടം, കോലംതുള്ളൽ, ആടിവേടൻ, ചിമ്മാനക്കളി, തെയ്യം, പൂരക്കളി, ചവിട്ടുനാടകം, മാർഗംകളി, ഒപ്പന, അയ്യപ്പൻ തീയാട്ട്, മുടിയേറ്റ്, അർജ്ജുനനൃത്തം, പടയണി, തിറ, ഭദ്രകാളി തീയാട്ട്, ആലമ്മാല നാടകം, കെട്ടുകാഴ്ച, പാണക്കളി, ഗരുഡൻതൂക്കം തുടങ്ങിയവ കേരളത്തിന്റെ നാടൻ-നാടോടി കലകളാണ്.

സാമൂഹിക കലകൾ       

മാർഗംകളി, ചവിട്ടുനാടകം, ഒപ്പന, അറബനമുട്ട്, ദഫ് മുട്ട് തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന സാമൂഹിക കലകൾ.

ആയോധന കലകൾ

കേരളത്തിന്റെ ആയോധനകലാരൂപമാണ് കളരിപ്പയറ്റ്. മെയ്പ്പയറ്റ്, വടിപ്പയറ്റ്, വെറും കൈ പ്രയോഗം എന്നിവയാണ് കളരിപ്പയറ്റിലെ വിവിധ അഭ്യാസമുറകൾ. 'ആയോധനകലയുടെ മാതാവ്' എന്നറിയപ്പെടുന്നത് കളരിപ്പയറ്റാണ്. കളരിപ്പയറ്റിലെ അവസാനത്തെ (പതിനെട്ടാമത്തെ) അടവാണ് പൂഴിക്കടകൻ.

കേരളത്തിലെ ദൃശ്യ കലകൾ

ചരിത്രാതീത കാലം മുതൽക്കേയുള്ള കലയുടെ ചരിത്രം പറയാനാവുന്ന നാടാണ് കേരളം. കേരളത്തിലെ ശാസ്ത്രീയ കലകൾ ഉദയം കൊണ്ടതും വളർന്നതും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ്. ക്ഷേത്രാചാരങ്ങൾ, ഉത്സവങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയുടെ നിർവ്വഹണത്തിന് കലാരൂപങ്ങൾ അനിവാര്യമായിരുന്നു. ദർശനത്തിലൂടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന കലകളാണ് ദൃശ്യകലകൾ. ചിത്രകല, ശിൽപകല, കരകൗശല വിദ്യ, വാസ്തു വിദ്യ എന്നിവ ദൃശ്യകലകൾക്ക് ഉദാഹരണങ്ങളാണ്.

ചിത്രകല 

കളമെഴുത്തുപോലുള്ള അനുഷ്ഠാന കലകളിലെ ചിത്രങ്ങൾ മുതൽ ആധുനിക ചിത്രകലാ സമ്പ്രദായങ്ങൾ വരെ നീളുന്ന ചിത്രകലാ പാരമ്പര്യം കേരളത്തിനുണ്ട്. ഗുഹാ ചിത്രങ്ങൾ, ചുവർ ചിത്രകല, കളമെഴുത്ത്, കോലമെഴുത്ത്, മുഖത്തെഴുത്ത്, മുഖാവരണങ്ങൾ എന്നിങ്ങനെ ചിത്രകലയെ പലരീതിയിൽ തിരിക്കാം.

1. ഗുഹാ ചിത്രങ്ങൾ

കേരളത്തിലെ ഏറ്റവും പഴക്കമുള്ള രേഖാചിത്രങ്ങൾ വയനാട്ടിലെ സുൽത്താൻ ബത്തേരിക്കടുത്തുള്ള എടയ്ക്കൽ ഗുഹയിലാണുള്ളത്. എടയ്ക്കലിലെ ഗുഹാ ചിത്രങ്ങൾ നവീന ശിലായുഗ കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്നു. ബി.സി 7000-ത്തിലേതാണ് ഈ ഗുഹാ ചിത്രങ്ങളെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. മനുഷ്യന്റെയും മൃഗങ്ങളുടെയും കല്ലിൽ കൊത്തിയ രേഖാ ചിത്രങ്ങളും പ്രാചീന ബ്രഹ്മി ലിപിയും എടയ്ക്കൽ ഗുഹയിലുണ്ട്. ഇലകൾകൊണ്ട് രൂപം കൊടുത്ത പോലുള്ള മുടി അലങ്കാരങ്ങൾ, ആന, വേട്ടപ്പട്ടി, കുതിര, കാള, ആരക്കാലുള്ള ചക്രങ്ങൾ, ചക്രങ്ങളുള്ള വണ്ടി എന്നിവയാണ് ഇവിടെ കാണപ്പെട്ട ചിത്രങ്ങൾ. 1901ൽ ഫ്രെഡ് ഫോസെറ്റ് എന്ന ബ്രിട്ടീഷ് പോലീസുദ്യോഗസ്ഥനാണ് ഈ ചിത്രങ്ങൾ കണ്ടെത്തിയത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പെരുങ്കടവിള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നതാണ് പാണ്ഡവൻപാറ. വയനാട്ടിലെ എടക്കൽ ഗുഹകളിലെ കൊത്തുപണികളിലെന്നപോലെ മൂർച്ചയുള്ള കൽഉപകരണങ്ങൾ ഉപയോഗിച്ചാണ് പാണ്ഡവൻപാറയിലെയും പെട്രോഗ്ലിഫുകൾ നിർമിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലെ ഷെന്തുരുണി വനങ്ങളിലെ ഗുഹാചിത്രങ്ങൾ മധ്യശിലായുഗം കാലഘട്ടത്തിലുള്ളതാണെന്ന് കരുതപ്പെടുന്നു. ചരിത്രാതീതകാലത്തെ  ചിത്രങ്ങൾ കാണപ്പെടുന്ന കേരളത്തിലെ മറ്റൊരു സ്ഥലമാണ് ഇടുക്കിജില്ലയിലെ മറയൂരിലെ കൂടക്കാട് ചന്ദന സംരക്ഷണവനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാനൈറ്റ് പാറയായ എഴുത്തുപുരഗുഹ. സർപ്പക്കുടംപോലെ കാണപ്പെടുന്ന എഴുത്തുപുര ഗുഹ 'ചിത്രങ്ങളുടെ ഗുഹ' എന്നറിയപ്പെടുന്നു.

2. ചുവർച്ചിത്രങ്ങൾ

ആരാധനാലയങ്ങളിലെയും കൊട്ടാരങ്ങളിലെയും ഭിത്തികളിൽ പ്രകൃതിദത്ത ചായങ്ങളുപയോഗിച്ച് വരച്ചിട്ടുള്ളച്ചിത്രങ്ങളാണ് ചുവർച്ചിത്രങ്ങൾ. കുമ്മായം തേച്ച പ്രതലത്തിൽ മനയോല, കോലരക്ക്, ചായില്യം, അമരിനീലം, കടുക്ക, വിവിധതരം ഇലകൾ, ധാതുമണൽ എന്നിവയുപയോഗിച്ച് സവിശേഷ ശൈലിയിൽ വരചച്ചിത്രങ്ങളാണിവ. ദേവീദേവന്മാരുടെ ചിത്രങ്ങളും പുരാണകഥാരംഗങ്ങളുടെ ആഖ്യാനവുമാണ് ചുവർചിത്രങ്ങളിലുള്ളത്. ചുവർചിത്രകല പാശ്ചാത്യ നാടുകളിൽ ഫ്രെസ്കോ, മ്യൂറൽ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. പ്രാഥമിക പ്രതലം, ദ്വിതീയ പ്രതലം, വർണവസ്തുക്കൾ, യോജകമാധ്യമം എന്നിവയാണ് കേരളത്തിലെ ചുവർചിത്രങ്ങളിൽ കാണാൻ സാധിക്കുന്ന നാല് പ്രധാന ഘടകങ്ങൾ.

കേരളത്തിലെ ചുവർചിത്രങ്ങളെ കാലഗണനാക്രമത്തിൽ നാലായി തരംതിരിക്കാം - പ്രാഥമികഘട്ടം, പ്രാഥമികാനന്തരഘട്ടം, മധ്യകാലഘട്ടം, മധ്യകാലാനന്തരഘട്ടം. തിരുനന്ദികര, കാന്തളൂർ, ത്രിവിക്രമമംഗലം, പാർഥിവപുരം എന്നീ ക്ഷേത്രങ്ങളിലെ ചുവർചിത്രങ്ങൾ പ്രാഥമികഘട്ടത്തിൽ വരച്ചെന്ന് കരുതപ്പെടുന്നു. മട്ടാഞ്ചേരിയിലെ രാമായണചിത്രങ്ങൾ, തൃശ്ശൂർ വടക്കുന്നാഥൻ, തിരുവഞ്ചിക്കുളം എന്നീ ക്ഷേത്രങ്ങളിലെ ചുവർചിത്രങ്ങൾ പ്രാഥമികാനന്തര ഘട്ടത്തിൽ വരച്ചെന്ന് കരുതപ്പെടുന്നു. തൃപ്രയാർ, തിരുവനന്തപുരത്തെ പദ്‌മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും പദ്‌മനാഭപുരം, കൃഷ്ണപുരം (ഗജേന്ദ്രമോക്ഷം ചുവർചിത്രം) എന്നീ കൊട്ടാരങ്ങളിലെയും ചുവർചിത്രങ്ങൾ മധ്യകാലഘട്ടത്തിൽ വരച്ചെന്ന് കരുതപ്പെടുന്നു. കേരളത്തിന്റെ സ്വന്തം ശൈലിയിലുള്ള ചുവർചിത്രങ്ങളിൽ ഏറ്റവും പഴക്കംചെന്ന ചുവർചിത്രം എന്ന് വിശ്വസിക്കപ്പെടുന്നത് തിരുനന്ദിക്കര ഗുഹാക്ഷേത്രത്തിലെ ചുവർചിത്രമാണ് (കന്യാകുമാരി).

പത്മനാഭപുരം കൊട്ടാരത്തിലെ മഹാവിഷ്ണു, പൂതനാമോക്ഷം, ബകവധം, കാളിയമർദ്ദനം, ശ്രീരാമപട്ടാഭിഷേകം എന്നിങ്ങനെയുള്ള ചിത്രങ്ങൾ പ്രസിദ്ധങ്ങളാണ്. പനയനാർകാവ് ക്ഷേത്രം, മലപ്പുറം കോട്ടയ്ക്കൽ ശിവക്ഷേത്രം, ഏറ്റുമാനൂർ ക്ഷേത്രം, കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് പുണ്ഡരീകപുരം ക്ഷേത്രം എന്നിവിടങ്ങളിലെ ചിത്രങ്ങളും മട്ടാഞ്ചേരി കൊട്ടാരത്തിലെ ചിത്രങ്ങളും പ്രസിദ്ധമാണ്. ക്രൈസ്തവ ദേവാലയങ്ങളിലും ചുവർച്ചിത്രങ്ങളുണ്ട്. കണ്ണൂർ, കൊരട്ടി, എറണാകുളം ജില്ലയിലെ അകപ്പറമ്പ്, ആലപ്പുഴ ജില്ലയിലെ ചേപ്പാട് എന്നീ പള്ളികളിലെ ക്രിസ്തീയ ചുവർച്ചിത്രങ്ങളും പ്രസിദ്ധങ്ങളാണ്. കോട്ടയം പള്ളിയിൽ ക്രിസ്തുവിന്റെ തിരുവത്താഴം പ്രമേയമായ ചുവർച്ചിത്രമുണ്ട്. കാഞ്ഞൂർ പള്ളിയിലെ ചുവർച്ചിത്രത്തിൽ ടിപ്പുവിന്റെ പടയോട്ടം ചിത്രീകരിച്ചിട്ടുണ്ട്. ഗുരുവായൂരിലും ആറന്മുള വാസ്തു വിദ്യാഗുരുകുലത്തിലും ചുവർച്ചിത്രരചനയ്ക്കു പരിശീലനം നൽകുന്നു.

ഗജേന്ദ്രമോക്ഷം ചുവർചിത്രം

കേരളത്തിലെ വലിയ ചുവർചിത്രങ്ങളിലൊന്നാണ് ഗജേന്ദ്രമോക്ഷം ചുവർചിത്രം. ആലപ്പുഴ ജില്ലയിലെ കായംകുളത്തുള്ള കൃഷ്ണപുരം കൊട്ടാരത്തിലാണ് 'ഗജേന്ദ്രമോക്ഷം ചുവർചിത്രം' സ്ഥിതിചെയ്യുന്നത്. മഹാഭാരതത്തിലെ 'അഷ്ടമസ്കന്ധം' കഥ ഇതിവൃത്തമാക്കിയുള്ള ചുവർചിത്രമാണിത്. 154 ചതുരശ്ര അടിയാണ് ഗജേന്ദ്രമോക്ഷം ചുവർചിത്രത്തിന്റെ വിസ്തീർണ്ണം. പച്ചിലച്ചാറ്, പഴച്ചാറ്, മഞ്ഞൾപൊടി, ചുണ്ണാമ്പ്, ഇഷ്ടികപ്പൊടി, പനച്ചക്കയുടെ പശ, കള്ളിമുള്ളിന്റെ നീര് എന്നിവ ഉപയോഗിച്ചാണ് ഈ ചിത്രം വരച്ചിരിക്കുന്നത്.

ഫ്രീഡംവാൾ ചുവർചിത്രം

തിരുവനന്തപുരം ഗവൺമെന്റ് സംസ്കൃത കോളേജിലെ ചുവർചിത്രമാണ് ഫ്രീഡംവാൾ. 20,000 അടി വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന വിപുലമായ മ്യൂറൽ ആർട്ടാണ് ഫ്രീഡംവാൾ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ടതാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ സംബന്ധിച്ചുള്ള ഏറ്റവും വലിയ ചുവർചിത്രമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ പ്രഖ്യാപിക്കപ്പെട്ടു.

കേരളത്തിലെ ചിത്രകാരന്മാർ

കേരളീയ ചിത്രകലയ്ക്ക് ആഗോളപ്രശസ്തി നേടിക്കൊടുത്ത ചിത്രകാരനാണ് രാജാരവിവർമ. യൂറോപ്യൻ ചിത്രകലാശൈലിയും ഭാരതീയ ചിത്ര കലാസമ്പ്രദായവും സമന്വയിപ്പിച്ച ചിത്രകലാശൈലിയാണ് രവിവർമയുടേത്. ചോഴമണ്ഡലം എന്ന ചിത്രകലാകേന്ദ്രത്തിന്റെ സ്ഥാപകനായ കെ.സി.എസ്.പണിക്കർ പ്രസിദ്ധനായ ചിത്രകാരനാണ്. വാക്കുകളും പ്രതീകങ്ങളും എന്ന അദ്ദേഹത്തിന്റെ ചിത്രപരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടു. എ.എസ്.നമ്പൂതിരി, എം.വി.ദേവൻ തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്. ചോഴമണ്ഡലത്തിന്റെ മാതൃകയിൽ എം.വി.ദേവൻ സ്ഥാപിച്ച കലാകേന്ദ്രമാണ് മാഹിയിലെ കേരളകലാഗ്രാമം. സി.എൻ.കരുണാകരൻ, ടി.കെ.പത്മിനി തുടങ്ങിയവർ ചിത്രകലയിൽ സ്വന്തം ശൈലി രൂപപ്പെടുത്തിയ ചിത്രരചയിതാക്കളാണ്.

കാർട്ടൂൺ

ചിരിയും ചിന്തയും സമന്വയിപ്പിച്ച രേഖാചിത്രകലയാണ് കാർട്ടൂൺ. കേരളത്തിലെ എല്ലാ പ്രമുഖ ദിനപത്രങ്ങളിലും കാർട്ടൂൺ പംക്തികളുണ്ട്. കാർട്ടുണിസ്റ്റ് ശങ്കർ, പി.കെ.മന്ത്രി, സാഹിത്യകാരനായ ഒ.വി വിജയൻ, ചലച്ചിത്രകാരനായ അരവിന്ദൻ, അബു എബ്രഹാം, ബി.എം.ഗഫൂർ തുടങ്ങിയവർ കഴിഞ്ഞതലമുറയിലെ ദേശീയതലത്തിൽ പ്രസിദ്ധരായ കേരളീയ കാർട്ടൂണിസ്റ്റുകളാണ്.

ചിത്രകലയുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികൾ

രാജാരവിവർമ

കേരളീയ ചിത്രകലയ്ക്ക് ആഗോളപ്രശസ്തി നേടിക്കൊടുത്ത ചിത്രകാരനാണ് രാജാരവിവർമ. രാജാക്കന്മാരിൽ ചിത്രകാരൻ, ചിത്രകാരന്മാരിലെ രാജാവ് എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്നു. ഇദ്ദേഹത്തിന്റെ അമ്മാവനായ ഭരണി തിരുനാൾ രാജരാജ വർമയാണ് ആദ്യ ഗുരു. 'ചിത്രമെഴുത്ത് കോയിത്തമ്പുരാൻ' എന്നറിയപ്പെടുന്നു. ഇന്ത്യൻ ചിത്രകാരന്മാർക്കിടയിൽ അധികം പ്രചാരത്തിലില്ലായിരുന്ന എണ്ണച്ചായം എന്ന മാധ്യമം വിദേശികൾക്കു പോലും ചെയ്യാൻ കഴിയാത്തവിധം മികച്ച രീതിയിൽ പ്രയോഗിച്ചു എന്നതും, തന്റെ ചിത്രങ്ങൾ സാധാരണക്കാർക്കുപോലും ലഭ്യമാക്കി എന്നതും രവിവർമയുടെ മേന്മകളിൽ ചിലതാണ്. യൂറോപ്യൻ ചിത്രകലാശൈലിയും ഭാരതീയ ചിത്രകലാസമ്പ്രദായവും സമന്വയിപ്പിച്ച ചിത്രകലാശൈലിയാണ് രവിവർമയുടെത്. കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച അദ്ദേഹം എണ്ണച്ചായത്തിൽ രചിച്ച മുല്ലപ്പൂചൂടിയ നായർ സ്ത്രീ, ഹംസവും ദമയന്തിയും, ശകുന്തള, നിലാവത്തിരിക്കുന്ന സ്ത്രീ തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്. കലണ്ടറുകളിൽ ബഹുവർണത്തിൽ അച്ചടിച്ചുവരുന്ന ദേവീദേവന്മാരുടെ ചിത്രങ്ങളുടെ ആദ്യ മാതൃക രചിച്ചത് രാജാരവിവർമ്മയായിരുന്നു. കുമരകം സെന്റ് ഗ്രിഗോറിയസ് പള്ളിയിൽ സൂക്ഷിച്ചിട്ടുള്ള പരുമലതിരുമേനിയുടെ ചിത്രവും രാജാരവിവർമ വരച്ചതാണ്.

കെ.സി.എസ് പണിക്കർ

കോലഴി ചീരമ്പത്തൂർ ശങ്കരപ്പണിക്കർ എന്നാണ് മുഴുവൻ പേര്. 1911 മെയ് 31ന് കോയമ്പത്തൂരിലാണ് ജനിച്ചത്. മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽ പഠനം നടത്തുകയും പിൽക്കാലത്ത് അവിടെ പ്രിൻസിപ്പലാവുകയും ചെയ്തു. ഇന്ത്യാ ഗവൺമെന്റ് രാജ്യത്തെ 9 പ്രമുഖ കലാകാരന്മാരിൽ ഒരാളായി നാമനിർദേശം ചെയ്ത ബഹുമുഖ ചിത്രകാരനായിരുന്നു കെ.സി.എസ് പണിക്കർ. കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നു. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കു സമീപം 'ചോള മണ്ഡലം കലാഗ്രാമം' സ്ഥാപിച്ചു. 1944ൽ ചെന്നൈയിൽ പ്രോഗ്രസീവ് പെയിന്റേഴ്‌സ് അസോസിയേഷൻ സ്ഥാപിച്ചു. എം.വി.ദേവൻ, കെ.എം.വാസുദേവൻ നമ്പൂതിരി, സി.എൻ.കരുണാകരൻ, ടി.കെ.പത്മിനി, കാട്ടൂർ നാരായണ പിള്ള, കാനായി കുഞ്ഞിരാമൻ, അക്കിത്തം നാരായണൻ, പാരീസ് വിശ്വനാഥൻ തുടങ്ങിയവർ പ്രധാന ശിഷ്യന്മാർ. നൃത്തം ചെയ്യുന്ന പെൺകുട്ടി, മലബാർ കർഷകന്റെ ജീവിതം, പാപിനി, ക്രിസ്തുവും ലാസറും, ലുംബിനി, ഡോഗ്, വേർഡ്‌സ് ആൻഡ് സിംബൽസ് തുടങ്ങിയവ കെ.സി.എസ്.പണിക്കരുടെ പ്രശസ്ത ചിത്ര രചനകൾ.

ടി.കെ.പത്മിനി

1940 മെയ് 11ന് പൊന്നാനിയിലെ കാടഞ്ചേരിയിൽ ജനിച്ചു. കേരളത്തിലെ അമൃതാ ഷേർഗിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഗ്രാമീണ സ്ത്രീകളും അവരുടെ ജീവിതവുമാണ് പത്മിനി ചിത്രങ്ങളുടെ മുഖ്യപ്രമേയം. ഇരുണ്ട നിറങ്ങളും കട്ടി കൂടിയ രേഖകളും പത്മിനിയുടെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. ടി.കെ.പത്മിനിയുടെ ചിത്രങ്ങൾ റൊമാന്റിക്, എക്‌സ്പ്രഷനിസ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുന്നു. 1960 - 1969 വരെയുള്ള കാലയളവിൽ മുപ്പതോളം എണ്ണച്ചായ ചിത്രങ്ങൾ ഉൾപ്പെടെ 230 ചിത്രങ്ങൾ വരച്ചിട്ടുണ്ട്. നീലനദി, ധ്യാനം, നിലാവ്, ഡിസൈർ, ഡ്രീം ലാൻഡ്, ഡോൺ, വുമൺ, ഗ്രോത്ത്, ബറിയർ ഗ്രൗണ്ട്, പോർട്രെയിറ്റ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. പട്ടം പറത്തുന്ന പെൺകുട്ടിയാണ് അവസാനം വരച്ച ചിത്രം. 1969 മെയ് 11ന് 29 ആം വയസ്സിൽ അന്തരിച്ചു. ടി.കെ.പത്മിനി കലയും ജീവിതവും എന്ന പേരിൽ ജീവചരിത്രം രചിച്ചത് പൊന്ന്യം ചന്ദ്രൻ.

സി.എൻ.കരുണാകരൻ

1940ൽ ഗുരുവായൂരിനടുത്ത് ബ്രഹ്മകുളത്ത് ജനിച്ചു. രേഖകളാൽ സമൃദ്ധമായ തനതായ ഒരു രചനാസമ്പ്രദായത്തിനുടമയാണ് സി.എൻ.കരുണാകരൻ. കേരള ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാനായിരുന്നു. കേരളത്തിലെ ആദ്യ സ്വകാര്യ ആർട്ട് ഗ്യാലറിയായ 'ചിത്രകൂടം' സ്ഥാപിച്ചു. അദ്ദേഹത്തിന്റെ വിഖ്യാത ചിത്രമാണ് ട്രൈബൽ വിച്ചസ്.

കെ.എം.വാസുദേവൻ നമ്പൂതിരി (ആർട്ടിസ്റ്റ് നമ്പൂതിരി)

1925 സെപ്റ്റംബർ 13ന് പൊന്നാനിയിലെ കരുവാട്ടുമനയിലാണ് ജനിച്ചത്. കെ.സി.എസ്.പണിക്കരായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. രേഖാചിത്രരചനയിൽ തന്റേതായ ഒരു സവിശേഷരീതി അദ്ദേഹം രൂപപ്പെടുത്തിയിട്ടുണ്ട്. വരയുടെ പരമശിവൻ എന്ന് വി.കെ.എൻ വിശേഷിപ്പിച്ചത് ഇദ്ദേഹത്തെയാണ്. 1974ൽ ജി.അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന മലയാള ചിത്രത്തിലൂടെ മികച്ച കലാസംവിധായകനുള്ള അവാർഡ് ലഭിച്ചു. 2003ൽ രാജാരവിവർമ്മ പുരസ്കാരവും 2004'കുട്ടികളുടെ രാമായണം' എന്ന കൃതിയിൽ വരച്ച ചിത്രങ്ങൾക്ക് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡും ലഭിച്ചു. 2023 ജൂലൈ 7ന് അന്തരിച്ചു.

കാർട്ടൂണിസ്റ്റ് ശങ്കർ

ഇന്ത്യയിലെ രാഷ്ട്രീയ കാർട്ടൂണിന്റെ പിതാവായി കണക്കാക്കപ്പെടുന്നു. 1902 ജൂലൈ 31ന് കായംകുളത്ത് ജനനം. യഥാർഥ നാമം കേശവശങ്കർ പിള്ള. ശങ്കേഴ്‌സ്‌ വീക്കിലി, ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് (1957), ശങ്കേഴ്‌സ്‌ ഇന്റർനാഷണൽ ഡോൾസ്‌ മ്യൂസിയം (1965) എന്നിവ സ്ഥാപിച്ചു. 1989 ഡിസംബർ 26ന് അന്തരിച്ചു. കായംകുളത്തെ കൃഷ്ണപുരത്താണ് കേരള ലളിതകലാ അക്കാദമിയുടെ ശങ്കർ മെമ്മോറിയൽ നാഷണൽ കാർട്ടൂൺ മ്യൂസിയം ആൻഡ് ആർട്ട് ഗ്യാലറി സ്ഥിതിചെയ്യുന്നത്.

3. കളമെഴുത്ത്             

കേരളത്തിലെ ചില സമുദായങ്ങളിൽ പണ്ടുമുതലേ നിലവിലിരുന്ന ഒരു അനുഷ്ഠാനമാണ് കളമെഴുത്തും പാട്ടും. പ്രകൃതിദത്ത വർണപ്പൊടികളാൽ വിരലുകൾ ഉപയോഗിച്ച് തറയിൽ വരയ്ക്കുന്ന രചനാ രീതിയായ കളമെഴുത്ത് 'ധൂളി ചിത്രം'/'ധൂളി ശിൽപം' എന്നും അറിയപ്പെടുന്നു. പച്ച, മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് നിറങ്ങളിലുള്ള പൊടികളും (പഞ്ചവർണപ്പൊടി) അവയുടെ മിശ്രിതങ്ങളും ഉപയോഗിച്ചാണ് കളം വരയ്ക്കുക. കളം ഏതു ദേവതയുടേതാണോ ആ ദേവതയെ പാടി സ്തുതിക്കും. കളത്തിലെ നിറങ്ങൾക്ക് അഞ്ച് പ്രകൃതിദത്ത പദാർഥങ്ങളാണ് ഉപയോഗിക്കുന്നത്. വെള്ളയ്ക്ക് അരിപ്പൊടി, മഞ്ഞയ്ക്ക് മഞ്ഞൾ, കറുപ്പിന് കൽക്കരി, ചുവപ്പിന് കുമ്മായവും മഞ്ഞളും ചേർത്ത മിശ്രിതം, പച്ചയ്ക്ക് പൊടിച്ച ഇലകൾ. ഭദ്രകാളി ക്ഷേത്രങ്ങൾ, സർപ്പക്കാവുകൾ, അയ്യപ്പൻ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലാണ് കളമെഴുത്ത് പ്രധാനമായും നടത്തുന്നത്. കണിയാൻ, പുള്ളുവൻ, മലയൻ, വേലന്മാർ, മണ്ണാർ തുടങ്ങിയ വിഭാഗങ്ങളാണ് കളമെഴുത്ത് വരയ്ക്കുന്നത്. മധ്യകേരളത്തിലെ പുള്ളുവർ എന്ന സമുദായം നടത്തുന്ന അനുഷ്ഠാന ആചാരമാണ് നാഗകളം, സർപ്പപൂജയുമായി ബന്ധപ്പെട്ട പ്രത്യേക ആചാരമാണിത്. അയ്യപ്പൻ തീയാട്ട്, ഭദ്രകാളിത്തീയാട്ട് എന്നീ അനുഷ്ഠാന കലകളുടെ പ്രധാന ചടങ്ങാണ് കളമെഴുത്ത്.

4. കോലമെഴുത്ത്

കേരളത്തിലെ തമിഴ് ബ്രാഹ്മണർക്കിടയിൽ പ്രചാരമുള്ള ചിത്രകലാ രീതിയാണ് കോലമെഴുത്ത്. കുടുംബത്തിലെ സ്ത്രീകൾ എല്ലാ ദിവസവും രാവിലെ വീടിന്റെ മുൻവശത്ത് അരിപ്പൊടി ഉപയോഗിച്ച് 'കോലം' വരയ്ക്കുന്നു. സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയെ വരവേൽക്കുക എന്നതാണ് 'കോല'ത്തിന്റെ ലക്ഷ്യം.

5. മുഖത്തെഴുത്ത്

ആചാരപരമായ കലാരൂപങ്ങളിൽ കലാകാരന്മാരുടെ മുഖത്ത് ചായമിടുന്നതിനെയാണ് മുഖത്തെഴുത്ത് എന്ന് പറയുന്നത്. മുടിയേറ്റ്, തെയ്യം, തിറ, തുള്ളൽ, കാളിയൂട്ട്, കഥകളി, കൃഷ്ണനാട്ടം, കൂടിയാട്ടം, കൂത്ത് തുടങ്ങിയ കേരളത്തിലെ വിവിധ കലാരൂപങ്ങളിൽ മുഖത്തെഴുത്ത് അനിവാര്യമാണ്. അവതരിപ്പിക്കുന്ന ദേവതാരൂപത്തിന്റെ ഭാവമനുസരിച്ചാണ് മുഖത്തെഴുത്ത്. പുള്ളിട്ടെഴുത്ത്, ശംഖിട്ടെഴുത്ത്, ഹനുമാൻ, കണ്ണിട്ടെഴുത്ത്, മാൻകണ്ണിട്ടെഴുത്ത്, അഞ്ചുപുള്ളിയിട്ടെഴുത്ത് തുടങ്ങിയവയാണ് പരമ്പരാഗതമായി പിന്തുടരുന്ന മുഖത്തെഴുത്ത് രീതികൾ.

6. മുഖാവരണങ്ങൾ

നാടോടി ചിത്രകലയുടെ മറ്റൊരു രൂപമാണ് മുഖാവരണങ്ങൾ. കമുകിൻ പാളയിൽ വിവിധ നിറങ്ങളുടെ സഹായത്താൽ രൂപം കൊടുക്കുന്ന പൊയ്മുഖങ്ങളാണ് മുഖാവരണങ്ങൾ. പടയണിക്ക് ഉപയോഗിക്കുന്ന മുഖാവരണങ്ങൾ നാടൻ ചിത്രകലയുടെ മറ്റൊരു രൂപമാണ്.

ശില്പകല

കല്ല്, തടി, ലോഹം, കളിമണ്ണ് എന്നിവകൊണ്ട് വാർത്തെടുത്തോ, കൊത്തിയെടുത്തോ ഉണ്ടാക്കുന്നവയാണ് ശില്പങ്ങൾ. മഠത്തിൽ വാസുദേവൻ (എം.വി. ദേവൻ), കാനായി കുഞ്ഞിരാമൻ എന്നിവർ കേരളത്തിലെ പ്രമുഖ ശില്പികളാണ്. കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരം രൂപകല്പനചെയ്തതും കൊല്ലം നെഹ്റുപാർക്കിലെ 'അമ്മയും കുഞ്ഞും' എന്ന പൂർണകായശില്പം നിർമിച്ചതും എം.വി. ദേവനാണ്. ന്യൂമാഹിയിൽ മയ്യഴിപ്പുഴയുടെ തീരത്ത് കലാപഠനത്തിനും സാംസ്ക്കാരിക സംവാദങ്ങൾക്കുമുള്ള വേദിയായ മലയാളകലാഗ്രാമം സ്ഥാപിക്കുന്നതിൽ എം.വി. ദേവൻ മുഖ്യപങ്കുവഹിച്ചു. യക്ഷി (മലമ്പുഴഡാം), ശംഖ് (വേളികടപ്പുറം), ജലകന്യക (ശംഖുംമുഖം), അമ്മയും കുഞ്ഞും (പയ്യാമ്പലം) എന്നിവ കാനായി കുഞ്ഞിരാമന്റെ പ്രശസ്തമായ ശില്പങ്ങളാണ്.

കാനായി കുഞ്ഞിരാമൻ

1937 ജൂലൈ 25ന് കാസർഗോഡ് ജില്ലയിലെ കുട്ടമത്ത് എന്ന സ്ഥലത്ത് ജനിച്ചു. കേരളത്തിലെ ഏറ്റവും പ്രശസ്ത ശിൽപികളിൽ ഒരാളാണ് കാനായി. പ്രശസ്ത ചിത്രകാരനായ കെ.സി.എസ്.പണിക്കരും ശില്പിയായ ദേവി പ്രസാദ് റോയ് ചൗധരിയും ഇദ്ദേഹത്തിന്റെ ഗുരുനാഥന്മാരാണ്. 1960ൽ മദ്രാസിലെ ഫൈൻ ആർട്സ് കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസോടെ ശില്പകലയിൽ ഡിപ്ലോമ കരസ്ഥമാക്കുകയും 1965ൽ ലണ്ടനിലെ Slade School of Artsൽ നിന്ന് ശില്പകലയിൽ ഉപരിപഠനം പൂർത്തിയാക്കുകയും ചെയ്തു. കാനായി കുഞ്ഞിരാമന്റെ ആദ്യകാല സൃഷ്ടികളിലൊന്നായ തകരപ്പാളിയിൽ തീർത്ത 'അമ്മ' എന്ന ശിൽപം ഒരു കലാകാരൻ തന്റെ സമൂഹത്തിൽ നിന്നും ചരിത്രത്തിൽ നിന്നും കേട്ടുകേൾവികളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നു എന്നതിന്റെ മകുടോദാഹരണമാണ്. യക്ഷി (മലമ്പുഴ ഡാം), ശംഖ് (വേളി കടപ്പുറം), ജലകന്യക (ശംഖുമുഖം കടപ്പുറം), അമ്മയും കുഞ്ഞും (പയ്യാമ്പലം, കണ്ണൂർ), മുക്കോല പെരുമാൾ (കൊച്ചി) എന്നിവയാണ് പ്രധാന ശില്പങ്ങൾ. രാജാരവിവർമ്മ പുരസ്‌കാരം (2005), പി.എൻ.പണിക്കർ ഫൗണ്ടേഷൻ അക്ഷര അവാർഡ് (2010), എം.എസ്.നഞ്ചുണ്ടറാവു ദേശീയ അവാർഡ് (2018) തുടങ്ങിയവയാണ് കാനായി കുഞ്ഞിരാമന് ലഭിച്ച പ്രധാന പുരസ്‌കാരങ്ങൾ.

കരകൗശല വിദ്യ

കൈകൾ കൊണ്ട് രൂപ കൽപനചെയ്ത് നിർമ്മിച്ചെടുക്കുന്ന വിദ്യക്കാണ് കരകൗശലം എന്ന് വിളിക്കുന്നത്. ഇവ മിക്കവാറും കുടിൽ വ്യവസായങ്ങളായിരിക്കും. ചെറിയ മൺപാത്രങ്ങൾ മുതൽ പതിനായിരങ്ങൾ വിലമതിക്കുന്ന പരവതാനികൾ വരെ കരകൗശല വിദ്യകൊണ്ട് ഉത്പാദിപ്പിക്കുന്നുണ്ട്. യന്ത്രങ്ങളുടെ ഉപയോഗം വളരെ പരിമിതമായിരിക്കും. മിക്കവാറും കൈകൊണ്ടുണ്ടാക്കുന്ന, വ്യത്യസ്തമായ ഉല്പന്നങ്ങളായിരിക്കും ഇവ.

വാസ്തു വിദ്യ

കെട്ടിടങ്ങളുടെയും മറ്റു ഭൗതിക നിർമ്മിതികളുടെയും രൂപപ്പെടുത്തുന്നതിലെ കലയും ശാസ്ത്രവും കൂടിച്ചേർന്നതാണ് വാസ്തുവിദ്യ. ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജിച്ചാണ് വാസ്തു വിദ്യ തയ്യാറാക്കുന്നത്.

കേരളത്തിലെ ശ്രാവ്യ കലകൾ

കേൾക്കുന്ന മാത്രയിൽ മനുഷ്യമനസ്സിൽ അനുഭൂമി ഉളവാക്കുന്ന മധുരമായ സംഗീതം കാതിനും മനസ്സിനും ഒരേ പോലെ ഇമ്പം നൽകുന്നു. മനുഷ്യ മനസ്സുകളെ തരളിതവും മൃദുലവുമാക്കാൻ കെല്പുള്ള കലാരൂപങ്ങളിൽ പ്രധാനപ്പെട്ടതാണ് സംഗീതം. കേരളത്തിന്റെ സംഗീതപാരമ്പര്യത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അനുഷ്ഠാന കലകളിലെയും നാടൻകലാരൂപങ്ങളിലെയും വള്ളംകളിപോലുള്ള വിനോദങ്ങളിലെയും പാട്ടുകൾ, ആദിവാസിപ്പാട്ടുകൾ, നാടൻ പാട്ടുകൾ എന്നിവ ഇതിൽപ്പെടുന്നു. ഇവയിൽ പലതും ശാസ്ത്രീയമായി അഭ്യസിക്കുന്നതോ കൃത്യമായി ചിട്ടപ്പെടുത്തിയതോ അല്ല. ഗായകന്റെ ഇംഗിതത്തിനും സന്ദർഭത്തിനുമനുസരിച്ച് മാറ്റങ്ങൾ വരുത്താനാവുന്ന അയഞ്ഞ ഘടനയുള്ള ഗാനരൂപങ്ങളാണിവ. താളാധിഷ്ഠിതമായി ചിട്ടപ്പെടുത്തിയ, കേരളത്തിന്റെ തനതുസംഗീതരൂപമാണ് സോപാനസംഗീതം. സോപാനസംഗീതത്തിന്റെ ഏറ്റവും മികച്ച മാതൃക കഥകളി സംഗീതമാണ്. ഭാരതീയ ശാസ്ത്രീയ സംഗീതത്തിലെ രണ്ടു പ്രധാനധാരകളായ കർണാടക സംഗീതത്തിനും ഹിന്ദുസ്ഥാനി സംഗീതത്തിനും കേരളം മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. സ്വാതി തിരുനാൾ, ഇരയിമ്മൻ തമ്പി, കുട്ടികുഞ്ഞു തങ്കച്ചി, കെ.സി.കേശവപിള്ള തുടങ്ങിയവർ മുതൽ സമകാലികർ വരെ നീളുന്ന പാരമ്പര്യമുണ്ട് കേരളസംഗീതത്തിന്. മാർഗ്ഗ സംഗീതം, ദേശി സംഗീതം, സോപാന സംഗീതം, കർണ്ണാടക സംഗീതം, നാടൻ പാട്ടുകൾ, കഥാപ്രസംഗം, സമകാലിക ലളിത സംഗീതം തുടങ്ങിയവയാണ് കേരളത്തിലെ ശ്രാവ്യകലകൾ.

മാർഗ്ഗ സംഗീതം

ആദ്യമായി ഉടലെടുത്ത സംഗീത ശാഖയാണ് മാർഗ്ഗ സംഗീതം. വേദോച്ചാരണങ്ങൾക്കും യാഗങ്ങൾക്കും ഉപയോഗിച്ചിരുന്നു. മതാനുഷ്ഠാനങ്ങൾക്കും ക്ഷേത്രങ്ങളിലും പ്രധാനമായി ഉപയോഗിച്ചിരുന്നു. നിശ്ചിതമായ ചിട്ടകളെയും തത്വങ്ങളെയും ആധാരമാക്കുന്ന ക്ലാസിക്കൽ പാരമ്പര്യമാണ്.

ദേശി സംഗീതം

പ്രാദേശിക സംഗീത രീതികളിൽ നിന്ന് ഉരിത്തിരിഞ്ഞ് വന്നതും ചിട്ടകളിൽ അയവുള്ളതുമായ പാരമ്പര്യമാണ് ദേശി സംഗീതം. ഗ്രാമ്യ സംഗീതം, ഗ്രാമീണ സംഗീതം എന്നിങ്ങനെ അറിയപ്പെടുന്നു. ഇവയിൽ നിന്നും ഉടലെടുത്ത വ്യത്യസ്ത ശൈലികൾ ക്രോഡീകരിച്ചുണ്ടായ രണ്ടു പ്രധാന ശാഖകളാണ് കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം എന്നിവ.

സോപാന സംഗീതം

ദ്രാവിഡ സംഗീതത്തിന്റെ തുടർച്ച എന്നറിയപ്പെടുന്ന കേരളത്തിന്റെ തനത് സംഗീത ശൈലിയാണ് സോപാന സംഗീതം. സോപാന സംഗീതത്തിന്റെ കുലപതി എന്നറിയപ്പെടുന്നത് ഞെരളത്ത് രാമപ്പൊതുവാളാണ് (ആത്മകഥ - സോപാനം). സോപാന സംഗീതത്തിന്റെ ജനകീയ ആവിഷ്ക്കാരമായ ജനഹിത സോപാനം ആവിഷ്ക്കരിച്ചത് ഞെരളത്ത് രാമപ്പൊതുവാളാണ്. സോപാന സംഗീതം രാഗാധിഷ്ഠിതമാണ്. ഇന്ദിശ, ദേശാക്ഷി, ഇന്ദളം, പാടി, ഭൂപാളം, പുറനീർ, കാമോദരി എന്നിവയാണ് സോപാന സംഗീതത്തിന് ഉപയോഗിക്കുന്ന രാഗങ്ങൾ. ഏകം, ചമ്പ, ചെമ്പട, അടന്ത, മുറിയടന്ത, ത്രിപുട എന്നിവയാണ് താളങ്ങൾ. കേരളീയ ക്ഷേത്രങ്ങളിലാണ് സോപാന സംഗീതത്തിന്റെ ആരംഭം. ഇടയ്ക്കയാണ് സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന വാദ്യം. കൊട്ടിപ്പാടി സേവ, രംഗസോപാനം എന്നിങ്ങനെ സോപാന സംഗീതം രണ്ടുതരത്തിലുണ്ട്. സോപാനം എന്നത് ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലുള്ള ചവിട്ട് പടിയാണ്. ക്ഷേത്രത്തിന്റെ സോപാനത്തിൽ നിന്ന് കൊണ്ട് പൂജാവേളയിൽ മാരാർ, ഇടയ്ക്ക കൊട്ടി പാടുന്നതിനെയാണ് 'കൊട്ടിപ്പാടി സേവ' എന്നു പറയുന്നത്. സോപാന സംഗീതത്തിന്റെ പ്രധാനപ്പെട്ട ശാഖയാണ് അരങ്ങ് സംഗീതം. ഇതിനെ അഭിനയ സംഗീതം എന്നും പറയാം. അരങ്ങിൽ ഗായകൻ പാടുകയും വാദ്യക്കാരൻ കൊട്ടുകയും നടൻ അതനുസരിച്ച് വിവിധ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് അഭിനയിക്കുകയും ചെയ്യും. ഇതാണ് അരങ്ങ് സംഗീതം. ഉദാഹരണം - കഥകളി, കൂടിയാട്ടം, കൃഷ്ണനാട്ടം, മുടിയേറ്റ്, അർജുന നൃത്തം. . കഥകളിയിൽ ഉപയോഗിക്കുന്നത് സോപാന സംഗീതമാണ്. ഗാനകാല നിയമമനുസരിച്ച് രാഗങ്ങൾ പ്രയോഗിക്കപ്പെടുന്നതിനാലാണ് സോപാന സംഗീതത്തെ 'സമയസംഗീതം' എന്നു വിശേഷിപ്പിക്കുന്നതിന് കാരണം. പുതുശ്ശേരി രാഘവ കുറുപ്പ് (സോപാന സംഗീതത്തിന് ചിട്ടയായ രൂപം നൽകി), ഞെരളത്ത് ഹരിഗോവിന്ദൻ, അമ്പലപ്പുഴ വിജയകുമാർ എന്നിവരാണ് പ്രധാന സോപാന സംഗീത കലാകാരന്മാർ.

കർണ്ണാടക സംഗീതം

ദക്ഷിണേന്ത്യയുടെ സംഗീതമാണ് കർണാടക സംഗീതം. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പുരന്ദരദാസന്റെ കാലത്താണ് അതിന്റെ തുടക്കം. ഭക്തിയും സംഗീതവും ഒന്നിച്ചൊഴുകിയ വഴികളിലാണ് കർണാടക സംഗീതം ഉറവയെടുത്തത്. പുരന്ദരദാസൻ തുടങ്ങിയ ആചാര്യന്മാർക്ക് ഭക്തിയും സംഗീതവും ജീവിതവും ഒന്നു തന്നെയായിരുന്നു. എല്ലാം മറന്നുള്ള അവരുടെ നാദോപാസന കർണാടക സംഗീതത്തിന്റെ വളർച്ചയ്ക്കു കാരണമായി. ഒരു ദക്ഷിണേന്ത്യൻ നദി പോലെ അത് കർണാടകത്തിലും തമിഴ്‌നാട്ടിലുമൊഴുകി കേരളത്തിലുമെത്തി. തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാളിന്റെ കാലത്താണ് കേരളത്തിൽ കർണാടക സംഗീതം എന്നറിയപ്പെടുന്ന ആധുനിക ദക്ഷിണേന്ത്യൻ സംഗീതം പ്രചരിച്ച് തുടങ്ങിയത്. കർണാടക സംഗീതം കേരളത്തിലേക്കുകൊണ്ടുവന്നത് സംഗീതത്തിന്റെ മാധുര്യം മാത്രമല്ല. ചരിത്രം, സംസ്കാരം, സൗന്ദര്യബോധം തുടങ്ങി പലതും അതു നമക്കു നൽകി. ഇരയിമ്മൻ തമ്പി, ഷഡ്കാല ഗോവിന്ദ മാരാർ, പരമശിവം ഭാഗവതർ എന്നിവർ സ്വാതി തിരുനാളിന്റെ സദസ്സിലെ പ്രധാന സംഗീതജ്ഞരായിരുന്നു. കർണാടകം സംഗീതത്തിന് പ്രമുഖ സംഭാവന നൽകിയവരാണ് ചെമ്പൈ വൈദ്യ നാഥ ഭാഗവതർ, കെ.സി.കേശവപിള്ള, ടി.വി.ഗോപാല കൃഷ്ണൻ, ഡോ.ഓമനക്കുട്ടി, മാവേലിക്കര പ്രഭാകരവർമ്മ, കുട്ടികുഞ്ഞ് തങ്കച്ചി, ആറ്റൂർ കൃഷ്ണ പിഷാരടി, പാറശ്ശാല ബി.പൊന്നമ്മാൾ, നെയ്യാറ്റിൻകര വാസുദേവൻ.

നാടൻ പാട്ടുകൾ

എഴുതിയ സാഹിത്യം പോലെ തന്നെ എഴുതപ്പെടാത്ത സാഹിത്യവുമുണ്ട്. തലമുറകളിലൂടെ വാമൊഴിയായാണ് ഇത്തരം സാഹിത്യം കൈമാറ്റം ചെയ്യപ്പെടുന്നത്. നാടൻ പാട്ടുകളും പഴഞ്ചൊല്ലുകളുമൊക്കെ ഈ വിഭാഗത്തിൽ പെടുന്നു. കേരളത്തിന്റെ ഓരോ പ്രദേശത്തിന്റെയും കഥ പറയുന്ന വായ്‌മൊഴിയായുള്ള പാട്ടുകളാണ് നാടൻ പാട്ടുകൾ. വ്യത്യസ്ത പ്രാദേശിക ജീവിതരീതിയും ആഘോഷങ്ങളും വെളിവാക്കുന്ന പാട്ടുകളാണ് ഇത്. പ്രാദേശികമായി നിർമിച്ച വാദ്യോപകരണങ്ങളാണ് പൊതുവെ നാടൻപാട്ടുകൾക്ക് ഉപയോഗിക്കുന്നത്. സംഗീതത്തിലെ ഏറ്റവും ജനപ്രിയമായ മേഖലകളിലൊന്നാണ് നാടൻപാട്ടുകൾ. മലയാളത്തിൽ നൂറുകണക്കിനു നാടൻ പാട്ടുകളുണ്ട്. അവയിൽ ചിലത് ആചാരങ്ങളുമായി ബന്ധപ്പെട്ടതാണ്. കല്യാണപ്പാട്ട്, തുയിലുണർത്തുപ്പാട്ട്, സർപ്പപ്പാട്ട്, കൈകൊട്ടിക്കളിപ്പാട്ട് ഇങ്ങനെ പോകുന്നു അനുഷ്ഠാനപരമായ നാടൻ പാട്ടുകൾ. മനോഹരമായ കഥകൾ പറയുന്ന നാടൻപാട്ടുകളുമുണ്ട്. നമ്മുടെ നാടൻ പാട്ടുകളെ തെക്കൻ പാട്ടുകളെന്നും വടക്കൻ പാട്ടുകളെന്നും രണ്ടായി തിരിച്ചിട്ടുണ്ട്. വടക്കൻ പാട്ടുകളും തെക്കൻപാട്ടുകളും സാധാരണയായി ആലപിക്കുന്നത് പാണർ വിഭാഗത്തിൽപ്പെടുന്ന ഗായകരാണ്. യുദ്ധവീരന്മാരായ നായകന്മാരുടെ കഥകളാണ് വടക്കൻ പാട്ടുകളിൽ. യുദ്ധവും സാഹസികതയും ചതിയും ലഹളയും നിറഞ്ഞു നിൽക്കുന്ന വടക്കൻ പാട്ടുകളിലെ കഥകൾ രസകരമാണ്. തെക്കൻ പാട്ടുകളിൽ തമിഴിന്റെ സ്വാധീനം തെളിഞ്ഞു കാണാവുന്നതാണ്. പ്രശസ്തമായ ഒരു തെക്കൻ പാട്ടാണ് 'ഇരവിക്കുട്ടിപ്പിള്ളപ്പോര്'. പല ജാതിയിൽ പെട്ടവർക്ക് അവരുടേതായ പാട്ടുകൾ ഉണ്ടായിരുന്നു. വേലൻ പാട്ട്, ചാറ്റുപാട്ട്, മാപ്പിളപ്പാട്ട് എന്നിവ ഉദാഹരണങ്ങളാണ്. എഴുതപ്പെട്ട സാഹിത്യം എല്ലാവർക്കും കിട്ടിയെന്ന് വരികയില്ല. എന്നാൽ നാടൻ പാട്ടുകൾ എല്ലാവരുടെയുമായിരുന്നു. സാധാരണക്കാരും കൃഷിക്കാരുമെല്ലാം നാടൻ പാട്ടുകൾ പാടിനടന്നിരുന്നു. ദൈവത്തെ പ്രാർത്ഥിക്കുവാനും പ്രകൃതിയെ ആരാധിക്കുവാനും തനതായ നാടൻ പാട്ടുകൾ ഉണ്ട്. സംഗീതാംശം അനുസരിച്ച് നാടൻപാട്ടുകളെ പൊതുവെ പരിഷ്കൃതം, അപരിഷ്കൃതം എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്. അപരിഷ്കൃതമായ നാടോടിപ്പാട്ടുകളിൽ ഉൾപ്പെടുന്നവയാണ് ഞാറ്റുപാട്ട്, വേടൻപാട്ട്, താനാട്ടം, വട്ടിപ്പാട്ട്, അടിതളിപ്പാട്ട്, കാണിപാട്ട് തുടങ്ങിയവ. ഇത്തരം വിഭജനങ്ങൾക്ക് ഏറെ പരിമിതികൾ ഉള്ളതിനാൽ ഡോ.എം.വിഷ്ണു നമ്പൂതിരി നാടൻ പാട്ടുകളെ നാല് വിഭാഗങ്ങളായി തരം തിരിച്ചു - വംശീയ (സാമുദായിക) പാട്ടുകൾ, അനുഷ്ഠാന പാട്ടുകൾ, വിനോദപ്പാട്ടുകൾ, പണിപ്പാട്ടുകൾ/തൊഴിൽപ്പാട്ടുകൾ.

വംശീയ (സാമുദായിക) പാട്ടുകൾ

നാടൻ പാട്ടുകളിൽ ഭൂരിഭാഗവും ജാതി, വർഗ, സാമുദായിക, വംശീയ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവയാണ്. ഈ പാട്ടുകളിൽ അവ കൈകാര്യം ചെയ്യുന്ന സമുദായത്തിന്റെ സാംസ്കാരികവും ഭാഷാപരവുമായ പ്രത്യേകതകൾ കാണാൻ സാധിക്കും.

ഉദാഹരണം - പുള്ളുവൻ പാട്ട്, വേലർപാട്ട്, മലയർ പാട്ട്, ബ്രാഹ്മണി പാട്ട്, പുലയർ പാട്ട്, മാപ്പിളപ്പാട്ട്

അനുഷ്ഠാന പാട്ടുകൾ

ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായി അനുഷ്ഠിക്കുന്ന ജാതി/മതപരമായ കർമ്മങ്ങൾ, ആരാധനകൾ, മന്ത്രവാദക്രിയകൾ, ഉച്ചാടന കർമ്മങ്ങൾ, ദേവതോപാസന, അനുഷ്ഠാനപരമായ ഉത്സവാഘോഷങ്ങൾ തുടങ്ങിയവയ്ക്കു വേണ്ടി പാടുന്ന പാട്ടുകളാണ് അനുഷ്ഠാന പാട്ടുകൾ.

ഉദാഹരണം - തോറ്റംപാട്ടുകൾ, സർപ്പപ്പാട്ടുകൾ, മുടിയേറ്റുപ്പാട്ടുകൾ, പടയണിപ്പാട്ടുകൾ, കുത്തിയോട്ടപ്പാട്ടുകൾ, കണ്ണേർ പാട്ട്, കളം പാട്ടുകൾ

വിനോദ പാട്ടുകൾ

വിനോദത്തിനും കളികൾക്കും വേണ്ടി പാടുന്ന പാട്ടുകൾ.

ഉദാഹരണം - കോൽക്കളി, ചവിട്ടുകളി, കൈകൊട്ടിക്കളി, ദഫ്‌കളി, ചരടുപിന്നിക്കളി, പരിചകളി

തൊഴിൽപ്പാട്ടുകൾ

ആളുകളുടെ തൊഴിലുമായി ബന്ധപ്പെട്ട പാട്ടുകളാണിവ. തൊഴിലിന്റെ ആയാസം കുറയ്ക്കുന്നതിനുവേണ്ടി ആനന്ദവും ആശ്വാസവും നൽകുകയാണ് ഇത്തരം പാട്ടുകളുടെ ധർമ്മം. ഓരോ തൊഴിലിനും യോജിച്ച ഈണത്തിൽ വളരെ സാധാരണമായ നാടൻ വാക്കുകൾ കൊണ്ടാണ് ഈ പാട്ടുകൾ ഉണ്ടാക്കിയിരിക്കുന്നത്.

ഉദാഹരണം - വള്ളപ്പാട്ട്, ചക്രപ്പാട്ട്, കൊയ്ത്തുപാട്ട്

നാടൻപാട്ടുകളെ അവയുടെ വംശീയ പാരമ്പര്യം, അവതരണ പശ്ചാത്തലം, ഇതിവൃത്ത സ്വഭാവം, ദേശഭേദം, പാട്ടുകളുടെ ധർമം, രസാനുഭൂതി തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലും വർഗീകരിച്ചു കാണുന്നുണ്ട്. ഉള്ളൂർ.എസ് പരമേശ്വരയ്യരുടെ കേരള സാഹിത്യ ചരിത്രത്തിൽ, ഗാനപാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ ഓലയുടെയും നാരായത്തിന്റെയും ഒത്താശ കൂടാതെ പ്രചരിക്കുന്ന നാടോടിപ്പാട്ടുകളെ ദേവതാപൂജ, വീരപുരുഷാരാധന, വിനോദം, ശാസ്ത്രം, കുലവൃത്തി, സദാചാരം എന്നീ വിഷയങ്ങളിലായി ആറ് വിധത്തിലാണു വിഭജിച്ചു കാണുന്നത്.

കഥാപ്രസംഗം

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സമൂഹത്തിലെ ജനങ്ങളെ ബോധവൽക്കരിക്കാനായി ആരംഭിച്ച കലാരൂപമാണ് കഥാപ്രസംഗം. ഒരു കഥാപ്രസംഗകനും കുറച്ചു പിന്നണിയും അടങ്ങിയതാണ് കഥാപ്രസംഗ സദസ്സ്. കഥാപ്രസംഗകനെ കാഥികൻ എന്നു വിളിക്കുന്നു. കാഥികൻ വളരെ നാടകീയമായി കഥയെ ഗാനങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നു.

സമകാലിക ലളിത സംഗീതം

മലയാളത്തിലെ ഏറ്റവും ജനകീയമായ കലാശാഖയാണ് ലളിത സംഗീതം. ഉദാഹരണം - ചലച്ചിത്ര ഗാനങ്ങൾ, നാടക ഗാനങ്ങൾ എന്നിവ. കവിതകൾക്ക് വ്യത്യസ്തമായ ഈണവും താളവും നൽകിയാണ് ഗാനമാക്കി മാറ്റുന്നത്. ഈ ശാഖയെ ജനങ്ങളിലെത്തിക്കുന്നതിന് പ്രധാന പങ്ക് വഹിച്ചത് ആകാശവാണി, ദൂരദർശൻ എന്നീ സ്ഥാപനങ്ങൾ.

4. കേരളത്തിലെ വാദ്യങ്ങൾ

വാദ്യം എന്നാൽ വാദ്യോപകരണം എന്നാണർത്ഥം. ഏറ്റവും പഴക്കം ചെന്ന സംഗീതോപകരണമാണ് ഡ്രംസ്. 'നാട്യശാസ്ത്രം' രചിച്ച ഭരതമുനി സംഗീതോപകരണങ്ങളെ നാലു പ്രധാന വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് - തന്ത്രി വാദ്യങ്ങൾ, അവനദ്ധ വാദ്യങ്ങൾ, സുഷിര വാദ്യങ്ങൾ, ഘന വാദ്യങ്ങൾ. ഏതു വസ്തുകൊണ്ടാണ് സംഗീതോപകരണം നിർമിക്കപ്പെട്ടിട്ടുള്ളത്, എങ്ങനെയാണ് അവ സംഗീതം പുറപ്പെടുവിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനം.

തന്ത്രി വാദ്യങ്ങൾ

തന്ത്രികൾ ഉപയോഗിച്ച് നാദം ഉണ്ടാക്കുന്ന വാദ്യങ്ങളാണ് തന്ത്രി വാദ്യങ്ങൾ അഥവാ തതവാദ്യങ്ങൾ. ഇവ തന്ത്രികളുടെ കമ്പനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാദ്യങ്ങളാണ്. വീണ, തംബുരു എന്നിവ തന്ത്രി വാദ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്.

അവനദ്ധ വാദ്യങ്ങൾ (താള വാദ്യങ്ങൾ)

'അവനദ്ധം' എന്ന സംസ്കൃതവാക്കിന്റെ അർത്ഥം മൂടപ്പെട്ടത്, പൊതിയപ്പെട്ടത് എന്നെല്ലാമാണ്. പൊള്ളയായ വസ്തുവിന്റെ തുറന്ന ഭാഗത്ത് തുകൽ മുറുക്കി ബന്ധിച്ചാണ് അവനദ്ധ വാദ്യങ്ങൾ ഉണ്ടാക്കുന്നത്. അതിനാൽ അവയെ തുകൽ വാദ്യങ്ങൾ അല്ലെങ്കിൽ ചർമ്മ വാദ്യങ്ങൾ എന്നും വിളിക്കുന്നു. മിഴാവ്, തകിൽ, ചെണ്ട, മദ്ദളം, ഉടുക്ക്, തിമില, മൃദംഗം, ദഫ്, ഇടയ്ക്ക് എന്നിവ അവനദ്ധ വാദ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്.

സുഷിര വാദ്യങ്ങൾ

സുഷിരങ്ങളിലൂടെ വായു കടന്നുപോകുമ്പോൾ നാദമുണ്ടാക്കുന്ന ഉപകരണങ്ങളാണ് സുഷിര വാദ്യങ്ങൾ. ഇവ ഉച്‌ഛ്വാസ വായു ഉപയോഗിച്ച് വായിക്കുന്നു. സുഷിര വാദ്യങ്ങൾക്ക് കുഴൽ വാദ്യങ്ങൾ എന്നും പേരുണ്ട്. ശംഖ്, ഓടക്കുഴൽ, നാദസ്വരം എന്നിവ സുഷിര വാദ്യങ്ങൾക്ക് ഉദാഹരണങ്ങളാണ്.

ഘന വാദ്യങ്ങൾ

മണ്ണ്, തടി, ലോഹങ്ങൾ തുടങ്ങിയവകൊണ്ടാണ് ഘനവാദ്യങ്ങൾ നിർമ്മിക്കുന്നത്. മിക്ക ഘനവാദ്യങ്ങളും താളം പകരുവാനാണ് ഏറെയും ഉപയോഗിക്കുന്നത്. കർണാടക സംഗീതത്തിൽ ഇവയെ ഉപതാളവാദ്യങ്ങളായാണ് കണക്കാക്കുന്നത്. ചേങ്ങില, ഇലത്താളം, കോൽ, ഓണവില്ല് തുടങ്ങിയവ കേരളത്തിലെ ഘന വാദ്യങ്ങളാണ്.

പതിനെട്ടുവാദ്യങ്ങൾ

പതിനെട്ടുവാദ്യങ്ങൾ എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന വാദ്യോപകരണങ്ങൾ - ചെണ്ട, മൃദംഗം, മിഴാവ്, മദ്ദളം, പെരുമ്പറ, ഇടയ്ക്ക, കുഴൽ, കടുന്തുടി, ഇലത്താളം, കുഴിത്താളം, ഉടുക്ക്, തമ്പേർ, വീക്കൻ ചെണ്ട, തിമില, ചങ്കിടിക്കുഴൽ, കില്ലാരി, അങ്ക്യം, ഉയരെ വച്ചു വായിക്കുന്ന ഒരു വാദ്യം

പക്കവാദ്യങ്ങൾ & ഉപപക്കവാദ്യങ്ങൾ

സംഗീതക്കച്ചേരികളിൽ പാട്ടിന് അകമ്പടിയാകുന്ന വാദ്യങ്ങളാണ് പക്കവാദ്യങ്ങൾ. പ്രധാന താളവാദ്യങ്ങൾക്ക് പിന്തുണ നൽകുന്ന വാദ്യങ്ങളാണ് ഉപപക്കവാദ്യങ്ങൾ.

കൊമ്പുപറ്റും കുഴൽപ്പറ്റും

ഒരു വാദ്യകലാരൂപമാണ് കൊമ്പുപറ്റ്. നാലോ അഞ്ചോ കൊമ്പുകളും ഒരു ഇലത്താളവുമാണ് ഇതിൽ ഉപയോഗിക്കാറുള്ളത്. താളത്തിനാണ് ഈ കലയിൽ പ്രാധാന്യം. കുഴൽപ്പറ്റ് മറ്റൊരു വാദ്യകലാരൂപമാണ്. കുറുംകുഴലുകാരനോടൊപ്പം ഇലത്താളക്കാരനും ഇടന്തലച്ചെണ്ടക്കാരനും ഈ വാദ്യകലയിൽ പങ്കെടുക്കുന്നു. കുറുങ്കുഴലുകാരനും ഇടന്തലച്ചെണ്ടക്കാരനും ഈ വാദ്യകലയിൽ തുല്യ പ്രാധാന്യമാണ് ഉള്ളത്.

പഞ്ചവാദ്യം

പല തരത്തിൽപ്പെട്ട അഞ്ചു വാദ്യങ്ങൾ ചേർന്നൊരുക്കുന്ന താളലയമാണ് നമ്മുടെ പഞ്ചവാദ്യം. പാശ്ചാത്യരുടെ സിംഫണി പോലെ. ക്രിയാംഗം, സേവാംഗം എന്നിവ പഞ്ചവാദ്യത്തിന്റെ രണ്ട് വകഭേദങ്ങളാണ്. ക്ഷേത്രങ്ങളിലെ ആചാരങ്ങളുമായും പൂജകളുമായും ബന്ധപ്പെട്ട പഞ്ചവാദ്യമാണ് ക്രിയാംഗ പഞ്ചവാദ്യം. തിമില, ചേങ്ങില, ശംഖ്, വീക്ക് ചെണ്ട, കൈമണി എന്നിവയാണ് ക്രിയാംഗ പഞ്ചവാദ്യത്തിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ. ഉത്സവങ്ങളിലും ഘോഷയാത്രകളിലും ഉപയോഗിക്കുന്ന പഞ്ചവാദ്യമാണ് സേവാംഗ പഞ്ചവാദ്യം. സേവാംഗ പഞ്ചവാദ്യമാണ് സാധാരണ പഞ്ചവാദ്യം എന്ന പേരിൽ അറിയപ്പെടുന്നത്. തിമില, മദ്ദളം, ഇടയ്ക്ക, ശംഖ്, ചേങ്ങില എന്നീ അഞ്ച് വാദ്യങ്ങൾ ചേർന്നതാണ് സാധാരണ പഞ്ചവാദ്യം. കൊമ്പ്, കുഴൽ തുടങ്ങിയ ഉപവാദ്യങ്ങളും ഉപയോഗിക്കാറുണ്ട്. ചേങ്ങിലയ്ക്ക് പകരം ചിലപ്പോൾ ഇലത്താളവും ഉപയോഗിക്കുന്നു. പഞ്ചവാദ്യത്തിന്റെ തുടക്കത്തിലും ഇടവേളകളിലുമാണ് ശംഖ് ഉപയോഗിക്കുന്നത്. ചെണ്ട ഇതിൽ ഉൾപ്പെടുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. വാദ്യവൃന്ദങ്ങളുടെ ഒരു മേളമായ പഞ്ചവാദ്യത്തിൽ താള - സുഷിരവാദ്യങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്.

പഞ്ചവാദ്യത്തിലെ ഘനവാദ്യമാണ് ഇലത്താളം. തിമില, മദ്ദളം, ഇടയ്ക്ക എന്നിവ അവനദ്ധവാദ്യങ്ങളും കൊമ്പ്, ശംഖ് എന്നിവ സുഷിരവാദ്യങ്ങളുമാണ്. ശംഖ് വിളിക്കുന്നതോടെയാണ് പഞ്ചവാദ്യം ആരംഭിക്കുന്നത്. പഞ്ചവാദ്യത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം എപ്പോഴും ഒരുപോലെയായിരിക്കില്ല. പത്ത് മദ്ദളം ഉണ്ടെങ്കിൽ ഇരുപത്തൊന്നു തിമില വേണം എന്നതാണ് കണക്ക്. കൂടാതെ തിമിലയുടെ അത്ര തന്നെ എണ്ണം കൊമ്പും വേണം. ചെറിയ പഞ്ചവാദ്യത്തിന് മൂന്നു തിമില, ഒരു മദ്ദളം, ഒരു ഇടയ്ക്ക, രണ്ട് ഇലത്താളം, രണ്ട് കൊമ്പ്, ഒരു ശംഖ് എന്നിവയെങ്കിലും വേണം. പണ്ടുകാലത്ത് തൊപ്പി മദ്ദളം, ചേങ്ങില, കുറുംകുഴൽ എന്നിവയൊക്കെ പഞ്ചവാദ്യത്തിൽ ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവ ഉപയോഗിക്കാറില്ല. തൊപ്പിമദ്ദളത്തിനു പകരം ശുദ്ധമദ്ദളവും ചേങ്ങിലയ്ക്കു പകരം ഇലത്താളവും കുറുംകുഴലിനു പകരം കൊമ്പും ഇപ്പോൾ ഉപയോഗിക്കുന്നു. ഈ പരിഷ്‌കാരങ്ങൾ വരുത്തിയത് തിരുവില്വാമലയിലെ വെങ്കിച്ചൻസ്വാമിയാണ്.

മേളങ്ങൾ

ചെണ്ട, ഇലത്താളം, കൊമ്പ്, കുഴൽ എന്നിവ ചേർന്നാണ് 'മേളം' ഒരുക്കുന്നത്. മേളം എന്നാൽ കൂടിച്ചേരൽ എന്നേ അർത്ഥമുള്ളൂ. പാണ്ടി, പഞ്ചാരി, ധ്രുവം, അടന്ത, അഞ്ചടന്ത, ചെമ്പ, ചെമ്പട, ത്രിപുട എന്നിവ പ്രധാന മേളങ്ങളാണ്. ഇതിൽ പഞ്ചാരിമേളം, പാണ്ടിമേളം എന്നിവയാണ് ഏറ്റവും പ്രസിദ്ധം. ചെണ്ട, കുറുങ്കുഴൽ, ഇലത്താളം, കൊമ്പ് എന്നിവയാണ് പഞ്ചാരിമേളത്തിലെ വാദ്യങ്ങൾ. പഞ്ചാരി മേളത്തോട് കിടപിടിക്കുന്ന ഒന്നാണ് പാണ്ടിമേളം. ചെണ്ട, കുറുങ്കുഴൽ, ഇലത്താളം, കൊമ്പ് എന്നിവയാണ് പാണ്ടിമേളത്തിലെ വാദ്യങ്ങൾ. രണ്ടു കൈകളിലും കോലുപയോഗിച്ചാണ് ഇതിൽ ചെണ്ടകൊട്ടുന്നത്. പഞ്ചാരിമേളം ക്ഷേത്രമതിലിനകത്തും പാണ്ടിമേളം പുറത്തുമാണ് പതിവ്. ഇവയ്ക്കു പുറമേ ശിങ്കാരി മേളം തുടങ്ങിയ മറ്റു മേളങ്ങളുമുണ്ട്. കേരളത്തിലെ വാദ്യകലകളിൽ പഴക്കമേറിയതും വിശേഷപ്പെട്ടതുമായ ഒന്നാണ് തായമ്പക. തായമ്പകയിൽ ഒരാളുടെ അവതരണത്തിനാണ് പ്രാധാന്യം. കൂടെയുള്ള മറ്റു കലാകാരന്മാർ താളം പിടിക്കുക മാത്രമാണ് ചെയ്യുന്നത്. ചെണ്ടയും ഇലത്താളവുമാണ് തായമ്പകയിലെ വാദ്യങ്ങൾ. ഇതിൽത്തന്നെ ചെണ്ടയാണ് പ്രധാന വാദ്യം. മേളത്തിന് കൊഴുപ്പു കൂട്ടാനും താളം പകരാനുമാണ് ഇലത്താളം ഉപയോഗിക്കുന്നത്.

കേരളത്തിലെ കലാരൂപങ്ങൾ

കഥകളി

ഭാരതത്തിലെ ഏറ്റവും മികച്ച ക്ലാസിക് രൂപങ്ങളിലൊന്നായ കഥകളി കേരളത്തിന് ലോകപ്രശസ്‌തി നേടികൊടുത്തു. സംഗീതവും, സാഹിത്യവും അഭിനയവും നൃത്തവും വാദ്യവും ചിത്ര-ശില്പകലയുമൊക്കെ സമന്വയിക്കുന്ന ഇതുപോലൊരു കലാരൂപം ലോകത്ത് വേറെയില്ല. കോഴിക്കോട് സാമൂതിരിയുടെ പ്രോത്സാഹനത്തിൽ പതിനാറാം നൂറ്റാണ്ടിൽ ആവിർഭവിച്ച കൃഷ്ണനാട്ടമാണ് കഥകളിയുടെ പൂർവരൂപം. പതിനേഴാം നൂറ്റാണ്ടിൽ കൊട്ടാരക്കര തമ്പുരാൻ രൂപം നൽകിയ രാമനാട്ടമാണ് കഥകളിയായി പരിണമിച്ചത്. വെട്ടത്തുരാജാവ്, കപ്ലിങ്ങോട്ട് നമ്പൂതിരി, കല്ലടിക്കോട്ട് കളരിയിലെ ചാത്തുപ്പണിക്കർ എന്നിവർ കഥകളിയെ പരിഷ്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കോട്ടയത്തു തമ്പുരാനാണ് കഥകളിക്ക് സാഹിത്യത്തിന്റെ കെട്ടുറപ്പ് നൽകിയത്. രാമായണം വിട്ട് താൻ രചിച്ച ആട്ടക്കഥകളെ അടിസ്ഥാനമാക്കി അദ്ദേഹം കഥകളി പരിഷ്കരിച്ചു. അതോടെ രാമനാട്ടം കഥകളി എന്ന പേരിൽ പ്രസിദ്ധമായി. പിന്നീട് തിരുവിതാംകൂർ രാജാക്കന്മാർ കഥകളിയെ പരിപോഷിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിൽ വള്ളത്തോളിന്റെ ശ്രമങ്ങളാണ് കഥകളിയെ ലോകപ്രശസ്തമാക്കിയത്.

കഥകളി വേഷങ്ങൾ

വേഷപ്രധാനമായ കലയാണ് കഥകളി. കഥാപാത്രങ്ങളുടെ ഭാവങ്ങൾക്ക് അനുസരിച്ച് മുഖ്യമായി അഞ്ചുതരം വേഷങ്ങൾ കഥകളിയിലുണ്ട്. പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിവയാണവ. 'പച്ച വേഷം' നല്ല സ്വഭാവമുള്ള കഥാപാത്രങ്ങളെയാണ് കാണിക്കുന്നത്. നളൻ, അർജ്ജുനൻ, ഭീമസേനൻ തുടങ്ങിയവർക്കെല്ലാം പച്ചവേഷമാണ്. നന്മയും തിന്മയും ഇടകലർന്ന കഥാപാത്രങ്ങളെയാണ് 'കത്തിവേഷം' പ്രതിനിധീകരിക്കുന്നത്. മൂക്കിന്റെ ഇരുവശത്തുമായി കത്തിയുടെ ആകൃതിയിൽ വളച്ചു വരയ്ക്കുന്നതാണ് കത്തിവേഷത്തിന്റെ പ്രത്യേകത. ദുര്യോധനൻ, രാവണൻ, കീചകൻ തുടങ്ങിയ കഥാപാത്രങ്ങൾക്കെല്ലാം കത്തി വേഷമാണുണ്ടാകുക.

'കരി' വിഭാഗത്തിൽ പെടുന്ന കഥാപാത്രങ്ങൾക്ക് മുഖത്തെ തേപ്പും ആടകളുമെല്ലാം കറുപ്പു നിറത്തിലുള്ളവയായിരിക്കും. ക്രൂരസ്വഭാവമുള്ള കഥാപാത്രങ്ങൾക്കാണ് കരിവേഷമുണ്ടാകുക. കാട്ടാളൻ, ശൂർപ്പണഖ തുടങ്ങിയവർ 'കരി' വേഷക്കാരാണ്. താടിവേഷം മൂന്നു തരമുണ്ട്. ചുവന്ന താടിയും വെള്ളത്താടിയും കറുത്ത താടിയും. ചുവന്ന താടി ദുഷ്‌ട കഥാപാത്രങ്ങൾക്കും വെള്ളത്താടി നല്ല ഗുണമുള്ള കഥാപാത്രങ്ങൾക്കുമാണ് പതിവ്. ബകൻ, ശിശുപാലൻ തുടങ്ങിയവർക്ക് ചുവന്നതാടിയും ഹനുമാന് വെള്ളത്താടിയുമാണ്. വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ സൂചിപ്പിക്കുന്ന വേഷമാണ് കറുത്ത താടി. സ്ത്രീവേഷങ്ങളും മഹർഷിമാരും ബ്രാഹ്മണരുമാണ് മിനുക്ക് വേഷം ധരിക്കുന്ന കഥാപാത്രങ്ങൾ. ഈ അഞ്ച് തരം വേഷങ്ങളല്ലാത്ത ചമയത്തിനും ചില കഥാപാത്രങ്ങൾ രംഗത്തെത്താറുണ്ട്.

മോഹിനിയാട്ടം

മലയാളത്തിന്റെ മനോഹരമായ നൃത്തരൂപമാണ് മോഹിനിയാട്ടം. മോഹിനിയാട്ടം എന്ന പേര് സൂചിപ്പിക്കുന്നതു തന്നെ 'സുന്ദരിയുടെ ആട്ടം' എന്നാണല്ലോ. നൃത്തത്തിന്റെ നാടൻ പദമാണ് ആട്ടം. എ.ഡി പതിനാറാം ശതകത്തിലാണ് ഈ കലാരൂപം ഉണ്ടായതെന്നു കരുതുന്നു. കാരണം, ആ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഴമംഗലത്തു നാരായണൻ നമ്പൂതിരിയുടെ 'വ്യവഹാരമാല' എന്ന കൃതിയിലാണ് മോഹിനിയാട്ടം എന്ന പദം ആദ്യമായി പരാമർശിച്ചിട്ടുള്ളത്. തമിഴ്‌നാട്ടിലെ ദേവദാസി നൃത്തമായിരുന്ന ഭരതനാട്യവുമായി ഇതിനു ബന്ധമുണ്ട്. ക്ഷേത്രങ്ങളിൽ നൃത്തം നടത്തുന്നതിന് നിയമിക്കപ്പെട്ടിരുന്ന ദേവദാസികളാണ് മോഹിനിയാട്ടവും അവതരിപ്പിച്ചിരുന്നത്. അതിനാൽ ആദ്യകാലത്ത് ഇത് ദാസിയാട്ടം എന്നും അറിയപ്പെട്ടിരുന്നു.

കേരളീയ വനിതകളുടെ പരമ്പരാഗത രീതിക്ക് യോജിച്ച നിലയിലാണ് മുടി കെട്ടുന്നതുപോലും. കസവുകരയുള്ള ചേലയും ബ്ലൗസുമാണ് വസ്ത്രം. ചേല മനോഹരമായി ഞൊറിഞ്ഞുടുക്കും. നെറ്റിയിൽ ചുട്ടി, കാതുകളിൽ തോടയും കൊടകടുക്കനും, കഴുത്തിൽ നാഗപടത്താലി, പവൻ മാല തുടങ്ങിയ ആഭരണങ്ങൾ. തലയ്ക്കു പിന്നിൽ വട്ടത്തിൽ കെട്ടിവച്ച മുടി പൂക്കൾ കൊണ്ടലങ്കരിക്കും. മൂക്കുത്തിയും പിന്നെ ശിരസ്സിന് ഇരുവശവും സൂര്യൻ, ചന്ദ്രൻ എന്നീ പേരുകളുള്ള ആഭരണങ്ങളും അണിയും. കൈകാലുകളിൽ കാപ്പും ചിലങ്കയുമുണ്ടാകും. ഇങ്ങനെ വളരെ ഭംഗിയായി അണിഞ്ഞൊരുങ്ങിയാണ് മോഹിനിയാട്ടം അവതരിപ്പിക്കുന്ന കലാകാരി അരങ്ങിൽ എത്തുക.

കൂടിയാട്ടം

കേരളീയരുടെ നാടകാഭിനയമാണ് കൂടിയാട്ടം. 'കൂടിച്ചേർന്നുള്ള ആട്ട'ത്തിൽ നിന്നാണത്രേ കൂടിയാട്ടം എന്ന പേരുണ്ടായത്. ആട്ടം എന്നാൽ നൃത്തം, നൃത്തത്തോടു കൂടിയ അഭിനയം എന്നൊക്കെ അർഥമുണ്ട്. ചാക്യാർ, നമ്പ്യാർ സമുദായക്കാർ മാത്രം അവതരിപ്പിച്ചിരുന്ന ക്ഷേത്രകലയായിരുന്നു ഇത്. കൂത്തിലെ അഭിനയവും അവതരണവുമെല്ലാം ഒരാൾ തന്നെയാണല്ലോ. എന്നാൽ കൂടിയാട്ടത്തിൽ അങ്ങനെയല്ല. വിവിധ കഥാപാത്രങ്ങൾ വ്യത്യസ്‌ത 'വേഷങ്ങളായി' ഇതിൽ രംഗത്തെത്തുന്നു. കൈമുദ്രകൾ ഉപയോഗിച്ചുള്ള ആംഗികാഭിനയവും നവരസങ്ങളെ അടിസ്ഥാനമാക്കിയുള്ള സാത്വികാഭിനയവും കൂടിയാട്ടത്തിന്റെ പ്രത്യേകതയാണ്.

കൂടിയാട്ടത്തിൽ ശൂർപ്പണഖ, വിദൂഷകൻ, ശാന്തിക്കാരൻ തുടങ്ങിയ കഥാപാത്രങ്ങൾ മലയാളത്തിലും മറ്റ് കഥാപാത്രങ്ങൾ സംസ്‌കൃതത്തിലുമാണ് സംസാരിക്കുന്നത്. രണ്ടായിരത്തോളം വർഷത്തെ പഴക്കമുള്ളതാണ് ഈ കലാരൂപം. എ.ഡി പത്താം ശതകത്തിൽ കേരളത്തിൽ ഭരണം നടത്തിയിരുന്ന കുലശേഖരവർമനും അദ്ദേഹത്തിന്റെ കവിസദസ്സിലെ അംഗമായിരുന്ന മഹാകവി തോലനുംചേർന്നാണ് കൂടിയാട്ടം ചിട്ടപ്പെടുത്തിയതെന്നു കരുതുന്നു. ചാക്യാന്മാരാണ് കൂടിയാട്ട പരമ്പരാഗതമായി അവതരിപ്പിക്കുന്നത്. കൂടിയാട്ടത്തിലെ സ്ത്രീവേഷം അവതരിപ്പിക്കുന്നവരെ നങ്ങ്യാർ എന്നു വിളിക്കുന്നു. കൂടിയാട്ടത്തിന് മിഴാവ് എന്ന വാദ്യം പക്കമേളമായി ഉപയോഗിക്കുന്നു. കലാമണ്ഡലം (ചെറുതുരുത്തി), മാർഗി (തിരുവനന്തപുരം) എന്നിവിടങ്ങളിൽ കൂടിയാട്ടത്തിന് പരിശീലനം നൽകുന്നുണ്ട്.

കൂത്ത്

പരമ്പരാഗതമായി കേരളത്തിലെ ചാക്യാർ സമുദായത്തിൽ പെട്ടവർ മാത്രം അവതരിപ്പിച്ചു പോന്നിരുന്നതിനാൽ കൂത്ത്, ചാക്യാർകൂത്ത് എന്നും അറിയപ്പെടുന്നു. സംസ്കൃതരചനകളായ 'ചമ്പു'ക്കളെ ആധാരമാക്കിയാണ് കൂത്ത് അവതരിപ്പിക്കുന്നത്. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥകളാണ് ഇവയുടെ പ്രമേയം. അഭിനയത്തിനും സംഭാഷണത്തിനും കൂത്തിൽ ഒരുപോലെ സ്ഥാനമുണ്ട്. രണ്ടും ചെയ്യുന്നത് ഒരാൾ തന്നെ. ഫലിതത്തോടും പരിഹാസത്തോടും കൂടി ചാക്യാർ നടത്തുന്ന പുരാണ കഥാപ്രസംഗമാണ് ചാക്യാർകൂത്ത് എന്നു പറയാം. ചമ്പു പ്രബന്ധങ്ങളിലെ ഗദ്യങ്ങളും ശ്ലോകങ്ങളും ചൊല്ലി വിസ്തരിച്ച് വ്യാഖ്യാനിക്കുകയാണ് കൂത്തിന്റെ രീതി. അതിനു യോജിച്ച കഥകളും ഉപകഥകളും മേമ്പൊടിയായി ചേർക്കും. അതിനിടെ സന്ദർഭോചിതമായി സാമൂഹ്യവിമർശനവും നടത്തും. കൂത്ത് കണ്ടുകൊണ്ടിരിക്കുന്ന ആരെയെങ്കിലും ചൂണ്ടിക്കാണിച്ചു കളിയാക്കിയെന്നും വരാം. ഇതിനെല്ലാമുള്ള സ്വാതന്ത്ര്യം പണ്ടുമുതലേ ചാക്യാർക്കുണ്ട്. കൂത്തിന്റെ മർമപ്രധാനമായ രസം ഹാസ്യമാണ്.

ചാക്യാർകൂത്തിലെ മുഖ്യവാദ്യം മിഴാവാണ്. നമ്പ്യാർ സമുദായത്തിൽ പെട്ടവരാണ് മിഴാവ് വായിച്ചിരുന്നത്. കൂത്ത് തുടങ്ങാറായി എന്ന് കാണികളെ അറിയിച്ചിരുന്നത് മിഴാവു കൊട്ടിയാണ്. അതിനുശേഷം നടൻ പ്രവേശിക്കും. വേദിയിൽ കത്തിച്ചുവച്ച നിലവിളക്കിനു പിന്നിൽ നിന്നാണ് ചാക്യാരുടെ പ്രകടനം. നടൻ രംഗത്തു വന്നാൽ ആദ്യം 'ചാരി' എന്ന പേരിലുള്ള നൃത്തമാണ്. തുടർന്ന്, ശരീരശുദ്ധി വരുത്തുന്നതായി സങ്കല്പിച്ചുള്ള അഭിനയം. ഇതിന് 'വിദൂഷകസ്തോഭം' എന്നു പറയും. അതുകഴിഞ്ഞ് 'ഇഷ്ടദേവസ്തുതി'. 'പീടിക പറച്ചിൽ' എന്നീ ചടങ്ങുകൾ. അതിനുശേഷമേ കൂത്ത് പറയാൻ തുടങ്ങൂ. പ്രത്യേകരീതിയിൽ അണിഞ്ഞൊരുങ്ങിയാണ് ചാക്യാർകൂത്ത് അവതരിപ്പിക്കുന്നത്.

തുള്ളൽ

പേരുപോലെതന്നെ നേരിയൊരു ഇളക്കത്തോടെ, അതായത് തുള്ളലോടെയാണ് ഇതിന്റെ അവതരണം. സാധാരണക്കാരുടെ വാക്കുകളും ശൈലികളുമാണ് തുള്ളൽകൃതികളിൽ ഏറെയും ഉപയോഗിച്ചിരിക്കുന്നത്. രചനയുടെ പ്രത്യേകതയും അവതരണരീതിയും മുഖം നോക്കാതെയുള്ള വിമർശനവും മറ്റു കലകളിൽ നിന്ന് തുള്ളലിനെ ശ്രദ്ധേയമാക്കുന്നു. സമൂഹത്തിൽ മാറ്റേണ്ടതായ ചില ശീലങ്ങളെ നാട്ടുഭാഷയിൽ ഫലിതം കലർത്തി പറഞ്ഞാണ് തുള്ളലിലെ വിമർശനം. തുള്ളലിന് ഉപയോഗിക്കുന്ന പാട്ടുകളുടെ രീതി അഥവാ വൃത്തം, അവതരണത്തിന് ഉപയോഗിക്കുന്ന വേഷം എന്നിവ ആധാരമാക്കി തുള്ളൽ മൂന്നു വിധമുണ്ട്. ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ, ശീതങ്കൻ തുള്ളൽ എന്നിവയാണവ.

മറ്റു കലകൾക്കൊന്നും ഇല്ലാത്ത ഒരു സവിശേഷതയും തുള്ളലിനുണ്ട്. പല കാലങ്ങളിലായി പലരിലൂടെ രൂപപ്പെട്ടിട്ടുള്ളവയാണ് മറ്റു കലകൾ. എന്നാൽ, തുള്ളൽ ഒരു വ്യക്തിയുടെ ഭാവനയിൽ രൂപപ്പെട്ട കലാരൂപമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാപണ്ഡിതനും ഫലിതസമ്രാട്ടുമായിരുന്ന കലക്കത്ത് കുഞ്ചൻ നമ്പ്യാരാണ് ആ മഹാ പ്രതിഭ. പാലക്കാട് ജില്ലയിലെ കിള്ളിക്കുറുശ്ശിമംഗലത്ത് കലക്കത്ത് വീട്ടിൽ ജനിച്ച കുഞ്ചൻ നമ്പ്യാർ അമ്പലപ്പുഴ രാജാവിന്റെ ആശ്രിതനായി കഴിഞ്ഞിരുന്ന കാലത്താണ് തുള്ളൽ രൂപപ്പെടുത്തിയത്. ലളിതവും ഫലിതരസപ്രധാനവുമായ തുള്ളലിന്റെ മൂന്നുവകഭേദങ്ങളായ പറയൻ, രാവിലെയും ശീതങ്കൻ ഉച്ചയ്‌ക്കുശേഷവും ഓട്ടൻ വൈകുന്നേരവുമാണ് അവതരിപ്പിക്കാറുള്ളത്. കൂടുതൽ പ്രചാരമുള്ളത് ഓട്ടൻതുള്ളലിനാണ്.

രാമനാട്ടം

കൃഷ്ണനാട്ടക്കാരെ തന്റെ കൊട്ടാരത്തിലേക്കയയ്ക്കാൻ വിസമ്മതിച്ച മാനദേവൻ സാമൂതിരിയോടുള്ള വാശി കാരണം കൊട്ടാരക്കര തമ്പുരാൻ രൂപം കൊടുത്ത കലാരൂപമാണ് രാമനാട്ടം എന്നൊരു കഥയുണ്ട്. കൃഷ്ണനാട്ടത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെടുത്തി തിരിച്ചും ഈ കഥ പറയാറുണ്ട്. ഈ കലാരൂപത്തെയാണ് കഥകളിയുടെ ആദ്യരൂപമായി കണക്കാക്കുന്നത്. രാമകഥ പറയുന്ന രാമനാട്ടവും എട്ടുദിവസം കൊണ്ടാണ് രംഗത്ത് അവതരിപ്പിച്ചിരുന്നത്. മലയാളവും സംസ്കൃതവും ഇടകലർന്ന മണിപ്രവാളഭാഷയിലായിരുന്നു ഈ കലാരൂപത്തിന്റെ അവതരണം. അഭിനയത്തിൽ കൂടിയാട്ടത്തോടായിരുന്നു രാമനാട്ടത്തിന് സാമ്യം. അതോടൊപ്പം കൂത്തിന്റെയും അഷ്ടപദിയാട്ടത്തിന്റെയും ചില അംശങ്ങളുണ്ട്. എന്നാൽ, ചുവടുവയ്‌പ്, വേഷവിധാനം തുടങ്ങിയവ നാടൻകലകളായ തിറ, തെയ്യം, മുടിയേറ്റ്, പടയണി എന്നിവയോടു ബന്ധപ്പെട്ടിരിക്കുന്നു. ശാസ്ത്രീയശൈലിയേക്കാൾ ഗ്രാമീണശൈലിയാണ് ഇതിൽ മുന്നിട്ടുനിന്നത്.

കൃഷ്ണനാട്ടം

കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ മാനവേദൻ സാമൂതിരിയാണ് കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹം തന്റെ 'കൃഷ്ണഗീതി' എന്ന സംസ്കൃതകാവ്യത്തെ ആസ്പദമാക്കിയാണ് കൃഷ്ണനാട്ടം ആവിഷ്കരിച്ചത്. കൃഷ്ണനാട്ടത്തിൽ ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള കഥകൾ എട്ടു ദിവസങ്ങളിലായി പറയുന്നു. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗാരോഹണം എന്നിവയാണ് എട്ടു ഭാഗങ്ങൾ. ആട്ടവും പാട്ടുമൊക്കെ ചേർന്ന കലാരൂപമാണിത്. ഒരുക്കത്തിലും വേഷത്തിലും കൂടിയാട്ടത്തോടും നങ്ങ്യാർകൂത്തിനോടാണ് സാമ്യം. രീതികൾ കൂടിയാട്ടത്തിന്റെയും അഷ്ടപദിയാട്ടത്തിന്റെയുമാണ്. കൃഷ്ണനാട്ടമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പൊയ്മുഖ (മുഖംമൂടി) വേഷങ്ങളുള്ള ക്ഷേത്രകല.

സാമൂതിരിയുടെ രാജ്യത്തിനകത്ത് മാത്രമായിരുന്നു കൃഷ്ണനാട്ടം പ്രചരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഈ കല ഉത്തരകേരളത്തിൽ മാത്രമായി ഒതുങ്ങി. കോവിലകങ്ങളും നമ്പൂതിരി ഇല്ലങ്ങളും ഇതിന്റെ വേദികളായിരുന്നു. കൃഷ്ണനാട്ടം കലാകാരന്മാരുടെ സംഘമാണ് 'കൃഷ്ണനാട്ടം കളിയോഗം' എന്നറിയപ്പെടുന്നത്. ഇന്ന് ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ മാത്രമാണ് കൃഷ്ണനാട്ടം കളിയോഗം ഉള്ളത്. കൃഷ്ണനാട്ടത്തിലെ കഥാപാത്രങ്ങളുടെ മുഖത്തുതേപ്പ്, ചുട്ടി, കുപ്പായം, കടക കുണ്ഡലങ്ങൾ, ഉടുത്തുകെട്ട് മുതലായവ പിൽക്കാലത്ത് രൂപംകൊണ്ട കഥകളിയിലെ വേഷാലങ്കാരങ്ങൾക്ക് പ്രചോദനമായി എന്നു പറയാം. കേളി, അരങ്ങുകേളി, തോടയം, പുറപ്പാട്, കഥാവതരണം, ധനാശി എന്നിങ്ങനെയാണ് കൃഷ്ണനാട്ടത്തിന്റെ അവതരണ ക്രമം. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള കലാരൂപമാണിത്.

അഷ്ടപദിയാട്ടം

ജയദേവകവി രചിച്ച 'ഗീതഗോവിന്ദം' എന്ന കൃതിയെ അടിസ്ഥാനമാക്കി ചാക്യാന്മാർ ആവിഷ്കരിച്ച കലാരൂപമാണ് അഷ്ടപദിയാട്ടം. കേരളീയ ക്ഷേത്രകലകളിൽ ഏറെ പ്രചരിച്ചിട്ടില്ലാത്തതും ഇന്ന് നിലവിലില്ലാത്തതുമായ കലാരൂപമാണിത്. 'ഗീതഗോവിന്ദ'ത്തെ കേരളീയർ അഷ്ടപദിയെന്നാണ് വിളിക്കുന്നത്. ഓരോ ഗീതത്തിലും എട്ടു പദങ്ങൾ വീതമുള്ളതിനാലാണ് ഈ പേരു വന്നത്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും പ്രത്യേകിച്ച് വിഷ്ണുക്ഷേത്രങ്ങളിൽ അഷ്ടപദി പാടാറുണ്ട്.

കേരള നടനം

കഥകളിയിലെ അഭിനയസങ്കേതങ്ങളും കേരളീയ നാടോടി നൃത്തങ്ങളിലെയും ഭരതനാട്യത്തിലെയും നൃത്തസങ്കേതങ്ങളും സംയോജിപ്പിച്ച് ഗുരുഗോപിനാഥ് (1908-87) രൂപം നൽകിയ കലാരൂപമാണ് കേരളനടനം അഥവാ കേരളനൃത്തം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ അഭ്യസിക്കാവുന്ന സർഗാത്മക നൃത്തരൂപമാണിത്. ഇതര നൃത്തരൂപങ്ങളിൽ നിന്നു വ്യത്യസ്‌തമായ വേഷവിധാനമാണ് കേരളനടനത്തിലുള്ളത്. കഥകളിയിലെപ്പോലെ നാടകീയമായ കഥാഭിനയത്തിന് കേരളനടനത്തിൽ പ്രാധാന്യമുണ്ട്. ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങൾ കേരളനടനത്തിൽ ഉപയോഗിക്കുന്നുണ്ട്. ഏകാംഗനൃത്തം, സംഘനൃത്തം, ബാലെ, യുഗ്മനൃത്തം, നാടകനടനം എന്നിങ്ങനെ അഞ്ച് പ്രധാന രീതിയിൽ കേരള നടനം അവതരിപ്പിക്കുന്നു. തിരുവനന്തപുരത്ത് അദ്ദേഹം വിശ്വകലാകേന്ദ്രം സ്ഥാപിച്ചു.

തെയ്യം

മധ്യകേരളത്തിലെ പടയണി പോലെ ഉത്തരകേരളത്തിൽ നിലനിൽക്കുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് തെയ്യം. പുരാതന കേരളത്തിൽ നിലവിലിരുന്ന കാളിയാട്ടം എന്ന കലാരൂപത്തിൽ നിന്നാണിവ ഉണ്ടായത്. ഈ പരിഷ്‌കരണത്തിന് മുൻകൈ എടുത്തത് കോലത്തുനാട്ടിലെ രാജാവായ കോലത്തിരിയാണ്. അദ്ദേഹം കോലത്തുനാട്ടിൽ ആവിഷ്‌കരിച്ച തെയ്യം അയൽരാജ്യമായ കോഴിക്കോട്ടും പരിസരങ്ങളിലും തിറയായി രൂപാന്തരപ്പെട്ടു. കോലത്തിരി തന്റെ സുഹൃത്ത് മണക്കാടൻ ഗുരുക്കളുടെ സഹായത്തോടെ മുപ്പത്തൊമ്പത് തെയ്യങ്ങളാണ് ആവിഷ്കരിച്ചത്. കാവുകളിലെയും മറ്റും ഉത്സവങ്ങളോട് അനുബന്ധിച്ചാണ് തെയ്യം അരങ്ങേറുക. 'ദൈവം' എന്ന പദത്തിന്റെ തത്ഭവരൂപമാണ് തെയ്യം. ദേവീദേവന്മാർ, യക്ഷഗന്ധർവവാദികൾ, ഭൂതങ്ങൾ, മൃഗങ്ങൾ, നാഗങ്ങൾ, പൂർവികർ, മൺമറഞ്ഞ വീരനായകന്മാർ തുടങ്ങിയവരെ ദേവതാസങ്കൽപ്പത്തിൽ കോലസ്വരൂപമായി കെട്ടിയാടിച്ച് ആരാധിക്കുക എന്നതാണ് ഈ അനുഷ്ഠാനകലയുടെ സവിശേഷത. ഇഷ്ടദേവതയെ പ്രീതിപ്പെടുത്തുകയെന്നതാണ് തെയ്യത്തിന്റെ ധർമം. തെയ്യത്തിനു പാടുന്ന പാട്ടുകളെ തോറ്റംപാട്ടുകൾ എന്നു പറയുന്നു. കാവുകളിലും തറവാടുകളിലും വർഷംതോറും നിശ്ചിതസമയത്ത് തെയ്യം കഴിപ്പിക്കുന്നതിനെ കളിയാട്ടം എന്നു പറയുന്നു. പാള, കുരുത്തോല, വാഴപ്പോള തുടങ്ങിയവ കൊണ്ടാണ് തെയ്യങ്ങളുടെ ചമയങ്ങൾ കൂടുതലും നിർമ്മിക്കുക. ആട്ടത്തിന് ചെണ്ടയുടെ അകമ്പടിയുമുണ്ടാകും. ഇലത്താളം, കുറുങ്കുഴൽ, കൊമ്പ്, തുടി എന്നിവയും ഉപയോഗിക്കാറുണ്ട്.

മുടിയേറ്റ്

മധ്യകേരളത്തിൽ പ്രധാനമായും പ്രചാരത്തിലുള്ള അനുഷ്ഠാന കലാരൂപമാണ് മുടിയേറ്റ്. ഭദ്രകാളി ദാരികനെ പോരിനു വിളിക്കുന്നതും അവർ തമ്മിൽ യുദ്ധം ചെയ്യുന്നതും ദാരികനെ വധിക്കുന്നതുമാണ് മുടിയേറ്റിലെ ഇതിവൃത്തം. ആദ്യമായി, മുടിയേറ്റുണ്ടെന്ന് ദേശക്കാരെ അറിയിക്കാൻ 'കൊട്ടിയറീക്കൽ' നടത്തും. കഥകളിയിലെ കേളികൊട്ടു പോലെയാണത്. തുടർന്ന് ഭദ്രകാളിക്കളം വരയ്ക്കും. ദാരികനെ കൊന്നിട്ടും കോപം അടങ്ങാത്ത ഭദ്രകാളിയുടെ അപ്പോഴത്തെ രൂപം സുബ്രഹ്മണ്യൻ വഴിയിൽ വരച്ചെന്നും അതുകണ്ട് കാളി ശാന്തയായെന്നുമുള്ള കഥയാണ് കളം വരയ്ക്കലിന് അടിസ്ഥാനം.

വരച്ചു കഴിഞ്ഞ് കളത്തിലെ വിളക്കിൽ നിന്ന് തിരി കത്തിച്ച് വേദിയിലെ ആട്ടവിളക്ക് തെളിക്കുന്നതോടെയാണ് ശരിക്കും മുടിയേറ്റ് ആരംഭിക്കുന്നത്. ഇതിലൂടെ കളത്തിലെ ദേവീചൈതന്യം വേദിയിലെത്തുന്നു എന്നാണ് വിശ്വാസം. രണ്ടുപേർ തിരശ്ശീലയുമായി വന്ന് ആട്ടവിളക്കിനു പിന്നിൽ നിൽക്കുന്നു. അടുത്തതായി തിരശ്ശീലക്കു പിന്നിൽ ശിവന്റെ തലയും കാളയുടെ രൂപവും പ്രത്യക്ഷപ്പെടുന്ന തിരനോട്ടം. ദാരികനെ കുറിച്ചുള്ള പരാതികൾ നാരദൻ ശിവനെ അറിയിക്കുന്ന ശിവനാരദസംവാദം മുതൽ ആകെ എട്ടു രംഗങ്ങളാണ് മുടിയേറ്റിനുള്ളത്. ദാരിരികവധത്തിനു ശേഷം മുടിയഴിച്ച് ഭൂതഗണങ്ങൾക്ക് ബലി കൊടുക്കുന്നതാണ് അവസാനരംഗം. ഓരോ രംഗത്തിനും യോജിച്ച തരത്തിൽ ഇരുന്നാട്ടം, പതിഞ്ഞാട്ടം, ഇളകിയാട്ടം എന്നീ മൂന്നുതരം ആട്ടങ്ങളും മുടിയേറ്റിലുണ്ട്.

മുടിയേറ്റിലെ പ്രധാനഭാഗം കാളിയും ദാരികനുമായുള്ള സംവാദവും യുദ്ധവുമാണ്. അതു കാവിലോ ക്ഷേത്രത്തിലോ ഒരുക്കുന്ന വേദിയിൽ മാത്രം ഒതുങ്ങണമെന്നില്ല. മുൻകാലത്ത് ഗ്രാമാതിർത്തിയോളം അത് എത്തുമായിരുന്നു. സദസ്യർക്കിടയിലൂടെയും കഥാപാത്രങ്ങൾ ഓടി നടക്കും. പന്തം (തീവെട്ടി) പിടിച്ചു കൊണ്ടാണ് ഈ പോക്ക്. ഇടയ്ക്കിടെ പന്തത്തിലേക്ക് തെള്ളിപ്പൊടി വിതറും. ഇതോടൊപ്പം ചെണ്ട, പറ തുടങ്ങിയ വാദ്യങ്ങൾ ഉച്ചത്തിൽ മുഴക്കുന്നുണ്ടാകും. ഒപ്പം ആളുകളുടെ ആർപ്പുവിളികളും പല ഭാഗങ്ങളിൽ നിന്നുള്ള താലപ്പൊലിയുമെല്ലാം ചേർന്ന് ഒരു പ്രത്യേകാന്തരീക്ഷം തന്നെ രൂപപ്പെടും.

പടയണി

പടയണിയുടെ ഐതിഹ്യം ഇതാണ്. ദാരികനെ വധിച്ചിട്ടും കാളിയുടെ കോപം അടങ്ങുന്നില്ല. തുടർന്ന് സുബ്രഹ്മണ്യന്റെ ഉപദേശ പ്രകാരം ശിവൻ തന്റെ പരിവാരങ്ങളെ പലരൂപത്തിലും ഭാവത്തിലുമുള്ള കോലങ്ങൾ വരച്ചുകെട്ടി വിടുന്നു. അതുകണ്ട് കാളി കോപം മറന്ന് പൊട്ടിചിരിച്ചത്രേ. ഇതാണ് പടയണിക്ക് ആധാരമായ കഥ. പടയണിയിലെ കഥാപാത്രങ്ങൾ കോലങ്ങളാണ്. ഗണപതി, മാടൻ, അന്തരയക്ഷി, സുന്ദരയക്ഷി, അരക്കിയക്ഷി, ഗന്ധർവൻ, കാലൻ, ദേവത, മംഗലഭൈരവി, ഭൈരവിക്കോലം, മറുതാക്കോലം, കാലാരിക്കോലം, പക്ഷിക്കോലം, കുതിരക്കോലം  എന്നിങ്ങനെ പലതരം കോലങ്ങളുണ്ട്. ഓരോ കോലവും ഓരോ ദേവതയാണ്. ഉദാഹരണത്തിന് ഭൈരവിക്കോലം ഭദ്രകാളിയുടെയും കാലാരിക്കോലം ശിവന്റേതുമാണ്. കോലങ്ങൾ ഉണ്ടാക്കുന്നത് കവുങ്ങിൻ പാളകൊണ്ടാണ്. 16 മുതൽ 101 വരെ പാളങ്ങൾ ഇതിന് എടുക്കാറുണ്ട്. ദേവപ്രീതിയ്ക്കും പകർച്ചവ്യാധികൾ പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള രക്ഷക്കും നല്ല വിളവിനും മറ്റുമാണ് കോലങ്ങൾ കെട്ടുന്നത്. കൂട്ടത്തിൽ വഴിപാടായി കെട്ടുന്ന കോലങ്ങളുമുണ്ട്.

ഉത്സവങ്ങൾക്ക് എന്നപോലെ കൊടിമരം നാട്ടുന്നതോടെയാണ് പടയണിയ്ക്കു തുടക്കമിടുന്നത്. മൊത്തം ഇരുപത്തിയെട്ടു ദിവസത്തെ പരിപാടിയാണ്. ഇന്ന് ഒന്ന് മുതൽ നാലുദിവസം വരെയാക്കി പടയണികൾ പലയിടത്തും ചുരുക്കിയിട്ടുണ്ട്. ചൂടുവയ്‌പ്, തപ്പുമേളം, താവടി, പുലവൃത്തം, പരദേശി, കുതിര എന്നിങ്ങനെ ഓരോ ദിവസം ഓരോ ചടങ്ങാണ്. ആദ്യകാലത്ത് മൂന്നാം ദിവസം മുതലാണ് കോലങ്ങൾ കെട്ടിയാടുക. ആദ്യത്തേത് ഗണപതിക്കോലമായിരിക്കും. ഗ്രാമത്തിലെ മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് മുൻകാലത്ത് പടയണി നടത്തിയിരുന്നത്. സാധനസാമഗ്രഹികൾ മുതൽ കോലം വരയ്ക്കലും കെട്ടിയാടലും വരെ ഓരോന്നും ഓരോ സമുദായക്കാരാണ് നിർവഹിച്ചിരുന്നത്. ഇന്നും ഓലച്ചൂട്ടിന്റെ വെളിച്ചത്തിൽ രാത്രിയിലാണ് പടയണി അവതരിപ്പിക്കാറ്. പടയണിയിലെ നൃത്തങ്ങൾക്ക് പൊതുവേ പറയുന്ന പേരാണ് 'കലായം' എന്നത്. പ്രത്യേകമായ താളത്തിലും ഈണത്തിലുമുള്ളവയാണ് പടയണിപ്പാട്ടുകൾ. പടയണിയിലെ പ്രധാന വാദ്യം തപ്പാണ്. ഇതിനു പുറമേ ചെണ്ട, വീക്കൻ ചെണ്ട, ഇലത്താളം, കുറുംകുഴൽ തുടങ്ങിയ വാദ്യങ്ങളും ഉപയോഗിക്കാറുണ്ട്. എ.ഡി എട്ടാം നൂറ്റാണ്ടു മുതലേ പടയണി നിലവിലുണ്ടായിരുന്നതായി സൂചനകളുണ്ട്.

യക്ഷഗാനം

കാസർഗോഡ് ജില്ലയിലും പരിസരപ്രദേശങ്ങളിലും മാത്രമായി പ്രചാരത്തിലിരിക്കുന്ന നാടൻകലാരൂപമാണ് യക്ഷഗാനം. യക്ഷഗാനം 'ബയലാട്ടം' എന്നും അറിയപ്പെടുന്നു. രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളെ അവലംബമാക്കി സംഭാഷണ രൂപത്തിൽ അവതരിപ്പിക്കുന്ന കലയാണ് യക്ഷഗാനം. സംഭാഷണത്തിന് പ്രാധാന്യമുള്ളതിനാലും കഥകളിയുമായി സാമ്യമുള്ളതിനാലും 'സംസാരിക്കുന്ന കഥകളിയെന്നും' ഈ കലാരൂപം അറിയപ്പെടുന്നു. ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു.

ഗദ്ദിക

വയനാട്ടിലെ ഗോത്രവിഭാഗമായ 'അടിയോരുടെ' അനുഷ്ഠാന രൂപമാണ് ഗദ്ദിക. തിരുനെല്ലി, അച്ചകുന്ന്, കപ്പത്തോട്, പയ്യാമ്പള്ളി, തൃശ്ശിലേരി എന്നിവയാണ് ഇവരുടെ ഗ്രാമങ്ങൾ. തുടി കൊട്ടിപ്പാടിയും പച്ചമരുന്നുകൾ പ്രയോഗിച്ചും രോഗനിവാരണത്തിനുവേണ്ടി നടത്തിവരുന്ന അനുഷ്ഠാനരൂപമാണ് ഗദ്ദിക. രോഗങ്ങളും ദുരിതങ്ങളും അകറ്റാനും ബാധകൾ അകറ്റാനും അടിയോർ നടത്തുന്ന മന്ത്രവാദ ചടങ്ങാണ് അനുഷ്ഠാനം. പ്രധാന കർമിയായ ഗദ്ദികകാരന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടത്തുക. ഗദ്ദികകാരൻ (പരികർമി) ദൈവത്തിന്റെ പ്രതിപുരുഷനായാണ് കണക്കാക്കപ്പെടുന്നത്. ദൈവത്തോട് പറയുന്നതുപോലെ തങ്ങളുടെ ആവലാതികളും വേവലാതികളും ഇദ്ദേഹത്തോടാണ് അടിയോർ പറയുക. ഗദ്ദികക്കാരൻ വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞുതുള്ളുകയും അരുളപ്പാടുകൾ നടത്തുകയും ചെയ്യുന്നു. ഗദ്ദികയ്ക്കായി പ്രത്യേകം പാട്ടുകളുണ്ട്. ചുവാനി, സിദ്ധപ്പൻ, മലക്കാരി തുടങ്ങിയ ദൈവങ്ങളെ വാഴ്ത്തുന്നതാണ് ഇത്തരം പാട്ടുകൾ. പാട്ടുപാടുന്നതിനിടയിൽ ഗദ്ദികക്കാരൻ ഉറഞ്ഞുതുള്ളുന്നു.

തിറ

തിറ ദേവതകളെ പ്രീതിപ്പെടുത്താനുള്ള കോലമാണ്. തിറയിൽ ദേവതകളുടെ സ്ഥാനം, ഉറയുന്ന കോമരങ്ങൾക്കാണ്. പടയണിയിലെ പോലെ ദേശവാസികളുടെ മൊത്തം പങ്കാളിത്തത്തോടെയാണ് വടക്കൻ കേരളത്തിലും കോലങ്ങൾ കെട്ടിയാടുന്നത്. തിറയിലെ സ്ത്രീപുരുഷ വേഷങ്ങൾ ശിവ-ശക്തി സങ്കല്പത്തിലുള്ളവയാണ്. പാള, കുരുത്തോല, വാഴപ്പോള തുടങ്ങിയവ കൊണ്ടാണ് തിറയുടെ ചമയങ്ങൾ കൂടുതലും നിർമിക്കുക.

തീയാട്ട്                         

അയ്യപ്പൻ തീയാട്ട്, ഭദ്രകാളിത്തീയാട്ട് എന്നിങ്ങനെ രണ്ടുതരം തീയാട്ടുകളുണ്ട്. കളമെഴുത്ത്, കഥാഭിനയം, കളംപൂജ, കളംപാട്ട്, കളത്തിലാട്ടം, തിരിയുഴിച്ചിൽ എന്നിവയാണ് ഇതിന്റെ ചടങ്ങുകൾ.

കാളിയൂട്ട്

കാളി - ദാരിക പുരാവൃത്തത്തെ അടിസ്ഥാനമാക്കിയുള്ള അനുഷ്ഠാന കലാരൂപമാണ് കാളിയൂട്ട്. തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രങ്ങളിലാണ് ഈ ചടങ്ങ് നടന്നുവരുന്നത്.

അർജ്ജുനനൃത്തം

ദക്ഷിണ കേരളത്തിലെ ദേവീ ക്ഷേത്രങ്ങളിൽ അരങ്ങേറുന്ന അനുഷ്ഠാന കല. തെക്കൻ കേരളത്തിലെ കോട്ടയം, ആലപ്പുഴ ജില്ലകളിൽ പ്രചാരത്തിലുള്ള അനുഷ്ഠാന നൃത്തകലയാണ് അർജ്ജുനനൃത്തം. മയിൽപ്പീലിത്തൂക്കം, തൂക്കംപയറ്റ് എന്നീ പേരുകളുമുണ്ട്.

അമ്മാനാട്ടം

തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് ആലപ്പുഴ ജില്ലയിൽ പ്രചാരമുള്ള ഒരനുഷ്ഠാന കലയാണ് അമ്മാനാട്ടം. പരമ്പരാഗതമായി വേലൻ സമുദായക്കാരാണ് അമ്മാനാട്ടം അവതരിപ്പിച്ചിരുന്നത്.

അയ്യപ്പൻവിളക്ക്

അയ്യപ്പാരാധനയുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രചാരമുള്ള ഒരനുഷ്ഠാനമാണ് അയ്യപ്പൻവിളക്ക്. ചെണ്ട, ഇലത്താളം, ഉടുക്ക് തുടങ്ങിയ വാദ്യങ്ങൾ ഇതിനുപയോഗിക്കുന്നു.

ഗന്ധർവൻ പാട്ട്

ഉത്തര - മധ്യ കേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലയാണ് ഗന്ധർവ്വൻ പാട്ട്. ബാധകളെ ഒഴിപ്പിക്കുക എന്നതാണിതിന്റെ സങ്കല്പം.

വേലക്കളി

ക്ഷേത്ര സങ്കേതങ്ങളിൽ പ്രധാനമായും അരങ്ങേറുന്നു. തിരുവനന്തപുരം പത്മനാഭസമി ക്ഷേത്രത്തിൽ ഇപ്പോഴും നടത്തിവരുന്നു.

പാക്കനാർ കളി

തെക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു അനുഷ്ഠാനകലയാണ് പാക്കനാർ കളി.

കുമ്മാട്ടി

പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രചാരത്തിലുള്ള കലാരൂപം.

മയിലാട്ടം

പഴയ തിരുവിതാംകൂറിലെ ഒരനുഷ്ഠാന നൃത്തമാണ് മയിലിന്റെ വേഷം കെട്ടിയുള്ള മയിലാട്ടം.

പൂരക്കളി

കളരിമുറയും ആചാരാനുഷ്ഠാനങ്ങളും ഒത്തുചേരുന്ന ഒരനുഷ്ഠാന കല. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പൂരക്കളി പ്രചാരത്തിലുള്ളത്.

മറുത്തുകളി

പൂരക്കളിയോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെടുന്ന ധൈഷണികമായ മത്സരക്കളിയാണ് മറുത്തുകളി. രണ്ട് സ്ഥാനക്കാർ തമ്മിൽ (ക്ഷേത്രങ്ങൾ, തറവാടുകൾ) തമ്മിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ കളിയുടെ പ്രത്യേകത.

പൂതനും തിറയും

മുടിയേറ്റും പടയണിയും പോലെ പ്രശസ്തമല്ലെങ്കിലും കാളിയുടെയും ദാരികന്റെയും കഥ പറയുന്ന മറ്റൊരു അനുഷ്ഠാന കല. തെക്കൻ കേരളത്തിലാണ് ഇതുള്ളത്.

മുടിയാട്ടം

സ്ത്രീകൾ വഴിപാടായി അവതരിപ്പിക്കുന്നതാണിത്. തെക്കൻ കേരളത്തിലാണ് മുടിയാട്ടം പ്രധാനമായും ഉള്ളത്. വടക്കൻ കേരളത്തിൽ മുടിയാട്ടം അറിയപ്പെടുന്നത് നീലിയാട്ടം എന്നാണ്.

നിണബലി

മുടിയേറ്റുമായി വളരെ സാമ്യമുള്ള ഒരു അനുഷ്ഠാന നൃത്ത നാടകമാണ് നിണബലി. നിണബലി നടത്തുന്നത് ബാധകളെ ഒഴിപ്പിക്കാനാണെന്നാണ് വിശ്വാസം.

കാലൻകളി

മധ്യകേരളത്തിലുള്ള ഒരു അനുഷ്ഠാന കല. കാലന്റെ വേഷം കെട്ടി വീടുതോറും ചെല്ലുന്നതാണ് ഇതിന്റെ പ്രധാന ഭാഗം.

കുത്തിയോട്ടം

ഭദ്രകാളി ക്ഷേത്രങ്ങളിൽ നടത്തുന്ന അനുഷ്ഠാന കലാരൂപം. ചൂരൽ കുത്താണ് പ്രധാന ചടങ്ങ്.

കണ്ണേറുപാട്ട്

കണ്ണേറുദോഷം തീർക്കാനായി ഉത്തര കേരളത്തിൽ നടത്തിയിരുന്ന അനുഷ്ഠാനമാണ് കണ്ണേറുപാട്ട്.

സർപ്പംതുള്ളൽ

കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചാരമുള്ള ഒരനുഷ്ഠാന കലയാണ് സർപ്പംതുള്ളൽ. സർപ്പപ്രീതിക്കു വേണ്ടിയാണ് ഇത് നടത്താറുള്ളത്.

ഓണത്തുള്ളൽ

തെക്കൻ കേരളത്തിൽ പ്രചാരമുള്ള ഒരു അനുഷ്ഠാനകലയാണ് ഓണത്തുള്ളൽ.

തോൽപ്പാവക്കൂത്ത്

പാലക്കാട് - പൊന്നാനി പ്രദേശങ്ങളിൽ അരങ്ങേറുന്നു.

കാവടിയാട്ടം

സുബ്രഹ്മണ്യനെ ആരാധിക്കുന്ന രീതിയുമായി ബന്ധപ്പെട്ട അനുഷ്ഠാന കലാരൂപം.

സർപ്പം പാട്ട്

സർപ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും അരങ്ങേറുന്നു.

തിടമ്പ് നൃത്തം

ദേവീദേവൻമാരുടെ തിടമ്പ് തലയിൽ എടുത്ത് നടത്തുന്ന അനുഷ്ഠാനപരമായ നൃത്തം.

കളമെഴുത്തും പാട്ടും

വീടുകളിലും കാവുകളിലും ക്ഷേത്രങ്ങളിലും കളം വരച്ചു നടത്തുന്ന അനുഷ്ഠാന കല.

കോതാമൂരിയാട്ടം

മലയ സമുദായത്തിലെ ആൺകുട്ടികൾ പശുവിന്റെ രൂപം അരയിൽ ബന്ധിപ്പിച്ചുകൊണ്ട് വീടുകളിൽ ചെന്ന് ആടുന്ന നൃത്തരൂപമാണ് കോതാമൂരിയാട്ടം. ഉത്തര കേരളത്തിലാണ് ഈ കല പ്രചാരത്തിലുള്ളത്.

കാക്കാരിശ്ശി നാടകം

കാക്കാല സമുദായത്തിന്റെ ജീവിതം പ്രമേയമാക്കി മറ്റ് സമുദായക്കാർ എഴുതിയുണ്ടാക്കിയ ഹാസ്യാത്മക നാടകമാണ് കാക്കാരിശ്ശി നാടകം. കേരളത്തിലെ നാടോടി വർഗക്കാരാണ് കാക്കാലർ. മലബാറിൽ ഇവർ 'കാക്ക കറുമ്പൻ കാക്കാല കുറവൻ' എന്നാണ് അറിയപ്പെടുന്നത്. മധ്യ തിരുവിതാംകൂറിലാണ് കാക്കാരിശ്ശി നാടകം ഏറെ പ്രചാരത്തിലുണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലെ വിനോദ ഗ്രാമീണ നാടകമാണ് കാക്കാരിശ്ശി നാടകം.

പൊറാട്ടുനാടകം

പാലക്കാട് ജില്ലയിൽ പ്രചാരത്തിലുള്ള ഗ്രാമീണ നാടകമാണ് പൊറാട്ടുനാടകം. മകരം മുതൽ എടവം വരെയുള്ള മാസങ്ങളിൽ കൊയ്തു കഴിഞ്ഞ പാടങ്ങളിൽ അവതരിപ്പിക്കുന്ന വിനോദനാടകമാണിത്. ഹാസ്യം നിറഞ്ഞ സംഭാഷണം, ചടുലമായ നൃത്തം, രസകരമായ പാട്ടുകൾ എന്നിവ പൊറാട്ടു നാടകത്തിനുണ്ടാകും.

പണിയർകളി

മലബാറിലെ ആദിവാസി വിഭാഗക്കാർക്കിടയിലെ വിനോദകലയാണ് പണിയർ കളി.

വടിത്തല്ല്

മധ്യ കേരളത്തിൽ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപമാണ് വടിത്തല്ല്.

മങ്ങലംകളി

വടക്കേ മലബാറിൽ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപമാണ് മങ്ങലംകളി. വിവാഹാഘോഷ ചടങ്ങുകളിൽ കാണുന്ന സവിശേഷതയാർന്ന ഒരു കലാരൂപമാണിത്.

കോൽക്കളി

മുസ്ലിങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു കലയാണ് കോൽക്കളി. മാപ്പിളപ്പാട്ടുകളുടെ ഈണത്തിനൊത്ത് കോലുകൾകൊണ്ട് നടത്തുന്ന വിനോദപരിപാടിയാണിത്.

പരിചമുട്ടുകളി

കേരളത്തിലെ വിവിധഭാഗങ്ങളിലായി പ്രചാരത്തിലുള്ള ഒരു ആയോധനകലയാണ് പരിചമുട്ടുകളി. ആയോധനകലയിൽ പ്രാവീണ്യം നേടിയിട്ടുള്ള പത്തോ പന്ത്രണ്ടോ പുരുഷന്മാരടങ്ങിയ സംഘമാണ് പരിചമുട്ടുകളി അവതരിപ്പിക്കുന്നത്.  പള്ളിപ്പെരുന്നാളുകളിലും കല്യാണസദസ്സുകളിലും അവതരിപ്പിക്കുന്നു.

മീനാക്ഷി കല്യാണം

പാലക്കാട് ജില്ലയിൽ പ്രചാരമുള്ള നാടോടി നാടകരൂപമാണ് മീനാക്ഷികല്യാണം. കഥകളിയും നാടകവും യോജിപ്പിച്ചുള്ള ഒരു മിശ്രകലാരൂപമാണിത്. തമിഴ് ബ്രാഹ്മണർക്കിടയിലാണ് ഈ കലാരൂപമുള്ളത്.

വില്ലടിച്ചാൻ പാട്ട്

തെക്കൻ കേരളത്തിൽ പ്രചാരത്തിലുള്ള ഒരു കലാരൂപമാണ് വില്ലടിച്ചാൻ പാട്ട്.

പാവക്കഥകളി

മനുഷ്യർക്ക് പകരം കഥകളി വേഷത്തിലുള്ള പാവകളെ ഉപയോഗിച്ചു നടത്തുന്ന ഒരുതരം കഥകളിയും നിലവിലുണ്ട്; 'പാവക്കഥകളി'. കഥകളി ശാസ്ത്രീയ കലയാണെങ്കിലും പാവക്കഥകളി നാടൻ കലാരൂപമാണ്. സംഗീതോപകരണങ്ങൾ വായിക്കുന്നവർ ഉൾപ്പെടെ ഏഴു പേർ ഇതിന് വേണം. പാവകളെ കളിപ്പിക്കുന്നവർ തന്നെയാണ് പാട്ടുപാടുന്നതും.

പണിയർകളി

മലബാറിലെ ആദിവാസി വിഭാഗക്കാർക്കിടയിലെ വിനോദ കലയാണ് പണിയർകളി.

കരുനീലിയാട്ടം

വടക്കൻ കേരളത്തിൽ നിലനിന്നുപോന്ന നാടൻകലാരൂപമാണ് കരുനീലിയാട്ടം. ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുള്ള ഇത് ഒരു നൃത്തസംഗീത നാടകം പോലെയാണെന്നു പറയാം. 'കരുനീലി'യോടുള്ള ആരാധനയുടെ ഭാഗമായാണ് കരുനീലിയാട്ടം രൂപപ്പെട്ടത്.

പൊറാട്ടുനാടകം

സാധാരണക്കാരുടെ ജീവിതത്തിലെ പ്രാരാബ്ദങ്ങൾ ചോദ്യോത്തര രൂപത്തിൽ അവതരിപ്പിക്കുന്ന കലയാണ് പൊറാട്ടുനാടകം. ഇന്ന് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നേരമ്പോക്കിനായി ഇത് അവതരിപ്പിക്കാറുണ്ട്.

കണ്യാർകളി

ഭഗവതിക്കാവുകളിലും ദേവീക്ഷേത്രങ്ങളിലും നടത്തിയിരുന്ന ഒരു കലാരൂപമാണ് കണ്യാർകളി. ദേശത്തുകളി എന്നും ഇതിന് പേരുണ്ട്.

തോൽപ്പാവക്കൂത്ത്

ദേവീക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന കലാരൂപമാണ് തോൽപ്പാവക്കൂത്ത്. നിഴൽ നാടകരൂപത്തിലുള്ള ഇതിന്റെ ഇതിവൃത്തം തമിഴ് കവി കമ്പരുടെ രാമായണത്തെ ആസ്പദമാക്കിയുള്ളതാണ്.

നിണബലി

തലശ്ശേരി - നാദാപുരം ഭാഗങ്ങളിൽ നിലവിലുള്ള ഉച്ചാടനകർമത്തിന്റെ ഭാഗമായി നടത്താറുള്ളതായിരുന്നു ഈ നാടകം. മലയ സമുദായക്കാരും പാണന്മാരും ആയിരുന്നു കാർമികന്മാർ. തറവാടുകളിലെ ബാധ ഒഴിപ്പിക്കൽ, ശത്രുദോഷം മുതലായവ മാറാനും തറവാടുവീടുകളിലെ ഐശ്വര്യത്തിനും വേണ്ടിയായിരുന്നു നിണബലി നടത്തിയിരുന്നത്.

മാർഗംകളി

സുറിയാനി, ക്‌നാനായ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരമുള്ള കലാരൂപമാണ് മാർഗംകളി. ക്രിസ്തുവർഷം 1600 നും 1700 നും ഇടയിലാണ് മാർഗംകളി രൂപംകൊണ്ടതെന്ന് വിശ്വസിക്കുന്നു. 'മാർഗം' എന്ന വാക്കുകൊണ്ട് ക്രിസ്തുമാർഗം എന്നാണ് അർത്ഥമാക്കുന്നത്. വാദ്യങ്ങൾ മാർഗംകളിയിൽ ഉപയോഗിക്കാറില്ല. സുറിയാനി പണ്ഡിതർ എഴുതിയ മാർത്തോമായെ പ്രകീർത്തിക്കുന്ന ഗ്രന്ഥത്തിന്റെ ചുവടുപിടിച്ചുകൊണ്ട് ഉണ്ടാക്കിയ പാട്ടുകളാണ് ആദ്യകാലത്ത് മാർഗംകളിയായി ഉപയോഗിച്ചിരുന്നത്. ബൈബിൾ കഥകളും സെന്റ് തോമസ് ചരിതങ്ങളുമാണ് തുടർന്നുള്ള കാലങ്ങളിലെ മാർഗംകളിയുടെ മുഖ്യപ്രമേയം.

ചവിട്ടുനാടകം

തിരുവിതാംകൂറിലെയും കൊച്ചിയിലെയും റോമൻ കത്തോലിക്കകാർക്കിടയിലാണ് ചവിട്ടുനാടകം എന്ന കലാരൂപമുള്ളത്. പാട്ടിനൊത്ത് ചുവടുവച്ചുള്ള ആട്ടവും പാട്ടുമാണ് ചവിട്ടുനാടകത്തിന്റെ പ്രധാന ഭാഗം. നാടകം മുഴുവൻ ഗാന രൂപത്തിലായിരിക്കും. യൂറോപ്യൻ നാടകസമ്പ്രദായമായ ഓപ്പറയോടു സാദൃശ്യമുള്ള കേരളീയ കലാരൂപമാണ് ചവിട്ടുനാടകം. നാനൂറു വർഷത്തെ പഴക്കമുള്ള ഈ നൃത്തസംഗീത കലാരൂപം ലത്തീൻ കത്തോലിക്കർ പൈതൃകകലയായി കാത്തുസൂക്ഷിക്കുന്നു. എട്ടുമണിക്കൂറാണ് ദൈർഘ്യം.

ഒപ്പന

ഉത്തരകേരളത്തിലെ മുസ്ലിം വനിതകൾ അവതരിപ്പിച്ചിരുന്ന ഈ കലാരൂപം ഇന്ന് കേരളത്തിലുടനീളം പ്രചാരം നേടിയിട്ടുണ്ട്. വിവാഹ സംബന്ധമായ നൃത്തരൂപമാണിത്.

ദഫ് മുട്ട്

മുസ്ലിങ്ങൾക്കിടയിലുള്ള മറ്റൊരു അനുഷ്ഠാന രൂപമാണ് ദഫ് മുട്ട്. ദഫ് മുട്ടിക്കൊണ്ട് പാട്ടുപാടിയാണ് കളിക്കുന്നത്. പ്രാർത്ഥനയോടെ ആരംഭിക്കുകയും സംഘത്തലവൻ പാടുന്ന പാട്ട് മറ്റ് കളിക്കാർ ചുവടുവെച്ചുകൊണ്ട് ഏറ്റുപാടുകയും ചെയ്യുന്നു.

അറബനമുട്ട്

മുസ്ലിങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാനരൂപമാണ് അറബനമുട്ട്. അറബന ഒരു വാദ്യോപകരണമാണ്. ഈ വാദ്യോപകരണം കൈകൊണ്ട് മുട്ടി പാട്ടുകൾക്ക് (ബൈത്ത്) അനുസൃതമായി താളാത്മകമായി ചലിക്കുന്നതാണ് ഈ അനുഷ്ഠാനം.

Post a Comment

0 Comments
Post a Comment (0)