കേരളത്തിലെ സാംസ്‌കാരിക കേന്ദ്രങ്ങൾ
കേരള
സാഹിത്യ അക്കാദമി
തിരു
- കൊച്ചി ഗവൺമെന്റ് 1956 ഓഗസ്റ്റ് 15ന് കേരള സാഹിത്യ അക്കാദമിക്ക് രൂപം
നൽകി. 1958ൽ ആസ്ഥാനം
തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് മാറ്റി. റഫറൻസ് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുക, മികച്ച ഗ്രന്ഥങ്ങൾക്ക് പുരസ്‌കാരങ്ങൾ നൽകുക, മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും
വളർച്ചയ്ക്കുതകുന്ന ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുക തുടങ്ങിയവയാണ് പ്രധാന
പ്രവർത്തനങ്ങൾ. സാഹിത്യലോകം (ദ്വൈമാസിക), സാഹിത്യ
ചക്രവാളം (മാസിക),
മലയാളം ലിറ്റററി
സർവേ (ഇംഗ്ലീഷ് ത്രൈമാസിക) എന്നീ ആനുകാലികങ്ങൾ അക്കാദമി പ്രസിദ്ധീകരിക്കുന്നു.
സർദാർ കെ.എം.പണിക്കരായിരുന്നു അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ്.
കേരള
ഫോക്‌ലോർ അക്കാദമി
കേരളത്തിലെ
നാടൻ കലകളുടെ സംരക്ഷണത്തിനും നാടൻ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും
ആദരിക്കുന്നതിനുമായാണ് 1995ൽ ഫോക്‌ലോർ അക്കാദമി
സ്ഥാപിച്ചത്. കണ്ണൂരിലാണ് ആസ്ഥാനം. അക്കാദമിയുടെ മുഖപത്രമാണ് 'പൊലി'. ഫോക്‌ലോർ മേഖലയിലുള്ള ധാരാളം റഫറൻസ്
ഗ്രന്ഥങ്ങളും അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജി.ഭാർഗവൻ പിള്ളയാണ് ആദ്യ
ചെയർമാൻ.
കേരള
സംഗീത നാടക അക്കാദമി
തൃശ്ശൂരിലെ
ചെമ്പൂക്കാവിലാണ് കേരള സംഗീതനാടക അക്കാദമിയുടെ ആസ്ഥാനം. കേരളത്തിലെ സംഗീതം, നൃത്തം, നാടകം എന്നിവയുടെ പുരോഗതിക്കും
പോഷണത്തിനും വേണ്ടി 1958 ഏപ്രിൽ 26ന് കേരള സർക്കാരാണ് സ്ഥാപിച്ചത്. സംഗീത
നാടക അക്കാദമിയുടെ ദ്വൈമാസികയാണ് 'കേളി'. ഏതാനും പുസ്തകങ്ങളും
പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധ സംഗീത വിദുഷിയായ മങ്കുത്തമ്പുരാനായിരുന്നു
ആദ്യത്തെ ചെയർമാൻ.
കേരള
ലളിതകലാ അക്കാദമി
ചിത്രം, ശിൽപ്പം, വാസ്തുശിൽപ്പം, ഗ്രാഫിക് തുടങ്ങിയ ലളിതകലകളുടെ
വികസനത്തിനുവേണ്ടി സ്ഥാപിച്ചതാണ് കേരള ലളിതകലാ അക്കാദമി. തൃശ്ശൂരിലെ
ചെമ്പൂക്കാവിലാണ് ആസ്ഥാനം. 1962 നവംബർ 22ന് പ്രവർത്തനം ആരംഭിച്ചു.
തിരുവനന്തപുരം,
കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ലളിതകലാ
അക്കാദമിക്ക് ആർട്ട് ഗാലറികളുണ്ട്. ലളിതകലാ അക്കാദമിയുടെ ആദ്യത്തെ ചെയർമാൻ
എം.രാമവർമരാജ ആയിരുന്നു.
കേരള
കലാമണ്ഡലം
മഹാകവി
വള്ളത്തോൾ നാരായണമേനോനാണ് കേരള കലാമണ്ഡലം സ്ഥാപിച്ചത്. അദ്ദേഹത്തോടൊപ്പം
കലാമണ്ഡലത്തിനുവേണ്ടി പ്രധാനമായും പ്രവർത്തിച്ചത് മണക്കുളം മുകുന്ദ രാജാവാണ്.
കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, ചാക്യാർകൂത്ത്, പഞ്ചവാദ്യം തുടങ്ങിയ കേരളീയ കലകളുടെയും
നാടൻകലകളുടെയും വികസനവും പുരോഗതിയും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഇതിന്റെ
പ്രവർത്തനങ്ങൾ. 1930 നവംബർ 9ന് കലാമണ്ഡലം പ്രവർത്തനം തുടങ്ങി.
ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തി (വള്ളത്തോൾ നഗർ) യാണ് കലാമണ്ഡലത്തിന്റെ
ആസ്ഥാനം. 1957ൽ കേരള സർക്കാർ ഏറ്റെടുത്തു.
നാട്യശാസ്ത്രവിധിപ്രകാരം നിർമിച്ച കൂത്തമ്പലമാണ് കലാമണ്ഡലത്തിലെ ഏറ്റവും
ശ്രദ്ധേയമായ മന്ദിരം. 2007ൽ കല്പിത സർവകലാശാലയായി. ബിരുദ
- ബിരുദാനന്തര ക്ലാസുകൾക്കു പുറമേ വിവിധ കലകളുമായി ബന്ധപ്പെട്ട ഗവേഷണവും
കലാമണ്ഡലത്തിൽ ആരംഭിച്ചിട്ടുണ്ട്. ക്ലാസിക് കലകളെക്കുറിച്ചുള്ള പുസ്തകങ്ങളും
കലാമണ്ഡലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള
പീപ്പിൾസ് ആർട്സ് ക്ലബ്
ആലപ്പുഴ
ജില്ലയിലെ കായംകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാടക സംഘമാണ് കെ.പി.എ.സി. കേരളാ
പീപ്പിൾസ് ആർട്സ് ക്ലബ് എന്നാണ് പൂർണരൂപം. തോപ്പിൽ ഭാസിയെപ്പോലെയുള്ള പ്രശസ്തരായ
സംവിധായകരാലും അവരുടെ പ്രസിദ്ധനാടകങ്ങളാലും മികച്ച കലാകാരന്മാരാലും
ശ്രദ്ധിക്കപ്പെട്ട പ്രൊഫഷണൽ നാടകസംഘമാണിത്.
'എന്റെ മകനാണ് ശരി' എന്ന നാടകമാണ് കെപിഎസി ആദ്യമായി
അവതരിപ്പിച്ചത്. കെപിഎസി അവതരിപ്പിച്ച രണ്ടാമത്തെ നാടകമാണ് തോപ്പിൽ ഭാസി രചിച്ച 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'.
സ്കൂൾ
ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ്
1977ലാണ് സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ
ആർട്സ് സ്ഥാപിതമായത്. തൃശൂർ ജില്ലയിലെ അരണാട്ടുകരയിലാണ് സ്ഥിതിചെയ്യുന്നത്.
ജി.ശങ്കരപ്പിള്ളയാണ് സ്കൂൾ ഓഫ് ഡ്രാമയുടെ സ്ഥാപക ഡയറക്ടർ. ഇപ്പോൾ കാലിക്കറ്റ്
സർവകലാശാലയുടെ ഭാഗമാണ് സ്കൂൾ ഓഫ് ഡ്രാമ.
കേരള
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
ഒരു
പൊതു മേഖലാ സ്ഥാപനമായി 1981 മെയ് 27ന് കേരള സർക്കാരിന്റെ കീഴിൽ
പ്രവർത്തനമാരംഭിച്ചു. ഏബ്രഹാം ജോസഫായിരുന്നു ആദ്യ ചെയർമാൻ. കുട്ടികളുടെ
സർവതോന്മുഖമായ വളർച്ചയ്ക്കും വികാസത്തിനും ഉതകുന്ന ബാലസാഹിത്യ കൃതികളിലൂടെയും
അവധിക്കാല ക്യാമ്പുകളിലൂടെയും അവരുടെ കഴിവിനെ വികസിപ്പിച്ചെടുക്കുക എന്നുള്ളതാണ്
ലക്ഷ്യം. തിരുവനന്തപുരമാണ് ആസ്ഥാനം. കുട്ടികൾക്കായി തളിര് എന്ന ബലമാസികയും വിവിധ
പുസ്തകങ്ങളും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്.
മാർഗി
1970 ലാണ് മാർഗി ആരംഭിക്കുന്നത്.
കഥകളി പഠനവും കഥകളി,
കൂടിയാട്ടം, നങ്യാർകൂത്ത് എന്നിവ
പ്രോത്സാഹിപ്പിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. കളിയോഗ മാതൃകയിലാണ് പ്രവർത്തനം.
കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെയാണ് കൂടിയാട്ട വിഭാഗം
പ്രവർത്തിക്കുന്നത്. മാർഗ്ഗിയെ കൂടിയാട്ടം ഗവേഷക വിദ്യാർത്ഥികൾക്കുള്ള റിസോഴ്‌സ്
സെന്ററായി കേരള കലാമണ്ഡലം അംഗീകരിച്ചിട്ടുണ്ട്.
കേരള
ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
കേരള
സർക്കാർ 1968 സെപ്റ്റംബർ 16ന് രൂപീകരിച്ചു. തിരുവനന്തപുരത്തുള്ള
നളന്ദയിലാണ് ആസ്ഥാനം. മലയാളഭാഷയുടെ വികസനത്തിനും വൈജ്ഞാനിക സാഹിത്യ പ്രചാരണത്തിനുമായി
ആരംഭിച്ചു. കലാശാലകൾക്കുവേണ്ടിയുള്ള പാഠപുസ്തകങ്ങളുടെ പ്രസിദ്ധീകരണമാണ്
സ്ഥാപനത്തിന്റെ മുഖ്യപ്രവർത്തനം. എൻ.വി.കൃഷ്ണവാരിയരായിരുന്നു ആദ്യത്തെ ഡയറക്ടർ.
വിജ്ഞാന കൈരളി എന്ന മാസിക പ്രസിദ്ധീകരിക്കുന്നു.
കേരള
സംസ്ഥാന ചലച്ചിത്ര അക്കാദമി
1998 ഓഗസ്റ്റിലാണ് കേരള സ്റ്റേറ്റ്
ചലച്ചിത്ര അക്കാദമി രൂപവത്കൃതമായത്. ഫിലിം സൊസൈറ്റികൾ, പുസ്തക പ്രസിദ്ധീകരണം, ചലച്ചിത്ര സെമിനാറുകൾ എന്നിവയിലൂടെ
കേരളത്തിലെ ജനങ്ങളിൽ ചലച്ചിത്ര സാക്ഷരതയുണ്ടാക്കുകയാണ് ചലച്ചിത്ര അക്കാദമിയുടെ
ലക്ഷ്യം. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത് ചലച്ചിത്ര
അക്കാദമിയാണ്.
കേരള
സ്റ്റേറ്റ് ജവഹർ ബാലഭവൻ
തിരുവനന്തപുരം
കനകക്കുന്ന് കൊട്ടാരത്തിനടുത്താണ് കേരള സംസ്ഥാന ജവഹർ ബാലഭവൻ പ്രവർത്തിക്കുന്നത്.
കല, സാഹിത്യം, സംസ്കാരം, സയൻസ് എന്നീ മേഖലകളിൽ കുട്ടികളുടെ
സർഗ്ഗവാസനകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ എന്നീ ജില്ലകളിൽ ജില്ലാ
ബാലഭവനുകളും പ്രവർത്തിച്ചുവരുന്നു.
മലയാള
കലാഗ്രാമം
കേരളത്തിന്റെ
കലയും സംസ്കാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മയ്യഴിപ്പുഴയുടെ തീരത്ത്
ആരംഭിച്ച സ്ഥാപനമാണ് മലയാള കലാഗ്രാമം. 1993
ഡിസംബർ 28ന് എ.പി.കുഞ്ഞിക്കണ്ണൻ
കലാഗ്രാമത്തിന് തുടക്കമിട്ടു. സംഗീതം, നൃത്തം, ചിത്രരചന, ശില്പനിർമാണം, അഭിനയം തുടങ്ങി പല മേഖലകളിൽ മികച്ച
പരിശീലനം ഇവിടെ നൽകിവരുന്നു.
കേരള
മീഡിയ അക്കാദമി
1979 മാർച്ച് 15ന് കേരള സർക്കാർ സ്ഥാപിച്ചതാണ് കേരള
പ്രസ് അക്കാദമി. കൊച്ചിയിൽ കാക്കനാടാണ് ഇതിന്റെ ആസ്ഥാനം. 2014ൽ കേരള മീഡിയ അക്കാദമി എന്നു പുനർ
നാമകരണം ചെയ്തു. കേരളത്തിലെ പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട മേഖലയിലെ വിവിധ
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഊർജസ്വലമാക്കുകയും ചെയ്യുകയാണ് പ്രവർത്തന
ലക്ഷ്യം. ആദ്യത്തെ ചെയർമാൻ കെ.ദാമോദര മേനോൻ.
സംസ്ഥാന
സർവ വിജ്ഞാനകോശ പ്രസിദ്ധീകരണ ഇൻസ്റ്റിറ്റ്യൂട്ട്
ലോകവിജ്ഞാനം
മലയാള ഭാഷയിലൂടെ കേരളീയർക്കു പകർന്നു കൊടുക്കാനും മാതൃഭാഷയുടെ പ്രചാരം
വർധിപ്പിക്കാനും സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1961ൽ ആരംഭിച്ച ഈ സ്ഥാപനം പിന്നീട് സംസ്ഥാന
സർവവിജ്ഞാനകോശ പ്രസിദ്ധീകരണ ഇൻസ്റ്റിറ്റ്യൂട്ടായി.
പ്രൊഫ.എൻ.ഗോപാലപ്പിള്ളയായിരുന്നു ആദ്യ ചീഫ് എഡിറ്റർ. തിരുവനന്തപുരമാണ് ആസ്ഥാനം.
സർവ വിജ്ഞാനകോശവും വിഷയാധിഷ്ഠിത വിജ്ഞാന കോശങ്ങളും ഇൻസ്റ്റിറ്റ്യൂട്ട്
പ്രസിദ്ധപ്പെടുത്തുന്നുണ്ട്. വിശ്വസാഹിത്യവിജ്ഞാനകോശം, പരിസ്ഥിതി വിജ്ഞാനകോശം തുടങ്ങിയവ
പ്രസിദ്ധീകരണങ്ങളിലുൾപ്പെടുന്നു.
തിരുവനന്തപുരം
പബ്ലിക് ലൈബ്രറി
സ്വാതിതിരുനാൾ
രാമവർമ്മ മഹാരാജാവിന്റെ ഭരണകാലത്ത് 1829ൽ
സ്ഥാപിതമായി. ട്രിവാൻഡ്രം പീപ്പിൾസ് ലൈബ്രറി എന്നായിരുന്നു തുടക്കത്തിൽ
അറിയപ്പെട്ടിരുന്നത്. 1898ൽ പൊതുജനങ്ങൾക്കായി
തുറന്നുകൊടുത്തു. 1958ൽ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എന്നാക്കി.
ഹസ്തലിഖിത
ഗ്രന്ഥശാല
1908ൽ സംസ്കൃതം ക്യൂറേറ്റർ എന്ന
പേരിൽ നിലവിൽ വന്നു. ഇപ്പോൾ കേരള സർവകലാശാലയുടെ ഭാഗമായി കാര്യവട്ടത്ത്
പ്രവർത്തിക്കുന്നു.
കേരള
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
അമ്പലപ്പുഴ
പി.കെ.മെമ്മോറിയലിൽ 1945ൽ കൂടിയ യോഗം തിരുവിതാംകൂർ
ഗ്രന്ഥശാലാ സംഘത്തിന് ആരംഭം കുറിച്ചു. ആദ്യം രൂപംകൊണ്ട അഖിലകേരള ഗ്രന്ഥശാലാ
സംഘമാണ് കേരള ഗ്രന്ഥശാലാസംഘമായി മാറിയത്. പിന്നീട് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
എന്നു പേരു മാറ്റി (1991ൽ). ഇതിന്റെ ആസ്ഥാനം
തിരുവനന്തപുരമാണ്. സംഘത്തിന്റെ മുഖപത്രമാണ് 'ഗ്രന്ഥലോകം' മാസിക. സംഘത്തിന്റെ ആദ്യത്തെ
സെക്രട്ടറി പി.എൻ.പണിക്കരാണ്. കേരളത്തിൽ സാക്ഷരതാ പ്രവർത്തനത്തിന് തുടക്കം
കുറിച്ചത് ഗ്രന്ഥശാലാ സംഘമാണ്.
ഗുരു
ഗോപിനാഥ് നടനഗ്രാമം
തിരുവനന്തപുരത്ത്
വട്ടിയൂർക്കാവിൽ 1994ൽ സാംസ്‌കാരിക വകുപ്പിന്റെ
കീഴിൽ ആരംഭിച്ച സ്ഥാപനമാണ് ഗുരു ഗോപിനാഥ് നടനഗ്രാമം. ഗുരു ഗോപിനാഥ്
നടനഗ്രാമത്തിലാണ് ദേശീയ നൃത്ത മ്യൂസിയം സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരത്ത്
വിശ്വകലാകേന്ദ്രം സ്ഥാപിച്ചത് ഗുരുഗോപിനാഥാണ്.
വാസ്തുവിദ്യാ
ഗുരുകുലം
ഭാരതീയ
വാസ്തുവിദ്യയും അനുബന്ധ വിഷയങ്ങളുടെയും സംരക്ഷണത്തിനും പ്രചാരണത്തിനുമായി 1993ൽ പ്രവർത്തനം ആരംഭിച്ച കേരള സർക്കാർ
സ്ഥാപനമാണ് വാസ്തുവിദ്യാ ഗുരുകുലം. പത്തനംതിട്ടയിലെ ആറന്മുളയിലാണ്
സ്ഥിതിചെയ്യുന്നത്. ഇന്ത്യയിൽ സർക്കാർ മേഖലയിൽ വാസ്തുവിദ്യ പഠിപ്പിക്കാനും
പ്രയോഗിക്കാനും പ്രവർത്തിക്കുന്ന ഏക സ്ഥാപനമാണ് വാസ്തുവിദ്യാ ഗുരുകുലം.
സെന്റർ
ഫോർ ഹെറിറ്റേജ് സ്റ്റഡീസ്
കേരളത്തിന്റെ
സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് പഠനം നടത്തുന്നതിനായുള്ള കേരള സാംസ്‌കാരിക
വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ പഠനസ്ഥാപനമാണ് സെന്റർ ഫോർ ഹെറിറ്റേജ്
സ്റ്റഡീസ്. എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിലെ ഹിൽപാലസിലാണ് സ്ഥാപനം
പ്രവർത്തിക്കുന്നത്.
മലയാളം
മിഷൻ
മലയാള
ഭാഷയും സംസ്കാരവും ആഗോള തലത്തിൽ പ്രചരിപ്പിക്കുന്നതിനായി കേരള സാംസ്‌കാരിക
വകുപ്പിനു കീഴിൽ സ്ഥാപിതമായ സംരംഭമാണ് മലയാളം മിഷൻ. 2005ൽ ഡൽഹിയിൽ പ്രവർത്തനം ആരംഭിച്ച മലയാള
മിഷൻ, 2009ൽ ഔദ്യോഗികമായി ഉദ്‌ഘാടനം
ചെയ്യപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ തൈക്കാടാണ് ആസ്ഥാനം. മലയാളം മിഷന്റെ വെബ്
മാസികയാണ് പൂക്കാലം.
ഭാരത്
ഭവൻ
ഭാഷ, സംസ്കാരം, കല എന്നിവയുടെ പരിപോഷണത്തിനായി 1984ൽ നിലവിൽ വന്ന സ്ഥാപനമാണ് ഭാരത് ഭവൻ. 2013 മുതൽ ഭാരത് ഭവൻ വിവർത്തക രത്നം എന്ന
പേരിൽ അവാർഡ് ഏർപ്പെടുത്തി.
കേരളത്തിലെ കോട്ടകൾ
പതിനാറാം നൂറ്റാണ്ടിന്റെ ആദ്യദശകം മുതൽ പതിനെട്ടാം
നൂറ്റാണ്ടിന്റെ മധ്യം വരെയുള്ള കാലഘട്ടത്തിൽ കേരളത്തിൽ നിരവധി കോട്ടകൾ നിർമിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ നിലനിൽക്കുന്നതും ചരിത്രഗ്രന്ഥങ്ങളിൽ പറയുന്നതുമായ കോട്ടകൾ ചുവടെ കൊടുത്തിരിക്കുന്നു.
1. ബേക്കൽ കോട്ട (കാസർഗോഡ്)
കാസർഗോഡ് ജില്ലയിലെ പള്ളിക്കര വില്ലേജിൽ കടൽത്തീരത്തായി
സ്ഥിതിചെയ്യുന്നു. ബെദ്നോറിലെ ശിവപ്പനായ്ക്കനാണ് ഈ കോട്ട പണികഴിപ്പിച്ചതെന്ന് കരുതുന്നു.
2. ചന്ദ്രഗിരിക്കോട്ട (കാസർഗോഡ്)
ഈ കോട്ട പണികഴിപ്പിച്ചത് ശിവപ്പ നായ്ക്കനാണെന്ന്
വിശ്വസിക്കുന്നു. കാസർഗോഡ് ജില്ലയിൽ ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.
3. കുമ്പള ആരിക്കാടി കോട്ട (കാസർഗോഡ്)
കാസർഗോഡ് - മംഗലാപുരം റൂട്ടിൽ കുമ്പളയ്ക്കടുത്ത്
സ്ഥിതിചെയ്യുന്ന കോട്ടയാണ് കുമ്പള ആരിക്കാടി കോട്ട. പതിനാറാം നൂറ്റാണ്ടിൽ ഇക്കേരി രാജവംശത്തിൽ
പെട്ട വെങ്കിടപ്പനായ്ക്കാണ് ആരിക്കാടി കോട്ട കെട്ടിയതെന്നാണ് വിശ്വാസം.
4. ഹോസ്‌ദുർഗ് കോട്ട (കാസർഗോഡ്)
കാസർഗോഡ് ജില്ലയിൽ സ്ഥിതിചെയ്യുന്നു. പണ്ടത്തെ നീലേശ്വരം
രാജ്യമാണ് ഇന്നത്തെ ഹോസ്ദുർഗ് താലൂക്ക്. ബദ്നോനായിക്കനായ സോമശേഖരനാണ് ഇവിടെ 1731ൽ ഈ
കോട്ട നിർമിച്ചത്.
5. പൊവ്വൽ കോട്ട (കാസർഗോഡ്)
കാസർഗോഡ് ജില്ലയിലുള്ള മറ്റൊരു കോട്ടയാണ് പൊവ്വൽ
കോട്ട. ഇക്കേരി രാജാക്കന്മാരാണ് കോട്ട നിർമിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
6. തലശ്ശേരിക്കോട്ട (കണ്ണൂർ)
വ്യാപാര തലസ്ഥാനം കോഴിക്കോട്ടുനിന്നു തലശ്ശേരിയിലേക്ക്
മാറ്റിയ ബ്രിട്ടീഷുകാർ ഇന്നത്തെ കണ്ണൂർ ജില്ലയുടെ ഭാഗമായ തലശ്ശേരിയിൽ 1705 ലാണ് കോട്ട
നിർമിച്ചത്. ചതുരാകൃതിയിൽ ചെങ്കല്ലുകൊണ്ടാണ് ഇതിന്റെ നിർമാണം.
7. വളപട്ടണം കോട്ട (കണ്ണൂർ)
കണ്ണൂർ ജില്ലയിൽ കാട്ടാമ്പള്ളിപ്പുഴയുടെ തീരത്താണ്
ഈ കോട്ട. വല്ലഭൻ എന്ന കോലത്തിരി പണിതതിനാലാണ് കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശം വളപട്ടണം
എന്നറിയാൻ തുടങ്ങിയത്.
8. മാടായിക്കോട്ട (കണ്ണൂർ)
കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന മാടായിക്കോട്ട കോലത്തിരി
രാജവംശത്തിലെ വല്ലഭ പെരുമാൾ ചെങ്കല്ല് കൊണ്ട് നിർമിച്ചതാണ്. തകർന്ന കോട്ടയുടെ കൽക്കൂമ്പാരം
മാത്രമാണ് ഇപ്പോഴുള്ളത്. 1766ൽ ഹൈദരാലി മാടായിക്കോട്ട ആക്രമിച്ച് കീഴ്‌പ്പെടുത്തിയതായി
ചരിത്രഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.
9. സെന്റ് ആഞ്ചലോകോട്ട (കണ്ണൂർ)
ഇന്നത്തെ കണ്ണൂർ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തായി
സെന്റ് ആഞ്ചലോ കോട്ട സ്ഥിതിചെയ്യുന്നു. കണ്ണൂർ കോട്ട എന്നും ഇതറിയപ്പെടുന്നു. 1505ൽ
പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഡോൺ ഫ്രാൻസിസ്‌കോ ഡി അൽമേഡ ത്രികോണാകൃതിയിൽ ചെങ്കല്ലുകൊണ്ട്
കോട്ട നിർമിച്ചു.
10. ധർമടം കോട്ട (കണ്ണൂർ)
കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കും കണ്ണൂരിനും ഇടയിലുള്ള
ധർമടത്താണ് ധർമടം കോട്ട സ്ഥിതിചെയ്യുന്നത്. നാടുവാഴികളെ പരാജയപ്പെടുത്തി ബ്രിട്ടീഷുകാർ
ധർമടത്തിന്റെ അധിപന്മാരായതോടെ കോട്ട ഉൾപ്പെടുന്ന പ്രദേശം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ
കമ്പനിയുടെ ഭാഗമായി മാറി. ചെങ്കല്ലു കൊണ്ട് നിർമിച്ച കോട്ടയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും
കാണാം.
11. പഴശ്ശി കോട്ട (കണ്ണൂർ)
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് പഴശ്ശിയിൽ കോട്ടക്കുന്ന്
എന്ന സ്ഥലത്താണ് പഴശ്ശി കോട്ട ഉണ്ടായിരുന്നത്. കേരളവർമ പഴശ്ശിരാജ നിർമിച്ച കോട്ടകളിൽ
ഒന്നാണിത്. കോട്ടയും കൊട്ടാരവും പിന്നീട് ബ്രിട്ടീഷുകാർ തകർത്തു.
12. ഏഴിമല കോട്ട (കണ്ണൂർ)
കണ്ണൂർ ജില്ലയിലെ രാമന്തളി ജുമാമസ്ജിദിന് തെക്ക്
ഭാഗത്ത് കോട്ടപ്പറമ്പ് എന്ന സ്ഥലത്താണ് ഈ കോട്ടയുണ്ടായിരുന്നത്. വാസ്കോ ഡ ഗാമയുടെ മൂന്നാം
പര്യടനവേളയിൽ 1524ലാണ് പോർച്ചുഗീസുകാർ ഈ കോട്ട പണിതത്.
13. കടലായിക്കോട്ട (കണ്ണൂർ)
കോലത്തിരി രാജവംശത്തിലെ വല്ലഭ പെരുമാൾ കണ്ണൂർ ജില്ലയിലെ
കടലായിയിൽ നിർമിച്ച കോട്ടയാണ് കടലായിക്കോട്ട. ശക്തമായ മതിലും മറ്റുമുള്ള കൽക്കോട്ട
ആയിരുന്നു ഇത്. ഇതിന്റെ തെളിവുകൾ ഇന്ന് അവശേഷിക്കുന്നില്ല.
14. തളിപ്പറമ്പ് കോട്ട (കണ്ണൂർ)
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിന്
അരകിലോ മീറ്റർ അകലെയായി തളിപ്പറമ്പ് കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം. ടിപ്പുവിന്റെ കോട്ടയെന്നാണ്
ഇതിനെ പ്രദേശവാസികൾ വിളിക്കുന്നത്.
15. ഹരിശ്ചന്ദ്ര കോട്ട (കണ്ണൂർ)
കണ്ണൂർ ജില്ലയിലെ പുരളിമലയിൽ ഒരു കോട്ടയുടെ അവശിഷ്ടമുണ്ട്.
അതാണ് ഹരിശ്ചന്ദ്ര കോട്ട.
16. കസാനക്കോട്ട (കണ്ണൂർ)
കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന കസാനക്കോട്ട അറയ്ക്കൽ
രാജവംശമാണ് നിർമിച്ചത്. അറയ്ക്കൽ രാജവംശത്തിന്റെ ട്രഷറിയുടെ സംരക്ഷണത്തിനായി കെട്ടിയ
കോട്ടയാണ് കസാനക്കോട്ട.
17. പായ്യം കോട്ട (കണ്ണൂർ)
പതിനേഴാം നൂറ്റാണ്ടിൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ
നിർമിച്ചതെന്ന് കരുതപ്പെടുന്ന പായ്യം കോട്ടയുടെ ഏതാനും മൺകൂനകൾ മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ.
ചിറക്കൽ രാജവംശത്തിന്റെയും പിന്നീട് അറയ്ക്കൽ രാജവംശത്തിന്റെയും പടനായകനായ മുരിക്കഞ്ചേരി
കേളുവാണ് ഈ കോട്ട നിർമിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
18. സെന്റ് ജോർജ് കോട്ട, മാഹി കോട്ട, ഫോർട്ട് ദുഫേൻ,
ഫോർട്ട് കൊന്തെ (മാഹി)
ഫ്രഞ്ചുകാരുടെ ആധിപത്യത്തിലിരുന്ന പ്രദേശമാണ് മാഹി.
മാഹിയിൽ ഫ്രഞ്ചുകാർ ഒന്നിലധികം കോട്ടകൾ കെട്ടി. ചിലത് ബ്രിട്ടീഷുകാർ പിന്നീട് പിടിച്ചടക്കി.
സെന്റ് ജോർജ് കോട്ട, മാഹി കോട്ട, ഫോർട്ട് ദുഫേൻ, ഫോർട്ട് കൊന്തെ എന്നിവ മാഹിയിൽ ഫ്രഞ്ചുകാർ
നിർമിച്ച കോട്ടകളാണ്.
19. മരയ്ക്കാർ കോട്ട (കോഴിക്കോട്)
കുഞ്ഞാലിമരയ്ക്കാർ മൂന്നാമൻ സാമൂതിരിയുടെ അനുവാദത്തോടെ
കോഴിക്കോട് കോട്ടയ്ക്കലിൽ നിർമിച്ച കോട്ടയാണ് മരയ്ക്കാർകോട്ട എന്നറിയപ്പെടുന്നത്.
20. കല്ലായിക്കോട്ട (കോഴിക്കോട്)
കല്ലായിപ്പുഴയുടെ വടക്ക് പോർച്ചുഗീസുകാർ കെട്ടിയ
കോട്ടയാണ് കല്ലായിക്കോട്ട. ഇതിനെ കോഴിക്കോട് കോട്ട എന്നും വിളിക്കാറുണ്ട്. 1524ൽ സാമൂതിരിയുടെ
സൈന്യം കല്ലായിക്കോട്ട കീഴടക്കി. കോട്ട കൈവശപ്പെടുത്തിയ സാമൂതിരി അത് നിശ്ശേഷം തകർത്തു.
21. കുറ്റ്യാടിക്കോട്ട (കോഴിക്കോട്)
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ ടിപ്പു സുൽത്താൻ
ഒരു കോട്ട കെട്ടിയതായി ചരിത്രഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. ഇതാണ് കുറ്റ്യാടിക്കോട്ട എന്നറിയപ്പെടുന്നത്.
1790ൽ മൂന്നാം കർണാടക യുദ്ധത്തിൽ ബ്രിട്ടീഷുകാരെ സഹായിച്ച പഴശ്ശിരാജ കുറ്റ്യാടിക്കോട്ട
എളുപ്പത്തിൽ കീഴടക്കുകയും മൈസൂർ സൈന്യത്തെ ആട്ടിയോടിച്ച് ആയുധങ്ങൾ കൈക്കലാക്കുകയും
ചെയ്തു. ഈ കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നില്ല.
22. താമരശ്ശേരി കോട്ട (കോഴിക്കോട്)
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പഴശ്ശിരാജായ്‌ക്കെതിരെ
പടവെട്ടുന്നതിന് വയനാട്ടിൽ എത്തിയ കേണൽ സ്റ്റീവൻസൻ നിർമിച്ചതാണ് താമരശ്ശേരി കോട്ട.
താമരശ്ശേരിയിലെ ട്രാവലേഴ്‌സ് ബംഗ്ലാവിന് സമീപത്തായി ഈ കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം.
23. പാപ്പിനിവട്ടം കോട്ട (കോഴിക്കോട്)
സാമൂതിരി നിർമിച്ച കോട്ടയാണ് കോഴിക്കോട് ജില്ലയിലെ
പാപ്പിനിവട്ടം കോട്ട. ചെങ്കല്ലാണ് കോട്ട നിർമാണത്തിന് ഉപയോഗിച്ചിരുന്നത്. ഡച്ചുകാരുമായുള്ള
യുദ്ധത്തിൽ ഈ കോട്ട തകർന്നുപോയി.
24. വടകരക്കോട്ട (കോഴിക്കോട്)
കോഴിക്കോട് പട്ടണത്തിൽ കോട്ടപ്പുഴയുടെ വടക്ക് ഭാഗത്തായി
സ്ഥിതിചെയ്തിരുന്ന കോട്ടയാണിത്. 1703 ലാണ് ചെങ്കല്ല് കൊണ്ട് നിർമിച്ച ഈ കോട്ട പണിതത്.
ഇന്ന് ഈ കോട്ടയുടെ ശേഷിപ്പുകളൊന്നും ബാക്കിയില്ല.
25. ചാലിയം കോട്ട (ബേപ്പൂർ കോട്ട) (വെട്ടത്തുനാട്)
പഴയ നാട്ടുരാജ്യമായ വെട്ടത്തുനാട്ടിൽ പോർച്ചുഗീസുകാർ
1531ൽ നിർമിച്ചതാണു ചാലിയം കോട്ട. കല്ലും മരവുമാണ് കോട്ടനിർമാണത്തിന് ഉപയോഗിച്ചത്
26. പാലക്കാട് കോട്ട (പാലക്കാട്)
പാലക്കാട് നഗരത്തിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഈ കോട്ട
നിർമിച്ചത് 1760 കളിൽ ഹൈദർ അലിയാണ്. 1790ൽ ബ്രിട്ടീഷുകാർ കോട്ട പിടിച്ചെടുത്തു.
ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ കീഴിലാണീ കോട്ട.
27. നെടുങ്കോട്ട (തൃശൂർ)
മൈസൂർ ആക്രമണത്തെ ചെറുക്കാൻ തിരുവിതാംകൂറിന്റെ വടക്കേ
അതിർത്തികളിൽ സഹ്യപർവതം മുതൽ വൈപ്പിൻ ദ്വീപുവരെ കെട്ടിയ പടുകൂറ്റൻ കോട്ടയാണ് നെടുങ്കോട്ട.
'തിരുവിതാംകൂർ ലൈൻസ്' എന്ന പേരിലും ഇത് അറിയപ്പെടുന്നു. തിരുവിതാംകൂറിലെ ധർമരാജയുടെ
ഭരണകാലത്തായിരുന്നു കോട്ടയുടെ നിർമ്മാണം.
28. കൊടുങ്ങല്ലൂർ കോട്ട (തൃശൂർ)
1523 ലാണ് പോർച്ചുഗീസുകാർ കൊടുങ്ങല്ലൂർ കോട്ട നിർമിച്ചത്.
പാലിയത്തച്ചന്റെ സഹായത്തോടെ ഡച്ചുകാർ ഈ കോട്ട കീഴടക്കി.
29. ബാണന്റെ കോട്ട (തൃശൂർ)
തൃശൂർ ജില്ലയിലെ വെള്ളാനിമുടി മലയിൽ കാടിനുള്ളിലാണ്
ബാണന്റെ കോട്ട. വലിയ ശിലാപാളികൾ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇതിന്റെ അവശിഷ്ടങ്ങൾ
ഇപ്പോഴുമുണ്ട്. ദൈവിക ചടങ്ങുകൾക്കായി കാട്ടുവാസികൾ നിർമിച്ചതാണ് ഈ കോട്ടയെന്ന് കരുതപ്പെടുന്നു.
30. കോട്ടപ്പുറം കോട്ട (തൃശൂർ)
തൃശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന കോട്ടപ്പുറം കോട്ട
പോർച്ചുഗീസുകാരാണ് നിർമിച്ചത്.
31. ചേറ്റുവ കോട്ട (തൃശൂർ)
1714ൽ തൃശൂരിലെ ചേറ്റുവയിൽ ഡച്ചുകാർ നിർമിച്ച കോട്ടയാണ്
ചേറ്റുവ കോട്ട. ചെങ്കല്ല് കൊണ്ടുള്ള കോട്ടയ്ക്ക് 'ഫോർട്ട് വില്യം' എന്നാണ് ഡച്ചുകാർ
പേരിട്ടത്. കാലക്രമേണ കോട്ട ബ്രിട്ടീഷുകാരുടെ അധീനതയിലായി. ഇപ്പോൾ കോട്ടയുടെ അവശിഷ്ടങ്ങളെ
കാണാനുള്ളൂ.
32. പള്ളിപ്പുറം കോട്ട (എറണാകുളം)
ആയക്കോട്ട, അഴീക്കോട്ട എന്നീ പേരുകളിലും അറിയപ്പെടുന്ന
പള്ളിപ്പുറം കോട്ട നിർമിച്ചതു പോർച്ചുഗീസുകാരാണ്. 1503ൽ നിർമിക്കപ്പെട്ട ഈ കോട്ട ഇന്ത്യയിലെ
ഏറ്റവും പഴക്കംചെന്ന യൂറോപ്യൻകോട്ടയായി കണക്കാക്കുന്നു. ഷട്കോണാകൃതിയിലാണ് നിർമിതി.
എറണാകുളം ജില്ലയുടെ ഭാഗമായവൈപ്പിനിലാണ് പള്ളിപ്പുറം കോട്ട.
33. കൊച്ചി കോട്ട (എറണാകുളം)
1503ൽ കൊച്ചി കടൽത്തീരത്തെ ഒരു കുന്നിൻപുറത്ത് പോർച്ചുഗീസുകാർ
പണിത കോട്ടയാണ് കൊച്ചി കോട്ട. 1795ൽ ബ്രിട്ടീഷുകാർ കോട്ട പിടിച്ചെടുക്കുകയും പിന്നീട്
തകർക്കുകയും ചെയ്തു. കേരളത്തിലെ മൺമറഞ്ഞ കോട്ടകളിൽ ഒന്നാണിത്.
34. മാനുവൽ കോട്ട (കൊച്ചി)
കൊച്ചിയിൽ അൽബൂക്കർക്ക് പണിത കോട്ടയാണ് മാനുവൽ കോട്ട.
35. തങ്കശ്ശേരിക്കോട്ട (കൊല്ലം)
കൊല്ലം നഗരത്തിൽ പോർച്ചുഗീസുകാർ പണിത കോട്ടയാണ് തങ്കശ്ശേരിക്കോട്ട.
കോട്ടയുടെ അവശിഷ്ടങ്ങൾ മാത്രമേ ഇപ്പോഴുള്ളൂ.
36. തിരുവനന്തപുരം കോട്ട (തിരുവനന്തപുരം)
1747ൽ മാർത്താണ്ഡവർമ പണിതതാണ് ഈ കോട്ട. മണ്ണ്, കരിങ്കല്ല്,
ചെങ്കല്ല് എന്നിവ കൊണ്ടാണ് ഈ കോട്ട നിർമിച്ചത്. തിരുവനന്തപുരം നഗരത്തെ ചുറ്റി നിൽക്കുന്ന
കോട്ടയുടെ ഭാഗങ്ങൾക്ക് കിഴക്കേ കോട്ട, പടിഞ്ഞാറേ കോട്ട, തെക്കേ കോട്ട, വടക്കേ കോട്ട
എന്നിങ്ങനെ പേരെ നൽകിയിട്ടുണ്ട്.
37. അഞ്ചുതെങ്ങ് കോട്ട (തിരുവനന്തപുരം)
1690ൽ ഇംഗ്ലീഷുകാർക്ക് അഞ്ചുതെങ്ങിൽ കോട്ട കെട്ടാനുള്ള
അവകാശം ആറ്റിങ്ങൽ റാണിയിൽ നിന്നു ലഭിച്ചു. 1695ൽ കോട്ടയുടെ നിർമാണം പൂർത്തിയായി. ചതുരാകൃതിയിലാണ്
ഈ കോട്ട നിർമിച്ചിരിക്കുന്നത്.
38. മറുനാടൻ കോട്ടകൾ
കേരള ചരിത്രവുമായി ബന്ധപ്പെട്ട ചില കോട്ടകൾ ഇപ്പോൾ
തമിഴ്‌നാട്ടിലാണ്. അവയിൽ പ്രമുഖമായവയാണ് വട്ടക്കോട്ട, ഉദയഗിരിക്കോട്ട, പത്മനാഭപുരം
കോട്ട എന്നിവ.
കേരളത്തിലെ കൊട്ടാരങ്ങൾ
1. പത്മനാഭപുരം പാലസ്
സ്ഥിതിചെയ്യുന്നത് തമിഴ്‌നാട്ടിലാണെങ്കിലും കേരളത്തിന്റേതാണീ
കൊട്ടാരം. തമിഴ്‌നാട്ടിൽ കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് പത്മനാഭപുരം കൊട്ടാരവും
മ്യൂസിയം കോംപ്ലക്‌സും ഉള്ളത്. ഇന്ന് കേരള പുരാവസ്തുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ കൊട്ടാരം
തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ പണികഴിപ്പിച്ചതാണ്. ആദ്യകാലത്ത് 'കൽക്കുളം
പാലസ്' എന്നറിയപ്പെട്ടിരുന്ന ഈ കൊട്ടാരത്തിന് 1744ൽ പത്മനാഭപുരം പാലസ് എന്ന പേരുലഭിച്ചു.
തടിയിൽ തീർത്ത ഒട്ടനവധി കൊത്തുപണികൾ, കുതിരകൾ, വ്യത്യസ്തമായ 90 താമരകൾ, ഓണവില്ല്, ഗ്രാനൈറ്റ്
കട്ടിൽ, ചൈനീസ് ജാറുകൾ എന്നിവ കൂടാതെ ശ്രീരാമപട്ടാഭിഷേകത്തിന്റേതടക്കം ഒട്ടനവധി ചുവർചിത്രങ്ങളും
ഇവിടെ കാണാനാകും. പത്മനാഭപുരം കൊട്ടാരത്തോടനുബന്ധിച്ച് നാലുകെട്ടിന്റെ മാതൃകയിൽ പണിത
പുരാവസ്തു മ്യൂസിയവും പൈതൃക മ്യൂസിയവും പ്രവർത്തിച്ചുവരുന്നു. കുബേര പ്രതിമ, പുരാതന
അടുക്കളപ്പാത്രങ്ങൾ എന്നിവയൊക്കെ ഇവിടുത്തെ പ്രധാന പ്രദർശനവസ്തുക്കളാണ്.
2. കുതിരമാളിക
തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയിലാണ് ഈ കൊട്ടാരം
നിലകൊള്ളുന്നത്. കുതിരയുടെ ശില്പമാതൃകകളുള്ളതിനാലാണ് ഈ പേരു വന്നത്. 'പുത്തൻമാളിക'
എന്നൊരു പേരും ഈ കൊട്ടാരത്തിനുണ്ട്. സ്വാതി തിരുനാൾ ബാലരാമവർമ പണികഴിപ്പിച്ചതാണീ കൊട്ടാരം.
തിരുവിതാംകൂർ രാജാക്കന്മാരുടെ ഓയിൽ ചിത്രങ്ങൾ, കഥകളി മുദ്രകൾ, ആഭരണങ്ങൾ, സംഗീതോപകരണങ്ങൾ
തുടങ്ങിയവയും സ്വരങ്ങൾ പൊഴിക്കുന്ന സംഗീതമരവും ഇവിടുത്തെ കാഴ്ചകളാണ്. കുതിരമാളിക മ്യൂസിയം
തിരുവനന്തപുരം ജില്ലാ മ്യൂസിയമായി രൂപകൽപന ചെയ്തുവരികയാണിന്ന്.
3. കോയിക്കൽ പാലസ്
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് കോയിക്കൽ
കൊട്ടാരം. പേരകം രാജവംശത്തിന്റെ കൊട്ടാരമായിരുന്ന ഇവിടം പിന്നീട് വേണാട് രാജവംശത്തിന്റേതായി
മാറി. 1979ൽ പുരാവസ്തു വകുപ്പ് ഈ കൊട്ടാരം ഏറ്റെടുക്കുകയും മ്യൂസിയമാക്കി മാറ്റുകയും
ചെയ്തു. ഇന്നിവിടെ ഫോക്‌ലോർ മ്യൂസിയവും നാണയ മ്യൂസിയവും പ്രവർത്തിക്കുന്നു. താളിയോലകൾ,
ഓയിൽ ജാറുകൾ, തുള്ളൽ കലയുടെ മോഡലുകൾ തുടങ്ങിയവ കോയിക്കൽ പാലസിലെ ഫോക്‌ലോർ മ്യൂസിയത്തിന്റെ
ആകർഷണങ്ങളാണ്. കേരളത്തിലെ ഏറ്റവും വലിയ നാണയശേഖരമുള്ള നാണയ മ്യൂസിയത്തിൽ മൗര്യകാലഘട്ടത്തിലെ
നാണയങ്ങൾ, ഡച്ച് - ബ്രിട്ടീഷ് - റോമൻ നാണയങ്ങൾ, ചേര - ചോള നാണയങ്ങൾ, തിരുവിതാംകൂർ രാജമുദ്ര
എന്നിങ്ങനെ അമൂല്യമായ ശേഖരമുണ്ട്.
4. കൃഷ്ണപുരം പാലസ്
ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് കൃഷ്ണപുരം പാലസ്.
മാർത്താണ്ഡവർമ മഹാരാജാവ് പണികഴിപ്പിച്ച ഈ കൊട്ടാരം ഒരുകാലത്ത് തിരുവിതാംകൂർ രാജകുടുംബത്തിന്റെ
ഇടക്കാല വസതിയായിരുന്നു. കേരള പുരാവസ്തു വകുപ്പിനു കീഴിലുള്ള ഈ കൊട്ടാരം മ്യൂസിയമായി
നവീകരിച്ചത് 2000 ലാണ്. മെഗാലിത്തിക് കാലഘട്ടത്തിലെ ജാറുകൾ, വെങ്കലപ്രതിമകൾ, വാളുകൾ,
അളവുനാഴികൾ, വെടിയുണ്ടകൾ, സംസ്കൃത ഭാഷയിലെ ബൈബിൾ തുടങ്ങിയവയൊക്കെ ഇവിടുത്തെ പ്രദർശനവസ്തുക്കളാണ്.
കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്ര പെയിന്റിങ്ങുകളിൽ ഒന്നായ 'ഗജേന്ദ്രമോക്ഷം' ഈ മ്യൂസിയത്തിലാണുള്ളത്.
5. ഹിൽപാലസ്
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ഹിൽപാലസ്.
കൊച്ചി രാജവംശത്തിന്റെ കൊട്ടാരമായിരുന്ന ഹിൽപാലസ് 1984ൽ കേരളാ പുരാവസ്‌തു വകുപ്പ് ഏറ്റെടുത്ത്
മ്യൂസിയമാക്കി മാറ്റി. 15 ഗാലറികൾ, മാൻ പാർക്ക്, പൂന്തോട്ടം എന്നിവ ചേർന്നതാണ് ഹിൽപാലസ്
മ്യൂസിയം. രാജവംശം ഉപയോഗിച്ചിരുന്ന ഫർണിച്ചർ, മറ്റുപകരണങ്ങൾ, പെയിന്റിങ്ങുകൾ, ആയുധങ്ങൾ,
ആഭരണങ്ങൾ, നാണയ ശേഖരങ്ങൾ, ആട്ടിൻതോലിൽ എഴുതപ്പെട്ട തോറ എന്ന വിശുദ്ധഗ്രന്ഥം എന്നിങ്ങനെ
എണ്ണിയാലൊടുങ്ങാത്ത കാഴ്ചകൾ ഹിൽപാലസ് ഗാലറികളിലുണ്ട്. പോർച്ചിഗീസുകൾ സമ്മാനിച്ച
1.75 കിലോ തൂക്കമുള്ള സ്വർണകിരീടം, രാജകീയ സിംഹാസനം എന്നിവയും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
6. മട്ടാഞ്ചേരി പാലസ്
എറണാകുളം ജില്ലയിൽ, ജൂതടൗണിനടുത്തായാണ് മട്ടാഞ്ചേരി
പാലസ്. 1555ൽ പോർച്ചിഗീസുകാർ നിർമിച്ചതാണീ കൊട്ടാരം. പിന്നീട് ഡച്ചുകാർ ഇത് സ്വന്തമാക്കുകയും
പുതുക്കിപ്പണിയുകയും ചെയ്തു. അതിനാൽ 'ഡച്ച് പാലസ്' എന്നും ഈ കൊട്ടാരത്തിന് പേരുണ്ട്.
ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിലുള്ള ഈ കൊട്ടാരം 1986 ലാണ് മ്യൂസിയമാക്കി
മാറ്റിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കേരളത്തിൽ ഏറ്റെടുത്തു നടത്തുന്ന ഒരേയൊരു
മ്യൂസിയമാണ് മട്ടാഞ്ചേരി പാലസ്. കേരളത്തിലെ ഏറ്റവും പുരാതനമായ പാലസ് മ്യൂസിയവും ഇതു
തന്നെ. കൊച്ചി രാജവംശത്തിന്റെ ഉടവാളുകൾ, തലപ്പാവുകൾ, നാണയങ്ങൾ, രാജാക്കന്മാരുടെ ചിത്രങ്ങൾ,
ഡച്ച് പെയിന്റിങ്ങുകൾ എന്നിവ ഇവിടുത്തെ പ്രധാന കാഴ്ചവസ്തുക്കളാണ്. രാമായണത്തെ ആസ്പദമാക്കിയുള്ള
ചുവർചിത്ര പെയിന്റിങ്ങുകളും ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നു.
7. ശക്തൻ തമ്പുരാൻ കൊട്ടാരം
കേരള - ഡച്ച് വാസ്തുവിദ്യയിൽ നിർമിച്ചിരിക്കുന്ന
ഈ കൊട്ടാരം തൃശൂർ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. 'വടക്കേച്ചിറ കോവിലകം' എന്നായിരുന്നു
ശക്തൻ തമ്പുരാൻ കൊട്ടാരത്തിന്റെ പഴയ പേര്. കൊച്ചി രാജവംശത്തിന്റെ കൊട്ടാരമായിരുന്ന
ഇവിടം 2005ൽ കേരള പുരാവസ്തു വകുപ്പ് മ്യൂസിയമാക്കി മാറ്റി. വെങ്കല ശിൽപ ഗാലറി, നാണയ
ഗാലറി, പുരാരേഖാ ഗാലറി എന്നിവ ഏറെ ശ്രദ്ധയാകർഷിക്കുന്നു. ഇരുമ്പു യുഗത്തിന്റെ അവശിഷ്ടങ്ങൾ,
വിവിധയിനം ശിൽപങ്ങൾ, ടിപ്പു സുൽത്താന്റെ വരവിനെക്കുറിച്ച് പറയുന്ന രേഖകൾ എന്നിവയും
ഇവിടെ കാണാം.
8. അറയ്ക്കൽ കൊട്ടാരം
കണ്ണൂർ പട്ടണത്തോട് ചേർന്നു സ്ഥിതിചെയ്യുന്ന കൊട്ടാരമാണ്
അറയ്ക്കൽ കൊട്ടാരം. കേരളത്തിലെ ഒരേയൊരു മുസ്ലിം രാജവംശമായിരുന്ന അറയ്ക്കൽ രാജവംശത്തിന്റെ
ആസ്ഥാനമായിരുന്നു ഇവിടം. 2005 ലാണ് ഇത് മ്യൂസിയമാക്കി മാറ്റിയത്. വിവിധ കാലഘട്ടങ്ങളിലെ
രാജാക്കന്മാരുടെയും ബീവിമാരുടെയും ചിത്രങ്ങൾ, തോക്കുകൾ, മറ്റ് ആയുധങ്ങൾ, ടെലഫോണുകൾ
എന്നിവ ഇവിടുത്തെ ശേഖരത്തിൽപ്പെടുന്നു.
9. ചിറക്കൽ കൊട്ടാരം
കണ്ണൂർ ജില്ലയിലെ ചിറക്കലിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്.
കോലത്തിരി രാജാക്കന്മാരുടെ കൊട്ടാരമായിരുന്നു ഇവിടം. പ്രശസ്ത കവി ചെറുശ്ശേരിയുടെ ജീവിതവും
ഈ കൊട്ടാരവുമായി ബന്ധപ്പെട്ട് കിടക്കുന്നു. 2003ൽ കണ്ണൂർ ഫോക്‌ലോർ അക്കാദമി കൊട്ടാരം
ഏറ്റെടുത്ത് മ്യൂസിയമാക്കി മാറ്റുകയായിരുന്നു. ഒട്ടേറെ നാടൻ കലാരൂപങ്ങളുടെയും തിറകളുടെയുമെല്ലാം
മാതൃകകളും ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. തടിയിൽ നിർമിച്ച ജാറുകൾ, വിവിധയിനം
ആഭരണങ്ങൾ എന്നിവയും ഇവിടെ കാണാം.
കേരളത്തിലെ മ്യൂസിയങ്ങൾ
പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് കേരളത്തിന്റെ
മ്യൂസിയം ചരിത്രം തുടങ്ങുന്നത്. 1850കളിൽ തിരുവിതാംകൂർ രാജാവായിരുന്ന ഉത്രം തിരുനാൾ
മാർത്താണ്ഡവർമ മുൻകൈയെടുത്ത് നഗരത്തോട് ചേർന്ന് ഒരു മ്യൂസിയം തുടങ്ങി. കൊട്ടാരം ശേഖരത്തിലെ
കലാവസ്തുക്കൾ പ്രദർശിപ്പിക്കാനൊരിടം എന്ന രീതിയിലാണ് ഈ മ്യൂസിയം ആരംഭിച്ചത്. ചില ബ്രിട്ടീഷുകാരുടെ
സഹകരണവും ഇതിനുണ്ടായിരുന്നു. തുടക്കത്തിൽ കാഴ്ചക്കാർ കുറവായതിനാൽ മ്യൂസിയം പരിസരത്ത്
ഒരു മൃഗശാലയും ആരംഭിച്ചു. ഇവിടേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. 1879ൽ മ്യൂസിയം
പുതുക്കിപ്പണിതു. ആരെയും ആകർഷിക്കുന്ന ഇന്തോ - യൂറോപ്യൻ വാസ്തുവിദ്യയിൽ പണിത മ്യൂസിയത്തിന്
ലോർഡ് നേപ്പിയറോടുള്ള ആദരസൂചകമായി 'നേപ്പിയർ മ്യൂസിയം' എന്നു പേരിട്ടു. ചരിത്രപ്രാധാന്യമുള്ള
രേഖകളും കേരളീയവീടുകളുടെ മാതൃകകളുമൊക്കെ ആദ്യകാലത്ത് അവിടെ പ്രദർശിപ്പിച്ചു. ഏതാണ്ട്
ഇതേകാലത്ത് തൃശൂരും കൊച്ചിയിലും മ്യൂസിയത്തിനായുള്ള ശ്രമം തുടങ്ങി. പത്തൊൻപതാം നൂറ്റാണ്ടിന്റെ
അവസാനത്തോടെ തിരുവിതാംകൂർ സ്റ്റേറ്റ് ആർക്കിയോളജി വകുപ്പ് രൂപപ്പെടുകയും ചിട്ടയോടെയുള്ള
മ്യൂസിയം സംരംഭങ്ങൾക്ക് തുടക്കമാവുകയും ചെയ്തു.
കേരളത്തിലെ മ്യൂസിയങ്ങൾ
1. മ്യൂസിയം സമുച്ചയം - തിരുവനന്തപുരം
നേപ്പിയർ മ്യൂസിയം, കാഴ്ച ബംഗ്ലാവ്, ആർട്സ് ഗ്യാലറി,
ശ്രീചിത്തിരരാലയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എന്നിങ്ങനെ അഞ്ച് കാഴ്ചവിസ്മയങ്ങൾ.
തിരുവനന്തപുരം നഗരഹൃദയത്തിൽത്തന്നെയാണ് ഇവയെല്ലാം. കേരളത്തിലെ ആദ്യ മ്യൂസിയമായ നേപ്പിയർ
മ്യൂസിയത്തിൽ കഥകളി രൂപങ്ങൾ, വെങ്കല പ്രതിമകൾ, കൽശില്പങ്ങൾ, തടിയിൽ തീർത്ത കൊത്തുപണികൾ,
ആനക്കൊമ്പിൽ തീർത്ത ശില്പങ്ങൾ തുടങ്ങി ഒട്ടനവധി പ്രദർശനവസ്തുക്കളുണ്ട്.
2. കുതിരമാളിക മ്യൂസിയം - തിരുവനന്തപുരം
തിരുവിതാംകൂർ രാജാക്കന്മാരുടെ ഓയിൽ ചിത്രങ്ങൾ, കഥകളി
മുദ്രകൾ, ആഭരണങ്ങൾ, സംഗീതോപകരണങ്ങൾ തുടങ്ങിയവയും സ്വരങ്ങൾ പൊഴിക്കുന്ന സംഗീതമരവും ഇവിടുത്തെ
കാഴ്ചകളാണ്.
3. ഗാന്ധി മ്യൂസിയം - തിരുവനന്തപുരം
ഗാന്ധി സ്മരണകളുണർത്തുന്ന ചെറു മ്യൂസിയമായ ഗാന്ധി
മ്യൂസിയം തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്നു.
4. ചാച്ചാ നെഹ്‌റു ചിൽഡ്രൻസ് മ്യൂസിയം - തിരുവനന്തപുരം
പാവകൾ, ചിത്രങ്ങൾ, റൈഡുകൾ എന്നിവ ഒരുക്കിയിരിക്കുന്ന
ചെറു മ്യൂസിയമായ ചാച്ചാ നെഹ്‌റു ചിൽഡ്രൻസ് മ്യൂസിയം തിരുവനന്തപുരത്തെ തൈക്കാടിൽ സ്ഥിതിചെയ്യുന്നു.
5. കവടിയാർ കൊട്ടാരം മ്യൂസിയം - തിരുവനന്തപുരം
തിരുവിതാംകൂർ രാജവംശത്തിന്റെ നാൾവഴികളോർമിപ്പിക്കുന്ന
കവടിയാർ കൊട്ടാരം മ്യൂസിയം തിരുവനന്തപുരത്തെ ചെറു മ്യൂസിയങ്ങളിലൊന്നാണ്.
6. പത്മനാഭപുരം പാലസ് കോംപ്ലക്സ് - തക്കല, തമിഴ്നാട്
തടിയിൽ തീർത്ത ഒട്ടനവധി കൊത്തുപണികൾ, കുതിരകൾ, വ്യത്യസ്തമായ
90 താമരകൾ, ഓണവില്ല്, ഗ്രാനൈറ്റ് കട്ടിൽ, ചൈനീസ് ജാറുകൾ എന്നിവ കൂടാതെ ശ്രീരാമപട്ടാഭിഷേകത്തിന്റേതടക്കം
ഒട്ടനവധി ചുവർചിത്രങ്ങളും ഇവിടെ കാണാനാകും. കുബേര പ്രതിമ, പുരാതന അടുക്കളപ്പാത്രങ്ങൾ
എന്നിവയൊക്കെ ഇവിടുത്തെ പ്രധാന പ്രദർശനവസ്തുക്കളാണ്.
7. കോയിക്കൽ പാലസ് മ്യൂസിയം - തിരുവനന്തപുരം
താളിയോലകൾ, ഓയിൽ ജാറുകൾ, തുള്ളൽ കലയുടെ മോഡലുകൾ തുടങ്ങിയവ
കോയിക്കൽ പാലസിലെ ഫോക്‌ലോർ മ്യൂസിയത്തിന്റെ ആകർഷണങ്ങളാണ്. കൂടാതെ മൗര്യകാലഘട്ടത്തിലെ
നാണയങ്ങൾ, ഡച്ച് - ബ്രിട്ടീഷ് - റോമൻ നാണയങ്ങൾ, ചേര - ചോള നാണയങ്ങൾ, തിരുവിതാംകൂർ രാജമുദ്ര
എന്നിങ്ങനെ അമൂല്യമായ ശേഖരമുണ്ട്.
8. ബാങ്കിങ് മ്യൂസിയം - തിരുവനന്തപുരം
ബാങ്കുകളുടെ ചരിത്രം, വളർച്ച എന്നിവയൊക്കെ വിവരിക്കുന്ന
മ്യൂസിയമാണ് ബാങ്കിങ് മ്യൂസിയം. ഫൂട്ട്പ്രിന്റ് എന്നു പേരുള്ള ഈ മ്യൂസിയം തിരുവനന്തപുരത്ത്
കവടിയാറിൽ പ്രവർത്തിക്കുന്നു.
9. കാർഷിക - വിള മ്യൂസിയം - തിരുവനന്തപുരം
കേരളത്തിന്റെ സമൃദ്ധമായ കാർഷിക പാരമ്പര്യം വിളിച്ചോതുന്ന
ഒട്ടനവധി പ്രദർശനവസ്തുക്കൾ നിറഞ്ഞ മ്യൂസിയമാണ് കാർഷിക - വിള മ്യൂസിയം. തിരുവനന്തപുരത്ത്
ആനയറയിലുള്ള വെൺപാലവട്ടത്താണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്.
10. മണ്ണ് മ്യൂസിയം - തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ മണ്ണ് മ്യൂസിയം 2014ൽ തിരുവനന്തപുരം
ജില്ലയിലെ പാറോട്ടുകോണത്ത് ആരംഭിച്ചു. കേന്ദ്ര മണ്ണുപരിശോധനാ ലാബിനോട് ചേർന്നാണീ മ്യൂസിയം.
11. കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം
- തിരുവനന്തപുരം
ശാസ്ത്ര നേട്ടങ്ങളും കൗതുകങ്ങളും ഒരുക്കുന്ന മ്യൂസിയമായ
കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്നു.
ബർഗ്ലർ അലാറം, ഇന്ത്യൻ സ്റ്റാമ്പുകൾ, പ്രിയദർശിനി പ്ലാനറ്റോറിയം എന്നിവയും ഒരു മൊബൈൽ
സയൻസ് എക്സിബിഷൻ സെന്ററും ഇവിടെയുണ്ട്.
12. സൂനാമി മ്യൂസിയം - കൊല്ലം
2004 ഡിസംബർ 26ന് കേരളത്തിൽ ആഞ്ഞടിച്ച സൂനാമിയെ തുടർന്നാണ്
സൂനാമി മ്യൂസിയം ആരംഭിച്ചത്. സൂനാമിയുടെ വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി നിർമിച്ച
ഈ മ്യൂസിയം, സൂനാമി ഏറ്റവും കൂടുതൽ ദുരിതം വിതച്ച കൊല്ലം ജില്ലയിലെ ആലപ്പാട് സ്ഥിതിചെയ്യുന്നു.
13. കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ ക്ലാസ്സിക്കൽ
ആർട്സ് മ്യൂസിയം - കൊല്ലം
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് കൊട്ടാരക്കര
തമ്പുരാൻ മെമ്മോറിയൽ ക്ലാസ്സിക്കൽ ആർട്സ് മ്യൂസിയമുള്ളത്. കൊട്ടാരക്കര രാജാവും രാമനാട്ടത്തിന്റെ
ഉപജ്ഞാതാവുമായിരുന്ന കൊട്ടാരക്കര തമ്പുരാന്റെ ഓർമയ്ക്കായി 1983 ലാണ് ഈ മ്യൂസിയം ആരംഭിച്ചത്.
രണ്ട് നിലകളുള്ള ഈ മ്യൂസിയത്തിൽ എട്ട് ഗ്യാലറികൾ കാണാം. വിവിധ ക്ലാസിക്കൽ നൃത്തരൂപങ്ങളുടെ
വേഷങ്ങളും ആഭരണങ്ങളുമെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
14. പൊലീസ് മ്യൂസിയം - കൊല്ലം
കൊല്ലം റെയിൽവേ സ്റ്റേഷനു സമീപമാണ് ഇന്ത്യയിലെ ആദ്യ
പൊലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. നമ്മുടെ പൊലീസ് സേനയുടെ ചരിത്രവും വികാസവും ഇവിടെ
കാണാം. സർദാർ വല്ലഭായി പട്ടേൽ പൊലീസ് മ്യൂസിയം എന്നറിയപ്പെടുന്ന ഈ സ്ഥാപനം 1999 ലാണ്
ആരംഭിച്ചത്. മാർത്താണ്ഡവർമയുടെ കാലത്ത് നവീകരിച്ച സേനയുടെ ചരിത്രം, ഫിംഗർ പ്രിന്റ്
വിദ്യ, ഡോഗ് സ്‌ക്വാഡ്, വിവിധ ആയുധങ്ങൾ തുടങ്ങിയവയെല്ലാം പ്രദർശനത്തിനുണ്ട്.
15. ബേ ഡ്രിഫ്റ്റ് വുഡ് മ്യൂസിയം - കോട്ടയം
കോട്ടയം ജില്ലയിലെ കുമരകത്താണ് ഇന്ത്യയിൽ തന്നെ ഈ
വിഭാഗത്തിൽ പെടുന്ന ആദ്യ മ്യൂസിയം നിലകൊള്ളുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള വേരുകളും,
വേരുകളിൽ തീർത്ത ശില്പങ്ങളുമാണ് ഇവിടുത്തെ അമൂല്യശേഖരം.
16. ഗോൾഡൻ ജൂബിലി മ്യൂസിയം - കോട്ടയം
ഭാരത ക്രിസ്ത്യൻ സഭയുടെ ചരിത്രം പറയുന്ന ഗോൾഡൻ ജൂബിലി
മ്യൂസിയം കോട്ടയം ജില്ലയിലെ പാലായിൽ സ്ഥിതിചെയ്യുന്നു.
17. വൈക്കം സത്യാഗ്രഹ മ്യൂസിയം - കോട്ടയം
തൊട്ടുകൂടായ്‌മയ്‌ക്കെതിരെ കൊടുങ്കാറ്റായി മാറിയ
വൈക്കം സത്യാഗ്രഹത്തിന്റെ ഓർമ്മകൾ സൂക്ഷിക്കുന്ന മ്യൂസിയമാണ് വൈക്കം സത്യാഗ്രഹ മ്യൂസിയം.
സത്യാഗ്രഹ സ്മരണകളുണർത്തുന്ന ഫോട്ടോകളും ചരിത്രരേഖകളും പലതരം ശില്പങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
18. കേരളാ സയൻസ് സിറ്റി - കോട്ടയം
കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സ്ഥിതിചെയ്യുന്ന
ഒരു ശാസ്ത്ര സാങ്കേതിക പാർക്കാണ് കേരളാ സയൻസ് സിറ്റി. മികച്ച പ്ലാനറ്റോറിയം, ഇവലൂഷൻ
പാർക്ക്, ത്രി-ഡി തിയറ്റർ, മ്യൂസിയങ്ങൾ, റോബട്ടിക് ഗ്യാലറി, നാനോ ടെക്‌നോളജി പാർക്ക്,
വോക്ക്വേ മ്യൂസിയം എന്നിങ്ങനെ ധാരാളം സംവിധാനങ്ങൾ ഇവിടെയുണ്ട്.
19. ആന മ്യൂസിയം - പത്തനംതിട്ട
പത്തനംതിട്ടയിലെ കോന്നിയിലാണ് ആന മ്യൂസിയം സ്ഥിതിചെയ്യുന്നത്.
ആനയുടെ അസ്ഥികൂടം, ആനവളർത്തലിനുള്ള ഉപകരണങ്ങൾ എന്നിവയൊക്കെ ഈ മ്യൂസിയത്തിൽ കാണാം.
20. നാട്ടറിവു മ്യൂസിയം - പത്തനംതിട്ട
പത്തനംതിട്ട ജില്ലയിലെ മണ്ണടിയിലാണ് നാട്ടറിവു മ്യൂസിയം
പ്രവർത്തിക്കുന്നത്. തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ട്
പ്രശസ്തമാണ് ഈ പ്രദേശം.
21. കൃഷ്ണപുരം പാലസ് മ്യൂസിയം - ആലപ്പുഴ
മെഗാലിത്തിക് കാലഘട്ടത്തിലെ ജാറുകൾ, വെങ്കലപ്രതിമകൾ,
വാളുകൾ, അളവുനാഴികൾ, വെടിയുണ്ടകൾ, ഗജേന്ദ്രമോക്ഷം ചുവർചിത്രം, സംസ്കൃത ഭാഷയിലെ ബൈബിൾ
തുടങ്ങിയവയൊക്കെ ഇവിടുത്തെ പ്രദർശനവസ്തുക്കളാണ്.
22. തകഴി മ്യൂസിയം - ആലപ്പുഴ
ജ്ഞാനപീഠ അവാർഡ് ജേതാവായ തകഴി ശിവശങ്കരപ്പിള്ളയുടെ
വീട് ഇന്നൊരു മ്യൂസിയമാണ്. ആലപ്പുഴ ജില്ലയിലെ കരുമാടി എന്ന സ്ഥലത്തിനടുത്തായി സ്ഥിതിചെയ്യുന്നു.
തകഴിക്ക് ലഭിച്ച അവാർഡുകൾ, സമ്മാനങ്ങൾ, സർട്ടിഫിക്കറ്റുകൾ, അദ്ദേഹം ഉപയോഗിച്ചിരുന്ന
കട്ടിൽ, കസേര, ടൈപ്പ് റൈറ്റർ, വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം ഇവിടുത്തെ കാഴ്ചകളാണ്.
23. രവി കരുണാകരൻ മ്യൂസിയം - ആലപ്പുഴ
ആലപ്പുഴയിലെ പ്രശസ്ത കയർവ്യപാരിയായിരുന്ന രവി കരുണാകരന്റെ
ഓർമയ്ക്കായി 2006ൽ ആലപ്പുഴ ടൗണിൽ ആരംഭിച്ച മനോഹര മ്യൂസിയമാണിത്. വില കൂടിയ വസ്തുക്കൾ,
ലോകോത്തര ക്രിസ്റ്റലുകളുടെ ശേഖരം, ആന കൊമ്പിൽ തീർത്ത ഒട്ടനവധി ശില്പങ്ങൾ തുടങ്ങിയവയാണ്
ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.
24. കാർട്ടൂൺ മ്യൂസിയം - ആലപ്പുഴ
ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയമാണ് 2014ൽ
കായംകുളത്തിനടുത്ത് കൃഷ്ണപുരത്താരംഭിച്ച കാർട്ടൂൺ മ്യൂസിയം. പ്രശസ്ത കാർട്ടൂണിസ്റ്റായ
ആർ.ശങ്കറിന്റെ പേരിലുള്ള ഈ മ്യൂസിയത്തിൽ അദ്ദേഹത്തിന്റെ കാർട്ടൂണുകളുടെ വലിയ ശേഖരം
തന്നെ കാണാം.
25. കയർ മ്യൂസിയം - ആലപ്പുഴ
കയറിന് പേരുകേട്ട ആലപ്പുഴയിലാണ് അന്താരാഷ്ട്ര കയർ
മ്യൂസിയമുള്ളത്. കയർ ഉത്പന്നങ്ങളുടെ ചരിത്രം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കയർ നാരുകളുടെ
സംസ്കരണം, വേർതിരിക്കൽ, മെഷനറികളുടെ ഉപയോഗം, വിവിധ കയറുല്പന്നങ്ങൾ എന്നിവ ഇവിടെ കാണാം.
26. ടാറ്റാ റ്റീ മ്യൂസിയം - ഇടുക്കി
മൂന്നാറിലെ നല്ലതണ്ണി എസ്റ്റേറ്റിലാണ് ടാറ്റാ റ്റീ
മ്യൂസിയം. തേയില നിർമാണത്തിന്റെ വിവിധ വശങ്ങൾ വിവരിക്കുന്നതോടൊപ്പം വിവിധ ആകർഷണങ്ങളും
മ്യൂസിയത്തിലുണ്ട്. 1900 കളിൽ മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടി എഞ്ചിൻ, ഗ്രാനൈറ്റിൽ
തീർത്ത സൂര്യഘടികാരം, ഇരുപതാം നൂറ്റാണ്ടിൽ എസ്റ്റേറ്റിൽ ഉപയോഗിച്ചിരുന്ന പവർ ജനറേറ്റർ
തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ.
27. ഗോത്രവർഗ മ്യൂസിയം - ഇടുക്കി
കേരളത്തിലെ ആദിവാസികളുടെ ചരിത്രം, അവരുടെ ജീവിത രീതികൾ,
കൃഷി, സംസ്കാരം, വിവാഹാചാരങ്ങൾ തുടങ്ങിയവയൊക്കെ വിവരിക്കുന്ന മ്യൂസിയമാണ് ഗോത്രവർഗ
മ്യൂസിയം. ആദിവാസികളുടെ വേട്ടയാടൽ ഉപകരണങ്ങൾ, അവർ ഉപയോഗിക്കുന്ന വിവിധയിനം മരുന്നുകൾ
എന്നിവയും ഈ മ്യൂസിയത്തിലുണ്ട്.
28. ഹിൽപാലസ് മ്യൂസിയം - എറണാകുളം
15 ഗ്യാലറികൾ, മാൻ പാർക്ക്, പൂന്തോട്ടം എന്നിവ ചേർന്നതാണ്
ഹിൽപാലസ് മ്യൂസിയം. രാജവംശം ഉപയോഗിച്ചിരുന്ന ഫർണിച്ചർ, ആയുധങ്ങൾ, ആഭരണങ്ങൾ, മറ്റുപകരണങ്ങൾ,
പെയിന്റിങ്ങുകൾ, നാണയ ശേഖരങ്ങൾ എന്നിങ്ങനെ അമൂല്യമായ ശേഖരമുണ്ട്.
29. മട്ടാഞ്ചേരി പാലസ് മ്യൂസിയം - എറണാകുളം
കൊച്ചി രാജവംശത്തിന്റെ ഉടവാളുകൾ, തലപ്പാവുകൾ, നാണയങ്ങൾ,
രാജാക്കന്മാരുടെ ചിത്രങ്ങൾ, ഡച്ച് പെയിന്റിങ്ങുകൾ, രാമായണ ചുവർചിത്ര പെയിന്റിങ്ങുകളും
എന്നിങ്ങനെ അമൂല്യമായ ശേഖരമുണ്ട്.
30. ഇന്റർനാഷണൽ വാക്‌സ് മ്യൂസിയം - എറണാകുളം
കൊച്ചിയിലെ ഒബ്റോൺ മാളിലാണ് 'ഇന്റർനാഷണൽ വാക്‌സ്
മ്യൂസിയം' പ്രവർത്തിക്കുന്നത്. മഹാത്മാഗാന്ധി, ഇ.കെ.നായനാർ, അണ്ണാ ഹസാരെ, ക്രിസ്‌റ്റ്യാനോ
റൊണാൾഡോ തുടങ്ങിയ ഒട്ടനവധി പ്രശസ്തരുടെ ഒത്ത ഉയരത്തിലും വലുപ്പത്തിലുമുള്ള മെഴുക് പ്രതിമകൾ
കൊച്ചിയിലെ വാക്‌സ് മ്യൂസിയത്തിലുണ്ട്.
31. സമുദ്ര ജൈവവൈവിധ്യ മ്യൂസിയം - എറണാകുളം
ആഴക്കടലിലെ ജൈവവൈവിധ്യം നേരിട്ട് കാണാൻ പറ്റിയ സ്ഥലമാണ്
കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്ന സമുദ്ര
ജൈവവൈവിധ്യ മ്യൂസിയം. കടൽ ആൽഗകൾ, പുല്ല്, സ്പോഞ്ചുകൾ, മീൻ, കടൽകക്ക, ചിപ്പി, ചെമ്മീൻ
എന്നിങ്ങനെ പലതിനെയും ഇവിടെ കാണാം.
32. നാട്ടറിവ് മ്യൂസിയം - എറണാകുളം
നഷ്ടപ്പെട്ടു പോകുന്ന നമ്മുടെ നാട്ടറിവുകളെ ഒരുമിച്ചു
ചേർക്കുന്ന മ്യൂസിയമാണ് കൊച്ചിയിലെ തേവരയിൽ പ്രവർത്തിക്കുന്ന ഫോക്ക് ലോർ മ്യൂസിയം.
തിരുവിതാംകൂർ ശൈലിയിൽ ചെങ്കല്ലിലാണ് ഇത് നിർമിച്ചിരിക്കുന്നത്. കേരളത്തിലെ പരമ്പരാഗത
സംഗീതോപകരണങ്ങൾ, വിളക്കുകൾ, തടിയിൽ തീർത്ത ശില്പങ്ങൾ, വിവിധ നൃത്ത രൂപങ്ങൾ, അവയുടെ
വസ്ത്രങ്ങൾ എന്നിവയൊക്കെ ഈ മ്യൂസിയത്തിലുണ്ട്.
33. ഏവിയേഷൻ മ്യൂസിയം - എറണാകുളം
കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കേരളത്തിന്റെ
ഏവിയേഷൻ മ്യൂസിയം സ്ഥിതിചെയ്യുന്നത്. റൈറ്റ് സഹോദരന്മാർ പറത്തിയ വിമാനത്തിന്റെ മോഡൽ,
ആദ്യകാല വിമാനമായ കിറ്റി ഹാക്കിന്റെ മാതൃക, എയർഫോഴ്സ് പൈലറ്റുകൾക്ക് പരിശീലനം നൽകിയിരുന്ന
പോളിഷ് ജെറ്റ് എന്നിവയൊക്കെ ഏവിയേഷൻ മ്യൂസിയത്തിലെ കാഴ്ചകളാണ്.
34. ഇന്തോ - പോർച്ചുഗീസ് മ്യൂസിയം - എറണാകുളം
തേക്കുതടിയിൽ നിർമിച്ച അൾത്താര, മെഴുകുതിരി സ്റ്റാൻഡുകൾ,
പരമ്പരാഗത താഴുകൾ, പത്തൊൻപതാം നൂറ്റാണ്ടിലെ അമൂല്യവസ്തുക്കൾ എന്നിവയൊക്കെയാണ് ഇവിടത്തെ
പ്രദർശന വസ്തുക്കൾ.
35. മാരിടൈം മ്യൂസിയം - എറണാകുളം
സതേൺ നേവൽ കമാന്റിലെ മാരിടൈം മ്യൂസിയത്തിൽ നാവികസേനയുടെ
ആദ്യകാല ചരിത്രം മുതൽ വരുംകാലത്തിന്റെ സാധ്യതകൾ വരെ പ്രദർശിപ്പിച്ചിരിക്കുന്നു. കൊച്ചിയിലെ
നേവൽ ബേസിലാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
36. ഐ.എൻ.എസ് ദ്രോണാചാര്യ മ്യൂസിയം - എറണാകുളം
ഫോർട്ടുകൊച്ചിയിലുള്ള മാരിടൈം മ്യൂസിയമാണ് ഐ.എൻ.എസ്
ദ്രോണാചാര്യ മ്യൂസിയം. ഏതാനും യുദ്ധക്കപ്പലുകളാണ് ഇവിടെ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്.
നാവിക സേനയുടെ ചരിത്രവും നേട്ടവും വിവരിക്കുന്ന ചിത്രങ്ങളും വിവരണങ്ങളുമാണ് ഈ മ്യൂസിയത്തിൽ
ഒരുക്കിയിരിക്കുന്നത്.
37. കേരള ചരിത്ര മ്യൂസിയം - എറണാകുളം
ഇടപ്പളളിയിലാണ് കേരള ചരിത്ര മ്യൂസിയം പ്രവർത്തിക്കുന്നത്.
കേരള ചരിത്രത്തിന്റെ നാൾവഴികൾ ഓർമിപ്പിക്കുന്ന ഓഡിയോ വിഷ്വലുകൾ, കേരള ചരിത്രത്തിലെ
പ്രധാന വ്യക്തികളുടെ പ്രതിമകൾ, ശാകുന്തളത്തെ അടിസ്ഥാനമാക്കിയുള്ള പെയിന്റിങ്ങുകൾ, ലോകത്തിന്റെ
പലഭാഗത്തുനിന്ന് ശേഖരിച്ച പാവകൾ എന്നിവയെല്ലാം ഇവിടത്തെ പ്രദർശനവസ്തുക്കളാണ്.
38. സുഗന്ധവ്യഞ്ജന മ്യൂസിയം - എറണാകുളം
കേരളത്തിലെ ആദ്യത്തെ 'സ്‌പൈസ് മ്യൂസിയം' കൊച്ചിയിലെ
വില്ലിങ്ടൺ ഐലൻഡിലാണ് സ്ഥിതിചെയ്യുന്നത്. 30 ഇനത്തിൽ പെട്ട സുഗന്ധ വ്യഞ്ജനങ്ങളെക്കുറിച്ചും
കൃഷിയെക്കുറിച്ചും ഉൽപ്പന്നങ്ങളെക്കുറിച്ചും ഇവിടെ നിന്ന് മനസിലാക്കാം.
39. ശക്തൻ തമ്പുരാൻ മ്യൂസിയം - തൃശൂർ
വെങ്കല ശിൽപ ഗ്യാലറി, പുരാരേഖാ ഗ്യാലറി, നാണയ ഗ്യാലറി,
ഇരുമ്പു യുഗത്തിന്റെ അവശിഷ്ടങ്ങൾ, വിവിധയിനം ശിൽപങ്ങൾ, ടിപ്പു സുൽത്താനെ കുറിച്ചുള്ള
രേഖകൾ എന്നിവയും ഇവിടെ കാണാം.
40. സ്റ്റേറ്റ് മ്യൂസിയം ആൻഡ് സൂ - തൃശൂർ
തൃശൂർ ജില്ലയിലെ ചെമ്പൂക്കാവിലാണ് സംസ്ഥാന മ്യൂസിയവും
കാഴ്ചബംഗ്ലാവും പ്രവർത്തിക്കുന്നത്. ഇവിടുത്തെ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ജീവികളുടെ
സ്പെസിമനുകളും സ്‌റ്റഫ് ചെയ്ത രൂപങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. കൂടാതെ വിവിധയിനം
ശില്പങ്ങൾ, പുരാതന ശിലകൾ, ആനയുടെ അസ്ഥികൂടം എന്നിവയും പ്രധാന ആകർഷണങ്ങളാണ്. സ്റ്റേറ്റ്
മ്യൂസിയത്തിന് സമീപത്തായി ഒരു കലാ മ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്. വിവിധയിനം വിളക്കുകൾ,
ആനക്കൊമ്പിൽ തീർത്ത ശില്പങ്ങൾ, താംബൂലപ്പെട്ടി തുടങ്ങിയവയൊക്കെ ഇവിടുത്തെ ശേഖരണത്തിലുണ്ട്.
41. ഫൊട്ടോഗ്രഫി മ്യൂസിയം - തൃശൂർ
ഫൊട്ടോഗ്രഫിയുടെ ചരിത്രവും ശാസ്ത്രവും കലയുമൊക്കെ
വിവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയം. തൃശ്ശൂരിനടുത്തുള്ള കോടാലി എന്ന സ്ഥലത്താണ്
സ്ഥിതിചെയ്യുന്നത്. 'ഫോട്ടോമുസ്' എന്നാണ് ഈ മ്യൂസിയത്തിന്റെ പേര്. ഫൊട്ടോഗ്രഫിയുടെ
പൈതൃകവും ചരിത്രവും സൂചിപ്പിക്കുന്ന വസ്തുക്കളും, അത്യപൂർവമായ ഫോട്ടോകൾ, പലതരം ക്യാമറകളും
ലെൻസുകളും ഇവിടെ കാണാം.
42. മുസിരിസ് ഹെറിറ്റേജ് മ്യൂസിയങ്ങൾ - തൃശൂർ
കേരളത്തിന്റെ മൺമറഞ്ഞുപോയ ചരിത്രം തിരഞ്ഞ് ഖനനം നടക്കുന്ന
സ്ഥലമാണ് കൊടുങ്ങലൂരിനടുത്തുള്ള പട്ടണം മുസിരിസ് പര്യവേക്ഷണ കേന്ദ്രം. 21 മ്യൂസിയങ്ങളാണ്
ഇവിടെ സ്ഥിതിചെയ്യുന്നത്.
43. നെല്ല് മ്യൂസിയം - പാലക്കാട്
പട്ടാമ്പിയിലെ നെല്ലു ഗവേഷണകേന്ദ്രത്തിൽ കേരളത്തിന്റെ
നെല്ല് മ്യൂസിയം പ്രവർത്തിക്കുന്നു.
44. തേക്ക് മ്യൂസിയം - മലപ്പുറം
ഇന്ത്യയിൽ ഒരേയൊരു തേക്ക് മ്യൂസിയമേയുള്ളൂ. മലപ്പുറം
ജില്ലയിലെ വനപ്രദേശമായ നിലമ്പൂരിൽ ഇത് സ്ഥിതിചെയ്യുന്നു. പടുകൂറ്റൻ തേക്കുതടികളും,
തേക്കിൽ തീർത്ത ശില്പങ്ങളും വാതിലുകളുമൊക്കെയാണ് ഈ മ്യൂസിയത്തിന്റെ ഭംഗി. മ്യൂസിയത്തോടു
ചേർന്ന് ഒരു ചിത്രശലഭ പാർക്കും ഔഷധത്തോട്ടവും ഉണ്ട്.
45. കുഞ്ഞാലിമരയ്ക്കാർ ഭവനം മ്യൂസിയം - കോഴിക്കോട്
സാമൂതിരിയുടെ കപ്പൽപ്പടയുടെ കമാൻഡറായിരുന്ന കുഞ്ഞാലിമരയ്ക്കാർ
ഒന്നാമന്റെ പേരിലുള്ളതാണീ മ്യൂസിയം. പോർച്ചുഗീസ് പടയ്‌ക്കെതിരെ പോരാടിയ കുഞ്ഞാലിയുടെ
ജീവചരിത്രവും ആയുധങ്ങളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
46. ബിസിനസ് മ്യൂസിയം - കോഴിക്കോട്
ഇന്ത്യയുടെ സമ്പന്നമായ വ്യാപാരചരിത്രം സൂക്ഷിക്കുന്ന
ബിസിനസ് മ്യൂസിയം കോഴിക്കോടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ക്യാംപസിൽ
പ്രവർത്തിക്കുന്നു. ഇന്ത്യയിലെ ബിസിനസ് രാജാക്കന്മാരായ ടാറ്റ, ഗോദറേജ്, റിലയൻസ്, ഇൻഫോസിസ്
എന്നിവയുടെയെല്ലാം പ്രദർശനശാലകൾ ഇവിടെയുണ്ട്.
47. നരവംശശാസ്ത്ര മ്യൂസിയം - കോഴിക്കോട്
കേരളത്തിലെ ഗോത്രവർഗങ്ങളെക്കുറിച്ചും നരവംശത്തെക്കുറിച്ചുമൊക്കെയുള്ള
വിവരങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്ന മ്യൂസിയമാണ് നരവംശശാസ്ത്ര മ്യൂസിയം. കോഴിക്കോട്
ജില്ലയിലെ ചേവായൂരിലാണ് ഈ മ്യൂസിയമുള്ളത്. മരവുരിയിൽ തീർത്ത വസ്ത്രം, ആദിവാസികളുടെ
ജീവിതരീതി കാണിക്കുന്ന മാതൃകകൾ, ചിത്രങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, പാത്രങ്ങൾ
എന്നിവയൊക്കെയാണ് ഈ മ്യൂസിയത്തിലെ കാഴ്ചകൾ.
48. പഴശ്ശിരാജാ പുരാവസ്തു മ്യൂസിയം കോംപ്ലക്സ് -
കോഴിക്കോട്
കോഴിക്കോട് ജില്ലയിലെ ഈസ്റ്റ് ഹില്ലിലാണ് പഴശ്ശിരാജാ
പുരാവസ്തു മ്യൂസിയം കോംപ്ലക്സ് സ്ഥിതിചെയ്യുന്നത്. പുരാവസ്തു മ്യൂസിയം, ആർട്ട് ഗ്യാലറി,
കൃഷ്ണമേനോൻ മ്യൂസിയം എന്നിവ ചേരുന്നതാണ് ഈ കോംപ്ലക്സ്. ഒട്ടേറെ പുരാവസ്തുക്കൾ, ആയുധങ്ങൾ,
വീരക്കല്ലുകൾ, പുരാരേഖകൾ എന്നിവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
49. സയൻസ് സെന്റർ - കോഴിക്കോട്
കോഴിക്കോട് ജില്ലയിലെ മാവൂർ റോഡിനടുത്ത് സ്ഥിതിചെയ്യുന്നു.
ചിൽഡ്രൻസ് പാർക്ക്, അസ്ട്രോണമി ക്ലബ് എന്നിവയൊക്കെ ഇവിടെയുണ്ട്.
50. അറയ്ക്കൽ മ്യൂസിയം - കണ്ണൂർ
വിവിധ കാലഘട്ടങ്ങളിലെ രാജാക്കന്മാരുടെയും ബീവിമാരുടെയും
ചിത്രങ്ങൾ, തോക്കുകൾ, ആയുധങ്ങൾ, ടെലഫോണുകൾ എന്നിവ ഇവിടുത്തെ ശേഖരത്തിൽപ്പെടുന്നു.
51. ഫോക്‌ലോർ മ്യൂസിയം - കണ്ണൂർ
ഒട്ടേറെ നാടൻ കലാരൂപങ്ങളുടെയും തിറകളുടെയുമെല്ലാം
മാതൃകകളും ചിത്രങ്ങളും, തടിയിൽ നിർമിച്ച ജാറുകൾ, വിവിധയിനം ആഭരണങ്ങൾ എന്നിവ ഇവിടുത്തെ
ശേഖരത്തിൽപ്പെടുന്നു.
52. ജയിൽ മ്യൂസിയം - കണ്ണൂർ
കേരളത്തിലെ ആദ്യത്തെ സെൻട്രൽ ജയിലായ കണ്ണൂർ സെൻട്രൽ
ജയിലിലാണ് കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം. ബ്രിട്ടീഷുകാരുടെ കാലം തൊട്ടുള്ള ജയിൽ യൂണിഫോം,
തോക്കുകൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രദർശന വസ്തുക്കൾ.
ചർച്ച് മ്യൂസിയങ്ങൾ
ദേവാലയങ്ങളോട് ചേർന്ന് വിശുദ്ധരുടെയും മറ്റും പേരിൽ
പണികഴിപ്പിച്ചിട്ടുള്ളവയാണ് ഇത്തരം മ്യൂസിയങ്ങൾ. ദേവാലയ ചരിത്രം പ്രതിപാദിക്കുന്ന മ്യൂസിയങ്ങളും
ഈ ഗണത്തിൽ പെടുന്നു. കേരളത്തിലെ ചില പ്രധാനപ്പെട്ട ചർച്ച് മ്യൂസിയങ്ങൾ ഇവയാണ്.
1. അൽഫോൻസാ മ്യൂസിയം - കോട്ടയം
2. ചാവറയച്ചൻ മ്യൂസിയം - കോട്ടയം & എറണാകുളം
3. മാർത്തോമാ മ്യൂസിയം - എറണാകുളം
4. റാണി മരിയ മ്യൂസിയം - എറണാകുളം
5. സിനഡ് മ്യൂസിയം - എറണാകുളം
6. മറിയം ത്രേസ്യാ മ്യൂസിയം - തൃശൂർ
7. ഏവുപ്രാസ്യാമ്മ മ്യൂസിയം - തൃശൂർ
8. ബൈബിൾ ടവർ - തൃശൂർ
9. സഭാചരിത്ര സാംസ്‌കാരിക മ്യൂസിയം - തൃശൂർ
ടെംപിൾ മ്യൂസിയങ്ങൾ
ക്ഷേത്രങ്ങളോട് ചേർന്ന് 'ടെംപിൾ മ്യൂസിയ'ങ്ങളും കേരളത്തിലുണ്ട്.
1. ദേവസ്വം മ്യൂസിയം - ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം
എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ മ്യൂസിയങ്ങൾ
വിദ്യാലയങ്ങൾ, കലാലയങ്ങൾ, ഗവേഷണസ്ഥാപനങ്ങൾ എന്നിവയോടനുബന്ധിച്ച്
സ്ഥാപിച്ചിട്ടുള്ള മ്യൂസിയങ്ങളാണ് ഇക്കൂട്ടത്തിൽ പെടുന്നത്. അവയിൽ ചിലത് ഇവയാണ്.
1. സുവോളജി ആൻഡ് ബോട്ടണി മ്യൂസിയം - മഹാരാജാസ് കോളേജ്,
എറണാകുളം
2. ആർക്കിയോളജിക്കൽ മ്യൂസിയം - യു.സി.കോളേജ്, ആലുവ
3. ആർക്കിയോളജിക്കൽ മ്യൂസിയം - മാർത്തോമ്മാ കോളേജ്,
പെരുമ്പാവൂർ
4. സുവോളജിക്കൽ മ്യൂസിയം - സേക്രട്ട് ഹാർട്ട് കോളേജ്,
തേവര
5. സാമൂറിൻസ് ഹെറിറ്റേജ് സെന്റർ - സാമൂറിൻസ് ഹയർ
സെക്കൻഡറി സ്കൂൾ, കോഴിക്കോട്
6. ആർക്കിയോളജിക്കൽ മ്യൂസിയം - നെഹ്‌റു കോളേജ്, കാസർകോട്
7. ഹിസ്റ്ററി മ്യൂസിയം - കാലിക്കറ്റ് യൂണിവേഴ്‌സിറ്റി,
മലപ്പുറം
8. തുഞ്ചത്തെഴുത്തച്ഛൻ പൈതൃക മ്യൂസിയം - മലയാളം യൂണിവേഴ്‌സിറ്റി
ക്യാംപസ്, മലപ്പുറം
ജില്ലാ മ്യൂസിയങ്ങൾ
ഓരോ ജില്ലയ്ക്കും പറയാൻ ചരിത്രങ്ങളൊരുപാടുണ്ട്. അവയെല്ലാം
തലമുറകളോട് പങ്കുവയ്ക്കണമെന്ന ഉദ്ദേശ്യത്തോടെ 14 ജില്ലകൾക്കുമായി മ്യൂസിയങ്ങൾ ഒരുങ്ങുന്നു.
കേരള പുരാവസ്തു വകുപ്പാണ് ഈ സംരംഭത്തിനു പിന്നിൽ. ജില്ലാ മ്യൂസിയങ്ങൾ ഇവയാണ്.
1. പുത്തൻമാളിക മ്യൂസിയം - തിരുവനന്തപുരം
2. കോന്നി മ്യൂസിയം - പത്തനംതിട്ട
3. കുട്ടിക്കാനം പാലസ് മ്യൂസിയം - ഇടുക്കി
4. ബാസ്റ്റ്യൻ ബംഗ്ലാവ് മ്യൂസിയം - എറണാകുളം
5. കൊല്ലങ്കോട് പാലസ് മ്യൂസിയം - തൃശൂർ
6. മണി അയ്യർ ഓഡിറ്റോറിയം - പാലക്കാട്
7. പഴശ്ശി സ്മൃതിമണ്ഡപം - വയനാട്
8. ജയിൽ മ്യൂസിയം - കണ്ണൂർ
കേരളത്തിലെ ക്ഷേത്രങ്ങൾ
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ കിഴക്കേകോട്ടയിൽ സ്ഥിതിചെയ്യുന്നു.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രം ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നാണ്.
അനന്തപത്മനാഭൻ പ്രധാന മൂർത്തിയായിട്ടുള്ള ഈ ക്ഷേത്രത്തിന്റെ നിർമ്മിതി കേരള-ദ്രാവിഡ
ശൈലികളുടെ സംയോജനമാണ്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം 'മ്യൂറൽ പഗോഡ' എന്നറിയപ്പെടുന്നു.
മുറജപം, ഭദ്രദീപം, അൽപശി ഉത്സവം, പൈങ്കുനി ഉത്സവം, സ്വർഗവാതിൽ ഏകാദശി എന്നിവയാണ് പ്രധാന
ഉത്സവങ്ങൾ.
ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം
രാജ്യത്തെ തീർത്ഥാടന കേന്ദ്രങ്ങളിൽ മുൻനിരയിലുള്ള
ക്ഷേത്രം. അയ്യപ്പനാണ് പ്രധാന പ്രതിഷ്ഠ. എല്ലാ ജാതി-മത-സമുദായത്തിലുള്ളവർക്കും പ്രവേശനമുള്ള
ഈ ക്ഷേത്രം പത്തനംതിട്ട ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിൽ ഒരു സീസണിൽ ഏറ്റവുമധികം
വരുമാനമുള്ള ക്ഷേത്രം. മണ്ഡലപൂജ, മകരവിളക്ക് എന്നിവ പ്രധാന ആഘോഷമായിട്ടുള്ള ഈ ക്ഷേത്രത്തിൽ
നവംബർ മുതൽ ജനുവരി പകുതി വരെയാണ് തീർത്ഥാടന സമയം.
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
"ദക്ഷിണേന്ത്യയിലെ ദ്വാരക" എന്നറിയപ്പെടുന്ന
ഗുരുവായൂർ ക്ഷേത്രം തൃശ്ശൂർ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ഏകദേശം 5000 വർഷത്തോളം
പഴക്കം കണക്കാക്കുന്ന ക്ഷേത്രവും അകത്തുള്ള അലങ്കാര നിർമ്മിതികളും കേരളീയ വാസ്‌തുശൈലിയുടെ
സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ്. ഗുരുവായൂർ ഏകാദശി, ഗുരുവായൂർ ആറാട്ട് എന്നിവയാണ് പ്രധാന
ഉത്സവങ്ങൾ.
ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം
ആലപ്പുഴയിൽ നീരേറ്റുപുറം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന
ഈ ക്ഷേത്രത്തിന് 3000 വർഷത്തെ ചരിത്രമുണ്ടെന്ന് കരുതുന്നു. അഷ്ടബാഹുക്കളോടു കൂടിയ വനദുർഗ്ഗ
പ്രധാന പ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രത്തിന്റെ രണ്ടു വശങ്ങളിൽ കൂടി പമ്പയും മണിമലയാറും
ഒഴുകുന്നു. വൃശ്ചികമാസത്തിലാണ് (നവംബർ - ഡിസംബർ) വിഖ്യാതമായ ചക്കുളത്തുകാവ് പൊങ്കാല
നടക്കുക. മധ്യതിരുവിതാംകൂറിലെ 'സ്ത്രീകളുടെ ശബരിമല' എന്നറിയപ്പെടുന്നു.
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ
നിത്യനൈവേദ്യമായ പാൽപ്പായസം ലോകപ്രശസ്തമാണ്. ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രം.
പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയിൽ ചമ്മട്ടിയും ഇടതുകൈയിൽ പാഞ്ചജന്യവുമായി നിൽക്കുന്ന
ശ്രീകൃഷ്ണ രൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ. 12 വർഷത്തിലൊരിക്കൽ അവതരിപ്പിക്കുന്ന ക്ഷേത്രത്തിലെ
പള്ളിപ്പാന പ്രസിദ്ധമാണ്. കുഞ്ചൻ നമ്പ്യാർ ഓട്ടൻ തുള്ളൽ അവതരിപ്പിച്ചത് ഇവിടെയാണെന്നാണ്
വിശ്വാസം.
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം
പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം എന്നും
അറിയപ്പെടുന്നു. ശ്രീ മുത്തപ്പൻ എന്ന ശൈവ സങ്കൽപ്പത്തിലധിഷ്ഠിതമായ ദൈവരൂപമാണ് പ്രധാന
മൂർത്തി. നിത്യവും തെയ്യം അരങ്ങേറുന്ന ഈ ക്ഷേത്രം കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ
വളപ്പട്ടണം പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. വെള്ളച്ചാട്ടം, തിരുവപ്പന എന്നിങ്ങനെ
രണ്ട് പ്രധാന അനുഷ്ഠാനങ്ങൾ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.
അനന്തപുരം തടാക ക്ഷേത്രം
കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരം തടാക ക്ഷേത്രം.
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മനാഭസ്വാമിയുടെ മൂലസ്ഥാനം അനന്തപുരം
തടാക ക്ഷേത്രമാണെന്നാണ് വിശ്വാസം. കാസർഗോഡ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ഒമ്പതാം
നൂറ്റാണ്ടിൽ നിർമിതമായതാണ്. ബബിയ എന്ന സസ്യാഹാരിയായ മുതല ഈ ക്ഷേത്രത്തിലെ തടാകത്തിലെ
നിറസാന്നിദ്ധ്യമാണ്.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം
ചുവർ ചിത്രങ്ങൾക്ക് പേരുകേട്ട ഏറ്റുമാനൂർ ക്ഷേത്രം
കോട്ടയം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് ഏഴരപൊന്നാന
എഴുന്നള്ളത്ത്. കുംഭമാസത്തിൽ (ഫെബ്രുവരി-മാർച്ച്) നടക്കുന്ന ഈ എഴുന്നള്ളത്തിൽ പ്ലാവിൻ
തടിയിൽ നിർമ്മിച്ച് സ്വർണപാളികളാൽ പൊതിഞ്ഞ ഏഴ് ആനകളും (2 അടി ഉയരം), ഒരടി ഉയരത്തിലുള്ള
ഒരു ആനയുമാണ് ഉള്ളത്. ധനുമാസത്തിലെ (ഡിസംബർ-ജനുവരി) തിരുവാതിര, മഹാശിവരാത്രി എന്നിവയാണ്
മറ്റ് പ്രധാന ഉത്സവങ്ങൾ.
ശ്രീ വടക്കുംനാഥ ക്ഷേത്രം
കേരളത്തിൽ പരശുരാമൻ നിർമിച്ച 108 ശിവാലയങ്ങളിൽ ഒന്നാണിത്.
തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്നു. 2015ൽ പൈതൃക സംരക്ഷണ മികവിന് യുനെസ്‌കോ നൽകുന്ന
'യുനെസ്കോ ഏഷ്യ-പസിഫിക് ഹെറിറ്റേജ് അവാർഡ് ഈ ക്ഷേത്രത്തിന് ലഭിച്ചു.
മംഗളാദേവി ക്ഷേത്രം
ഇടുക്കി ജില്ലയിലെ കുമളിയിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ
ഏക കണ്ണകി ക്ഷേത്രം. പെരിയാർ ടൈഗർ റിസർവിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന
പ്രതിഷ്ഠ ശ്രീ ഭദ്രകാളി (കണ്ണകി) ആണ്. 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെടുന്ന ഈ ക്ഷേത്രം
വർഷത്തിൽ ഒരിക്കൽ (ചൈത്രമാസത്തിലെ പൗർണ്ണമി) മാത്രമാണ് പൂജ നടക്കുന്നത്.
തിരുവേഗപ്പുറ ശിവ-ശങ്കരനാരായണ-മഹാവിഷ്ണു ക്ഷേത്രം
പാലക്കാട് ജില്ലയിൽ തൂതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.
പരമശിവൻ, പാർവതീദേവി, മഹാവിഷ്ണു, ശങ്കരനാരായണൻ എന്നിവരാണ് പ്രധാന മൂർത്തികൾ.
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം
എറണാകുളം ജില്ലയിൽ ആലുവയിൽ സ്ഥിതിചെയ്യുന്നു. പെരിയാറിന്റെ
തീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ ശിവനും പാർവ്വതിയുമാണ്.
ഈ ക്ഷേത്രത്തിലെ ശ്രീ പാർവ്വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ചരിത്രപ്രസിദ്ധമാണ്. എല്ലാ
വർഷവും ധനുമാസത്തിലെ (ഡിസംബർ - ജനുവരി) തിരുവാതിര നാൾ മുതൽ 12 ദിവസം മാത്രമേ ശ്രീ പാർവ്വതി
ദേവിയുടെ നട തുറന്നിരിക്കുകയുള്ളൂ.
തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം
കോട്ടയം ജില്ലയിലെ തിരുവാർപ്പ് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
ഇന്ത്യയിൽ ഏറ്റവും ആദ്യം നട തുറന്ന് പൂജ നടക്കുന്ന ക്ഷേത്രം. കംസ വധത്തിന് ശേഷം വിശന്നിരിക്കുന്ന
ഭഗവാൻ ശ്രീകൃഷ്ണനാണ് പ്രധാന മൂർത്തി. കേരളത്തിൽ ഗ്രഹണസമയത്ത് നട അടയ്ക്കാത്ത ഏക ക്ഷേത്രം.
ചോറ്റാനിക്കര ഭഗവതി ക്ഷേത്രം
എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ സ്ഥിതിചെയ്യുന്നു.
ആദിപരാശക്തി മഹാവിഷ്ണുവിനൊപ്പം പ്രതിഷ്‌ഠിതമായിരിക്കുന്ന ഈ ക്ഷേത്രത്തിൽ ദേവിയെ മൂന്ന്
ഭാവങ്ങളിൽ ആരാധിക്കുന്നു. ഈ ക്ഷേത്രത്തിലെ അതിവിശേഷമായ ചടങ്ങാണ് മകം തൊഴൽ. കുംഭമാസത്തിൽ
(ഫെബ്രുവരി - മാർച്ച്) രോഹിണി നാളിൽ കൊടി കയറി ഉത്രം നാളിൽ ആറാട്ടോടുകൂടി അവസാനിക്കുന്ന
ഒമ്പത് ദിവസത്തെ ഉത്സവം പ്രസിദ്ധമാണ്.
കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ സ്ഥിതിചെയ്യുന്നു.
ഈ ക്ഷേത്രത്തിലെ പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണി എന്ന വാർഷിക ആഘോഷ ചടങ്ങ് മീനമാസത്തിലാണ്
(മാർച്ച്-ഏപ്രിൽ) നടക്കുന്നത്. ഉത്സവത്തിലെ പ്രധാന ചടങ്ങ് ഭരണി നാളിന് തലേന്നു അശ്വതി
നാളിൽ നടക്കുന്ന കാവു തീണ്ടലാണ്. കേരളത്തിൽ ആദ്യമായി 'ആദിപരാശക്തിയെ' കാളീരൂപത്തിൽ
പ്രതിഷ്ഠിച്ചത് ഈ ക്ഷേത്രത്തിലാണ്.
ആറ്റുകാൽ ഭഗവതി ക്ഷേത്രം
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നു. തിരുവനന്തപുരം
ജില്ലയിലെ മണക്കാട്, ആറ്റുകാൽ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. കിള്ളിയാറിന്റെ തീരത്ത്
സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പൊങ്കാല ലോക പ്രസിദ്ധമാണ്. ലോകത്ത് ഏറ്റവും കൂടുതൽ
സ്ത്രീകൾ (2.5 ദശലക്ഷം) ഒത്തുകൂടുന്ന ഉത്സവം എന്ന പേരിൽ ഗിന്നസ് ബുക്കിൽ ആറ്റുകാൽ പൊങ്കാല
സ്ഥാനം പിടിച്ചു. കുംഭ മാസത്തിൽ (ഫെബ്രുവരി-മാർച്ച്) പൂരം നക്ഷത്രം വരുന്ന ദിവസമാണ്
ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന താലപ്പൊലിയും കുത്തിയോട്ടവും
വളരെ പ്രസിദ്ധമാണ്.
കേരളത്തിലെ ക്രിസ്ത്യൻ
പള്ളികൾ
പാളയം സെന്റ് ജോസഫ് ലാറ്റിൻ കാത്തലിക് മെട്രോപൊളിറ്റൻ കത്തീഡ്രൽ
ഗോഥിക് ശിൽപകലയുടെ ഉദാത്തമാതൃകയാണ് തിരുവനന്തപുരം
ജില്ലയിലെ പാളയത്ത് സ്ഥിതിചെയ്യുന്ന ഈ പള്ളി. 1873ൽ നിർമാണം പൂർത്തീകരിച്ച ഈ ദേവാലയം
രൂപകൽപ്പന ചെയ്തത് ഫാദർ ഇൻസഫോൻസ് ആണ്.
സെന്റ് ജോർജ് ഫൊറോനാ പള്ളി
അരുവിത്തുറ പള്ളി എന്നറിയപ്പെടുന്നു. വിശുദ്ധ തോമാസ്ലീഹ
സ്ഥാപിച്ച പള്ളിയാണിതെന്ന് കരുതപ്പെടുന്നു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ അരുവിത്തുറയിലെ
മീനച്ചിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു.
സെന്റ് ഫ്രാൻസിസ് ചർച്ച്
ഇന്ത്യയിൽ പോർച്ചുഗീസുകാർ നിർമ്മിച്ച ആദ്യത്തെ പള്ളി.
ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ പള്ളി. 1503ൽ കൊച്ചിയിൽ സ്ഥാപിതമായി. കേരളത്തിലെ ഏറ്റവും
പഴക്കം ചെന്ന പള്ളികളിലൊന്നായ ഇവിടെയാണ് വാസ്കോഡ ഗാമയെ ആദ്യം അടക്കിയത്.
വല്ലാർപ്പാടം പള്ളി
1524ൽ പോർച്ചുഗീസുകാരാണ് സ്ഥാപിച്ചത്. National
Shrine Basilica of our Lady of Ransom, Vallarpadam എന്നാണ് മുഴുവൻ പേര്. എറണാകുളം
ജില്ലയിലെ വല്ലാർപ്പാടത്ത് സ്ഥിതിചെയ്യുന്നു.
സാന്റാ ക്രൂസ് കത്തീഡ്രൽ ബസിലിക്ക
ഇന്ത്യയിലുള്ള എട്ട് ബസിലിക്കകളിൽ ഒന്നാണിത്. ഇന്തോ
- യൂറോപ്യൻ, ഗോഥിക് കലകളാൽ നിർമിതമായ ഈ ദേവാലയം ഫോർട്ട് കൊച്ചിയിലാണ് സ്ഥിതിചെയ്യുന്നത്.
സെന്റ് ആൻഡ്രൂസ് പള്ളി അർത്തുങ്കൽ
ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ സ്ഥിതിചെയ്യുന്നു.
ഈ ദേവാലയത്തിലെ പത്തുനാൾ നീണ്ടുനിൽക്കുന്ന അർത്തുങ്കൽ പെരുനാൾ വളരെയധികം വിശേഷപ്പെട്ടതാണ്.
പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന സെബാസ്ത്യാനോസിന്റെ തിരുസ്വരൂപമെഴുന്നള്ളിക്കൽ
വളരെ പ്രസിദ്ധമാണ്. എല്ലാ വർഷവും ജനുവരി മാസമാണ് പെരുന്നാളാഘോഷം. ഉത്സവത്തിന്റെ പത്താം
നാൾ കടൽത്തീരത്തു നിന്ന് ദേവാലയത്തിലേക്ക് വിശ്വാസികൾ നടത്തുന്ന മുട്ടിന്മേൽ ഇഴഞ്ഞുള്ള
കൃതജ്ഞതാ നേർച്ച പ്രസിദ്ധമാണ്.
സെന്റ് ജോർജ് ഫെറോന സീറോ മലബാർ ചർച്ച്
എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന റോമൻ കാത്തലിക് പള്ളിയായ ഇത് 594ൽ പണികഴിപ്പിക്കുകയും
1080 എ.ഡിയിൽ പുനർനിർമിച്ചതായും കരുതപ്പെടുന്നു.
സെന്റ് തോമസ് കൊടുങ്ങല്ലൂർ പള്ളി
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ മാല്യങ്കരയിൽ സ്ഥിതിചെയ്യുന്നു.
ക്രിസ്തുവർഷം 52 ൽ തോമാശ്ലീഹാ സ്ഥാപിച്ച ഈ ദേവാലയം ഇന്ത്യയിലെ ആദ്യ ക്രിസ്തീയ ദേവാലയമായി
കരുതപ്പെടുന്നു. സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലാണ് ഈ പള്ളി.
സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി
പത്തനംതിട്ട ജില്ലയിലെ നിരണത്ത് സ്ഥിതിചെയ്യുന്ന
പുരാതന ക്രൈസ്തവ ദേവാലയം. തോമാ ശ്ലീഹയാൽ സ്ഥാപിതമായ ഈ പള്ളി കോവിലയാറിന് തീരത്ത് സ്ഥിതിചെയ്യുന്നു.
പരുമല പള്ളി
പത്തനംതിട്ട ജില്ലയിലെ പരുമലയിൽ സ്ഥിതിചെയ്യുന്ന
ക്രൈസ്തവ ദേവാലയം. മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള ഈ ദേവാലയത്തിലാണ് സഭയുടെ ശ്രേഷ്ഠ
ഗുരുവായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്നത്. എല്ലാ വർഷവും നവംബർ മാസത്തിൽ
നടക്കുന്ന പരുമല പെരുന്നാൾ ലോകപ്രസിദ്ധമാണ്. പരുമലപള്ളി സ്ഥാപകനായ ഗീവറുഗീസ്മാർ ഗ്രിഗോറിയോസ്
തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൽ പ്രത്യേക പ്രാർത്ഥനകളോടുകൂടി നടത്തപ്പെടുന്നു.
സെന്റ് തോമസ് സീറോ മലബാർ പള്ളി
മലയാറ്റൂർ പള്ളി എന്ന പേരിൽ പ്രസിദ്ധമായ പള്ളി. എറണാകുളം
ജില്ലയിലെ മലയാറ്റൂരിൽ സ്ഥിതിചെയ്യുന്നു. ഇന്ത്യയിൽ നിന്നും UN അംഗീകരിച്ച ആദ്യ രാജ്യാന്തര
തീർത്ഥാടന കേന്ദ്രം. മലയാറ്റൂർ പള്ളിയെ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി 2004ൽ പ്രഖ്യാപിച്ചു.
എല്ലാ വർഷവും മാർച്ച് മാസം നടക്കുന്ന മലയാറ്റൂർ പെരുന്നാൾ ലോകപ്രസിദ്ധമാണ്. മലയാറ്റൂർ
പെരുന്നാളിലെ 'പൊന്നിൻ കുരിശ് മലകയറ്റം' ലോകപ്രശസ്തമാണ്. ഇന്തോ - സാരസൻ ശിൽപകലാ മാതൃകയിലാണ്
ഈ പള്ളി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കേരളത്തിലെ മുസ്ലീം പള്ളികൾ
ചേരമാൻ
ജുമാ മസ്ജിദ്
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ
ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്. അറബ് നാട്ടിൽ നിന്നും വന്ന മാലിക്
ഇബ്നു ദിനാർ ആണ് 629ൽ ഈ പള്ളി പണികഴിപ്പിച്ചത്. ഇന്ത്യയിലെ തന്നെ ആദ്യ ജുമ'അ നമസ്കാരം
നടന്ന പള്ളിയാണിത്. നിലവിളക്ക് കൊളുത്തി വയ്ക്കുന്ന ഇന്ത്യയിലെ തന്നെ ഏക മുസ്ലിം പള്ളിയാണിത്.
മാലിക്
ഇബ്നു ദിനാർ മസ്ജിദ്
കാസർഗോഡ് ജില്ലയിലെ തളങ്കരയിൽ സ്ഥിതിചെയ്യുന്ന ഈ പള്ളി
ഇന്ത്യയിലെ ആദ്യകാല മുസ്ലിം പള്ളികളിലൊന്നാണ്. നൂറ്റാണ്ടുകളുടെ പഴക്കവും, കാലങ്ങളെ
വെല്ലുന്ന വാസ്തുശിൽപ മികവുമുള്ള ഈ പള്ളി ചന്ദ്രഗിരിപ്പുഴയോരത്താണ് സ്ഥിതിചെയ്യുന്നത്.
മമ്പുറം
പള്ളി (മമ്പുറം മഖാം)
ദക്ഷിണേന്ത്യയിലെ പ്രധാന മുസ്ലിം തീർത്ഥാടന കേന്ദ്രം. മലപ്പുറം
ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ സ്ഥിതിചെയ്യുന്നു. കേരളീയ മുസ്ലിം ചരിത്രത്തിലെ സമുന്നത
നേതാവായ മമ്പുറം സയ്യിദ് അലവി തങ്ങളുടെ നേതൃത്വത്തിലാണ് ഈ പള്ളി നിർമ്മിച്ചത്.
താഴത്തങ്ങാടി
ജുമാ മസ്ജിദ്
കോട്ടയം ജില്ലയിലെ താഴത്തങ്ങാടി പട്ടണത്തിൽ സ്ഥിതിചെയ്യുന്നു.
കേരളത്തിൽ ഇസ്ലാം മതം പരിചയപ്പെടുത്തിയ മാലിക് ദിനാറിന്റെ പുത്രനായ ഹബീബ് ദിനാർ പണികഴിപ്പിച്ചതാണ്
ഈ പള്ളി എന്ന് വിശ്വസിക്കുന്നു. പരമ്പരാഗത കേരളീയ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ചിട്ടുള്ള
ഈ പള്ളി വാസ്തുവിദ്യാ സമ്പന്നത കൊണ്ടും കൊത്തുപണികളുടെ സൗന്ദര്യം കൊണ്ടും പ്രശസ്തമാണ്.
മീനച്ചിലാറിന്റെ തീരത്താണ് ഈ പള്ളി സ്ഥിതിചെയ്യുന്നത്.
ഓടത്തിൽ
പള്ളി
കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ സ്ഥിതിചെയ്യുന്നു. ഏകദേശം
250 വർഷത്തോളം പഴക്കമുള്ള ഈ പള്ളി നിർമ്മിച്ചത് കേയീ വംശത്തിന്റെ കാരണവരായിരുന്ന മൂസാക്കാക്കയാണ്.
കേരളീയ - പേർഷ്യൻ വാസ്തു ശിൽപ മാതൃകകൾ കൂട്ടിയിണക്കിയാണ് ഓടത്തിൽപ്പള്ളിയുടെ നിർമാണം.
പാളയം
ജുമാ മസ്ജിദ്
തിരുവനന്തപുരം ജില്ലയിലെ പാളയത്തു സ്ഥിതിചെയ്യുന്ന പ്രശസ്ത
മുസ്ലിം പള്ളി. 1813ൽ സ്ഥാപിതമായ ഈ പള്ളി 1967ൽ പുനർനിർമിച്ചു.
കേരളത്തിലെ പ്രധാന ആഘോഷങ്ങൾ
ഓണം
കേരളത്തിന്റെ ദേശീയ ഉത്സവമാണ് ഓണം. എല്ലാ വർഷവും ചിങ്ങമാസത്തിലാണ്
(ഓഗസ്റ്റ് - സെപ്റ്റംബർ) ഓണം ആഘോഷിക്കുന്നത്. ഐതീഹ്യപ്രകാരം, പൗരാണിക കാലത്ത് കേരളം
ഭരിച്ചിരുന്ന അസുര ചക്രവർത്തിയായ മഹാബലി വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ വരുന്ന
സന്ദർഭമാണ് ഓണമായി ആഘോഷിക്കുന്നത്. കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നത് ചിങ്ങം ഒന്നിനാണ്.
കേരളത്തിന്റെ കാർഷികോത്സവം കൂടിയാണ് ഓണം. അത്തം നാളിൽ തുടങ്ങി പത്താം ദിവസമാണ് തിരുവോണം.
വള്ളം കളി, പുലിക്കളി, അത്തച്ചമയം എന്നിവ ഓണവുമായി ബന്ധപ്പെട്ട ആഘോഷങ്ങളാണ്.
വള്ളം
കളി
കേരളത്തിന്റെ തനതായ ജലോത്സവമായ വള്ളംകളി, ഓണക്കാലത്താണ്
സാധാരണയായി നടക്കുന്നത്. നെഹ്‌റു ട്രോഫി വള്ളംകളി, പായിപ്പാട്ട് വള്ളംകളി, ആറന്മുള
വള്ളംകളി, ചമ്പക്കുളം മൂലം വള്ളംകളി, ശ്രീനാരായണ ട്രോഫി വള്ളംകളി, ഉത്രാടം തിരുനാൾ
പമ്പ വള്ളംകളി, അയ്യങ്കാളി ട്രോഫി വള്ളംകളി എന്നിവയാണ് പ്രധാന വള്ളംകളികൾ.
പുലിക്കളി
ഓണാഘോഷത്തോടനുബന്ധിച്ച് മധ്യ കേരളത്തിൽ (പ്രത്യേകിച്ച്
തൃശ്ശൂരിൽ) പുരുഷന്മാർ പുലിയുടെ വേഷം കെട്ടികളിക്കുന്ന കളി.
അത്തച്ചമയം
കേരളത്തിലെ എല്ലാ നാടൻ കലാരൂപങ്ങളുടെയും സാന്നിദ്ധ്യമുള്ള
അത്തച്ചമയം ഓണാഘോഷത്തിന്റെ നാന്ദി കൂടിയാണ്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ്
അത്തച്ചമയം നടക്കുന്നത്.
വിഷു
ഓണം കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന ഒരു
പ്രധാന ഉത്സവമാണ് വിഷു. എല്ലാ വർഷവും മേടം 1 (ഏപ്രിൽ) നാണ് വിഷു ആഘോഷിക്കുന്നത്. വിഷുക്കണിയും
വിഷുകൈനീട്ടവുമാണ് വിഷുദിനത്തിലെ പ്രധാന ചടങ്ങുകൾ. ശ്രീകൃഷ്ണ വിഗ്രഹം, കൊന്നപ്പൂവ്,
കാർഷിക ഫലങ്ങൾ, വസ്ത്രം, ആഭരണം, മുഖക്കണ്ണാടി, കത്തിച്ച നിലവിളക്ക് എന്നിവയൊക്കെ വച്ചാണ്
വിഷുക്കണിയൊരുക്കുന്നത്.
തൃശ്ശൂർ
പൂരം
മേടമാസത്തിലെ (ഏപ്രിൽ - മെയ്) പൂരം നക്ഷത്രത്തിൽ ആഘോഷിക്കുന്ന
വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം ആരംഭിച്ചത് കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാനാണ്.
ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള പഞ്ചവാദ്യഘോഷങ്ങളും
ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
തൃശ്ശൂർ നഗരമധ്യത്തിലുള്ള "ദക്ഷിണ കൈലാസം" എന്നറിയപ്പെടുന്ന വടക്കുംനാഥ ക്ഷേത്രത്തിലും
ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്.
ഇലഞ്ഞിത്തറമേളം തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയാണ് പൂരത്തിന്റെ പ്രധാന ചടങ്ങുകൾ.
പ്രപഞ്ചത്തിലെ ഏറ്റവും നയനമനോഹരമായ ഉത്സവമെന്ന് യുനെസ്കോ വിശേഷിപ്പിച്ചത് തൃശ്ശൂർ പൂരത്തെയാണ്.
നവരാത്രി
ഭാരതത്തിലൊട്ടാകെ ഹൈന്ദവ സമൂഹം വിശേഷാൽ കൊണ്ടാടുന്ന ഉത്സവങ്ങളിലൊന്നാണ്
നവരാത്രി. വിദ്യാസമ്പന്നതയ്ക്കും ഐശ്വര്യത്തിനും വേണ്ടി നോൽക്കുന്ന ഒമ്പതു ദിവസത്തെ
നവരാത്രി വ്രതത്തിൽ അവസാന മൂന്ന് ദിവസങ്ങൾക്കാണ് കേരളത്തിൽ പ്രാധാന്യം. കേരളത്തിൽ നവരാത്രി
ദിനത്തിൽ സരസ്വതി ദേവിക്കാണ് പ്രാധാന്യം. പൊതുവേ ഒക്ടോബർ മാസത്തിലാണ് നവരാത്രി ആഘോഷം
വരുന്നത്. അശ്വനി മാസത്തിലെ വെളുത്തപക്ഷ പ്രഥമ മുതൽ ആരംഭിക്കുന്ന ആഘോഷം വിജയദശമി ദിവസം
വിദ്യാരംഭത്തോടെ അവസാനിക്കുന്നു. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചുള്ള ഒരു ആചാരമാണ്
ബൊമ്മക്കൊലു ആചാരം. ദേവീപ്രീതിക്കായി അലങ്കരിച്ച കലശം വച്ച് ചുറ്റിനും വിവിധ ബൊമ്മകൾ
തട്ടുകളിൽ നിരത്തിവച്ച് ദേവീ പൂജ നടത്തുന്നതാണ് ബൊമ്മക്കൊലു ആചാരം.
തിരുവാതിര
ഉത്സവം
മലയാള മാസം ധനുവിൽ (നവംബർ-ഡിസംബർ) ശുക്ലപക്ഷത്തിലെ വെളുത്തവാവും
തിരുവാതിര നക്ഷത്രവും ഒത്തുവരുന്ന ദിവസം കേരളീയ സ്ത്രീകൾ തിരുവാതിര ആഘോഷിക്കുന്നു.
ഹിന്ദു ഐതീഹ്യപ്രകാരം പരമശിവന്റെ ജന്മദിനമാണ് ധനുമാസത്തിലെ തിരുവാതിര നക്ഷത്രം. തിരുവാതിര
നക്ഷത്ര ദിനത്തിൽ സ്ത്രീകൾ സന്ധ്യകഴിഞ്ഞ് മുറ്റത്ത് നിലവിളക്കിന് ചുറ്റുമായി കൈകൊട്ടിക്കളി
(തിരുവാതിരക്കളി) നടത്തുന്നു.
ക്രിസ്തുമസ്
ക്രിസ്തുമസ് ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ്.
യേശു ക്രിസ്തുവിന്റെ ജന്മദിനമായ ഡിസംബർ 25ന് ലോകമെമ്പാടുമുള്ള പോലെ കേരളത്തിലും ക്രിസ്തുമസ്
വിപുലമായി ആഘോഷിക്കുന്നു.
മിലാദി
ഷെരീഫ്
ഇസ്ലാം മതപ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനമായ ഈ ദിവസം
കേരളത്തിൽ അങ്ങോളമിങ്ങോളം ജാതിമത ഭേദമന്യേ ആഘോഷിക്കുന്നു.
കൊറ്റൻകുളങ്ങര
ചമയവിളക്ക്
തികച്ചും വ്യത്യസ്തതയാർന്ന ഒരു ഉത്സവമാണ് കൊല്ലം ജില്ലയിലെ
ചവറയിലെ കൊറ്റൻകുളങ്ങര ദേവി ക്ഷേത്രത്തിലെ ചമയവിളക്ക്. പുരുഷന്മാർ ഉത്സവരാത്രിയിൽ സുന്ദരികളായ
സ്ത്രീകളെപ്പോലെ വേഷം കെട്ടി സാമ്പ്രദായിക രീതിയിലുള്ള വിളക്കുമായി വാദ്യാഘോഷത്തോടെ
ക്ഷേത്രത്തിലേക്കു വരിവരിയായി പോകുന്ന ചടങ്ങാണ് ഇത്.
ഓച്ചിറക്കളി
രാജഭരണകാലത്ത് വേണാട് - കായംകുളം രാജാക്കന്മാർ നടത്തിയ
യുദ്ധങ്ങളുടെ വീരസ്മരണ ഉയർത്തുന്നതിനായി കൊല്ലം ജില്ലയിൽ നടത്തുന്ന ഒരുത്സവമാണ് ഓച്ചിറക്കളി.
എല്ലാവർഷവും മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ഓച്ചിറക്കളി നടക്കുന്നത്.
കൽപ്പാത്തി
രഥോത്സവം
പാലക്കാട് ജില്ലയിലെ കൽപ്പാത്തിയിലാണ് രഥോത്സവം അരങ്ങേറുന്നത്.
എല്ലാവർഷവും തുലാം മാസത്തിൽ (ഒക്ടോബർ - നവംബർ) നടക്കുന്ന ഈ രഥോത്സവത്തിന്റെ ഉത്സവകേന്ദ്രം
കൽപ്പാത്തിപ്പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്ന 700 വർഷം പഴക്കമുള്ള വിശ്വനാഥ ക്ഷേത്രത്തിലാണ്.
ചെട്ടിക്കുളങ്ങര
ഭരണി
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ സ്ഥിതിചെയ്യുന്ന
ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവമാണിത്. എല്ലാ വർഷവും കുംഭ മാസത്തിലെ (ഫെബ്രുവരി
- മാർച്ച്) ഭരണി നാളിലാണ് ഇത് അരങ്ങേറുന്നത്. കുത്തിയോട്ടവും കെട്ടുകാഴ്ചയുമാണ് ഈ ഉത്സവത്തിലെ
പ്രധാന ആകർഷണങ്ങൾ.
കൊട്ടിയൂർ
മഹോത്സവം
കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ ബാവലി നദിയുടെ ഇരുകരകളിലുള്ള
ക്ഷേത്രങ്ങളായ അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിവ ചേർന്ന് നടത്തുന്ന ഉത്സവം.
28 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം എല്ലാവർഷവും മെയ് - ജൂൺ മാസങ്ങളിലാണ് നടക്കുന്നത്.
ആനയൂട്ട്
തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലാണ് പ്രധാനമായും ആനയൂട്ട്
നടത്തുന്നത്. ഭഗവാനുള്ള സമർപ്പണമായാണ് ഗജവീരന്മാർക്ക് ആനയൂട്ട് നടത്തിപ്പോരുന്നത്.
നെന്മാറ
വേല
പാലക്കാട് നെല്ലികുളങ്ങര ഭഗവതി ക്ഷേത്രം ഒരുക്കുന്ന 21
ദിവസത്തെ നെന്മാറ വേല, തൃശ്ശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ ദൃശ്യവിസ്മയമാണ്.
എല്ലാ വർഷവും മീനമാസത്തിൽ (മാർച്ച്-ഏപ്രിൽ) നടക്കുന്ന നെന്മാറ വേലയുടെ പ്രധാന ആകർഷണം
30 ഗജവീരന്മാരുടെ നെറ്റിപ്പട്ടം ചൂടിയ പ്രൗഢഗംഭീരമായ എഴുന്നള്ളത്താണ്.
ആറാട്ടുപുഴ
പൂരം
പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നു. തൃശ്ശൂർ ജില്ലയിലെ
ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തിലാണ് പൂരം അരങ്ങേറുന്നത്. എല്ലാ വർഷവും മീനമാസത്തിലെ
പൂരം നാളിലാണ് നടക്കുന്നത്. ഏറ്റവും കൂടുതൽ ആനകൾ അണിനിരക്കുന്ന ഉത്സവമാണ് ആറാട്ടുപുഴ
പൂരം.
ഉത്രാളിക്കാവു
പൂരം
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലുള്ള പരുത്തിപ്രയിലെ
ശ്രീ രുധിര മഹാകാളി കാവു ക്ഷേത്രത്തിലെ ഉത്സവമാണിത്. എല്ലാ വർഷവും കുംഭമാസത്തിലാണ്
പൂരം അരങ്ങേറുന്നത്.
ആനയടി
പൂരം
കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് സ്ഥിതിചെയ്യുന്ന ആനയടി
പഴയിടം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ പൂരം. എല്ലാ വർഷവും മകരമാസത്തിലാണ് (ജനുവരി
- ഫെബ്രുവരി) പൂരം അരങ്ങേറുന്നത്.
കുമാരനല്ലൂർ
തൃക്കാർത്തിക
കേരളത്തിലെ 108 ദുർഗാ ക്ഷേത്രങ്ങളിൽ പ്രമുഖ സ്ഥാനമാണ് കുമാരനല്ലൂർ
ദേവീ ക്ഷേത്രത്തിനുള്ളത്. വൃശ്ചിക മാസത്തിലെ തൃക്കാർത്തികയാണ് ഇവിടുത്തെ പ്രധാന ഉത്സവം.
ശബരിമല
മകരവിളക്ക്
വൃശ്ചികം മുതൽ മകരം വരെ നീളുന്ന വ്രതാനുഷ്ഠാനത്തിന്റെ സമാപനത്തിലാണ്
ശബരിമലയിൽ മകരവിളക്കുത്സവം. മകരസംക്രമപൂജയാണ് മകരവിളക്കു ദിവസത്തെ പ്രധാന പൂജ. പരശുരാമ
മഹർഷി ശബരിമലയിൽ പ്രതിഷ്ഠ നടത്തിയത് മകര സംക്രമ മുഹൂർത്തത്തിലാണെന്നാണ് വിശ്വാസം.
ഗുരുവായൂർ
ഏകാദശി
ഗുരുവായൂരിലെ പ്രധാന ഉത്സവമാണ് ഏകാദശി വിളക്കും അതോടനുബന്ധിച്ചുള്ള
സംഗീതോത്സവവും. വൃശ്ചികമാസത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശിയാണ് ഗുരുവായൂർ ഏകാദശിയായി
ആചരിക്കുന്നത്. 1974 മുതൽ ചെമ്പൈ സംഗീതോത്സവം നടത്തിവരുന്നു.
പനച്ചിക്കാട്
നവരാത്രി
ദക്ഷിണ മൂകാംബികയെന്ന് പ്രസിദ്ധമാണ് പനച്ചിക്കാട് സരസ്വതീ
ക്ഷേത്രം. നവരാത്രിയാണ് ഇവിടുത്തെ പ്രധാന ഉത്സവം.
മംഗളാദേവി
ചിത്രാപൗർണ്ണമി
വർഷത്തിലൊരിക്കൽ ഉത്സവത്തിനുമാത്രം ഭക്തർ ആരാധന നടത്തുന്ന
ക്ഷേത്രമാണ് മംഗളാദേവി. മേട മാസത്തിലെ ചിത്തിരയും പൗർണമിയും ഒത്തുവരുന്ന ദിവസമാണ് ചിത്രാപൗർണ്ണമി
ഉത്സവം ആഘോഷിക്കുന്നത്. പെരിയാർ ടൈഗർ റിസർവിനുള്ളിലാണ് മംഗളാദേവി ക്ഷേത്രം. ചേരൻ ചെങ്കുട്ടവൻ
പണികഴിപ്പിച്ച ക്ഷേത്രമാണിത്. ഇളങ്കോവടികളുടെ ചിലപ്പതികാരത്തിൽ ഈ ക്ഷേത്രത്തെക്കുറിച്ചു
പരാമർശമുണ്ട്. കണ്ണകി ദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ.
ആറ്റുകാൽ
പൊങ്കാല
സ്ത്രീകളുടെ ശബരിമലയെന്ന് പേരുകേട്ട മഹാക്ഷേത്രമാണ് ആറ്റുകാൽ
ഭഗവതി ക്ഷേത്രം. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ് കുംഭമാസത്തിലെ പൂരം നാളിൽ നടക്കുന്ന
പൊങ്കാല. സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മതപരമായ ആഘോഷം എന്ന
ഗിന്നസ് റെക്കോർഡ് ആറ്റുകാൽ പൊങ്കാലയ്ക്കുണ്ട്.
ആലുവാ
ശിവരാത്രി
പെരിയാറിന്റെ തീരത്ത് ആലുവ മണപ്പുറത്താണ് ചരിത്രപ്രസിദ്ധമായ
ശിവരാത്രി ഉത്സവം നടക്കുന്നത്.
എടത്വ
പെരുന്നാൾ
ആലപ്പുഴയിലെ എടത്വാ പട്ടണത്തിൽ സെന്റ് ജോർജ് ഫെറോനാപ്പള്ളിയിലാണ്
എടത്വാ പെരുന്നാൾ ആഘോഷിക്കുന്നത്. ഈ പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം
വഹിച്ചു നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം മെയ് മാസമാണ് നടക്കുന്നത്.
മണർക്കാട്
പെരുന്നാൾ
കോട്ടയം ജില്ലയിലെ മണർക്കാട് സെന്റ് മേരീസ് പള്ളിയിലാണ്
മണർക്കാട് പെരുന്നാൾ അരങ്ങേറുന്നത്. പെരുന്നാളുമായി ബന്ധപ്പെട്ട 'എട്ടുനൊയമ്പു പെരുന്നാൾ'
വളരെ വിശേഷപ്പെട്ടതാണ്. എല്ലാ വർഷവും സെപ്റ്റംബർ മാസമാണ് പെരുന്നാൾ നടക്കുന്നത്.
വെട്ടുകാട്
പെരുന്നാൾ
തിരുവനന്തപുരം ജില്ലയിൽ വെട്ടുകാട് എന്ന തീരപ്രദേശത്ത്
സ്ഥിതിചെയ്യുന്ന മാദ്രേ -ദെ- ദേവൂസ് ദേവാലയത്തിൽ നടക്കുന്ന പെരുന്നാൾ. എല്ലാ വർഷവും
നവംബർ മാസത്തിൽ നടക്കുന്ന ക്രിസ്തുരാജ തിരുന്നാൾ എന്ന വെട്ടുകാട് പെരുന്നാൾ വളരെ പ്രസിദ്ധമാണ്.
മലയാറ്റൂർ
പെരുന്നാൾ
ഈസ്റ്റർ ആഘോഷവേളയിലാണ് മലയാളി ക്രൈസ്തവർക്ക് ഏറ്റവും പ്രശസ്തമായ
മലയാറ്റൂർ തീർഥാടനവും പൊൻമല കയറ്റവും നടക്കുന്നത്.
കാഞ്ഞിരമറ്റം
കൊടിക്കുത്ത്
സൂഫി സന്യാസിയായ ഷേയ്ക്ക് ഫരിദുദിന്റെ സ്മരണാർത്ഥം നിർമ്മിക്കപ്പെട്ട
എറണാകുളത്തെ കാഞ്ഞിരമറ്റം പള്ളിയിലെ ഉത്സവം. ചന്ദനകുടം വഹിച്ചുകൊണ്ടുള്ള ചടങ്ങാണ് ഈ
ഉത്സവത്തിന്റെ പ്രധാന ആകർഷണം. എല്ലാ വർഷവും ജനുവരി മാസത്തിലാണ് അരങ്ങേറുന്നത്.
പട്ടാമ്പി
നേർച്ച
ആളൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങൾ എന്ന മുസ്ലീ ദിവ്യന്റെ
സ്മരണയ്ക്കായി നടത്തപ്പെടുന്ന ആഘോഷം. എല്ലാ വർഷവും മാർച്ച് മാസമാണ് പട്ടാമ്പി നേർച്ച
നടക്കുന്നത്.
അപ്പ
വാണിഭം നേർച്ച
കോഴിക്കോട് ജില്ലയിലെ ഇടിയങ്ങര ഷേയ്ക്ക് മസ്ജിദിലെ അപ്പ
വാണിഭം നേർച്ച ജാതി-മത ഭേദമന്യേ നടക്കുന്ന ഉത്സവമാണ്. വിളവുഫലങ്ങളും പുതുവസ്ത്രങ്ങളും
ഭക്തർ നേർച്ചയായി സമർപ്പിക്കുന്നത് ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്.
ബീമാപള്ളി
ഉറൂസ്
തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധ മുസ്ലിം തീർത്ഥാടന കേന്ദ്രമായ
ബീമാപള്ളി ദർഗാഗരീഫിലെ ഉത്സവം. എല്ലാ വർഷവും ജനുവരി മാസത്തിലാണ് ഉറൂസ് നടക്കുന്നത്.
ഉറൂസിന്റെ ഭാഗമായി നടക്കുന്ന പത്തു ദിവസത്തെ ചന്ദനക്കുടം ഉത്സവം ജാതിമത ഭേദമന്യേ എല്ലാ
ആളുകളും പങ്കെടുക്കുന്നു.
കേരളത്തിലെ ശാസനങ്ങൾ
കേരളത്തിന്റെ പ്രാചീനചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന
നിർണായകരേഖകളാണ് ശാസനങ്ങൾ. രാജാക്കൻമാരോ നാടുവാഴികളോ കല്ലിൽ കൊത്തിവെച്ച രേഖകൾ പിന്നീട്
ചരിത്രത്തിന്റെ കാലനിർണയത്തിലടക്കം നിർണായകമായി. പ്രാചീനകാലത്ത് ഭരണാധികാരികൾ കല്ലിലും
മറ്റും കൊത്തിവെച്ച രേഖകളാണ് ശാസനങ്ങൾ. ശാസനദാതാവിന്റെ പേര്, പുറപ്പെടുവിച്ച ഉത്തരവോ
ആർക്കെങ്കിലും സമ്മാനമോ പദവിയോ അംഗീകാരങ്ങളോ ദാനമോ നൽകിയതിന്റെയും മറ്റും വിവരങ്ങളോ
ഒക്കെയാണ് ശാസനങ്ങളിലുണ്ടാകുക. കേരളചരിത്രപഠനത്തിന് ഏറെ സഹായകമായ രേഖകളാണ് ഇത്തരം ശാസനങ്ങൾ.
ചെമ്പുതകിടിൽ ആലേഖനംചെയ്തിട്ടുള്ള ശാസനങ്ങളുണ്ട്. അവയെ പട്ടയങ്ങൾ എന്നുപറയും. ചെപ്പേട്
എന്നും പേരുണ്ട്. പല ശാസനങ്ങളും 'സ്വസ്തിശ്രീ' എന്നാണ് ആരംഭിക്കുന്നത്.
വാഴപ്പള്ളി
ശാസനം
കേരളത്തിൽനിന്നു കിട്ടിയിട്ടുള്ള ആദ്യത്തെ ശാസനമാണിത്.
കേരളത്തിന്റെ ചരിത്രരചനാപാരമ്പര്യത്തിന് നിർണായകസംഭാവന നൽകാൻ ഈ ലിഖിതത്തിന് കഴിഞ്ഞിട്ടുണ്ട്.
എ.ഡി. 832-ലാണ് ഈ ശാസനം എഴുതപ്പെട്ടിരിക്കുന്നതെന്നാണ് നിഗമനം. ക്രിസ്തുവർഷം 820 മുതൽ
844 വരെ മഹോദയപുരം ഭരിച്ചിരുന്ന രാജാ രാജശേഖരദേവൻ പരമേശ്വരഭട്ടാരകന്റെ കാലത്തായിരുന്നു
അതെന്ന് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു. കുലശേഖരന്മാരെക്കുറിച്ച് വിവരങ്ങൾ നൽകുന്ന
വിലപ്പെട്ട രേഖയാണിത്. ശാസനങ്ങളിൽനിന്നു വെളിപ്പെടുന്ന ആദ്യ കുലശേഖരപ്പെരുമാൾ ഈ ശാസനത്തിലെ
രാജശേഖരനാണ്. വാഴപ്പള്ളി ശാസനം കണ്ടെടുത്തത് വാഴപ്പള്ളി മഹാക്ഷേത്രത്തിന്റെ കിഴക്കേനടയിലെ
തലവനമഠത്തിൽനിന്നാണ്. പല്ലവഗ്രന്ഥലിപിയിൽ എഴുതപ്പെട്ട വാഴപ്പള്ളി ലിഖിതത്തിൽ ചേരപ്പെരുമാക്കന്മാരുടെ
വംശാവലിയും നാമമാത്രമായിട്ടെങ്കിലും കാർഷികവിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. 'സ്വസ്തിശ്രീ'
എന്ന് മറ്റുപല ശാസനങ്ങളും തുടങ്ങുമ്പോൾ വാഴപ്പള്ളിശാസനം 'നമശ്ശിവായ' എന്നുതുടങ്ങുന്നതിനാലും
'പരമേശ്വരഭട്ടാരകൻ' എന്ന് രാജാവിനെ വിശേഷിപ്പിക്കുന്നതിനാലും രാജശേഖരൻ ശിവഭക്തനായിരുന്നുവെന്ന്
കരുതപ്പെടുന്നു. ഈ ശാസനത്തിൽ കാണുന്ന റോമൻ ദിനാർ നാണയത്തെക്കുറിച്ചുള്ള പ്രസ്താവം റോമാസാമ്രാജ്യവുമായി
കേരളത്തിനുണ്ടായിരുന്ന വാണിജ്യബന്ധത്തിന് തെളിവാണ്.
തരിസാപ്പള്ളി
ശാസനം
തീയതി കൃത്യമായി കണ്ടുപിടിക്കപ്പെട്ട ആദ്യത്തെ പ്രധാനപ്പെട്ട
കേരളശാസനം തരിസാപ്പള്ളി ശാസനമാണ്. കേരളത്തിലെ നസ്രാണിസാന്നിധ്യം അടയാളപ്പെടുത്തുന്ന
ആദ്യത്തെ ലിഖിതരേഖകളാണ് തരിസാപ്പള്ളി ശാസനങ്ങൾ അഥവാ തരിസാപ്പള്ളി ചെപ്പേടുകൾ എന്നറിയപ്പെടുന്നത്.
ചേരചക്രവർത്തിയായിരുന്ന സ്ഥാണുരവിവർമൻ പെരുമാളിന്റെ സാമന്തനായി വേണാട് ഭരിച്ചിരുന്ന
അയ്യനടികൾ തിരുവടികൾ, കൊല്ലത്തെ തരിസാപ്പള്ളിക്ക് ഒട്ടേറെ അധികാരാവകാശങ്ങളോടുകൂടി ഒരു
പ്രദേശം ദാനംചെയ്യുന്നതാണ് ഈ ശാസനത്തിന്റെ ഉള്ളടക്കം. അയ്യനടികൾ തിരുവടികൾ, പേർഷ്യയിൽനിന്ന്
കുടിയേറിയ പുരോഹിതമുഖ്യനും വർത്തകപ്രമാണിയുമായിരുന്ന മാർ സാപ്രൊ ഈശോ മുഖാന്തരമാണ് തരിസാപ്പള്ളിക്ക്
ഈ അവകാശങ്ങൾ എഴുതിക്കൊടുക്കുന്നത്. രാജ്യത്തെ പ്രധാന ഉദ്യോഗസ്ഥരും അഞ്ചുവണ്ണം, മണിഗ്രാമം
എന്നീ വാണിജ്യസംഘടനകളുടെ പ്രതിനിധികളും സന്നിഹിതരായിരിക്കുമ്പോഴാണ് ഈ ദാനകർമം നിർവഹിക്കുന്നത്.
കൊല്ലത്തിന്റെ വാണിജ്യപ്രാധാന്യം ഈ രേഖയിൽനിന്ന് വ്യക്തമാകുന്നു. ഈ കാലത്ത് വേണാടിന്
കുലശേഖരസാമ്രാജ്യത്തിലെ സാമന്തപദവിയേ ഉണ്ടായിരുന്നുള്ളൂവെന്ന് ഈ ശാസനത്തിൽനിന്ന് മനസ്സിലാക്കാം.
തൊഴിൽനികുതി, വിൽപ്പനനികുതി, വാഹനനികുതി തുടങ്ങി പല നികുതികളെപ്പറ്റി ഈ ശാസനത്തിൽ വ്യക്തമായി
പറഞ്ഞിരിക്കുന്നതിൽ നിന്ന്, പഴയ വേണാട്ടിലെ നികുതിസമ്പ്രദായത്തെക്കുറിച്ച് മനസ്സിലാക്കാനും
സാധിക്കും. പ്രാചീന കേരളരാജാക്കൻമാർ പുലർത്തിപ്പോന്ന അന്യമത സഹിഷ്ണുതയ്ക്ക് തരിസാപ്പള്ളി
ശാസനം ഒന്നാംതരം തെളിവാണ്.
പാലിയം
ശാസനം
പാലിയം ശാസനം 'ശ്രീമൂലവാസം ചെപ്പേടുകൾ' എന്നുമറിയപ്പെടുന്നു.
വിഴിഞ്ഞം ആസ്ഥാനമാക്കിയ ആയ് രാജാവ് വിക്രമാദിത്യവരഗുണൻ തന്റെ 15 ആം ഭരണവർഷത്തിൽ തിരുമൂലവാസം
(ശ്രീമൂലവാസം) എന്ന ബൗദ്ധസ്ഥാപനത്തിന് കുറെ സ്ഥലം ദാനം നൽകിയതായുള്ള പുരാതന താമ്രശാസനമാണ്
പാലിയം താമ്രശാസനം. കേരളത്തിൽനിന്ന് കണ്ടുകിട്ടിയവയിൽ ബുദ്ധമതവുമായി പ്രത്യക്ഷബന്ധമുള്ള
ഒരേയൊരു ശാസനമാണിത്. ബുദ്ധനെയും ധർമത്തെയും സംഘത്തെയും അനുസ്മരിച്ചുകൊണ്ടുള്ള മംഗളചരണം
ശാസനത്തിലുണ്ട്. വിക്രമാദിത്യവരഗുണന് ബുദ്ധമതത്തോടുണ്ടായിരുന്ന സഹിഷ്ണുതാഭാവവും ഇതിൽനിന്നറിയാം.
മാത്രമല്ല, ബുദ്ധമതവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് കണ്ടുകിട്ടിയ പ്രധാനരേഖകളിലൊന്നാണിത്.
പരാന്തകചോളന്റെ കേരളാക്രമണത്തെയും ശാസനം പരാമർശിക്കുന്നു.
മാമ്പള്ളി
ശാസനം
പ്രാചീന വേണാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വിശുന്ന
പ്രധാനപ്പെട്ട ചരിത്രരേഖകളിലൊന്നാണ് മാമ്പള്ളിപ്പട്ടയം. ആറ്റിങ്ങലിനടുത്ത് കീഴാറ്റിങ്ങലിലുള്ള
മാമ്പള്ളിമഠത്തിൽനിന്ന് ലഭിച്ചതുകൊണ്ടാണ് ഈ താമ്രശാസനത്തിന് ഈ പേര് ലഭിച്ചത്. ഒരു സ്വകാര്യവ്യക്തി
ഒട്ടേറെ മാന്യന്മാരുടെ സാന്നിധ്യത്തിൽ ചെങ്ങന്നൂർ ക്ഷേത്രത്തിലേക്ക് ഗണ്യമായ ഭൂസ്വത്ത്
ദാനംചെയ്യുന്ന സമ്മതപത്രമാണ് മാമ്പള്ളിപ്പട്ടയം. കൊല്ലവർഷം 149-ലാണ് മാമ്പള്ളിപ്പട്ടയം
എഴുതിയിട്ടുള്ളത്. തരിസാപ്പള്ളിച്ചെപ്പേടുകൾക്കുശേഷം ഏകദേശം 130 വർഷം കഴിഞ്ഞാണ് ഈ പട്ടയരേഖ
എഴുതപ്പെട്ടത്. തരിസാപ്പള്ളിച്ചെപ്പേട് ചമച്ച അയ്യനടികൾ തിരുവടികൾക്കുശേഷം മറ്റൊരു
വേണാട്ടരചന്റെ ഭരണത്തിനുള്ള ചരിത്രപരമായ തെളിവുകൂടിയാണ് ഈ രേഖ. ശ്രീവല്ലഭൻ കോത എന്നായിരുന്നു
ഈ വേണാട്ടുരാജാവിന്റെ പേര്. കൊല്ലവർഷം ഒരു കാലഗണനാമാനകമായി ആദ്യമായി രേഖപ്പെടുത്തുന്നത്
മാമ്പള്ളിപ്പട്ടയത്തിലാണ്, മഹോദയപുരത്തെ ഭാസ്‌കരരവിവർമ ഒന്നാമൻ, ഇന്ദുക്കോതവർമ എന്നീ
ചക്രവർത്തിമാരുടെ ഭരണകാലം കണ്ടുപിടിക്കാനും മാമ്പള്ളിശാസനം സഹായിച്ചിട്ടുണ്ട്.
ചോക്കൂർ
ശാസനം
കോഴിക്കോട് ജില്ലയിലുള്ള ഓമശ്ശേരി ചോക്കൂർ ശ്രീരാമക്ഷേത്രത്തിലെ
ശിലാശാസനമാണിത്. കുലശേഖരപ്പെരുമാളായ ഗോദരവിവർമയുടെ 15 ആം ഭരണവർഷത്തിലേതാണ് (എ.ഡി.
932) ഈ ലിഖിതം. കേരളത്തിലെ ദേവദാസിസമ്പ്രദായത്തെക്കുറിച്ചുള്ള ആദ്യപരാമർശം ഈ ശാസനത്തിലാണുള്ളത്.
ക്ഷേത്രനർത്തകികളായ നങ്ങയെക്കുറിച്ച് ഏറ്റവും പഴയ പരാമർശം ഇതിലുണ്ട്. കുലശേഖരഭരണകാലത്ത്
കേരളത്തിൽ ദേവദാസിസമ്പ്രദായം നിലവിലിരുന്നുവെന്നതിന് തെളിവാണ് ഈ രേഖ.
ഹജൂർ
ശാസനം
ആയ് രാജാവായ കരുനന്തടക്കൻ എ.ഡി. 866-ൽ പുറപ്പെടുവിച്ച ശാസനം.
മുഞ്ചിറസഭക്കാരിൽനിന്ന് പകരത്തിന് നിലംകൊടുത്ത് ഉഴക്കുടിവിളയിൽ ഒരു സ്ഥലം വാങ്ങി വിഷ്ണുക്ഷേത്രം
നിർമിക്കുകയും അതോട് ചേർന്ന് കാന്തള്ളൂർ ശാലയുടെ മാതൃകയിൽ 95 വൈദികവിദ്യാർഥികൾക്ക്
താമസിച്ചുപഠിക്കാൻ ഒരു വേദപാഠശാല നിർമിക്കുകയും ചെയ്തതിന്റെ രേഖയാണ് ഈ ശാസനം. ക്ഷേത്രത്തിന്റെയും
പാഠശാലയുടെയും ചെലവിനായി അനേകായിരം പറ നിലം ദാനമായി നൽകി. വേദാഭ്യാസംമാത്രമല്ല, ആയുധാഭ്യാസവും
ഇവിടെ നടന്നിരുന്നതായി ശാസനത്തിലുണ്ട്. അക്കാലത്തെ വിദ്യാപീഠങ്ങളുടെ പ്രവർത്തനം ഇതിൽനിന്ന്
മനസ്സിലാക്കാനാകും. ശ്രീവല്ലഭൻ, പാർഥിവശേഖരൻ എന്നിങ്ങനെ ബിരുദങ്ങളുള്ള കരുനന്തടക്കൻ
ഈ സ്ഥലത്തിന് പാർഥിവശേഖരപുരം എന്ന് പേരിട്ടു. പിന്നീട് ലോപിച്ച് പാർഥിവപുരമായി. കന്യാകുമാരി
ജില്ലയിലെ വിളവംകോട് താലൂക്കിലാണ് പാർഥിവപുരം വിഷ്ണുക്ഷേത്രം. ദക്ഷിണേന്ത്യയിൽ ദിവസങ്ങളുടെ
എണ്ണം പറഞ്ഞ് കാലവർഷമുപയോഗിക്കുന്ന ആദ്യ ശാസനമാണിത്.
ജൂതശാസനം
ജോസഫ് റബ്ബാൻ എന്ന യഹൂദവർത്തക പ്രമാണിക്ക് ചുങ്കവും മറ്റ്
നികുതികളും സ്വന്തമായി പിരിച്ചെടുക്കാനുള്ള അവകാശത്തിനും 72 പ്രത്യേകാവകാശത്തിനുമൊപ്പം
അഞ്ചുവസ്ഥാനം അനുവദിച്ചുകൊടുത്തുകൊണ്ടും ചേരചക്രവർത്തി ഭാസ്കരരവിവർമൻ ഒന്നാമൻ എ.ഡി.
ആയിരാമാണ്ടിൽ നൽകിയ ചെപ്പേടാണ് ജൂതശാസനം. ജൂതസമുദായത്തിന് വ്യാപാരരംഗത്തുണ്ടായിരുന്ന
പദവിയും പ്രാമാണ്യവും ഇത് വ്യക്തമാക്കുന്നു. ജൂതശാസനങ്ങൾ കേരളരാജാക്കന്മാരുടെ മതസഹിഷ്ണുതയ്ക്ക്
ഉദാഹരണമാണ്. മട്ടാഞ്ചേരി ജൂതപ്പള്ളിയിൽ ശാസനം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. 'ജൂതപ്പട്ടയം'
എന്ന പേരിലും ഇതറിയപ്പെടുന്നു. വാമൊഴിസന്ദേശങ്ങളുടെ എഴുത്തിന്റെ ചുമതലക്കാരനായിരുന്ന
വൻറലച്ചേരി കണ്ടൻ കുറുപ്പോളനാണ് ശാസനമെഴുതിയത്.
തിരുവാലങ്ങാട്
ശാസനം
1012 മുതൽ 1044 വരെ ചോളരാജ്യം ഭരിച്ച രാജേന്ദ്രചോളന്റെ
ഒരു ശാസനമാണ് തിരുവാലങ്ങാട് ശാസനം എന്നറിയപ്പെടുന്നത്. കേരളചരിത്രത്തിലേക്ക് വെളിച്ചം
വീശുന്ന ചോളശാസനങ്ങളിൽ പ്രാധാന്യമർഹിക്കുന്നതാണ് തിരുവാലങ്ങാട് ശാസനം. ഈ ശാസനത്തിൽ
രാജേന്ദ്രചോളനെ വളരെയേറെ പ്രകീർത്തിക്കുന്നുണ്ടെങ്കിലും വിഴിഞ്ഞത്തെ ആക്രമണത്തെക്കുറിച്ചാണ്
പ്രധാനമായും പരാമർശിക്കുന്നത്. ദേവദാസികളെ ക്ഷേത്രത്തിലേക്ക് വിറ്റിരുന്നതായി തിരുവാലങ്ങാട്
ശാസനത്തിൽ പരാമർശമുണ്ട്. പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയതാണ് കേരളമെന്ന ഐതിഹ്യകഥ ഈ ശാസനത്തിൽ
സൂചിപ്പിക്കുന്നു.
തളങ്കര
ശാസനം
കാസർകോട്ടെ തളങ്കരഗ്രാമത്തിലുള്ള ഈ ശിലാശാസനം, വരൾച്ചയെ
തന്റെതായ രീതിയിൽ എതിർത്തുതോൽപിച്ച മോചികബ്ബെ എന്ന റാണിയുടെ കഥ പറയുന്നു. കാർഷികവ്യാപനത്തിന്റെ
ചരിത്രം വെളിപ്പെടുത്തുന്ന ഈ ശാസനം കാസർകോടിന്റെ ചരിത്രത്തിലെ പ്രധാന കണ്ണിയാണ്. മോചികബ്ബെയുടെ
ഭർത്താവ് ജയസിംഹരാജാവ് അവൾക്ക് ഒരു സമ്മാനം നൽകാൻ ആഗ്രഹിച്ചു. എന്തുവേണമെങ്കിലും ചോദിക്കാൻ
അവളോട് ആവശ്യപ്പെട്ടു. ആർക്കും വേണ്ടാത്തതും ആരും സന്ദർശിക്കാത്തതുമായ പാറകളും മുള്ളുകളും
നിറഞ്ഞ തരിശായി കിടക്കുന്ന ഒരു ഭൂമി അവൾ ആവശ്യപ്പെട്ടു. രാജധാനിയിൽനിന്ന് വളരെ ദൂരെയുള്ള
ഒരു സ്ഥലം രാജാവ് അതനുസരിച്ച് അനുവദിച്ചു. അവർ ഭൂമി വൃത്തിയാക്കി, വസ്തുവിലേക്ക് ഒരു
നീരൊഴുക്ക് തിരിച്ചുവിട്ടു. വസ്തുവിനെ കൃഷിയോഗ്യവും വാസയോഗ്യവുമായ പ്രദേശമാക്കി മാറ്റി.
പൂന്തോട്ടങ്ങളും മേൽക്കൂരയുള്ള വീടുകളും നിർമിച്ചു. അനന്തരം അത് പൊതു ഉപയോഗത്തിനായി
സംഭാവന ചെയ്തു. കൊലപാതകം, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ശിക്ഷയെ
ഭയക്കാതെ രാജ്ഞി താത്കാലിക മാപ്പ് നൽകിയതിനാൽ ഈ സ്ഥലം കുറ്റവാളികളുടെ അഭയകേന്ദ്രമായി
മാറിയെന്ന് ലിഖിതം സൂചിപ്പിക്കുന്നു. കുറ്റവാളികൾ പിന്നീട് രാജകീയ അധികാരികൾക്ക് സ്വയം
കീഴടങ്ങി എന്ന് ലിഖിതത്തിൽ പറയുന്നു, കൂടാതെ രാജ്യത്ത് ക്രമസമാധാനം നിലനിർത്താൻ സഹായിച്ചതിന്
രാജ്ഞിയെ അഭിനന്ദിക്കുന്നു. ഈ ഭൂമിയുടെ അവകാശം സ്ത്രീസന്താനങ്ങൾക്കായിരിക്കുമെന്നും
ശാസനം പറയുന്നു. മരുമക്കത്തായത്തെക്കുറിച്ച് സൂചിപ്പിക്കുന്ന തുളുനാട്ടിലെ ആദ്യത്തെ
ശാസനം ഇതാണ്.
കൊടവലം
ശാസനം
കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള കൊടവലം വാമനക്ഷേത്രത്തിൽ
കൊത്തിവെച്ചിട്ടുള്ള ശിലാലിഖിതമാണ് കൊടവലം ശാസനം. എ.ഡി. 1020-ൽ ഭാസ്കര രവിവർമൻ ഒന്നാമനാണ്
ഇത് പുറത്തിറക്കിയത്. കൊടവലം ഗ്രാമത്തിൽനിന്ന് പിരിച്ചെടുക്കുന്ന നികുതിയിൽനിന്ന് മൂന്ന്
കഴഞ്ച് സ്വർണം കൊടവലം ക്ഷേത്രത്തിന്റെ നടത്തിപ്പിനായി നൽകിക്കൊണ്ടുള്ള രാജകൽപ്പനയാണ്
ഇതിലുള്ളത്. കേരള ചരിത്രത്തിൽ അതുവരെ നിലവിലുണ്ടായിരുന്ന പെരുമാൾ രാജാക്കന്മാരുടെ ഭരണകാലത്തെക്കുറിച്ച്
നിലവിലുള്ള ധാരണകൾ ഈ ശാസനത്തിന്റെ കണ്ടെത്തൽ തിരുത്തിക്കുറിച്ചു. ബ്രാഹ്മി ലിപിയിലുള്ള
വട്ടെഴുത്തിലാണ് ശാസനം തയ്യാറാക്കിയിരിക്കുന്നത്.
തൃക്കൊടിത്താനം
ശാസനം
കുലശേഖര ചക്രവർത്തിയായ ഭാസ്കര രവിവർമന്റെ പതിമൂന്നാം ഭരണവർഷത്തിലെ
ശാസനമാണ് തൃക്കൊടിത്താനം ശാസനം. തൃക്കൊടിത്താനം ക്ഷേത്രത്തിലാണ് ഇത് കണ്ടെത്തിയത്.
വട്ടെഴുത്തിലുള്ള ഈ ശിലാലിഖിതങ്ങൾ ക്ഷേത്രാചാരങ്ങളും ഭരണകാര്യങ്ങളും വെളിപ്പെടുത്തുന്നതാണ്.
ഭാസ്കര രവിവർമ എന്ന പെരുമാളുടെ ഭരണകാലത്തേതാണിത്. ആയ് നാടുകളിൽ ഒന്നായ നൻറുഴൈനാടിന്റെ
തലസ്ഥാനമായ തൃക്കൊടിത്താനത്ത് വേണാട്ടുരാജാവായ ഗോവർധന മാർത്താണ്ഡൻ അധികാരസ്ഥാനത്ത്
കാണപ്പെടുന്നു. മറ്റൊരു വേണാട്ടരചനായ ശ്രീ വല്ലഭൻ കോതയെക്കുറിച്ചും ഇതിൽ പരാമർശമുണ്ട്.
ഭാസ്കര രവിവർമ ഒന്നാമൻ, ശ്രീവല്ലഭൻ കോത, ഗോവർധനമാർത്താണ്ഡൻ എന്നീ മൂന്ന് രാജാക്കന്മാരെയും
നാമങ്ങൾ ഒന്നിച്ച് പരാമർശിക്കപ്പെടുന്ന രേഖയാണിത്. ചങ്ങനാശ്ശേരിക്കടുത്തുള്ള തൃക്കൊടിത്താനം
ക്ഷേത്രശ്രീകോവിലിന്റെ വടക്കും പടിഞ്ഞാറും ഭിത്തികളിൽ ഏഴ് വരികളിലായി കൊത്തിയിരിക്കുന്ന
ഈ ലിഖിതം പൂർണമായ ഒന്നാണ്. ഈ ശാസനം, മംഗളം ഭവിക്കട്ടെ ! എന്ന സ്തുതിയോടുകൂടിയാണ് തുടങ്ങുന്നത്.
മുച്ചുന്തി
ശിലാരേഖ
മലയാളവും അറബിയും ചേർന്ന ദ്വിഭാഷാ ലിപിയിലുള്ള ശാസനമാണിത്.
മധ്യകാല കേരളത്തിലെ ഒരു ഹിന്ദുരാജാവ് മുസ്ലിങ്ങൾക്ക് മതപരവും സാമൂഹികവുമായി ആനുകൂല്യങ്ങൾ
നൽകി ആദരിച്ചതിന്റെ ഏക ഔദ്യോഗിക രേഖയാണ് മുച്ചുന്തിപള്ളിയിലെ ഈ ശിലാലിഖിതം. കേരളത്തിലെ
ആദ്യകാല മുസ്‌ലിം പള്ളികളിൽ ഒന്നായ കോഴിക്കോട് കുറ്റിച്ചിറയിലെ മുച്ചുന്തി പള്ളിയിലാണ്
ഈ ശിലാരേഖയുള്ളത്. അറബിയിലും വട്ടെഴുത്തിലും കൊത്തിയിട്ടുള്ള ഈ ദ്വിഭാഷാ ശിലാലിഖിതം
സാമൂതിരി രാജാക്കന്മാരുടെയും മുസ്‌ലിങ്ങളുടെയും ആദ്യകാല ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന
ഒന്നാണ്. ഈ ലിഖിതത്തിൽ പ്രതിപാദിക്കുന്ന വിഷയം പൂന്തുറക്കോൻ (സാമൂതിരി) കേട്ടുവിളിയൻ
എന്ന ഉദ്യോഗസ്ഥൻ വഴി പള്ളിക്ക് ദിവസം നാഴിയരി ചെലവിനുള്ള വകയായി ചില സ്വത്തുക്കൾ ദാനം
ചെയ്യുന്നതാണ്.