കേരളത്തിലെ നവോത്ഥാനം

Arun Mohan
0

കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ

ശ്രീ നാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി)

മൈസൂർ സന്ദർശനവേളയിൽ സ്വാമി വിവേകാനന്ദൻ ഡോ.പൽപ്പുവിനെ പരിചയപ്പെട്ടു. സവർണമേധാവിത്വത്തിനെതിരെ പോരാടാനുള്ള പൽപ്പുവിന്റെ നിശ്ചയദാർഢ്യം സ്വാമിക്കു മനസ്സിലായി. ജാതിവ്യവസ്ഥയ്ക്ക് എതിരായ പോരാട്ടം എങ്ങനെയാവണമെന്നതിനെപ്പറ്റി ഡോക്ടർ സ്വാമിയുടെ ഉപദേശം തേടി. ജനങ്ങൾക്കിടയിൽ അസാധാരണ സ്വാധീനമുള്ള ഒരു യോഗിയുടെ നേതൃത്വമാണ് പ്രസ്ഥാനത്തിനു വേണ്ടതാണ് വിവേകാനന്ദൻ ഉപദേശിച്ചു. അങ്ങനെ പൽപ്പു ശ്രീനാരായണ ഗുരുവിന്റെ അടുത്തെത്തി. ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) ആരംഭിച്ചത് അങ്ങനെയാണ്.

1903ലാണ് എസ്.എൻ.ഡി.പി സ്ഥാപിതമാവുന്നത്. ഈഴവ സമുദായത്തിന്റെ അഭ്യുന്നതി ലക്ഷ്യമാക്കി ശ്രീനാരായണ ധർമ്മ പരിപാലന യോഗം മെയ് 15ന് രജിസ്റ്റർ ചെയ്‌തു. എസ്.എൻ.ഡി.പിയുടെ ആജീവനാന്ത അധ്യക്ഷനായി ശ്രീനാരായണ ഗുരുവും സെക്രട്ടറിയായി (1919 വരെ) കുമാരനാശാനെയും തിരഞ്ഞെടുത്തു. 1904ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി തിരുവനന്തപുരത്തുനിന്ന് കുമാരനാശാൻ പത്രാധിപരായി 'വിവേകോദയം' ദ്വൈമാസികയായി ആരംഭിച്ചു. ഈ സംഘടനയുടെ പ്രാചോദനം ഉൾക്കൊണ്ട് നിരവധി പിന്നാക്ക സമുദായോദ്ധാരണ സംഘടനകളും സ്ഥാപിതമായി.

സാധുജനപരിപാലന സംഘം

അധഃകൃതരുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിലെ ഉന്നതി ലക്ഷ്യമാക്കി അയ്യങ്കാളിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തിനടുത്തുള്ള വെങ്ങാനൂരിൽ 'സാധുജനപരിപാലന സംഘം' രൂപംകൊണ്ടു. 1907ൽ അയ്യങ്കാളി രൂപവത്കരിച്ച 'സാധുജന പരിപാലന സംഘ'ത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ എല്ലാ താണ ജാതിക്കാർക്കും പൊതുനിരത്തിലൂടെ യാത്രാസ്വാതന്ത്ര്യം അനുവദിക്കുക, സ്‌കൂളുകളിൽ പ്രവേശനം അനുവദിക്കുക എന്നിവയായിരുന്നു.

യോഗക്ഷേമ സഭ

നമ്പൂതിരിസമുദായ പരിഷ്‌കരണം ലക്ഷ്യംവെച്ച് 1908 ജനുവരി 31ൽ ആലുവയിൽ യോഗക്ഷേമ സഭ രൂപംകൊണ്ടു. വൈദികത്വത്തിനും ജന്മിത്വത്തിനും ക്ഷതമേൽക്കാതെ നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന ലക്ഷ്യം മുൻനിർത്തി 1908ലെ ശിവരാത്രി ദിനത്തിൽ രൂപംകൊണ്ട സംഘടനയാണ് യോഗക്ഷേമസഭ. ആലുവ ചെറുമുക്ക് വൈദികന്റെ ഇല്ലത്തുവെച്ച് ദേശമംഗലത്ത് ശങ്കരൻ നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് യോഗക്ഷേമസഭയ്ക്ക് രൂപം നൽകിയത്. കുറൂർ ഉണ്ണിനമ്പൂതിരിപ്പാടായിരുന്നു ആദ്യകാലത്ത് സംഘടനയ്ക്ക് നേതൃത്വം നൽകിയത്. ആദ്യകാല വാർഷിക പൊതുയോഗങ്ങളിൽ മറ്റു സമുദായങ്ങളിലെ പ്രമുഖരെയും പങ്കെടുപ്പിച്ചിരുന്നു. പ്രമുഖ ബ്രാഹ്മണ വനിതകളെ പങ്കെടുപ്പിച്ച് വനിതാ സമ്മേളനങ്ങളും നടത്തിയിരുന്നു. ഇംഗ്ലീഷ് പഠിക്കുക, പുരുഷന്മാരെ വിദ്യാഭ്യാസം ചെയ്യിക്കുക, ബാങ്കും എസ്റ്റേറ്റും നടത്തുക തുടങ്ങിയവയായിരുന്നു ആദ്യകാല പ്രവർത്തനങ്ങളെങ്കിലും പിൽക്കാലത്ത് നമ്പൂതിരി ഗൃഹങ്ങളിലെ അനാചാരങ്ങൾക്കെതിരെ ഒരു തിരുത്തൽശക്തിയായി യോഗക്ഷേമ സഭ നിലകൊണ്ടു.

സമത്വ സമാജം

അവർണരുടെ അവകാശങ്ങൾക്കും രാജഭരണത്തിന്റെ പോരായ്‌മകൾക്കുമെതിരെ പോരാടിയ സാമൂഹ്യപരിഷ്കർത്താവാണ് വൈകുണ്ഠസ്വാമികൾ. കേരളത്തിലെ ആദ്യത്തെ സാമൂഹികസംഘടനയായി കരുതപ്പെടുന്ന 'സമത്വസമാജം' 1836ൽ ശുചീന്ദ്രത്ത് സ്ഥാപിച്ചത് ഇദ്ദേഹമാണ്. എല്ലാ മനുഷ്യരും സമന്മാരാണ് എന്ന ആശയത്തിനു അദ്ദേഹം ശക്തി പകർന്നു. ഓരോരുത്തരിലും ദൈവം വിളങ്ങുന്നു എന്ന സമഭാവനയാണ് വൈകുണ്ഠ സ്വാമികൾക്കുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണു വൈകുണ്ഠസ്വാമികൾ 1851ൽ കണ്ണാടിപ്രതിഷ്ഠ നടത്തിയത്. 'കൂലി തന്നില്ലെങ്കിൽ വേല ചെയ്യരുത്' എന്ന് തൊഴിലാളി സമൂഹത്തിനു നിർദേശം നൽകി. മേൽജാതിക്കാരുടെ മാത്രം അവകാശമായിരുന്ന തലപ്പാവ് ധരിക്കാനും അദ്ദേഹം ഉപദേശിച്ചു.

ആത്മവിദ്യ സംഘം

പ്രഭാഷണത്തിന്റെ മാന്ത്രികത കൊണ്ട് കേൾവിക്കാരുടെ മനസ്സിൽ സാമൂഹികപരിഷ്‌കരണത്തിന്റെ വിത്തുപാകിയ മഹാവ്യക്തിത്വമായിരുന്നു വാഗ്ഭടാനന്ദന്റേത്. 1917ൽ തിരുവിതാംകൂറിലും മലബാറിലും വാഗ്ഭടാനന്ദൻ 'ആത്മവിദ്യാസംഘം' സ്ഥാപിച്ചു. മതപരിഷ്കരണമായിരുന്നു സംഘടനയുടെ മുഖ്യലക്ഷ്യം. 1921ൽ ആത്മവിദ്യാസംഘം 'അഭിനവ കേരളം' എന്ന മുഖപത്രം തുടങ്ങി. അന്ധവിശ്വാസങ്ങളെ യുക്തിയുടെ മാർഗം ഉപയോഗിച്ച് ഉച്ചാടനം ചെയ്യാനാണ് അദ്ദേഹം അവസാനം വരെ ശ്രമിച്ചത്. വിഗ്രഹാരാധനയെയും ജാതിവ്യവസ്ഥയെയും ശക്തമായെതിർത്ത അദ്ദേഹം സാമൂഹികനവീകരണത്തിൽ പ്രത്യേകം ശ്രദ്ധിച്ചു. പ്രാചീന പ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ട് മധ്യവർജനത്തിന്റെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്തി. കുന്നോത്ത് കുഞ്ഞേക്കു ഗുരുക്കൾ, കറപ്പയിൽ കണാരൻ മാസ്റ്റർ, ധർമ്മധീരൻ, കയ്യാല ചേക്കു, പാലേരി ചന്തമ്മൻ തുടങ്ങിയ പ്രമുഖരാണ് ആത്മവിദ്യാസംഘം സ്ഥാപിക്കാൻ മുൻകൈയെടുത്തത്. കെ.ദേവയാനി, പി.ഭാർഗ്ഗവിയമ്മ, എം.ലക്ഷ്മിക്കുട്ടിയമ്മ എന്നിവരാണ് വനിതാ വിഭാഗത്തിന്റെ പ്രധാന നേതാക്കൾ.

തിരുവിതാംകൂർ ചേരമർ മഹാസഭ

1921ൽ പാമ്പാടി ജോൺ ജോസഫ് 'തിരുവിതാംകൂർ ചേരമർ മഹാസഭ' എന്ന സംഘടനയ്ക്കു രൂപം നൽകി. മതപരിവർത്തനത്തിലൂടെ ക്രിസ്ത്യാനികളായി മാറിയവർ അനുഭവിക്കുന്ന വിവേചനങ്ങൾക്കെതിരെ അദ്ദേഹം പ്രതികരിച്ചു. 1919ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സാധുജനദൂതൻ എന്ന മാസിക പിന്നീട് സംഘടനയുടെ മുഖപത്രമായി മാറി. കേരളത്തിലെ ജനങ്ങൾ എന്നാണ് ചേരമർ എന്ന വാക്കിന്റെ അർഥം. ക്രിസ്ത്യാനികളിൽ വിവേചനം അനുഭവിക്കുന്നവർക്കൊപ്പം ഹിന്ദു സമുദായത്തിലെ ജാതിവിവേചനം അനുഭവിക്കുന്നവർക്കും ഈ സംഘടനയിൽ അംഗത്വം നൽകിയിരുന്നു. ദളിതരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനായി ജോണിന്റെ നേതൃത്വത്തിൽ കോട്ടയത്ത് നടന്ന സഞ്ചാരസ്വാതന്ത്ര്യപ്രകടനം ദളിതരുടെ ആത്മാഭിമാനമുണർത്തിയ സംഭവമായിരുന്നു.

സഹോദര സംഘം

വിട്ടുവീഴ്ചയില്ലാത്ത യുക്തിവാദിയും ജാതിനിഷേധിയുമായിരുന്ന സാമൂഹിക പരിഷ്‌കർത്താവായിരുന്നു സഹോദരൻ അയ്യപ്പൻ. അയിത്തം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 1917ൽ സമസ്‌തകേരള സഹോദരസംഘം എന്ന സംഘടന അദ്ദേഹം ആരംഭിച്ചു. ആശയപ്രചാരണത്തിനായി 'വിദ്യാപോഷിണി' സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ 'സഹോദരൻ' എന്ന മാസികയും ആരംഭിച്ചു. 'സഹോദരനിലൂ'ടെ മാർക്‌സ്, ലെനിൻ തുടങ്ങിയവരുടെ സമത്വാധിഷ്ഠിത ആശയങ്ങൾ അയ്യപ്പൻ പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു. ജാതിയുമായി ബന്ധപ്പെട്ട അനാചാരങ്ങൾക്കെതിരെ പ്രസ്ഥാനം ശബ്ദമുയർത്തി. മിശ്രവിവാഹവും, മിശ്രഭോജനവും വഴി ജാതി നശീകരണം എന്നതായിരുന്നു സഹോദര സംഘത്തിന്റെ ആത്യന്തികമായ ലക്ഷ്യം. സഹോദരസംഘത്തിന്റെ നേതൃത്വത്തിൽ 1917ൽ ജാതിവ്യവസ്ഥയ്‌ക്കെതിരെ നടത്തിയ പ്രക്ഷോഭമാണ് ജാതിരാക്ഷസദഹനം.

നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്)

നായർ സമുദായത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടി നവീകരണത്തിനു തുടക്കം കുറിച്ച മഹാനാണ് മന്നത്തു പത്മനാഭൻ. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ 1914 ഒക്ടോബർ 31ന് നായർ സർവീസ് സൊസൈറ്റിയുടെ ആദ്യരൂപമായ 'നായർ ഭൃതൃജനസംഘം' ചങ്ങനാശ്ശേരി പെരുന്നയിലുള്ള മന്നത്തുഭവനിൽ രൂപംകൊണ്ടു. 1905ൽ ഗോപാലകൃഷ്ണഗോഖലെ രൂപീകരിച്ച 'സർവ്വൻസ് ഓഫ് ഇന്ത്യ സൊസൈറ്റി' എന്ന സംഘടന മാതൃകയാക്കിയാണ് മന്നത്ത് പത്മനാഭൻ എൻ.എസ്.എസ് രൂപീകരിച്ചത്. നായർ സമുദായ ഭൃതൃജന സംഘത്തിന്റെ സ്ഥാപക പ്രസിഡന്റായി കെ.കേളപ്പനും ആദ്യ സെക്രട്ടറിയായി മന്നത്തു പത്മനാഭനും സ്ഥാനം വഹിച്ചു. 1915 ജൂലൈ 11ന് നായർ ഭൃതൃജനസംഘം നായർ സർവീസ് സൊസൈറ്റി എന്ന പേര് സ്വീകരിച്ചു. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള, അമ്പലപ്പാട്ട് ദാമോദരനാശാൻ, കളത്തിൽ വേലായുധൻ നായർ തുടങ്ങിയവരാണ് നായർ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച മറ്റ് പ്രമുഖർ.

ആനന്ദമഹാസഭ

ആനന്ദമതത്തിന്റെ ഉപജ്ഞാതാവ്, യുക്തിവാദി എന്നീ നിലകളിൽ പ്രസിദ്ധനായ സാമൂഹിക പരിഷ്‌കർത്താവായിരുന്നു ബ്രഹ്മാനന്ദ ശിവയോഗി. ഗോവിന്ദ മേനോൻ എന്നാണ് പഴയപേര്. പഠനകാലത്തുതന്നെ യുക്തിവാദിയായി മാറിയ ഗോവിന്ദൻ അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്‌തു. ആലത്തൂരിൽ വാനൂര് എന്ന സ്ഥലത്ത് സിദ്ധാശ്രമം സ്ഥാപിച്ചുകൊണ്ട് അനാചാരങ്ങൾക്കെതിരെ പ്രതികരിക്കുവാൻ ആരംഭിച്ചു. 1918ൽ ബ്രഹ്മാനന്ദ ശിവയോഗി ആനന്ദമഹാസഭ സ്ഥാപിച്ചു. മതാതീതമായ ആത്മീയതയ്ക്കുവേണ്ടി വാദിച്ച അദ്ദേഹം മതപ്രസ്ഥാനങ്ങളെ മുഴുവൻ എതിർത്തു. അദ്വൈതചിന്തയുടെയും വിഗ്രഹാരാധനയുടെയും കടുത്ത വിമർശകനായിരുന്ന ശിവയോഗി ശക്തിവാദത്തിനാണു പ്രാധാന്യം നൽകിയത്. യുക്തിക്കു വിരുദ്ധമായ വാദങ്ങളെ തള്ളിക്കളയുവാൻ അദ്ദേഹം ഉപദേശിച്ചു. മൃഗബലിയും അയിത്തവും പരിഷ്‌കൃത സമൂഹത്തിനു ചേരുന്നതല്ലെന്ന് അദ്ദേഹം പ്രാമാണികമായി സമർഥിച്ചു.

പ്രത്യക്ഷ രക്ഷാ ദൈവസഭ

അടിച്ചമർത്തപ്പെട്ട ദളിത് ജനതയുടെ വിമോചനത്തിനായി ജീവിതം മാറ്റിവച്ച മനുഷ്യസ്നേഹിയാണ് പൊയ്കയിൽ യോഹന്നാൻ എന്ന കുമാരഗുരുദേവൻ. എഴുത്തും വായനയും അഭ്യസിച്ച അദ്ദേഹം മിഷനറിമാരുടെ സഹായത്തോടെ ഉപദേശിയായിത്തീർന്നു. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയിൽ മനംമടുത്ത് ക്രിസ്തുമതം സ്വീകരിച്ച അദ്ദേഹത്തിന് അവിടെയും നേരിടേണ്ടി വന്നത് അവഗണനകളും അവഹേളനങ്ങളും മാത്രമായിരുന്നു. ജാതിവിവേചനത്തിന്റെ പേരിൽ മാർത്തോമാ സഭയോടു വിടപറയുകയും ദളിത് ക്രിസ്ത്യാനികളുടെ രക്ഷകനാവുകയും ചെയ്തു. ക്രിസ്തുമതത്തിലെ അവാന്തര വിഭാഗങ്ങളുടെ ഉന്നമനമായിരുന്നു ഉപദേശി ലക്ഷ്യമിട്ടിരുന്നത്. ആദിമ ദ്രാവിഡരുടെ പിന്മുറക്കാരാണ് ഇന്നത്തെ അയിത്ത ജനതയെന്നും അദ്ദേഹം ദുർബല സമൂഹങ്ങളെ ഉദ്ബോധിപ്പിച്ചു. താഴ്ന്ന വിഭാഗത്തിൽ പെട്ടവർക്കായി അദ്ദേഹം 1909ൽ പത്തനംതിട്ടയിലെ ഇരവിപേരൂർ ആസ്ഥാനമായി 'പ്രത്യക്ഷ രക്ഷാ ദൈവ സഭ' സ്ഥാപിച്ചു. ഹൈന്ദവ-ക്രൈസ്തവ മതങ്ങളുടെ സാരം ഉൾക്കൊണ്ടുകൊണ്ടാണ് അദ്ദേഹം സംഘടനയ്ക്കു രൂപം നൽകിയത്. അധഃസ്ഥിതരുടെ കൃഷിഭൂമി തിരിച്ചുപിടിക്കുന്നതിനെച്ചൊല്ലി 1913ൽ ഉണ്ടായ കൊഴുക്കുച്ചിറ ലഹളയ്ക്കു പരിഹാരമുണ്ടാക്കിയത് പൊയ്കയിൽ യോഹന്നാനാണ്. ജാതി നോക്കാതെ വിവാഹം ചെയ്യാൻ യോഹന്നാൻ തന്റെ സഭക്കാരെ ഉപദേശിച്ചു. പ്രത്യക്ഷ രക്ഷാദൈവസഭയിലെ വിശ്വാസികൾ പേരിനൊപ്പം 'കുമാർ' എന്നു പ്രത്യേകം ചേർക്കുന്നു.

ആത്മബോധോദയ സംഘം

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കാനായി ജീവിതം സമർപ്പിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു ശുഭാനന്ദ ഗുരുദേവൻ. 1882ൽ ചെങ്ങന്നൂരിനടുത്തുള്ള ബുധന്നൂരിൽ സാംബവ സമുദായത്തിൽ ജനിച്ച ശുഭാനന്ദ ഗുരുദേവനാണ് ആത്മബോധോദയ സംഘം രൂപീകരിച്ചത്. 1926ൽ ആധ്യാത്മികതയിലൂന്നിയ സാമൂഹികമാറ്റത്തിനുവേണ്ടിയാണ് സംഘം സ്ഥാപിച്ചത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യർക്ക് എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശമാണ് ശുഭാനന്ദ ഗുരുവും സ്വീകരിച്ചത്. ആശയപ്രചാരണത്തിനായി 1932ൽ അദ്ദേഹം ആത്മബോധോദയ സംഘം മാവേലിക്കരയിൽ  രജിസ്റ്റർ ചെയ്‌തു.

ഇസ്ലാം ധർമ്മ പരിപാലന സംഘം

കേരളത്തിലെ മുസ്ലിങ്ങൾക്കിടയിൽ സാമൂഹികമാറ്റത്തിനും യുക്തിചിന്തക്കും എതിരായി നിന്ന യാഥാസ്ഥിതിക ശക്തികളെ തകർത്ത് മുസ്ലിം സമൂഹത്തിലെ ജീർണതയ്‌ക്കെതിരെ പോരാടിയ മഹാവ്യക്തിയായിരുന്നു വക്കം അബ്ദുൽ ഖാദർ മൗലവി. എസ്.എൻ.ഡി.പിയുടെ മാതൃകയിൽ അദ്ദേഹം ആരംഭിച്ച സംഘടനയാണ് ഇസ്ലാം ധർമ്മ പരിപാലന സംഘം. 1918ൽ വക്കം പഞ്ചായത്തിലെ നിലയ്ക്കമുക്കിലാണ് സംഘടന സ്ഥാപിതമായത്. സഹോദരൻ അയ്യപ്പനുമായും ശ്രീ നാരായണഗുരുവുമായും അടുത്ത ബന്ധമുണ്ടായിരുന്ന വക്കം മൗലവി ദേശീയ പ്രസ്ഥാനവുമായും അടുപ്പം സൂക്ഷിച്ചിരുന്നു. മുസ്ലിം സമുദായത്തിന്റെ നവീകരണത്തിനും ഐക്യത്തിനുമായി അദ്ദേഹം തുടങ്ങിയ പ്രസ്ഥാനങ്ങളാണ് അഖില തിരുവിതാംകൂർ മുസ്ലിം മഹാജനസഭ, ഐക്യ മുസ്ലിം സംഘം, മുസ്ലിം സമാജം (ചിറയിൻകീഴ്), ധര്‍മ്മപോഷിണി സഭ തുടങ്ങിയവ.

ഐക്യ മുസ്ലിം സംഘം

1922-23 കാലഘട്ടത്തിൽ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ആശീർവാദത്തോടെ ഐക്യ മുസ്ലിം സംഘം കൊടുങ്ങലൂർ കേന്ദ്രമാക്കി നിലവിൽ വന്നു. ഇതിന്റെ പ്രമുഖ നേതാക്കൾ ശൈഖ് ഹംദാനി തങ്ങൾ, മണപ്പാട്ട് കുഞ്ഞുമുഹമ്മദ്, സീതിമുഹമ്മദ്, കെ.എം.മൗലവി, കെ.എം.സീതിസാഹിബ്, എം.സി.സി.അബ്ദു റഹിമാൻ എന്നിവരായിരുന്നു. സംഘത്തിന്റെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് വക്കം മൗലവിയായിരുന്നു. മുസ്ലിം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ ആഞ്ഞടിച്ചും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചും ലഘുലേഖകൾ പ്രസിദ്ധീകരിച്ചും ഐക്യസംഘം അതിന്റെ പ്രവർത്തനം തുടർന്നു.

കൊച്ചി പുലയ മഹാസഭ

കൊച്ചിയിലെ പുലയരുടെ എകീകരണവും സാമൂഹിക പരിഷ്കരണവും ലക്ഷ്യംവെച്ച് സ്ഥാപിതമായതാണ് കൊച്ചി പുലയ മഹാസഭ. 1907ൽ അയ്യൻ‌കാളി തിരുവിതാകൂറിൽ സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിന്റെ തുടർച്ചയായി അധഃസ്ഥിത ജനതയ്ക്കായി കൊച്ചിയിൽ പുലയമഹാസഭ സ്ഥാപിതമായി. പുലയരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച കൊച്ചി പുലയ മഹാസഭയ്ക്ക് നേതൃത്വം നൽകിയത് സാമൂഹിക പരിഷ്‌കർത്താക്കളായ കൃഷ്ണാദിയാശാനും പണ്ഡിറ്റ് കറുപ്പനും ചേർന്നാണ്. 1913 ഏപ്രിലിൽ കൊച്ചിക്കായലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി ചങ്ങാടമുണ്ടാക്കി അതിൽ സമ്മേളിച്ച് അവർ പുലയമഹാസഭയ്ക്ക് രൂപം നൽകി. കെ.സി.കൃഷ്ണാദിയാശാൻ ആദ്യ പ്രസിഡന്റായും പി.സി.ചാഞ്ചൻ ആദ്യ സെക്രട്ടറിയായും സ്ഥാനമേറ്റു. കെ.സി.കൃഷ്ണാദിയാശാനുശേഷം കെ.പി.വള്ളോൻ കൊച്ചി പുലയ മഹാജനസഭയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

കേരള പുലയർ മഹാസഭ

കേരളത്തിലെ പുലയരുടെ എകീകരണവും സാമൂഹിക പരിഷ്കരണവും ലക്ഷ്യംവെച്ച് 1970ൽ കേരള പുലയ മഹാസഭ (കെ.പി.എം.എസ്) സ്ഥാപിതമായി. കേരളത്തിലെ ഒന്നാം മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണ പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന പി.കെ.ചാത്തൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് കേരള പുലയർ മഹാസഭ രൂപീകരിച്ചത്. പി.കെ.ചാത്തൻ മാസ്റ്ററുടെ നേതൃത്വത്തിൽ 1970ൽ കൊച്ചി തിരുവിതാകൂർ മേഖലകളിലെ പുലയ സംഘടനകൾ ഏകോപിപ്പിച്ച് ഒറ്റ സംഘടനായി രൂപീകരിച്ചു.

കാർമലൈറ്റ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌

കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തും അച്ചടിരംഗത്തും അവിസ്മരണീയമായ സംഭാവനകൾ നൽകിയ മഹാനാണ് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ. 1831ൽ അദ്ദേഹം തുടങ്ങിയ സഭയാണ് പിൽക്കാലത്ത് കാർമലൈറ്റ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌ (സി.എം.ഐ) സഭയായത്. ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സന്യാസി സഭയായി അറിയപ്പെടുന്നത് സി.എം.ഐയാണ്. പാലയ്ക്കൽ തോമാ മാൽപ്പൻ, പോരുകര തോമസ് അച്ചൻ എന്നിവരാണ് മറ്റ് സ്ഥാപക നേതാക്കൾ. കോൺഗ്രഗേഷൻ ഓഫ് ദി മദേഴ്‌സ് ഓഫ് കാർമൽ (സി.എം.സി) എന്ന സന്ന്യാസിനി സഭയും സ്ഥാപിച്ചത് ഇദ്ദേഹമാണ്. പാശ്ചാത്യ വിദ്യാഭ്യാസവും സ്വാതന്ത്രചിന്താഗതിയും പ്രചരിപ്പിക്കാൻ ക്രിസ്ത്യൻ മിഷനറിമാർ നടത്തിയ പ്രവർത്തനം കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

അന്ത്യജോദ്ധാരണ സംഘം

തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി 1927ൽ ഗാന്ധിജി മൂന്നാമതായി കേരളത്തിലെത്തിയപ്പോളാണ് കേരള അന്ത്യജനോദ്ധാരണ സംഘം രൂപവത്കരിച്ചത്. കോഴിക്കോട്ട് പാറൻ സ്‌ക്വയറിൽ ഗാന്ധിജിയുടെ അധ്യക്ഷതയിൽ ചേർന്ന, ഹരിജന സമ്മേളനത്തിൽ സി.കൃഷ്ണനെ പ്രസിഡന്റായും കേളപ്പനെ സെക്രട്ടറിയുമാക്കി കേരള അന്ത്യജനോദ്ധാരണ സംഘം രൂപവത്കരിച്ചു. പിന്നീട് ഈ സംഘം ആദി കേരളോദ്ധാരണ സംഘം എന്ന പേരിൽ പ്രവർത്തിച്ചു.

സനാതന ധർമ്മ വിദ്യാർത്ഥി സംഘം

ആത്മീയ വിപ്ലവകാരി, പ്രഭാഷകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് സ്വാമി ആഗമാനന്ദൻ. 'കൃഷ്ണൻ നമ്പ്യാതിരി' എന്നായിരുന്നു യഥാർത്ഥ പേര്. നമ്പൂതിരി സമുദായത്തിൽ ജനിച്ച അദ്ദേഹത്തെ ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയും അനീതികളും എന്നും അലട്ടിയിരുന്നു. മാവേലിക്കരയിലെ ഹൈസ്കൂൾ പഠനകാലത്ത് (1915) 'സനാതന വിദ്യാർത്ഥി സംഘം' രൂപീകരിച്ചു. ചട്ടമ്പിസ്വാമികളും ശിഷ്യനായ നീലകണ്‌ഠ തീർഥപാദരുമാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ മാർഗദർശികളായത്. 1928ൽ സന്യാസം സ്വീകരിച്ചതോടെ അദ്ദേഹം സ്വാമി ആഗമാനന്ദൻ എന്നറിയപ്പെട്ടു. 1936ൽ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചു. തുടർന്ന് ബ്രഹ്മാനന്ദോദയം സംസ്‌കൃത വിദ്യാലയവും തുടങ്ങി. 1950ൽ അദ്ദേഹം കാലടിയിൽ കോളേജ് സ്ഥാപിച്ചു. വിവേകാനന്ദസന്ദേശം, ശ്രീശങ്കര ഭഗവദ്ഗീതാ വ്യാഖ്യാനം തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ച സ്വാമിയാണ് പ്രബുദ്ധകേരളം, അമൃതവാണി തുടങ്ങിയ മാസികകൾ തുടങ്ങിയത്. 1961ൽ സ്വാമി ആഗമാനന്ദൻ സമാധിയായി.

ഈഴവ മഹാസഭ

1884ൽ വൈദ്യശാസ്ത്രം പഠിക്കാൻ പ്രവേശനം നേടിയെങ്കിലും ജാതിയുടെ പേരുപറഞ്ഞ് അത് നിഷേധിക്കപ്പെട്ടു. പിന്നീട് മദ്രാസിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയശേഷം തിരുവിതാംകൂറിൽ ഉദ്യോഗത്തിന് അപേക്ഷിച്ചെങ്കിലും അതും നിരസിക്കപ്പെട്ടു. ഈഴവവർക്ക് സർക്കാർ സർവീസിൽ ഉദ്യോഗങ്ങൾ നിഷേധിക്കപ്പെടുകയും, വിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിക്കുന്നതിനെതിരെ ഡോ.പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവർക്കായി 1896ൽ ഈഴവ മഹാസഭ (ഗ്രേറ്റർ ഈഴവ അസോസിയേഷൻ) രൂപംകൊണ്ടു. ഈഴവ മഹാസഭ മുൻകൈയെടുത്ത് ഈഴവർക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം അനുവദിക്കണമെന്നും വിദ്യാസമ്പന്നരായ ഈഴവയുവാക്കൾക്ക് തിരുവിതാംകൂറിനു പുറത്ത് ജോലിതേടിപോകേണ്ട ഗതികേട് ഉണ്ടാകാനിടയാകാതെ സർക്കാർ സർവീസിൽ അവർക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 പേർ ഒപ്പിട്ട ഭീമഹർജി ഡോ.പൽപ്പു തിരുവിതാംകൂർ സർക്കാരിനു സമർപ്പിച്ചു. ഇത് 1896ലെ 'ഈഴവ മെമ്മോറിയൽ' എന്നറിയപ്പെടുന്നു.

ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം (BPSJPS)

തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭയിൽ നീണ്ട ഒന്നരപ്പതിറ്റാണ്ട് കാലം സാമാജികനും സാമൂഹിക പരിഷ്‌കർത്താവുമായിരുന്നു കാവാരിക്കുളം കണ്ടൻ കുമാരൻ. തിരുവിതാംകൂറിലെ പറയ സമുദായത്തിന്റെ ഉന്നമനത്തിനായി കുമാരൻ തന്റെ സമപ്രായക്കാരെയും സമാന ചിന്താഗതിക്കാരെയും ചേർത്തുകൊണ്ട് 1911 ആഗസ്റ്റ് 29ന് ചങ്ങനാശ്ശേരിയിൽ ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം സ്ഥാപിച്ചു. കീഴാള ജനതയുടെ വിദ്യാഭ്യാസത്തിനും സാമൂഹികമായ മുന്നേറ്റത്തിലും ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന സംഘം പ്രധാന പങ്കുവഹിച്ചു.

ഹിമായത്തുൾ ഇസ്ലാം സഭ

കേരളത്തിലെ ആദ്യ മുസ്ലിം നവോത്ഥാന പ്രസ്ഥാനമായി അറിയപ്പെടുന്നത് 1889ൽ കോഴിക്കോട്ടിൽ സ്ഥാപിതമായ ഹിമായത്തുൾ ഇസ്ലാം സഭയാണ്. മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി മലബാർ മേഖലയിൽ പ്രവർത്തിച്ച സംഘടന കൂടിയായിരുന്നു ഹിമായത്തുൾ ഇസ്ലാം സഭ.

ഹിദായത്തുൾ മുസ്ലീമിൻ സഭ

മുസ്ലിം നവോത്ഥാനത്തിന്റെ ഭാഗമായി ഏറനാട് കേന്ദ്രീകരിച്ച് ആരംഭിച്ച സംഘടനയാണ് ഹിദായത്തുൾ മുസ്ലീമിൻ സഭ. 1897ൽ മഞ്ചേരിയിലാണ് ഹിദായത്തുൾ മുസ്ലീമിൻ സഭ സ്ഥാപിതമായത്.

ലാ ജനാത് മുഹമ്മദീയ സംഘം

തിരുവിതാംകൂറിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹികവും സാംസ്കാരികപരവുമായ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ച സംഘടനയാണ് ലാ ജനാത് മുഹമ്മദീയ സംഘം. അബ്ദുൾ ഖാദർ മൗലവിയുടെ പ്രേരണയാൽ എൻ.എച്ച്.മുഹമ്മദ്‌കുട്ടി സ്ഥാപിച്ച സംഘടനയാണ് ലാ ജനാത് മുഹമ്മദീയ സംഘം. ആലപ്പുഴ കേന്ദ്രീകരിച്ച് 1915ലാണ് ലാ ജനാത് മുഹമ്മദീയ സംഘം സ്ഥാപിക്കപ്പെട്ടത്.

മൗനത്ത് ഉൾ ഇസ്ലാം സഭ

കേരളത്തിൽ മുസ്ലിം മത പ്രചാരണം പ്രധാന ലക്ഷ്യമാക്കി 1900ൽ നിലവിൽവന്ന സംഘടനയാണ് മൗനത്ത് ഉൾ ഇസ്ലാം സഭ. പൊന്നാനി കേന്ദ്രമാക്കിയാണ് മൗനത്ത് ഉൾ ഇസ്ലാം സഭ സ്ഥാപിതമായത്. മൗനത്ത് ഉൾ ഇസ്ലാം സഭയുടെ ആദ്യ പ്രസിഡന്റായി മാലിയക്കൽ പൂക്കോയ തങ്ങളും ആദ്യ ജനറൽ സെക്രട്ടറിയായി പുതിയകാത്ത് കുഞ്ഞിബാവ മുസലിയാരും സ്ഥാനം വഹിച്ചു.

അരയവംശ പരിപാലന യോഗം

ശാസ്ത്രം, സാഹിത്യം, സംഘടന, രാഷ്ട്രീയം, പത്രപ്രവർത്തനം, കല എന്നിവയിലെല്ലാം ശോഭിച്ച ബഹുമുഖപ്രതിഭയായിരുന്നു ഡോ. വേലുക്കുട്ടി അരയൻ. 1916ൽ ചെറിയഴീക്കൽ അരയ വംശപരിപാലന യോഗം വേലുക്കുട്ടി അരയന്റെ നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ടു. ഈ സംഘടനയാണ് പിന്നീട് കേരളീയ അരയ മഹാജന യോഗമായി വളർന്നത്. അരയ സർവ്വീസ് സൊസൈറ്റി, അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം, തിരുവിതാംകൂർ മിനറൽ വർക്കേഴ്‌സ് യൂണിയൻ, തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭ എന്നിവയാണ് വേലുക്കുട്ടി അരയൻ സ്ഥാപിച്ച മറ്റ് സംഘടനകൾ.

അരയ സമാജം

കവി, ധീവര സമുദായ നേതാവ്, അരയർക്കിടയിലെ സാമൂഹിക പരിഷ്‌കർത്താവ് എന്നീ നിലകളിൽ പ്രസിദ്ധനാണ് മഹാപണ്ഡിതനായ കെ.പി.കറുപ്പൻ. കൊച്ചി നാട്ടുരാജ്യത്തിലെ ആദ്യ സാമൂഹിക പരിഷ്‌കർത്താവായ കറുപ്പൻ 1907ൽ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻവേണ്ടി 'അരയസമാജം' സ്ഥാപിച്ചു. അരയസമാജത്തിന്റെ പ്രവർത്തനങ്ങൾ വ്യപിപ്പിക്കുവാനുള്ള പ്രവർത്തനങ്ങളാണ് പിന്നീടുള്ള കാലം അദ്ദേഹം നടത്തിയത്. അദ്ദേഹത്തിന്റെ 'ജാതിക്കുമ്മി' 'ഉദ്യാനവിരുന്ന്', 'ബാലകേശം' എന്നീ കൃതികൾ ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജനവികാരം വളർത്തുന്നതിൽ വിജയിച്ചിരുന്നു. 1924ൽ കൊച്ചിൻ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി മഹാരാജാവ് 'കവിതിലക' ബിരുദവും കേരള വർമ വലിയകോയിത്തമ്പുരാൻ 'വിദ്വാൻ' സ്ഥാനവും നൽകി കറുപ്പനെ ആദരിച്ചു.

അരയസമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സഭകൾ

കൊച്ചി പുലയ മഹാസഭ (1913)

കല്യാണിദായിനി സഭ (ആനാപ്പുഴ, കൊടുങ്ങല്ലൂർ)

ജ്ഞാനോദയം സഭ (ഇടക്കൊച്ചി)

വാല സേവാ സമിതി (വൈക്കം)

സമുദായ സേവിനി (പറവൂർ)

സന്മാർഗ പ്രദീപ സഭ (കുമ്പളം)

പ്രബോധ ചന്ദ്രോദയം സഭ (വടക്കൻ പറവൂർ)

സുധർമ സൂര്യോദയ സഭ (തേവര)

വാലസമുദായ പരിഷ്‌കാരിണി സഭ (തേവര)

അരയവംശോധാരിണി സഭ (ഏങ്ങണ്ടിയൂർ)

കേരളത്തിലെ നവോത്ഥാന നായകർ

ശ്രീ നാരായണ ഗുരു

"മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന സൂക്തത്തിലൂടെ മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച മഹാനായ സന്യാസിവര്യൻ. "കേരളീയ നവോത്ഥാനത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ്. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന പ്രസിദ്ധ വാക്യം ശ്രീ നാരായണഗുരുവിന്റേതാണ്.

തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിൽ ജനിച്ച ഗുരുദേവൻ, നാണു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചെറുപ്രായത്തിൽ വിവാഹം കഴിക്കേണ്ടി വന്നെങ്കിലും പിന്നീട് എല്ലാമുപേക്ഷിച്ച് അദ്ദേഹം സന്യാസത്തിനിറങ്ങി. മരുത്വാ മലയിൽ കുറേക്കാലം ധ്യാനത്തിലായിരുന്ന ഗുരുദേവൻ 1888-ൽ അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി. 1903-ൽ ശ്രീനാരായണ ധർമ്മ പരിപാലനയോഗം സ്ഥാപിച്ചു.

തീണ്ടൽ, തൊടീൽ, വർണ്ണവിവേചനം തുടങ്ങിയ സാമൂഹിക അസമത്വങ്ങളുടേയും ദുരാചാരങ്ങളുടേയും വിളനിലമായിരുന്ന കേരളത്തിലുടനീളം ഒരു സന്യാസിയായി സഞ്ചരിച്ച് സാമൂഹിക സമത്വത്തിനുള്ള അവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി. ജാതിമതഭേദമന്യേ എല്ലാവർക്കും പ്രവേശിക്കാവുന്ന ധാരാളം ക്ഷേത്രങ്ങൾ അദ്ദേഹം സ്ഥാപിച്ചു. 1912-ൽ നടത്തിയ വർക്കല, ശിവഗിരി പ്രതിഷ്ഠകൾ 1923-ൽ ആലുവായിൽ വച്ചു നടത്തപ്പെട്ട സർവ്വമതസമ്മേളനം തുടങ്ങിയവ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളാണ്.

ചട്ടമ്പി സ്വാമികൾ

കേരളത്തിലെ നവോത്ഥാന ചിന്തകരിൽ പ്രധാനി. 'വിദ്യാധിരാജൻ' എന്നറിയപ്പെടുന്നു. ചരിത്രകാരൻ, ശൈവയോഗി, വേദാന്തി തുടങ്ങിയ നിലകളിൽ പ്രസിദ്ധൻ. 1853 ഓഗസ്റ്റ് 25ന് തിരുവനന്തപുരത്ത് കണ്ണമ്മൂലയിൽ ജനിച്ചു. അയ്യപ്പൻ, കുഞ്ഞൻപിള്ള എന്നീ പേരുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. പഠനത്തിലും സ്വഭാവശുദ്ധിയിലും കാട്ടിയ മികവുമൂലം ആശാന്റെ ഗുരുകുലത്തിൽ വെച്ചുതന്നെ ചട്ടമ്പി (Leader) എന്ന സ്ഥാനപ്പേര് നേടി. പിൽകാലത്ത് അദ്ദേഹം "ഷൺമുഖദാസൻ" എന്ന നാമത്തിൽ സന്യാസം സ്വീകരിച്ചു. അദ്ദേഹം വിജ്ഞാനത്തിന്റെ ഒരു ഖനിതന്നെയായിരുന്നതിനാൽ വിദ്യാധിരാജൻ എന്നും വിളിക്കപ്പെട്ടു. ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങൾക്കെതിരെ സമൂഹമനസ്സാക്ഷിയെ ഉണർത്താൻ ഈ സന്ന്യാസിവര്യന് കഴിഞ്ഞു.

കുട്ടിക്കാലത്തു ഗുരു പുലർത്തിയ അയിത്താചാരത്തെ എതിർത്തുകൊണ്ടു യാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ചു. അന്യസമുദായക്കാരായ സുഹൃത്തുക്കളുടെ വീടുകളിൽ പോയി ഭക്ഷണം കഴിച്ചതിനാൽ സവർണ സമൂഹം സ്വാമികളെ എതിർത്തിരുന്നു. ജീവകാരുണ്യത്തിലും അയിത്ത നിർമാർജനത്തിലും ചട്ടമ്പിസ്വാമി വരുത്തിയത് പ്രായോഗിക വിപ്ലവമായിരുന്നു. ഫ്യൂഡൽ വ്യവസ്ഥയിലെ അഴിമതിക്കെതിരെ നടത്തിയ 'പട്ടിസദ്യ' ചരിത്രപ്രസിദ്ധമാണ്. കുറച്ചുകാലം ആധാരമെഴുത്തുകാരനായും സെക്രട്ടേറിയേറ്റിലെ കണക്കപിള്ളയായും ജോലി നോക്കിയിരുന്നു.

ഹിന്ദുമതദൂഷണത്തിനെതിരെയും വൈദേശിക മതാധിപത്യത്തിനെതിരെയും സ്വാമികൾ ശബ്ദമുയർത്തിയിട്ടുണ്ട്. എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്നു സമർഥിക്കുന്ന 'സർവ്വമതസമസ്യ'മാണ് ചട്ടമ്പിസ്വാമികളുടെ ആദ്യ കൃതി. സ്ത്രീകളടക്കം എല്ലാവർക്കും വേദം പഠിക്കാമെന്നു വേദപ്രമാണങ്ങൾ തന്നെ ചൂണ്ടിക്കാട്ടി ചട്ടമ്പിസ്വാമികൾ സമർഥിച്ചു. പുരോഹിതവർഗത്തിന്റെ മേധാവിത്വത്തെ മേധാശക്തികൊണ്ടുതന്നെ പൊളിച്ചു എന്നതാണു സ്വാമിദർശനത്തിന്റെ ചരിത്രപ്രസക്തി.

സ്നേഹകാരുണ്യത്തിന്റെ താത്ത്വികരൂപമാണ് 'ജീവകാരുണ്യനിരൂപണം' എന്ന കൃതി. 1903 ൽ ശാസ്താംകോട്ടയിൽ വച്ചു നടത്തിയ അനൗപചാരിക പ്രഭാഷണത്തിലാണ് 'അയിത്തം അറബിക്കടലിൽ തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു' എന്നു സ്വാമികൾ പ്രഖ്യാപിച്ചത്. ഏറെക്കാലം അവധൂതനായി സഞ്ചരിച്ച ചട്ടമ്പിസ്വാമികൾ ആനന്ദകുമാരവേലു എന്ന സിദ്ധനിൽനിന്നു രഹസ്യമന്ത്രോപദേശം സ്വീകരിച്ചതായി പറയപ്പെടുന്നു. ചട്ടമ്പിസ്വാമിയുമായി നാരായണഗുരു, നീലകണ്ഠതീർഥപാഥർ, പരമഹംസ തീർഥപാഥർ എന്നിവർ നടത്തിയ സമാഗമങ്ങൾ ചരിത്രത്തിനു പുതിയ ബോധോദയം നൽകി. കുട്ടിക്കാലം മുതൽ തന്നെ തികഞ്ഞ സസ്യഭുക്കായി ജീവിച്ച ചട്ടമ്പിസ്വാമികൾ അഹിംസാസങ്കൽപത്തെ പ്രയോഗികമാക്കി. സ്വാമി വിവേകാനന്ദൻ 1892 ൽ കേരളത്തിലെത്തിയപ്പോൾ ചട്ടമ്പിസ്വാമികളെ കാണുകയും 'ചിന്മുദ്ര'യെക്കുറിച്ച് ഉപദേശം സ്വീകരിക്കുകയും ചെയ്തു. 1924 മെയ് 5ന് പന്മനയിൽ വെച്ച് ചട്ടമ്പിസ്വാമികൾ സമാധിയായി. അദ്ദേഹത്തിന്റെ സമാധിസ്ഥലത്ത് ശിഷ്യന്മാർ പണികഴിപ്പിച്ച ബാലഭട്ടാരക ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

അയ്യങ്കാളി

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ പെരുങ്കാട്ടുവിള എന്ന വീട്ടിൽ ജനിച്ച ഇദ്ദേഹം അവർണ്ണരുടെ അവകാശ സമരങ്ങൾക്ക് ശക്തമായ നേതൃത്വം നൽകി. കേരളത്തിലെ പുലയമഹാജന സഭയുടെ സ്ഥാപകനായി അറിയപ്പെടുന്നു. ഹരിജനങ്ങൾക്ക് പൊതുനിരത്തുകളിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സഞ്ചാരസ്വാതന്ത്ര്യപ്രക്ഷോഭം നടത്തി. അയ്യങ്കാളിയുടെ 'പുലയ വണ്ടി' (വില്ലുവണ്ടി സമരം) സവർണരുടെ എതിർപ്പ് വകവെക്കാതെ ദക്ഷിണതിരുവിതാംകൂറിലെ പല ഭാഗത്തും സഞ്ചരിച്ചതോടെയാണ് അവർണരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു തുടക്കമായത്. 1907-അയ്യങ്കാളി സ്ഥാപിച്ച "സാധുജന പരിപാലനസംഘ"ത്തിന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശാഖകളുണ്ടായി. കേരളത്തിലെ ആദ്യ കർഷകത്തൊഴിലാളി സമരത്തിനു നേതൃത്വം നൽകി. താണജാതിക്കാരുടെ മക്കൾക്ക് സ്കൂൾപ്രവേശനം അനുവദിക്കുക, പൊതുനിരത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് അയ്യങ്കാളി സമരം പ്രഖ്യാപിച്ചത്. തുടർന്ന്, 1914-ൽ ഹരിജനങ്ങൾക്ക് വിദ്യാഭ്യാസം നേടുന്നതിനുള്ള അവകാശം നേടിക്കൊടുത്തു. അയിത്തവിഭാഗത്തിന്റെ നേതാവെന്ന നിലയിൽ 1911-ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി. 28 കൊല്ലം പ്രജാസഭാംഗമായിരുന്നു. ഈ കാലയളവ് ഹരിജനങ്ങളുടെ അവശതകൾ പരിഹരിക്കാൻ അദ്ദേഹം ശ്രമിച്ചു. 1936-ലെ ക്ഷേത്രപ്രവേശന വിളംബരത്തിലേക്കു നയിച്ച നിയമനിർമ്മാണ നടപടികളുടെ പിന്നിൽ അയ്യങ്കാളിയുടെ സ്വാധീനമുണ്ടായിരുന്നു. 1937ൽ വെങ്ങാനൂരിൽ നടന്ന ഒരു മഹാസമ്മേളനത്തിൽ മഹാത്മാഗാന്ധി അയ്യങ്കാളിയെ 'പുലയരാജാവ്' എന്നു വിശേഷിപ്പിച്ചു. ഗാന്ധിജിയുടെ ഹരിജനോദ്ധാരണ പ്രസ്ഥാനമാണ് അയ്യങ്കാളിക്കു വഴികാട്ടിയായത്. 1941 ജൂൺ 18ന് അന്തരിച്ചു.

സഹോദരൻ അയ്യപ്പൻ

1889 ഓഗസ്റ്റ് 21-ന് എറണാകുളം വൈപ്പിൻ ദ്വീപിലെ ചെറായിയിൽ ജനിച്ചു. തിരുവനന്തപുരത്ത് കോളേജിൽ പഠിച്ച് ബിരുദമെടുത്തു. ശ്രീനാരായണ ഗുരുവുമായി അടുത്തബന്ധമുളള അയ്യപ്പന്‍ സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ പോരാടി "വിദ്യാപോഷിണി സഭ" രൂപീകരിച്ചു. 1917-ല്‍ മിശ്രഭോജന പ്രസ്ഥാനം, സഹോദര സംഘം എന്നിവ സ്ഥാപിച്ചു. വ്യത്യസ്ത ജാതിക്കാർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന "മിശ്രഭോജനം" ആരംഭിച്ചു. ഇതിന്റെ പേരിൽ 'പുലയൻ അയ്യപ്പൻ' എന്ന വിളിപ്പേര് ലഭിച്ചു. സമസ്ത കേരള സഹോദരസംഘവും അതിന്റെ മുഖപത്രമായി 'സഹോദരൻ' മാസികയും ആരംഭിച്ചു. ഇതോടെ "സഹോദരൻ അയ്യപ്പൻ" എന്ന് അറിയപ്പെട്ടുതുടങ്ങി. ആശയ പ്രചാരണത്തിനായി പുതിയ പദങ്ങളും ശൈലികളും ഉപയോഗിച്ചു. അവനവനിസം, ജാതികുശുബ്, ആൾദൈവം എന്നിവ ഇക്കൂട്ടത്തിൽ പെടുന്നു. ജാതിയെ ഉന്മൂലനം ചെയ്യാനായി 'ജാതിരാക്ഷസദഹനം' സംഘടിപ്പിച്ചു.

1938-ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ അധ്യക്ഷനായി. "ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്" എന്ന സുപ്രസിദ്ധമായ ശ്രീനാരായണ ഗുരുവിന്റെ ആപ്തവാക്യം അദ്ദേഹം ഭേദഗതി വരുത്തി ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട" എന്ന മുദ്രാവാക്യമാക്കി കേരളത്തില്‍ യുക്തിചിന്ത പ്രചരിപ്പിച്ചു. ഗാന്ധിജിയുടെ ആദർശങ്ങളായ സത്യം, അഹിംസ എന്നിവയെ അദ്ദേഹം പൂർണ്ണമായും യോജിച്ചില്ലെങ്കിലും, ഗാന്ധി എന്ന മനുഷ്യനെ അയ്യപ്പൻ ആരാധിച്ചിരുന്നു.

കൊച്ചിയിൽ രണ്ടുപ്രാവശ്യം മന്ത്രിപദം വഹിച്ചു. ആദ്യ തിരുകൊച്ചി മന്ത്രിസഭയിലും അംഗമായി. അയ്യപ്പൻ കേരളത്തിൽ തൊഴിലാളി പ്രസ്ഥാനത്തിന് അടിത്തറയൊരുക്കിക്കൊടുത്തു. നിരവധി കവിതകളും ലേഖനങ്ങളും എഴുതിയ സാഹിത്യകാരൻ കൂടിയായിരുന്നു അയ്യപ്പൻ. "മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ" എന്നു തുടങ്ങുന്ന ഓണപ്പാട്ട് രചിച്ചത് അയ്യപ്പനാണ്. ബ്രിട്ടീഷ് പ്രസിദ്ധീകരണമായ "ഡെയ്‌ലി വർക്കിന്റെ" മാതൃകയിൽ സഹോദരൻ അയ്യപ്പൻ പ്രസിദ്ധീകരിച്ച മാസികയാണ് "വേലക്കാരൻ". 1956'സഹോദരൻ' പ്രസിദ്ധീകരണം നിർത്തി. 1968 മാർച്ച് 6-ന് അന്തരിച്ചു.

കെ.കേളപ്പൻ

'കേരള ഗാന്ധി' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സർവ്വോദയ നേതാവ്. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ഈ സമുന്നത നേതാവ് മാതൃഭൂമി പത്രത്തിന്റെ പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമൂഹിക പരിഷ്കർത്താക്കളിൽ പ്രാതഃസ്മരണീയൻ. മലബാറിലെ തീണ്ടൽ ജാതിക്കാരുടെ പ്രധാന പ്രശ്നങ്ങളായ സ്കൂൾ പ്രവേശനം, പൊതുവഴികളിലൂടെയുള്ള സഞ്ചാരം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും പോരാടിയിട്ടുണ്ട്. കോഴിക്കോട്ട് നിന്നും പയ്യന്നൂർ വരെ 1930-ൽ നടത്തിയ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകി. ഗുരുവായൂർ സത്യാഗ്രഹം നടത്തി. ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചു. ഗാന്ധിയൻ ആദർശങ്ങളെ ജീവിതത്തിൽ പകർത്തിയ ഈ മഹാൻ പത്മശ്രീ ബഹുമതി നിരസിച്ചു.

എ കെ ഗോപാലൻ (എ കെ ജി)

എ.കെ.ജി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ അഥവാ എ.കെ.ഗോപാലൻ കണ്ണൂരിലെ ചിറയ്ക്കൽ താലൂക്കിൽ ജനിച്ചു. ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്റെ അനിഷേധ്യനേതാവും പാർലമെന്റേറിയനുമായിരുന്നു ഇദ്ദേഹം. ഏഴുവർഷം അദ്ധ്യാപകനായി ജോലിനോക്കിയ എ.കെ.ജി 1927-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവപ്രവർത്തകനായി. പിന്നീട് ജോലിരാജിവെച്ച് 1930ലെ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത് നിയമലംഘനം നടത്തി അറസ്റ്റ് വരിച്ചു. പ്രസിദ്ധമായ ഗുരുവായൂർ സത്യാഗ്രഹത്തിലെ സജീവപങ്കാളിയായിരുന്നു ഇദ്ദേഹം. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന എ.കെ.ജി കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവത്കരിക്കപ്പെട്ടപ്പോൾ അതിൽ അംഗമായി. മലബാറിൽ നിന്ന് മദിരാശിയിലേക്ക് ചരിത്രപ്രസിദ്ധമായ പട്ടിണിജാഥ നയിച്ചത് എ.കെ.ജി യാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിന്റെ സമുന്നതനേതാവായി. പോളിറ്റ് ബ്യൂറോ അംഗമായും പ്രവർത്തിച്ചു. പല ഘട്ടങ്ങളിലായി എ.കെ.ജി 16 വർഷം ജയിൽവാസം അനുഷ്ഠിച്ചു. 1942ൽ വെല്ലൂരിൽവെച്ച് ജയിൽചാടിയ അദ്ദേഹത്തിന് 5 വർഷം ഒളിവിൽ കഴിയേണ്ടി വന്നു. 1952 മുതൽ 1977-ൽ മരിക്കുന്നതുവരെ എ.കെ.ജി പാർലമെന്റ് അംഗമായിരുന്നു. എ.കെ.ജി യുടെ ആത്മകഥയായ 'എന്റെ ജീവിതകഥ' വളരെ പ്രശസ്തമാണ്.

വാഗ്ഭടാനന്ദൻ

'മലബാറിലെ നാരായണഗുരു' എന്നു വിശേഷിപ്പിക്കപ്പെട്ടു. ആത്മീയ വിപ്ലവകാരി. ജ്ഞാന സംവാദങ്ങളിലൂടെ പ്രസിദ്ധി നേടി. 1884 ഏപ്രിൽ 29ന് കണ്ണൂരിലെ പാട്യം ഗ്രാമത്തിൽ ജനിച്ചു. 'കുഞ്ഞിക്കണ്ണൻ ഗുരുക്കൾ' എന്നായിരുന്നു പേര്. 1906 ൽ കോഴിക്കോട്ട് എത്തുകയും 'ആത്മപ്രകാശിക' എന്ന പേരിൽ ഒരു സംസ്കൃത വിദ്യാലയം ആരംഭിക്കുകയും ചെയ്തു. മലബാറിൽ സംസ്കൃതഭാഷയെ ജനകീയമാക്കുന്നതിൽ മുൻകൈയെടുത്തു. 1910 ൽ ബ്രഹ്മാനന്ദ ശിവയോഗിയെ പരിചയപ്പെട്ടതു വഴിത്തിരിവായി. 1911 ൽ കല്ലായിയിൽ 'രാജയോഗാനന്ദകൗമുദിയോഗശാല' സ്ഥാപിച്ചു. സംവാദങ്ങളിൽ അസാമാന്യമായ ഭാഷാവൈഭവം പ്രകടിപ്പിച്ച ഗുരുക്കൾക്ക് 'വാഗ്ഭടാനന്ദൻ' എന്ന വിശേഷണം നൽകിയത് ശിവയോഗിയാണ്.

1914 മാർച്ചിൽ 'ശിവയോഗി വിലാസം' മാസിക ആരംഭിച്ചു. 1920 ൽ തിരുവിതാംകൂറിലും മലബാറിലും 'ആത്മവിദ്യാസംഘം' സ്ഥാപിച്ചു. മതപരിഷ്കരണമായിരുന്നു മുഖ്യലക്ഷ്യം. 'ഐക്യനാണയസംഘം' എന്ന പേരിൽ ഒരു ബാങ്കും വാഗ്ഭടാനന്ദന്റെ നേതൃത്വത്തിൽ രൂപംകൊണ്ടു. 1921 ൽ ആത്മവിദ്യാസംഘം 'അഭിനവ കേരളം' എന്ന മുഖപത്രം തുടങ്ങി. അന്ധവിശ്വാസങ്ങളെ യുക്തിയുടെ മാർഗം ഉപയോഗിച്ച് ഉച്ചാടനം ചെയ്യാനാണ് അദ്ദേഹം അവസാനം വരെ ശ്രമിച്ചത്. പ്രാചീന പ്രമാണങ്ങൾ ഉദ്ധരിച്ചുകൊണ്ട് മധ്യവർജനത്തിന്റെ പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്തി. 1939 ഒക്ടോബർ 29 ന് അന്തരിച്ചു.

അയ്യാ വൈകുണ്ഠ സ്വാമികൾ

സാമൂഹിക വിപ്ലവകാരി. 'അയ്യാ വൈകുണ്ഠർ' എന്നും അറിയപ്പെടുന്നു. ഹൈന്ദവ യാഥാസ്ഥിതികതയെയും വൈദേശിക മത പരിവർത്തനശ്രമങ്ങളെയും ശക്തിയുക്തം എതിർത്തു. നാഗർകോവിലിനടുത്ത് ശാസ്താംകോയിൽവിളയിൽ ജനിച്ചു. ദുർബല സമൂഹങ്ങളെ ചൂഷണം ചെയ്യുന്ന ഭരണവ്യവസ്ഥയെ അദ്ദേഹം നിശിതമായി വിമർശിച്ചു. വിഗ്രഹാരാധന, മൃഗബലി തുടങ്ങിയ ആചാരങ്ങളിൽ അർത്ഥമില്ലെന്ന് വൈകുണ്ഠർ സിദ്ധാന്തിച്ചു. മേൽമുണ്ടു ധരിക്കൽ സമരത്തിനു നേതൃത്വം നൽകി. 1836 ൽ ശുചീന്ദ്രത്ത് 'സമത്വസമാജം' എന്ന സംഘടന സ്ഥാപിച്ചു. എല്ലാ മനുഷ്യരും സമന്മാരാണ് എന്ന ആശയത്തിനു ശക്തി പകർന്നു. ഓരോരുത്തരിലും ദൈവം വിളങ്ങുന്നു എന്ന സമഭാവനയാണ് വൈകുണ്ഠ സ്വാമികൾക്കുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണു വൈകുണ്ഠസ്വാമികൾ കണ്ണാടിപ്രതിഷ്ഠ (1851 ൽ) നടത്തിയത്. 'കൂലി തന്നില്ലെങ്കിൽ വേല ചെയ്യരുത്' എന്ന് തൊഴിലാളി സമൂഹത്തിനു നിർദേശം നൽകി. മേൽജാതിക്കാരുടെ മാത്രം അവകാശമായിരുന്ന തലപ്പാവ് ധരിക്കാനും അദ്ദേഹം ഉപദേശിച്ചു.

രാജഭരണത്തിനും ബ്രിട്ടീഷ്ഭരണത്തിനുമെതിരെ നിരന്തരം സമരം നടത്തിയ വൈകുണ്ഠസ്വാമികളെ തിരുവിതാംകൂർ സർക്കാർ നൂറ്റിപ്പത്തു ദിവസത്തെ തടവിനു ശിക്ഷിച്ചു. വിവിധ ജാതികളിൽ നിന്നു പൂജാരിമാരെ തിരഞ്ഞെടുത്ത് വിശ്വാസ സമ്പ്രദായത്തെ പുരോഹിത വിമുക്തമാക്കാനുള്ള ശ്രമവും അക്കാലത്ത് വലിയ വിപ്ലവം സൃഷ്ടിച്ചു. ഏതു ജാതിയിൽപെട്ടവർക്കും സന്ന്യാസം സ്വീകരിക്കാമെന്നു പ്രഖ്യാപിച്ചുകൊണ്ട് 'തുവൈയൽപന്തി' എന്ന പ്രസ്ഥാനം അയ്യാ വൈകുണ്ഠർ സ്ഥാപിച്ചു. ഏകദൈവം എന്ന സങ്കൽപത്തിന്റെ അടിസ്ഥാനത്തിലാണ്‌ വൈകുണ്ഠർ 'അയ്യാവഴി'ക്കു പ്രചാരം നൽകിയത്. ശിഷ്യന്മാരായ ഷൺമുഖ വടിവേലു, തൈക്കാട്ട് അയ്യാവ് എന്നിവർ അയ്യാവൈകുണ്ഠരുടെ ദർശനങ്ങളാണു പ്രചരിപ്പിച്ചത്.

മന്നത്ത് പത്മനാഭൻ

എൻ.എസ്.എസ് സ്ഥാപകനേതാവ്. സാമൂഹിക വിപ്ലവകാരി. കേരളം കണ്ട മികച്ച പ്രഭാഷകരിലൊരാൾ. 1878 ജനുവരി രണ്ടിന് പെരുന്നയിൽ ജനനം. 1914 ഒക്ടോബർ 31 ന് പതിമൂന്നു പേർക്കൊപ്പം സ്ഥാപിച്ച 'നായർ ഭൃത്യജന സംഘം' 1917'നായർ സർവീസ് സൊസൈറ്റി'യായി മാറി. നായർ സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ചെറുപ്പക്കാരെ അണിനിരത്തികൊണ്ടുള്ള ശുദ്ധീകരണ വിപ്ലവമാണു മന്നം നടത്തിയത്. സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കി സ്കൂളുകൾ സ്ഥാപിച്ചു. 1929 ൽ ഗുരുവായൂർ സത്യാഗ്രഹത്തിൽ പ്രധാനിയായി മന്നം നടത്തിയ 'സവർണജാഥ' പ്രസിദ്ധമാണ്. 1947 ൽ തിരുവിതാംകൂർ ദിവാനെതിരെ സമരം നടത്തിയതിന് ജയിലിലായി. 1949 ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസ്സംബ്ലിയിൽ അംഗമായി. 1950 ഫെബ്രുവരി 10 ന് 'പിള്ള' എന്ന ജാതിനാമം ഉപേക്ഷിച്ച് മന്നത് പത്മനാഭനായി. 1959 ൽ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയ്‌ക്കെതിരെ 'വിമോചനസമരം' സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. 1959'ഭാരതകേസരി' സ്ഥാനവും 1966'പത്മഭൂഷൺ' ബഹുമതിയും ലഭിച്ചു. 1970 ഫെബ്രുവരി 25 ന് അന്തരിച്ചു.

പണ്ഡിറ്റ് കറുപ്പൻ

കവി, സാമൂഹികപരിഷ്കർത്താവ്. ധീവര സമുദായ നേതാവ്. 1885 മെയ് 24ന് എറണാകുളത്ത് ജനിച്ചു. പതിനാലാം വയസ്സിൽ കവിത എഴുതിത്തുടങ്ങി. കൊച്ചി രാജാവിന്റെ പ്രോത്സാഹനത്തിൽ കൊടുങ്ങല്ലൂർ കോവിലകത്ത് സംസ്കൃതപഠനം നടത്തി. ജാതീയ അസമത്വങ്ങളെ ഇല്ലാതാക്കാൻ വേണ്ടിയാണു സാഹിത്യരചനയിലും സാമുദായിക പ്രവർത്തനത്തിലും കറുപ്പൻ ഏർപ്പെട്ടത്. ജാതിക്കുമ്മി, ബാലാകലേശം, ഉദ്യാനവിരുന്ന് തുടങ്ങിയ കൃതികളിലൂടെ ജാതിവാഴ്ചയുടെ നിഷ്ഠുരത അദ്ദേഹം ചിത്രീകരിച്ചു.

1912ൽ ആനാപ്പുഴ കേന്ദ്രമാക്കി 'കല്യാണദായിനിസഭ'യും വൈക്കത്ത് 'വാലസേവാസമിതി'യും പറവൂരിൽ 'സമുദായസേവിനി'യും രൂപം കൊണ്ടത് കറുപ്പന്റെ നേതൃത്വത്തിലാണ്. 1907 ൽ രൂപം കൊടുത്ത 'അരയസമാജ'ത്തിന്റെ പ്രവർത്തനങ്ങൾ വ്യാപിക്കുവാനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. 1924 ൽ കൊച്ചിൻ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി മഹാരാജാവ് 'കവിതിലക' ബിരുദവും കേരളവർമ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' സ്ഥാനവും നൽകി കറുപ്പനെ ആദരിച്ചിട്ടുണ്ട്. 1913 ഏപ്രിൽ 21 ന് കെ.പി.കറുപ്പന്റെ നേതൃത്വത്തിൽ നടന്ന കായൽ സമ്മേളനത്തിൽ വച്ചാണ് 'കൊച്ചി പുലയ മഹാജനസഭ' രൂപീകരിക്കപ്പെട്ടത്. 1938 മാർച്ച് 23 ന് അന്തരിച്ചു.

വി.ടി.ഭട്ടതിരിപ്പാട്

1896 ൽ പൊന്നാനിതാലൂക്കിൽ മേഴത്തൂർ ഗ്രാമത്തിൽ വെള്ളിത്തിരുത്തി താഴത്തില്ലത്ത് (വി.ടി.) രാമൻ ഭട്ടത്തിരിപ്പാട് ജനിച്ചു. 1908 ൽ സ്ഥാപിതമായ നമ്പൂതിരിമാരുടെ സംഘടനയായ 'യോഗക്ഷേമസഭ'യുടെ  ഉൽപതിഷ്ണുവിഭാഗത്തിന്റെ നേതാവായി പ്രവർത്തിച്ചു. യോഗക്ഷേമസഭയുടെ ആപ്തവാക്യം "നമ്പൂതിരിയെ മനുഷ്യനാക്കുക" എന്നതായിരുന്നു. യോഗക്ഷേമസഭയുടെ മുഖപത്രം 'മംഗളോദയവും', യോഗക്ഷേമസഭയുടെ മാസിക 'ഉണ്ണിനമ്പൂതിരിയും' ആണ്. ദേശമംഗലത്ത് ശങ്കരൻ നമ്പൂതിരിപ്പാടായിരുന്നു യോഗക്ഷേമസഭയുടെ പ്രഥമ അധ്യക്ഷൻ. 1919 ൽ വി.ടി.യുടെ നേതൃത്വത്തിൽ 'യുവജനസംഘം' എന്ന സംഘടനയ്ക്ക് രൂപം നൽകി. അതിന്റെ മുഖപത്രമായി 'ഉണ്ണിനമ്പൂതിരി' എന്ന മാസികയും ആരംഭിച്ചു. കുടുമമുറിക്കൽ, അന്തർജനങ്ങളുടെ വേഷപരിഷ്കരണം, വിധവാവിവാഹം തുടങ്ങിയ സമുദായ പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകമാണ് "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്". 1929 ലാണ് ഈ നാടകം പുറത്തിറങ്ങിയത്. വി.ടി.ഭട്ടതിരിപ്പാട് 1929 ൽ അന്തർജ്ജന സമാജം രൂപീകരിച്ചു. (പാർവ്വതി നെന്മണിമംഗലം ആയിരുന്നു അന്തർജനസമാജത്തിന് നേതൃത്വം നൽകിയത്). 1931 ൽ വി.ടി.ഭട്ടതിരിപ്പാട് യാചന യാത്ര നടത്തി. തൃശൂർ മുതൽ കാസർഗോഡ് ചന്ദ്രഗിരിപ്പുഴ വരെ ഏഴുദിവസം കൊണ്ട് നടത്തിയ ഈ കാൽനട പ്രചാരണയാത്രയുടെ ലക്ഷ്യം ദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതായിരുന്നു. ഗുരുവായൂർ ക്ഷേത്രപ്രവേശനപ്രചാരണ ജാഥയിൽ പങ്കെടുത്ത വി.ടി. 'അയിത്തോച്ചാടനത്തിന് "ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താം" എന്ന ലേഖനം 'ഉണ്ണിനമ്പൂതിരി' മാസികയിൽ പ്രസിദ്ധീകരിച്ചു. 1934 ൽ നമ്പൂതിരിസമുദായത്തിലെ ആദ്യ വിധവാവിവാഹത്തിന് കാർമികത്വം വഹിച്ചു. വിധവയായി തന്റെ ഭാര്യാസഹോദരികൂടിയായ ഉമാ അന്തർജനത്തെ എം.ആർ.ബി.ക്ക് വിവാഹം ചെയ്തുകൊടുത്തു. മിശ്രവിവാഹം ബോധവൽകരണവുമായി ബന്ധപ്പെട്ട് 1968 ൽ കാഞ്ഞങ്ങാട് (കാസർഗോഡ്) മുതൽ ചെമ്പഴന്തി (തിരുവനന്തപുരം) വരെ സാമൂഹ്യ പരിഷ്കരണ ജാഥ നടത്തിയത് അദ്ദേഹമായിരുന്നു. 'കണ്ണീരും കിനാവും', ദക്ഷിണായനം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായുള്ള ആത്മകഥ രചിച്ചു. രജനീരംഗമാണ് വി.ടി.യുടെ ആദ്യത്തെ കഥാസമാഹാരം. വിദ്യാർത്ഥി എന്ന ദ്വൈവാരികയുടെ എഡിറ്ററായിരുന്നു അദ്ദേഹം. പശുപതം, ഉദ്ബുദ്ധ കേരളം എന്നിവയുടെ പത്രാധിപനായിരുന്നു. 1982 ഫെബ്രുവരി 12 -ന് അന്തരിച്ചു.

ബ്രഹ്മാനന്ദ ശിവയോഗി

പാലക്കാട് കൊല്ലങ്കോട്ട് ജനിച്ചു. 'കാരാട്ട് ഗോവിന്ദമേനോൻ' എന്നാണു പഴയ പേര്. പഠനകാലത്തുതന്നെ യുക്തിവാദിയായി മാറിയ ഗോവിന്ദൻ അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്തു. ആലത്തൂരിൽ വാനൂർ എന്ന സ്ഥലത്ത് സിദ്ധാശ്രമം സ്ഥാപിച്ചു. അനാചാരങ്ങൾക്കെതിരെ പ്രവർത്തിച്ചു. അദ്വൈതചിന്തയുടെയും വിഗ്രഹാരാധനയുടെയും കടുത്ത വിമർശകനായിരുന്ന ശിവയോഗി ശക്തിവാദത്തിനാണു പ്രാധാന്യം നൽകിയത്. യുക്തിക്കു വിരുദ്ധമായ വാദങ്ങളെ തള്ളിക്കളയുവാൻ അദ്ദേഹം ഉപദേശിച്ചു. മൃഗബലിയും അയിത്തവും പരിഷ്കൃത സമൂഹത്തിനു ചേരുന്നതല്ലെന്ന് അദ്ദേഹം പ്രാമാണികമായി സമർഥിച്ചു. അഹിംസയെ പരമധർമമായി സ്വീകരിച്ചു. 1910 ൽ കോഴിക്കോട്ടു നടത്തിയ പ്രഭാഷണം വാഗ്ഭടാനന്ദനെപ്പോലെയുള്ളവരെ ശിവയോഗിയുടെ ശിഷ്യന്മാരാക്കിത്തീർത്തു. സ്ത്രീവിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ച ശിവയോഗിയുടെ 'സ്ത്രീ വിദ്യാപോഷിണി' എന്ന കവിത അക്കാലത്തു ചർച്ചാവിഷയമായി. അദ്ദേഹം പ്രചരിപ്പിച്ച ആശയങ്ങൾ 'ആനന്ദമത'ത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായി മാറി. 1918 ൽ ബ്രഹ്മാനന്ദ ശിവയോഗി 'ആനന്ദമഹാസഭ' സ്ഥാപിച്ചു. മതാതീതമായ ആത്മീയതയ്ക്കുവേണ്ടി വാദിച്ച ശിവയോഗി മതപ്രസ്ഥാനങ്ങളെ മുഴുവൻ എതിർത്തിരുന്നു. 1929 സെപ്റ്റംബർ ഒൻപതിന് ബ്രഹ്മാനന്ദ ശിവയോഗി സമാധിയായി. അദ്ദേഹത്തിന്റെ ആശയങ്ങൾ ആനന്ദജാതി എന്നും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ആനന്ദമതം എന്നും അറിയപ്പെടുന്നു. ഉദരനിമിത്തം എന്ന് സന്യാസിമാരെ അദ്ദേഹം കളിയാക്കി വിളിച്ചിരുന്നു.

ഡോക്ടർ പത്മ‌നാഭൻ പൽപ്പു

'ഈഴവരുടെ രാഷ്ട്രീയ നേതാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്നു. തിരുവനന്തപുരത്ത് പേട്ടയിൽ 1863 നവംബർ രണ്ടിനു ജനനം. മൈസൂർ കൊട്ടാരത്തിൽ വച്ച് സ്വാമി വിവേകാനന്ദനിൽ നിന്നു കിട്ടിയ ഉപദേശം 1903 ൽ എസ്.എൻ.ഡി.പി യോഗം സ്ഥാപിക്കുന്നതിനു നിമിത്തമായി. 1891 ലെ ‘മലയാളി മെമ്മോറിയൽ’, 1896 ലെ 'ഈഴവ മെമ്മോറിയൽ' എന്നിവയിൽ പൽപ്പു സജീവ പങ്കാളിയായിരുന്നു. മലബാറിന്റെ സാമ്പത്തിക വികസനത്തിനായി 'മലബാർ ഇക്കണോമിക് യൂണിയൻ' എന്ന സംഘടന പൽപ്പു രൂപീകരിച്ചു. 1950 ജനുവരി 25 ന് ഡോ.പൽപ്പു അന്തരിച്ചു.

ചാവറ കുര്യാക്കോസ് ഏലിയാസ്

കുര്യാക്കോസ് ഏലിയാസ് ചാവറ എന്നാണു മുഴുവൻ പേര്. 1805 ഫെബ്രുവരി പത്തിന് ആലപ്പുഴ കൈനകരിയിൽ ജനിച്ച ചാവറയച്ചൻ അർത്തുങ്കൽ പള്ളിയിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. പുരോഹിതവൃത്തിയിലൂടെ അടിസ്ഥാന സമൂഹത്തിനു മാറ്റമുണ്ടാക്കണമെന്ന് അദ്ദേഹം അഭിലഷിച്ചു. എല്ലാ പള്ളികളോടും ചേർന്ന് സ്കൂളുകൾ ആരംഭിക്കണമെന്ന ആശയം വ്യാപകമാക്കിയത് ചാവറയച്ചനാണ്. കുരിശിന്റെ വഴി, ജപമാല, ദിവ്യകാരുണ്യഭക്തി, 40 മണി ആരാധന തുടങ്ങിയ പ്രാർത്ഥനാരീതികൾക്ക് തുടക്കമിട്ടതും അദ്ദേഹം തന്നെ. സി.എ.സി. എന്ന സന്ന്യാസിനിസഭയുടെ തുടക്കവും ചാവറയച്ചന്റെ തീരുമാനപ്രകാരമായിരുന്നു. മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യങ്ങളിലൊന്നായ 'അനസ്താസ്യയുടെ രക്തസാക്ഷ്യം' എഴുതിയത് ചാവറയച്ചനാണ്. 1831 മെയ് 11-ന് അദ്ദേഹം സി.എം.ഐ സഭയ്ക്ക് തുടക്കമിട്ടു. ദളിത് കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്നതിനുള്ള പദ്ധതികളും അദ്ദേഹം ആരംഭിച്ചു. കേരളത്തിലെ മൂന്നാമത്തെ അച്ചുകൂടം (പ്രിന്റിംഗ് പ്രസ്) സ്ഥാപിച്ചത് ചാവറയച്ചൻ സ്ഥാപിച്ച സി.എം.ഐ സഭയാണ്. 'നസ്രാണി ദീപിക' പത്രം തുടങ്ങിയത് ഈ അച്ചുകൂടത്തിലായിരുന്നു. മത-സാമൂഹികരംഗത്ത് അനവധി സംഭാവനകൾ നൽകിയ ചാവറയച്ചൻ 1871 ജനുവരി മൂന്നാം തീയതി അന്തരിച്ചു.

1984 ഏപ്രിൽ ഏഴിന് പോപ്പ് ജോൺ പോൾ രണ്ടാമൻ ചാവറയച്ചനെ 'ദൈവദാസനാക്കി' ഉയർത്തി. 1986 ൽ വാഴ്ത്തപ്പെട്ടവനായി സഭ പ്രഖ്യാപിച്ചു. 2014 നവംബർ 23 ന് ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു. കുര്യാക്കോസ് ഏലിയാസ് ചാവറയുടെ സേവനങ്ങൾ മാനിച്ച് 1987 ഡിസംബർ 20-ന് ഭാരതം അദ്ദേഹത്തിന്റെ പേരിൽ തപാൽ സ്റ്റാമ്പിറക്കി. ഇന്ന് 400-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹം തുടക്കമിട്ട സി.എം.ഐ സഭയുടേതായുണ്ട്. തൃശ്ശൂരിലെ അമല മെഡിക്കൽ കോളേജ്, കളമശ്ശേരി രാജഗിരി എഞ്ചിനീയറിംഗ് കോളേജ് എന്നിവ ഇതിൽ പ്രമുഖമാണ്.

ടി.കെ.മാധവൻ

1885 സെപ്റ്റംബർ 2-ന് മാവേലിക്കര കണ്ണമംഗലത്ത് ഒരു ധനിക ഈഴവ കുടുംബത്തിൽ ജനനം. ചെറുപ്പത്തിൽ തന്നെ നല്ല ബുദ്ധിശക്തിയും സംഘടനാസാമർത്ഥ്യവും രാഷ്ട്രീയലക്ഷ്യവുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പരിശ്രമഫലമായി ഈഴവ സമൂഹം നവോത്ഥാനത്തിന്റെ പാതയിലേക്ക് വന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1902-ൽ ഈഴവ അസോസിയേഷൻ സ്ഥാപിച്ചു. 1914-ൽ ശ്രീ നാരായണഗുരുവുമായി പരിചയപ്പെട്ടു. തുടർന്ന് ആലുവയിൽ ഒരു സംസ്കൃത പഠനശാല സ്ഥാപിക്കുന്നതിനായി ധനം ശേഖരിക്കാൻ നടത്തിയ യാത്രയിലെ മുഖ്യ പ്രചാരകനും പ്രസംഗകനും മാധവനായിരുന്നു. ഇക്കാലത്താണ് സ്വസമുദായത്തിനുവേണ്ടി ഒരു പത്രം അനിവാര്യം എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങിയത്. തുടർന്ന് 1915-ൽ ദേശാഭിമാനി പത്രം സ്ഥാപിച്ചു (1942-ൽ സ്ഥാപിക്കപ്പെട്ടതും ഇപ്പോൾ പ്രചാരത്തിലുള്ളതുമായ 'ദേശാഭിമാനി'യ്ക്ക് ടി.കെ.മാധവൻ സ്ഥാപിച്ച പത്രവുമായി ബന്ധമില്ല). 1917, 18 വർഷങ്ങളിൽ അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭയിൽ ഈഴവ പ്രതിനിധി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സഭയിൽ അദ്ദേഹം പൗരസമത്വത്തിനു വിലങ്ങു തടിയായിരുന്ന തീണ്ടൽ, തൊട്ടുകൂടായ്മ എന്നീ ദുരാചാരങ്ങളെ ഹിന്ദുമതത്തിൽ നിന്ന് ഇല്ലായ്മ ചെയ്യുന്നതിനായി ക്ഷേത്രപ്രവേശന വാദം ഉയർത്തിപ്പിടിച്ചു. ഇതുകാരണം അദ്ദേഹത്തിന്  സഭയിൽ രണ്ടു വർഷത്തിലധികം തുടരാനായില്ല. 1921-ൽ മഹാത്മാഗാന്ധിയും ടി.കെ മാധവനും തിരുനെൽവേലിയിൽ വെച്ച് കണ്ടുമുട്ടി. തുടർന്ന് കേരളത്തിലെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് സംഭാഷണം നടത്തി. 1923-ലെ കാക്കിനട കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത് അയിത്തത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു. 1924 മാർച്ച് 30 മുതൽ 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകി. വൈക്കം സത്യാഗ്രഹത്തെ തുടർന്ന് 1928ൽ തിരുവിതാംകൂർ ഗവൺമെന്റ് ക്ഷേത്രങ്ങളുടെ പരിസരത്തുള്ള റോഡുകൾ അവർണ്ണർക്കായി തുറന്നു കൊടുത്തു. ക്ഷേത്രപ്രവേശന പ്രസ്ഥാനങ്ങളുടെ പിതാവ് എന്ന നിലയിലാണ് അദ്ദേഹത്തിന് കേരള ചരിത്രത്തിൽ അവിസ്മരണീയ സ്ഥാനം നേടിക്കൊടുത്തത്. 1927-ൽ എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായി. 1930 ഏപ്രിൽ 27-ന് അന്തരിച്ചു. 1916 ൽ ക്ഷേത്രപ്രവേശന വാദത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് വ്യക്തമാക്കാൻ ഇദ്ദേഹം രചിച്ച കൃതിയാണ് "ക്ഷേത്ര പ്രവേശനം".

സി. കേശവന്‍

തിരുവിതംകൂറിനെ ജനാധിപത്യത്തിന്റെ വഴിയിലേക്കു നയിച്ചവരിൽ മുൻനിര നായകനായിരുന്നു സി.കേശവൻ. 1891ലായിരുന്നു സി.കേശവന്റെ ജനനം. കുഞ്ചൻ എന്നായിരുന്നു അച്ഛന്റെ പേര്. കൊല്ലത്തും കൊച്ചിയിലും തിരുവനന്തപുരത്തുമായിരുന്നു വിദ്യാഭ്യാസം. ബർമയിൽ പോയി നിയമപഠനം നടത്തുകയും ചെയ്‌തു. 1933ൽ എസ്.എൻ.ഡി.പി യോഗം സെക്രട്ടറിയായി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായിരുന്നു സി.കേശവൻ. 1948ൽ പട്ടം താണുപിള്ള മന്ത്രിസഭയിൽ അംഗമായിരുന്നു. തുടർന്ന് സ്റ്റേറ്റ് കോൺഗ്രസ് അധ്യക്ഷനായി. മുഖ്യമന്ത്രിയായി. കൗമുദി എന്നൊരു പത്രം അദ്ദേഹം സ്ഥാപിച്ചു. കെ.ബാലകൃഷ്ണൻ ഇദ്ദേഹത്തിന്റെ പുത്രനായിരുന്നു. 'ജീവിതസമരം' ഇദ്ദേഹത്തിന്റെ ആത്മകഥയാണ്.

വക്കം അബ്ദുല്‍ ഖാദര്‍ മൗലവി

ചിറയിന്‍കീഴ്‌ താലൂക്കിലെ വക്കം എന്ന സ്ഥലത്താണ്‌ അദ്ദേഹം ജനിച്ചത്‌. കേരള മുസ്ലിം നവോദ്ധാനത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നു. 1903-ൽ സി.പി ഗോവിന്ദപിള്ളയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനായി പത്രരംഗത്തെത്തി. 1905 ജനുവരി 19-ന് അഞ്ചുതെങ്ങില്‍ നിന്നാണ്‌ സ്വദേശാഭിമാനി പത്രം ആരംഭിച്ചത്‌. 1906-ൽ വക്കത്തേക്ക് മാറ്റി. അല്‍ ഇസ്ലാം (1918), മുസ്ലിം (1906), ദീപിക (1931) എന്നീ പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിന്റെതായിരുന്നു. (അല്‍ അമീന്‍ എന്ന പത്രം മുഹമ്മദ്‌ അബ്ദുറഹ്മാന്‍ സാഹിബ്‌ ആരംഭിച്ചതാണ്). അല്‍ ഇസ്ലാം എന്നത്‌ അറബി മലയാളത്തിലുള്ള മാസികയായിരുന്നു. ദയഉ സബാഹ്‌, ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്‌. ഖുര്‍ആന്‍ ആദ്യമായി മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്തത്‌ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയാണ്‌. ഐക്യമുസ്ലിം സംഘം, ഇസ്ലാം ധര്‍മ്മപരിപാലന സമാജം, അഖില തിരുവിതാംകൂര്‍ മുസ്ലിം മഹാജനസഭ, ധര്‍മ്മപോഷിണി സഭ എന്നിവ അദ്ദേഹം രൂപീകരിച്ചതാണ്‌. തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ അറബിക്‌ ബോര്‍ഡിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്‌ അദ്ദേഹമാണ്‌. മുസ്ലിം പ്രിന്റിംഗ്‌ ഹൗസ്‌ സ്ഥാപിച്ചത്‌ അദ്ദേഹമാണ്‌.

പൊയ്‌കയിൽ യോഹന്നാൻ

പത്തനംതിട്ടയിലെ തിരുവല്ലയ്ക്കടുത്തുള്ള ഇരവിപേരൂരിൽ ജനനം. യോഹന്നാൻ എന്നായിരുന്നു യഥാർഥ നാമം. പറയ സമുദായത്തിൽ പെട്ട ആളായിരുന്നു. ദളിത് ക്രിസ്ത്യാനികളുടെ രക്ഷകൻ എന്നറിയപ്പെടുന്നു. 1909-ൽ ഇരവിപേരൂർ ആസ്ഥാനമാക്കി പ്രത്യക്ഷരക്ഷാ ദൈവസഭ രൂപീകരിച്ചു (PRDS - God's Church of Visible Salvation). പ്രത്യക്ഷരക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ നാമമായിരുന്നു കുമാര ഗുരുദേവൻ. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിനായി അദ്ദേഹം നടത്തിയ സമരങ്ങള്‍ അടിലഹള എന്ന പേരില്‍ അറിയപ്പെടുന്നു. 'പൊയ്കയിൽ അപ്പച്ചൻ' എന്നു വിളിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ബാല്യകാലനാമം കൊമാരൻ എന്നായിരുന്നു. പുലയന്‍ മത്തായി എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. 1921ലും 1931ലും ശ്രീമൂലം പ്രജാസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. (രണ്ടുതവണ ശ്രീമൂലം പ്രജാസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്). തിരുവിതാംകൂറിൽ അയിത്തജാതിക്കാർക്കായുള്ള ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചു. നെയ്യാറ്റിന്‍കരയില്‍ വെച്ചാണ്‌ പൊയ്കയില്‍ യോഹന്നാന്‍ ഗാന്ധിജിയെ കണ്ടുമുട്ടിയത്‌.

കുട്ടികാലത്ത് ക്രിസ്തുമതം സ്വീകരിച്ചു. എഴുത്തും വായനയും അഭ്യസിച്ച അദ്ദേഹം മിഷനറിമാരുടെ സഹായത്തോടെ ഉപദേശിയായിത്തീർന്നു. ജാതിവിവേചനത്തിന്റെ പേരിൽ മാർത്തോമാ സഭയോടു വിടപറയുകയും ദളിത് ക്രിസ്ത്യാനികളുടെ രക്ഷകനാവുകയും ചെയ്തു. ക്രിസ്തുമതത്തിലെ അവാന്തര വിഭാഗങ്ങളുടെ ഉന്നമനമായിരുന്നു ഉപദേശി ലക്ഷ്യമിട്ടിരുന്നത്. ആദിമ ദ്രാവിഡരുടെ പിന്മുറക്കാരാണ് ഇന്നത്തെ അയിത്ത ജനതയെന്നും അദ്ദേഹം ദുർബല സമൂഹങ്ങളെ ഉദ്‌ബോധിപ്പിച്ചു. അധഃസ്ഥിതരുടെ കൃഷിഭൂമി തിരിച്ചു പിടിക്കുന്നതിനെച്ചൊല്ലി 1913 ൽ ഉണ്ടായ കൊഴുക്കുച്ചിറ ലഹളയ്ക്കു പരിഹാരമുണ്ടാക്കിയത് പൊയ്കയിൽ അപ്പച്ചനാണ്.

ജാതി നോക്കാതെ വിവാഹം ചെയ്യാൻ അപ്പച്ചൻ തന്റെ സഭക്കാരെ ഉപദേശിച്ചു. 1939 ജൂലൈ രണ്ടിനു പൊയ്കയിൽ യോഹന്നാൻ അന്തരിച്ചു. പിൽക്കാലത്തു 'കുമാര ഗുരുദേവൻ' എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. പ്രത്യക്ഷ രക്ഷാദൈവസഭയിലെ വിശ്വാസികൾ പേരിനൊപ്പം 'കുമാർ' എന്നു പ്രത്യേകം ചേർക്കുന്നു.

ഹെർമൻ ഗുണ്ടർട്ട്

മലയാള ഭാഷയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായ ഡോ. ഹെർമൻ ഗുണ്ടർട്ട് 1814-ൽ ജർമ്മനിയിലെ സ്റ്റുട്ഗാർട്ടിലാണ് ജനിച്ചത്. 1820-ൽ ഒരു ലത്തീൻ സ്കൂളിൽ ചേർന്ന് പഠിച്ചു. അതിനുശേഷം മൗൾബ്രോണിലെ വൈദിക വിദ്യാലയത്തിൽ വിദ്യാർത്ഥിയായി. ഹീബ്രു, ഫ്രഞ്ച്, ഗ്രീക്ക്, ലാറ്റിൻ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾ പഠിച്ചു. ഉപരിപഠനത്തിനായി ട്യൂബിങ്ങൽ സർവകലാശാലയിൽ ചേർന്നു. പിന്നീട് സ്വിറ്റ്‌സർലൻഡിൽ പോയി ഡോക്ടർ ഓഫ് ഫിലോസഫി ബിരുദം നേടി. അതിനുശേഷം ബാസൽ മിഷനിൽ ചേർന്ന് മതപ്രചാരണത്തിന് ഇന്ത്യയിലേക്ക് തിരിച്ചു.

1936-ൽ മംഗലാപുരത്ത് എത്തി. കേരളത്തിലെ പലഭാഗത്തും സഞ്ചരിച്ചു. തിരുവനന്തപുരത്ത് വന്ന് സ്വാതിതിരുനാളിനെ കണ്ടു. തന്റെ പ്രവർത്തനം തലശ്ശേരിയിലാക്കി. ഇല്ലിക്കുന്ന് എന്ന സ്ഥലത്ത് താമസിച്ച് മതപ്രവർത്തനവും ഭാഷാപഠനവും ആരംഭിച്ചു. 1939 ഏപ്രിൽ 12-ന് ഗുണ്ടർട്ട് ഭാര്യയുമായി അവിടെ താമസം ആരംഭിച്ചു. അക്കാലത്ത് മലയാളത്തിൽ അച്ചടി തുടങ്ങിയിരുന്നില്ല. കല്ലച്ചിലുള്ള അച്ചടി തുടങ്ങിയത് ഗുണ്ടർട്ടാണ്. 1847 ജൂണിൽ രാജ്യസമാചാരം എന്ന ആദ്യ മലയാള പത്രം ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരണമാരംഭിച്ചു. അതേ വർഷം ഒക്ടോബറിൽ പശ്ചിമോദയം എന്ന പത്രവും അദ്ദേഹം ആരംഭിച്ചു. യൂറോപ്പിന്റെ ഹിസ്റ്ററിയും ജോഗ്രഫിയും ആയിരുന്നു ഇതിന്റെ ഉള്ളടക്കം.

നമ്മുടെ ഭാഷയിൽ ഗദ്യശൈലിക്ക് രൂപം കൊടുത്തവരിൽ പ്രഥമസ്ഥാനവും അദ്ദേഹത്തിനുണ്ട്. മതം, ചരിത്രം, സമൂഹം, ഭാഷ, വ്യാകരണം തുടങ്ങി അനേകം വിഷയങ്ങളിൽ ഗുണ്ടർട്ട് ഗ്രന്ഥങ്ങൾ രചിച്ചു. പിൽക്കാലത്ത് ആ വിഷയങ്ങളിൽ പ്രവർത്തിച്ചവർക്ക് ആ ഗ്രന്ഥങ്ങൾ വളരെസഹായകമായി. വേദ ചരിത്രസാരം, സത്യവേദ ഇതിഹാസം, ക്രിസ്തു സഭാചരിത്രം, ശർമാന സന്മരണ വിദ്യ, മതവിചാരണ, ദേവവിചാരണ, മനുഷ്യ ഹൃദയം തുടങ്ങിയവ ഗുണ്ടർട്ട് രചിച്ച ക്രൈസ്തവ സാഹിത്യ ഗ്രന്ഥങ്ങളാണ്. കേരളപ്പഴമ, കേരളോൽപ്പതി, പാഠമാല, പഴഞ്ചൊൽമാല, മലയാളഭാഷാ വ്യാകരണം, മലയാള രാജ്യം എന്നിവ ഗുണ്ടർട്ടിന്റെ മറ്റു പ്രസിദ്ധ കൃതികളാണ്. ഗുണ്ടർട്ട് തയ്യാറാക്കിയ നിഘണ്ടുവാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതി. നിരന്തരമായ അദ്ധ്വാനങ്ങൾക്കിടയിൽ ആരോഗ്യം ക്ഷയിച്ച അദ്ദേഹം 1859-ൽ സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു. 1893-ൽ ഗുണ്ടർട്ട് അന്തരിച്ചു.

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

1878ൽ നെയ്യാറ്റിൻകരയിലാണ് കെ.രാമകൃഷ്ണപിള്ള ജനിച്ചത്. വക്കം മൗലവി എന്നറിയപ്പെട്ട അബ്ദുൽ ഖാദർ മൗലവി 1905-ൽ തിരുവനന്തപുരത്തിനടുത്ത് അഞ്ചുതെങ്ങിൽ സ്വദേശാഭിമാനി പത്രം ആരംഭിച്ചു. 1906 ജനുവരിയിൽ രാമകൃഷ്ണപിള്ള പത്രത്തിന്റെ എഡിറ്ററായി ചുമതലയേറ്റു (ആദ്യ പത്രാധിപർ ചിറയിൻകീഴ് സി.പി.ഗോവിന്ദപിള്ള). പിന്നീട് അദ്ദേഹം രാജാധികാരത്തെ ചോദ്യം ചെയ്യുകയും പൗരാവകാശങ്ങൾക്കുവേണ്ടി വാദിക്കുകയും ചെയ്തുകൊണ്ട് 'സ്വദേശാഭിമാനി'യുടെ താളുകളിൽ സർക്കാരിന്റെ അഴിമതിയും ഭരണവൈകല്യങ്ങളും വിമർശന വിധേയമാക്കി. തിരുവിതാംകൂർ ദിവാനായിരുന്ന പി.രാജഗോപാലാചാരിക്കെതിരെയുള്ള നിരന്തരവിമർശനങ്ങളെ തുടർന്ന് 1910-ൽ പത്രം കണ്ടുകെട്ടാനും രാമകൃഷ്ണപിള്ളയെ നാടുകടത്താനും തീരുമാനിക്കുകയുണ്ടായി. തുടർന്ന് തിരുനെൽവേലിയിലേക്ക് നാടുകടത്തി. പത്രം നിരോധിച്ച് പ്രസ്സും ഉപകരണങ്ങളും കണ്ടുകെട്ടി. തിരുവിതാംകൂറിൽ നിന്ന് നാടുകടത്തപ്പെട്ട അദ്ദേഹം ഭാര്യയുമൊന്നിച്ച് മദ്രാസ്, പാലക്കാട് പ്രദേശങ്ങളിൽ സഞ്ചരിച്ചശേഷം കണ്ണൂരിൽ താമസമാക്കി. ഇക്കാലത്ത് അദ്ദേഹം രചിച്ച കൃതിയാണ് 'എന്റെ നാടുകടത്തൽ'.

പത്രപ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള ആദ്യത്തെ മലയാളം കൃതിയായ 'വൃത്താന്തപത്രപ്രവർത്തനം' രചിച്ചത് രാമകൃഷ്ണപിള്ളയാണ്. ഇന്ത്യയിലെ ഏതെങ്കിലും ഒരു ഭാഷയിലേക്ക് ആദ്യമായി കാറൽ മാർക്സിന്റെ ജീവചരിത്രം വിവർത്തനം ചെയ്തതും (മലയാളത്തിൽ) രാമകൃഷ്ണപ്പിള്ളയാണ് (1912-ൽ). 1916-ൽ കണ്ണൂരിലാണ് അദ്ദേഹം അന്തരിച്ചത്. അന്ത്യവിശ്രമം പയ്യാമ്പലം കടപ്പുറത്ത്. അദ്ദേഹത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ കല്യാണികുട്ടിയമ്മ എഴുതിയ ജീവചരിത്രമാണ് വ്യാഴവട്ട സ്മരണകൾ.

ആഗമാനന്ദ സ്വാമികൾ

ആത്മീയ വിപ്ലവകാരി, പ്രഭാഷകൻ. 'കൃഷ്ണൻ നമ്പ്യാതിരി' എന്നായിരുന്നു പേര്. 1896 ഏപ്രിൽ 17 ന് പന്മനയിൽ ജനനം. മാവേലിക്കരയിലെ ഹൈസ്കൂൾ പഠനകാലത്ത് (1915) 'സനാതന വിദ്യാർത്ഥി സംഘം' രൂപീകരിച്ചു. ബ്രാഹ്മണസമുദായത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടി 'മധ്യ തിരുവിതാംകൂർ മലയാള ബ്രാഹ്മണ സമാജം' സ്ഥാപിച്ചു. ബ്രാഹ്മണർ മതപഠനത്തിൽ മാത്രം മുഴുകാതെ, വ്യവസായകാര്യങ്ങളിലും ശ്രദ്ധിക്കണമെന്നു സ്വാമികൾ നിഷ്കർഷിച്ചിരുന്നു. ഋഗ്വേദം പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിനായി 1924 ൽ മാസികാരൂപത്തിൽ മലയാള പരിഭാഷ പ്രസിദ്ധപ്പെടുത്തി. 1931 ൽ തൃശ്ശൂരിൽ ആശ്രമം സ്ഥാപിച്ചു.

കേരളത്തിൽ ഹിന്ദുമത പ്രസംഗ പരമ്പരകൾ തുടങ്ങിവച്ചത് ആഗമാനന്ദ സ്വാമികളായിരുന്നു. ക്ഷേത്രവേദികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മതബോധനത്തിന് അദ്ദേഹം നേതൃത്വം നൽകി. അന്ധവിശ്വാസങ്ങളുടെ ദൂരീകരണമായിരുന്നു സ്വാമികളുടെ ലക്ഷ്യം. 1937 ൽ കാലടിയിൽ ആശ്രമം സ്ഥാപിച്ചു. ശ്രീരാമകൃഷ്ണമിഷന്റെ 'പ്രബുദ്ധ കേരളം' മാസികയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കൃതഭാഷ പ്രചരിപ്പിക്കുന്നതിൽ ആജീവനാന്തം ശ്രദ്ധാലുവായിരുന്നു. 1961 ഏപ്രിൽ 17ന് സമാധിയടഞ്ഞു. ആഗമാനന്ദ സ്വാമികളുടെ പ്രസംഗങ്ങൾ 'വീരവാണി' എന്ന പേരിൽ നാലു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആറാട്ടുപുഴ വേലായുധപ്പണിക്കർ

കളിശ്ശേരിൽ വേലായുധൻ എന്നായിരുന്നു യഥാർഥ പേര്. അവർണ സ്ത്രീകൾക്കു മാറു മറയ്ക്കാൻ കഴിയാതിരുന്ന കാലത്ത് സവർണ സ്ത്രീകൾ ധരിക്കുന്ന 'അച്ചിപ്പുടവ' അവരെ ധരിപ്പിക്കാൻ കരുത്തു നൽകിയ ധീരനായിരുന്നു വേലായുധപ്പണിക്കർ. കേരളത്തിൽ നടന്ന ആദ്യത്തെ പൗരാവകാശ സമരനേതാക്കളിൽ പ്രധാനിയായി വിലയിരുത്തപ്പെടുന്നു. 1874 ഫെബ്രുവരിയിൽ കായംകുളം കായലിൽ വച്ച് വധിക്കപ്പെട്ടു. അവർണരെ ക്ഷേത്രാരാധന പഠിപ്പിച്ചതും അവർക്കായി ആദ്യമായി ക്ഷേത്രം നിർമിച്ചതും ആറാട്ടുപുഴ വേലായുധപ്പണിക്കരാണെന്ന് ചില ചരിത്രഗ്രന്ഥങ്ങളിൽ സൂചനയുണ്ട്.

സ്വാമി ആനന്ദതീർത്ഥൻ

അയിത്തത്തിനെതിരെ പ്രക്ഷോഭങ്ങൾ നടത്തിയ സന്ന്യാസിവര്യൻ. 'ആനന്ദഷേണായി' എന്നായിരുന്നു പേര്. തലശ്ശേരിയിൽ 1905 ജനുവരി രണ്ടിനു ജനിച്ചു. അയിത്തത്തിനെതിരായ സമരങ്ങളിൽ ഇത്രയേറെ മർദനം ഏൽക്കേണ്ടിവന്ന മറ്റൊരാളില്ല എന്നു പറയാം. 'ഹരിജനങ്ങൾക്കുവേണ്ടി മാത്രം സമരം ചെയ്യുന്ന സ്വാമി' എന്ന വിശേഷണവും അദ്ദേഹത്തിനു ലഭിച്ചു. അധഃസ്ഥിതരുടെ കുട്ടികൾക്കു പുതിയ പേരു നൽകി 'നാമകരണ വിപ്ലവം' നടത്തുകയുണ്ടായി. സംഘടനകളുടെ പിന്തുണയില്ലാതെ ഒറ്റയാനായി പോരാട്ടം നടത്തിയ സന്ന്യാസിവര്യനായി സ്വാമി വിലയിരുത്തപ്പെട്ടിട്ടുണ്ട്. 1987 നവംബർ 21ന് ജീവൻ വെടിഞ്ഞു. 'ദരിദ്രസേവയാണ് ഈശ്വരസേവ' എന്ന മുദ്രാവാക്യമായിരുന്നു ആനന്ദന്റെ ജീവിത വേദാന്തം.

തൈക്കാട് അയ്യാ ഗുരു

ഹഠയോഗി. ചട്ടമ്പിസ്വാമികൾ, നാരായണഗുരു എന്നിവരിൽ സ്വാധീനം ചെലുത്തി. തമിഴ്‌നാട്ടിലെ നകലപുരത്തിൽ ജനനം. സുബ്ബരായർ, സുബ്രഹ്മണ്യം എന്നീ വിളിപ്പേരുകൾ ഉണ്ടായിരുന്നു. ഹഠയോഗവിദ്യയിൽ പ്രഗത്ഭനായിരുന്ന അയ്യാഗുരു രസവാദത്തിലും സമർത്ഥനായിരുന്നു. ജാതി വിവേചനം കൽപിക്കുന്നതിനെ അയ്യാഗുരു വിമർശിച്ചിരുന്നു. എല്ലാ ജാതിയിൽപെട്ടവരെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച പന്തിഭോജനം സവർണരെ പ്രകോപിപ്പിച്ചു. തിരുവിതാംകൂർ ഭരണാധികാരികൾ അയ്യാഗുരുവിന്റെ പ്രവർത്തനങ്ങൾ ആദരിച്ചിരുന്നു. തിരുവനന്തപുരത്തെ ജ്ഞാനപ്രജാഗരം സഭയിലൂടെ അദ്ദേഹം നവോത്ഥാനമൂല്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. സ്ത്രീകൾക്ക് തപസ്സ് ആകാമെന്ന് അദ്ദേഹം തെളിയിച്ചത് സന്ന്യാസിനിമാരായ യോഗിനിയമ്മ, കൊല്ലത്തമ്മ എന്നിവരെ ശിഷ്യകളായി സ്വീകരിച്ചുകൊണ്ടാണ്. 1909 ൽ തൈക്കാട് അയ്യാ ഗുരു സമാധിയടഞ്ഞു. "ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി താൻ ഒരേ ഒരു മതം താൻ ഒരേ ഒരു കടവുൾ താൻ" എന്ന അയ്യാസ്വാമികളുടെ മുദ്രാവാക്യം പ്രസിദ്ധമാണ്.

കുറുമ്പൻ ദൈവത്താൻ

ദളിത് വിപ്ലവനേതാവ്. 'പുലയഗീതങ്ങളുടെ' പ്രചാരകൻ. പത്തനംതിട്ടയിലെ ആറന്മുളയിൽ ജനിച്ചു. 'നടുവത്തമ്മൻ' എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. ജന്മിത്തത്തിനെതിരെ അദ്ദേഹം വിപ്ലവം തുടങ്ങിയത് ചുവരെഴുത്തുകളിലൂടെയായിരുന്നു. കേരളത്തിലാദ്യമായി ചുവരെഴുത്തുകളിലൂടെ സാമൂഹിക വിപ്ലവത്തിന് ആഹ്വാനം ചെയ്തത് ദൈവത്താനാണെന്നു പറയപ്പെടുന്നു. അയ്യൻകാളിയുടെ പ്രധാന സഹായിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1917 ൽ ദൈവത്താൻ 'ഹിന്ദുപുലയ സമാജം' സ്ഥാപിച്ചു. 1915 ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി. പത്തുവർഷത്തോളം സഭാമെമ്പറായിരുന്ന ദൈവത്താൻ ദളിത് കോളനി തുടങ്ങിയ ആശയങ്ങൾ അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്തു. 1927 ഏപ്രിൽ 15 ന് ദൈവത്താൻ അന്തരിച്ചു.

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

സ്വാതന്ത്ര്യ സമരത്തിൽ മലബാറിലെ സകല വിഭാഗക്കാരെയും ഒന്നിച്ചു ചേർത്ത് പോരാടിയ ദേശസ്നേഹിയായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്. പുന്നച്ചാൽ അബ്ദുറഹിമാന്റെയും കോച്ചൈഷുമ്മയുടെയും മകനായി 1898 മെയ് 15-ന് കൊടുങ്ങല്ലൂരിലാണ് ഇദ്ദേഹം ജനിച്ചത്.

ദേശസ്നേഹിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ ജൂനിയർ ഇന്റർമീഡിയേറ്റ് പഠനകാലത്ത് കൊച്ചിൻ മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റി രൂപീകരിച്ചു. 1921-ൽ നടന്ന നാഗ്‌പൂരിലെ കോൺഗ്രസ് സമ്മേളനത്തിൽ അബ്ദു റഹിമാൻ പങ്കെടുത്തു. കേരളത്തിലെ ഖിലാഫത്ത് പ്രസ്ഥാനത്തിനു നേതൃത്വം നൽകിയ അദ്ദേഹത്തെ സർക്കാർ ബെല്ലാരി ജയിലിലടച്ചു. തടവുപുള്ളികളുടെ ആവശ്യങ്ങൾക്കായി അദ്ദേഹം അവിടെയും സമരം നടത്തി.

1923-ൽ കോഴിക്കോട് 'അൽ അമീൻ' എന്ന പത്രം പുറത്തിറങ്ങി. അബ്ദുറഹിമാൻ ആയിരുന്നു ഇതിനു പിന്നിൽ. 1930-ൽ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത ഇദ്ദേഹം 1938-ൽ കെ.പി.സി.സി അധ്യക്ഷനായി. 1940 മുതൽ 1945 വരെ അബ്ദുറഹിമാൻ വെല്ലൂർ ജയിലിലായിരുന്നു. 1945-ൽ അന്തരിച്ച ഇദ്ദേഹമാണ് കോഴിക്കോട്ടെ ജെ.ടി.ഡി ഇസ്ലാം അനാഥശാല സ്ഥാപിച്ചത്. 1998-ൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സ്മരണാർത്ഥം സ്റ്റാമ്പ് ഇറക്കി.

സർദാർ കെ എം പണിക്കർ

പ്രമുഖ സാഹിത്യകാരനും നയതന്ത്രജ്ഞനും വിദ്യാഭ്യാസവിദഗ്ധനും പത്രപ്രവർത്തകനും ചരിത്രകാരനുമായിരുന്നു  സർദാർ കെ എം പണിക്കർ. 1895 ജൂൺ മൂന്നിന് കുട്ടനാട്ടിലെ കാവാലത്താണ് ജനനം. 1933 - 48 കാലത്ത് പഴയ പാട്യാലയിൽ മന്ത്രിയും ബിക്കാനീറിൽ മന്ത്രിയും പ്രധാനമന്ത്രിയും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാവാലം മാധവപ്പണിക്കർ എന്ന കെ.എം.പണിക്കരാണ് ആദ്യമായി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മലയാളി. ജമ്മു - കാശ്മീർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്നിട്ടുണ്ട്. ചൈനയിലും ഫ്രാൻസിലും ഈജിപ്തിലും 1948 - 59 കാലത്ത് സ്ഥാനപതിയായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ പ്രസിഡന്റായ അദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മൈസൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരിക്കെ 1963 ഡിസംബർ 10 ന് അന്തരിച്ചു.

പനമ്പിള്ളി ഗോവിന്ദമേനോൻ

കൊച്ചിയുടെ പ്രധാന മന്ത്രിയായിരുന്നു പനമ്പിള്ളി ഗോവിന്ദമേനോൻ. പഴയ കൊച്ചി രാജ്യത്തിലെ മുകുന്ദപുരം താലൂക്കിലെ പനമ്പിള്ളി തറവാട്ടിൽ ജനിച്ച ഗോവിന്ദമേനോൻ വിദ്യാർഥിയായിരിക്കെത്തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. മദ്രാസ് സർവകലാശാലയിൽ നിന്ന് എം.എ, ബി.എൽ പരീക്ഷകൾ ജയിച്ച് ഇരിങ്ങാലക്കുടയിൽ വക്കീലായി ജോലി നോക്കി. പിന്നീട് എറണാകുളത്ത് ഹൈകോടതിയിൽ പ്രാക്റ്റിസ് ആരംഭിച്ച മേനോൻ മികച്ച ട്രേഡ് യൂണിയൻ നേതാവും പ്രഭാഷകനും രാഷ്ട്രീയനേതാവുമായി പേരെടുത്തു. 1942 ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് ജയിലിലായി. 1945 ൽ കൊച്ചി നിയമസഭയിൽ പ്രജാമണ്ഡലം കക്ഷിയുടെ നേതാവായി. പിറ്റേക്കൊല്ലം കൂട്ടുമന്ത്രിസഭയിൽ അംഗമായി. ദിവാൻ ഭരണമവസാനിച്ചപ്പോൾ ഗോവിന്ദമേനോൻ കൊച്ചിയിൽ പ്രധാനമന്ത്രിയായി. സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഭരണഘടനാനിർമാണസഭയിൽ അംഗമായി. ഇക്കണ്ടവാര്യർ മന്ത്രിസഭയിലും തിരുകൊച്ചി മന്ത്രിസഭയിലും അംഗമായിരുന്നു. തിരുകൊച്ചി മുഖ്യമന്ത്രിയുമായി. പിന്നീട് ലോക്സഭാംഗമായി. ആദ്യം കേന്ദ്രസഹമന്ത്രിയും പിന്നീട് ക്യാബിനറ്റ് മന്ത്രിയുമായി. കേന്ദ്രമന്ത്രിയായിരിക്കെ അന്തരിച്ചു.

ബാരിസ്റ്റർ ജി.പി പിള്ള

പേനയില്‍ മഷിക്കുപകരം തീ നിറച്ചെഴുതിയ വിപ്ലവകാരി! അതായിരുന്നു ബാരിസ്റ്റർ ജി.പി പിള്ളയെന്ന ജി.പരേമശ്വരന്‍ പിളള. തിരുവിതാംകൂറില്‍ വിശാഖം തിരുനാള്‍ നാടു ഭരിക്കുന്ന കാലം. ദിവാന്റെ നടപടികൾക്കെതിരേ വെസ്റ്റേണ്‍ സ്റ്റാര്‍" എന്ന ഇംഗ്ലീഷ്‌ പത്രത്തില്‍ ചില ലേഖനപരമ്പരകള്‍ പ്രത്യക്ഷപ്പെട്ടു. ആരാണിതിനു പിന്നില്‍ എന്ന അന്വേഷണം ചെന്നെത്തിയത്‌ ജി.പി പിള്ളയെന്ന മീശമുളക്കാത്ത പയ്യനിലായിരുന്നു!

1864 ഫെബ്രുവരി 26-ന്‌ തിരുവനന്തപുരത്താണ്‌ ജി.പി പിള്ള ജനിച്ചത്‌. പത്രപ്രവര്‍ത്തനം അദ്ദേഹത്തിനു പൊതുപ്രവര്‍ത്തനമായിരുന്നു. മദ്രാസ്‌ സ്റ്റാന്‍ഡേര്‍ഡി'ലും മദ്രാസ്‌ മെയിലിലും പിള്ളയെഴുതിയ മുഖപ്രസംഗങ്ങളോരോന്നും കൊടുങ്കാറ്റുകളായി മാറി. തിരുവിതാംകൂര്‍ ഭരണത്തിലെ പിടിപ്പുകേടുകളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ദിവാന്‍ ടി.രാമറാവുവിന്റെ ദുര്‍ബലമായ ഭരണത്തിനെതിരെ 'ഒരു രാജ്യസ്നേഹി’ എന്ന പേരില്‍ പ്രധാനപത്രങ്ങളിലെല്ലാം ലേഖനമെഴുതി. മഹാരാജാവിനെ സുഖലോലുപനെന്നും അല്‍പ്പബുദ്ധിയെന്നുമായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചത്‌.

"തിരുവിതാംകൂര്‍ ഭരണം തിരുവിതാംകൂറുകാര്‍ക്ക്‌എന്ന പേരില്‍ പിള്ളയെഴുതിയ ലഘുലേഖ വലിയ മാറ്റത്തിനു വഴിവച്ചു. തിരുവിതാംകൂറില്‍ ഉയര്‍ന്ന ഉദ്യോഗത്തില്‍ നിന്ന്‌ നാട്ടുകാരെ ഒഴിവാക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്‌. ഇതിനെതിരേ 10,037 പേര്‍ ഒപ്പിട്ട്‌ മലയാളി മെമ്മോറിയല്‍ എന്ന പേരില്‍ ഭീമ ഹർജി സമർപ്പിക്കാൻ പിള്ള മുൻകൈയെടുത്തു. 'റെപ്രസെന്റേറ്റീവ് ഇന്ത്യൻസ്', 'ഇന്ത്യൻ കോണ്‍ഗ്രസ്‌ മെന്‍ ' തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ച ജി.പി. പിള്ള 1903-ല്‍ 39 ആം വയസ്സില്‍ അന്തരിച്ചു. അദ്ദേഹം മരിച്ചപ്പോള്‍ ഒരു പത്രമെഴുതിയത്‌ ഇങ്ങനെയായിരുന്നു. ഭാരതത്തിലെ ഇരുള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ഒരു സുവര്‍ണതാരം കൂടി പൊലിഞ്ഞു".

പിള്ളയും ഗാന്ധിജിയും

ദക്ഷിണാഫ്രിക്കയിലെ ദുരിതജീവിതത്തെക്കുറിച്ച് ജി.പി.പിള്ളയെഴുതിയ ലേഖനങ്ങള്‍ തന്നെ സഹായിച്ചിട്ടുണ്ടെന്ന്‌ ആത്മകഥയില്‍ ഗാന്ധിജി അനുസ്‌മരിക്കുന്നുണ്ട്‌. ബാരിസ്റ്റർ പരീക്ഷ പാസായി നാട്ടിലെത്തിയ പിള്ളയ്ക്ക്‌ തിരുവിതാംകൂറിലെ ഏറ്റവും ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്യപെട്ടെങ്കിലും അദ്ദേഹം അതു നിരസിച്ച്‌ അഭിഭാഷകന്റെ ജോലി സ്വീകരിക്കുകയാണ്‌ ചെയ്യത്‌.

ശ്രീ ശുഭാനന്ദ ഗുരുദേവൻ

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തുടച്ചുനീക്കാനായി ജീവിതം സമർപ്പിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു ശുഭാനന്ദ ഗുരുദേവൻ. ചെങ്ങന്നൂരിനടുത്തുള്ള ബുധന്നൂരിൽ 1882 ലാണ് ശ്രീ ശുഭാനന്ദ ഗുരുദേവൻ ജനിച്ചത്. സാമൂഹിക നവീകരണത്തിന് ആധ്യാത്മിക മാർഗം സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യർക്ക് എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശമാണ് ശുഭാനന്ദ ഗുരുവും സ്വീകരിച്ചത്. 1926 ൽ അദ്ദേഹം ആത്മബോധോദയ സംഘം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു 1934 ജനുവരിയിൽ മാവേലിക്കരയ്ക്കടുത്തുള്ള തട്ടാരമ്പലത്തുവച്ച് ഗാന്ധിജിക്കു സ്വീകരണം നൽകിയത്. 1950 ൽ ശുഭാനന്ദ ഗുരുദേവൻ സമാധിയായി.

ഡോ. അയ്യത്താൻ ഗോപാലൻ

പത്തൊമ്പതാം നൂറ്റാണ്ടിലാണ് സംഭവം. കേരളത്തിൽ ജാതിവ്യവസ്ഥ കൊടികുത്തി വാണിരുന്ന കാലം. സവർണസമുദായത്തിൽ പിറന്ന ഗോപാലൻ എന്ന യുവാവ് അരയ സമുദായത്തിൽപ്പെട്ട സുഹൃത്തിന്റെ വീട്ടിൽ വിവാഹവിരുന്നിൽ പങ്കെടുക്കാൻ പോയി. തിരിച്ചെത്തിയ ഗോപാലനെ കാത്തിരുന്നത് കാരണവന്മാരുടെ ശകാരവർഷമായിരുന്നു. ധീരനായ ഗോപാലൻ മറ്റൊന്നും ആലോചിച്ചില്ല. ജാതിയുടെ അടയാളവും അഭിമാനവുമായി കൊണ്ടുനടന്ന കുടുമ മുറിച്ചുകളഞ്ഞു! ജാതിവ്യവസ്ഥക്കെതിരെ പ്രതികരിച്ച ആ യുവാവാണ് ഡോ. അയ്യത്താൻ ഗോപാലൻ എന്നപേരിൽ പിന്നീട് പ്രസിദ്ധനായത്.

റാം മോഹൻ റോയി സ്ഥാപിച്ച ബ്രഹ്മസമാജത്തിന് കേരളത്തിൽ വേരോട്ടമുണ്ടാക്കിയവരിൽ പ്രമുഖനാണ് ഡോ. അയ്യത്താൻ ഗോപാലൻ. 1861 മാർച്ച് മൂന്നിന് തലശ്ശേരിയിലാണ് അദ്ദേഹം ജനിച്ചത്. ജാതിവ്യവസ്ഥയോടും അന്ധവിശ്വാസങ്ങളോടും ചെറുപ്പത്തിലേ കടുത്ത വിയോജിപ്പു പ്രകടിപ്പിച്ചിരുന്ന അദ്ദേഹം ജാതിവ്യത്യാസങ്ങൾ നോക്കാതെ വിരുന്നുകളിലും മറ്റും പങ്കെടുത്തു. കുടുമ മുറിച്ചു കളഞ്ഞതോടെ വീട്ടിൽനിന്ന് അദ്ദേഹം പുറത്തായി. പിന്നീട് സർക്കാർ സർവീസിൽ ഡോക്ടറായി പ്രവേശിച്ച ഡോ. അയ്യത്താൻ 1898 ജനുവരി 14 ന് കോഴിക്കോട് ബ്രഹ്മസമാജത്തിന്റെ ശാഖ സ്ഥാപിച്ചു. ഇതിലൂടെ മിശ്രവിവാഹങ്ങൾക്കും മിശ്രഭോജനത്തിനുമൊക്കെ അദ്ദേഹം നേതൃത്വം നൽകി. വിഗ്രഹാരാധനയ്ക്കും ജാതിവ്യവസ്ഥയ്ക്കും എതിരെ അക്ഷീണം പ്രയത്നിച്ച ഡോ. അയ്യത്താൻ 1948 മേയ് രണ്ടിന് അന്തരിച്ചു.

പാമ്പാടി ജോൺ ജോസഫ്

കേരളത്തിൽ ദലിത് നവോത്ഥാനത്തിനു വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് പാമ്പാടി ജോൺ ജോസഫ്. 1887 ൽ കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് അദ്ദേഹം ജനിച്ചത്. മതപരിവർത്തനത്തിലൂടെ ക്രിസ്ത്യാനികളായി മാറിയവർ അനുഭവിക്കുന്ന വിവേചനങ്ങൾക്കെതിരെ അദ്ദേഹം പ്രതികരിച്ചു. 1921'തിരുവിതാംകൂർ ചേരമർ മഹാസഭ' എന്ന സംഘടനയ്ക്കു രൂപം നൽകി. കേരളത്തിലെ ജനങ്ങൾ എന്നാണ് ചേരമർ എന്ന വാക്കിന്റെ അർഥം. ക്രിസ്ത്യാനികളിൽ വിവേചനം അനുഭവിക്കുന്നവർക്കൊപ്പം ഹിന്ദു സമുദായത്തിലെ ജാതിവിവേചനം അനുഭവിക്കുന്നവർക്കും ഈ സംഘടനയിൽ അംഗത്വം നൽകിയിരുന്നു.

'സവർണക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനികളും' എന്ന അദ്ദേഹത്തിന്റെ പുസ്‌തകം വലിയ കോളിളക്കം സൃഷ്ടിച്ചു. അധ്യാപകനായും പട്ടാളക്കാരനായും ജോലിനോക്കിയ ശേഷമാണ് ജോൺ ജോസഫ് തന്റെ സമുദായത്തിന്റെ നവീകരണത്തിനായി ഇറങ്ങിയത്. 1931 ൽ അദ്ദേഹം ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1940 ജൂലൈയിലായിരുന്നു പാമ്പാടി ജോൺ ജോസഫിന്റെ നിര്യാണം. 1919 ൽ പാമ്പാടി ജോൺ ജോസഫ് തുടങ്ങിയ 'സാധുജനദൂതൻ' മാസിക പിന്നീട് ചേരമർ മഹാസഭയുടെ മുഖപത്രമായി. ശക്തമായ ധാരാളം ലേഖനങ്ങൾ അദ്ദേഹം ഇതിൽ എഴുതി. 1924 വരെ ഈ മാസിക പ്രസിദ്ധീകരണം തുടർന്നു.

മിതവാദി സി കൃഷ്ണൻ

പത്രാധിപർ, അഭിഭാഷകൻ, യുക്തിവാദി തുടങ്ങി ഒട്ടേറെ മേഖലകളിൽ നിറഞ്ഞുനിന്ന് കേരളത്തിലെ സാമൂഹ്യപരിഷ്കരണത്തിനു കനത്ത സംഭാവനകൾ നൽകിയ ആളാണ് മിതവാദി സി.കൃഷ്ണൻ. 1867 ജൂൺ 11 നാണ് അദ്ദേഹത്തിന്റെ ജനനം. സമ്പന്നകുടുംബത്തിൽ ജനിച്ചെങ്കിലും ജാതീയമായ ഒട്ടേറെ അവഗണനകൾ അദ്ദേഹത്തിനു നേരിടേണ്ടിവന്നു. അഭിഭാഷകനായി തിളങ്ങിയ കൃഷ്ണൻ സാമൂഹികപ്രവർത്തനങ്ങളിലും സജീവമായിരുന്നു. മദ്രാസ് നിയമനിർമാണസഭയിൽ അംഗമായിരുന്ന അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്റെ മുൻനിര പ്രവർത്തകനായിരുന്നു.

1913'തീയരുടെ ഒരു മലയാളമാസിക' എന്ന പേരിലാണ് 'മിതവാദി' മാസിക ആരംഭിക്കുന്നത്. ജാതിവ്യവസ്ഥയില്ലാതെ, ജനങ്ങൾക്കു തുല്യനീതി ലഭിക്കാൻ ബ്രിട്ടീഷ് ഭരണമാണു നല്ലതെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ തളി റോഡ് സമരം, ജൻമിവ്യവസ്ഥയ്ക്ക് എതിരായ കുടിയാൻ പ്രക്ഷോഭം എന്നിവയ്‌ക്കെല്ലാം അദ്ദേഹം നേതൃത്വം വഹിച്ചു. കോഴിക്കോട് തളിക്ഷേത്രത്തിനു പരിസരത്തുള്ള റോഡുകളിൽ താഴ്ന്ന ജാതിക്കാർ നടക്കരുത് എന്ന ഉത്തരവിനെതിരെ ആയിരുന്നു തളി റോഡ് സമരം നടന്നത്. ഉത്തരവ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ സി.കൃഷ്ണൻ റോഡിലൂടെ കുതിരവണ്ടിയിൽ സഞ്ചരിക്കുകയും കളക്ടർക്ക് കത്തയക്കുകയും ചെയ്തു. അവസാനകാലത്ത് ബുദ്ധമതം സ്വീകരിച്ച അദ്ദേഹം 1938 നവംബർ 29 ന് അന്തരിച്ചു.

പി കൃഷ്ണപിള്ള

'സഖാവ്' എന്നു മാത്രം പറഞ്ഞാൽ അത് പി.കൃഷ്ണപിള്ളയെ കുറിച്ചാണെന്നു കമ്മ്യൂണിസ്റ്റ് നേതാക്കൾ മാത്രമല്ല തൊഴിലാളികളടക്കമുള്ള സാധാരണ ജനങ്ങൾക്കും അറിയാമായിരുന്നു. 'കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്' എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. 1906 ൽ കോട്ടയം ജില്ലയിലെ വൈക്കത്ത് പറവൂർ തറവാട്ടിലാണ് പി. കൃഷ്ണപിള്ളയുടെ ജനനം. കുട്ടിക്കാലത്തുതന്നെ അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടപ്പെട്ടു. പഠനം ഇടയ്ക്കു മുടങ്ങി. നന്നേ ചെറുപ്പത്തിലേ കയർ ഫാക്ടറി തൊഴിലാളിയായും സൈക്കിൾ ഷോപ്പ് ജീവനക്കാരനായും ചായക്കടക്കാരനായും ഒക്കെ ജോലി ചെയ്താണ് ജീവിച്ചത്. ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ച കൃഷ്ണപിള്ള പിന്നീട് ഹിന്ദി പ്രചാരകനായി. തിരികെ കേരളത്തിലെത്തിയ അദ്ദേഹം കോൺഗ്രസിൽ ചേർന്നു പ്രവർത്തനം തുടങ്ങി. വെല്ലുവിളികളെ അദ്ദേഹം തെല്ലും കൂസാക്കിയില്ല.

സാമൂതിരിയുടെ പടയാളികളുടെ മർദനത്തെ അവഗണിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ മണിമുഴക്കാൻ പി.കൃഷ്ണപിള്ള തന്റേടം കാണിച്ചു. ആ മണി മുഴക്കിയ ബ്രാഹ്മണനല്ലാത്ത ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം. കോഴിക്കോട്ടു നിന്ന് പയ്യന്നൂരിലേക്കു നടന്ന ഉപ്പുസത്യാഗ്രഹ മാർച്ചിലും അദ്ദേഹം പങ്കെടുത്തു. ഗാന്ധിയനായിട്ടായിരുന്നു കൃഷ്ണപിള്ളയുടെ തുടക്കം. 1934ൽ കോഴിക്കോടു വച്ച് കേരള സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിതമായി. 1939 ൽ കണ്ണൂരിലെ പിണറായിയിൽ നടന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് സമ്മേളനം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപവൽക്കരണ സമ്മേളനമായി. കൃഷ്ണപിള്ളയായിരുന്നു പാർട്ടിയുടെ കേരള സെക്രട്ടറി.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആയിരങ്ങളെ കൊണ്ടുവരാൻ അതിസാഹസികമായ പ്രവർത്തനമാണ് കൃഷ്ണപിള്ള നടത്തിയത്. തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ യോഗങ്ങൾ സംഘടിപ്പിച്ചും ജന്മിത്തത്തിനെതിരെ പോരാട്ടങ്ങൾ സംഘടിപ്പിച്ചുമാണ് അദ്ദേഹം അത് സാധിച്ചത്. 1946 ലെ പാപ്പിനിശ്ശേരി ആറോൺമിൽ സമരത്തിൽ എ.കെ.ജിക്കൊപ്പം പി.കൃഷ്ണപിള്ളയും ശക്തമായി പങ്കെടുത്തു. മലബാറിൽ നിന്ന് കൃഷ്ണപിള്ളയെ നാടുകടത്താൻ അന്നത്തെ മദ്രാസ് സർക്കാർ ഉത്തരവിട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച സമയത്ത് ഒളിവിൽ കഴിയുമ്പോൾ, 1948 ഓഗസ്റ്റ് 19 ന് പാമ്പുകടിയേറ്റ് അദ്ദേഹം മരണമടഞ്ഞു.

കെ പി കേശവമേനോൻ

1886 സെപ്റ്റംബർ 1-ന് പാലക്കാട് ജില്ലയിലെ തരൂർ ഗ്രാമത്തിൽ കെ പി കേശവമേനോൻ ജനിച്ചു. പിതാവ് - ഭീമൻ അച്ചൻ. മാതാവ് - മീനാക്ഷി നൈത്യാർ. പാലക്കാട് മഹാരാജാവിന്റെ പൗത്രനായ സ്വാതന്ത്ര്യസമരസേനാനിയും സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്നു അദ്ദേഹം. ലണ്ടനിൽ ബാർ അറ്റ് ലാ പഠനം പൂർത്തിയാക്കി. കോഴിക്കോട് ആസ്ഥാനമാക്കി മലബാർ ഹോം റൂൾ ലീഗിന് നേതൃത്വം നൽകി. 1923 ൽ മാതൃഭൂമി സ്ഥാപിച്ചു. കേരളത്തിൽ ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കെ.പി.സി.സി സെക്രട്ടറിയായിരുന്ന കെ.പി. കേശവമേനോൻ 'മാതൃഭൂമി' പത്രം കോഴിക്കോട്ടുനിന്ന് ത്രൈവാരികയായി ആരംഭിച്ചത്. തുടക്കത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു പ്രസിദ്ധീകരണം. മാതൃഭൂമി ദിനപത്രമായത് 1930 ഏപ്രിൽ ആറിനാണ്. 1927 മുതല്‍ 1948വരെ മലയായില്‍ അഭിഭാഷകനായി ജോലിനോക്കി. 1951 ൽ സിലോണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായ ഇദ്ദേഹത്തിന് പത്മഭൂഷൺ, കോഴിക്കോട് സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ബിരുദം എന്നിവ ലഭിച്ചിട്ടുണ്ട്. അദ്ദേഹം രചിച്ച യാത്രാവിവരണമായ ബിലാത്തിവിശേഷവും, ആത്മകഥയായ കഴിഞ്ഞകാലവും മലയാള സാഹിത്യത്തിൽ സവിശേഷ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. 1978 നവംബർ 9-ന് അന്തരിച്ചു.

അർണോസ് പാതിരി

മലയാളഗദ്യത്തിന്റെ വളർച്ചയെ ഏറെ സഹായിച്ച മലയാളം - പോർച്ചുഗീസ് നിഘണ്ടു എഴുതിയത് ഹംഗറിക്കാരനായ അർണോസ് പാതിരിയാണ്. പാശ്ചാത്യനാട്ടില്‍നിന്ന്‌ ഇവിടെ വന്ന്‌ സംസ്കൃതവും മലയാളവും ഹൃദിസ്ഥമാക്കി തത്ത്വവിജ്ഞാനപ്രദങ്ങളായ കവിതകള്‍ രചിച്ച വ്യക്തി എന്ന നിലയിലാണ്‌ മലയാളകാവ്യസാഹിത്യത്തില്‍ അര്‍ണോസ്‌ പാതിരി ഇടം നേടുന്നത്‌. ആധുനിക കാവ്യനിരൂപണ വെളിച്ചത്തില്‍ പാതിരിയുടെ കവിതകള്‍ക്ക്‌ മൂല്യം കുറവായിരിക്കാം. എന്നാല്‍ കാലഘട്ടത്തെ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ കൃതികള്‍ ശ്രേഷ്ഠവും ഉത്തമവും തന്നെ. ഇപ്പോഴും ക്രിസ്ത്യാനികളുടെ വീടുകളില്‍ അദ്ദേഹത്തിന്റെ മിശിഹാചരിത്രവും ദേവമാതൃചരിതവും വായിക്കുക പതിവുണ്ട്‌. എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ട്‌ നിത്യപാരായണം ചെയ്യുന്നതുപോലെയാണ്‌ ക്രിസ്തീയഭവനങ്ങളില്‍ ഈ കൃതികള്‍ വായിക്കുന്നത്‌. ആ ലക്ഷ്യം ഉള്ളില്‍ കണ്ടുതന്നെയാണ്‌ തനി ദ്രാവിഡവൃത്തങ്ങളില്‍ അദ്ദേഹം ഇത്തരം കൃതികള്‍ക്ക്‌ ജന്മംനല്‍കിയതും.

അര്‍ണോസ്‌ പാതിരി 1699-ല്‍ കേരളത്തില്‍ എത്തി. യഥാര്‍ഥ പേര് ജോണ്‍ ഏണസ്റ്റസ്‌ ഹാങ്സന്‍ഡര്‍. ഏണസ്റ്റസ്‌ എന്നതിന്റെ മലയാളവത്കൃതരൂപമാണ്‌ അര്‍ണോസ്‌. 1681 -ല്‍ ഹംഗറിയിലാണ്‌ അദ്ദേഹം ജനിച്ചത്‌. മതപ്രചാരണത്തിനുവേണ്ടിയാണ്‌ അദ്ദേഹം മലയാളഭാഷ പഠിച്ചത്‌. അമ്പഴക്കാട്ട്‌ കുറേക്കാലം ഈശോസഭക്കാരുടെ ആശ്രമത്തില്‍ വസിച്ചു. പിന്നിട്‌ തൃശൂരിലെത്തി. താന്‍ വസിക്കുന്ന നാട്ടിലെ ഭാഷയെക്കുറിച്ച്‌ അദ്ദേഹം തിരിച്ചറിഞ്ഞു. മലയാളത്തില്‍ എന്തെങ്കിലും നവീകരണം നടത്തണമെങ്കില്‍ സംസ്കൃതജ്ഞാനം ആവശ്യമാണെന്ന്‌ തിരിച്ചറിഞ്ഞ അര്‍ണോസ്‌ പാതിരി തൃശൂരില്‍വച്ച്‌ സംസ്‌കൃതപഠനം തുടങ്ങി. വളരെവേഗം അദ്ദേഹം ആ ഭാഷ പഠിച്ചു. നല്ല പരിജ്ഞാനം അതില്‍ നേടി. വേലൂര്‍ എന്ന സ്ഥലത്ത്‌ കുറേക്കാലം വസിച്ച്‌ മതപ്രചാരണം നടത്തി. അവിടെ ഒരു പളളിയും സ്ഥാപിച്ചു.

എഴുത്തച്ഛന്റെ കൃതികള്‍ അര്‍ണോസ്‌ പാതിരിയെ ഏറെ ആകര്‍ഷിച്ചു. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങള്‍ തുടച്ചുമാറ്റണമെങ്കില്‍ മനുഷ്യമനസ്സുകള്‍ പരിഷ്കൃതമാകണമെന്ന്‌ മനസ്സിലാക്കിയതുകൊണ്ടാണല്ലോ എഴുത്തച്ഛന്‍ ഭക്തിക്കു പ്രാധാന്യം നല്‍കി കൃതികള്‍ രചിച്ചത്‌. ആ പാത പിന്തുടരാന്‍ അര്‍ണോസ്‌ പാതിരിയും തീരുമാനിച്ചു. ക്രിസ്തീയഭവനങ്ങളില്‍ നിത്യപാരായണത്തിനുവേണ്ടുന്ന ചില ഗ്രന്ഥങ്ങള്‍ എഴുതാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ്‌ ചതുരന്ത്യം, മിശിഹാചരിത്രം, പുത്തന്‍പാന, ഉമ്മാപര്‍വം എന്നീ കൃതികള്‍ രചിച്ചത്‌. പഴയതും പുതിയതും യോജിപ്പിച്ച് സാധാരണക്കാരനുവേണ്ടി ഗ്രന്ഥരചന നടത്തിയ മഹാനാണ് അർണോസ് പാതിരി. 1732 ൽ പഴയൂർ പള്ളിയിൽവച്ച് 51 ആം വയസ്സിൽ അന്തരിച്ചു.

ഡോ വി.വി. വേലുക്കുട്ടി അരയൻ

1894 മാർച്ച് 11ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയ്ക്കടുത്ത് ആലപ്പാട് എന്ന കടലോരഗ്രാമത്തിൽ വേലുക്കുട്ടി അരയൻ ജനിച്ചു. നവോത്ഥാന നായകൻ, കവി, സാഹിത്യകാരൻ, ഡോക്ടർ, വിമർശകൻ, ശാസ്ത്രജ്ഞൻ, ചരിത്രക്കാരൻ, പത്രാധിപർ എന്നീ നിലകളിൽ പ്രസിദ്ധി നേടിയ ഒരു ബഹുമുഖപ്രതിഭയായിരുന്നു ഡോ. വി.വി. വേലുക്കുട്ടി അരയൻ. ധർമ പോഷിണി വാരിക, സമാധാനം മാസിക, തീരദേശം വാരിക, കലാകേരളം മാസിക, ചിരിമാസിക തുടങ്ങിയവ ഡോ. വേലുക്കുട്ടി അരയന്റെ നേതൃത്വത്തിൽ ആരംഭിച്ച മറ്റ്  പ്രസിദ്ധീകരണങ്ങളാണ്. രസലക്ഷണ സമുച്ചയം, വാസവദത്താ നിർവ്വാണം (ആട്ടക്കഥ), കുറുക്കൻ കഥകൾ (ബാലസാഹിത്യം) തുടങ്ങിയവ വേലുക്കുട്ടി അരയന്റെ പ്രധാന കൃതികളാണ്. ത്രിവിക്രമൻ, വജ്ര സൂചി, ആലപ്പാടൻ, ചക്ഷുശ്രവണൻ, ആലപ്പാട്ടു ബാലൻ, കുംഭാണ്ഡൻ, ചെമ്മാന്ത്രം, മണി തുടങ്ങിയവ അദ്ദേഹത്തിന്റെ തൂലികാനാമങ്ങളാണ്. അരയവംശ പരിപാലന യോഗം, അരയ സർവ്വീസ് സൊസൈറ്റി, അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം, തിരുവിതാംകൂർ മിനറൽ വർക്കേഴ്‌സ് യൂണിയൻ എന്നിവയാണ് വേലുക്കുട്ടി അരയൻ സ്ഥാപിച്ച സംഘടനകൾ.

സി.വി. കുഞ്ഞിരാമന്‍

ഡോ പൽപ്പുവിന്റെ സുഹൃത്തും ശ്രീനാരായണഗുരുവിന്റെ ശിഷ്യനുമായ സി.വി. കുഞ്ഞുരാമൻ പത്രാധിപർ, സാഹിത്യകാരൻ, സാമൂഹ്യചിന്തകൻ, സമുദായപരിഷ്കർത്താവ് എന്നീ നിലകളിലും മികവു തെളിയിച്ച വ്യക്തിയാണ്. 'കേരളകൗമുദി'യുടെ സ്ഥാപക പത്രാധിപരായിരുന്നു അദ്ദേഹം. 1871 ൽ കൊല്ലം താലൂക്കിലെ മയ്യനാട്ടാണ് സി.വിയുടെ ജനനം. സ്വസമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച അദ്ദേഹം വൈക്കം സത്യാഗ്രഹത്തിന് ഒത്താശകൾ ചെയ്തുകൊടുത്തിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. ഏറെ പ്രബന്ധങ്ങളും സാഹിത്യകൃതികളും രചിച്ച സി.വി 1949ൽ അന്തരിച്ചു.

സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ

1847 ൽ പൊന്നാനി താലൂക്കിലെ വെളിയംകോട് എന്ന സ്ഥലത്ത് സനുല്ല മക്തി തങ്ങൾ ജനിച്ചു. കേരള മുസ്ലിം നവോത്ഥാനത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ മേഖലയിൽ മുസ്ലീം സാമൂഹിക പരിഷ്കർത്താവും മാപ്പിളയിലെ പിന്നോക്ക സമുദായങ്ങൾക്കിടയിൽ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ വക്താവുമായിരുന്നു. മുസ്ലിം വിഭാഗത്തിന്റെ നവീകരണത്തിന് ശരിയായ രീതിയിലുള്ള വിദ്യാഭ്യാസമാണ് വേണ്ടതെന്ന് മനസ്സിലാക്കിയ ആദ്യത്തെ മുസ്ലീം പണ്ഡിതൻ കൂടിയായിരുന്നു അദ്ദേഹം. 1912 ൽ അന്തരിച്ചു.

കെ.പി.വള്ളോൻ

കൊച്ചിയിലെ വിപ്ലവസമരങ്ങളുടെ നേതാവ്. 1894 ജനുവരി രണ്ടിന് കൊച്ചിയിൽ ജനനം. പുലയസമുദായം അനുഭവിക്കുന്ന ജാതീയമായ പീഡനങ്ങൾക്കെതിരെ നവോത്ഥാനത്തെ സജ്ജമാക്കിയ വിപ്ലവകാരിയായിരുന്നു വള്ളോൻ. ആധുനിക വിദ്യാഭ്യാസത്തെ സാമുദായിക വികസനത്തിനുവേണ്ടി ഉപയോഗിക്കാനാണു വള്ളോൻ ശ്രമിച്ചത്. ഹരിജനങ്ങൾക്കുവേണ്ടി സംഘടിപ്പിക്കുന്ന പ്രസംഗപരിപാടികൾക്കു യാഥാസ്ഥിതികർ തടയിടുമ്പോൾ കായലിനു നടുവിൽ പോയി വള്ളത്തിൽനിന്നു വള്ളോൻ പ്രസംഗിക്കുമായിരുന്നു. കൊച്ചി പുലയർ മഹാസഭയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1931-40 കാലയളവിൽ കൊച്ചി നിയമസഭാംഗമായിരുന്നു. 1935ൽ ബുദ്ധമതം സ്വീകരിച്ചു. 1936ൽ എറണാകുളത്തുനിന്ന് 'അധഃകൃതൻ' എന്ന പേരിൽ മാസിക തുടങ്ങി. അതേ വർഷം 'ഹരിജൻ' എന്ന മറ്റൊരു മാസികയും ആരംഭിച്ചു. 1938ൽ ദളിത് വിദ്യാർഥികൾക്കുവേണ്ടി ഹോസ്റ്റൽ സ്ഥാപിച്ചു. വസൂരി ബാധിതർക്കായി സേവനപ്രവർത്തനം നടത്തുന്നതിനിടയിൽ 1940 ഏപ്രിൽ 14ന് വസൂരി ബാധിച്ച് കെ.പി.വള്ളോൻ മരണമടഞ്ഞു.

കുമ്പളത്ത് ശങ്കുപ്പിള്ള

സാമൂഹിക വിപ്ലവകാരി. സ്റ്റേറ്റ് കോൺഗ്രസ് പ്രസ്ഥാനത്തിന്റെ നേതാവ്. പന്മന ആശ്രമം സ്ഥാപകൻ. 1898 ഫെബ്രുവരി ജനനം. ചട്ടമ്പിസ്വാമികളെ പരിചയപ്പെട്ടത് ജീവിതത്തിലെ പ്രധാന വഴിത്തിരിവായി. സ്വാമികളുടെ സന്ദർശനത്തിന്റെ മാർഗം സ്വീകരിച്ചുകൊണ്ടു പ്രവർത്തനമാരംഭിച്ചു. 1925ൽ അധഃസ്ഥിതരെ പങ്കെടുപ്പിച്ചുകൊണ്ട് കുമ്പളം നടത്തിയ 'കുളിവിപ്ലവങ്ങൾ' അയിത്ത നിർമാർജനത്തിന് ആക്കം കൂട്ടി. പന്മനയിലെ പൊതുകുളങ്ങൾ അയിത്ത വിഭാഗങ്ങൾക്കായി അദ്ദേഹം തുറന്നുകൊടുത്തു. 1926ൽ കണ്ണൻകുളങ്ങര ക്ഷേത്രത്തിൽ ദളിതരെ പ്രവേശിപ്പിച്ചത് സവർണരെ ചൊടിപ്പിച്ചു. തിരുവിതാംകൂറിലെ ആദ്യത്തെ ക്ഷേത്രപ്രവേശന വിപ്ലവമായിരുന്നു അതെന്ന് സി.വി.കുഞ്ഞിരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്. 'തിരുവിതാംകൂർ രാഷ്ട്രീയത്തിലെ കിങ്മേക്കർ' എന്നു വിശേഷിപ്പിക്കപ്പെട്ട കുമ്പളം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പല തവണ ജയിൽവാസം അനുഭവിച്ചു. 1924ൽ ചട്ടമ്പിസ്വാമികൾ പന്മനയിൽ സമാധിയായപ്പോൾ ആശ്രമവും സമാധി സ്‌മാരകവും പണികഴിപ്പിച്ചത് കുമ്പളത്ത് ശങ്കുപ്പിള്ളയാണ്. 1934ൽ പന്മന ആശ്രമത്തിലെത്തിയ ഗാന്ധിജിക്ക് ഹരിജൻ ഫണ്ട് പിരിച്ചു നൽകിയത് കുമ്പളമാണ്. 1969 ഏപ്രിൽ 16ന് കുമ്പളത്ത് ശങ്കുപ്പിള്ള അന്തരിച്ചു. കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ആത്മകഥയാണ് 'എന്റെ കഴിഞ്ഞകാല സ്മരണകൾ'.

കുറ്റിപ്പുഴ കൃഷ്ണപിള്ള

1900 ഓഗസ്റ്റ് 1ന് എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് കുറ്റിപ്പുഴയിൽ ജനിച്ചു. പിതാവ് - ശങ്കരൻ നമ്പൂതിരി. മാതാവ് - ദേവകിയമ്മ. ആലുവാ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായിരുന്നു. യുക്തിവാദിയും സാമൂഹിക പരിഷ്‌കർത്താവും ചിന്തകനും സാഹിത്യനിരൂപകനും ഗ്രന്ഥകാരനും അധ്യാപകനുമായിരുന്ന ഇദ്ദേഹം ശ്രീനാരായണഗുരുവിന്റെ സുഹൃത്തായിരുന്നു. കേരള യുക്തിവാദിസംഘവുമായും പുരോഗമനസാഹിത്യ സംഘടനയുമായും ചേർന്ന് പ്രവർത്തിച്ചിരുന്ന കുറ്റിപ്പുഴ, 1968ൽ മൂലധനത്തിന്റെ (ദാസ് ക്യാപിറ്റൽ) വിവർത്തനത്തിന് നേതൃത്വം നൽകി. 1969ൽ സോവിയറ്റ്ലാന്റ് നെഹ്‌റു അവാർഡ് നേടി. 1971ൽ അന്തരിച്ചു.

കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്

ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനുമായിരുന്നു കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്. 1896 ജനുവരി 1ന് തൃശൂർ ജില്ലയിലെ അടാട്ട് ഗ്രാമത്തിൽ ജനിച്ചു. പിതാവ് - അഷ്ടമൂർത്തി നമ്പൂതിരിപ്പാട്. മാതാവ് - ഉമാ അന്തർജനം. 1920ൽ കുറൂർ കോഴിക്കോട് വച്ച് ഗാന്ധിജിയെ കണ്ടുമുട്ടി. മഹാത്മാഗാന്ധിയിൽ ആകൃഷ്ടനായ കുറൂർ നിസ്സഹകരണപ്രസ്ഥാനത്തിൽ പങ്കെടുത്തുകൊണ്ട് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ പങ്കുചേർന്നു. ബാലഗംഗാധര തിലകനുമായി വ്യക്തിബന്ധം പുലർത്തിയ കുറൂർ 1920ൽ തൃശൂരിൽ നിന്ന് 'ലോകമാന്യൻ' എന്ന പത്രം ആരംഭിച്ചു. പത്രത്തിലെ ദേശദ്രോഹപരമായ ലേഖനങ്ങളെത്തുടർന്ന് ജയിൽവാസം അനുഭവിച്ചു. ഗാന്ധിജിയുടെ ഖാദി പ്രസ്ഥാനത്തിന് കേരളത്തിൽ പ്രചാരം നൽകി. വൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, ഉപ്പ് സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യാ സമരം എന്നിവയിൽ പങ്കെടുത്തു. 1960ൽ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച് ജോസഫ് മുണ്ടശ്ശേരിയെ പരാജയപ്പെടുത്തി. 1981 ഓഗസ്റ്റ് 31ന് അന്തരിച്ചു.

എം.സി.ജോസഫ്

കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ തുടക്കകാരിലൊരാളാണ് മൂക്കഞ്ചേരിൽ ചെറിയാൻ ജോസഫ്. 1887ൽ തൃപ്പൂണിത്തുറയിൽ ജനിച്ചു. പിതാവ് - കുഞ്ചെറിയ. മാതാവ് - കുഞ്ഞാമറിയ. മതനിയമങ്ങളെ ധിക്കരിക്കാനും ദിവ്യാത്ഭുതങ്ങളെ വെല്ലുവിളിക്കാനും തയ്യാറായ നവോത്ഥാന നായകനായിരുന്നു എം.സി.ജോസഫ്. യുക്തിവാദി മാസികയുടെ പത്രാധിപ സമിതിയിൽ അംഗമായും സഹോദര സംഘത്തിലും പ്രവർത്തിച്ചു. 1981ൽ അന്തരിച്ചു.

നടരാജ ഗുരു

പ്രമുഖ നവോത്ഥാന നായകനും എസ്.എൻ.ഡി.പിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ ഡോ.പൽപ്പുവിന്റെയും പി.കെ.ഭഗവതിയമ്മയുടെയും രണ്ടാമത്തെ മകനായി 1895ൽ ബാംഗ്ലൂരിൽ നടരാജ ഗുരു ജനിച്ചു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഗുരു പരമ്പരയിലെ രണ്ടാ‍മനുമായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരുവിന്റെ ദർശനവും ആശയങ്ങളും അദ്ദേഹം പാശ്ചാത്യലോകത്ത് പ്രചരിപ്പിച്ചു. നാരായണ ഗുരുകുലത്തിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. 1973ൽ അന്തരിച്ചു.

ടി.ആർ.കൃഷ്ണസ്വാമി അയ്യർ

ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം തിരുവനന്തപുരത്തു നടന്ന സ്വീകരണത്തിൽ മഹാത്മാഗാന്ധി പേരെടുത്തു പ്രശംസിച്ച സാമൂഹ്യ പരിഷ്‌കർത്താവാണ് ടി.ആർ.കൃഷ്ണസ്വാമി അയ്യർ. 1890 ഏപ്രിൽ 30ന് ചേലക്കരയിൽ (പാലക്കാട്) പി.കെ.രാമസ്വാമി അയ്യരുടെയും അരുന്ധതി അമ്മാളുടെയും മകനായി ടി.ആർ.കൃഷ്ണസ്വാമി അയ്യർ ജനിച്ചു. 1923ൽ കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ കെ.കേളപ്പനോടൊപ്പം മിശ്രഭോജനത്തിന് നേതൃത്വം നൽകി. ഗാന്ധിജിയുടെ ഹരിജനോദ്ധാരണം, ഹിന്ദി പ്രചാരണം, ഖാദി പ്രചാരണം, അയിത്തോച്ചാടനം എന്നീ പരിപാടികളിലെല്ലാം പങ്കെടുത്ത നവോത്ഥാന നായകനായിരുന്നു അദ്ദേഹം. ഹരിജനങ്ങൾക്കായി അദ്ദേഹം മലബാറിൽ ആരംഭിച്ച ശബരി ആശ്രമം പ്രശസ്‌തമാണ്‌. വൈക്കം സത്യാഗ്രഹത്തിലും ഗുരുവായൂർ സത്യാഗ്രഹത്തിലും പങ്കെടുത്തു. പാലക്കാട് നിന്നും പയ്യന്നൂരിലേക്ക് ഉപ്പു സത്യഗ്രഹ ജാഥ നയിച്ചു. 1935ൽ അന്തരിച്ചു.

പി.കെ.ചാത്തൻ മാസ്റ്റർ

'മാസ്റ്റർ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന പി.കെ.ചാത്തൻ സാമൂഹിക പരിഷ്‌കർത്താവ്, മന്ത്രി, സംഘടനാ നേതാവ് എന്നീ നിലകളിൽ പ്രശസ്തനാണ്. 1920ൽ തൃശൂർ ജില്ലയിലെ മാടായിക്കോണത്തു കവലന്റെയും ചക്കിയുടെയും മകനായി പി.കെ.ചാത്തൻ ജനിച്ചു. തൃശൂരിലെ കൂടൽ മാണിക്യം ക്ഷേത്ര പരിസരത്തുകൂടിയുള്ള റോഡിൽ അവർണർക്കു സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ നടന്ന കുട്ടംകുളം സമരത്തിന് നേതൃത്വം നൽകി. ഒന്നാം കേരള മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണം, പട്ടികജാതിക്ഷേമം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്‌തു. ദളിതരായ കർഷകത്തൊഴിലാളികളെ അണിനിരത്തി സമസ്‌ത കൊച്ചി പുലയമഹാസഭ എന്ന സംഘടന രൂപീകരിച്ചു. കേരളത്തിലെ പുലയരുടെ എകീകരണവും സാമൂഹിക പരിഷ്കരണവും ലക്ഷ്യംവെച്ച് 1970ൽ അദ്ദേഹം കേരള പുലയ മഹാസഭ സ്ഥാപിച്ചു. 1988ൽ അന്തരിച്ചു.

പി.എൻ.പണിക്കർ

വായനശാലകൾക്കു വേണ്ടി പ്രവർത്തിച്ച മഹാനാണ് പുതുവയിൽ നാരായണപ്പണിക്കർ. 1909 മാർച്ച് ഒന്നിന് ഇന്നത്തെ ആലപ്പുഴ ജില്ലയിലെ നീലംപേരൂർ ഗ്രാമത്തിലാണ് പി.എൻ.പണിക്കർ ജനിച്ചത്. അച്ഛൻ ഗോവിന്ദപ്പിള്ള, അമ്മ ജാനകിയമ്മ. 1925ൽ സ്‌കൂൾ ഫൈനൽ പരീക്ഷ ജയിച്ച പി.എൻ.പണിക്കർ 1926ൽ നീലംപേരൂർ അധ്യാപകനായി. 1938ൽ അദ്ദേഹം അമ്പലപ്പുഴയിൽ സാഹിത്യ പഞ്ചാനനൻ പി.കെ.നാരായണപിള്ളയുടെ പേരിൽ ഗ്രന്ഥശാല സ്ഥാപിച്ചു. 1947 മേയ് 27ന് ഗ്രന്ഥശാലാ സംഘം രജിസ്റ്റർ ചെയ്‌തു. ഗ്രാമഗ്രാമാന്തരങ്ങളിലൂടെ ഓടി നടന്ന് അദ്ദേഹം ഗ്രന്ഥശാലകൾ കെട്ടിപ്പൊക്കി. 1958ൽ കേരള ഗ്രന്ഥശാലാ സംഘം എന്നായി പേര്. ഇന്ന് കേരളത്തിൽ ആറായിരത്തിലധികം ഗ്രന്ഥശാലകൾ ഇതിനു കീഴിൽ പ്രവർത്തിക്കുന്നു. 1977 വരെ ശ്രീ.പി.എൻ പണിക്കർ ഇതിന്റെ സെക്രട്ടറിയായി തുടർന്നു. 1977ൽ സംഘം സർക്കാർ ഏറ്റെടുത്തതോടെ സാക്ഷരതാ പ്രവർത്തനത്തിലായി പണിക്കരുടെ മുഴുവൻ സമയപ്രവർത്തനം. അതിനായി അദ്ദേഹം 1977'കാൻഫെഡ്' സ്ഥാപിച്ചു. 1995ൽ അദ്ദേഹം അന്തരിച്ചു.

ബോധേശ്വരൻ

ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനിയും കവിയും സാമൂഹിക പരിഷ്‌കർത്താവുമായിരുന്നു ബോധേശ്വരൻ. 1901ൽ നെയ്യാറ്റിൻകരയിൽ കുഞ്ഞൻപിള്ളയുടെയും ജാനകിപിള്ളയുടെയും മകനായി കേശവൻ ജനിച്ചു. ആര്യസമാജത്തിന്റെ തത്ത്വങ്ങളിൽ ആകൃഷ്ടനായി ചെറുപ്പത്തിൽ സന്ന്യാസജീവിതം ആരംഭിച്ചു. കാശി വിശ്വനാഥക്ഷേത്രം സന്ദർശിച്ചതിനു ശേഷം ബോധേശ്വരാനന്ദ എന്ന പേര് സ്വീകരിച്ചു. പിൽക്കാലത്ത് ആത്മീയജീവിതം ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിലും സാമൂഹിക പരിഷ്‌കരണത്തിലും സജീവമായി പങ്കെടുത്തു. ഐ.എൻ.സിയുടെ പ്രവർത്തകൻ എന്ന നിലയിൽ വൈക്കം സത്യാഗ്രഹത്തിലും, ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങളിലും പങ്കെടുത്തു. ദേശാഭിമാന പ്രചോദിതമായ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. പ്രമുഖ മലയാളം കവയിത്രി സുഗതകുമാരി, എഴുത്തുകാരി ഹൃദയകുമാരി എന്നിവര്‍ അദ്ദേഹത്തിന്റെ പുത്രിമാരാണ്. ആദര്‍ശാരാമം, മത പ്രബന്ധങ്ങള്‍, ഹൃദയാങ്കുരം, സ്വതന്ത്ര കേരളം എന്നിവയാണ് പ്രധാന കൃതികൾ.

പറവൂർ ടി.കെ.നാരായണപിള്ള

തിരുവിതാംകൂറിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയും തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു പറവൂർ ടി.കെ.നാരായണ പിള്ള. വടക്കൻ പറവൂരിലെ കരുമാല്ലൂർ ഗ്രാമത്തിൽ താഴത്തു വീട്ടിൽ ചേരാനല്ലൂർ കൃഷ്ണൻ കർത്തായുടെയും മാധവിക്കുട്ടിയമ്മയുടെയും മൂത്ത മകനായി നാരായണ പിള്ള ജനിച്ചു. പറവൂരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വിദ്യാർഥിപ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തി. അഭിഭാഷകനായി പേരെടുത്ത നാരായണ പിള്ള സ്റ്റേറ്റ് കോൺഗ്രസ് നേതാവായി. പട്ടം താണുപിള്ളയുടെ ആദ്യ മന്ത്രിസഭ 1948ൽ തകർന്നപ്പോൾ ടി.കെ.തിരുവിതാംകൂർ പ്രധാനമന്ത്രിയായി. തിരുവിതാംകൂർ കൊച്ചി സംയോജനം ഇക്കാലത്തായിരുന്നു. തലസ്ഥാനം തിരുവനന്തപുരത്തും ഹൈക്കോടതി കൊച്ചിയിലും സ്ഥാപിക്കാൻ തീരുമാനമായത് ഇക്കാലത്താണ്. തിരു-കൊച്ചി സംയോജനം പൂർത്തിയായതോടെ ആദ്യ മുഖ്യമന്ത്രിയായി ടി.കെ.അധികാരമേറ്റു. എന്നാൽ 1951 ഫെബ്രുവരി 24ന് ആ മന്ത്രിസഭ രാജിവെച്ചു. പിന്നീട് സി.കേശവന്റെ മന്ത്രിസഭയിൽ അംഗമായി. 1952ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ടി.കെ സജീവരാഷ്ട്രീയം ഉപേക്ഷിച്ചു. പക്ഷേ അപ്പോഴും വക്കീൽ എന്ന നിലയിൽ കഴിവു തെളിയിച്ചു. 1971ൽ അന്തരിച്ചു.

എ.ജെ. ജോൺ

തിരുക്കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്നു എ.ജെ.ജോൺ. വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ ആനാപ്പറമ്പിൽ ജോസഫിന്റെയും മേരിയുടെയും പുത്രനായി 1893 ജൂലൈയിൽ ജനിച്ചു. അഭിഭാഷകനായി തിരുവനന്തപുരത്ത് എത്തിയതോടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു ജോൺ. 1948ൽ തിരുവിതാംകൂർ നിയമസഭാംഗമായി. തുടർന്ന് തിരുവിതാംകൂർ നിയമസഭയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായി. 1949ൽ ആ സ്ഥാനം രാജിവച്ച് ടി.കെ.നാരായണപിള്ളയുടെ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായി. സി.കേശവൻ മന്ത്രിസഭയിലും ഇദ്ദേഹം മന്ത്രിയായിരുന്നു. 1952 മാർച്ചിൽ തിരുകൊച്ചി മുഖ്യമന്ത്രിയായി. 1955ൽ പനമ്പിള്ളി ഗോവിന്ദമേനോൻ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി. 1956ൽ മന്ത്രിസ്ഥാനം രാജി വച്ച് ഇദ്ദേഹം സജീവരാഷ്ട്രീയത്തിൽ നിന്നു വിരമിച്ചു. 1956 ഡിസംബറിൽ മദ്രാസ് ഗവർണറായി നിയമിതനായി. ഗവർണറായിരിക്കെ 1957ൽ അന്തരിച്ചു.

ഇ. ഇക്കണ്ട വാര്യർ

1890ൽ തൃശൂരിൽ ഇ. ഇക്കണ്ട വാര്യർ ജനിച്ചു. കൊച്ചിയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച സ്വാതന്ത്ര്യസമരനേതാവാണ് ഇക്കണ്ടവാര്യർ. 1948, പ്രായപൂർത്തി വോട്ടവകാശപ്രകാരം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ ജയിച്ചാണ് പ്രജാമണ്ഡല നേതാവായ ഇക്കണ്ട വാര്യർ കൊച്ചിയിലെ പ്രധാനമന്ത്രിയായത്. അഭിഭാഷകനായശേഷം രാഷ്ട്രീയത്തിൽ സജീവമായി. ഉത്തരവാദിത്തഭരണത്തിനായി നടന്ന പ്രക്ഷോഭത്തിൽ മുൻനിരനായകനായി. തിരു-കൊച്ചി സംയോജനം വരെ വാര്യർ പ്രധാനമന്ത്രിസ്ഥാനത്തു തുടർന്നു. 1977ൽ അന്തരിച്ചു.

മനോന്മണീയം സുന്ദരൻ പിള്ള

ചരിത്രപണ്ഡിതൻ, തത്ത്വചിന്തകൻ, കവി, നാടകകൃത്ത് എന്നീ നിലകളിൽ പ്രസിദ്ധനാണ് സുന്ദരൻ പിള്ള. 1855ൽ സുന്ദരൻ പിള്ള ജനിച്ചു. തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നും തത്ത്വശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി. തിരുവിതാംകൂറിലെ ആദ്യ ബിരുദാനന്തര ബിരുദം നേടിയത് അദ്ദേഹമാണ്. മനോൻമണീയം എന്ന തമിഴ് നാടകം രചിച്ച ശേഷം അദ്ദേഹം മനോൻമണീയം സുന്ദരൻ പിള്ളയായി. 'തമിഴ് ഷേക്‌സ്പീയർ' എന്നാണ് അദ്ദേഹം അറിയപ്പെടുന്നുത്. 1885ൽ മനോൻമണീയം സുന്ദരൻ പിള്ളയും തൈക്കാട് അയ്യായും ചേർന്ന് തിരുവനന്തപുരത്തെ ചാലയിൽ ശൈവപ്രകാശ സഭ സ്ഥാപിച്ചു. 1897ൽ നാൽപത്തി രണ്ടാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. സുന്ദരം പിള്ളയുടെ സ്മരണാർത്ഥം തിരുനെൽവേലിയിൽ രൂപീകരിക്കപ്പെട്ട സർവകലാശാലയാണ് മനോൻമണീയം സുന്ദരനാർ സർവ്വകലാശാല.

അബ്രഹാം മാൽപ്പൻ

'മലങ്കര ചർച്ചിലെ മാർട്ടിൻ ലൂഥർ' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവാണ് അബ്രഹാം മാൽപ്പൻ. അദ്ദേഹത്തെ 'കിഴക്കിന്റെ മാർട്ടിൻ ലൂഥർ' എന്നും വിശേഷിപ്പിക്കുന്നു. 1837ൽ ആദ്യമായി മലയാളത്തിൽ ദിവ്യപൂജ (കുർബാന) കൂദാശകർമ്മം നടത്തിയത് അദ്ദേഹമാണ്. പള്ളികളിൽ കുമ്പസാരവും മരണശേഷമുള്ള പ്രാർത്ഥനകളും നിർത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂർക്കോത്ത് കുമാരൻ

എഴുത്തുകാരൻ, സാമൂഹിക പരിഷ്‌കർത്താവ്, അധ്യാപകൻ, സാംസ്‌കാരിക നായകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് മൂർക്കോത്ത് കുമാരൻ. 1874ൽ തലശ്ശേരിയിൽ മൂർക്കോത്ത് കുമാരൻ ജനിച്ചു. തലശ്ശേരി, മദ്രാസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1907ൽ തലശ്ശേരിയില്‍ ടി.ശിവശങ്കരൻ മിതവാദി പത്രം സ്ഥാപിച്ചപ്പോൾ മൂർക്കോത്ത് കുമാരൻ സ്ഥാപക എഡിറ്ററായി. 1913ൽ മൂർക്കോത്ത് കുമാരന്റെ മിതവാദി പത്രം സി.കൃഷ്ണൻ വിലയ്ക്ക് വാങ്ങി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു. 1919ൽ മൂർക്കോത്ത് കുമാരൻ എസ്.എൻ.ഡി.പി യോഗത്തിന്റെ രണ്ടാമത്തെ ജനറൽ സെക്രട്ടറിയായി. മലബാർ പ്രദേശത്ത് ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ അർപ്പണബോധത്തോടെ പ്രവർത്തിച്ചു. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ആദ്യമായി എഴുതിയത് മൂർക്കോത്ത് കുമാരനായിരുന്നു. 1941ൽ അന്തരിച്ചു.

ചെമ്പകരാമൻ പിള്ള

ഇന്ത്യന്‍ ചരിത്രത്തില്‍ വേണ്ടത്ര പരിഗണനയോ ഇടമോ ലഭിക്കാത്ത സ്വാതന്ത്ര്യസമര സേനാനികളിലൊരാളാണ് തിരുവനന്തപുരത്ത് ജനിച്ചുവളര്‍ന്ന ചെമ്പകരാമന്‍ പിള്ള. ബ്രിട്ടീഷ് ഭരണകൂടത്തെ ഭാരതത്തില്‍നിന്ന് കെട്ടുകെട്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി ചെമ്പകരാമന്‍ പിള്ള ബർലിനിലെ തന്റെ സമാനചിന്താഗതിക്കാരായ ഇന്ത്യക്കാരെ സംഘടിപ്പിച്ച് 'ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് കമ്മിറ്റി' രൂപവത്കരിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ ശ്രദ്ധ ഇന്ത്യയിൽ നിന്നു മാറുമ്പോൾ ഇന്ത്യയിൽ സായുധ കലാപം നടത്തി ഭാരതത്തെ സ്വാതന്ത്രമാക്കുവാൻ അവർ തീരുമാനിച്ചു. ഒന്നാം ലോകമഹായുദ്ധവേളയില്‍ ജര്‍മന്‍ നാവികസേനയുടെ ഭാഗമായി രണ്ടാം കപ്പിത്താനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് അവസരമുണ്ടായി. ചെമ്പകരാമന്‍ പിള്ളയുടെ സ്വാധീനപ്രകാരം ജർമനിയുടെ മുങ്ങിക്കപ്പലായിരുന്ന 'എംഡൻ' ഇന്ത്യയിലെ ബ്രിട്ടീഷ് കടല്‍ത്താവളങ്ങളെ നശിപ്പിക്കാന്‍ മദ്രാസ് തുറമുഖത്തിനടുത്തും എത്തി. അതിലെ പീരങ്കികൾ നഗരത്തിലേക്ക് വെടിയുതിർക്കുകയും ചെയ്‌തു. ഈ സംഭവത്തെത്തുടർന്ന് എംഡൻ എന്നൊരു വാക്കും ദക്ഷിണേന്ത്യൻ ഭാഷകളിലുണ്ടായി.

കെ.സി.കൃഷ്ണാദിയാശാൻ

സാമൂഹിക പരിഷ്‌കർത്താവ്, സംസ്‌കൃത അധ്യാപകൻ, സംഘടനാ നേതാവ് എന്നീ നിലകളിൽ പ്രസിദ്ധനാണ് കൃഷ്ണാദിയാശാൻ. 1877ൽ എറണാകുളം ജില്ലയിലെ മുളവുകാട് തുരുത്തിലെ കല്ലച്ചംമുറി വീട്ടിൽ കൃഷ്ണാദി ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കാത്തതിനെ തുടർന്ന് സ്വന്തമായി സംസ്കൃതവും സംഗീതവും പഠിച്ചു. സ്വന്തം ജാതിക്കാരെ സംസ്കൃതം പഠിപ്പിക്കാൻ ശ്രമിച്ച അദ്ദേഹം കൃഷ്ണാദിയാശാനായി. കൊച്ചിയിലെ പുലയരുടെ എകീകരണവും സാമൂഹിക പരിഷ്കരണവും ലക്ഷ്യംവെച്ച് കൃഷ്ണാദിയാശാനും പണ്ഡിറ്റ് കറുപ്പനും ചേർന്ന് കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചു. 1913 ഏപ്രിലിൽ കൊച്ചിക്കായലിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി ചങ്ങാടമുണ്ടാക്കി അതിൽ സമ്മേളിച്ചാണ് അവർ പുലയമഹാസഭയ്ക്ക് രൂപം നൽകിയത്. കൃഷ്ണാദിയാശാൻ കൊച്ചി പുലയ മഹാസഭയുടെ ആദ്യ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ഹിന്ദുക്കളായിരുന്നിട്ടും ദളിതർക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് കൃഷ്ണാദിയാശാനെ മത വിരോധിയാക്കി. ക്രിസ്തുമതത്തിൽ ചേർന്ന ശേഷം, സി.കെ.ജോൺ എന്ന പേര് സ്വീകരിച്ചു. അദ്ദേഹം നിരവധിപേരെ ക്രിസ്തുമതത്തിൽ ചേർത്തു. എന്നാൽ, ക്രിസ്തുമതവും ദളിതരെ ദളിതരായിത്തന്നെ കാണുന്നുവെന്നത് അദ്ദേഹത്തെ നിരാശനാക്കി. 1937ൽ അദ്ദേഹം അന്തരിച്ചു.

ടി.സുബ്രഹ്മണ്യൻ തിരുമുമ്പ്

സ്വാതന്ത്ര്യസമരസേനാനി, കവി, കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് ടി.സുബ്രഹ്മണ്യൻ തിരുമുമ്പ്. 1906ൽ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ ബ്രാഹ്മണ നാടുവാഴി കുടുംബത്തിൽ ജനിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ദേശീയ പ്രസ്ഥാനത്തിൽ പങ്കുചേർന്നു.  ഉപ്പു സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയിൽ സജീവമായി പങ്കെടുത്തു. കെ. കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന് പയ്യന്നൂരിലേക്ക് പോയ ജാഥയ്ക്കുവേണ്ടി പാട്ടെഴുതി. നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തതിനാൽ ജയിലിലടക്കപ്പെട്ടു. ജയിലിൽ പോയതോടുകൂടി ബന്ധുക്കൾ അദ്ദേഹത്തെ സമുദായത്തിൽ നിന്നും പുറത്താക്കി. വടക്കേ മലബാറിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന കർഷകസമരങ്ങൾക്ക് നേതൃത്വം നൽകി. 1946ൽ നടന്ന തോൽവിറക് സമരത്തിന് നേതൃത്വം നൽകിയ കാർത്യായനി അമ്മയാണ് സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ ഭാര്യ. സ്വാതന്ത്യലബ്ധിക്കുശേഷം രാഷ്ട്രീയത്തിൽ നിന്നും പിന്മാറി. ഇ.എം.എസ് തിരുമുമ്പിനെ കേരളത്തിന്റെ പാടുന്ന പടവാൾ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. 1984ൽ അന്തരിച്ചു.

സി.കൃഷ്ണപിള്ള

തിരുവിതാംകൂറിലെ സാമൂഹിക പരിഷ്‌കർത്താവും അധ്യാപകനുമായിരുന്നു സി. കൃഷ്ണപിള്ള. 1851ൽ തിരുവനന്തപുരത്ത് പട്ടത്തു ജനിച്ചു. നായർ സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ അദ്ദേഹം പ്രചരണം നടത്തി സമുദായോത്തേജകൻ എന്നറിയപ്പെട്ടു. ചട്ടമ്പി സ്വാമിയുടെ സമകാലിയനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യത്വമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും സ്വാമിയുടെ ചിന്തകളും ഉപദേശങ്ങളും നായർ സമുദായങ്ങൾക്കിടയിൽ അദ്ദേഹം നടപ്പാക്കി. അദ്ദേഹം ആരംഭിച്ച സമുദായപരിഷ്കരിണി എന്ന മാസിക സമുദായത്തിലെ ദുരാചാരങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു. 1884ൽ മലയാളി സഭ എന്ന പേരിൽ സമുദായ പരിഷ്കരണസംഘടന സ്ഥാപിച്ചു. ഗ്രാമ സംഘടനകളെ സംയോജിപ്പിച്ച് അദ്ദേഹം സ്ഥാപിച്ച തിരുവിതാംകൂർ നായർ സമാജം പിന്നീട് 1905ൽ കേരളീയ നായർ സമാജമായി രൂപാന്തരം പ്രാപിച്ചു. 1915ൽ അദ്ദേഹം അന്തരിച്ചു.

വാടപ്പുറം പി.കെ.ബാവ

കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പിതാവായി അറിയപ്പെടുന്ന ആളാണ് ആലപ്പുഴയിലെ കൊമ്മാടി സ്വദേശിയായിരുന്ന വാടപ്പുറം പി.കെ.ബാവ. 1922ൽ കേരളത്തിലെ ആദ്യ തൊഴിലാളി സംഘടനയ്ക്ക് ഇദ്ദേഹം രൂപംകൊടുത്തു. ആലപ്പുഴ കയർ ഫാക്ടറി തൊഴിലാളി യൂണിയൻ എന്നതാണ് സംഘടനയുടെ ആദ്യ പേര്. ലേബർ യൂണിയന്റെ പേര് 'തിരുവിതാംകൂർ ലേബർ അസോസിയേഷൻ' എന്ന് പിന്നീട് മാറ്റി. ആലപ്പുഴയിലാണ് തിരുവിതാംകൂർ ലേബർ അസോസിയേഷൻ രൂപം കൊണ്ടത്.

അയർലൻഡുകാരനായ ജയിംസ് ഡാറയുടെ ഉടമസ്ഥതയിലുള്ള കയർ ഫാക്ടറിയായ ഡാറാ - സ്‌മെയിൽ കമ്പനിയിൽ പതിനെട്ടാം വയസില്‍ ജോലിയിൽ പ്രവേശിച്ചു. ഫാക്ടറിയിൽ നടന്ന തൊഴിലാളി ദ്രോഹ നടപടികളിൽ പി.കെ.ബാവ പ്രതികരിച്ചതിനെ തുടർന്ന് ജോലി നഷ്ടമായി. പിന്നീടദ്ദേഹം മറ്റു ചില കമ്പനികളിൽ ജോലി ചെയ്‌തശേഷം എമ്പയർ കയർ വർക്‌സിൽ മൂപ്പനും യാർഡ് സൂപ്രണ്ടുമായി. കമ്പനി ഉടമയായ അബ്ബാ സേട്ടിന്റെ സഹായത്തോടെ ലേബർ യൂണിയൻ എന്ന സംഘടന സ്ഥാപിച്ചു. പിൽകാലത്ത് ലേബർ യൂണിയൻ 'തിരുവിതാംകൂർ ലേബർ അസോസിയേഷൻ' എന്ന പേര് സ്വീകരിച്ചു.

വെള്ളക്കാരായ മുതലാളിമാരുടെ ചൂഷണത്തിനെതിരെ വാടപ്പുറം പി.കെ.ബാവയുടെ കീഴിൽ മുന്നൂറോളം തൊഴിലാളികൾ ലേബർ യൂണിയന് കീഴിൽ യോഗം ചേർന്നു. ഫാക്ടറി മാനേജരായ സായിപ്പിനെ ലേബർ യൂണിയന്റെ നേതൃത്വത്തിൽ തടഞ്ഞു വെയ്കുകയും "ഘെരാവോ" എന്ന സമരരൂപത്തിന് തുടക്കമിടുകയും ചെയ്തു. ഓണത്തോടനുബന്ധിച്ച് തൊഴിലാളികൾക്ക് കൂലി മുൻകൂറായി നൽകുന്ന "ഓണം അഡ്വാൻസ്" എന്ന പതിവിന് തുടക്കംകുറിച്ചതും പി.കെ.ബാവയാണ്. അക്കാലത്ത് നടന്ന ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെയും നവോത്ഥാന പ്രസ്ഥാനത്തെയും ബാവയും കൂട്ടരും പിന്തുണച്ചിരുന്നു. വൈക്കം സത്യാഗ്രഹത്തിൽ ബാവയുടെ നേതൃത്വത്തിൽ ലേബർ യൂണിയന്റെ പ്രവർത്തകർ പങ്കെടുത്തിരുന്നു.

1925-26 കാലത്ത് തൊഴിലാളികൾക്കുവേണ്ടി ആദ്യമായി ഇറങ്ങിയ പത്രമായിരുന്നു തൊഴിലാളി. അതിന്റെ സ്ഥാപകനും മുഖ്യ പത്രാധിപരും ബാവയായിരുന്നു. ശ്രീനാരായണഗുരുവിന്റെയും ടി.കെ.മാധവന്റെയും ആരാധകനായിരുന്ന ബാവ മധ്യവർജനത്തിനായും പരിശ്രമിച്ചു. ചെത്ത് ഉപേക്ഷിച്ചുവരുന്ന തൊഴിലാളികളെ കയറ്റുപായ് നിർമിക്കാൻ പഠിപ്പിച്ചു. 1938ൽ ആലപ്പുഴയിൽ ഒരു കയർ പണിമുടക്കുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയൻ പ്രവർത്തകർ അറസ്റ്റിലായപ്പോൾ അവരെ വിട്ടുകിട്ടാൻ പ്രകടനം നടത്തി. തുടർന്നുണ്ടായ പോലീസ് മർദനത്തിൽ ബാവ രക്തസാക്ഷിയായി.

കെ.ദേവയാനി

കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര സമര സേനാനിയുമാണ് കെ.ദേവയാനി. 1922ൽ ശങ്കരന്റെയും പപ്പിയമ്മയുടെയും മകളായി പുന്നപ്രയിൽ ജനിച്ചു. എ.വി.കുഞ്ഞമ്പുവാണ് പതി. ആദ്യകാലത്ത് ആത്മവിദ്യാസംഘത്തിന്റെ സജീവ പ്രവർത്തകയായിരുന്നു. 1936ൽ സ്ഥാപിതമായ കേരളത്തിലെ വനിതകൾക്കുവേണ്ടിയുള്ള ആദ്യത്തെ തൊഴിലാളി സംഘടനയായ അമ്പലപ്പുഴ താലൂക്ക് കയറുപിരി തൊഴിലാളി യൂണിയന്റെ സെക്രട്ടറിയായിരുന്നു. പി.കൃഷ്ണപിള്ളയായിരുന്നു രാഷ്ട്രീയഗുരു. കളർകോട് പാടങ്ങളിൽ നടന്ന കാർഷിക സമരത്തിനും പുന്നപ്ര വയലാർ സമരത്തിനും നേതൃത്വം വഹിച്ചു. 1999 ഒക്ടോബർ 7ന് അന്തരിച്ചു.

കൗമുദി ടീച്ചർ

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി, അധ്യാപിക എന്നീ നിലകളിൽ പ്രസിദ്ധയാണ് കൗമുദി ടീച്ചർ. 1917ന് കോഴിക്കോടിലെ വടകരയിൽ ജനിച്ചു. 1934 ജനുവരി 7ന് വടകര ബാസൽ മിഷൻ സ്‌കൂളിൽ നടന്ന ഗാന്ധിജിയുടെ സ്വീകരണ സമ്മേളനത്തിൽ വെച്ച് പതിനാറാം വയസ്സിൽ ധരിച്ചിരുന്ന മുഴുവൻ സ്വർണാഭരണങ്ങളും ഹരിജൻ വെൽഫയർ ഫണ്ടിലേക്ക് ഗാന്ധിജിക്കു നേരിട്ടു സംഭാവന ചെയ്തു. ഈ ദാനത്തെ "നിന്റെ ത്യാഗമാണ് നിന്റെ ഏറ്റവും വലിയ ആഭരണം" എന്ന് ഗാന്ധിജി കൗമുദിക്ക് ഓട്ടോഗ്രാഫ് നൽകി ആദരിച്ചു. ഹരിജൻ എന്ന പത്രത്തിൽ "കൗമുദി കി ത്യാഗ്' എന്ന പേരിൽ ഗാന്ധിജി ലേഖനം എഴുതി. ലേഖനത്തിൽ കൗമുദിയെ 'കാലത്തിനൊപ്പം നടന്ന പെൺകുട്ടി' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചു. പിൽകാലത്ത് മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ പങ്കെടുത്തു. കസ്തൂർബാ ഗാന്ധിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടത്തിയ മിശ്രഭോജനത്തിൽ പങ്കെടുത്തു. 1938 മുതൽ ഹിന്ദി അധ്യാപികയായി മലബാറിലെ വിവിധ സ്‌കൂളുകളിൽ ജോലിചെയ്തു. ആചാര്യ വിനോബാ ഭാവെയുടെ ഭൂദാന പ്രസ്ഥാനത്തിലും പ്രവർത്തിച്ചു. 2009 ഓഗസ്റ്റ് 4ന് അന്തരിച്ചു.

മേരി പുന്നൻ ലൂക്കോസ്

ഇന്ത്യയിലാദ്യമായി നിയമനിർമാണസഭയിൽ അംഗമായ വനിത മലയാളിയാണ്; കോട്ടയം സ്വദേശിനി ഡോ. മേരി പുന്നൻ ലൂക്കോസ്. 1922ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലാണ് ഇവർ അംഗമായത്. ഇന്ത്യയിലെ ആദ്യ വനിതാ സർജൻ ജനറൽ, തിരുവനന്തപുരം മഹാരാജാസ് കോളേജിൽ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളജ്) പഠിച്ച ആദ്യ വനിത, തിരുവിതാംകൂറിലെ ആദ്യ വനിതാ ബിരുദധാരി, വിദേശത്ത് വൈദ്യപഠനം നടത്തിയ ആദ്യ മലയാളി വനിത എന്നീ റെക്കോഡുകളും മേരിക്കു സ്വന്തമാണ്. കേരളത്തിലെ ആദ്യ സിസേറിയൻ ശസ്ത്രക്രിയ നടത്തിയതും ആദ്യ മലയാളി വനിതാ സർജനായ ഡോ. മേരി പുന്നൻ ലൂക്കോസ് തന്നെ. 1920 മാർച്ചിൽ തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലായിരുന്നു അത്. 1975ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

റോസമ്മ പുന്നൂസ്

കേരളത്തിൽ നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്‌ത വ്യക്തി, എം.എൽ.എയായി ആദ്യം ഒപ്പിട്ടയാൾ, ആദ്യ പ്രോ ടെം സ്‌പീക്കർ, കേരളത്തിലാദ്യമായി ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ച വ്യക്തി എന്നീ ബഹുമതികൾ സ്വന്തമാക്കിയ വനിതയാണ് റോസമ്മ പുന്നൂസ്. കാഞ്ഞിരപ്പള്ളി സ്വദേശിയായ റോസമ്മ, സഹോദരിയായ അക്കമ്മ ചെറിയാനൊപ്പം 1938ൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലേക്ക് ലക്ഷം വൊളന്റിയർമാരുടെ സമരജാഥ നയിച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. 1957-1959 വർഷങ്ങളിൽ ദേവികുളം എം.എൽ.എയായിരുന്ന റോസമ്മ 1958ലെ ഉപതെരഞ്ഞെടുപ്പിലും വിജയിച്ചു. അവരുടെ ഭർത്താവ് പി.ടി.പുന്നൂസ് 1957-1962 കാലത്ത് പാർലമെന്റംഗമായിരുന്നു.

ആനി മസ്ക്രീന്‍

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും തിരുവനന്തപുരത്തുനിന്നുള്ള ലോക്‌സഭാംഗവുമായിരുന്നു ആനി മസ്ക്രീന്‍. കേരളത്തിൽ നിന്ന് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത, കേരളത്തിലെ ആദ്യ വനിതാമന്ത്രി, തെക്കേ ഇന്ത്യയിൽ നിന്ന് പാർലമെന്റംഗമായ ആദ്യ വനിത, മന്ത്രിസഭയിൽ നിന്നു രാജിവച്ച ആദ്യ വനിത തുടങ്ങി ഒട്ടേറെ റെക്കോർഡുകൾ സ്വന്തമാക്കിയ മലയാളി വനിതയാണ് ആനി മസ്ക്രീന്‍. ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പേ, 1948-1952 കാലഘട്ടത്തിൽ തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി മെമ്പറും പറവൂർ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ  ആരോഗ്യം, വൈദ്യുതി വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു ആനി മസ്ക്രീന്‍.

അക്കമ്മ ചെറിയാൻ

തിരുവിതാംകൂറിന്റെ 'ഝാൻസി റാണി' എന്നറിയപ്പെടുന്നു. 1909ൽ കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിൽ ജനിച്ചു.  പിതാവ് - തൊമ്മൻ ചെറിയാൻ, മാതാവ് - അന്നാമ്മ. ദിവാൻ സി.പി രാമസ്വാമി അയ്യർ ഭരണകൂടത്തിനെതിരെയുള്ള ചരിത്ര സമരത്തിൽ കോൺഗ്രസിനെ നയിച്ച് ചരിത്രത്തിൽ ഇടം നേടിയ ധീര വനിത. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിങ് പ്രസിഡന്റ് സ്ഥാനം വഹിച്ചു. ഉത്തരവാദ ഭരണ പ്രക്ഷോഭണ കാലത്ത് തമ്പാനൂർ മുതൽ കവടിയാർ വരെ അക്കമ്മ ചെറിയാന്റെ നേതൃത്വത്തിൽ രാജധാനി മാർച്ച് നയിച്ചു. ആദ്യ കേരള നിയമസഭയിലെ അംഗമായ റോസമ്മ പുന്നൂസ് അക്കമ്മ ചെറിയാന്റെ സഹോദരിയാണ്.

അന്നാ ചാണ്ടി

ഇന്ത്യയിലെ ആദ്യ വനിതാ മുൻസിഫും മലയാളിയാണ്: അന്ന ചാണ്ടി. 1937ൽ നാഗർകോവിലിൽ മുൻസിഫായി നിയമിക്കപ്പെട്ടതോടെ അന്ന ഈ അപൂർവ ബഹുമതിക്ക് അർഹയായി. കോമൺവെൽത്ത് രാജ്യങ്ങളിൽ (ഒരുകാലത്ത് ബ്രിട്ടീഷ് കോളനികളായിരുന്ന രാജ്യങ്ങൾ) ഈ പദവിയിലെത്തുന്ന ആദ്യ വനിതകൂടിയാണ് അന്ന. ഇന്ത്യയിലെ ആദ്യ വനിതാ സെഷൻസ് ജഡ്‌ജി, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്‌ജി, തിരുവിതാംകൂറിലെ ആദ്യത്തെ വനിതാ വക്കീൽ എന്നീ പദവികളും അന്നാ ചാണ്ടിക്കുണ്ട്.

എ.വി.കുട്ടിമാളു അമ്മ

1905 ഏപ്രിൽ 23ന് മലബാർ പ്രവിശ്യയിലെ പൊന്നാനി താലൂക്കിൽ ആനക്കര വടക്കത്ത് വീട്ടിൽ ജനിച്ചു. പിതാവ് - പെരുമ്പിലാവിൽ ഗോവിന്ദമേനോൻ. മാതാവ് - മാധവിയമ്മ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കേരളത്തിൽ നിന്നും പങ്കുചേർന്ന അപൂർവം വനിതകളിൽ ഒരാളായിരുന്നു എ.വി. കുട്ടിമ്മാളു അമ്മ. 1930ൽ കുട്ടിമാളു അമ്മ പൊതുപ്രവർത്തനം ആരംഭിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരെ നിസ്സഹകരണവും നിയമലംഘനവും നടത്തുന്നതിന് മുൻനിരയിൽ നിന്നു പ്രവർത്തിച്ചു. സ്വദേശി പ്രസ്ഥാനം ആരംഭിക്കുന്നതിനു കുട്ടിമാളു അമ്മ നേതൃത്വം നൽകി. സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായതിന് കുട്ടിമാളു അമ്മ ജയിലിൽ കിടന്നത് അഞ്ചുവർഷത്തോളമാണ്. 1936-ലെ മദിരാശി തിരഞ്ഞെടുപ്പിൽ മലബാറിലെ അർബൻ സീറ്റിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ കുട്ടിമാളു അമ്മയും ഭർത്താവായ മാധവമേനോനും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തക എന്ന നിലയിൽ 1940ൽ വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി നിയോഗിച്ചവരിലൊരാൾ കുട്ടിമാളു അമ്മയായിരുന്നു. 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും രണ്ട് വർഷം അമരാവതിയിലെ പ്രസിഡൻസി ജയിലിൽ ജയിൽവാസം അനുഭവിക്കുകയും ചെയ്തു. കോഴിക്കോടിൽ അനാഥ മന്ദിരം, ബാലമന്ദിരം തുടങ്ങിയവ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തു. 1985ൽ അന്തരിച്ചു.

ആര്യാ പള്ളം

കേരളത്തിലെ പ്രസിദ്ധയായ ഒരു നവോത്ഥാന നായികയായിരുന്നു ആര്യ പള്ളം. 1908ൽ വള്ളുവനാട്ടിൽ ജനനം. യോഗക്ഷേമസഭയുടെ പ്രവർത്തകയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ വിധവാ മിശ്രവിവാഹം, പന്തിഭോജനം തുടങ്ങിയവ നടത്തുന്നതിന് മുൻനിരയിൽ നിന്നു പ്രവർത്തിച്ചു. വി.ടി. ഭട്ടതിരിപ്പാട്, ഇ.എം.എസ് തുടങ്ങിയ പ്രമുഖരുടെ സഹപ്രവർത്തകയായിരുന്നു. വി.ടി.ഭട്ടതിരിപ്പാടിന്റെ ആഹ്വാനത്തെ തുടർന്ന് നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്‌കരണ യാത്രയ്ക്ക് പാർവതി നെന്മേനിമംഗലത്തോടൊപ്പം നേതൃത്വം നൽകി. 1989ൽ അന്തരിച്ചു.

പാർവതി നെന്മേനി മംഗലം

കേരളത്തിലെ പ്രസിദ്ധയായ നമ്പൂതിരി നവോത്ഥാന നായികമാരിൽ ഒരാളായിരുന്നു പാർവതി നെന്മേനിമംഗലം. 1911ൽ ഇരിങ്ങാലക്കുടയിൽ ജനനം. പിതാവ് - നടവരമ്പിൽ നല്ലൂരില്ലത്ത്‌ വിഷ്ണു നമ്പൂതിരി. മാതാവ് - സരസ്വതി അന്തർജ്ജനം. യോഗക്ഷേമസഭയുടെ പ്രവർത്തകയായിരുന്നു. നമ്പൂതിരി സ്ത്രീകളുടെ മറക്കുട ബഹിഷ്‌കരണ യാത്രയ്ക്ക് നേതൃത്വം നൽകി. അന്തര്‍ജനസമാജം രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. 1947ൽ അന്തരിച്ചു.

ലക്ഷ്‌മി എൻ മേനോൻ

അൻപത് വർഷത്തിലേറെക്കാലം ഇന്ത്യൻ രാഷ്ട്രീയമേഖലയിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ലക്ഷി.എൻ.മേനോൻ. കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തായിരുന്നു ലക്ഷ്‍മി നന്ദൻ മേനോൻ ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ട ലക്ഷ്‌മിയുടെ പിതാവ് എം.രാമവർമ്മ തമ്പാൻ ഗ്രന്ഥകാരനും അദ്ധ്യാപകനുമായിരുന്നു. തിരുവനന്തപുരത്തെ മഹാരാജാസ് ഹൈസ്‌കൂളിൽ വെച്ച് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ തുടർന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാന്തരബിരുദവും നേടി. തുടക്കത്തിൽ സ്‌കൂൾ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചെങ്കിലും പിന്നീട് കോളേജിലും അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു.

1948, 50, 53, 54 വർഷങ്ങളിൽ യു.എൻ ജനറൽ അസംബ്ലിയിൽ അംഗമായ ലക്ഷ്‌മി 1955 മുതൽ 59 വരെ ഓൾ ഇന്ത്യ വിമൺസ് കോൺഫറൻസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാംഗമായ അവർ 1952 മുതൽ 57 വരെ പ്രധാനമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയായിരുന്നു. സ്ത്രീകളുടെ സാമൂഹ്യവും രാഷ്ട്രീയവുമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച അവർ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ സ്ത്രീകൾക്ക് പ്രചോദനം നൽകിയ വനിത കൂടിയായിരുന്നു. ശൈശവ വിവാഹത്തെ എതിർത്ത ലക്ഷ്‌മിയുടെ വിവാഹം മുപ്പതാം വയസ്സിലായിരുന്നു. കേരള സർവകലാശാലയിലെ പ്രഥമ വൈസ് ചാൻസലറായ വി.കെ.നന്ദൻ മേനോനായിരുന്നു അവരെ വിവാഹം ചെയ്‌തത്‌. ജവാഹർലാൽ നെഹ്രുവിന്റെ മന്ത്രിസഭയിൽ 1957 മുതൽ 1966 വരെ വിദേശകാര്യ മന്ത്രിയായിരുന്ന ലക്ഷ്‌മി എൻ മേനോൻ ഇന്ത്യയിലെ ആദ്യത്തെ വനിതാ വിദേശകാര്യമന്ത്രിയാണ്. 1994 നവംബർ 30ന് അന്തരിച്ചു.

കെ.ആർ.ഗൗരിയമ്മ

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായ വ്യക്തി, ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വനിത, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ റെക്കോർഡുകൾ കെ.ആർ ഗൗരിയമ്മയ്ക്ക് അവകാശപ്പെട്ടതാണ്. ഏറ്റവും കൂടുതൽ നിയമസഭകളിൽ അംഗമാകുക, കൂടുതൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുക, കൂടുതൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുക - ഈ അപൂർവ്വ ബഹുമതികളും ഇവർക്കു സ്വന്തം. തിരുവിതാംകൂർ നിയമസഭയിലേക്ക് 1948-ൽ നടന്ന തിരഞ്ഞെടുപ്പ് മുതൽ തിരുക്കൊച്ചിയിലും കേരളത്തിലുമായി നടന്നിട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ഗൗരിയമ്മ മത്സരിച്ചു: ആകെ പതിനാറ് തവണ, പതിമൂന്നിലും വിജയിച്ചു; 1948, 1977, 2006 വർഷങ്ങളിലായിരുന്നു പരാജയം.

സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും സ്ഥാപകരും (Social Reform Movements and Founders)

1. ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) - ശ്രീനാരായണഗുരു

2. നായർ സർവീസ്‌ സൊസൈറ്റി (എൻ.എസ്.എസ്) - മന്നത്ത് പത്മനാഭന്‍

3. യോഗക്ഷേമസഭ - വി.ടി.ഭട്ടത്തിരിപ്പാട്

4. നമ്പൂതിരി യുവജനസംഘം - വി.ടി.ഭട്ടത്തിരിപ്പാട്

5. ആത്മബോധോദയ സംഘം - ശുഭാനന്ദഗുരു

6. ആത്മബോധിനി സംഘം - ശുഭാനന്ദഗുരു

7. ഈഴവ സഭ - ഡോ പൽപ്പു

8. മലബാർ ഇക്കണോമിക് യൂണിയൻ - ഡോ പൽപ്പു

9. പ്രത്യക്ഷ രക്ഷാ ദൈവസഭ - പൊയ്കയില്‍ യോഹന്നാന്‍ (കുമാരഗുരു)

10. മുസ്ലീം ഐക്യസംഘം - വക്കം അബ്ദുല്‍ ഖാദര്‍ മൗലവി

11. അഖില തിരുവിതാംകൂർ മുസ്ലിം സഭ - അബ്ദുല്‍ ഖാദര്‍ മൗലവി

12. സാധുജന പരിപാലന സംഘം - അയ്യങ്കാളി

13. കല്യാണദായിനി സഭ, പ്രബോധ ചന്ദ്രോദയ സഭ, ജ്ഞാനോദയം സഭ, സുധർമ്മ സൂര്യോദയ സഭ, അരയ വംശോധരണിസഭ, സന്മാർഗ്ഗ പ്രദീപ സഭ, അരയസമാജം, അഖില കേരള അരയ മഹാസഭ, വാല സമുദായ പരിഷ്കാരിണി സഭ, കൊച്ചി പുലയ മഹാസഭ - പണ്ഡിറ്റ് കെ.പി. കറുപ്പൻ

14. അരയവംശപരിപാലന യോഗം, സമസ്ത കേരള അരയ മഹാജന യോഗം, തിരുവിതാംകൂർ രാഷ്ട്രീയമഹാസഭ, അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം - ഡോ വേലുക്കുട്ടി അരയൻ

15. ധർമഭട സംഘം - ടി.കെ.മാധവൻ

16. ഈഴവ അസോസിയേഷൻ - ടി.കെ.മാധവൻ

17. കേരള സഹോദര സംഘം - സഹോദരൻ അയ്യപ്പൻ

18. ജാതിനാശിനിസഭ - ആനന്ദ തീർത്ഥൻ 

19. സമത്വസമാജം - വൈകുണ്ഠസ്വാമികൾ

20. അയ്യാവഴി - വൈകുണ്ഠസ്വാമികൾ

21. ആത്മവിദ്യാസംഘം - വാഗ്ഭടാനന്ദൻ

22. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി - വാഗ്ഭടാനന്ദൻ

23. ആനന്ദമതം - ബ്രഹ്മാനന്ദ ശിവയോഗി

24. ആനന്ദമഹാസഭ - ബ്രഹ്മാനന്ദ ശിവയോഗി

25. ഹിന്ദുപുലയ സമാജം - കുറുമ്പൻ ദൈവത്താൻ

26. കേരള പുലയ മഹാസഭ - പി.കെ.ചാത്തൻ മാസ്റ്റർ

27. ഭാഷാപോഷിണി സഭ - കണ്ടത്തിൽ വർഗീസ് മാപ്പിള

28. മലയാളി സഭ - സി.കൃഷ്ണപിള്ള

29. മുഹമ്മദീയ സഭ - മക്തി തങ്ങൾ

30. തിരുവിതാംകൂർ ചേരമർ മഹാസഭ - പാമ്പാടി ജോൺ ജോസഫ്

Post a Comment

0 Comments
Post a Comment (0)