കേരള ചരിത്രം

Arun Mohan
0

പ്രാചീന കേരളം

എ.ഡി. ഒന്നു മുതൽ അഞ്ച് നൂറ്റാണ്ടുവരെയുള്ള കാലം കേരളം പ്രാചീന തമിഴകത്തിന്റെ ഭാഗമായിരുന്നു. ഇക്കാലത്ത് കേരളം അഞ്ചു നാടുകളായി വിഭജിക്കപ്പെട്ടിരുന്നു. വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കര്‍ക്കനാട്‌ എന്നിങ്ങനെയായിരുന്നു ഈ വിഭജനം. തിരുവനന്തപുരം ജില്ല, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ഏതാനും ഭാഗങ്ങൾ എന്നിവ ഉള്‍ക്കൊണ്ടതായിരുന്നു വേണാട്‌. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളും കൊല്ലം ജില്ലയുടെ ഏതാനും ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ്‌ കുട്ടനാട്‌. തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളും കോഴിക്കോട്‌ ജില്ലയുടെ ഏതാനും ഭാഗങ്ങളും ഉള്‍പ്പെട്ടതാണ്‌ കുടനാട്‌. കണ്ണൂര്‍, കാസര്‍കോഡ്‌ ജില്ലകളുടെ തീരങ്ങളും കോഴിക്കോട്‌ ജില്ലയുടെ ഏതാനും ഭാഗങ്ങളുമാണ്‌ പൂഴിനാട്‌. വയനാട്‌, ഗൂഡല്ലൂർ തുടങ്ങിയ പ്രദേശങ്ങളാണ്‌ കര്‍ക്കനാട്‌.

ആയ് രാജവംശം

കേരളത്തിലെ ആദ്യ രാജവംശമാണ്‌ ആയ്‌ രാജവംശം. സംഘകാലത്ത്‌ നാഗര്‍കോവിൽ മുതൽ തിരുവല്ല വരെയുള്ളസഹ്യപർവ്വത പ്രദേശങ്ങളായിരുന്നു ഇതിൽ ഉള്‍പ്പെട്ടത്‌. പൊതിയിൽ മലയിലെ ആയ്ക്കുടിയായിരുന്നു തലസ്ഥാനം. ആയ്‌ ആണ്ടിരനാണ്‌ ആയ്‌ വംശ സ്ഥാപകന്‍. ആയ്‌ ആണ്ടിരൻ, അതിയൻ, തിതിയൻ എന്നിവരായിരുന്നു ആദ്യകാല ഭരണാധികാരികൾ. ചടയന്‍, കരുനന്തൻ, കരുനന്തടക്കൻ, വിക്രമാദിത്യ വരഗുണൻ തുടങ്ങിയവരും പിന്നീട്‌ രാജ്യം ഭരിച്ചു. ആയ്‌ രാജാക്കന്മാരുടെ പരദേവത ശ്രീപത്മനാഭനാണ്‌. ആനയായിരുന്നു ആയ്‌ രാജാക്കന്മാരുടെ ചിഹ്നം. ബാരിസ്‌ നദി (പമ്പ) മുതൽ കന്യാകുമാരിവരെയുള്ള ആയ് രാജ്യത്തെ ടോളമി വിശേഷിപ്പിച്ചത് അയോയ്‌ എന്ന പേരിലാണ്‌.

പാണ്ഡ്യ - ചേര രാജ്യങ്ങള്‍ക്കിടയിൽ പലപ്പോഴും ഒരു തടനില (ബഫർ സ്റ്റേറ്റ്) മായി ആയ് രാജ്യം നിലകൊണ്ടിരുന്നു. നാഞ്ചിനാട്‌ എന്നറിയപ്പെട്ട പണ്ടത്തെ തെക്കൻ തിരുവിതാംകൂർ ആദ്യകാലത്ത്‌ ആയ്‌ രാജ്യത്തിന്റെ ഭാഗമായിരുന്നു. പൊതിയിൽ മലയാണ്‌ ആയ്‌ രാജ്യത്തിന്റെ തലസ്ഥാനമെന്നാണ്‌ പുറ നാനുറിൽ പരാമര്‍ശം. ആയ്‌ രാജാക്കന്മാരുടെ പില്‍ക്കാല തലസ്ഥാനമാണ്‌ വിഴിഞ്ഞം. പാലിയം ശാസനം പുറപ്പെടുവിച്ച ആയ്‌ രാജാവാണ് വിക്രമാദിത്യ വരഗുണൻ. ശ്രീവല്ലഭന്‍, പാര്‍ത്ഥിവ ശേഖരൻ എന്നിങ്ങന്നെ അറിയപ്പെട്ട ആയ്‌ രാജാവാണ്‌ കരുനന്തടക്കൻ. ഇദ്ദേഹമാണ്‌ പാര്‍ത്ഥിവപുരം വിഷ്ണുക്ഷേത്രം പണികഴിപ്പിച്ചത്‌. സുപ്രസിദ്ധമായ കാന്തള്ളൂർ ശാല സ്ഥാപിച്ചതും കരുനന്തടക്കനാണ്‌. ദക്ഷിണ നളന്ദ എന്നാണ്‌ കാന്തള്ളൂർ ശാല വിശേഷിപ്പിക്കപ്പെടുന്നത്‌. വിഴിഞ്ഞവും കാന്തള്ളൂരുമായിരുന്നു ആയ്‌ രാജക്കന്മാരുടെ സൈനിക കേന്ദ്രങ്ങൾ.

സുപ്രസിദ്ധ ബുദ്ധമത കേന്ദ്രമായ ശ്രീമൂലവാസം ബുദ്ധവിഹാരത്തിന് ഭൂദാനം നടത്തിയതും വരഗുണനാണ്‌. വിക്രമാദിത്യ വരഗുണനാണ്‌ കേരളത്തിലെ അശോകൻ എന്നു വിളിക്കപ്പെടുന്നത്‌. വിക്രമാദിത്യന്റെ മരണശേഷം ആയ്‌ വംശം ക്ഷയോന്മുഖമായി.

ഏഴിമല രാജവംശം

പ്രധാനമായും മൂന്നു വൻശക്തികളാണ് സംഘകാലത്ത് കേരളം ഭരിച്ചിരുന്നത്. തെക്ക് ആയ് രാജാക്കന്മാർ, വടക്ക് ഏഴിമല രാജാക്കന്മാർ, ഇവർക്കിടയിൽ ചേര രാജാക്കന്മാർ. കേരളത്തിലെ കണ്ണൂർ ജില്ലയിൽ അറബിക്കടലിനോടു ചേർന്ന് 260 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലമ്പ്രദേശമാണ് ഏഴിമല. തദ്ദേശീയരായ ആളുകൾ ഏഴിമലയെ 'ദെലിയില്ലി മല' എന്നാണ് വിളിച്ചുപോന്നിരുന്നത്. രണ്ടായിരത്തിലധികം വർഷങ്ങൾക്കുമുമ്പ് വടക്കൻ കേരളം ഭരിച്ച രാജവംശമാണ് ഏഴിമല രാജവംശം. ഉത്തരഭാഗം മംഗലാപുരം വരെയും കിഴക്ക് സഹ്യാദ്രിഭാഗങ്ങളും ഉൾപ്പെട്ടിരുന്ന പ്രദേശങ്ങൾ ഏഴിമല രാജവംശത്തിന്റെ കീഴിലായിരുന്നു. കൊങ്കാനം എന്നായിരുന്നു ഏഴിമലയുടെ മറ്റൊരു പേര്. നന്നൻ ആയിരുന്നു ഏഴിമലയിലെ പേരുകേട്ട രാജാവ്. നിരവധി സംഘട്ടനങ്ങളിൽ പങ്കെടുത്ത വീരനായ യോദ്ധാവ് എന്ന നിലയിലാണ് പാട്ടുകളിൽ നന്നൻ പ്രകീർത്തിക്കപ്പെടുന്നത്.

ചേരന്മാരെ നിരവധി യുദ്ധങ്ങളിൽ പരാജയപ്പെടുത്തി. പാഴി യുദ്ധത്തിൽ ചേരന്മാരെ പരാജയപ്പെടുത്തിയതിനെക്കുറിച്ച് കൊട്ടാരം കവിയായ പഴനാർ വിവരിക്കുന്നുണ്ട്. പഴയൻ, പിണ്ടൻ എന്നീ മുഖ്യന്മാരെ തോൽപ്പിച്ചു. ഇക്കാലത്ത് റോമാസാമ്രാജ്യവുമായി ഏഴിമലയ്ക്ക് കച്ചവടബന്ധം ഉണ്ടായിരുന്നു. നന്നന്റെ പിൻമുറക്കാരായിരിക്കാം മൂഷകവംശക്കാർ. മൂഷകവംശക്കാർ കോലത്തുനാട് രാജാക്കന്മാരാണ്. ഏഴിമല ഏലിമലയും എലിമലയുമായിട്ടാണ് സംസ്കൃതത്തിൽ മൂഷകവംശമായത്. പുരാതന കോലത്തിരി രാജവംശത്തിന്റെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ കൊട്ടാരമാണ് 'ഏലി കോവിലകം'. ഇത് ഏഴിമലയിലായിരുന്നു. അതിനാലാകണം മലയ്ക്ക് ഏഴിമല എന്ന പേരുകിട്ടിയതെന്നും അതല്ല മലയുടെ പേരാണ് കൊട്ടാരത്തിനു കിട്ടിയതെന്നും പറയപ്പെടുന്നു. ഇപ്പോൾ നാവിക അക്കാദമിയുടെ കേന്ദ്രമാണ്‌ ഏഴിമല. അകനാനൂറ്‌, പുറനാനൂറ്‌ എന്നീ കൃതികളിൽ ഏഴിമലയെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌.

മൂഷക രാജവംശം

കേരളത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശങ്ങളിലൊന്നായ മൂഷിക (മൂഷക) വംശത്തിന്റെ ആസ്ഥാനമായിരുന്നു ഏഴിമല. ഏഴിമല രാജവംശത്തിലെ പേരുകേട്ട രാജാവായിരുന്നു നന്നൻ. നന്നന്റെ പിൻമുറക്കാരായിരിക്കാം മൂഷിക വംശക്കാർ. മൂഷിക വംശക്കാർ കോലത്തുനാട് രാജാക്കാന്മാരാണ്. ഏഴിമല ഏലിമലയും എലിമലയുമായിട്ടാണ് സംസ്കൃതത്തിൽ മൂഷകവംശമായത്. മൂഷകവംശത്തിന്റെ ചരിത്രവും വംശാവലിയും വ്യക്തമാക്കുന്ന ഒരു സംസ്കൃതകാവ്യം, ഈ വംശത്തിലെ ശ്രീകണ്ഠൻ എന്ന രാജാവിന്റെ സദസ്യനായിരുന്ന അതുലൻ രചിച്ചിട്ടുണ്ട്. അതിന്റെ രചനാകാലം പതിനൊന്നാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധമാണ്. ഈ കാവ്യത്തിന്റെ ആദ്യഭാഗങ്ങൾ ഐതിഹ്യങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണെങ്കിലും അവസാനഭാഗങ്ങൾ ചരിത്രവസ്തുതകളാണ്. വിക്രമരാമൻ, ജയമാനി, വലഭൻ, ശ്രീകണ്ഠൻ എന്നീ രാജാക്കന്മാരെക്കുറിച്ച് ഈ കൃതികളിൽനിന്ന് മനസ്സിലാക്കാം. വിക്രമരാമൻ എന്ന മൂഷകരാജാവ് ശ്രീമൂലവാസം എന്ന ബൗദ്ധവിഹാരത്തെ കടൽക്ഷോഭത്തിൽ നിന്ന് രക്ഷിച്ചതായി പറയുന്നു. വലഭൻ എന്ന രാജാവാണ് വലഭപട്ടണം സ്ഥാപിച്ചതെന്നും ഈ കൃതിയിൽ നിന്ന് മനസ്സിലാക്കാം. പതിനാലാം നൂറ്റാണ്ട് മുതലാണ് മൂഷക രാജവംശത്തെ കോലത്തുനാടെന്നും ഭരണാധികാരിയെ കോലത്തിരിയെന്നും വിളിക്കാൻ തുടങ്ങിയത്. പതിമൂന്നാം നൂറ്റാണ്ടിൽ ലോകപ്രശസ്ത സഞ്ചാരിയായ മാർക്കോപോളോ ഈ രാജ്യത്തെ എലിനാട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ അൽബറൂണി ഹിലി രാജ്യമെന്നും വിളിച്ചിരുന്നു.

ഒന്നാം ചേര സാമ്രാജ്യം

സംഘകാലത്ത്‌ കേരളത്തിന്റെ മധ്യഭാഗങ്ങൾ ഭരിച്ച രാജവംശമായിരുന്നു ചേരവംശം. വാഞ്ചി ആയിരുന്നു ഒന്നാം ചേര സാമ്രാജ്യത്തിന്റെ ആസ്ഥാനം. അമ്പും വില്ലുമാണ് ചേരരാജാക്കന്മാരുടെ രാജകീയ മുദ്ര. അശോകന്റെ ശിലാലിഖിതങ്ങളിൽ ചേരളം പുത്ര" എന്നറിയപ്പെട്ടത് ചേരരാജവംശമാണ്. നെടുംചേരലാതന്‍, ആട്ക്കോട്‌ പാട്ടുചേരലാതൻ, ചേരൻ ചെങ്കുട്ടുവൻ തുടങ്ങിയവരാണ്‌ ഒന്നാം ചേരവംശത്തിലെ പ്രമുഖരായ ഭരണാധികാരികൾ. ചിലപ്പതികാരത്തിൽ പരാമർശിക്കപ്പെട്ട ആദ്യ രാജാവായിരുന്നു ചെങ്കുട്ടുവൻ. കൊടുങ്ങല്ലൂരിൽ കണ്ണകി പ്രതിഷ്ഠ നടത്തിയതും ചേരൻ ചെങ്കുട്ടുവനാണ്.

രണ്ടാം ചേര സാമ്രാജ്യം

എ.ഡി. 800 മുതൽ 1102 വരെയുള്ള കാലഘട്ടത്തിലാണ്‌ രണ്ടാം ചേര സാമ്രാജ്യം നിലനിന്നത്‌. തിരുവഞ്ചിക്കുളം അഥവാ മഹോദയപുരമായിരുന്നു രണ്ടാം ചേരസാമ്രാജ്യത്തിന്റെ തലസ്ഥാനം. കുലശേഖരന്മാരാണ്‌ രണ്ടാം ചേര സാമ്രാജ്യത്തെ ശക്തമാക്കിയത്‌. കുലശേഖരന്മാർ എന്നു വിളിക്കപ്പെട്ട 13 ഭരണാധികാരികളുണ്ട്‌. കുലശേഖര വര്‍മ്മയാണ് രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകന്‍. കുലശേഖര ആഴ്വാർ എന്നറിയപ്പെടുന്നതും ഇദ്ദേഹമാണ്‌. തമിഴിലെ പ്രശസ്ത ഭക്തി പ്രബന്ധമായ പെരുമാൾ തിരുമൊഴിയുടെ കര്‍ത്താവും കുലശേഖര ആള്‍വാറാണ്‌. സംസ്കൃതത്തിലെ മുകുന്ദമാലയുടെ കര്‍ത്താവും ഇദ്ദേഹമാണ്‌. കുലശേഖര ഭരണകാലമാണ്‌ കേരളത്തിന്റെ 'സുവര്‍ണയുഗം' എന്നറിയപ്പെടുന്നത്‌.

കുലശേഖര വംശത്തിലെ രണ്ടാമത്തെ രാജാവാണ്‌ രാജശേഖര വര്‍മ്മ. എ.ഡി. 820 മുതൽ 844 വരെയാണ്‌ രാജശേഖരവര്‍മ്മന്റെ ഭരണകാലം. മാധവാചാര്യർ രചിച്ച ശങ്കര വിജയത്തിലും, ശങ്കരാചാര്യർ രചിച്ച ശിവാനന്ദ ലഹരിയിലും പരാമര്‍ശിക്കപ്പെട്ട കേരള ഭരണാധികാരിയാണ്‌ രാജശേഖര വര്‍മ്മന്‍. വാഴപ്പിള്ളി ശാസനത്തിൽ പരമേശ്വര ഭട്ടാരകൻ എന്ന് വിശേഷിപ്പിക്കപ്പെട്ടതും രാജശേഖരനാണ്. എ.ഡി. 825 ൽ കൊല്ലവര്‍ഷം ആരംഭിച്ചതും രാജേശേഖരന്റെ കാലത്താണ്‌. എ.ഡി. 829 ൽ മാമാങ്കത്തിൻ തുടക്കം കുറിക്കപ്പെട്ടതും രാജശേഖരന്റെ കാലത്താണ്‌.

സ്ഥാണു രവിയുടെ അഞ്ചാം ഭരണ വര്‍ഷത്തിലാണ്‌ വേണാടിന്റെ ഭരണാധികാരിയായിരുന്ന അയ്യനടികൾ തിരുവടികൾ എ.ഡി. 849 ൽ തരിസാപ്പള്ളി ചെപ്പേട്‌ എഴുതി കൊടുത്തത്‌. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ശാസനവും ഇദ്ദേഹത്തിന്റേതാണ്‌. ചോള ചക്രവര്‍ത്തിയായ ആദിത്യ ചോളന്റെ സമകാലികനായിരുന്നു ഇദ്ദേഹം. എ.ഡി. 851ൽ അറബ്‌ വ്യാപാരിയായ സുലൈമാൻ കേരളം സന്ദര്‍ശിച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്‌. അവസാനത്തെ കുലശേഖര ഭരണാധികാരിയാണ് രാമവര്‍മ കുലശേഖരന്‍. പതിനൊന്നാം നൂറ്റാണ്ടിൽ നടന്ന നൂറ്റാണ്ടുയുദ്ധം ചേര ചോളന്മാർ തമ്മിലായിരുന്നു. ചേരന്മാർ യുദ്ധത്തിൽ വിജയിച്ചുവെങ്കിലും രണ്ടാം ചേരസാമ്രാജ്യം ഇതോടെ ശിഥിലമായി.

പെരുമ്പടപ്പ് സ്വരൂപം (കൊച്ചി രാജവംശം)

1341 ലെ പെരിയാർ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊടുങ്ങല്ലൂരിൻ വാണിജ്യ പ്രാധാന്യം നഷ്ടപ്പെടുകയും കൊച്ചി പ്രധാന തുറമുഖമാവുകയും ചെയ്തു. അതോടെ മഹോദയപുരത്തിലെ രാജകുടുംബത്തിലെ ഒരു വിഭാഗം ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റി.

നെടിയിരുപ്പ് സ്വരൂപം & കോല സ്വരൂപം

സ്വതന്ത്രമായ നാടുകളിൽ കൂടുതൽ പ്രതാപമുണ്ടായിരുന്നത് സാമൂതിരി ഭരിച്ചിരുന്ന നെടിയിരുപ്പിനാണ്. പത്രണ്ടാം നൂറ്റാണ്ടിലാണ് നെടിയിരുപ്പുകാർ പോർലാതിരിയെ തോൽപ്പിച്ച് കോഴിക്കോട് കീഴടക്കിയത്. അതോടുകൂടി ഇവർ തളിക്ഷേത്രത്തിന്റെ ട്രസ്റ്റി ആയിത്തീർന്നു. ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റുകയും ചെയ്തു. ഒരു പ്രസിദ്ധ കച്ചവടകേന്ദ്രമായി കോഴിക്കോട് വളർന്നു. പന്തലായനി കൊല്ലത്തിന്റെ പ്രാധാന്യം മനസിലാക്കിയ സാമൂതിരി അവിടം പിടിച്ചെടുത്തതോടുകൂടി കോഴിക്കോട് ശക്തവും സമ്പന്നവുമായി മാറി. പിന്നീട് മാമാങ്കോത്സവത്തിന്റെ രക്ഷാപുരുഷസ്ഥാനവും സാമൂതിരിക്ക് ലഭിച്ചു.

രേവതി പട്ടത്താനം

പണ്ഡിതന്മാരായ നമ്പൂതിരിമാർക്ക് നൽകുന്ന സമ്മാനമാണ് താനം എന്ന ദാനം. കർമ്മത്തിയിലൂടെയും അറിവിലൂടെയും നേടുന്ന വിദ്യകളുണ്ട്. പട്ടത്താനം അറിവിലൂടെ നേടുന്നതാണ്. കര്‍മ്മിത്താനം കർമ്മത്തിലൂടെ നേടുന്നതാണ്. 'തളിയിൽ ത്താനം' എന്നാണ് രേവതി പട്ടത്താനം അറിയപ്പെടുന്നത്. കോഴിക്കോട് തളിയിൽ ക്ഷേത്രത്തിൽ എല്ലാ വർഷവും തുലാമാസത്തിലെ രേവതി നാൾ മുതൽ തിരുവാതിര നാൾ വരെയുള്ള ഏഴു ദിവസം സാമൂതിരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടിരുന്ന വിദ്വൽ സദസ്സായിരുന്നു രേവതി പട്ടത്താനം. അന്ന് കൂടല്ലൂർ പട്ടേരിമാരായിരുന്നു നമ്പൂതിരിമാരുടെ പാണ്ഡിത്യം അളക്കാൻ വിധികര്‍ത്താക്കളായിരുന്നത്. സാമൂതിരി രാജാവായിരുന്നു നമ്പൂതിരിമാര്‍ക്ക് താനം നൽകിയിരുന്നത്. മത്സരത്തിൽ വിജയിക്കുന്ന പണ്ഡിതൻ സാമൂതിരി നൽകിയിരുന്ന പദവിയായിരുന്ന 'ഭട്ടസ്ഥാനം' ലോപിച്ചാണ് പട്ടത്താനം ആയി മാറിയത്. പ്രാഭാകരം, കൗമാരിലം, വ്യാകരണം, വേദാന്തം എന്നിങ്ങനെ നാല് വിഷയങ്ങളിലാണ് വളരെ കടുപ്പമേറിയ ഈ ശാസ്ത്രപരീക്ഷ നടത്തിയിരുന്നത്. മേൽപ്പത്തൂർ നാരായണ ഭട്ടതിരി പോലും രേവതി പട്ടത്താനത്തിൽ ആറു തവണ പരാജയപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. വിജയിയായ പണ്ഡിതനായിരുന്നു ഉദ്ദണ്ഡശാസ്ത്രികൾ.

വേണാട് രാജവംശം

ആധുനിക തിരുവിതാംകൂറാണ് മധ്യകാലഘട്ടത്തിൽ 'വേണാട്' എന്നറിയപ്പെട്ടിരുന്നത്. ഇവിടെ 1299 മുതൽ 1314 വരെ ഭരണം നടത്തിയിരുന്ന രവിവർമ കുലശേഖരൻ മികച്ച ഭരണാധികാരിയായിരുന്നു. അക്കാലത്ത് വേണാടിന്റെ തലസ്ഥാനമായ കൊല്ലം ഒരു പ്രധാന വാണിജ്യ കേന്ദ്രവും പരിഷ്കൃത നഗരവുമായിരുന്നു. പതിനഞ്ചാം ശതകാരംഭത്തിൽ വേണാട്, തൃപ്പാപ്പൂർ, ദേശിങ്ങനാട് എന്നീ രണ്ടു ശാഖകളായി പിരിഞ്ഞു. തൃപ്പാപ്പൂർ സ്വരൂപത്തിലെ രാജാവ് തിരുവിതാംകോട് കൊട്ടാരം പണിയിച്ച് അങ്ങോട്ട് മാറി. അതാണ് പിന്നീട് തിരുവിതാംകൂറായത്.

സാമൂതിരി രാജവംശം

ഏകദേശം 780 വർഷക്കാലം കേരളത്തിലെ കോഴിക്കോട് ഉൾപ്പെടുന്ന മലബാറിന്റെ തെക്കേ പകുതി ഭരിച്ചിരുന്ന ഭരണാധികാരികളുടെ സ്ഥാനപ്പേരാണ് സാമൂതിരി. സാമൂതിരിയുടെ വംശം നെടിയിരുപ്പ് സ്വരൂപം എന്നാണ് അറിയപ്പെടുന്നത്. കുന്നലക്കോനാതിരി, ഏറാടിമാർ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. മാനവിക്രമൻ, മാനദേവൻ, വീരരായിരൻ തുടങ്ങിയ സാമൂതിരിമാർ കോഴിക്കോട് ഭരിച്ചിരുന്നു.

പോർച്ചുഗീസ് കേരളത്തിൽ

കേരളത്തിലേക്കു വന്ന ആദ്യത്തെ യൂറോപ്യൻമാർ പോർച്ചുഗീസുകാരാണ്. 1498 ൽ പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ കോഴിക്കോട്ടെ കാപ്പാടിൽ കപ്പലിറങ്ങി. ഇത് സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ തുടക്കമായിരുന്നു. ഏഷ്യയുടെ ചരിത്രത്തിൽ ഒരു വാസ്കോ ഡ ഗാമാ യുഗത്തിൻ അത് തുടക്കം കുറിച്ചു. അഞ്ചു നൂറ്റാണ്ടോളം നീണ്ടു നിന്ന യൂറോപ്യൻ കോളോണിസത്തിൻ തുടക്കം കുറിക്കപ്പെട്ടത് പോർച്ചുഗീസുകാരുടെ വരവോടെയാണ്. പോർച്ചുഗീസുകാർ മലബാർ വ്യാപാരത്തിൽ  അറബികൾക്കുണ്ടായിരുന്ന മേധാവിത്വം തകർത്തെറിഞ്ഞു. കാർട്ടസ് വ്യവസ്ഥ സ്ഥാപിച്ചുകൊണ്ട് ഇന്ത്യൻ സമുദ്രത്തിലെ വ്യാപാരത്തിനുമേൽ അവർ കുത്തക സ്ഥാപിച്ചു. കോഴക്കോട്, കണ്ണൂർ, കൊച്ചി, കൊല്ലം എന്നിവിടങ്ങളിലെ ഭരണാധികാരികളുമായി അവർ വ്യാപാര ഉടമ്പടിയിലേർപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ കിഴക്കൻ വ്യാപാരത്തിൽ കുത്തക നിലനിർത്താൻ  പോർച്ചുഗീസുകാർക്കു സാധിച്ചു. ഡച്ചുകാരുടെ വരവോടെയാണ് അവരുടെ കച്ചവടക്കുത്തക വെല്ലുവിളിക്കപ്പെട്ടത്. വികാരി, ഫാക്ടറി, പതക്കം, മേസ്തിരി, ലേലം, കുശിനി, ജനൽ, അലമാര, കുമ്പസാരം, മേശ, ചാവി, കസേര, ബെഞ്ച്, ചായ, റാന്തൽ, മുറം, വിജാഗിരി, കൊന്ത, വരാന്ത, ഗോഡൗൺ എന്നിവ പോർച്ചുഗീസുകാർ മലയാളഭാഷക്ക് നൽകിയ സംഭാവനകളാണ്.

കുഞ്ഞാലി മരക്കാർ

സമുദ്രാധിപത്യമെന്ന പറങ്കികളുടെ സ്വപ്നത്തിൻ ഏറ്റവും വലിയ ഭീഷണിയായിരുന്നത്‌ ധീരരായ കുഞ്ഞാലിമരയ്ക്കാന്മാരുടെ നാവിക സൈന്യമാണ്‌. ഇവരുടെ എതിര്‍പ്പുകൊണ്ടാണ്‌ കോഴിക്കോട്ട്‌ പറങ്കികള്‍ക്ക്‌ കാലുറപ്പിക്കാൻ കഴിയാതെ പോയത്‌. കുഞ്ഞാലി മരയ്ക്കാര്‍മാരുടെ ഉത്ഭവത്തെക്കുറിച്ച്‌ വ്യക്തമായി അറിയില്ല. അവർ കൊച്ചിയിലെ കടല്‍ക്കച്ചവടക്കാരായിരുന്നെന്നാണ്‌ ചിലര്‍പറയുന്നത്‌. പോര്‍ച്ചുഗീസുകാർ കൊച്ചി രാജാവിന്റെ പ്രിയപ്പെട്ടവരായപ്പോൾ കുഞ്ഞാലിമാർ കൊച്ചി വിട്ട് കോഴിക്കോട്ടേക്കു പോയത്രേ. സാമൂതിരി ഇവരുടെ സേവനം ഉപയോഗപ്പെടുത്തി. ക്രമേണ കുഞ്ഞാലിമാർ സാമൂതിരിയുടെ നാവികപ്പടയുടെ നായകന്മാരാവുകയും ചെയ്തു. അതിവേഗത്തിൽ പായുന്ന ഓടിവള്ളത്തിൽ വന്നായിരുന്നു കുഞ്ഞാലിയുടെയും കൂട്ടരുടേയും ആക്രമണം. പറങ്കിക്കപ്പലുകൾ എതിര്‍ക്കാൻ തുടങ്ങുമ്പോഴേക്കും കുഞ്ഞാലി ആക്രമണം കഴിഞ്ഞ്‌ തിരിച്ച്‌ പോയിരിക്കും!

കന്യാകുമാരി മുതൽ കച്ച്‌ തീരംവരെയും ഭാരതത്തിന്റെ കിഴക്കന്‍തീരങ്ങളിലും കുഞ്ഞാലിമരയ്ക്കാരുടെ സൈന്യം പതിയിരുന്നിരുന്നു. ഓരോ വര്‍ഷവും വളരെയേറെ കപ്പലുകളും ചരക്കുകളും ഇവരുടെ ആക്രമണം മൂലം പറങ്കികള്‍ക്ക്‌ നഷ്ടപ്പെട്ടു. എത്ര ശ്രമിച്ചിട്ടും കുഞ്ഞാലിയുടെ സൈന്യത്തെ തുരത്താൻ പറങ്കികള്‍ക്ക്‌ കഴിഞ്ഞില്ല. കുഞ്ഞാലിമരയ്ക്കാർ നാലാമൻ സാമൂതിരി പുതുപട്ടണത്ത്‌ കോട്ട പണിയുന്നതിനും കപ്പൽ നിര്‍മാണകേന്ദ്രം തുടങ്ങുന്നതിനും അനുവാദം കൊടുത്തു. ഇതിനും പുറമെ നായർ മാടമ്പിമാര്‍ക്കുണ്ടായിരുന്ന എല്ലാ അധികാരാവകാശങ്ങളും ഈ നാവികസൈന്യാധിപൻ നൽകി. ഇത്‌ നായർ മാടമ്പിമാരിൽ അസൂയയുണ്ടാക്കി. അവരുടെ ഉള്ളിലിരിപ്പ്‌ മനസിലാക്കിയ പറങ്കികൾ സാമൂതിരിയേയും കുഞ്ഞാലിമരയ്ക്കാരേയും തെറ്റിക്കാൻ പറ്റിയ അവസരം ഇതു തന്നെയാണെന്ന്‌ മനസിലാക്കി. പറങ്കികൾ സാമൂതിരിയുടെ ഏതാനും കൊട്ടാരസേവകരേയും മാടമ്പിമാരേയും പണം കൊടുത്ത്‌ പാട്ടിലാക്കി. കുഞ്ഞാലിയുടെ നാവികസേനയിലെ ചില പ്രമുഖരെയും പണം കൊടുത്ത്‌ സ്വാധീനിച്ചു. ചാരപ്രവര്‍ത്തനം ഇരുഭാഗത്തും തകൃതിയായി നടന്നു. ക്രമേണ അതു ഫലം കണ്ടു.

കുഞ്ഞാലിമരയ്ക്കാർ ദുരാഗ്രഹിയും അഹങ്കാരിയുമായി മാറിയിരിക്കുകയാണെന്ന്‌ സാമൂതിരിയെ വിശ്വസിപ്പിക്കാൻ പറങ്കികള്‍ക്കു കഴിഞ്ഞു. തന്റെ അഭിപ്രായം മാനിക്കാതെ സാമൂതിരി പൊന്നാനിയിൽ കോട്ടകെട്ടാ൯ പറങ്കികളെ അനുവദിച്ചത്‌ കുഞ്ഞാലിക്ക്‌ വലിയ വിഷമമുണ്ടാക്കി. സാമൂതിരിയും കുഞ്ഞാലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഊതിവീർപ്പിക്കാൻ ഇരുഭാഗത്തുമുള്ള അസൂയാലുക്കൾ കിണഞ്ഞു ശ്രമിച്ചു. ഒടുവിൽ പറങ്കികളുടെ കുടിലതന്ത്രങ്ങൾ വിജയിച്ചു. സാമൂതിരിയും കുഞ്ഞാലിയും ഏറ്റുമുട്ടാൻ തീരുമാനിച്ചു. മരയ്ക്കാര്‍പ്പടയെ നശിപ്പിക്കാൻ സാമൂതിരി പോര്‍ച്ചുഗീസുകാരുടെ സഹായം തേടി. കടലിൽ നിന്ന്‌ പറങ്കിപ്പടയും കരയിൽ നിന്ന്‌ സാമൂതിരിയുടെ പടയും കുഞ്ഞാലിയെ ആക്രമിച്ചു. എന്നിട്ടും ആദ്യഘട്ടത്തിൽ കുഞ്ഞാലിയെ തോല്‍പിക്കാനായില്ല.

കൂടുതൽ സജ്ജീകരണങ്ങളോടെ സാമൂതിരിയും കൂട്ടരും രണ്ടാമതുംവന്നു. പുതുപട്ടണംകോട്ട വളഞ്ഞ്‌ കരയിൽ നിന്നും കടലിൽ നിന്നും ഉഗ്രമായ ആക്രമണം നടത്തി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുഞ്ഞാലിയുടെ കോട്ടയിൽ ഭക്ഷണം തീര്‍ന്നു തുടങ്ങി. ഒടുവിൽ ജീവൻ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയോടെ സാമൂതിരിയുടെ മുമ്പിൽ ഉഗ്രപ്രതാപിയായ ആ പടത്തലവൻ വാൾ അടിയറ വച്ചു! എന്നാൽ കുഞ്ഞാലിയെ വിട്ടുതരണമെന്ന പോർച്ചുഗീസുകാരുടെ ആജ്ഞ സാമൂതിരിക്ക്‌ അനുസരിക്കേണ്ടി വന്നു. ആ ദേശാഭിമാനിയെ ഗോവയിൽ കൊണ്ടുപോയി ക്രൂരമായി വധിച്ചു.

നാലു കുഞ്ഞാലിമാ൪

കുഞ്ഞാലി എന്നത്‌ സാമൂതിരി നാവികസൈന്യാധിപൻ കൊടുത്ത സ്ഥാനപേരാണത്രേ! കുഞ്ഞാലിമാരിൽ പ്രധാനികൾ നാലു പേരായിരുന്നു. കുഞ്ഞാലി ഒന്നാമൻ പതിനാറാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ്‌ സാമൂതിരിയുടെ നാവികസേനയെ നയിച്ചത്‌. 1531 മുതൽ 1571 വരെ കുഞ്ഞാലി രണ്ടാമനും 1575 മുതൽ 1595 വരെ കുഞ്ഞാലി മൂന്നാമനും ആ സ്ഥാനം വഹിച്ചു. 1595മുതലാണ്‌ കുഞ്ഞാലി നാലാമൻ നാവികസൈന്യാധിപനായത്‌.

ഡച്ചുകാർ കേരളത്തിൽ (1602 - 1795)

1604 -ൽ ഒരു ഡച്ച്‌ കപ്പല്‍പ്പട കോഴിക്കോട്ടെത്തി. താമസിയാതെ ഡച്ചുകാർ കോഴിക്കോട്ടെ സാമൂതിരിയുമായി ഒരുടമ്പടിയുണ്ടാക്കി. അതുപ്രകാരം കോഴിക്കോട്ടു തുറമുഖത്ത്‌ ഒരു കോട്ട സ്ഥാപിക്കാനുള്ള അധികാരം ഡച്ചുകാര്‍ക്കു ലഭിച്ചു. മധ്യകേരളത്തിലെ പുറക്കാട്‌, കായംകുളം എന്നിവിടങ്ങളിലെ മുഖ്യന്മാരുമായും അവർ ഉടമ്പടികളിലേര്‍പ്പെട്ടു. കുരുമുളക്‌, ഇഞ്ചി, തുടങ്ങിയ കാര്‍ഷിക വിഭവങ്ങൾ ശേഖരിക്കാൻ ഇതവരെ സഹായിച്ചു. പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തികൊണ്ട്‌ കൊല്ലത്തെ വ്യാപാരകുത്തക നേടിയെടുക്കാനും അവര്‍ക്കു സാധിച്ചു. ഡച്ചുക്കാർ കന്യാകുമാരിയിലെ കുളച്ചലിൽ ഒരു വ്യാപാരകേന്ദ്രം സ്ഥാപിച്ചു. തിരുവിതാംകൂറിലെ ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ പിന്നിട്‌ കുളച്ചൽ കൈവശപ്പെടുത്തുകയും കോട്ടകെട്ടി സംരക്ഷിക്കുകയും ചെയ്തു. തിരുവിതാംകൂറിൽ നിന്ന്‌ കുളച്ചൽ പിടിച്ചെടുക്കാനുള്ള ഡച്ചുക്കാരുടെ ശ്രമം 1741-ൽ ഒരു യുദ്ധത്തിൽ പര്യവസാനിച്ചു. കുളച്ചൽ യുദ്ധം എന്ന പേരിൽ ഇതറിയപ്പെടുന്നു. ഈ യുദ്ധത്തിൽ ഡച്ചുകാര്‍ക്കുണ്ടായ പരാജയം ഇന്ത്യയുടെ തെക്കു-പടിഞ്ഞാറൻ തീരത്ത്‌ ഡച്ചുശക്തിയുടെ തകര്‍ച്ചക്ക്‌ കാരണമായി.

ഹോർത്തൂസ് മലബാറിക്കസ്

ഒരു പ്രദേശത്തെ ഒട്ടുമിക്ക സസ്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ അവയുടെ ശാസ്ത്രനാമവും ഔഷധഗുണങ്ങളുമടക്കം വിശദീകരിക്കുന്ന ലോകത്തിലെ ആദ്യഗ്രന്ഥമായിരിക്കും ഹോർത്തൂസ് മലബാറിക്കൂസ്. പ്രസിദ്ധീകരിച്ച്‌ മൂന്നു നൂറ്റാണ്ടുകള്‍ക്കുശേഷവും ലോകമെങ്ങും ഏറെ പ്രസിദ്ധമാണ്‌ ഈ ഗ്രന്ഥം. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൊച്ചിയിലെ ഡച്ച്‌ ഗവര്‍ണറായിരുന്നു ഹെന്‍റിക്‌ ആഡ്രിയൻ വാൻ റീഡ്‌ ടോട്‌ ഡ്രാക്കെന്‍സ്റ്റൈൻ (1636-1691). ഇദ്ദേഹമാണ്‌ ഈ ചരിത്രഗ്രന്ഥത്തിനുവേണ്ട വിവരങ്ങൾ ശേഖരിക്കാനുള്ള ഏര്‍പ്പാടുകൾ ചെയ്തതും പണം ചെലവാക്കിയതും അച്ചടിക്കുവേണ്ട മേല്‍നോട്ടം വഹിച്ചതുമെല്ലാം. അതിനാൽ ഹോര്‍ത്തൂസ്‌ മലബാറിക്കൂസിന്റെ കര്‍ത്താവായി വാൻ റീഡിന്റെ പേരാണ്‌ നല്‍കിയിരിക്കുന്നത്.

വാൻ റീഡ്‌ ഒരു സസ്യശാസ്‌ത്രജ്ഞനായിരുന്നില്ല. അദ്ദേഹത്തിനുവേണ്ടി ഹോര്‍ത്തൂസ്‌ തയ്യാറാക്കിയത് മറ്റു പലരും ചേര്‍ന്നാണ്‌. അക്കാലത്ത് കേരളത്തിലെ പ്രമുഖ നാട്ടുവൈദ്യനായിരുന്ന ഇട്ടി അച്ചുതന്‍, അപ്പു ഭട്ട്‌, രംഗഭട്ട്‌, വിനായക പണ്ഡിറ്റ്‌, ഫാ. മത്തേവൂസ്‌ എന്നിവരാണ്‌ ഇവരിൽ പ്രധാനികൾ. ഇവരുടെയൊക്കെ പേരുകളും കുറിപ്പുകളും പുസ്തകത്തിന്റെ ആദ്യഭാഗത്തുതന്നെ വാൻ റീഡ്‌ ചേര്‍ത്തിട്ടുണ്ട്‌. ഏഷ്യൻ ഭൂഖണ്ഡത്തിലെ ഔഷധമൂല്യമുള്ള സസ്യജാലങ്ങളെക്കുറിച്ച്‌ മറ്റെവിടെയും ലഭ്യമല്ലാത്ത വിവരങ്ങൾ ഹോര്‍ത്തുസ്‌ മലബാറിക്കൂസിലുണ്ട്‌. ഈ ഔഷധസസ്യങ്ങൾ കൊണ്ട്‌ ചികില്‍സിച്ചു ഭേദമാക്കാവുന്ന രോഗങ്ങൾ, ചികിത്സാവിധികൾ എന്നിവയൊക്കെ അടങ്ങിയ അമൂല്യമായ ഒരു വൈദ്യശാസ്ത്രഗ്രന്ഥം കൂടിയാണത്‌. ഹോര്‍ത്തൂസ്‌ മലബാറിക്കൂസിൽ ചെടികളുടെ പേരുകൾ മാത്രമാണ്‌ മലയാളത്തിൽ അച്ചടിച്ചുവന്നത്‌. കേരളത്തിലെ സസ്യസമ്പത്ത്‌ യൂറോപ്പിലുള്ളവര്‍ക്ക്‌ പരിചയപ്പെടുത്തുകയായിരുന്നു വാൻ റീഡിന്റെ ലക്ഷ്യം. പുസ്തകത്തിന്റെ മൂലകൃതി മലയാളത്തിലാണ്‌ തയാറാക്കിയത്‌. പിന്നീടത്‌ പോര്‍ച്ചുഗീസ്‌ ഭാഷയിലേക്കും അതിനുശേഷം ഡച്ചിലേക്കും അവിടെനിന്ന്‌ ലാറ്റിൻ ഭാഷയിലേക്കും മൊഴിമാറ്റം നടത്തി.

പന്ത്രണ്ട്‌ വാല്യങ്ങൾ. 740-ലേറെ സസ്യങ്ങൾ. 791 ചിത്രങ്ങള്‍! മലയാളം കണ്ട മഹത്തായ പുസ്തകങ്ങളിലൊന്നാണ്‌ ഹോർത്തൂസ് മലബാറിക്കസ്. ആദ്യമായി മലയാള അക്ഷരങ്ങൾ അച്ചടിച്ച പുസ്തകം എന്ന റെക്കോഡും ഹോര്‍ത്തൂസ്‌ മലബാറിക്കൂസിന് തന്നെ. ലത്തീൻ ഭാഷയിലാണ്‌ ഹോര്‍ത്തൂസ്‌ മലബാറിക്കൂസ്‌ പുറത്തിറങ്ങിയതെന്ന്‌ പറഞ്ഞുവല്ലോ. ഇതിൽ മലയാളം, കൊങ്കിണി, പോര്‍ച്ചുഗീസ്‌, ഡച്ച്‌ എന്നീ ഭാഷകളിൽ ചെടികളുടെ പേര് നല്‍കിയിരിക്കുന്നു. ഓരോ ചെടിയുടേയും വിവിധ ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരുകളിൽ നിന്നാണ്‌ ആ സസ്യത്തെക്കുറിച്ചുള്ള വിവരണം തുടങ്ങുന്നത്‌.

സാധാരണ പുസ്തകങ്ങളുടെ പേജിന്റെ ഇരട്ടി വലുപ്പമുള്ളവയാണ്‌ (ഫോളിയോ സൈസ്‌) ഹോര്‍ത്തൂസ്‌ മലബാറിക്കൂസിന്റെ പേജുകൾ. ചിത്രങ്ങൾ കഴിയുന്നതും യഥാര്‍ഥ വലുപ്പത്തിൽ തന്നെ ചിത്രീകരിക്കാനായിരുന്നു വാൻ റീഡിന്റെയും കൂട്ടരുടെയും ശ്രമം. അതുകൊണ്ട്‌ രണ്ടുപേജിലായി വരുന്നതുപോലെയാണ്‌ ചിത്രങ്ങൾ കൊടുത്തത്‌. മരങ്ങളാണെങ്കിൽ ഇലകളോടുകൂടിയ ഒരു ശാഖയും പൂക്കളും ഫലങ്ങളും കൊടുക്കും. ചെറുചെടികൾ വേരോടെ തന്നെ ചിത്രീകരിക്കും. പൂക്കളുടെ ചിത്രങ്ങളെല്ലാം ഇതളുകൾ മാറ്റി ഉള്‍ഭാഗം കൃത്യമായി കാണാൻ പറ്റുന്ന തരത്തിലാണ്‌ വരച്ചിരിക്കുന്നത്‌. ഫലങ്ങളും വിത്തുകളുമെല്ലാം നെടുകേമുറിച്ച്‌ അവയുടെ ഉള്‍ഭാഗത്തെ വിശദാംശങ്ങൾ വ്യക്തമാകുന്നതുപോലെ ചിത്രീകരിച്ചിരിക്കുന്നു.

എല്ലാ സസ്യങ്ങളെയും പരിചയപ്പെടുത്തുന്നത് ഏതാണ്ട്‌ ഒരേ രീതിയിലാണ്‌. വേരിൽ തുടങ്ങി തണ്ട്‌, ഇല, പൂവ്‌, കായ്‌, വിത്ത്‌ എന്നിവയൊക്കെ വിശദമായി പറഞ്ഞിരിക്കുന്നു. ഓരോ സസ്യത്തിന്റെയും ശാസ്ത്രീയമായ കാര്യങ്ങൾ വിവരിച്ച ശേഷം അവയുടെ നിറം, മണം, രുചി തുടങ്ങിയ പ്രത്യേകതകളും ഔഷധഗുണവും പറയുന്നു. ആളുകൾ ഇവ എങ്ങനെ ഉപയോഗിക്കുന്നു എന്നതും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ഹോര്‍ത്തൂസ്‌ മലബാറിക്കൂസിന്റെ ഒന്ന്‌ മുതൽ നാല് വരെ വാല്യങ്ങളിൽ മരങ്ങളെക്കുറിച്ചും ഒറ്റത്തടി വൃക്ഷങ്ങളെക്കുറിച്ചുമാണ്‌ പറഞ്ഞിരിക്കുന്നത്‌. അഞ്ച്‌, ആറ്‌ വാല്യങ്ങളിൽ കുറ്റിച്ചെടികളെക്കുറിച്ച്‌ വിവരിച്ചിരിക്കുന്നു. ഏഴ്‌, എട്ട്‌ വാല്യങ്ങളിൽ വള്ളിച്ചെടികളാണ്‌. ഒമ്പത്‌ മുതൽ 12 വരെയുള്ള വാല്യങ്ങളിൽ ഔഷധസസ്യങ്ങളെക്കുറിച്ച്‌ പറയുന്നു. ആകെ 1,616 പേജുകളാണ്‌ ഹോര്‍ത്തൂസ്‌ മലബാക്കൂസിനുള്ളത്‌.

ഡെന്മാർക്കുകാർ കേരളത്തിൽ

കേരളത്തിൽ ഡെന്മാർക്കിന് രണ്ട് വാണിജ്യകേന്ദ്രങ്ങളുണ്ടായിരുന്നു - കുളച്ചലും ഇടവയും. ഡാനിഷുകാർ തോക്കുകൾ, ഈയം, ചെമ്പ്, വെടിക്കോപ്പുകൾ തുടങ്ങിയവ തിരുവിതാംകൂറിന് നൽകുകയും അതിന് പകരമായി കുരുമുളക് ശേഖരിച്ചുകൊണ്ടുപോകുകയും ചെയ്തിരുന്നു. തിരുവിതാംകൂറിന്റെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടുന്നതിൽനിന്ന് അവർ പൂർണമായും വിട്ടുനിന്നിരുന്നു.

ബ്രിട്ടിഷുകാർ കേരളത്തിൽ (1615 - 1947)

യൂറോപ്യൻ ശക്തിയായ ബ്രിട്ടീഷുകാർ കേരളത്തിലേക്കു വന്നത്‌ 17ആം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌. സാമൂതിരിയുടെ സഹായത്തോടെ മധ്യകേരളത്തിൽ നിന്ന്‌ പോര്‍ച്ചുഗീസുകാരെ പുറത്താക്കാൻ ബ്രിട്ടീഷുകാർ പരിശ്രമിച്ചു. ഇതിനു വേണ്ടി ക്യാപ്റ്റൻ കീലിങ്ങ്‌ സാമൂതിരിയുമായി ഒരുടമ്പടിയുണ്ടാക്കി. അവർ കൊച്ചിയിൽ നിന്ന്‌ ഇംഗ്ലണ്ടിലേക്ക്‌ കുരുമുളക്‌ കയറ്റുമതി ചെയ്തു. വിഴിഞ്ഞത്ത്‌ ഒരു ഫാക്ടറി പണികഴിപ്പിക്കാനുള്ള അനുമതി വേണാട്ടിലെ ഭരണാധികാരിയിൽ നിന്ന്‌ അവർ കരസ്ഥമാക്കി. അതുപോലെയുള്ള ഫാക്ടറികൾ ആറ്റിങ്ങൽ, എയ്ഞ്ചലോ, തലശ്ശേരി എന്നിവിടങ്ങളിലും അവർ പണികഴിപ്പിക്കുകയുണ്ടായി.

ഏറ്റവും ഒടുവിലായി കേരളത്തിലെത്തിയ യൂറോപ്യൻ കൊളോണിയൽ ശക്തിയാണ്‌ ഫ്രഞ്ചുകാർ, കുരുമുളക്‌ ഉള്‍പ്പെടെയുള്ള സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരത്തിൽ അവര്‍ക്കു വലിയ  താല്പര്യമുണ്ടായിരുന്നു. കൂടാതെ ദക്ഷിണേന്ത്യയിലെ കിഴക്കു-പടിഞ്ഞാറൻ തീരങ്ങളിൽ നിന്ന്‌ അടിമകളെ കയറ്റുമതി ചെയ്യാനും അവരാഗ്രഹിച്ചു. വടകരയിലെ ഭരണാധികാരിയിൽ നിന്ന്‌ മാഹിയിൽ കച്ചവടം നടത്താനുള്ള അനുവാദം അവര്‍ക്കു ലഭിച്ചു. അങ്ങനെ കേരളം യൂറോപ്യൻ ശക്തികളുടെ വാണിജ്യമേധാവിത്വത്തിനുവേണ്ടിയുള്ള മത്സരത്തിന്റെയും പോരാട്ടത്തിന്റെയും പോര്‍ക്കളമായി തീര്‍ന്നു. ഈ പോരാട്ടത്തിൽ അന്തിമ വിജയം കൈവരിച്ചത്‌ ബ്രിട്ടീഷുകാരാണ്‌. 18ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ പ്രതിയോഗികളായ എല്ലാ യൂറോപ്യൻ ശക്തികളേയും പുറന്തള്ളാനും കേരളത്തിൽ തങ്ങളുടെ മേധാവിത്വം സ്ഥാപിക്കാനും ബ്രിട്ടീഷുകാര്‍ക്കു സാധിച്ചു.

മലബാർ മാന്വൽ

ചരിത്രരേഖകൾ ശേഖരിച്ച് വിവരിക്കുന്നതാണ് 'മാന്വൽ' എന്നറിയപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ഗവൺമെന്റ് ഓരോ ജില്ലയിലെയും ചരിത്രരേഖകളെ കുറിച്ച് മാന്വൽ തയ്യാറാക്കുവാൻ തീരുമാനിച്ചു. വില്യം ലോഗനാണ് അന്ന് മലബാർ കലക്ടർ. കുറേക്കാലമായി ഇവിടെയുള്ള ലോഗനെത്തന്നെ മാന്വൽ തയ്യാറാക്കാൻ ചുമതലപ്പെടുത്തി. ഒരു ഗവേഷകന്റെ ശ്രദ്ധയോടെയും ജാഗ്രതയോടെയും അദ്ദേഹം നന്നായി കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കി മാന്വൽ തയ്യാറാക്കി. മലബാർ മാന്വലിന്റെ ഒന്നാം അധ്യായം ഭൂമിശാസ്ത്രപരമായ സവിശേഷതകളെ കുറിച്ചാണ് പറയുന്നത്. രണ്ടാം ഭാഗത്ത് ഇവിടെയുള്ള ജാതികൾ, മതങ്ങൾ, ആചാരങ്ങൾ, ഭാഷ, സാഹിത്യം, വിദ്യാഭ്യാസം എന്നിവ വിശദീകരിക്കുന്നു. മൂന്നാം അധ്യായം തൊട്ടാണ് ചരിത്രം രേഖപ്പെടുത്തിയത്. നാലാം അധ്യായത്തിൽ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണുള്ളത്. കിട്ടാവുന്നത്ര പ്രാചീനഗ്രന്ഥങ്ങൾ പരിശോധിച്ചും പണ്ഡിതന്മാരോട് ചോദിച്ചറിഞ്ഞും പുറത്തുനിന്ന് രേഖകൾ വരുത്തി പരിശോധിച്ചുമാണ് പ്രദേശങ്ങളുടെ ചരിത്രം എഴുതിയിട്ടുള്ളത്.

വിദേശികൾ മലബാറിൽ ആധിപത്യം സ്ഥാപിക്കും മുമ്പ് ഇവിടെ നായർ പ്രാമാണിത്തമായിരുന്നുവെന്നാണ് ലോഗൻ പറയുന്നത്. വിദേശികളുടെ വരവ് മുതലാണ് ഇവിടെ കൃത്യമായ ഭരണസംവിധാനം ഉണ്ടായത് എന്നാണ് ലോഗന്റെ വാദം. ഇതിനൊക്കെ പുറമെ മാപ്പിളപ്പാട്ടുകളും വടക്കൻ പാട്ടുകളിൽ പെടുന്ന തച്ചോളിപ്പാട്ടുകളുമൊക്കെ മാന്വലിൽ സന്ദർഭാനുസരണം ഉൾപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടതിലും അപ്പുറം കാര്യങ്ങൾ മലബാർ മാന്വലിൽ ഏറെയുണ്ട്. പക്ഷം പിടിക്കാതെ കാര്യങ്ങൾ കാണാനാണ് വില്യം ലോഗൻ ശ്രദ്ധിച്ചത്. മൂന്ന് ഭാഗങ്ങളിൽ ഒരെണ്ണം ഒഴിച്ചുള്ളതെല്ലാം ഔദ്യോഗികരേഖകളാണ്. ചരിത്രം പഠിക്കുന്നവർക്ക് ഏറെ ഫലപ്രദമായ ഈ ഗ്രന്ഥം അക്കാലത്തെ സർക്കാർ രേഖകളുടെ ഒരു സമാഹാരം കൂടിയാണെന്നു പറയാം. മലബാർ ജില്ലയെ സംബന്ധിക്കുന്ന പ്രധാന കാര്യങ്ങളെല്ലാം തന്നെ അതിൽ പരാമർശിക്കുന്നുണ്ട്.

മലബാർ മാന്വൽ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവ് വില്യം ലോഗൻ എന്ന വിദേശിയാണെങ്കിലും ഭാരതം ലോകത്തിന്  സമ്മാനിച്ച അപൂർവ ഗ്രന്ഥങ്ങളുടെ കൂട്ടത്തിലാണ് ഇതിന്റെയും സ്ഥാനം. നമ്മുടെ നാട്ടിലെ പ്രാചീന രേഖകളും ഗ്രന്ഥങ്ങളുമൊക്കെയാണ് ലോഗനെ മലബാർ മാന്വലിന്റെ രചനയ്ക്ക് സഹായിച്ചത്. മാത്രവുമല്ല വർഷങ്ങളോളം ഭാരതത്തിൽ ജീവിച്ച വ്യക്തികൂടിയാണ് അദ്ദേഹം. അതുകൊണ്ട് മലബാർ മാന്വലിനെക്കുറിച്ചും നമുക്ക് അഭിമാനിക്കാം.

ഫ്രഞ്ചുകാർ കേരളത്തിൽ

വ്യാപാരാവശ്യങ്ങൾക്കായാണ് ഫ്രഞ്ചുകാരും കേരളത്തിലെത്തിയത്. അവർ 1719ൽ ഒരു കച്ചവടക്കമ്പനി രജിസ്റ്റർ ചെയ്തു. 1722ൽ ഫ്രഞ്ചുകമ്പനി കടത്തനാട് രാജാവിൽനിന്ന് മയ്യഴിയിൽ ഒരു വ്യാപാരശാല സ്ഥാപിക്കാനുള്ള അവകാശം നേടിയെടുത്തു. 1724 ൽ തങ്ങളുടെ വാണിജ്യത്തിന്റെ സുരക്ഷിതത്വത്തിനായി മയ്യഴിയിൽ അവർ ഒരു കോട്ടയുണ്ടാക്കി. 1725ൽ ഡിപർ ഭെല്ല എന്ന നാവിക മേധാവിയും സംഘവും തലശ്ശേരിക്കു സമീപം എത്തുകയും മയ്യഴി പിടിച്ചടക്കുകയും ചെയ്തു. കേരളത്തിൽ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ നിരവധി സംഘട്ടനങ്ങളുണ്ടായി. 1744 നും 1863 നും ഇടയ്ക്ക് മുഖ്യമായും മദിരാശി തീരത്ത് കർണാട്ടിക്കിൽ നടന്ന മൂന്നു യുദ്ധങ്ങളിലൂടെ ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ശക്തി തകർക്കാൻ ബ്രിട്ടീഷുകാർക്കായി.

തിരുവിതാംകൂറിലെ രാജാക്കന്മാർ

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ്

ആധുനിക തിരുവിതാംകൂറിന്റെ ശില്പി. കേരള ചരിത്രത്തിൽ ജന്മി മേധാവിത്വത്തിന്റെ അന്ത്യത്തെയും തിരുവിതാംകൂറിന്റെ ആധുനിക യുഗത്തിന്റെ പിറവിയെയുമാണ് മാർത്താണ്ഡവർമയുടെ ഭരണകാലം കുറിക്കുന്നത്. ആറ്റിങ്ങലിലെ ഇളയറാണി കാർത്തിക തിരുനാൾ തമ്പുരാട്ടിയുടെയും കിളിമാനൂർ കോയിത്തമ്പുരാന്റെയും മകനായി 1706ൽ ജനിച്ചു. 1729ൽ വീര രാമവർമ അന്തരിച്ചപ്പോൾ 23 കാരനായ മാർത്താണ്ഡവർമ രാജാവായി. അയൽരാജ്യങ്ങളെ വേണാടിനോടുകൂട്ടിച്ചേർത്ത് രാജ്യവിസ്തൃതി വർധിപ്പിക്കാനായി മാർത്താണ്ഡവർമ നിരന്തരം യുദ്ധങ്ങൾ ചെയ്തു. കേരളത്തിന്റെ തെക്കും മധ്യത്തിലുള്ള ഭാഗങ്ങളെ ചേർത്ത് രാഷ്ട്രീയ ഏകീകരണത്തിലൂടെ സൈനിക ശക്തിയിൽ അധിഷ്ഠിതമായ ഒരു കേന്ദ്രീകൃത രാജഭരണം സ്ഥാപിച്ചു. ഏറ്റവും പ്രധാനം കുളച്ചൽ യുദ്ധമാണ്. കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തി. ഇദ്ദേഹത്തിന്റെ കാലത്ത് മതം, സാഹിത്യം, കല എന്നീ രംഗങ്ങളിൽ പുരോഗതിയുണ്ടായി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പുനരുദ്ധരിച്ചു. ക്ഷേത്രത്തിൽ ഭദ്രദീപം, മുറജപം തുടങ്ങിയ ചടങ്ങുകൾ ആരംഭിച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്. കൂത്ത്, കൂടിയാട്ടം, പാഠകം, കഥകളി, തുള്ളൽ തുടങ്ങിയ ക്ഷേത്രകലകൾക്ക് നല്ല ഉണർവ് ലഭിച്ച കാലമായിരുന്നു ഇത്. 1750 ജനുവരി ഒന്നിന് മാർത്താണ്ഡവർമ തന്റെ രാജ്യം ശ്രീപത്മനാഭൻ സമർപ്പിച്ചു. ഇത് തൃപ്പടിദാനം എന്ന പേരിലറിയപ്പെടുന്നു. ഇതിനുശേഷം അദ്ദേഹം ശ്രീപത്മനാഭദാസൻ എന്ന ബിരുദം സ്വീകരിച്ചു. 1758 ജൂലൈ 7 ന് മാർത്താണ്ഡവർമ നാട് നീങ്ങി.

രാമയ്യൻ ദളവ

വള്ളിയൂരിനടുത്തുള്ള ഏർവാടി എന്ന ഗ്രാമത്തിലെ ഒരു സാധുബ്രാഹ്മണകുടുംബത്തിലായിരുന്നു രാമയ്യന്റെ ജനനം. ഏകദേശം ആറു വയസ്സായിരുന്നപ്പോൾ രാമയ്യന്റെ പിതാവ് കുടുംബസമേതം തിരുവിതാംകൂറിലേയ്ക്ക് താമസം മാറ്റി. കുറേനാൾ തിരുവട്ടാറിലായിരുന്നു അദ്ദേഹം പാർത്തിരുന്നത്. അച്ഛന്റെ മരണശേഷം രാമയ്യൻ തിരുവനന്തപുരത്തു വഞ്ചിയൂർ അത്തിയറപോറ്റിയുടെ കൂടെ കുറേനാൾ ആശ്രിത വൃത്തിയിൽ കഴിഞ്ഞു. ഒരു ദിവസം രാത്രി മഹാരാജാവ് അമൃതേത്തു കഴിച്ചത് പോറ്റിയുടെ ഇല്ലത്തിലായിരുന്നു. നിലവിളക്കിലെ ദീപം അല്പം മങ്ങുന്നതു കണ്ട് മഹാരാജാവ് ആ വിളക്കിലൊന്നു നോക്കി. തൽക്ഷണം രാമയ്യൻ കാര്യം മനസിലാക്കി വിളക്കിനു സമീപം ചെന്ന് അതിൽ കത്തിക്കാതെയിട്ടിരുന്ന ഒരു തിരി എടുത്തു കത്തിച്ച് ഇടതുകൈയിൽ വച്ചിട്ടു വലതുകൈകൊണ്ട് വിളക്കിലെ തിരിയിലുണ്ടായിരുന്ന കരി കളഞ്ഞു ദീപം തെളിച്ചു. അതിനുശേഷം കൈയ്യിൽ കൊളുത്തിവച്ചിരുന്ന തിരി വിളക്കിലിട്ട് രാമയ്യൻ പൂർവ്വസ്ഥാനത്തു പോയി നിന്നു. തന്റെ ഹിതം നോട്ടത്തിൽ നിന്ന് അറിഞ്ഞ യാതൊരു പരുങ്ങലും കൂടാതെ വേണ്ട മുൻകരുതലോടെ തിരി നീട്ടിയ രാമയ്യൻ സമർത്ഥനാണെന്നു മഹാരാജാവിനു തോന്നി.

അടുത്ത ദിവസം മുതൽ മഹാരാജാവ് രാമയ്യൻ കൊട്ടാരത്തിൽ ഒരു ചെറിയ ഉദ്യോഗം കൊടുത്തു. വലിയ വിദ്യാഭ്യാസമൊന്നും രാമയ്യന് ഇല്ലായിരുന്നു. എന്നാൽ ബുദ്ധിസാമർഥ്യം കൃത്യനിഷ്ഠ മുതലായവ നിമിത്തം അദ്ദേഹത്തിന് പടിപടിയായി ഉദ്യോഗകയറ്റങ്ങൾ കിട്ടി. താണുപിള്ള എന്ന ദളവ മരിച്ചപ്പോൾ രാമയ്യനെ ദളവായാക്കി. പിന്നീട് മരണം വരെ ഏകദേശം 20 വർഷത്തോളം അദ്ദേഹം ദളവയായിരുന്നു. മാർത്താണ്ഡവർമ മഹാരാജാവിന്റെ കാലത്തെ എല്ലാ യുദ്ധങ്ങളിലും - കൊല്ലവും കായംകുളവുമായുള്ള യുദ്ധങ്ങൾ, കുളച്ചൽ യുദ്ധം, ചെമ്പകശ്ശേരി, തെക്കുംകൂർ, വടക്കുംകൂർ എന്നീ രാജ്യങ്ങളുമായുള്ള യുദ്ധങ്ങളിലൊക്കെ രാമയ്യന് വലിയ പങ്കുണ്ടായിരുന്നു. പുറക്കാട്ടു യുദ്ധത്തിനുശേഷം കരപ്പുറം പിടിച്ചടക്കി. രാമയ്യനും പട്ടാളവും കൊച്ചിയിലേക്കു പാഞ്ഞുകയറി. മഹാരാജാവ് തിരിച്ച് വിളിച്ചില്ലെങ്കിൽ കൊച്ചിയും അദ്ദേഹം പിടിച്ചടക്കുമായിരുന്നു. എപ്പോൾ യുദ്ധം ചെയ്യണം എപ്പോൾ വേണ്ട എന്നും അദ്ദേഹത്തിനറിയാമായിരുന്നു. ചിലപ്പോൾ ശത്രുക്കളെ പണം കൊടുത്ത് വശത്താക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. യുദ്ധത്തിലെന്നതുപ്പോലെ ഭരണസംബന്ധമായ കാര്യങ്ങളിലും രാമയ്യൻ നിപുണനായിരുന്നു. മാവേലിക്കര വച്ച് ഡച്ചുകാരുമായി നടന്ന ഉടമ്പടിയിൽ തിരുവിതാംകൂറിനെ പ്രതിനിധീകരിച്ചത് രാമയ്യനായിരുന്നു. രാജ്യത്തെ മുതലെടുപ്പു വർദ്ധിപ്പിക്കുന്നതിനു പുതിയ മാർഗങ്ങൾ (മുളകുമടിശ്ശീല, കണ്ടെഴുത്ത്) നടപ്പാക്കിയതിലും രാമയ്യനു പങ്കുണ്ട്. ചുരുക്കത്തിൽ തിരുവിതാംകൂർ വലുതാക്കുന്നതിനും രാജ്യത്തു സമാധാനം സ്ഥാപിക്കുന്നതിനും, പുതിയ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിനും എല്ലാം മാർത്താണ്ഡവർമ്മ മഹാരാജാവിനെ രാമയ്യൻ വിശ്വാസപൂർവം സേവിച്ചുവെന്ന് സ്മരിക്കണം.

തൃപ്പടിദാനം

കൊല്ലം, കായംകുളം, ചെമ്പകശ്ശേരി, തെക്കുംകൂർ, വടക്കുംകൂർ എന്നീ രാജ്യങ്ങൾ പിടിച്ചടക്കി തിരുവിതാംകൂറിനെ വിപുലപ്പെടുത്തിയശേഷം രാജ്യത്തിൻറെ ക്ഷേമത്തിനും നിലനില്പിനും ആവശ്യമായ പ്രവർത്തനങ്ങളിൽ മഹാരാജാവ് ഏർപ്പെട്ടു. ആഭ്യന്തരകാര്യങ്ങൾ ശരിയായി പരിപാലിക്കുന്നതിന് അദ്ദേഹം പ്രത്യേകം നിഷ്കർഷിച്ചു. ആദ്യമായി രാജാവ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണികഴിപ്പിച്ചു. ഇന്നു കാണുന്ന ഒറ്റക്കൽമണ്ഡപം, ശീവേലിപ്പുര, ഗോപുരം ഇതെല്ലാം മാർത്താണ്ഡവർമ്മ മഹാരാജാവായിരുന്നു ഉണ്ടാക്കിച്ചത്. പന്തിരായിരം സാളഗ്രാമം വരുത്തി ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹം വാർപ്പിച്ചു. ക്ഷേത്രത്തിലെ പതിവുകൾ പുതുക്കി. യുദ്ധങ്ങളിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങൾക്കു പ്രതിവിധിയായി ഭദ്രദീപം, മുറജപം ഇവ ആരംഭിച്ചു. രാജ്യത്തിൻറെ ഐശ്വര്യത്തിനായി ആറു വർഷത്തിലൊരിക്കൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടത്തിവന്നിരുന്ന ഉത്സവമാണ് മുറജപം. ഇതിന്റെ ചെറുചടങ്ങായിരുന്നു ഭദ്രദീപം. വർഷത്തിൽ രണ്ടു തവണ വീതം ഭദ്രദീപം നടത്തപ്പെട്ടിരുന്നു. ഇന്നും ആചാരമായി ഇതു രണ്ടും നടന്നുവരുന്നു. അതിനു പുറമേ തന്റെ സകല വിജയത്തിനും സഹായമായ ഉടവാൾ ശ്രീപത്മനാഭന്റെ പാദകമലങ്ങളിൽ അടിയറവച്ച് രാജ്യം തൃപ്പടിയിൽ ദാനം ചെയ്തു. അതിനുശേഷം ശ്രീപത്മനാഭദാസൻ എന്ന പേരിൽ ഉടവാൾ തിരികെ വാങ്ങി. അതിപ്രധാനമായ ഈ കർമ്മത്തിന് തൃപ്പടിദാനം എന്നു പറയുന്നു. തിരുവിതാംകൂർ മഹാരാജാക്കന്മാർ ശ്രീപത്മനാഭന്റെ പ്രതിനിധികളായിട്ടാണ് രാജ്യം ഭരിച്ചത്. ഇങ്ങനെയാണ് നമ്മുടെ മഹാരാജാക്കന്മാർക്ക് ശ്രീപത്മനാഭദാസൻ എന്ന സ്ഥാനം ഉണ്ടായത്.

കാർത്തിക തിരുനാൾ രാമവർമ്മ

മാർത്താണ്ഡവർമയുടെ പിൻഗാമിയായ തിരുവിതാംകൂർ മഹാരാജാവ്. ധർമ്മരാജാ എന്ന പേരിൽ പ്രസിദ്ധൻ. തന്റെ മുൻഗാമി നേടിയെടുത്ത എല്ലാ പ്രദേശങ്ങളും നിലനിർത്തുക മാത്രമല്ല അവയെല്ലാം വിജയകരമായ രീതിയിൽ ഭരിക്കാനും കഴിഞ്ഞു എന്നത് ഇദ്ദേഹത്തിന്റെ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു. ഇദ്ദേഹത്തിന്റെ പ്രശസ്തരായ മന്ത്രിമാരായിരുന്നു അയ്യപ്പൻ മാർത്താണ്ഡപിള്ള, രാജാ കേശവദാസ് എന്നിവർ. ധർമ്മരാജാവിന്റെ കാലത്ത് മൈസൂർ സുൽത്താന്മാരായ ഹൈദരലിയും ടിപ്പു സുൽത്താനും മലബാർ ആക്രമിച്ചു. ആക്രമണകാലത്ത് ഉത്തര കേരളത്തിലെ അഭയാർഥികൾക്ക് ധർമ്മരാജാവ് തിരുവിതാംകൂറിൽ അഭയം നൽകി. മൈസൂർപ്പടയുടെ കയ്യേറ്റം തടയാൻ ധർമ്മരാജാവ് മധ്യ കേരളത്തിൽ പ്രസിദ്ധമായ നെടുങ്കോട്ട കെട്ടി. ഡിലനോയ് ആയിരുന്നു നെടുങ്കോട്ടയുടെ നിർമാണത്തിനു മേൽനോട്ടം വഹിച്ചത്.

1789ൽ ഡച്ചുകാരിൽ നിന്ന് കൊടുങ്ങലൂർ കോട്ടയും പള്ളിപ്പുറം കോട്ടയും വിലയ്ക്കു വാങ്ങി. ധർമ്മരാജാവിന്റെ ഭരണം കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ സുപ്രധാന അധ്യായമാണ്. പണ്ഡിതനും കവിയുമായ ഇദ്ദേഹം നിരവധി ആട്ടക്കഥകളുടെയും ഭരതമുനിയുടെ നാട്യശാസ്ത്രത്തെ ആധാരമാക്കി രചിച്ച ബാലരാമഭരതത്തിന്റെയും കർത്താവുമാണ്. കുഞ്ചൻ നമ്പ്യാരും ഉണ്ണായി വാര്യരും ഇദ്ദേഹത്തിന്റെ കൊട്ടാരത്തെ അലങ്കരിച്ചിരുന്നു. തിരുവിതാംകൂറിന്റെ രാജധാനി പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്കു മാറ്റിയത് ധർമ്മരാജാവിന്റെ ഭരണത്തിന്റെ അവസാന കാലത്താണ്. നാൽപ്പതു വർഷത്തെ ദീർഘഭരണത്തിൻ ശേഷം 179874ആം വയസ്സിൽ നാടു നീങ്ങി. തിരുവിതാംകൂറിലെ മഹാന്മാരായ രാജാക്കന്മാരിൽ ധർമ്മരാജ സമുന്നത സ്ഥാനം അർഹിക്കുന്നു.

രാജാ കേശവദാസൻ

കാർത്തിക തിരുനാൾ മഹാരാജാവിന്റെ പ്രഗത്ഭനായ മന്ത്രിയായിരുന്നു രാജാ കേശവദാസൻ. "ദിവാൻ" പദവി സ്വീകരിച്ച ആദ്യത്തെ മന്ത്രിയായിരുന്നു അദ്ദേഹം. ജനങ്ങൾ അദ്ദേഹത്തെ "വലിയ ദിവാൻജി" എന്ന് വിളിച്ചു. തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസൻ രാജാ എന്ന ബഹുമതി നൽകിയത് ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന മോർണിങ്‌ടൺ പ്രഭു. കേശവ പിള്ള എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 'രാജാ' ബഹുമതി സ്വീകരിച്ച കേശവപിള്ള തന്റെ രാജാവായ ധർമ്മരാജാവിനോടുള്ള ആദരവും കൂറും പ്രഖ്യാപിച്ചുകൊണ്ട് ജാതിനാമം ഉപേക്ഷിച്ചു. പകരം 'ദാസൻ' എന്ന് പേരിനോട് കൂട്ടിച്ചേർത്തു. അങ്ങനെ രാജാ കേശവദാസനായി. തിരുവിതാംകൂറിലെ 'കോട്ടാർ' പ്രാധാന്യമുള്ള വ്യാപാരനഗരമായി അദ്ദേഹം വികസിപ്പിച്ചു. 1773ൽ സമഗ്രമായ ഒരു റവന്യൂ സർവേ നടത്തി ഭൂമിയുടെ മേലുള്ള അവകാശങ്ങൾ തരംതിരിച്ചു.

ആലപ്പുഴ തുറമുഖവും, ചാല കമ്പോളവും, തൃശ്ശൂരിലെ നെടുങ്കോട്ടയും പണികഴിപ്പിച്ചത് അദ്ദേഹമാണ്. രാജാ കേശവദാസനെ ആലപ്പുഴ പട്ടണത്തിന്റെ ശില്പിയായി കരുതുന്നു. രാജാ കേശവദാസ് ആലപ്പുഴയിൽ ഒരു തടി ഡിപ്പോ സ്ഥാപിക്കുകയും മാത്തു തരകനെന്ന ധനികനായ ക്രിസ്ത്യൻ കച്ചവടക്കാരൻ വടക്കൻ തിരുവിതാംകൂറിൽ നിന്ന് ആ ഡിപ്പോവിൽ തടി ശേഖരിച്ചു വിൽക്കാനുള്ള കുത്തക കൊടുക്കുകയും ചെയ്തു. 1795ൽ തിരുവിതാംകൂറും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി നടത്തിയ ഉടമ്പടിക്ക് കൂടിയാലോചന നടത്തിയത് കേശവസദാസനായിരുന്നു. എന്നാൽ ധർമരാജയുടെ പിൻഗാമിയായ ബാലരാമവർമയുടെ കാലത്ത് അദ്ദേഹം വീട്ടുതടങ്കലിലാക്കപ്പെട്ടു. 1799ൽ കേശവദാസൻ തടവിൽ കിടന്നു മരിച്ചു.

അവിട്ടം തിരുനാൾ ബാലരാമവർമ്മ

ഏറ്റവും കുറഞ്ഞ പ്രായത്തിൽ തിരുവിതാംകൂറിൽ അധികാരത്തിലേറിയ ഭരണാധികാരിയാണ് ബാലരാമവർമ്മ. അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് ബ്രിട്ടീഷുകാർക്ക് കൊച്ചി നാട്ടുരാജ്യത്തിലും തിരുവിതാംകൂർ നാട്ടുരാജ്യത്തിലും റസിഡന്റ് പദവി ലഭിച്ചത്. കേണൽ മെക്കാളെയായിരുന്നു തിരുവിതാംകൂറിൽ റസിഡന്റ് പദവി ലഭിച്ച ആദ്യ വ്യക്തി. മേൽക്കോയ്മ അംഗീകരിച്ച നാട്ടുരാജ്യങ്ങളിലേക്ക് ഭരണകാര്യങ്ങളുടെ മേൽനോട്ടത്തിന് നിയോഗിക്കപ്പെടുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് റസിഡന്റ്. ധർമരാജാവിന്റെ പിൻഗാമിയായ ബാലാരാമവർമ ദുർബലനായ ഒരു ഭരണാധികാരിയായിരുന്നു. അന്ന് രാജ്യഭരണത്തിന്റെ കടിഞ്ഞാൺ നിയന്ത്രിച്ചിരുന്നത് ജയന്തൻ ശങ്കരൻ നമ്പൂതിരിയും ശങ്കരനാരായണൻ ചെട്ടിയും മാത്തുത്തരകനും ആയിരുന്നു. ഇവരുടെ അഴിമതിക്കെതിരെ ജനകീയപ്രക്ഷോഭം നയിച്ചുകൊണ്ടാണ് വേലുത്തമ്പി തിരുവിതാംകൂറിലെ ദളവയാകുന്നത്. ബാലരാമവർമയുടെ കാലത്താണ് വേലുത്തമ്പി ദളവ കൊല്ലത്ത് ഹജൂർ കച്ചേരി, തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതി എന്നിവ സ്ഥാപിച്ചത്. വൈദേശികഭരണത്തിനെതിരെയുള്ള ആഹ്വാനമായി 1809 ജനുവരി 11ന് വേലുത്തമ്പി കുണ്ടറ വിളംബരം പ്രസിദ്ധപ്പെടുത്തി. കുണ്ടറ വിളംബരാനന്തരം നടന്ന കൊല്ലം യുദ്ധത്തിൽ കമ്പനി സൈന്യം വേലുത്തമ്പി ദളവയുടെ സൈന്യത്തെ പരാജയപ്പെടുത്തി. രാജാവ് ഇംഗ്ലീഷുകാരുമായി സന്ധിചെയ്തു. ബ്രിട്ടീഷുകാരെ പിണക്കിയതിനാൽ ബാലരാമവർമ തമ്പിക്കെതിരായി. വേലുത്തമ്പിയെ ദളവാസ്ഥാനത്തു നിന്ന് നീക്കം ചെയ്‌ത്‌ രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു. പുതിയ ദളവയായി ഉമ്മിണിത്തമ്പി സ്ഥാനമേറ്റു. അദ്ദേഹം വേലുത്തമ്പിയെ തടവിലാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. 1809 ഏപ്രിലിൽ പത്തനംതിട്ടയിലെ മണ്ണടിയിലെ ക്ഷേത്രത്തിൽവെച്ച് വേലുത്തമ്പി ആത്മഹത്യ ചെയ്തു. തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷ് അധീനതയിലാവുന്നത് ബാലരാമവർമ്മയുടെ കാലത്താണ്. 1810ൽ ബാലരാമവർമ്മ നാടുനീങ്ങി.

വേലുത്തമ്പി ദളവ

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ചരിത്രകാരന്മാർ വിളിക്കുന്ന 1857 ലെ ബ്രിട്ടീഷ് വിരുദ്ധസമരത്തിൻ ഏതാണ്ട് അര നൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷുകാർക്കെതിരെ സമരപ്രഖ്യാപനം നടത്തിയ മഹാനാണ് വേലുത്തമ്പി ദളവ. 1808 ൽ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ചെറുചലനം പോലും തുടങ്ങും മുമ്പ് തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പി 'കുണ്ടറ വിളംബര'ത്തിലൂടെയാണ് ബ്രിട്ടീഷുകാർക്കെതിരെ സമരാഹ്വാനം നടത്തിയത്. 1765 ൽ ജനിച്ച വേലുത്തമ്പി 37ആം വയസ്സിൽ തിരുവിതാംകൂർ ദളവയായി. നാട്ടിലെങ്ങും ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാനും ക്രമസമാധാനം നിലനിർത്താനും വേലുത്തമ്പിയ്ക്കു കഴിഞ്ഞു.

1805 ൽ വേലുത്തമ്പി തിരുവിതാംകൂർ ദളവയായിരിക്കെ തിരുവിതാംകൂറിലെ രാജാവുമായി ബ്രിട്ടീഷുകാർ ഒരു സൗഹാർദ്ദ ഉടമ്പടി ഒപ്പുവെച്ചു. ഇതുപ്രകാരം രാജ്യത്തിൻറെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരം റസിഡന്റിനു ലഭിച്ചു. ഇതോടെ തിരുവിതാംകൂറിന് അതിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. മെക്കാളെ ഭരണകാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ തുടങ്ങി. തിരുവിതാംകൂറിന്റെ സാമ്പത്തിക വിഷമതകൾ കണക്കിലെടുക്കാതെ കമ്പനിക്കു നൽകാനുള്ള കപ്പം ഉടൻ അടച്ചുതീർക്കണമെന്ന് അദ്ദേഹം വാശിപിടിച്ചു. കൂടാതെ ഭാരിച്ച നികുതി കുടിശ്ശിക വരുത്തിവെച്ച മാത്തുതരകന്റെ വസ്തുക്കൾ കണ്ടുകെട്ടാനുള്ള വേലുത്തമ്പി ദളവയുടെ ഉത്തരവ് മെക്കാളെ റദ്ദാക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങളാണ് കമ്പനിക്കെതിരെ സായുധ കലാപം സംഘടിപ്പിക്കാൻ വേലുത്തമ്പിയെ പ്രേരിപ്പിച്ചത്.

മെക്കാളെയുമായി ശത്രുതവെച്ചുപുലർത്തിയിരുന്ന കൊച്ചിയിലെ പ്രധാനമന്ത്രിയായ പാലിയത്തച്ചനുമായി വേലുത്തമ്പിദളവ ഒരു രഹസ്യധാരണയിലെത്തി. മൗറീഷ്യസിലെ ഫ്രഞ്ചുകാരുമായും കോഴിക്കോട്ടെ സാമൂതിരിയുമായും അവർ രഹസ്യമായി ബന്ധപ്പെടുകയും ബ്രിട്ടീഷുകാർക്കെതിരായുള്ള പോരാട്ടത്തിൽ പിന്തുണയഭ്യർത്ഥിക്കുകയും ചെയ്തു. 1808 ൽ ഇരുവരുടെയും നേതൃത്വത്തിലുള്ള സൈന്യം മെക്കാളെയുടെ കൊച്ചിയിലുള്ള വസതി ആക്രമിച്ചു. റസിഡന്റ് ഒരു ബ്രിട്ടീഷ് കപ്പലിൽ രക്ഷപ്പെട്ടു. കലാപം നടന്നുകൊണ്ടിരിക്കെ വേലുത്തമ്പി കുണ്ടറയിലെത്തി. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ അണിനിരക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഒരു വിളംബരം 1809 ജനുവരി 11 ന് അദ്ദേഹം പുറത്തിറക്കി. ഇത് 'കുണ്ടറ വിളംബരം' എന്നറിയപ്പെട്ടു (ദക്ഷിണേന്ത്യയിലെ കോളനി വിരുദ്ധ പോരാട്ടത്തിൽ ഒരു യുഗത്തെകുറിക്കുന്ന പ്രമാണമായി കുണ്ടറ വിളംബരം വിലയിരുത്തപ്പെടുന്നു).

ബ്രിട്ടീഷുകാർ ശക്തമായി തിരിച്ചടിച്ചു. അവർ കൊച്ചി ആക്രമിച്ചു. ബ്രിട്ടീഷുകാരുമായി സന്ധിചെയ്ത് പാലിയത്തച്ചൻ കലാപത്തിൽ നിന്നും പിന്മാറി. ബ്രിട്ടീഷുകാരുടെ ഭീഷണിക്കു വഴങ്ങിയ തിരുവിതാംകൂർ രാജാവ് വേലുത്തമ്പിയെ സ്ഥാനഭ്രഷ്ടനാക്കുകയും ഉമ്മിണിതമ്പിയെ പുതിയ ദളവയായി നിയമിക്കുകയും ചെയ്തു. പുതിയ ദളവ വേലുത്തമ്പിയെ പിടികൂടാൻ ഉത്തരവിട്ടു. അദ്ദേഹത്തെ പിടിച്ചുകൊടുക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. വേലുത്തമ്പി മണ്ണടിയിലെ ഒരു വീട്ടിൽ അഭയം പ്രാപിച്ചു. തിരുവിതാംകൂർ-ബ്രിട്ടീഷ് സേനകൾ അവിടെയെത്തി വീടുവളഞ്ഞപ്പോൾ അദ്ദേഹം ആത്മഹത്യ ചെയ്തു. ജീവനോടെ പിടികൊടുത്ത് അപമാനിതനാകാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. തിരുവിതാംകൂറിൽ ബ്രിട്ടീഷുകാർക്കെതിരെയുണ്ടായ ധീരവും സാഹസികവുമായ ചെറുത്തുനിൽപ്പിന് ഇതോടെ അന്ത്യം കുറിക്കപ്പെട്ടു. അടൂരിലെ മണ്ണടിയിൽ ഇന്ന് വേലുത്തമ്പി സ്മാരകമുണ്ട്. 2010 മെയ് മാസം 6ആം തീയതി വേലുത്തമ്പി ദളവയുടെ തപാൽ സ്റ്റാമ്പ് പുറത്തിറക്കി ഭാരതം അദ്ദേഹത്തെ ആദരിച്ചു.

ആയില്യം തിരുനാൾ റാണി ഗൗരി ലക്ഷ്‌മി ഭായ്

1810ൽ ഭരണമേറ്റ റാണി ഗൗരി ലക്ഷ്‌മി ഭായ് കേണൽ മൺറോയെ ദിവാനായി നിയമിച്ചു. 1795ലും 1805ലും തിരുവിതാംകൂറും കമ്പനിയും തമ്മിൽ ഒപ്പുവെച്ച ഉടമ്പടികൾ പ്രകാരം ബ്രിട്ടീഷ് ഇന്ത്യയിലെ മാതൃകയിൽ മൺറോ തിരുവിതാംകൂറിന്റെ ഭരണത്തിൽ പരിഷ്‌കാരങ്ങൾ വരുത്തി. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തുന്നതിന് 1812 ഡിസംബർ 5 ന് വിളംബരം പുറപ്പെടുവിച്ചത് റാണി ഗൗരി ലക്ഷ്‌മി ഭായിയാണ്. 1810 മുതൽ 1813 വരെ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്നു റാണി ഗൗരി ലക്ഷ്‌മി ഭായ്. 1813ൽ തന്റെ പുത്രൻ സ്വാതി തിരുനാളിന്റെ ജനനശേഷം 1815ൽ മരണം വരെ റീജന്റായി അധികാരത്തിൽ തുടർന്നു.

ഉത്രട്ടാതി തിരുനാൾ റാണി ഗൗരി പാർവതി ഭായ്

സ്വാതി തിരുനാളിന്റെ പ്രായം തികയുന്നതുവരെ 1815–1829 കാലഘട്ടത്തിൽ തിരുവിതാംകൂറിൽ റീജന്റായി ഭരണം നടത്തി. ഗൗരി പാർവതി ഭായിയുടെ റീജന്റ് ഭരണം തിരുവിതാംകൂറിൽ പുരോഗതിയുടെ കാലമായിരുന്നു. സാമൂഹിക സ്വാതന്ത്ര്യവും പൗരസമത്വവും ലക്ഷ്യമാക്കികൊണ്ട് പല പരിഷ്‌കാരങ്ങളും ഇക്കാലത്ത് നടപ്പിൽവന്നു. കൃഷിയും വാണിജ്യവും ഗതാഗതവും വൻതോതിൽ പ്രോത്സാഹിക്കപ്പെട്ടു. 1816ൽ ലണ്ടൻ മിഷൻ സൊസൈറ്റി (LMS) നാഗർകോവിലിൽ പ്രവർത്തനം ആരംഭിച്ചത് ഗൗരി പാർവതി ഭായിയുടെ കാലത്താണ്. 1817ലെ രാജകീയ വിളംബരത്തിലൂടെ വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുക്കുകയും തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്തു. ആലപ്പുഴയിലും കോട്ടയത്തും പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. 1821ൽ കോട്ടയത്ത് സി.എം.എസ് പ്രസ്സ് സ്ഥാപിതമായതും ഗൗരി പാർവതി ഭായിയുടെ കാലത്താണ്.

സ്വാതി തിരുനാൾ രാമവർമ്മ

ചങ്ങനാശ്ശേരി രാജരാജവർമ്മ കോയിത്തമ്പുരാന്റെയും റാണി ഗൗരി ലക്ഷ്മി ഭായിയുടെയും പുത്രനായി സ്വാതിതിരുനാൾ ജനിച്ചു. റാണി ഗൗരി ലക്ഷ്മി ഭായിയുടെ അകാല ചരമംമൂലം മാതൃവാത്സല്യം അനുഭവിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. ചെറുപ്രായത്തിൽ തന്നെ മലയാളം, ഇംഗ്ലീഷ്, പേർഷ്യൻ, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും വ്യാകരണം, ഗണിതം, സംഗീതം, ചിത്രകല, തത്ത്വചിന്ത, ചരിത്രം എന്നിവയിലും മഹാരാജാവ് പാണ്ഡിത്യം നേടി. കലാകാരനായ മഹാരാജാവ് എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1829-ൽ ഭരണാധികാരിയായി സ്ഥാനാരോഹണം ചെയ്ത സ്വാതിതിരുനാൾ ഭരണപരവും വിദ്യാഭ്യാസപരവുമായ ഒട്ടേറെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. ദക്ഷിണേന്ത്യയിലെ പ്രധാനസംഗീതജ്ഞരെല്ലാം സ്വാതിതിരുനാളിന്റെ സദസ്സിലെ സ്ഥിരം സന്ദർശകരായിരുന്നു. സംഗീതജ്ഞൻ എന്നതിലുപരി അദ്ദേഹത്തിന്റെ വിവിധ ഭാഷകളിലായി രചിച്ച നാന്നൂറില്പരം കൃതികളും ഇതിൽപ്പെടുന്നു. ഇതിൽ കീർത്തനങ്ങളും ശ്രീപത്മനാഭ ശതകം, ഭക്തിമഞ്ജരി, സ്യാനന്ദുരപുരവർണ്ണന പ്രബന്ധം എന്നീ കാവ്യങ്ങളും ഉൾപ്പെടുന്നു.

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

സർക്കാരിന്റെ കീഴിലുള്ള അടിമകൾക്കുണ്ടാകുന്ന കുട്ടികൾക്ക് മോചനം നൽകിയതും തിരുവനന്തപുരത്ത് പെൺകുട്ടികൾക്കുവേണ്ടി സ്‌കൂൾ സ്ഥാപിച്ചതും ആദ്യത്തെ പോസ്റ്റോഫീസ് ആലപ്പുഴയിൽ തുറന്നതും ഉത്രം തിരുനാളിന്റെ കാലത്താണ്. 1859ൽ തിരുവനന്തപുരം മൃഗശാലയും ഉദ്യാനവും സ്ഥാപിച്ചു. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ മൃഗശാല ലോകത്തിലെതന്നെ പഴക്കമുള്ള മൃഗശാലകളിലൊന്നാണ്. ലണ്ടനിൽ നിന്നുള്ള വിദഗ്ധരാണ് മൃഗങ്ങളുടെ കൂടുകൾ നിർമിച്ചത്. അയർലന്റുകാരനായ ജെയിംസ് ഡാറയും ഹെൻറി സ്മെയിലും ചേർന്ന് കേരളത്തിലെ ആദ്യ കയർ ഫാക്ടറി (ഡാറാ സ്മെയിൽ) 1859ൽ ആലപ്പുഴയിൽ സ്ഥാപിച്ചത് ഉത്രം തിരുനാളിന്റെ കാലത്താണ്.

ആയില്യം തിരുനാൾ രാമവർമ്മ

ഉത്രം തിരുനാൾ മാർത്താണ്ഡവർമയുടെ പിൻഗാമിയായ തിരുവിതാംകൂർ രാജാവ്. രോഗപ്രതിരോധത്തിനായി വാക്‌സിനേഷൻ ഏർപ്പെടുത്തി. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ് പുനലൂർ തൂക്കുപാലവും വർക്കല തുരങ്കവും നിർമിച്ചത്. മലയാള നാടകത്തിൻ തുടക്കം കുറിച്ചത് ആയില്യം തിരുനാളിന്റെ ശാകുന്തളം പരിഭാഷയോടു കൂടിയാണ്. ആധുനിക മലയാള സാഹിത്യത്തിന് മികച്ച സംഭാവനകൾ നൽകി. തിരുവനന്തപുരം നഗരത്തിലെ പുത്തൻ കച്ചേരി, ആലപ്പുഴയിലെ വിളക്കുമരം തുടങ്ങിയവ സ്ഥാപിച്ചു. ആയില്യം തിരുനാൾ രാമവർമ ശുചീന്ദ്രം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ ക്ഷേത്രഗോപുരങ്ങളുടെ നിർമാണം പൂർത്തിയാക്കി. പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചു. തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജ്, സയൻസ് കോളേജ്, വെർണാക്കുലർ സ്കൂൾ, ലോ കോളേജ്, സർവേ സ്കൂൾ, ട്രെയിനിങ് സ്കൂൾ, ഗേൾസ് സ്കൂൾ, ബുക്ക് സിലക്ഷൻ കമ്മിറ്റി, ആശുപത്രികൾ, മനോരോഗാശുപത്രി എന്നിവ സ്ഥാപിച്ചു. കേരളത്തിലെ ഏറ്റവും നീളം കൂടിയ റോഡായ എം.സി റോഡിന്റെ പണി പൂർത്തിയാക്കിയത് ആയില്യം തിരുനാളിന്റെ കാലത്താണ്. എ.ആർ.രാജരാജവർമ്മ, രാജാ രവിവർമ, കേരള വർമ്മ വലിയകോയിത്തമ്പുരാൻ എന്നിവർ ആയില്യം തിരുനാളിന്റെ സദസ്സിലെ പ്രമുഖരായിരുന്നു. 1880 മെയ് മാസം 30ന് ആയില്യം തിരുനാൾ നാടുനീങ്ങി.

വിശാഖം തിരുനാൾ രാമവർമ്മ

വിശാഖം തിരുനാൾ പണ്ഡിതനായ തിരുവിതാംകൂർ രാജാവ് എന്നറിയപ്പെടുന്നു. തിരുവിതാംകൂറിലെ പോലീസ് വിഭാഗത്തെ പുനസ്സംഘടിപ്പിച്ചു. കൃഷിയും വ്യവസായവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിച്ചു. നാഞ്ചിനാട്ടെ ജലസേചന പദ്ധതി വികസിപ്പിച്ചു. മരച്ചീനി കൃഷിക്ക് പ്രോത്സാഹനം നൽകുകയും പ്രചരിപ്പിക്കുകയും ചെയ്തു. 1881ൽ കോട്ടയം നഗരം പണികഴിപ്പിച്ചു. 1884ൽ തിരുവിതാംകൂറിലെ ആദ്യ പരുത്തിമില്ല് കൊല്ലത്ത് ആരംഭിച്ചു.

ശ്രീമൂലം തിരുനാൾ രാമവർമ്മ

വിശാഖം തിരുനാൾ മഹാരാജാവിനുശേഷമാണ് അധികാരമേറ്റത്. ശ്രീമൂലം തിരുനാൾ പ്രത്യേക വകുപ്പുണ്ടാക്കിയും ജലസേചനസൗകര്യം മെച്ചപ്പെടുത്തിയും കൃഷി പ്രോത്സാഹിപ്പിച്ചു. തിരുവിതാംകൂറിലെ വിദ്യാഭ്യാസരംഗത്ത് അക്കാലത്ത്‌ സുസ്ഥിരമായ പുരോഗതി ഉണ്ടായി. പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനമനുവദിച്ചു. വൈദ്യശാസ്ത്രരംഗത്തും പ്രസ്തുത കാലഘട്ടത്തിൽ വമ്പിച്ച പുരോഗതിയുണ്ടായി. 1888ൽ ശ്രീമൂലം തിരുനാൾ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ സ്ഥാപിച്ചു. പുരോഗമനപരമായ കാൽവയ്പായിരുന്നു ഇത്. മൈസൂർ കഴിഞ്ഞാൽ ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ഇത് ആദ്യത്തേതായിരുന്നു. 1891ൽ മലയാളി മെമ്മോറിയൽ അഥവാ ട്രാവൻകൂർ മെമ്മോറിയൽ എന്നറിയപ്പെട്ട പതിനായിരത്തിലധികം പേർ ഒപ്പിട്ട ഒരു ഭീമഹർജി സമർപ്പിച്ചത് ശ്രീമൂലം തിരുനാളിനാണ്. ഉയർന്ന ഉദ്യോഗങ്ങളിൽ പരദേശികളായ ബ്രാഹ്മണരെക്കൊണ്ട് നിറച്ചത് ജനങ്ങളിൽ അസംതൃപ്തിക്കിടയാക്കിയിരുന്നു. 1896ൽ ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ രണ്ടു മെമ്മോറിയലുകൾ സമർപ്പിച്ചു. ഇത് ഈഴവ മെമ്മോറിയൽ എന്നറിയപ്പെടുന്നു. 1904ൽ ശ്രീമൂലം പ്രജാസഭ സ്ഥാപിച്ചു. ശ്രീമൂലം പ്രഭാസഭയിലെ അംഗങ്ങളായി ഓരോ താലൂക്കിൽ നിന്നും രണ്ടു പേർ വീതം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ അന്നത്തെ ദിവാനായിരുന്ന രാജഗോപാലാചാരിയെ വിമർശിച്ചതിൻ 1911ൽ കണ്ണൂരിലേക്ക് നാടു കടത്തുകയും സ്വദേശാഭിമാനി പത്രം നിരോധിച്ചതും ഇക്കാലത്താണ്. ടി.കെ.മാധവൻ, എ.ജെ.ജോൺ മുതലായവരുടെ നേതൃത്വത്തിലുള്ള പൗരാവകാശ ലീഗ് നൽകിയ മെമ്മോറാണ്ടത്തിന്റെ ഫലമായി 1922ൽ റവന്യു വകുപ്പിൽനിന്നു ദേവസ്വം വേർപെടുത്തി. 1924ൽ ശ്രീമൂലം തിരുനാൾ നാടുനീങ്ങി.

പൂരാടം തിരുനാൾ സേതു ലക്ഷ്മി ഭായ്

ശ്രീമൂലം തിരുനാൾ മരിച്ചപ്പോൾ ശ്രീചിത്തിര തിരുനാളിന് പ്രായപൂർത്തിയാവാത്തതുകൊണ്ട് 1924 മുതൽ 1931 വരെ തിരുവിതാംകൂറിൽ സേതു ലക്ഷ്മി ഭായിയുടെ റീജന്റ് ഭരണമായിരുന്നു. അക്കാലത്ത് തിരുവിതാംകൂറിൽ ധാരാളം സാമൂഹിക സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. മരുമക്കത്തായതിനു പകരം മക്കത്തായം ഏർപ്പെടുത്തികൊണ്ട് 1925ൽ നിലവിൽവന്ന നായർ റെഗുലേഷൻ സുപ്രധാനമായ ഒരു പരിഷ്‌കാരമായിരുന്നു. 1929ൽ തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ചത് റാണി സേതു ലക്ഷ്മീഭായിയുടെ ഭരണകാലത്താണ്.

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

1912-ൽ കിളിമാനൂർ രവിവർമ കൊച്ചുകോയിത്തമ്പുരാന്റെയും മഹാറാണി സേതുപാർവതിഭായിയുടെയും മകനായി ചിത്തിര തിരുനാൾ ബാലരാമവർമ തിരുവനന്തപുരത്ത് ജനിച്ചു. 1931 നവംബർ 6-ന് അദ്ദേഹം തിരുവിതാംകൂർ മഹാരാജാവായി. തിരുവിതാംകൂർ നിയമനിർമ്മാണ സഭ പരിഷ്കരിച്ച് ശ്രീമൂലം അസ്സംബ്ലി (അധോസഭ), ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിൽ (ഉപരിസഭ) എന്നിവയ്ക്ക് രൂപം നൽകി. ശ്രീ ചിത്തിര തിരുനാൾ തിരുവിതാംകൂർ വ്യവസായവത്കരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കാലത്ത് നിരവധി വ്യവസായശാലകൾ തിരുവനന്തപുരത്ത് തുടങ്ങി. ടൈറ്റാനിയം, ട്രാവൻകൂർ സിറാമിക്സ്, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, അലൂമിനിയം ഫാക്ടറികൾ, ട്രാവൻകൂർ റയോൺസ്, പബ്ലിക് ട്രാവൻകൂർ റബ്ബർ വർക്സ്, പുനലൂർ പ്ലൈവുഡ് ഫാക്ടറി, ഏലൂർ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് എന്നിവ ചില ഉദാഹരണങ്ങളാണ്. തിരുവിതാംകൂർ സർവകലാശാല (ഇപ്പോഴത്തെ കേരള സർവകലാശാല), തിരുവനന്തപുരം വിമാനത്താവളം, മുംബൈയ്ക്ക് ആദ്യ വിമാന സർവീസ്, തേക്കടി വന്യജീവി മൃഗസംരക്ഷണ കേന്ദ്രം, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്, തിരുവനന്തപുരം റേഡിയോ സ്റ്റേഷൻ, പബ്ലിക് സർവീസ് കമ്മിഷൻ, സ്വാതി തിരുനാൾ സംഗീത കോളേജ്, ശ്രീചിത്രാ ആർട്ട് ഗാലറി, തിരുവനന്തപുരം മെഡിക്കൽ കോളേജ്, തിരുവനന്തപുരം ആയുർവേദ കോളേജ്, തിരുവനന്തപുരം ഹോമിയോപ്പതി കോളേജ് എന്നിവ സ്ഥാപിച്ചത് ഇദ്ദേഹമാണ്.

പള്ളിവാസലിൽ 1940-ൽ ആദ്യ ജലവൈദ്യുത പദ്ധതി നിലവിൽ വന്നത് ബാലരാമവർമയുടെ കാലത്താണ്. കേരള ചരിത്രത്തിലെ സുപ്രധാന അധ്യായമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചതും അദ്ദേഹം തന്നെ. 1936 നവംബർ 12-ന് പുറപ്പെടുവിച്ച ഈ വിളംബരം വഴി അയിത്തജാതിയിൽ പെട്ടവർക്ക് ക്ഷേത്രദർശനം സാധ്യമായി. 1937-ൽ തിരുവിതാംകൂർ സർവകലാശാല, ചിത്രാലയം ആർട്ട് ഗാലറി, സ്വാതി തിരുനാൾ സംഗീത കോളേജ് എന്നിവ സ്ഥാപിച്ചതും 1935-ൽ പബ്ലിക് സർവീസ് കമ്മീഷണറെ നിയമിച്ചതും ബാലരാമവർമ്മയായിരുന്നു. 1943-ൽ തിരുവനന്തപുരത്ത് റേഡിയോ നിലയം സ്ഥാപിച്ചത് ചിത്തിര തിരുനാളിന്റെ ഭരണകാലത്താണ്. 1949-ൽ തിരു-കൊച്ചി സംസ്ഥാന രൂപീകരണസമയത്ത് ചിത്തിരതിരുനാൾ രാജപ്രമുഖനായി. 1956 നവംബർ ഒന്നിന് സ്വതന്ത്രകേരളം പിറവി കൊള്ളുന്നതുവരെ അദ്ദേഹം ആ പദവിയിൽ തുടർന്നു. 1991ൽ കവടിയാർ കൊട്ടാരത്തിൽ വച്ച് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് നാടുനീങ്ങി. യാതൊരു ആഡംബരവുമില്ലാതെ, തികച്ചും സാധാരണ പൗരനായി ജീവിച്ച രാജാവായിരുന്നു ബാലരാമവർമ്മ. ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ 1991 നവംബർ 7-നാണ് ഭാരതത്തിന്റെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയത്.

സർ സി.പി രാമസ്വാമി അയ്യർ

സർ സി.പിയെന്ന പേരിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂറിലെ പ്രമുഖ ദിവാനായിരുന്നു സർ ചെത്പത് പട്ടാഭിരാമൻ രാമസ്വാമി അയ്യർ. നിയമം, സാമൂഹികം, രാഷ്ട്രീയം, രാജ്യഭരണം, വിദ്യാഭ്യാസം, ജീവകാരുണ്യം, സാഹിത്യം, ബൗദ്ധികം എന്നിങ്ങനെ വിവിധ നിലകളിൽ അദ്ദേഹം മികവ് പുലർത്തിയിട്ടുണ്ട്. 1920 മുതൽ 1923 വരെ മദ്രാസ് സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറൽ, 1923 മുതൽ 1928 വരെ മദ്രാസ് ഗവർണറുടെ എക്സിക്യൂട്ടീവ് കൗൺസിൽ നിയമകാര്യ അംഗം, 1931 മുതൽ 1936 വരെ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ നിയമകാര്യ അംഗം, 1936 മുതൽ 1947 വരെ തിരുവിതാംകൂർ ദിവാൻ എന്നീ പദവികളിലൊക്കെ മഹത്തായ സേവനമാണ് സി.പി.രാമസ്വാമി അയ്യർ കാഴ്ചവച്ചത്. ജാതിമതഭേദമില്ലാതെ എല്ലാ ഹിന്ദുക്കൾക്കും സർക്കാറുടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശനത്തിൻ അനുമതി നൽകുന്ന 'ക്ഷേത്രപ്രവേശന വിളംബരം' തിരുവിതാകൂറിലെ മഹാരാജാവായ ചിത്തിര തിരുനാൾ പുറപ്പെടുവിച്ചത് സി.പി രാമസ്വാമി അയ്യരുടെ പ്രേരണയോടുകൂടിയാണ്. അദ്ദേഹം തിരുവിതാംകൂറിൽ 'അമേരിക്കൻ മോഡൽ' ഭരണപരിഷ്‌കാരം പ്രഖാപിച്ചത് വിവാദങ്ങൾ സൃഷ്ടിക്കുകയുണ്ടായി.  കൂടാതെ സർ.സി.പി രാമസ്വാമി അയ്യർ സ്വതന്ത്ര തിരുവിതാംകൂർ എന്ന ആശയം മുന്നോട്ടു വെച്ചത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. 1946ൽ വയലാറിലും പുന്നപ്രയിലും സമരം ചെയ്ത നിരവധി പേരെ വെടിവെക്കാൻ ഉത്തരവ് പുറപ്പെടുവിച്ചതും സി.പിക്കെതിരെ വൻ പ്രതിഷേധങ്ങൾക്ക് കാരണമായി. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തിരുവിതാംകൂറിൻ ബ്രിട്ടീഷ് ആധിപത്യം ഇല്ലാതായി. എന്നാൽ ശ്രീ ചിത്തിര തിരുനാൾ ഇന്ത്യൻ യൂണിയനിൽ ചേരാതെ തിരുവിതാംകൂറിനെ സ്വതന്ത്രമാക്കി നിർത്താൻ തീരുമാനം കൈക്കൊണ്ടതും സി.പിയുടെ സ്വാധീനത്തിലായിരുന്നു. ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്രമായപ്പോൾ തിരുവിതാംകൂറും സ്വാതന്ത്രരാജ്യമായി തീരുമെന്ന് പ്രഖ്യാപിച്ചത് പ്രക്ഷുബ്ധമായ സംഭവവികാസങ്ങൾക്ക് വഴിതെളിയിച്ചു. സർ.സി.പിയെ വധിക്കാനുമുള്ള ശ്രമവും നടന്നു. ഒടുവിൽ ദിവാൻ നാടുവിട്ട് പോകേണ്ടിവന്നു.

ശക്തൻ തമ്പുരാൻ

1751ൽ വെള്ളാരപ്പിള്ളി എന്ന സ്ഥലത്താണ് ശക്തൻ തമ്പുരാൻ ജനിച്ചത്. പത്തു വയസ്സുള്ളപ്പോൾ നാലാംകൂർ സ്ഥാനം ലഭിച്ചു. അപ്പോൾ മുതലേ അദ്ദേഹത്തിന്റെ ധീരതയും കൂസലില്ലായ്മയും വെളിപ്പെട്ടു തുടങ്ങുകയും 'ശക്തൻ' എന്ന പേരു ലഭിക്കുകയും ചെയ്തു. കുറ്റകൃത്യങ്ങൾക്ക് ശിക്ഷ നടപ്പാക്കുന്നതിലുള്ള കടുത്ത രീതികൊണ്ടാണ് ആ പേർ വന്നതെന്നു കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ വിവരിക്കുന്നു. കൊച്ചി രാജ്യത്തിലെ രാജാക്കന്മാരിൽ ഏറ്റവും ശക്തനായ രാജാവായി അറിയപ്പെടുന്നു. ശക്തൻ തമ്പുരാന്റെ ഭരണകാലം കൊച്ചിരാജ്യ ചരിത്രത്തിലെ ജന്മിമാരുടെ ആധിപത്യത്തിന്റെ അവസാനത്തെയും ആധുനിക യുഗത്തിന്റെ ആരംഭത്തെയും കുറിക്കുന്നു. ശക്തരായ പ്രഭുക്കന്മാരുടെയും തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെയും പെരുമനം ക്ഷേത്രത്തിലെയും ഊരാൺമക്കാരായ പോറ്റിമാരുടെയും ഭീഷണി രാജ്യാധികാരത്തിന് ഗൗരവമായ ഭീഷണി ഉയർത്തി. ഇതിനെതിരായ അവരുടെ ശക്തിയെ അടിച്ചമർത്താനും തന്റെ ആധിപത്യം ഉറപ്പിക്കാനും ശക്തൻ തമ്പുരാൻ കർക്കശ നടപടികൾ സ്വീകരിച്ചു. പ്രഭുക്കന്മാരുടെ വസ്തുവകകൾ പണ്ടാരവകയിലേക്കു ചേർത്ത് അവരെ തരം താഴ്ത്തി. ദേവസ്വം ഭരണം സർക്കാർ നേരിട്ട് ഏറ്റെടുത്തു.

ഗതാഗതം, ശുചീകരണം, മുതലായ വിഷയങ്ങളിൽ പ്രത്യേകം ശ്രദ്ധിച്ചു. നാടു നീളെ വഴികൾ വെട്ടുകയും വഴികൾക്കിരുവശവും തണലിനായി മരങ്ങൾ വച്ചു പിടിപ്പിക്കുകയും ചെയ്തു. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിനു മുന്നിലുണ്ടായിരുന്ന തേക്കിൻകാട് വെട്ടിത്തെളിച്ച് മൈതാനമാക്കിയതും അതു നാട്ടുകാർക്ക് സഞ്ചരിക്കാൻ യോഗ്യമാക്കിയതും ഇദ്ദേഹത്തിന്റെ കാലത്താണ്. അതിനാൽ ഇദ്ദേഹത്തെ തൃശൂർ നഗരത്തിന്റെ ശില്പി എന്നാണ് വിശേഷിപ്പിക്കുന്നത്. കഴിവുറ്റ ഭരണാധികാരി തന്ത്രശാലിയായ ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ ഇദ്ദേഹമാണ് തൃശൂർ പൂരം ആരംഭിച്ചത്. കൊച്ചി രാജ്യചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം തിരുവിതാംകൂർ രാജ്യത്ത് മാർത്താണ്ഡവർമ എന്നപോലെയാണ്.

പാലിയത്തച്ചൻ

കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാർ  പാലിയത്തച്ചൻ' എന്ന പേരിലാണ് പ്രശസ്തരായിരുന്നത്. പാലിയത്തച്ചന്മാർ 1632 മുതൽ 1809 വരെ കൊച്ചി രാജാക്കന്മാരുടെ മന്ത്രി മുഖ്യൻ എന്ന പദവി വഹിച്ചുവന്നു. ശക്തൻ തമ്പുരാന്റെ കാലത്തും ദളവ സ്ഥാനം അലങ്കരിച്ചിരുന്നത് പാലിയത്തച്ചനായിരുന്നു. കൊച്ചിയിലെ അവസാനത്തെ പാലിയത്തച്ചനായ ഗോവിന്ദൻ അച്ഛൻ ഇംഗ്ലീഷുകാരോട് ഇടഞ്ഞുനിൽകുകയായിരുന്ന സമയത്ത് തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പിയുമായി സഖ്യമുണ്ടാക്കി. 'തിരുവിതാംകൂറിൽ നിന്നും കൊച്ചിയിൽ നിന്നും ബ്രിട്ടീഷുകാരെ നാടുകടത്തുക!' ഈ ലക്ഷ്യത്തോടെ തിരുവിതാംകൂറിലെ വേലുത്തമ്പി ദളവയും കൊച്ചിയിലെ മന്ത്രി പാലിയത്തച്ചനും ബ്രിട്ടീഷുകാർക്കെതിരെ രഹസ്യ സന്ധിയുണ്ടാക്കി. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു ഇത്.

തുടർന്ന് വേലുത്തമ്പിയും പാലിയത്തച്ചനും മൗറീഷ്യസിലുള്ള ഫ്രഞ്ചുകാരുടെയും കോഴിക്കോട് സാമൂതിരിയുടെയും സഹായം തേടി. ചെമ്പിൽ അരയനെപ്പോലുള്ള വിശ്വസ്തരായ സൈനികരോടൊപ്പം പാലിയത്തച്ചൻ 1808ൽ കൊച്ചിയിലെ ബോൾഗാട്ടിയിലുള്ള ബ്രിട്ടീഷ് റസിഡൻസി ആക്രമിച്ചു. എന്നാൽ, അവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് പ്രതിനിധിയായിരുന്ന മെക്കാളെ പ്രഭു ചാരന്മാർ വഴി അക്രമണവിവരം മുൻകൂട്ടി അറിയുകയും കപ്പലിൽ കയറി രക്ഷപ്പെടുകയും ചെയ്തു. കൊച്ചി അക്രമിച്ചുകൊണ്ടാണ് ഇംഗ്ലീഷുകാർ ഇതിന്റെ വൈരാഗ്യം തീർത്തത്. അവർ പാലിയത്തച്ചനെ പിടികൂടി നാടുകടത്തി.

കേരളവർമ്മ പഴശ്ശിരാജ

മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതി വീരസ്വർഗ്ഗം പ്രാപിച്ച ധീരദേശാഭിമാനിയാണ് കേരളവർമ്മ പഴശ്ശിരാജാവ്. വടക്കൻ 'കോട്ടയം' ആയിരുന്നു ഇദ്ദേഹത്തിന്റെ രാജകുടുംബം. പുരളീശരന്മാർ എന്നും ഈ വംശക്കാരെ വിളിച്ചിരുന്നു. പുരളിമല ഇവരുടേതായിരുന്നു. മലബാർ നാടുവാഴിയായിരുന്ന ധീര ദേശാഭിമാനി ശ്രീ പഴശ്ശിരാജ ഹൈദരാലിയുടെ ആക്രമണങ്ങൾ ചെറുക്കാൻ ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കി. ബ്രിട്ടീഷുകാരും ഹൈദറുമായുള്ള യുദ്ധത്തിൽ 1780 കാലത്ത് പഴശ്ശിരാജ ബ്രിട്ടീഷുകാരെ സഹായിച്ചു. പില്കാലത്ത് ടിപ്പുവിനെതിരേയും പഴശ്ശിരാജ ബ്രിട്ടീഷുകാരെ സഹായിക്കുകയുണ്ടായി. എന്നാൽ ടിപ്പു പിന്മടങ്ങിയതോടെ ഇംഗ്ലീഷുകാർ പഴശ്ശിരാജയെ അവഗണിച്ചു. 1793-ൽ പഴശ്ശിരാജയുടെ അമ്മാവനായ കുറുമ്പ്രനാട്ടു രാജാവിൻ കോട്ടയം പാട്ടത്തിൻ നൽകി. നികുതിപിരിവ് പഴശ്ശിരാജ നിഷേധിച്ചു. പാട്ടാവകാശം 5 വർഷത്തേക്കുകൂടി നീട്ടികൊടുത്തതോടെ ഇംഗ്ലീഷുകാരുമായുള്ള സമരം മൂർച്ഛിച്ചു. തുടർന്ന് മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായപ്പോൾ പഴശ്ശിയും ബ്രിട്ടീഷുകാരും തമ്മിൽ ഇടയാൻ തുടങ്ങി. ഇത് ശക്തമായ കലാപത്തിലേയ്ക്ക് മാറിയപ്പോൾ ബോംബെ ഗവർണ്ണറും പഴശ്ശിരാജയുമായി ഒരു ഉടമ്പടി പ്രകാരം ബ്രിട്ടീഷ് ഭരണം തുടർന്നു. 1793നും 1797നും ഇടയിൽ നടന്ന ഈ കലാപങ്ങൾ 'ഒന്നാം പഴശ്ശിവിപ്ലവം' എന്നറിയപ്പെടുന്നു. ബ്രിട്ടീഷുകാരുമായി ഒത്തുതീർപ്പുണ്ടായെങ്കിലും 1800-ൽ വീണ്ടും പരസ്പരം ഏറ്റുമുട്ടി. മലബാർ രാജാക്കന്മാരുടെ പിന്തുണയോടെ ബ്രിട്ടീഷുകാർ പഴശ്ശിയെ നേരിട്ടപ്പോൾ പഴശ്ശിക്ക് അനേകം കർഷകർ തുണയായി. ഇത് 1805-വരെ നീണ്ടു. തുടർന്ന് 1805 നവംബർ 30 ന് മലബാർ സബ് കലക്ടർ ബേബറുടെ ശിപായിയുമായി ഏറ്റുമുട്ടി പഴശ്ശിരാജ കൊല്ലപ്പെട്ടു. ഇത് ആത്മഹത്യയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ഇത് 'രണ്ടാം പഴശ്ശിവിപ്ലവം' എന്നറിയപ്പെടുന്നു. 'കേരളസിംഹം' എന്നാണ് പ്രമുഖചരിത്രകാരൻ കെ.എം.പണിക്കർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

കേരളത്തിലെ പ്രക്ഷോഭങ്ങൾ

എട്ടുവീട്ടിൽ പിള്ളമാർ                            

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണനിർവാഹക സമിതിയായിരുന്നു എട്ടരയോഗം. ദേവസ്വം കാര്യങ്ങൾ തീരുമാനിക്കുന്നതിൽ എട്ടു പോറ്റിമാർക്കും ഓരോ വോട്ടുവീതവും, മഹാരാജാവിന് അരവോട്ടുമാണ് ഉണ്ടായിരുന്നത്. ക്ഷേത്രം വക അളവറ്റ സ്വത്തുക്കളുടെ കരം പിരിക്കാൻ എട്ടരയോഗം ഏൽപിച്ച എട്ടു പ്രഭുക്കന്മാരാണ് എട്ടുവീട്ടിൽ പിള്ളമാർ. ക്ഷേത്രം വക വസ്തുക്കൾ എട്ടായി ഭാഗിച്ച് കരം പിരിക്കുന്നതിനും മറ്റുമായി ഓരോ ഭാഗവും ഓരോ നായർ മാടമ്പിമാരെ ഏൽപ്പിച്ചു. ഈ നായർ മാടമ്പിമാർ എട്ടുവീട്ടിൽ പിള്ളമാർ എന്നറിയപ്പെട്ടു. കുളത്തൂർ, കഴക്കൂട്ടം, ചെമ്പഴന്തി, കുടമൺ, പള്ളിച്ചൽ, വെങ്ങാനൂർ, രാമനാമഠം, മാർത്താണ്ഡ മഠം, എന്നിങ്ങനെ വ്യത്യസ്തമായ എട്ടു ഗ്രാമങ്ങളിലെ കുടുംബക്കാരായിരുന്നു എട്ടുവീട്ടിൽ പിള്ളമാർ. അരയോഗകാരനായതിനാൽ മഹാരാജാവിന് ക്ഷേത്രഭരണത്തിൽ കാര്യമായ പങ്കുണ്ടായിരുന്നില്ല. മാത്രമല്ല മഹാരാജാവിന്റെ ആസ്ഥാനം തിരുവാംകോടായിരുന്നതിനാൽ അദ്ദേഹത്തിന് തിരുവനന്തപുരത്തെ ഭരണനിർവഹണത്തിൽ കണ്ണും കൈയും എത്തുക അത്ര എളുപ്പവുമായിരുന്നില്ല. അതിനാൽ ഈ അരാജകാവസ്ഥയെ നേരിടുന്നതിന് സ്വന്തം അനന്തരവനായ അനിഴം തിരുനാൾ മാർത്താണ്ഡവർമയ്ക്ക് അനുമതി നൽകി. അക്കാലത്ത് മലയാളനാട്ടിലാകെ മരുമക്കത്തായം നിലനിന്നിരുന്നതിനാൽ മാർത്താണ്ഡവർമ ഇളയരാജാവായി. മാർത്താണ്ഡവർമ അധികാരത്തിലേറിയപ്പോൾ എട്ടുവീട്ടിൽ പിള്ളമാരും യോഗക്കാരും മാടമ്പിമാരുമൊക്കെ ബദ്ധശത്രുക്കളായിത്തീരുകയും ചെയ്തു. ഇക്കൂട്ടരൊക്കെ മഹാരാജാവിന്റെ മക്കളായ തമ്പിമാരെ രാജാവാക്കുവാൻ അനുകൂല നിലപാട് സ്വീകരിച്ചു. മാർത്താണ്ഡവവർമയ്‌ക്കെതിരെ കലാപം നടത്തിയ തമ്പിമാരെ (പത്മനാഭൻ തമ്പി, രാമൻ തമ്പി) ഇവർ സഹായിച്ചു. കൂടാതെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ യോഗക്കാരായ പോറ്റിമാരും ഇവരോടൊന്നിച്ചു ചേർന്നു. മാർത്താണ്ഡവർമ തമ്പിമാരെയും പിള്ളമാരെയും യോഗക്കാരെയും അമർച്ച ചെയ്തു.

മാമാങ്കം

ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായയിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടത്തപ്പെട്ടിരുന്നതാണ് മാമാങ്കം. മകരമാസത്തിലെ കറുത്തവാവിനും, കുംഭമാസത്തിലെ കറുത്ത വാവിനും ഇടയിലെ മകം നാളിലാണ് മാമാങ്കം നടത്തിയിരുന്നത്. മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം വള്ളുവക്കോനാതിരിക്കായിരുന്നു. എന്നാൽ സാമൂതിരിയുടെ സേന തിരുനാവായ പിടിച്ചെടുത്തതോടെ ഈ സ്ഥാനം സാമൂതിരിക്കായി. 28 ദിവസത്തെ ആഘോഷമായിരുന്നു മാമാങ്കം. ഏറ്റവും ഒടുവിലത്തെ മാമാങ്കം 1755 ലാണ് നടന്നത്. ഈ മഹാമേളയുടെ അന്ത്യംകുറിച്ചത് ഹൈദരാലിയുടെ കേരളാക്രമണവും തുടർന്ന് സാമൂതിരിയുടെ ആത്മഹത്യയുമായിരുന്നു.

അഞ്ചുതെങ്ങ്‌ കലാപം

സംഘടിതമല്ലെങ്കിലും ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തിൽ നടന്ന ആദ്യ സമരമായിരുന്നു അഞ്ചുതെങ്ങ്‌ കലാപം. 1684ൽ വ്യവസായ ശാല നിർമിക്കാൻ ആറ്റിങ്ങൽ റാണി (ഉമയമ്മ റാണി) യിൽ നിന്നും ലഭിച്ച അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർ ഒരു കോട്ടയും സൈനിക സാമഗ്രികൾ സംഭരിക്കുന്ന ക്രേന്ദവും തുറന്നതാണ്‌ കലാപത്തിന് വഴിമരുന്നിട്ടത്‌.  കുരുമുളകിന്റെ വ്യാപാരകുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയതും കൂടാതെ അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാര്‍ക്ക്‌ കൂടുതൽ സൗജന്യങ്ങൾ അനുവദിച്ചു കൊടുത്തതും സ്ഥലവാസികളെ പ്രകോപിപ്പിച്ചു. അവർ 1697-ൽ അഞ്ചുതെങ്ങിലെ ഫാക്ടറി ആക്രമിച്ചു. ആക്രമണം പരാജയപ്പെടുകയാണുണ്ടായത്‌.

ആറ്റിങ്ങൽ കലാപം

കേരളത്തിലെ ബ്രിട്ടീഷ് ശക്തിക്കെതിരെയുണ്ടായ ആദ്യത്തെ സംഘടിത ജനകീയ കലാപമാണ് ആറ്റിങ്ങൽ കലാപം. 1721 ഏപ്രിലിൽ ആറ്റിങ്ങലിലെ നാട്ടുകാർ അവിടത്തെ ബ്രിട്ടീഷ് ഫാക്ടറി ആക്രമിക്കുകയും 140 കമ്പനി പടയാളികളെ വധിക്കുകയും ചെയ്തു. തുടർന്ന് അവർ അഞ്ചുതെങ്ങ് കോട്ട പിടിച്ചെടുത്തു. ഇംഗ്ലീഷുകാരുടെ വൻതോതിലുള്ള അഴിമതി, കുരുമുളകിന്റെ വിലയിൽ കമ്പനി നടത്തിയ തിരിമറികൾ എന്നിവയാണ്. നാട്ടുകാരുടെ എതിർപ്പിനു പിന്നിലുണ്ടായിരുന്ന കാരണങ്ങൾ. ആറ്റിങ്ങൽ റാണിക്ക് ബ്രിട്ടീഷുകാർ ഒരു വാർഷിക സമ്മാനം നൽകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. പ്രാദേശിക നാടുവാഴികളായ പിള്ളമാരുടെ ഏജന്റുമാർ മുഖേനയാണ് ഈ സമ്മാനം നൽകിയിരുന്നത്. എന്നാൽ ബ്രിട്ടീഷുകാർ ഈ ഏജന്റുമാരെ ഒഴിവാക്കി റാണിക്ക് നേരിട്ട് സമ്മാനം കൈമാറാൻ തീരുമാനിച്ചു. 1721 ഏപ്രിൽ 15 ന് അഞ്ചുതെങ്ങ് കോട്ടയുടെ തലവനും (ഗൈഫോർഡ്) 140 കമ്പനി പടയാളികളും റാണിക്കുള്ള സമ്മാനം നൽകുന്നതിനു വേണ്ടി പുറപ്പെട്ടു. നാട്ടുകാർ ഇതിനെതിരെ തിരിയുകയും യാത്രാമദ്ധ്യേ മുഴുവൻ ബ്രിട്ടീഷുകാരേയും വധിക്കുകയും ചെയ്തു. കൂടാതെ ആറു മാസക്കാലം അഞ്ചുതെങ്ങ് കോട്ട ഉപരോധിക്കുകയും ചെയ്തു. ആറ്റിങ്ങൽ റാണിയുടെ ഒത്താശ്ശയോടെയാണ് ഈ കലാപം നടന്നതെന്ന് പറയപ്പെടുന്നു. ഇന്ത്യയിൽത്തന്നെ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ ആസൂത്രിത കലാപമായിരുന്നു ഇത്. ആറ്റിങ്ങൽ കലാപാനന്തരം ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയും മാർത്താണ്ഡവർമ്മയും തമ്മിൽ 1723ൽ വേണാട് ഉടമ്പടി ഒപ്പുവെച്ചു. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഒരു ഭാരതീയ രാജാവുമായി ഒപ്പിട്ട ആദ്യ ഉടമ്പടിയായിരുന്നു ഇത്. ഈ ഉടമ്പടിയിൽ തിരുവിതാംകൂർ രാജാവ് സ്വന്തം ചെലവിൽ ഇംഗ്ലീഷുകാർക്ക് കുളച്ചലിൽ ഒരു കോട്ട കെട്ടി കൊടുക്കാമെന്ന് ഏറ്റു.

മാർത്താണ്ഡവർമ്മയും യുദ്ധങ്ങളും

അയൽരാജ്യങ്ങളെ തിരുവിതാംകൂറിനോടുകൂട്ടിച്ചേർത്ത് രാജ്യ വിസ്തൃതി വർധിപ്പിക്കാനായി മാർത്താണ്ഡവർമ്മ നിരവധി യുദ്ധങ്ങൾ ചെയ്‌തു.

കൊല്ലവുമായുണ്ടായ യുദ്ധം

മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവായ കാലത്ത് ദേശിങ്ങനാട് (കൊല്ലം) ഭരിച്ചിരുന്നത് മാർത്താണ്ഡവർമ്മയുടെ അമ്മാവനായ ഉണ്ണി കേരളവർമ്മയായിരുന്നു. ഉണ്ണി കേരളവർമ്മ കായംകുളവുമായി സഖ്യമുണ്ടാക്കി തൃപ്പാപ്പൂർ സ്വരൂപത്തിന് അവകാശപ്പെട്ടിരുന്ന കല്ലടയുടെ ഒരു ഭാഗം കൈയടക്കി. ഉണ്ണി കേരളവർമ്മ തനിക്കൊരു വെല്ലുവിളിയാണെന്ന് മനസിലാക്കിയ മാർത്താണ്ഡവർമ്മ കൊല്ലം ആക്രമിക്കാൻ തീരുമാനിച്ചു. തിരുവിതാംകൂർ സൈന്യം അന്നത്തെ ദളവയായിരുന്ന അറുമുഖം പിള്ളയുടെ നേതൃത്വത്തിൽ കൊല്ലത്തേക്ക് നീങ്ങുകയും അവിടെവച്ചുണ്ടായ യുദ്ധത്തിൽ ഉണ്ണികേരളവർമ്മയെ തോൽപ്പിക്കുകയും ചെയ്‌തു.

കൊട്ടാരക്കരയുമായിട്ടുള്ള യുദ്ധം

1734ൽ മാർത്താണ്ഡവർമ്മ കൊട്ടാരക്കര കീഴടക്കുകയും രാജാവായിരുന്ന വീര കേരളവർമ്മയെ തടവുകാരനാക്കി തിരുവനന്തപുരത്ത് ജയിലിലടയ്ക്കുകയും ചെയ്‌തു. തിരുവന്തപുരത്ത് ഏകാന്ത തടവിലായിരുന്ന വീര കേരളവർമ്മ 1736ൽ ജയിലിൽ വച്ച് മരിച്ചപ്പോൾ അധികാരമേൽക്കാൻ കൊട്ടാരക്കര റാണിയെ മാർത്താണ്ഡവർമ്മ അനുവദിച്ചില്ല. റാണിക്ക് വേണ്ടി ഡച്ചുകാർ രംഗത്ത് വരികയും 1741ൽ റാണിയെ കൊട്ടാരക്കരയുടെ ഭരണാധികാരിയായി അവരോധിക്കുകയും ചെയ്‌തു. തുടർന്ന് തിരുവിതാംകൂർ സൈന്യം കൊട്ടാരക്കരയോട് യുദ്ധം ചെയ്യുകയും കൊട്ടാരക്കര പിടിച്ചെടുക്കുകയും ചെയ്‌തു.

കുളച്ചൽ യുദ്ധം

മാർത്താണ്ഡവർമ്മ ഡച്ചുകാർക്കെതിരെ ഒരു ആക്രമണ പരമ്പരതന്നെ നടത്തുകയുണ്ടായി. ഡച്ചുകാർ അദ്ദേഹത്തെ നേരിടുന്നതിന് സന്നാഹങ്ങളൊരുക്കി. പീരങ്കിയോടു കൂടിയ ഒരു ഡച്ചു സൈന്യം തിരുവിതാംകൂർ അക്രമിക്കുന്നതിനായി സിലോണിൽ നിന്നു പുറപ്പെട്ടു. കുളച്ചലിൽ കാലുകുത്തിയ ഡച്ചു സൈന്യം കോട്ടാർവരെയുള്ള തിരുവിതാംകൂർ പ്രദേശങ്ങൾ ആക്രമിക്കുകയും അവരുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. തുടർന്ന് ഡച്ചു സൈന്യം മാർത്താണ്ഡവർമ്മയുടെ ആസ്ഥാനമായ കൽക്കുളത്തിലേക്കു നീങ്ങി. 1741 ഓഗസ്റ്റ് 10 ന് ഡച്ചു സൈന്യവും മാർത്താണ്ഡവർമ്മയുടെ സൈന്യവും തമ്മിൽ കുളച്ചലിൽ വെച്ച് ഏറ്റുമുട്ടി. ഡച്ചു സൈന്യം നിശ്ശേഷം പരാജയപ്പെട്ടു. ക്യാപ്റ്റൻ ഡിലനോയ് ഉൾപ്പെടെ ധാരാളം ഡച്ചുകാർ തടവുകാരായി പിടിക്കപ്പെട്ടു. അദ്ദേഹം പിന്നീട് മാർത്താണ്ഡവർമ്മയുടെ സൈന്യത്തിലെ 'വലിയ കപ്പിത്താനായി' ത്തീർന്നു. കുളച്ചൽ യുദ്ധം ഡച്ചു ശക്തിക്ക് മാരകമായ പ്രഹരമേൽപ്പിച്ചു. അവരുടെ കുതിപ്പിനു അത് തടയിട്ടു. ഒരു വിദേശശക്തിക്ക് ഏഷ്യയുടെ മണ്ണിൽ ഒരു പ്രാദേശിക ഭരണാധികാരിയോട് തോറ്റു പിൻവാങ്ങേണ്ടി വന്ന ആദ്യ യുദ്ധമായിരുന്നു ഇത്.

കായംകുളവുമായുള്ള യുദ്ധം (പുറക്കാട് യുദ്ധം)

1741ലെ കുളച്ചൽ യുദ്ധത്തിന്റെ പരാജയത്തോടെ ഡച്ചുകാർ കൊല്ലം രാജാവിന്റെ സഹായത്തോടെ വാമനപുരം പിടിച്ചെടുത്തു. ഇതേതുടർന്ന് തിരുവിതാംകൂർ സൈന്യം രാമയ്യൻ ദളവയുടെ നേതൃത്വത്തിൽ ഡച്ചുകാരുടെ കൊല്ലം കോട്ട വളഞ്ഞു. എന്നാൽ ഈ കോട്ടയുടെ പ്രതിരോധത്തിനായി ഡച്ചു സൈന്യത്തെ കായംകുളം സൈന്യം സഹായിച്ചു. കായംകുളം രാജാവിന്റെ മന്ത്രിയായിരുന്ന അച്യുതവാര്യരാണ് കായംകുളം സൈന്യത്തിന് നേതൃത്വം നൽകിയത്. ഇതേതുടർന്ന് തിരുവിതാംകൂർ സൈന്യം പിൻവാങ്ങി. 1742ൽ ഡച്ചുകാരുടെയും കായംകുളത്തിന്റെയും സംയുക്ത സൈന്യങ്ങൾ കിളിമാനൂർ പിടിച്ചെടുത്തു. ഇക്കാരണത്താൽ മാർത്താണ്ഡവർമ്മ തിരുനെൽവേലിയിൽ നിന്ന് കുതിരപ്പട്ടാളത്തെ വരുത്തുകയും കിളിമാനൂരിലേക്ക് സൈന്യത്തെ നയിക്കുകയും ചെയ്തു. തിരുവിതാംകൂർ സൈന്യം കിളിമാനൂർ പിടിച്ചെടുത്തു. തുടർന്ന് മാർത്താണ്ഡവർമ്മയുടെ സൈന്യം കായംകുളത്തേക്ക് നീങ്ങി. കായംകുളം രാജാവ് ആദ്യം ചെറുത്തുനിന്നെങ്കിലും അവസാനം സമാധാനത്തിന് അപേക്ഷിച്ചു. ഇതേതുടർന്ന് മാർത്താണ്ഡവർമ്മയും കായംകുളം രാജാവും മാന്നാർ ഉടമ്പടിയിൽ ഒപ്പുവച്ചു. എന്നാൽ കായംകുളം രാജാവ് ഈ സന്ധി വ്യവസ്ഥകൾ ലംഘിക്കുകയാണുണ്ടായത്. തുടർന്ന് തിരുവിതാംകൂർ സൈന്യം വീണ്ടും കായംകുളത്തേക്ക് നീങ്ങുകയും 1746ൽ കായംകുളം കീഴടക്കുകയും ചെയ്‌തു. ഈ യുദ്ധം പുറക്കാട് യുദ്ധം എന്നറിയപ്പെട്ടു. ചെമ്പകശ്ശേരി രാജ്യമാണ് പുറക്കാട് എന്നറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറുമായുള്ള യുദ്ധത്തിൽ കായംകുളത്തെ സഹായിച്ചതിന്റെ പേരിൽ മാർത്താണ്ഡവർമ്മ ഈ രാജ്യം പിടിച്ചടക്കി തിരുവിതാംകൂറിനോട് ചേർത്തു. ഇന്നത്തെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകൾ ഇതിലുൾപ്പെട്ടിരുന്നു.

തിരുവിതാംകൂർ കൊച്ചി യുദ്ധം (ആനന്ദേശ്വര യുദ്ധം)

1754ൽ ആനന്ദേശ്വരത്ത് വച്ച് തിരുവിതാംകൂറും കൊച്ചിയും തമ്മിൽ ഏറ്റുമുട്ടി. രാമവർമ്മ, രാമയ്യൻ, ഡിലനോയി എന്നിവർ ചേർന്നാണ് തിരുവിതാംകൂർ സൈന്യത്തിൻ നേതൃത്വം നൽകിയത്. ആർക്കും വിജയം കൈവരാത്ത ഒരു യുദ്ധത്തിന് ശേഷം കൊച്ചി സൈന്യം അമ്പലപ്പുഴയ്ക്ക് പിൻവാങ്ങുകയും പിന്നീട് നടന്ന നിർണ്ണായക യുദ്ധത്തിൽ തിരുവിതാംകൂർ കൊച്ചി സൈന്യത്തെ തോൽപ്പിക്കുകയും ചെയ്‌തു.

തിരുവിതാംകൂർ കൊച്ചി സഖ്യം

തിരുവിതാംകൂറിനെ ആക്രമിക്കാൻ തയ്യാറെടുത്തുകൊണ്ടിരുന്ന സാമൂതിരിക്കെതിരെ തിരുവിതാംകൂറും കൊച്ചിയും ചേർന്ന് 1757ൽ ഒരു സഖ്യസന്ധിയുണ്ടാക്കി. പാലിയത്ത് കോമി അച്ഛനായിരുന്നു ഈ സന്ധിക്ക് മുൻകൈയെടുത്തത്.

മാവേലിക്കര ഉടമ്പടി

മാർത്താണ്ഡവർമ്മ രാജാവും ഡച്ചുകാരും തമ്മിലുണ്ടാക്കിയ ഉടമ്പടിയാണ് മാവേലിക്കര ഉടമ്പടി. 1753 ഓഗസ്റ്റ് 15ന് മാവേലിക്കരയിൽ വച്ചാണ് ഉടമ്പടി ഒപ്പുവെച്ചത്. മാവേലിക്കര ഉടമ്പടിയെ തുടർന്ന് ഡച്ചുകാർ കുരുമുളകിനു പകരമായി യുദ്ധസാമഗ്രികൾ തിരുവിതാംകൂറിന് നൽകണമെന്നും തിരുവിതാംകൂറിന്റെയും മറ്റ് ചെറുരാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ ഡച്ചുകാർ ഇടപെടരുതെന്നും ധാരണയായി. ഈ ഉടമ്പടിയോടുകൂടി ഡച്ചുഭരണം കേരളത്തിൽ അവസാനിക്കാൻ ഇടയായി. തിരുവിതാംകൂറിൽ ഇംഗ്ലീഷുകാർക്കോ മറ്റേതെങ്കിലും യൂറോപ്യൻ ശക്തികൾക്കോ കൂടുതൽ പ്രോത്സാഹനം നൽകാനോ ഈ ഉടമ്പടി അനുവദിച്ചിരുന്നില്ല. മാവേലിക്കര ഉടമ്പടി മാർത്താണ്ഡവർമ്മയെ ഒരു വിദേശശക്തിയുടെയും ഇടപെടലില്ലാതെ തന്റെ രാജ്യം വിസ്തൃതമാക്കാൻ സഹായിച്ചു.

ശുചീന്ദ്രം ഉടമ്പടി

1762ൽ കൊച്ചിയിലെ കേരളവർമ്മ രാജാവ് തിരുവനന്തപുരം സന്ദർശിച്ച വേളയിൽ തിരുവിതാംകൂറിലെ കാർത്തിക തിരുനാൾ രാമവർമ്മയുമായി ശുചീന്ദ്രം ക്ഷേത്രത്തിൽ വച്ച് ഒപ്പുവച്ച ഉടമ്പടിയാണ് ശുചീന്ദ്രം ഉടമ്പടി. തിരുവിതാംകൂർ മന്ത്രിയായിരുന്ന അയ്യപ്പൻ മാർത്താണ്ഡ പിള്ളയുടെയും കൊച്ചി മന്ത്രിയായിരുന്ന പാലിയത്ത് കോമി അച്ഛന്റെയും സാന്നിധ്യത്തിൽ സന്ധി അംഗീകരിക്കുകയായിരുന്നു. ഈ സന്ധിയെത്തുടർന്ന് അയ്യപ്പൻ മാർത്താണ്ഡ പിള്ളയുടെയും ഡിലനോയിയുടെയും നേതൃത്വത്തിൽ തിരുവിതാംകൂർ സൈന്യം സാമൂതിരിക്കെതിരായി യുദ്ധം ചെയ്‌തു.

പഴശ്ശി കലാപം

ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ ഉയർന്നുവന്ന കലാപങ്ങളിൽ ഏറ്റവും ഗൗരവമാർന്ന ഒന്നായിരുന്നു പഴശ്ശി കലാപം. മലബാറിൽ ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയമാണ് ഈ കലാപത്തിനു വഴിയൊരുക്കിയത്. കേരള വർമ്മ പഴശ്ശി രാജ മലബാറിലെ കോട്ടയം രാജവംശത്തിലെ ഒരംഗമായിരുന്നു. ബ്രിട്ടീഷുകാരും പഴശ്ശിയും തമ്മിലുള്ള ബന്ധം തുടക്കത്തിൽ സൗഹാർദ്ദപരമായിരുന്നു. മൈസൂർ യുദ്ധങ്ങളിൽ അദ്ദേഹം ബ്രിട്ടീഷുകാരെ സഹായിച്ചിരുന്നു. ഇതിനുപകരമായി ജനങ്ങളിൽ നിന്ന് കരം പിരിക്കാനുള്ള അധികാരം പഴശ്ശിരാജാവിന് നൽകാമെന്ന് ബ്രിട്ടീഷുകാർ വാഗ്‌ദാനം നൽകി. എന്നാൽ മലബാർ തങ്ങളുടെ അധീനതയിൽ വന്നപ്പോൾ ബ്രിട്ടീഷുകാർ ഈ വാഗ്‌ദാനം മറന്നു. നികുതി പിരിക്കാനുള്ള അധികാരം അവർ പഴശ്ശിയുടെ അമ്മാവൻ കുറുമ്പ്രനാട് രാജാവിനാണ് നൽകിയത്. അദ്ദേഹമാകട്ടെ ജനങ്ങളിൽ നിന്ന് ഉയർന്ന നികുതി പിരിച്ചെടുക്കുകയും നികുതിപ്പിരിവിനായി എല്ലാ കടുത്ത മാർഗ്ഗങ്ങൾ ഉപയോഗിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പഴശ്ശി രാജാവ് ബ്രിട്ടീഷുകാർക്കെതിരെ കലാപത്തിനൊരുങ്ങിയത്.

ഒന്നാം പഴശ്ശി വിപ്ലവം

പഴശ്ശി കലാപത്തിന് രണ്ടു ഘട്ടങ്ങളുണ്ടായിരുന്നു. 1793 മുതൽ 1797 വരെയുള്ള കാലഘട്ടമാണ് കലാപത്തിന്റെ ഒന്നാം ഘട്ടം. ബ്രിട്ടീഷുകാർക്കുള്ള നികുതി പിരിവ് തടഞ്ഞുകൊണ്ടാണ് പഴശ്ശി രാജാവ് കലാപത്തിൻ തുടക്കം കുറിച്ചത്. മുസ്ലിം-നായർ കർഷകരും ഗോത്രവർഗ്ഗക്കാരായ കുറിച്യരും ഉൾപ്പെടുന്ന പഴശ്ശിയുടെ സൈന്യം കമ്പനിയുടെ സേനക്കെതിരെ അതിശക്തമായ ചെറുത്തുനിൽപ്പു നടത്തി. ബ്രിട്ടീഷുകാരെ വയനാട്ടിൽ നിന്നും തുരത്തുന്നതിൻ അദ്ദേഹം മൈസൂറിന്റെ സഹായവും അഭ്യർത്ഥിച്ചു. നിരന്തരമായി പരാജയമേറ്റുവാങ്ങിയ ബ്രിട്ടീഷുകാർ 1797 ൽ വയനാട്ടിൽ നിന്ന് പിൻവാങ്ങുകയും, പഴശ്ശി രാജാവുമായി സമാധാനസന്ധിയിൽ ഒപ്പുവെക്കുകയും ചെയ്തു. ഇതോടെ കലാപത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചു.

രണ്ടാം പഴശ്ശി വിപ്ലവം

1800 ൽ പഴശ്ശി കലാപത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. വയനാട് കയ്യടക്കാനുള്ള ബ്രിട്ടീഷുകാരുടെ നീക്കമാണ് രണ്ടാം പഴശ്ശികലാപത്തിനു കാരണമായത്. തന്റെ സൈന്യത്തിലെ പ്രധാന വിഭാഗമായിരുന്നു കുറിച്യരുടെയും കുറുമ്പരുടെയും സഹായത്തോടെ പഴശ്ശിരാജാവ് ബ്രിട്ടീഷുകാരുടെ ഈ നീക്കത്തെ ശക്തമായി എതിർത്തു. ബ്രിട്ടീഷുകാർക്കെതിരെ ഒരു അന്തിമ പോരാട്ടത്തിനൊരുങ്ങിയ പഴശ്ശിരാജാവിനെ കേണൽ വെല്ലസ്ലിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം തുടർച്ചയായി പരാജയപ്പെടുത്തി. ഒടുവിൽ തലശ്ശേരിയിലെ സബ് കളക്ടറായിരുന്ന തോമസ് ഹാർവി ബേബർ കോൽക്കാരുടെ (ഒരു പ്രാദേശിക സൈന്യം) സഹായത്തോടെ പഴശ്ശിയെ പുൽപള്ളിയിൽ വെച്ച് ആക്രമിച്ചു. 1805 നവംബർ 30 ന് വയനാട്ടിലെ മാവിലത്തോട് എന്ന സ്ഥലത്തുവെച്ച് നടന്ന ഏറ്റുമുട്ടലിൽ പഴശ്ശിരാജാവ് കൊല്ലപ്പെട്ടു.

പഴശ്ശി കലാപം അടിച്ചമർത്താൻ തലശ്ശേരിയിലെ സബ് കളക്ടറായിരുന്ന തോമസ് ഹാർവി ബേബറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പഴശ്ശിരാജാവിന്റെ മൃതശരീരം സ്വന്തം പല്ലക്കിൽ കയറ്റി മാനന്തവാടിയിൽ കൊണ്ടുവന്ന് എല്ലാ ആചാരമര്യാദകളോടും കൂടി അദ്ദേഹം സംസ്കരിച്ചു. മുഖ്യ കളക്ടർക്കെഴുതിയ റിപ്പോർട്ടിൽ ബേബർ പഴശ്ശിയെ ഒരു വീരനായകനായാണ് ചിത്രീകരിച്ചിരിക്കുന്നത്. മരണത്തിനുപോലും മായ്ച്ചുകളയാനാവാത്ത ആദരവ് ജനങ്ങൾക്ക് പഴശ്ശിരാജാവിനോടുണ്ടായിരുന്നുവെന്നും ബേബർ കത്തിൽ പറയുന്നു.

കേരളം മൈസൂർ ഭരണത്തിൻ കീഴിൽ

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ തെക്കേ ഇന്ത്യയിലെ ശക്തരായ ചോദ്യം ചെയ്യപ്പെടാത്ത മുസ്ലിം ഭരണാധികാരികളായിരുന്നു മൈസൂർ സുൽത്താന്മാർ. മൈസൂർ കേന്ദ്രീകരിച്ച് തന്റെ ബുദ്ധി വൈഭവം കൊണ്ടും സൈനിക സാമർഥ്യം കൊണ്ടും ഹൈദരാലി ഒരു സ്വതന്ത്രഭരണം സ്ഥാപിക്കുകയും എ.ഡി 1761 ഓടെ ശക്തനായ ഭരണാധികാരിയാവാൻ അദ്ദേഹത്തിനു സാധിക്കുകയും ചെയ്‌തു. പാലക്കാട് രാജാവായ കോമു അച്ഛന്റെ അപേക്ഷ അനുസരിച്ച് സാമൂതിരി രാജാവിനെതിരെയുള്ള യുദ്ധത്തിൽ അദ്ദേഹത്തെ സഹായിക്കാനാണ് ഹൈദരാലി ആദ്യമായി മലബാറിലേക്ക് വന്നത്. പിന്നീട് 1766ൽ മലബാറിലേക്ക് ഹൈദരാലി നേരിട്ട് ആക്രമണം നടത്തി. അന്നത്തെ കണ്ണൂരിലെ അറയ്ക്കൽ രാജാവിന്റെ ക്ഷണത്തിന്റെ അടിസ്ഥാനത്തിൽ മാപ്പിള മുസ്ലീമുകളുടെ സഹായത്തോടെ വടക്കൻ മലബാറും കോഴിക്കോടും ഹൈദരാലി പിടിച്ചടക്കി. ഹൈദരാലി വടകരയിൽ ഒരു കച്ചവട കേന്ദ്രം സ്ഥാപിക്കുകയും മലബാറിന്റെ കച്ചവടത്തിന്റെയും കയറ്റുമതിയുടെയും നിയന്ത്രണം കൈക്കലാക്കുകയും ചെയ്‌തു. മൈസൂർ സുൽത്താൻമാർക്ക് വാർഷിക കപ്പം കൊടുക്കാൻ സാമൂതിരി രാജാവിന് കഴിയാതെ വരികയും തന്റെ അധികാരം നഷ്ടപ്പെടുമെന്ന് മനസിലാക്കിയ സാമൂതിരി ആത്മഹത്യ ചെയ്യുകയും ചെയ്തു. 'മദന്ന' എന്ന തന്റെ നികുതി പിരിവ് ഉദ്യോഗസ്ഥനെ മലബാറിലെ ഗവർണ്ണറാക്കിക്കൊണ്ട് ഹൈദർ അലി മൈസൂറിലേക്ക് തിരിച്ചു പോവുകയുണ്ടായി. എ.ഡി.1768ൽ വീണ്ടും മലബാറിൽ എത്തുകയും തിരുവിതാംകൂർ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ബ്രിട്ടീഷ് സൈന്യത്തിന് മുമ്പിൽ പരാജയപ്പെടുകയും ചെയ്തു. എ.ഡി.1773ൽ മലബാർ മുഴുവനും എ.ഡി.1776ൽ തൃശ്ശൂരും ഹൈദരാലി പിടിച്ചടക്കി. എന്നാൽ അധികനാൾ കഴിയുന്നതിനു മുൻപ് ഇംഗ്ലീഷ് സൈന്യം ഉത്തരമലബാർ മുഴുവനും മൈസൂർ അധിപത്യത്തിൽനിന്ന് സ്വതന്ത്രമാക്കി പഴയ ഭരണാധികാരികൾക്ക് തിരിച്ചുനൽകി.

ഹൈദർ അലിയുടെ പുത്രനായിരുന്നു ടിപ്പു. 1782 നവംബറിൽ സൈന്യവുമായി മലബാറിലെത്തിയ ടിപ്പുസുൽത്താൻ പൊന്നാനിയിൽ ഇംഗ്ലീഷുകാരുമായി ഏറ്റുമുട്ടി. വിപുലമായ ഒരു ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെ ഹൈദരാലിയുടെ മരണവാർത്തയറിഞ്ഞ് ടിപ്പുവിന് മൈസൂരിലേക്ക് മടങ്ങേണ്ടിവന്നു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനുശേഷം 1784 മാർച്ചിലുണ്ടാക്കിയ മംഗലാപുരം സന്ധി പ്രകാരം മലബാർ വീണ്ടും മൈസൂരിന്റെ കീഴിലായി. മലബാറിലെ മൈസൂർവിരുദ്ധ കലാപങ്ങളുടെ ഫലമായി ടിപ്പു മലബാറിന്റെ ഭരണം നേരിട്ടേറ്റെടുത്തു. 1788-ൽ വലിയൊരു സേനയുമായി ടിപ്പു വയനാട്ടിലൂടെ മലബാറിൽ എത്തി. നാട്ടുരാജാക്കന്മാരെല്ലാം ടിപ്പുവിന് കീഴടങ്ങി. 1789 ഡിസംബറിൽ ടിപ്പുവിന്റെ സൈന്യം തിരുവിതാംകൂർ രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള നെടുങ്കോട്ട ആക്രമിച്ചു. ഈ സമയം ബ്രിട്ടീഷുകാർ തിരുവിതാംകൂറിലേക്ക് ബ്രിട്ടീഷ് പട്ടാളത്തെ അയയ്ക്കുകയും മൈസൂർ ആക്രമിക്കുകയും ചെയ്‌തു. സ്വന്തം രാജ്യം രക്ഷിക്കാനായി ടിപ്പു തിരിച്ചുപോയി. 1792ൽ ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും ശ്രീരംഗപട്ടണം ഉടമ്പടിയിൽ ഒപ്പുവെച്ചു. ഇതിലൂടെ ടിപ്പുവിന്റെ അധീനതയിലായിരുന്ന മലബാർ പ്രദേശം ബ്രിട്ടീഷുകാർക്കു ലഭിച്ചു. ഈ പ്രദേശത്തെ ഭരണം ചിട്ടപ്പെടുത്താൻ കമ്മീഷണർമാരെ നിയോഗിച്ചു.

നായർ പട്ടാള ലഹള

ടിപ്പു സുൽത്താന്റെ മൈസൂർപ്പടയുടെ തിരുവിതാംകൂർ ആക്രമണം തടയുവാൻ അന്നു നാടുവാണിരുന്ന ധർമ്മരാജാവും മന്ത്രി കേശവദാസും ബ്രിട്ടീഷുകാരുടെ സഹായം തേടി. അവർ സഹായിക്കാമെന്നു സമ്മതിച്ചു. ഇക്കാര്യത്തിനു കമ്പനിയും തിരുവിതാംകൂറും തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കി. തിരുവിതാംകൂറിനെ കമ്പനിക്കാർ ശത്രുക്കളിൽ നിന്നും രക്ഷിക്കാം എന്നും പകരം ബ്രിട്ടീഷുകാർക്ക് സൈനിക ആവശ്യത്തിനായി ആണ്ടിൽ ആറു ലക്ഷം കൊടുക്കാമെന്ന് തിരുവിതാംകൂറും സമ്മതിച്ചു. ടിപ്പു തിരുവിതാംകൂറിനെ ആക്രമിച്ചു. തിരുവിതാംകൂർ സൈന്യം ടിപ്പുവിന്റെ പടയെ പായിക്കുകയും ചെയ്തു. ഉടമ്പടിപ്രകാരം തിരുവിതാംകൂറിനെ സഹായിക്കാൻ കടപ്പെട്ട കമ്പനി സഹായിച്ചില്ല. എങ്കിലും കപ്പം മുറയ്ക്ക് കൊടുത്തുവന്നു. ബാലരാമവർമ്മയുടെ കാലത്ത് ഖജനാവിൽ പണം ഇല്ലാതിരുന്നതിനാൽ കപ്പം മുടങ്ങി. അന്ന് ദിവാനായിരുന്ന വേലുത്തമ്പി ബ്രിട്ടീഷിക്കാർക്ക്  സൈനിക ആവശ്യത്തിനായി കൊടുക്കേണ്ട തുക അധികമായി വന്നപ്പോൾ നായർ പട്ടാളത്തിന്റെ ആനുകൂല്യം കുറച്ചു. ശമ്പളം കുറച്ചത് പട്ടാളക്കാർക്ക് രസിച്ചില്ല. അവർ കൂട്ടം ചേർന്ന് ആലോചന നടത്തി. നാടിന്റെ പല ഭാഗത്തായി പാർപ്പിച്ചിരുന്ന പട്ടാളക്കാർ ഒരുമിച്ചുകൂടി ലഹള നടത്തി. നാട്ടിൽ സമാധാനം പാലിക്കേണ്ട പട്ടാളക്കാർ ലഹളക്കൊരുങ്ങിയത് വേലുത്തമ്പിയെ അസ്വസ്ഥനാക്കി. അന്ന് ബ്രിട്ടീഷ് റസിഡന്റായിരുന്ന മെക്കാളിയുടെ സഹായം അദ്ദേഹത്തിനു ലഭിച്ചു. അങ്ങനെ പട്ടാള ലഹള അമർച്ച ചെയ്തു.

കുണ്ടറ വിളംബരം

ബ്രിട്ടീഷ് ദുർഭരണത്തിനെതിരെ തിരുവിതാംകൂറിൽ പ്രക്ഷോഭമുയർത്തിയ ധീര ദേശാഭിമാനിയാണ് വേലുത്തമ്പി ദളവ. 1765 മേയ് ആറിനു നാഗർകോവിലിനടുത്ത് തലക്കുളത്തു വീട്ടിലാണ് വേലുത്തമ്പിയുടെ ജനനം. 1798 - 1810 കാലത്ത് തിരുവിതാംകൂർ ഭരിച്ച ബാലരാമവർമയുടെ മന്ത്രിയായിരുന്നു അദ്ദേഹം. തിരുവിതാംകൂറിന്റെ ഭരണത്തിലും വ്യാപാരത്തിലും അനാവശ്യമായി ഇടപെട്ട ബ്രിട്ടീഷുകാരെ എതിർത്ത വേലുത്തമ്പി കൊച്ചിയിലെ പ്രധാനമന്ത്രി പാലിയത്തച്ചനുമായി രഹസ്യസഖ്യമുണ്ടാക്കി.

'തിരുവിതാംകൂറിൽ നിന്നും കൊച്ചിയിൽ നിന്നും ബ്രിട്ടീഷുകാരെ നാടുകടത്തുക!' എന്ന ലക്ഷ്യത്തോടെ അവർ രഹസ്യ സന്ധിയുണ്ടാക്കി. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു ഇത്. ചെമ്പിൽ അരയനെപ്പോലുള്ള വിശ്വസ്തരായ സൈനികരോടൊപ്പം പാലിയത്തച്ചൻ 1808 ൽ കൊച്ചിയിലെ ബോൾഗാട്ടിയിലുള്ള ബ്രിട്ടീഷ് റസിഡൻസി ആക്രമിച്ചു. എന്നാൽ, അവിടെയുണ്ടായിരുന്ന മെക്കാളെ പ്രഭു ചാരന്മാർ വഴി ആക്രമണവിവരം മുൻകൂട്ടി അറിയുകയും കപ്പലിൽ കയറി രക്ഷപ്പെടുകയും ചെയ്തു. കൊച്ചി ആക്രമിച്ചുകൊണ്ടാണ് ഇംഗ്ലീഷുകാർ ഇതിന്റെ വൈരാഗ്യം തീർത്തത്. അവർ പാലിയത്തച്ചനെ പിടികൂടി നാടുകടത്തി.

വൈദേശിക ഭരണത്തിനെതിരെയുള്ള ആഹ്വാനമായി 1809 ജനുവരി 11 ന് വേലുത്തമ്പി കുണ്ടറ വിളംബരം പ്രസിദ്ധപ്പെടുത്തി. ബ്രിട്ടീഷുകാർക്കെതിരെ രംഗത്തിറങ്ങാനുള്ള പരസ്യമായ ആഹ്വാനമായിരുന്നു വേലുത്തമ്പി ദളവയുടെ 'കുണ്ടറ വിളംബരം'. 'തിരുവിതാംകൂറിനെ സംരക്ഷിക്കാനെന്ന വ്യാജേന നമ്മൾ തീറ്റിപോറ്റുന്ന കമ്പനി സൈന്യം രാജ്യത്തിന്റെ സമ്പത്ത് കട്ടുമുടിക്കുകയും അനീതി പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. നാട് കൊള്ളയടിക്കുന്ന ഈ വിദേശികളെ എത്രയും വേഗം പുറത്താക്കിയില്ലെങ്കിൽ ശ്രീപത്മനാഭന്റെ അനുഗ്രഹമുള്ള ഈ നാട് നശിക്കും. ബ്രിട്ടീഷ് അതിക്രമങ്ങൾക്കെതിരെ രാജഭക്തരും ദേശസ്നേഹികളും ആയുധമെടുക്കുക-' ഇതായിരുന്നു വിളംബരത്തിന്റെ ചുരുക്കം.

കൊല്ലത്തുവെച്ച് കമ്പനി സൈന്യം വേലുത്തമ്പി ദളവയുടെ സൈന്യത്തെ പരാജയപ്പെടുത്തി. ബ്രിട്ടീഷുകാരെ പിണക്കിയതിനാൽ ബാലരാമവർമയും തമ്പിക്കെതിരായി. അദ്ദേഹം തമ്പിയെ പിടിക്കാൻ കല്പനയിറക്കി. വിശ്വസ്തരായ അനുചരന്മാർക്കൊപ്പം വേലുത്തമ്പി രക്ഷപെട്ടു. മണ്ണടി ക്ഷേത്രത്തിൽ ഒളിച്ചിരുന്ന തമ്പിയെക്കുറിച്ച് ചാരന്മാർ വഴി അറിഞ്ഞ ബ്രിട്ടീഷ് പട്ടാളം അവിടെയെത്തി. ശത്രുസൈന്യം വളഞ്ഞപ്പോൾ വേലുത്തമ്പി 1809 മാർച്ച് 28 ന് ആത്മഹത്യചെയ്തു.

കുറിച്യ കലാപം

പഴശ്ശി കലാപത്തെ അമർച്ച ചെയ്തതിനുശേഷം ബ്രിട്ടീഷുകാർ കുറിച്യരുടെയും കുറുമ്പരുടെയും നേരെ തിരിഞ്ഞു. വയനാട്ടിലെ ആദിവാസികളായിരുന്നു കുറിച്യരും കുറുമ്പരും. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശി രാജാവിനോടൊപ്പം അവർ പോരാടിയിരുന്നു. ഇതിന്റെ പേരിൽ കുറിച്യരേയും കുറുമ്പരേയും അടിച്ചമർത്താൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു. അവരുടെ കൈവശമുണ്ടായിരുന്ന ചെറിയ ഭൂമികളെല്ലാം ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. മാത്രമല്ല അവരുടെ പരമ്പരാഗത കൃഷിരീതിയായ വെട്ടിച്ചുട്ടു കൃഷി കാടുകളിൽ നടത്താനും അനുവദിച്ചില്ല. നികുതി സാധനങ്ങളായി നൽകുന്നതിനു പകരം പണമായി നൽകണമെന്ന് ബ്രിട്ടീഷുകാർ ആവശ്യപ്പെട്ടതും കുറിച്യരെ രോഷാകുലരാക്കി. 1812 മാർച്ചിൽ രാമനമ്പിയുടെ (രാമ മൂപ്പൻ) നേതൃത്വത്തിൽ കുറിച്യർ കലാപമാരംഭിച്ചു. വയനാട്ടിലെ ബ്രിട്ടീഷ് സേനയെ അവർ ആക്രമിച്ചു തുരത്തിയെങ്കിലും കലാപം പരാജയപ്പെട്ടു. 1812 മെയ് മാസത്തോടെ ബ്രിട്ടീഷുകാർ കലാപത്തെ അടിച്ചമർത്തി. പ്ലാക്ക ചന്തു, ആയിരംവീട്ടിൽ കോന്തപ്പൻ, രാമനമ്പി തുടങ്ങിയവർ ഏറ്റുമുട്ടലിൽ വധിക്കപ്പെടുകയും മറ്റൊരു പ്രമുഖ നേതാവായ വെൺകലോൻ കേളുവിനെ തൂക്കിലേറ്റുകയും ചെയ്തു. കുറിച്യ കലാപം ഒരു ഗോത്രവർഗ കലാപമായിരുന്നുവെങ്കിലും കൊളോണിയൽ ചൂഷണത്തെ എതിർത്തിരുന്ന സമൂഹത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങൾ അതിനെ പിന്തുണച്ചിരുന്നു.

ചാന്നാർ ലഹള

സാമൂഹ്യനീതി സംരക്ഷിക്കാനുള്ള ആദ്യകാല സമരങ്ങളിൽ ഒന്നായ ചാന്നാർ പ്രക്ഷോഭം തെക്കൻ തിരുവിതാംകൂറിലാണ് ഉണ്ടായിരുന്നത്. മേൽമുണ്ട് സമരം എന്ന് ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ചാന്നാർ സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല. കേണൽ മൺറോ ദിവാനായിരിക്കെ ക്രിസ്തുമതത്തിൽ ചേർന്ന ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാൻ അനുവദിച്ചുകൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. മതപരിവർത്തനം ചെയ്‌ത ചാന്നാർ സ്ത്രീകൾക്ക് മാത്രം അവകാശം അനുവദിച്ചുകൊടുത്ത തിരുവിതാംകൂർ സർക്കാർ പ്രസ്തുത അവകാശം ഹിന്ദു ചാന്നാർ സ്ത്രീകൾക്ക് നിഷേധിച്ചത് കൂടുതൽ ലഹളകൾക്കിടയാക്കി. എല്ലാ ചാന്നാർ സ്ത്രീകൾക്കും ജാക്കറ്റ് ധരിക്കാനും പരുപരുത്ത തുണികൊണ്ടുള്ള മേൽമുണ്ട് ധരിക്കാനും അനുവാദം നൽകികൊണ്ട് 1859 ജൂലൈ 26ന് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഉത്തരവ് പുറപ്പെടുവിച്ചു. മദ്രാസ് ഗവർണ്ണർ ലോർഡ് ഹാരിസിന്റെ നിർദേശപ്രകാരമാണ് തിരുവിതാംകൂർ രാജാവ് ഉത്തരവിറക്കിയത്.

അച്ചിപ്പുടവ സമരം (1858)

അക്കാലത്ത് നന്നായി വസ്ത്രം ധരിക്കാൻ സവർണർക്കുമാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. കണങ്കാൽവരെ എത്തുന്ന അച്ചിപ്പുടവ എന്ന ഇരട്ടത്തുണിയാണ് സവർണസ്ത്രീകൾ ധരിച്ചിരുന്നത്. കായംകുളത്തിനടുത്ത് പന്നിയൂരിൽ ഒരു ഈഴവ യുവതി അച്ചിപ്പുടവ ഉടുത്തുനടന്നപ്പോൾ സവർണർ അത് വലിച്ചുകീറിക്കളഞ്ഞു. ഇതറിഞ്ഞ വേലായുധപ്പണിക്കർ ഏതാനും ഈഴവ യുവതികളെ അച്ചിപ്പുടവ ഉടുപ്പിച്ച് പന്നിയൂരിൽ പരേഡ് നടത്തിച്ചു. തുടർന്ന് എല്ലാ സ്ത്രീകൾക്കും മാന്യമായ വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി പണിക്കർ ആറാട്ടുപുഴയിലും പരിസര പ്രദേശങ്ങളിലും പണിമുടക്കുനടത്തി. കൃഷിപ്പണി, കന്നുകാലിനോട്ടം, തെങ്ങുകയറ്റം തുടങ്ങിയവർ എല്ലാ പണികളിൽനിന്നും മാറിനിന്നു. കാര്യങ്ങൾ പന്തിയല്ലെന്നുകണ്ട സവർണർ അവസാനം ഒത്തുതീർപ്പിൻ തയ്യാറായി. ആ പ്രദേശങ്ങളിലെ സ്ത്രീകൾക്ക് അച്ചിപ്പുടവ ഉടുക്കാൻ അവകാശവും ലഭിച്ചു.

മൂക്കുത്തി സമരം (1860)

1860ൽ പത്തനംതിട്ട ജില്ലയിലെ പന്തളത്ത് ഒരു അവർണയുവതി പൊന്നിൻ മൂക്കുത്തി ധരിച്ച് ചന്തയിൽ എത്തി. അക്കാലത്ത് അവർണരായ സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ ധരിക്കാൻ അവകാശമുണ്ടായിരുന്നില്ല. സവർണ പ്രമാണിമാർ മൂക്കുത്തി വലിച്ചുപറിച്ചുകളഞ്ഞു. ഇതറിഞ്ഞ ആറാട്ടുപുഴ വേലായുധപ്പണിക്കർ സവർണരുടെ എതിർപ്പ് വകവെക്കാതെ തൊട്ടടുത്ത ദിവസം പൊന്നിൻ മൂക്കുത്തികളുമായി പന്തളം ചന്തയിൽ എത്തി. അവർണ യുവതികളെ വിളിച്ചുകൂട്ടി മൂക്കുത്തി ധരിക്കാൻ ആവശ്യപ്പെട്ടു. അവർ തങ്ങളുടെ മൂക്കിലെ ആഭരണത്തുളകളിൽനിന്ന് ഈർക്കിൽ കഷണങ്ങളും പിച്ചളക്കമ്പികളുമെല്ലാം ഊരിക്കളഞ്ഞ് പൊന്നിൻ മൂക്കുത്തി ധരിച്ചു.

പണ്ടാരപ്പാട്ട വിളംബരം

തിരുവിതാംകൂറിൽ രണ്ടിനം വസ്തുക്കൾ ഉണ്ടായിരുന്നു - ജന്മിവകയെന്നും പണ്ടാരപ്പാട്ടമെന്നും. ഇതിൽ ജന്മിവക വസ്തുക്കൾ ജന്മിമാരുടെ (വലിയ ഭൂസ്വത്തുടമസ്ഥന്മാർ) വകയും പണ്ടാരപ്പാട്ടം വസ്തുക്കൾ സർക്കാരിന്റെ വകയും ആയിരുന്നു. ബഹുഭൂരിഭാഗം ഭൂമിയും പണ്ടാരവകയായിരുന്നു. പണ്ടാരം വക ഭൂമിയിൽ കൃഷിചെയ്ത് ആദായം എടുക്കാമെന്നല്ലാതെ ഭാഗംവയ്ക്കാനോ, വില്‍ക്കാനോ ആർക്കും അനുവാദം ഇല്ലായിരുന്നു. സർക്കാരിന് ഇഷ്ടമുള്ളപ്പോൾ അവരെ വസ്തുവിൽ നിന്നും ഒഴിപ്പിക്കാം.  എന്നാൽ 1865ൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് ദിവാൻ സർ. ടി. മാധവറാവു, സര്‍ക്കാർ വക (പണ്ടാര വക) ഭൂമിയിലെ കുടിയാന്മാർക്ക് അവർ കൃഷിചെയ്യുന്ന ഭൂമി സ്വന്തമായി നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഇത് പണ്ടാരപ്പാട്ട വിളംബരം എന്ന് അറിയപ്പെട്ടു. വിളംബരപ്രകാരം കുടിയാനിൽ നിന്നും നിശ്ചിതതുക ഈടാക്കി പാട്ടവസ്തുക്കളുടെ ഉടമസ്ഥാവകാശം നല്‍കി. ഇതോടെ കുടിയാന് സർക്കാർ വക പാട്ടവസ്തുക്കളുടെ മേൽ അവകാശം ലഭിച്ചു. പണ്ടാരപ്പാട്ട വസ്തുക്കൾ വിൽക്കുകയും നന്നാക്കുകയും ചെയ്യാമെന്നും ഗവൺമെന്റിലേക്കുള്ള കരം കൊടുത്താൽ മതിയെന്നു തീർച്ചപ്പെട്ടു.

ജന്മി കുടിയാൻ വിളംബരം

1867ലെ ജന്മി-കുടിയാൻ വിളംബരം ജന്മി വസ്തുവിൽ കുടിയാനുള്ള അവകാശത്തിൻ സ്ഥിരത നൽകി. ഈ വിളംബരത്തിൻ മുമ്പ് ജന്മിമാർക്ക് കുടിയാന്മാരെ ഇഷ്ടമുള്ളപ്പോൾ വസ്തുവിൽ നിന്നും ഒഴിപ്പിക്കാമായിരുന്നു. ജന്മി കുടിയാൻ വിളംബരം അനുസരിച്ച് കുടിയാന്മാർ ജന്മിമാർക്ക് മിച്ചവാരം ശരിയായി കൊടുത്താൽ അവർക്ക് ആ വസ്തു അനുഭവിക്കാമെന്നു വരുത്തി. പണ്ടാരപ്പാട്ട വിളംബരംകൊണ്ടു സർക്കാർ വക ഭൂമി അനുഭവിക്കുന്നവരുടെ അവസ്ഥകൾ നീക്കം ചെയ്‌തു. അതുപോലെ ജന്മി കുടിയാൻ വിളംബരം കൊണ്ടു ജന്മിവക വസ്തുക്കൾ അനുഭവിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിച്ചു. കൃഷിക്കാർക്ക് ഈ രണ്ട് വിളംബരങ്ങളും വലിയ അനുഗ്രഹങ്ങളായിത്തീർന്നു. അതിന്റെ ഫലമായി നമ്മുടെ നാട്ടിലെ കൃഷി വളരെ അഭിവൃദ്ധി പ്രാപിച്ചു.

അരുവിപ്പുറം പ്രതിഷ്ഠ

ഒരു ദിവസം ശ്രീനാരായണഗുരു ശിഷ്യരോടൊത്ത് നെയ്യാറ്റിൻകരയിലെ അരുവിപ്പുറം സന്ദർശിച്ചു. പ്രകൃതിരമണീയമായ നെയ്യാറിന്റെ തീരത്ത് ഒരു ക്ഷേത്രം പണിതലെന്താ എന്ന് ഗുരുവിനു തോന്നി. തന്റെ ആശയം ഗുരു ശിഷ്യന്മാരുമായി പങ്കുവച്ചപ്പോൾ അവർക്കും സന്തോഷം. നെയ്യാറിന്റെ തെക്കേക്കരയിൽ കാട് വെട്ടിത്തെളിച്ച് ചെറിയൊരു പന്തൽ പണിയുകയാണ് ആദ്യം ചെയ്തത്. കുരുത്തോലയും മാവിലയും കൊണ്ട് പന്തൽ അലങ്കരിച്ചു. ഒരു പാറയെ പീഠമായി സങ്കല്പിച്ച് പ്രതിഷ്ഠ നടത്താനുള്ള ഒരുക്കങ്ങളാരംഭിച്ചു. ഗുരു ധ്യാനപൂർവം നദിയിലേക്കിറങ്ങി നദിയിലെ ആഴമുള്ള ഭാഗത്തേക്കു നീങ്ങി. ഒരു ശില നെഞ്ചോടു ചേർത്തുവച്ച് നദിയിൽ മുങ്ങി. ഈറനണിഞ്ഞ് ശിലയുമായി കരയിലെത്തിയ ഗുരു ഏറെ നേരം ധ്യാനനിരതനായി നിന്നു. ശേഷം ശിലയെ പാറമേൽ പ്രതിഷ്ഠിച്ചു. ഈഴവൻ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ വാർത്ത നാടാകെ പരന്നു. സവർണർ അരുവിപ്പുറത്തെത്തി ഗുരുവിനെയും ശിഷ്യന്മാരെയും ചോദ്യം ചെയ്തു. പുഞ്ചിരിയോടെ സവർണരുടെ ചോദ്യങ്ങളെ നേരിട്ട ഗുരു "നാം നിങ്ങളുടെ ശിവനെ പ്രതിഷ്ഠിച്ചിട്ടില്ല. ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചത്". (നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്ന ശക്തമായ വാദവും നിലനിൽക്കുന്നുണ്ട്). എന്നുപറഞ്ഞു. കോപിച്ചു വന്നവർക്ക് തല കുമ്പിട്ട് തിരിച്ചുപോവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. അരുവിപ്പുറം വിപ്ലവമെന്നും ഈ സംഭവം വിശേഷിപ്പിക്കപ്പെട്ടു.

മലയാളി മെമ്മോറിയൽ

തിരുവിതാംകൂറിലെ ഉയര്‍ന്ന ഉദ്യോഗങ്ങളിൽ പരദേശികളായ തമിഴ്‌ ബ്രാഹ്മണന്‍മാരെ നിയമിച്ചിരുന്നതിൽ അമര്‍ഷംപൂണ്ട്‌ ശ്രീമൂലം തിരുനാൾ മഹാരാജാവിന് നാട്ടുകാർ സമര്‍പ്പിച്ച നിവേദനമാണ്‌ മലയാളി മെമ്മോറിയൽ". തിരുവിതാംകൂർ തിരുവിതാംകൂറുകാര്‍ക്ക്‌" എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ബാരിസ്റ്റർ ജി.പി.പിള്ളയും, കെ.പി.ശങ്കരമേനോന്‍, സി.വി.രാമന്‍പിള്ള എന്നിവരുമാണ്‌ ഇതിനു മുന്‍കൈയെടുത്തത്‌. 1891 ജനുവരിയിൽ ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമര്‍പ്പിച്ച ഹര്‍ജിയിൽ നാനാജാതിമതസ്ഥരായ 10028 പേർ ഒപ്പിട്ടിരുന്നു. ഇന്നാട്ടുകാർക്ക് നാടിൻറെ ഭരണത്തിൽ നല്ലൊരു പങ്ക് നിഷേധിക്കപ്പെടുന്നതിനെയും വിശേഷിച്ച് സർക്കാർ സർവീസിലെ ഉന്നത ഉദ്യോഗങ്ങളിൽ നിന്ന് അവരെ മനഃപൂർവ്വമായി ഒഴിച്ച് നിർത്തുന്നതിനെതിനുമെതിരായിരുന്നു ഹർജി. തിരുവിതാംകൂറിനു പുറത്തുള്ളവരെ അപേക്ഷിച്ച് നാട്ടുകാർക്ക് കൂടുതൽ ഉദ്യോഗങ്ങൾ ലഭിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഉദ്യോഗനിയമനങ്ങളിൽ നാട്ടുകാര്‍ക്ക്‌ ജാതിമതപരിഗണനകളില്ലാതെ മുന്‍ഗണന നല്‍കണമെന്നും നിയമനങ്ങളിൽ ആനുപാതിക പ്രാതിനിധ്യം വേണമെന്നുമായിരുന്നു ഇതിലെ മുഖ്യ ആവശ്യങ്ങൾ.

എതിർ മെമ്മോറിയൽ

മലയാളി മെമ്മോറിയലിനെ തകർക്കുക എന്ന ഉദ്ദേശത്തോടെ തമിഴ് ബ്രാഹ്മണർ, ഹിന്ദു മലയാളികൾ, ക്രൈസ്തവ മലയാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ആളുകൾ ചേർന്ന് ഒപ്പുവെച്ച ഒരു മെമ്മോറിയൽ 1891 ജൂൺ 3 ന് തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമർപ്പിച്ചു. ഇതാണ് എതിർ മെമ്മോറിയൽ എന്നറിയപ്പെടുന്നത്.

അയ്യങ്കാളിയുടെ വില്ലുവണ്ടി സമരം

താഴ്ന്ന ജാതിക്കാർക്ക് വഴിനടക്കാൻപോലും അവകാശമില്ലാതിരുന്ന വഴികളിലൂടെ രണ്ടു വെള്ളക്കാളകളെ കെട്ടിയ ആ വില്ലുവണ്ടി മണിമുഴക്കികൊണ്ട് കുതിച്ചുപാഞ്ഞു. വണ്ടിയിൽ പതിവുപോലെ തമ്പ്രാക്കന്മാരല്ലായിരുന്നു. മറിച്ച്, തമ്പ്രാക്കന്മാരെ നെഞ്ചൂക്കോടെ നേരിട്ട മഹാനായ ഒരു വിപ്ലവകാരിയായിരുന്നു. തലയിൽ വട്ടക്കെട്ട്, അരക്കയ്യൻ ബനിയൻ, മേൽമുണ്ട്, കാൽവിരൽ വരെ നീണ്ടുകിടക്കുന്ന വെള്ളമുണ്ട്‌.... വേഷം സവർണരുടേതുപോലെ. മേൽമുണ്ട് മാറ്റാൻ പറഞ്ഞ് വില്ലുവണ്ടി വളഞ്ഞവരെ എതിരിടാൻ മടിക്കുത്തിൽ കഠാര കരുതിയിരുന്നു അദ്ദേഹം. വില്ലുവണ്ടി കണ്ട ഉയർന്ന ജാതിക്കാർ ആ മഹാനെ തല്ലാനായി ചെന്നു. എന്നാൽ ഊരിപ്പിടിച്ച കഠാരയുമായി വണ്ടിയിൽ നിന്നുമിറങ്ങിയ അദ്ദേഹത്തെ കണ്ട് അവർ ഭയന്ന് തിരിച്ചുപോയി. അദ്ദേഹം കാളവണ്ടിയിൽ വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ നഗരപ്രദക്ഷിണം നടത്തി ജന്മിമാരെ വെല്ലുവിളിച്ചു. യുവജനങ്ങളെ സംഘടിപ്പിച്ച് വഴിനടപ്പു വ്യാപകമാക്കി. സവർണജാതിക്കാരുടെ എതിർപ്പുകളെ നേരിട്ട് മുന്നോട്ടുപോയ ആ യാത്ര തിരുവിതാംകൂർ രാജാവ് താഴ്ന്ന ജാതിക്കാർക്ക് പൊതുനിരത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ച് ഉത്തരവിറക്കുംവരെ തുടർന്നു. ഉയർന്ന ജാതിക്കാർ താഴ്ന്നവരോട് കാണിക്കുന്ന അനീതിക്കെതിരായ ശക്തമായ പ്രതികരണമായിരുന്നു വില്ലുവണ്ടി സമരം. അയിത്തജാതിക്കാർക്കുവേണ്ടി അതിശക്തമായി പൊരുതിയ ആ സാമൂഹ്യപരിഷ്കർത്താവാണ് അയ്യൻ‌കാളി. വില്ലുവണ്ടിയിൽ യാത്രചെയ്യാൻ അക്കാലത്ത് പിന്നാക്കവിഭാഗക്കാർക്ക് അനുവാദമില്ലായിരുന്നു. ആ വിലക്കിനെ നിഷേധിച്ചുകൊണ്ടാണ് അയ്യങ്കാളി വെങ്ങാനൂരിൽ നിന്ന് തിരുവനന്തപുരം വരെ വില്ലുവണ്ടിയിൽ യാത്ര ചെയ്തത്. സവർണാധിപത്യത്തിനേറ്റ കനത്ത പ്രഹരമായിരുന്നു 1893 ൽ അദ്ദേഹം നടത്തിയ 'വില്ലുവണ്ടി യാത്ര'.

ഈഴവ മെമ്മോറിയൽ

തിരുവിതാംകൂറിന്റെ മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നുണ്ടായിരുന്നിട്ടും ഈഴവർക്ക് സർക്കാരുദ്യോഗങ്ങളിൽ നാമമാത്ര പ്രതിനിധ്യംപോലുമില്ലായിരുന്നു. ബുദ്ധിമുട്ടുകൾ പലതും സഹിച്ച്‌ ഉന്നതവിദ്യാഭ്യാസം നേടിയ പല ഈഴവ സമുദായാംഗങ്ങള്‍ക്കും ഉദ്യോഗമന്വേഷിച്ച്‌ രാജ്യത്തിനു പുറത്ത് പോകേണ്ടിവന്നു. തുടർന്ന് തങ്ങൾക്ക് വിദ്യാഭ്യാസ-ഉദ്യോഗകാര്യങ്ങളിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോ.പൽപുവിന്റെ നേതൃത്വത്തിൽ 13176 പേർ ഒപ്പിട്ട ഹര്‍ജി 1896 സെപ്തംബർ മൂന്നിന് ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമര്‍പ്പിച്ചതാണ്‌ ഈഴവ മെമ്മോറിയൽ. ഈഴവരുടെ സാമൂഹിക പിന്നാക്കാവസ്ഥക്ക് കാരണം അവര്‍ക്ക്‌ ഗവൺമെന്റ് സര്‍വീസിൽ പ്രാതിനിധ്യം ഇല്ലാതിരുന്നതാണെന്നും മലബാർ പ്രദേശത്ത്‌ ബ്രിട്ടീഷ്‌ ഗവൺമെന്റിന്റെ കീഴിൽ, തങ്ങളുടെ സമാന സാമൂഹിക പദവിയുള്ള സമുദായമായ തീയര്‍ക്ക്‌ ജോലി ലഭിക്കുന്നുണ്ടെന്ന വസ്തുത ഈ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഹര്‍ജിയിലെ ആവശ്യങ്ങൾ ദിവാൻ ശങ്കര സുബ്ബയ്യൻ നിരസിച്ചുകളഞ്ഞു. തുടർന്ന് മറ്റൊരു ഹര്‍ജി (രണ്ടാം ഈഴവ മെമ്മോറിയൽ), വൈസ്രോയി കഴ്‌സൺ പ്രഭുവിന് 1900-ൽ തിരുവിതാംകൂർ സന്ദര്‍ശിച്ചപ്പോൾ സമര്‍പ്പിച്ചു. എന്നാല്‍, നാട്ടുരാജ്യങ്ങളിലെ ചെറിയ കാര്യങ്ങളിൽ ഇടപെടാൻ ബ്രിട്ടന് താല്‍പര്യമില്ലെന്ന നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചത്‌.

നായർ ഈഴവ ലഹള

തിരുവിതാംകൂറിലെ ഹരിപ്പാട് സർക്കാർ സ്‌കൂളിൽ പിന്നാക്ക വിഭാഗത്തിൽപെട്ട കുട്ടികളെ പ്രവേശിപ്പിക്കാൻ വേണ്ടി ശക്തമായ സമരമാണ് ടി.കെ.മാധവന്റെ നേതൃത്വത്തിൽ നടന്നത്. നായർ - ഈഴവ ലഹളയ്ക്കു വരെ ഇതു കാരണമായി. ഇതേതുടർന്ന് തിരുവിതാംകൂറിന്റെ തെക്ക് ഭാഗങ്ങളിൽ പ്രധാനമായും കൊല്ലം - പരവൂർ എന്നിവിടങ്ങളിലാണ് നായർ ഈഴവ ലഹള വ്യാപിച്ചത്. പക്ഷേ, അവസാനം മാധവൻ തന്നെ വിജയിച്ചു. സ്‌കൂളിലെ മേലധികാരിയുടെ നിർദേശത്തിൽ പ്രവേശനം അനുവദിച്ചു. അങ്ങനെ പിന്നാക്കക്കാരായ കുട്ടികൾക്ക് അവിടെ പ്രവേശനം ലഭിക്കുകയും ചെയ്‌തു.

അയ്യങ്കാളിയുടെ കർഷകസമരം

തിരുവിതാംകൂറിലെ ആദ്യത്തെ സംഘടിത കർഷകസമരം അയ്യങ്കാളിയുടെ നേതൃത്വത്തിൽ 1909-ലാണ് ആരംഭിച്ചത്. അവശവിഭാഗങ്ങൾക്ക് സ്കൂൾ പ്രവേശനം അനുവദിക്കണമെന്ന അപേക്ഷയുമായി തിരുവിതാംകൂർ ദിവാനെ സമീപിച്ച അയ്യങ്കാളിക്ക് 1907-ൽത്തന്നെ സർക്കാർ അങ്ങനെയൊരുത്തരവ് നൽകിയിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. ഈ ഉത്തരവ് പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് മനസ്സിലാക്കിയ അയ്യങ്കാളിയും സംഘവും സ്കൂൾ അധികൃതരെ സമീപിച്ച് വിദ്യാലയപ്രവേശം ആവശ്യപ്പെട്ടു. എന്നാൽ, കർഷകത്തൊഴിലാളികളായ അയിത്തജാതിക്കുട്ടികളെ ഉയർന്ന സമുദായത്തിലെ കുട്ടികൾക്കൊപ്പം ഇരുത്തി പഠിപ്പിക്കാനാവില്ല എന്നതായിരുന്നു സ്കൂൾ അധികൃതരുടെ നിലപാട്. ഇതിൽ പ്രതിഷേധിച്ച്, തങ്ങളുടെ കുഞ്ഞുങ്ങളെ പള്ളിക്കൂടങ്ങളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ തങ്ങൾ പാടത്തിറങ്ങി പണിചെയ്യാനും ഇല്ല എന്ന് അയ്യങ്കാളി പ്രഖ്യാപിച്ചു. 'ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും' എന്ന മുദ്രാവാക്യവുമായി നടത്തിയ സമരം പിന്നാക്ക വിഭാഗങ്ങളിൽ വളരെ ആവേശമുളവാക്കി. കർഷകത്തൊഴിലാളികൾ ഒറ്റക്കെട്ടായി അയ്യങ്കാളിക്കുപിന്നിൽ അണിനിരന്നു. ജന്മിമാർ മർദനമുറകളിലൂടെ സമരത്തെ അമർത്താൻ ശ്രമിച്ചു. എന്നാൽ, സമരം ശക്തമാകുകയാണുണ്ടായത്. ആവശ്യങ്ങൾ അനുവദിച്ചുകിട്ടാതെ സമരത്തിൽനിന്ന് പിൻവാങ്ങില്ല എന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നു. ജന്മിമാർ വഴങ്ങിയില്ല. കർഷകത്തൊഴിലാളികളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് അയ്യങ്കാളി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ടു. തൊഴിലില്ലായ്മയ്ക്ക് ഭാഗിക പരിഹാരമുണ്ടായി. കാർഷികരംഗത്തെ സ്തംഭനാവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സാധുജനപരിപാലനസംഘം ദിവാന് സമർപ്പിച്ച നിവേദനത്തെത്തുടർന്ന് സർക്കാർ മധ്യസ്ഥതയിൽ ഇരുവിഭാഗങ്ങളുമായി നടന്ന ചർച്ചയുടെ ഫലമായി സഞ്ചാരസ്വാതന്ത്ര്യം, സ്കൂൾ പ്രവേശം, തൊഴിലാളികൾക്ക് കൂടുതൽ കൂലി എന്നിവയിൽ അനുകൂലമായ നിലപാട് സ്വീകരിക്കാമെന്ന് ജന്മിമാർ സമ്മതിച്ചു. അങ്ങനെ ഒരുവർഷം നീണ്ട സമരം തീർന്നു.

നെടുമങ്ങാട് ചന്ത ലഹള

തിരുവനന്തപുരത്തെ മലയോര മേഖലയിലെ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു നെടുമങ്ങാട്. നെടുമങ്ങാട്ടെ ചന്തയിൽ അധഃസ്ഥിതർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അവർ തങ്ങളുടെ കൃഷിയിടങ്ങളിൽ നിന്നും കൊണ്ടുവരുന്ന വിൽപന സാധനങ്ങൾ ചന്തയ്ക്ക് പുറത്ത് വിൽക്കാനെ അനുവദിച്ചിരുന്നുള്ളു. അവരുടെ ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ വില മാത്രമേ പ്രമാണികൾ നൽകിയിരുന്നുള്ളു. അയ്യങ്കാളിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ ഈ സാമൂഹിക അനീതിയെ ചോദ്യം ചെയ്തു, ഇത് വലിയ കലാപത്തിൽ കലാശിച്ചു. തുടർന്ന് നെടുമങ്ങാട് ചന്തയിലും സമീപത്തെ കച്ചവടച്ചന്തകളിലും അധഃസ്ഥിതരുടെ ഉൽപ്പന്നങ്ങൾ  വിൽക്കാനുള്ള അവകാശങ്ങൾ അയ്യങ്കാളി നേടിയെടുത്തു. നെടുമങ്ങാട് ചന്ത കലാപം എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ലഹള നടന്നതിനുശേഷം നെടുമങ്ങാട് ചന്തയിൽ അധഃസ്ഥിതർക്ക് തടസ്സങ്ങൾ ഒന്നും ഉണ്ടായില്ല.

കായൽ സമ്മേളനം

പുലയർക്ക് കരഭൂമിയിൽ യോഗം ചേരാൻ ആരും സ്ഥലം നൽകിയില്ല. തൊട്ടുകൂടാത്തവരുടെ യോഗം സ്വന്തം ഭൂമിയിൽ നടത്താൻ കൊച്ചി മഹാരാജാവും അനുമതി നൽകിയില്ല. ഇതിൻ പരിഹാരമായി പണ്ഡിറ്റ് കറുപ്പന്റെ പിന്തുണയോടെ അവർ ഒരു പോംവഴി കണ്ടെത്തി. അനേകം കട്ടമരങ്ങൾ ഒരുമിച്ച് ചേർത്തുകെട്ടിയും വള്ളങ്ങൾ കൂട്ടിക്കെട്ടി മുകളിൽ പലക വിരിച്ചും കായലിൻ മീതേ വേദിയൊരുക്കി. 1913 ഏപ്രിൽ 21നാണ് കൊച്ചിക്കായലും അറബിക്കടലും സന്ധിക്കുന്നിടത്ത് ആദ്യത്തെ പുലയമഹാസമ്മേളനം നടന്നത്. കൊച്ചിയിൽ കടലിന് ജാതിയുണ്ടായിരുന്നില്ല എന്ന വിപ്ലവകരമായ വീക്ഷണമാണ് കായൽ സമ്മേളനം എന്ന് വിഖ്യാതമായ ഈ സമ്മേളനത്തിൻ പിന്നിലുണ്ടായിരുന്നത്. സമ്മേളനത്തിനുള്ള മാർഗനിർദേശങ്ങൾ നൽകിയത് കെ.പി.കറുപ്പനാണ്. കൃഷ്ണാദി ആശാൻ അധ്യക്ഷത വഹിച്ചു. അന്ന് പതിമൂന്നുകാരനായ കെ.പി.വള്ളോനും ഒരു കാഴ്ചക്കാരനായി സമ്മേളനത്തിൽ പങ്കെടുത്തു. അധഃസ്ഥിതർക്ക് പട്ടണങ്ങളിൽ പ്രവേശിക്കാനുള്ള അനുവാദത്തിനായി മഹാരാജാവിന് നിവേദനം സമർപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.

കല്ലുമാല സമരം (പെരിനാട് ലഹള)

വേഷഭൂഷാദികളിലൂടെ ജാതി തിരിച്ചറിയാൻ കഴിയുമായിരുന്ന കാലം. ചുവന്ന കണ്ണാടിച്ചില്ലുകൾകൊണ്ടുള്ള കല്ലുമാലകൾ കഴുത്തിൽ നിറയെ അണിഞ്ഞായിരുന്നു പുലയസ്ത്രീകൾ നടന്നിരുന്നത്. ഈ അപരിഷ്‌കൃതരീതികൾ ഉപേക്ഷിക്കണമെന്ന് അയ്യങ്കാളി തുടങ്ങിയ പരിഷ്‌കരണ വാദികൾ ആഹ്വാനം ചെയ്തു. യോഗങ്ങൾ വിളിച്ചുചേർത്ത് അവർ കല്ലുമാലയ്‌ക്കെതിരെ പ്രചാരണം നടത്തി. ഇതനുസരിച്ച് സ്ത്രീകൾ കല്ലുമാല ഉപേക്ഷിക്കാൻ തുടങ്ങി. ജാത്യാചാരപരമായ കല്ലുമാല ഉപേക്ഷിക്കൽ ചില സവർണരെ കോപാകുലരാക്കി. പുലയസ്ത്രീകൾ കല്ലുമാല അണിയാനായി അവർ എതിർപ്രക്ഷോഭം നടത്തി. ഒരു പുലയ മഹാസമ്മേളനത്തെ ചില സവർണ പ്രമാണിമാർ കടന്നാക്രമിച്ചതോടെ പ്രശ്നം വഷളായി. ഇത് പുലയന്മാരെ പ്രകോപിപ്പിച്ചു. നാട്ടിലെങ്ങും സവർണരും പുലയന്മാരും തമ്മിലുള്ള സംഘർഷം വ്യാപകമായി. പ്രശ്നം പരിഹരിക്കാനായി ഇരുസമുദായങ്ങളിലുമുള്ള നേതാക്കന്മാർ ശ്രമമാരംഭിച്ചു. ഇതിന്റെ ഭാഗമായി കൊല്ലം റെയിൽവേസ്റ്റേഷനു സമീപം ഒരു സംയുക്ത സമ്മേളനം വിളിച്ചുചേർത്തു. ഉപേക്ഷിച്ച കല്ലുമാലകളെല്ലാം തേടിപ്പിടിച്ച് അത് അണിഞ്ഞാണ് സ്ത്രീകൾ എത്തിയത്. അന്ന് ഗവൺമെന്റ് ചീഫ് സെക്രട്ടറിയായിരുന്ന വിയറ സായ്പും യോഗ വേദിയിൽ ഉണ്ടായിരുന്നു. യോഗം തുടങ്ങിയപ്പോൾ കല്ലുമാല അണിയുക എന്ന അപരിഷ്‌കൃത സമ്പ്രദായത്തിനെതിരെ പുലയ നേതാക്കൾ സംസാരിച്ചു. കല്ലുമാല കഴുത്തിൽ നിന്ന് പറിച്ചെടുത്ത് ദൂരെ കളയാൻ അവർ സ്ത്രീകളോട് ആവശ്യപ്പെട്ടു. പുലയ സ്ത്രീകൾ ഓരോരുത്തരായി വേദിക്കുമുന്നിലെത്തി കല്ലുമാലകൾ ഉപേക്ഷിച്ചു. അല്പസമയത്തിനുള്ളിൽ നാലഞ്ചടി പൊക്കമുള്ള ഒരു കുന്നുപോലെ കല്ലുമാലകൾ അധ്യക്ഷപീഠത്തിനു സമീപം കുന്നു കൂടി. കല്ലുമാല സമരം അങ്ങനെ പര്യവസാനിച്ചു.

തൊണ്ണൂറാമാണ്ട് ലഹള (ഊരൂട്ടമ്പലം ലഹള)

അയ്യങ്കാളിയാണ് തൊണ്ണൂറാമാണ്ട് ലഹള (പുലയ ലഹള) അഥവാ ഊരൂട്ടമ്പലം സമരത്തിന് നേതൃത്വം നൽകിയത്. കൊല്ലവർഷം 1090ൽ നടന്നതിനാലാണ് തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെട്ടത് (1915). അയ്യങ്കാളിയുടെ നേതൃത്വത്തിൽ കുട്ടികളെ ഊരൂട്ടമ്പലം സ്‌കൂളിൽ ചേർക്കാൻ നടത്തിയ ശ്രമത്തെ ഉയർന്ന ജാതിക്കാർ തടഞ്ഞു. അന്നുരാത്രിതന്നെ സ്കൂൾ കത്തിക്കുകയും ചെയ്തു. ഇതാണ് ലഹളയിലേക്ക് നയിച്ചത്.

തളിക്ഷേത്ര പ്രക്ഷോഭം

1917ൽ കോഴിക്കോട് തളി ക്ഷേത്രപരിസരത്തെ നിരത്തിലൂടെ അവർണർ യാത്രചെയ്യുന്നത് നിരോധിച്ചുകൊണ്ട്  സാമൂതിരി ഉത്തരവ് പുറപ്പെടുവിച്ചു. അക്കാലത്ത് റോഡ് മുൻസിപാലിറ്റിയുടെ കീഴിലായിരുന്നു. അതുകൊണ്ട് നഗരസഭാ ചെയർമാനായിരുന്ന സി.വി.നാരായണയ്യർ സാമൂതിരിയുടെ ഉത്തരവ് നിഷേധിച്ചു. മലബാർ കളക്ടറായി സ്ഥാനമേറ്റ തോറൻ, 1917 നവംബർ 1ന് സാമൂതിരിയുടെ ആഗ്രഹപ്രകാരം തളി റോഡിൽ തീണ്ടൽ ബോർഡ് സ്ഥാപിച്ചു. ക്ഷേത്രപരിസരത്തെ നിരത്തിലൂടെ അവർണർ സഞ്ചരിക്കുന്നത് നിരോധിച്ച നടപടിയെ പരസ്യമായി സി.കൃഷ്ണൻ ലംഘിച്ചു. ബ്രാഹ്മണനും പ്രശസ്ത അഭിഭാഷകനുമായ മഞ്ചേരി രാമയ്യർക്കൊപ്പം കുതിര വണ്ടിയിൽ നിരത്തിൽ സഞ്ചരിച്ച് അദ്ദേഹം നിരോധനത്തെ വെല്ലുവിളിച്ചു. മാതൃഭൂമി സ്ഥാപകരായ കെ.പി.കേശവമേനോൻ, കെ.മാധവൻ നായർ എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു. അയിത്തത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യ സമരമായിരുന്നു തളി ക്ഷേത്ര പ്രക്ഷോഭം.

മലബാർ ജില്ലാ കോൺഗ്രസ്

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആവിർഭാവം മലബാറിലെ ജനങ്ങളുടെ ശ്രദ്ധ വളരെയേറെ ആകർഷിച്ചു. സംഘടിത രീതിയിലുള്ള രാഷ്ട്രീയപ്രവർത്തനം അക്കാലത്ത് ഇല്ലായിരുന്നുവെങ്കിൽത്തന്നെയും കോൺഗ്രസിന്റെ ആദ്യകാല വാർഷിക സമ്മേളനങ്ങളിൽ മലബാറിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. 1908ൽ മലബാറിൽ ഒരു ഡിസ്ട്രിക്ട് കോൺഗ്രസ് കമ്മിറ്റി രൂപംകൊണ്ടുവെങ്കിലും അതിനെപ്പറ്റി ജനങ്ങൾ ശ്രദ്ധിച്ചത് ഒന്നാം ലോക മഹായുദ്ധകാലത്ത് മാത്രമായിരുന്നു. മലബാറിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും ഉന്നയിക്കുന്നതിന് മലബാറിൽ 1916 തൊട്ട് കോൺഗ്രസ് വാർഷിക രാഷ്ട്രീയസമ്മേളങ്ങൾ സംഘടിപ്പിച്ചുതുടങ്ങി. 1916ൽ പാലക്കാട് വെച്ച് ആനി ബസന്റിന്റെ നേതൃത്വത്തിൽ മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്നു. 1917ൽ കോഴിക്കോട്ടു വെച്ച് സി.പി.രാമസ്വാമി അയ്യരുടെ അദ്ധ്യക്ഷ്യത്തിലാണ് രണ്ടാമത്തെ സമ്മേളനം നടന്നത്. മൂന്നാമത്തേത് 1918ൽ തലശ്ശേരിയിൽവച്ച് ആസിം ആലിഖാന്റെ അദ്ധ്യക്ഷത്തിലും. നാലാമത്തേത് കെ.പി.രാമൻമേനോന്റെ അദ്ധ്യക്ഷത്തിൽ വടകരവച്ച് 1919ലും നടന്നു. അഞ്ചാമത്തേത് 1920ൽ മഞ്ചേരിയിൽവച്ച് കസ്തൂരിരംഗ അയ്യങ്കാരുടെ അദ്ധ്യക്ഷത്തിലും നടന്നു. 1916 മുതൽ 1920 വരെ നടന്ന അഞ്ച് ജില്ലാ സമ്മേളനങ്ങളാണ് മലബാറിലെ കോൺഗ്രസ് രാഷ്ട്രീയത്തെ ചടുലമാക്കിയത്. അക്കാലത്ത് കെ.പി.കേശവമേനോൻ, മുഹമ്മദ് അബ്‌ദുറഹ്മാൻ സാഹിബ്, കെ.മാധവൻ നായർ, ഇ.മൊയ്‌തു മൗലവി, എം.പി.നാരായണ മേനോൻ തുടങ്ങിയവരാണ് മലബാർ ജില്ലാ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

പൗരസമത്വവാദ പ്രക്ഷോഭം

തിരുവിതാംകൂറിൽ എല്ലാ ജനങ്ങൾക്കും സമത്വം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രക്ഷോഭമായിരുന്നു പൗര സമത്വ വാദ പ്രക്ഷോഭം. ഹൈന്ദവസമുദായത്തിലെ പിന്നോക്കകാരായിരുന്നു പ്രക്ഷോഭത്തിന് ആരംഭം കുറിച്ചതെങ്കിലും അതിന് ക്രിസ്ത്യന്‍-മുസ്ലിം സമുദായങ്ങളുടെ പിന്തുണയുണ്ടായിരുന്നു. എ.ജെ.ജോണ്‍, ടി.കെ.മാധവന്‍, എൻ.വി.ജോസഫ് തുടങ്ങിയ നേതാക്കളായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ചത്‌. ഹൈന്ദവരുടെ ഇടയിലുള്ള അവര്‍ണ്ണരെ മാത്രമല്ല, മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും തിരുവിതാംകൂർ രാജ്യത്ത് ലാന്‍ഡ്‌ റവന്യൂ വകുപ്പിൽ നിയമിച്ചിരുന്നില്ല. അതിനുകാരണമായി പറഞ്ഞിരുന്നത്‌, പിന്നോക്ക ഹിന്ദുക്കള്‍ക്കും ഹൈന്ദവേതരര്‍ക്കും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്രങ്ങളുടെ ഭരണം റവന്യൂ വകുപ്പിന്റെ കീഴിലായതിനാലാണ്. ഇതിനെതിരെ ടി.കെ.മാധവൻ, എ.ജെ.ജോൺ മുതലായവരുടെ നേതൃത്വത്തിൽ 1919-ൽ ഒരു പൗരാവകാശലീഗിന് രൂപം നൽകി. തുടർന്ന് ഗവൺമെന്റിന് ഒരു നിവേദനം നൽകുകയും ചെയ്തു. പൗരാവകാശ ലീഗ് നൽകിയ മെമ്മോറാണ്ടത്തിന്റെ ഫലമായി 1922 ഏപ്രിലിൽ റവന്യൂ വകുപ്പിൽനിന്നു ദേവസ്വം വേർപെടുത്തി. ലാന്‍ഡ്‌ റവന്യൂ വകുപ്പ്‌ വിഭജിച്ചുകൊണ്ട്‌ റവന്യൂ, ദേവസ്വം എന്നീ രണ്ടു വകുപ്പുകൾ നിലവിൽ വന്നു. പുതിയ റവന്യൂ വകുപ്പിൽ നിയമിക്കപ്പെടാൻ അവര്‍ണ്ണരും ഹൈന്ദവേതരരും അര്‍ഹരാണെന്ന്‌ പ്രഖ്യാപിക്കപ്പെട്ടു.

മാപ്പിള കലാപങ്ങൾ

മൈസൂർ ഭരണകാലഘട്ടത്തിൽ മലബാറിലെ കർഷകരിൽ നിന്നും ഉദ്യോഗസ്ഥർ നേരിട്ടു നികുതി പിരിക്കുന്ന സമ്പ്രദായമാണ് നിലനിന്നിരുന്നത്. എന്നാൽ ബ്രിട്ടീഷുകാരുടെ വരവോടെ കർഷകർ സർക്കാർ ഖജനാവിലേക്ക് നേരിട്ട് കരം അടയ്ക്കുന്ന രീതി അവസാനിപ്പിക്കുകയും പകരം കർഷകരിൽ നിന്ന് നികുതി പിരിച്ചെടുക്കാൻ ജന്മിമാർ നിയമിക്കപ്പെടുകയും ചെയ്‌തു. പുതിയ ഭൂവുടമാവിഭാഗവും മധ്യവർത്തികളായ ജന്മിമാരും കുടിയാൻ വിരുദ്ധ സമീപനമാണ് കൈകൊണ്ടത്. മലബാറിലെ പ്രധാന തദ്ദേശീയരായ മാപ്പിളമാർ കുടിയാന്മാരായിരുന്നു. അതേ സമയം ജന്മിമാരായും നികുതി ശേഖരിക്കുന്നവരായും നിയമിക്കപ്പെട്ടത് പ്രാദേശിക ഹിന്ദു രാജാക്കന്മാരായിരുന്നു. ഇതിൽ അസംതൃപ്‌തരായ മാപ്പിളകുടിയാന്മാർ ഈ അനീതിക്കെതിരെ പ്രാദേശിക നേതാക്കന്മാരായ അത്തൻ കുരിക്കൾ, ഉണ്ണി മൂസ തുടങ്ങിയവരുടെ കീഴിൽ സംഘടിക്കുകയും ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌തു. 1836നും 1919നുമിടയിൽ 32 ഓളം മാപ്പിള കലാപങ്ങളാണ് ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വർധിച്ച നികുതി ഭാരവും, അപ്രതീക്ഷിതമായ കുടിയിറക്കൽ ഭീഷണിയും കലാപങ്ങൾ ക്ഷണിച്ചുവരുത്തി. അങ്ങാടിപ്പുറം കലാപം (1849), മഞ്ചേരി കലാപം (1849), 1851ൽ വള്ളുവനാട് രാജാവിന്റെ കാര്യസ്ഥനായ കോമുമേനോൻ എതിരെ നടന്ന കലാപങ്ങൾ, 1852ൽ കളത്തിൽ കേശവൻ തങ്ങൾക്കെതിരെ നടന്ന മട്ടന്നൂർ കലാപം, കുളത്തൂർ കലാപം (1879), മങ്കട കലാപം (1919) എന്നിവയായിരുന്നു പ്രധാന മാപ്പിള കലാപങ്ങൾ.

മാപ്പിള ലഹള കമ്മീഷനുകൾ

ടി.എൽ.സ്ട്രേഞ്ച് കമ്മീഷൻ

മലബാർ മേഖലയിൽ പടർന്നുപിടിച്ച മാപ്പിള കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് 1852ൽ ടി.എൽ.സ്ട്രേഞ്ച് കമ്മീഷനെ നിയമിച്ചു. കമ്മീഷണിന് നേതൃത്വം നൽകിയത് സദർ അദാലത്ത് ന്യായാധിപകനായിരുന്ന ടി.എൽ.സ്ട്രേഞ്ചായിരുന്നു. അന്വേഷണ കമ്മീഷൻ താഴെപ്പറയുന്ന വിഷയങ്ങളിലാണ് പ്രത്യേകം നിയമനിർമ്മാണം നടത്താൻ സർക്കാരിനോട് ആവശ്യപ്പെട്ടത്.

അനന്തരാവകാശികൾ ഇല്ലാതെ മരിക്കുന്ന കലാപകാരികളുടെ വസ്തുവകകൾ സർക്കാരിലേക്ക് കണ്ടുകിട്ടുക.

കലാപബാധിത ജില്ലയിലെ കലാപകാരികൾക്ക് മേൽ പിഴ ചുമത്തുക.

സംശയാലുക്കളെ നാട് കടത്തുക.

ആയുധങ്ങൾ, നിത്യോപയോഗ വസ്തുക്കൾ, നിർമ്മാണസാമഗ്രികൾ എന്നിവ കൈവശം വയ്ക്കുന്നതിലും പള്ളികൾ നിർമ്മിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തുക.

കലാപത്തെ നേരിടാൻ ഒരു പ്രത്യേക പോലീസ് സേനയെ രൂപീകരിക്കുക

കലാപാനന്തര നടപടികൾ പ്രദേശത്തെ കാർഷിക അസംതൃപ്‌തി വർധിക്കാനാണ് ഉപകരിച്ചത്.

ലോഗൻ കമ്മീഷൻ

തുടർച്ചയായ മാപ്പിള കലാപങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച മറ്റൊരു കമ്മീഷനാണ് ലോഗൻ കമ്മീഷൻ. മലബാർ കളക്ടറായിരുന്ന വില്യം ലോഗനാണ് കമ്മീഷൻ നേതൃത്വം വഹിച്ചത്. മലബാറിലെ മാപ്പിള ലഹളകളുടെ അടിസ്ഥാന കാരണം ജന്മിത്വവുമായി ബന്ധപ്പെട്ട കാർഷിക പ്രശ്‌നങ്ങളാണെന്ന് ലോഗൻ ചൂണ്ടിക്കാട്ടി.

മലബാർ സ്പെഷ്യൽ പോലീസ്

കേരളാ പോലീസിന്റെ സായുധസേനാ വിഭാഗങ്ങളിലൊന്നാണ് മലബാർ സ്പെഷ്യൽ പോലീസ് (എം.എസ്.പി). ഇന്ത്യയിലെ ഏറ്റവും പഴയ രണ്ടാമത്തെ അർധസൈനിക വിഭാഗമാണിത്. 1884  ബ്രിട്ടീഷ് സൈന്യം മലബാറുകാരെ ഉൾപ്പെടുത്തി മലപ്പുറം സ്പെഷ്യൽ പോലീസ്‌ എന്ന പേരിൽ ഒരു പ്രത്യേക സേന രൂപവത്കരിച്ചു. 1921 സെപ്റ്റംബർ 30ന് മലപ്പുറം സ്പെഷ്യൽ പോലീസ്‌, മലബാർ സ്പെഷ്യൽ പോലീസ് എന്ന് പുനർനാമകരണം ചെയ്തു. മാപ്പിള ലഹള അടിച്ചമർത്താനായി മലബാറുകാരെത്തനെ ഉൾപ്പെടുത്തി പ്രത്യേക പോലീസ് വിഭാഗം രൂപവത്കരിക്കാനുള്ള ആശയം തെക്കേ മലബാറിലെ പോലീസ് മേധാവി റിച്ചാർഡ് ഹിച്ച്കോക്കിന്റെതായിരുന്നു. ഇന്ത്യയിൽ ആദ്യമായി ഒരു സൈനിക നടപടിയിൽ സൈന്യത്തോടൊപ്പം പങ്കെടുത്ത പോലീസ് സേനയാണ് എം.എസ്.പി. 1948ലെ ഹൈദരാബാദ് ഓപ്പറേഷൻ വിജയിപ്പിക്കുന്നതിൽ പ്രധാനപങ്ക് എം.എസ്.പിക്കായിരുന്നു. 1956-ൽ മലബാർ സ്‌പെഷ്യൽ പോലീസിനെ രണ്ട് ഭാഗങ്ങളായി വിഭജിച്ചു, ഒന്ന് മദ്രാസ് സംസ്ഥാനത്തേക്കും മറ്റൊന്ന് കേരളത്തിലേക്കും. 1962ൽ ഇന്ത്യ-ചൈന യുദ്ധശേഷം നാഗാലാൻഡിലും സേനയുടെ സേവനം ഉപയോഗപ്പെടുത്തി. ഇന്ന്, മലബാർ സ്പെഷ്യൽ പോലീസ് (എം.എസ്.പി) കേരള സംസ്ഥാന പോലീസിന്റെ ഒരു അർദ്ധസൈനിക വിഭാഗമാണ്. മലപ്പുറമാണ് എം.എസ്.പിയുടെ ആസ്ഥാനം.

മലബാർ കലാപം

മലബാർ ലഹളയുടെ കാലത്ത് ആദ്യത്തെ സുസംഘടിതവും പ്രത്യക്ഷവുമായ ആക്രമണം പൊട്ടിപ്പുറപ്പെട്ടത് പൂക്കോട്ടൂരാണ്. 1921 ഓഗസ്റ്റിൽ നടന്ന ഈ ആക്രമണത്തിൽ 3000 കലാപകാരികൾ പങ്കെടുത്തു. പൂക്കോട്ടൂർ എന്ന സ്ഥലത്തെ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായ മുഹമ്മദിനെ ഒരു മോഷണക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യാൻ പോലീസ് വന്നതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കലാപം ചുരുങ്ങിയ സമയത്തിനുള്ളതിൽ കത്തിപ്പടർന്നു. ജില്ലാ മജിസ്‌ട്രേറ്റായ തോമസ് കലാപത്തെ അമർച്ച ചെയ്യുന്നതിന് സൈന്യത്തിന്റെ സഹായം തേടി. കോമൂസ് എന്ന യുദ്ധകപ്പൽ കോഴിക്കോട് തുറമുഖത്തെത്തിക്കാനുള്ള ഒരുക്കങ്ങളും നടത്തി. യുദ്ധക്കപ്പൽ പ്രത്യക്ഷപ്പെടുമ്പോൾ കലാപകാരികളുടെ ആത്മവീര്യം തകരുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പൂക്കോട്ടൂർ ഏറ്റുമുട്ടലിൽ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയുണ്ടായി.

വാഗൺ ട്രാജഡി

കേരളത്തിലെ സ്വാതന്ത്ര്യസമരചരിത്രത്തെ പിടിച്ചുകുലുക്കിയ ദുരന്തം! അങ്ങനെയൊന്ന് അതിനുമുമ്പോ ശേഷമോ നമ്മുടെ നാട് കണ്ടിട്ടില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെത്തന്നെ ദുരന്ത അധ്യായങ്ങളിലൊന്നാണ് 'വാഗൺ ട്രാജഡി'. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ആസൂത്രണം ചെയ്‌ത ആ ദാരുണസംഭവം 1921 നവംബർ പത്തിനായിരുന്നു. ബല്ലാരി ജയിലിലേക്കുള്ള നൂറോളം തടവുകാരെ ഒരു ചരക്കുവാഗണിൽ കുത്തിനിറച്ച് തിരൂരിൽ നിന്ന് കോയമ്പത്തൂരിലേക്കു കൊണ്ടുപോയി. പോത്തന്നൂരിലെത്തി വാഗൺ തുറന്നുനോക്കിയപ്പോൾ അവരിൽ ഒട്ടുമുക്കാൽ പേരും ശ്വാസംമുട്ടി മരിച്ചിരുന്നു. ദുരന്തത്തിന്റെ വാർത്തകൾ പിന്നീട് ലോകമെങ്ങും ചർച്ചാവിഷയമായി. അന്നത്തെ മലബാർ സ്പെഷ്യൽ കമ്മീഷണർ എ.എൻ.നാപ് ചെയർമാനായ ഒരു നാലംഗ അന്വേഷണ കമ്മീഷനെ വാഗൺ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ നിയമിച്ചു.

വൈക്കം സത്യാഗ്രഹം

വൈക്കം മഹാദേവക്ഷേത്രത്തിനു ചുറ്റുമുള്ള 100 മീറ്റർ വഴികളിലൂടെ അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പ്രക്ഷോഭമാണ് വൈക്കം സത്യാഗ്രഹം. 1924 മാർച്ച് 30 ന് പുലയ-ഈഴവ-നായർ സമുദായാംഗങ്ങളായ കുഞ്ഞാപ്പി, ഗോവിന്ദപ്പണിക്കർ, ബാഹുലേയൻ എന്നീ മൂന്ന് യുവാക്കളിലൂടെ ആരംഭിച്ച സമരം 603 ദിവസം നീണ്ടുനിന്നു. ഓരോ ദിവസവും അവർണ്ണ - സവർണ്ണ സമുദായത്തിപ്പെട്ട മൂന്ന് പേർ അവർണ്ണർക്ക് പ്രവേശനമില്ല എന്നെഴുതിയ ബോർഡിൻറെ പരിധി കടന്ന് ക്ഷേത്രത്തിൽ ചെല്ലുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ പോലീസ് അവരെ തടഞ്ഞുനിർ‍ത്തി ജാതി ചോദിച്ച ശേഷം മൂവരെയും അറസ്റ്റ് ചെയ്തു ജയിലിലാക്കുകയായിരുന്നു പതിവ്. എല്ലാ ദിവസവും ഈ നടപടിക്രമങ്ങൾ ആവർത്തിക്കപ്പെട്ടു. ടി.കെ.മാധവൻ, കെ.കേളപ്പൻ, സി.വി.കുഞ്ഞിരാമൻ, കെ.പി.കേശവമേനോൻ തുടങ്ങിയവർ സത്യാഗ്രഹത്തിന് നേതൃത്വം നൽകി. തുടർന്ന് അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരമായി ഇത് മാറി. വൈക്കം സത്യാഗ്രഹസമരത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യവുമായി ഗാന്ധിജി തന്റെ രണ്ടാം കേരള സന്ദർശനത്തിനെത്തി. തുടർന്ന്, ഗാന്ധിജിയുടെ ഇടപെടലുകൾ സത്യാഗ്രഹം അവസാനിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. നീണ്ട 603 ദിവസത്തെ സത്യാഗ്രഹത്തിനൊടുവിൽ സർക്കാർ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പിൻ‌വലിക്കാമെന്ന് വ്യവസ്ഥയിൽ 1925 നവംബർ 23 ന് സത്യാഗ്രഹം അവസാനിപ്പിച്ചു. തുടർന്ന് അന്നേദിവസം മുതൽ വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികെയുള്ള നിരത്തുകൾ ജാതിമതഭേദമന്യേ തുറന്നുകൊടുക്കപെട്ടു. വൈക്കം സത്യാഗ്രഹത്തെ തുടർന്ന് 1928-ൽ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും എല്ലാവര്‍ക്കുമായി തുറന്നുകൊണ്ടുള്ള വിളംബരം പുറപ്പെടുവിച്ചു.

സവർണ്ണ ജാഥ

വൈക്കം മഹാദേവക്ഷേത്രത്തിനു ചുറ്റുമുള്ള 100 മീറ്റർ വഴികളിലൂടെ അവർണ ഹിന്ദുക്കൾക്ക് നടക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. ഇതിനെതിരെ നടന്ന സത്യാഗ്രഹമായിരുന്നു വൈക്കം സത്യാഗ്രഹം. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നടന്ന പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു സവർണ ജാഥ. വൈക്കം സത്യാഗ്രഹസമരത്തിന് പരിഹാരം കാണുന്നതിനായി ഗാന്ധിജിയുടെ നിർദേശപ്രകാരമാണ് സവർണജാഥ സംഘടിപ്പിക്കപ്പെട്ടത്. 1924 നവംബർ 1ന് വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച് സവർണർ നാഗർകോവിലിൽനിന്നും വൈക്കത്തുനിന്നും ഒരേ സമയത്ത് ഓരോ ജാഥ പുറപ്പെടുകയും അവ തിരുവനന്തപുരത്ത് എത്തിച്ചേരുകയും ചെയ്തു. തുടർന്ന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വൈക്കം മെമ്മോറിയൽ മഹാറാണി സേതു ലക്ഷ്മീഭായിക്ക് സമർപ്പിക്കുകയും ചെയ്തു. 1924 നവംബർ 12നാണ് വൈക്കത്തു നിന്നുള്ള ജാഥ തിരുവനന്തപുരത്ത് എത്തിയത്. നാഗർകോവിലിലെ കോട്ടാറിൽ നിന്നും തിരുവനന്തപുരത്തേക്ക് സവർണ ജാഥ നയിച്ചത് ഡോ.എം.ഇ.നായിഡുവും വൈക്കത്തുനിന്നും തിരുവനന്തപുരത്തേക്ക് സവർണ ജാഥ നയിച്ചത് മന്നത്ത് പത്മനാഭനുമായിരുന്നു.

ഗാന്ധിജിയുടെ കേരള സന്ദർശനം

സ്വാതന്ത്ര്യസമരകാലത്ത് 1920, 1925, 1927, 1934, 1937 എന്നീ വർഷങ്ങളിലായി അഞ്ചു തവണ കേരളത്തിലെത്തിയ ഗാന്ധിജി, സംസ്ഥാനത്തുടനീളം സഞ്ചരിച്ച് സമുദായ നേതാക്കൾ മുതൽ തൊഴിലാളികൾ വരെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി.

ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത് 1920 ഓഗസ്റ്റ് 18നാണ്. ഖിലാഫത്ത് സമരത്തിന്റെ പ്രചാരണാർഥമാണ് അദ്ദേഹം ഖിലാഫത്ത് നേതാവ് ഷൗക്കത്തലിയോടൊപ്പം കോഴിക്കോട്ടെത്തിയത്. ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ തേടിയെത്തിയ അദ്ദേഹം അന്നു വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് പ്രസംഗിച്ചു. കാൽ ലക്ഷത്തോളം പേർ മഹാത്മജിയുടെ പ്രസംഗം കേൾക്കാൻ തടിച്ചുകൂടി.

ഗാന്ധിജി രണ്ടാമതായി കേരളത്തിലെത്തിയത് 1925 മാർച്ച് 8നാണ്. വൈക്കം സത്യാഗ്രഹസമരത്തിന് പരിഹാരം കാണുക എന്നതായിരുന്നു ലക്ഷ്യം. രണ്ടാം കേരള സന്ദർശനവേളയിൽ അദ്ദേഹം ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെയും കൗടിയാർ കൊട്ടാരത്തിലെത്തി റാണിസേതുലക്ഷ്മി ഭായിയെയും സന്ദർശിച്ചു.

തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി ഗാന്ധിജി മൂന്നാമതായി കേരളത്തിലെത്തിയത് 1927 ഒക്ടോബർ 9ന്. കോഴിക്കോട്ട് ഗാന്ധിജിയുടെ അധ്യക്ഷതയിൽ ചേർന്ന, ഹരിജന സമ്മേളനം സി.കൃഷ്ണനെ പ്രസിഡന്റും കേളപ്പനെ സെക്രട്ടറിയുമാക്കി. കേരള അന്ത്യജനോദ്ധാരണ സംഘം രൂപവത്കരിച്ചു. പിന്നീട് ഈ സംഘം ആദി കേരളോദ്ധാരണ സംഘം എന്ന പേരിൽ പ്രവർത്തിച്ചു. തൃശ്ശൂലെ വിവേകോദയം വിദ്യാലയം സന്ദർശിക്കുകയും ഖാദിയുടെ പ്രചാരണത്തിൽ പങ്കെടുക്കുകയും ചെയ്‌തു.

ഹരിജൻ ഫണ്ട് ശേഖരണാർത്ഥം ഗാന്ധിജി നാലാമതായി കേരളത്തിലെത്തിയത് 1934 ജനുവരി 10ന്. നാലാം കേരള സന്ദർശനവേളയിൽ വടകരയിലെ ബാസൽ മിഷൻ സ്‌കൂൾ മൈതാനത്തുവച്ച് ഹരിജനങ്ങളുടെ ഉയർച്ചയ്‌ക്കായി കൗമുദി എന്ന ടീച്ചർ തന്റെ സ്വർണ്ണാഭരണങ്ങൾ ഊരി നൽകി. ഈ ദാനത്തെ "നിന്റെ ത്യാഗമാണ് നിന്റെ ഏറ്റവും വലിയ ആഭരണം' എന്ന് ഗാന്ധിജി ഓട്ടോഗ്രാഫ് നൽകി ആദരിച്ചു.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ 1937 ജനുവരി 12ന് ഗാന്ധിജിയുടെ അഞ്ചാമത്തെയും അവസാനത്തെയും കേരള സന്ദർശനം. സന്ദർശനത്തെ 'ഒരു തീർത്ഥാടനം' എന്ന് വിശേഷിപ്പിച്ചു. അഞ്ചാം കേരള സന്ദർശനവേളയിൽ വെങ്ങാനൂരിൽ വച്ച് അയ്യങ്കാളിയെ കണ്ടുമുട്ടി. അയ്യങ്കളിയെ 'പുലയരാജ' എന്ന് വിശേഷിപ്പിച്ചു.

ആലുവ സർവമത സമ്മേളനം

ഇന്ത്യയിലാദ്യമായി ഒരു സർവമത സമ്മേളനം നടന്നത് കേരളത്തിലാണ്. ആലുവയിലെ അദ്വൈതാശ്രമത്തിൽ ഈ സമ്മേളനം സംഘടിപ്പിച്ചത് 'കേരളത്തിന്റെ യുഗപുരുഷൻ' എന്നറിയപ്പെടുന്ന ശ്രീനാരായണഗുരുവാണ്. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നുതന്നെയെന്ന് ജനങ്ങളെ ഉദ്ബോധിപ്പിക്കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ഏഷ്യയിലെതന്നെ ആദ്യത്തേതെന്നു പറയാവുന്ന ഈ സമ്മേളനം 1924ലെ ശിവരാത്രിനാളിലാണ് ശ്രീനാരായണഗുരു വിളിച്ചുകൂട്ടിയത്. മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായിരുന്ന റ്റി.സദാശിവ അയ്യരാണ് അധ്യക്ഷത വഹിച്ചത്. ആലുവയിലെ അദ്വൈതാശ്രമത്തിൽ നടന്ന ആദ്യ സർവമത സമ്മേളനത്തിന്റെ മുഖ്യസന്ദേശം വാദിക്കാനും ജയിക്കുവാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്നതായിരുന്നു.

കല്‍പാത്തി സമരം

പാലക്കാട്‌ ജില്ലയിലെ കല്‍പ്പാത്തി ശിവക്ഷേത്രത്തിൽ എല്ലാ വര്‍ഷവും തുലാമാസത്തിൽ നടക്കുന്ന രഥോത്സവം ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. എന്നാൽ, ക്ഷേത്രത്തിൽ മാത്രമല്ല, ക്ഷേത്ര പരിസരത്തുള്ള നിരത്തുകളിലും ഹിന്ദുക്കളായ അവര്‍ണര്‍ക്ക്‌ പ്രവേശനം ഉണ്ടായിരുന്നില്ല. ക്രിസ്ത്യന്‍, മുസ്ലിം മതവിശ്വാസികള്‍ക്ക്‌ അവിടെ വഴിനടക്കാൻ യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. ആര്യ സമാജത്തിന്റെ നേതൃത്വത്തിൽ അവര്‍ണയുവാക്കൾ കീഴ്വഴക്കം ലംഘിച്ച്‌ രഥോത്സവം കാണാൻ ക്ഷേത്രത്തിന് പുറത്തുള്ള വീഥിയിൽ പ്രവേശിച്ചത്‌ സംഘര്‍ഷത്തിന് ഇടയാക്കി. മതം മാറി മുസ്ലിമോ ബൗദ്ധനോ ക്രിസ്ത്യാനിയോ ആയാൽ വഴിനടക്കുന്നതിൻ യാതൊരു തടസ്സവുമില്ലാതിരുന്നതിനാൽ പലരും ആ വഴിക്ക്‌ ചിന്തിച്ചു. ഇങ്ങനെ മതം മാറി, പേരു മാറ്റി കല്‍പ്പാത്തി ക്ഷേത്ര വീഥിയില്‍ക്കൂടി പലരും നടന്നത്‌ ബ്രാഹ്മണ യാഥാസ്ഥിതികരെയും സവർണപ്രമാണിമാരെയും ലജ്ജിപ്പിച്ചു. കോഴിക്കോട്‌ കേന്ദ്രമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ആര്യസമാജക്കാർ പാലക്കാട്ടെത്തി അവര്‍ണരുടെ അവകാശങ്ങൾ നേടിക്കൊടുക്കാൻ നടത്തിയ ഈ പ്രക്ഷോഭം പരാജയപ്പെടുകയാണുണ്ടായത്‌.

നിയമലംഘന പ്രസ്ഥാനം കേരളത്തിൽ

1930ൽ ഗാന്ധിജിയുടെ നിർദേശത്തിലാണ് രാജ്യത്ത് കോൺഗ്രസ് നിയമലംഘന പ്രസ്ഥാനം ആരംഭിച്ചത്. നിയമലംഘന പ്രസ്ഥാനം രാജ്യത്തൊട്ടാകെ പടർന്നപ്പോൾ കോൺഗ്രസ് ഒരു നിയമവിരുദ്ധ സംഘടനയാണെന്ന് ബ്രിട്ടീഷ് ഗവൺമെന്റ് പ്രഖ്യാപിച്ചു. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തിലും നിയമലംഘന പ്രസ്ഥാനം നടന്നു. മലബാറിൽ നൂറുകണക്കിനാളുകൾ നിയമലംഘന പ്രസ്ഥാന സമരത്തിൽ പങ്കുചേർന്നു. അവർ സമ്മേളനങ്ങൾക്കും ഘോഷയാത്രകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ ലംഘിച്ചു. വിദേശവസ്തുക്കൾ ബഹിഷ്‌കരിച്ചു, മദ്യഷോപ്പുകൾ പിക്കറ്റു ചെയ്‌തു, ഖാദി പ്രചരിപ്പിച്ചു, ഉപ്പുനിയമങ്ങൾ ധിക്കരിച്ചു. നിയമലംഘന പ്രസ്ഥാനം 1934 മെയ് മാസം ഗാന്ധിജി ഔപചാരികമായി പിൻവലിച്ചതോടെ കേരളത്തിലും പിൻവലിക്കപ്പെട്ടു.

ഉപ്പ് സത്യാഗ്രഹം കേരളത്തിൽ

1930 മാർച്ച് 12ആം തീയതി ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ആരംഭിച്ച ഉപ്പുസത്യാഗ്രഹം കേരളത്തിലും അതിന്റെ ശക്തമായ പ്രത്യാഘാതങ്ങൾ ഉളവാക്കി. കെ.കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹ ജാഥ ഏപ്രിൽ 13ന് കോഴിക്കോട്ടു നിന്ന് തിരിച്ച് ഏപ്രിൽ 21ൻ പയ്യന്നൂരെത്തി. ഏപ്രിൽ 23ന് ഉപ്പുനിയമം ലംഘിച്ച് ഉപ്പുണ്ടാക്കി. അതുപോലൊരു ജാഥ പാലക്കാട്ടുനിന്ന് ടി.ആർ.കൃഷ്ണസ്വാമി അയ്യരുടെ നേതൃത്വത്തിൽ സത്യാഗ്രഹം അനുഷ്ഠിക്കനായി പയ്യന്നൂരിൽ എത്തിച്ചേർന്നു. പയ്യന്നൂരിൽ എത്തിച്ചേരുകയും ഉപ്പുനിയമങ്ങളെ ലംഘിക്കുകയും ചെയ്‌ത മറ്റു ജാഥകളിൽ ഒരെണ്ണം മുഹമ്മദ് അബ്ദുൽ റഹിമാനും, ഇ.മൊയ്‌തു മൗലവിയും നയിച്ചതായിരുന്നു. കെ.മാധവൻനായർ, ടി.വി.സുന്ദരയ്യർ, പി.അച്ചുതൻ, കൊണ്ടാട്ടിൽ രാമൻ മേനോൻ, കെ.എ.കേരളീയൻ, പി.കൃഷ്ണപിള്ള, കെ.കുഞ്ഞപ്പനമ്പ്യാർ, പി.കേശവൻ നമ്പ്യാർ, പി.സി.കുഞ്ഞിരാമൻ നമ്പ്യാർ, മൊയ്യാരത്ത് ശങ്കരൻ, മൊയ്‌ദു മൗലവി തുടങ്ങിയവരെല്ലാം സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നു.

ശുചീന്ദ്രം സത്യാഗ്രഹം

വൈക്കം സത്യാഗ്രഹത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ദക്ഷിണ തിരുവിതാംകൂറിൽ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന സത്യാഗ്രഹമാണ് ശുചീന്ദ്രം സത്യാഗ്രഹം. ഇതിന് നേതൃത്വം നല്‍കിയത്‌ കോണ്‍ഗ്രസിലെ ഗാന്ധിയൻ നേതാവായ ഡോ.എം.ഇ.നായിഡുവായിരുന്നു. 1926ൽ എം.ഇ.നായിഡുവിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ശുചീന്ദ്രം സത്യാഗ്രഹ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റിയുടെ പ്രസിഡന്റായി എം.സുബ്രമണ്യപിള്ളയും സെക്രട്ടറിയായി എം.ഇ.നായിഡുവും സ്ഥാനമേറ്റു. ദക്ഷിണ തിരുവിതാംകൂറിലെ ശുചീന്ദ്രം ക്ഷ്രേതത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവര്‍ണര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യത്തിന് അനുവാദം കിട്ടുക, ക്ഷേത്ര പ്രവേശനം ലഭിക്കുക എന്നിവ ലക്ഷ്യമാക്കികൊണ്ട് സത്യാഗ്രഹം ആരംഭിച്ചു. എന്നാൽ ശുചീന്ദ്രം സത്യാഗ്രഹത്തെ സവർണ ജാതിക്കാർ അടിച്ചമർത്തിയതിനാൽ വിജയിച്ചില്ല. 1930 മെയ് 13ന് സമരം പുനരാരംഭിച്ചു. ആദ്യ സത്യാഗ്രഹത്തിൽ പങ്കെടുത്ത ഗാന്ധി രാമൻപിള്ള സത്യാഗ്രഹത്തിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു. ശുചീന്ദ്രത്തെ പൊതുവഴികലൂടെ മറ്റ് സത്യാഗ്രഹികൾക്കൊപ്പം അദ്ദേഹം നടക്കാൻ ശ്രമിച്ചപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല വിധി വന്നതോടെ അവിടെയുള്ള പൊതുവഴികൾ അവര്‍ണർക്കായി തുറന്നുകൊടുത്തു.

യാചന യാത്ര

നവോത്ഥാനകാലത്ത് സാമൂഹിക പരിഷ്ക്കരണത്തിനുവേണ്ടി നടന്ന പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു വി.ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 1931ൽ നടന്ന യാചനായാത്ര. തൃശൂർ മുതൽ കാസർകോട്ടെ ചന്ദ്രഗിരിപ്പുഴവരെ ഏഴുദിവസം കൊണ്ട് നടത്തിയ ഈ കാൽനടപ്രചാരണയാത്രയുടെ ലക്ഷ്യം ദരിദ്രവിദ്യാർഥികൾക്ക് പഠനസഹായത്തിനുള്ള ഫണ്ട് സമാഹരിച്ച് പഠിക്കാനുള്ള സാഹചര്യം ഒരുക്കുകയെന്നതാണ്. 1931 മാർച്ച് 13നാണ് യാത്ര ആരംഭിച്ചത്. ദാരിദ്ര്യം മൂലം പഠിക്കാൻ നിവൃത്തിയില്ലാത്ത ബാലികാ ബാലന്മാർക്ക് സഹായം നൽകുന്നതിനു വേണ്ടിനടത്തിയ ഈ യാത്ര കേരളത്തിൽ പിന്നീടു നടന്ന പല നവോത്ഥാന യാത്രകൾക്കും പ്രചോദനമായി.

ഗുരുവായൂർ സത്യാഗ്രഹം

കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ അയിത്തമെന്ന വലിയ കളങ്കത്തിനെതിരായി വൻസമരങ്ങൾ തന്നെ നടന്നിട്ടുണ്ട്. ഇത്തരത്തിൽ അയിത്തത്തിനെതിരായി നടന്ന ഒരു ഐതിഹാസിക സമരമായിരുന്നു വൈക്കം സത്യാഗ്രഹം. അതിനപ്പുറം 1931-32 കാലത്ത് നടന്ന മറ്റൊരു സമരമാണ് ഗുരുവായൂർ സത്യാഗ്രഹം. ഹിന്ദുക്കളുടെ വളരെ പ്രധാനപ്പെട്ട ആരാധനകേന്ദ്രങ്ങളിലൊന്നായ ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ ജാതിയിലുംപെട്ട ഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ചുകൊടുക്കുക എന്നതായിരുന്നു ഗുരുവായൂർ സത്യാഗ്രഹത്തിലൂടെ ലക്ഷ്യംവെച്ചത്. കോഴിക്കോട് നടന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽവെച്ച് തീണ്ടലിനും മറ്റ് അനാചാരങ്ങളാക്കുമെതിരായി സമരം നടത്താൻ തീരുമാനിക്കുകയുണ്ടായി. തുടർന്ന് ഗുരുവായൂരിൽ വെച്ച് സമരം നടത്താനും കെ.കേളപ്പൻ നേതാവായും തീരുമാനിക്കപ്പെട്ടു.

കെ.കേളപ്പൻ, മന്നത് പത്മനാഭൻ, എ.കെ.ജി, പി.കൃഷ്ണപിള്ള, സുബ്രമണ്യൻ തിരുമുമ്പ് തുടങ്ങിയവരൊക്കെയാണ് സമര കമ്മിറ്റിക്ക് നേതൃത്വം കൊടുത്തത്. സമരപ്രഖ്യാപനത്തിനുശേഷം സമരക്കാർ പലയിടത്തും സഞ്ചരിക്കുകയുണ്ടായി. ജനങ്ങൾക്കിടയിൽ കാലങ്ങളായി അടിച്ചേൽപ്പിച്ചുവെച്ചിരിക്കുന്ന മർദ്ദനങ്ങളും അനീതികളും ഇനിയെങ്കിലും അവസാനിക്കുമെന്ന് വലിയ പ്രതീക്ഷയും കണ്ടിരുന്നു. എ.കെ.ജി യും സുബ്രമണ്യൻ തിരുമുമ്പും വടക്കൻ മേഖലകളിൽ വൻ ജാഥകൾ നടത്തി. ഇപ്രകാരം പയ്യന്നൂരിൽ വെച്ച് നടത്തപ്പെട്ട ഒരു ജാഥയിലാണ് പാവങ്ങളുടെ പടത്തലവനായ എ.കെ.ജി യ്ക്ക് രാഷ്ട്രീയ ജീവിതത്തിലെ ക്രൂരമായ ആദ്യത്തെ ശാരീരിക പീഡനം ഏൽക്കേണ്ടിവന്നത്. ഇത്തരത്തിൽ നാടുനീളെ നടത്തിയ ജാഥകളിൽ നിന്നു തന്നെ ജനങ്ങൾ തീണ്ടൽ എന്ന വലിയ തെറ്റിനെ മനസിലാക്കിത്തുടങ്ങിയിരുന്നു. അങ്ങനെ ഗുരുവായൂർ സത്യാഗ്രഹത്തിനായി കമ്മിറ്റി രൂപീകരിക്കപ്പെട്ടു. എ.കെ.ജി ആയിരുന്നു സത്യാഗ്രഹ വളണ്ടിയർമാരുടെ ക്യാപ്റ്റൻ. തുടർന്ന് സത്യാഗ്രഹത്തിനായി ഗുരുവായൂർ ക്ഷേത്രത്തിനടുത്തായി ക്യാമ്പ് പണിയുകയുണ്ടായി. ഇതേസമയം മറുഭാഗത്ത് ചിലർ ശക്തമായി എതിർക്കുന്നുമുണ്ടായിരുന്നു. കാരണം ഏറ്റവും പ്രധാനപെട്ട ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനമോ എന്ന ചോദ്യമായിരുന്നു അത്. ഇത്തരത്തിൽ ക്ഷേത്രാധികാരികളും ഇതിനെ തടയിടാനായി വൻ ഒരുക്കങ്ങൾ നടത്തുകയുണ്ടായി. അമ്പലത്തിനുചുറ്റും അവർ മുള്ളുകമ്പികൊണ്ട് വേലികെട്ടി. സമരത്തിൽ പങ്കെടുക്കുന്ന എല്ലാവരെയും അടിച്ചുകൊല്ലുമെന്ന് ഭീഷിണി മുഴക്കി. ഗുരുവായൂരപ്പന്റെ അടുത്ത് ഏവരുമെത്തുന്നത് അധഃപതനമായും അത് കലിയുഗമാണെന്ന് ചിലർ പറഞ്ഞുപരത്തികൊണ്ടിരുന്നു. ഇത്തരത്തിൽ മിക്കയിടത്തും ഗുരുവായൂർ സത്യാഗ്രഹം ചർച്ചാവിഷയമായി. തുടർന്ന് ഒക്ടോബർ 18 ന് നടന്ന ഒരു ചർച്ചയിൽ നവംബർ 1 ന് സത്യാഗ്രഹം ആരംഭിക്കാൻ തീരുമാനിച്ചു.

സുബ്രമണ്യൻ തിരുമുമ്പിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വോളന്റിയർമാർ കണ്ണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് ഒക്ടോബർ 21 ന് കാൽനടയായി യാത്രയാരംഭിച്ചു. ഈ ഗ്രൂപ്പിന്റെ ക്യാപ്റ്റനായിരുന്നു എ.കെ.ജി. തുടർന്ന് നവംബർ 1 ന് സത്യാഗ്രഹം തുടങ്ങി. പലസ്ഥലത്ത് നിന്നും ആളുകൾ സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുടർന്ന് ഈ സംഭവം അഖിലേന്ത്യ പ്രശ്നമായി മാറിയതിൽ പിന്നെ അതുവരെയും സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതിരുന്ന സ്ഥലങ്ങൾ ഹരിജനങ്ങൾക്കായി തുറന്നുകൊടുത്തു. എന്നാൽ ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട അതിന്റെ ട്രസ്റ്റീ ആയിരുന്ന സാമൂതിരി രാജാവിൽ നിന്നും യാതൊരുവിധമാറ്റങ്ങളും ഉണ്ടായില്ല. തുടർന്ന് സത്യാഗ്രഹത്തിൽ പങ്കെടുത്ത മിക്കവരും അറസ്റ്റ് ചെയ്യപ്പെട്ടു. സമരം കൂടുതൽ ശക്തമായി. ശ്രീകോവിലിനു മുന്നിലുണ്ടായിരുന്ന മണി ബ്രാഹ്മണന്മാർക്കല്ലാതെ അബ്രാഹ്മണർക്ക് തൊടാൻ പാടില്ല എന്ന നിയമത്തെ തകർത്തെറിഞ്ഞുകൊണ്ട് പി കൃഷ്ണപിള്ള മണിയടിച്ചു. തുടർന്ന് കൊടിയ മർദ്ദനത്തിനും പി. കൃഷ്ണപിള്ള ഇരയായി. എന്നാൽ ക്ഷുഭിതരായ സത്യാഗ്രഹികൾ ക്ഷേത്രജീവനക്കാരെ പൊതിരെ തല്ലി. തുടർന്ന് ജീവനക്കാർ അമ്പലം പൂട്ടി അകത്ത് രക്ഷതേടി. പ്രശ്നങ്ങളുടെ ഭാഗമായി അമ്പലം ജനുവരി 28 വരെ അടച്ചിട്ടു. ജനുവരി 29 ന് തുറന്നപ്പോൾ വീണ്ടും സത്യാഗ്രഹം പുനരാരംഭിച്ചു. ഇത്തരത്തിൽ നീണ്ടു പോകുന്ന സത്യാഗ്രഹത്തിന് ലക്ഷ്യംകാണണമെന്ന ദൃഢ നിശ്ചയത്തിൽ കെ.കേളപ്പൻ മരണം വരെ നിരാഹാര സമരം ആരംഭിക്കാൻ തീരുമാനിച്ചു. 1932 സെപ്റ്റംബർ 21 ന് നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. കെ.കേളപ്പന്റെ ഉപവാസം രാജ്യം മുഴുവൻ ചർച്ചയായി. തുടർന്ന് നിരാഹാരത്തിന്റെ പത്താം നാൾ നിരാഹാരം നിർത്തിവയ്ക്കണമെന്ന ഗാന്ധിജിയുടെ അഭ്യർത്ഥനമാനിച്ച് നിരാഹാരം അവസാനിപ്പിച്ചു. ക്ഷേത്രപ്രവേശനത്തിനുള്ള പൊതുജനാഭിപ്രായമറിയാൻ നടത്തിയ വോട്ടെടുപ്പിൽ 80 ശതമാനം പേരും ക്ഷേത്രപ്രവേശനത്തിനെ അനുകൂലിച്ചു. ഇത് ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു.

നിവര്‍ത്തന പ്രക്ഷോഭം

തിരുവിതാംകൂറിൽ നിയമസഭയിലും സര്‍ക്കാർ നിയമനങ്ങളിലും ന്യായമായ പ്രാതിനിധ്യം ലഭിക്കാൻ ഈഴവാ- ക്രിസ്‌ത്യന്‍- മുസ്ലിം സമുദായങ്ങൾ സംഘടിച്ച്‌ നടത്തിയ സമരമാണ്‌ നിവര്‍ത്തന പ്രക്ഷോഭം. ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ്‌ പ്രശസ്ത പണ്ഡിതൻ ഐ.സി.ചാക്കോയായിരുന്നു. ഈഴവർ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ തുടങ്ങിയ സമുദായക്കാർക്ക് ജനസംഖ്യാനുപാതികമായി നിയമസഭയിലും ഉദ്യോഗങ്ങളിലും സ്ഥാനം ലഭിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂറിൽ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രക്ഷോഭം ആരംഭിച്ചു. ഇതിനായി 1932 ഡിസംബർ 17ന് ഓൾ ട്രാവൻകൂർ ജോയിന്റ്‌ പൊളിറ്റിക്കൽ കോണ്‍ഫറന്‍സ്‌ (സംയുക്ത രാഷ്ട്രീയ സമിതി) എന്നൊരു സംഘടന രൂപവത്കരിച്ചു. എന്‍.വി.ജോസഫും, ടി.എം.വർഗീസും, സി.കേശവനും, പി.കെ.കുഞ്ഞും മുന്‍നിരയിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി.

തിരുവിതാംകൂർ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിയ സമരത്തിനൊടുവിൽ പ്രക്ഷോഭകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. തുടർന്ന് ഉദ്യോഗനിയമന പ്രശ്‌നം വിശദമായി പരിശോധിക്കുന്നതിന് ഗവണ്‍മെന്റ്‌ തിരുവിതാംകൂർ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ഡോ.ജി. ഡി. നോക്സിനെ സ്പെഷ്യൽ ഓഫീസറായി 1934ൽ നിയമിച്ചു. ഉദ്യോഗ നിയമനത്തിനു വേണ്ടി പബ്ലിക്‌ സര്‍വീസ്‌ കമ്മിഷൻ രൂപവല്‍കരിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയായിരുന്നു സ്പെഷ്യലാഫീസറുടെ ചുമതല. സമുദായ പ്രാതിനിധ്യം ക്രമീകരിക്കുന്നതിനുവേണ്ടി ജനങ്ങളെ സൗകര്യപ്രദമായ രീതിയിൽ വര്‍ഗീകരിക്കുന്നതിനും നോക്സിനെ ചുമതലപ്പെടുത്തിയിരുന്നു. 1935 മാര്‍ച്ച്‌ 14ന് സമര്‍പ്പിക്കപ്പെട്ട നോക്‌സിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം, മൊത്തം ജനസംഖ്യയുടെ രണ്ടുശതമാനമെങ്കിലും സംഖ്യാബലമുളള സമുദായങ്ങള്‍ക്കെല്ലാം വര്‍ഗീയ പ്രാതിനിധ്യത്തിന്റെ പ്രയോജനം നല്‍കാൻ ഗവണ്‍മെന്റ്‌ തീരുമാനിച്ചു. സർക്കാരുദ്യോഗങ്ങളിൽ പിന്നാക്കസമുദായക്കാർക്ക് ന്യായമായ പ്രാതിനിധ്യം ഉറപ്പാക്കാൻ സർക്കാർ പബ്ലിക് സർവീസ് കമ്മീഷനെ നിയമിച്ചു. ഭൂസ്വത്തിന്റെ കാര്യത്തിൽ ഇളവു വരുത്തി സമ്മതിദാനാവകാശം വിപുലപ്പെടുത്തുകയും ചെയ്‌തു. ഈഴവ - ക്രിസ്ത്യൻ - മുസ്ലിങ്ങൾക്കായി ഉദ്യോഗങ്ങളിൽ കൃത്യമായ വിഹിതം സംവരണം ചെയ്യപ്പെട്ടു.

പട്ടിണി ജാഥ

1936 ജൂലായിൽ എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ 32 പേരടങ്ങുന്ന ഒരു സംഘം സന്നദ്ധഭടന്മാർ മദിരാശിയിലേക്ക് 'പട്ടിണിജാഥ' നയിച്ചു. മലബാറിലെ കർഷകത്തൊഴിലാളി പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, പട്ടിണി എന്നിവ ജനശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരമുണ്ടാക്കാൻ മദ്രാസ് ഗവൺമെന്റിനെ പ്രേരിപ്പിക്കാനുമായിരുന്നു ഈ ജാഥ നയിച്ചത്. എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ 32 പേർ പങ്കെടുത്ത ഈ ജാഥ കണ്ണൂരിൽ നിന്ന് കാൽനടയായി മദിരാശിയിലെത്തി. 750 മൈൽ ഉടനീളം ജാഥാംഗങ്ങൾക്ക് ആവേശഭരിതമായ സ്വീകരണമാണ് ലഭിച്ചത്.

കർഷക സംഘം

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കർഷകത്തൊഴിലാളി പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, പട്ടിണി തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ഇന്നത്തെ കണ്ണൂർ ജില്ലയിൽ 1935ൽ രൂപംകൊണ്ട സംഘടനയാണ് കർഷകസംഘം. വിഷ്‌ണു ഭാരതീയൻ പ്രസിഡന്റും കെ.എം.കേരളീയൻ സെക്രട്ടറിയുമായിരുന്നു. ജന്മിമാരുടെ അതിക്രമങ്ങൾക്കെതിരായും ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായും കർഷകരെ അണിനിരത്തിയായിരുന്നു  സംഘടന രൂപീകരിച്ചത്.

കരിവെള്ളൂരിൽ കർഷകസംഘത്തിന്റെ രൂപീകരണത്തിൻ പ്രധാന പങ്കുവഹിച്ചത് എ.വി.കുഞ്ഞമ്പുവിന്റെ ശ്രമഫലമായി രൂപീകരിക്കപ്പെട്ട അഭിനവ് ഭാരത് യുവക് സംഘമാണ്. ജന്മികളുടെയും നാടുവഴികളുടെയും ചൂഷണത്തിൻ ഇരയാകുന്ന കർഷകരെ സഹായിക്കാൻ വേണ്ടി നിരവധി കർഷക സംഘങ്ങൾ കേരളത്തിൽ രൂപംകൊണ്ടു. എ.കെ.ജിയുടെ നേതൃത്വത്തിൽ നടന്ന പട്ടിണി ജാഥയിലും, അമരാവതി സമരത്തിലും പങ്കെടുത്തത് കർഷക സംഘം പ്രവർത്തകരാണ്. കർഷകരുടെയിടയ്ക്കുള്ള സംഘടനാപ്രവർത്തനങ്ങൾക്കായി പി.നാരായണൻ നായർ പ്രസിഡന്റായും കെ.എ.കേരളീയൻ സെക്രട്ടറിയായും അഖില മലബാർ കർഷക സംഘം എന്നൊരു സംഘടന 1937ൽ നിലവിൽ വന്നു. കൊളച്ചേരി കർഷക സംഘം കേരളത്തിൽ രൂപീകരിക്കപ്പെട്ട മറ്റൊരു പ്രധാന കർഷകസംഘമാണ്.

കോഴഞ്ചേരി പ്രസംഗം

നിവർത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി 1935 മേയ് 13ന് കോഴഞ്ചേരിയിൽ ക്രൈസ്തവ മഹാസഭ സംഘടിപ്പിച്ച പൗരസമത്വ യോഗത്തിൽ സൗഹാർദ പ്രതിനിധിയായി സി.കേശവൻ എത്തി. അന്ന് തിരുവിതാംകൂർ മഹാരാജാവിന്റെ നിയമോപദേഷ്ടാവായിരുന്ന സർ സി.പി രാമസ്വാമി അയ്യർക്കെതിരെ പ്രസംഗത്തിലൂടെ അദ്ദേഹം ആഞ്ഞടിച്ചു. ആ പ്രസംഗം ഇങ്ങനെ: "ഞാൻ സൂചിപ്പിക്കുന്നത് സർ സി.പി.യെയാണ്. ഈ മനുഷ്യൻ ഈഴവർക്കോ ക്രിസ്ത്യാനികൾക്കോ മുസ്ലിങ്ങൾക്കോ ഒരു ഗുണവും ചെയ്യുകയില്ല. നമുക്ക് ആ ജന്തുവിനെ വേണ്ട. ഈ മാന്യൻ വന്നതിനുശേഷമാണ് തിരുവിതാംകൂറിൻ ചീത്തപ്പേര് കിട്ടാൻ തുടങ്ങിയത്. ഈ മനുഷ്യൻ പുറത്തുപോകുന്നതുവരെ നന്മയൊന്നും ഈ രാജ്യത്തിനുണ്ടാവുകയില്ല..." കോഴഞ്ചേരി പ്രസംഗം കോളിളക്കം സൃഷ്ടിച്ചു. അത് രാജ്യദ്രോഹപരവും സമുദായങ്ങൾ തമ്മിൽ സ്പർധ വളർത്താൻ ഇടയാക്കുന്നതാണെന്നും സർക്കാർ കണ്ടെത്തി. 1935 ജൂൺ ഏഴിന് സി.കേശവനെ അറസ്റ്റ് ചെയ്‌തു. ടി.എം.വർഗീസാണ് അദ്ദേഹത്തിനുവേണ്ടി കോടതിയിൽ ഹാജരായത്. കൊല്ലം സെഷൻസ് കോടതി രണ്ടു വർഷം കഠിനതടവിന് ശിക്ഷിച്ചു. 1937 ഓഗസ്റ്റ് 25ന് ജയിൽ മോചിതനായതോടെ അദ്ദേഹം തിരുവിതാംകൂറിന്റെ ഹൃദയം കവർന്ന ജനനേതാവായി മാറി.

ക്ഷേത്ര പ്രവേശന വിളംബരം

ജാതിമതഭേദമില്ലാതെ തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ചുകൊണ്ടു മഹാരാജ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം. ഈ വിളംബരം ശ്രീ ചിത്തിര തിരുനാൾ തന്റെ 25ആം ജന്മദിനത്തിൽ, അതായത് 1936 നവംബർ 12 ന് പുറപ്പെടുവിച്ചു. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാൻ കാരണം മഹാരാജാവിൽ സർ സി.പി. രാമസ്വാമി അയ്യർ ചെലുത്തിയ പ്രേരണയാണ്. തിരുവിതാംകൂറിലും പിന്നീട് കേരളമാകെയും  സാമൂഹിക - സാംസ്‌കാരിക പുരോഗതിക്കു വഴിതെളിയിച്ച അതിപ്രധാനമായൊരു നാഴികക്കല്ലായി ഈ വിളംബരം മാറി. കേരളത്തിന്റെയും ആധുനിക തിരുവിതാംകൂറിന്റെയും 'മാഗ്നാകാർട്ട' എന്ന വിശേഷണവും ചാർത്തപ്പെട്ടു.

വൈദ്യുതി പ്രക്ഷോഭം

തൃശൂരിലെ വൈദ്യുതി വിതരണം നടത്തുന്നതിൻ ഒരു സ്വകാര്യ കമ്പനിയെ (മദ്രാസിലെ ചാന്ദ്രിക കമ്പനി) ഏല്പിക്കുവാനുള്ള കൊച്ചി ഗവണ്‍മെന്റിന്റെ തീരുമാനത്തിനെതിരെ നടന്ന ജനകീയപ്രക്ഷോഭമാണ് വൈദ്യുതി പ്രക്ഷോഭം (1936). ദിവാൻ സർ ഷണ്‍മുഖം ചെട്ടിയുടെ ഒരാശ്രിതനും പരദേശിയുമായ ഒരു വ്യക്തി നടത്തിയിരുന്ന ഈ കമ്പനിയെ വൈദ്യുതി വിതരണത്തിന്റെ കുത്തകാവകാശം ഏല്പിക്കുവാനുള്ള നീക്കത്തിനെതിരായി പൊതുജനം ശക്തമായി പ്രതിഷേധിച്ചു. എ.ആർ.മേനോൻ, ഇക്കണ്ട വാര്യർ, ഇയ്യുണ്ണി തുടങ്ങിയവർ വൈദ്യുതി പ്രക്ഷോഭത്തിന് നേതൃത്വം നൽകി. തൃശൂർ പട്ടണത്തിനകത്തു മാത്രം ഒതുങ്ങിനിന്ന ഈ പ്രക്ഷോഭത്തിന് ജനകീയ മുന്നേറ്റത്തിന്റെ സ്വഭാവം കൈവരിച്ചതോടെ എല്ലാ സമുദായങ്ങളില്‍പ്പെട്ടവരും പങ്കെടുത്തു. ഇയ്യുണ്ണിയെപ്പോലെയുള്ള പല നേതാക്കളെയും അറസ്റ്റ്‌ ചെയ്ത് പ്രക്ഷോഭത്തെ ശക്തമായി അടിച്ചമര്‍ത്താൻ ഗവൺമെന്റിനു കഴിഞ്ഞു. തൃശ്ശൂരിലെ പ്രബലമായ ക്രിസ്ത്യൻ സമുദായത്തെ ദേശീയധാരയിൽ കൊണ്ടുവരാൻ വൈദ്യുതി പ്രക്ഷോഭം സഹായിച്ചു. ഈ സമരത്തോടു കൂടിയാണ് കേരളത്തിലെ ജനകീയ സമരങ്ങളിലേക്ക് ക്രിസ്ത്യാനികൾ പങ്കെടുക്കാൻ തുടങ്ങിയത്. ഈ പ്രക്ഷോഭത്തോടെ ഇ.ഇക്കണ്ട വാര്യര്‍, ഡോ.എ.ആര്‍.മേനോന്‍, സി.ആര്‍.ഇയ്യുണ്ണി, സി.കുട്ടൻ നായർ തുടങ്ങിയ നേതാക്കൾ മുൻനിരയിലെത്തി. പിൽകാലത്ത് വൈദ്യുതി വിതരണം തൃശൂർ കോർപ്പറേഷൻ ഏറ്റെടുത്തു.

കല്ലറ പാങ്ങോട്ട് സ്വാതന്ത്ര്യ സമരം

തിരുവനന്തപുരം ജില്ലയിലെ കല്ലറ ചന്തയിൽ റവന്യൂ ഉദ്യോഗസ്ഥരും പോലീസുകാരും ജന്മിമാരുടെ ഗുണ്ടകളും ചേർന്ന് നടത്തിവന്ന അന്യായമായ ചന്തപ്പിരിവിനെതിരെയും സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെയും നടന്ന പ്രക്ഷോഭം. അധിക നികുതി കൊടുക്കാതിരുന്ന കർഷകരെ പോലീസുകാർ ആക്രമിച്ചു. അക്രമാസക്തരായ കർഷകർ പാങ്ങോട് പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പോലീസിന്റെയും ഗുണ്ടകളുടെയും ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. കല്ലറ - പാങ്ങോട് സമരത്തിൻ നേതൃത്വം നൽകിയ പട്ടാളം കൃഷ്ണൻ, കൊച്ചാപ്പിപ്പിള്ള എന്നിവരെ 1940 ൽ തൂക്കിക്കൊന്നു.

ഉത്തരവാദ ഭരണ പ്രക്ഷോഭം

1935-ലെ ഗവ. ഓഫ് ഇന്ത്യ ആക്ട് പ്രകാരം ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യകളിൽ നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളുടെ ചുവടുപിടിച്ച് നാട്ടുരാജ്യങ്ങളിലും കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ജനകീയ ആവശ്യം ഉയർന്നുവന്നു. അതിന്റെ പരിണിതഫലമായി തിരുവിതാംകൂർ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിയ സംഭവമാണ് ഉത്തരവാദഭരണപ്രക്ഷോഭം, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിച്ചത്. 1938 ഓഗസ്റ്റിലാണ് പ്രക്ഷോഭം തുടങ്ങിയത്. 1938 മേയ് മാസത്തിൽ സ്റ്റേറ്റ് കോൺഗ്രസ് മഹാരാജാവിന് ഒരു മെമ്മോറിയൽ രജിസ്റ്റർ ചെയ്ത് അയച്ചു. ഉത്തരവാദഭരണം അനുവദിക്കേണ്ടതിന്റെ ആവശ്യകത, ദിവാൻ സി.പി രാമസ്വാമി അയ്യരുടെ ഭരണവൈകല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരണമായിരുന്നു മെമ്മോറിയലിന്റെ ഉള്ളടക്കം. സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രസിഡന്റ് പദവിക്കുപകരം ഡിക്ടേറ്റർ (സർവാധിപതി) എന്ന പേരോടെ രൂപവത്‌കരിച്ച സമിതിയുടെ നേതൃത്വത്തിലാണ് നിയമലംഘന പ്രസ്ഥാനം ആരംഭിച്ചത്. ഒരു ഡിക്ടേറ്റർ അറസ്റ്റിലായാൽ ആ പദവി ഏറ്റെടുക്കേണ്ടയാളെ നേരത്തേതന്നെ നോമിനേറ്റ് ചെയ്യാൻ വ്യവസ്ഥയുണ്ടായിരുന്നു. പട്ടം താണുപിള്ളയായിരുന്നു ആദ്യ ഡിക്ടേറ്റർ. പട്ടം അറസ്റ്റിലായാപ്പോൾ എൻ.കെ.പദ്‌മനാഭപിള്ള (സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയുടെ സഹോദരൻ) രണ്ടാം ഡിക്ടേറ്ററായി. ഓഗസ്റ്റ് 31 -ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോൾ സ്വദേശമായ നെയ്യാറ്റിൻകരയിൽ അറസ്റ്റിനെതിരേ ജനങ്ങൾ പ്രക്ഷോഭം നടത്തി. പോലീസ് കമ്മിഷണറുടെ കാറും ട്രാൻസ്പോർട്ട് ബസും സഹിതം നിരവധി വാഹനങ്ങൾ ജനം അഗ്നിക്കിരയാക്കി പോലീസ് വെടിവെപ്പിൽ രാഘവൻ എന്നയാൾ മരണമടഞ്ഞു. നേതാക്കളെ അറസ്റ്റുചെയ്യുന്നതിനാൽ ആർ. വാസുദേവപിള്ള, എ.ജെ. ജോൺ, മിസിസ്സ് കുരുവിള, പി.കെ. കുമാരൻ, എൻ.വി.ചാക്കോ, പന്തളം കെ.പി. രാമൻപിള്ള, കടയ്ക്കാവൂർ എൻ. കുഞ്ഞിരാമൻ, എം.പി.ഫിലിപ്പോസ്, കെ.രാമകൃഷ്ണപിള്ള, അക്കമ്മ ചെറിയാൻ എന്നിവർ ഒന്നിനുപിറകേ ഒന്നായി സർവാധിപതി സ്ഥാനം വഹിച്ചു. തിരുവിതാംകൂറിലെ ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ കേരളത്തിന്റെ ഇതരഭാഗങ്ങളും സജീവമായി ഇടപെട്ടു. പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ച് കെപിസിസിയുടെ തീരുമാന പ്രകാരം എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ 28 പേർ അടങ്ങുന്ന ജാഥ കോഴിക്കോട്ടുനിന്ന് സെപ്റ്റംബർ 10-ന് പുറപ്പെട്ടു. ഈ ജാഥയെ യാത്രയാക്കാൻ സെപ്റ്റംബർ ഒൻപതിന് കോഴിക്കോട്ട് കടപ്പുറത്ത് വമ്പിച്ച പൊതുയോഗം നടന്നു. കോഴിപ്പുറത്ത് മാധവമേനോൻ, വി.ആർ.നായനാർ, കെ.എ. ദാമോദര മേനോൻ. കെപിസിസി പ്രസിഡൻറ് അബ്ദുൾ റഹ്മാൻ, യു. ഗോപാലമേനോൻ എന്നിവർ പങ്കെടുത്തു. സെപ്റ്റംബർ 16-ന് ജാഥ എറണാകുളത്തെത്തി. ജാഥയെ ആലുവയിൽ തടഞ്ഞ് നേതാക്കളെ അറസ്റ്റ് ചെയ്യ് (സെപ്റ്റംബർ 19) ആലപ്പുഴ ജയിലിലടച്ചു. മധുരയിൽനിന്ന് ശിവരാജപാണ്ഡ്യന്റെ നേതൃത്വത്തിൽ പുറപ്പെട്ട ജാഥ ചെങ്കോട്ട വഴി തിരുവിതാംകൂറിൽ പ്രവേശിച്ചു (ഒക്ടോബർ 6). ജാഥയെ അവിടെവച്ച് പോലീസ് അറസ്റ്റു ചെയ്യു. ശിവരാജ പാണ്ഡ്യൻ പോലീസ് മർദനത്തെത്തുടർന്ന് ലോക്ക് പ്പിൽ മരണപ്പെട്ടു. (ഒക്ടോബർ 8). ഗണപതി കമ്മത്തായിരുന്നു തെക്കൻ കർണാടക ജാഥയ്ക്ക് നേതൃത്വം നൽകിയത്. കെ.കെ.വാര്യർക്കായിരുന്നു കൊച്ചിൻ ജാഥയുടെ നേതൃത്വം. 1938 ഒക്ടോബർ 23-ന് രാജാവിന്റെ ജന്മദിനാഘോഷം നടക്കുന്ന വേളയിൽ ഉത്തരവാദഭരണ പ്രക്ഷോഭസമിതിയുടെ പന്ത്രണ്ടാമത് ഡിക്ടേറ്റർ അക്കമ്മ ചെറിയാന്റെ നേതൃത്വത്തിൽ ചരിത്രപ്രസിദ്ധമായ രാജധാനി മാർച്ച് നടന്നു. ഡിസംബറിൽ സ്റ്റേറ്റ് കോൺഗ്രസ് സമരം താത്കാലികമായി നിർത്തിവെച്ചു. പിന്നീട് സമരം പുനരാരംഭിച്ചെങ്കിലും 1939-ൽ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും 1942-ലെ ക്വിറ്റിന്ത്യാ സമരകാലത്ത് സ്റ്റേറ്റ് കോൺഗ്രസിന്റെതുൾപ്പടെയുള്ള നേതാക്കൾ ജയിലിലാക്കപ്പെടുകയും ചെയ്തതോടെ സമരം ജഡാവസ്ഥയിലായി.

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്

രാജവാഴ്ചയിലായിരുന്ന തിരുവിതാംകൂറിൽ ബ്രിട്ടീഷ് ഭരണത്തിന്റെ തുടക്കം മുതലേ രാഷ്ട്രീയ സമരങ്ങൾ ആരംഭിച്ചിരുന്നു. തിരുവിതാംകൂറിൽ ഉത്തരവാദഭരണം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ജനകീയ പ്രക്ഷോഭങ്ങൾ 1927 ഓടെ ശക്തിയാർജ്ജിക്കാൻ തുടങ്ങി. 1932 ൽ ഉജ്ജ്വലമായൊരു രാഷ്ട്രീയ പ്രക്ഷോഭണത്തിന് തിരുവിതാംകൂർ സാക്ഷ്യം വഹിച്ചു. നിവർത്തനപ്രക്ഷോഭം എന്ന പേരിൽ ഇതറിയപ്പെടുന്നു. 1938 ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് എന്ന പുതിയ സംഘടന രൂപീകൃതമായി. പട്ടം എ താണുപിള്ളയായിരുന്നു സംഘടനയുടെ ആദ്യത്തെ അധ്യക്ഷൻ. തിരുവിതാംകൂറിൽ ഉത്തരവാദഭരണം നേടിയെടുക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. ഇതിനായി ഒരു സിവിൽ നിയമലംഘന പ്രസ്ഥാനം പാർട്ടി ആരംഭിച്ചു. അക്കമ്മ ചെറിയാന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വമ്പിച്ചൊരു പ്രകടനവും നടത്തി.

രാജധാനി മാർച്ച്‌

1938 ഒക്ടോബർ 23ന് തിരുവിതാംകൂറിൽ ഉത്തരവാദ പ്രക്ഷോഭത്തിന്റെ ഭാഗമായി ജാഥ നയിച്ച യുവതിയാണ് അക്കാമ്മ ചെറിയാൻ. ഗാന്ധിജിയുടെ ഭാഷയിൽ "തിരുവിതാംകൂറിന്റെ ഝാൻസി റാണി". മഹാരാജാവിന്റെ ജന്മദിനമായിരുന്നു അന്ന്. തടവിൽ കഴിയുന്ന ജനനേതാക്കളെ മോചിപ്പിക്കുക, ഉത്തരവാദ ഭരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാജധാനിയിലേയ്ക്ക് നീങ്ങിയ ഇരുപതിനായിരത്തോളം സന്നദ്ധ ഭടന്മാർ അണിനിരന്ന ജാഥയെയാണ് അക്കമ്മ നയിച്ചത്. ജാഥ കോട്ടവാതിലിന് പുറത്തെത്തിയപ്പോൾ കേണൽ വാട്സൺ എന്ന ബ്രിട്ടീഷ് പട്ടാളമേധാവിയുടെ നേതൃത്വത്തിലുള്ള കുതിരപ്പട്ടാളം തടയാനെത്തി. കുത്തിയിരുന്ന ജാഥാംഗങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് കുതിരകൾ പാഞ്ഞു. ക്രൂരമായ മർദനം നടന്നു. പിരിഞ്ഞുപോകാത്തപക്ഷം വെടിവയ്ക്കുമെന്ന് പട്ടാളമേധാവികൾ ആക്രോശിച്ചപ്പോൾ അക്കമ്മ ആവർത്തിച്ചു : "ഞാനാണ് ജാഥ നയിക്കുന്നത്. ആദ്യം എന്റെ നെഞ്ചിൽ നിറയൊഴിക്കുക". കാഞ്ചി വലിക്കാൻ പട്ടാള മേധാവിക്ക് ധൈര്യം വന്നില്ല. രാഷ്ട്രീയത്തടവുകാരുടെ മോചന രേഖയിൽ മഹാരാജാവിന് ഒപ്പു വയ്‌ക്കേണ്ടിവന്നു. കേരളത്തിന്റെ 'ജൊവാൻ ഓഫ് ആർക്ക്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അക്കമ്മ ചെറിയാൻ നയിച്ച രാജധാനി മാർച്ച് വിജയിച്ചു. ഈ സംഭവത്തെപ്പറ്റി 'ജീവിതം ഒരു സമരം' എന്ന ആത്മകഥയിൽ അവർ ഇപ്രകാരം കുറിച്ചു: "ഏൽപ്പിക്കപ്പെട്ട ജോലിയുടെ ഗൗരവത്തെക്കുറിച്ച് എനിക്കറിയാമായിരുന്നു. അനന്തരഫലങ്ങളെക്കുറിച്ചും എനിക്കറിയാമായിരുന്നു. പക്ഷേ എന്നിട്ടും ഞാൻ അത് ഏറ്റെടുത്തു."

വട്ടിയൂർക്കാവ് സമ്മേളനം

1938 ഡിസംബർ 22ന് അന്നത്തെ തിരുവിതാംകൂർ ദിവാൻ സി.പി.രാമസ്വാമി അയ്യരുടെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് സ്റ്റേറ്റ് കോൺഗ്രസ് സംഘടിപ്പിച്ചതാണ് വട്ടിയൂർക്കാവ് സമ്മേളനം. ഉത്തരവാദ ഭരണപ്രക്ഷോഭത്തെ തുടര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസിനെയും യുവജനസംഘടനയായ യൂത്ത് ലീഗിനെയും നിയമവിരുദ്ധമായി സി.പി.രാമസ്വാമി അയ്യർ പ്രഖ്യാപിച്ചു. ഇതേതുടർന്ന് സംസ്ഥാന വ്യാപകമായി 1938 ഓഗസ്റ്റ് 26ന് നിയമലംഘന പ്രസ്ഥാനത്തിന് രൂപം നൽകുവാൻ സ്റ്റേറ്റ് കോൺഗ്രസ് തീരുമാനിച്ചു. മുൻകൂട്ടിയുള്ള തീരുമാനം അനുസരിച്ച് ഓഗസ്റ്റ് 26ന് തിരുവനന്തപുരം ശംഖുമുഖത്തുവച്ച് സമ്മേളനം നടന്നു. സമ്മേളനത്തെത്തുടർന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് പട്ടം താണുപിള്ള അറസ്റ്റിലായി. ഇതേതുടര്‍ന്ന് ഡിസംബർ നാലാം വാരം എ.നാരായണപിള്ളയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന വാർഷിക സമ്മേളനം തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിൽ നടത്താൻ തീരുമാനിച്ചു. സമ്മേളനവിവരമറിഞ്ഞ് ജില്ലാ മജിസ്‌ട്രേട്ട് ഡിസംബർ 13 മുതൽ രണ്ടു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവ് പ്രദേശം പൊലീസും പട്ടാളവും വളഞ്ഞു. എന്നാൽ 1938 ഡിസംബർ 22ന് പോലീസിന്റെ ശ്രദ്ധതിരിക്കാനായി എ.നാരായണപിള്ള തമ്പാനൂരിൽ മറ്റൊരു യോഗത്തിൽ പങ്കെടുത്തു. അതേസമയം പലവഴിക്കെത്തിയ പതിനായിരക്കണക്കിന് ജനങ്ങൾ പൊലീസിനെയും പട്ടാളത്തെയും തള്ളിമാറ്റി വട്ടിയൂർക്കാവ് സമ്മേളനത്തിനെത്തി. സമ്മേളനത്തിന് എ.കുഞ്ഞന്‍നാടാർ അധ്യക്ഷത വഹിച്ചുകൊണ്ട് എ.നാരായണപിള്ളയുടെ പ്രസംഗം വായിച്ചു. തുടർന്ന് പ്രമേയം പാസാക്കികൊണ്ട് ആദ്യ വാർഷിക സമ്മേളനം നടത്തി. സർക്കാരിന്റെ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് വട്ടിയൂര്‍ക്കാവിൽവച്ച് സമ്മേളനം നടത്തിയതിനാൽ സംസ്ഥാന പോലീസ് ഉടൻതന്നെ സമ്മേളനത്തിന്റെ സംഘാടകരെ നിയമവിരോധ പ്രവർത്തനങ്ങൾ നടത്തി എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്‌തു. തിരുവിതാംകൂറിൽ നടന്ന സ്വാതന്ത്ര്യസമരത്തിലെ പോരാട്ടങ്ങളിലെ നാഴികക്കല്ലുകൂടിയായിരുന്നു വട്ടിയൂര്‍ക്കാവ് സമ്മേളനം.

കൊച്ചി രാജ്യ പ്രജാമണ്ഡലം

വി.ആർ.കൃഷ്ണനെഴുത്തച്ഛൻ പ്രസിഡന്റായി 1941 ജനുവരി 26ന് കൊച്ചി രാജ്യ പ്രജാമണ്ഡലം എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ സംഘടന നിലവിൽവന്നു. കൊച്ചിയിൽ പ്രായപൂർത്തി വോട്ടവകാശത്തോടെയുള്ള ഉത്തരവാദഭരണത്തിനു വേണ്ടിയാണ് സംഘടന രൂപംകൊണ്ടത്. ദ്വിഭരണ സമ്പ്രദായം അംഗീകരിച്ചതിന്റെ പേരിൽ കൊച്ചിൻ കോൺഗ്രസ് ഉപേക്ഷിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസുകാരായിരുന്നു ഇതിലെ അംഗങ്ങളിൽ ഭൂരിഭാഗവും. എസ്.നീലകണ്‌ഠ അയ്യർ, വി.ആർ.കൃഷ്ണനെഴുത്തച്ഛൻ എന്നിവർ ചേർന്നാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം സ്ഥാപിച്ചത്. ഇക്കണ്ട വാര്യർ, പനമ്പള്ളി ഗോവിന്ദ മേനോൻ, കെ.അയ്യപ്പൻ തുടങ്ങിയവരായിരുന്നു പ്രധാന നേതാക്കൾ. 1942 ജനുവരിയിൽ കൊച്ചി രാജ്യപ്രജാമണ്ഡലിന്റെ ആദ്യ സമ്മേളനം ഇരിങ്ങാലക്കുടയിൽ നടത്തണമെന്നു തീരുമാനിക്കപ്പെട്ടു. എന്നാൽ അന്ന് കൊച്ചി ദിവാനായിരുന്ന എ.എഫ്.ഡബ്ള്യു.ഡിക്‌സൺ ഈ സമ്മേളനം നിരോധിച്ചു. എങ്കിലും സംഘടനയുടെ നേതാക്കൾ സമ്മേളനം നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോയി. എസ്.നീലകണ്‌ഠ അയ്യർ ഉൾപ്പെടെയുള്ള സംഘടനയുടെ നേതാക്കൾ തടവിലാക്കപ്പെട്ടു. എന്നാൽ നിരോധനാജ്ഞ നിലവിലിരിക്കെത്തന്നെ സമ്മേളനം നടക്കപ്പെട്ടു. ക്വിറ്റ് ഇന്ത്യ സമരകാലത്ത് കൊച്ചി രാജ്യ പ്രജാമണ്ഡലം പ്രവർത്തകർ അനവധി സമ്മേളനങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. 1946 ജൂലൈ 29 ന് ഉത്തരവാദഭരണ ദിനമായി പ്രജാമണ്ഡലം ആചരിച്ചു. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ഉത്തരവാദഭരണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 14ന് കൊച്ചിയിൽ സർക്കാർ രൂപംകൊണ്ടു. തുടർന്ന് പനമ്പള്ളി ഗോവിന്ദ മേനോൻ കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രിയായി. പ്രജാമണ്ഡലത്തിന്റെ പ്രവർത്തകർ ഉയർത്തിപ്പിടിച്ച ആശയങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു കൃഷിഭൂമി കർഷകന് ലഭിക്കണമെന്നത്. ഇതിന്റെ ഫലമായി ഭൂപരിഷ്‌കരണ നിയമത്തിന്റെ നിർമാണവും നടപ്പാക്കലും നീട്ടിവക്കാൻ വയ്യാതായി.

കടയ്ക്കൽ പ്രക്ഷോഭം

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1938ൽ ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കും കടയ്ക്കൽ ചന്തയിലെ അന്യായ കരം പിരിവിനുമെതിരായി കർഷകർ നടത്തിയ ധീരമായ പോരാട്ടമാണ് കടയ്ക്കൽ സമരം. 1938 സെപ്തംബർ 21ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സംഘടിപ്പിച്ച യോഗത്തിന് നേരെ പോലീസ് നടത്തിയ ലാത്തി ചാർജും വെടിവെയ്പ്പും ദേശാഭിമാനികളായ കടയ്ക്കൽ നിവാസികളിൽ രോഷമുളവാക്കി. കടയ്ക്കൽ ചന്തയിലെ അന്യായ കരം പിരിവിൽ പൊറുതിമുട്ടിയ കർഷകർ പിറ്റേദിവസം ആൽത്തറയിൽ യോഗം ചേർന്നു. 1938 സെപ്തംബർ 26ന് നികുതി നൽകാതെ അവർ സമാന്തര ചന്ത നടത്തി. കോൺട്രാക്ടറുടെ ഗുണ്ടകളും പോലീസും നാട്ടുകാരെ നേരിട്ടെങ്കിലും പരാജയപ്പെട്ടു. നാടുവാഴിദുർഭരണത്തിനും അതിന്റെ രക്ഷകരായ ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കും എതിരെ കർഷക യുവാക്കൾ ഒത്തുകൂടി. 'കടയ്ക്കൽ ഫ്രാങ്കോ' എന്ന പേരിൽ അറിയപ്പെട്ട രാഘവൻപിള്ള ആയിരുന്നു പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിച്ചത്. 1938 സെപ്റ്റംബർ 29ന് പൊലീസ് സ്റ്റേഷൻ തകര്‍ത്തായിരുന്നു ജനകീയപ്രതിരോധം അവസാനിച്ചത്. പിന്നാലെ കടയ്ക്കലിനെ ഒരു സ്വതന്ത്ര്യരാജ്യമായി ജനം പ്രഖ്യാപിച്ചു. ദിവസങ്ങൾക്ക് ശേഷം ​ജനങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാൻ സർ സി.പിയുടെ നിർദേശപ്രകാരം പൊലീസ് കൊടിയ മർദനം അഴിച്ചുവിട്ടു.

മൊറാഴ സമരം

സർക്കാറിന്റെ മർദനനയത്തിനെതിരെ ഇടതുപക്ഷ നേതൃത്വത്തിലുള്ള കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം മലബാറിൽ 'മർദനപ്രതിഷേധ ദിനം' ആചരിച്ചു. പ്രതിഷേധസമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും പങ്കെടുത്തു. തലശ്ശേരിയിൽ വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. മൊറാഴയിൽ പോലീസും ജനക്കൂട്ടവും ഏറ്റുമുട്ടി. എസ്.ഐ.കുട്ടിക്കൃഷ്ണ മേനോൻ കൊല്ലപ്പെട്ടു. മൊറാഴ സംഭവം എന്നറിയപ്പെട്ട ഈ കേസിലാണ് കെ.പി.ആർ ഗോപാലനെ വധശിക്ഷയ്ക്കു വിധിച്ചത്. ഗാന്ധിജി ഉൾപ്പെടെയുള്ള ദേശീയനേതാക്കൾ ഇടപെട്ടതിനാൽ 1946ന് വധശിക്ഷ ജീവപര്യന്തമാക്കി മാറ്റി.

കയ്യൂർ സമരം

കാസര്‍കോഡ്‌ ജില്ലയിലെ കയ്യൂരിൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കര്‍ഷകർ ജന്മിത്വത്തിനെതിരെ നടത്തിയ സമരമാണിത്‌. കര്‍ഷക സംഘാംഗങ്ങള്‍ക്കെതിരെ പോലിസ്‌ നടത്തുന്ന അറസ്റ്റിലും പീഡനത്തിലും പ്രതിഷേധിച്ച് 1941 മാർച്ച് 28 ന് കയ്യൂരിൽ പ്രക്ഷോഭം നടത്തിയ കര്‍ഷകർ സുബ്ബരായൻ എന്ന പോലീസുകാരനുമായി ഏറ്റുമുട്ടി. സുബ്ബരായൻ പുഴയിലേക്ക്‌ എടുത്തുചാടുകയും മുങ്ങിമരിക്കുകയും ചെയ്തു. തുടര്‍ന്ന്‌ കയ്യൂർ ഗ്രാമത്തിൽ പോലിസുകാരുടെ ഭീകരവാഴ്ച നടമാടി. കയ്യൂർ സമരത്തെത്തുടർന്ന് 61 പേർ പോലീസ് പിടിയിലായി. പോലീസ്‌ കേസ്‌ ചാർജ് ചെയ്തവരിൽ നാലുപേര്‍ക്ക്‌ വധശിക്ഷ ലഭിച്ചു. 1943 മാര്‍ച്ച്‌ 29 ന് കര്‍ഷകസംഘം പ്രവര്‍ത്തകരായ മഠത്തിൽ അപ്പു, കോയിത്താട്ടിൽ ചിരുകണ്ടന്‍, പള്ളിക്കൽ അബ്ദുബക്കർ, പെഡോര കുഞ്ഞമ്പുനായർ എന്നിവരെ കണ്ണൂർ ജയിലിൽ തൂക്കിലേറ്റി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ചുരിക്കാടൻ കൃഷ്ണൻനായരെ പ്രായപൂർത്തിയാകാത്തതിനാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കി ദുർഗുണപരിഹാര പാഠശാലയിലേക്കയച്ചു.

കീഴരിയൂർ ബോംബ് കേസ്

1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് മലബാറിൽ നടന്ന പ്രസിദ്ധമായ ബോംബുകേസാണ് കീഴരിയൂർ ബോംബ് കേസ്. ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് മലബാറിലുടനീളം നിയമലംഘനം നടക്കുകയും സ്കൂളുകൾ, കോളേജുകൾ, നീതിന്യായ കോടതികൾ എന്നിവ പിക്കറ്റ് ചെയ്യപ്പെടുകയും ചെയ്‌തു. ഗവൺമെന്റ് അടിച്ചമർത്തൽ നയം സ്വീകരിച്ചതിനാൽ പ്രസ്ഥാനം ഒളിപ്രവർത്തനങ്ങളിൽ മുഴുകി. യുവാക്കളായ കോൺഗ്രസ് പ്രവർത്തകരിൽ ചിലർ ഡോ.കെ.ബി.മേനോന്റെ നേതൃത്വത്തിൽ ഒരു സോഷ്യലിസ്റ്റ് വിഭാഗമായി പ്രവർത്തിച്ചുകൊണ്ട് പ്രസ്ഥാനത്തിൽ പങ്കുചേർന്നു. കീഴരിയൂരിൽ ബോംബ് സ്ഫോടനം നടത്തുവാൻ അവർ തീരുമാനിച്ചു. ഡോ.കെ.ബി. മേനോനും സഹപ്രവർത്തകരും നടത്തിയ രഹസ്യയോഗത്തിൽ നവംബർ 9ന് വിധ്വംസക ദിനമായി പ്രഖ്യാപിച്ചു. എന്നാൽ നവംബർ 9ന് ബോംബ് നിർമാണം പൂർത്തീകരിക്കാത്തതിനാൽ നവംബർ 17ലേക്കു മാറ്റി. ഗവൺമെന്റ് കെട്ടിടങ്ങൾ, റെയിൽപ്പാതകൾ, പാലങ്ങൾ എന്നിവിടങ്ങളിൽ ആളപായമില്ലാതെ ബോംബു പൊട്ടിച്ച് ബ്രിട്ടിഷുകാരെ ഞെട്ടിക്കാനായിരുന്നു പദ്ധതി. 1942 നവംബർ 17ന് സ്ഫോടനങ്ങൾ നടന്നു. എല്ലായിടത്തും ബോംബു പൊട്ടിക്കാനുള്ള പദ്ധതി പരാജയപ്പെട്ടെങ്കിലും വിവിധയിടങ്ങളിൽ ഒരേസമയം ബോംബ് സ്ഫോടനമുണ്ടായി. സംഭവത്തിനുശേഷം ബ്രിട്ടീഷ് പോലീസ് ഡോ.കെ.ബി.മേനോനും കുഞ്ഞിരാമ കിടവുമുൾപ്പെടെ ഇരുപത്തേഴുപേരെ പ്രതികളാക്കി കീഴരിയൂർ ബോംബ് കേസ് രജിസ്റ്റർ ചെയ്തു. ഡോ.കെ.ബി.മേനോനും പന്ത്രണ്ടുപേരും നീണ്ട കാലയളവുകളിലേക്കുള്ള തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലായി. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത് 'സ്വതന്ത്രഭാരതം' എന്ന പത്രം രഹസ്യമായി ഈ സംഭവം അച്ചടിച്ചു പ്രസിദ്ധപ്പെടുത്തി. സംഭവങ്ങളുടെ യാഥാർത്ഥരൂപം ജനങ്ങളെ അറിയിക്കുന്നതിനായിരുന്നു ഇത്.

അഖിലേന്ത്യാതലത്തിൽ ചർച്ചചെയ്യപ്പെട്ട കീഴരിയൂർ ബോംബ് കേസിനെക്കുറിച്ച് അറിയുവാൻ സുബാഷ് ചന്ദ്ര ബോസ് കെ.ബി.മേനോനെഴുതിയ കത്ത് പ്രസിദ്ധമാണ്. വി.എ.കേശവൻ നായർ രചിച്ച 'ഇരുമ്പഴിക്കുള്ളിൽ' എന്ന പുസ്‌തകം കീഴരിയൂർ ബോംബ് കേസിനെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമാണ്.

ക്വിറ്റ് ഇന്ത്യാ സമരം കേരളത്തിൽ

1940 ഒക്ടോബറിൽ ബ്രിട്ടീഷ്‌ ഭരണത്തിനെതിരെയുള്ള ഗാന്ധിജിയുടെ വ്യക്തിസത്യാഗ്രഹത്തിന്റെ പ്രതിദ്ധ്വനി കേരളത്തിലുമെത്തി. 1942ൽ കേരളത്തിൽ നടന്ന ക്വിറ്റ് ഇന്ത്യ സമരത്തിൽ അനവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് കേരളത്തിലുടനീളം നിയമലംഘനം നടക്കുകയും സ്കൂളുകൾ, കോളേജുകൾ, നീതിന്യായ കോടതികൾ എന്നിവ പിക്കറ്റ് ചെയ്യപ്പെടുകയും ചെയ്‌തു. ഗവൺമെന്റ് അടിച്ചമർത്തൽ നയം സ്വീകരിച്ചതിനാൽ പ്രസ്ഥാനം ഒളിപ്രവർത്തനങ്ങളിൽ മുഴുകി. ഡോ.കെ.ബി.മേനോന്റെ നേതൃത്വത്തിൽ ഒരു സംഘം സോഷ്യലിസ്റ്റ് പ്രവർത്തകർ കീഴരിയൂരിൽ ബോംബ് ആക്രമണം നടത്തി. കർഷക സംഘത്തിന്റെ നേതൃത്വത്തിൽ സമരകാലത്ത് കയ്യൂർ, മൊറാഴ, കരിവെള്ളൂർ എന്നീ പ്രദേശങ്ങളിൽ സമരങ്ങൾ നടത്തി. സർക്കാർ കെട്ടിടങ്ങൾ നശിപ്പിക്കുക, പാലങ്ങൾ തകർക്കുക, ടെലഗ്രാഫ് കമ്പികൾ മുറിച്ചിടുക തുടങ്ങിയ പ്രതിഷേധ പ്രകടനങ്ങൾ ക്വിറ്റ് ഇന്ത്യ സമരക്കാലത്ത് കേരളത്തിൽ നടന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത് 'സ്വതന്ത്രഭാരതം' എന്ന മാസിക കേരളത്തിലെ പ്രക്ഷോഭകരിൽ ആത്മവിശ്വാസം പകരുകയും സംഭവങ്ങളുടെ യാഥാർത്ഥരൂപം ജനങ്ങളെ അറിയിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്തു.

കൂത്താളി സമരം

കൂത്താളി എസ്റ്റേറ്റിലെ കർഷകരുടെ കൃഷിഭൂമി മലബാർ കളക്ടർ പാട്ടത്തിന് എടുത്തതിനെതിരെ 1940-50കളിൽ കർഷകർ നടത്തിയ സമരമായിരുന്നു കൂത്താളി സമരം. 30,000 ഏക്കറായിരുന്നു എസ്റ്റേറ്റിന്റെ വിസ്തീർണ്ണം. ഇതിൽ 20,000 ഏക്കർ ഭൂമി പുനം കൃഷിക്ക് അനുയോജ്യമായിരുന്നു. കൃഷിഭൂമി ഏറ്റെടുത്തതുകാരണം പുനം കൃഷി മുഖ്യ ഉപജീവന മാർഗ്ഗമാക്കിയ കർഷകകുടംബങ്ങളെ ദുരിതക്കയത്തിലാഴ്ത്തി. ഇതേതുടർന്ന് വരുമാനവും ഭക്ഷണവും നിലച്ച് എന്തു ചെയ്യണമെന്നറിയാതെ പകച്ച കർഷകർക്ക് കൂത്താളിയിലെ കർഷകസംഘം തുണയായി. കർഷകസംഘം എസ്റ്റേറ്റിൽ കടന്നുകയറി കൃഷി ആരംഭിച്ചു. കൂത്താളി മലവാരം ചെത്തി കൃഷിയിറക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചു. ഇതേതുടർന്ന് സർക്കാർ വൻ പൊലീസ് സംഘത്തെ വിന്യസിപ്പിച്ച് കർഷകസംഘത്തെ പിന്തിരിപ്പിച്ചു. 1946ൽ തരിശുഭൂമി കൃഷിക്ക് കൊടുക്കുക എന്ന മുദ്രാവാക്യമുയർത്തി കുറുമ്പ്രനാട് താലൂക്കിലെ പേരാമ്പ്ര ബാലുശ്ശേരിയിൽ കൃഷിക്കാർ സമരം ആരംഭിച്ചു. സമരം ശക്തിപ്പെട്ടതോടെ കർഷകരുടെ പാട്ടഭൂമി തിരിച്ചു നൽകാം എന്ന സന്ധിയിൽ ഒപ്പുവച്ചു. 1947-1500 ഏക്കർ പുനം കൃഷിക്കായി വിട്ടു കൊടുക്കാൻ സർക്കാർ തയ്യാറായി. എന്നാൽ സമരം വീണ്ടും തുടർന്നു. കൂത്താളിയിലെ കർഷകർക്ക് തങ്ങളുടെ പാട്ടഭൂമിയുടെ സമ്പൂർണ്ണ അവകാശം ലഭിച്ചത് 1967ലെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്താണ്. ചക്കിട്ട പാറ, കൂരച്ചുണ്ട്, ചെങ്ങരോത്ത് താലൂക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലും സമരങ്ങൾ അരങ്ങേറിയത്.

എം.എസ്.പി സമരം

ഇന്ത്യയിലെ ഏറ്റവും പഴയ രണ്ടാമത്തെ അർദ്ധസൈനിക സേനയാണ് മലബാർ സ്പെഷ്യൽ പോലീസ്. 1884  ബ്രിട്ടീഷ് സൈന്യം മലപ്പുറം സ്പെഷ്യൽ പോലീസ്‌ എന്ന പേരിൽ ഒരു പ്രത്യേക സേന രൂപവത്കരിച്ചു. 1921ൽ മലബാർ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അത്‌ അമർച്ച ചെയ്യുന്നതിനു വേണ്ടി മലപ്പുറം സ്പെഷ്യൽ പോലീസ്‌, മലബാർ സ്പെഷ്യൽ പോലീസ് എന്ന് പുനർനാമകരണം ചെയ്തു. 1932ൽ എം.എസ്.പി നാല് കമ്പനികളായി പുനഃസംഘടിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് 16 കമ്പനികളായി ഉയർത്തി. 1946-ൽ മലബാർ പോലീസിന്റെ വേതനവും മറ്റ് അനൂകൂല്യങ്ങളും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മലബാർ പോലീസിലെ ഉദ്യോഗസ്‌ഥർ സമരം നടത്തി. 1946 ഏപ്രിൽ 24ന് മദ്രാസ് സർക്കാർ ഈ സമരത്തെ അടിച്ചമർത്തി. 1946 ഏപ്രിൽ 16 - ഏപ്രിൽ 24 കാലയളവിലായിരുന്നു സമരം. ഈ സമരത്തിന് ശേഷം ഏകദേശം 645 പോലീസുകാരെ ബ്രിട്ടീഷ് ഗവൺമെന്റ് പിരിച്ച് വിട്ടു. സമരത്തിനുശേഷം എം.എസ്.പി 12 കമ്പനികളായി ചുരുങ്ങി. തൊഴിലും ഉപജീവന മാർഗ്ഗവും നഷ്ടപ്പെട്ട പോലീസുകാർക്ക് പെൻഷനും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടു. സ്വാതന്ത്ര്യന്തരം എം.എസ്.പി സമരം സ്വാതന്ത്ര്യ സമരമായി അംഗീകരിക്കപ്പെട്ടു.

പുന്നപ്ര വയലാർ സമരം

സ്വതന്ത്ര തിരുവിതാംകൂർവാദവും അതെ തുടർന്ന് ദിവാൻ സി.പി രാമസ്വാമി അയ്യരുടെ അമേരിക്കൻ മോഡൽ ഭരണസംവിധാനത്തിന്റെ പ്രഖ്യാപനവും പുന്നപ്ര-വയലാർ സമരത്തിലാണു കലാശിച്ചത്. 1946 ൽ സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ് ഇടതുപക്ഷവും സോഷ്യലിസ്റ്റ് പാർട്ടിയും ശക്തമായി എതിർത്തു. 1946 സെപ്റ്റംബർ 24 ന് ആലപ്പുഴ ജില്ലയുടെ പല ഭാഗങ്ങളിലും തൊഴിലാളികൾ പണിമുടക്കി. ഇതോടെ ഒക്ടോബർ ഒന്നിനു ദിവാൻ സി.പി. കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ട്രേഡ് യൂണിയനുകളെയും നിരോധിച്ചു. പൊതുപണിമുടക്കിന്റെ ഭാഗമായി പുന്നപ്ര, വയലാർ തുടങ്ങിയ സ്ഥലങ്ങളിൽ സമരാനുകൂലികളും പട്ടാളവും തമ്മിൽ ഏറ്റുമുട്ടി. വെടിവയ്പിന്റെ ഫലമായി അനവധി പേർ കൊല്ലപ്പെട്ടു. ഈ ദുരന്തവാർത്ത രാജ്യം മുഴുവൻ പ്രചരിച്ചതോടെ പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ദിവാൻ ഭരണം അവസാനിപ്പിക്കേണ്ടി വന്നു. ഇതിനിടെ ദിവാൻ സി.പി.രാമസ്വാമി അയ്യർക്കെതിരെ ഒരു വധശ്രമവും നടന്നു. ഇതോടെ ദിവാൻ രാജിവയ്ക്കുകയും ചെയ്തു. എം.എൻ.ഗോവിന്ദൻ നായർ, കെ.സി.ജോർജ്ജ് പത്രോസ്, കുമാരപ്പണിക്കർ, ടി.വി.തോമസ് തുടങ്ങിയവരായിരുന്നു സമരത്തിനു നേതൃത്വം നൽകിയത്.

കരിവെള്ളൂർ സമരം

കേരളത്തിലെ കരിവെള്ളൂരിൽ 1946ൽ ജന്മിവ്യവസ്ഥക്കെതിരെ കർഷകത്തൊഴിലാളികളും കൈത്തൊഴിലാളികളും നടത്തിയ ഒരു സുപ്രധാന കർഷക സമരമായിരുന്നു കരിവെള്ളൂർ സമരം. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ നടന്ന കരിഞ്ചന്തയും പൂഴ്ത്തിവയ്‌പുംമൂലം ഭക്ഷ്യവസ്തുക്കൾ കിട്ടാതായി. കൂടാതെ കോളറ പിടിപെട്ട് ജനങ്ങൾക്ക് ജീവഹാനി സംഭവിച്ചിട്ടുകൂടി ചിറക്കൽ കോവിലകത്തെ ജന്മികൾ ഇത്തരം കെടുതികൾ ഒന്നും കണ്ടെന്നു വച്ചില്ല. എന്നാലും കുടിയാന്മാരിൽ നിന്നും ലഭിക്കേണ്ട പാട്ടവും, വരവും ഒന്നും തന്നെ അവർ കുറയ്ക്കാൻ തയ്യാറായിരുന്നില്ല. കൂടാതെ, സാധാരണക്കാർ വിളയിച്ച നെല്ല് വാരമായും പാട്ടമായും അക്രമപ്പിരിവുകളായും ചിറക്കൽ രാജാവ് കടത്തിക്കൊണ്ടുപോയി അവരുടെതന്നെ പത്തായത്തിൽ പൂഴ്ത്തിവെച്ചു. പട്ടിണിയിലായ കർഷകർ നെല്ല് കടത്തരുതെന്നും ന്യായവില സ്റ്റോറിലൂടെ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഈ പൂഴ്ത്തിവെയ്പ്പിനെതിരെ അഭിനവ ഭാരത് യുവക് സംഘവും കർഷകസംഘവും കമ്യൂണിസ്റ്റ് പാർട്ടിയും ചേർന്ന് ജനങ്ങളെ സമരസജ്ജരാക്കി. കരിവെള്ളൂരിൽ നിന്ന് ചിറയ്ക്കൽ കോവിലകത്തേക്ക് കൊണ്ട് പൊയ്‌ക്കൊണ്ടിരുന്ന നെല്ല് നേതാക്കൾ തടയുകയും ഗ്രാമനിവാസികൾക്ക് അത് വിതരണം ചെയ്യുകയും ചെയ്‌തു. എന്നാൽ ചിറക്കൽ തമ്പുരാന്റെ കാര്യസ്ഥർ പോലീസിനെക്കൂടാതെ ഗുണ്ടകളുടെയും എംഎസ്‌‌പിയുടെയും പിൻബലത്തിൽ നെല്ല് കടത്താനെത്തി. പോലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി. എം.എസ്.പി. തോക്കുപയോഗിച്ച് നിറയൊഴിച്ചു. നിരവധി കർഷകർക്ക് വെടിയേൽക്കുകയും മുറിവേൽക്കുകയും ചെയ്തു. നേതാക്കളായ തിടിൽ കണ്ണനും കീനേരി കുഞ്ഞമ്പുവും രക്തസാക്ഷികളായി.

കുട്ടംകുളം സമരം

തൃശ്ശൂരിലെ കൂടൽമാണിക്യ ക്ഷേത്ര പരിസരത്തുകൂടിയുള്ള റോഡിൽ അവർണർക്കു സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെ തുടർന്ന് 1946ൽ നടന്ന സമരമാണ് കുട്ടംകുളം സമരം. കുട്ടംകുളം സമരം വഴിനടക്കൽ സമരമെന്നും അറിയപ്പെടുന്നു. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചിട്ടും പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ക്ഷേത്രപ്രവേശനം വിലക്കിയിരുന്നു. ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതിയോടെയാണ് അക്കാലത്ത് തീണ്ടൽ പാലിച്ചിരുന്നത്. ക്ഷേത്ര പരിസരത്ത് മജിസ്ട്രേറ്റിന്റെ തീണ്ടൽ ബോർഡും സ്ഥാപിച്ചിരുന്നു. തീണ്ടൽ ബോർഡ് മാറ്റിക്കിട്ടുവാനും ക്ഷേത്രത്തിനു മുൻവശമുള്ള നടപ്പാത അവർണ്ണർക്കായി തുറന്നു കിട്ടുവാനുമാണ് ഈ സമരം പ്രധാനമായും സംഘടിപ്പിക്കപ്പെട്ടത്. എം.കെ. കാട്ടുപറമ്പന്റെ നേതൃത്വത്തിൽ ഇരുപത്തഞ്ചോളം പേർ കുട്ടംകുളം റോഡിൽ കയറുവാൻ ചാലക്കുടിയിൽ നിന്നു പുറപ്പെടുകയും നഗരാതിർത്തിയിൽ പോലീസ് അവരെ തടയുകയും ചെയ്‌തു. തുടർന്നു നടന്ന ചർച്ചയിൽ ക്ഷേത്രപ്രവേശകർമ്മസമിതി സമരം ഏറ്റെടുക്കുമെന്ന വ്യവസ്ഥയിൽ ജാഥ പിരിച്ചുവിട്ടു. എന്നാൽ ജൂൺ 23ന് അയ്യങ്കാവ് മൈതാനത്തുചേർന്ന സഞ്ചാരസ്വാതന്ത്ര്യ പ്രഖ്യാപന സമ്മേളനത്തെത്തുടർന്ന് കുട്ടംകുളം റോഡിലേക്ക് നൂറുക്കണക്കിന് സമരഭടന്മാർ എത്തി. പി. ഗംഗാധരൻ , കെ വി.ഉണ്ണി തുടങ്ങിയ സമരനായകരുടെ നേതൃത്വത്തിൽ നടന്ന ജാഥ കുട്ടംകുളം റോഡിനുസമീപത്ത് വച്ച് പോലീസ് തടയുകയും, ജാഥാംഗങ്ങളെ പോലീസ് ഭീകരമായി മർദിക്കുകയും ചെയ്തു.

തോൽവിറക് സമരം

1946 നവംബറിൽ ചീമേനി എസ്റ്റേറ്റിൽ ആരംഭിച്ച തോൽവിറക് സമരം സ്ത്രീകൾ നയിച്ച പ്രധാനപ്പെട്ട സമരങ്ങളിൽ ഒന്നായിരുന്നു. ജന്മികുടുംബത്തിൽ നിന്നും ദേശീയപ്രസ്ഥാനത്തിലേക്ക് വന്ന ടി.സുബഹ്മണ്യൻ തിരുമുമ്പ് എന്നയാളുടേതായിരുന്ന താഴക്കാട് മനയ്ക്ക് കീഴിലായിരുന്നു ചീമേനി ഉൾപ്പെടുന്ന പ്രദേശം. കർഷകസ്ത്രീകൾ ചീമേനി കാട്ടിൽ നിന്നുമായിരുന്നു വിറകും തോലും നാട്ടയും പുരമേയാനുള്ള പുല്ലും മറ്റും ശേഖരിച്ചിരുന്നത്. അടുപ്പ് കത്തിക്കാനും മൃഗങ്ങൾക്ക് ഭക്ഷണം നൽകാനുമെക്കെയുള്ള ഏക ആശ്രയം ചീമേനി എസ്റ്റേറ്റായിരുന്നു. അതിനിടെ സുബ്രഹ്മണ്യൻ തിരുമുമ്പ് ഈ എസ്റ്റേറ്റ് ജോൺ കൊട്ടുകാപ്പള്ളി എന്നയാൾക്ക് കൈമാറി. ജോൺ കൊട്ടുകാപ്പള്ളി കാട്ടുവിഭവങ്ങൾ ശേഖരിക്കുന്നതിന് വിലക്കേർപ്പെടുത്തി. കാലങ്ങളായി ചീമേനി കാടിനെ ആശ്രയിച്ചിരുന്ന സ്ത്രീകൾക്ക് ഇത് അവകാശലംഘനമായി അനുഭവപ്പെട്ടു. കർഷകസംഘത്തിന്റെ നേതൃത്വത്തിൽ അവർ സംഘടിതപ്രതിഷേധം ആസൂത്രണം ചെയ്തു. സുബ്രഹ്മണ്യൻ തിരുമുമ്പ് ചീമേനി എസ്റ്റേറ്റിന്റെ മുൻ ജന്മിയായിരുന്നതിനാൽ ഈ പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുത്തില്ല. പകരം അദ്ദേഹത്തിന്റെ ഭാര്യ കാർത്യായനിയമ്മയാണ് ആളുകളെ സംഘടിപ്പിക്കാൻ നേതൃത്വം നൽകിയത്. കെ.എ. കേരളീയൻ എഴുതിയ 'തോലും വിറകും ഞങ്ങളെടുക്കും കാലൻവന്നുതടുത്താലും.......' എന്ന വരികൾ മുദ്രാവാക്യമാക്കി 1946-ൽ നൂറിലേറെ സ്ത്രീകൾ സംഘടിച്ച് ചീമേനി എസ്റ്റേറ്റിലേക്ക് പ്രതിഷേധ ജാഥ നടത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും തോലിനും വിറകിനുമുള്ള അവകാശം പുനഃസ്ഥാപിച്ച് കിട്ടുന്നതുവരെ ഇവർ സമരത്തിൽ നിന്നും പിന്മാറിയില്ല. തോൽവിറക് സമരം എന്ന് ഈ പ്രതിഷേധം അറിയപ്പെട്ടു.

പാലിയം സത്യാഗ്രഹം

കേരളത്തിൽ അയിത്തോച്ചാടനത്തിനുവേണ്ടിയുള്ള സമരം സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷവും തുടരേണ്ടിവന്നു. ഇത്തരത്തിലുള്ള ഒരു സമരമായിരുന്നു പാലിയം സത്യാഗ്രഹം. കൊച്ചിയിലെ ചില സവർണ്ണഹിന്ദുക്കളുടെ വീടുകൾക്ക് മുമ്പിലുള്ള ക്ഷേത്രങ്ങളിലേക്കും നിരത്തുകളിലേക്കും അവർണ്ണർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. കൊച്ചിയിലെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്റെ ചേന്ദമംഗലത്തെ വീടിനുമുമ്പിലുള്ള നിരത്തിലൂടെ അവർണ്ണർ നടക്കാൻ ശ്രമിച്ചത് വലിയ സംഘർഷങ്ങൾക്കിടയാക്കി. ഈ സാഹചര്യത്തിലാണ് പാലിയം സത്യാഗ്രഹം ആരംഭിച്ചത്.

കൊച്ചിൻ സ്റ്റേറ്റ് പ്രജാമണ്ഡലം, കമ്മ്യൂണിസ്റ്റ് പാർട്ടി, എസ്.എൻ.ഡി.പി യോഗം തുടങ്ങിയ സംഘടനകൾ ഒത്തുചേർന്നാണ് പാലിയം സത്യാഗ്രഹം സംഘടിപ്പിച്ചത്. നിരത്തുകൾ എല്ലാവർക്കും തുറന്നുകിട്ടുന്നതിനുവേണ്ടി പാലിയം കുടുംബത്തിന്റെ മുന്നിൽ സത്യാഗ്രഹം ആരംഭിക്കാൻ അവർ തീരുമാനിച്ചു. 1947ഡിസംബർ 4ന് സി.കേശവൻ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്തു. സത്യാഗ്രഹികളെ നേരിടാൻ സർക്കാർ മർദ്ദനമുറകൾ സ്വീകരിച്ചു. സത്യാഗ്രഹനേതാക്കളിലൊരാളായ എ.ജി.വേലായുധൻ പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടപ്പോൾ സത്യാഗ്രഹം താൽക്കാലികമായി നിർത്തിവെച്ചു (മാർച്ച് 1948). 1948 ഏപ്രിലിൽ കൊച്ചിയിൽ ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് ഗവൺമെന്റ് ഉത്തരവിറക്കി. ഇതോടെ പാലിയം റോഡിലൂടെ സഞ്ചരിക്കാൻ അവർണ്ണർക്കും അഹിന്ദുക്കൾക്കും സ്വാതന്ത്ര്യം ലഭിച്ചു.

മാഹി വിമോചന സമരം

1948 ജൂണിൽ ഇന്ത്യയിലെ ഫ്രഞ്ച് അധീന പ്രദേശങ്ങളുടെ സ്വാതന്ത്ര്യം ഒരു ജനഹിത പരിശോധനയുടെ അടിസ്ഥാനത്തിൽ നടത്താമെന്ന് ഇന്ത്യയും ഫ്രാൻസും തീരുമാനിച്ചു. 1948 ഒക്ടോബർ 21 ന് നടന്ന ജനഹിത പരിശോധനയിൽ ഫ്രഞ്ച് സർക്കാരും അവരെ അനുകൂലിക്കുന്ന ന്യൂനപക്ഷ മയ്യഴിക്കാരും ചേർന്ന് ദേശീയ വാദികളെ പരാജയപ്പെടുത്താൻ ശ്രമിച്ചു. മയ്യഴി ദേശീയവാദികളുടെ പ്രസ്ഥാനമായ 'മയ്യഴി മഹാജനസഭ' ആയിരുന്നു വിമോചന പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത്. 'മയ്യഴിയുടെ വിമോചകൻ', 'മയ്യഴി ഗാന്ധി' എന്ന പേരിലൊക്കെ വിശേഷിപ്പിക്കപ്പെട്ട ഐ.കെ.കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു സമരം. അനവധി ഉപരോധങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിൽ 1954 ജൂലൈ 14 ന് മാഹിപാലത്തിനു സമീപം സമരഭടന്മാരും ജനങ്ങളും ഒത്തുചേർന്നു. കെ.കേളപ്പന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഐ.കെ.കുമാരന്റെ നേതൃത്വത്തിൽ മാഹിയിലേക്കു മാർച്ച് ചെയ്യാൻ തീരുമാനിച്ചു. ത്രിവർണപതാകയേന്തി ഫ്രഞ്ച് വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് മാർച്ച് ചെയ്ത വൊളന്റിയർമാർക്കൊപ്പം ജനക്കൂട്ടവും അണിചേർന്നതോടെ, അധികാരം വിട്ടൊഴിയുന്നതായി ഫ്രഞ്ച് അഡ്മിനിസ്ട്രേഷൻ പ്രഖ്യാപിച്ചു. 1954 ജൂലൈ 16ന് മയ്യഴി മഹാജനസഭയുടെ അധ്യക്ഷനായ ഐ.കെ.കുമാരൻ മാസ്റ്റർ മയ്യഴിയുടെ പുതിയ അഡ്മിനിസ്ട്രേറ്ററായി സ്ഥാനമേറ്റതോടെ മയ്യഴി ഇന്ത്യയുടെ ഭാഗമായി.

ഒരണ സമരം

കേരള സ്റ്റുഡൻസ് യൂണിയന്റെ (കെ.എസ്.യു) നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ ബോട്ട് ചാർജ് വർധനയ്ക്കെതിരെ നടന്ന സമരമായിരുന്നു ഒരണ സമരം. ഒരണയായിരുന്ന (6 പൈസ) ബോട്ടു കൂലി പത്തു പൈസയായി വർദ്ധിപ്പിച്ച ഇ.എം.എസ് സർക്കാരിന്റെ നടപടിക്കെതിരെയായിരുന്നു സമരം. 1958 ജൂലൈ നാലിന് ആരംഭിച്ച സമരം പഠിപ്പു മുടക്കിലേക്കും സംഘർഷത്തിലേക്കും വളർന്നു. വിദ്യാർത്ഥികളും പോലീസും പല സ്ഥലങ്ങളിലും വച്ച് ഏറ്റുമുട്ടി. സമരം അക്രമാസക്തമായതോടെ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ 144 പ്രഖ്യാപിക്കപ്പെട്ടു. അവസാനം സർക്കാരുമായി സമരക്കാർ ഉണ്ടാക്കിയ ധാരണ പ്രകാരം ഓഗസ്റ്റ് മൂന്നിനു സമരം അവസാനിച്ചു. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിക്കുകയും ചെയ്തു.

വിമോചന സമരം

ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പരിഷ്‌കാരങ്ങൾ പ്രതിപക്ഷ കക്ഷികളും, ജാതിമത സമുദായ സംഘടനകളും രൂക്ഷമായി എതിർത്തു. ഭൂപരിഷ്കരണ നിയമം, പുതിയ വിദ്യാഭ്യാസ നയം എന്നിവയായിരുന്നു ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയത്. ഇതോടെ പ്രതിപക്ഷ കക്ഷികളും ജാതിമത സംഘടനകളും സർക്കാരിന്റെ നയങ്ങൾക്കെതിരെ സമരം ആരംഭിച്ചു. ഇതാണ് വിമോചന സമരം എന്നറിയപ്പെടുന്നത്. 1959 മാർച്ച് 25 ന് ആണ് വിമോചനസമരം ആരംഭിച്ചത്. ക്രമസമാധാനനില തകർന്നു എന്ന് ഗവർണർ ബി.രാമകൃഷ്‌ണ റാവു കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 31ന് ഭരണഘടനയുടെ 356ആം വകുപ്പു പ്രകാരം സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുകയും ചെയ്തു. ഇന്ത്യയിലാദ്യമായി 356ആം വകുപ്പു പ്രകാരം പിരിച്ചുവിട്ട സംസ്ഥാന മന്ത്രിസഭയായിരുന്നു കേരളത്തിലേത്. വിമോചന സമരത്തിന്റെ ഭാഗമായി അങ്കമാലിയിൽനിന്നു തിരുവനന്തപുരത്തേക്കു 'ജീവാശിഖ' ജാഥ നയിച്ച് സർക്കാരിനെതിരായ നിവേദനം ഗവർണർക്കു സമർപ്പിച്ചത് മന്നത്തു പദ്മനാഭനായിരുന്നു.

അമരാവതി സമരം

ഇടുക്കി ജലവൈദ്യുത പദ്ധിതിയുടെ ജലസംഭരണ മേഖലയിൽ സ്ഥിതി ചെയ്തിരുന്ന അയ്യപ്പൻ കോവിലിലെ കുടിയേറ്റ കർഷകരെ സർക്കാർ പോലീസിനെ ഉപയോഗിച്ചു ബലം പ്രയോഗിച്ചു കുടിയിറക്കുകയും അറുപതോളം കിലോമീറ്റർ അകലെയുള്ള അമരാവതി കാടുകളിൽ ഇറക്കി വിടുകയും ചെയ്തു. ഒരു കുടുംബത്തിന് ഒരേക്കർ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശം പതിച്ചു നൽകുകയും ചെയ്തു. കൂടാതെ ഒരാഴ്ചത്തേക്ക് ഒരിടങ്ങഴി അരിയായിരുന്നു റേഷനായി നൽകിയിരുന്നത്. അമരാവതി ക്യാമ്പുകളിൽ മലമ്പനി, അതിസാരം, തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു പിടിച്ചു. ഫാദർ വടക്കന്റെ നേതൃത്വത്തിൽ കർഷകരുടെ ദുരിതങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. തദവസരത്തിലാണ് വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്തികൊണ്ടിരിക്കുകയായിരുന്ന എ.കെ.ഗോപാലൻ പര്യടനം നിർത്തിവച്ച് 1961 ജൂൺ ഒന്നിന് അമരാവതിയിലെത്തിയത്.

ഫാദർ വടക്കൻ ഉൾപ്പെടെയുള്ള ആളുകൾ എ.കെ.ജിയോടെയൊപ്പം അണിചേരുകയും എ.കെ.ജി ഒരു അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുകയും ചെയ്തു. കർഷകർക്ക് കൃഷിക്കനുയോജ്യമായ ഭൂമി, നഷ്ടപരിഹാരം മതിയായ അളവിൽ റേഷൻ, മരുന്നു ചികിത്സ എന്നിവ നല്കണമെന്നതായിരുന്നു ആവശ്യം. ഒൻപതാം ദിവസത്തോടെ എ.കെ.ജിയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതോടെ സമരം രാജ്യവ്യാപകമായി ശ്രദ്ധയിൽപ്പെട്ടു. ഇതോടെ സർക്കാർ ഇടപെടുകയും സി.കെ.ഗോവിന്ദൻ, കെ.കേളപ്പൻ, ഇ.എം.എസ് എന്നിവരുടെ നേതൃത്വത്തിൽ ഒത്തുതീർപ്പു സംഭാഷണങ്ങൾ ആരംഭിക്കുകയും കർഷകരുടെ എല്ലാ ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിക്കുകയും പരിഹരിക്കപ്പെടുകയും ചെയ്തു. അങ്ങനെ അമരാവതി സത്യാഗ്രഹം ഒരു വിജയമായി തീർന്നു.

ചാലിയാർ പ്രക്ഷോഭം

മാവൂരിലെ ഗ്വാളിയോർ റയോൺസ് പൾപ്പ് ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ ചാലിയാർപ്പുഴ മലിനമാക്കുന്നതിനെതിരെ 1970കളിൽ ആരംഭിച്ച സമരമാണ് ചാലിയാർ പ്രക്ഷോഭം. വ്യാവസായിക ആവശ്യങ്ങൾക്കായി ചാലിയാർപ്പുഴയിൽ നിന്ന് പരമാവധി വെള്ളമെടുക്കാൻ സ്വാതന്ത്ര്യം ലഭിച്ച ഫാക്ടറി മാലിന്യങ്ങൾ അതേ നദിയിലേക്ക് ഒഴുക്കുക കൂടി ചെയ്‌തു. ഇതേതുടർന്ന് മലിനീകരണ പ്രശ്നം വർധിച്ചതോടെ തീരദേശവാസികൾ സംഘടിച്ച് ഫാക്ടറിക്കെതിരെ സമരം ചെയ്തു. പരിസ്ഥിതി പ്രവർത്തകനായ കെ.എ.റഹ്‌മാന്റെ നേതൃത്വത്തിൽ ചാലിയാർ സംരക്ഷണ സമിതി രൂപീകരിച്ചു. സമരം ശക്തിപ്പെട്ടതോടെ 1974 ഡിസംബർ 16ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരന്റെ സാന്നിധ്യത്തിൽ ഫാക്ടറിയുമായി രാമനിലയം കരാറുണ്ടാക്കി. എന്നാൽ മാലിന്യം പുഴയിൽ ഒഴുക്കുന്നതിൻ നിയന്ത്രണം ഏർപ്പെടുത്തിയ ഈ കരാർ ഫാക്ടറി ലംഘിച്ചതിനെത്തുടർന്ന് ജനങ്ങൾ നിരന്തരമായിത്തന്നെ സമരരംഗത്ത്‌ ഉറച്ചുനിന്നു. വർദ്ധിച്ചുവന്ന പ്രതിഷേധങ്ങളുടെയും പ്രകടനങ്ങളുടെയും ഫലമായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവിടുകയും 2001ൽ ഫാക്ടറി പൂർണമായും അടച്ചുപൂട്ടുകയും ചെയ്തു.

പ്ലാച്ചിമട സമരം

പ്ലാച്ചിമടയിലെ കൊക്കക്കോളയുടെ ശീതളപാനീയ നിർമാണ യൂണിറ്റിന്റെ പ്രവർത്തനം പ്രദേശത്തെ ജലസ്രോതസുകളെ ബാധിക്കുകയും ശുദ്ധജല ക്ഷാമവും മലിനീകരണവും രൂക്ഷമായതിനാൽ കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആരംഭിച്ച സമരമായിരുന്നു പ്ലാച്ചിമട സമരം. 2002ൽ കേരളത്തിലെ പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തിലാണ് പ്ലാച്ചിമട പ്രക്ഷോഭം ആരംഭിച്ചത്. പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയത് പ്ലാച്ചിമട ഗ്രാമത്തിലെ മയിലമ്മയായിരുന്നു. കൊക്കക്കോള ഫാക്ടറിയുടെ പ്രവർത്തനം മൂലം കിണറുകൾ മലിനമായപ്പോൾ മയിലമ്മയുടെ നേതൃത്വത്തിൽ കൊക്കക്കോള വിരുദ്ധ സമരസമിതി രൂപീകരിച്ചു. കൊക്കക്കോള വിരുദ്ധ സമരസമിതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നാട്ടുകാർ ഒന്നാകെ പ്രക്ഷോഭം ആരംഭിച്ചു. ഒടുവിൽ കൊക്കക്കോള ഫാക്ടറി 2004ൽ അടച്ചുപൂട്ടി.

മുത്തങ്ങ സമരം

ഭൂരഹിതരായ ആദിവാസികൾക്ക് സ്വന്തമായി ഭൂമി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദിവാസി നേതാവ് സി.കെ.ജാനുവിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ 48 ദിവസം ആദിവാസികൾ കുടിൽക്കെട്ടി സമരം ചെയ്തു. തുടർന്ന് സർക്കാരുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിച്ചു. കൃഷി ചെയ്യാനായി അഞ്ച് ഏക്കർ ഭൂമിവീതം ആദിവാസികൾക്ക് നൽകാമെന്നായിരുന്നു കരാർ. എന്നാൽ കൃഷിഭൂമി നൽകുന്നതിൽ സർക്കാർ വീഴ്ചവരുത്തിയതിനെത്തുടർന്ന് 2003 ജനുവരി 5ന് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ വയനാട്ടിലെ മുത്തങ്ങയിൽ ആദിവാസികൾ ഭൂമി കൈയ്യേറി. 45 ദിവസം പിന്നിട്ടപ്പോളാണ് പോലീസ് രംഗത്തെത്തി നടപടികൾ സ്വീകരിച്ചത്. ഫെബ്രുവരി 19ന് വനം കയ്യേറിയ ആദിവാസികളും പോലീസുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനും ഒരു ആദിവാസിയും കൊല്ലപ്പെട്ടു. ഇത് മുത്തങ്ങ സംഭവം എന്നറിയപ്പെടുന്നു. ഈ സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ സി.കെ.ജാനുവും എം.ഗീതാനന്ദനും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങൾക്ക് ശേഷം ആദിവാസികളുടെ ഭൂപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2014ൽ സെക്രട്ടറിയേറ്റിനു മുന്നിൽ ആദിവാസികളുടെ 162 ദിവസങ്ങൾ നീണ്ട നിൽപ്പ് സമരം സര്‍ക്കാരിനെക്കൊണ്ട് തീരുമാനമെടുപ്പിക്കുന്നതിൽ വിജയിച്ചു. മുത്തങ്ങ സമരത്തിൽ പങ്കെടുത്ത ഭൂമിയില്ലാത്തവർക്ക് ഒരേക്കര്‍വീതം ഭൂമി നല്‍കാനാണ് സര്‍ക്കാർ ഉത്തരവായത്.

ചെങ്ങറ ഭൂസമരം

ഭൂമിയും പാർപ്പിടവും ആവശ്യപ്പെട്ടുകൊണ്ട് ചെങ്ങറയിലെ ആദിവാസികൾ നടത്തിയ സമരമായിരുന്നു ചെങ്ങറ ഭൂസമരം. 2007 ഓഗസ്റ്റ് നാലിനാണ് സാധുജന വിമോചന സംയുക്ത വേദിയുടെയും ളാഹഗോപാലന്റെയും നേതൃത്വത്തിലുള്ള സമരക്കാർ പത്തനംതിട്ടയിലെ ചെങ്ങറയിൽ ഹാരിസൺ എസ്റ്റേറ്റിൽ കുടില്‍കെട്ടി സമരം തുടങ്ങിയത്. 2009 ഒക്ടോബർ 5ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘവുമായി സാധുജന വിമോചന സംയുക്ത വേദി പ്രതിനിധികൾ നടത്തിയ ഒത്തുതീർപ്പ് ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ

1956 ലാണ് ഐക്യകേരളം നിലവിൽ വന്നത്. എന്നാൽ അതിനും വർഷങ്ങൾക്കു മുമ്പ് രാജഭരണകാലത്തുതന്നെ നിയമനിർമ്മാണസഭകൾ ഇവിടെ ഉണ്ടായിരുന്നു. ലോകത്തിനു തന്നെ അഭിമാനവും മാതൃകയുമായ ചുവടുവയ്പാണ് ഇക്കാര്യത്തിൽ തിരുവിതാംകൂർ നടത്തിയത്. ലോകമെമ്പാടും ജനാധിപത്യത്തിന്റെ കൊടുംകാറ്റ് വീശിത്തുടങ്ങിയ കാലം സാമ്രാജ്യത്വ ഭരണകൂടങ്ങളും രാജവാഴ്ചയും അവസാനിപ്പിക്കാൻ കച്ചകെട്ടിയ ജനങ്ങൾ തെരുവുകളിലേക്കിറങ്ങിത്തുടങ്ങി. കിരീടവും സമ്പത്തുമൊന്നും കൈവിട്ട് പോകാതിരിക്കാൻ ഇത്തരം ജനകീയ സമരങ്ങളെ ഭരണകൂടങ്ങൾ ഏതുവിധേനയും അടിച്ചമർത്താൻ ശ്രമിച്ചു. എന്നാൽ നമ്മുടെ നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലെ രാജാക്കന്മാർ ഇതിനെല്ലാം അപവാദമായിരുന്നു. ജനകീയ ഭരണത്തിന്റെ കടന്നുവരവിനെ തടയാൻ അവർ കോട്ടകെട്ടിയില്ല. പടയാളികളെ അണിനിരത്തിയുമില്ല. മഹത്തായ ജനാധിപത്യ മുന്നേറ്റത്തെ തുറന്ന മനസ്സോടെയാണ് തിരുവിതാംകൂർ രാജാക്കന്മാർ സ്വീകരിച്ചത്.

1888 ൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീ മൂലംതിരുനാൾ രാമവർമ രാജാവ് ലെജിസ്ലേറ്റീവ് കൗൺസിൽ എന്ന പേരിൽ ഒരു സമിതി രൂപീകരിച്ചു. 1888 മാർച്ച് 30 ന് ഇത് സംബന്ധിച്ച് നിയമം പാസ്സായി. ഓഗസ്റ്റ്‌ 23 ന് സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ദിവാന്റെ മുറിയിൽ ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ ആദ്യ യോഗം ചേര്‍ന്നു. കേരളത്തിന്റെ നിയമനിര്‍മാണസഭയുടെ ചരിത്രം തുടങ്ങുന്നത്‌ ഇവിടെ നിന്നാണ്‌. ഭരണത്തിൽ നാട്ടുകാരെക്കൂടി പങ്കാളികളാക്കുന്നതിനായി 1861-ൽ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ ഇന്ത്യൻ കൗണ്‍സിൽ ആക്ട്‌ പാസാക്കിയിരുന്നു. അതില്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ തിരുവിതാംകൂറിൽ ലെജിസ്റ്റേറ്റീവ്‌ കൗണ്‍സിൽ രൂപംകൊണ്ടത്‌. അങ്ങനെ തിരുവിതാംകൂർ ഇന്ത്യയിലെ മറ്റ്‌ നാട്ടുരാജ്യങ്ങള്‍ക്ക്‌ മാതൃകയായി. ഭരണകാര്യങ്ങളിൽ ഇടപെടുന്ന ഒരു ഔദ്യോഗിക ഉപദേശകസമിതി എന്ന നിലയിലാണ്‌ കൗണ്‍സിൽ രൂപീകരിച്ചത്‌. തുടക്കത്തിൽ ആറ്‌ ഔദ്യോഗിക അംഗങ്ങളും രണ്ട്‌ അനൗദ്യോഗിക അംഗങ്ങളുമാണ്‌ കൗണ്‍സിലിൽ ഉണ്ടായിരുന്നത്‌. മൂന്ന്‌ വര്‍ഷമായിരുന്നു ഇതിന്റെ കാലാവധി. കൗണ്‍സിലിലേക്കുള്ള അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു. 1898 ആയപ്പോഴേക്കും കൗണ്‍സിലിലെ അംഗസംഖ്യ 15 ആയി വര്‍ധിപ്പിച്ചു.

1919-ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ ഗണ്യമായ മാറ്റം സംഭവിച്ചു. ജനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യവും അധികാരവും നൽകിക്കൊണ്ട് നിയമനിർമാണ സഭയിലെ അംഗസംഖ്യ 25 ആയി ഉയർത്തി. 1932 ഒക്ടോബർ 28നു ശ്രീചിത്ര തിരുനാൾ മഹാരാജാവ് പുറപ്പെടുവിച്ച റെഗുലേഷൻ അതുവരെ നിലനിന്നിരുന്ന നിയമനിർമ്മാണവ്യവസ്ഥക്ക് മാറ്റംവരുത്തി. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലും ശ്രീമൂലം പ്രജാസഭയും പരിഷ്കരിച്ച് ശ്രീമൂലം അസംബ്ലി എന്ന അധോസഭയും ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സിൽ എന്ന ഉപരിസഭയും ആവിഷ്ക്കരിച്ച്‌ ദ്വിമണ്ഡല സംവിധാനമാക്കി.

ശ്രീമൂലം പ്രജാസഭ

തിരുവിതാംകൂർ ഭരണത്തിൽ ജനങ്ങള്‍ക്ക്‌ കൂടുതൽ പങ്കാളിത്തം നല്‍കുക എന്ന ലക്ഷ്യത്തോടെ 1904-ൽ ശ്രീമൂലം പ്രജാസഭ രൂപം കൊണ്ടു. ശ്രീ മൂലംതിരുനാൾ രാമവര്‍മ തന്നെയാണ്‌ ഇത്‌ രൂപീകരിച്ചത്‌. ആറായിരം രൂപയെങ്കിലും വാര്‍ഷിക വരുമാനം വേണം എന്നതായിരുന്നു അംഗത്വത്തിനുള്ള യോഗ്യത. തുടക്കത്തിൽ 100 പേ൪ അംഗങ്ങളായി. ഒരു വര്‍ഷം കാലാവധിയുള്ള സഭ വര്‍ഷത്തിൽ ഒരിക്കൽ മാത്രമാണ് സമ്മേളിച്ചിരുന്നത്. 1930 ജനുവരി 12 ന് വോട്ടവകാശം സംബന്ധിച്ച് പ്രത്യേക നിയമം നടപ്പാക്കി. ഇതേതുടർന്ന് ഒരു വർഷം അഞ്ച് രൂപയെങ്കിലും ഭൂനികുതി അടയ്ക്കുന്നവർക്കും നഗരസഭയിൽ തൊഴിൽനികുതി കൊടുക്കുന്നവർക്കും ബിരുദമുള്ളവർക്കും വോട്ടവകാശം ലഭിച്ചു. തിരുവിതാംകൂർ നായർ റഗുലേഷന്‍, തിരുവിതാംകൂർ ഈഴവ റഗുലേഷൻ എന്നീ നിയമങ്ങളിലൂടെ സ്ത്രീകള്‍ക്കും വോട്ടവകാശം ലഭിച്ചു. സമൂഹത്തിലെ ഏറ്റവും സമ്പന്നരാണ്‌ അന്ന്‌ അഞ്ച്‌ രൂപ നികുതി അടച്ചിരുന്നത്‌. വോട്ടവകാശം സമ്പന്നരിലേക്ക്‌ ചുരുങ്ങിയതിനെതിരെ പ്രക്ഷോഭം നടന്നു. നിവര്‍ത്തന പ്രക്ഷോഭം" എന്നറിയപ്പെട്ട ഈ ജനകീയ സമരത്തെ തുടര്‍ന്ന്‌ ഒരു രൂപയെങ്കിലും നികുതിയടയ്ക്കുന്നവര്‍ക്ക്‌ വോട്ടവകാശം ലഭ്യമായി.

1932-ൽ ശ്രീചിത്രാ കൗണ്‍സിൽ എന്ന പേരിൽ ഉപരിസഭയും പ്രജാസഭയും അധോസഭയും നിലവിൽ വന്നു. ദിവാൻ പ്രസിഡന്റായ ഈ സഭകളുടെ ആദ്യ സമ്മേളനം 1933 ജൂലൈ 31 ന് തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടത്തി. 1947-ൽ ഈ സഭകൾ ഇല്ലാതായി. രാജാവ്‌ ഉത്തരവാദ ഭരണം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പിലൂടെ 120 അംഗ പ്രതിനിധിസഭ രൂപീകരിച്ചു. എ.ജെ.ജോണായിരുന്നു പ്രസിഡന്റ്‌. ജി.ചന്ദ്രശേഖരൻ പിള്ള വൈസ്‌ പ്രസിഡന്റും. പട്ടം താണുപിള്ള പ്രധാനമന്ത്രിയും ടി.എം.വര്‍ഗീസ്‌, സി.കേശവൻ എന്നിവർ മന്ത്രിമാരുമായി. പിന്നീട് മന്ത്രിമാരുടെ എണ്ണം കൂട്ടി. 1948-ൽ തിരുവിതാംകൂർ ഭരണഘടന പരിഷ്കരിച്ചു. തുടര്‍ന്ന്‌ തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായി. ഇന്ത്യയിൽ പിന്നീടുണ്ടായ ജനാധിപത്യ സംവിധാനത്തിനാകെ മാതൃകയായിരുന്നു തിരുവിതാംകൂറിലെ ഈ പരിഷ്കാരങ്ങൾ.

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി

1885ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആവിർഭാവം തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ജനങ്ങളുടെ ശ്രദ്ധ വളരെയേറെ ആകർഷിച്ചു. സംഘടിത രീതിയിലുള്ള രാഷ്ട്രീയപ്രവർത്തനം അക്കാലത്ത് ഇല്ലായിരുന്നുവെങ്കിൽത്തന്നെയും കോൺഗ്രസിന്റെ ആദ്യകാല വാർഷിക സമ്മേളനങ്ങൾക്ക് കേരളത്തിൽ നിന്നും പ്രതിനിധികളുണ്ടായി. 1919ൽ ബ്രിട്ടീഷ് ഇന്ത്യയിൽ മഹാത്മാഗാന്ധി രാഷ്ട്രീയപ്രസ്ഥാനം ആരംഭിച്ചപ്പോൾ അതിന്റെ പ്രതിദ്ധ്വനി തിരുവിതാംകൂറിലും ഉണ്ടായി. തിരുവിതാകൂറിലെ ആദ്യകാല സ്വാതന്ത്ര്യസമര നേതാക്കളുടെ പരിശ്രമഫലമായി തിരുവിതാംകൂറിൽ ഒരു കോൺഗ്രസ് കമ്മിറ്റി രൂപംകൊണ്ടു. ബ്രിട്ടീഷ് ഇന്ത്യയിൽ ശക്തിപ്രാപിച്ച ദേശീയപ്രസ്ഥാനത്തിന്റെ പ്രതിദ്ധ്വനി കൊച്ചിയിലും എത്താതിരുന്നില്ല. 1914ൽ ഹോം റൂൾ ലീഗിന്റെ ഒരു യോഗം കൊച്ചി രാജ്യത്തും ചേരുകയുണ്ടായി. 1908ൽ മലബാറിൽ ഒരു ഡിസ്ട്രിക്ട് കോൺഗ്രസ് കമ്മിറ്റി രൂപംകൊണ്ടുവെങ്കിലും അതിനെപ്പറ്റി ജനങ്ങൾ ശ്രദ്ധിച്ചത് ഒന്നാം ലോക മഹായുദ്ധകാലത്ത് മാത്രമായിരുന്നു. 1916 മുതൽ 1920 വരെയുള്ള കാലയളവിൽ കോൺഗ്രസ് മലബാറിൽ ജില്ലാ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. 1921ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവിതാംകൂർ, തലശ്ശേരി, കോഴിക്കോട്, പാലക്കാട്, കൊച്ചി ജില്ലാ കമ്മിറ്റികൾ സംയോജിപ്പിച്ചുകൊണ്ട് കേരളാ പ്രൊവിഷ്യൽ കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) രൂപീകരിച്ചു. തുടർന്ന് കെ.മാധവൻ നായർ കമ്മിറ്റിയുടെ ആദ്യത്തെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി 1921 ഏപ്രിൽ 23ന് ഒറ്റപ്പാലത്ത് വച്ച് ആന്ധ്ര കേസരി ടി.പ്രകാശന്റെ അധ്യക്ഷതയിൽ കേരളാ പ്രൊവിഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സമ്മേളനം ചേർന്നു. മലബാർ, കൊച്ചി, തിരുവിതംകൂർ എന്നീ മൂന്നുപ്രദേശങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രതിനിധികൾ അതിൽ പങ്കെടുത്തു. സമ്മേളനത്തെ തുടർന്ന് മാധവൻ നായരെ അറസ്റ്റ് ചെയ്തപ്പോൾ കെ.പി.കേശവമേനോൻ ആ സ്ഥാനം ഏറ്റെടുത്തു.

കമ്മ്യൂണിസ്റ്റ് പാർട്ടി

ഉത്തരവാദഭരണത്തിനുവേണ്ടി സ്റ്റേറ്റ് കോൺഗ്രസ് നടത്തിയ സമരങ്ങളിൽ അതിനോട് അടുത്ത് സഹകരിച്ച അഖില തിരുവിതാംകൂർ യൂത്ത് ലീഗാണ് തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്. പൊന്നറ ശ്രീധർ, എൻ.പി.കുരുക്കൾ തുടങ്ങിയ ഊർജ്ജസ്വലരായ ചെറുപ്പക്കാരുടെ ഉത്സാഹത്തിലാണ് 1931ൽ തിരുവിതാംകൂറിൽ യൂത്ത് ലീഗ് രൂപംകൊണ്ടത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കാൻ ഗാന്ധിജിയും കോൺഗ്രസും അംഗീകരിക്കുന്ന അഹിംസ മാർഗത്തിൽ നിന്ന് വ്യതിചലിച്ച് റഷ്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കുന്ന വിപ്ലവ മാർഗമാണ് കൂടുതൽ അഭികാമ്യമെന്നും ചിന്തിച്ച കോൺഗ്രസിലെ തന്നെ ചില നേതാക്കൾ ആരംഭിച്ച സംഘടനയാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി. കേരള കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കോൺഗ്രസിനുള്ളിൽ തന്നെ സ്വതന്ത്രമായി നിൽക്കാനാണ് താല്പര്യപ്പെട്ടത്. 1939 ഡിസംബറിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാക്കൾ പിണറായിയിൽ നടത്തിയ സമ്മേളനത്തെത്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം രൂപവത്കരിച്ചു. 1940 ജനുവരി 26ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട്, എ.കെ.ജി, പി.കൃഷ്ണപിള്ള തുടങ്ങിയവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാക്കൾ.

ഐക്യകേരളത്തിന്റെ പിറവി

കേരളത്തിലെ വിവിധ പ്രദേശങ്ങൾ ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന കാലത്ത് ഏകീകൃതമായിരുന്നു. എന്നാൽ, ചേരഭരണത്തിന്റെ തകർച്ചയോടെ അനേകം ചെറുഘടകങ്ങളായി കേരളം മാറി. ഇന്ത്യൻ ദേശിയപ്രസ്ഥാനത്തിന്റെ ആരംഭകാലത്ത്, അതായത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ കേരളം മൂന്നായി വിഭജിക്കപ്പെട്ടിരുന്നു. തെക്കുഭാത്തുള്ള തിരുവിതാംകൂറും നടുക്കുള്ള കൊച്ചിയും വ്യത്യസ്ത രാജഭരണങ്ങളുടെ കീഴിലായിരുന്നു. വടക്കുഭാഗത്തെ മലബാർ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ മദ്രാസ് പ്രവിശ്യയിലെ ഒരു ജില്ലയായിരുന്നു. വിവിധ ഭരണസംവിധാനങ്ങളുടെ കീഴിലായിരുന്നെങ്കിലും ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഭാഷയിലും സംസ്കാരത്തിലും ആചാരങ്ങളിലും സമാനതകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൂന്ന് പ്രദേശങ്ങളും ഒരേ ഭരണത്തിൻകീഴിൽ കൊണ്ടുവരണമെന്നുള്ളത് അവരുടെ പൊതുവായ ആവശ്യമായിരുന്നു. അത് യാഥാർഥ്യമാക്കിയ നീക്കമാണ് ഐക്യകേരള പ്രസ്ഥാനം.

തിരുവിതാംകൂറും കൊച്ചിയും

അനിഴം തിരുനാൾ മാർത്താണ്ഡവർമയാണ് കന്യാകുമാരിമുതൽ ഇടവവരെമാത്രം വ്യാപിച്ചുകിടന്നിരുന്ന തൃപ്പാപ്പൂർ (തിരുവിതാംകൂർ) സ്വരൂപത്തിന്റെ അതിർത്തി വടക്കോട്ട് കൊച്ചിവരെ വ്യാപിപ്പിച്ചത്. 'ആധുനികതിരുവിതാംകൂറിന്റെ സ്ഥാപകൻ' എന്നറിയപ്പെടുന്ന മാർത്താണ്ഡവർമ കൊല്ലം, കൊട്ടാരക്കര, കായംകുളം, ചെമ്പകശ്ശേരി, തെക്കുംകൂർ, വടക്കുംകൂർ എന്നിങ്ങനെ അനേകം നാട്ടുരാജ്യങ്ങളെ തന്റെ വാദ്യത്തോട് കൂട്ടിച്ചേർത്ത് വിസ്തീർണം ഗണ്യമായി വർധിപ്പിക്കുകയും ക്രമീകൃതമായ ഭരണസംവിധാനം ആവിഷ്കരിക്കുകയും ചെയ്തു. മാർത്താണ്ഡവർമയുടെ ഭരണതലസ്ഥാനമായിരുന്ന കൽക്കുളം അഥവാ പദ്മനാഭപുരത്തുനിന്ന് ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയത് പിൻഗാമി 'ധർമരാജാവ്' എന്നറിയപ്പെട്ടിരുന്ന കാർത്തികതിരുനാൾ രാമവർമയായിരുന്നു. പിന്നീട് തിരു-കൊച്ചിയുടെയും കേരളത്തിന്റെയും തലസ്ഥാനമായി ഈ നഗരം. കൊച്ചിരാജ്യത്തെ ഭരണം ക്രമീകൃതമാക്കപ്പെട്ടത് ശക്തൻതമ്പുരാന്റെ കാലത്താണ്. ഈ രണ്ട് നാട്ടുരാജ്യങ്ങളും സൈനികസഹായവ്യവസ്ഥയിൽ ഒപ്പുവെച്ച് പത്തൊൻപതാംനൂറ്റാണ്ടിൻറെ തുടക്കത്തോടെ ബ്രിട്ടിഷ് അധീശത്വമംഗീകരിക്കുന്ന നാട്ടുരാജ്യങ്ങളായി മാറി.

മലബാർ

1792-ലെ ശ്രീരംഗപട്ടണം ഉടമ്പടിപ്രകാരമാണ് ടിപ്പുവിൽനിന്ന് മലബാർപ്രദേശം ബ്രിട്ടിഷുകാർക്ക് ലഭിച്ചത്. തുടർന്ന് മലബാറിലെ ഭരണം ബ്രിട്ടീഷ് മാതൃകയിൽ പുനഃസംഘടിപ്പിക്കപ്പെട്ടു. ആദ്യം ബോംബെ പ്രസിഡൻസിയുടെ കിഴിലായിരുന്നു (1793-1800) മലബാറിലെ ഭരണനിർവഹണം. 1800ൽ മദ്രാസ് പ്രസിഡൻസിയുടെ ഒരു ജില്ലയായി മലബാർ മാറി. ഒരു കളക്ടറും ഒൻപത് ഡെപ്യൂട്ടി കളക്ടർമാരും ഭരണനിർവഹണത്തിനായി നിയമിക്കപ്പെട്ടു. 1801 ഒക്ടോബർ ഒന്നിന് അധികാരമേറ്റ മേജർ മക്ലിയോഡായിരുന്നു ആദ്യത്തെ കളക്ടർ. കോഴിക്കോടായിരുന്നു മലബാർ ജില്ലയുടെ ആസ്ഥാനം. മദ്രാസ് പ്രവിശ്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായിരുന്നു മലബാർ. ഇന്നത്തെ കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം പാലക്കാട് എന്നീ ജില്ലകളും തൃശ്ശൂർ ജില്ലയിലെ പഴയ പൊന്നാനി താലൂക്കിലെ പ്രദേശങ്ങളും ഈ ജില്ലയുടെ ഭാഗമായിരുന്നു. ഇതുകൂടാതെ ലക്ഷദ്വീപ്, ബ്രിട്ടീഷ് കൊച്ചി എന്നിവയും മലബാർ ജില്ലയിലുൾപ്പെട്ടിരുന്നു.

ഐക്യകേരളം എന്ന ആശയത്തിന്റെ പിറവി

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലാണ് തിരുവിതാംകൂറും കൊച്ചിയും മലബാറും സംയോജിപ്പിച്ച് മലയാളം സംസാരിക്കുന്നവർക്കായി ഒരു പ്രദേശമെന്ന ആശയം ഉരുത്തിരിഞ്ഞത്. 'സ്വദേശാഭിമാനി'യുടെ പത്രാധിപരായിരുന്ന കെ. രാമകൃഷ്ണപിള്ള ഈ മൂന്ന് പ്രദേശങ്ങളും കൂട്ടിയോജിപ്പിച്ച് 'ഐക്യകേരളം' രൂപവത്കരിക്കുന്നതിനെക്കുറിച്ച് ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ എഴുതിയിരുന്നു. ഗോശ്രീ (കൊച്ചി), മലബാർ, തിരുവിതാംകൂർ എന്നീ പദങ്ങളുടെ ആദ്യക്ഷരങ്ങൾകൊണ്ട് മകൾക്ക് 'ഗോമതി' എന്ന് അദ്ദേഹം പേരിടുകയും ചെയ്തിരുന്നു. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമാകുമെന്ന് ആദ്യം പ്രവചിച്ചയും അദ്ദേഹമാണെന്ന പരാമർശങ്ങളുണ്ട്. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപവത്കരിക്കണമെന്ന് പരാമർശിക്കുന്ന ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ കൃതിയാണ് 'ഒന്നേകാൽ കോടി മലയാളികൾ'. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ജീവിതനിലവാരത്തെക്കാൾ പിന്നാക്കമായിരുന്ന മലബാറിലാണ് ഐക്യകേരളത്തിനു വേണ്ടിയുള്ള ശ്രമം തുടങ്ങിയത്.

പിസിസിയുടെ രൂപവത്കരണം

1920-കളുടെ ആരംഭത്തിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സംഘടനാപരമായ ആവശ്യങ്ങൾക്കായി ഇന്ത്യയിലെ പ്രദേശങ്ങളെ ഭാഷാടിസ്ഥാനത്തിൽ വിഭജിച്ചത് ഭാഷാസംസ്ഥാനങ്ങൾ രൂപവത്കരിക്കണമെന്ന വാദത്തിന് അംഗീകാരമായി പരിഗണിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ഒരു പ്രാദേശിക കമ്മിറ്റി രൂപവത്കരിക്കപ്പെട്ടു. ഇതിൽ മൂന്ന് പ്രദേശങ്ങൾക്കും ഒരേ സംസ്ഥാനമെന്ന നിലയിൽ പ്രാതിനിധ്യം ലഭിച്ചിരുന്നു. കേരളസംസ്ഥാന രൂപവത്‌കരണപ്രക്രിയയിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു പിസിസിയുടെ രൂപവത്കരണം. കെ. മാധവൻനായരായിരുന്നു ഇപ്രകാരം രൂപവത്കൃതമായ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി. പിൽക്കാലത്ത് (1925) പ്രദേശ് കോൺഗ്രസിന്റെ സാരഥിയുടെ പദവി പ്രസിഡന്റ് എന്നാക്കിയപ്പോഴും അദ്ദേഹംതന്നെയാണ് ആദ്യമായി ആ പദവി വഹിച്ചത്. തലശ്ശേരി, കോഴിക്കോട്, പാലക്കാട്, കൊച്ചി, തിരുവിതാംകൂർ എന്നിങ്ങനെ അഞ്ച് ജില്ലാകമ്മിറ്റികളാണ് തുടക്കത്തിൽ കെപിസിസിക്കുണ്ടായിരുന്നത്. കോഴിക്കോടായിരുന്നു അക്കാലത്ത് കെപിസിസിയുടെ ആസ്ഥാനം. കേരളസംസ്ഥാന രൂപവത്കരണത്തോടെയാണ് ആസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയത്. 1927-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയിലെ പ്രവിശ്യകളുടെ ഭാഷാപരമായ പുനഃസംഘടനയ്ക്ക് അനുയോജ്യമായ സമയമാണെന്ന് അഭിപ്രായം പ്രകടിപ്പിച്ചു. സ്വതന്ത്ര ഇന്ത്യക്കുള്ള ഒരു മാതൃകാഭരണഘടന തയ്യാറാക്കുന്നതിനായി 1928-ൽ എം.എ. അൻസാരിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിസമ്മേളനത്തിൽ മോത്തിലാൽ നെഹ്റു തലവനായി രൂപവത്കരിച്ച നെഹ്റു കമ്മിറ്റി ഈ പ്രശ്നം പരിശോധിച്ചു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ ജനങ്ങളുടെ സാംസ്‌കാരിക ക്ഷേമം പ്രോത്സാഹിപ്പിക്കുകയും കൂടുതൽ വിദ്യാഭ്യാസപുരോഗതി ഉറപ്പാക്കുകയും, പൊതുപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റി ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

ഐക്യകേരള പ്രമേയം

ഐക്യകേരള പ്രമേയം പാസാക്കിയ ആദ്യത്തെ നാട്ടുരാജ്യപ്രജാസമ്മേളനം നടന്നത് 1928ൽ എറണാകുളത്താണ്. അതേവർഷംതന്നെ ഐക്യകേരള രൂപവത്കരണത്തെ പിന്താങ്ങിയ അഖില കേരള കുടിയാൻ സമ്മേളനവും എറണാകുളത്ത് നടന്നു. പയ്യന്നൂരിൽ 1928-ൽ ജവാഹർലാൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ ചേർന്ന നാലാം അഖില കേരള കോൺഗ്രസ് സമ്മേളനത്തിൽ, ഭാവിയിൽ ഇന്ത്യ സ്വതന്ത്രമാകുമ്പോൾ കേരളത്തെ പ്രത്യേക സംസ്ഥാനമാക്കി നിലനിർത്തണമെന്ന് കോൺഗ്രസിന്റെ ദേശീയനേതൃത്വത്തോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി. 1930-കളിൽ സോഷ്യലിസ്റ്റ് പാർട്ടി കേരളത്തിൽ സംഘടിപ്പിച്ച തൊഴിലാളികൾ, കർഷകർ, വിദ്യാർഥികൾ എന്നിവരുടെ പ്രസ്ഥാനങ്ങൾ കേരളമൊട്ടാകെയുള്ള പശ്ചാത്തലത്തിലാണ് വികസിച്ചത്. 'സമസ്ത കേരള സാഹിത്യപരിഷത്ത്' പോലുള്ള സാംസ്കാരികസംഘടനകൾ മലയാളം സംസാരിക്കുന്ന സംസ്ഥാനമെന്ന ആശയത്തെ വളരെ ആവേശത്തോടെയാണ് സ്വാഗതംചെയ്തത്. 1935-ലെ ഇന്ത്യാ ഗവൺമെൻറ് നിയമം പ്രാബല്യത്തിൽ വന്നപ്പോൾ പ്രാദേശിക സ്വയംഭരണത്തിനുള്ള സാധ്യതകൾ തെളിഞ്ഞുവന്നു. 1937 നവംബറിൽ തിരുവനന്തപുരത്ത് തിരുവിതാംകൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആന്ധ്രാ സ്വദേശിയായ കോൺഗ്രസ് നേതാവ് ഡോ.പട്ടാഭി സീതാരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയസമ്മേളനം തിരുവിതാംകൂറൂം കൊച്ചിയും മലബാറുമുൾപ്പെടുത്തി ഒരു സബ് ഫെഡറേഷൻ രൂപവത്‌കരിക്കണമെന്ന പ്രമേയം ഐകകണ്ഠേന അംഗീകരിച്ചു. 1938-ൽ തിരുവിതാംകൂറിൽ സി.വി കുഞ്ഞുരാമൻ, പട്ടം താണുപിള്ള പി.എസ് നടരാജപിള്ള തുടങ്ങിയവരുടെ നേതൃത്യത്തിൽ സ്ഥാപിതമായ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസും കൊച്ചിയിൽ 1941-ൽ വിആർ കൃഷ്ണനെഴുത്തച്ചന്റെ നേതൃത്യത്തിൽ പ്രവർത്തനമാരംഭിച്ച കൊച്ചി രാജ്യപ്രജാമണ്ഡലവും ഐക്യകേരളത്തെ ലക്ഷ്യങ്ങളിലുൾപ്പെടുത്തി. കേരള സ്റ്റേറ്റ് കോൺഗ്രസ് കമ്മിറ്റിയിൽനിന്നുള്ള ഒരു പ്രതിനിധി സംഘം, പ്രസിഡൻറ് മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബിന്റെ നേതൃത്വത്തിൽ 1938-ൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയെ സമീപിക്കുകയും ഇന്ത്യ സ്വതന്ത്രമാകുമ്പോൾ 'ഐക്യകേരളം' രൂപവത്‌കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ സംസ്ഥാന പുനർവിഭജനം ആവശ്യമായി വരുമെന്നും അന്ന് കേരളത്തിന്റെ കാര്യം പരിഗണിക്കാമെന്നും പ്രതിനിധിസംഘത്തിന് ഉറപ്പുലഭിച്ചു.

ഐക്യകേരളം തമ്പുരാൻ

1945 ജൂലായ് 29-ന് കൊച്ചി നിയമസഭയ്ക്ക് നൽകിയ സന്ദേശത്തിൽ കൊച്ചിരാജാവ് കേരളവർമ ഐക്യകേരള പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ജനങ്ങളുടെ പൊതുനന്മയ്ക്കുവേണ്ടിയള്ള അത്തരമൊരു സംസ്ഥാനത്തിൽ കൊച്ചിയെ ലയിപ്പിക്കാൻ സന്നദ്ധനാകുകയും ചെയ്തു. തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും പ്രത്യേകനിലയിലുള്ള വ്യക്തിത്വം അവസാനിക്കാൻ വഴിതെളിക്കുന്ന കൊച്ചിരാജാവിന്റെ ഈ ചുവടുവയ്പ് അന്നത്തെ തിരുവിതാംകൂർ ഭരണാധികാരികൾക്ക് അരോചകമായിരുന്നു. ഐക്യകേരളത്തിനുവേണ്ടി നിലകൊള്ളുന്നതിനാൽ കേരളവർമ്മ മഹാരാജാവ് ഐക്യകേരളം തമ്പുരാൻ എന്നറിയപ്പെട്ടു.

ഐക്യകേരള മഹാസമ്മേളനം

ഐക്യകേരളപ്രസ്ഥാനം ശക്തമാക്കാൻ 1946-ൽ കെപിസിസി ഒരു ഉപസമിതിക്ക് രൂപംനൽകി. ഇതിന്റെ യോഗം കെ.പി.കേശവമേനോന്റെ അധ്യക്ഷതയിൽ ഒക്ടോബറിൽ ചെറുതുരുത്തിയിൽ നടന്നു. ഈ യോഗത്തിലെ തീരുമാനം അനുസരിച്ച് 1947 ഏപ്രിലിൽ തൃശ്ശൂരിൽവെച്ച് നടന്ന ഐക്യകേരള മഹാസമ്മേളനത്തിൽ കെ.കേളപ്പനാണ് ആധ്യക്ഷ്യം വഹിച്ചത്. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ് പതാക ഉയർത്തി. സാംസ്കാരികസംഘടനകളെയും രാഷ്ട്രീയ കക്ഷികളെയും പ്രതിനിധാനം ചെയ്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിനാളുകൾ പങ്കെടുത്ത ഈ സമ്മേളനത്തിൽ കൊച്ചിരാജാവ് കേരളവർമ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐക്യകേരളത്തെ അനുകൂലിച്ച് പ്രസംഗിച്ചു. ഐക്യകേരളം എത്രയും വേഗം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി പ്രധാനമന്ത്രി ഇക്കണ്ടവാര്യർ അവതരിപ്പിച്ച പ്രമേയത്തെ ഇ. മൊയ്തു മൗലവി പിന്താങ്ങുകയും പ്രമേയം ഐകകണ്ഠേന അംഗീകരിക്കപ്പെടുകയും ചെയ്തു. പ്രവർത്തനങ്ങൾക്കായി നൂറംഗസമിതിയെ തിരഞ്ഞെടുത്തു. ഈ സമ്മേളനത്തിൽ ഡോ. രാജേന്ദ്രപ്രസാദ്, ജെ.ബി. കൃപലാനി തുടങ്ങിയവർ ഐക്യകേരളത്തെ അനുകൂലിച്ചുകൊണ്ട് സന്ദേശങ്ങളയയ്ക്കുകയും വി.കെ. കൃഷ്ണമേനോൻ, ടി.പ്രകാശം, മന്നത്ത് പദ്‌മനാഭൻ തുടങ്ങിയവർ പ്രസംഗിക്കുകയും ചെയ്തിരുന്നു.

1947 ജനുവരിയിൽ ചെന്നൈയിൽനിന്ന് ആരംഭിച്ച ജയകേരളം എന്ന പ്രസിദ്ധികരണത്തിന്റെ ആദ്യപ്രതി പുറത്തിറക്കുന്ന വേളയിൽ തങ്ങൾ ഭാഷാടിസ്ഥാനത്തിലുള്ള വിഭജനത്തെ അനുകൂലിക്കുന്നുവെന്നും കന്യാകുമാരിമുതൽ കാസർകോടുവരെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന ഐക്യകേരളസംസ്ഥാനം രൂപവത്കരിക്കുന്നതിനായി പ്രവർത്തിക്കുമെന്നും കെ.പി.എസ്.മേനോൻ പ്രസ്താവിച്ചു. 1948 ഫെബ്രുവരിയിൽ കേരളസംസ്ഥാന രൂപവത്കരണം സംബന്ധിച്ച നിവേദനം പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്നതിന് ന്യൂഡൽഹിക്കുപോയ സംഘത്തിന് നേതൃത്വം നൽകിയത് കെ. കേളപ്പനാണ്. 1948 ഫെബ്രുവരിയിൽ ആലുവയിൽനടന്ന ഐക്യകേരള പ്രതിനിധിസമ്മേളനം ഐക്യകേരള പ്രസ്ഥാനത്തിന് ഒരു പുത്തനുണർവ്

നൽകി. പ്രവർത്തകസമിതിയുടെ കെട്ടുറപുള്ള പ്രവർത്തനത്തിനായി അംഗങ്ങളുടെ എണ്ണം നൂറിൽനിന്ന് 15 ആയി കുറച്ചു. കെ. കേളപ്പനെ പ്രസിഡൻറായും കെ.എം.ദാമോദരമേനോനെ സെക്രട്ടറിയായും നിയോഗിച്ചു. മഹാകവി വള്ളത്തോളും ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

ദിവാന്റെ സ്വപ്നം

ഇന്ത്യ 1947 ഓഗസ്റ്റ് മാസത്തിൽ സ്വതന്ത്രമാകുമെന്ന് ഉറപ്പായപ്പോൾ തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമാക്കിനിർത്താൻ ദിവാൻ സർ സി.പി രാമസ്വാമി അയ്യർ കരുനീക്കങ്ങളാരംഭിച്ചു. നാട്ടുരാജ്യങ്ങൾ ഇന്ത്യയോടോ പാകിസ്താനോടോ ലയിക്കുന്ന പ്രശ്നം തീരുമാനിക്കാനുള്ള അധികാരം അതത് രാജ്യത്തെ ജനങ്ങൾക്കല്ല, രാജാക്കൻമാർക്കാണ് എന്ന വാദത്തെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹത്തിന്റെ നീക്കങ്ങൾ. എന്നാൽ, രാജ്യത്തെ എല്ലാ രാഷ്ട്രീയകക്ഷികളും പൊതുജനങ്ങളും ഇതിനെ നിശിതമായി എതിർത്തു. പ്രക്ഷുബ്ധമായ ഈ സാഹചര്യത്തിലാണ് 1947 ജൂലായ് 25-ന് സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ ഒരു ചടങ്ങിൽ സംബന്ധിച്ചശേഷം മടങ്ങിപ്പോകുമ്പോൾ സി.പി. രാമസ്വാമിഅയ്യർക്ക് വെട്ടേറ്റത് (കെ.സി.എസ്. മണി എന്ന പേരിൽ അറിയപ്പെട്ടിരുന്ന കെ. ചിദംബര സുബ്രഹ്മണ്യഅയ്യരാണ് ദിവാനെ ആക്രമിച്ചതെന്നാണ് പിൽക്കാലചരിത്രം രേഖപ്പെടുത്തിയത്). 1947 ഓഗസ്റ്റ് 19-ന് ദിവാൻപദം രാജിവെച്ച അദ്ദേഹം സ്വതന്ത്രരാജ്യമെന്ന മോഹം ഉപേക്ഷിച്ച് തിരുവിതാംകൂർ വിട്ടു. 1947 ജൂലായ് 28-ന് മഹാരാജാവ് ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള തീരുമാനം അറിയിച്ചു. സിപിയെ തുടർന്ന് പി.ജി.എൻ. ഉണ്ണിത്താൻ ആക്ടിങ് ദിവാനായി സ്ഥാനമേറ്റു.

തിരുവിതാംകൂർ മന്ത്രിസഭ

1947 സെപ്റ്റംബർ 4ന് തിരുവിതാംകൂർ മഹാരാജാവ് പുതിയൊരു ഉത്തരവാദഭരണ സർക്കാർ രൂപീകരിക്കാൻ വിളംബരം നടത്തി. ഇന്ത്യ റിപ്പബ്ലിക്കാകുന്നതുവരെ തിരുവിതാംകൂറിലെ മുഖ്യമന്ത്രി 'പ്രധാനമന്ത്രി' എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിൽ ഉത്തരവാദഭരണ പ്രഖ്യാപനത്തോടെ ഒരു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപംകൊണ്ടു. പുതിയതായി രൂപീകരിച്ച നിയമസഭയിൽ 120 അംഗങ്ങൾ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവായിരുന്നു ഭരണഘടനാ തലവൻ. 1948 മാർച്ച് 20ന് തിരുവിതാംകൂറിൽ പുതുതായി രൂപംകൊണ്ട നിയമനിർമ്മാണ സഭ ആദ്യമായി സമ്മേളിച്ചു. സമ്മേളനത്തിന്റെ പ്രസിഡന്റ് എ.കെ.ജോൺ ആയിരുന്നു. 1948 മാർച്ച് 24ന് തിരുവിതാംകൂറിൽ പട്ടം താണുപിള്ള പ്രധാനമന്ത്രിയായും ടി.എം.വർഗീസ്, സി.കേശവൻ എന്നിവർ സഹമന്ത്രിമാരുമായുള്ള ആദ്യ ജനകീയമന്ത്രിസഭ ഭരണമേറ്റു. തുടർന്ന് 1948ൽ പട്ടം താണുപിള്ളയുടെ ആദ്യ മന്ത്രിസഭ തകർന്നപ്പോൾ ടി.കെ.നാരായണ പിള്ള തിരുവിതാംകൂറിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയായി. 1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വരുന്നതുവരെ ടി.കെ ആ സ്ഥാനത്തു തുടർന്നു. തലസ്ഥാനം തിരുവനന്തപുരത്തും ഹൈക്കോടതി കൊച്ചിയിലും സ്ഥാപിക്കാൻ തീരുമാനമായത് ഇക്കാലത്താണ്.

കൊച്ചി മന്ത്രിസഭ

കൊച്ചിയിൽ 1938 ജൂൺ 17നു ദ്വിഭരണസമ്പ്രദായം നിലവിൽ വന്നതോടെ ഒരു മന്ത്രി നിയമിക്കപ്പെട്ടു. അമ്പാട്ട് ശിവരാമമേനോനായിരുന്നു ആദ്യ മന്ത്രി. അദ്ദേഹം അന്തരിച്ചതിനെത്തുടർന്ന് 1939ൽ ഡോ.എ.ആർ.മേനോൻ മന്ത്രിയായി. 1942ൽ അവിശ്വാസ പ്രമേയത്തെ തുടർന്ന് മേനോൻ രാജിവെച്ചു. ടി.കെ.നായർ തൽസ്ഥാനത്ത് മന്ത്രിയായി. മന്ത്രിമാരുടെ എണ്ണം 1945ൽ രണ്ടായി. 1946ൽ മന്ത്രിമാർ നാലായി. ദിവാൻ ഭരണം അവസാനിച്ചപ്പോൾ ഒരു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ മന്ത്രിസഭ രൂപീകരിച്ചു. കൊച്ചി മഹാരാജാവായിരുന്ന കേരള വർമ്മ തമ്പുരാനായിരുന്നു ഭരണഘടനാ തലവൻ. 1947 ഓഗസ്റ്റ് 15ന് പനമ്പിള്ളി ഗോവിന്ദമേനോൻ കൊച്ചിയുടെ ആദ്യ പ്രധാനമന്ത്രിയായി. ടി.കെ.നായർ (1947-48), ഇ.ഇക്കണ്ടവാര്യർ (1948-49) എന്നിവരായിരുന്നു രണ്ടാമത്തെയും മൂന്നാമത്തെയും പ്രധാനമന്ത്രിമാർ. പ്രായപൂർത്തി വോട്ടവകാശപ്രകാരം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പിൽ ജയിച്ചാണ് പ്രജാമണ്ഡല നേതാവായ ഇക്കണ്ട വാര്യർ കൊച്ചിയിലെ പ്രധാനമന്ത്രിയായത്. 1949 ജൂലൈ ഒന്നിലെ തിരു-കൊച്ചി സംയോജനം വരെ വാര്യർ പ്രധാനമന്ത്രിസ്ഥാനത്തു തുടർന്നു.

മദ്രാസ് മന്ത്രിസഭ

മലബാർ ഉൾപ്പെട്ട മദ്രാസിൽ 1937ൽ മന്ത്രിസഭയുണ്ടാക്കി. കോങ്ങാട്ടിൽ രാമൻ മേനോൻ, സി.ജെ.വർക്കി, ആർ.രാഘവമേനോൻ, കോഴിപ്പുറത്ത് മാധവ മേനോൻ എന്നിവർ വിവിധ മന്ത്രിസഭകളിൽ മന്ത്രിമാരായിരുന്നു. കെ.പി.കുട്ടികൃഷ്‌ണൻ നായർ (കോഴിക്കോട്) സി.രാജഗോപാലാചാരി മന്ത്രിസഭയിൽ നിയമകാര്യമന്ത്രി (1952-1954) ആയിരുന്നു. എൻ.ഗോപാലമേനോൻ 1955 സെപ്റ്റംബർ 27 മുതൽ 1956 നവംബർ ഒന്നു വരെ മദ്രാസ് നിയമസഭാ സ്‌പീക്കർ ആയിരുന്നു. 1952 മെയ് ആറു മുതൽ ഡോ.പി.വി.ചെറിയാൻ മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനായിരുന്നു.

ധാർ കമ്മിഷൻ ശുപാർശ

ഇന്ത്യൻ ഭരണഘടനാ നിർമാണസഭ, സംസ്ഥാന പുനർവിഭജന പ്രശ്നം പഠിക്കാൻ നിയോഗിച്ച ധാർ കമ്മിഷനുമുൻപാകെ ഐക്യകേരള സമിതി സമർപ്പിച്ച നിവേദനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ, കൂർഗ്, നീലഗിരി, ഗൂഡല്ലൂർ, ദക്ഷിണ കാനറ, മയ്യഴി, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങൾ ചേർന്ന കേരളസംസ്ഥാന രൂപവത്കരണം ആവശ്യപ്പെട്ടു. പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂർ സർക്കാർ ധാർ കമ്മിഷനുമായി സഹകരിച്ചില്ല. ധാർ കമ്മിഷൻ ശുപാർശകളുടെ അവലോകനത്തിനായി കോൺഗ്രസിന്റെ ജയ്‌പുർ സമ്മേളനം (1948) ജവാഹർലാൽ നെഹ്റു, സർദാർ വല്ലഭ്‌ഭായ് പട്ടേൽ, പട്ടാഭി സീതാരാമയ്യ എന്നിവരടങ്ങിയ ഉന്നതതലസമിതിക്ക് (ജെ.വി.പി. കമ്മിറ്റി) രൂപം നൽകി. ഭാഷാടിസ്ഥാനത്തിലുള്ള വിഭജനനിർദേശം വളരെ സൂക്ഷിച്ചുവേണമെന്ന് കമ്മിറ്റി റിപ്പോർട്ട് നൽകി.

ബക്ക് കമ്മിറ്റി

തിരുവിതാംകൂർ- കൊച്ചി സംയോജനത്തിന്റെ വിശദവിവരങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് 1949-ൽ നിയോഗിക്കപ്പെട്ട കമ്മിറ്റിയായ ബക്ക് കമ്മിറ്റിക്ക് മുൻപാകെ തന്നെ പുതിയ സംസ്ഥാനത്തിന്റെ ആജിവനാന്ത പെരുമാളായി നിയമിക്കണം എന്ന ആവശ്യം ശ്രീചിത്തിര തിരുനാൾ ഉന്നയിച്ചു.

പാർട്ട് ബി സംസ്ഥാനം

ഭാരതസർക്കാരിന്റെ നാട്ടുരാജ്യസംയോജന നിയമമനുസരിച്ച് 1949 ജൂലായ് ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ചേർത്ത് ഇന്ത്യൻ യൂണിയനിലെ പാർട്ട് ബി സംസ്ഥാനമായി തിരുവിതാംകൂർ-കൊച്ചി എന്ന പുതിയ സംസ്ഥാനം നിലവിൽവന്നു. മലയാളിയും കേന്ദ്ര ആഭ്യന്തരമന്ത്രി സർദാർ പട്ടേലിന്റെ വിശ്വസ്തനുമായിരുന്ന നാട്ടുരാജ്യ വകുപ്പ് സെക്രട്ടറി വി.പി. മേനോന്റെ പരിശ്രമമായിരുന്നു അതിന്റെ പിന്നിൽ. യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ എന്ന ഔദ്യോഗിക നാമം, ഇന്ത്യൻ ഭരണഘടന നിലവിൽവന്നതോടെ സ്റ്റേറ്റ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ ആയി. തിരുവിതാംകൂർ മഹാരാജാവ് പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖനായി. കൊച്ചി രാജാവ് രാമവർമ പരീക്ഷിത്തുതമ്പുരാൻ സ്ഥാനമൊഴിഞ്ഞു. ഉപരാജപ്രമുഖ് പദവി വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ചു. തിരു കൊച്ചി സംയോജനസമയത്ത് ഒരു വ്യവസ്ഥ മാത്രമേ അദ്ദേഹം വെച്ചിരുന്നുള്ളൂ. 25 പൈസ വിലയുള്ള കൊച്ചി ഗവൺമെന്റ് പഞ്ചാംഗത്തിന്റെ നാലു കോപ്പികൾ വർഷംതോറും കിട്ടണം എന്നുമാത്രം! കൊച്ചി വളരെ ചെറിയ ഒരു നാട്ടുരാജ്യമായതുകൊണ്ടാണ് തിരുവിതാംകൂറിനോട് സംയോജിക്കപ്പെട്ടത്. എങ്കിലും ഈ നടപടി ഏറെക്കാലമായി പ്രതീക്ഷിക്കുന്ന കേരളസംസ്ഥാന രൂപവത്കരണത്തിന്റെ ആദ്യഘട്ടമായിട്ടാണ് ജനങ്ങൾ കണ്ടത്. തിരു കൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരവും ഹൈക്കോടതി ആസ്ഥാനമായി എറണാകുളവും നിശ്ചയിക്കപ്പെട്ടു.

തിരു-കൊച്ചി സംയോജനം നടക്കുന്ന സമയമായപ്പോഴേക്കും തിരുവിതാംകൂറിലും കൊച്ചിയിലും ഉത്തരവാദപ്പെട്ട സർക്കാരുകൾ സ്ഥാപിക്കപ്പെട്ടിരുന്നു. കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത് ഇക്കണ്ടവാരിയരും തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്നത് പറവൂർ ടി.കെ. നാരായണപിള്ളയുമായിരുന്നു. ലയനശേഷം ഇരപ്രദേശങ്ങളിലെയും നേതാക്കന്മാരെ ഉൾപ്പെടുത്തി പുതിയൊരു മന്ത്രിസഭ അധികാരമേറ്റു. പറവൂർ ടി.കെ. നാരായണപിള്ളയായിരുന്നു പ്രധാനമന്ത്രി. 1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടന നിലവിൽവന്നതോടെ 'സംസ്ഥാന പ്രധാനമന്ത്രി'യുടെ സ്ഥാനം 'മുഖ്യമന്ത്രി' എന്നായി മാറി. തിരുവിതാംകൂറുമായി ലയിക്കുന്ന സമയത്ത് കൊച്ചി നിയമസഭയിൽ 58 സീറ്റും തിരുവിതാംകൂറിൽ 120 സീറ്റുമാണ് ഉണ്ടായിരുന്നത്. ഏകികൃത തിരു-കൊച്ചി നിയസഭയുടെ തുടക്കത്തിൽ 178 സീറ്റുണ്ടായിരുന്നു (പിന്നീട് സീറ്റുകളുടെ എണ്ണത്തിൽ കുറവ് വന്നു). നാല് ജില്ലകളാണ് തിരു കൊച്ചിയിലുണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ. താലൂക്കുകളുടെ എണ്ണം 36. തിരുവനന്തപുരം ജില്ലയിൽ ഇന്നത്തെ കന്യാകുമാരി ജില്ലയുടെയും കൊല്ലം ജില്ലയിൽ ഇന്നത്തെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെയും കോട്ടയം ജില്ലയിൽ ഇന്നത്തെ എറണാകുളം, ഇടുക്കി ജില്ലകളുടെയും തൃശ്ശൂർ ജില്ലയിൽ ഇന്നത്തെ എറണാകുളം, പാലക്കാട് ജില്ലകളുടെയും ഭാഗങ്ങളുണ്ടായിരുന്നു.

സംസ്ഥാന തലവൻ അഥവാ രാജപ്രമുഖനായി ഒരു മഹാരാജാവിനെ നിയമിച്ചു കൊണ്ടുള്ള തിരു-കൊച്ചി രൂപവത്കരണം ജനകിയ കേരള സംസ്ഥാനത്തിന്റെ പിറവിക്ക് സഹായകമാവില്ല എന്ന നിലപാടോടെ കെ. കേളപ്പൻ ഐക്യകേരളസമിതിയുടെ അധ്യക്ഷസ്ഥാനം രാജിവെച്ചു. കെ.പി.കേശവമേനോൻ അധ്യക്ഷനായി സമിതി പ്രവർത്തനം തുടർന്നു. 1949 നവംബറിൽ പാലക്കാട്ട് നടന്ന ഐക്യകേരള സമ്മേളനം രാജപ്രമുഖനെ ഒഴിവാക്കിക്കൊണ്ടുള്ള കേരള സംസ്ഥാനം സ്ഥാപിക്കണമെന്ന പ്രമേയം അംഗീകരിച്ചു.1952 ജൂണിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രണ്ടായി പിരിഞ്ഞു. തിരു കൊച്ചി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും ഐക്യ കേരളത്തെ സംബന്ധിച്ച നയത്തിൽ മാറ്റംവരുന്നതിന് ഇത് കാരണമായി. 1953 ഏപ്രിലിൽ പാലക്കാട്ട് വെച്ചു ചേർന്ന മലബാർ പ്രദേശ് രാഷ്ട്രീയസമ്മേളനം തിരു-കൊച്ചിയെ മദ്രാസ് പ്രവിശ്യയിൽ ലയിപ്പിച്ച് ഒരു ദക്ഷിണസംസ്ഥാനം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടു. തിരു-കൊച്ചി കോൺഗ്രസ് കമ്മിറ്റിയും തിരു-കൊച്ചി സർക്കാരും ഐക്യകേരളത്തെ അനുകൂലിച്ചു. എന്നാൽ, ദക്ഷിണസംസ്ഥാനം എന്ന ആശയത്തെ തള്ളിക്കളഞ്ഞു. ആദ്യം മലബാറിലെ കോൺഗ്രസ് പ്രവർത്തകർ കേരളസംസ്ഥാന രൂപവത്കരണത്തെ എതിർത്തിരുന്നെങ്കിലും കോഴിക്കോട്ടുചേർന്ന ഐക്യകേരള കമ്മിറ്റിയുടെ സമ്മേളനം ഐക്യകേരളം രൂപവത്കരിക്കുന്നതിന് അനുകൂലമായി മലബാറിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിച്ചു. 1952 ഒക്ടോബർ 18, 19 തീയതികളിൽ മുംബൈയിൽ നടന്ന ഐക്യകേരള സമ്മേളനം സംഘടിപ്പിക്കുന്നതിന് നേതൃതം നൽകിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. തിരു-കൊച്ചിയിലെ തെക്കൻ താലൂക്കുകളെ തമിഴ്‌നാട്ടിൽ ചേർക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വംനൽകിയ രാഷ്ട്രീയ കക്ഷിയായ ട്രാവൻകൂർ തമിഴ്‌നാട് കോൺഗ്രസിന്റെ നേതാവ് എ നേശമണി ആയിരുന്നു.

തിരു - കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പ്

ആദ്യ തിരു-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ ടിടിഎൻസി പാർട്ടി 9 സീറ്റുനേടി. നിയമസഭയിൽ ഭരണസഖ്യം രൂപവത്കരിക്കുന്നതിന് അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പിന്തുണച്ചു. സംസ്ഥാനത്തെ തമിഴ് സംസാരിക്കുന്ന ഭാഗങ്ങളെക്കുറിച്ചുള്ള നയത്തിൽ കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം 19 മാസത്തിനുശേഷം അവർ ഈ പിന്തണ പിൻവലിച്ചു. 1954-ലെ രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിടിഎൻസി 12 സിറ്റുനേടി. അതേ വർഷം, തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട്, നെയ്യാറ്റിൻകര, ചെങ്കോട്ട, ദേവികുളം, പീരുമേട് തുടങ്ങിയ തമിഴ് ആധിപത്യമുള്ള താലൂക്കുകൾ മദ്രാസ് സംസ്ഥാനവുമായി ലയിപ്പിക്കാൻ ടിടിഎൻസി ആവശ്യപ്പെട്ടു. 1954 ഓഗസ്റ്റിൽ ഈ ലയനങ്ങളെ പിന്തുണച്ച് ടിടിഎൻസി സംഘടിപ്പിച്ച തെരുവ് പ്രതിഷേധം അക്രമാസക്തമായി. ക്രമസമാധാനം പാലിക്കാൻ ശ്രമിച്ച പോലീസ് പ്രതിഷേധക്കാർക്ക് നേരേ വെടിയുതിർത്തു. നാലുപേർ കൊല്ലപ്പെടുകയും ഒരു ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1940-കളുടെ അവസാനംവരെ കന്യാകുമാരി ജില്ലയ്ക്ക് പുറമേ, ഇന്നത്തെ ഇടുക്കി ജില്ലയിലെ ദേവികളും, പീരുമേട് താലൂക്കുകളിലും തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളുണ്ടായിരുന്നു. ഈ താലൂക്കുകൾ മദ്രാസ് സംസ്ഥാനവുമായി ലയിപ്പിക്കാൻ ടി.ടി.എൻ.സിയും അഭ്യർഥിച്ചിരുന്നു. പക്ഷേ, തിരുവിതാംകൂർ പ്രധാനമന്ത്രി പട്ടം താണുപിള്ളയുടെ ചില തീരുമാനങ്ങൾമൂലമാണ് ആധുനിക കേരള സംസ്ഥാനത്തിൽ അത് നിലനിർത്തിയത്.

കോളനിവത്കരണ പദ്ധതി

ഏലം കുന്നുകളുടെ ജനസംഖ്യാ പുനർക്രമീകരണത്തിനായി അദ്ദേഹം ഒരു കോളനിവര്കരണ പദ്ധതി കൊണ്ടുവന്നു. അതിലൂടെ, മലയാളം സംസാരിക്കുന്ന 8000 കുടുംബങ്ങളെ ദേവികുളം, പീരുമേട് താലൂക്കുകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ അദ്ദേഹം കോളനിവത്കരണ പദ്ധതിയിലൂടെ ലക്ഷ്യമിട്ടു. കോളനിവത്കരണ പദ്ധതിക്കായി തമിഴ് ഭൂരിപക്ഷ പ്രദേശമായ ഈ താലൂകളിലെ ഏകദേശം 50000 ഏക്കർ പ്രദേശം തിരഞ്ഞെടുത്ത ഈ പദ്ധതിയുടെ വിജയമെന്ന നിലയിൽ 1956-ലെ സംസ്ഥാന പുനഃസംഘടനാ നിയമപ്രകാരം ഈ രണ്ട് താലൂക്കുകളും ഏലം കുന്നുകളുടെ ഒരു വലിയ ഭാഗവും കേരള സംസ്ഥാനത്തിന്റെ ഭാഗമായി നിലനിർത്താൻ കഴിഞ്ഞു.

തിരു-കൊച്ചി മന്ത്രിസഭ                

1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നു. തിരുവിതാംകൂർ രാജാവ് ചിത്തിര തിരുനാൾ 'രാജപ്രമുഖ'നായി. തിരുവിതാംകൂർ ഭരണസാരഥിയായിരുന്ന പറവൂർ ടി.കെ.നാരായണപിള്ള മുഖ്യമന്ത്രിയും ടി.എം.വർഗീസ് സ്‌പീക്കറുമായി. തിരുവിതാംകൂറിനെ പ്രതിനിധാനം ചെയ്‌ത്‌ എ.കെ.ജോൺ, ഡോ.ഇ.കെ.മാധവൻ, ടി.ഇ.അബ്ദുള്ള എന്നിവരും കൊച്ചിയുടെ പ്രതിനിധികളായി ഇക്കണ്ട വാര്യർ, കെ.അയ്യപ്പൻ, പനമ്പിള്ളി ഗോവിന്ദമേനോൻ എന്നിവരും മന്ത്രിമാരായി. 1951 ഫെബ്രുവരി 28ന് തിരു-കൊച്ചിയിൽ സി.കേശവൻ രണ്ടാമത്തെ മുഖ്യമന്ത്രിയായി.

1952ൽ എ.ജെ.ജോൺ തിരു-കൊച്ചിയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയായി. 1953 സെപ്റ്റംബർ 23ന് എ.ജെ.ജോൺ മന്ത്രിസഭ രാജിവെച്ചു. 1954ൽ തിരു-കൊച്ചിയിൽ ഇടക്കാല തിരഞ്ഞെടുപ്പിനെത്തുടർന്ന് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. 1955ൽ പട്ടം താണുപിള്ള രാജിവെച്ചപ്പോൾ പനമ്പിള്ളി ഗോവിന്ദമേനോൻ മുഖ്യമന്ത്രിയായി. 1955 ഫെബ്രുവരി മുതൽ 1956 മാർച്ച് വരെ ഈ സർക്കാർ തിരു-കൊച്ചിയിൽ ഭരണം നടത്തി. ഈ മന്ത്രിസഭ പുറത്തായതിനു ശേഷം തിരുകൊച്ചിയിൽ പ്രസിഡന്റ് ഭരണം നിലവിൽവന്നു. ഈ സമയത്താണ് 1956ൽ കേരള സംസ്ഥാനം രൂപംകൊള്ളുന്നത്.

നടുവിൽ അശോകചക്രവും മുകളിൽ ശംഖും അവയെ ഇരുവശത്തുനിന്നും തുമ്പിക്കൈ ഉയർത്തി ആശീർവദിക്കുന്ന രണ്ട് ആനകളും താഴെ തിരുവിതാംകൂർ, കൊച്ചി എന്നെഴുതിയ കമാനവുമായിരുന്നു തിരു-കൊച്ചിയുടെ സർക്കാർ മുദ്ര (1956 വരെ ഇതായിരുന്നു സർക്കാർ ചിഹ്നം). തിരുവിതാംകൂർ-കൊച്ചി സംയോജനത്തെ തുടർന്ന് കേരളപ്പിറവിക്കു മുമ്പായി അഞ്ചു മന്ത്രിസഭകൾ അധികാരത്തിലിരുന്നു.

1. പറവൂർ ടി.കെ.നാരായണപിള്ള (1949-1951)

2. സി.കേശവൻ (1951-1952)

3. എ.ജെ.ജോൺ (1952-1954)

4. പട്ടം എ.താണുപിള്ള (1954-1955)

5. പനമ്പിള്ളി ഗോവിന്ദമേനോൻ (1955-1956)

സംസ്ഥാന പുനഃസംഘടന

ആന്ധ്രയെ മദ്രാസിൽനിന്ന് വേർപെടുത്തി പ്രത്യേക സംസ്ഥാനമാക്കാൻവേണ്ടി പോറ്റി ശ്രീരാമലു ഉപവാസം നടത്തി മരണമടഞ്ഞ സംഭവം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടന നടത്താൻ കേന്ദ്രസർക്കാറിനെ പ്രേരിപ്പിച്ചു. അതേക്കുറിച്ച് പഠിച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാട് നിർദേശങ്ങൾ സമർപ്പിക്കാൻ 1953 ഡിസംബറിൽ സയീദ് ഫസൽ അലി അധ്യക്ഷനായും പണ്ഡിറ്റ് ഹൃദയനാഥ് കുൻസ്രു, മലയാളിയായ സർദാർ കെ.എം. പണിക്കർ എന്നിവർ അംഗങ്ങളായും ഒരു സമിതിയെ ഭാരതസർക്കാർ നിയോഗിച്ചു. സമിതി എല്ലാ വാദങ്ങളും വിശദമായി പഠിച്ചശേഷം ദക്ഷിണസംസ്ഥാന വാദം നിരാകരിച്ചു. 1955-ൽ സമർപ്പിക്കപ്പെട്ട സമിതിയുടെ നിർദേശങ്ങൾ പ്രകാരം സംസ്ഥാന പുനഃസംഘടനയ്ക്കുവേണ്ടി 1956-ൽ ഭരണഘടന ഭേദഗതി ചെയ്തു. അങ്ങനെ ഏഴാം ഭേദഗതി പ്രകാരം 14 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വന്നു. തെക്കൻ തിരുവിതാംകൂറിൽ തമിഴർക്ക് ഭൂരിപക്ഷമുള്ള തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട് എന്നീ നാല് താലൂക്കുകൾ തമിഴ്‌നാട്ടിൽ പുതുതായി നിലവിൽവന്ന കന്യാക്യമാരി ജില്ലയായി. കിഴക്ക് ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗം തിരുനെൽവേലി ജില്ലയോട് ചേർത്ത് (ഇപ്പോൾ തെങ്കാശി ജില്ലയുടെ ഭാഗം) തിരുവിതാംകൂറിന്റെ ബാക്കി ഭാഗങ്ങളും കൊച്ചിയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാറും ദക്ഷിണ കാനറാ ജില്ലയിലെ കാസർകോട് താലൂക്കും ഒന്നിച്ചുചേർന്ന കേരള സംസ്ഥാനം 1956 നവംബർ ഒന്നിന് രൂപവത്കരിച്ചു. ഐക്യകേരളസമിതി മുൻപ് ആവശ്യപ്പെട്ടിരുന്ന ഗൂഡല്ലുരും കൂർഗും മയ്യഴിയും ലക്ഷദ്വീപും കേരളത്തിന്റെ ഭാഗമായില്ല.

തിരുവിതാംകൂറിലെ നെല്ലറയായ നാഞ്ചിനാടും (തോവാള, അഗസ്തീശ്വരം) പഴയ തലസ്ഥാനമായ പദ്മനാഭപുരവും ഐതിഹ്യത്തിലെ പരശുരാമകഥയിലെ കന്യാകുമാരിയും കേരളത്തിന് കൈവിട്ടുപോയി. വൈകുണ്ഠസ്വാമികളുടെ തട്ടകമായിരുന്ന സ്വാമിത്തോപ്പ്, ശ്രീനാരായണഗുരു തപസ്സ് ചെയ്ത മരുത്വാമല, മുല്ലപ്പെരിയാറിനോളം പഴക്കമുള്ള പേച്ചിപ്പാറ അണക്കെട്ട്, തിരുവിതാംകൂറിലെ മഹാക്ഷേത്രങ്ങളിലൊന്നായിരുന്ന ശുചിന്ദ്രം, കുറ്റാലം വെള്ളച്ചാട്ടം, ചരിത്രമുറങ്ങുന്ന ഇരണിയൽ കൊട്ടാരം, ഉദയഗിരിക്കോട്ട തുടങ്ങിയവയും കേരളീയരുടെ പ്രത്യേകിച്ച് തെക്കൻ തിരുവിതാംകൂറുകാരുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകളുടെ പട്ടികയിലേക്ക് മാറ്റപ്പെട്ടു. പദ്മനാഭപുരം, കുറ്റാലം കൊട്ടാരങ്ങളുടെ ഉടമസ്ഥാവകാശം ഇപ്പോഴും കേരളത്തിനാണ്. മലബാർ ജില്ലയുടെ ഭാഗമായിരുന്ന ലക്ഷദ്വീപ്, അമിനി ആൻഡ് മിനിക്കോയ് ദ്വീപ സമൂഹം പ്രത്യേക കേന്ദ്രഭരണപ്രദേശമായി. കൂർഗ് കർണാടകത്തിന്റെയും ഗൂഡല്ലൂർ തമിഴ്നാടിന്റെയും ഭാഗമായി. മാഹി ഇപ്പോൾ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയടെ ഭാഗമാണ്. 1956 നവംബർ ഒന്നിന് കേരളം നിലവിൽവന്നപ്പോൾ തിരു-കൊച്ചിയിൽ നിലനിന്നിരന്ന രാഷ്ട്രപതിഭരണം തുടരുകയാണുണ്ടായത്. രാജപ്രമുഖ പദവി നിർത്തലാക്കപ്പെട്ട സംസ്ഥാന എക്സിക്യൂട്ടിവ് തലവനെ ഗവർണർ എന്ന് പുനർനാമകരണം ചെയ്തു. രാജപ്രമുഖന് പകരം പി.എസ്. റാവു ആക്ടിങ് ഗവർണായി നിയമിക്കപ്പെട്ടതൊടെ കേരളത്തിലെ നാട്ടുരാജ്യഭരണത്തിന്റെ അവസാന അവശിഷ്ടവും ഇല്ലാതായി. കേരളം അതിന്റെ സ്വത്വം വീണ്ടെടുത്ത് ഇന്ത്യൻ യൂണിയന്റെ അവിഭാജ്യഘടകമായി. പിന്നീട് ബി രാമകൃഷ്ണറാവു സംസ്ഥാന ഗവർണറായി നിയമിക്കപ്പെട്ടു. 1957ൽ സംസ്ഥാന നിയമസഭയിലേക്ക് ആദ്യ തിരഞ്ഞടുപ്പ് നടന്നു. 126 അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് പ്രാതിനിധ്യത്തിനായി ഒരംഗത്തെ ഗവർണർ നാമനിർദേശം ചെയ്തു.

ഐക്യ കേരള പ്രസ്ഥാനം

തിരുവിതാംകൂര്‍, കൊച്ചി, മലബാർ എന്നിവിടങ്ങളിലെ ജനങ്ങളുടെ സാംസ്‌കാരിക ഐക്യത്തിന് മലയാള ഭാഷ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുകയുണ്ടായി. ഭാഷയേയും പ്രദേശത്തേയും അടിസ്ഥാനമാക്കിയുള്ള മലയാളി സമത്വത്തിന്റെ വേരുകൾ പതിനാലാം നൂറ്റാണ്ടിലെ ഒരു വ്യാകരണ ഗ്രന്ഥമായ ലീലാതിലകത്തിൽ നമുക്ക്‌ കാണാൻ കഴിയും. ഒരു ഏകഭാഷ സംസാരിക്കുന്ന മലയാളി സമൂഹത്തെക്കുറിച്ച്‌ അത്‌ പറയുന്നുണ്ട്‌. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെയാണ്‌ മലയാളിസമത്വം എന്ന സങ്കല്‍പം യഥാര്‍ത്ഥത്തിൽ രൂപം കൊണ്ടത്‌. ആധുനിക വിദ്യാഭ്യാസത്തിന്റെ വ്യാപനമാണ്‌ ഇതിനു കാരണം. ഒരു പൊതുഭാഷയുടെ അടിസ്ഥാനത്തിലുള്ള ഒരു പ്രദേശം എന്ന സങ്കല്‍പം ജനങ്ങളുടെ മനസ്സിൽ ഉയര്‍ന്നുവരുന്നതിൻ ആധുനിക വിദ്യാഭ്യാസം സഹായകമായി. അച്ചടി സാങ്കേതികവിദ്യ, നാട്ടുഭാഷാ പത്രങ്ങളുടെ സ്ഥാപനം എന്നീ ഘടകങ്ങളും മലയാളി സമത്വത്തിന്റെ രൂപീകരണത്തിന് സഹായകമായിത്തീര്‍ന്നു. തിരുവിതാംകൂറിലെ സര്‍ക്കാർ ജോലികളിലേക്ക്‌ പുറമെ നിന്നുള്ളവരെ നിയമിക്കുന്ന നയത്തിനെതിരെ 10,028 പേർ ഒപ്പുവെച്ച്‌ സമര്‍പ്പിച്ച (1891) മലയാളി മെമ്മോറിയൽ ഈ പുതിയ അവബോധത്തിന്റെ ഒരു അടയാളമായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വളര്‍ന്നുവന്ന ദേശീയ പ്രസ്ഥാനത്തോടൊപ്പമാണ്‌ മലയാളി സമത്വവും വികാസം പ്രാപിച്ചത്‌. തിരുവിതാംകുറിന്റേയും കൊച്ചിയുടേയും മലബാറിന്റേയും അതിര്‍ത്തികൾ മറികടന്നു കൊണ്ട്‌ ഒരു മലയാളി സമത്വം കേരളത്തിലൂടനീളം വ്യാപിക്കാൻ തുടങ്ങി. 1921-ൽ ഭാഷാടിസ്ഥാനത്തിൽ നിലവിൽ വന്ന കേരള പ്രദേശ്‌ കോണ്‍ഗ്രസ്സ്‌ കമ്മിറ്റി (കെ.പി.സി.സി) മലബാര്‍, തിരുവിതാകൂർ, കൊച്ചി എന്നിവിടങ്ങളിലെ ജനങ്ങളെ സംയുക്തമായി പ്രതിനിധാനം ചെയ്തു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ അഖില കേരള രാഷ്ട്രീയ സമ്മേളനം 1921 ൽ ഒറ്റപ്പാലത്തു വെച്ചുകൂടി. തിരുവിതാംകൂര്‍, കൊച്ചി, മലബാർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒരുമിച്ച്‌ പങ്കെടുത്ത ആദ്യസമ്മേളനമായിരുന്നു ഇത്‌. ഒരു ദേശീയ സമത്വത്തിനു വേണ്ടിയുള്ള കേരളീയരുടെ അഭിലാഷം ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഒന്നേക്കാൽ കോടി മലയാളികള്‍" പോലെയുള്ള കൃതികളിൽ പ്രതിഫലിച്ചിരുന്നു.

1947 ഏപ്രിലിൽ കെ. കേളപ്പന്റെ അദ്ധ്യക്ഷതയിൽ തൃശ്ശൂരിൽ വെച്ച്‌ ഒരു ഐക്യകേരള സമ്മേളനം ചേര്‍ന്നു. ഐക്യകേരളം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം സമ്മേളനം പാസ്സാക്കി. 1949 ജൂലൈ 1 നു തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ചുകൊണ്ട് ഒരു പ്രധാന ചുവടുവെപ്പായിരുന്നു ഇത്. സയ്യിദ്‌ ഫസ്സൽ അലിയുടെ അദ്ധ്യക്ഷതയിലുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷനാണ്‌ ഐക്യ കേരളം എന്ന സ്വപ്നം യാഥാര്‍ത്യമാക്കിയത്‌. തിരുവിതാംകൂറും കൊച്ചിയും മലബാറും ഉള്‍പ്പെടുന്ന കേരള സംസ്ഥാനം രൂപീകരിക്കാൻ കമ്മീഷൻ ശുപാര്‍ശ ചെയ്തു. 1956 നവംബർ 1 ന് പുതിയ സംസ്ഥാനമായ കേരളം ഔദ്യോഗികമായി നിലവില്‍വന്നു.

കേരള സംസ്ഥാന രൂപീകരണം

1949ൽ തിരുവിതാംകൂറും കൊച്ചിയും സംയോജിച്ച് 'തിരു-കൊച്ചി' ഉണ്ടായി. 1955 വരെ മന്ത്രിസഭകൾ മാറിമാറി വന്നു. 1956ൽ പ്രസിഡന്റ് ഭരണവും വന്നു. ഭാഷാടിസ്ഥാനത്തിനുള്ള സംസ്ഥാന രൂപീകരണം എന്ന ആശയം ഇക്കാലത്തുണ്ടായി. അങ്ങനെ തിരു-കൊച്ചിയും മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറും ചേർന്ന് കേരള സംസ്ഥാനം രൂപപ്പെട്ടു. 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ, ദക്ഷിണ കാനറാ ജില്ലയിലെ കാസർഗോഡ് താലൂക്ക് എന്നിവ ചേർന്ന് കേരള സംസ്ഥാനം നിലവിൽ വന്നു. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻകോട് എന്നീ താലൂക്കുകൾ മദിരാശി സംസ്ഥാനത്തിന് വിട്ടുകൊടുത്തും തെക്കൻ കർണാടകത്തിന്റെ ഭാഗമായിരുന്ന കാസർഗോഡ്, ഹോസ്ദുർഗ് താലൂക്കുകൾ കേരളത്തോടും ചേർക്കപ്പെട്ടു. കേരളപ്പിറവിക്കുശേഷമുള്ള ആദ്യ നിയമസഭാതിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28 - 1957 മാർച്ച് 11 വരെയുള്ള കാലയളവിലായി നടന്നു. കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒറ്റയ്‌ക്കൊറ്റയ്ക്കായി മത്സരിച്ച തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭൂരിപക്ഷം നേടി. 155 ദിവസം നീണ്ട രാഷ്‌ട്രപതി ഭരണത്തിന് ശേഷം (1956 നവംബർ ഒന്ന് മുതൽ 1957 ഏപ്രിൽ അഞ്ചുവരെ) 1957 ഏപ്രിൽ അഞ്ചിന് ഇ.എം.എസ് നമ്പൂതിരിപ്പാട് ആദ്യത്തെ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റു. ഏഷ്യയിൽ ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽവന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു അത്.

ജില്ലകളുടെ പിറവി

കേരളം നിലവിൽവന്ന സമയത്ത് തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ, മലബാർ എന്നീ അഞ്ച് ജില്ലകളാണുണ്ടായിരുന്നത്. ഏറ്റവും വലിയ ജില്ലയായിരുന്ന മലബാർ ജില്ലയെ 1957 ജനവരി ഒന്നിന് പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളായി വിഭജിച്ചു. 1957 ഓഗസ്റ്റ് 17-ന് പഴയ കോട്ടയം, കൊല്ലം ജില്ലകളിൽനിന്ന് ഭാഗങ്ങൾ ചേർത്ത് ആലപ്പുഴ ജില്ല രൂപവത്കരിച്ചു. 1958 ഏപ്രിൽ ഒന്നിന് നിലവിൽവന്ന എറണാകുളം ജില്ലയിൽ തിരുവിതാംകൂർ നാട്ടുരാജ്യത്തെ പ്രദേശങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് 1969 ജൂൺ 16-ന് നിലവിൽവന്ന മലപ്പുറം ജില്ലയ്ക്കു രൂപം നൽകിയത്. റിപ്പബ്ലിക് ദിനത്തിൽ നിലവിൽ വന്ന കേരളത്തിലെ ജില്ലയായ ഇടുക്കിയിൽ (1972 ജനുവരി 26) കോട്ടയം എറണാകുളം ജില്ലകളിലെ പ്രദേശങ്ങളാണ് ഉൾപ്പെട്ടിരുന്നത്. കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്താണ്, 1980-ലെ കേരളപ്പിറവിദിനത്തിൽ നിലവിൽ വന്ന വയനാട് ജില്ലയ്ക്ക് രൂപം നൽകിയത്. 1982 നവംബർ 1-ന് നിലവിൽ വന്ന പത്തനംതിട്ട ജില്ലയുടെ രൂപവത്കരണത്തിന് വലിയ സംഭാവനകൾ നൽകിയ നിയമസഭാ സാമാജികനാണ് കെ.കെ.നായർ. 1984 മെയ് 24ന് പതിന്നാലാമത് ജില്ലയായി നിലവിൽവന്ന കാസർകോട് ജില്ലയിലെ പ്രദേശങ്ങൾ മുൻപ് കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു.

കേരളത്തിലെ ഭൂപരിഷ്കരണ നിയമം

1957 ൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അധികാരത്തിലെത്തിയതോടെ 'കേരള കുടിയൊഴിപ്പിക്കൽ നിരോധന നിയമം' 1957 പാസാക്കി. 1957 ഡിസംബർ 21 ന് കൊച്ചി, തിരുവിതാംകൂർ, മലബാർ പ്രദേശങ്ങളിലെ വിവിധ ഭൂനിയമങ്ങൾ ഏകീകരിച്ചുകൊണ്ട് റവന്യു മന്ത്രി കെ.ആർ.ഗൗരിയമ്മ സമഗ്രമായ കേരള കാർഷിക ബിൽ നിയമസഭയിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. പരിധിയിൽ കവിഞ്ഞ ഭൂമി ന്യായമായ നഷ്ടപരിഹാരം നൽകി ഭൂവുടമകളിൽനിന്ന് ഏറ്റെടുക്കാനുള്ള വകുപ്പുകൾ നിയമത്തിലുൾപ്പെടുത്തി. കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി നിശ്ചയിച്ചു 15 ഏക്കർ ഇരുപ്പുനിലമോ, 15 ഏക്കർ തോപ്പ് അല്ലെങ്കിൽ 30 ഏക്കർ മൊട്ടപ്പറമ്പോ ആണ് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമി. കൂടുതലുള്ള ഭൂമി ലാൻഡ് ബോർഡിൻ കൈമാറണം എന്നിങ്ങനെ വ്യവസ്ഥ ചെയ്തു.

അഞ്ചിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിന് 15 ഏക്കറിനു പുറമേ അഞ്ചിൽ കൂടുതലുള്ള ഓരോ അംഗത്തിനും ഓരോ ഏക്കർ ഭൂമി കൂടി കൈവശം വയ്ക്കാമെന്നും വ്യവസ്ഥ ചെയ്തു. കുടിൽ കെട്ടി താമസിക്കുന്നവർക്കു നിയമം സംരക്ഷണം നൽകി. 1957 ഡിസംബർ 18 നു ശേഷം പരിധിയിൽ കവിഞ്ഞ ഭൂമിയുള്ളവർ നടത്തുന്ന ഇഷ്ടദാനം, വിൽപന തുടങ്ങിയവ അസാധുവാക്കി. അങ്ങനെ സമഗ്രമായ ഒരു ഭൂപരിഷ്കരണം കേരളത്തിൽ നടപ്പാക്കപ്പെട്ടു. ഏറെ ഭേദഗതികളോടെയാണെങ്കിലും ഈ നിയമമാണ് ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നത്.

1970 ജനുവരി 1ന് സി.അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്ത് ഭൂപരിഷ്‌കരണ ഭേദഗതി നിയമം നിലവിൽ വന്നു. എല്ലാതരത്തിലുള്ള ജന്മി-കുടിയാൻ ബന്ധങ്ങളും റദ്ദാക്കുന്നതിനും കുടികിടപ്പുകാരനും യഥാർഥ കർഷകനും ഭൂമിയുടെ ഉടമസ്ഥാവകാശം വ്യവസ്ഥചെയ്യുന്നതുമായ കേരള ഭൂപരിഷ്‌കരണ ഭേദഗതി നിയമമാണ് നിലവിൽ വന്നത്.

Post a Comment

0 Comments
Post a Comment (0)