ഇന്ത്യൻ ദേശീയ പ്രസ്ഥാനം

Arun Mohan
0

ഇന്ത്യൻ ദേശീയ പ്രസ്ഥാനം

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം (1885)

ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1885 ലാണ് രൂപം കൊണ്ടത്. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കക്ഷിയായ കോണ്‍ഗ്രസാണ്‌ നിലവിൽ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയകക്ഷി. കോണ്‍ഗ്രസിന്റെ രൂപവത്കരണസമ്മേളനം നടന്നത്‌ 1885 ഡിസംബർ 28 മുതൽ 31വരെബോംബെയിലെ ഗോകുല്‍ദാസ്‌ തേജ്പാൽ സംസ്കൃത കോളേജിലാണ്‌. 72 പ്രതിനിധികൾ പങ്കെടുത്തു. ബ്രിട്ടീഷുകാരനായ അലൻ ഒക്ടേവിയൻ ഹ്യൂമായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാപകൻ. കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്‌ ഡബ്ല്യു.സി. ബാനര്‍ജിയായിരുന്നുകോണ്‍ഗ്രസിന്റെ ആദ്യത്തെ പ്രസിഡന്‍റും ഡബ്ല്യു. സി. ബാനര്‍ജിയാണ്‌.

ബംഗാൾ വിഭജനം (1905)

ബ്രിട്ടീഷ് ഇന്ത്യയിൽ 1765 മുതൽ ബംഗാൾബീഹാർഒഡീഷ എന്നീ പ്രദേശങ്ങൾ ഒറ്റ പ്രദേശമായാണ് കിടന്നിരുന്നത്. വലുപ്പത്തിലും സമ്പന്നതയിലും മുമ്പിലായിരുന്ന ബംഗാളിനെ ഭരണസൗകര്യത്തിന് എന്ന കാരണം പറഞ്ഞ് 1905 ജൂലൈ 20 ന് രണ്ടായി വിഭജിച്ചു. കഴ്‌സൺ പ്രഭുവായിരുന്നു ഇതിൻ പിന്നിൽ. 'ഭിന്നിപ്പിച്ച് ഭരിക്കുകഎന്ന ബ്രിട്ടീഷ് നയത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ വിഭജനം. വിഭജനത്തോടെ മുസ്ലിം ഭൂരിപക്ഷ പ്രദേശംഹിന്ദു ഭൂരിപക്ഷ പ്രദേശം എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി ബംഗാൾ മാറി. വിഭജനം നിലവിൽ വന്ന ഒക്ടോബർ 16 ന് ദുഃഖാചരണദിനമായി ബംഗാളിലെ ജനങ്ങൾ ആചരിച്ചു. അവർ മതഭേദമില്ലാതെ രാഖി ബന്ധനം നടത്തുകയും വന്ദേമാതരം ആലപിക്കുകയും ഗംഗയിൽ സ്നാനം ചെയ്ത് സഹോദരപ്രതിജ്ഞയെടുക്കുകയും ചെയ്തു. ആ ദിവസത്തിനു വേണ്ടി രബീന്ദ്രനാഥ ടാഗോർ 'അമർ സോനാർ ബംഗ്ലാഎന്ന ദേശീയഗാനം രചിച്ചു. ഇതു വർഷങ്ങൾക്കുശേഷം 1972 ൽ ബംഗ്ലാദേശിന്റെ ദേശീയ ഗീതമാക്കി.

ജനവികാരം പ്രകടിപ്പിക്കുന്നതിനു ബംഗാൾ നേതാക്കൾ സ്വദേശി പ്രസ്ഥാനം ആരംഭിച്ചു. സ്വദേശി പ്രസ്ഥാനം വൻ വിജയമായിരുന്നു. തുണി മില്ലുകൾസോപ്പ്തീപ്പെട്ടി ഫാക്ടറികൾ കൈത്തറി നെയ്ത്തുശാലകൾദേശീയ ബാങ്കുകൾഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവയ്ക്കു തുടക്കം കുറിച്ചു. ദേശീയവാദ കവിതഗദ്യംപത്രപ്രവർത്തനം തുടങ്ങിയവ പുഷ്ടി പ്രാപിച്ചു. ദേശീയ വിദ്യാഭ്യാസം പ്രചരിപ്പിച്ചു. ബംഗാളിലെ ദേശീയവാദികളും അമൃത് ബസാർ പത്രികസഞ്ജീവനിഹിതവാദിവസുമതി എന്നീ പത്രങ്ങളും വിഭജനത്തെ കഠിനമായി എതിർത്തു. രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ ഫലമായി ബംഗാൾ 1911 ൽ വീണ്ടും സംയോജിപ്പിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽനിന്നു ന്യൂഡൽഹിയിലേക്കു മാറ്റി. 1911 ൽ ബംഗാൾ വിഭജനം റദ്ദാക്കിയെങ്കിലും ഇത് ധാരാളം വർഗീയ പ്രക്ഷോഭങ്ങൾക്ക് കാരണമായി. അവസാനം 1947 ൽ വീണ്ടും ബംഗാൾ വിഭജിച്ചു. ഈ പ്രദേശമാണ് പിന്നീട് ബംഗ്ലാദേശ് എന്ന രാജ്യമായത്.

സ്വദേശി പ്രസ്ഥാനം

ബംഗാൾ വിഭജനത്തിനെതിരെ പ്രതിഷേധമായി ഉയർന്നുവന്ന പ്രധാനപ്പെട്ട സമരമുറയായിരുന്നു സ്വദേശി പ്രസ്ഥാനം. ദേശീയ പ്രസ്ഥാനം സാധാരണക്കാരിലേക്ക് എത്തിയത് ഈ പ്രസ്ഥാനത്തോടുകൂടിയായിരുന്നു. വിദേശനിർമിത വസ്തുക്കൾ മാത്രമായിരുന്നില്ല ജനങ്ങൾ ബഹിഷ്കരിച്ചത്. ബ്രിട്ടീഷുകാർ നടത്തിവന്നിരുന്ന സ്‌കൂളുകളും കോളേജുകളും കോടതികളും സർക്കാർ ഓഫീസുകളും എല്ലാം ബഹിഷ്കരിക്കപ്പെട്ടു. സ്വദേശി പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒട്ടേറെ സംഘടനകൾ ഈ കാലത്ത് ഉയർന്നുവന്നു. ഡോൺ സൊസൈറ്റിസ്വദേശ് ധനധവ്അനുശീലൻസുഹൃദ്സാധന തുടങ്ങിയവ ഇതിൽ പ്രധാനമാണ്. ദാദാഭായ് നവ്‌റോജിബാലഗംഗാധര തിലക്അരബിന്ദോ ഘോഷ്ബിപിൻ ചന്ദ്രപാൽതുടങ്ങിയവർ ഈ പ്രസ്ഥാനത്തെ നയിച്ചു. വിദേശ ഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യമായിരുന്നു സമരനേതാക്കളുടെ ആവശ്യം. സർക്കാർ വളരെ കർശനമായ അടിച്ചമർത്തൽ നയങ്ങൾ സ്വീകരിച്ചു. വിദേശനിർമ്മിതമായ വസ്‌തുക്കൾ ബഹിഷ്കരിക്കുന്നതിന് പകരമായി ഇന്ത്യയിൽ നിരവധി സ്വദേശി ഉത്പന്ന നിർമാണശാലകൾ ആരംഭിച്ചു. ഒപ്പം അഭ്യസ്തവിദ്യരായ ഇന്ത്യക്കാർ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ആരംഭിച്ചു. ബംഗാൾ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്ബംഗാൾ നാഷണൽ കോളേജ് തുടങ്ങിയവ അക്കാലത്ത് ആരംഭിച്ച വിദ്യാലയങ്ങളാണ്.

മുസ്ലീം ലീഗ്‌ (1906)

1905-ലെ ബംഗാൾ വിഭജനത്തെ തുടർന്ന്‌ കിഴക്കൻ ബംഗാൾ മുസ്ലിം ഭൂരിപക്ഷ ദേശമായി മാറി. ഇക്കാലത്ത്‌ ഒരു രാഷ്ട്രീയ സംഘടനയ്ക്ക്‌ രൂപം കൊടുക്കാനുള്ള ചിന്ത പല മുസ്ലീം നേതാക്കൾക്കുമുണ്ടായി. ഇതിന് വേണ്ട നിർദേശങ്ങൾ നൽകിയത് അക്കാലത്ത്‌ അലിഗർ സർവകലാശാലയുടെ പ്രിൻസിപ്പലായിരുന്ന ആർച്ചിബാൾഡ് ആയിരുന്നു. അതേത്തുടർന്ന് ധാക്കയിലെ നവാബായ സലീമുള്ള മൊഹസീൻ ഉൾ മുൽക്കിന്റെ നേതൃത്വത്തിൽ ചില നേതാക്കൾ ചേർന്ന് അന്നത്തെ വൈസ്രോയി മിന്റോ പ്രഭുവിന് ഒരു നിവേദനം നൽകി. ഇത് 'സിംലാ നിവേദനംഎന്നറിയപ്പെടുന്നു. മുസ്ലിങ്ങൾക്ക് വേണ്ടി മാത്രമുള്ള സംഘടനയ്ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് മിന്റോ പ്രഭു നേതാക്കൾക്ക് വാക്കു നൽകി. ഇതനുസരിച്ച് 1906 ഡിസംബർ 30 ന് ധാക്കയിൽ വച്ച് 'മുസ്ലിം ലീഗ്സ്ഥാപിതമായി. ബ്രിട്ടീഷുകാരുടെ തന്ത്രപരമായ രാഷ്ട്രീയനയങ്ങൾ ഈ സംഘടനയുടെ വളർച്ചയെ സഹായിച്ചു.

സൂററ്റ്‌ പിളർപ്പ് (1907)

ഇന്ത്യൻ സമൂഹത്തിന്റെ തീവ്രമായ അസ്വസ്ഥതകളെ വഴിതിരിച്ചു വിടാനായി രൂപം കൊണ്ട സംഘടന എന്നായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തുടക്കത്തിൽ നേരിടേണ്ടിവന്ന പ്രധാന വിമർശനം. തുടക്കത്തിൽ കോൺഗ്രസിന്റെ നയം 'ഭരണഘടനാനുസൃതമായ സമരംമാത്രമായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യം ആദ്യകാലത്ത് കോൺഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നില്ല. കോൺഗ്രസിന്റെ ആദ്യകാല നേതാക്കളെല്ലാം തന്നെ മിതവാദികൾ ആയിരുന്നു. എന്നാൽ, 1905 ആയപ്പോഴേക്ക് പാർട്ടിയുടെ 'രാഷ്ട്രീയ ഭിക്ഷാടന നയ'ങ്ങൾക്കെതിരെ നിരവധി പേർ രംഗത്തു വരികയും 'തീവ്രവാദികൾഎന്ന പുതിയ വിഭാഗം കോൺഗ്രസിൽ ഉയർന്നുവരികയും ചെയ്തു. ദേശീയ പ്രസ്ഥാനത്തെ ആദ്യകാലത്ത് നയിച്ചവർ പരാജയമായിരുന്നെന്ന് ഇവർ പ്രഖ്യാപിച്ചു.

1906 ലെ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിളർന്നു. 1907-ലെ കോൺഗ്രസ് സമ്മേളനം മിതവാദികൾക്ക് ഭൂരിപക്ഷമുണ്ടായിരുന്ന സൂറത്തിൽ വച്ച് നടന്നു. ഇതിൽ അധ്യക്ഷ പദവിക്കു വേണ്ടി റാഷ് ബിഹാരി ഘോഷും തീവ്രവാദിയായ ബാലഗംഗാധരതിലകനും ഏറ്റുമുട്ടിയെങ്കിലും റാഷ് ബിഹാരി ഘോഷ് തിരഞ്ഞെടുക്കപ്പെട്ടു. കുപിതരായ തീവ്രവാദികൾ സമ്മേളനം ബഹിഷ്കരിക്കുകയും മിതവാദികൾ കോൺഗ്രസ് പിടിച്ചെടുക്കുകയും ചെയ്തു. കോൺഗ്രസിന്റെ പ്രവർത്തനത്തെ ഈ പിളർപ്പ് വിപരീതമായി ബാധിച്ചു. 1916 ൽ ആണ് പിന്നീട് തീവ്രവാദികൾ കോൺഗ്രസിലേക്ക് മടങ്ങിവന്നത്.

മിന്റോ മോർലി ഭരണ പരിഷ്‌കാരം (1909)

ഇന്ത്യയിൽ ബ്രിട്ടീഷ് വിരോധം ശക്തമാവുകയും പ്രതിഷേധക്കാരെക്കൊണ്ട് ജയിലുകൾ നിറയുകയും ചെയ്ത കാലം. പ്രശ്നങ്ങൾ ഒഴിവാക്കാൻ ബ്രിട്ടീഷുകാർ നടപടി തുടങ്ങി. അന്നത്തെ വൈസ്രോയിയായിരുന്ന മിന്റോ പ്രഭുവിനുംസ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മോർലി പ്രഭുവിനും ദുർഘടമേറിയ ഒരു വിഷമഘട്ടമാണ് അഭിമുഖീകരിക്കേണ്ടിവന്നത്. ബംഗാൾ വിഭജനം മുതലായവ മൂലമുണ്ടായ ഭീകരപ്രവർത്തനങ്ങളും അതിനെ അടിച്ചമർത്താൻ കൈകൊള്ളേണ്ടിവന്ന ഉപായങ്ങളും ഇന്ത്യയിൽ വളരെ പ്രക്ഷുബ്ധമായ ഒരന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഭരണകാര്യങ്ങളിൽ കൂടുതൽ പങ്ക് കൊടുത്താലേ ഇന്ത്യക്കാരെ തൃപ്തരാക്കുവാൻകഴിയൂ എന്ന് മനസിലാക്കിയ മിന്റോയും മോർലിയുംകൂടി നടത്തിയ ആലോചനകളുടെയും ചർച്ചകളുടെയും ഫലമായി എ.ഡി 1909 ൽ പാർലമെന്റ് ഒരു ആക്ട് പാസ്സാക്കി -  ഇന്ത്യൻ കൗൺസിൽസ് ആക്ട് 1909.

വ്യവസ്ഥകൾ

1. നിയമസഭകൾ വലുതാക്കി. അംഗങ്ങളിൽ കുറേപ്പേരെ തിരഞ്ഞെടുക്കുന്ന സമ്പ്രദായം ഏർപ്പെടുത്തി. ഈ ഭരണപരിഷ്കാര പ്രകാരം വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിലേക്ക് ഒരു ഇന്ത്യക്കാരനെയും സെക്രട്ടറി ഓഫ് സ്റ്റേറ്റ് കൗൺസിലിലേക്ക് രണ്ട് ഇന്ത്യാക്കാരെയും നിയമിച്ചു.

2.  ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലിൽഅതായത് കേന്ദ്രനിയമസഭയിൽ ഔദ്യോഗിക ഭൂരിപക്ഷമുണ്ടായിരിക്കുന്നതിനുംപ്രവിശ്യയിലെ സഭകളിൽ തിരഞ്ഞെടുക്കപ്പെട്ടവരുംനാമനിർദ്ദേശം ചെയ്യപ്പെട്ടവരും കൂടിയുള്ള അനൗദ്യോഗിക ഭൂരിപക്ഷമുണ്ടായിരിക്കുന്നതിനും വേണ്ട വ്യവസ്ഥ ചെയ്തു.

3. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും പ്രത്യേക നിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തി.

വിപ്ലവ പ്രസ്ഥാനങ്ങൾ

ദേശീയപ്രസ്ഥാനങ്ങൾക്ക് സമാന്തരമായി വളർന്നുവന്ന ആക്രമണ സ്വഭാവമുള്ള പ്രസ്ഥാനങ്ങളായിരുന്നു വിപ്ലവ പ്രസ്ഥാനങ്ങൾ. സായുധ സമരത്തിലൂടെ ബ്രിട്ടീഷുകാരെ തുരത്താൻ വേണ്ടി പോരാടുകയും ജീവൻ വെടിയുകയും ചെയ്ത ധീരരായ വിപ്ലവകാരികൾ ഒരുപാടുണ്ടായിരുന്നു. അക്കൂട്ടത്തിലെ പ്രധാനപ്പെട്ട ചില വിപ്ലവ പ്രസ്ഥാനങ്ങളെ പരിചയപ്പെടാം.

സ്വദേശി പ്രസ്ഥാനത്തെ ബ്രിട്ടീഷുകാർ അതിക്രൂരമായാണ്‌ നേരിട്ടത്‌ബാലഗംഗാധര തിലകനെയും സുരേന്ദ്രനാഥ ബാനർജിയെയും പോലുള്ള നേതാക്കളെ മർദ്ദിക്കുകയും ജയിലിലടയ്ക്കുകയും ചെയ്ത ബ്രിട്ടീഷുകാരുടെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുണ്ടായി. നിയമം ലംഘിക്കുകയും പൗരാവകാശങ്ങൾ കാറ്റിൽ പറത്തുകയും ചെയ്യുന്ന ഭരണത്തെ അക്രമത്തിലൂടെ തന്നെ പുറത്താക്കാൻ വിപ്ലവകാരികൾ തീരുമാനിച്ചു. വിദേശങ്ങളിലെ വിപ്ലവ ആശയങ്ങൾ അവർക്ക് പ്രചോദനം നൽകി. അരബിന്ദോ ഘോഷിന്റെ വന്ദേമാതരം പോലുള്ള പത്രങ്ങളും ഈ പ്രസ്ഥാനങ്ങൾക്ക് പിന്തുണയേകി. 1897-ൽ റാൻഡ്ആംഹെസ്റ്റ്‌ എന്നീ ജനദ്രോഹികളായ ഉദ്യോഗസ്ഥരെ പൂണെയിൽ വച്ച്‌ വധിച്ചുകൊണ്ട്‌ ചപേത്ക്കർ സഹോദരന്മാ൪ എന്നറിയപ്പെടുന്ന ദാമോദർ ഹരി ചപേത്ക്കർ, ബാലകൃഷ്ണ ഹരി ചപേത്ക്കർ എന്നിവർ വിപ്ലവ പ്രസ്ഥാനത്തിലേക്ക്‌ കടന്നുവന്നു.  മറ്റു പ്രധാനപ്പെട്ട വിപ്ലവ പ്രസ്ഥാനങ്ങളെ പരിചയപ്പെടാം.

മിത്രമേളന്‍

1899 ൽ വീരദാമോദര സവർക്കറും സഹോദരൻ ഗണേഷ്‌ സവർക്കറും ചില സുഹൃത്തുക്കളും ചേർന്ന് മഹാരാഷ്ട്രയിൽ ആരംഭിച്ച സംഘടനയാണിത്‌. ഇവർ നാസിക്കിലെ ജില്ലാ മജിസ്ട്രേറ്റ്‌ ആയ ജാക്സനെ വധിച്ചു.

അനുശീലൻ സമിതി

1902-ൽ ബംഗാളിൽ സ്ഥാപിക്കപ്പെട്ട ഈ സംഘടനയുടെ പ്രധാന നേതാക്കൾ ബരീന്ദ്ര കുമാർ ഘോഷ്‌ജതീന്ദ്രനാഥ ബാനർജിപ്രമോദ്‌ മിത്തർ എന്നിവർ ആയിരുന്നു. അനുശീലൻ സമിതിക്ക്‌ ധാക്കയിൽ ഒരു ഘടകം ഉണ്ടായിരുന്നു. പിലൻ ദാസ് ആയിരുന്നു ധാക്കയിലെ പ്രധാന നേതാവ്‌.

യുഗാന്തർ പാർട്ടി

ഹേം ചന്ദ്രദാസ്‌ സ്ഥാപിച്ച ഈ സംഘടനയ്ക്ക് 'യുഗാന്തർഎന്ന പേരിൽ ഒരു പത്രവും ഉണ്ടായിരുന്നു. ഭൂപേന്ദ്രനാഥ് ദത്ത് ആയിരുന്നു പത്രത്തിന്റെ സ്ഥാപകൻ. ആലിപ്പൂർ ഗൂഢാലോചന കേസിൽ ഈ സംഘടനയുടെ അംഗങ്ങൾ പ്രതികളായിരുന്നു.

ഭാരത് മാതാ അസോസിയേഷൻ

ചിദംബരം പിള്ളയെ പിന്തുണച്ചിരുന്നവരിൽ പ്രധാനികളായിരുന്നു വഞ്ചിനാഥ അയ്യരും സുബ്രഹ്മണ്യ ശിവയും നീലകണ്‌ഠ ബ്രഹ്മചാരിയും. നീലകണ്‌ഠ ബ്രഹ്മചാരിയും വഞ്ചിനാഥ അയ്യരും ചേർന്ന് ആരംഭിച്ച വിപ്ലവപ്രസ്ഥാനമാണ് ഭാരത് മാത അസോസിയേഷൻ. നീതിമാനായ ചിദംബരം പിള്ളയ്ക്കു ശിക്ഷ വിധിച്ച തിരുനെൽവേലി കളക്ടർ ആഷിനെ തീവണ്ടിയിൽ വച്ച് വഞ്ചിനാഥ അയ്യർ വെടിവച്ചു കൊലപ്പെടുത്തി. പൊലീസിനു പിടികൊടുക്കാതെ അതേ തോക്കുകൊണ്ട് അദ്ദേഹം ആത്മഹത്യ ചെയ്തു.

ഭാരത്‌ മാതാ സൊസൈറ്റി

പഞ്ചാബിൽ സ്ഥാപിക്കപ്പെട്ട ഈ സംഘടനയുടെ നേതാക്കൾ ജെ.എം. ചാറ്റർജിലാലാ ഹർദയാല്‍, അജിത്‌ സിംഗ്‌സൂനി അംബാ പ്രസാദ്‌ എന്നിവരായിരുന്നു.

സുഹൃദ് സമിതി

ബംഗാളിലെ മിമൻസിംഗ് എന്ന പ്രദേശത്ത്‌ പ്രവർത്തിച്ചിരുന്ന വിപ്ലവ പാർട്ടിയായിരുന്നു ഇത്‌.

മറ്റ്‌ പ്രധാന സംഘടനകൾ

ബരിസാലിയിലെ സ്വദേശ്‌ ബാന്ധവ്‌ സമിതിഫരീദ്പൂരിലെ ബ്രാദി സമിതിപാരീസ്‌ ഗ്രൂപ്പ്ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ്‌ഭഗത്സിങ്‌ മുൻകൈ എടുത്തു രൂപം നല്കിയ പഞ്ചാബ്‌ നൗജവാൻ ഭാരത് സഭ തുടങ്ങി ഒട്ടേറെ സംഘടനകൾ ഇക്കാലഘട്ടത്തിൽ ഭാരതത്തിന് അകത്തും പുറത്തും നിന്ന്‌ വിപ്ലവ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിഖുദിറാം ബോസ്‌പ്രഫുല്ല ചക്കി തുടങ്ങിയ അസംഖ്യം വിപ്ലവകാരികൾക്കൊപ്പം ഓർമ്മിക്കപ്പെടേണ്ട ചില വ്യക്തികളാണ്‌ ശ്യാംജി കൃഷ്‌ണവർമമദൻലാൽ ദിന്‍ഗ്രഎസ്‌. ആർ. റാണെവി.വി. എസ്‌ അയ്യർ, താരകാനാഥ്‌ തുടങ്ങിയവർ. ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരുന്നു ഇത്തരം വിപ്ലവപ്രസ്ഥാനങ്ങളിൽ ഏറിയ പങ്കും വളർന്നത്. അറിയപ്പെടുന്നതും അല്ലാത്തതുമായ ഒരുപാട് പേർ ഈ പ്രസ്ഥാനങ്ങൾക്കു വേണ്ടി ജീവൻ നൽകിയിട്ടുണ്ട്.

ഗദ്ദാർ പാർട്ടി (1913)

'വിപ്ലവംഎന്നാണ് ഗദ്ദർ എന്ന ഉറുദു വാക്കിന്റെ അർഥം. സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിനായി ആയുധമെടുത്ത ധൈര്യശാലികളുടെ സംഘടനയ്ക്ക് പറ്റിയ പേര്! 1913 ൽ അമേരിക്കയിലാണ് ഈ സംഘടന സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യക്കാരെ അണിനിരത്തി ബ്രിട്ടനെതിരെ പോരാടുകയായിരുന്നു ലക്ഷ്യം. ഡോക്ടർ പാണ്ഡുരംഗ സദാശിവയും പണ്ഡിറ്റ് കാശിറാമുമാണ് ഗദ്ദർ പ്രസ്ഥാനത്തിന്റെ സ്ഥാപകർ. സാൻ ഫ്രാൻസിസ്കോയിലെ 'യുഗാന്തർആശ്രമം ആയിരുന്നു ഇതിന്റെ ആസ്ഥാനം. ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ ശ്രദ്ധ ഇന്ത്യയിൽ നിന്നു മാറുമ്പോൾ ഇന്ത്യയിൽ സായുധ കലാപം നടത്തി ഭാരതത്തെ സ്വാതന്ത്രമാക്കുവാൻ ഗദ്ദർ പാർട്ടി തീരുമാനിച്ചു.

ലാലാ ഹർദയാൽഭായി പരമാനന്ദ്സോഹൻസിങ് ഭക്നരാം ചന്ദ്ര എന്നിവരായിരുന്നു പ്രധാന നേതാക്കൾ. 1915 ഫെബ്രുവരി 21 ന് വിപ്ലവദിനമായി ഇവർ തീരുമാനിച്ചു. അതിന്റെ മുന്നോടിയായി റാഷ് ബിഹാരി ബോസ്വിഷ്‌ണു ഗണേഷ് പിങ്കിൾസച്ചിൻ സന്യാൽ തുടങ്ങിയവർ പഞ്ചാബിലെത്തി അവിടെ തമ്പടിച്ചു. പക്ഷേഇതിനിടെ കലാപരഹസ്യം ബ്രിട്ടീഷുകാർ ചാരന്മാർ മുഖേന മണത്തറിഞ്ഞു. വിപ്ലവകാരികൾക്ക് എന്തെങ്കിലും ചെയ്യാൻ സമയം കിട്ടുന്നതിനു മുൻപ് തന്നെ ബ്രിട്ടീഷ് പട്ടാളം നേതാക്കന്മാരെ മുഴുവൻ പിടിച്ചു കൊണ്ടുപോയി. നിരവധി പേരെ വധിച്ചു. കുറേ പേരെ നാടുകടത്തി. അങ്ങനെ ദേശസ്നേഹികളുടെ ആ നീക്കം പരാജയപ്പെട്ടു. വിപ്ലവസേനയിൽ അംഗമായ ഒരാളായിരുന്നു ഈ നീക്കത്തെ ഒറ്റികൊടുത്തത്.

ഹോം റൂൾ പ്രസ്ഥാനം (1916)

ബ്രിട്ടിഷ്‌ ഭരണത്തിനു കീഴിൽനിന്നു കൊണ്ടുതന്നെ നാട്ടുരാജ്യങ്ങൾ സ്വയംഭരണപദവി ആവശ്യപ്പെട്ടുകൊണ്ട്‌ 1916 ൽ രൂപം കൊണ്ടതാണ്‌ ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനം. 1916 ഏപ്രിലിൽ ബൽഗാമിൽ ചേർന്ന മുംബൈ പ്രൊവിൻഷ്യൽ കോൺഫറൻസിൽ വച്ചാണ്‌ തിലകൻ ഹോംറൂൾ ലീഗ്‌ രൂപീകരിക്കുന്നത്‌. 1916 സെപ്റ്റംബറിലാണ്‌ ആനി ബസന്റ്‌ ഹോംറൂൾ പ്രസ്ഥാനം മദ്രാസിലുള്ള അഡയാർ കേന്ദ്രമാക്കി ആരംഭിച്ചത്‌. രണ്ട്‌ ലീഗുകൾക്കും  അവരുടേതായ പ്രവർത്തനമേഖലയുണ്ടായിരുന്നു. ഹോം റൂൾ എന്ന ആവശ്യം പ്രചരിപ്പിക്കാനായി തിലകും ആനി ബസന്റും ഇന്ത്യ മുഴുവൻ ചുറ്റിസഞ്ചരിച്ചു. ഹോംറൂൾ പ്രസ്ഥാനത്തിന്റെ പ്രചരണാർഥം തിലക്‌ മറാത്ത” എന്നൊരു ഇംഗ്ലിഷ്‌ പ്രസിദ്ധീകരണവും കേസരി” എന്നൊരു മറാത്തി പത്രവും ആരംഭിച്ചിരുന്നു. ആനി ബസന്റ്‌ ന്യു ഇന്ത്യ”, “കോമണ്‍ വീൽ” എന്നീ പത്രങ്ങളും. 1918 ജൂലൈയിൽ മൊണ്ടേഗു-ചെംസ്ഫോർഡ് ഭരണപരിഷ്കരണ പദ്ധതി പ്രസിദ്ധീകരിച്ചതോടെ ഹോംറൂൾ പ്രസ്ഥാനത്തിന്റെ പ്രസക്തി നഷ്ടമാകാൻ തുടങ്ങി. 1926 ൽ മഹാത്മാഗാന്ധിയെ ഹോംറൂൾ ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുത്തു. അടുത്ത ഒരു കൊല്ലത്തിനുള്ളിൽ ഹോംറൂൾ പ്രസ്ഥാനം ഔദ്യോഗികമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു.

ലഖ്‌നൗ സന്ധി (1916)

ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടൻ മുസ്ലിം രാജ്യമായ തുര്‍ക്കിയെ ആക്രമിച്ചു. അതോടെ ബ്രിട്ടനോട്‌ കൂറുപുലര്‍ത്തിയിരുന്ന മുസ്ലിം ലീഗ്‌ ബ്രിട്ടന് എതിരായി. അവർ കോണ്‍ഗ്രസിനോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാൻ തീരുമാനിച്ചു. 1916-ൽ ലഖ്‌നൗവിൽ ചേര്‍ന്ന കോണ്‍ഗ്രസ്‌ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു. ഈ സമ്മേളനത്തിൽ വച്ച്‌ തീവ്രവാദികളും മിതവാദികളും യോജിച്ച്‌ പ്രവര്‍ത്തിക്കുവാൻ തീരുമാനിച്ചു. അന്ന് നിലവിൽ വന്ന കരാറായിരുന്നു ലക്നൗ കരാർ. കോണ്‍ഗ്രസ്‌-ലീഗ്‌ പദ്ധതി” എന്ന പേരിലും ഇതറിയപ്പെടുന്നു. ലക്നൗ കരാറിന്റെ ഭാഗമായി മുന്നോട്ടുവച്ച പദ്ധതിയിലെ പ്രധാന നിർദേശങ്ങൾ ഇവയാണ്‌,

1. ഇന്ത്യയ്ക്ക്‌ സ്വയംഭരണം നല്‍കുക.

2. കൗണ്‍സിൽ അംഗങ്ങളിൽ ഇന്ത്യക്കാര്‍ക്ക്‌ ഭൂരിപക്ഷം നല്‍കുക. കൂടാതെ അധികാരങ്ങളും നല്‍കുക.

3. കൗണ്‍സിലിൽ മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കുക.

4. പ്രത്യേക നിയോജകമണ്ഡലങ്ങൾ രൂപീകരിക്കുകമുന്‍ഗണന നല്‍കുകഅംഗങ്ങള്‍ക്ക്‌ നിയമങ്ങളോ തീരുമാനങ്ങളോ അംഗീകരിക്കാനും നിരാകരിക്കാനുമുള്ള അധികാരം നല്‍കുക.

1916 നവംബറിൽ ലഖ്‌നൗ കരാർ സര്‍ക്കാരിനു സമര്‍പ്പിച്ചു.

ചമ്പാരൻ സത്യാഗ്രഹം (1917)

ഇന്ത്യയിൽ ഗാന്ധിയുടെ ആദ്യത്തെ സത്യാഗ്രഹ പരീക്ഷണം അരങ്ങേറിയത് ബീഹാറിലെ ചമ്പാരനിലാണ്. ചമ്പാരനിലെ നീലം കർഷകരെ യൂറോപ്യൻ തോട്ടമുടമകൾ ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ഭൂമിയിൽ മറ്റു വിളകളുടെ സ്ഥാനത്ത് നീലം കൃഷി ചെയ്യാൻ കർഷകർ നിർബന്ധിതരായി. നീലം തോട്ടമുടമകൾ നിശ്ചയിക്കുന്ന വിലയ്ക്ക് കൊടുക്കാനും അവർ നിർബന്ധിക്കപ്പെട്ടു. 1917-ൽ ഗാന്ധിജി ചമ്പാരനിൽ എത്തുകയും കർഷകരുടെ അവസ്ഥയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. ജില്ല വിട്ടുപോകാൻ അധികാരികൾ ആജ്ഞാപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഗവൺമെന്റ് ഉത്തരവ് ലംഘിച്ചുകൊണ്ട് അദ്ദേഹം അന്വേഷണം തുടർന്നു. കർഷകർക്ക് കൈവശാവകാശ സുരക്ഷയും ഇഷ്ടമുള്ള വിളവുകൾ കൃഷിചെയ്യുന്നതിനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നതിനുവേണ്ടി ഗാന്ധിജി പരിശ്രമിച്ചു. തുടർന്ന് കര്‍ഷകരുടെ അവശതകളെപ്പറ്റി അന്വേഷണം നടത്തിയ ഗാന്ധിജിയെ അറസ്റ്റു ചെയ്തു കോടതി വിചാരണയ്ക്കു വിധേയനാക്കി. ഒടുവിൽ ഗവൺമെന്റ് ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചു. കർഷകരുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും കമ്മീഷൻ അംഗീകരിച്ചു. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ പരീക്ഷണത്തിൽ വിജയം വരിക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞു.

അഹമ്മദാബാദ് തുണിമിൽ സമരം (1918)

1918-ൽ ജന്മദേശമായ ഗുജറാത്തിൽ രണ്ടു സമരങ്ങൾക്ക് ഗാന്ധിജി നേതൃത്വം നൽകുകയുണ്ടായി. ഒന്ന് അഹമ്മദാബാദിലും മറ്റൊന്ന് ഖേദയിലും. അഹമ്മദാബാദിൽ തുണിമിൽ ഉടമകളും തൊഴിലാളികളും തമ്മിലുണ്ടായ വേതന സംബന്ധമായ തർക്കത്തിൽ ഗാന്ധിജി ഇടപ്പെട്ടു. കൂലി വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് അഹമ്മദാബാദിലെ മിൽത്തൊഴിലാളികൾ 1919 ൽ പണിമുടക്കാരംഭിച്ചു. ഗാന്ധിജി ഈ പ്രശ്നം ഏറ്റെടുത്തു. തൊഴിലാളികൾക്ക് വേതനവർദ്ധനവ്‌ അനുവദിക്കണമെന്നും അവരുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം മരണം വരെയുള്ള നിരാഹാരം ആരംഭിച്ചു. ഒടുവിൽ മില്ലുടമകൾ ഒത്തുതീർപ്പിന് തയ്യാറായി. തൊഴിലാളികളുടെ കൂലി 35 ശതമാനം വർദ്ധിപ്പിച്ചു കൊടുക്കാമെന്ന് അവർ സമ്മതിച്ചു.

ഖേദ സത്യാഗ്രഹം (1918)

ഖേദയിൽ കർഷകർക്കു വേണ്ടിയാണ് ഗാന്ധിജി പോരാടിയത്. ഖേദയിലെ കർഷകർ വരൾച്ച മൂലം വൻകൃഷി നാശം നേരിടുകയുണ്ടായി. ഇതിനെതുടർന്ന് കർഷകർ ഭൂനികുതിയിൽ ഇളവ് ആവശ്യപ്പെട്ടുവെങ്കിലും ഗവൺമെന്റ് അതു നൽകാൻ തയ്യാറായില്ല. ഗാന്ധിജി ഈ പ്രശ്നത്തിൽ ഇടപ്പെട്ടു. ഭൂനികുതിയിൽ ഇളവ് അനുവദിക്കുന്നതുവരെ നികുതി നിഷേധിക്കാൻ കർഷകരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവിൽ ഗവൺമെന്റ് കർഷകരുടെ ആവശ്യം അംഗീകരിച്ചു. ഗാന്ധിജി സത്യാഗ്രഹത്തിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.

Note: ചമ്പാരൻഖേദഅഹമ്മദാബാദ് എന്നിവിടങ്ങളിലെ സത്യാഗ്രഹ സമരങ്ങൾ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്കുള്ള ഗാന്ധിജിയുടെ കടന്നുവരവിന്റെ മുന്നൊരുക്കങ്ങളായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഈ സമരങ്ങൾ അദ്ദേഹത്തെ സഹായിച്ചു. ഈ സമരങ്ങളെല്ലാം ബഹുജനങ്ങളുമായി അടുത്തിടപഴകുന്നതിൻ അദ്ദേഹത്തെ സഹായിച്ചു. പാവപ്പെട്ടവരോട് അദ്ദേഹം കാണിച്ച അനുഭാവം ജനഹൃദയങ്ങളിൽ അദ്ദേഹത്തിന് വലിയൊരു സ്ഥാനം നേടിക്കൊടുത്തു.

മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരങ്ങൾ  (1919)

'ഇന്ത്യയെ ഇനി പീഡിപ്പിക്കരുത്. അവർക്ക് സ്വയം ഭരണം നൽകണംഎന്ന പ്രഖ്യാപനത്തോടെ ഇന്ത്യൻ സെക്രട്ടറിയായി എത്തിയ ആളാണ് എഡ്വിൻ മൊണ്ടേഗു. ഇന്ത്യൻ വൈസ്രോയി ചെംസ്ഫോർഡിന്റെ സഹായത്തോടെ അദ്ദേഹം ഒരു ഭരണ പരിഷ്‌കാരരേഖ തയ്യാറാക്കി. എല്ലാവരും ഇതിൽ വലിയ പ്രതീക്ഷയാണ് പുലർത്തിയത്. എന്നാൽ ഇന്ത്യക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിർദേശങ്ങളായിരുന്നു അതിൽ ഏറെയും. പരമാധികാരം ഇംഗ്ലീഷുകാർക്കുതന്നെ നിലനിർത്തിക്കൊണ്ടുള്ള പരിഷ്‌കാരങ്ങൾ ഒരു മാറ്റവും ഉണ്ടാക്കാൻ സഹായിച്ചില്ല.

റൗലറ്റ് നിയമം (1919)

ഒന്നാം ലോകമഹായുദ്ധകാലത്ത് (1914-18) ദേശീയ പ്രസ്ഥാനത്തെ തകർക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് ഗവൺമെന്റ് പത്രങ്ങളുടെമേൽ സെൻസർഷിപ്പ് ഏർപ്പെടുത്തി. ദേശീയ പ്രവർത്തകരെ വിചാരണ കൂടാതെ തടവിലാക്കാനുള്ള നിയമവും കൊണ്ടുവന്നു. 1919-ൽ ജനങ്ങളുടെ എതിർപ്പുകളെ അടിച്ചമർത്തുന്നതിനു വേണ്ടി ഗവൺമെന്റ് റൗലറ്റ് നിയമങ്ങൾ പാസ്സാക്കി. ജസ്റ്റിസ് സിഡ്‌നി റൗലറ്റിന്റെ അദ്ധ്യക്ഷതയിലുള്ള ഒരു കമ്മിറ്റിയുടെ ശുപാർശയനുസരിച്ചാണ് ഈ നിയമങ്ങൾ പാസ്സാക്കിയത്. ഏതൊരു വ്യക്തിയേയും അറസ്റ്റു ചെയ്യാനും വിചാരണ കൂടാതെ തടവിലടയ്ക്കാനുമുള്ള അധികാരം റൗലറ്റ് നിയമങ്ങൾ ഗവൺമെന്റിനു നൽകി. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള ഒരായുധമായിരുന്നു ബ്രിട്ടീഷ് അധികാരികൾക്ക് ഈ നിയമം. പത്രങ്ങളുടെമേലുള്ള സെൻസർഷിപ്പ് തുടരുകയും ചെയ്തു.

റൗലറ്റ് നിയമങ്ങൾ ഗാന്ധിജിക്കേറ്റ ഒരു പ്രഹരമായിരുന്നു. ഈ കരിനിയമങ്ങൾ ബ്രിട്ടീഷുകാരുടെ നീതിബോധത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെ തകർത്തു. അദ്ദേഹത്തെ ദേശീയ പ്രസ്ഥാനത്തിലേക്ക് കൊണ്ടു വരികയും ചെയ്തു. റൗലറ്റ് നിയമങ്ങൾക്കെതിരെ ഗാന്ധിജി ശക്തമായൊരു പ്രക്ഷോഭമാരംഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ അത് രാജ്യമൊട്ടാകെ പടർന്നുപിടിച്ചു. റൗലറ്റ് നിയമത്തിനെതിരെ രാജ്യവ്യാപകമായൊരു പ്രക്ഷോഭത്തിനും ഹർത്താലിനും ഗാന്ധിജി ആഹ്വാനമേകി. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ ഏപ്രിൽ ആറിന് ഹർത്താൽ ആചരിച്ചുകൊണ്ട് കടകളും വിദ്യാലയങ്ങളും അടച്ചിട്ട് ജനങ്ങൾ പ്രതിഷേധിച്ചു. പണിമുടക്കുകളും പ്രകടനങ്ങളും വ്യാപകമായി സംഘടിപ്പിക്കപ്പെട്ടു. ജനജീവിതം പാടെ സ്തംഭിച്ചു. ഗാന്ധിജിയെ ഒരു യഥാർത്ഥ ദേശീയ നേതാവായി മാറ്റിയത് റൗലറ്റ് നിയമങ്ങളാണ്. 1922-ൽ ബ്രിട്ടീഷ് സർക്കാർ റൗലറ്റ് നിയമം റദ്ദുചെയ്യുകയുണ്ടായി.

ജാലിയൻ വാലാബാഗ് കൂട്ടക്കൊല (1919)

റൗലറ്റ് നിയമങ്ങൾക്കെതിരെ ഉയർന്നുവന്ന പ്രക്ഷോഭങ്ങൾ ഏറ്റവും തീവ്രമായത് പഞ്ചാബിലാണ്. പഞ്ചാബിൽ നിന്നുള്ള പലരും ബ്രിട്ടീഷുകാർക്കു വേണ്ടി ഒന്നാം ലോകമഹായുദ്ധത്തിൽ പോരാടിയിരുന്നു. സ്വാഭാവികമായും ഈ കരിനിയമങ്ങൾക്കെതിരെ പഞ്ചാബിലെ ജനങ്ങൾ ശക്തമായി പ്രതികരിച്ചു. ദേശീയ നേതാക്കന്മാരെ അറസ്റ്റു ചെയ്തുകൊണ്ട് ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഗവൺമെന്റ് തീരുമാനിച്ചു. പഞ്ചാബിലേക്കു പുറപ്പെട്ട ഗാന്ധിജിയെ അവർ വഴിക്കുവെച്ച് അറസ്റ്റു ചെയ്ത് തടവിലാക്കി. ധാരാളം പ്രാദേശിക കോൺഗ്രസ് നേതാക്കന്മാരും അറസ്റ്റു ചെയ്യപ്പെട്ടു. റൗലറ്റ് നിയമത്തിനെതിരെയുള്ള പ്രക്ഷോഭ കാലത്താണ് ചരിത്രത്തിലെ ഏറ്റവും നീചമായ രാഷ്ട്രീയക്കൊലപാതകങ്ങളിലൊന്നായ ജാലിയൻ വാലാബാഗ് കൂട്ടക്കൊല അരങ്ങേറിയത്.

1919 ഏപ്രിൽ 13ന് വലിയൊരു ജനക്കൂട്ടം അമൃത്സറിലെ ജാലിയൻ വാലാബാഗിൽ തടിച്ചുകൂടി. ദേശീയ നേതാക്കന്മാരായ ഡോ. കിച്ച്ലുഡോ. സത്യപാൽ എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിക്കുന്നതിനു വേണ്ടിയാണ് അവർ ഒത്തുചേർന്നത്. യോഗം സമാധാനപരമായിരുന്നു. പ്രതിഷേധയോഗം നടന്നുകൊണ്ടിരിക്കെ അമൃത്സറിലെ പട്ടാള മേധാവിയായിരുന്ന ജനറൽ ഡയർ തന്റെ സൈന്യവുമായി വന്ന് നിരായുധരായ ജനക്കൂട്ടത്തിനു നേരെ നിറയൊഴിച്ചു. ഈ കൂട്ടക്കൊലയിൽ നാനൂറിലേറെ പേർ കൊല്ലപ്പെട്ടു. നൂറുക്കണക്കിനു പേർക്ക് മുറിവേറ്റു.

ജാലിയൻ വാലാബാഗ് ദുരന്തം ഗാന്ധിജിയെ നടുക്കി. ബ്രിട്ടീഷുകാരിലുണ്ടായിരുന്ന അവശേഷിച്ച വിശ്വാസവും അദ്ദേഹത്തിന് നഷ്ടപ്പെട്ടു. 'പൈശാചികമായ ഈ ഗവൺമെന്റിനോടുള്ള ഏതൊരു തരത്തിലുള്ള സഹകരണവും പാപകരമാണെന്ന്അദ്ദേഹം പ്രഖ്യാപിച്ചു. നിസ്സഹരണ പ്രസ്ഥാനം ആരംഭിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച ഒരു പ്രധാന കാരണം അമൃത്സർ ദുരന്തമായിരുന്നു.

ജാലിയൻ വാലാബാഗ് സംഭവത്തെക്കുറിച്ചന്വേഷിക്കാൻ സർക്കാർ ഹണ്ടർ കമ്മീഷനെ നിയമിച്ചു. ഡയർ കുറ്റക്കാരനാന്നെന്നു കണ്ടെത്തിയെങ്കിലും ഡയർക്കെതിരെ ശിക്ഷാനടപടികൾക്കൊന്നും കമ്മിഷൻ ശുപാർശ ചെയ്തില്ല. പിൽക്കാലത്ത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ പ്രധാന സൂത്രധാരനായ ഡയറിനെ ഉധംസിങ് വെടിവച്ചു കൊന്നു.

ഖിലാഫത്ത് പ്രസ്ഥാനം (1919)

നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച മറ്റൊരു സംഭവമാണ് ഖിലാഫത്ത് പ്രസ്ഥാനം. മുസ്ലിങ്ങളിൽ നല്ലൊരു വിഭാഗവും അവരുടെ ആത്മീയ നേതാവായി അഥവാ 'ഖലീഫ'യായി കണ്ടിരുന്നത് തുർക്കിയിലെ സുൽത്താനായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം തുർക്കി സാമ്രാജ്യം വിഭജിക്കപ്പെടുകയും സുൽത്താൻ അദ്ദേഹത്തിന്റെ അധികാരത്തിന്റെ നല്ലൊരു ഭാഗം നഷ്ടപ്പെടുകയും ചെയ്തു. തുർക്കിയുടെ ശിഥിലീകരണവും സുൽത്താന്റെ പദവിയിലുണ്ടായ തകർച്ചയും മുസ്ലിങ്ങളെ വേദനിപ്പിച്ചു. 1919-ൽ ഇന്ത്യയിലെ മുസ്ലിങ്ങൾ തുർക്കിയിലെ സുൽത്താന്റെ നഷ്ടപ്പെട്ട അധികാരങ്ങൾ വീണ്ടെടുക്കുന്നതിനു വേണ്ടി ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചു.

ഖിലാഫത്ത് പ്രസ്ഥാനം (1919-1920) ഇന്ത്യൻ മുസ്ലിങ്ങളുടെ ഒരു പ്രസ്ഥാനമായിരുന്നു. 1919 സെപ്റ്റംബർ 21-ാം തീയതി ആദ്യത്തെ അഖിലേന്ത്യ ഖിലാഫത്ത് കോണ്‍ഫറന്‍സ്‌ ലഖ്‌നൗവിൽ ചേര്‍ന്നു. മുഹമ്മദ് ആലിഷൗക്കത്ത് ആലി (ആലി സഹോദരന്മാർ)മൗലാനാ അബ്ദുൾകലാം ആസാദ് എന്നിവരായിരുന്നു അതിന്റെ പ്രധാന നേതാക്കന്മാർ. ഖിലാഫത്ത്  പ്രസ്ഥാനം മുന്നോട്ടുവെച്ച പ്രാധാന ആവശ്യങ്ങൾ താഴെ പറയുന്നവയാണ്.

മുമ്പത്തെ ഒട്ടോമൻ സാമ്രാജ്യത്തിലെ മുസ്ലിങ്ങളുടെ പുണ്യ സ്ഥലങ്ങളുടെ നിയന്ത്രണം തുർക്കി സുൽത്താൻ അഥവാ ഖലീഫയ്ക്ക് വിട്ടുകൊടുക്കണം. അറേബ്യസിറിയഇറാക്ക്പലസ്തീൻ എന്നിവ മുസ്ലിങ്ങളുടെ പരമാധികാരത്തിനു കീഴിൽ നിലനിർത്തണം. ഇസ്ലാമിക വിശ്വാസം സംരക്ഷിക്കുവാൻ ആവശ്യമായത്ര പ്രദേശങ്ങൾ ഖലീഫയ്ക്ക് വിട്ടുകൊടുക്കണം. 1919 ഒക്ടോബർ 17-ാം തീയതി അഖിലേന്ത്യ ഖിലാഫത്ത് ദിനമായി ആചരിക്കുവാൻ അഖിലേന്ത്യ ഖിലാഫത്ത് കോണ്‍ഫറന്‍സ്‌ തീരുമാനമെടുത്തു. ഖിലാഫത്ത് പ്രസ്ഥാനം കേരളത്തിൽ വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു.

Note: ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചു.  ഓൾ ഇന്ത്യ ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. ഹിന്ദു-മുസ്ലിം ഐക്യം അരക്കിട്ടുറപ്പിക്കാനുള്ള ഒരു സുവർണ്ണാവസരമായാണ് അദ്ദേഹം ഖിലാഫത്ത് പ്രസ്ഥാനത്തെ കണ്ടത്. നിസ്സഹരണ പ്രസ്ഥാനത്തെ ഖിലാഫത്തുമായി ബന്ധിപ്പിച്ചാൽ ഇന്ത്യയിലെ രണ്ടു മതസമുദായങ്ങളായ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഒത്തൊരുമിച്ച് നിന്ന് കൊളോണിയൽ ഭരണം അവസാനിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. 1920-ൽ ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് ഒരു നിസ്സഹകരണ പരിപാടി ഗാന്ധിജി ഔപചാരികമായി പ്രഖ്യാപിച്ചു.

നിസ്സഹകരണ പ്രസ്ഥാനം (1920)

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നടത്തിയ ആദ്യത്തെ വൻ സമരമാണ് നിസ്സഹകരണ പ്രസ്ഥാനം. 'നിസ്സഹകരണംഗാന്ധിജിയുടെ സത്യാഗ്രഹ സങ്കൽപത്തിന്റെ ഒരു ഘടകമായിരുന്നു. തുടക്കത്തിൽ ബ്രിട്ടീഷുകാരുമായി സഹകരിക്കുന്ന ഒരു നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ബ്രിട്ടീഷുകാരുടെ നീതി ബോധത്തിൽ അദ്ദേഹത്തിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ ജനങ്ങളോട് സൈന്യത്തിൽ ചേരാൻ അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം ബ്രിട്ടീഷുകാരോടുള്ള തന്റെ കൂറ് പ്രകടിപ്പിച്ചു. എന്നാൽ 1919-ലെ ചില സംഭവങ്ങൾ - റൗലറ്റ് നിയമങ്ങൾജാലിയൻ വാലാബാഗ് ദുരന്തംഖിലാഫത്ത് പ്രസ്ഥാനം എന്നിവ ഗാന്ധിജിക്ക് ബ്രിട്ടീഷുകാരോടുള്ള മനോഭാവത്തിൽ വലിയ മാറ്റം വരുത്തി. ഒരു പോരാളിയായി മാറാനും ബ്രിട്ടീഷുകാരോട് നിസ്സഹകരിക്കാനും ഗാന്ധിജിയെ പ്രേരിപ്പിച്ചത് ഈ സംഭവങ്ങളാണ്. നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഇതേ സംഭവങ്ങൾ തന്നെയായിരുന്നു.

നിസ്സഹകരണ പ്രസ്ഥാനത്തിനു മൂന്ന് ലക്ഷ്യങ്ങളുണ്ടായിരുന്നു - പഞ്ചാബ് പ്രശ്നത്തിനു പരിഹാരം കാണുകഖിലാഫത്ത് പ്രശ്നം തീർക്കുകസ്വരാജ് നേടുക. നിസ്സഹകരണ പ്രസ്ഥാനം അഹിംസയിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ പരിപാടിയായിരുന്നു. ഇതിൽ ക്രിയാത്മകവും നിഷേധാത്മകവുമായ പരിപാടികൾ ഉണ്ടായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിലെ ക്രിയാത്മക പരിപാടികൾ ഇവയായിരുന്നു - സ്വദേശി പ്രചാരണംഅയിത്തോച്ഛാടനംഹിന്ദു-മുസ്ലിം മൈത്രി വളർത്തൽമദ്യ നിരോധനംവിദ്യാഭ്യാസത്തിന്റെ ദേശസാൽക്കരണംചർക്കയും ഖാദിയും പ്രചരിപ്പിക്കൽ. നിസ്സഹകരണ പ്രസ്ഥാനത്തിലെ  നിഷേധാത്മക പരിപാടികൾ പൊതുവെ തീവ്ര സ്വഭാവമുള്ളവയായിരുന്നു. ബഹിഷ്കരണമായിരുന്നു അതിന്റെ മുഖമുദ്ര. അവ ഇവയായിരുന്നു - ഗവൺമെന്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾകോടതികൾനിയമനിർമ്മാണ സഭകൾഔദ്യോഗിക ചടങ്ങുകൾവിദേശ വസ്ത്രങ്ങളും മറ്റു ഉൽപന്നങ്ങളും ബഹിഷ്കരിക്കുക. കൂടാതെ ഗവൺമെന്റ് ഉദ്യോഗങ്ങൾകീർത്തി മുദ്രകൾപദവികൾസ്ഥാനമാനങ്ങൾ എന്നിവ ഉപേക്ഷിക്കുകനികുതി നിഷേധിക്കുക തുടങ്ങിയവയാണ്.

1920 ൽ തുടങ്ങി 1922 വരെ നീണ്ടുനിന്ന നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്ത് ആയിരക്കണക്കിന് ഇന്ത്യക്കാരെ ബ്രിട്ടീഷ് ഗവൺമെന്റ് അറസ്റ്റ് ചെയ്തു തടവിലാക്കി. 1922 മാർച്ചിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ഗാന്ധിജിയേയും അറസ്റ്റ് ചെയ്തു. ചരിത്രപ്രസിദ്ധമായ ഒരു വിചാരണയ്ക്കു ശേഷം അദ്ദേഹത്തെ ആറുവർഷത്തെ തടവിന് ശിക്ഷിച്ചു.

ചൗരി ചൗരാ സംഭവം (1922)

നിസ്സഹകരണ സമരം വിജയത്തിലേക്കടുക്കുന്ന സമയത്താണ് ചൗരിചൗരാ സംഭവം നടക്കുന്നത്. ഉത്തർപ്രദേശിലെ ചൗരി ചൗരായിൽ 1922 ഫെബ്രുവരിയിൽ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഒരുകൂട്ടം സത്യാഗ്രഹികൾ മദ്യശാല പിക്കറ്റ് ചെയ്യുകയായിരുന്നു. തുടർന്നുണ്ടായ പൊലീസ് വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. സ്റ്റേഷനിലേക്ക് ഓടിക്കയറിയ പൊലീസുകാരെ ജനക്കൂട്ടം വളഞ്ഞു. നിരപരാധികളെ വെടിവച്ചു കൊന്നതിൻ അവർ മാപ്പു പറയണമെന്ന് ആളുകൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. മാപ്പു പറഞ്ഞില്ലെന്നുമാത്രമല്ല പൊലീസുകാർ സത്യാഗ്രഹികളെ പ്രകോപിപ്പിക്കുകയും ചെയ്തുവത്രേ. കൊലയ്ക്കു പകരം കൊല എന്നു പറഞ്ഞുകൊണ്ട് ജനങ്ങൾ പൊലീസ് സ്റ്റേഷനു തീ വയ്ക്കുകയും ഇരുപതിലധികം പൊലീസുകാർ കൊല്ലപ്പെടുകയും ചെയ്തു. ഇതിന്റെ പേരിൽ പിടികൂടിയതിൽ കുറേ പേരെ തൂക്കിക്കൊല്ലുകയും ബാക്കിയുള്ളവരെ നാടുകടത്തുകയും ചെയ്തു. ജനക്കൂട്ടത്തിന്റെ പ്രവർത്തിയിൽ ഗാന്ധിജി വളരെ ദുഃഖിതനായി. അതോടെ കോൺഗ്രസ് നിസ്സഹകരണ പ്രസ്ഥാനം നിർത്തിവച്ചു. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പെട്ടെന്നു നിർത്തിവച്ചതിൽ കോൺഗ്രസിനകത്തുതന്നെ അതൃപ്തിയുണ്ടായി. സുബാഷ് ചന്ദ്രബോസ് ഇതിനെ ദേശീയ ദുരന്തം എന്നാണു വിശേഷിപ്പിച്ചത്.

സ്വരാജ് പാർട്ടി (1923)

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള പിൻവാങ്ങൽ ഇന്ത്യയിൽ ഒരു രാഷ്ട്രീയശൂന്യത സൃഷ്ടിച്ചു. ഈ സാഹചര്യത്തിൽ ശക്തമായ ഒരു സമരം നടത്താൻ സി.ആർ.ദാസും മോത്തിലാൽ നെഹ്രുവും ആവശ്യപ്പെട്ടു. നിയമനിർമാണസഭകളിൽ പ്രവേശിച്ച് ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെ തടയുകയാണ് വേണ്ടതെന്ന് ഇവർ വാദിച്ചു. കൗൺസിലുകൾക്കുള്ളിലെ നിസ്സഹകരണമാണ് ഇവർ ലക്ഷ്യംവെച്ചത്. എന്നാൽ കോൺഗ്രസിലെ ഗാന്ധിയൻ വിഭാഗം ഇത് അംഗീകരിച്ചില്ല. തുടർന്ന് സി.ആർ.ദാസ്മോത്തിലാൽ നെഹ്‌റുവല്ലഭ്ഭായ് പട്ടേൽമദൻമോഹൻ മാളവ്യ തുടങ്ങിയവർ കോൺഗ്രസിൽനിന്ന് രാജിവെക്കുകയും സ്വരാജ് പാർട്ടി രൂപവത്കരിക്കുകയും ചെയ്തു. അഹിംസനിസ്സഹകരണം എന്നീ ആശയങ്ങൾ സ്വരാജ് പാർട്ടി മുറുകെപിടിച്ചു. നിയമനിർമാണസഭകളിലെ തിരഞ്ഞെടുപ്പിൽ സ്വരാജ് പാർട്ടി മത്സരിക്കുകയും അവരുടെ ശക്തമായ സാന്നിധ്യം അറിയിക്കുകയും ചെയ്തു. ഇന്ത്യക്കാരുടെ ന്യായമായ പല ആവശ്യങ്ങളും നിയമനിർമാണസഭകളിൽ ഉന്നയിച്ചു. 1925ൽ കേന്ദ്രനിയമനിർമാണ സഭയുടെ പ്രസിഡന്റായി വിത്തൽഭായ് പട്ടേലിനെ വിജയിപ്പിച്ചു. പ്രവിശ്യകളിലെ ദ്വിഭരണത്തെപ്പറ്റി പഠിക്കാനുള്ള മുടിമാൻ കമ്മിറ്റിയുടെ രൂപവത്കരണം ഇവരുടെ സമ്മർദഫലമായിരുന്നു.

സൈമൺ കമ്മീഷൻ ബഹിഷ്കരണം (1927)

1919 ലെ മൊണ്ടേഗു - ചെംസ്‌ഫോർഡ് നിയമപ്രകാരം നടപ്പാക്കിയ ഭരണസംവിധാനത്തിന്റെ പ്രവർത്തനത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാനായി 1927 നവംബറിൽ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച ഏഴംഗ കമ്മീഷനാണ് സൈമൺ കമ്മീഷൻ. ജോണ്‍ സൈമണായിരുന്നു ഇതിന്റെ ചെയര്‍മാൻ. പിന്നീട്‌ ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയായിരുന്ന ക്ലമന്റ്‌ ആറ്റ്‌ലി ഇതിൽ ഒരംഗമായിരുന്നു. ഇതിൽ ഒരു ഇന്ത്യക്കാരന്‍പോലും ഉണ്ടായിരുന്നില്ല. കമ്മീഷനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിവാക്കിയത് ദേശീയ നേതാക്കന്മാരെ ക്ഷുഭിതരാക്കി. കോണ്‍ഗ്രസ്മുസ്ലിംലീഗ്‌ഹിന്ദു മഹാസഭ തുടങ്ങിയ രാഷ്ട്രീയ കക്ഷികൾ സൈമൺ കമ്മീഷനെ ബഹിഷ്കരിച്ചു. ഇന്ത്യയിലങ്ങോളമിങ്ങോളം സൈമണ്‍ കമ്മീഷനെതിരെ പ്രകടനങ്ങൾ നടന്നു.

സൈമണ്‍ കമ്മീഷൻ ഇന്ത്യയിലേക്കു വരുന്ന ദിവസമായ 1928 ഫ്രെബുവരി മൂന്നിന് അഖിലേന്ത്യ ഹര്‍ത്താൽ പ്രഖ്യാപിച്ചു 'സൈമണ്‍ ഗോ ബാക്ക്‌എന്ന മുദ്രാവാക്യം കൊണ്ട്‌ ഇന്ത്യയാകെ മുഖരിതമായി. ജനകീയ പ്രക്ഷോഭം ഗവണ്‍മെന്റ്‌ ശക്തമായി അടിച്ചമര്‍ത്തി. പ്രക്ഷോഭകാരികളെ പൊലീസ്‌ മൃഗീയമായി മര്‍ദിച്ചു. ഭീകരമായ ലാത്തിച്ചാര്‍ജിൽ ലാലാ ലജ്പത്‌ റായിക്ക്‌ ഗുരുതരമായി പരുക്കേല്‍ക്കുകയും പിന്നീട്‌ അദ്ദേഹം മരണപ്പെട്ടു. ജനകീയ പ്രക്ഷോഭങ്ങളെ വകവെയ്ക്കാതെ സൈമൺ കമ്മീഷൻ അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയും 1930 - ൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ലാത്തിച്ചാര്‍ജിൻ നേതൃത്വം കൊടുത്ത സോണ്ടേഴ്സ്‌ എന്ന പൊലീസ്‌ ഉദ്യോഗസ്ഥനെ ഭഗത്‌ സിങ്ങും കൂട്ടരും പിന്നീടു വധിച്ചു

ബർദോളി സമരം (1928)

1928 ൽ ഗുജറാത്തിലെ  ബർദോളി താലൂക്കിൽ സർദാർ വല്ലഭ്ഭായി പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന കർഷക സമരമാണ് ബർദോളി സമരം. ഭൂനികുതി വർദ്ധിപ്പിച്ചതിനെതിരെ ബർദോളിയിലെ കർഷകർ ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ നടത്തിയ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനമായിരുന്നു അത്. ഭൂനികുതി മുപ്പതു ശതമാനത്തോളം വർധിപ്പിക്കാനുള്ള ഗവൺമെന്റ് തീരുമാനത്തിന് എതിരെയായിരുന്നു ഈ സമരം. നികുതി നിഷേധസമരം ആയാണ് ഇത് ആരംഭിച്ചത്. ഒടുവിൽ സർക്കാർ ചർച്ചയ്ക്കു തയ്യാറായി. നികുതി വർധന ആറു ശതമാനം കുറയ്ക്കുകയും പിടിച്ചെടുത്ത കൃഷി ഭൂമി കർഷകർക്കു തിരിച്ചുനൽകുകയും ചെയ്തു. അങ്ങനെ ബർദോളി സമരം വൻ വിജയമായിത്തീർന്നു. ഈ പ്രസ്ഥാനത്തിന് ഗാന്ധിയുടെ അനുഗ്രഹാശിസ്സുകൾ ഉണ്ടായിരുന്നു. ബർദോളി സത്യാഗ്രഹത്തിന്റെ വിജയം ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ ദേശീയതലത്തിൽ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കുന്നതിൻ ഗാന്ധിജിക്ക് പ്രചോദനമേകി.

ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ (Hindustan Socialist Republican Association)

1928 ൽ രൂപീകരിക്കപ്പെട്ട വിപ്ലവസംഘടനയാണ് എച്ച്.എസ്.ആർ.എ. 1928 ൽ സോഷ്യലിസ്റ്റ് ആശയങ്ങളാൽ പ്രചോദിതരായ ഒരു സംഘം യുവാക്കൾ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷനെ പുനഃസംഘടിപ്പിച്ച് എച്ച്.എസ്.ആർ.എ രൂപീകരിച്ചു. ചന്ദ്രശേഖർ ആസാദ്ഭഗത് സിംഗ്സുഖ്‌ദേവ്ബി.കെ.സിംഹശിവവർമജയദേവ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇത്. സംഘടിത സായുധസമരത്തിലൂടെ ഒരു ഇന്ത്യൻ റിപ്പബ്ലിക് എന്നതായിരുന്നു മുഖ്യലക്ഷ്യം. 1931 വരെ ഈ സംഘടന സജീവമായിരുന്നു. 1928 ഡിസംബർ 17 ന് ലാഹോർ ലാത്തിച്ചാർജിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥനായ സോണ്ടേഴ്സിനെ ഭഗത് സിംഗ്രാജഗുരുചന്ദ്രശേഖർ ആസാദ് എന്നിവർ ചേർന്നു വധിച്ചു. തുടർന്ന് അലഹബാദിലെ ആൽഫ്രഡ്‌ പാർക്കിൽ പോലീസുമായി ചന്ദ്രശേഖർ ആസാദ് ഒറ്റയ്ക്ക് ഏറ്റുമുട്ടി വീരമൃത്യു വരിച്ചു. 1931 മാർച്ച് 31-ാം തീയതി ഭഗത് സിങ്സുഖ്‌ദേവ്രാജ്ഗുരു എന്നിവരെ തൂക്കിക്കൊന്നു.

നെഹ്‌റു റിപ്പോർട്ട് (1928)

1928 ൽ കൽക്കത്തയിൽ ചേർന്ന കോൺഗ്രസ് സമ്മേളനം ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. മോത്തിലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന അഖിലകക്ഷി സമ്മേളനം ഭരണഘടനാ കരടുരൂപം തയ്യാറാക്കാനായി ഒരു സബ്-കമ്മിറ്റിയെ നിയമിച്ചു. ഈ കമ്മിറ്റിയിൽ മോത്തിലാൽ നെഹ്‌റു അധ്യക്ഷനും ജവാഹർലാൽ നെഹ്‌റു സെക്രട്ടറിയുമായിരുന്നു. ഈ കമ്മിറ്റി തയ്യാറാക്കിയ ഭരണഘടനയാണ് നെഹ്‌റു റിപ്പോർട്ട് എന്ന പേരിൽ പിന്നീട് പ്രസിദ്ധമായത്. ഇന്ത്യയ്ക്ക് സ്വയംഭരണാധികാരമുള്ള ഡൊമീനിയൻ പദവിയാണതിൽ വിഭാവന ചെയ്തത്. 1928 ഓഗസ്റ്റ് പത്താം തീയതി നെഹ്‌റു റിപ്പോർട്ട് സമർപ്പിച്ചു. 1928 ഡിസംബറിൽ കൽക്കട്ടയിൽ ചേർന്ന സർവ്വകക്ഷി സമ്മേളനത്തിൽ ഹിന്ദു മഹാസഭമുസ്ലിം ലീഗ്സിക്ക് ലീഗ് എന്നീ സംഘടനകളുടെ വർഗീയ മനോഭാവമുള്ള നേതാക്കൾ ഉന്നയിച്ച തടസ്സങ്ങൾ കാരണം ഈ റിപ്പോർട്ട് പാസാക്കാൻ കഴിഞ്ഞില്ല.

ലാഹോർ സമ്മേളനം (1929)

1929 ഡിസംബറിൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനം ലാഹോറിൽ നടന്നു. കോൺഗ്രസിന്റെ ലാഹോർ സമ്മേളനം ചരിത്രപ്രസിദ്ധമായിരുന്നു. അതിന്റെ പ്രാധാന്യത്തിലുള്ള കാരണങ്ങൾ ഇവയാണ്. ജവഹർലാൽ നെഹ്‌റു കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന്റെ നേതൃത്വം യുവതലമുറയിലേക്ക് കൈമാറുന്നതിന്റെ സൂചനയായിരുന്നു അത്. കോൺഗ്രസിന്റെ അന്തിമലക്ഷ്യം 'പൂർണ്ണ സ്വരാജ്അഥവാ പൂർണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ചരിത്രപ്രസിദ്ധമായ ഒരു പ്രമേയം ലാഹോർ സമ്മേളനം പാസ്സാക്കി. 1930 ജനുവരി 26  സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും കൊണ്ടാടാൻ ലാഹോർ സമ്മേളനം തീരുമാനിച്ചു. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനമാരംഭിക്കാനും ലാഹോർ സമ്മേളനം തീരുമാനിച്ചു.

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനു ഗാന്ധിജി ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചു.

1. സ്വാതന്ത്ര്യപ്രഖ്യാപനം എല്ലാ ഗ്രാമങ്ങളും എല്ലാ നഗരങ്ങളും ഒറ്റക്കെട്ടായി നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. എല്ലാ സ്ഥലങ്ങളിലും ഒരേ സമയം യോഗങ്ങൾ കൂടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

2. യോഗങ്ങളുടെ സമയം പരമ്പരാഗതമായ രീതിയിൽ പെരുമ്പറകൊട്ടി വിളംബരം ചെയ്യണം.

3. സ്വാതന്ത്ര്യദിനാഘോഷങ്ങൾ തുടരേണ്ടത് ദേശീയ പതാക ഉയർത്തിക്കൊണ്ടായിരിക്കണം.

4. ആ ദിവസത്തിന്റെ ബാക്കിസമയം നൂൽനൂൽപ്പ്അയിത്തജാതിക്കാരെ സേവിക്കൽഹിന്ദു-മുസ്ലിം ഐക്യംമദ്യനിരോധന പ്രവർത്തനം തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവഴിക്കണം. സ്വാതന്ത്ര്യം ഇന്ത്യൻ ജനതയുടെ അധിഷേധ്യമായ അവകാശമാണെന്നുംഅത് കവർന്നെടുക്കാനോ അടിച്ചമർത്താനോ ഏതെങ്കിലും ഗവൺമെന്റ് ശ്രമിക്കുകയാണെങ്കിൽ ആ ഗവൺമെന്റിനെ മാറ്റാനോ ഇല്ലാതാക്കാനോ ഉള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും ഗാന്ധിജി പ്രഖ്യാപിച്ചു.

1930 ജനുവരി 26 നു ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ടും ദേശഭക്തി ഗാനങ്ങൾ പാടിയും സ്വാതന്ത്ര്യ ദിനം രാജ്യമെമ്പാടും ആഘോഷിച്ചു.

പൂർണ സ്വരാജ് പ്രമേയം (1929)

കോൺഗ്രസിന്റെ ലക്ഷ്യം പൂർണസ്വരാജ് നേടിയെടുക്കുകയാണെന്ന് ലാഹോർ സമ്മേളനം പ്രഖ്യാപിച്ചു. 1929 ഡിസംബറിൽ ചരിത്രപ്രസിദ്ധമായ ലാഹോർ സമ്മേളനത്തിൽ വച്ച് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കി. ഇതിൽ അധ്യക്ഷത വഹിച്ചത് ജവഹർലാൽ നെഹ്രുവായിരുന്നു. 1930 ജനുവരി 26 ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാനും സമ്മേളനം തീരുമാനിച്ചു. രബി നദിക്കരയിൽ ജവാഹർലാൽ നെഹ്‌റു ആദ്യമായി ഇന്ത്യയുടെ ത്രിവർണ്ണ പതാക ഉയർത്തി. ജനുവരി 26 ന് നാട്ടിലാകെ ത്രിവർണ പതാക ഉയർത്തുകയും 'വിദേശഭരണത്തിന് ഇനിയും വഴങ്ങിക്കൊടുക്കുന്നത് ദൈവത്തിനും മനുഷ്യനുമെതിരായ പാതകമാണ്എന്നു പ്രതിജ്ഞ എടുക്കുകയും വേണമെന്നും തീരുമാനിച്ചു. ഇതേ ദിവസത്തിന്റെ ഓർമ്മയ്ക്കായാണ് പില്കാലത്ത് ജനുവരി 26 സ്വതന്ത്ര ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായി ആചരിച്ചുതുടങ്ങിയത്.

സിവിൽ നിയമ ലംഘന പ്രസ്ഥാനം (1930)

ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ വൻ പ്രക്ഷോഭമാണ്‌ സിവിൽ നിയമലംഘന പ്രസ്ഥാനം. ഉപ്പുനിയമം ലംഘിച്ചുകൊണ്ടാണ്‌ ഗാന്ധിജി സിവില്‍നിയമലംഘന പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്‌. പ്രക്ഷോഭം ആരംഭിക്കുന്നതിനു മുമ്പ്‌ അതിനുള്ള വിശദമായ പരിപാടികൾ ഗാന്ധിജി തയ്യാറാക്കിയിരുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങൾ കഴിഞ്ഞ ഉടനെതന്നെ അദ്ദേഹം പതിനൊന്ന്‌ ആവശ്യങ്ങൾ' ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന് മുന്നിൽ സമര്‍പ്പിച്ചുഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഗവണ്‍മെന്റിനെതിരെ കോണ്‍ഗ്രസ്സ്‌ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കണമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്തു. എന്നാൽ വൈസ്രോയി ഈ ആവശ്യങ്ങളിൽ ഒന്നുപോലും അംഗീകരിച്ചില്ല. 1930 ഫെബ്രുവരിയിൽ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തക സമിതി സബര്‍മതിയിൽ സമ്മേളിച്ച്‌ സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ ഗാന്ധിജിയെ അധികാരപ്പെടുത്തി.

ഗവണ്‍മെന്റിനെതിരെ പോരാടുന്നതിനുവേണ്ടി ഗാന്ധിജി പുതിയൊരു സമരായുധം സ്വീകരിച്ചു. ഉപ്പുനിയമം ലംഘിച്ച്‌ സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കുമെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. ഉപ്പുനിയമം ബ്രിട്ടീഷ്‌ ഇന്ത്യയിലെ വെറുക്കപ്പെട്ട നിയമങ്ങളിൽ ഒന്നായിരുന്നു.  ഉപ്പു നികുതിയെ കേന്ദ്രപ്രശ്നമാക്കി സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാനുള്ള ഗാന്ധിജിയുടെ തീരുമാനം തികച്ചും തന്ത്രപരമായ ഒരു നീക്കമായിരുന്നു. ഇതിലൂടെ ജനരോഷം ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിച്ചുവിടാൻ കഴിയുമെന്ന്‌ ഗാന്ധിജി കണക്കുകൂട്ടി. അങ്ങനെ ഉപ്പുനിയമം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു പ്രധാന പ്രശ്നമായിത്തീര്‍ന്നു.

സിവിൽ നിയമലംഘന പ്രസ്ഥാനം അതിവേഗം നാടാകെ വ്യാപിച്ചു. സിവിൽ നിയമലംഘനത്തിനുള്ള ഗാന്ധിജിയുടെ ആഹ്വാനം കൊളോണിയൽ ഭരണത്തിനെതിരെയുള്ള തങ്ങളുടെ അമര്‍ഷം പ്രകടിപ്പിക്കാൻ ഇന്ത്യൻ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ആവേശമേകി. സ്ത്രീകള്‍, കർഷകർതൊഴിലാളികള്‍, വിദ്യാര്‍ത്ഥികൾ, അഭിഭാഷകർ തുടങ്ങിയ ജനവിഭാഗങ്ങൾ ഈ പ്രക്ഷോഭത്തിൽ ആവേശത്തോടെ അണിനിരന്നു. നിയമലംഘനംനികുതി നിഷേധംമദ്യഷാപ്പുകൾ പിക്കറ്റു ചെയ്യൽ, ഹർത്താലുകള്‍, സമരങ്ങൾ തുടങ്ങിയവ രാജ്യത്തെ ഇളക്കി മറിച്ചു. ഗവണ്‍മെന്റ്‌ സ്ഥാപനങ്ങളുടെ ബഹിഷ്കരണം ഈ പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായിത്തീര്‍ന്നു. ഗാന്ധിജിയുടേയും കോണ്‍ഗ്രസ്സിന്റേയും നേതൃത്വത്തിലുള്ള ഔദ്യോഗിക പരിപാടികള്‍ക്കു പുറമെ മറ്റു പ്രതിഷേധ രൂപങ്ങളും പ്രക്ഷോഭകാലത്ത്‌ ഉയര്‍ന്നുവന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും കര്‍ഷകർ ബ്രിട്ടീഷുകാരുടെ വനനിയമങ്ങൾ ലംഘിച്ചു. ഈ നിയമങ്ങൾ കര്‍ഷകര്‍ക്കും അവരുടെ കന്നുകാലികള്‍ക്കും കാടുകളിലേക്കുള്ള പ്രവേശനം നിഷേധിച്ചിരുന്നു. കൂടാതെ ഭൂനികുതിയും പാട്ടവും നല്‍കാൻ അവർ തയ്യാറായില്ല. നഗരങ്ങളിൽ തൊഴിലാളികൾ പണിമുടക്കി. അഭിഭാഷകർ ബ്രിട്ടിഷ്‌ കോടതികൾ ബഹിഷ്കരിച്ചു. വിദ്യാര്‍ത്ഥികൾ ഗവണ്‍മെന്റ്‌ നടത്തിയിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകാൻ വിസമ്മതിച്ചു. സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാന സവിശേഷത സ്ത്രീകളുടെ വൻതോതിലുള്ള പങ്കാളിത്തമാണ്‌. ജാഥകളിൽ പോലും അവർ പുരുഷന്മാരോടൊപ്പം പങ്കെടുത്തു.

സിവിൽ നിയമലംഘനത്തെ അടിച്ചമര്‍ത്താനാണ്‌ ബ്രിട്ടീഷുകാർ ശ്രമിച്ചത്‌. കോണ്‍ഗ്രസ്സ്‌ സംഘടനയെ നിരോധിച്ചു. ഗാന്ധിജിയുള്‍പ്പെടെയുള്ള അനേകം നേതാക്കന്മാരെ അറസ്റ്റു ചെയ്തു. ഒരു മാസത്തിനുള്ളിൽ 60,000ലേറെ ഇന്ത്യാക്കാരെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ചു. 1931 മാര്‍ച്ചിൽ ഗാന്ധി-ഇർവിൻ കരാറിനെ തുടര്‍ന്ന്‌ സിവിൽ നിയമലംഘന പ്രസ്ഥാനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. രണ്ടാം വട്ടമേശ സമ്മേളനം പരാജയപ്പെട്ടതിനെത്തുടർന്ന് ഗാന്ധിജി സിവിൽ നിയമലംഘന പ്രസ്ഥാനം പുനരാരംഭിച്ചു. തുടർന്ന് അന്നത്തെ വൈസ്രോയിയായിയിരുന്ന വെല്ലിംഗ്ടൺ  പ്രഭു അതിനെ അടിച്ചമർത്താൻ കടുത്ത  നടപടികൾ സ്വീകരിച്ചു. ഗാന്ധിജിയെ അറസ്റ്റു ചെയ്യുകയും കോൺഗ്രസിനെ നിരോധിക്കുകയും ചെയ്തു. ഇതോടെ പ്രക്ഷോഭം തുടർന്നുകൊണ്ടു പോകാൻ കോൺഗ്രസിൻ ബുദ്ധിമുട്ടായി. 1934 ഏപ്രിലിൽ കോൺഗ്രസ് സിവിൽ നിയമലംഘന പ്രസ്ഥാനം അന്തിമമായി പിൻവലിച്ചു.

ഉപ്പ് സത്യാഗ്രഹം (1930)

ഉപ്പുനിയമം ബ്രിട്ടീഷ്‌ ഇന്ത്യയിലെ വെറുക്കപ്പെട്ട നിയമങ്ങളിൽ ഒന്നായിരുന്നു. ഈ നിയമപ്രകാരം ഉപ്പു നിര്‍മ്മിക്കാനും വില്‍ക്കാനുമുള്ള അധികാരം ഗവണ്‍മെന്റിന്റെ കുത്തകയായിരുന്നു. ഉപ്പ്‌ ജനങ്ങളുടെ ഭക്ഷണത്തിന്റെ അനിവാര്യ ഘടകമായിരുന്നു. അതിനാൽ ഓരോ ഇന്ത്യൻ കുടുംബത്തിനും അത്‌ അതൃന്താപേക്ഷിതമായിരുന്നു. എന്നാൽ വീട്ടാവശ്യത്തിനു പോലും ഉപ്പുണ്ടാക്കാൻ ബ്രിട്ടീഷുകാർ അവരെ അനുവദിച്ചില്ല. അതുകൊണ്ട്‌ കടകളിൽ നിന്ന്‌ ഉയര്‍ന്ന വില കൊടുത്ത്‌ ഉപ്പ്‌ വാങ്ങാൻ അവർ നിര്‍ബ്ബന്ധിതരായി. മാത്രമല്ല ഗവണ്‍മെന്റ്‌ ഉപ്പുനികുതി ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സ്വാഭാവികമായും ഉപ്പുനിര്‍മ്മാണത്തിലുള്ള ഗവണ്‍മെന്റ്‌ കുത്തകയ്‌ക്കെതിരെ ജനരോഷം ആളിപ്പടര്‍ന്നു. അങ്ങനെ ഉപ്പുനിയമം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു പ്രധാന പ്രശ്നമായിത്തീര്‍ന്നു. ഉപ്പുനികുതി മറ്റു നികുതികളെക്കാൾ ജനദ്രോഹപരമാണെന്ന്‌ മനസ്സിലാക്കിയ ഗാന്ധിജി ഉപ്പ് സത്യാഗ്രഹം ആരംഭിക്കാൻ തീരുമാനിച്ചു.

ഗാന്ധിജി ഉയര്‍ത്തിയ വെല്ലുവിളിയുടെ പ്രാധാന്യം തിരിച്ചറിയാൻ ബ്രിട്ടീഷുകാര്‍ക്ക്‌ കഴിഞ്ഞില്ല. തന്റെ ദണ്ഡി യാത്രയെക്കുറിച്ച്‌ ഗാന്ധിജി വൈസ്രോയിയായ ഇര്‍വിൻ പ്രഭുവിൻ മുന്‍കൂർ നോട്ടീസ്‌ നല്‍കിയിരുന്നെങ്കിലും അദ്ദേഹം അത്‌ അവഗണിക്കുകയാണ്‌ ചെയ്തത്‌. 1930 മാര്‍ച്ച്‌ 12 ന് ഗാന്ധിജി അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ ദണ്ഡിയാത്ര ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട 78 അനുയായികളോടൊപ്പം അദ്ദേഹം സബര്‍മതി ആശ്രമത്തിൽ നിന്നും ഏതാണ്ട്‌ 200 മൈൽ ദൂരെയുള്ള ദണ്ഡിയിലേക്കു മാര്‍ച്ച്‌ ചെയ്തു. 24 ദിവസത്തെ കാല്‍നടയാത്രയ്ക്കുശേഷം അദ്ദേഹം ഗുജറാത്തിലെ കടലോര ഗ്രാമമായ ദണ്ഡിയിലെത്തി. 1930 ഏപ്രിൽ 6 ന് ഗാന്ധിജിയും അനുയായികളും ദണ്ഡി കടപ്പുറത്തു വെച്ച്‌ ഉപ്പു നിയമം ലംഘിച്ച്‌ ഉപ്പുണ്ടാക്കി. അങ്ങനെ നിയമത്തിന്റെ മുന്നിൽ അദ്ദേഹം സ്വയം ഒരു കുറ്റവാളിയായി മാറി. ഇതിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങൾ ഉപ്പുനിയമം ലംഘിച്ചു. ദണ്ഡി യാത്രയ്ക്ക് ജനപ്രീതി അനുദിനം വർധിക്കുന്നതിൽ ഭയചകിതരായ ബ്രിട്ടീഷ് ഭരണകൂടം ഗാന്ധിജിയേയും ജവാഹർലാൽ നെഹ്രുവിനെയും ജയിലിലടച്ചു.

ലാഹോർ ഗൂഢാലോചന ക്കേസ് (1930)

ഭഗത് സിങ്ബി.കെ.ദത്ത് എന്നിവർ അംഗങ്ങളായ എച്ച്.എസ്.ആർ.എ യുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ടതാണ് ലാഹോർ ഗൂഢാലോചനക്കേസ്. ഇത് ലാഹോർ വിചാരണ എന്നും അറിയപ്പെടുന്നു. പൗരസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന ഒരു പബ്ലിക് സേഫ്റ്റി ബിൽ കേന്ദ്രനിയമസഭ പാസാക്കി. ഇതിൽ പ്രതിഷേധിച്ചുകൊണ്ട് 1929 ഏപ്രിൽ എട്ടാം തീയതി ഭഗത്സിങ്ബി.കെ.ദത്ത്  എന്നിവർ കേന്ദ്രനിയമസഭയിലേക്കു ബോംബെറിഞ്ഞു. ആരെയെങ്കിലും കൊല്ലാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല അത്. ബധിരരെ ചെവി കേൾപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഭഗത് സിങ്ങും ദത്തും രക്ഷപ്പെടാനൊരു ശ്രമവും നടത്തിയില്ല. അറസ്റ്റ് ചെയ്യപ്പെടുകയും അങ്ങനെ കോടതിയിൽ വിചാരണയ്ക്കു വിധേയരാക്കപ്പെടുമ്പോൾ കോടതിയെ പ്രചാരണോപാധിയാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എച്ച്.എസ്.ആർ.എ യുടെ പ്രത്യയശാസ്ത്രവും പരിപാടിയും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനുള്ള അവസരമായും ഇതിനെ കരുതി. അങ്ങനെ ലാഹോർ ഗൂഢാലോചനക്കേസിന്റെ വിചാരണ നടന്നു. രണ്ടുപേർക്കും കോടതി വധശിക്ഷ വിധിച്ചു. 1931 മാർച്ച് 23 ന് അവരെ തൂക്കിലേറ്റി.

ഒന്നാം വട്ടമേശ സമ്മേളനം (1930)

ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ വന്നതിനെ തുടർന്ന് ഇന്ത്യയ്ക്കു പുതിയൊരു ഭരണഘടന തയ്യാറാക്കുമെന്നു പ്രഖ്യാപനമുണ്ടായി. ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായങ്ങൾ അറിയാനായി ലണ്ടനിൽ വട്ടമേശ സമ്മേളനം നടത്താൻ തീരുമാനിച്ചു. ദണ്ഡിമാർച്ച് ബ്രിട്ടീഷുകാരുടെ കണ്ണുതുറപ്പിക്കുക തന്നെ ചെയ്തു. ഇന്ത്യക്കാർക്ക് ഗവൺമെന്റിൽ കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതിന്റെ ആവശ്യകത ബ്രിട്ടൺ തിരിച്ചറിഞ്ഞു. ഈ ലക്ഷ്യത്തോടെ ബ്രിട്ടീഷ് ഗവൺമെന്റ് ലണ്ടനിൽ വട്ടമേശ സമ്മേളനങ്ങൾ വിളിച്ചുകൂട്ടി. സിവിൽ നിയമലംഘന പ്രസ്ഥാനം മുന്നേറികൊണ്ടിരിക്കുമ്പോഴാണ് ബ്രിട്ടീഷുകാർ ആദ്യത്തെ വട്ടമേശ സമ്മേളനം വിളിച്ചുകൂട്ടിയത്.

1930 നവംബർ 12 നു ലണ്ടനിൽ ആരംഭിച്ച ഒന്നാം വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസേ മക് ഡൊണാൾഡ് ആയിരുന്നു. ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിന്നും 16 പ്രതിനിധികളും,  ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് 58 രാഷ്ട്രീയ നേതാക്കന്മാരുംനാട്ടുരാജ്യങ്ങളിൽ നിന്ന് 16 പ്രതിനിധികളും പങ്കെടുത്തു. ആഗാഖാൻമുഹമ്മദലി ജിന്നമൗലാന മുഹമ്മദലിതേജ് ബഹാദൂർ സാപ്രൂബി.ആർ.അംബേദ്‌കർ തുടങ്ങിയവരാണ് പങ്കെടുത്തവരിൽ പ്രമുഖർ. മുസ്ലിം ലീഗിന്റെയും ഡിപ്രസ്ഡ് ക്ലാസ്സിന്റെയും പ്രതിനിധികൾ പങ്കെടുത്തു. ഈ സമ്മേളനത്തെ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരെല്ലാം ബഹിഷ്കരിച്ചു. കോൺഗ്രസ്സും ഈ സമ്മേളനം ബഹിഷ്കരിച്ചു. അതിനാൽ ഒന്നാം വട്ടമേശസമ്മേളനം നിഷ്ഫലമായിത്തീർന്നു.

ഗാന്ധി - ഇർവിൻ ഉടമ്പടി (1931)

കോൺഗ്രസിന്റെ പങ്കാളിത്തമില്ലാതെയുള്ള ഭരണഘടനാപരമായ പരിഷ്കരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ച അര്‍ത്ഥശൂന്യമാണെന്ന്‌ ബ്രിട്ടിഷുകാര്‍ക്ക്‌ വ്യക്തമായി. അതിനാൽ കോണ്‍ഗ്രസ്സുമായി ഒരു ഒത്തുതീർപ്പുണ്ടാക്കാൻ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ പരിശ്രമിച്ചു. 1931 ജനുവരിയിൽ ഗാന്ധിജിയെ ജയിലിൽ നിന്ന്‌ മോചിപ്പിച്ചു. വൈസ്രോയിയായ ഇര്‍വിൻ പ്രഭു അദ്ദേഹത്തെ ചര്‍ച്ചയ്ക്കു വിളിക്കുകയും ചെയ്തു. നിരവധി കൂടിയാലോചനകള്‍ക്കു ശേഷം 1931 മാര്‍ച്ച്‌  5 ന് ഗാന്ധിജിയും ഇര്‍വിൻ പ്രഭുവും ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. ഗാന്ധി -ഇര്‍വിൻ കരാർ അഥവാ ഡല്‍ഹി കരാർ എന്ന പേരിൽ ഇതറിയപ്പെടുന്നു.

കരാറിലെ വ്യവസ്ഥപ്രകാരം സിവിൽ നിയമലംഘന പ്രസ്ഥാനം നിര്‍ത്തിവെക്കാൻ ഗാന്ധിജി സമ്മതിച്ചു. രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും അദ്ദേഹം സമ്മതിച്ചു. നിയമലംഘനകാലത്ത്‌ അക്രമപ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടവരെയൊഴികെ എല്ലാ തടവുകാരെയും വിട്ടയയ്‌ക്കാമെന്ന്‌ ഗവണ്‍മെന്റ്‌ സമ്മതിച്ചു. തീരപ്രദേശങ്ങളിൽ ഉപ്പുണ്ടാക്കാൻ ഇന്ത്യാക്കാര്‍ക്ക്‌ അനുവാദം നല്‍കി. ഗാന്ധി - ഇര്‍വ്വിൻ കരാറിനെ ദേശീയവാദികൾ ശക്തമായി വിമര്‍ശിച്ചു. കാരണം സിവിൽ നിയമലംഘന പ്രസ്ഥാനം മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഒന്നുപോലും ഗവണ്‍മെന്റ്‌ അംഗീകരിച്ചില്ല. ഇന്ത്യാക്കാര്‍ക്ക്‌ രാഷ്ട്രീയ സ്വാതന്ത്ര്യം അനുവദിക്കുമെന്ന യാതൊരു ഉറപ്പും ഗാന്ധിജിക്ക്‌ വൈസ്രോയിയിൽ നിന്ന് ലഭിച്ചില്ല. അത്തരം ലക്ഷ്യങ്ങളെക്കുറിച്ചെല്ലാം ചർച്ചയാകാം എന്നൊരു ഉറപ്പുമാത്രമേ ഗാന്ധിജിക്കു ലഭിച്ചുള്ളൂ. ഭഗത് സിംഗിന്റെയും അദ്ദേഹത്തിന്റെ സഖാക്കളുടെയും (സുഖ്‌ദേവ്രാജഗുരു) വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്യണമെന്ന ആവശ്യവും പോലും ഗവൺമെന്റ് അംഗീകരിച്ചില്ല.

രണ്ടാം വട്ടമേശ സമ്മേളനം (1931)

ബ്രിട്ടീഷ് ഗവൺമെന്റ് രണ്ടാം വട്ടമേശ സമ്മേളനം 1931 സെപ്തംബറിൽ ലണ്ടനിൽ വിളിച്ചുകൂട്ടി. ഗാന്ധി - ഇർവിൻ സന്ധിയെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ലണ്ടനിൽ ചേർന്ന രണ്ടാം സമ്മേളനത്തിൽ പങ്കെടുത്തു. കോൺഗ്രസിന്റെ ഏക പ്രതിനിധിയായി ഗാന്ധിജി ഈ സമ്മേളനത്തിൽ പങ്കെടുത്തു. തങ്ങളുടെ ലക്ഷ്യം പൂർണസ്വരാജ് ആണെന്ന് കോൺഗ്രസ് ആവർത്തിച്ചു. എന്നാൽ കോൺഗ്രസ് ഇന്ത്യയെ മുഴുവനായി പ്രതിനിധീകരിക്കുന്നുവെന്ന ഗാന്ധിജിയുടെ വാദത്തെ മൂന്നു കൂട്ടർ വെല്ലുവിളിച്ചു. മുസ്ലിം ലീഗുംനാട്ടുരാജാക്കന്മാരും അംബേദ്കറും. മുസ്ലിം ന്യൂനപക്ഷത്തിന്റെ താൽപര്യങ്ങൾക്കു വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്ന് മുസ്ലിം ലീഗ് അവകാശപ്പെട്ടു. തങ്ങളുടെ പ്രദേശങ്ങളിൽ കോൺഗ്രസിൻ യാതൊരു പിന്തുണയുമില്ലെന്ന് നാട്ടുരാജാക്കന്മാരും അവകാശപ്പെട്ടു. കോൺഗ്രസ് കീഴ്ജാതിക്കാരെ പ്രതിനിധീകരിക്കുന്നില്ലെന്ന് പ്രമുഖ നിയമജ്ഞനും ചിന്തകനുമായ ബി.ആർ.അംബേദ്ക്ർ വാദിച്ചു.

വർഗീയ പ്രശ്നങ്ങളെക്കുറിച്ചുള്ള  അന്തമില്ലാത്ത ചർച്ചമൂലം സമ്മേളനം ഡിസംബർ വരെ നീണ്ടുപോയെങ്കിലും ചർച്ചകൾ പരാജയപ്പെട്ടു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമോ പുത്രികാരാജ്യ പദവിയോ നൽകുന്നത് സംബന്ധിച്ച് യാതൊരു ചർച്ചയും സമ്മേളനത്തിൽ ഉണ്ടായില്ല. 'സാമുദായിക പ്രാതിനിധ്യംഎന്ന പ്രശ്നത്തിൽ യോജിച്ചൊരു തീരുമാനമെടുക്കുന്നതിലും സമ്മേളനം പരാജയപ്പെട്ടു. ഇതേ തുടർന്ന് ഗുണപരമായ യാതൊരു ഫലങ്ങളുമില്ലാതെ ഗാന്ധി ഇന്ത്യയിലേക്കു മടങ്ങിയെത്തുകയും സിവിൽ നിയമലംഘനം പുനരാരംഭിക്കുകയും ചെയ്തു. തുടർന്ന് അതിനെ അടിച്ചമർത്താൻ അന്നത്തെ വൈസ്രോയിയായിരുന്ന വെല്ലിംഗ്ടൺ ഗാന്ധിജിയെയും സർദാർ വല്ലഭായ് പട്ടേലിനെയും അറസ്റ്റു ചെയ്യുകയും കോൺഗ്രസിനെ നിരോധിക്കുകയും ചെയ്തു. 1934 ഏപ്രിൽ ഏഴിനു സമരം ഔദ്യോഗികമായി നിർത്തി.

കമ്യൂണൽ അവാർഡ് (1932)

1932 നുശേഷം അയിത്തോച്ചാടനത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഗാന്ധിജി ശക്തിപ്പെടുത്തി. 1932 ഓഗസ്റ്റിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ രാംസേ മക്‌ഡൊണാൾഡ് കമ്യൂണൽ അവാർഡ് പ്രഖ്യാപിച്ചു. മുസ്ലിങ്ങൾക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും അധഃകൃത വിഭാഗക്കാർക്കും പ്രത്യേകം സംവരണ മണ്ഡലങ്ങൾ അനുവദിക്കുന്നതായിരുന്നു കമ്മ്യൂണൽ അവാർഡ്. അധഃകൃത വിഭാഗക്കാരെ ഒരു പ്രത്യേക വിഭാഗമായി കാണുന്നതിനെ ഗാന്ധിജി എതിർത്തു.

കമ്യൂണൽ അവാർഡ് പിൻവലിക്കാനായി 1932 സെപ്റ്റംബർ 20 ന് ഗാന്ധിജി യെർവാദ ജയിലിൽ നിരാഹാരം ആരംഭിച്ചു. പൊതു ഹിന്ദുമണ്ഡലങ്ങളിൽ നിന്നുകൊണ്ട് അധഃകൃത വിഭാഗക്കാർ മത്സരിച്ചു ജയിക്കണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ അവരുടെ സാമൂഹിക പുരോഗതി ഫലപ്രദമാകൂ എന്നും ഗാന്ധിജി വിശ്വസിച്ചു. തുടർന്ന് കമ്മ്യൂണൽ അവാർഡിലെ വ്യവസ്ഥകൾ മാറ്റാനായി ബി.ആർ.അംബേദ്‌കറിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു. അതിന്റെ ഭാഗമായി പുണെ ഉടമ്പടിയിൽ എത്തിച്ചേർന്നു.

ബ്രിട്ടീഷ് ഗവൺമെന്റ് പുണെ ഉടമ്പടി അംഗീകരിക്കുകയും ഗാന്ധിജി നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു. ഇതുപ്രകാരം അധഃകൃതവിഭാഗക്കാർക്കുള്ള പ്രത്യേക സംവരണ മണ്ഡലങ്ങൾ ഇല്ലാതാകുകയും പൊതു ഹിന്ദു മണ്ഡലങ്ങളിലുള്ള അവരുടെ സംവരണ സീറ്റുകൾ ഇരട്ടിയാക്കുകയും ചെയ്തു. തുടർന്ന് അയിത്തോച്ചാടനത്തിനുവേണ്ടി ഒരു അഖിലേന്ത്യ യാത്രതന്നെ അദ്ദേഹം നടത്തി. അയിത്തം അനുഭവിക്കുന്നവരുടെ പുരോഗതിക്കായി 'ഹരിജൻഎന്ന പത്രം ഗാന്ധിജി ആരംഭിച്ചു. ഹരിജന ഉദ്ധാരണത്തിനായി ഹരിജൻ സേവക് സംഘ് എന്ന ഒരു സംഘടനയ്ക്ക് ഗാന്ധിജി രൂപം നൽകി.

പൂനെ ഉടമ്പടി (1932)

കമ്മ്യൂണൽ അവാർഡിലെ വ്യവസ്ഥകൾ മാറ്റാനായി ബി.ആർ.അംബേദ്‌കറിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു. അതിന്റെ ഭാഗമായി പൂനെ ഉടമ്പടിയിൽ എത്തിച്ചേർന്നു. ബ്രിട്ടീഷ് ഗവൺമെന്റ് പൂനെ ഉടമ്പടി അംഗീകരിക്കുകയും ഗാന്ധിജി നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തു.

പൂനെ കരാറിന്റെ പ്രധാന വ്യവസ്ഥകൾ                     

 പൊതുമണ്ഡലങ്ങൾ തുടരും

 71നു പകരം 148 സീറ്റുകൾ അധഃസ്ഥിതർക്കു നീക്കിവയ്ക്കും.

 ഹരിജനങ്ങൾക്ക് കേന്ദ്ര നിയമനിർമാണ സഭയിൽ 20% സീറ്റ് സംവരണം.

 അധഃസ്ഥിത അംഗങ്ങളെ ഏകസമ്മതിദാനാവകാശത്തിലൂടെ തിരഞ്ഞെടുക്കാം.

 ഹരിജനങ്ങൾക്ക് പൊതുസേവനങ്ങളിലും പ്രാദേശിക ഭരണസമിതികളിലും മതിയായ പ്രാതിനിധ്യം.

 ഹരിജനങ്ങളുടെ സാക്ഷരതാ പ്രവർത്തനത്തിന് പ്രത്യേക സാമ്പത്തിക സഹായം.

മൂന്നാം വട്ടമേശ സമ്മേളനം (1932)

1932 നവംബർ 17 ന് ലണ്ടനിൽ ആരംഭിച്ച മൂന്നാം വട്ടമേശ സമ്മേളനത്തിൽ ഗവണ്‍മെന്‍റിനോടു കൂറുപുലര്‍ത്തിയിരുന്ന 46 പ്രതിനിധികൾ മാത്രമാണ് പങ്കെടുത്തത്. മുഹമ്മദ് അലിയുംജിന്നയുംആഗാഖാനും ബി.ആർ.അംബേദ്കറും പങ്കെടുത്തു. കോൺഗ്രസ് പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തില്ല. ഭാവിയിലെ ഇന്ത്യൻ ഭരണഘടനയെ സംബന്ധിച്ചുള്ള ചില സാമാന്യ തത്വങ്ങൾ ഈ സമ്മേളനം രൂപപ്പെടുത്തി. മൂന്നാം വട്ടമേശ സമ്മേളനത്തിന്റെ അന്ത്യത്തിൽ പുറപ്പെടുവിച്ച ധവളപത്രത്തിന്റെ അടിസ്ഥാനത്തിലാണ് 1935 ലെ ഇന്ത്യാ ഗവൺമെന്റ് നിയമം പാസ്സാക്കിയത്. 1935 ലെ ഇന്ത്യാ നിയമം ഇന്ത്യയിൽ പ്രാതിനിധ്യ ഗവൺമെന്റിൻ തുടക്കം കുറിച്ചു.

ഈ സമ്മേളനത്തിൽ കേംബ്രിഡ്ജിലെ ഒരു മുസ്ലിം വിദ്യാർത്ഥിയായിരുന്ന റഹ്മത് അലിയുടെ ആശയമായ ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ഒരു 'മുസ്ലിം സ്റ്റേറ്റ്സ്ഥാപിക്കണമെന്ന് മുസ്ലിം പ്രതിനിധികൾ ആവശ്യപ്പെടുകയുണ്ടായി. റഹ്മത് അലി ഈ രാഷ്ട്രത്തിന് പാക്സ്ഥാൻ (Pakstan) എന്ന പേരും നിർദേശിച്ചിരുന്നു. പഞ്ചാബ്അഫ്ഗാനിയകാശ്മീർസിന്ധ്എന്നീ സ്ഥലപ്പേരുകളുടെ ആദ്യാക്ഷരങ്ങളുംബലൂചിസ്ഥാന്റെ അവസാന മൂന്നു അക്ഷരങ്ങളും ചേർത്താണ് അദ്ദേഹം ഈ പേരുണ്ടാക്കിയത്. ഉറുദു ഭാഷയിൽ 'പുണ്യഭൂമിഎന്നാണ് ഈ പദത്തിന്റെ അർത്ഥം. പാക്സ്ഥാൻ പിന്നീട് പാക്കിസ്ഥാൻ ആയി രൂപാന്തരപ്പെടുകയുണ്ടായി.

മൂന്ന് വട്ടമേശ സമ്മേളനത്തിലും പങ്കെടുത്ത ഇന്ത്യക്കാരൻ ബി.ആർ.അംബേദ്‌കറാണ്. ഡിപ്രസ്ഡ് ക്ലാസ്സിന്റെ പ്രതിനിധിയായാണ് അദ്ദേഹം പങ്കെടുത്തത്.

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി

റഷ്യൻ വിപ്ലവത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് 1930 കളോടെ സോഷ്യലിസ്റ്റാശയങ്ങൾ ഇന്ത്യയിൽ പ്രചരിക്കാൻ തുടങ്ങി. തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സോഷ്യലിസ്റ്റ് അനുഭാവികളുടെ നേതൃത്വത്തിൽ 1934 ൽ രൂപീകൃതമായ പാർട്ടിയാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി. സി.എസ്.പി എന്നാണ് അത് അറിയപ്പെടുന്നത്. 1934 മെയ് മാസത്തിൽ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ പട്നയിൽ അഖിലേന്ത്യ കോൺഗ്രസ് സോഷ്യലിസ്റ്റ് സമ്മേളനം നടന്നു. ആചാര്യ നരേന്ദ്രദേവായിരുന്നു അധ്യക്ഷൻ. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഒന്നാമത്തെ അഖിലേന്ത്യ സമ്മേളനം 1934 ഒക്ടോബറിൽ മുംബൈയിൽ വച്ചു നടന്നു. സമ്പൂർണാനന്ദയായിരുന്നു അധ്യക്ഷൻ.

ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് 1935 (1935)

1935 ലെ ഇന്ത്യാനിയമം ഇന്ത്യയിൽ പ്രാതിനിധ്യ ഗവൺമെന്റിൻ തുടക്കം കുറിച്ചു. പ്രവിശ്യകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ അത് കൊണ്ട് വന്നു. പ്രവിശ്യകളിൽ നിലനിന്നിരുന്ന ദ്വിഭരണ സമ്പ്രദായത്തെ അത് അവസാനിപ്പിക്കുകയും പ്രാദേശിക സ്വയം ഭരണം കൊണ്ട് വരികയും ചെയ്തു. ഈ നിയമപ്രകാരം,

 കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവൺമെന്റ് സ്ഥാപിക്കുന്നതിൻ വ്യവസ്ഥ ചെയ്തു.

 സംസ്ഥാനങ്ങൾക്ക് സമ്പൂർണ സ്വയംഭരണത്തിന് വ്യവസ്ഥ ചെയ്തു.

 കേന്ദ്രത്തിൽ ദ്വിഭരണത്തിന് വ്യവസ്ഥ ചെയ്തു.

 പ്രവിശ്യകളിൽ ദ്വിമണ്ഡലസഭയ്ക്ക് വ്യവസ്ഥ ചെയ്തു.

 റിസർവ് ബാങ്ക് ഓഫ് ഇന്ത്യപബ്ലിക് സർവീസ് കമ്മിഷൻഫെഡറൽ കോടതി എന്നിവ സ്ഥാപിക്കുന്നതിൻ വ്യവസ്ഥ ചെയ്തു.

 ഈ നിയമപ്രകാരം ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തി.

ഈ നിയമം പരിമിതമായ തോതിൽ വോട്ടവകാശം അനുവദിച്ചു. 1937 ൽ പ്രവിശ്യകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസ് ഉജ്ജ്വല വിജയം കൈവരിച്ചു. പതിനൊന്ന് പ്രവിശ്യകളിൽ എട്ടിലും മന്ത്രിസഭയുണ്ടാക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞു. എന്നിരുന്നാലും കോൺഗ്രസ് പ്രധാന മന്ത്രിമാർക്ക് ബ്രിട്ടീഷ് ഗവർണറുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും പ്രവർത്തിക്കേണ്ടി വന്നു.

1939 സെപ്റ്റംബറിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഗാന്ധിജിയും നെഹ്രുവും ഹിറ്റ്ലറേയും നാസിസത്തേയും തുടക്കം മുതൽക്കു തന്നെ എതിർത്തുപോന്നിരുന്നു. ഫാസിസ്റ്റ് അതിക്രമങ്ങളെ അവർ ശക്തമായി അപലപിച്ചു. സ്വാഭാവികമായും ഫാസിസ്റ്റു ശക്തികൾക്കെതിരെ യുദ്ധത്തിൽ ബ്രിട്ടനെ സഹായിക്കാൻ അവരാഗ്രഹിച്ചു. യുദ്ധം അവസാനിപ്പിച്ചതിനു ശേഷം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാമെന്ന് ഉറപ്പു നൽകിയാൽ ബ്രിട്ടന്റെ യുദ്ധപരിശ്രമങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തു. ഈ വാഗ്ദാനം ഗവൺമെന്റ് നിരാകരിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രവിശ്യകളിലെ കോൺഗ്രസ് മന്ത്രിസഭകൾ 1939 ഒക്ടോബറിൽ രാജി വെച്ചു.

അഖിലേന്ത്യ കിസാൻസഭ (1936)

1936 ഏപ്രിലിൽ ലഖ്‌നൗവിൽ അഖിലേന്ത്യ കിസാൻസഭ രൂപവത്കരിച്ചു. ആദ്യ പ്രസിഡന്റ് സ്വാമി സഹജാനന്ദയും ജനറൽ സെക്രട്ടറി എൻ.ജി.രംഗയുമായിരുന്നു. കൃഷിഭൂമി കർഷകന് എന്നതായിരുന്നു മുദ്രാവാക്യം. 1937 ഒക്ടോബറിൽ കിസാൻസഭ ഔദ്യോഗിക പതാകയായി ചെങ്കൊടി സ്വീകരിച്ചു.

ഓഗസ്റ്റ് ഓഫർ (1940)

1939 ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ 1940 ൽ സഖ്യകക്ഷികളുടെ സ്ഥിതി പരുങ്ങലിലായിരുന്നു. നിരവധി യൂറോപ്യൻ രാജ്യങ്ങളെ ജർമ്മനി ആക്രമിച്ചു കീഴടക്കി. ബ്രിട്ടൻ ജർമൻ ആക്രമണത്തിനു വിധേയമായിരുന്നു. ഈ അവസരത്തിൽ തങ്ങൾ ഫാസിസത്തിനും നാസിസത്തിനുമെതിരാണെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. തുടർന്ന് ഇന്ത്യൻ പിന്തുണ നേടുന്നതിനായി ബ്രിട്ടീഷ് വൈസ്രോയി ലിൻലിത്ഗോ പുറപ്പെടുവിച്ച പ്രസ്താവനയാണ് ആഗസ്റ്റ് ഓഫർ എന്നറിയപ്പെടുന്നത്. ഇതിൽ പ്രധാനമായും മൂന്നു വ്യവസ്ഥകളാണുണ്ടായിരുന്നത്. ഇന്ത്യൻ പ്രതിനിധികളെ ഉൾപ്പെടുത്തി വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വിപുലീകരിക്കുംബ്രിട്ടീഷുകാരെയും ഇന്ത്യക്കാരെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു യുദ്ധകാര്യ ഉപദേശകസമിതി രൂപവത്കരിക്കുംഭാവിയിൽ ഭരണഘടന രൂപവത്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുക. യുദ്ധാനന്തരം ഇന്ത്യക്ക് 'പുത്രികാരാജ്യപദവി നൽകുമെന്നതായിരുന്നു ഇതിലെ പ്രധാന വ്യവസ്ഥ. പക്ഷേകോൺഗ്രസും മുസ്ലിം ലീഗും ഇത് തള്ളിക്കളഞ്ഞു. ഈ വാഗ്ദാനങ്ങൾ 'ഓഗസ്റ്റ് ഓഫർഎന്നാണറിയപ്പെടുന്നത്.

വ്യക്തി സത്യാഗ്രഹം (1940)

ബ്രിട്ടൺ അവരുടെ ഇന്ത്യാനയത്തിലൊരു മാറ്റവും വരുത്തില്ലെന്ന് ബോധ്യമായതിനെ തുടർന്ന് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിക്കാൻ തീരുമാനിച്ചു. ബ്രിട്ടന്റെ യുദ്ധസന്നാഹങ്ങളെ തടസ്സപ്പെടുത്താൻ കോൺഗ്രസിനു താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് സമരം വ്യക്തി സത്യാഗ്രഹമായി പരിമിതപ്പെടുത്തിയത്. 1940 ഒക്ടോബർ 17 ന് ആചാര്യ വിനോബാഭാവെ വ്യക്തി സത്യാഗ്രഹത്തിന് തുടക്കം കുറിച്ചു. 1940 നവംബറിനും 1941 ഫെബ്രുവരിക്കുമിടയിൽ അനേകം കോൺഗ്രസ് നേതാക്കന്മാർ സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.

ഇന്ത്യൻ നാഷണൽ ആർമി - ഐ.എൻ.എ (1942)

ഇന്ത്യയുടെ സ്വാത്രന്ത്യത്തിനുവേണ്ടി വിദേശത്തു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അനേകം വിപ്ലവകാരികൾ ഉണ്ടായിരുന്നു. അതിൽ പ്രധാനിയായിരുന്നു റാഷ്‌ ബിഹാരി ബോസ്‌. 1942 മാര്‍ച്ചിൽ ബോസ്‌ ടോക്യോവിൽ വച്ച്‌ ഇന്ത്യൻ ഇന്‍ഡിപെന്‍ഡന്‍സ്‌ ലീഗ്‌ രൂപീകരിച്ചു.1942 ജൂണ്‍ മാസത്തിൽ ബാങ്കോക്കിൽ ചേര്‍ന്ന സമ്മേളനത്തിൽ വച്ച്‌ റാഷ്‌ ബിഹാരി ബോസും മോഹൻ സിങ്ങും ചേര്‍ന്ന്‌ ഇന്ത്യൻ നാഷനൽ ആര്‍മി രൂപീകരിച്ചു. 1943 ജൂലൈയിൽ സുഭാഷ് ചന്ദ്ര ബോസ്‌ ഐഎന്‍എയുടെ നേതൃത്വം ഏറ്റെടുത്തു.

ഐഎന്‍എയിലെ ആദ്യത്തെ മൂന്നു ബ്രിഗേഡുകള്‍ക്ക്‌ യഥാക്രമം ഗാന്ധിആസാദ്‌നെഹ്റു എന്നീ പേരുകളാണ്‌ നല്‍കിയത്‌. 1943 ഒക്ടോബർ 21ന് ബോസിന്റെ നേതൃത്വത്തിൽ താല്‍ക്കാലിക സ്വതന്ത്ര ഭാരത സര്‍ക്കാർ സിംഗപ്പൂരിൽ രൂപീകരിച്ചു. രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു. 1944ൽ ജപ്പാന്റെ സഹായത്തോടെ ആസാദ്‌ ഹിന്ദ് ദേശീയ ബാങ്ക് രൂപീകരിച്ചു. താല്‍ക്കാലിക ഗവണ്‍മെന്റിനു വേണ്ടി നേതാജി കറന്‍സി നോട്ടുകൾ അടിച്ചിറക്കിയിരുന്നു.

ജപ്പാന്റെ സഹായത്തോടെ ഇന്ത്യ പിടിച്ചെടുത്ത്‌ ബ്രിട്ടനിൽ നിന്ന്‌ ഇന്ത്യയെ മോചിപ്പിക്കുകയായിരുന്നു ഐഎന്‍എയുടെ ലക്ഷ്യം. 1944 മാര്‍ച്ച്‌ 18ന് ഐഎന്‍എ അതിര്‍ത്തി കടന്ന്‌ ഇന്ത്യയിൽ പ്രവേശിച്ചു. ഇന്ത്യൻ മണ്ണിൽ അവർ ത്രിവര്‍ണപതാക ഉയർത്തി. എന്നാൽ യുദ്ധത്തിന്റെ ഗതി മാറിയതോടെ ഐ.എൻ.എയ്ക്കു പിടിച്ചുനിൽക്കാനായില്ല. ബ്രിട്ടന്റെ മുന്നേറ്റത്തോടെ ജർമൻ സൈന്യം തകർന്നടിഞ്ഞു. ജാപ്പനീസ് സൈന്യത്തിന് തിരിച്ചടികളുണ്ടായി. 1945 ഓഗസ്റ്റ് 18ന് സുഭാഷ്‌ ചന്ദ്ര ബോസ്‌ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് ഐഎന്‍എ ഗണ്യമായ സംഭാവനയാണു നല്‍കിയത്‌. ബ്രിട്ടിഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാൻ ഇന്ത്യൻ സ്ത്രീകളും പ്രാപ്തരാണെന്ന്‌ ഐഎന്‍എ തെളിയിച്ചു

ഐഎന്‍എയിലെ മലയാളികൾ

ഐഎന്‍എയുടെ രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും പങ്കുവഹിച്ച ഒട്ടേറെ മലയാളികളുണ്ട്‌. ഝാൻസി റാണി റെജിമെന്റിന്റെ നേതൃത്വം വഹിച്ച ക്യാപ്റ്റൻ ലക്ഷ്മിഎൻ.രാഘവന്‍, എ.സി.എൻ. നമ്പ്യാർ, കണ്ണേമ്പിള്ളി കരുണാകരമേനോന്‍, വക്കം അബ്ദുൾ ഖാദർ, എൻ.പി.നായർ തുടങ്ങിയവർ അതിൽ പ്രധാനികളാണ്. പോരാട്ടത്തിനിടയിൽ യുദ്ധ ഭൂമിയിൽ മരിച്ചുവീണവരും ബ്രിട്ടിഷുകാർ തൂക്കിലേറ്റിയവരും അതിലുണ്ട്‌. വക്കം ഖാദർടി.പി. കുമാരൻ നായർ എന്നിവരെ തൂക്കിലേറ്റി. മിസിസ്‌ പി.കെ. പൊതുവാള്‍, നാരായണി അമ്മാൾ തുടങ്ങിയ കേരളീയ വനിതകളും ഐഎന്‍എയിലുണ്ടായിരുന്നു

ഐഎന്‍എ വിചാരണ (INA Trial - 1945 November 5)

ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ വച്ച്‌ 1945 നവംബറിൽ പ്രസിദ്ധമായ ഐഎന്‍എ വിചാരണ ആരംഭിച്ചു. കേണൽ പ്രേം സെഗാൾ, മേജർ ഷാനവാസ്‌ ഖാൻ, കേണൽ ജി.എസ്‌. ധില്ലൻ എന്നീ ഐഎന്‍എയിലെ വീരജവാന്മാരെ വിചാരണ ചെയ്തു. രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നുബ്രിട്ടീഷ് അധികൃതർ ഐ.എൻ.എ വിചാരണ ഉപേക്ഷിച്ചു.

ക്രിപ്സ് മിഷൻ (1942)

1942 ൽ ബ്രിട്ടനിൽ ഒരു കൂട്ടുകക്ഷി മന്ത്രിസഭയാണ് ഉണ്ടായിരുന്നത്. യാഥാസ്ഥിതിക കക്ഷിയുടെ നേതാവായിരുന്ന വിൻസ്റ്റൺ ചർച്ചിലായിരുന്നു പ്രധാന മന്ത്രി. ചർച്ചിൽ കറകളഞ്ഞൊരു സാമ്രാജ്യവാദിയായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തെ എന്തു വിലകൊടുത്തും സംരക്ഷിക്കാൻ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. അതിനാൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്നതിൻ അദ്ദേഹത്തിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ കൂട്ടുമന്ത്രിസഭയിലെ ലേബർ കക്ഷിയിലെ അംഗങ്ങൾക്ക് ഇന്ത്യയോട് അനുഭാവമുണ്ടായിരുന്നു. ഇന്ത്യക്കാരുമായി ചർച്ചകൾ നടത്തി അവരുടെ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാൻ അവർ ചർച്ചിലിനെ പ്രേരിപ്പിച്ചു. ഇതിനിടെ ജപ്പാന്റെ യുദ്ധ പ്രവേശനം ബ്രിട്ടീഷുകാർക്ക് വലിയ ഭീഷിണി ഉയർത്തി. തെക്കു-കിഴക്കേ ഏഷ്യയിലെ ധാരാളം രാജ്യങ്ങൾ ജപ്പാൻ പിടിച്ചെടുത്തു. ഇതോടെ യുദ്ധം ഇന്ത്യയുടെ  പടിവാതിൽക്കലെത്തി. ഈ സാഹചര്യത്തിൽ യുദ്ധശ്രമങ്ങൾക്ക് ഇന്ത്യക്കാരുടെ പിന്തുണയും സഹകരണവും നേടിയെടുക്കാൻ ബ്രിട്ടീഷുകാർ ആത്മാർത്ഥമായി ആഗ്രഹിച്ചു.

1942 ൽ ഗാന്ധിജിയും കോൺഗ്രസുമായി ഒരു ഒത്തുതീർപ്പ് ഉണ്ടാക്കുന്നതിനു വേണ്ടി തന്റെ മന്ത്രിസഭാംഗമായ സ്റ്റാഫോർഡ് ക്രിപ്സിന്റെ നേതൃത്വത്തിലുള്ള ഒരു ദൗത്യ സംഘത്തെ ചർച്ചിൽ ഇന്ത്യയിലേയ്ക്കയച്ചു. എന്നാൽ ക്രിപ്‌സും കോൺഗ്രസും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെടുകയാണുണ്ടായത്. യുദ്ധാനന്തരം ഇന്ത്യയ്ക്ക് പുത്രികാരാജ്യ പദവി നൽകാമെന്ന ക്രിപ്സിന്റെ വാഗ്ദാനം കോൺഗ്രസ് തള്ളിക്കളഞ്ഞു. 'തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക്എന്നാണ് ഗാന്ധിജി ഈ വാഗ്ദാനത്തെ വിശേഷിപ്പിച്ചത്. വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിൽ ഡിഫൻസ് അംഗമായി ഒരു ഇന്ത്യക്കാരനെ നിയമിച്ചാൽ ബ്രിട്ടീഷുകാരുമായി സഹകരിക്കാമെന്ന് കോൺഗ്രസ് നിർദേശിച്ചുവെങ്കിലും അത് സ്വീകരിക്കപ്പെട്ടില്ല. അങ്ങനെ ക്രിപ്‌സ് ദൗത്യം പരാജയപ്പെട്ടു.

ക്വിറ്റ് ഇന്ത്യ സമരം (1942)

ക്രിപ്സ്‌ ദൗത്യത്തിന്റെ പരാജയത്തിനു ശേഷം ബ്രിട്ടീഷ്‌ ഭരണത്തിനെതിരെയുള്ള തന്റെ മൂന്നാമത്തെ സമരം ആരംഭിക്കാൻ ഗാന്ധിജി തീരുമാനിച്ചു. ഈ സമരം ക്വിറ്റ്‌ ഇന്ത്യാ പ്രസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്നു. 1942 ആഗസ്റ്റിലാണ്‌ ക്വിറ്റ്‌ ഇന്ത്യാ സമരം ആരംഭിച്ചത്‌. ക്രിപ്സ്‌ ദൗത്യത്തിന്റെ പരാജയമാണ്‌ ഈ പ്രസ്ഥാനത്തിന്റെ ഉത്ഭവത്തിനുള്ള ആസന്ന കാരണം. ബ്രിട്ടീഷുകാർ ക്രമപ്രകാരവുംസമയോചിതവുമായി ഇന്ത്യ വിടണമെന്ന്‌ ഗാന്ധിജി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സ്‌ ഈ ആശയം അംഗീകരിച്ചു. 1942 ആഗസ്റ്റ്‌ 8 ന് ബോബെയിൽ ചേര്‍ന്ന കോണ്‍ഗ്രസ്സ്‌ സമ്മേളനം ബ്രിട്ടീഷുകാരോട്‌ ഉടനെ ഇന്ത്യ വിട്ടുപോകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം പാസ്സാക്കി. ഇന്ത്യാക്കാര്‍ക്ക്‌ അധികാരം കൈമാറി ഇന്ത്യ വിട്ടുപോകാൻ ബ്രിട്ടിഷുകാരെ പ്രേരിപ്പിക്കുന്നതിനായി ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു ജനകീയ സമരം ആരംഭിക്കുമെന്ന്‌ പ്രമേയം വ്യക്തമാക്കി. ഈ പ്രമേയം ക്വിറ്റ്‌ ഇന്ത്യ പ്രമേയം എന്ന പേരിൽ അറിയപ്പെട്ടു. പ്രവര്‍ത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന മന്ത്രവുമായി എല്ലാവരും സമരരംഗത്തിറങ്ങാൻ ഗാന്ധിജി ആഹ്വാനം ചെയ്തു.

എന്നാൽ പ്രക്ഷോഭം ആരംഭിക്കുന്നതിനു മുമ്പു തന്നെ ഗവണ്‍മെന്റ്‌ ആഞ്ഞടിച്ചു. പിറ്റേദിവസം (ആഗസ്റ്റ്‌ 9) രാവിലെ ഗാന്ധിജിയുള്‍പ്പെടെയുള്ള എല്ലാ ഉന്നത നേതാക്കന്മാരെയും അറസ്റ്റു ചെയ്തു. ക്വിറ്റ്‌ ഇന്ത്യ പ്രമേയത്തെക്കുറിച്ചും ജനനേതാക്കന്മാരുടെ അറസ്റ്റിനെക്കുറിച്ചും കേട്ടറിഞ്ഞ ജനങ്ങൾ സമരത്തിന് തിരികൊളുത്തി. യുവജനങ്ങൾ സമരരംഗത്തേക്ക്‌ എടുത്തുചാടി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രതിഷേധങ്ങളും പണിമുടക്കുകളും അരങ്ങേറി. ഇന്ത്യ ഒരു കലാപഭൂമിയായി മാറി. ജനങ്ങൾ വിധ്വംസക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു. ബ്രിട്ടീഷ്‌ അധികാരത്തിന്റെ ചിഹ്നങ്ങളായ പോലീസ്‌ സ്റ്റേഷനുകൾ, പോസ്റ്റാഫിസുകൾ, റെയിൽ പാതകൾ, പാലങ്ങൾ തുടങ്ങിയവയെ അവർ ആക്രമിക്കുകയും തകര്‍ക്കുകയും ചെയ്തു. സമരങ്ങളുംഹര്‍ത്താലുകളും പ്രകടനങ്ങളും രാജ്യത്തെ ഇളക്കി മറിച്ചു. ജയപ്രകാശ് നാരായണനെപോലെയുള്ള സോഷ്യലിസ്റ്റ്‌ നേതാക്കൾ ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിപ്പോരുകളും സംഘടിപ്പിച്ചു. പല സ്ഥലങ്ങളിലും ബ്രിട്ടീഷ്‌ അധികാരം തകര്‍ന്നു വീണു. സത്താറമേദിനിപൂർ തുടങ്ങിയ ജില്ലകളിൽ സമാന്തരമായ സ്വതന്ത്ര ഗവണ്‍മെന്റുകൾ' സ്ഥാപിക്കപ്പെട്ടു. ക്വിറ്റ്‌ ഇന്ത്യാ സമരത്തിന് അംഗീകൃതമായ നേതൃത്വമോ സമര പരിപാടിയോ ഉണ്ടായിരുന്നില്ല. രോഷാകുലരായ ജനങ്ങൾ സ്വന്തം രീതിയിൽ പോരാടുകയായിരുന്നു.

ക്വിറ്റ്‌ ഇന്ത്യാ സമരത്തെ അടിച്ചമര്‍ത്താൻ ലാത്തിചാര്‍ജ്‌വെടിവെപ്പ്‌അറസ്റ്റുകള്‍, മര്‍ദ്ദനംതടവിലടയ്ക്കല്‍, പീഡനം തുടങ്ങിയ എല്ലാ മാര്‍ഗ്ഗങ്ങളും ഗവണ്‍മെന്റ്‌ ഉപയോഗിച്ചു. ഒരു വര്‍ഷത്തെ കഠിന പ്രയത്നത്തിനുശേഷമാണ്‌ സമരത്തെ അടിച്ചമര്‍ത്താൻ ഗവണ്‍മെന്റിന് കഴിഞ്ഞത്‌. ക്വിറ്റ്‌ ഇന്ത്യാ പ്രസ്ഥാനം ഒരു ജനകീയ പ്രസ്ഥാനമായിരുന്നു. ആയിരക്കണക്കിനു സാധാരണ ജനങ്ങൾ ഈ സമരത്തിൽ അണിചേര്‍ന്നു. കോളേജ്‌ ബഹിഷ്കരിച്ച്‌ ജയിലിൽ പോകാൻ യുവജനങ്ങള്‍ക്ക്‌ ഇത്‌ പ്രചോദനമേകി. ക്വിറ്റ്‌ ഇന്ത്യാ സമരം ദേശീയ ബോധത്തിന്റെ ആഴവുംസമരം ചെയ്യാനും ത്യാഗങ്ങളനുഭവിക്കാനുള്ള ജനങ്ങളുടെ കഴിവും പ്രകടിപ്പിച്ചു. ഇന്ത്യയിൽ ബ്രിട്ടിഷ്‌ ഭരണത്തിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നുവെന്ന്‌ ഈ സമരംബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തി. അധികാര കൈമാറ്റത്തെക്കുറിച്ച്‌ കൂടിയാലോചനകൾ നടത്താൻ ഇതവരെ പ്രേരിപ്പിച്ചു. ഇന്ത്യൻ പ്രശ്നത്തിലേക്ക്‌ പുറംലോകത്തിന്റെ ശ്രദ്ധ തിരിയുന്നതിൻ ഈ സമരം കാരണമായി.

സി.ആർ.ഫോർമുല (1943)

കോൺഗ്രസ് - ലീഗ് സഹകരണത്തിനായി 1943ൽ കോൺഗ്രസ് നേതാവായ സി.രാജഗോപാലാചാരി ഒരു വ്യവസ്ഥ ഉണ്ടാക്കി. ഗാന്ധിജി ഇതിനെ അംഗീകരിക്കുകയും ചെയ്തു. കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ലീഗ് അംഗീകരിക്കണം. കേന്ദ്രത്തിൽ ഒരു താത്കാലിക സർക്കാരുണ്ടാക്കാൻ ലീഗ് കോൺഗ്രസ്സുമായി സഹകരിക്കണം. യുദ്ധത്തിനുശേഷം വടക്കുപടിഞ്ഞാറൻ വടക്കുകിഴക്കൻ മേഖലകളിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഒരു പ്രത്യേക പരമാധികാര മുസ്‌ലിം രാജ്യം വേണോ എന്നതിനായുള്ള ജനഹിതപരിശോധന നടത്തണം. വിഭജനം വേണ്ടിവന്നാൽ പ്രതിരോധംകച്ചവടംവാർത്താവിനിമയം എന്നിവ രണ്ടു രാജ്യങ്ങളും പൊതുവായി നിലനിർത്തണം. എന്നാൽ മുഹമ്മദലി ജിന്ന സി.ആർ.ഫോർമുല പൂർണമായി നിരാകരിച്ചു.

വേവൽ പ്ലാൻ (1945)

ഒരു ഇടക്കാല സർക്കാരിനെ തിരഞ്ഞെടുത്തുകൊണ്ട് ഇന്ത്യക്കാർക്ക് ഭരണം കൈമാറാനായി ബ്രിട്ടീഷ് ഗവൺമെന്റ് ഗവർണർ ജനറലായ വേവൽ പ്രഭുവിനെ നിയമിച്ചു. ഇതേത്തുടർന്ന് വേവൽ പ്രഭു 1945 ജൂൺ 14ന് വേവൽ പ്ലാൻ പ്രഖ്യാപിച്ചു. വേവൽ പ്ലാൻ ചർച്ച ചെയ്യാൻ സിംല കോൺഫറൻസ് വിളിച്ചുകൂട്ടി. 1945 ജൂൺ 25 മുതൽ ജൂലൈ 14 വരെയുള്ള ദിവസങ്ങൾക്കിടയിൽ സിംല കോൺഫറൻസ് നടന്നു. വേവൽ പ്രഭുവിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ്ലീഗ്സിഖ്അധഃകൃത വർഗക്കാർയൂറോപ്യൻ സംഘങ്ങൾ എന്നിവരുടെ പ്രതിനിധികളടങ്ങുന്ന 21 അംഗ സംഘമാണ് സിംല കോൺഫറൻസിൽ പങ്കെടുത്തത്. ജൂലൈ 14ന് വൈസ്രോയി വേവൽ പ്ലാൻ പരാജയപ്പെട്ടതായി പ്രഖ്യാപിച്ച് അവസാനിപ്പിച്ചു.

വേവൽ പ്ലാനിലെ പ്രധാന നിർദേശങ്ങൾ

 ഒരു ഇടക്കാല സർക്കാരിനെ തെരഞ്ഞെടുക്കും.

 തെരഞ്ഞെടുക്കുന്ന ഇടക്കാല സർക്കാരിൽ ഹിന്ദു മുസ്ലിം പ്രാതിനിധ്യം തുല്യമായിരിക്കും.

 പ്രതിരോധമൊഴികെയുള്ള എല്ലാ വകുപ്പുകളുടെയും ഭരണസ്വാതന്ത്ര്യം ഇടക്കാല സർക്കാരിന് നൽകും.

 വകുപ്പുകളിൽ ഇടപെടാനുള്ള അധികാരം ഗവർണർ ജനറലിനും മുഖ്യസൈന്യാധിപനും മാത്രമായി ചുരുക്കും.

 ഗവർണർ ജനറലിന് തെരഞ്ഞെടുത്ത സർക്കാരിന്റെ തീരുമാനങ്ങളെ വീറ്റോ ചെയ്യാനുള്ള അധികാരമുണ്ടാകും.

വേവൽ പ്ലാൻ പരാജയപ്പെടാനുള്ള കാരണം

 മുസ്ലിം ലീഗിൽ അംഗത്വമില്ലാത്ത ഒരു മുസ്ലീമിനും വൈസ്രോയിയുടെ കൗൺസിലിൽ അംഗത്വം നൽകരുതെന്ന ജിന്നയുടെ ആവശ്യത്തെ വേവൽ പ്രഭു തള്ളിക്കളഞ്ഞു.

 കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കാൻ വിളിച്ചുചേർത്ത സമ്മേളനത്തിൽ നിന്നും കോൺഗ്രസും മുസ്ലിം ലീഗും വിട്ടുനിന്നതോടെ സിംല കോൺഫറൻസ് അലസിപ്പിരിഞ്ഞു.

ഇന്ത്യൻ നാവിക കലാപം (1946)

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ മറ്റൊരു ഐതിഹാസിക സംഭവമാണ് റോയൽ ഇന്ത്യൻ നേവിയിലുണ്ടായ കലാപം. നാവികസേനയിലെ ബ്രിട്ടീഷുകാരായ മേധാവിമാരുടെ വിവേചനാത്മകമായ പെരുമാറ്റത്തിലുള്ള എതിർപ്പ് പ്രധാന കാരണമായിരുന്നു. 1946 ഫെബ്രുവരി 18 ന് മുംബൈയിലെ എച്ച്.എം.ഐ.എസ് തൽവാർ എന്ന കപ്പലിലാണ് നാവിക കലാപം ആരംഭിച്ചത്. ഫെബ്രുവരി 19 ന് കേന്ദ്ര നാവിക സമരസമിതി രൂപീകരിച്ചു. കലാപം മുംബൈയിൽ നിന്നു മറ്റു തുറമുഖ നഗരങ്ങളിലേക്കു വ്യാപിച്ചു. രണ്ടായിരത്തോളം നാവികരും എഴുപത്തെട്ടോളം കപ്പലുകളും ഒട്ടനവധി അനുബന്ധ സ്ഥാപനങ്ങളും സമരത്തിൽ ചേർന്നു. കലാപകാരികൾക്കു വമ്പിച്ച ജനപിന്തുണ ലഭിക്കുകയുണ്ടായി. കലാപത്തിൽ ഇരുന്നൂറ്റൻപതോളം പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരുക്കേൽക്കുകയും ഇരുപതിനായിരത്തോളം പേർക്കു ജോലി നഷ്ടപ്പെടുകയും ചെയ്തു. 1946 ഫെബ്രുവരി 18 തിങ്കൾ മുതൽ 23 ശനിവരെ ആറു ദിവസം നീണ്ടു നിന്ന കലാപം സർദാർ വല്ലഭഭായി പട്ടേലിന്റെയും അരുണാ അസഫലിയുടെയും സന്ധി സംഭാഷണത്തെ തുടർന്നാണു പിൻവലിച്ചത്.

ഇടക്കാല മന്ത്രിസഭ (1946)

1946 സെപ്റ്റംബറിൽ വൈസ്രോയിയായ വേവൽ പ്രഭു ഇടക്കാല മന്ത്രിസഭ രൂപവത്കരിക്കാൻ കോൺഗ്രസിനെ ക്ഷണിച്ചു. തുടർന്ന് 1946 സെപ്റ്റംബർ രണ്ടിന് നെഹ്രുവിന്റെ നേതൃത്വത്തിൽ ഇടക്കാല കോൺഗ്രസ് മന്ത്രിസഭ നിലവിൽവന്നു. 1946 ഒക്ടോബർ 26ന് ലീഗും മന്ത്രിസഭയിൽ ചേർന്നു. മന്ത്രിസഭയിൽ കോൺഗ്രസും ലീഗും പരസ്പരവിരുദ്ധമായ സമീപനമാണ് സ്വീകരിച്ചത്. ഇടക്കാല മന്ത്രിസഭയിൽ ചേർന്നെങ്കിലും കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ നിന്ന് ലീഗ് വിട്ടുനിന്നു. ഇതിലെ കോൺഗ്രസിന്റെ മൃഗീയ ഭൂരിപക്ഷം ജിന്നയെയും ലീഗിനെയും അലോസരപ്പെടുത്തി.

ക്യാബിനറ്റ് മിഷൻ (1946)

1946 മാര്‍ച്ചിൽ ഇന്ത്യൻ നേതാക്കളുമായി അധികാര കൈമാറ്റത്തിന്റെ വ്യവസ്ഥകളെക്കുറിച്ചു ചര്‍ച്ച ചെയ്യാൻ ബ്രിട്ടീഷ്‌ ക്യാബിനറ്റിലെ മൂന്നു അംഗങ്ങളടങ്ങിയ ഒരു ദൗത്യസംഘത്തെ ബ്രിട്ടൻ ഇന്ത്യയിലേക്കയച്ചു. പാഥിക്‌ ലോറന്‍സ്‌സർ സ്റ്റാഫോര്‍ഡ്‌ ക്രിപ്സ്‌എ.വി. അലക്സാണ്ടർ എന്നിവരായിരുന്നു അതിലെ അംഗങ്ങള്‍. ഇന്ത്യൻ നേതാക്കന്മാരുമായുള്ള ദീര്‍ഘ ചര്‍ച്ചകള്‍ക്കുശേഷം കാബിനറ്റ് മിഷൻ അതിന്റെ പദ്ധതി മുന്നോട്ടു വെച്ചു. താഴെ പറയുന്ന നിര്‍ദ്ദേശങ്ങളാണ്‌ അതിലുണ്ടായിരുന്നത്‌.

 ബ്രിട്ടീഷ്‌ പ്രവിശ്യകളേയും നാട്ടുരാജ്യങ്ങളേയും ഉള്‍പ്പെടുത്തി ഒരു ഇന്ത്യൻ യൂണിയൻ രൂപീകരിക്കണം. ഇന്ത്യ ഏകീകൃതമായിതന്നെ നിലനില്‍ക്കണം.

 പ്രതിരോധംവിദേശകാര്യംവാര്‍ത്താ വിനിമയം എന്നിവ യൂണിയൻ കൈകാര്യം ചെയ്യണം. മറ്റു വിഷയങ്ങൾ പ്രവിശ്യകളും നാട്ടുരാജ്യങ്ങളുമാണ്‌ ഭരിക്കേണ്ടത്‌.

 നിലവിലുള്ള പ്രവിശ്യകളെ എബിസി എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളായി തിരിക്കും. എ ഗ്രുപ്പിൽ ഹിന്ദു ഭൂരിപക്ഷമുള്ള പ്രവിശ്യകളാണ്‌ ഉണ്ടായിരിക്കുക. ബി. ഗ്രൂപ്പിൽ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലെ മുസ്ലിം ഭൂരിപക്ഷ പ്രവിശ്യകളെ ഉള്‍പ്പെടുത്തും. സി. ഗ്രൂപ്പിൽ വടക്കു കിഴക്കു ഭാഗത്തെ ആസാം ഉള്‍പ്പെടെയുള്ള മുസ്ലിം ഭൂരിപക്ഷ പ്രവിശ്യകളെ ഉള്‍പ്പെടുത്തും.

 സ്വതന്ത്ര ഇന്ത്യൻ യൂണിയനുവേണ്ടി ഒരു ഭരണഘടനാ നിര്‍മ്മാണ സമിതിയെ വിളിച്ചുകൂട്ടും. ഈ സമിതിയെ പ്രവിശ്യാ അസംബ്ലികൾ തെരഞ്ഞെടുക്കും.

 ഭരണഘടന തയ്യാറാക്കുന്നതുവരെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെ ഉള്‍പ്പെടുത്തികൊണ്ടുള്ള ഒരു ഇടക്കാല ഗവൺമെന്റ് കേന്ദ്രത്തിൽ രൂപികരിക്കും.

തുടക്കത്തിൽ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ക്യാബിനറ്റ് മിഷന്റെ പദ്ധതി അംഗീകരിച്ചു. എന്നാൽ ഈ യോജിപ്പ്‌ അധികകാലം നിലനിന്നില്ല. കാരണം കോണ്‍ഗ്രസ്സും ലീഗും പദ്ധതിയിലെ നിര്‍ദ്ദേശങ്ങളെ പരസ്പര വിരുദ്ധമായാണ്‌ വ്യാഖ്യനിച്ചത്‌. പ്രവിശ്യകളുടെ ഗ്രൂപ്പിങ്” നിര്‍ബ്ബന്ധിതമാണെന്ന്‌ ലീഗ്‌ വ്യാഖ്യാനിച്ചു. ബിസി എന്നീ ഗ്രൂപ്പുകളിലുള്ള പ്രവിശ്യകള്‍ക്ക്‌ ഭാവിയിൽ യൂണിയനിൽ നിന്നു വിട്ടുപോകാനുള്ള അവകാശമുണ്ടെന്നും ലീഗ്‌ വാദിച്ചു. എന്നാൽ ഗ്രൂപ്പിങ് ഐച്ഛികമാണെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ വ്യാഖ്യാനം. ഏതെങ്കിലും ഗ്രൂപ്പിൽ ചേരാനുള്ള അവകാശം പ്രവിശ്യകള്‍ക്ക്‌ വിട്ടുകൊടുക്കണമെന്ന്‌ കോണ്‍ഗ്രസ്‌ വാദിച്ചു. ലീഗിന്റേയും കോണ്‍ഗ്രസ്സിന്റേയും ഈ വിരുദ്ധ നിലപാടുകൾ കാബിനറ്റ്‌ മിഷൻ പദ്ധതിയുടെ അന്തിമ പരാജയത്തിന് വഴിയൊരുക്കി. പദ്ധതിക്കു നല്‍കിയിരുന്ന പിന്തുണ അധികം താമസിയാതെ ലീഗ്‌ പിന്‍വലിച്ചു. ഇതോടെ ഇന്ത്യയെ വിഭജിക്കാതെ ഇന്ത്യൻ പ്രശ്‌നം പരിഹരിക്കാനുള്ള കാബിനറ്റ്‌ മിഷന്റെ അന്തിമ ശ്രമം പരാജയപ്പെട്ടു.

ആറ്റ്‌ലിയുടെ പ്രഖ്യാപനം (1947)

'ഇന്ത്യൻ ജനതക്ക് തങ്ങളുടെ രാജ്യത്തിന്റെ അധികാര കൈമാറ്റംഎന്ന ചരിത്രപരമായ പ്രഖ്യാപനം 1947 ഫെബ്രുവരി 20ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ക്ലമന്റ് ആറ്റ്‌ലി നടത്തി. ആറ്റ്‌ലിയുടെ പ്രഖ്യാപനത്തെ 'ബുദ്ധിപരവുംസാഹസികവുമായ തീരുമാനം', 'ധീരമായ ഒരു കാൽവയ്‌പ്പ്എന്നിങ്ങനെ ജവഹർലാൽ നെഹ്‌റു വിശേഷിപ്പിച്ചു.

മൗണ്ട് ബാറ്റൺ പദ്ധതി (1947)

1947 ഫെബ്രുവരി 20 ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി ചരിത്രപ്രസിദ്ധമായൊരു പ്രഖ്യാപനം നടത്തി. 1948 ജൂണിനുള്ളിൽ ബ്രിട്ടീഷുകാർ ഇന്ത്യ വിടുമെന്നും അധികാരം ഇന്ത്യക്കാർക്കു കൈമാറുമെന്നും ഗവൺമെന്റ് പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് മൗണ്ട്ബാറ്റൺ പ്രഭുവിനെ പുതിയ വൈസ്രോയിയായി ഇന്ത്യയിലേക്കയച്ചു. 1947 മാർച്ച് 24 മുതൽ ഏപ്രിൽ മധ്യം വരെ അദ്ദേഹം ഇന്ത്യൻ നേതാക്കന്മാരുമായി ചർച്ചകൾ നടത്തി. ഇന്ത്യൻ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏകമാർഗം വിഭജനമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. വിഭജനം അംഗീകരിക്കാൻ അദ്ദേഹം കോൺഗ്രസിനെ പ്രേരിപ്പിച്ചു. ഇന്ത്യയെ രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങളായി - ഇന്ത്യൻ യൂണിയനും പാക്കിസ്ഥാനും - വിഭജിക്കണമെന്ന് മൗണ്ട് ബാറ്റൺ പദ്ധതി നിർദേശിച്ചു. പദ്ധതിക്ക് അവസാന രൂപം നൽകിയത് മലയാളിയായ വി.പി.മേനോനാണ്. ജൂൺ മൂന്നിനാണ് മൗണ്ട് ബാറ്റൺ പദ്ധതി പ്രഖ്യാപിച്ചത്. അതിനാൽ ജൂൺ 3 പദ്ധതി എന്നും ഇത് അറിയപ്പെടുന്നു. പദ്ധതി പ്രകാരം ഇന്ത്യൻ യൂണിയനിൽ നിന്ന് വിട്ടുപോകണമെന്നുള്ളവർക്ക് അതിനും ഇന്ത്യൻ യൂണിയനിൽ ചേരണമെന്നുള്ളവർക്ക് അതിനും സ്വാതന്ത്ര്യമുണ്ടാകും. നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യൻ യൂണിയനിലോ പാകിസ്ഥാനിലോ ചേരുന്നതിനു സ്വാതന്ത്ര്യമുണ്ടായിരിക്കും. ഇന്ത്യൻ യൂണിയനും പാക്കിസ്ഥാനും ആദ്യം പുത്രികാ രാജ്യപദവി ആയിരിക്കും ഉണ്ടായിരിക്കുക. കോൺഗ്രസ്സും മുസ്ലിം ലീഗും മൗണ്ട് ബാറ്റൺ പദ്ധതി അംഗീകരിച്ചു. 1947 ജൂലൈയിൽ മൗണ്ട് ബാറ്റൺ പദ്ധതിക്ക് നിയമസാധുത നൽകികൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് 'ഇന്ത്യൻ സ്വാതന്ത്ര്യ നിയമംപാസ്സാക്കി.

ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് (1947)

1947 ജൂലൈയിൽ ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കി. അതോടെ ഇന്ത്യപാക്കിസ്ഥാൻ എന്നീ രണ്ടു സ്വതന്ത്ര രാജ്യങ്ങൾ ഉണ്ടായി. ഓഗസ്റ്റ് 14 ന് പാക്കിസ്ഥാൻ എന്ന പുതിയ രാഷ്ട്രം നിലവിൽ വന്നു. ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായി.

നാട്ടുരാജ്യങ്ങളുടെ സംയോജനം (1947)

സ്വാതന്ത്ര്യത്തിനുശേഷമുള്ള പ്രധാന വെല്ലുവിളികളിലൊന്ന്‌ ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ ഏകീകരണമായിരുന്നു. ഈ ദൗത്യം പൂര്‍ത്തീകരിച്ചത്‌ ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സര്‍ദാർ വല്ലഭഭായ്‌ പട്ടേലും അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന വി.പി.മേനോനും ചേര്‍ന്നാണ്‌. പട്ടേൽ തന്റെ പട്ടുകയ്യുറയിലെ ഉരുക്കുമുഷ്ടി” നയങ്ങളിലൂടെ എല്ലാ നാട്ടുരാജ്യങ്ങളെയും ഇന്ത്യൻ യൂണിയനോടു കൂട്ടിച്ചേര്‍ത്തു. 565 നാട്ടുരാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും ഇന്ത്യൻ യൂണിയനിൽ ചേരാൻ തയ്യാറായി. ജുനഗഡ്‌തിരുവിതാകൂര്‍കശ്മീർ, ഹൈദരാബാദ്‌ എന്നിവ മാത്രമാണ്‌ ഇന്ത്യൻ യൂണിയനിൽ ചേരാൻ വിമുഖത കാണിച്ചത്‌. നാട്ടുരാജ്യങ്ങളില്‍വച്ച്‌ കൈകാര്യം ചെയ്യാൻ ഏറ്റവും സങ്കീര്‍ണമായ പ്രശ്നമായിരുന്നു ജമ്മു-കശ്മീർ. ഇന്ത്യയിൽ ചേരുന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കുന്നതിൽ രാജാവ്‌ കാലതാമസം വരുത്തി. അതേസമയം പാക്ക്‌ പട്ടാളം കശ്മീരിനെ ആക്രമിക്കുകയും ചെയ്തു. മഹാരാജാവ്‌ ഇന്ത്യയുടെ സഹായം തേടി. ഇന്ത്യയുമായുള്ള സംയോജന പ്രമാണത്തിൽ ഒപ്പുവയ്ക്കാൻ രാജാവ്‌ സമ്മതിച്ചതിനെ തുടര്‍ന്ന്‌ ഇന്ത്യ കശ്മീരിലേക്കു സൈന്യത്തിനെ നിയോഗിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികൾ

മഹാത്മാ ഗാന്ധി

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു വലിയ ഭാഗം മോഹൻ ദാസ് കരംചന്ദ് ഗാന്ധി എന്ന മനുഷ്യന്റെ പ്രഭാവലയത്തിലായിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവും യുഗസ്രഷ്ടാവുമായ മോഹൻദാസ് കരംചന്ദ് ഗാന്ധി ഗുജറാത്തിലെ പോർബന്ദറിൽ ഒരു ബനിയ(വൈശ്യ) കുടുംബത്തിൽ ജനിച്ചു. ഇംഗ്ലണ്ടിൽ നിയമം പഠിച്ച് ദക്ഷിണാഫ്രിക്കയിലെ ഒരു ഇന്ത്യൻ സ്ഥാപനത്തിൽ ജോലി സ്വീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കാരുടെ അവകാശങ്ങൾക്കായി വാദിച്ച ഗാന്ധി 1906ൽ ആദ്യമായി, തന്റെ അക്രമരഹിത പ്രതിരോധമായ സത്യാഗ്രഹം പ്രയോഗിച്ചു. വർണവിവേചനം കൊടികുത്തി വാണിരുന്ന ദക്ഷിണാഫ്രിക്കയിൽ അതിനെതിരെ പ്രതികരിക്കാൻ ഫീനിക്‌സ് ഫാം, ടോൾസ്റ്റോയ് ഫാം തുടങ്ങിയ സംഘടനകൾ അദ്ദേഹം സ്ഥാപിച്ചു. 1914ൽ ഇന്ത്യയിൽ തിരിച്ചെത്തിയ ഗാന്ധിജി സ്വയം ഭരണത്തിനായുള്ള ഒരു ദേശവ്യാപകസമരത്തിന്റെ നേതാവായി. ബ്രിട്ടീഷുകാർക്കെതിരെ സമാധാനപരമായി സമരം ചെയ്യുന്നതിൽ മുഴുകി. 'സത്യാഗ്രഹം' എന്നാണ് ഈ സമരമുറ അറിയപ്പെട്ടത്.

ഗാന്ധിജി 1916ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ സബർമതി എന്ന ആശ്രമം സ്ഥാപിച്ചു. ഗാന്ധിയൻ സത്യാഗ്രഹങ്ങളുടെ കേന്ദ്രമായി ഇത് പ്രവർത്തിച്ചു. 1917ൽ ബിഹാറിലെ ചമ്പാരൻ ജില്ലയിലെ നീലം കർഷകരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടുകൊണ്ടാണ് ഗാന്ധിജി ഇന്ത്യൻ ദേശീയ സമരരംഗത്ത് പ്രവേശിച്ചത്. തോട്ടം ഉടമകളുടെ ചൂഷണത്തിനെതിരെ ഗാന്ധിജി നടത്തിയ സത്യാഗ്രഹസമരം വിജയിച്ചു. 1918ൽ അഹമ്മദാബാദിലെ മിൽ തൊഴിലാളികൾ കൂലി വർദ്ധനവ്‌ ആവശ്യപ്പെട്ട് നടത്തിയ സമരം, അതേ വർഷം ഗുജറാത്തിലെ കർഷകർ നികുതിയിളവിന് വേണ്ടി നടത്തിയ ഖേദാ സമരം തുടങ്ങിയവയിലെല്ലാം ഗാന്ധിജി ഇടപ്പെട്ട് വിജയിച്ചു. ഇതോടെ ജനങ്ങൾ ഗാന്ധിജിയെ തങ്ങളുടെ നേതാവായി കണ്ടുതുടങ്ങി. ഭാരതത്തിൽ നിരവധി പേർ ഗാന്ധിയൻ ആദർശങ്ങൾ പിന്തുടരാനാരംഭിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യൻ ദേശീയതയുടെ ഫലപ്രദമായ ഒരു രാഷ്ട്രീയ ആയുധമാക്കിമാറ്റിയ ഗാന്ധി 1920ൽ നിസഹകരണ പ്രസ്ഥാനവും, 1930ൽ നിയമലംഘന പ്രഖ്യാപനവും നടത്തി പ്രമുഖ അക്രമരഹിത പ്രക്ഷോഭങ്ങൾ ഏറ്റെടുത്തു.  ഗവൺമെന്റ് കുത്തകക്കെതിരെ ഉപ്പു ശേഖരിക്കാൻ സമുദ്രതീരത്തേക്കു നടത്തിയ ഐതിഹാസികമായ യാത്രയും (ദണ്ഡി മാർച്ച്) ഇതിലുൾപ്പെടും. 1931ൽ രണ്ടാം വട്ടമേശസമ്മേളനത്തിന് ഇംഗ്ലണ്ടിൽ പോയെങ്കിലും പരാജയമായി. 1930-കളിൽ ഇദ്ദേഹം ഇന്ത്യയിലെ തൊട്ടുകൂടാത്തവർക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും പ്രക്ഷോഭം നടത്തി. ഗ്രാമീണ ഇന്ത്യയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനും കുടിൽ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും ഗാന്ധി ശ്രമിച്ചു. 1942ൽ മുംബൈയിൽ ചേർന്ന കോൺഗ്രസ് സമ്മേളനം ക്വിറ്റ് ഇന്ത്യാ പ്രമേയം അംഗീകരിച്ച് സമരം ചെയ്തു. 1947ൽ ഇന്ത്യ സ്വാതന്ത്രമായെങ്കിലും ഇന്ത്യാവിഭജനം അദ്ദേഹത്തെ നിരാശനാക്കി. 1948ൽ ബിര്‍ളാ മന്ദിരത്തിൽ നടന്ന പ്രാര്‍ത്ഥനാ യോഗത്തിൽ വച്ച്‌ ഒരു മതഭ്രാന്തൻ ഗാന്ധിജിയെ വെടിവെച്ചു കൊന്നു. 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' എന്ന കൃതി അദ്ദേഹത്തിന്റെ ആത്മകഥയാണ്‌.

സർദാർ വല്ലഭായ് പട്ടേൽ

1875 ഒക്ടോബർ 31ന് ഗുജറാത്തിലായിരുന്നു പട്ടേൽ ജനിച്ചത്. പിതാവ് ശ്രീ ജാവേര്‍ഭായ്‌. അദ്ദേഹം 1857/1858ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഝാൻസി റാണിയുടെ സൈനികനായിരുന്നു. പഞ്ചാബിൽ നിന്നും ഗുജറാത്തിലേയ്ക്ക് കുടിയേറി പാർത്തവരാണ് പട്ടേൽ വർഗക്കാർ. ഇന്ത്യയിലെ ഉരുക്കുമനുഷ്യൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വല്ലഭായി പട്ടേൽ ഒരു സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനും മെട്രിക്കുലേഷനും ശേഷം അദ്ദേഹം നിയമപഠനം പൂർത്തിയാക്കി. ഗോധ്രയിൽ വക്കീലായി. ശൈശവ വിവാഹം നിലനിന്ന സമയമായതിനാൽ തന്റെ പതിനാറാമത്തെ വയസ്സിൽ സാവർ ബായി എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു.

1910-ൽ ലണ്ടനിലേക്ക് ഉപരിപഠനത്തിനായി പോയി. അവിടെനിന്നും ബാരിസ്റ്റർ ബിരുദം നേടി. ബാരിസ്റ്ററായി തിരികെ ഇന്ത്യയിൽ തിരിച്ചെത്തി അഹമ്മദാബാദിൽ വക്കീലായി പ്രവർത്തിച്ചുവന്നു. അഹിംസ, സത്യാഗ്രഹം എന്നിവയെക്കുറിച്ച് ഗാന്ധിജിയിൽ നിന്ന് കേട്ട പട്ടേൽ അദ്ദേഹത്തിൽ ആകൃഷ്ടനായി. ഗാന്ധിജിയെ നേരിട്ട് കണ്ട് അദ്ദേഹവുമായി ചർച്ചനടത്തി. ഗാന്ധിജിയുടെ ഒരു അനുയായിയായി മാറുകയും ചെയ്തു. 1918-ൽ ഖേദ ജില്ലയിൽ കർഷകരുടെ കൃഷി നശിപ്പ് ദുരിതം അനുഭവിക്കുന്ന സമയത്ത് പട്ടിണിയും സാമ്പത്തികമുട്ടിലുമായിരുന്ന കർഷകരുടെ പക്കൽ നിന്നും നികുതി ഈടാക്കാൻ സർക്കാർ സമ്മർദ്ദം ചെലുത്തിയിരുന്നു. ഈ വിവരം അറിഞ്ഞ ഗാന്ധിജി പ്രശ്നപരിഹാരത്തിനായി പട്ടേലിനെ അവിടേക്ക് അയച്ച് വിശദാംശങ്ങൾ മനസ്സിലാക്കി. ഗാന്ധിജി പട്ടേലിനെ കൊണ്ട് ഇതിനെതിരെ സമരം നടത്തി. അവിടുത്തെ ജനങ്ങളുടെ ഒറ്റക്കെട്ടായ ശക്തിയും പട്ടേലിന്റെ നേതൃത്വവും ഈ സമരത്തെ വൻ വിജയമാക്കി ഫലം കണ്ടു. 1917-ൽ അഹമ്മദാബാദിലെ പ്രഥമ ഇന്ത്യൻ മുനിസിപ്പൽ കൗൺസിലറായി അദ്ദേഹം. 1924 മുതൽ 1928 വരെ മുനിസിപ്പാലിറ്റിയുടെ അധ്യക്ഷനായിരുന്നു. 1928-ൽ നികുതി വർധിപ്പിച്ചതിനെതിരെ ബർദോളിയിൽ നടത്തിയ സമരം അദ്ദേഹത്തെ പ്രസിദ്ധനാക്കി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലേക്ക് 1929ൽ സ്ഥാനാർത്ഥിയായി. ജവാഹർലാൽ നെഹ്‌റുവിന് അവസരം ലഭിക്കുന്നതിനായി തന്റെ സ്ഥാനാർത്ഥിത്വം പട്ടേൽ പിൻവലിച്ചു. 1931-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി. 1946-ൽ രൂപീകരിച്ച ഇടക്കാല മന്ത്രിസഭയിൽ പട്ടേൽ ആഭ്യന്തര മന്ത്രിയായിരുന്നു.

1947 ഓഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം ഭിന്നിച്ചു സ്വതന്ത്രമായി നിന്ന 600-ൽ അധികം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. വി.പി.മേനോൻ എന്ന മലയാളിയുടെ സഹായത്തോടെ പട്ടേൽ വിവിധ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു. 1950 ഡിസംബർ 15ന് അദ്ദേഹം അന്തരിച്ചു.

സുചേതാ കൃപലാനി

1908 ജൂൺ 25-ൻ പഞ്ചാബിലെ അംബാലയിൽ ജനനം. ബ്രഹ്മസമാജത്തിലെ ആശയങ്ങളോട് ചേർന്ന് അതിൽ വിശ്വസിച്ചിരുന്ന കുടുംബത്തിലെ അംഗമാണ് സുചേതാ. ഡൽഹി, ഷിംല എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദം ലാഹോറിലെ ഗവൺമെന്റ് വിമൻസ് കോളേജിൽ നിന്നും, ബിരുദാന്തര ബിരുദം ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും നേടി. സ്കൂളുകളിൽ അദ്ധ്യാപികയായി ജോലി ചെയ്തു. ബനാറസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ അദ്ധ്യാപികയായി.

തന്റെ ബന്ധുവായ ധീരേന്ദ്ര മജുംദാർ സുചേതയെ ആചാര്യ കൃപലാനിയെ (ജെ.ബി.കൃപലാനി) പരിചയപ്പെടുത്തി. തുടർന്ന് ആചാര്യ കൃപലാനി ബനാറസിൽ സ്ഥാപിച്ച ഗാന്ധിയൻ ആശ്രമത്തിന്റെ പ്രവർത്തങ്ങൾക്ക് അവർ നേതൃത്വം നൽകി. പരസ്പരം ഇഷ്ടം തോന്നിയ കൃപലാനിയും സുചേതായും  വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും വീട്ടുകാർ അതിനെ എതിർത്തു. എന്തെന്നാൽ അവർ തമ്മിൽ ഇരുപതോളം വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. ഗാന്ധിജി ഇടപെട്ട് ഇരുവരുടെയും വിവാഹം 1936-ൽ നടത്തികൊടുത്തു. അവരുടെ വിവാഹം നെഹ്രുവിന്റെ കുടുംബവീടായ ആനന്ദഭവനിൽ വച്ചാണ് നടന്നത്. തുടർന്ന് അലഹബാദിലെ കോൺഗ്രസ് ഓഫീസിൽ അവർ പ്രവർത്തിച്ചുപോന്നു.

1940-ൽ വ്യക്തി സത്യാഗ്രഹത്തിൽ സുചേതാ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. രണ്ടു വർഷം ജയിൽവാസം അനുഭവിച്ചു. 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ പ്രവർത്തിച്ചു. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലേക്ക് 1946-ൽ ഉത്തർ പ്രദേശിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ 1952-ൽ കർഷക മസ്‌ദൂർ പാർട്ടിയിലെ സ്ഥാനാർത്ഥിയായി വിജയിച്ചു. ലോകസഭയിൽ അംഗമായി. 1959-ൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി. 1962-ൽ ഉത്തർ പ്രദേശിൽ തൊഴിൽ വകുപ്പ് മന്ത്രിയായി. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് സി.ബി ഗുപ്ത മുഖ്യമന്ത്രി പദം രാജിവെച്ചപ്പോൾ സുചേതാ കൃപലാനി 1963 ഒക്ടോബറിൽ ഉത്തർ പ്രദേശിലെ മുഖ്യമന്ത്രിയായി. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായിരുന്നു അവർ. 1974 ഡിസംബർ 1 ന് അവർ അന്തരിച്ചു.

ആചാര്യ കൃപലാനി

ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവും പ്രമുഖ ഗാന്ധിയനുമായിരുന്നു  ജെ.ബി. കൃപലാനി. ഇന്ന് പാകിസ്താനിന്റെ ഭാഗമായ സിന്ധിൽ 1888 നവംബർ 11 ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം, മെട്രിക്കുലേഷൻ എന്നിവ സിന്ധിൽ  നിന്ന് പൂർത്തിയാക്കി. തുടർപഠനത്തിനായി മുംബൈയിലെ വിൻസൺ കോളേജിൽ ചേർന്നു. 1905 ലെ ബംഗാൾ വിഭജനത്തെ തുടർന്ന് ഇന്ത്യയിൽ നടന്ന പ്രക്ഷോഭത്തിന്റെ സമയത്ത്, ഇന്ത്യൻ ജനതയെക്കുറിച്ച് അപവാദം പറഞ്ഞ തന്റെ കോളേജ് പ്രിൻസിപ്പാളിനെതിരെ സമരം സംഘടിച്ച കാരണത്താൽ കോളേജിൽനിന്ന് പുറത്താക്കി. പിന്നീട് പൂനെയിലെ ഫർഗൂസൺ കോളേജിൽ നിന്നും ബിരുദം നേടി. ചരിത്രം, ധനശാസ്ത്രം എന്നിവയിൽ മാസ്റ്റർ ബിരുദവും പാസ്സായി.

ബീഹാറിലെ നിസാഫർപൂർ കോളേജിൽ 1912 മുതൽ അഞ്ച് വർഷം പ്രൊഫസറായി ജോലി ചെയ്തു. 1919-ൽ ബനാറസ് സർവകലാശാലയിൽ ജോലി ചെയ്തു. ഗാന്ധിജി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിൽ 1920 മുതൽ 1927 വരെ പ്രിൻസിപ്പാളായിരുന്നു. ഇവിടെ പ്രവർത്തിക്കുമ്പോഴാണ് അദ്ദേഹത്തിന് 'ആചാര്യ' എന്ന പദവി ലഭിച്ചത്. 1917 ലെ ചമ്പാരൻ സത്യാഗ്രഹകാലത്താണ് അദ്ദേഹം ഗാന്ധിജിയെ ആദ്യം കാണുന്നത്. ശേഷം ഗാന്ധിജിയുടെ ഒരു വിശ്വസ്ഥനും ഗാന്ധിയൻ തത്വത്തിന്റെ പ്രചാരകനുമായി. 1927 മുതൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു പ്രവർത്തകനായി. 1936 ൽ സുചേതാ കൃപാലിനിയെ വിവാഹം ചെയ്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു. 1938-ൽ ഉണ്ടായ ചേരിതിരിവിൽ ഗാന്ധിജിയോടൊപ്പം നിന്നു. 1942-ൽ ക്വിറ്റ് ഇന്ത്യസമരകാലത്ത് ജയിലിലായി. 1946-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അദ്ദേഹമായിരുന്നു കോൺഗ്രസ് പ്രസിഡന്റ്.

1951-ൽ കോൺഗ്രസിൽ നിന്നും രാജിവെച്ചു. 1951 ജൂൺ മാസം 'കിസാൻ മസ്‌തൂർ പ്രജാ പാർട്ടി' രൂപീകരിച്ചു. കിസാൻ മസ്‌തൂർ പ്രജാ പാർട്ടിയും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും സംയോജിച്ചുണ്ടായതാണ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി). പി.എസ്.പി യിൽ നിന്നും 1954-ൽ അദ്ദേഹം രാജിവെച്ചു. 1971 വരെ പാർലമെന്റ അംഗമായിരുന്നു. 1977-ൽ ജനത പാർട്ടി രൂപീകരണത്തിലും തുടർപ്രവർത്തനങ്ങളിലും ജയപ്രകാശ് നാരായണനോടൊപ്പം സജീവമായി പ്രവർത്തിച്ചു. നോൺ വയലന്റ് റവല്യൂഷൻ, ദ ഗാന്ധിയൻ വേ, ദ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ദ ഫെയ്ത്ഫുൾ ഇയേർസ്, ദ ഗാന്ധിയൻ ക്രിട്ടിക് തുടങ്ങിയവ രചിച്ചു. 1982 മാർച്ച്‌ 19-ന് അന്തരിച്ചു.

ഡോ ബി.ആർ.അംബേദ്‌കർ

മധ്യ പ്രദേശിലെ മ്ഹൌ എന്ന ചെറുഗ്രാമത്തിൽ 1891 ഏപ്രിൽ 14 ന് അംബേദ്‌കർ ജനിച്ചു. അക്കാലത്ത് അധഃസ്ഥിതരും അയിത്ത ജാതിയുമായി സമൂഹം കണ്ടിരുന്ന 'മഹാർ' സമുദായമായിരുന്നു അദ്ദേഹത്തിന്റേത്.

പ്രാഥമിക വിദ്യാഭ്യാസം വളരെ യാതനകൾ സഹിച്ചുള്ളതായിരുന്നു. അയിത്ത ജാതിക്കാർ തറയിൽ ഇരിക്കണം, സവർണ്ണ കുട്ടികളോടൊപ്പം കളിക്കരുത്, സംസ്കൃതം  പഠിക്കരുത്, പൊതുവഴിൽ നടക്കാൻ പാടില്ല, വെള്ളം കുടിക്കാൻ പൊതുകിണർ ഉപയോഗിക്കരുത് തുടങ്ങിയവ സഹിച്ചാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. 1907-ൽ മെട്രിക്കുലേഷൻ പാസ്സായി. പതിനാലാം വയസ്സിൽ വിവാഹിതനായി. ബറോഡയിലെ രാജാവ് അദ്ദേഹത്തിന് സ്കോളർഷിപ്പ് അനുവദിച്ചു. അതുപയോഗിച്ച് ഇംഗ്ലീഷ്, പേർഷ്യൻ എന്നിവയിൽ ബിരുദം നേടി. അംബേദ്കറിൽ മതിപ്പുതോന്നിയ ബറോഡ രാജാവ് അദ്ദേഹത്തിന് സ്കോളർഷിപ്പ് നൽകി അമേരിക്ക, ഇംഗ്ലണ്ട്, ജർമ്മനി എന്നീ രാജ്യങ്ങളിൽ പഠനത്തിനായി അയച്ചു. എം.എ, ബാർ അറ്റ്ലാ, പി.എച്ച്.ഡി എന്നിവ നേടി. മുംബൈ ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ആരംഭിച്ചു.

ഹരിജനങ്ങളുടെ നേതാവായി അംഗീകരിക്കപ്പെട്ട അംബേദ്‌കർ മറ്റു താഴ്ന്ന സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു. നിരവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം സ്കൂളുകൾ സ്ഥാപിച്ചു. പ്രത്യേക നിയോജകമണ്ഡലങ്ങൾ ഹരിജനങ്ങൾക്ക് വേണമെന്ന് അദ്ദേഹം വാദിച്ചു. ഗാന്ധിജിയുടെ എതിർപ്പ് വകവെക്കാതെ ഹരിജനങ്ങളുടെ ആവശ്യങ്ങൾ ഉയത്തിപിടിച്ചു.

1926-ൽ മുംബൈ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി പൊതുജീവിതം ആരംഭിച്ചു. മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തു. വൈസ്രോയിയുടെ ഭരണ നിർവഹണ സമിതി അംഗമായി. 1947 ൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമമന്ത്രിയായി. 1948 ൽ കരട് രേഖ സമർപ്പിച്ചു. 1949 നവംബർ 26-ന് കോൺസ്റ്റിറ്റ്യുവന്റ അസംബ്ലി ഭരണഘടന അംഗീകരിച്ചു. 'ഇന്ത്യൻ ഭരണഘടനയുടെ ശില്പി' എന്നാണദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 1956ൽ ബുദ്ധമതത്തിൽ ചേർന്നു. 1956 ഡിസംബർ മാസം ആറാം തീയതി അന്തരിച്ചു. അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലം ചൈത്യഭൂമി എന്നറിയപ്പെടുന്നു.

സുബാഷ് ചന്ദ്ര ബോസ്

ഒറീസ്സയിലെ കടക്കിൽ 1897 ജനുവരി 23 ന് സുബാഷ് ചന്ദ്രബോസ് ജനിച്ചു. തന്റെ അഞ്ചാമത്തെ വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചു. യൂറോപ്പുകാർ നടത്തുന്ന സ്കൂളിൽ ആദ്യം ചേരുകയും പിന്നീട് ഒരു ബംഗാളി സ്കൂളിലേയ്ക്ക് മാറി പഠനം തുടർന്നു. മെട്രിക്കുലേഷൻ രണ്ടാം റാങ്കോടെ പാസ്സായി. ശ്രീരാമപരമകൃഷ്ണൻ, സ്വാമി വിവേകാനന്ദൻ തുടങ്ങി പ്രസിദ്ധരായവർ രചിച്ച പുസ്തകങ്ങൾ അദ്ദേഹം വായിച്ചു.

പ്രാന്തീയ സേനയുടെ ശാഖയിൽ അദ്ദേഹം ചേർന്ന് സൈനികപരിശീലനം നേടി. കോളേജിൽ പ്രവർത്തിച്ചിരുന്ന ഒരു സേനയാണിത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായി പോയി. ഇന്ത്യൻ സിവിൽ സർവീസ് 1920 ൽ പാസ്സായി. ജോലി രാജിവെച്ച് ഗാന്ധിജിയെ സന്ദർശിച്ചു. സി.ആർ.ദാസിനെ സമീപിക്കാൻ ഗാന്ധിജി അദ്ദേഹത്തിന് നിർദ്ദേശം നൽകി. സി.ആർ.ദാസാണ് സുബാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു.

ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം കോൺഗ്രസിന്റെ തീവ്രവാദപരമായ നയപരിപാടികളെ പിന്തുണച്ചു. ഇക്കാരണത്താൽ തനിക്കെതിരെ ധാരാളം എതിർപ്പുകൾ സംഘടനയിൽ നിന്നും ഉണ്ടായി. ബംഗാൾ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി 1927-ൽ ചുമതലയേറ്റു. 1930-ൽ നിയമവിരുദ്ധ സ്വാതന്ത്ര്യദിന ഘോഷയാത്ര നയിച്ചു എന്ന കാരണത്താൽ ജയിലിലായി. വീണ്ടും 1931-ൽ നിയമലംഘന സമരത്തോടനുബന്ധിച്ച് ജയിലിലായി. അദ്ദേഹം രോഗബാധിതനായതിനാൽ വിട്ടയച്ചു. തുടർന്ന് ചികിത്സയ്ക്കായി വിയന്നയിലേക്ക് പോവുകയും ചെയ്തു. പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലേയ്ക്ക് യൂറോപ്പിലെ ജനതയുടെ ശ്രദ്ധ തിരിച്ചുവിടാൻ പ്രചാരണ പരിപാടികൾ നടത്തി. 1937ൽ യൂറോപ്പിൽ വച്ച് പരിചയപ്പെട്ട ഓസ്ട്രിയൻ വനിതയായ എമിലി ഷെങ്കലിനെ വിവാഹം കഴിച്ചു.

1938-ലെ ഹരിപുര കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1939-ൽ വീണ്ടും കോൺഗ്രസ് പ്രസിഡന്റായി. ഗാന്ധിയുടെ സ്ഥാനാർഥിയായ പട്ടാഭി സീതാരാമയ്യയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. പാർട്ടിക്കുള്ളിലെ അന്തഃഛിദ്രങ്ങളാൽ പ്രസിഡന്റ് പദം രാജിവെക്കുകയും 'ഫോർവേഡ് ബ്ലോക്ക്' എന്നൊരു സംഘടന സ്ഥാപിക്കുകയും ചെയ്തു.

ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് തന്നിൽ നിന്നുണ്ടായ വിപ്ലവ പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റിലായി. 1941-ൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട് ജർമനിയിലെത്തി. 1943 ജനുവരി 26-ന് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ബർലിനിൽ ആഘോഷിച്ചു. 'നേതാജി' എന്നാണ് അദ്ദേഹത്തെ ജനങ്ങൾ വിളിച്ചിരുന്നത്. ഐ.എൻ.എ യുടെ നേതൃത്വം ഏറ്റെടുക്കാൻ ബർലിനിൽ നിന്നും ജപ്പാനിലേക്ക് അദ്ദേഹം പോയി. ഒരു പ്രവാസ ഭരണകൂടം അദ്ദേഹം അവിടെ രൂപീകരിച്ചു. 'ആസാദ് ഹിന്ദ്' എന്ന താത്കാലിക ഗവൺമെന്റ് 1943 ഒക്ടോബർ 21-ന് സിംഗപ്പൂരിൽ വെച്ച് രൂപീകരിച്ചു. ഇന്ത്യൻ അതിർത്തി കടന്ന് 1944-ൽ ഐ.എൻ.എ യുടെ പ്രശസ്തി വ്യാപിച്ചെങ്കിലും പോരാട്ടത്തിൽ അവർക്ക് പിൻവാങ്ങേണ്ടിവന്നു. 1945-ൽ ജപ്പാനിൽ വച്ചുണ്ടായ ഒരു വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇപ്പോഴും കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല.

സരോജിനി നായിഡു

ഇന്ത്യയിലെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവയിത്രിയും സ്വാതന്ത്ര്യസമരനായികയുമായിരുന്നു ശ്രീമതി സരോജിനി നായിഡു. ഹൈദരാബാദിലെ ഒരു ബംഗാളി കുടുംബത്തിൽ 1879 ഫെബ്രുവരി 13-ന് സരോജിനി നായിഡു ജനിച്ചു. ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ അഗർനാഥ് ചാടോപധ്യായയുടേയും കവയിത്രിയായ ഭാരത സുന്ദരിദേവിയുടെയും മകളാണ് സരോജിനി. പിതാവും മാതാവുമാണ് സരോജിനിയെ പ്രാഥമിക പാഠങ്ങൾ പഠിപ്പിച്ചത്. തന്റെ വീട്ടിലെ സംഭാഷണങ്ങൾ എല്ലാം തന്നെ ഇംഗ്ലീഷിലായിരുന്നു. 11-ാം വയസ്സിൽ ഇംഗ്ലീഷിൽ കവിതകൾ രചിച്ചു തുടങ്ങി. മെട്രിക്കുലേഷൻ 12-ാം വയസ്സിൽ പാസ്സായി. ആരോഗ്യം മോശമായിരുന്നതിനാൽ മൂന്നു വർഷത്തിലധികം വായനയുമായി വീട്ടിൽ തന്നെ കഴിച്ചുകൂട്ടി. ഷെല്ലിയുടെ കവിതകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവർ ഉറുദു, തെലുങ്ക്, ഇംഗ്ലീഷ്, പേർഷ്യൻ, ബംഗാളി എന്നീ ഭാഷകളിൽ പാണ്ഡിത്യം നേടി. കൂടെ കാവ്യരചനയും നടത്തി. അവരുടെ പതിനഞ്ചാമത്തെ വയസ്സിൽ ഗോവിന്ദരാജുലു നായിഡുവിനെ കണ്ടുമുട്ടുകയും പിൽകാലത്ത് അവർ തമ്മിൽ പ്രണയവിവാഹം നടക്കുകയും ചെയ്തു.

1895-ൽ ഹൈദരാബാദ് നൈസാം അനുവദിച്ച സ്കോളർഷിപ്പോടുകൂടി ഉപരിപഠനത്തിനായി ഇംഗ്ലണ്ടിൽ പോയി. അവിടെ കിങ്‌സ് കോളേജിൽ ചേർന്നു. പല ഗ്രന്ഥങ്ങളും വായിച്ചു. സാഹിത്യകാരന്മാരുമായി പരിചയപ്പെട്ടു. പല സമ്മേളനത്തിലും പങ്കെടുത്തു. അങ്ങനെ ഒരു കവയിത്രി എന്ന നിലയിൽ വളരുകയായിരുന്നു. അനാരോഗ്യം വീണ്ടും തടസ്സമായപ്പോൾ ചികിത്സയ്ക്കും പഠനത്തിനുമായി സ്വിറ്റ്‌സർലന്റിൽ പോയെങ്കിലും പഠനം പൂർത്തിയാക്കാതെ ഇന്ത്യയിൽ തിരിച്ചെത്തി. തുടർന്ന് തന്റെ കവിതകൾ തുടർച്ചയായി 'ദ ഇന്ത്യൻ ലേഡീസ്' മാഗസിനിൽ പ്രസിദ്ധീകരിച്ചു.

1905 ലെ ബംഗാൾ വിഭജനത്തെത്തുടർന്നായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ അംഗമാകുന്നത്. പ്രശസ്തരായ പല ഇന്ത്യൻ ദേശീയ നേതാക്കളുമായി അവർക്ക് നിരന്തര സമ്പർക്കമുണ്ടായിരുന്നു. യുവജനക്ഷേമം, തൊഴിലാളികളുടെ അവകാശം, ദേശീയതയും സ്ത്രീകളും തുടങ്ങിയ വിഷയങ്ങളായിരുന്നു അവരെ ഏറെ സ്വാധീനിച്ചതും കൂടുതലായി അവർ ചിന്തിച്ചതും. 1914 ലെ ബ്രിട്ടീഷ് ഗവൺമെന്റിന്റെ റൗലറ്റ് ആക്റ്റിനെതിരെ ഈ ധീരവനിത ആഞ്ഞടിച്ചു. ഹോം റൂൾ ലീഗിന്റെ ഇന്ത്യൻ അംബാസഡറായി ഇംഗ്ലണ്ടിലേക്കയച്ച വനിതയും സരോജിനി നായിഡുവാണ്. 1925-ൽ കാൺപൂർ INC സമ്മേളനത്തിൽ അവർ അധ്യക്ഷത വഹിച്ചു. 1942ൽ ഗാന്ധിജിയുമായി ചേർന്ന് ജയിൽവാസമനുഷ്ഠിച്ച സരോജിനി നായിഡു 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്രമായതോടുകൂടി ഉത്തർ പ്രദേശിലെ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാചരിത്രത്തിലെ ആദ്യത്തെ വനിതാ ഗവർണർ എന്ന സ്ഥാനവും സരോജിനി നായിഡുവിനുള്ളതാണ്. 1947 ഡിസംബറിൽ ഹിന്ദു സർവകലാശാല ഓണറ്റി ബിരുദം നൽകി. രാജ്യസ്നേഹത്തിനും കലാവാസനയ്ക്കും ഒരു പോലെ പ്രാധാന്യം നൽകിയ ഈ ധീരവനിത 1949 മാർച്ച് രണ്ടിന് അന്തരിച്ചു. കലാവിഹംഗം, സുവർണ്ണസോപാനം, ഗോൾഡൻ ത്രെഷോൾഡ്, തകർന്ന ചിറക്ക്, രാജകീയ മുരളിയും ഭാരത ഗാഥകളും തുടങ്ങിയവ അവരുടെ കൃതികളാണ്. ഭാരതകോകിലം, ഇന്ത്യയുടെ വാനമ്പാടി എന്നീ പേരുകളിലും സരോജിനി നായിഡു അറിയപ്പെടുന്നു.

ബാലഗംഗാധര തിലക്

നവഭാരതശില്പികളിൽ പ്രമുഖനും കോൺഗ്രസിലെ തീവ്രവാദിനേതാവുമായിരുന്ന തിലകൻ മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിൽ ജനിച്ചു. സംസ്കൃതത്തിലും ഗണിതശാസ്ത്രത്തിലും അവഗാഹം നേടിയ അദ്ദേഹം നിയമബിരുദം 1879-ൽ കരസ്ഥമാക്കിയെങ്കിലും വക്കീലായി പ്രാക്ടിസ് ചെയ്തിരുന്നില്ല. പിന്നീട് കോളേജ് പ്രൊഫസറാവുകയാണുണ്ടായത്. ഡക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റിയുടെയും, പൂനയിലെ ഫർഗൂസൻ കോളേജിന്റെയും സ്ഥാപകരിൽ ഒരാളായിരുന്നു തിലകൻ. 1881-'കേസരി' (മറാത്തി ഭാഷ), 'മറാത്ത' (ഇംഗ്ലീഷ് ഭാഷ) എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ അദ്ദേഹം ഇന്ത്യൻ ജനങ്ങളിൽ ദേശീയബോധം വളർത്താൻ ശ്രമിച്ചു. ഇതിലെ ലേഖനങ്ങളുടെ ഉള്ളടക്കത്തിന്റെ പേരിൽ നാലുമാസം തടവുശിക്ഷ അനുഭവിച്ചു. 1889-ൽ കോൺഗ്രസിൽ അംഗമായി. അയിത്തോച്ചാടനം, വിധവാവിവാഹം തുടങ്ങിയ സാമൂഹിക പരിഷ്കരണ സംരംഭങ്ങളിൽ ഏർപ്പെട്ട തിലകൻ പിൽക്കാലത്ത് കോൺഗ്രസിന്റെ സമുന്നനേതാവായി. 1898-ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി തിലകനെ 18 മാസം കഠിനതടവിനു ശിക്ഷിച്ചു. 1905-ൽ നടപ്പിലാക്കിയ ബംഗാൾ വിഭജനത്തെ അദ്ദേഹം എതിർത്തിരുന്നു. 1908-ൽ വീണ്ടും രാജ്യദ്രോഹക്കുറ്റത്തിന് ബർമ്മയിൽ ആറുവർഷം ജയിലിൽ പാർപ്പിച്ചു. തടങ്കലിൽ ഇരിക്കെ രചിച്ച പ്രശസ്ത ഗ്രന്ഥമാണ് 'ഗീതാരഹസ്യം'. ശിക്ഷാകാലയളവിൽ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. ഈ ജയിൽ വാസത്തിനെതിരെ തിലകൻ നടത്തിയ പ്രഭാഷണത്തിലാണ് "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്, ഞാൻ അത് നേടും' എന്ന് പ്രഖ്യാപിച്ചത്.

1916-ൽ ആനി ബസന്റുമൊത്ത് 'ഹോം റൂൾ ലീഗ്' സ്ഥാപിച്ച് ഇന്ത്യൻ സ്വയംഭരണത്തിനുവേണ്ടി വാദിച്ചു. 1920 മെയ് മാസം പൂനെയിൽ വച്ച് ഇന്ത്യൻ ജനത മൂന്നേകാൽ ലക്ഷം രൂപയുടെ 'തിലക് സ്വരാജ് നിധി' അദ്ദേഹത്തിന് സമ്മാനിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാരംഭ ദശയിൽ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. ധീരവും നിസ്വാർത്ഥവുമായ രാജ്യസേവനത്തെ മുൻനിറുത്തിയാണ് 'ലോകമാന്യൻ' എന്ന വിശേഷണം ജനങ്ങൾ അദ്ദേഹത്തിനു നൽകിയത്. 1920-ൽ തിലകൻ അന്തരിച്ചു.

ഗോപാലകൃഷ്ണ ഗോഖലെ

ഇന്ത്യൻ സ്വാതന്ത്ര്യസമരനേതാവും മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവുമായ ഗോപാലകൃഷ്ണ ഗോഖലെ പഴയ ബോംബെ സ്റ്റേറ്റിലെ രത്നഗിരി ജില്ലയിലുള്ള കോട്ലകിൽ ജനിച്ചു. 13 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. വളരെ ക്ലേശിച്ചു വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം അധ്യാപകനായി ജോലി നോക്കി. നിയമപഠനം നടത്തിയെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല. പൊതുരംഗത്തേക്കു കടന്നുവന്ന ഗോഖലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു പ്രവർത്തിച്ചു. 1889-ൽ മുംബൈയിൽ നടന്ന സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

1905-ൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം റാനെഡെയെപ്പോലെ മിതവാദിവിഭാഗത്തിന്റെ നേതാക്കളിലൊരാളായി. ബോംബെ നിയമസഭയിലും കേന്ദ്ര നിയമസഭയിലും അംഗമായി. 1905-'സർവ്വെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി' സ്ഥാപിച്ചു. ബംഗാൾ വിഭജനം റദ്ദാക്കുന്നതിൻ ബ്രിട്ടീഷ് ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നതിനായി 1906-ൽ കോൺഗ്രസ് പ്രതിനിധിയായി ഇംഗ്ലണ്ടിലേക്ക് പോയി. ബംഗാൾ വിഭജനത്തെ തുടർന്ന് രാഷ്ട്രീയാന്തരീക്ഷം പ്രക്ഷുബ്ധമായപ്പോൾ, 1907-ലെ സൂററ്റ് സമ്മേളനത്തിൽ വച്ച് മിതവാദികളും തീവ്രവാദികളും എന്ന് രണ്ടു പക്ഷങ്ങളായി കോൺഗ്രസ് വേർപിരിഞ്ഞു. ദാദാഭായ് നവറോജി, ഗോപാല കൃഷ്ണ ഗോഖലെ തുടങ്ങിയവർ മിതവാദി പക്ഷത്ത് തന്നെ നിലയുറപ്പിച്ചു.

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ സ്ഥിതി അന്വേഷിക്കുവാൻ 1912-ൽ അവിടേക്ക് പോയി. അവിടങ്ങളിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പഠിക്കുകയും ചെയ്തു. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽനിന്നു തിരിച്ചെത്തിയപ്പോൾ ഇന്ത്യ ശക്തമായൊരു ദേശീയപ്രക്ഷോഭത്തിനു തയ്യാറായിരുന്നു. ഇതിനു കാരണക്കാരിലൊരാൾ ഗോഖലെ ആയിരുന്നു. ദാദാഭായ് നവറോജി, ഗോഖലെ തുടങ്ങിയവരെപ്പോലെയുള്ള മിതവാദികൾ ഇല്ലായിരുന്നെങ്കിൽ ഒരു ഗാന്ധിക്കോ ഒരു നെഹ്രുവിനോ തങ്ങളുടെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനുള്ള വേദി ഉണ്ടാകുമായിരുന്നില്ല. "ഇന്ത്യയിലെ ശരിക്കും സത്യസന്ധനായ ഒരു നായകൻ" എന്നാണ് ഗാന്ധിജി ഗോഖലെയെ വിശേഷിപ്പിച്ചത്. 1915 ഫെബ്രുവരി 19-ൻ ഗോഖലെ അന്തരിച്ചു.

സി.രാജഗോപാലാചാരി

സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനും ഗ്രന്ഥകാരനുമായ രാജഗോപാലാചാരി തമിഴ്നാട്ടിലെ സേലം ജില്ലയിൽ ജനിച്ചു. 'സി.ആർ', 'രാജാജി' എന്നീ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്ന അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തേയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തേയും ഗവർണ്ണർ ജനറൽ ആയിരുന്നു. ചെന്നൈ ലോ കോളേജിൽ നിന്നും നിയമബിരുദം നേടിയശേഷം സേലത്ത് പ്രാക്ടീസ് പൂർത്തിയാക്കി.

ഗാന്ധിജിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിസ്സഹരണ പ്രസ്ഥാനത്തിൽ പങ്കുവഹിക്കാൻ വേണ്ടി രാജാജി വക്കീൽ ജോലി ഉപേക്ഷിച്ചു. ക്രമേണ ഗാന്ധിജിയുടെ വിശ്വസ്തനായ അനുയായിയായി. പലതവണ ജയിൽശിക്ഷ അനുഭവിച്ചു. ഖദർ നിർമ്മാണം, അയിത്തോച്ചാടനം, സമുദായമൈത്രി തുടങ്ങിയവയ്ക്ക് വേണ്ടി പ്രവർത്തിച്ചു. ഗാന്ധിജി ജയിലിലായപ്പോൾ യങ് ഇന്ത്യയുടെ പത്രാധിപത്യം ഏറ്റെടുത്തു. 1931ൽ  രാജാജി മദ്രാസിന്റെ മുഖ്യമന്ത്രിയായി. കുറച്ചുകാലം കോൺഗ്രസിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 1946ൽ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങി. നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം 1948 മുതൽ 1950 ജനുവരിയിൽ ഇന്ത്യ റിപ്പബ്ലിക്ക് ആകും വരെ ഇന്ത്യയുടെ ഗവർണ്ണർ ജനറലായി. സർദാർ പട്ടേലിന്റെ മരണശേഷം കേന്ദ്ര ആഭ്യന്തരമന്ത്രിയായി. 1952-ൽ നെഹ്രുവിന്റെ നിർദ്ദേശാനുസരണം കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് വീണ്ടും മദ്രാസിന്റെ മുഖ്യമന്ത്രിയായി.

കോൺഗ്രസുകാരുടെ അഴിമതിയും സ്വജനപക്ഷത്തിനെതിരെയും നെഹ്രുവിന്റെ നയങ്ങൾക്കെതിരെയും അഭിപ്രായവ്യത്യാസം രൂക്ഷമായപ്പോൾ രാജാജി 1959ൽ സ്വാതന്ത്രപാർട്ടി രൂപവത്കരിച്ചു. ഇന്ത്യയ്ക്ക് സ്വതന്ത്ര വിപണിയാണ് ആവശ്യമെന്ന് ആദ്യം വാദിച്ചത് അദ്ദേഹമാണ്. നെഹ്‌റു ഗവൺമെന്റ് എതിർത്തുവെങ്കിലും പില്കാലത്ത് മൻമോഹൻ സിംഗ് ധനകാര്യമന്ത്രിയായതോടെ രാജാജിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. 1967-ൽ രാജാജിയുടെ സ്വാതന്ത്രപാർട്ടിയുടെ പിൻബലത്തിൽ തമിഴ്‌നാട്ടിൽ ഡി.എം.കെ കോൺഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തിൽ വന്നു. 1972 ഡിസംബർ 25-ൻ അദ്ദേഹം അന്തരിച്ചു.

എഴുത്തുകാരനെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച രാജാജി തമിഴിലും ഇംഗ്ലീഷിലും നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 'മഹാഭാരത'ത്തിന്റെയും, 'രാമായണ'ത്തിന്റെയും തർജ്ജമകൾ പ്രശസ്തമാണ്.

ചന്ദ്രശേഖർ ആസാദ്

ഇന്ത്യൻ വിപ്ലവകാരിയും ഭഗത്‌സിങിന്റെ ഉറ്റ സുഹൃത്തായിരുന്ന ചന്ദ്രശേഖർ മധ്യപ്രദേശിലെ ഝാബുവ ജില്ലയിൽ ഭവ്‌ര ഗ്രാമത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വാരണാസിയിൽ എത്തി. സൗജന്യ താമസവും ഭക്ഷണവുമുണ്ടായിരുന്ന സ്കൂളിൽ ചേർന്ന് സംസ്കൃതം പഠിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായി. ആ സമയത്താണ് നിസ്സഹരണപ്രസ്ഥാനം രാജ്യമെങ്ങും അലയടിച്ചത്. വാരണാസിയിലെ വിദ്യാർത്ഥികളും സമരത്തിൽ പങ്കെടുത്തപ്പോൾ ചന്ദ്രശേഖർ മുൻപന്തിയിലുണ്ടായിരുന്നു. കേവലം പതിനാലുവയസ്സുള്ളപ്പോൾ അറസ്റ്റുചെയ്യപ്പെട്ട ചന്ദ്രശേഖരോട് കോടതി പേര് ചോദിച്ചപ്പോൾ 'ആസാദ്'(സ്വതന്ത്രൻ) എന്ന് ഉറച്ച സ്വരത്തിൽ മറുപടി പറഞ്ഞു. ഈ ധിക്കാരത്തിന് അന്ന് ആസാദിന് ചൂരൽ കൊണ്ടുള്ള 20 അടി ശിക്ഷയായി ലഭിച്ചു. അതോടെ 'ആസാദ്' എന്ന പേർ ചന്ദ്രശേഖറിന്റെ പേരിനോട് കൂടി ചാർത്തപ്പെട്ടു.

കാശിയിൽ നിന്നും ഒളിച്ചോടിയ ചന്ദ്രശേഖർ വിപ്ലവകാരികളോടൊപ്പം ചേർന്നു. ബ്രിട്ടീഷ്ഭരണം അവസാനിപ്പിക്കാൻ സായുധവിപ്ലവം കൂടിയേതീരൂ എന്ന് ആസാദ് വിശ്വസിച്ചു. 1922ൽ ആസാദ് 'ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ' എന്ന രഹസ്യ സംഘടനയിൽ ചേർന്നു. ഭഗത് സിംഗ്, സുഖദേവ് തുടങ്ങിയവരും ആസാദിനൊപ്പം ഉണ്ടായിരുന്നു. വിപ്ലവത്തിന് ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നതിൻ ഖജനാവുകളും തീവണ്ടികളും കൊള്ളയടിച്ചു. പ്രമുഖരായ പലരേയും പ്രസ്ഥാനത്തിൽ കൊണ്ടുവരാൻ ആസാദിന് കഴിഞ്ഞു. ലാലാലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ ബ്രിട്ടീഷ് ഓഫീസറായ സാൻഡേഴ്‌സന്റെ വധം, വൈസ്രോയിയുടെ ട്രെയിൻ ബോംബ് വെച്ചു തകർക്കൽ (1929)-തുടങ്ങി നിരവധി സാഹസിക വിപ്ലവപ്രവർത്തനങ്ങളിൽ ഇദ്ദേഹം ഏർപ്പെട്ടു. നൂറുകണക്കിനാളുകളുടെ പേരിൽ പോലീസ് കേസെടുത്തുവെങ്കിലും ആസാദിനെ മാത്രം പിടികിട്ടിയില്ല. ആസാദ് എന്നപേർ കേൾക്കുന്നത് തന്നെ പോലീസുകാർക്ക് ഭയമായി. ആസാദിനെ ജീവനോടെയോ അല്ലാതെയോ പിടിച്ചുകൊടുക്കുന്നവർക്ക് പതിനായിരം രൂപ ഇനാം സർക്കാർ പ്രഖ്യാപിച്ചു.

1931 ഫെബ്രുവരി 27-ൻ അലഹബാദിലെ ആൽഫ്രഡ്‌ പാർക്കിൽ വെച്ച് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ചന്ദ്രശേഖർ രക്തസാക്ഷിത്വം വരിച്ചു. ആരോ ഒറ്റികൊടുത്തതിന്റെ ഫലമായിരുന്നു ഇത്. ഇദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് കൂടുതൽ ആവേശം പകർന്നു. ആൽഫ്രഡ്‌ പാർക്ക് ഇന്ന് 'ആസാദ് പാർക്ക്' എന്ന പേരിൽ ദേശീയ സ്മാരകമായി സംരക്ഷിക്കപ്പെടുന്നു.

ഭഗത് സിംഗ്

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി രക്തസാക്ഷിത്വം വരിച്ച മഹാവിപ്ലവകാരിയായിരുന്നു ഭഗത് സിംഗ്. ഇദ്ദേഹം പഞ്ചാബിലെ ലായപ്പൂർ ജില്ലയിലെ ബൽഗയിൽ ജനിച്ചു. ഭഗത് സിംഗിന്റെ മാതാപിതാക്കളും സ്വാതന്ത്ര്യസേനാനികളായിരുന്നു. ഭഗത് സിംഗ് 1926ൽ രൂപീകരിച്ച 'നൗജവാൻ ഭാരത് സഭ' രണ്ടുവർഷത്തിനുശേഷം പുനസ്സംഘടിപ്പിച്ച് 'ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ' എന്ന വിപ്ലവരാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കി. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നു പുറത്താക്കുക, സമത്വാധിഷ്ഠിതമായ ഒരു സ്വാതന്ത്രഭരണം സ്ഥാപിക്കുക-ഇതായിരുന്നു ഭഗത്തിന്റെ ലക്ഷ്യം. 1929ൽ പഞ്ചാബ് അസംബ്ലി മന്ദിരത്തിൽ ഭഗത് സിംഗും കൂട്ടരും ബോംബെറിഞ്ഞു. ജയിലിലായ ഭഗത്‌സിംഗിന്റെയും കൂട്ടുകാരുടേയും പേരിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതാണ് ലാഹോർ ഗൂഢാലോചനക്കേസ്. 24-ാമത്തെ വയസ്സിൽ ബ്രിട്ടീഷുക്കാർ അദ്ദേഹത്തെ തൂക്കിക്കൊന്നു. മരണശേഷം ബന്ധുക്കൾക്ക് ജഡം പോലും വിട്ടുകൊടുക്കാതെ രഹസ്യമായി സത്ലജ് നദിക്കരയിൽ ദഹിപ്പിച്ചു.

അക്രമത്തിലൂടെ ജനശ്രദ്ധ ആകർഷിക്കുകയായിരുന്നു തന്റെ ഉദ്ദേശ്യമെന്നും താൻ അഹിംസയിലും സമാധാനത്തിലും ഉറച്ചുവിശ്വസിച്ചിരുന്നുവെന്നും ഭഗത് സിംഗ് വെളിപ്പെടുത്തിയിട്ടുണ്ട്. നല്ലൊരു വായനക്കാരനായ ഭഗത് സിംഗ് എന്തുകൊണ്ട് താനൊരു നിരീശ്വരവാദിയായി എന്നൊരു ലഘുലേഖ എഴുതിയിട്ടുണ്ട്.

ലാലാ ലജ്പത് റായ്

പഞ്ചാബിലെ അംബാല ജില്ലയിലെ രൂപാർ ഗ്രാമത്തിൽ 1865 ജനുവരി 28-ന് ലാലാ ലജ്പത് റായ് ജനിച്ചു. രൂപാർ, ലാഹോർ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം. ലുധിയാനയിലെ മിഷൻ ഹൈസ്കൂളിൽ ചേർന്ന് മെട്രിക്കുലേഷൻ പാസ്സായി. ഇന്റർമീഡിയറ്റ് ലാഹോർ കോളേജിൽ നിന്നും പാസ്സായി. 1885-ൽ നിയമബിരുദം കരസ്ഥമാക്കി വക്കീലായി. ഈ കാലയളവിനുള്ളിൽ ആര്യസമാജത്തിലും പ്രവർത്തിച്ചു. സ്വാമി ദയാനന്ദ സരസ്വതി അദ്ദേഹത്തിന്റെ ജീവിതത്തെ സ്വാധീനിച്ചു. തന്റെ പ്രയത്ന ഫലമായി ദയാനന്ദ് ആംഗ്‌ളോവേദിക് കോളേജുകൾ പഞ്ചാബിൽ സ്ഥാപിച്ചു. 1888-ലെ അലഹബാദ് സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് കോൺഗ്രസിൽ ചേർന്നു. 1898-ൽ പൊതുപ്രവർത്തനത്തിനായി വക്കീൽ ജോലി ഉപേക്ഷിച്ചു. 1900-ൽ രാജ്യത്തുടനീളം ക്ഷാമമുണ്ടായപ്പോൾ പട്ടിണി അനുഭവിച്ച ജനങ്ങളെ സഹായിക്കുവാൻ അദ്ദേഹം തുനിഞ്ഞിറങ്ങി.

1907-ൽ വിപ്ലവപ്രവർത്തനങ്ങളുടെ പേരിൽ ആറുമാസത്തേക്ക് അദ്ദേഹത്തെ നാടുകടത്തി. ഒന്നാംലോക മഹായുദ്ധ സമയത്ത് അദ്ദേഹം അമേരിക്കയിൽ പര്യടനം നടത്തി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് പിന്തുണതേടി. നിരവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം 'യങ് ഇന്ത്യ' എന്ന പേരിൽ മാസിക ആരംഭിച്ചു. അദ്ദേഹത്തിന്റെ "ഇന്ത്യയുടെ സ്വയംനിർണ്ണായകവകാശം' എന്ന ഗ്രന്ഥം പ്രസിദ്ധമാണ്. കോൺഗ്രസിൽ മിതവാദി തീവ്രവാദി എന്നിങ്ങനെ പിരിഞ്ഞപ്പോൾ തീവ്രവാദി വിഭാഗത്തിന്റെ പ്രമുഖ നേതാക്കളിൽ ഒരാളായി. "ലാൽ, ബാൽ, പാൽ" (ലാലാ ലജ്പത് റായി, ബാൽ ഗംഗാധർ തിലക്, ബിപിൻ ചന്ദ്ര പാൽ) എന്ന പേരിൽ അദ്ദേഹവും ഉൾപ്പെട്ട ത്രിമൂർത്തികൾ ഇന്ത്യയിലുടനീളം ഉണർത്തിയ ആവേശം ബ്രിട്ടീഷ് ഭരണത്തെ ഉലയ്ക്കുവാൻ പോന്നതായിരുന്നു. 1920-ൽ നിസ്സഹരണ പ്രസ്ഥാനം നയിച്ച കാരണത്താൽ ജയിലിലായി. 1920-ൽ കൽക്കട്ട പ്രത്യേക സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷനായി. തുടർന്ന് സ്വരാജ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ചുവെങ്കിലും പിന്നീട് അതുപേക്ഷിച്ച് "ഇൻഡിപെൻഡന്റ് പാർട്ടി" രൂപീകരിച്ചു. പഞ്ചാബിലെ നിയമസഭാംഗമായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1928-ൽ സൈമൺ കമ്മീഷനെതിരെ കരികൊടി കാട്ടിയതിനാൽ അദ്ദേഹത്തിന് ലാത്തിയടിയേറ്റ് മാരകമായി പരിക്കേറ്റു. തുടർന്ന് 1928 നവംബർ 17-ന് അദ്ദേഹം അന്തരിച്ചു. "പഞ്ചാബിലെ സിംഹം" എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ വിയോഗം ഭാരതത്തിലുണ്ടാക്കിയ രാഷ്ട്രീയ ഒച്ചപ്പാടുകൾ ചില്ലറയല്ല.

മൗലാനാ അബ്ദുൽ കലാം ആസാദ്

ദേശീയനേതാവ്, പണ്ഡിതൻ, വിപ്ലവകാരി, ഗ്രന്ഥകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുൽ കലാം ആസാദ് മക്കയിലാണ് ജനിച്ചത്. കലാമിന് രണ്ടുവയസ്സുള്ളപ്പോൾ പിതാവ് ഖൈറുദ്ദീൻ കൊൽക്കത്തയിലേക്ക് താമസം മാറ്റി. മൂന്നാം വയസ്സിൽ മാതാവ് മരിച്ചു. പ്രാഥമിക വിദ്യാഭ്യാസം പിതാവ് തന്നെയാണ് നൽകിയത്. പതിനാറു വയസ്സിന് ശേഷമാണ് ഇംഗ്ലീഷ് പഠിച്ചത്. തുടർന്ന് ഗ്രന്ഥങ്ങൾ രചിക്കുവാൻ തുടങ്ങി. രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ താല്പര്യമുള്ളതിനാൽ ആസാദ് എന്ന തൂലിക നാമം സ്വീകരിച്ചു. 1905-ലെ ബംഗാൾ വിഭജനത്തിനെതിരായ സമരത്തിൽ അരബിന്ദോയോടൊപ്പം ചേർന്ന് പ്രവർത്തിച്ചു.

1912ൽ അൽഹിന്ദ് ഉറുദു വാരിക ഉൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായി ഇദ്ദേഹം പ്രവർത്തിച്ചു. ചില പ്രസിദ്ധീകരണങ്ങൾ ബ്രിട്ടീഷ് ഗവണ്മെന്റ് നിരോധിച്ചു. ഹിന്ദു സഹോദരങ്ങളോടൊത്ത് ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ മുസ്ലീങ്ങൾക്ക് ഉത്തേജനം നൽകിയത് ആസാദിന്റെ മുഖപ്രസംഗങ്ങളാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുകയും ഗാന്ധിജിയുടെ അനുയായിയായിത്തീരുകയും ചെയ്തു. നിസ്സഹകരണ പ്രക്ഷോഭണത്തിൽ അബ്ദുൽ കലാം ഗാന്ധിജിയോടൊപ്പം പ്രവർത്തിച്ചു. 1921 മുതൽ 1945 വരെ ഇദ്ദേഹം പല തവണ ജയിലിലായി. 1923, 1940-1946 കാലയളവിൽ കോൺഗ്രസ് പ്രസിഡന്റായി. 1942-ൽ ക്വിറ്റ് ഇന്ത്യ സമരകാലത്ത് ജയിലിലായി. 1945-ലാണ് പുറത്തുവന്നത്. 1942-ൽ ഭാര്യ മരിച്ചപ്പോൾ ജയിലിലായിരുന്നു.

1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വഴിവെച്ചതിൽ ഒരു മുഖ്യപങ്ക് ഇദ്ദേഹത്തിന്റെ നയതന്ത്രജ്ഞതക്കുണ്ടായിരുന്നു. ഇടക്കാല മന്ത്രിസഭയിലും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവൺമെന്റിലും അബ്ദുൽ കലാം ആസാദ് വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ സേവനമനുഷ്ഠിച്ചു. ദേശീയ മുസ്ലിം എന്ന നിലയിൽ ജിന്നയുടെ ദ്വിരാഷ്ട്രവാദത്തെ അചഞ്ചലമായി എതിർത്ത ആസാദ് ഇന്ത്യയുടെ വിഭജനത്തിന് എതിരായിരുന്നു. 'ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു' എന്ന പേരിൽ ആസാദ് എഴുതിയ ആത്മകഥ ചരിത്രപരമായ പ്രാധാന്യവും രചനാഭംഗിയും കൊണ്ട് വളരെയേറെ ശ്രദ്ധയാകർഷിച്ചു. ഇദ്ദേഹത്തിന്റെ 'തർജ്ജമാൻ അൽ ഖുർആൻ' മുസ്ലീംമതസാഹിത്യത്തിലെ ഒരു ക്ലാസിക് ആണ്. 1958 ഫെബ്രുവരി 22-ന് അദ്ദേഹം അന്തരിച്ചു.

വി.ഡി. സവർക്കർ

1883 മെയ് മാസം 28-ന് മഹാരാഷ്ട്രയിലെ നാസിക്കിലെ ബാംഗൂറിൽ ജനനം. വിനായക ദാമോദർ സവർക്കർ എന്നതാണ് പൂർണനാമം. അദ്ദേഹത്തിന്റെ ഗ്രാമത്തിൽ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് നാസിക്കിൽ ഉപരിപഠനം. ബ്രിട്ടീഷുകാരോട് ചെറുപ്പത്തിലേ വിരോധം തോന്നിയ അദ്ദേഹം വിദ്യാർത്ഥിയായിരിക്കുമ്പോൾ "അഭിനവഭാരത്" എന്ന വിപ്ലവ സംഘടന സ്ഥാപിച്ചു.

പൂനെയിലെ ഫർഗൂസൻ കോളേജിൽ ബിരുദ പഠനം തുടങ്ങി. "ആര്യൻ" എന്നൊരു കൈയെഴുത്ത് മാസിക കോളേജിൽ ആരംഭിച്ചു. അതിലൂടെ വിപ്ലവാശയങ്ങൾ അദ്ദേഹം പ്രചരിപ്പിച്ചു. ഇന്ത്യയിൽ ആദ്യമായി വിദേശവസ്ത്രം കത്തിക്കൽ 1905-ൽ സവർക്കറുടെ നേതൃത്വത്തിൽ പൂനെ കോളേജിൽ നടന്നു. അദ്ദേഹത്തിന്റെ B.A ബിരുദം ബ്രിട്ടീഷുകാർ റദ്ദാക്കി. തുടർന്ന് ബാരിസ്റ്റർ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. അതിനുള്ള സ്കോളർഷിപ്പും അദ്ദേഹത്തിന് ലഭിച്ചു. അവിടെയും വിദ്യാർത്ഥികളെ സംഘടിപ്പിച്ചു. ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളെ സ്മരിക്കാൻ ലണ്ടനിൽ സവർക്കറും സംഘവും യോഗം ചേർന്നു. ഇക്കാരണത്താൽ ഗവൺമെന്റ് അദ്ദേഹത്തിന് ബിരുദം നൽകിയില്ല.

സ്വാതന്ത്ര്യ സമരപ്രവർത്തനങ്ങളിൽ പങ്കാളിയായ അദ്ദേഹത്തിന് ഗാന്ധിജിയുമായി ഒരുമിക്കാൻ സാധിച്ചില്ല. 1910-ൽ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് വിചാരണയ്ക്ക് കൊണ്ടുവന്നു. യാത്രമദ്ധ്യേ കപ്പലിൽ നിന്ന് ചാടി ഫ്രാൻസിലേക്ക് രക്ഷപ്പെട്ടെങ്കിലും ഫ്രഞ്ച് ഭടന്മാർ പിടികൂടി ബ്രിട്ടീഷുകാരെ ഏൽപ്പിച്ചു. അദ്ദേഹത്തെ ജീവപര്യന്തം ശിക്ഷവിധിച്ചു ആൻഡമാനിലേയ്ക്കയച്ചു. 14 വർഷം ജയിൽവാസം അനുഭവിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം ബ്രിട്ടീഷുകാർ നിരോധിച്ചു. തുടർന്ന് സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഴുകിയ അദ്ദേഹം 1937 മുതൽ ഹിന്ദുമഹാ സഭയുടെ അദ്ധ്യക്ഷനായിരുന്നു.

ഫ്രഞ്ച്, ഗുജറാത്തി, ജർമൻ, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീഭാഷകൾ അദ്ദേഹത്തിനറിയാമായിരുന്നു. ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഗ്രന്ഥങ്ങൾ രചിച്ചു. '1857ലെ സ്വാതന്ത്ര്യസമരം' അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമാണ്. ഇതിഹാസകാവ്യമായ 'കമല' രചിച്ചത് ആൻഡമാൻ ജയിൽ വാസത്തിലാണ്. 1938-ൽ നടന്ന 'റോ' എന്ന സാഹിത്യ സമ്മേളനത്തിലെ അദ്ധ്യക്ഷൻ അദ്ദേഹമായിരുന്നു. 1857 ലെ വിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് ആദ്യമായി വിശേഷിപ്പിച്ചത് വി.ഡി.സവർക്കറാണ്. 1943-ൽ നാഗ്പുർ സർവകലാശാലയും, 1959-ൽ പൂണെ സർവകലാശാലയും അദ്ദേഹത്തിന് ഡി-ലിറ്റ് നൽകി. 1966 ഫെബ്രുവരി 26-ന് അദ്ദേഹം അന്തരിച്ചു.

ദാദാഭായ് നവറോജി

ഒരു പാഴ്‌സി പുരോഹിതന്റെ മകനായി 1825 സെപ്റ്റംബർ 4 ന് മുംബൈയിൽ ജനിച്ചു. പഠനകാലത്ത് ക്ലാസിൽ ഒന്നാമനായിരുന്നു അദ്ദേഹം. വളരെ കഷ്ടപ്പെട്ടാണ് തന്റെ അമ്മ നവറോജിയെ പഠിപ്പിച്ചത്. പതിനൊന്നാം വയസ്സിൽ ഏഴു വയസ്സുകാരിയായ ക്യുൽബായിയെ വിവാഹം കഴിച്ചു. ഒന്നാം ക്ലാസോടെ മെട്രിക്കുലേഷൻ പരീക്ഷ പാസ്സായി. തുടർന്ന് 1845ൽ എൽഫിസ്റ്റൺ കോളേജിൽ നിന്നും BA പാസ്സായി. 1850-ൽ എൽഫിസ്റ്റൺ സ്കൂളിൽ അസിസ്റ്റന്റ് ഹെഡ്‍മാസ്റ്ററായി. 1851-'സത്യവാദി' എന്ന വാരിക തുടങ്ങി. തുടർന്ന് 1854-ൽ എൽഫിസ്റ്റൻ കോളേജിൽ ഗണിതശാസ്ത്രത്തിന്റെയും നാച്ചുറൽ ഫിലോസഫിയുടെയും പ്രൊഫസറായി പ്രവർത്തിച്ചു. എന്നാൽ 1855-ൽ ഇംഗ്ലണ്ടിൽ ഒരു കമ്പനിയുടെ മാനേജരായി അവിടേക്ക് പോയി.

1856-ൽ കുറച്ചുകാലം ഗുജറാത്തി പ്രൊഫസറായി ലണ്ടൻ സർവകലാശാലയിൽ പ്രവർത്തിച്ചു. 'ദാദാഭായ് നവറോജി കമ്പനി' എന്ന പേരിൽ 1860-ൽ ഒരു വ്യാപാര സ്ഥാപനം ആരംഭിച്ചു. കൂടാതെ 'ഇന്ത്യ സൊസൈറ്റി' ലണ്ടനിൽ സ്ഥാപിച്ചു. അദ്ദേഹം രചിച്ച 'പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ' എന്ന ഗ്രന്ഥം ഇന്ത്യൻ സമ്പത് വ്യവസ്ഥയെക്കുറിച്ച് തയ്യാറാക്കിയ മികച്ച ഗ്രന്ഥങ്ങളിലൊന്നായി കരുതപ്പെടുന്നു. ഇന്ത്യയിലെ ദുർഭരണത്തെക്കുറിച്ച് ബ്രിട്ടീഷ് ജനതയ്ക്കിടയിൽ പ്രചാരണം നടത്തി. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ബറോഡയിലെ രാജാവായിരുന്ന മൽഹാർറാവുവിന്റെ ക്ഷണം സ്വീകരിച്ച് 1873-ൽ അവിടുത്തെ ദിവാനായി. 1885-INCയുടെ രൂപീകരണ സമ്മേളനം മുംബൈയിൽ നടത്തുവാൻ എ.ഒ.ഹ്യൂം, WC ബാനർജി എന്നിവരുമായി സജീവമായി പ്രവർത്തിച്ചു. 1886-ൽ ഡിസംബർ മാസത്തിൽ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു.

1886-ൽ ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ അദ്ദേഹം സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി ബ്രിട്ടീഷ് പാർലമെന്റിലേക്ക്, ഹോൾബേൺ നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1892-ൽ വീണ്ടും മത്സരിച്ച അദ്ദേഹം ഇംഗ്ലണ്ടിൽ സെൻട്രൽ ഫിൻസ്ബെറിയിൽ നിന്നും പാർലമെന്റിലേക്ക് തെരെഞ്ഞെടുപ്പിൽ വിജയിച്ച് ചരിത്രത്തിൽ ഇടംനേടി. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് പാർലമെന്റ് അംഗം എന്നനിലയിൽ വൻ സ്വീകരണം നൽകി. ബ്രിട്ടീഷ് പാർലമെന്റ് അംഗമായ ആദ്യ ഇന്ത്യക്കാരനായിരുന്നു ദാദാഭായ് നവറോജി. 1893-ലെ INCയുടെ ലാഹോർ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു. ബ്രിട്ടീഷ് പാർലമെന്റിലേക്ക് 1895-ൽ വീണ്ടും മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടു. ഇന്ത്യയുടെ ലക്ഷ്യം സ്വരാജ് ആയിരിക്കണമെന്നും ഹിന്ദുക്കളും മുസ്ലീങ്ങളും ഭാരതത്തിന്റെ രണ്ടു കണ്ണുകളാണെന്നും, ഒരു കണ്ണിന്റെ കാഴ്ച പോയാൽ മറ്റേതും നിഷ്ഫലമാകും എന്ന് അദ്ദേഹം പറഞ്ഞു. 1917 ജൂൺ 30-ന് അന്തരിച്ചു.

സി.എഫ്. ആൻഡ്രൂസ്

ഇന്ത്യൻ സ്വാതന്ത്ര്യസമരനേതാവായിരുന്ന സി.എഫ്. ആൻഡ്രൂസ് ഇംഗ്ലണ്ടിലെ ന്യൂകാസ്സിൽ ജനിച്ചു. ബർമിങ്ഹാമിലും കേംബ്രിഡ്‌ജിലുമായിരുന്നു വിദ്യാഭ്യാസം. വൈദികപട്ടം നേടിയെങ്കിലും അനാരോഗ്യം നിമിത്തം വൈദികവൃത്തി ഉപേക്ഷിച്ച് അദ്ധ്യാപകനായി. 1904-ൽ ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ അധ്യാപകനാകാനുള്ള ക്ഷണം സ്വീകരിച്ച് ഇന്ത്യയിൽ എത്തി. ഇവിടെ വന്ന അദ്ദേഹം ഹിന്ദു, മുസ്ലിം, സിക്ക് മതങ്ങളെക്കുറിച്ച് പഠിച്ചു. ക്രിസ്തുമത തത്വങ്ങളും ഇന്ത്യൻ മതദർശനങ്ങളുമായി ധാരാളം സാമ്യങ്ങളുണ്ടെന്ന് മനസ്സിലാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അദ്ദേഹം വാദിച്ചു.

1906ൽ കൽക്കട്ടയിലെ കോൺഗ്രസ് സമ്മേളനത്തിൽ ആൻഡ്രൂസ് പങ്കെടുത്തു. നവറോജി, ഗോഖലെ, ടാഗോർ, സ്വാമി ശ്രദ്ധാനന്ദ എന്നിവരുമായി ബന്ധപ്പെട്ടു. 1911-ൽ ഇംഗ്ലണ്ടിൽ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് രവീന്ദ്രനാഥ് ടാഗോറിനെ പരിചയപ്പെടുന്നത്. 1911-ൽ ശാന്തിനികേതനിലെത്തിയ ആൻഡ്രൂസ് ടാഗോറിന്റെ ആരാധകനായി മാറി. കുറച്ചുനാൾ ശാന്തിനികേതനിൽ അധ്യാപകനായും പ്രവർത്തിച്ചു.  ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ കഷ്ടപ്പാടുകളെക്കുറിച്ചു മനസിലാക്കിയ ഇദ്ദേഹം 1914-ൽ ദക്ഷിണാഫ്രിക്കയിലെത്തി മഹാത്മാഗാന്ധിയെ കണ്ടു. ഇവിടെവെച്ച് ആൻഡ്രൂസ്-ഗാന്ധി ബന്ധം ദൃഢമായി.

1919-ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് നേരിട്ടന്വേഷിക്കാൻ ഓടിയെത്തിയ ആൻഡ്രൂസിനെതിരെ അധികാരികൾ നിരോധനം ഏർപ്പെടുത്തി. അത് ലംഘിച്ച അദ്ദേഹം അറസ്റ്റിലായി. കൂലിക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ രണ്ടു തവണ ഇദ്ദേഹം ഫിജി സന്ദർശിച്ചു. ഫിജിയിലെ ഇന്ത്യക്കാർ ഇദ്ദേഹത്തെ 'ദീനബന്ധു' എന്നു വിളിച്ചു. തുടർന്ന് ഇദ്ദേഹം 'ദീനബന്ധു' എന്ന പേരിലും അറിയപ്പെട്ടു. ഫിജി, കെനിയ, ബ്രിട്ടീഷ് ഗയാന എന്നിവിടങ്ങളിലെ ഇന്ത്യക്കാരെ ഇദ്ദേഹം പ്രതിനിധീകരിച്ചു. ഗാന്ധിജി സ്വാതന്ത്ര്യസമരം ആരംഭിച്ചപ്പോൾ ദീനബന്ധുവും അതിൽ ചേർന്നു. വൈക്കം സത്യാഗ്രഹത്തിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. വിശ്വഭാരതി സർവ്വകലാശാലയ്ക്ക് പണം കണ്ടെത്താനായി ടാഗോർ വിദേശപര്യടനം നടത്തിയപ്പോൾ സർവകലാശാലയുടെ ചുമതല ആൻഡ്രൂസിനെ ഏല്പിച്ചിട്ടാണ് അദ്ദേഹം പോയത്. 1925 ലും, 1927 ലും ആൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ഇന്ത്യയെക്കുറിച്ചും ഗാന്ധിജിയെക്കുറിച്ചും ഇദ്ദേഹം എഴുതിയ ഗ്രന്ഥങ്ങൾ പ്രസിദ്ധമാണ്. 1940 ഏപ്രിൽ 5-ന് കൊൽക്കത്തയിൽ അന്തരിച്ചു.

ജയപ്രകാശ് നാരായൺ

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയും സോഷ്യലിസ്റ്റും സർവ്വോദയ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന ജയപ്രകാശ് നാരായൺ (ജെ.പി) ബീഹാറിൽ ജനിച്ചു. മെട്രിക്കുലേഷൻ പാസായശേഷം സ്കോളർഷിപ്പോടെ പാറ്റ്ന സയൻസ് കോളേജിൽ ചേർന്നു. രസതന്ത്രവും ഗണിതവുമായിരുന്നു ഇഷ്ട വിഷയങ്ങൾ. കോളേജ് പഠനത്തിനുശേഷം 1922-ൽ അമേരിക്കയിൽ പോയി നിരവധി ബിരുദങ്ങൾ സമ്പാദിച്ചു. 1929-ൽ ഇന്ത്യയിൽ തിരിച്ചെത്തി. നെഹ്രുവിന്റെ ക്ഷണപ്രകാരം കോൺഗ്രസിലെ തൊഴിലാളി സംഘടനവിഭാഗത്തിൽ പ്രവർത്തിച്ചു. പലതവണ ജയിൽവാസം അനുഷ്ഠിക്കുകയും ഒളിവിൽ പ്രവർത്തിക്കുകയും ചെയ്തു. ജയിലിൽ കിടക്കുമ്പോഴാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചത്.

1942-ൽ ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയപ്പോൾ ജയിൽചാടി വേഷം മാറി പലഭാഗത്തും ഒളിവിൽ കഴിഞ്ഞ് സമരം ശക്തിപ്പെടുത്തുവാനുള്ള സഹായങ്ങൾ ചെയ്തുകൊണ്ടിരുന്നു. വീണ്ടും പിടിക്കപ്പെടുകയും ഏകാന്തതടവിൽ പാർപ്പിക്കുകയും ചെയ്തു. അധികാരകൈമാറ്റത്തിന് ബ്രിട്ടൻ നടപടി തുടങ്ങിയതോടെ ജയിൽ മോചിതനായി. സ്വാതന്ത്ര്യാനന്തരം കോൺഗ്രസുമായുള്ള ബന്ധമുപേക്ഷിച്ച് ജെ.പി രൂപവത്കരിച്ച സോഷ്യലിസ്റ്റ് കോൺഗ്രസ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയെന്ന പേരിൽ പ്രതിപക്ഷ കക്ഷിയായി. ഇദ്ദേഹം പല പ്രധാനപ്പെട്ട അഖിലേന്ത്യ ട്രേഡ് യൂണിയൻ സംഘടനകളുടെയും നേതാവായി. ജെ.പി യുടെ പ്രചോദനത്താൽ ചമ്പൽക്കാടുകളിലെ ഏതാനും കൊള്ളക്കാർ ആയുധംവെച്ച് കീഴടങ്ങി പുതിയ ജീവിതം നയിക്കാൻ തുടങ്ങി. അദ്ദേഹം പൗരസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും ലോകസമാധാനത്തിനും വേണ്ടി പ്രവർത്തിച്ചു.

ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യനയങ്ങളെ എതിർത്ത ജെ.പി ബീഹാറിലെ ജനകീയ സമരത്തിന് നേതൃത്വം നൽകി. ജനങ്ങൾ ജെ.പി യെ 'ലോക് നായക്' എന്നുവിളിച്ചു. 1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ജെ.പി അറസ്റ്റിലായി. 1977ൽ ജനതാപാർട്ടി രൂപവത്കരണത്തിന് ജെ.പി നേതൃത്വം നൽകി. അതേ വർഷം ലോകസഭ തിരഞ്ഞെടുപ്പിൽ ജനതാപാർട്ടി ജയിച്ച് അധികാരത്തിൽ വരികയും ചെയ്തു. രോഗബാധിതനായ അദ്ദേഹം അമേരിക്കയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. തിരിച്ചു വന്ന് പാറ്റ്നയിൽ താമസമാക്കി. ജനതാപാർട്ടിയും ഗവൺമെന്റും തകർന്നപ്പോൾ അദ്ദേഹം കൂടുതൽ തളർന്നു. 1979 ഒക്ടോബറിൽ അന്തരിച്ചു.

റാം മനോഹർ ലോഹ്യ

സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായിരുന്നു റാം മഹോഹർ ലോഹ്യ. 1910 മാർച്ച് 23-ന് ഉത്തർപ്രദേശിലെ റൊസാബാദ് ജില്ലയിലാണ് ജനിച്ചത്. അച്ഛൻ ഹിരാലാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മുംബൈ, ബനാറസ്, കൊൽക്കത്ത എന്നീ സർവകലാശാലകളിൽ പഠിച്ചു. തുടർന്ന് ജർമനിയിലേക്ക് പോയി. അവിടെ ബർലിൻ സർവകലാശാലയിൽ നിന്നും ധനതത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 1933-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം രാഷ്ട്രീയരംഗത്ത് സജീവമായി പ്രവർത്തിച്ചു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകനായ അദ്ദേഹം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ അതിന്റെ നേതാവായി. 1940-ൽ യുദ്ധവിരുദ്ധലേഖനങ്ങൾ എഴുതിയതിന് രണ്ടുകൊല്ലം തടവുശിക്ഷ അനുഭവിച്ചു. 1942 ൽ ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഗാന്ധിജിയും മറ്റു നേതാക്കളും ജയിലിലായപ്പോൾ ലോഹ്യയും കൂട്ടരും സമരപരിപാടികൾ ഏറ്റെടുത്തു. പ്രചാരണത്തിനായി 'അണ്ടർഗ്രൗണ്ട് കോൺഗ്രസ് റേഡിയോ' സംഘടിപ്പിച്ചു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് പ്രത്യശാസ്ത്രപരമായ ഒരു രൂപംനൽകാൻ ലോഹ്യക്ക് സാധിച്ചു. ഗാന്ധിജിയുടെ അഹിംസാപരമായ ചെറുത്തുനിൽപ്പും അധികാര വികേന്ദ്രീകരണത്തെയും അദ്ദേഹം അനുകൂലിച്ചു. ചർച്ചയിലൂടെ ഇന്ത്യയ്ക്ക് സ്വന്തന്ത്ര്യം നേടാം എന്ന ഗാന്ധിജിയുടെ സങ്കല്പത്തിന് അദ്ദേഹം എതിരായിരുന്നു. പകരം ഇന്ത്യയെ രക്ഷിക്കാൻ നവീനങ്ങളായ സാങ്കേതിക വിദ്യകൾക്കേ കഴിയൂ എന്നദ്ദേഹം വിശ്വസിച്ചു.

സ്വാതന്ത്ര്യാനന്തരം ഇദ്ദേഹം 1948-ൽ സോഷ്യലിസ്റ്റ് പാർട്ടിയും, 1950-'ഹിന്ദ് മസ്ദൂർ കിസാൻ പഞ്ചായത്ത്'യും രൂപീകരിച്ചു. 1953-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. ലോകസഭയിലേയ്ക്ക് രണ്ടുപ്രാവശ്യം ലോഹ്യ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കർഷക സമരങ്ങൾക്കു ഇദ്ദേഹം നേതൃത്വം നൽകി. രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചു. ഇന്ത്യൻ യാഥാർഥ്യങ്ങൾക്കിണങ്ങുന്ന ഒരു ഇടതുപക്ഷപ്രസ്ഥാനത്തിനു രൂപം നല്കാൻ ലോഹ്യയ്ക്കു സാധിച്ചു. 1967 ഒക്ടോബർ 12-ന് ഡൽഹിയിൽ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. പിന്നീട് ആ ആശുപത്രിക്ക് രാം മനോഹർ ലോഹ്യയുടെ പേര് നൽകി.

സുരേന്ദ്രനാഥ്‌ ബാനർജി

ഇന്ത്യയുടെ ദേശീയനേതാവും ഉജ്ജ്വലവാഗ്മിയുമായിരുന്നു സുരേന്ദ്രനാഥ്‌ ബാനർജി. 1848 നവംബർ 10-ന് കൊൽക്കത്തയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. മെട്രിക്കുലേഷൻ പാസായത്തിനു ശേഷം ബി.എ പാസ്സായി. പഠിക്കുന്ന കാലത്തുതന്നെ ഈശ്വരചന്ദ്ര വിദ്യാസാഗറുടെ പ്രവർത്തനങ്ങളും പ്രസംഗങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചു. ഇംഗ്ലണ്ടിൽ പോയി ഐ.സി.എസ് പരീക്ഷ പാസ്സായി. ഇന്ത്യയിൽ തിരിച്ചുവന്ന് മജിസ്‌ട്രേട്ട് ജോലിയിൽ പ്രവേശിച്ചു. വയസ്സിനെ സംബന്ധിച്ചുണ്ടായ ഒരു പ്രശ്നത്തിന്റെ പേരിൽ സർവീസിൽ നിന്നും പിരിച്ചുവിട്ടു. അതിനെത്തുടർന്ന് ബാരിസ്റ്റർ പരീക്ഷയ്ക്ക് ഇരിക്കുവാനും സമ്മതിച്ചില്ല. ആ സാഹചര്യത്തിലാണ് അദ്ദേഹം പൊതുപ്രവർത്തകനായത്. 1875-ൽ ഈശ്വരചന്ദ്ര വിദ്യാസാഗർ നടത്തിയ സ്കൂളിൽ അദ്ധ്യാപകനായി. പഠിക്കുന്നതിനോടൊപ്പം വിദ്യാർത്ഥികളിൽ ദേശഭക്തിയും രാജ്യസേവന താത്പര്യവും വളർത്തുവാൻ അദ്ദേഹം ആഗ്രഹിച്ചു.

1895-ലെ പൂണെ സമ്മേളനത്തിലും, 1902-ലെ അഹമ്മദാബാദ് സമ്മേളനത്തിലും കോൺഗ്രസ് പ്രസിഡന്റ് അദ്ദേഹമായിരുന്നു. പുണെയിൽ നടത്തിയ അദ്ധ്യക്ഷ പ്രസംഗം നാലര മണിക്കൂർ കൊണ്ടാണ് തീർന്നത്. 'ബംഗാളി' പത്രത്തിന്റെ പത്രാധിപരായി അതിൽ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന അഭിപ്രായം പറഞ്ഞ ഒരു ജഡ്‌ജിയെക്കുറിച്ച് മുഖപ്രസംഗം എഴുതിയതിന് കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടു. 1905-ലെ ബംഗാൾ വിഭജനത്തെ തുടർന്നുണ്ടായ സമരങ്ങൾ നടത്തി. ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരെ പ്രസംഗിച്ച് പ്രകടനങ്ങൾ നടത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള തീവ്രമായ സമരത്തെത്തുടർന്ന് 1911-ൽ ബ്രിട്ടീഷ് ഗവൺമെന്റ് ബംഗാൾ വിഭജനം റദ്ദാക്കി. 1913-ൽ കേന്ദ്ര നിയമനിർമാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ മിതവാദിയായ ഒരു നേതാവായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മിതവാദികളുടെ സംഘത്തെ നയിച്ച് 1919-ൽ ഇംഗ്ലണ്ടിലേക്ക് പോയി.

ഗാന്ധിജിയുടെ നിസ്സഹരണ സമരത്തോടും, ബാലഗംഗാധര തിലകൻ, ആനി ബസന്റ്‌ എന്നിവരുടെ ഹോം റൂൾ പ്രസ്ഥാനത്തോടും അദ്ദേഹത്തിന് യോജിക്കാൻ കഴിഞ്ഞില്ല. 1919-ൽ ജാലിയൻ വാലാബാഗ് സംഭവത്തെത്തുടർന്ന് ഇന്ത്യയിലെ ദേശാഭിമാനികൾ സ്ഥാനമാനങ്ങൾ ഉപേക്ഷിച്ചെങ്കിലും അദ്ദേഹം ബ്രിട്ടീഷുകാർക്ക് അനുകൂലമായി ചില നിലപാടുകൾ സ്വീകരിച്ചു. 1921-ൽ അദ്ദേഹത്തിന് 'സർ' സ്ഥാനവും ലഭിച്ചു. കൂടാതെ ബംഗാളിലെ തദ്ദേശവുകുപ്പു മന്ത്രിസ്ഥാനവും അദ്ദേഹം സ്വീകരിച്ചു. അതോടെ ജനങ്ങളിൽ നിന്നും അകന്നു. അദ്ദേഹത്തിന് ജനങ്ങൾക്കിടയിലുള്ള സ്വാധീനവും കുറഞ്ഞു. സമരത്തിന്റെ ശക്തികൾ അദ്ദേഹത്തിൽ കുറഞ്ഞുവന്നു. 1924-വരെ മന്ത്രിയായി തുടർന്ന ബാനർജി 1925 ഓഗസ്റ്റ് 6-ന് അന്തരിച്ചു. 'അമ്പതുകൊല്ലത്തെ പൊതുജീവിതം' അദ്ദേഹത്തിന്റെ ആത്മകഥയാണ്. അധ്യാപകൻ, വാഗ്മി, പത്രാധിപർ, ദേശസ്നേഹി എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.

ചിത്തരഞ്ജൻ ദാസ്

'ദേശബന്ധു' എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ സ്വന്തന്ത്ര്യ സമരസേനാനിയായിരുന്നു ചിത്തരഞ്ജൻ ദാസ് എന്നറിയപ്പെട്ടിരുന്ന സി.ആർ.ദാസ്. 1870 നവംബർ 5-നാണ് അദ്ദേഹം ജനിച്ചത്. പിതാവും മുത്തച്ഛനും അഭിഭാഷകരായിരുന്നു. ഒൻപതാം വയസ്സിൽ സ്കൂളിൽ ചേർന്നു. 1886-ൽ മെട്രിക്കുലേഷൻ പാസ്സായി. 1890-ൽ പ്രസിഡൻസി കോളേജിൽ നിന്നും ബി.എ പാസ്സായി. ബാരിസ്റ്റർ പഠനത്തിനായി 1890-ൽ ഇംഗ്ലണ്ടിലേക്ക് പോയി. 1892-ൽ ദാദാഭായ് നവറോജി ബ്രിട്ടീഷ് പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തി. ബാരിസ്റ്റർ ബിരുദമെടുത്ത് ഇന്ത്യയിൽ വന്നതിനുശേഷം 1893 മുതൽ കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായി. കുറച്ചുകാലം കൊണ്ടുതന്നെ അഭിഭാഷകനെന്ന നിലയിൽ പ്രസിദ്ധനായി. 1897-ൽ വിവാഹിതനായി. 1905-ൽ ദാസിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംഘടനയാണ് 'സ്വദേശി മണ്ഡലി'.

1908-ൽ അരവിന്ദ് ഘോഷിനുവേണ്ടി അലിപ്പൂർ ഗൂഢാലോചന കേസിൽ വാദിച്ചു. ഒൻപതു ദിവസം നീണ്ടുനിന്ന വാദത്തിനൊടുവിൽ അരവിന്ദ് ഘോഷിനെ കോടതി വെറുതെവിട്ടു. 'മലഞ്ച' എന്ന ഭാവഗാന സമാഹാരമാണ് ദാസിന്റെ ആദ്യത്തെ സാഹിത്യകൃതി. മാല, സാഗർസംഗീത്, അന്തര്യാമി, കിഷോർ കിശോരി എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് കൃതികൾ. അരവിന്ദഘോഷ് പത്രാധിപരായ 'വന്ദേമാതരം' എന്ന ഇംഗ്ലീഷ് പത്രത്തിന്റെ സ്ഥാപകരിലൊരാൾ ദാസായിരുന്നു.

1917-ൽ കൊൽക്കത്തയിൽ നടന്ന സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ അദ്ദേഹമായിരുന്നു. നിയമസഭാ ബഹിഷ്ക്കരണത്തെച്ചൊല്ലി 1920-ൽ കൊൽക്കത്തയിൽ നടന്ന കോൺഗ്രസിന്റെ പ്രത്യേക സമ്മേളനത്തിൽ ദാസും ഗാന്ധിജിയും തമ്മിൽ ശക്തമായ അഭിപ്രായവ്യത്യാസമുണ്ടായി. അടുത്ത സമ്മേളനത്തിന് മുൻപ് പ്രശ്നം ഒത്തുതീർത്ത് ദാസ് വക്കീലുദ്യോഗം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങി. കോൺഗ്രസുമായുള്ള അഭിപ്രായഭിന്നതയെതുടർന്ന് മോത്തിലാൽ നെഹ്രുവും ദാസും ചേർന്ന് സ്വരാജ് പാർട്ടി 1923 ജനുവരി 1-ൻ രൂപീകരിച്ചു. തുടർന്ന് ബംഗാളിൽ നടന്ന തെരെഞ്ഞെടുപ്പിൽ സ്വരാജ് പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചു. എന്നാലും ബ്രിട്ടീഷ് സർക്കാരിനോടുള്ള എതിർപ്പുകാരണം ദാസ് മന്ത്രിസഭ രൂപീകരിക്കുവാൻ തയ്യാറായില്ല. 1924-ൽ നടന്ന ബൽഗാം സമ്മേളനം നിയമസഭാപ്രവേശനം അംഗീകരിച്ചപ്പോൾ കൊൽക്കത്താ കോർപ്പറേഷന്റെ ആദ്യ മേയറായി ദാസിനെ തെരെഞ്ഞെടുത്തു. ഭവാനിപ്പൂരിലുള്ള കൊട്ടാരസമാനമായ തന്റെ വീട് അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു. 1925 ജൂൺ 16-ന് അദ്ദേഹം അന്തരിച്ചു. 1950-ൽ കൊൽക്കത്തയ്ക്ക് സമീപം തീവണ്ടി എൻജിൻ നിർമ്മാണശാല ആരംഭിച്ചപ്പോൾ ദാസിന്റെ സ്മരണാർത്ഥം ചിത്തരഞ്ജൻ ഫാക്ടറി എന്നാണ് പേര് നൽകിയത്.

മോത്തിലാൽ നെഹ്‌റു

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ അച്ഛനും, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ മുന്നണിപോരാളിയായിരുന്നു മോത്തിലാൽ നെഹ്‌റു. ജനിക്കുന്നതിൻ മുൻപ് തന്നെ അച്ഛൻ മരിച്ചു. ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളർന്നത്. ഡൽഹി സ്കൂളിലാണ് പ്രാരംഭ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അറബിയും പാർസിയും പഠിച്ചു. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം നിയമ ബിരുദം നേടി. 1883 മുതൽ അലഹബാദിൽ പ്രാക്ടീസും ആരംഭിച്ചു. ജ്യേഷ്ഠൻ നന്ദലാൽ മരിച്ചതോടെ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടിവന്നു. ചുരുങ്ങിയകാലം കൊണ്ടുതന്നെ നല്ലൊരു വക്കീലെന്ന പേർ ലഭിച്ചു. 1900-ൽ ചർച്ച് റോഡിൽ സ്ഥലം വാങ്ങി അവിടെയുണ്ടായിരുന്ന കെട്ടിടം പുതുക്കിപണിത് 'ആനന്ദഭവൻ' എന്ന പേരും കൊടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരം നടക്കുന്ന കാലമായിരുന്നു അത്. രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുവാൻ അദ്ദേഹം തീരുമാനിച്ചു.

1907-ൽ ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡന്റായി. മിന്റോ-മോർലി ഭരണ പരിഷ്കരമനുസരിച്ച് 1909-ൽ നിലവിൽ വന്ന സംസ്ഥാന നിയമസഭയിൽ മോത്തിലാൽ അംഗമായിരുന്നു. 1919-ൽ ജാലിയൻവാലബാഗ് സംഭവത്തിൽ നിരായുധരായ ധാരാളം ആൾക്കാർ തോക്കിനിരയായത് അദ്ദേഹത്തെ ക്ഷുഭിതനാക്കി. 1919-ൽ അമൃത്സറിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷനായി. ജാലിയൻവാലബാഗിൽ നടന്ന കൂട്ടക്കൊലയെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. വെയിൽസ് രാജകുമാരന്റെ ഇന്ത്യ സന്ദർശന ബഹിഷ്കരണവുമായി ബന്ധപ്പെട്ട് ജയിലിലായി. ജയിൽ മോചിതനായ അദ്ദേഹം കോൺഗ്രസ് കമ്മിറ്റിയുടെ അഖിലേന്ത്യ സെക്രട്ടറിയായി.

1922-ൽ മോത്തിലാലും ചിത്തരഞ്ജൻ ദാസും ചേർന്ന് സ്വരാജ് പാർട്ടി രൂപീകരിച്ചു. ഇന്ത്യക്ക് പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് സ്വരാജ് പാർട്ടിക്കാർ വാദിച്ചു. 1928-ലെ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിലും മോത്തിലാൽ നെഹ്രുവായിരുന്നു അദ്ധ്യക്ഷൻ. തന്റെ വസതിയായ ആനന്ദഭവൻ മോത്തിലാൽ കോൺഗ്രസിൻ സമ്മാനിച്ചു. ഉപ്പ് നിയമ ലംഘന സമരവുമായി ബന്ധപ്പെട്ട് 1930-ൽ ജയിലിലായി. ആരോഗ്യം മോശമായതിനാൽ ഉടനെതന്നെ മോചനം ലഭിച്ചു. 1931 ഫെബ്രുവരി 6-ന് അദ്ദേഹം അന്തരിച്ചു.

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

'അതിർത്തി ഗാന്ധി' - ഈ പേരിൽ പ്രശസ്തനായ ഖാൻ അബ്ദുൽ ഗഫർ ഖാൻ മഹാനായ സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയൻ ആദർശങ്ങൾ പകർത്തിയ വ്യക്തിയുമായിരുന്നു. ഇപ്പോൾ പാക്കിസ്ഥാനിലുള്ള വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശത്ത് 1890 ലാണ് ജനനം. പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്നു. ബ്രിട്ടീഷുകാർ നാട്ടുകാരെ അപമാനിക്കുന്നതിൽ പ്രതിഷേധിച്ച് സൈന്യത്തിൽ നിന്ന് രാജിവച്ചു. 1919 ൽ റൗലത്ത് നിയമത്തിനെതിരെ സമരം ചെയ്ത് ജയിലിലായി. അഫ്ഗാനിലെ പത്താൻ വംശജരുടെ നേതാവായിരുന്ന ഗാഫർ ഖാൻ 1920 ലാണ് ഇന്ത്യയിലെത്തിയത്. മഹാത്മാഗാന്ധിയുടെ സന്തതസഹചാരിയായിരുന്ന ഗാഫർ ഖാൻ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ അതിർത്തിക്കപ്പുറമെത്തിച്ചു. അങ്ങനെ ഇന്ത്യക്കാർക്ക് അദ്ദേഹം അതിർത്തി ഗാന്ധിയായി. 'ബാദ്ഷാഖാൻ' എന്നും അറിയപ്പെട്ടിരുന്നു.

ദൈവത്തിന്റെ ഭൃത്യജനം എന്നർഥം വരുന്ന 'ഖുദാകിത് മത്ഹാർ' എന്ന സംഘടന രൂപീകരിച്ചു. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് സർക്കാരിന്റെ തടവുകാരനും പിന്നീട് പാകിസ്ഥാൻ സർക്കാരിന്റെ തടവുകാരനുമായി. മുസ്‌ലിംകൾക്ക് പ്രത്യേക രാജ്യം വേണമെന്ന വാദത്തെ അദ്ദേഹം എതിർത്തിരുന്നു. ഇന്ത്യാവിഭജനത്തോടെ പാകിസ്ഥാൻ പൗരനായെങ്കിലും ഇന്ത്യയുമായുള്ള ആത്മബന്ധം പുലർത്തിപ്പോന്നു. 1987 ലാണ് അദ്ദേഹത്തിന് ഭാരതരത്നം ലഭിക്കുന്നത്. 1988 ജനുവരി 20 ന് പെഷാവറിൽ അന്തരിച്ചു.

ആനി ബസന്റ്

1847 ഒക്ടോബർ ഒന്നാം തീയതി ലണ്ടനിൽ ആനി ബസന്റ് ജനിച്ചു. പിതാവായ വില്യം പി വുഡ് ആനിക്ക് എട്ടു വയസ്സുള്ളപ്പോൾ മരിച്ചു. കുടുംബനാഥന്റെ മരണത്തിനുശേഷം ആനിയുടെ അമ്മ ഒരു സത്രം നടത്തി അതിൽ നിന്ന് ലഭിച്ച പണം ആനിയുടെ വിദ്യാഭ്യാസത്തിന് ഉപയോഗിച്ചു. ഉറച്ച മതവിശ്വാസിയായിരുന്ന തന്റെ അമ്മ, ഫ്രാങ്ക് ബസന്റ് എന്ന വൈദികനെ 1866-ൽ വിവാഹം കഴിച്ചു. പക്ഷേ ആ ദാമ്പത്യം അധികകാലം നിലനിന്നില്ല. 1879-ൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി ബോട്ടണിയിൽ ഒന്നാം ക്ലാസോടെ വിജയിച്ചു. ബ്ലവസ്കി എന്നൊരു റഷ്യക്കാരിയുമായുള്ള അടുപ്പം ആനിയെ തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമാക്കി. തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിതമായത് 1875-ൽ ആണ്. അതിന്റെ പ്രവർത്തനങ്ങൾ 1878-ലാണ് ഇന്ത്യയിൽ തുടങ്ങിയത്. 1893 സെപ്റ്റംബർ ചിക്കാഗോയിൽ നടന്ന ലോകമത സമ്മേളനത്തിൽ തിയോസഫിക്കൽ സൊസൈറ്റി പ്രതിനിധിയായി ആനി പങ്കെടുത്തു. 1893-ൽ തന്നെ അവർ ഇന്ത്യയിലുമെത്തി. 1896-ൽ വീണ്ടും ഇന്ത്യയിലെത്തി ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ സ്കൂൾ, കോളേജ് എന്നിവയിൽ സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചു.

ഓൾക്കട്ടാണ് തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകാധ്യക്ഷൻ. അദ്ദേഹത്തിന്റെ മരണശേഷം തന്റെ മരണം വരെ ആനി ബസന്റ് ഈ സംഘടനയുടെ അദ്ധ്യക്ഷ പദവി വഹിച്ചു. 1914 മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവയായ അവർ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി വാദിച്ചു. ഹൈന്ദവ സംസ്കാരത്തെക്കുറിച്ച് ആഴമായ അറിവ് അവർക്കുണ്ടായിരുന്നു. ഇന്ത്യൻ സംസ്കാരം, പാരമ്പര്യം എന്നിവ ആനിയെ വളരെ ആകർഷിച്ചിരുന്നു. "ഹോം റൂൾ ലീഗ്" എന്ന പ്രസ്ഥാനം ലോകമാന്യ തിലകന്റെ സഹായത്തോടെ അവർ ആരംഭിച്ചു. തിയോസഫിക്കൽ സൊസൈറ്റി എന്ന സംഘടനയിലൂടെ വിലമതിക്കാനാവാത്ത സേവനങ്ങൾ വിദ്യാഭ്യാസ, സാമൂഹ്യമേഖലകളിൽ അവർ സംഭാവന നൽകി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1919-ലെ കൊൽക്കത്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പത്രപ്രവർത്തകയായിരുന്ന അവർ "ന്യൂ ഇന്ത്യ" പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായും പ്രവർത്തിച്ചു. ഇന്ത്യയിൽ സ്കൗട്ട് പ്രസ്ഥാനം വളരെ വിപുലീകരിച്ചു. 1931 മുതൽ മദ്രാസിലെ അഡയാറിൽ പൂർണ്ണ വിശ്രമത്തിലായിരുന്ന അവർ 86-ാം വയസ്സിൽ 1933 സെപ്റ്റംബർ 20-ന് അന്തരിച്ചു.

സി ശങ്കരൻ നായർ

ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളായ മലയാളിയാണ് ചേറ്റൂർ ശങ്കരൻ നായർ എന്ന സർ സി. ശങ്കരൻ നായർ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായ ഏക മലയാളിയാണ് സി. ശങ്കരൻ നായർ. 2001 ജൂലൈ ആറിന് അദ്ദേഹത്തെ ഭാരതം തപാൽ സ്റ്റാമ്പിലൂടെ ആദരിച്ചു. പാലക്കാട് മങ്കരയിൽ തഹസിൽദാരായിരുന്ന രാമുണ്ണി പണിക്കരുടെ മകനായി 1857 ജൂലൈ 11 നാണ് സി. ശങ്കരൻ നായരുടെ ജനനം. 1880 ൽ അദ്ദേഹം അഡ്വക്കേറ്റായി പ്രാക്ടീസ് തുടങ്ങി. മദ്രാസ് സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറൽ, ഹൈക്കോടതി ജഡ്ജി, വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം എന്നീ പദവികളിലൊക്കെ മഹത്തായ സേവനമാണ് ശങ്കരൻ നായർ കാഴ്ചവച്ചത്. 1887 ലെ കോൺഗ്രസ് സമ്മേളനത്തോടെ അദ്ദേഹം കോൺഗ്രസിലെ സജീവ അംഗമായി. 1897 ലെ അമരാവതി സമ്മേളനത്തിലാണ് അദ്ദേഹത്തെ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയെ തുടർന്ന് എക്സിക്യൂട്ടീവ് കൗൺസിൽ അംഗത്വം രാജിവച്ച ശങ്കരൻ നായർ ഗാന്ധിജിയുടെ നിയമലംഘന പ്രസ്ഥാനത്തിനെതിരെ നിരന്തരം എഴുതി. സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ വിഭജിക്കണമെന്ന് 1926 ൽ ആദ്യമായി അഭിപ്രായപ്പെട്ടത് ശങ്കരൻ നായരായിരുന്നു. 1908 മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നകന്ന അദ്ദേഹം 1934 ഏപ്രിൽ 22 ന് അന്തരിച്ചു.


Post a Comment

0 Comments
Post a Comment (0)