സ്വാതന്ത്ര്യാനന്തര ഇന്ത്യ
സംസ്ഥാന പുനരേകീകരണം
1950 ജനുവരി 26ന് നിലവിൽവന്ന ഇന്ത്യൻ ഭരണഘടന പ്രകാരം, സംസ്ഥാനങ്ങൾ പാർട്ട്-എ, പാർട്ട്-ബി, പാർട്ട്-സി എന്നിങ്ങനെയാണ് ഉണ്ടായിരുന്നത്.
പാർട്ട്-എ സംസ്ഥാനങ്ങൾ - അസം, പശ്ചിമ ബംഗാൾ, ബിഹാർ, ബോംബെ, മധ്യപ്രദേശ്, മദ്രാസ്, ഒറീസ, പഞ്ചാബ്, ഉത്തർപ്രദേശ് (യുണൈറ്റഡ് പ്രൊവിൻസസ്).
പാർട്ട്-ബി സംസ്ഥാനങ്ങൾ - ഹൈദരാബാദ്, ജമ്മുകശ്മീർ, മൈസൂർ, മധ്യഭാരത്, പട്യാല ആൻഡ് ഈസ്റ്റ് പഞ്ചാബ് സ്റ്റേറ്റ്സ് യൂണിയൻ, രാജസ്ഥാൻ, സൗരാഷ്ട്ര, തിരുവിതാംകൂർ - കൊച്ചി
പാർട്ട്-സി സംസ്ഥാനങ്ങൾ - അജ്മീർ, ഭോപ്പാൽ, കൂർഗ്, ഹിമാചൽ പ്രദേശ്, കച്ച്, മണിപ്പുർ, ത്രിപുര, ഡൽഹി, വിന്ധ്യ പ്രദേശ്
ഭാഷാ സംസ്ഥാനങ്ങൾ
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്കരിക്കാനുള്ള മുറവിളികൾ, സ്വാതന്ത്ര്യാനന്തരം തന്നെ ഉയർന്നിരുന്നു. തെലുങ്ക് സംസാരിക്കുന്നവർക്കായി പ്രത്യേക സംസ്ഥാനം എന്ന ആവശ്യമുന്നയിച്ച് ആന്ധ്രയിലെ പോറ്റി ശ്രീരാമുലു, 1952 ഒക്ടോബർ 19ന് ചെന്നൈയിൽ നിരാഹാരസമരം തുടങ്ങി. 1952 ഡിസംബർ 16ന് അദ്ദേഹം അന്തരിച്ചു. ഇതിനെത്തുടർന്ന് ഡിസംബർ 19ന് പുതിയ സംസ്ഥാനം രൂപവത്കരിക്കുന്ന കാര്യം പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പ്രഖ്യാപിച്ചു. 1953 ഒക്ടോബർ ഒന്നിന് ആന്ധ്രാ സംസ്ഥാനം നിലവിൽവന്നു. 1956 നവംബർ ഒന്നിനാണ് തെലങ്കാന ഭാഗങ്ങളും ചേർത്ത് ഹൈദ്രബാദ് തലസ്ഥാനമായി ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപംകൊണ്ടത്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്കരണത്തിനായി 1953 ഡിസംബറിൽ ഫസൽ അലി കമ്മിഷനെ നിയമിച്ചു. ൽ.എം.പണിക്കർ, എച്ച്.എൻ.കുൻസ്റു എന്നിവരായിരുന്നു കമ്മിഷനിലെ മറ്റംഗങ്ങൾ. കമ്മിഷന്റെ ശുപാർശയെ തുടർന്ന് 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസ്സംഘടിപ്പിച്ചു. 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വന്നു. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിൽ നിലവിൽവന്ന ആദ്യ സംസ്ഥാനമാണ് ആന്ധ്ര.
ബംഗ്ലാദേശിന്റെ പിറവി
1970ൽ നടന്ന പാകിസ്ഥാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ, കിഴക്കൻ പാകിസ്ഥാനിലെ 169ൽ 167 സീറ്റുകളും അവാമി ലീഗ് നേടി. 313 അംഗ പാർലമെൻറിൽ, കേവലഭൂരിപക്ഷത്തിനിത് മതിയാവുമായിരുന്നു. അവാമി ലീഗ് നേതാവ് ഷെയ്ക്ക് മുജിബുർ റഹ്മാൻ സർക്കാർ രൂപവത്കരിക്കാൻ അവകാശവാദമുന്നയിച്ചു. എന്നാൽ പ്രസിഡന്റ് യാഹ്യാഖാൻ ഇതിനു തയ്യാറാവാതെ, കിഴക്കൻ പാകിസ്ഥാനിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കുകയാണുണ്ടായത്. തുടർന്ന് മുജിബുർ റഹ്മാനെ അറസ്റ്റ് ചെയ്തു. കിഴക്കൻ പാകിസ്ഥാനിൽ വ്യാപകമായ അടിച്ചമർത്തലുകൾ നടന്നു. 1971 മാർച്ച് 27ന് പാകിസ്ഥാനി സേനയിൽ മേജറായിരുന്ന സിയാവുർ റഹ്മാൻ മുജിബുർ റഹ്മാന്റെ പേരിൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1971 ഏപ്രിലിൽ അവാമി ലീഗ് നേതാക്കൾ പ്രവാസി സർക്കാരിന് രൂപംകൊടുത്തു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി നിലയുറപ്പിച്ച പട്ടാളക്കാരും സാധാരണക്കാരും ചേർന്ന് 'മുക്തിബാഹിനി' എന്ന ഗറില്ല ഗ്രൂപ്പിന് രൂപം നൽകി. 1971 ഏപ്രിലോടെ, പശ്ചിമബംഗാൾ, ബിഹാർ, അസം, മേഘാലയ, ത്രിപുര സംസ്ഥാനങ്ങൾ ബംഗ്ലാദേശ് അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. മുക്തിബാഹിനി ഗറില്ലകളെ പരിശീലിപ്പിക്കാനായി ഇന്ത്യൻ സേനയും ക്യാമ്പുകൾ തുറന്നു.
1971 ഡിസംബർ മൂന്നിന് പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ വ്യോമാക്രമണം ആരംഭിച്ചു. തുടർന്ന് ഇന്ത്യയും തിരിച്ചടിച്ചു. ഇന്ത്യൻ സേനയും മുക്തിബാഹിനിയും ചേർന്ന 'മിത്ര ബാഹിനി'യാണ് കിഴക്കൻ പാകിസ്ഥാനിൽ യുദ്ധരംഗത്തിറങ്ങിയത്. കര-നാവിക-വ്യോമ യുദ്ധങ്ങളിലെല്ലാം ഇന്ത്യ പാകിസ്ഥാനെ നിഷ്പ്രഭമാക്കി. 1971 ഡിസംബർ 16ന് കിഴക്കൻ പാകിസ്ഥാൻ സേന കീഴടങ്ങി; അടുത്ത ദിവസം പാകിസ്ഥാനും. 1971 ഡിസംബർ 16 ന് വൈകീട്ട് 4.30 ന് കിഴക്കൻ പാകിസ്ഥാൻ സേനയുടെ കീഴടങ്ങൽ രേഖയിൽ ഇന്ത്യൻ സേനയുടെ കിഴക്കൻ മേഖല കമാൻഡിങ് - ഇൻ - ചീഫ് ലഫ്റ്റനന്റ് ജനറൽ ജഗ്ജിത് സിങ് അറോറയും പാകിസ്ഥാന്റെ ലഫ്.ജനറൽ എ.എ.കെ.നിയാസിയും ഒപ്പിട്ടു. നിയാസി ഉൾപ്പെടെ 90000 ത്തോളം പാക് സൈനികരെ ഇന്ത്യ യുദ്ധത്തടവുകാരാക്കി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഏറ്റവും കൂടുതൽ യുദ്ധത്തടവുകാരുണ്ടായ സന്ദർഭമായിരുന്നു ഇത്.
ദേശീയ അടിയന്തരാവസ്ഥ, 1975
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ 21 മാസം നീണ്ട ദേശീയ അടിയന്തരാവസ്ഥ. 1975 ജൂൺ 12 നുണ്ടായ അലഹബാദ് ഹൈക്കോടതിയുടെ ഒരു വിധിയാണ് അടിയന്തരാവസ്ഥയിലേക്കു നയിച്ചത്. 1971ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി പ്രധാന എതിർസ്ഥാനാർഥിയായിരുന്ന ബി.എൽ.ഡി നേതാവ് രാജ്നാരായൺ നൽകിയ ഹർജി കോടതി അനുഭാവപൂർവം പരിഗണിച്ചു. തിരഞ്ഞെടുപ്പിൽ ഇന്ദിര, ഗവൺമെന്റ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തെന്ന് ജസ്റ്റിസ് ജഗ് മോഹൻ ലാൽ സിൻഹ കണ്ടെത്തി. ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ച കോടതി, ആറുവർഷത്തേക്ക് അവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കി. ഇന്ദിരയുടെ തിരഞ്ഞെടുപ്പുപ്രചാരണ യോഗത്തിൽ സ്റ്റേജ് നിർമിച്ചത് സംസ്ഥാന പോലീസായിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ പ്രചാരണത്തിൽ പങ്കെടുത്തു തുടങ്ങിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു കോടതിവിധി. പ്രധാനമന്ത്രി പദത്തിൽനിന്ന് ഇന്ദിരയെ തടഞ്ഞ കോടതി, മറ്റൊരു സംവിധാനം ഉണ്ടാവുംവരെ 20 ദിവസം പദവിയിൽ തുടരാനും അവരെ അനുവദിച്ചു. രാജിവെക്കുന്നതിനു പകരം, രാഷ്ട്രപതിയോട് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിരാഗാന്ധി നിർദേശിച്ചു. 1975 ജൂൺ 26ന്, രാവിലെ ഏഴുമണിയോടെ രാഷ്‌ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ഭരണഘടനയുടെ വകുപ്പ് 352 പ്രകാരം രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തി. ഓരോ ആറുമാസത്തിലും അടിയന്തരാവസ്ഥ നീട്ടാനുള്ള ഇന്ദിരാഗാന്ധിയുടെ നിർദ്ദേശം രാഷ്‌ട്രപതി അനുസരിച്ചു. 1977 മാർച്ച് 21ന് ആക്ടിങ് പ്രസിഡന്റ്, ബി.ഡി.ജട്ടി അടിയന്തരാവസ്ഥ പിൻവലിച്ചു. 1977 മാർച്ച് മധ്യത്തോടെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ജനുവരി 18ന് ഇന്ദിര പ്രഖ്യാപിച്ചു. എന്നാൽ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലാദ്യമായി കോൺഗ്രസിതര സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തി. ഉത്തർപ്രദേശിലെ റായ് ബറേലി മണ്ഡലത്തിൽ ഇന്ദിരാഗാന്ധി, 55,202 വോട്ടിന് രാജ് നാരായണനോട് തോറ്റു.
വിദേശനയം
ലോകത്തെ എല്ലാ ജനവിഭാഗത്തിന്റെയും സൗഖ്യവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന വലിയ ദൗത്യം ഏറ്റെടുത്തുകൊണ്ട് എല്ലാവരുമായും സൗഹൃദപരമായ സഹകരണമാണ് നമ്മുടെ ലക്ഷ്യം, ആരുമായും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിന് ഞങ്ങൾ തയാറല്ലെന്നാണ് ലോക രാജ്യങ്ങളോടുണർത്താനുള്ളത് എന്നത് ഇന്ത്യൻ വിദേശനയത്തിനെ കുറിച്ച് 1947ലെ ജവഹർലാൽ നെഹ്റുവിന്റെ പ്രസംഗത്തിലെ വരികളാണ്. ഇന്ത്യൻ വിദേശനയത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ജവഹർലാൽ നെഹ്റുവാണ്.
അന്തർദേശീയ സാഹചര്യം
• ഒരു രാജ്യത്തിനകത്തും പുറത്തുമുള്ള സാഹചര്യങ്ങൾ വിദേശബന്ധത്തെ സ്വാധീനിക്കുന്നു.
• ഒരു രാജ്യത്തിന് പുറത്തുള്ള ലോകസാഹചര്യങ്ങളെ അന്തർദേശീയ സാഹചര്യം എന്നു വിളിക്കുന്നു.
• അന്തർദേശീയവും ദേശീയവുമായ സാഹചര്യങ്ങളുടെ സ്വാധീനഫലമായാണ് വിദേശനയം രൂപപ്പെടുന്നത്.
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്ന കാലഘട്ടത്തിലെ അന്തർദേശീയ സാഹചര്യങ്ങൾ
രണ്ടാലോകമഹായുദ്ധം കഴിഞ്ഞതിനു ശേഷമുള്ള കാലഘട്ടം. ലോകത്തെ രണ്ട് വൻശക്തികളായി അമേരിക്കയും സോവിയറ്റ് യൂണിയനും ഉയർന്നു വരുന്ന സാഹചര്യം. കോളനി ഭരണത്തിൽ നിന്നും കൂടുതൽ രാഷ്ട്രങ്ങൾ സ്വതന്ത്രമാകുന്ന കാലം. സ്വാതന്ത്ര്യം നേടിയ പല രാഷ്ട്രങ്ങളും തങ്ങളെ സഹായിക്കാൻ തയാറായ വൻശക്തി രാഷ്ട്രങ്ങളുടെ വിദേശനയം പിന്തുടരാൻ തയ്യാറാവുകയോ നിർബന്ധിതരാകുകയോ ചെയ്‌തു. ഇത് ലോകരാഷ്ട്രങ്ങളെ അമേരിക്ക നേതൃത്വം നൽകിയ മുതലാളിത്ത ചേരിയും സോവിയറ്റ് യൂണിയൻ നേതൃത്വം നൽകിയ കമ്മ്യൂണിസ്‌റ്റ് ചേരിയും എന്നിങ്ങനെ രണ്ട് ചേരികളിലാക്കി. രണ്ട് ചേരികളും പരസ്‌പരം ശത്രുതയിലാകുകയും അത് ശീതസമര കാലഘട്ടത്തിന് തുടക്കം കുറിക്കുകയും ചെയ്‌തു.
ചേരിചേരാ നയം
സ്വാതന്ത്യ്രത്തിനു മുമ്പു തന്നെ ഇന്ത്യൻ ദേശീയ നേതാക്കൾക്കും മറ്റ് കോളനികളിലെ ദേശീയ നേതാക്കൾക്കുമിടയിൽ ബന്ധങ്ങളുണ്ടായിരുന്നു. സാമ്രാജ്യത്വത്തിനും കോളനിവാഴ്ചക്കുമെതിരായ പൊതുവായ പോരാട്ടം എന്ന സമാനതയാണ് ഇവരെ യോജിപ്പിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമി (INA) രൂപീകരിച്ചത് ഇന്ത്യയ്ക്കും വിദേശ ഇന്ത്യക്കാർക്കുമിടയിൽ സ്വാതന്ത്ര്യ സമരകാലത്തുണ്ടായിരുന്ന ബന്ധത്തിന്റെ ഉത്തമോദാഹരണമാണ്. ഐക്യരാഷ്ട്രസഭയുടെ സ്ഥാപനം, ആണവായുധങ്ങളുടെ നിർമാണം, കമ്മ്യൂണിസ്‌റ്റ് ചൈനയുടെ ആവിർഭാവം അപകോളനീകരണത്തിന്റെ ആരംഭം തുടങ്ങിയ സംഭവവികാസങ്ങൾക്കും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. അതിനാൽ നിലനിന്നിരുന്ന അന്തർദേശീയ പശ്ചാത്തലത്തിൽ ഇന്ത്യയുടെ നേതൃത്വത്തിന്, ദേശീയ താൽപര്യങ്ങൾ പിന്തുടരേണ്ടതുണ്ടായിരുന്നു. അന്തർദേശീയ സാഹചര്യങ്ങൾ വളരെ വ്യത്യസ്തമായ രീതിയിൽ ഇന്ത്യയുടെ വിദേശനയത്തെ സ്വാധീനിച്ചു.
മിക്കരാജ്യങ്ങളും ഈ രണ്ടു ചേരിയിൽ ഏതിലെങ്കലും ചേരാൻ തയാറായെങ്കിൽ, ഇന്ത്യയുടെ നേതൃത്വത്തിൽ ഏഷ്യയിലെയും ആഫ്രിക്കയിലെയും ചില രാജ്യങ്ങൾ രണ്ട് ചേരിയിലും ചേരുന്നില്ല എന്ന നയം സ്വീകരിച്ചു. അങ്ങനെ ചേരിചേരാനയം ഇന്ത്യൻ വിദേശനയത്തിന്റെ അടിസ്‌ഥാനമായി.
ചേരിചേരാനയം സ്വീകരിക്കുന്നതിന് കാരണമായ ദേശീയ സാഹചര്യങ്ങൾ
• രാഷ്ട്രത്തിന്റെ വിഭജനവും അതിനെത്തുടർന്നുണ്ടായ രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങളും.
• സാമ്പത്തികമായ പിന്നാക്കാവസ്ഥയും വിഭവദാരിദ്ര്യവും.
• സാമ്പത്തികവളർച്ചയിൽ ഇന്ത്യ വളരെ പിന്നിലായിരുന്നു.
• രൂക്ഷമായ ദാരിദ്ര്യവും തൊഴിലില്ലായ്മയും രാജ്യത്ത് നിലനിന്നു.
ഈ സാഹചര്യത്തിൽ രണ്ട് ചേരികളുടേയും സഹായം ഇന്ത്യയ്ക്കു ആവശ്യമായിരുന്നു. രണ്ട് ചേരികളുടേയും സഹായം വാങ്ങിയെടുക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ നയം ഇന്ത്യ തിരിച്ചറിയുകയും അത് നമ്മുടെ വിദേശ നയത്തിൽ പ്രതിഫലിക്കുകയും ചെയ്‌തു. ചേരികളിലൊന്നും ചേരാതെയുള്ള സ്വതന്ത്രമായ വിദേശനയമാണ് ചേരിചേരാനയം. സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയം രണ്ട് ചേരിയോടും തുല്യമായ അകലവും എല്ലാ രാജ്യങ്ങളോടും സൗഹൃദവുമാണ് ഉദ്ദേശിക്കുന്നത്. വികസ്വര രാഷ്ട്രങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക താൽപര്യങ്ങൾക്ക് ഊന്നൽ കൊടുക്കുന്നതായിരുന്നു ഈ നയം. ശീതസമരത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും ഇന്ത്യയുടെ ദേശീയ താൽപര്യം സംരക്ഷിക്കുന്നതിനും ഏറ്റവും അനുയോജ്യമായ നയമായി ചേരിചേരാ നയത്തെ വിലയിരുത്തപ്പെട്ടു.
വിദേശനയ രൂപീകരണത്തിൽ നെഹ്റുവിന്റെ പങ്ക്
പ്രധാനമന്ത്രി നെഹ്റുവായിരുന്നു ഇന്ത്യൻ വിദേശ നയത്തിന്റെ ശിൽപ്പി. വിദേശകാര്യ വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. മൂന്ന് ലക്ഷ്യങ്ങളായിരുന്നു ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിൽ നെഹ്റുവിന്റെ മുമ്പിലുണ്ടായിരുന്നത്.
• ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുക.
• രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുക
• സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക
ചേരിചേരാ പ്രസ്‌ഥാനത്തിലൂടെ ആഫ്രോ-ഏഷ്യൻ ഐക്യം സാധ്യമാക്കിക്കൊണ്ടാണ് ചേരിചേരാ നയം എന്ന ആശയത്തിലേക്ക് നെഹ്റു നീങ്ങിയത്. ആഫ്രോ-ഏഷ്യൻ ഐക്യത്തിനും ചേരിചേരാ പ്രസ്ഥാനത്തിനും നെഹ്റു നൽകിയ സംഭാവനകൾ വലുതാണ്.
ആഫ്രോ-ഏഷ്യൻ സഖ്യം
ഇന്ത്യയുടെ വിദേശനയരൂപീകരണത്തിലൂടെ നെഹ്‌റുവും ഇന്ത്യയും അന്തർദേശീയ രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ഏഷ്യയിലെയും ആഫ്രിക്കയിലേയും രാജ്യങ്ങളുടെ ഐക്യം ഉറപ്പിച്ചുകൊണ്ടാണ് നെഹ്റു ചേരിചേരാ പ്രസ്ഥാന രൂപീകരണത്തിനുള്ള ചുവടുവയ്‌പുകൾ ആരംഭിച്ചത്. നെഹ്റുവിന്റെ കാലഘട്ടത്തിൽ ഇന്ത്യ, ആഫ്രിക്കയിലേയും ഏഷ്യയിലെയും രാജ്യങ്ങളുമായി ദൃഢമായ വിദേശ ബന്ധങ്ങൾക്ക് തുടക്കം കുറിച്ചു. നെഹ്റു ഏഷ്യൻ ഐക്യത്തിന്റെ വക്താവായിരുന്നു. ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുമ്പ് തന്നെ 1947 മാർച്ചിൽ ഡൽഹിയിൽ ഏഷ്യൻ റിലേഷൻസ് കോൺഫറൻസ് വിളിച്ചുകൂട്ടി. ഇന്തോനേഷ്യൻ സ്വാതന്ത്യ്രത്തിനു വേണ്ടി 1949 ൽ ഒരു ഇന്റർനാഷണൽ കോൺഫറൻസ് വിളിച്ചു കൂട്ടി. വർണ്ണ വിവേചനത്തെ പാടെ എതിർത്തു. ഇന്തോനേഷ്യൻ നഗരമായ ബാന്ദുങ്ങിൽ 1955-ൽ നടന്ന ആഫ്രോ-ഏഷ്യൻ സമ്മേളനം പുതുതായി സ്വാതന്ത്ര്യം നേടിയ ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളുമായി ഇന്ത്യ നിലനിർത്തിയ സൗഹൃദത്തിന്റെ തെളിവാണ്. ഈ സമ്മേളനമാണ് പിന്നീട് ചേരിചേരാ പ്രസ്‌ഥാനത്തിന്റെ രൂപീകരണത്തിന് വഴി തെളിച്ചത്. ചേരിചേരാ പ്രസ്‌ഥാനത്തിന്റെ ഒന്നാമത്തെ ഉച്ചകോടി 1961 സെപ്റ്റംബറിൽ യൂഗോസ്ലാവിയൻ തലസ്‌ഥാനമായ ബൽഗ്രേഡിൽ വച്ച് നടന്നു. ചേരിചേരാ പ്രസ്‌ഥാനത്തിന്റെ സ്‌ഥാപക നേതാക്കളിൽ ഒരാളായിരുന്നു നെഹ്റു.
ചൈനയുമായുളള സമാധാനവും സംഘർഷവും
സ്വതന്ത്ര ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം തുടക്കത്തിൽ സൗഹൃദപരമായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന നെഹ്റുവും ചൈനീസ് പ്രീമിയറായിരുന്ന ചൗ എൻ ലായിയും പഞ്ചശീല തത്വങ്ങൾ ഒപ്പ് വെച്ചത് 1954 ഏപ്രിൽ 29 ലാണ്.
പഞ്ചശീലതത്വങ്ങളിലെ നിർദ്ദേശങ്ങൾ
• രാജ്യത്തിന്റെ അതിർത്തിയും പരമാധികാരവും പരസ്‌പരം അംഗീകരിക്കുക
• പരസ്‌പരം ആക്രമിക്കാതിരിക്കുക
• ആഭ്യന്തര കാര്യങ്ങളിൽ പരസ്‌പരം ഇടപെടാതിരിക്കുക
• സമത്വവും പരസ്‌പര സഹായവും പുലർത്തുക
• സമാധാനപരമായ സഹവർത്തിത്വം പാലിക്കുക
നെഹ്റു ചൈനയെ ഇന്ത്യയുടെ നല്ല സുഹൃത്തായി കണ്ട് അവർക്ക് എല്ലാവിധ പിന്തുണയും നൽകി. നെഹ്റു ചൈനയിൽ നിന്നും ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും വല്ലഭായ് പട്ടേലിനെപോലുള്ള അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഈ വിഷയത്തിൽ ആശങ്കാകുലരായിരുന്നു.
1962 ലെ ചൈനീസ് ആക്രമണം
1962 ൽ ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധമുണ്ടാകുന്നതിന് കാരണമായ പ്രധാന വിഷയങ്ങൾ
1. ടിബറ്റൻ പ്രശ്നം
2. അതിർത്തി തർക്കം
1. ടിബറ്റൻ പ്രശ്നം
ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ സ്വതന്ത്രമായി നിലനിൽക്കാൻ ആഗ്രഹിച്ച പ്രദേശമാണ് ടിബറ്റ്. ചൈന ടിബറ്റിനെ ആക്രമിച്ച് അതിന്റെ ഭാഗമാക്കിയത് 1959 ലാണ്. ഇതിനെതിരെ ടിബറ്റിൽ പ്രക്ഷോഭം ആരംഭിച്ചു. ഈ പ്രക്ഷോഭങ്ങളെ ചൈന ശക്തമായി അടിച്ചൊതുക്കാൻ ശ്രമിച്ചു. ഇന്ത്യ അതിനെ അപലപിക്കുകയും ടിബറ്റൻ ജനതയുടെ സ്വാതന്ത്ര്യവും സംസ്കാരവും അടിച്ചമർത്തുന്നതിൽ അസ്വസ്‌ഥമാകുകയും ചെയ്തു. 1959ൽ ചൈനീസ് ആക്രമണത്തിൽ നിന്നും രക്ഷ നേടി ടിബറ്റൻ ജനതയുടെ ആത്മീയ നേതാവായ ദലൈലാമ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടി. ഇദ്ദേഹത്തിന് അഭയം നൽകുന്നതിനെ ചൈന എതിർത്തെങ്കിലും, ഇന്ത്യ അത് നിരാകരിക്കുകയും അദ്ദേഹത്തിന് അഭയം നൽകുകയും ചെയ്തു. ഇത് ചൈനാ വിരുദ്ധപ്രവർത്തനമായി ചൈന കാണുകയും ഇരു രാജ്യവും തമ്മിലുള്ള യുദ്ധത്തിന് പ്രധാന കാരണമായി മാറുകയും ചെയ്തു.
2. അതിർത്തി തർക്കം
ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നം കോളനി ഭരണകാലത്തു തന്നെ പരിഹരിച്ചതായുള്ള ഇന്ത്യയുടെ അവകാശവാദം അംഗീകരിക്കാൻ ചൈന തയാറായില്ല. ജമ്മു കാശ്മീരിൽ വരുന്ന ലഡാക്ക് മേഖലയിലെ അക്‌സായ് ചിൻ പ്രദേശവും, ഇന്നത്തെ അരുണാചൽപ്രദേശ് സംസ്‌ഥാനത്തിന്റെ (NEFA –North Eastern Frontier Agency) ചില ഭാഗങ്ങളിലും ചൈന അവകാശ വാദം ഉന്നയിച്ചു. ഇന്ത്യ-ചൈന ചർച്ചകൾ നടന്നുവെങ്കിലും പരിഹാരമൊന്നും ഉണ്ടായില്ല. ഈ പ്രശ്‌നവും അവർ യുദ്ധത്തിന് കാരണമാക്കി. 1962 ഒക്ടോബറിൽ ചൈന കാശ്മീരിലെ അക്സായി ചിൻ മേഖലയിലും അരുണാചൽ പ്രദേശിന്റെ ഭാഗങ്ങളിലും ഒരേസമയം ആക്രമണം നടത്തി. ഏക പക്ഷീയമായി ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചത് 1962 ഡിസംബറിലാണ്. തികച്ചും അപ്രതീക്ഷിതമായ ചൈനയുടെ അക്രമണം ഇന്ത്യയെ വിവിധ തരത്തിൽ ബാധിച്ചു. ചൈനീസ് ആക്രമണം ഇന്ത്യയ്ക്കകത്തും പുറത്തും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു.
പ്രതിസന്ധി തരണം ചെയ്യുവാൻ, രണ്ട് ശാക്തിക ചേരികളിലേയും നേതൃത്വത്തോട് സഹായം തേടേണ്ടിവന്നു. അമേരിക്കയിൽ നിന്നും, ബ്രിട്ടനിൽ നിന്നും കാര്യമായ സഹായമൊന്നും ലഭിക്കാതെ വരുകയും, സോവിയറ്റ് യൂണിയൻ തികഞ്ഞ മൗനം പാലിക്കുകയും ചെയ്‌തതോടുകൂടി ഇന്ത്യ തികച്ചും ഒറ്റപ്പെട്ടു. നെഹ്റുവിന്റെ നേതൃത്വത്തിനും വിദേശനയത്തിനും കടുത്ത വിമർശനം ഇന്ത്യയ്ക്കുള്ളിലുണ്ടായി. ലോകസഭയിൽ ഗവൺമെന്റിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടു. പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഒട്ടേറെ സൈനിക ഉദ്യോഗസ്‌ഥരും രാജ്യരക്ഷാമന്ത്രി വി.കെ.കൃഷ്ണമേനോനും രാജിവെക്കേണ്ടിവന്നു. യുദ്ധത്തിന് ശേഷം ലോക്സഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാർട്ടി പല മണ്ഡലങ്ങളിലും പരാജയപ്പെട്ടു. ചൈനീസ് ആക്രമണം പ്രതിപക്ഷത്തെയും ബാധിച്ചു. കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (CPI) പിളർപ്പിന് ഇത് വഴിതെളിച്ചു. ലോക കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിന്റെ നേതാവായി ചൈനയെ അംഗീകരിച്ച് ചൈനീസ് കമ്മ്യൂണിസത്തോട് ആഭിമുഖ്യം പുലർത്തിയവർ CPIയിൽ നിന്നും പിളർന്ന് CPI (M) എന്ന പുതിയ പാർട്ടിയ്ക്ക് രൂപം നൽകി. ലോക കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിന്റെ നേതാവായി സോവിയറ്റ് യൂണിയനെ അംഗീകരിച്ച് അതിനോട് ആഭിമുഖ്യം പുലർത്തിയവർ CPI ആയി തുടർന്നു. ഇന്ത്യയിൽ ദേശീയബോധം ശക്തിപ്പെടുത്തുവാനും, ചൈനയുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയുടെ വികസനത്തിനും ശാക്തീകരണത്തിനും വഴിതെളിച്ചു.
ഇന്ത്യാ - ചൈന ബന്ധങ്ങൾ 1962ന് ശേഷം
യുദ്ധാനന്തരം ഇന്ത്യാ-ചൈനാ ബന്ധം സാധാരണ നിലയിലാകാൻ ഒരു ദശാബ്ദത്തിൽ കൂടുതൽ വേണ്ടി വന്നു. 1976-ൽ രണ്ട് രാജ്യങ്ങളും തമ്മിൽ പൂർണ നയതന്ത്രബന്ധം പുനഃസ്‌ഥാപിച്ചു. 1979-ൽ വിദേശകാര്യമന്ത്രി എ.ബി.വാജ്പേയി ചൈന സന്ദർശിച്ചു. 1984-ൽ അധികാരത്തിൽ വന്ന രാജീവ് ഗാന്ധിയാണ് നെഹ്റുവിന് ശേഷം ചൈന സന്ദർശിച്ച ആദ്യ പ്രധാനമന്ത്രി. രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ഇരു രാജ്യങ്ങളും വ്യാപാര വാണിജ്യ ബന്ധങ്ങൾ വിപുലപ്പെടുത്താൻ ശ്രമിക്കുന്നു.
പാകിസ്ഥാനുമായുള്ള യുദ്ധങ്ങളും സമാധാനവും
ഇന്ത്യ-പാകിസ്‌ഥാൻ വിഭജനം കഴിഞ്ഞയുടൻ തന്നെ കാശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്‌ഥാനും തമ്മിൽ യുദ്ധസമാനമായ അന്തരീക്ഷം 1947ൽ ഉണ്ടായി. കാശ്‌മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ പരിഗണനയ്ക്കായി നിർദ്ദേശിക്കപ്പെട്ടു. കാശ്‌മീർ ഒരു പ്രശ്‌നമായി രണ്ട് രാജ്യങ്ങൾക്കുമിടയിലായി നിലനിന്നെങ്കിലും, രണ്ട് ഗവൺമെന്റുകളും തമ്മിലുള്ള സഹകരണത്തിന് അത് തടസ്സമായില്ല. വിഭജന കാലത്ത് തട്ടിക്കൊണ്ടുപോയ സ്ത്രീകളേയും കുട്ടികളേയും പുനരധിവസിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും സഹകരിച്ചു. സിന്ധൂ നദീജലം പങ്കിടുന്നതിന് 1960ൽ ഇന്ത്യയും പാകിസ്ഥാനും സിന്ധു നദീജലക്കരാറിൽ ഒപ്പുവെച്ചു.
1965 ലെ യുദ്ധം
1965ൽ പാക് സൈന്യത്തിന്റെ ഓപ്പറേഷൻ ജിബ്രാൾട്ടറിനെതിരെ ഇന്ത്യ ശക്തമായ സൈനികനടപടിയെടുത്തു. കാശ്മീരിനെച്ചൊല്ലിത്തന്നെയായിരുന്നു സംഘർഷം. ഇത് രണ്ടാം ഇന്ത്യ - പാക് യുദ്ധം എന്നിങ്ങനെ അറിയപ്പെടുന്നു. 1965 ഓഗസ്റ്റ് അഞ്ചിനാരംഭിച്ച് സെപ്റ്റംബർ 23ന് അവസാനിച്ച സംഘർഷത്തിൽ ഇരുഭാഗത്തും കനത്ത നാശനഷ്ടങ്ങളുണ്ടായി. അന്നത്തെ വൻശക്തികളായിരുന്ന സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും ഇടപെടലിനെത്തുടർന്ന് വെടിനിർത്തൽ നടപ്പിലാക്കി. പ്രസിദ്ധമായ താഷ്കെന്റ് കരാർ ഇതിന്റെ ഭാഗമാണ്. 1966 ജനുവരി 10ന് സോവിയറ്റ് യൂണിയന്റെ ഭാഗമായ താഷ്‌ക്കെന്റിൽവെച്ച് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാക് പ്രസിഡന്റ് അയൂബ് ഖാനും കരാറിലൊപ്പിട്ടു.
1971 ലെ യുദ്ധം
1971 ലെ യുദ്ധത്തിന് കാരണം ഇന്നത്തെ ബംഗ്ലാദേശ് (കിഴക്കൻ പാകിസ്ഥാൻ) രൂപപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ്. വിജയത്തിനു ശേഷം കിഴക്കൻ പാകിസ്ഥാന് ഭരണം നൽകാൻ തയാറാകാത്തത് വൻ ജനകീയ പ്രക്ഷോഭത്തിന് കാരണമായി. ജനവികാരം മാനിക്കാതെ ഷേക് മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്യുകയും പ്രക്ഷോഭങ്ങളെ ശക്തമായി അടിച്ചമർത്തുകയും ചെയ്തു. ഇതേ തുടർന്ന് കിഴക്കൻ പാകിസ്ഥാൻ ജനത ആ പ്രദേശത്തെ 'ബംഗ്ലാദേശ്' എന്ന പേരിൽ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയും പാകിസ്ഥാൻ സൈന്യത്തിനെതിരെ ശക്തമായി പോരാടുകയും ചെയ്തു. ഇന്ത്യൻ സൈന്യം കിഴക്കൻ പാകിസ്ഥാനിൽ കടന്ന് പടിഞ്ഞാറൻ പാകിസ്ഥാനെതിരെ 1971 ഡിസംബറിൽ യുദ്ധം നടത്തി. തുടർന്ന് 1971ൽ ബംഗ്ലാദേശ് എന്ന രാജ്യം നിലവിൽ വന്നു. ബംഗ്ലാദേശിലെ ആദ്യ പ്രധാനമന്ത്രിയായി ഷേക്ക് മുജീബുർ റഹ്മാൻ (1972 ൽ) അധികാരമേറ്റു. 1972 ജൂലൈ 3ന് സിംലാകരാർ ഒപ്പിട്ടു. പാകിസ്ഥാൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയും ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമാണ് സിംല കരാർ ഒപ്പു വെച്ചത്.
കാർഗിൽ യുദ്ധം
1999ൽ പാകിസ്ഥാൻ പട്ടാളത്തിന്റെ സഹായത്തോടെ തീവ്രവാദികൾ അതിർത്തി നിയന്ത്രണ രേഖ ലംഘിച്ച് കാശ്മീരിലെ 'കാർഗിൽ' മേഖലയിൽ നുഴഞ്ഞ് കയറി. ഇന്ത്യ-പാക് സംഘർഷത്തിന് ഇത് കാരണമായി. ഇത് കാർഗിൽ മേഖലയിൽ മാത്രം ഒതുങ്ങി നിന്ന ഒരു സംഘർഷമായിരുന്നു. പാകിസ്‌ഥാൻ പട്ടാളവും മുജാഹിദീൻ തീവ്രവാദികളും പിടിച്ചെടുത്ത കാർഗിൽ മേഖല ഇന്ത്യൻ പട്ടാളം തിരിച്ചു പിടിച്ചു.
ഇന്ത്യയുടെ ആണവ നയം
1940-കളുടെ ഒടുവിൽ ഹോമി.ജെ.ബാബയുടെ നേതൃത്വത്തിലാണ് ഇന്ത്യ ആണവമേഖലയിൽ പഠനവും ഗവേഷണവും ആരംഭിച്ചത്. 1974ൽ ഇന്ത്യയിൽ ആദ്യത്തെ ആണവ വിസ്ഫോടനം നടത്തി. ലോകത്തെ 5 ആണവശക്തികളും, ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുമായ യു.എസ്, യു.കെ, യു.എസ്.എസ്. ആർ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ 1968 ലെ ആണവനിർവ്യാപന കരാർ മറ്റു രാജ്യങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു.
ഇന്ത്യയുടെ ആണവ നയത്തിന്റെ സവിശേഷതകൾ
ഇന്ത്യ ആണവോർജ്ജത്തിന് അനുകൂലവും ആണവായുധങ്ങൾക്കെതിരുമായിരുന്നു. ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിന് പ്രാധാന്യം നൽകി. ആണവ പരീക്ഷണങ്ങൾ നടത്തുവാനുള്ള അധികാരം വൻശക്തികൾക്കുമാത്രമായി പരിമിതിപ്പെടുത്തുന്ന കരാറിനെ (Nuclear Non-Proliferation Treaty (NPT) - ആണവ നിർവ്യാപനകരാർ) എതിർത്തു. വികസിത രാജ്യങ്ങളുൾപ്പെടെ എല്ലാ രാജ്യങ്ങളും ഘട്ടംഘട്ടമായി ആണവ നിരായുധീകരണത്തിന് തയാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. 1998ലാണ് ഇന്ത്യയുടെ രണ്ടാമത്തെ ആണവ പരീക്ഷണം നടന്നത്. 1995 ൽ NPT അനിശ്ചിതമായ ദീർഘിപ്പിക്കുന്നതിനെ ഇന്ത്യ എതിർക്കുകയും സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി (Comprehensive Test Ban Treaty) ഒപ്പു വെയ്ക്കാൻ വിസമ്മതിച്ചു. അമേരിക്ക ലോകത്തിലെ ഏക മേധാവിത്വ ശക്തിയായി മാറിയതിന്റെ പ്രധാന കാരണം സോവിയറ്റ് യൂണിയന്റെ തകർച്ചയാണ്. 'ഇന്ത്യൻ ദേശരക്ഷയ്ക്കായി മാത്രം ആണവായുധങ്ങൾ' എന്നതാണ് ഇന്ത്യയുടെ നയം. ഒരു കാരണവശാലും ആണവായുധങ്ങൾ ഇന്ത്യ 'ആദ്യം പ്രയോഗിക്കില്ല എന്ന തത്വം' സ്വയം പ്രഖ്യാപിച്ചിട്ടുണ്ട് (Credible Minimum Nuclear Deterrence ൽ).
മണ്ഡൽ കമ്മിഷൻ റിപ്പോർട്ട്
സാമൂഹിക പരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ തിരിച്ചറിയാനും അവർക്ക് ആവശ്യമായ സംവരണം ഏർപ്പെടുത്താനുമായി കേന്ദ്ര ഗവൺമെന്റ് രൂപംനൽകിയ കമ്മിഷനായിരുന്നു മണ്ഡൽ കമ്മിഷൻ. 1979 ജനുവരി ഒന്നിന് ജനതാ ഗവൺമെന്റിന്റെ കാലത്ത് രൂപവത്കരിച്ച ഈ കമ്മിഷന്റെ ചെയർമാൻ ഭണ്ഡേശ്വരി പ്രസാദ് മണ്ഡൽ ആയിരുന്നു. 1980 ഡിസംബറിൽ കമ്മിഷൻ ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചു. ഇന്ത്യയിലെ മൊത്തം ജനസംഖ്യയിൽ 54 ശതമാനം ജനങ്ങൾ (എസ്.സി, എസ്.ടി വിഭാഗങ്ങൾ ഒഴികെ) 3743 ഓളം ജാതികളിലുൾപ്പെടുന്നവരാണെന്ന് കമ്മിഷൻ രേഖപ്പെടുത്തി.