ഭാഗം 2 - പൗരത്വം (അനുഛേദം 5 - 11)

Arun Mohan
0

ഭാഗം 2 - പൗരത്വം (അനുഛേദം 5-11)

സ്വതന്ത്ര ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ ഭരണഘടനയുടെ രണ്ടാംഭാഗത്ത് ആർട്ടിക്കിൾ 5 മുതൽ 11 വരെ പ്രതിപാദിക്കുന്നു. എന്നാൽ ഇതിൽ 1950 ജനുവരി 26ന് ആരൊക്കെ ഇന്ത്യൻ പൗരന്മാർ ആയിരിക്കുമെന്നു മാത്രമേ വിശദീകരിക്കുന്നുള്ളൂ. തുടർനിയമങ്ങൾക്ക് ഭരണഘടന പാർലമെന്റിനെ ചുമതലപ്പെടുത്തി. അതനുസരിച്ച് തയ്യാറാക്കിയ 1955ലെ പൗരത്വനിയമമാണ് ഏതെല്ലാം ആളുകൾ ഇന്ത്യൻ പൗരന്മാരായിക്കുമെന്ന് വിശദീകരിക്കുന്നത്. ഏകപൗരത്വവ്യവസ്ഥയാണ് ഭരണഘടന അനുവദിക്കുന്നത്. ഇന്ത്യൻ ഭൂപ്രദേശത്ത് ജനിച്ചവരും മാതാപിതാക്കൾ ഇന്ത്യൻ ഭൂപ്രദേശത്ത് ജനിച്ചവരും, ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും ഇന്ത്യയിൽ സാധാരണ താമസക്കാരായിരിക്കുന്നവരും ഇന്ത്യൻ പൗരത്വത്തിന് അർഹരാണെന്ന് ഭരണഘടനയുടെ ഭാഗം രണ്ടിൽ ആർട്ടിക്കിൾ അഞ്ചിൽ വ്യക്തമാക്കുന്നു.

ഭരണഘടന നിലവിൽവരുമ്പോൾ പാകിസ്താന്റെ ഭൂപ്രദേശത്തുനിന്ന് ഇന്ത്യയിലേക്ക് കുടിയേറിയവരെയും ഇന്ത്യൻ പൗരന്മാരായി കണക്കാക്കി. ഇങ്ങനെയുള്ളവർ 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരമുള്ള ഇന്ത്യൻ ഭൂപരിധിയിൽ ജനിച്ചവരോ അങ്ങനെയുള്ളവരുടെ മക്കളോ മക്കളുടെ മക്കളോ ആയിരിക്കണം. 1948 ജൂലൈ 19നു മുൻപ് കുടിയേറിയവർ കുടിയേറ്റത്തിനുശേഷം ഇന്ത്യയിലെ സ്ഥിരതാമസക്കാരാണെങ്കിൽ പൗരത്വം നൽകാം. 1948 ജൂലൈ 19നോ അതിനുശേഷമോ ഇന്ത്യയിലേക്ക് കുടിയേറിയവർക്ക് ചുമതലപ്പെട്ട അധികാരിക്ക് അപേക്ഷ നൽകി പൗരത്വം സ്വീകരിക്കാം. 1947 മാർച്ച് 1ന് ശേഷം ഇന്ത്യൻ ഭൂപ്രദേശത്തുനിന്ന് പാകിസ്താന്റെ ഭൂപ്രദേശത്തേക്ക് കുടിയേറി താമസിച്ചവർക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടാവില്ല. വിദേശരാജ്യത്ത് പൗരത്വം സ്വീകരിച്ചവർക്ക് ഇന്ത്യൻ പൗരത്വത്തിന് അവകാശമുണ്ടായിരിക്കില്ല.

Post a Comment

0 Comments
Post a Comment (0)