ഇന്ത്യൻ ഭരണഘടനയുടെ നാൾ വഴികൾ
ഇന്ത്യൻ
ഭരണഘടനയുടെ രൂപികരണത്തിൽ സ്വാധീനം ചെലുത്തിയ ബ്രിട്ടീഷ് നിയമങ്ങളെ പ്രധാനമായും
രണ്ട് തലക്കെട്ടുകൾക്ക് കീഴിലാണ് നിർവചിച്ചിരിക്കുന്നത്.
1. കമ്പനി ഭരണം (1773-1858),
2. കിരീട ഭരണം (1858-1947)
1. കമ്പനി നിയമത്തിൽ ഉൾപ്പെട്ട പ്രധാന നിയമങ്ങൾ
* റെഗുലേറ്റിംഗ്
ആക്‌ട് (1773)
* പിറ്റ്സ്
ഇന്ത്യ ആക്‌ട് (1784)
* ചാർട്ടർ
ആക്‌ട് (1793)
* ചാർട്ടർ
ആക്‌ട് (1813)
* ചാർട്ടർ
ആക്‌ട് (1833)
* ചാർട്ടർ
ആക്‌ട് (1853)
റെഗുലേറ്റിംഗ്
ആക്‌ട് (1773)
ഇംഗ്ലീഷ്
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും, കമ്പനിയെ
നിയന്ത്രിക്കുന്നതിനുമായി ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ആദ്യത്തെ നിയമമാണ്
റെഗുലേറ്റിംഗ് ആക്ട് (1773). ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രാഷ്ട്രീയവും ഭരണപരവുമായ
നിയന്ത്രണ രേഖകൾ ഈ നിയമത്താൽ നിർവചിക്കപ്പെട്ടു. ഇന്ത്യയിൽ കേന്ദ്രീകൃത ഭരണത്തിന്
അടിത്തറയിട്ടതും ഈ നിയമമാണ്. റെഗുലേറ്റിംഗ് ആക്ട് പ്രകാരം ഗവർണർ ഓഫ് ബംഗാൾ എന്നത്
ഗവർണർ ജനറൽ ഓഫ് ബംഗാൾ എന്നായി. ആദ്യത്തെ ഗവർണർ ജനറലായി വാറൻ ഹേസ്റ്റിംഗ്സ്
നിയമിതനാകുകയും ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോടതി സ്ഥാപിതമാകാൻ
കാരണമായ നിയമവും റെഗുലേറ്റിംഗ് ആക്ടാണ്. 1774 (കൊൽക്കത്ത) ലാണ് ഇന്ത്യയിൽ
സുപ്രീംകോടതി സ്ഥാപിതമായത്. ഒരു ചീഫ് ജസ്റ്റിസും 3 ജഡ്ജിമാരും ഉൾപ്പെട്ട
ന്യായാധിപവൃന്ദമായിരുന്നു ഈ സുപ്രീം കോടതിയിൽ ഉണ്ടായിരുന്നത്. സർ. എലീജ ഇംപെയായിരുന്നു
കൊൽക്കത്ത സുപ്രീംകോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്. കമ്പനിയുടെ ഗവേണിംഗ് ബോഡിയായ
'കോർട്ട് ഓഫ് ഡയറക്ടേഴ്സ്' എന്ന ഭരണ സംഘം
കമ്പനിയുടെ വരുമാനം, പ്രവർത്തനരീതി, ഇന്ത്യയിലെ
സൈനിക കാര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ബ്രിട്ടീഷ് ഗവൺമെന്റിന് യഥാ സമയം
റിപ്പോർട്ടുകൾ നൽകണമെന്ന് ഈ നിയമം അനുശാസിച്ചു. 1773-ലെ റെഗുലേറ്റിംഗ് ആക്‌ടിന്റെ
അപാകതകൾ പരിഹരിക്കുന്നതിനായി 1781-ൽ ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ നിയമമാണ്
Amending Act of 1781 (Act of
Settlement എന്നും അറിയപ്പെടുന്നു).
പിറ്റ്സ് ഇന്ത്യ ആക്ട് (1784)
പിറ്റ്സ് ഇന്ത്യ നിയമം 1784 ന്റെ മറ്റൊരു പേരാണ് ഈസ്റ്റ്
ഇന്ത്യാ കമ്പനി നിയമം. 1773 ലെ റെഗുലേറ്റിംങ് നിയമത്തിന്റെ പോരായ്‌മകൾ പരിഹരിക്കാൻ
ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമമാണ് പിറ്റ്സ് ഇന്ത്യ നിയമം. വില്യം
പിറ്റായിരിക്കുന്നു പിറ്റ്സ് ഇന്ത്യ നിയമം പാസാക്കുന്ന സമയത്തെ ബ്രിട്ടീഷ്
പ്രധാനമന്ത്രി. വാറൻ ഹേസ്റ്റിംഗ്‌സായിരുന്നു പിറ്റ്സ് ഇന്ത്യ നിയമം പാസാക്കുന്ന
സമയത്തെ ഗവർണർ ജനറൽ. ഈസ്റ്റിന്ത്യാ കമ്പനിയുടെ വാണിജ്യ രാഷ്ട്രീയ പ്രവർത്തനങ്ങൾ
തമ്മിൽ വേർതിരിച്ച നിയമമായിരുന്നു ഇത്. കമ്പനിയുടെ ഭരണകർത്താക്കളായ 'കോർട്ട് ഓഫ് ഡയറക്ടേഴ്സി’ന് വാണിജ്യ
പ്രവർത്തനങ്ങൾക്കുമേലുള്ള അധികാരം നിലനിർത്തിക്കൊണ്ടു തന്നെ കമ്പനിയുടെ രാഷ്ട്രീയ
കാര്യങ്ങൾ കൈകാര്യം ചെയ്യാൻ 'ബോർഡ് ഓഫ് കൺട്രോൾ' എന്ന മറ്റൊരു ബോഡി കൂടി രൂപീകരിക്കണമെന്ന് ഈ നിയമം നിഷ്കർഷിച്ചു. അങ്ങനെ
വാണിജ്യപരവും രാഷ്ട്രീയവുമായ ദ്വിതല ഭരണരീതി നടപ്പിലാക്കാൻ ഈ നിയമം
പ്രേരകമായിത്തീർന്നു.
ഇതോടെ കമ്പനിയുടെ വിവിധ പ്രവർത്തനങ്ങൾക്കുമേൽ നിയന്ത്രണം
ചെലുത്താനുള്ള പരമാധികാരം ബോർഡ് ഓഫ് കൺട്രോളിൽ നിക്ഷിപ്തമായി. ഇന്ത്യയുടെ തലസ്ഥാനം
കൽക്കട്ടയിലേക്ക് ഏകീകരിക്കപ്പെട്ടു. കമ്പനിയുടെ അധീനതയിലുള്ള ഇന്ത്യൻ പ്രദേശങ്ങൾ 'ഇന്ത്യയിലുള്ള ബ്രിട്ടന്റെ കൈവശ
വസ്തുക്കൾ' (British possessions in India) എന്ന നിർവ്വചന പരിധിയിൽ വരാൻ ഈ നിയമം കാരണമായി. ബ്രിട്ടീഷ്
ഗവൺമെന്റിന് ഇന്ത്യയിലെ കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളിലും ഭരണത്തിലും പരമാധികാരം
കൈവരാൻ കാരണമായി. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ബ്രിട്ടീഷ് ഭരണ സംവിധാനങ്ങളുടെയും
അധികാര പരിധി നിർവചിക്കുന്നതുമായി ബന്ധപ്പെട്ട് കാരണത്താൽ പിറ്റ്സ് ഇന്ത്യ ആക്ട്
പരാജിതമായി.
ചാർട്ടർ ആക്‌ട് (1813)
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാര കുത്തക അവസാനിപ്പിച്ച
നിയമം. എന്നാൽ ചൈനയുമായുള്ള വ്യാപാരത്തിലും തേയില വ്യാപാരത്തിലും കമ്പനി അവരുടെ
കുത്തക നിലനിർത്തിയിരുന്നു. ജനങ്ങളെ പ്രബുദ്ധരാക്കുക എന്ന ഉദ്ദേശത്തോടെ ക്രിസ്ത്യൻ
മിഷണറിമാരെ ഇന്ത്യയിലേക്ക് വരാൻ ഈ നിയമം അനുവദിച്ചു. വ്യക്തികളുടെ മേൽ നികുതി
ചുമത്താൻ ഇന്ത്യയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയതും ഈ നിയമമാണ്.
ചാർട്ടർ ആക്‌ട് (1833)
1833 -ൽ ചാട്ടർ ആക്ട് പ്രകാരം ബംഗാൾ ഗവർണർ ജനറലിനെ ഇന്ത്യയുടെ ഗവർണർ ജനറൽ ആയി
നിയമിച്ചു. ഈ നിയമ പ്രകാരം ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറലായത് വില്യം ബെന്റിക്
പ്രഭുവാണ്. ഈ നിയമപ്രകാരം ഒരു വാണിജ്യ സ്ഥാപനമെന്ന നിലയിൽ ഈസ്റ്റിന്ത്യാ
കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ചു പകരം പൂർണ്ണമായും ഒരു ഭരണ നിർവ്വഹണ
സ്ഥാപനമായി (അഡ്‌മിനിസ്‌ട്രേറ്റീവ് ബോഡി) മാറി. സിവിൽ സെർവന്റുകളുടെ
തെരഞ്ഞെടുപ്പിൽ പൊതുമത്സരത്തിന് ഈ നിയമം അവസരമൊരുക്കി (എന്നിരുന്നാലും കോർട്ട് ഓഫ്
ഡയറക്ടേഴ്സിന്റെ എതിർപ്പിനെ തുടർന്ന് ഈ സമ്പ്രദായം നടപ്പിലാക്കാൻ കഴിഞ്ഞില്ല).
ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി നിയമ കമ്മീഷൻ നിലവിൽ വന്നത് 1833 - ലെ ചാട്ടർ ആക്ട്
നിയമപ്രകാരമാണ്. ഇന്ത്യയിൽ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ചത് ലോർഡ് മെക്കാളെയാണ്.
ചാർട്ടർ
ആക്ട് (1853)
1793 മുതൽ 1853 വരെയുള്ള ചാട്ടർ നിയമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 1853 ലെ
ചാർട്ടർ ആക്ട്. ഇന്ത്യൻ ഭരണത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവായി
ഇതിനെ കണക്കാക്കുന്നു. സിവിൽ സർവ്വീസുകാരെ തിരഞ്ഞെടുക്കുന്ന കോമ്പറ്റീഷൻ
സമ്പ്രദായം ഈ നിയമം വ്യവസ്ഥവെച്ചു. ഇതുവഴി കൊവിനെറ്റഡ് സിവിൽ സർവ്വീസ് പരീക്ഷ
(കമ്പനി രൂപീകരിച്ച ഉയർന്ന സിവിൽ സർവ്വീസ് പരീക്ഷ) ഇന്ത്യാക്കാർക്കും എഴുതാൻ അവസരം
കിട്ടി. ഇതിനായി 'മെക്കാളെ കമ്മിറ്റി' എന്നൊരു
കൗൺസിലും 1854-ൽ രൂപീകരിക്കപ്പെട്ടു. 'കമ്മിറ്റി ഓഫ് ഇന്ത്യൻ
സിവിൽ സർവീസ് 'എന്നറിയപ്പെടുന്നത് മെക്കാളെ കമ്മിറ്റിയാണ്.
ഇന്ത്യൻ ലെജിസ്ലേറ്റീവ് കൗൺസിലിൽ ആദ്യമായി പ്രാദേശിക പ്രാതിനിധ്യം അനുവദിച്ച
നിയമമാണ് ചാർട്ടർ ആക്ട് (1853). ഗവർണർ ജനറലിന്റെ കൗൺസിലിലെ ആറിൽ നാല്
ലെജിസ്ലേറ്റീവ് മെമ്പർമാരെ നിയമിച്ചിരുന്നത് മദ്രാസ്, ബോംബെ,
ബംഗാൾ, ആഗ്ര എന്നീ പ്രവിശ്യകളിൽ
നിന്നായിരുന്നു.
2. ക്രൗൺ നിയമത്തിൽ ഉൾപ്പെട്ട പ്രധാന
നിയമങ്ങൾ
* 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
* ഇന്ത്യൻ
കൗൺസിൽ ആക്ട് (1861)
* ഇന്ത്യൻ
കൗൺസിൽ ആക്ട് (1892)
* ഇന്ത്യൻ
കൗൺസിൽ ആക്ട് (1909)
* ഗവൺമെന്റ്
ഓഫ് ഇന്ത്യാ ആക്ട് (1919)
* ഗവൺമെന്റ്
ഓഫ് ഇന്ത്യാ ആക്ട് (1935)
* ഇന്ത്യൻ
ഇൻഡിപെൻഡൻസ് ആക്ട് (1947)
ഗവൺമെന്റ്
ഓഫ് ഇന്ത്യാ ആക്ട് (1858)
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം/ ശിപായി ലഹളയ്ക്ക് ശേഷമാണ് ഈ സുപ്രധാന നിയമം
നടപ്പിലാക്കപ്പെട്ടത്. 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം ഇന്ത്യയുടെ
ഭരണം മുഴുവനായും ബ്രിട്ടീഷ് രാജ്ഞിയുടെ കീഴിലായി. ഈ നിയമ പ്രകാരം ഇന്ത്യൻ ജനതയെ
ഭരിക്കാനായി ബ്രിട്ടീഷ് ഗവൺമെന്റ് ഏർപ്പെടുത്തിയ പദവിയാണ് സെക്രട്ടറി ഓഫ്
സ്റ്റേറ്റ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്രിട്ടീഷ് ക്യാബിനറ്റിലെ അംഗമാണ്.
സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന ഉദ്യോഗസ്ഥന് സഹായികളായി പതിനഞ്ചംഗ കൗൺസിൽ
രൂപീകരിക്കപ്പെട്ടു. ഈ കൗൺസിലിന്റെ ചെയർമാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്നു.
ഈ നിയമപ്രകാരം അതുവരെ പ്രാബല്യത്തിലുണ്ടായിരുന്ന 'ഡബിൾ
ഗവൺമെന്റ് / വിമുഖ ഭരണ സംവിധാനം' നിർത്തലാക്കപ്പെട്ടു. ബോർഡ്
ഓഫ് കൺട്രോളും കോർട്ട് ഓഫ് ഡയറക്ടേഴ്‌സും നിർത്തലാക്കുക വഴിയാണ് ഡബിൾ ഗവൺമെന്റ്
സമ്പ്രദായം അവസാനിപ്പിച്ചത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിക്കാൻ
കാരണമായത് ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്‌ട് 1858 ആണ്. ഭരണമാറ്റത്തിന്റെ ഫലമായി
ദത്തവകാശ നിരോധന നിയമം പിൻവലിക്കപ്പെട്ടു. ആക്‌ട് ഫോർ : ഗുഡ് ഗവൺമെന്റ് ഓഫ് ഇന്ത്യ
എന്നും ഈ നിയമം അറിയപ്പെടുന്നു. ഇന്ത്യയിലെ ജനങ്ങളുടെ മാഗ്നാകാർട്ട
എന്നറിയപ്പെടുന്നത് ഗവൺമെന്റ് ഓഫ് ഇന്ത്യാ
ആക്‌ട് 1858 ആണ്. 1858 നവംബർ 1 ന് അലഹബാദിൽ ചേർന്ന ദർബാറിൽ വെച്ച് ബ്രിട്ടീഷ്
രാജ്ഞിയുടെ വിളംബരം വായിച്ചത് കാനിംഗ് പ്രഭുവായിരുന്നു. ഈ നിയമം പ്രാബല്യത്തിൽ
വന്നതോടെ ഗവർണർ ജനറൽ ഓഫ് ഇന്ത്യ, വൈസ്രോയി എന്ന പേരിൽ അറിയപ്പെടാൻ
തുടങ്ങി. ഇന്ത്യയിലെ ബ്രിട്ടീഷ് കിരീടത്തിന് നേരിട്ടുള്ള പ്രതിനിധിയായിരുന്നു
വൈസ്രോയി.
ഇന്ത്യൻ
കൗൺസിൽസ് ആക്ട് (1861)
പ്രതിനിധി
സഭകളിലെ നിയമനിർമ്മാണ പ്രക്രിയയിൽ ഇന്ത്യാക്കാരെയും ഉൾപ്പെടുത്തുന്നതിന്
തുടക്കമിട്ട നിയമമാണ് ഇന്ത്യൻ കൗൺസിൽസ് ആക്‌ട്, 1861. ഈ നിയമപ്രകാരം
വൈസ്രോയി തന്റെ വിപുലീകരിക്കപ്പെട്ട കൗൺസിലിൽ അനൗദ്യോഗിക അംഗങ്ങളായി ചില
ഇന്ത്യാക്കാരെക്കൂടി നാമനിർദ്ദേശം ചെയ്യണമെന്ന് വ്യവസ്ഥ ചെയ്‌തു. ബനാറസ് രാജാവ്,
പട്യാല മഹാരാജാവ്, സർ ദിനകർ റാവു
എന്നിവരായിരുന്നു 1861-ലെ ഇന്ത്യൻ കൗൺസിൽസ് ആക്‌ട് പ്രകാരം 1862-ൽ ലെജിസ്ലേറ്റീവ്
കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യാക്കാർ. 1773-ലെ റെഗുലേറ്റിംഗ് ആക്‌ട്
മുതൽ 1833 ലെ ചാർട്ടർ ആക്‌ടുവരെ പടിപടിയായി സ്ഥാപിക്കപ്പെട്ട കേന്ദ്രീകൃത ഭരണം
അവസാനിപ്പിക്കാൻ ഈ നിയമം കാരണമായി. ഈ നിയമപ്രകാരം 1862, 1886,
1897 എന്നീ വർഷങ്ങളിൽ യഥാക്രമം ബംഗാൾ, വടക്ക്
പടിഞ്ഞാറൻ പ്രവിശ്യകൾ, പഞ്ചാബ് എന്നിവിടങ്ങളിൽ പുതിയ
നിയമനിർമ്മാണ സമിതികൾ രൂപീകരിക്കപ്പെട്ടു. 1859-ൽ കാനിംഗ് പ്രഭു കൊണ്ടു വന്ന
പോർട്ട്ഫോളിയോ സിസ്റ്റത്തിന് അംഗീകാരം നൽകിയ നിയമമായിരുന്നു ഇത്. അടിയന്തരാവസ്ഥ
സമയങ്ങളിൽ 6 മാസകാലാവധിയോടെ ഓർഡിനൻസ് ഇറക്കാൻ വൈസ്രോയിക്ക് ഈ നിയമം അനുവാദം നൽകി.
ഇന്ത്യൻ
കൗൺസിൽസ് ആക്ട് (1892)
കേന്ദ്ര, പ്രവിശ്യ
നിയമനിർമ്മാണ സമിതികളിലെ അഡീഷണൽ അംഗങ്ങളുടെ (നോൺ-ഒഫീഷ്യൽ) എണ്ണം വർധിപ്പിക്കാൻ
കാരണമായ നിയമം. നിയമനിർമ്മാണ സമിതികളുടെ പ്രവർത്തനങ്ങൾ വർധിപ്പിച്ചു. (ബജറ്റ്
ചർച്ച ചെയ്യാനും എക്സിക്യൂട്ടീവിനോട് ചോദ്യങ്ങൾ ചോദിക്കാനുമുള്ള അധികാരം ലഭിച്ചു.
ഇന്ത്യൻ
കൗൺസിൽസ് ആക്‌ട് (1909)
ഇന്ത്യൻ
കൗൺസിൽസ് ആക്‌ട് 1909 അറിയപ്പെടുന്ന മറ്റോരു പേരാണ് മിന്റോ മോർലി ഭരണപരിഷ്‌കാരം. ഈ
ആക്ട് പാസാക്കിയപ്പോൾ ബ്രിട്ടീഷ് വൈസ്രോയിയായിരുന്നത് മിന്റോ പ്രഭുവും സ്റ്റേറ്റ്
സെക്രട്ടറിയായിരുന്നത് മോർലി പ്രഭുവുമായിരുന്നു.
ഈ
നിയമത്തിന്റെ സവിശേഷതകൾ
* സെൻട്രൽ,
പ്രൊവിൻഷ്യൽ ലെജിസ്ലേറ്റീവ് കൗൺസിലുകളുടെ അംഗസംഖ്യ വർധിപ്പിച്ചു.
* സെൻട്രൽ
ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗസംഖ്യ പതിനാറിൽ നിന്ന് അറുപതായി.
* വൈസ്രോയിയുടെയും
ഗവർണറുടെയും എക്സിക്യൂട്ടീവ് കൗൺസിലുകളിൽ ആദ്യമായി ഒരു ഇന്ത്യാക്കാരന്
പ്രാതിനിധ്യം ലഭിച്ചു.
* വൈസ്രോയിയുടെ
എക്‌സിക്യൂട്ടീവ് കൗൺസിലിലേക്ക് ഔദ്യോഗിക അംഗമായി നിയമിതനായ ആദ്യ
ഇന്ത്യാക്കാരനായിരുന്നു സത്യേന്ദ്ര പ്രസാദ് സിൻഹ (Law Member).
* പ്രത്യേക
നിയോജക മണ്ഡലം (Separate Electorate) എന്ന ആശയം അംഗീകരിച്ചുകൊണ്ട് മുസ്ലീം വിഭാഗങ്ങൾക്ക്
സാമുദായിക പ്രാതിനിധ്യം നൽകുന്ന സമ്പ്രദായം കൊണ്ടുവന്ന നിയമം.
ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്‌ട് (1919)
1917 ആഗസ്റ്റ് 20 ന് ബ്രിട്ടീഷ് ഗവൺമെന്റ് നടത്തിയ പ്രഖ്യാപനമാണ് 'ഉത്തരവാദിത്വബോധമുള്ള ഒരു ഗവൺമെന്റ് ഇന്ത്യയിൽ സ്ഥാപിക്കുക' എന്നത്. 1919 ഡിസംബർ 23ന് ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്‌ടിന് രാജകീയ അനുമതി
ലഭിച്ചു. മൊണ്ടേഗു - ചെംസ്‌ഫോർഡ് ഭരണപരിഷ്കാരം എന്നും ഈ നിയമം അറിയപ്പെടുന്നു.
ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്‌ട് 1919 നിലവിൽ വരുമ്പോൾ ചെംസ്ഫോർഡ് വൈസ്രോയിയും എഡ്‌വിൻ
മൊണ്ടേഗു സെക്രട്ടറി ഓഫ് സ്റ്റേറ്റുമായിരുന്നു.
ഈ
നിയമത്തിന്റെ സവിശേഷതകൾ
* ഈ
നിയമ പ്രകാരം പ്രവിശ്യകൾക്കുമേലുള്ള കേന്ദ്ര നിയന്ത്രണത്തിൽ ഇളവ് വരുത്തി.
* ഈ
നിയമ പ്രകാരം പ്രവിശ്യാ വിഷയങ്ങളെ (Provincial Subjects) രണ്ടായി വിഭജിച്ചു. അവ
അറിയപ്പെട്ടത് ട്രാൻസ്ഫേഡ്, റിസർവ്‌ഡ് എന്നിങ്ങനെയാണ്.
* ട്രാൻസ്‌ഫേഡ്
വിഷയങ്ങൾ നിയന്ത്രിച്ചത് (Administered)
ഗവർണറും (നിയമനിർമാണ സമിതിയുടെ ചുമതലയുള്ള
മന്ത്രിമാരുടെ സഹായത്തോടെ), റിസർവ്ഡ് വിഷയങ്ങൾ നിയന്ത്രിച്ചത് ഗവർണറും, ഗവർണറുടെ എക്‌സിക്യൂട്ടീവ് കൗൺസിലും ചേർന്നാണ്. ഈ
ഇരട്ടഭരണവ്യവസ്ഥ അറിയപ്പെട്ടത് ദ്വിഭരണം (Diarchy) എന്നാണ്.
* സ്ത്രീകൾക്ക്
വോട്ടവകാശം നൽകി.
* രാജ്യത്ത്
നേരിട്ടുള്ള തെരഞ്ഞെടുപ്പും ദ്വിസഭ സമ്പ്രദായവും മുന്നോട്ടുവച്ച നിയമം.
* ദ്വിമണ്ഡല
സമ്പ്രദായ (Bicameralism) പ്രകാരം ഇന്ത്യൻ ലെജിസ്ലേറ്റീവ് കൗൺസിലിനെ അപ്പർ ഹൗസ്
(കൗൺസിൽ ഓഫ് സ്റ്റേറ്റ്) എന്നും ലോവർ ഹൗസ് (ലെജിസ്ലേറ്റീവ് അസംബ്ലി) എന്നും
പേരുള്ള രണ്ട് സഭകളായി വേർതിരിച്ചു.
* നേരിട്ടുള്ള
തെരഞ്ഞെടുപ്പിലൂടെയാണ് ഭൂരിപക്ഷം അംഗങ്ങളും സഭയിൽ അംഗത്വം നേടിയിരുന്നത്.
ഭൂസ്വത്ത്, നികുതി, വിദ്യാഭ്യാസം
എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇലക്ഷന് വോട്ട് ചെയ്യാനുള്ള അവകാശം നൽകിയത്.
* വൈസ്രോയിയുടെ
എക്‌സിക്യൂട്ടീവ് കൗൺസിലിലുള്ള ആറ് അംഗങ്ങളിൽ കമാൻഡർ ഇൻ ചിഫ് ഒഴികെ മൂന്നു
പേരെങ്കിലും ഇന്ത്യാക്കാരായിരിക്കണമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്തു.
* ഈ
നിയമപ്രകാരം 'ഇന്ത്യ ഹൈക്കമ്മീഷണർ' എന്നൊരു
പുതിയ തസ്‌തിക ലണ്ടനിൽ സൃഷ്ടിക്കുകയും സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ ചില
പ്രവർത്തനങ്ങൾ ഈ ഉദ്യോഗസ്ഥൻ കൈമാറുകയും ചെയ്തു.
* 1926 ൽ സിവിൽ സെർവെന്റുകളെ റിക്രൂട്ട് ചെയ്യുന്നതിന് സെൻട്രൽ പബ്ലിക് സർവീസ്
കമ്മീഷൻ രൂപീകരിക്കാൻ ഈ നിയമം കാരണമായി.
* ഈ
നിയമം സെൻട്രൽ ബജറ്റിൽ നിന്ന് പ്രൊവിൻഷ്യൽ ബജറ്റിനെ വേർതിരിക്കുകയും പ്രവിശ്യ
നിയമനിർമ്മാണ സഭയ്ക്ക് അവരുടെ ബജറ്റുകൾ നടപ്പിലാക്കാൻ അധികാരം നൽകുകയും ചെയ്തു.
ഗവൺമെന്റ്
ഓഫ് ഇന്ത്യ ആക്‌ട് (1935)
ബ്രിട്ടീഷ്
പാർലമെന്റിൽ ഇന്ത്യയ്ക്കു വേണ്ടി പാസാക്കിയ ഏറ്റവും വലിയ നിയമമാണ് ഗവൺമെന്റ് ഓഫ്
ഇന്ത്യ ആക്‌ട് (1935). 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന് ആധാരമായത്,
* സൈമൺ
കമ്മീഷൻ റിപ്പോർട്ട്
* വട്ടമേശ
സമ്മേളനങ്ങളിലെ നിർദ്ദേശങ്ങൾ
* മൂന്നാം
വട്ടമേശ സമ്മേളനത്തിനുശേഷം 1933-ൽ ബ്രിട്ടീഷ് ഗവൺമെന്റ് പ്രസിദ്ധീകരിച്ച 'വൈറ്റ് പേപ്പർ".
ഇന്ത്യൻ
ഭരണഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു 1935 ലെ ഗവൺമെന്റ് ഓഫ്
ഇന്ത്യാ ആക്ട്. ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന നിയമമാണിത്.
സാമുവൽ ഹോറാണ് ഗവൺമെന്റ് ഓഫ് ഇന്ത്യാ
ആക്ട് - 1935 ന്റെ ശില്പി. വെല്ലിംഗ്‌ടൺ പ്രഭുവായിരുന്നു ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്‌ട്
- 1935 പാസ്സാക്കിയപ്പോൾ വൈസ്രോയി. ആക്ട് പ്രാബല്യത്തിൽ വന്നപ്പോൾ ഇന്ത്യയിലെ
വൈസ്രോയിരുന്നത് ലിൻ ലിത്‌ഗോവായിരുന്നു.
ഗവൺമെന്റ്
ഓഫ് ഇന്ത്യാ ആക്ട് 1935ന്റെ പ്രത്യേകതകൾ
* കേന്ദ്രത്തിന്റെയും
പ്രവിശ്യകളുടെയും അധികാരം നിർവചിക്കുന്ന ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്‌ട് 1935 ന്റെ വിഭാഗങ്ങൾ,
- കേന്ദ്രത്തിന്റെ
പ്രവർത്തനങ്ങളെ സംബന്ധിച്ച് 59 ഐറ്റങ്ങൾ ഉൾപ്പെട്ട ഫെഡറൽ ലിസ്റ്റ്.
- പ്രവിശ്യകളുടെ
പ്രവർത്തനങ്ങളെ സംബന്ധിച്ച് 54 ഐറ്റങ്ങൾ ഉൾപ്പെട്ട പ്രോവിൻഷ്യൽ ലിസ്റ്റ്.
- കേന്ദ്ര-പ്രവിശ്യാ
ഭരണങ്ങളുടെ പൊതുവായ വിശദാംശങ്ങൾ അടങ്ങിയ 36 ഐറ്റങ്ങൾ ഉൾപ്പെട്ട കൺകറൻറ് ലിസ്റ്റ്.
* ഈ
നിയമം പ്രവിശ്യകളിലെ ദ്വിതലഭരണം അവസാനിപ്പിച്ച് പ്രവിശ്യകൾക്ക് കൂടുതൽ
സ്വാതന്ത്ര്യം നൽകുന്ന 'പ്രൊവിൻഷ്യൽ ഓട്ടോണമി' എന്ന സംവിധാനം കൊണ്ടു വന്നു.
* ഭരണസിരാ
കേന്ദ്രത്തിൽ ദ്വിതല ഭരണം ആരംഭിക്കാൻ വ്യവസ്ഥ ചെയ്ത നിയമം.
* പതിനൊന്നിൽ
ആറ് പ്രവിശ്യകളിലും ദ്വിസഭ സമ്പ്രദായം നിർദ്ദേശിക്കപ്പെട്ടു.
* ബംഗാൾ,
ബോംബെ, മദ്രാസ്, ബീഹാർ,
ആസാം, യുണൈറ്റഡ് പ്രൊവിൻസ് എന്നിവിടങ്ങളിൽ
ലെജിസ്ലേറ്റീവ് കൗൺസിലും (അപ്പർഹൗസ്) ലെജിസ്ലേറ്റീവ് അസംബ്ലിയും (ലോവർ ഹൗസ്)
രൂപീകരിക്കപ്പെട്ടു.
* അധഃസ്ഥിത
വിഭാഗങ്ങൾ (പട്ടികജാതി വിഭാഗങ്ങൾ), സ്ത്രീകൾ, തൊഴിലാളികൾ എന്നിവർക്ക് പ്രത്യേക ഇലക്ടറേറ്റുകൾ രൂപീകരിക്കാൻ ഈ നിയമം
കാരണമായി.
* ആകെ
ജനസംഖ്യയുടെ 10 ശതമാനത്തിനുകൂടി വോട്ടവകാശം ലഭിച്ചു.
* ഗവൺമെന്റ്
ഓഫ് ഇന്ത്യാ ആക്‌ട് -1858 ലൂടെ പ്രഖ്യാപിതമായ കൗൺസിൽ ഓഫ് ഇന്ത്യ എന്ന പ്രയോഗം
അസാധുവാക്കി സ്റ്റേറ്റ് സെക്രട്ടറിക്ക് ഒരു ഉപദേശക സമിതി ഉണ്ടായിരിക്കണമെന്ന് ഈ
നിയമം നിർദ്ദേശിച്ചു.
* ഫെഡറൽ
പബ്ലിക് സർവീസ് കമ്മീഷൻ, പ്രൊവിൻഷ്യൽ പബ്ലിക് സർവീസ് കമ്മീഷൻ,
ജോയിന്റ് പബ്ലിക് സർവീസ് കമ്മീഷൻ എന്നിവയുടെ രൂപീകരണത്തിന്
നിർദ്ദേശങ്ങൾ നൽകി.
* ഇന്ത്യയിൽ
ഒരു ഫെഡറൽ കോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്‌തു. (1937 ഒക്ടോബർ 1ന് ഡൽഹിയിൽ
സ്ഥാപിതമായ ഫെഡറൽ കോടതി 1950 ജനുവരി 28 മുതൽ ഇന്ത്യയുടെ സുപ്രീം കോടതിയായി
അറിയപ്പെട്ടു)
* ഇന്ത്യൻ
ഭരണഘടനയുടെ 'ബ്ലൂപ്രിന്റ്' എന്നറിയപ്പെടുന്നു.
* റിസർവ്
ബാങ്ക് ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന് പ്രചോദനമേകി.
* ബോംബെ,
ബീഹാർ എന്നീ പ്രവിശ്യകളിൽ നിന്നും യഥാക്രമം സിന്ധ്, ഒറീസ എന്നീ ഭാഗങ്ങൾ വേർതിരിച്ചു.
* ബർമ്മയെ
ഇന്ത്യയിൽ നിന്നും പൂർണ്ണമായി വേർതിരിച്ചു (1937).
* 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്‌ടിൽ 321 സെക്ഷൻസും 10 ഷെഡ്യൂളുമാണ്
ഉണ്ടായിരുന്നത്.
* ഇന്ത്യൻ
റെയിൽവെയെ നിയന്ത്രിക്കാൻ ഒരു ഫെഡറൽ റെയിൽവെ അതോറിറ്റി രൂപീകരിച്ചു.
ഇന്ത്യൻ
ഇൻഡിപെൻഡൻസ് ആക്ട് (1947)
1947 ഫെബ്രുവരി 20 നു ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ലെമന്റ് ആറ്റ്ലി ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം 1948 ജൂൺ 30 ന് അവസാനിക്കും എന്ന് പ്രഖ്യാപിച്ചു. ഇതേ തുടർന്ന് മുസ്ലിം ലീഗ് തങ്ങൾക്ക് ഒരു സ്വതന്ത്ര രാജ്യം വേണമെന്ന അവകാശവാദവുമായി മുന്നോട്ട് വന്നു. ഇന്ത്യാ വിഭജനത്തിന്റെ ഭാഗമായി 'മൗണ്ട്ബാറ്റൺ പദ്ധതി' രൂപവത്കരിച്ചത് 1947 ജൂൺ 3 നാണ്. ജൂൺ തേർഡ് പ്ലാൻ, ബാൽക്കൻ പ്ലാൻ, ഡിക്കി ബേർഡ് പ്ലാൻ എന്നിങ്ങനെ മൗണ്ട്ബാറ്റൺ പദ്ധതി അറിയപ്പെടുന്നു. ഈ പദ്ധതിയെ കോൺഗ്രസും മുസ്ലീം ലീഗും അംഗീകരിച്ചു. മൗണ്ട്ബാറ്റൺ പദ്ധതി പ്രകാരം നിലവിൽ വന്ന നിയമമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് (1947). ഇന്ത്യയ്ക്ക് വേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവസാന നിയമമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്. ഇന്ത്യാവിഭജനത്തിനും ഇന്ത്യ-പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ രൂപീകരണത്തിനും ഈ നിയമം കാരണമായി. വൈസ്രോയി എന്ന തസ്‌തിക നിർത്തലാക്കുകയും ബ്രിട്ടീഷ് രാജാവ് നിയമിക്കുന്ന ഗവർണർ ജനറൽ എന്ന തസ്‌തിക നിലവിൽ വരാനും ഈ നിയമം കാരണമായി. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ എന്ന പദവി നിർത്തലാക്കുകയും അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങൾ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ കോമൺവെൽത്ത് അഫേഴ്‌സ് എന്ന ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു. ഇംഗ്ലണ്ടിലെ രാജാവിന്റെ രേഖകളിൽ നിന്നും 'ഇന്ത്യയുടെ ചക്രവർത്തി (Emperor of India) എന്ന പ്രയോഗം നീക്കം ചെയ്തു. അങ്ങനെ 1947 ആഗസ്റ്റ് 14 ന് അർദ്ധരാത്രിയിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം അവസാനിക്കുകയും ജവഹർലാൽ നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
