ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ

Arun Mohan
0

ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ

ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഇന്ത്യയെ ഒരു 'യൂണിയൻ ഓഫ് സ്റ്റേറ്റ്സ്' എന്നു വിളിക്കാവുന്നതാണ്. ഇന്ത്യൻ ഭരണഘടനയിൽ ഇന്ത്യയെ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായാണ് നിർവചിച്ചിരിക്കുന്നത്. ഭരണഘടനപ്രകാരം ഇന്ത്യയിൽ ഒരു കേന്ദ്രീകൃത ഫെഡറൽ ഭരണസംവിധാനമാണ് നിലനിൽക്കുന്നത്. ഭരണഘടനപ്രകാരം ക്വാസി-ഫെഡറൽ ഭരസംവിധാനമാണ് ഇന്ത്യയിലുള്ളത്. 'ഫെഡറൽ' എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ഒരു ഭാഗത്തും പരാമർശിക്കുന്നില്ല. ഇന്ത്യൻ ഭരണഘടന പ്രകാരം നിയമനിർമ്മാണം താരതമ്യേന എളുപ്പവും എന്നാൽ നിയമ ഭേദഗതി പ്രയാസകരവുമാണ്.

ഇന്ത്യൻ ഭരണഘടനയുടെ മറ്റ് പ്രധാന സവിശേഷതകൾ

* പാർലമെന്ററി ഭരണസമ്പ്രദായം

* മൗലിക അവകാശങ്ങൾ

* മൗലിക കർത്തവ്യങ്ങൾ

* നിർദ്ദേശക തത്വങ്ങൾ

* നിയമ വാഴ്‌ച

* സംയുക്തഭരണവ്യവസ്ഥ

* എഴുതപ്പെട്ട ഭരണഘടന

* സ്വതന്ത്രനീതിന്യായവ്യവസ്ഥ

പാർലമെന്ററി ഭരണ സമ്പ്രദായം

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്‌തിരിക്കുന്നത് പാർലമെന്ററി ജനാധിപത്യഭരണ സമ്പ്രദായമാണ്. രാജ്യത്തിനു വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്നവർ ചേർന്ന് ഒരു ജനപ്രതിനിധിസഭയായി പ്രവർത്തിക്കുന്നു. ഈ പ്രതിനിധിസഭ പാർലമെന്റ് എന്ന പേരിലാണറിയപ്പെടുന്നത്. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധിസഭയിലൂടെ ഭരണം നടത്തുന്ന സംവിധാനമാണ് പാർലമെന്ററി ഭരണ സമ്പ്രദായം. പാർലമെന്റിന്റെ പ്രധാന ചുമതല നിയമ നിർമ്മാണമാണ്. ഇന്ത്യയിൽ പാർലമെന്ററി ഭരണസമ്പ്രദായ പ്രകാരം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സഭകളുണ്ട്. കേന്ദ്രത്തിൽ പാർലമെന്റ് പോലെ സംസ്ഥാനങ്ങളിൽ സംസ്ഥാന നിയമസഭകളുണ്ട്. പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായാൽ പ്രധാനമന്ത്രിയ്ക്കും മറ്റ് മന്ത്രിമാർക്കും, സംസ്ഥാന നിയമസഭയിൽ ഭൂരിപക്ഷം നഷ്ടമായാൽ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും അധികാരത്തിൽ തുടരാനാവില്ല. ഭരണാധികാരികളുടെ മേൽ ജനങ്ങൾക്കുള്ള അധികാരവും നിയന്ത്രണവും അവർ തെരഞ്ഞെടുക്കുന്ന പ്രതിനിധികളിലൂടെ പാർലമെന്ററി ഭരണസമ്പ്രദായം ഉറപ്പാക്കുന്നു.

മൗലികാവകാശങ്ങൾ

ജനാധിപത്യത്തിന്റെ വിജയത്തിനും പൗരന്മാരുടെ സമ്പൂർണ്ണ വികാസത്തിനും വേണ്ടി ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളാണ് മൗലികാവകാശങ്ങൾ. മൗലികാവകാശങ്ങൾ പൗരന്മാർക്ക് നിഷേധിക്കാതിരിക്കാൻ ഗവൺമെന്റുകൾക്ക് ഉത്തരവാദിത്വമുണ്ട്. മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെങ്കിൽ പൗരന് ഹൈക്കോടതികളെയോ സുപ്രീംകോടതിയെയോ സമീപിക്കാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ കോടതിക്ക് പൗരന്റെ അവകാശ സംരക്ഷണത്തിനായി ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നു.

മൗലിക കർത്തവ്യങ്ങൾ

ഭരണഘടനയെയും ഭരണസ്ഥാപനങ്ങളെയും ആദരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം കാത്തു സൂക്ഷിക്കാനും മൗലിക കർത്തവ്യങ്ങൾ പൗരന്മാരെ പ്രേരിപ്പിക്കുന്നു.

നിർദ്ദേശക തത്വങ്ങൾ

സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുവേണ്ടി രാഷ്ട്ര ഭരണത്തിനുള്ള നിർദ്ദേശങ്ങളായി ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു കൂട്ടം നിർദ്ദേശങ്ങളാണ് ഇവ. ജനങ്ങളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും രാഷ്ട്രപുരോഗതിക്കും നിർദ്ദേശക തത്വങ്ങൾ പിന്തുടരേണ്ടതുണ്ട്. നിയമനിർമ്മാണ പ്രക്രിയയിലൂടെയാണ് ഗവൺമെന്റ് നിർദ്ദേശക തത്ത്വങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. നിർദ്ദേശകതത്ത്വങ്ങൾ നടപ്പിലാക്കുന്നതിനായി കോടതിയെ സമീപിക്കാനാകില്ല

നിയമവാഴ്ച

നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണ് എന്നതാണ് നിയമവാഴ്ച കൊണ്ട് ഉദ്ദേശിക്കുന്നത്. നിയമവാഴ്ച അതിന്റെ പരിഷ്‌കൃതവും ആധുനികവുമായ രൂപത്തിൽ വികസിച്ചു വന്നതിനടിസ്ഥാനമായ ഭരണഘടനയാണ് ബ്രിട്ടീഷ് ഭരണഘടന.

സംയുക്ത ഭരണവ്യവസ്ഥ

കേന്ദ്ര, സംസ്ഥാന പ്രാദേശിക ഗവൺമെന്റുകൾക്ക് അധികാരം പങ്കിട്ടു നൽകുന്ന ഭരണരീതിയാണ് സംയുക്ത ഭരണവ്യവസ്ഥ. സംയുക്ത വ്യവസ്ഥയിൽ നിന്നു വ്യത്യസ്തമായി എല്ലാ അധികാരവും കേന്ദ്ര ഗവൺമെന്റിൽ നിലനിർത്തുകയാണെങ്കിൽ അതറിയപ്പെടുന്നത് ഏകായത്ത ഭരണവ്യവസ്ഥ.

എഴുതപ്പെട്ട ഭരണഘടന

ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയാണ് ഇന്ത്യയുടേത്. ലോകത്ത് എഴുതപ്പെട്ടിട്ടുള്ളതും എഴുതപ്പെടാത്തതുമായ ഭരണഘടനകൾ നിലവിലുണ്ട്. ഭരണഘടനയിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത നിയമ സംഹിതകളാണ് എഴുതപ്പെടാത്ത ഭരണഘടന എന്നറിയപ്പെടുന്നത്.

സ്വതന്ത്ര നീതിന്യായ വ്യവസ്ഥ

പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സ്വതന്ത്രമായ ഒരു നീതിന്യായ സംവിധാനം ഇന്ത്യയിലുണ്ട്. കുറ്റവാളികളെ ശിക്ഷിക്കുകയും നിയമസംരക്ഷണം ഉറപ്പുവരുത്തുകയുമാണ് നീതിന്യായ വ്യവസ്ഥയുടെ പ്രധാന ചുമതല. ഭരണകൂടത്തിന്റെ മറ്റ് രണ്ട് വിഭാഗങ്ങളായ നിയമനിർമ്മാണസഭയുടെയും (Legislature) കാര്യനിർവ്വഹണ വിഭാഗത്തിന്റെയും (Executive) സ്വാധീനത്തിൽ നിന്ന് നീതിന്യായ വിഭാഗം (Judiciary) സ്വതന്ത്രമാണ്. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയാണ്.

Post a Comment

0 Comments
Post a Comment (0)