വ്യാകരണ ഗ്രന്ഥം
മലയാളത്തിലെ ആദ്യത്തെ ആധികാരികവ്യാകരണഗ്രന്ഥമായി കണക്കാക്കുന്ന കൃതിയാണ് എ.ആർ രാജരാജവർമ രചിച്ച 'കേരളപാണിനീയം'. 1916-ൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം ഇന്നും വ്യാകരണപഠനത്തിനായി മലയാളികൾ ആശ്രയിച്ചുവരുന്നു. 1917-ൽ ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറങ്ങി. ഭാഷയുടെ വ്യാകരണനിയമങ്ങൾ ചിട്ടപ്പെടുത്തുന്നതിന് നൽകിയ സംഭാവനകളുടെ പേരിൽ 'കേരളപാണിനി' എന്ന വിശേഷണം എ.ആർ രാജരാജവർമയ്ക്കു ലഭിച്ചു. എ.ആർ രാജരാജവർമ മലയാളഭാഷയ്ക്കു നൽകിയ സംഭാവനകൾ അമൂല്യമാണ്. കവി, നിരൂപകൻ, ഉപന്യാസകാരൻ, അധ്യാപകൻ, വിദ്യാഭ്യാസപരിഷ്‌കർത്താവ് എന്നീ നിലകളിലും ശ്രദ്ധേയനായ അദ്ദേഹം 33 മലയാളം കൃതികൾ രചിച്ചു. ഇതിനുപുറമേ നിരവധി അവതാരികകളും 15 സംസ്‌കൃത രചനകളും നടത്തി. മലയാളത്തിലെ ആദ്യ വ്യാകരണഗ്രന്ഥമായി കണക്കാക്കുന്നത് ഹെർമൻ ഗുണ്ടർട്ട് രചിച്ച മലയാള ഭാഷാവ്യാകരണം' ആണ്. മൂന്നു ഭാഗങ്ങളിലായി തയാറാക്കിയ ഈ കൃതിയുടെ സമ്പൂർണരൂപം 1868-ൽ പുറത്തുവന്നു. ഇതേ പേരിൽ മറ്റൊരു ഗ്രന്ഥം 1799-ൽ റോബർട്ട് ഡ്രമണ്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാശ്‌ചാത്യർക്കുവേണ്ടി രചിച്ചതിനാൽ ഇതിനെ സമ്പൂർണ മലയാള വ്യാകരണഗ്രന്ഥമായി കണക്കാക്കുന്നില്ല.
