ചരിത്ര ഗ്രന്ഥങ്ങൾ
1843-ൽ ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ച 'കേരളോൽപത്തി'യാണ് അച്ചടിച്ച ആദ്യ കേരള ചരിത്രഗ്രന്ഥം. ആരാണ് ഇതെഴുതിയത് എന്നകാര്യം വ്യക്‌തമല്ല. പരശുരാമന്റെ കാലം, പെരുമാക്കന്മാരുടെ കാലം, തമ്പുരാക്കന്മാരുടെ കാലം എന്നീ വിഭാഗങ്ങളിലായി കേരളചരിത്രം പറയുന്ന ഈ കൃതിയിൽ ഐതിഹ്യങ്ങൾ കാര്യമായുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ ആധികാരിക ചരിത്രമായി കരുതാനാവില്ല. ഈ കൃതിയുടെ തുടർച്ചയായി 1868-ൽ ഗുണ്ടർട്ട് 'കേരളപഴമ അഥവാ മലബാറിന്റെ ചരിത്രം' എന്നൊരു പുസ്‌തകം പ്രസിദ്ധീകരിച്ചു. പോർച്ചുഗീസുകാരുടെയും മറ്റും രേഖകളെ അടിസ്‌ഥാനമാക്കിയാണ് അദ്ദേഹം ഇതു രചിച്ചത്. സാഹിത്യത്തിലും ചരിത്രത്തിലും ആയുർവേദത്തിലും പ്രഗത്ഭനായിരുന്ന വൈക്കത്ത് പാച്ചു മൂത്തത് എഴുതിയ ചരിത്രഗ്രന്ഥമാണ് 'തിരുവിതാംകൂർ ചരിത്രം': പ്രധാനമായും വിദ്യാർഥികളെ ഉദ്ദേശിച്ചാണ് അദ്ദേഹം ഈ കൃതി രചിച്ചത്. പൊന്നാനിയിൽ ജീവിച്ചിരുന്ന ഷെയ്ഖ് സൈനുദ്ദീൻ മഖ്‌ദൂം 1583-ൽ രചിച്ച 'തുഹ്ഫത് ഉൽ മുജാഹിദ്ദീൻ' എന്ന അറബിഭാഷയിലുള്ള ഗ്രന്ഥത്തെ ഒരു മലയാളിയെഴുതിയ ആദ്യത്തെ കേരളചരിത്രഗ്രന്ഥമായി കണക്കാക്കാറുണ്ട്.
