വൃത്തശാസ്ത്രം
കവിതയുടെ താളവും ഭംഗിയുമൊക്കെ നിർണയിക്കുന്ന ഘടകമാണ് അതിന്റെ വൃത്തം. വൃത്തശാസ്ത്രത്തെക്കുറിച്ച് പറയുന്ന ആദ്യ മലയാള കൃതിയാണ് 'കേരളകൗമുദി'. 380-ലധികം ശ്ലോകങ്ങളുള്ള ഈ കൃതി കോവുണ്ണി നെടുങ്ങാടിയാണ് രചിച്ചത്. 1878-ൽ പ്രസിദ്ധീകരിച്ച കേരളകൗമുദിയിൽ മലയാള ഭാഷയുടെ പിറവി, വിഖ്യാത കവികൾ, വ്യാകരണ ഗ്രന്ഥത്തിന്റെ പ്രസക്‌തി, സംസ്‌കൃത വൃത്തങ്ങൾ, ദ്രാവിഡ വൃത്തങ്ങൾ എന്നിവയെക്കുറിച്ചൊക്കെ വിവരിച്ചിരിക്കുന്നു. അലങ്കാരങ്ങളെക്കുറിച്ചും ഇതിൽ വിവരിക്കുന്നുണ്ട്. തർക്കം, വേദാന്തം, ജ്യോതിഷം, മലയാളം, തമിഴ്, മലയാളം എന്നിവയിലെല്ലാം അഗാധപണ്ഡിതനായിരുന്നു നെടുങ്ങാടി. അധ്യാപകനും അഭിഭാഷകനുമായി ജോലിനോക്കിയ ശേഷമാണ് അദ്ദേഹം മുഴുവൻ സമയ സാഹിത്യ പ്രവർത്തനത്തിലേക്കെത്തിയത്. 'കാവ്യരത്നാവലി (രണ്ട് ഭാഗങ്ങൾ)', 'അപൂർണമായ ആത്മകഥ' എന്നിങ്ങനെ രണ്ട് കൃതികളും ചില മുക്‌തകങ്ങളും നെടുങ്ങാടി രചിച്ചിട്ടുണ്ട്. എ.ആർ രാജരാജവർമയുടെ 'വൃത്തമഞ്ജരി' കേരളകൗമുദിയേക്കാൾ മികച്ച വൃത്തശാസ്ത്ര ഗ്രന്ഥമാണ്. അപ്പൻ തമ്പുരാൻ, കുട്ടികൃഷ്ണമാരാർ, എൻ.വി കൃഷ്ണവാര്യർ എന്നിവരും വൃത്തശാസ്ത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
