ഭാഷാചരിത്രം
ഏതു ഭാഷയ്ക്കും ഒരു ചരിത്രമുണ്ട്. അതിനെക്കുറിച്ച് വിവരിക്കുന്ന കൃതികൾ ആ ഭാഷയിൽ പ്രധാനപ്പെട്ടവയുമാണ്. മലയാളഭാഷയുടെ ചരിത്രവും വളർച്ചയും പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥം 1881-ൽ തിരുവനന്തപുരത്തെ കേരളവിലാസം പ്രസിൽനിന്ന് പുറത്തിറങ്ങി. തിരുവിതാംകൂറിലെ പി. ഗോവിന്ദപ്പിള്ളയാണ് ഇത് രചിച്ചത്. 'മലയാളഭാഷാ ഗ്രന്ഥസമുച്ചയം' എന്നായിരുന്നു ഈ പുസ്‌തകത്തിന്റെ ആദ്യ പേര്. പിന്നീടിത് പരിഷ്കരിച്ച് രണ്ട് വോള്യങ്ങളായി പ്രസിദ്ധീകരിച്ചപ്പോൾ "മലയാളഭാഷാചരിത്രം' എന്ന് പേരുമാറ്റി. 1889-ലും 1890-ലുമായി ഇവ പുറത്തുവന്നു. അറിയപ്പെടാത്ത പല സൃഷ്‌ടികളും കണ്ടെത്തി തന്റെ ഗ്രന്ഥത്തിൽ അവതരിപ്പിക്കാൻ ഗോവിന്ദപ്പിള്ളയ്ക്ക് കഴിഞ്ഞു. അദ്ദേഹമാണ് തുഞ്ചത്തെഴുത്തച്ഛന്റെ പേര് ആദ്യമായി രാമാനുജൻ എഴുത്തച്ഛൻ എന്ന് പ്രസിദ്ധപ്പെടുത്തിയത്. പല തെറ്റുകളും ഈ ഗ്രന്ഥത്തിൽ കടന്നുകൂടിയെങ്കിലും ആദ്യശ്രമം എന്ന നിലയിൽ മലയാള ഭാഷാചരിത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നീടുള്ള പല പുസ്‌തകങ്ങൾക്കും ഇത് വഴികാട്ടിയായി. 1896-ൽ എം.സി നാരായണപിള്ള മലയാള ഭാഷാചരിത്രം പരിശോധിച്ച് വേണ്ട മാറ്റങ്ങളോടെ പുറത്തിറക്കി. പിന്നീട് എ.ഡി ഹരിശർമ മുൻകൈയെടുത്ത് 1956-ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം ഇത് പ്രസിദ്ധീകരിച്ചു. 1922-ൽ പി. ശങ്കരൻ നമ്പ്യാരെഴുതിയ "മലയാളസാഹിത്യ ചരിത്രസംഗ്രഹ'മാണ് ഈ രംഗത്തുവന്ന രണ്ടാമത്തെ കൃതി. ഉള്ളൂരിന്റെ കേരള സാഹിത്യചരിത്രവും ഈ വിഭാഗത്തിലെ പ്രമുഖ കൃതിയാണ്.
