നിഘണ്ടു

Arun Mohan
0

നിഘണ്ടു

ഒരു ഭാഷയിലെ പദങ്ങളെ അക്ഷരമാലാക്രമത്തിൽ അടുക്കി, അവയുടെ അർത്ഥം, ഉച്ചാരണം എന്നിങ്ങനെയുള്ളവ വ്യക്തമാക്കുന്ന ഗ്രന്ഥത്തെയാണ് നിഘണ്ടു എന്നു പറയുന്നത്. ബെഞ്ചമിൻ ബെയ്ലി തയ്യാറാക്കിയ 'A Dictionary of High and Colloquial Malayalim and English' ആണ് മലയാളത്തിലെ ആദ്യത്തെ നിഘണ്ടു. മലയാളപദങ്ങളുടെ അർത്ഥം ഇംഗ്ലിഷിൽ രേഖപ്പെടുത്തിയ ഈ മലയാളം-ഇംഗ്ലിഷ് നിഘണ്ടു 1846-ൽ പുറത്തുവന്നു. മലയാള വാക്കുകളുടെ അർത്ഥം മലയാളത്തിൽത്തന്നെ നൽകുന്ന ആദ്യത്തെ മലയാളം-മലയാളം നിഘണ്ടു പിന്നെയും പത്തു വർഷങ്ങൾക്കു ശേഷമാണ് വന്നത്. കോട്ടയം സി.എം.എസ് കോളജ് പ്രിൻസിപ്പലായിരുന്ന റിച്ചാഡ് കോളിൻസ് 1856-ൽ ഇത് തയ്യാറാക്കി. എന്നാൽ, സമഗ്രവും ആധികാരവുമായ മലയാളം-മലയാളം നിഘണ്ടുവായി അറിയപ്പെടുന്നത് ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ള തയ്യാറാക്കിയ 'ശബ്ദതാരാവലി' ആണ്. 1923-ലാണ് ഇത് പുറത്തുവന്നത്. ഹെർമൻ ഗുണ്ടർട്ട് തയ്യാറാക്കിയ മലയാളം-ഇംഗ്ലിഷ് നിഘണ്ടുവും ഈ രംഗത്തെ ആദ്യകാല സംഭാവനയാണ്. ടി.രാമലിംഗംപിള്ളയുടെ മലയാളശൈലീ നിഘണ്ടു, വടക്കുംകൂർ രാജരാജവർമയുടെ ഭാഷാശൈലീപ്രദീപം തുടങ്ങിയവയും പ്രധാനപ്പെട്ടവയാണ്. വിഷയങ്ങളെ അടിസ്‌ഥാനമാക്കി തയാറാക്കുന്ന പലതരം നിഘണ്ടുക്കളുണ്ട്. ശൈലികളെക്കുറിച്ച് പറയുന്ന ശൈലീ നിഘണ്ടു, എതിർവാക്കുകൾ ഉൾക്കൊള്ളിച്ച എതിർലിംഗ നിഘണ്ടു, പര്യായപദങ്ങൾ ക്രമീകരിച്ച പര്യായ നിഘണ്ടു, രണ്ടു ഭാഷകളിൽ അർത്ഥം പറയുന്ന ദ്വിഭാഷാ നിഘണ്ടു, മൂന്നു ഭാഷകളുള്ള ത്രിഭാഷാ നിഘണ്ടു എന്നിവയൊക്കെ ഭാഷയിൽ പിന്നീടു വന്ന പലതരം നിഘണ്ടുക്കളാണ്. ഇതിൽപ്പെടാത്ത കേരള ചരിത്ര നിഘണ്ടു, പുരാണ നിഘണ്ടു, ഗണിതശാസ്ത്ര നിഘണ്ടു, സാഹിത്യവിജ്‌ഞാന നിഘണ്ടു, ഭരണഭാഷാനിഘണ്ടു, കാവ്യശാസ്ത്ര നിഘണ്ടു തുടങ്ങിയവയും ഭാഷയിലുണ്ട്.

Post a Comment

0 Comments
Post a Comment (0)