മഹാകാവ്യം

Arun Mohan
0

മഹാകാവ്യം

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ 'മഹാകാവ്യ'മായി കണക്കാക്കുന്ന കൃതിയാണ് 'രാമചന്ദ്രവിലാസം'. രാമായണകഥ വിവരിക്കുന്ന ഈ കാവ്യത്തിന്റെ രചയിതാവിന്റെ പേര് അഴകത്ത് പത്മനാഭക്കുറുപ്പ്. കൊല്ലത്തുനിന്ന് ഇറങ്ങിയിരുന്ന 'മലയാളി' മാസികയിൽ 1899-ലാണ് ഈ കാവ്യം പ്രസിദ്ധീകരിച്ചുതുടങ്ങിയത്. അതുവരെ സംസ്കൃത ഭാഷയിൽ മാത്രമേ മഹാകാവ്യങ്ങൾ ഇറങ്ങിയിരുന്നുള്ളൂ. ശ്രേഷ്ഠമായൊരു ജീവിതമോ മഹത്തായൊരു വംശത്തിന്റെ ചരിത്രമോ ആയിരിക്കും മഹാകാവ്യത്തിന്റെ ഉള്ളടക്കം. ചുരുങ്ങിയത് ഏഴു സർഗ്ഗങ്ങളും വൃത്തം, അലങ്കാരം തുടങ്ങിയ ഭാഷാഗുണങ്ങളും അതിനുണ്ടായിരിക്കണം. ഇത്തരം ഗുണങ്ങളെല്ലാം ഒത്തിണങ്ങിയതിനാലാണ് രാമചന്ദ്രവിലാസത്തെ മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായി കണക്കാക്കുന്നത്. രാമാവതാരം മുതൽ പട്ടാഭിഷേകം വരെ 21 സർഗ്ഗങ്ങളും 1833 (1832 എന്നും കാണുന്നു) ശ്ലോകങ്ങളും ഉൾപ്പെടുന്നതാണ് ഈ മഹാകാവ്യം 1907-ൽ ഇത് പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. 'മലയാളി'യിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കേ തന്റെ സൃഷ്‌ടിയുടെ സ്വീകാര്യതയെക്കുറിച്ച് സംശയമുണ്ടായിരുന്നതിനാൽ പത്മനാഭക്കുറുപ്പ് അതിൽ പേരുവച്ചിരുന്നില്ല. പിന്നീട് സാക്ഷാൽ കേരളവർമ വലിയ കോയിത്തമ്പുരാനാണ് പേരുവയ്ക്കാൻ അദ്ദേഹത്തിനു ധൈര്യം നൽകിയത്. പുസ്തകമാക്കിയപ്പോൾ അതിന് അവതാരിക എഴുതിയതാകട്ടെ, എ.ആർ രാജരാജവർമയും. ശബ്ദാലങ്കാരം, അർത്ഥാലങ്കാരം എന്നിവയും പ്രാസവുമെല്ലാം ഒപ്പിച്ചെഴുതിയ സൃഷ്ടിയാണ് രാമചന്ദ്രവിലാസം. ഇതിന്റെ രചനയ്ക്ക് രാമായണചമ്പു, വാല്മീകിരാമായണം, അധ്യാത്മരാമായണം, ഹനുവന്നാടകം, രഘുവംശം, നൈഷധം, ഭാരതചമ്പു, ആഗ്നേയപുരാണം തുടങ്ങിയ കൃതികൾ പത്മനാഭക്കുറുപ്പിന് സഹായകമായി. രാമചന്ദ്രവിലാസം എന്ന മഹാകാവ്യമടക്കം രാമകഥയെ അടിസ്ഥാനമാക്കി ഒട്ടനവധി പ്രാമാണികകൃതികൾ മലയാളത്തിലുണ്ടായിട്ടുണ്ട്.

1869-ൽ കൊല്ലം ജില്ലയിലെ ചവറയിലാണ് അഴകത്ത് പത്മനാഭക്കുറുപ്പ് ജനിച്ചത്. കാവ്യം, നാടകം, വിവർത്തനം എന്നിങ്ങനെ വ്യത്യസ്‌ത സാഹിത്യശാഖകളിലായി ഒരുപിടി കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. പ്രതാപരുദ്രകല്യാണം, മീനകേതചരിത്രം എന്നീ നാടകങ്ങൾ, ശ്രീഗണേശപുരാണം, മാർക്കണ്ഡേയപുരാണം എന്നീ കിളിപ്പാട്ടുകൾ, കുംഭനാസവധം, ഗന്ധർവ്വവിജയം എന്നീ ആട്ടക്കഥകൾ, പ്രഭുശക്തി എന്ന ഖണ്ഡകാവ്യം, ചാഞ്ചകശതകം, വ്യാഘ്രയേശസ്തവം, തുലാഭാരശതകം തുടങ്ങിയ കൃതികൾ ഉദാഹരണങ്ങളാണ്. മഹാകാവ്യത്തിന്റെ പൂർണലക്ഷണങ്ങളില്ലെങ്കിലും കുഞ്ചൻനമ്പ്യാരുടെ 'ശ്രീകൃഷ്‌ണചരിത'വും ഈ ഗണത്തിൽ പെടുത്താവുന്ന കൃതിയാണ്. 'രാമചന്ദ്രവിലാസം' എന്ന പേരിൽ പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാനും ഒരു മഹാകാവ്യം രചിച്ചിട്ടുണ്ട്. ഉള്ളൂരിന്റെ 'ഉമാകേരളം', പന്തളം കേരളവർമ്മയുടെ 'രുഗ്‌മാംഗദചരിതം', വള്ളത്തോൾ നാരായണമേനോന്റെ 'ചിത്രയോഗം', കെ.സി കേശവപിള്ളയുടെ 'കേശവീയം', കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ 'ശ്രീയേശുവിജയം' തുടങ്ങിയവ മലയാളത്തിലെ ശ്രദ്ധേയമായ ചില മഹാകാവ്യങ്ങളാണ്.

മഹാകാവ്യങ്ങൾ & രചയിതാക്കൾ

◆ ശ്രീകൃഷ്ണവിലാസം (ഒരു മലയാള കവി രചിച്ച ആദ്യത്തെ സംസ്കൃത മഹാകാവ്യം) - സുകുമാര കവി 

◆ രാമചന്ദ്രവിലാസം - അഴകത്ത് പത്മനാഭക്കുറുപ്പ്

◆ ഉമാകേരളം - ഉള്ളൂർ എസ്.പരമേശ്വരയ്യർ

◆ ശ്രീയേശുവിജയം - കട്ടക്കയം ചെറിയാൻ മാപ്പിള

◆ രുക്മാംഗദ ചരിതം - പന്തളം കേരളവർമ

◆ രാഘവാഭ്യുദയം, രഘുവീര വിജയം - വടക്കുംകൂർ രാജരാജവർമ

◆ വേദ വിഹാരം മഹാകാവ്യം - കെ.വി.സൈമൺ 

◆ വിശ്വദീപം മഹാകാവ്യം - പുത്തൻ മാത്തൻ തരകൻ

◆ കേശവീയം (മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം) - കെ.സി.കേശവപിള്ള

◆ മാർത്തോമാ വിജയം - സിസ്റ്റർ മേരി ബനീഞ്ജ (മഹാകാവ്യമെഴുതിയ ആദ്യ കവയിത്രി)

Post a Comment

0 Comments
Post a Comment (0)