പച്ചമലയാള പ്രസ്ഥാനം
സംസ്കൃത ഭാഷയുടെ സ്വാധീനത്തിൽനിന്ന് മലയാള ഭാഷയെ രക്ഷിക്കണം എന്നുറച്ച് ആരംഭിച്ച സമ്പ്രദായമാണ് 'പച്ചമലയാളം'. തനി മലയാള ഭാഷ മാത്രം ഉപയോഗിച്ച് കവിതയെഴുതുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സംസ്കൃതവും മലയാളവും ചേർന്ന മണിപ്രവാളം ശക്തമായി നിലനിന്ന കാലത്താണ് പച്ചമലയാളമെന്ന ആശയം കടന്നുവന്നത്. പച്ചമലയാളത്തിൽ ആദ്യമായി രചന നടത്തിയ ആളാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. 'നല്ല ഭാഷ' എന്നായിരുന്നു ഇതിന്റെ പേര്. 1891-ൽ 'വിദ്യാവിനോദിനി' എന്ന പ്രസിദ്ധീകരണത്തിൽ നല്ലഭാഷ അച്ചടിച്ചുവന്നു. സാമൂതിരിയുടെയും കൊച്ചി രാജാവിന്റെയും സമർത്ഥമായ ഇടപെടലിലൂടെ മോഷണം കണ്ടെത്താനുള്ള ശ്രമങ്ങളാണ് 51 ശ്ലോകങ്ങളുള്ള നല്ല ഭാഷയുടെ ഉള്ളടക്കം. 21 ശ്ലോകങ്ങളടങ്ങിയ 'ഒടി' എന്നൊരു കൃതിയും പിന്നീട് തമ്പുരാൻ പച്ചമലയാളത്തിൽ രചിച്ചു. പണ്ടുകാലത്ത് നാട്ടിൻ പുറങ്ങളിൽ നിലനിന്നിരുന്ന 'ഒടിവിദ്യ' ആയിരുന്നു ഒടിയുടെ പ്രമേയം. തമ്പുരാനു ശേഷം കുണ്ടൂർ നാരായണ മേനോൻ 'നാല് ഭാഷാകാവ്യങ്ങൾ' എന്ന പേരിൽ ഒരു പച്ചമലയാള കാവ്യസമാഹാരം രചിച്ചു. പച്ചമലയാളത്തിന്റെ വളർച്ചയ്ക്ക് ശ്രമിച്ച പ്രമുഖരെല്ലാം സംസ്കൃത പണ്ഡിതരായിരുന്നു. ശ്രീനാരായണഗുരു രചിച്ച പച്ചമലയാളം കൃതികളാണ് 'ജാതിലക്ഷണം', 'അറിവ്' എന്നിവ. 'തങ്കമ്മ' (രണ്ടാംഭാഗം), 'ഒരു നേർച്ച' എന്നിവ ഉള്ളൂരെഴുതിയ പച്ചമലയാളം കൃതികളാണ്. തങ്കമ്മ (ഒന്നാംഭാഗം) പന്തളം കേരളവർമയാണ് രചിച്ചത്. പച്ചമലയാള കൃതികൾ മിക്കതും ഫലിതത്തിന് പ്രാധാന്യമുള്ളവയായിരുന്നു. എന്തൊക്കെയാണെങ്കിലും പച്ചമലയാള പ്രസ്ഥാനത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. സവിശേഷമായ അന്യഭാഷാ പദങ്ങൾക്ക് പകരം വയ്ക്കാൻ പറ്റിയ പദങ്ങൾ മലയാളത്തിൽ ഉണ്ടാക്കുക എളുപ്പമായിരുന്നില്ല. മാത്രമല്ല, കാവ്യത്തിലെ ഭാഷാരീതികൾ വേണ്ടത്ര പാലിക്കാനും പച്ചമലയാളത്തിന് കഴിഞ്ഞില്ല. പച്ചമലയാളത്തെ 'ഉണക്കമലയാള'മെന്ന് ചില പണ്ഡിതന്മാർ ആക്ഷേപിക്കുകയും ചെയ്തു.
പച്ചമലയാള പ്രസ്ഥാനത്തിലെ കൃതികൾ
◆ നല്ലഭാഷ (പച്ചമലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി), കണ്ണൻ, കോമപ്പൻ, ശക്തൻതമ്പുരാൻ, പാക്കനാർ - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
◆ നാലുഭാഷാ കാവ്യങ്ങൾ - കുണ്ടൂർ നാരായണ മേനോൻ
◆ വിനോദിനി, അന്തർജ്ജനത്തിന്റെ അപരാധം, ഒരു പോലീസ് ഇൻസ്‌പെക്ടറുടെ വധം, ഒരു പതിവ്രതയുടെ കഥ - ഒടുവിൽ കുഞ്ഞികൃഷ്ണൻ
