വഞ്ചിപ്പാട്ട് പ്രസ്ഥാനം
വഞ്ചിപ്പാട്ട് എന്നു കേട്ടാൽ രാമപുരത്തു വാര്യരുടെ പേരാണ് ഓർമയിലെത്തുക. അദ്ദേഹം രചിച്ച 'കുചേലവൃത്തം വഞ്ചിപ്പാട്ട്' അത്രയേറെ പ്രശസ്‌തമാണ്. മലയാളത്തിലെ ആദ്യ വഞ്ചിപ്പാട്ടും ഇതുതന്നെ. വഞ്ചിപ്പാട്ടിന് ഇന്നുള്ള പ്രശസ്തിക്ക് കാരണം അദ്ദേഹത്തിന്റെ ഈ കൃതിയാണ്. കൊല്ലവർഷം 878-928 (1703-1763) കാലഘട്ടത്തിലാണ് രാമപുരത്തു വാര്യർ ജീവിച്ചിരുന്നത് എന്ന് ഉള്ളൂർ രേഖപ്പെടുത്തിയിട്ടുണ്ട്. പുരാണകഥ ഇതിവൃത്തമാക്കി ഭക്തിരസത്തിന് പ്രാധാന്യം നൽകിയാണ് വാര്യർ സൃഷ്ടി നടത്തിയത്. പുരാണത്തിലെ കുചേലന്റെ കഥയായതുകൊണ്ട് ഈ വഞ്ചിപ്പാട്ടിന് കുചേലവൃത്തം എന്നു പേരുവന്നു. ദരിദ്രനായ കുചേലന്റെയും സുഹൃത്തായ ശ്രീകൃഷ്‌ണന്റെയും കഥ പറയുന്ന ഈ കൃതിയിൽ ശ്രീകൃഷ്ണൻ കുചേലനോട് കാണിക്കുന്ന സ്നേഹവും സൗഹൃദവുമെല്ലാം ഭംഗിയായി വിവരിച്ചിട്ടുണ്ട്. 'നതോന്നത' എന്ന വൃത്തത്തിലാണ് രാമപുരത്തു വാര്യർ ഈ കൃതി രചിച്ചത്. ഈ കൃതിയ്ക്കു ശേഷം ഈ വൃത്തത്തെ വഞ്ചിപ്പാട്ട് വൃത്തം എന്നു പോലും വിശേഷിപ്പിക്കാറുണ്ട്. വള്ളംകളിയുടെ താളത്തിൽ രൂപ്പെടുത്തിയതിനാൽ വഞ്ചിപ്പാട്ടിനെ 'വള്ളപ്പാട്ടെ'ന്നും പറയുന്നു. പുരാണകഥയെ നമ്മുടെ ജീവിതാവസ്‌ഥകളോട് ചേർത്തുവായിക്കാൻ തക്കവണ്ണം അവതരിപ്പിക്കാൻ കഴിഞ്ഞതാണ് ഈ കൃതിയുടെ മഹത്വം. പുരാണമാണെങ്കിലും മനുഷ്യന്റെ ദാരിദ്ര്യത്തെ മനസ്സിൽത്തട്ടുന്ന രീതിയിൽ അദ്ദേഹം ഈ കൃതിയിൽ വിവരിച്ചിരിക്കുന്നു. പ്രഥമ വഞ്ചിപ്പാട്ട് കൃതിയാണെങ്കിലും ഇത് വേറിട്ടു നിൽക്കുന്നത് ഈ പ്രത്യേകതകൾ കൊണ്ടാണ്. ഗീതാഗോവിന്ദത്തിന്റെ തർജ്ജമയായ 'ഭാഷാഷ്ടപദി'യാണ് രാമപുരത്തു വാര്യരുടെ മറ്റൊരു കൃതി. വ്യാസോൽപ്പത്തി, നളചരിതം, കിരാതം എന്നിങ്ങനെ വേറെയും വഞ്ചിപ്പാട്ടുകൾ ഉണ്ടെങ്കിലും കുചേവലവൃത്തത്തോളം മികച്ചൊരു വഞ്ചിപ്പാട്ട് പിന്നീട് മലയാളത്തിൽ ഉണ്ടായിട്ടില്ല.
