സന്ദേശകാവ്യം
മഹാനായ കാളിദാസനാണ് സന്ദേശകാവ്യമെന്ന സാഹിത്യശാഖയ്ക്ക് തുടക്കം കുറിച്ചതെന്നു പറയാം. സംസ്കൃത കവിയായ അദ്ദേഹത്തിന്റെ 'മേഘദൂത'മാണ് ആദ്യത്തെ സന്ദേശകാവ്യമായി കണക്കാക്കുന്നത്. പതിനാലാം നൂറ്റാണ്ടിൽ ലക്ഷ്മീദാസൻ രചിച്ച 'ശുകസന്ദേശ'വും ഈ രംഗത്തെ ആദ്യ കൃതികളിൽ ഒന്നാണ്. എന്നാൽ, മലയാളത്തിലുണ്ടായ ആദ്യത്തെ സന്ദേശകാവ്യമാണ് 'ഉണ്ണുനീലീസന്ദേശം'. ഇത് ആരാണ് രചിച്ചതെന്ന് വ്യക്തമല്ല. ഇത് എഴുതിയ ആളും കഥാനായകനും ഒരാൾ തന്നെയാണെന്നും അഭിപ്രായമുണ്ട്. പതിനാലാം നൂറ്റാണ്ടിനു ശേഷം മയൂരദൂതം, കോകിലസന്ദേശം എന്നിങ്ങനെ പല സന്ദേശകാവ്യങ്ങളും കേരളത്തിൽ സംസ്കൃതഭാഷയിലുണ്ടായി. എന്നാൽ, മലയാള ഭാഷയിൽ സന്ദേശകാവ്യം എന്ന ശാഖയ്ക്ക് വളർച്ച ഉണ്ടായില്ല. മണിപ്രവാളകൃതികളിൽ പ്രമുഖ സ്ഥാനമുള്ള കൃതിയാണ് ഉണ്ണുനീലീസന്ദേശം. 1906-ൽ 'രസികരഞ്ജിനി' മാസികയിലാണ് ഇത് ആദ്യമായി അച്ചടിച്ചുവന്നത്. എ.ഡി 1350-നും 1365-നും ഇടയിലാണ് ഉണ്ണുനീലീസന്ദേശം രചിക്കപ്പെട്ടതെന്ന് ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നു. എ.ഡി 1374-ലാകാം ഉണ്ണുനീലിസന്ദേശത്തിന്റെ രചനാകാലം എന്നാണ് മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ പറയുന്നത്. നായകനും നായികയും സന്ദേശവാഹകനുമാണ് പ്രധാനമായും സന്ദേശകാവ്യങ്ങളിലുള്ളത്. കടയ്ക്കൽ മുണ്ടയ്ക്കൽ വീട്ടിലെ ഉണ്ണിനീലിക്ക് അവരുടെ ഭർത്താവ് തിരുവനന്തപുരത്തുനിന്ന് അയയ്ക്കുന്ന സന്ദേശമായാണ് ഉണ്ണുനീലീസന്ദേശം അവതരിപ്പിച്ചിരിക്കുന്നത്. മേഘസന്ദേശം, ശുകസന്ദേശം എന്നിവയുടെ സ്വാധീനം ഉണ്ണുനീലിസന്ദേശത്തിലുണ്ട്. പ്രകൃതിവർണനകളും മറ്റ് സുന്ദര വിവരണങ്ങളും സന്ദേശകാവ്യങ്ങളുടെ പ്രത്യേകതകളാണ്. ഉണ്ണുനീലീസന്ദേശത്തിലും ഇത് വ്യക്തമായി കാണാം. തിരുവനന്തപുരം മുതൽ കടുത്തുരുത്തി വരെയുള്ള ഭൂപ്രദേശങ്ങളുടെ അതിസുന്ദരമായ വർണനകൾ ഇതിലുണ്ട്.
