ഭാഷാശാസ്ത്രഗ്രന്ഥം
കൃത്യമായ നിയമങ്ങളോ വ്യവസ്കളോ ഒന്നുമില്ലാതെ ചിതറിക്കിടന്നിരുന്ന മലയാള ഭാഷയെ അടുക്കും ചിട്ടയോടുംകൂടി ക്രമീകരിക്കാൻ സഹായിച്ച ആദ്യത്തെ അലങ്കാരശാസ്ത്ര ഗ്രന്ഥമാണ് 'ലീലാതിലകം'. രചിച്ചത് ആരാണെന്ന് കൃത്യമായി അറിയാത്ത ഈ കൃതി പതിനാലോ പതിനഞ്ചോ നൂറ്റാണ്ടുകളിലാണ് എഴുതപ്പെട്ടതെന്ന് കരുതുന്നു. വിഷയങ്ങളെ എട്ടു ശിൽപങ്ങളായി ക്രമീകരിച്ചിട്ടുള്ള ലീലാതിലകം സംസ്കൃതത്തിലാണ് രചിച്ചിരിക്കുന്നത്. എന്നാൽ, ഉദാഹരണങ്ങൾ മണിപ്രവാളശ്ലോകങ്ങളാണ്; ചിലവ പാട്ടുകളും. സാഹിത്യത്തെ സംബന്ധിച്ച പല കാര്യങ്ങളും ഈ ഗ്രന്ഥത്തിൽ വ്യക്തമായി പറയുന്നു. ശ്ലേഷം, മാധുര്യം, പ്രസാദം, സമത എന്നീ നാല് കാവ്യഗുണങ്ങളെക്കുറിച്ച് വിശദമായി വിശദീകരിക്കുന്നുണ്ട്. ലീലാതിലകം സംസ്കൃതത്തിൽ നിന്ന് ആദ്യമായി പരിഭാഷപ്പെടുത്തിയത് അപ്പൻ തമ്പുരാനാണ്. ഒന്നാം ശിൽപം പരിഭാഷപ്പെടുത്തിയ അദ്ദേഹം അത് 'മംഗളോദയം' മാസികയിൽ പ്രസിദ്ധീകരിച്ചു. എന്നാൽ, ആറ്റൂർ കൃഷ്ണപ്പിഷാരടിയാണ് ഇത് പൂർണമായും പരിഭാഷപ്പെടുത്തിയത്. 1917-ലായിരുന്നു ഇത്. പിന്നീട് കെ. വാസുദേവൻ മൂസത്, ശൂരനാട് കുഞ്ഞൻപിള്ള, ഇളംകുളം കുഞ്ഞൻപിള്ള തുടങ്ങിയ ഭാഷാപണ്ഡിതരും ലീലാതിലകത്തിന്റെ വ്യാഖ്യാനങ്ങളും പരിഭാഷകളും നടത്തി. ലീലാതിലകത്തിന്റെ രചയിതാവിനെച്ചൊല്ലി പലവിധ അഭിപ്രായങ്ങളും നിലനിൽക്കുന്നുണ്ട്. തിരുവല്ല മാമ്പുഴ ഭട്ടതിരി, കൊല്ലം രാജവംശവുമായി ബന്ധപ്പെട്ട ഒരാൾ എന്നിങ്ങനെ പല പേരുകളും ഗ്രന്ഥകാരനെക്കുറിച്ച് പലരും പറയുന്നുണ്ട്. ആരാണെങ്കിലും തർക്കം, വൃത്തം, അലങ്കാരം, വ്യാകരണം എന്നിവയിൽ അഗാധപാണ്ഡിത്യമുള്ളയാളാണ് ഇത് എഴുതിയതെന്ന് ഉറപ്പാണ്. ഒപ്പം തമിഴ്, കന്നഡ, സംസ്കൃതം, പ്രാകൃത ഭാഷകൾ എന്നിവയിലും ഏറെ അറിവുള്ള ആളായിരുന്നു എന്ന് വ്യക്തം. ലീലാതിലകത്തിനുശേഷം ഒരു ഭാഷാശാസ്ത്രഗ്രന്ഥം മലയാളത്തിന് ലഭിക്കാൻ ഏറെക്കാലത്തെ കാത്തിരിപ്പ് വേണ്ടിവന്നു. 1863-ൽ പുറത്തുവന്ന ജോർജ് മാത്തന്റെ "മലയാഴ്മയുടെ വ്യാകരണം' എന്ന കൃതിയാണിത്. ഒരു മലയാളി എഴുതിയ ആദ്യത്തെ ഭാഷാശാസ്ത്രഗ്രന്ഥം എന്ന നിലയിൽ ഇതിനെ വിലയിരുത്താറുണ്ട്. 1851-ൽ തന്നെ ജോർജ് മാത്തൻ ഈ കൃതി തയാറാക്കിയിരുന്നു. പക്ഷേ, പ്രസിദ്ധീകരിക്കാൻ വൈകി. ഒടുവിൽ 12 വർഷത്തിനുശേഷം ഇത് പുറത്തുവന്നു. ഭാഷാശാസ്ത്രത്തിലെ ആദ്യകാല സംഭാവനകളിലൊന്നാണ് 1922-ൽ എടമരത്ത് സെബാസ്‌റ്റ്യൻ എഴുതിയ 'ഭാഷാശാസ്ത്രം'. ചിലർ ഇതിനെ ഈ വിഭാഗത്തിലെ ആദ്യകൃതിയായി വിശേഷിപ്പിക്കുന്നു. ഡോ.കെ സുകുമാര പിള്ളയുടെ 'കൈരളീ ശബ്ദദാനുശാസനം' മലയാളത്തിലെ വലിയ ഭാഷാശാസ്ത്ര ഗ്രന്ഥങ്ങളിലൊന്നാണ്.
