ആട്ടക്കഥ പ്രസ്ഥാനം
കേരളത്തിന്റെ തനതു കലാരൂപങ്ങളിൽ പ്രൗഢി കൊണ്ടും പാരമ്പര്യം കൊണ്ടും തലയെടുപ്പേറെയുണ്ട് കഥകളിക്ക്. കഥകളി എന്ന ദൃശ്യകലയ്ക്കായി പിറവിയെടുത്ത സാഹിത്യരൂപമാണ് ആട്ടക്കഥ. അതിനാൽ ആട്ടക്കഥകൾക്ക് മലയാളസാഹിത്യചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൊട്ടാരക്കരത്തമ്പുരാൻ ആട്ടക്കഥയുടെ ഉപജ്ഞാതാവായി കരുതപ്പെടുന്നു. കൊട്ടാരക്കര രാജകുടുംബത്തിലെ വീരകേരളവർമയാണ് കൊട്ടാരക്കരത്തമ്പുരാൻ എന്ന പേരിൽ പ്രസിദ്ധനായത്. ഇദ്ദേഹം ആവിഷ്‌കരിച്ച രാമനാട്ടം പിൽക്കാലത്ത് കഥകളിയായി വികസിച്ചു. ജയദേവന്റെ 'ഗീതഗോവിന്ദ'വും മാനവേദ സാമൂതിരിയുടെ 'കൃഷ്ണഗീതി'യുമാണ് (കൃഷ്ണനാട്ടം) ആട്ടക്കഥയുടെ രൂപസംവിധാനത്തിനു മാതൃകയായി കരുതുന്നത്. സാഹിത്യം, സംഗീതം, അഭിനയം എന്നിവയ്ക്കെല്ലാം പ്രാധാന്യമുള്ളവയാണ് ആട്ടക്കഥകൾ. രാമായണകഥയെ എട്ടു ദിവസത്തെ ആട്ടത്തിനുവേണ്ടി രംഗത്ത് അവതരിപ്പിക്കാൻ പാകത്തിൽ എട്ടുഖണ്ഡങ്ങളായി തിരിച്ച് കൊട്ടാരക്കരത്തമ്പുരാൻ ചിട്ടപ്പെടുത്തിയതാണ് രാമനാട്ടം. ഈ എട്ടു ഖണ്ഡങ്ങളെയും ചേർത്ത് രാമായണം ആട്ടക്കഥ എന്നും പറയാറുണ്ട്. രാമനാട്ടത്തിനാധാരമായ എട്ടു കഥകളിൽ 'രാമനാട്ടകഥ' നിന്നാണ് മലയാളത്തിൽ ആട്ടക്കഥാസാഹിത്യത്തിന്റെ ആരംഭം. ഇവയിൽ സീതാസ്വയംവരം, ബാലിവധം, തോരണയുദ്ധം എന്നിവ ഇപ്പോഴും കഥകളിയരങ്ങത്ത് ആടാറുണ്ട്. കോട്ടയത്തു തമ്പുരാന്റെ 'ബകവധം, കല്യാണസൗഗന്ധികം, കിർമീരവധം, കാലകേയവധം' ആട്ടക്കഥകൾ, ഉണ്ണായിവാര്യരുടെ 'നളചരിതം', ഇരയിമ്മൻ തമ്പിയുടെ 'കീചകവധം ഉത്തരാസ്വയംവരം' തുടങ്ങിയവ അതിപ്രശസ്‌തങ്ങളായ ആട്ടക്കഥകളാണ്. കഥകളിയെ കൂടുതൽ ജനകീയമാക്കാൻ ഷേക്സ്പിയറിന്റെ 'കിംഗ് ലിയർ' ബൈബിളിലെ 'മഗ്‌ദനലമറിയം' എന്നിവയെ ആട്ടക്കഥയാക്കി അവതരിപ്പിച്ചിട്ടുണ്ട്.
ആട്ടക്കഥകളിൽ വിവിധ രംഗങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്നതും ആവശ്യമായ കഥാപാത്രാവതരണ സൂചനകൾ നൽകുന്നതും ശ്ലോകങ്ങളാണ്. ആട്ടക്കഥാസാഹിത്യത്തിൽ വന്ദനം, വസ്തു നിർദേശം എന്നിവയ്ക്കുള്ള ശ്ലോകങ്ങൾ കഴിഞ്ഞാൽ നായക പ്രവേശനത്തിനുള്ള രംഗാവതരണ ശ്ലോകമാണ്. പിന്നീട് തനിച്ചോ ഇതര കഥാപാത്രങ്ങളുമായോ ഉള്ള സംഭാഷണങ്ങൾ നിർവഹിക്കുന്നതിനുള്ള പദങ്ങളും. രംഗസംക്രമങ്ങളിലുള്ള ശ്ലോകങ്ങൾ മിക്കവാറും നാടകങ്ങളിലെ രംഗാരംഭ നിർദേശങ്ങൾക്ക് തുല്യമാണ്. രംഗത്ത് കാണിക്കാത്തതോ കാണിക്കേണ്ടാത്തതോ ആയ കഥാഭാഗങ്ങൾ കഥകളിയിൽ ശ്ലോകത്തിൽ രചിച്ചിരിക്കുകയാൽ വിസ്തൃതമായ ഏതെങ്കിലും കാര്യം ചുരുക്കിപ്പറയുന്നതിനു ശ്ലോകത്തിൽ കഴിക്കുക എന്നൊരു ശൈലിയും ആട്ടക്കഥ പ്രസ്ഥാനം മലയാള സാഹിത്യത്തിന് നൽകിയിട്ടുണ്ട്.
പ്രധാന ആട്ടക്കഥകളും രചയിതാക്കളും
◆ സീതാസ്വയംവരം, ബാലിവധം - കൊട്ടാരക്കര തമ്പുരാൻ
◆ നളചരിതം - ഉണ്ണായിവാരിയർ
◆ രാവണവിജയം - കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാൻ
◆ ബാലകവധം, കല്യാണസൗഗന്ധികം, കിർമീരവധം, കാലകേയവധം - കോട്ടയത്ത് തമ്പുരാൻ
◆ വല്ലീകുമാരം, ചൂഡാമണി, താടകാവധം - വി.കൃഷ്ണൻ തമ്പി
◆ രാജസൂയം, നരകാസുരവധം, സുഭദ്രാഹരണം - കാർത്തിക തിരുനാൾ
◆ അംബരീഷചരിതം, പൂതനാമോക്ഷം, രുക്മിണീ സ്വയംവരം - അശ്വതി തിരുനാൾ
◆ ഉത്തരാസ്വയംവരം, കീചകവധം, ദക്ഷയാഗം - ഇരയിമ്മൻ തമ്പി
◆ ധ്രുവചരിതം, പരശുരാമവിജയം, പ്രലംബവധം, മത്സ്യവല്ലഭവിജയം, ഹനുമദുദ്ഭവം - കേരളവർമ വലിയ കോയിതമ്പുരാൻ
◆ ശൂരപദ്മാസുരവധം, ശ്രീകൃഷ്ണവിജയം, ഹിരണ്യാസുരവധം - കെ.സി.കേശവപിള്ള
◆ ധർമഗുപ്തവിജയം - ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള
◆ കൃഷ്ണാർജുന വിജയം - മൂലൂർ.എസ്.പത്മനാഭപ്പണിക്കർ
◆ ക്ഷുദോദന വിജയം, ഹരിശ്ചന്ദ്ര ചരിതം - പേട്ടയിൽ രാമൻപിള്ള ആശാൻ
◆ ദർപ്പവിച്ഛേദം - കണ്ടത്തിൽ വർഗീസ് മാപ്പിള
◆ കിരാതസൂനുചരിതം, ഭൂസുര ഗോഗ്രഹണം, ശ്രീരാമപട്ടാഭിഷേകം, സീതാവിവാഹം - കൊട്ടാരത്തിൽ ശങ്കുണ്ണി
◆ ഔഷധാഹരണം, ജാപ്കാട്ടാളൻ - വള്ളത്തോൾ നാരായണ മേനോൻ
