തുള്ളൽ പ്രസ്ഥാനം
ഏറ്റവും ജനകീയമായ കലാരൂപങ്ങളിൽ ഒന്നായി പേരെടുത്ത സാഹിത്യശാഖയാണ് തുള്ളൽ. ഹാസ്യ രൂപത്തിൽ സാമൂഹ്യവിമർശനം നടത്തുന്ന ഈ കലാരൂപത്തിന്റെ ഉപജ്‌ഞാതാവാണ് പ്രാചീന കവിത്രയത്തിൽപെട്ട കുഞ്ചൻ നമ്പ്യാർ. നമ്പ്യാരുടെ 'കല്ല്യാണസൗഗന്ധികം' എന്ന കൃതിയാണ് തുള്ളൽ കൃതികളിൽ ആദ്യത്തേതായി കണക്കാക്കുന്നത്. ഓട്ടൻ തുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ എന്നിങ്ങനെ മൂന്നു തരം തുള്ളലുകൾ ഉണ്ട്. കല്ല്യാണ സൗഗന്ധികം ശീതങ്കൻ തുള്ളൽ വിഭാഗത്തിൽ പെടുന്നു. 1705 മേയ് അഞ്ചിന് പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലത്തുള്ള കലക്കത്ത് ഭവനത്തിലാണ് കുഞ്ചൻ നമ്പ്യാരുടെ ജനനം. ഇദ്ദേഹത്തിന്റെ പിതാവ് ചെമ്പകശ്ശേരിരാജാവിന്റെ ദാസനായിരുന്നു. അങ്ങനെയാണ് നമ്പ്യാർ അമ്പലപ്പുഴയിലെത്തിയത്. പലരിൽ നിന്നായി വിവിധ കലകൾ അഭ്യസിച്ച നമ്പ്യാർ തർക്കം, വ്യാകരണം, ജ്യോതിഷം, പാഠകം മുതലായവയിലെല്ലാം മികച്ചുനിന്നു. പിന്നീട് തുള്ളൽ എന്ന കലാരൂപത്തിന് സ്വന്തമായി രൂപം നൽകി. 64 തുള്ളലുകൾ നമ്പ്യാർ ഉണ്ടാക്കി എന്ന് പറയുന്നുണ്ട്. എന്നാൽ പല പണ്ഡിതരും ഇത് അംഗീകരിക്കുന്നില്ല. സ്യമന്തകം, ഘോഷയാത്ര, കിരാതം, നളചരിതം, പാത്രചരിതം, കാർത്തി വീര്യാർജ്ജുന വിജയം, രുഗ്മിണി സ്വയംവരം എന്നിങ്ങനെ 21 ഓട്ടൻ തുള്ളലുകളും ഗണപതി പ്രാതൽ, ധ്രുവചരിതം, കൃഷ്ണലീല, കല്യാണസൗഗന്ധികം എന്നിവയടക്കം 11 ശീതങ്കൻ തുള്ളലുകളും പാഞ്ചാലീ സ്വയംവരം, സഭാപ്രവേശം, കീചകവധം, ദക്ഷയാഗം, ത്രിപുര ദഹനം എന്നിവയുൾപ്പെടെ ഒൻപത് പറയൻ തുള്ളലുകളുമാണ് കുഞ്ചൻ നമ്പ്യാർ രചിച്ചതെന്നാണ് പൊതുവേ പറയുന്നത്. പുരാണകഥാപാത്രങ്ങളാണ് തുള്ളൽ കൃതികളിൽ കൂടുതലും ഉള്ളത്. പടയണിയുടെ പരിഷ്കൃത രൂപമാണ് തുള്ളൽ എന്ന വാദമുണ്ട്. ആദിമഗോത്ര സമൂഹത്തിലെ കലാരൂപങ്ങളാണ് ഇവയുടെ പൂർവ മാതൃകകൾ എന്ന അഭിപ്രായവും പ്രബലമാണ്. ബൈബിൾ ചരിത്രം ഓട്ടൻതുള്ളൽ (1979) രചിച്ചത് സി.ടി.ജോർജാണ്. വി.ടി.ഐപ്പിന്റെ തുള്ളൽ കൃതിയാണ് 'ശ്രീയേശു വിജയം'. ശബരിമല അയ്യപ്പന്റെ ഐതിഹ്യം വർണിക്കുന്ന 'മണികണ്ഠവിജയം തുള്ളൽ' എഴുതിയത് എസ്.കെ.നായരാണ്.
