വൈജ്ഞാനിക സാഹിത്യം
മലയാള ഭാഷയിലെ ആദ്യത്തെ വിജ്ഞാനകോശം എന്ന ബഹുമതിയുള്ള ഗ്രന്ഥമാണ് ആർ. ഈശ്വരപിള്ള തയ്യാറാക്കിയ 'സമസ്‌ത വിജ്‌ഞാനഗ്രന്ഥാവലി'. 1937-ലാണ് ഇത് പുറത്തുവന്നത്. എന്നാൽ, ഓരോ വിഷയത്തെ അടിസ്ഥാനമാക്കിയ വിജ്ഞാനകോശം എന്ന നിലയിൽ പരിഗണിക്കാവുന്ന ആദ്യ കൃതി മറ്റൊന്നാണ്. 1933-ൽ ഇറങ്ങിയ 'സാഹിത്യാഭരണം നിഘണ്ടു'വാണിത്. ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയാണ് ഇതിന്റെ രചയിതാവ്. വർഷങ്ങൾക്കു ശേഷം 1968-ലാണ് സമഗ്രവും വിപുലവുമായ ഒരു വിജ്ഞാനകോശം മലയാളത്തിൽ വന്നത്. 'വിശ്വവിജ്‌ഞാനകോശം' എന്ന പേരിൽ എൻബിഎസ് അത് പുറത്തിറക്കി. സംസ്‌ഥാന സർക്കാരിന്റെ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് 'സർവവിജ്ഞാനകോശം' എന്ന പേരിൽ ഇരുപത് വോള്യങ്ങളിലൂടെ ഈ വൈജ്‌ഞാനിക പരമ്പര പുറത്തിറക്കുന്നുണ്ട്. നിലവിൽ 17 വോള്യങ്ങൾ വിപണിയിലെത്തി. വിശ്വസാഹിത്യ വിജ്ഞാനകോശം (10 വോള്യങ്ങൾ), പരിസ്‌ഥിതി വിജ്ഞാനകോശം, പരിണാമ വിജ്‌ഞാനകോശം, ജ്യോതിശാസ്ത്ര വിജ്ഞാനകോശം എന്നിങ്ങനെ വിഷയം തിരിച്ചാണ് ഇൻസ്‌റ്റിറ്റ്യൂട്ട് ഇവ പ്രസിദ്ധീകരിക്കാറ്. വിജ്ഞാനകോശങ്ങളിൽ വിഷയങ്ങളും പേരുകളും അക്ഷരമാലാക്രമത്തിലാണ് രേഖപ്പെടുത്തുക. ചിത്രങ്ങളും അതാത് വിഷയങ്ങൾക്കൊപ്പം നൽകുന്നു. അതാതു രംഗത്തെ വിദഗ്‌ധരുടെ നേതൃത്വത്തിലാണ് വിജ്‌ഞാനകോശം തയ്യാറാക്കുക.
