നാടക സാഹിത്യം
കാളിദാസന്റെ
'അഭിജ്‌ഞാന ശാകുന്തളം' കേരളവർമ വലിയകോയിത്തമ്പുരാൻ 1882-ൽ വിവർത്തനം ചെയ്ത
പ്രസിദ്ധീകരിച്ചതോടെയാണ് മലയാളനാടകങ്ങളുടെ യുഗം ആരംഭിച്ചത്. 'കേരളീയ ഭാഷാശാകുന്തളം' എന്ന പേരിൽ വിവർത്തനം ചെയ്ത ഈ നാടകം 'മണിപ്രവാള ശാകുന്തളം' എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്.
എന്നാൽ, വെളുത്തേരി കേശവൻ വൈദ്യർ ഇതിനു
മുൻപുതന്നെ ഈ കൃതി വിവർത്തനം ചെയ്ത് അവതരിപ്പിച്ചു എന്നും പറയപ്പെടുന്നു.
ശാകുന്തളത്തിന്റെ വിവർത്തനത്തെ തുടർന്ന് ധാരാളം സംസ്കൃത നാടകങ്ങൾ മലയാളത്തിലേക്ക്
മൊഴിമാറ്റപ്പെട്ടു. അക്കാലത്തെ മലയാള നാടകങ്ങളെ കളിയാക്കിക്കൊണ്ട് 1894-ൽ മുൻഷി രാമക്കുറുപ്പെഴുതിയ നാടകമാണ് 'ചക്കീചങ്കരം', പി.കെ.കൊച്ചീപ്പൻ തരകന്റെ 'മറിയാമ്മ'യാണ് മലയാളത്തിലെ ആദ്യത്തെ സാമൂഹിക
നാടകം. 1897-ലെ ഈ നാടകം അമ്മായിയമ്മപ്പോര്, സ്ത്രീധനം തുടങ്ങിയ കുടുംബപ്രശ്നങ്ങളെ
കണക്കിന് വിമർശിക്കുന്നു. ഇംഗ്ലിഷ് നാടകരീതി അനുസരിച്ച് മലയാളത്തിലുണ്ടായ ആദ്യ
നാടകമാണ് 'എബ്രായകുട്ടി.' 1893-ൽ കണ്ടത്തിൽ വറുഗീസ് മാപ്പിള
രചിച്ച ഈ നാടകത്തിന്റെ കഥ ബൈബിളിൽ നിന്നാണെടുത്തിട്ടുള്ളത്. മലയാള മനോരമ
പത്രത്തിന്റെ തുടക്കവും വളർച്ചയും അടിസ്ഥാനമാക്കി വയസ്‌കര മൂസ്സ് 1891-ൽ എഴുതിയ നാടകമാണ് 'മനോരമ വിജയം'. 1892-ൽ ടി.സി അച്യുതമേനോൻ എഴുതിയ 'സംഗീത നൈഷധം' ആണ് മലയാളത്തിലെ ആദ്യത്തെ സംഗീതനാടകം. 1903-ൽ കെ.സി കേശവപിള്ള എഴുതിയ 'സദാരാമ'യും ഇക്കൂട്ടത്തിലെ പ്രശസ്ത കൃതിയാണ്.
ഇംഗ്ലിഷ് ഗദ്യനാടകങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് മലയാളത്തിൽ ഗദ്യനാടകങ്ങൾ
ഉണ്ടായത്. അവ 'പ്രഹസനങ്ങൾ' എന്നാണ് അറിയപ്പെടുന്നത്. പരിഹാസമാണ്
പ്രഹസനങ്ങളുടെ പ്രധാന സവിശേഷത. സി.വി രാമൻപിള്ളയുടെ 'ചന്ദ്രമുഖീവിലാസം' (1885) ആണ് ഇക്കൂട്ടത്തിലെ ആദ്യ
നാടകം.
1926-ൽ പ്രസിദ്ധീകരിച്ച, ഇ.വി കൃഷ്ണപിള്ളയുടെ 'സീതാലക്ഷ്‌മി'യാണ് മലയാളത്തിലെ ചരിത്രനാടകങ്ങൾക്ക് തുടക്കം കുറിച്ചത്. കെ. ദാമോദരൻ 1937-ൽ രചിച്ച 'പാട്ടബാക്കി'യാണ് മലയാളഭാഷയിലെ ആദ്യത്തെ രാഷ്ട്രീയ നാടകം. 1940-ൽ ഇടശ്ശേരി ഗോവിന്ദൻനായർ രചിച്ച 'കൂട്ടുകൃഷി'യും ഈ ശ്രേണിയിൽപെടുന്നു. നമ്പൂതിരി സമുദായത്തിൽ നിലനിന്ന ദുരാചാരങ്ങൾക്കെതിരേ കൊടുങ്കാറ്റുയർത്തിയ ആദ്യ നാടകമായിരുന്നു 1930-ൽ വി.ടി ഭട്ടതിരിപ്പാട് രചിച്ച 'അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്'. മലയാളത്തിലെ ആദ്യത്തെ എക്സ്‌പ്രഷനിസ്‌റ്റ് നാടകം എന്ന് അറിയപ്പെടുന്ന നാടകമാണ് 1944-ൽ പുളിമാന പരമേശ്വരൻപിള്ള രചിച്ച 'സമത്വവാദി'. അപ്പൻ തമ്പുരാൻ രചിച്ച 'മുന്നോട്ടുവീര'നാണ് മലയാളത്തിലെ ആദ്യത്തെ ഏകാംഗ നാടകം.
സാമൂഹിക പ്രാധാന്യമുള്ള ആദ്യകാല നാടകങ്ങൾ
◆ മറിയാമ്മ നാടകം (1867) - കൊച്ചിപ്പൻ തരകൻ (മലയാളത്തിലെ ആദ്യത്തെ സാമൂഹിക നാടകം)
◆ എബ്രായിക്കുട്ടി (1867) - കണ്ടത്തിൽ വർഗീസ് മാപ്പിള
◆ സുഭദ്രാർജ്ജുനം (1891) - തോട്ടക്കാട് ഇക്കാവമ്മ
◆ ലക്ഷണാ സംഗം, ചന്ദ്രിക - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
◆ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് - വി.ടി.ഭട്ടതിരിപ്പാട്
◆ ഋതുമതി - എം.പി.ഭട്ടതിരിപ്പാട്
◆ മറക്കുടയ്ക്കുള്ളിലെ മഹാനരകം - എം.ആർ.ബി
◆ കൂട്ടുകൃഷി - ഇടശ്ശേരി
മലയാളത്തിലെ പ്രധാന നാടകങ്ങൾ
◆ കാൽവരിയിലെ കല്പാപാദപം, യവനിക, അഗ്നിപഞ്ജരം - കൈനിക്കര പത്മനാഭപിള്ള
◆ ഭഗ്നഭവനം, കന്യക, ബലാബലം, അനുരഞ്ജനം - എൻ.കൃഷ്ണപിള്ള
◆ സ്നേഹദൂതൻ - ജി.ശങ്കരപിള്ള
◆ നഷ്ടക്കച്ചവടം - സി.എൻ.ശ്രീകണ്ഠൻ നായർ
◆ ബലി - കെ.സുരേന്ദ്രൻ
◆ പ്രേമ പരിണാമം - കൈനിക്കര കുമാരപിള്ള
◆ സമത്വവാദി - പുളിമാന പരമേശ്വരൻപിള്ള
◆ ആ മനുഷ്യൻ നീ തന്നെ, അവൻ വീണ്ടും വരുന്നു - സി.ജെ.തോമസ്
◆ പൂക്കാരി, പ്രതിധ്വനി, അകവും പുറവും - ടി.എൻ.ഗോപിനാഥൻ നായർ
◆ നീ മനുഷ്യനെ കൊല്ലരുത് - എം.ഗോവിന്ദൻ
◆ ഒരാൾ കൂടി കള്ളനായി - എസ്.എൽ.പുരം സദാനന്ദൻ
◆ ജീവിതം - തിക്കോടിയൻ
◆ കാഞ്ചനസീത, സാകേതം, ലങ്കാലക്ഷ്മി (നാടകത്രയം) - സി.എൻ.ശ്രീകണ്ഠൻ നായർ
◆ അശ്വമേധം, ശരശയ്യ, യുദ്ധകാണ്ഡം, കൂട്ടുകുടുംബം, തുലാഭാരം - തോപ്പിൽഭാസി
◆ ഡോക്ടർ - വൈക്കം ചന്ദ്രശേഖരൻ നായർ
◆ കടലിരമ്പുന്നു - പി.ജെ.ആന്റണി
◆ ഏഴു രാത്രികൾ - കാലടി ഗോപി
◆ ആത്മബലി, പ്രേതലോകം, മരണനൃത്തം, ക്രോസ് ബൽറ്റ്, ഞാൻ സ്വർഗ്ഗത്തിൽ, കാപാലിക, വിഷമവൃത്തം - എൻ.എൻ.പിള്ള
◆ പൊയ്മുഖങ്ങൾ, ഓലപ്പാമ്പ്, കഴുകന്മാർ, ഭരതവാക്യം, ബന്ദി, കറുത്ത ദൈവത്തെ തേടി, കിരാതം - ജി.ശങ്കരപ്പിള്ള
◆ അവനവൻ കടമ്പ, ദൈവത്താർ, സാക്ഷി - കാവാലം നാരായണപ്പണിക്കർ
◆ ദക്ഷിണായനം - ടി.പി.സുകുമാരൻ
