കേരളത്തിലെ സ്മാരകങ്ങൾ
തുഞ്ചത്തെഴുത്തച്ഛൻ സ്മാരകം
തുഞ്ചത്തെഴുത്തച്ഛന്റെ
സ്മരണ നിലനിർത്താൻ തിരൂരിലെ തുഞ്ചൻപറമ്പിൽ 1964 ജനുവരി 15ന് ഉദ്‌ഘാടനം ചെയ്ത സ്മാരകം.
പഠനക്ലാസുകളും ഗവേഷണ സൗകര്യങ്ങളും നൽകി ഭാഷാഭിവൃദ്ധിക്കും സാംസ്‌കാരിക
പുരോഗതിക്കും വഴിതെളിക്കുക,
എഴുത്തച്ഛനെപ്പറ്റിയുള്ള
പഠനങ്ങൾ നടത്തുക തുടങ്ങിയവയാണ് ലക്ഷ്യം. എല്ലാ വർഷവും ഡിസംബർ 29, 30, 31 തീയതികളിൽ ഇവിടെ തുഞ്ചൻ
ഉത്സവം നടത്താറുണ്ട്. വിദ്യാരംഭദിനത്തിൽ കുട്ടികളെ തുഞ്ചൻ പറമ്പിൽ
എഴുത്തിനിരുത്തുന്നു. റിസർച്ച് ലൈബ്രറി, എഴുത്തുകാർക്കുള്ള
താമസസൗകര്യം, ഓഡിറ്റോറിയം, സാഹിത്യ മ്യൂസിയം, ഭാഷാ മ്യൂസിയം എന്നിവ ഇവിടെയുണ്ട്.
ആദ്യത്തെ ചെയർമാൻ കെ.പി.കേശവമേനോനായിരുന്നു.
ആശാൻ
സ്മാരകം
മഹാകവി
കുമാരനാശാൻ താമസിച്ചിരുന്ന വീടും അതിനോടു ചേർന്ന സ്മൃതിമന്ദിരവും അടങ്ങുന്നതാണ്
തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിലുള്ള കുമാരനാശാൻ സ്മാരകം. ആശാന്റെ വീടും
എഴുത്തുമുറിയും സംരക്ഷിച്ചിട്ടുണ്ട്. 1966
ജൂലൈ 26ന് മുൻ മുഖ്യമന്ത്രി ആർ.ശങ്കർ
ഉദ്‌ഘാടനം ചെയ്തു. കെ.പ്രഭാകരനായിരുന്നു ആദ്യ സെക്രട്ടറി. ഈ സ്ഥാപനം ഇപ്പോൾ
കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ആശാൻ തുടക്കം കുറിച്ച
വിവേകോദയം മാസിക ഇവിടെനിന്നും പ്രസിദ്ധീകരിക്കുന്നു. കേരള സർവകലാശാലയുടെ
പി.എച്ച്.ഡി. ബിരുദ ഗവേഷണ കേന്ദ്രമാണിത്. കുമാരനാശാൻ നാഷണൽ മ്യൂസിയം, ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, ആർട്ട് ഗാലറി, ഗ്രന്ഥശാല എന്നിവ സ്മാരകത്തിലുണ്ട്.
ആശാൻ ജനിച്ച കായിക്കരയിലും ആശാന്റെ ജീവിതാന്ത്യത്തിനു സാക്ഷ്യം വഹിച്ച പല്ലനയിലും
മഹാകവിക്ക് സ്മാരകങ്ങളുണ്ട്.
മഹാകവി
ഉള്ളൂർ സ്മാരകം
1955ൽ ഉള്ളൂർ സ്മാരക സമിതി
രൂപവത്കരിച്ചു. പി.കെ.നാരായണപിള്ളയായിരുന്നു സ്മാരകത്തിന്റെ സ്ഥാപകനും ആദ്യത്തെ
അധ്യക്ഷനും. തിരുവനന്തപുരം ജില്ലയിലെ ജഗതിയിലാണിത് പ്രവർത്തിക്കുന്നത്. ബൃഹത്തായ
ഒരു പബ്ലിക് ലൈബ്രറി സ്മാരകത്തിലുണ്ട്. വർഷംതോറും കവിതയ്ക്കും
ഉള്ളൂരിനെപ്പറ്റിയുള്ള പഠനങ്ങൾക്കും പുരസ്‌കാരങ്ങൾ നൽകാറുണ്ട്.
വൈലോപ്പിള്ളി
സംസ്കൃതി ഭവൻ
2001 ജനുവരിയിൽ പ്രവർത്തനമാരംഭിച്ച
വിവിധോദ്ദേശ്യ സാംസ്‌കാരിക സമുച്ചയമാണ് വൈലോപ്പിള്ളി സംസ്കൃതി ഭവൻ. കേരളീയ കലകളെ
പ്രോത്സാഹിപ്പിക്കുക,
കലാസാംസ്കാരിക
രംഗങ്ങളിൽ യുവാക്കൾക്ക് അവസരവും പ്രോത്സാഹനവും നൽകുക. കലാവതരണങ്ങൾക്കുള്ള
വേദിയൊരുക്കുക തുടങ്ങിയവയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ. ഗ്രന്ഥശാല, മ്യൂസിയം, നാട്യശാസ്ത്രവിധിപ്രകാരം നിർമിച്ച
കൂത്തമ്പലം, ആധുനിക സംവിധാനത്തോടുകൂടിയ
ഓഡിറ്റോറിയം എന്നിവ സാംസ്‌കാരിക സമുച്ചയത്തിലുണ്ട്. തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളും
ഇവിടെ നടത്തുന്നു. തിരുവനന്തപുരത്ത് നന്തൻകോട് ആണ് ആസ്ഥാനം.
ചങ്ങമ്പുഴ
സാംസ്‌കാരിക കേന്ദ്രം
മഹാകവി
ചങ്ങമ്പുഴയുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ദേശമായ ഇടപ്പള്ളിയിൽ സ്ഥാപിച്ച സാംസ്‌കാരിക
കേന്ദ്രം. ചങ്ങമ്പുഴ ജന്മവാർഷികാഘോഷങ്ങൾ, സംഗീത-നാടക-നൃത്ത
ഉത്സവങ്ങൾ, പ്രഭാഷണങ്ങൾ വിവിധ കലകളുടെ
അവതരണം തുടങ്ങിയവയാണ് സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ.
ഉണ്ണായി
വാര്യർ സ്മാരക കലാനിലയം
നളചരിതം
ആട്ടക്കഥയുടെ രചയിതാവായ ഉണ്ണായി വാര്യരുടെ സ്മരണ നിലനിർത്താൻ 1955 ഡിസംബർ 7 ന് ഇരിങ്ങാലക്കുടയിൽ ആരംഭിച്ച
സ്ഥാപനമാണിത്. കഥകളിയുടെ പ്രചാരണവും പ്രോത്സാഹനവുമാണ് ലക്ഷ്യം. കഥകളിയുടെ എല്ലാ
വിഭാഗങ്ങളിലും വിദ്യാർഥികൾക്ക് ഇവിടെ പരിശീലനം നൽകുന്നു. കഥകളി കലാകാരന്മാരെ
പ്രോത്സാഹിപ്പിക്കാനായി വർഷംതോറും ഉണ്ണായിവാര്യർ സമ്മാനം നൽകിവരുന്നു. ബിരുദ
തലത്തിലുള്ള കോഴ്‌സുകളും ഇവിടെ ആരംഭിച്ചിട്ടുണ്ട്.
എ.ആർ.രാജരാജവർമ
സ്മാരകം
എ.ആർ.രാജരാജവർമയുടെ
മാവേലിക്കരയിലെ ഭവനമായ ശാരദാമന്ദിരം 1990ൽ
സ്മാരകമാക്കി മാറ്റി. മലയാള സാഹിത്യത്തിന്റെയും ഭാഷയുടെയും വളർച്ചയ്ക്ക് സഹായകമായ
അക്കാദമിക പ്രവർത്തനങ്ങളാണ് ലക്ഷ്യം.
സരസകവി
മൂലൂർ സ്മാരകം
മൂലൂർ
എസ്.പത്മനാഭപ്പണിക്കരുടെ ഇലവുംതിട്ടയിലെ ഗൃഹമായ കേരളവർമ സൗധമാണ് 1989 മാർച്ച് 9 ന് മൂലൂർ സ്മാരകമാക്കിമാറ്റിയത്.
മൂലൂരിന്റെ കൃതികൾ പ്രസിദ്ധീകരിക്കുക, അദ്ദേഹത്തെപ്പറ്റിയുള്ള
ഗവേഷണങ്ങളും പഠനങ്ങളും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പ്രവർത്തനങ്ങൾ.
അപ്പൻ
തമ്പുരാൻ സ്മാരകം
മലയാളത്തിലെ
ആദ്യകാല ആനുകാലികങ്ങൾ മുതൽ മൂവായിരത്തോളം വ്യത്യസ്ത ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ
വൻ ശേഖരമുള്ള കേരള സാഹിത്യ അക്കാദമിയുടെ ആനുകാലിക ഗ്രന്ഥശാലയും എഴുത്തുകാരുടെ
മ്യൂസിയവും ചേർന്നുള്ള സാംസ്‌കാരിക സ്ഥാപനമാണ് തൃശൂർ അയ്യന്തോളിലുള്ള രാമവർമ അപ്പൻ
തമ്പുരാൻ സ്മാരകം. 1976 മുതൽ കേരള സാഹിത്യ
അക്കാദമിയുടെ കീഴിലാണ് ഈ സാംസ്‌കാരിക സ്ഥാപനം പ്രവർത്തിക്കുന്നത്. രാമവർമ അപ്പൻ
തമ്പുരാൻ താമസിച്ചിരുന്ന കുമാരമംഗലം കോവിലകമാണ് അപ്പൻ തമ്പുരാൻ സ്മാരകം
എന്നറിയപ്പെടുന്നത്.
തകഴി
സ്മാരകം
തകഴി
ശിവശങ്കരപ്പിള്ള താമസിച്ചിരുന്ന ശങ്കരമംഗലം വീട് 2001 ഫെബ്രുവരി 8 ന് പുരാവസ്തുവകുപ്പിന്റെ കീഴിൽ തകഴി
മ്യൂസിയമായി മാറ്റി. തകഴിയുടെ പുസ്തകശേഖരവും ജ്ഞാനപീഠവും പദ്മഭൂഷണുമടക്കമുള്ള
എല്ലാ പുരസ്കാരങ്ങളും എഴുത്തുപകരണങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
ഇടശ്ശേരി
സ്മാരക സമിതി
വി.ടി.ഭട്ടതിരിപ്പാടിന്റെ
നേതൃത്വത്തിൽ 1978 ഡിസംബർ 24 ന് സാഹിത്യ അക്കാദമി ഹാളിൽ ചേർന്ന
ഇടശ്ശേരി അനുസ്മരണയോഗമാണ് ഇടശ്ശേരി സ്മാരക സമിതിക്ക് രൂപം നൽകിയത്. ഇടശ്ശേരി
സ്മാരക പ്രഭാഷണം,
മലയാള സാഹിത്യ
പഠനഗവേഷണങ്ങൾ,
ഓരോ വർഷവും മലയാള
ഭാഷയിലുണ്ടാകുന്ന ഒരു മൗലിക കൃതിക്ക് ഇടശ്ശേരി പുരസ്‌കാരം നൽകൽ എന്നിവയാണ്
പൊന്നാനിയിലെ സ്മാരകത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ. ഇടശ്ശേരി ആരംഭിച്ച ലൈബ്രറിയും
സ്മാരകത്തിലുണ്ട്.
കുഞ്ചൻ
നമ്പ്യാർ സ്മാരകങ്ങൾ
മഹാകവി
കുഞ്ചൻ നമ്പ്യാർക്ക് അമ്പലപ്പുഴയിലും കിള്ളിക്കുറിശ്ശിമംഗലത്തും സ്മാരകങ്ങളുണ്ട്. 1967ൽ അമ്പലപ്പുഴയിൽ കുഞ്ചൻ നമ്പ്യാർ
സ്മാരകം സ്ഥാപിതമായി. അമ്പലപ്പുഴ ക്ഷേത്രത്തിനു സമീപത്താണ് ഈ സ്മാരകം. തുള്ളലിന്റെ
സമഗ്ര പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുക, തുള്ളലുകൾ
അവതരിപ്പിക്കുക,
നമ്പ്യാർ കവിതകൾ
പ്രചരിപ്പിക്കുക,
കുഞ്ചൻ
നമ്പ്യാരെപ്പറ്റിയുള്ള ഗവേഷണപ്രവർത്തനങ്ങൾ നടത്തുക, വേലകളി-ചെണ്ട എന്നിവ പരിശീലിപ്പിക്കുക
തുടങ്ങിയവ കുഞ്ചൻ സ്മാരകത്തിന്റെ പ്രവർത്തനങ്ങളിൽപ്പെടുന്നു.
സ്മാരകത്തോടനുബന്ധിച്ച് ഗ്രന്ഥാലയവും സ്മൃതിമണ്ഡപവുമുണ്ട്.
പാലക്കാട്
ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലത്ത് കുഞ്ചൻ നമ്പ്യാർ ജനിച്ച കലക്കത്തുഭവനമാണ് 1978 മെയ് നാലിന് കുഞ്ചൻ നമ്പ്യാർ
സ്മാരകമായി മാറിയത്. ഇവിടെ ഓട്ടൻതുള്ളൽ, മൃദംഗം, കർണാടക സംഗീതം, മോഹിനിയാട്ടം എന്നിവ
പഠിപ്പിക്കുന്നുണ്ട്. കേരളത്തിലെ മികച്ച തുള്ളൽ കലാകാരനെ തിരഞ്ഞെടുത്തത് ഓരോ
വർഷവും കുഞ്ചൻ പുരസ്‌കാരം ആഘോഷിച്ചുവരുന്നു. വിദ്യാരംഭദിനത്തിൽ കുട്ടികളെ ഇവിടെ
എഴുത്തിനിരുത്തുന്നു. സ്മാരകത്തിന് സ്വന്തമായി ഓട്ടൻതുള്ളൽ സംഘമുണ്ട്.
മഹാകവി
പി.സ്മാരകം
മഹാകവി
പി.കുഞ്ഞിരാമൻ നായരുടെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ ജന്മദേശമായ കാഞ്ഞങ്ങാട്ട്
ആരംഭിച്ച സ്മാരകമാണിത്. 1989 ഒക്ടോബർ 4ന് സ്മാരകത്തിന്റെ ശിലാസ്ഥാപനം നടന്നു.
സാഹിത്യകാരന്മാർക്ക് സർഗാത്മകരചനയ്ക്കുള്ള സൗകര്യവും ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങിയ സംവിധാനങ്ങളും
ഇവിടെയുണ്ട്. നൃത്ത-സംഗീത-ചിത്രരചനാ പരിശീലന ക്ലാസുകളും പഠനഗവേഷണകേന്ദ്രവും
സ്മാരകത്തിൽ നടത്തുന്നു.
കണ്ണശ്ശ
സ്മാരകം
നിരണം
കവികളുടെ സ്മരണയ്ക്കായി അവർ ജീവിച്ചിരുന്ന നിരണത്തെ കണ്ണശ്ശൻപറമ്പിൽ 1981 ഓഗസ്റ്റ് 30ന് ആരംഭിച്ച സ്മാരകമാണിത്. ഓഗസ്റ്റ് 30 കണ്ണശ്ശദിനമായി ആചരിക്കുന്നു. കണ്ണശ്ശ
കൃതികളുടെ പ്രസിദ്ധീകരണം,
കവിതാ ക്യാമ്പുകൾ, സാംസ്‌കാരിക പഠനക്കളരി തുടങ്ങിയവ
നടത്തിവരുന്നു. കണ്ണശ്ശപഠനഗവേഷണ ഗ്രന്ഥശാല മന്ദിരത്തോടനുബന്ധിച്ച്
പ്രവർത്തിക്കുന്നു. 2003 മുതൽ കണ്ണശ്ശപുരസ്കാരം
നൽകിവരുന്നു.
മഹാകവി
മോയിൻകുട്ടിവൈദ്യർ സ്മാരകം
മാപ്പിളപ്പാട്ടുകളുടെ
ആചാര്യനായ മഹാകവി മോയിൻകുട്ടിവൈദ്യർക്ക് ജന്മദേശമായ കൊണ്ടോട്ടിയിൽ 1999ൽ ആരംഭിച്ച സ്മാരകമാണിത്. മാപ്പിളകലാ
പഠനഗവേഷണം, അറബിമലയാളം ഗവേഷണം എന്നിവ
സ്മാരകത്തിന്റെ പ്രവർത്തനങ്ങളിൽപ്പെടുന്നു. മാപ്പിളപ്പാട്ടിലും മാപ്പിളകലയിലും
സർട്ടിഫിക്കറ്റ് കോഴ്‌സുമുണ്ട്. കൊരമ്പയിൽ അഹമ്മദ് കുട്ടി ഹാജിയായിരുന്നു ആദ്യ
ചെയർമാൻ.
മുണ്ടശ്ശേരി
സ്മാരകം
സാഹിത്യസാംസ്കാരിക
വിഷയങ്ങളിൽ സിംപോസിയങ്ങളും ചർച്ചകളും നടത്തുക, പൊതുപ്രാധാന്യവും സാഹിത്യമൂല്യവുമുള്ള ഗ്രന്ഥങ്ങൾ
പ്രസിദ്ധീകരിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 1983 ലാണ് മുണ്ടശ്ശേരി സ്മാരകം തൃശൂരിൽ
പ്രവർത്തനമാരംഭിച്ചത്.
ചെറുകാട്
സ്മാരക ട്രസ്റ്റ്
1978ൽ ചെറുകാടിന്റെ ഓർമയ്ക്കായി
തിരുവനന്തപുരം ആസ്ഥാനമാക്കി ചെറുകാട് സ്മാരക ട്രസ്റ്റ് ആരംഭിച്ചു. 1984ൽ ഇതിന്റെ ആസ്ഥാനം
പെരിന്തൽമണ്ണയിലേക്കു മാറ്റി. 1978 മുതൽ ശക്തി അവാർഡ് എന്ന പേരിൽ
ട്രസ്റ്റ് വിവിധ സാഹിത്യമേഖലകളിലെ കൃതികൾക്ക് പുരസ്‌കാരം നൽകിവരുന്നുണ്ട്. ഇപ്പോൾ
ഈ പുരസ്കാരത്തിന്റെ പേര് ചെറുകാട് പുരസ്‌കാരം എന്നാണ്. പുസ്തക പ്രസാധനമാണ് മറ്റൊരു
പ്രവർത്തനം.
വി.കെ.എൻ
സ്മാരക ട്രസ്റ്റ്
വി.കെ.എന്നിന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ ജന്മസ്ഥലമായ തിരുവില്വാമലയിൽ പ്രവർത്തിക്കുന്ന
സ്ഥാപനമാണ് വി.കെ.എൻ സ്മാരക ട്രസ്റ്റ്. വി.കെ.എൻ ദിനമായ ജനുവരി 25ന് അനുസ്മരണം സംഘടിപ്പിക്കൽ, വി.കെ.എൻ സ്മാരക കഥാ അവാർഡ് നൽകൽ
എന്നിവയാണ് ട്രസ്റ്റിന്റെ പ്രധാന പ്രവർത്തനങ്ങൾ.
വി.ടി.സ്മാരക
ട്രസ്റ്റ്
വി.ടി.ഭട്ടതിരിപ്പാടിന്റെ
ജന്മദേശമായ അങ്കമാലി കേന്ദ്രമാക്കി 1989
ജനുവരിയിൽ പ്രവർത്തനമാരംഭിച്ച ട്രസ്റ്റാണിത്. സാംസ്‌കാരിക പ്രാധാന്യമുള്ള
വിഷയങ്ങളെപ്പറ്റി സെമിനാറുകളും സിംപോസിയങ്ങളും സംഘടിപ്പിക്കുക, സാഹിത്യ ക്യാമ്പുകൾ നടത്തുക, മികച്ച കൃതികൾക്ക് വി.ടി.പുരസ്‌കാരം
നൽകുക എന്നിവയാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ.
ഒ.വി.വിജയൻ
സ്മാരക സമിതി
ഒ.വി.വിജയന്റെ
ഓർമയ്ക്കായി പാലക്കാട് ആസ്ഥാനമായി ആരംഭിച്ച സമിതിയാണിത്. ഒ.വി.വിജയനുമായി
ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് സമിതിയുടെ ലക്ഷ്യം.
സഹോദരൻ
അയ്യപ്പൻ സ്മാരകം
1985
സെപ്റ്റംബർ 29 ആം തീയതി സഹോദരൻ അയ്യപ്പന്റെ
ചെറായിയിലുള്ള ജന്മഗൃഹം ഗവൺമെന്റ് ഏറ്റെടുത്ത് സ്മാരകമാക്കി.
ഷഡ്കാല
ഗോവിന്ദമാരാർ സ്മാരക കലാസമിതി
ക്ഷേത്ര കലകളുൾപ്പെടെയുള്ള എല്ലാ കലകളുടെയും ഉന്നമനത്തിനായി ഷഡ്കാല ഗോവിന്ദമാരാരുടെ സ്മരണയിൽ സ്ഥാപിതമായ സമിതിയാണ് ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി. എം.പി.മന്മഥന്റെ നേതൃത്വത്തിൽ 1980ൽ സ്ഥാപിതമായി. എറണാകുളത്തെ രാമമംഗലമാണ് ആസ്ഥാനം.
