രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങൾ

Arun Mohan
0

രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങൾ

പ്രഭാതം

1934ൽ ഷൊർണൂരിൽനിന്ന് ആരംഭിച്ച 'പ്രഭാതം' കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം എന്നാണ് അറിയപ്പെടുന്നത്. പത്രത്തിന്റെ സ്ഥാപകനും ആദ്യ പത്രാധിപരും ഇ.എം.എസ് ആയിരുന്നു.

ചന്ദ്രിക

മുസ്ലിം ലീഗിന്റെ ഔദ്യോഗിക പത്രമായ ചന്ദ്രികയുടെ ആസ്ഥാനം കോഴിക്കോടാണ്. 1934ൽ തലശ്ശേരിയിൽനിന്ന് സ്വതന്ത്ര വാരിക എന്ന നിലയിലാണ് 'ചന്ദ്രിക'യുടെ തുടക്കം. 1938ൽ ദിനപത്രമായി. തൈലക്കണ്ടി സി.മുഹമ്മദാണ് ആദ്യ പത്രാധിപർ. വടക്കൻ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിലും സാമൂഹികപരിഷ്കരണത്തിലും പത്രം പ്രധാന പങ്ക് വഹിച്ചു. 1946ൽ പത്രത്തിന്റെ ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റി. 1950 മുതൽ ചന്ദ്രിക ആഴ്ചപ്പതിപ്പും പ്രസിദ്ധീകരിക്കുന്നു.

ദേശാഭിമാനി

സി.പി.ഐ (എം)ന്റെ മലയാളത്തിലുള്ള മുഖപത്രമാണ് ദേശാഭിമാനി. പത്രത്തിന്റെ സ്ഥാപനത്തിന് എ.കെ.ജിയും ഇ.എം.എസ്സും നേതൃത്വം നൽകി. 1942ൽ പ്രസിദ്ധീകരണമാരംഭിച്ചു. 60 ലേറെ വർഷത്തെ ഈ പത്രത്തിന്റെ ചരിത്രം സ്വാതന്ത്ര്യസമരത്തോടും, അനേകം തൊഴിലാളി-കർഷക സമരങ്ങളോടും ഇഴചേർന്ന് കിടക്കുന്നു.

ജനയുഗം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റെ മുഖപത്രമാണിത്. 1947ൽ കൊല്ലത്തുനിന് വാരികയായി തുടക്കം കുറിച്ചു. എൻ.ഗോപിനാഥൻ നായരായിരുന്നു പ്രഥമ പത്രാധിപർ. 1953 നവംബർ 16 മുതൽ ദിനപത്രമായി പ്രസിദ്ധീകരിക്കാൻ തുടങ്ങി. 1993ൽ പ്രസിദ്ധീകരണം നിലച്ചുവെങ്കിലും 2007 മെയ് 31 മുതൽ വീണ്ടും പ്രസിദ്ധീകരണം ആരംഭിച്ചു. മലയാളത്തിലെ ആദ്യത്തെ ബോക്സ് കാർട്ടൂൺ ജനയുഗത്തിലെ കിട്ടുമ്മാവനാണ്.

ജന്മഭൂമി

ഹൈന്ദവ ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് മലയാളത്തിൽ പ്രസിദ്ധീകരണമാരംഭിച്ച പത്രമാണ് ജന്മഭൂമി. 1975ൽ കോഴിക്കോടു നിന്നാണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ആദ്യ പത്രാധിപർ പി.വി.കെ.നെടുങ്ങാടിയാണ്.

മംഗളം

1969ൽ എം.സി.വർഗീസ് സ്ഥാപിച്ച മംഗളം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദിനപത്രമാണ് മംഗളം ദിനപത്രം. കോട്ടയം ആസ്ഥാനമാക്കിയാണ് പത്രം പ്രവർത്തിക്കുന്നത്.

വീക്ഷണം

കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക മുഖപത്രമാണ് വീക്ഷണം. 1976ൽ ഇന്ദിരാഗാന്ധിയാണ് പത്രം ഉദ്‌ഘാടനം ചെയ്തത്. എന്നാൽ, ആദ്യദശകത്തിനുശേഷം അച്ചടിരംഗത്തുണ്ടായ ആധുനികവത്കരണത്തെ സ്വായത്തമാക്കി മത്സരിച്ച് മുന്നേറാൻ കഴിയാതെ വന്നത് വീക്ഷണത്തിന് തിരിച്ചടിയായി. ഒരു ഇടവേളയ്ക്കുശേഷം 2005ൽ വീക്ഷണം പുനഃപ്രസിദ്ധീകരണമാരംഭിച്ചു.

മാധ്യമം

ജമാഅത്തെ ഇസ്‌ലാമി കേരളയ്ക്ക് കീഴിലുള്ള ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റാണ് മാധ്യമത്തിന്റെ പ്രസാധകർ. 1987 ജൂൺ ഒന്നിന് കോഴിക്കോട് നിന്ന് പി.കെ.ബാലകൃഷ്ണൻ പത്രാധിപരായി പ്രസിദ്ധീകരണം ആരംഭിച്ചു.

Post a Comment

0 Comments
Post a Comment (0)