പാട്ടു പ്രസ്ഥാനം

Arun Mohan
0

പാട്ടു പ്രസ്ഥാനം

മലയാളത്തിലെ ആദ്യ സാഹിത്യപ്രസ്ഥാനമായി കണക്കാക്കുന്നത് പാട്ടുകളെയാണ്. അങ്ങനെ നോക്കുമ്പോൾ പാട്ടുപ്രസ്ഥാനത്തിലുണ്ടായ ആദ്യകൃതിക്ക് ഭാഷയിൽ പ്രാധാന്യമേറെയുണ്ട്. മലയാള ഭാഷയുടെ ആധുനിക രൂപത്തിനുമുൻപ് നിലവിലുണ്ടായിരുന്ന രണ്ടു സാഹിത്യശാഖകളാണ് പാട്ടുപ്രസ്ഥാനവും മണിപ്രവാളപ്രസ്ഥാനവും. ഇന്നുവരെ കണ്ടുകിട്ടിയതിൽ ഏറ്റവും പ്രാചീനമായ പാട്ടുകൃതി രാമചരിതമാണ്. പാട്ടുഭാഷാ സാഹിത്യത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉൾക്കൊള്ളുന്ന ഈ കാവ്യത്തെ മലയാളത്തിലെ ആദ്യ സാഹിത്യകൃതിയായും കണക്കാക്കുന്നു. രാമചരിതം രചിച്ചത് ചീരാമകവിയാണെന്ന് ഗ്രന്ഥാവസാനത്തിൽ സൂചനയുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈ കൃതി രചിച്ചതെന്നും കരുതപ്പെടുന്നു. രാമചരിതത്തിന്റെ കർത്താവ്, രചനാകാലം എന്നിവയെക്കുറിച്ച് വ്യത്യസ്‌താഭിപ്രായങ്ങളാണുള്ളത്. തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു ഭരണാധികാരിയാണിതിന്റെ കർത്താവെന്ന് പ്രശസ്‌ത ഭാഷാപണ്ഡിതനായ കോവുണ്ണി നെടുങ്ങാടി അഭിപ്രായപ്പെട്ടിട്ടുണ്ട്. വേണാട് വാണിരുന്ന ശ്രീവീരരാമവർമ മഹാരാജാവാകാം 'ചീരാമൻ' എന്ന് 'സാഹിത്യചരിത്ര'ത്തിൽ ഉള്ളൂർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇവയൊന്നും അംഗീകരിക്കാത്തവരും, ഉത്തരകേരളത്തിലാണ് ഈ കൃതിരൂപംകൊണ്ടതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. പാട്ടുസാഹിത്യത്തിന്റെ മികച്ച ഉദാഹരണമായ രാമചരിതത്തിൽ 1814 പാട്ടുകളുണ്ട്. മലയാളവും ദ്രാവിഡവും (തമിഴ്) ഇടകലർത്തി, ദ്രാവിഡവൃത്തത്തിലാണ് ഇതിന്റെ രചന. രാമചരിതത്തെ മലയാളത്തിലെ പ്രഥമകൃതിയായി ജർമൻ മിഷനറിയും ഭാഷാപണ്ഡിതനുമായ ഹെർമൻ ഗുണ്ടർട്ട് തന്റെ 'മലയാളം നിഘണ്ടു'വിൽ വിവരിക്കുന്നുണ്ട്.

പാട്ടിന്റെ നിർവചനം രാമചരിതത്തെപോലെ പിന്തുടരുന്ന മറ്റൊരു കൃതിയാണ് തിരുനിഴൽ മാല. ആറന്മുള ക്ഷേത്രത്തെ പ്രതിപാദ്യമാക്കി 539 ഈരടികളും 93 പാട്ടുകളിലുമായി രചിച്ച ഈ കൃതി ഇതിവൃത്ത സ്വീകരണത്തിൽ മറ്റു പാട്ടു കൃതികളിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നു. ആ കാലഘട്ടത്തിലെ ജനസംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ, ജീവിതരീതി എന്നിവയെല്ലാം മനസിലാക്കാൻ തിരുനിഴൽ മാലയിലൂടെ സാധിക്കുന്നു. പാട്ടുസാഹിത്യത്തിൽ രാമചരിതത്തിനുശേഷം ഉണ്ടായ പ്രശസ്ത കൃതികൾ കണ്ണശ്ശന്മാരുടേതാണ്. കണ്ണശ്ശന്മാർ നാല് പേരായിരുന്നു. നിരണം കവികൾ എന്നും ഇവർക്ക് പേരുണ്ട്. തിരുവല്ലാ താലൂക്കിൽ നിരണം എന്ന സ്ഥലത്തെ കണ്ണശ്ശൻ പറമ്പിലായിരുന്നത്രേ കണ്ണശ്ശന്മാരുടെ തറവാട്. കരുണേശൻ എന്ന കവിയുടെ മക്കളായ മാധവപ്പണിക്കരും ശങ്കരപ്പണിക്കരുമാണ് നിരണം കവികളിലെ രണ്ടുപേർ. കരുണേശന്റെ ഇളയ പുത്രിയുടെ മകനാണ് നിരണം കവികളിലെ പ്രധാനിയായ രാമപ്പണിക്കർ. തമിഴിന്റെ സ്വാധീനം കണ്ണശ്ശന്മാരുടെ കൃതികളിൽ കുറവാണ്. മലയാളത്തിൽ ഭക്തിപ്രസ്ഥാനം ആരംഭിക്കുന്നത് ഇവരിലൂടെയാണെന്ന് പറയാം. ഭഗവദ്ഗീതയ്ക്ക് മലയാളത്തിൽ ആദ്യമായുണ്ടായ വിവർത്തനം രചിച്ചത് മാധവപ്പണിക്കരാണ്. ശങ്കരപ്പണിക്കരുടെ പ്രധാന കൃതിയാണ് ഭാരതമാല. നിരണം കവികളിൽ ഏറ്റവും പ്രശസ്തനായ രാമപ്പണിക്കരുടെ പ്രധാന കൃതിയാണ് കണ്ണശ്ശരാമായണം. ശ്രീരാമന്റെ കഥപറഞ്ഞ് ജനങ്ങളെ നന്മയുടെ പാതയിൽ കൊണ്ടുവരികയായിരുന്നു രാമപ്പണിക്കാരുടെ ലക്ഷ്യം.

PSC ചോദ്യങ്ങൾ

1. പാട്ടു പ്രസ്ഥാനത്തിലെ പ്രഥമകാവ്യം എന്നറിയപ്പെടുന്നത് - രാമചരിതം

2. പാട്ടുപ്രസ്ഥാനത്തിന്റെ സമസ്ത ലക്ഷണങ്ങളും സമ്പൂർണമായി ഉൾക്കൊള്ളുന്ന കാവ്യം - രാമചരിതം 

3. രാമായണത്തിലെ യുദ്ധകാണ്ഡത്തെ ആസ്പദമാക്കിയുള്ള കൃതി - രാമചരിതം 

4. 164 പടലങ്ങളും, 1814 ശീലുകൾ (പാട്ടുകൾ) അടങ്ങുന്ന ബൃഹത് കാവ്യം - രാമചരിതം 

5. രാമചരിതത്തിന്റെ അധ്യായങ്ങൾക്ക് പറയുന്ന പേര് - പടലങ്ങൾ 

6. രാമചരിതത്തിന്റെ കർത്താവ് - ചീരാമൻ

7. കേരളത്തിന്റെ ചോസർ എന്നറിയപ്പെടുന്നത് - ചീരാമൻ

8. പാട്ടുപ്രസ്ഥാനം അതിന്റെ പൂർണതയിലെത്തിയത് - എഴുത്തച്ഛന്റെ കിളിപ്പാട്ടുകളിലൂടെ 

9. പാട്ടിന്റെ നിർവചനം രാമചരിതത്തെപോലെ പിന്തുടരുന്ന മറ്റൊരു കൃതി - തിരുനിഴൽ മാല 

10. പാട്ടുപ്രസ്ഥാനത്തിന്റെ ലക്ഷണങ്ങൾ അടങ്ങുന്ന കൃതി - ലീലാതിലകം 

11. പതിനഞ്ചാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട സ്തോത്ര കൃതികൾ - വാസുദേവസ്തവം, അവതരണദശകം, ദശാവതാരചരിതം, ചെല്ലൂർ നാഥസ്തവം, രാമായണ കീർത്തനം, ഭദ്രകാളീസ്തവം

12. പതിനഞ്ചാം നൂറ്റാണ്ടിലെ പാട്ടു പ്രസ്ഥാനത്തിലെ ചെറുശ്ശേരി രചിച്ച പ്രധാന കൃതി - കൃഷ്ണഗാഥ

Post a Comment

0 Comments
Post a Comment (0)