മണിപ്രവാള പ്രസ്ഥാനം
പന്ത്രണ്ട്, പതിമൂന്ന് നൂറ്റാണ്ടുകളിൽ
ശക്തിപ്രാപിച്ച മിശ്രഭാഷയിൽ മികച്ച സാഹിത്യ കൃതികൾ ഉണ്ടാകാൻ തുടങ്ങിയപ്പോൾ
മണിപ്രവാള പ്രസ്ഥാനം ആവിർഭവിച്ചു. പദ്യസാഹിത്യം മണിപ്രവാളമായിത്തീർന്നു.
പാഠകത്തിനും കൂടിയാട്ടത്തിനും വേണ്ടി എഴുതപ്പെട്ട കൃതികൾ പ്രധാനമാണ്. പ്രാചീന
മണിപ്രവാളം, മധ്യകാല മണിപ്രവാളം, ആധുനിക മണിപ്രവാളം എന്നിങ്ങനെ ഈ
ഘട്ടത്തെ വിഭജിക്കാം. വൈശികതന്ത്രം, ഉണ്ണിയച്ചീചരിതം, ഉണ്ണിയാടീ ചരിതം, ഉണ്ണിച്ചിരുതേവീ ചരിതം തുടങ്ങിയ കൃതികൾ
പ്രാചീന മണിപ്രവാളഘട്ടത്തെ പ്രതിനിധീകരിക്കുന്നു. കോകസന്ദേശം, ഉണ്ണുനീലി സന്ദേശം തുടങ്ങിയ സന്ദേശ കാവ്യങ്ങളാണ്
മധ്യകാല മണിപ്രവാളത്തിൽ ഉൾപ്പെടുന്നത്. നൈഷധംചമ്പു, ഭാഷാരാമായണം ചമ്പു തുടങ്ങിയ
ചമ്പുക്കളും ചന്ദ്രോത്സവം തുടങ്ങിയ കാവ്യങ്ങളുമാണ് മൂന്നാം ഘട്ട
മണിപ്രവാളത്തിലുൾപ്പെടുന്നത്. തോലൻ (അതുലൻ) ആണ് ആദ്യം ശ്രദ്ധയിൽ വരുന്ന മണിപ്രവാള
കവി. 'തോഴ'നാണ് തോലനായി മാറിയതെന്നാണ് ഒരു വാദം.
ഹാസ്യകൃതികളുടെ പേരിലറിയപ്പെടുന്ന തോലൻ 'മഹോദയപുരേശചരിതം' എന്ന പേരിൽ ഒരു ചരിത്രകാവ്യം
രചിച്ചിട്ടുണ്ട്.
