കേരളത്തിലെ ശാസനങ്ങൾ

Arun Mohan
0

കേരളത്തിലെ ശാസനങ്ങൾ

കേരളത്തിന്റെ പ്രാചീനചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന നിർണായകരേഖകളാണ് ശാസനങ്ങൾ. രാജാക്കൻമാരോ നാടുവാഴികളോ കല്ലിൽ കൊത്തിവെച്ച രേഖകൾ പിന്നീട് ചരിത്രത്തിന്റെ കാലനിർണയത്തിലടക്കം നിർണായകമായി. പ്രാചീനകാലത്ത് ഭരണാധികാരികൾ കല്ലിലും മറ്റും കൊത്തിവെച്ച രേഖകളാണ് ശാസനങ്ങൾ. ശാസനദാതാവിന്റെ പേര്, പുറപ്പെടുവിച്ച ഉത്തരവോ ആർക്കെങ്കിലും സമ്മാനമോ പദവിയോ അംഗീകാരങ്ങളോ ദാനമോ നൽകിയതിന്റെയും മറ്റും വിവരങ്ങളോ ഒക്കെയാണ് ശാസനങ്ങളിലുണ്ടാകുക. കേരളചരിത്രപഠനത്തിന് ഏറെ സഹായകമായ രേഖകളാണ് ഇത്തരം ശാസനങ്ങൾ. ചെമ്പുതകിടിൽ ആലേഖനംചെയ്തിട്ടുള്ള ശാസനങ്ങളുണ്ട്. അവയെ പട്ടയങ്ങൾ എന്നുപറയും. ചെപ്പേട് എന്നും പേരുണ്ട്. പല ശാസനങ്ങളും 'സ്വസ്തിശ്രീ' എന്നാണ് ആരംഭിക്കുന്നത്.

വാഴപ്പള്ളി ശാസനം

കേരളത്തിൽനിന്നു കിട്ടിയിട്ടുള്ള ആദ്യത്തെ ശാസനമാണിത്. കേരളത്തിന്റെ ചരിത്രരചനാപാരമ്പര്യത്തിന് നിർണായകസംഭാവന നൽകാൻ ഈ ലിഖിതത്തിന് കഴിഞ്ഞിട്ടുണ്ട്. എ.ഡി. 832-ലാണ് ഈ ശാസനം എഴുതപ്പെട്ടിരിക്കുന്നതെന്നാണ് നിഗമനം. ക്രിസ്തുവർഷം 820 മുതൽ 844 വരെ മഹോദയപുരം ഭരിച്ചിരുന്ന രാജാ രാജശേഖരദേവൻ പരമേശ്വരഭട്ടാരകന്റെ കാലത്തായിരുന്നു അതെന്ന് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു. കുലശേഖരന്മാരെക്കുറിച്ച് വിവരങ്ങൾ നൽകുന്ന വിലപ്പെട്ട രേഖയാണിത്. ശാസനങ്ങളിൽനിന്നു വെളിപ്പെടുന്ന ആദ്യ കുലശേഖരപ്പെരുമാൾ ഈ ശാസനത്തിലെ രാജശേഖരനാണ്. വാഴപ്പള്ളി ശാസനം കണ്ടെടുത്തത് വാഴപ്പള്ളി മഹാക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തലവനമഠത്തിൽനിന്നാണ്. പല്ലവഗ്രന്ഥലിപിയിൽ എഴുതപ്പെട്ട വാഴപ്പള്ളി ലിഖിതത്തിൽ ചേരപ്പെരുമാക്കന്മാരുടെ വംശാവലിയും നാമമാത്രമായിട്ടെങ്കിലും കാർഷികവിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. 'സ്വസ്തിശ്രീ' എന്ന് മറ്റുപല ശാസനങ്ങളും തുടങ്ങുമ്പോൾ വാഴപ്പള്ളിശാസനം 'നമശ്ശിവായ' എന്നുതുടങ്ങുന്നതിനാലും 'പരമേശ്വരഭട്ടാരകൻ' എന്ന് രാജാവിനെ വിശേഷിപ്പിക്കുന്നതിനാലും രാജശേഖരൻ ശിവഭക്തനായിരുന്നുവെന്ന് കരുതപ്പെടുന്നു. ഈ ശാസനത്തിൽ കാണുന്ന റോമൻ ദിനാർ നാണയത്തെക്കുറിച്ചുള്ള പ്രസ്താവം റോമാസാമ്രാജ്യവുമായി കേരളത്തിനുണ്ടായിരുന്ന വാണിജ്യബന്ധത്തിന് തെളിവാണ്.

തരിസാപ്പള്ളി ശാസനം

തീയതി കൃത്യമായി കണ്ടുപിടിക്കപ്പെട്ട ആദ്യത്തെ പ്രധാനപ്പെട്ട കേരളശാസനം തരിസാപ്പള്ളി ശാസനമാണ്. കേരളത്തിലെ നസ്രാണിസാന്നിധ്യം അടയാളപ്പെടുത്തുന്ന ആദ്യത്തെ ലിഖിതരേഖകളാണ് തരിസാപ്പള്ളി ശാസനങ്ങൾ അഥവാ തരിസാപ്പള്ളി ചെപ്പേടുകൾ എന്നറിയപ്പെടുന്നത്. ചേരചക്രവർത്തിയായിരുന്ന സ്ഥാണുരവിവർമൻ പെരുമാളിന്റെ സാമന്തനായി വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ, കൊല്ലത്തെ തരിസാപ്പള്ളിക്ക് ഒട്ടേറെ അധികാരാവകാശങ്ങളോടുകൂടി ഒരു പ്രദേശം ദാനംചെയ്യുന്നതാണ് ഈ ശാസനത്തിന്റെ ഉള്ളടക്കം. അയ്യനടികൾ തിരുവടികൾ, പേർഷ്യയിൽനിന്ന് കുടിയേറിയ പുരോഹിതമുഖ്യനും വർത്തകപ്രമാണിയുമായിരുന്ന മാർ സാപ്രൊ ഈശോ മുഖാന്തരമാണ് തരിസാപ്പള്ളിക്ക് ഈ അവകാശങ്ങൾ എഴുതിക്കൊടുക്കുന്നത്. രാജ്യത്തെ പ്രധാന ഉദ്യോഗസ്ഥരും അഞ്ചുവണ്ണം, മണിഗ്രാമം എന്നീ വാണിജ്യസംഘടനകളുടെ പ്രതിനിധികളും സന്നിഹിതരായിരിക്കുമ്പോഴാണ് ഈ ദാനകർമം നിർവഹിക്കുന്നത്. കൊല്ലത്തിന്റെ വാണിജ്യപ്രാധാന്യം ഈ രേഖയിൽനിന്ന് വ്യക്തമാകുന്നു. ഈ കാലത്ത് വേണാടിന് കുലശേഖരസാമ്രാജ്യത്തിലെ സാമന്തപദവിയേ ഉണ്ടായിരുന്നുള്ളൂവെന്ന് ഈ ശാസനത്തിൽനിന്ന് മനസ്സിലാക്കാം. തൊഴിൽനികുതി, വിൽപ്പനനികുതി, വാഹനനികുതി തുടങ്ങി പല നികുതികളെപ്പറ്റി ഈ ശാസനത്തിൽ വ്യക്തമായി പറഞ്ഞിരിക്കുന്നതിൽ നിന്ന്, പഴയ വേണാട്ടിലെ നികുതിസമ്പ്രദായത്തെക്കുറിച്ച് മനസ്സിലാക്കാനും സാധിക്കും. പ്രാചീന കേരളരാജാക്കൻമാർ പുലർത്തിപ്പോന്ന അന്യമത സഹിഷ്ണുതയ്ക്ക് തരിസാപ്പള്ളി ശാസനം ഒന്നാംതരം തെളിവാണ്.

പാലിയം ശാസനം

പാലിയം ശാസനം 'ശ്രീമൂലവാസം ചെപ്പേടുകൾ' എന്നുമറിയപ്പെടുന്നു. വിഴിഞ്ഞം ആസ്ഥാനമാക്കിയ ആയ് രാജാവ് വിക്രമാദിത്യവരഗുണൻ തന്റെ 15 ആം ഭരണവർഷത്തിൽ തിരുമൂലവാസം (ശ്രീമൂലവാസം) എന്ന ബൗദ്ധസ്ഥാപനത്തിന് കുറെ സ്ഥലം ദാനം നൽകിയതായുള്ള പുരാതന താമ്രശാസനമാണ് പാലിയം താമ്രശാസനം. കേരളത്തിൽനിന്ന് കണ്ടുകിട്ടിയവയിൽ ബുദ്ധമതവുമായി പ്രത്യക്ഷബന്ധമുള്ള ഒരേയൊരു ശാസനമാണിത്. ബുദ്ധനെയും ധർമത്തെയും സംഘത്തെയും അനുസ്മരിച്ചുകൊണ്ടുള്ള മംഗളചരണം ശാസനത്തിലുണ്ട്. വിക്രമാദിത്യവരഗുണന് ബുദ്ധമതത്തോടുണ്ടായിരുന്ന സഹിഷ്ണുതാഭാവവും ഇതിൽനിന്നറിയാം. മാത്രമല്ല, ബുദ്ധമതവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്ന് കണ്ടുകിട്ടിയ പ്രധാനരേഖകളിലൊന്നാണിത്. പരാന്തകചോളന്റെ കേരളാക്രമണത്തെയും ശാസനം പരാമർശിക്കുന്നു.

മാമ്പള്ളി ശാസനം

പ്രാചീന വേണാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വിശുന്ന പ്രധാനപ്പെട്ട ചരിത്രരേഖകളിലൊന്നാണ് മാമ്പള്ളിപ്പട്ടയം. ആറ്റിങ്ങലിനടുത്ത് കീഴാറ്റിങ്ങലിലുള്ള മാമ്പള്ളിമഠത്തിൽനിന്ന് ലഭിച്ചതുകൊണ്ടാണ് ഈ താമ്രശാസനത്തിന് ഈ പേര് ലഭിച്ചത്. ഒരു സ്വകാര്യവ്യക്തി ഒട്ടേറെ മാന്യന്മാരുടെ സാന്നിധ്യത്തിൽ ചെങ്ങന്നൂർ ക്ഷേത്രത്തിലേക്ക് ഗണ്യമായ ഭൂസ്വത്ത് ദാനംചെയ്യുന്ന സമ്മതപത്രമാണ് മാമ്പള്ളിപ്പട്ടയം. കൊല്ലവർഷം 149-ലാണ് മാമ്പള്ളിപ്പട്ടയം എഴുതിയിട്ടുള്ളത്. തരിസാപ്പള്ളിച്ചെപ്പേടുകൾക്കുശേഷം ഏകദേശം 130 വർഷം കഴിഞ്ഞാണ് ഈ പട്ടയരേഖ എഴുതപ്പെട്ടത്. തരിസാപ്പള്ളിച്ചെപ്പേട് ചമച്ച അയ്യനടികൾ തിരുവടികൾക്കുശേഷം മറ്റൊരു വേണാട്ടരചന്റെ ഭരണത്തിനുള്ള ചരിത്രപരമായ തെളിവുകൂടിയാണ് ഈ രേഖ. ശ്രീവല്ലഭൻ കോത എന്നായിരുന്നു ഈ വേണാട്ടുരാജാവിന്റെ പേര്. കൊല്ലവർഷം ഒരു കാലഗണനാമാനകമായി ആദ്യമായി രേഖപ്പെടുത്തുന്നത് മാമ്പള്ളിപ്പട്ടയത്തിലാണ്, മഹോദയപുരത്തെ ഭാസ്‌കരരവിവർമ ഒന്നാമൻ, ഇന്ദുക്കോതവർമ എന്നീ ചക്രവർത്തിമാരുടെ ഭരണകാലം കണ്ടുപിടിക്കാനും മാമ്പള്ളിശാസനം സഹായിച്ചിട്ടുണ്ട്.

ചോക്കൂർ ശാസനം

കോഴിക്കോട് ജില്ലയിലുള്ള ഓമശ്ശേരി ചോക്കൂർ ശ്രീരാമക്ഷേത്രത്തിലെ ശിലാശാസനമാണിത്. കുലശേഖരപ്പെരുമാളായ ഗോദരവിവർമയുടെ 15 ആം ഭരണവർഷത്തിലേതാണ് (എ.ഡി. 932) ഈ ലിഖിതം. കേരളത്തിലെ ദേവദാസിസമ്പ്രദായത്തെക്കുറിച്ചുള്ള ആദ്യപരാമർശം ഈ ശാസനത്തിലാണുള്ളത്. ക്ഷേത്രനർത്തകികളായ നങ്ങയെക്കുറിച്ച് ഏറ്റവും പഴയ പരാമർശം ഇതിലുണ്ട്. കുലശേഖരഭരണകാലത്ത് കേരളത്തിൽ ദേവദാസിസമ്പ്രദായം നിലവിലിരുന്നുവെന്നതിന് തെളിവാണ് ഈ രേഖ.

ഹജൂർ ശാസനം

ആയ് രാജാവായ കരുനന്തടക്കൻ എ.ഡി. 866-ൽ പുറപ്പെടുവിച്ച ശാസനം. മുഞ്ചിറസഭക്കാരിൽനിന്ന് പകരത്തിന് നിലംകൊടുത്ത് ഉഴക്കുടിവിളയിൽ ഒരു സ്ഥലം വാങ്ങി വിഷ്ണുക്ഷേത്രം നിർമിക്കുകയും അതോട് ചേർന്ന് കാന്തള്ളൂർ ശാലയുടെ മാതൃകയിൽ 95 വൈദികവിദ്യാർഥികൾക്ക് താമസിച്ചുപഠിക്കാൻ ഒരു വേദപാഠശാല നിർമിക്കുകയും ചെയ്തതിന്റെ രേഖയാണ് ഈ ശാസനം. ക്ഷേത്രത്തിന്റെയും പാഠശാലയുടെയും ചെലവിനായി അനേകായിരം പറ നിലം ദാനമായി നൽകി. വേദാഭ്യാസംമാത്രമല്ല, ആയുധാഭ്യാസവും ഇവിടെ നടന്നിരുന്നതായി ശാസനത്തിലുണ്ട്. അക്കാലത്തെ വിദ്യാപീഠങ്ങളുടെ പ്രവർത്തനം ഇതിൽനിന്ന് മനസ്സിലാക്കാനാകും. ശ്രീവല്ലഭൻ, പാർഥിവശേഖരൻ എന്നിങ്ങനെ ബിരുദങ്ങളുള്ള കരുനന്തടക്കൻ ഈ സ്ഥലത്തിന് പാർഥിവശേഖരപുരം എന്ന് പേരിട്ടു. പിന്നീട് ലോപിച്ച് പാർഥിവപുരമായി. കന്യാകുമാരി ജില്ലയിലെ വിളവംകോട് താലൂക്കിലാണ് പാർഥിവപുരം വിഷ്ണുക്ഷേത്രം. ദക്ഷിണേന്ത്യയിൽ ദിവസങ്ങളുടെ എണ്ണം പറഞ്ഞ് കാലവർഷമുപയോഗിക്കുന്ന ആദ്യ ശാസനമാണിത്.

ജൂതശാസനം

ജോസഫ് റബ്ബാൻ എന്ന യഹൂദവർത്തക പ്രമാണിക്ക് ചുങ്കവും മറ്റ് നികുതികളും സ്വന്തമായി പിരിച്ചെടുക്കാനുള്ള അവകാശത്തിനും 72 പ്രത്യേകാവകാശത്തിനുമൊപ്പം അഞ്ചുവസ്ഥാനം അനുവദിച്ചുകൊടുത്തുകൊണ്ടും ചേരചക്രവർത്തി ഭാസ്കരരവിവർമൻ ഒന്നാമൻ എ.ഡി. ആയിരാമാണ്ടിൽ നൽകിയ ചെപ്പേടാണ് ജൂതശാസനം. ജൂതസമുദായത്തിന് വ്യാപാരരംഗത്തുണ്ടായിരുന്ന പദവിയും പ്രാമാണ്യവും ഇത് വ്യക്തമാക്കുന്നു. ജൂതശാസനങ്ങൾ കേരളരാജാക്കന്മാരുടെ മതസഹിഷ്ണുതയ്ക്ക് ഉദാഹരണമാണ്. മട്ടാഞ്ചേരി ജൂതപ്പള്ളിയിൽ ശാസനം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. 'ജൂതപ്പട്ടയം' എന്ന പേരിലും ഇതറിയപ്പെടുന്നു. വാമൊഴിസന്ദേശങ്ങളുടെ എഴുത്തിന്റെ ചുമതലക്കാരനായിരുന്ന വൻറലച്ചേരി കണ്ടൻ കുറുപ്പോളനാണ് ശാസനമെഴുതിയത്.

തിരുവാലങ്ങാട് ശാസനം

1012 മുതൽ 1044 വരെ ചോളരാജ്യം ഭരിച്ച രാജേന്ദ്രചോളന്റെ ഒരു ശാസനമാണ് തിരുവാലങ്ങാട് ശാസനം എന്നറിയപ്പെടുന്നത്. കേരളചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ചോളശാസനങ്ങളിൽ പ്രാധാന്യമർഹിക്കുന്നതാണ് തിരുവാലങ്ങാട് ശാസനം. ഈ ശാസനത്തിൽ രാജേന്ദ്രചോളനെ വളരെയേറെ പ്രകീർത്തിക്കുന്നുണ്ടെങ്കിലും വിഴിഞ്ഞത്തെ ആക്രമണത്തെക്കുറിച്ചാണ് പ്രധാനമായും പരാമർശിക്കുന്നത്. ദേവദാസികളെ ക്ഷേത്രത്തിലേക്ക് വിറ്റിരുന്നതായി തിരുവാലങ്ങാട് ശാസനത്തിൽ പരാമർശമുണ്ട്. പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയതാണ് കേരളമെന്ന ഐതിഹ്യകഥ ഈ ശാസനത്തിൽ സൂചിപ്പിക്കുന്നു.

തളങ്കര ശാസനം

കാസർകോട്ടെ തളങ്കരഗ്രാമത്തിലുള്ള ഈ ശിലാശാസനം, വരൾച്ചയെ തന്റെതായ രീതിയിൽ എതിർത്തുതോൽപിച്ച മോചികബ്ബെ എന്ന റാണിയുടെ കഥ പറയുന്നു. കാർഷികവ്യാപനത്തിന്റെ ചരിത്രം വെളിപ്പെടുത്തുന്ന ഈ ശാസനം കാസർകോടിന്റെ ചരിത്രത്തിലെ പ്രധാന കണ്ണിയാണ്. മോചികബ്ബെയുടെ ഭർത്താവ് ജയസിംഹരാജാവ് അവൾക്ക് ഒരു സമ്മാനം നൽകാൻ ആഗ്രഹിച്ചു. എന്തുവേണമെങ്കിലും ചോദിക്കാൻ അവളോട് ആവശ്യപ്പെട്ടു. ആർക്കും വേണ്ടാത്തതും ആരും സന്ദർശിക്കാത്തതുമായ പാറകളും മുള്ളുകളും നിറഞ്ഞ തരിശായി കിടക്കുന്ന ഒരു ഭൂമി അവൾ ആവശ്യപ്പെട്ടു. രാജധാനിയിൽനിന്ന് വളരെ ദൂരെയുള്ള ഒരു സ്ഥലം രാജാവ് അതനുസരിച്ച് അനുവദിച്ചു. അവർ ഭൂമി വൃത്തിയാക്കി, വസ്തുവിലേക്ക് ഒരു നീരൊഴുക്ക് തിരിച്ചുവിട്ടു. വസ്തുവിനെ കൃഷിയോഗ്യവും വാസയോഗ്യവുമായ പ്രദേശമാക്കി മാറ്റി. പൂന്തോട്ടങ്ങളും മേൽക്കൂരയുള്ള വീടുകളും നിർമിച്ചു. അനന്തരം അത് പൊതു ഉപയോഗത്തിനായി സംഭാവന ചെയ്തു. കൊലപാതകം, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ശിക്ഷയെ ഭയക്കാതെ രാജ്ഞി താത്കാലിക മാപ്പ് നൽകിയതിനാൽ ഈ സ്ഥലം കുറ്റവാളികളുടെ അഭയകേന്ദ്രമായി മാറിയെന്ന് ലിഖിതം സൂചിപ്പിക്കുന്നു. കുറ്റവാളികൾ പിന്നീട് രാജകീയ അധികാരികൾക്ക് സ്വയം കീഴടങ്ങി എന്ന് ലിഖിതത്തിൽ പറയുന്നു, കൂടാതെ രാജ്യത്ത് ക്രമസമാധാനം നിലനിർത്താൻ സഹായിച്ചതിന് രാജ്ഞിയെ അഭിനന്ദിക്കുന്നു. ഈ ഭൂമിയുടെ അവകാശം സ്ത്രീസന്താനങ്ങൾക്കായിരിക്കുമെന്നും ശാസനം പറയുന്നു. മരുമക്കത്തായത്തെക്കുറിച്ച് സൂചിപ്പിക്കുന്ന തുളുനാട്ടിലെ ആദ്യത്തെ ശാസനം ഇതാണ്.

കൊടവലം ശാസനം

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള കൊടവലം വാമനക്ഷേത്രത്തിൽ കൊത്തിവെച്ചിട്ടുള്ള ശിലാലിഖിതമാണ് കൊടവലം ശാസനം. എ.ഡി. 1020-ൽ ഭാസ്കര രവിവർമൻ ഒന്നാമനാണ് ഇത് പുറത്തിറക്കിയത്. കൊടവലം ഗ്രാമത്തിൽനിന്ന് പിരിച്ചെടുക്കുന്ന നികുതിയിൽനിന്ന് മൂന്ന് കഴഞ്ച് സ്വർണം കൊടവലം ക്ഷേത്രത്തിന്റെ നടത്തിപ്പിനായി നൽകിക്കൊണ്ടുള്ള രാജകൽപ്പനയാണ് ഇതിലുള്ളത്. കേരള ചരിത്രത്തിൽ അതുവരെ നിലവിലുണ്ടായിരുന്ന പെരുമാൾ രാജാക്കന്മാരുടെ ഭരണകാലത്തെക്കുറിച്ച് നിലവിലുള്ള ധാരണകൾ ഈ ശാസനത്തിന്റെ കണ്ടെത്തൽ തിരുത്തിക്കുറിച്ചു. ബ്രാഹ്മി ലിപിയിലുള്ള വട്ടെഴുത്തിലാണ് ശാസനം തയ്യാറാക്കിയിരിക്കുന്നത്.

തൃക്കൊടിത്താനം ശാസനം

കുലശേഖര ചക്രവർത്തിയായ ഭാസ്കര രവിവർമന്റെ പതിമൂന്നാം ഭരണവർഷത്തിലെ ശാസനമാണ് തൃക്കൊടിത്താനം ശാസനം. തൃക്കൊടിത്താനം ക്ഷേത്രത്തിലാണ് ഇത് കണ്ടെത്തിയത്. വട്ടെഴുത്തിലുള്ള ഈ ശിലാലിഖിതങ്ങൾ ക്ഷേത്രാചാരങ്ങളും ഭരണകാര്യങ്ങളും വെളിപ്പെടുത്തുന്നതാണ്. ഭാസ്കര രവിവർമ എന്ന പെരുമാളുടെ ഭരണകാലത്തേതാണിത്. ആയ് നാടുകളിൽ ഒന്നായ നൻറുഴൈനാടിന്റെ തലസ്ഥാനമായ തൃക്കൊടിത്താനത്ത് വേണാട്ടുരാജാവായ ഗോവർധന മാർത്താണ്ഡൻ അധികാരസ്ഥാനത്ത് കാണപ്പെടുന്നു. മറ്റൊരു വേണാട്ടരചനായ ശ്രീ വല്ലഭൻ കോതയെക്കുറിച്ചും ഇതിൽ പരാമർശമുണ്ട്. ഭാസ്കര രവിവർമ ഒന്നാമൻ, ശ്രീവല്ലഭൻ കോത, ഗോവർധനമാർത്താണ്ഡൻ എന്നീ മൂന്ന് രാജാക്കന്മാരെയും നാമങ്ങൾ ഒന്നിച്ച് പരാമർശിക്കപ്പെടുന്ന രേഖയാണിത്. ചങ്ങനാശ്ശേരിക്കടുത്തുള്ള തൃക്കൊടിത്താനം ക്ഷേത്രശ്രീകോവിലിന്റെ വടക്കും പടിഞ്ഞാറും ഭിത്തികളിൽ ഏഴ് വരികളിലായി കൊത്തിയിരിക്കുന്ന ഈ ലിഖിതം പൂർണമായ ഒന്നാണ്. ഈ ശാസനം, മംഗളം ഭവിക്കട്ടെ ! എന്ന സ്തുതിയോടുകൂടിയാണ് തുടങ്ങുന്നത്.

മുച്ചുന്തി ശിലാരേഖ

മലയാളവും അറബിയും ചേർന്ന ദ്വിഭാഷാ ലിപിയിലുള്ള ശാസനമാണിത്. മധ്യകാല കേരളത്തിലെ ഒരു ഹിന്ദുരാജാവ് മുസ്ലിങ്ങൾക്ക് മതപരവും സാമൂഹികവുമായി ആനുകൂല്യങ്ങൾ നൽകി ആദരിച്ചതിന്റെ ഏക ഔദ്യോഗിക രേഖയാണ് മുച്ചുന്തിപള്ളിയിലെ ഈ ശിലാലിഖിതം. കേരളത്തിലെ ആദ്യകാല മുസ്‌ലിം പള്ളികളിൽ ഒന്നായ കോഴിക്കോട് കുറ്റിച്ചിറയിലെ മുച്ചുന്തി പള്ളിയിലാണ് ഈ ശിലാരേഖയുള്ളത്. അറബിയിലും വട്ടെഴുത്തിലും കൊത്തിയിട്ടുള്ള ഈ ദ്വിഭാഷാ ശിലാലിഖിതം സാമൂതിരി രാജാക്കന്മാരുടെയും മുസ്‌ലിങ്ങളുടെയും ആദ്യകാല ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന ഒന്നാണ്. ഈ ലിഖിതത്തിൽ പ്രതിപാദിക്കുന്ന വിഷയം പൂന്തുറക്കോൻ (സാമൂതിരി) കേട്ടുവിളിയൻ എന്ന ഉദ്യോഗസ്ഥൻ വഴി പള്ളിക്ക് ദിവസം നാഴിയരി ചെലവിനുള്ള വകയായി ചില സ്വത്തുക്കൾ ദാനം ചെയ്യുന്നതാണ്.

Post a Comment

0 Comments
Post a Comment (0)