കേരളത്തിലെ പ്രധാന ആഘോഷങ്ങൾ
ഓണം
കേരളത്തിന്റെ ദേശീയ ഉത്സവമാണ് ഓണം. എല്ലാ വർഷവും ചിങ്ങമാസത്തിലാണ്
(ഓഗസ്റ്റ് - സെപ്റ്റംബർ) ഓണം ആഘോഷിക്കുന്നത്. ഐതീഹ്യപ്രകാരം, പൗരാണിക കാലത്ത് കേരളം
ഭരിച്ചിരുന്ന അസുര ചക്രവർത്തിയായ മഹാബലി വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ വരുന്ന
സന്ദർഭമാണ് ഓണമായി ആഘോഷിക്കുന്നത്. കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നത് ചിങ്ങം ഒന്നിനാണ്.
കേരളത്തിന്റെ കാർഷികോത്സവം കൂടിയാണ് ഓണം. അത്തം നാളിൽ തുടങ്ങി പത്താം ദിവസമാണ് തിരുവോണം.
വള്ളം കളി, പുലിക്കളി, അത്തച്ചമയം എന്നിവ ഓണവുമായി ബന്ധപ്പെട്ട ആഘോഷങ്ങളാണ്.
വള്ളം
കളി
കേരളത്തിന്റെ തനതായ ജലോത്സവമായ വള്ളംകളി, ഓണക്കാലത്താണ്
സാധാരണയായി നടക്കുന്നത്. നെഹ്‌റു ട്രോഫി വള്ളംകളി, പായിപ്പാട്ട് വള്ളംകളി, ആറന്മുള
വള്ളംകളി, ചമ്പക്കുളം മൂലം വള്ളംകളി, ശ്രീനാരായണ ട്രോഫി വള്ളംകളി, ഉത്രാടം തിരുനാൾ
പമ്പ വള്ളംകളി, അയ്യങ്കാളി ട്രോഫി വള്ളംകളി എന്നിവയാണ് പ്രധാന വള്ളംകളികൾ.
പുലിക്കളി
ഓണാഘോഷത്തോടനുബന്ധിച്ച് മധ്യ കേരളത്തിൽ (പ്രത്യേകിച്ച്
തൃശ്ശൂരിൽ) പുരുഷന്മാർ പുലിയുടെ വേഷം കെട്ടികളിക്കുന്ന കളി.
അത്തച്ചമയം
കേരളത്തിലെ എല്ലാ നാടൻ കലാരൂപങ്ങളുടെയും സാന്നിദ്ധ്യമുള്ള
അത്തച്ചമയം ഓണാഘോഷത്തിന്റെ നാന്ദി കൂടിയാണ്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ്
അത്തച്ചമയം നടക്കുന്നത്.
വിഷു
ഓണം കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന ഒരു
പ്രധാന ഉത്സവമാണ് വിഷു. എല്ലാ വർഷവും മേടം 1 (ഏപ്രിൽ) നാണ് വിഷു ആഘോഷിക്കുന്നത്. വിഷുക്കണിയും
വിഷികൈനീട്ടവുമാണ് വിഷുദിനത്തിലെ പ്രധാന ചടങ്ങുകൾ. ശ്രീകൃഷ്ണ വിഗ്രഹം, കൊന്നപ്പൂവ്,
കാർഷിക ഫലങ്ങൾ, വസ്ത്രം, ആഭരണം, മുഖക്കണ്ണാടി, കത്തിച്ച നിലവിളക്ക് എന്നിവയൊക്കെ വച്ചാണ്
വിഷുക്കണിയൊരുക്കുന്നത്.
തൃശ്ശൂർ
പൂരം
മേടമാസത്തിലെ (ഏപ്രിൽ - മെയ്) പൂരം നക്ഷത്രത്തിൽ ആഘോഷിക്കുന്ന
വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം ആരംഭിച്ചത് കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാനാണ്.
ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള പഞ്ചവാദ്യഘോഷങ്ങളും
ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
തൃശ്ശൂർ നഗരമധ്യത്തിലുള്ള "ദക്ഷിണ കൈലാസം" എന്നറിയപ്പെടുന്ന വടക്കുംനാഥ ക്ഷേത്രത്തിലും
ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിൻകാട് മൈതാനത്തിലുമാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുന്നത്.
ഇലഞ്ഞിത്തറമേളം തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയാണ് പൂരത്തിന്റെ പ്രധാന ചടങ്ങുകൾ.
പ്രപഞ്ചത്തിലെ ഏറ്റവും നയനമനോഹരമായ ഉത്സവമെന്ന് യുനെസ്കോ വിശേഷിപ്പിച്ചത് തൃശ്ശൂർ പൂരത്തെയാണ്.
നവരാത്രി
ഭാരതത്തിലൊട്ടാകെ ഹൈന്ദവ സമൂഹം വിശേഷാൽ കൊണ്ടാടുന്ന ഉത്സവങ്ങളിലൊന്നാണ്
നവരാത്രി. വിദ്യാസമ്പന്നതയ്ക്കും ഐശ്വര്യത്തിനും വേണ്ടി നോൽക്കുന്ന ഒമ്പതു ദിവസത്തെ
നവരാത്രി വ്രതത്തിൽ അവസാന മൂന്ന് ദിവസങ്ങൾക്കാണ് കേരളത്തിൽ പ്രാധാന്യം. കേരളത്തിൽ നവരാത്രി
ദിനത്തിൽ സരസ്വതി ദേവിക്കാണ് പ്രാധാന്യം. പൊതുവേ ഒക്ടോബർ മാസത്തിലാണ് നവരാത്രി ആഘോഷം
വരുന്നത്. അശ്വനി മാസത്തിലെ വെളുത്തപക്ഷ പ്രഥമ മുതൽ ആരംഭിക്കുന്ന ആഘോഷം വിജയദശമി ദിവസം
വിദ്യാരംഭത്തോടെ അവസാനിക്കുന്നു. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചുള്ള ഒരു ആചാരമാണ്
ബൊമ്മക്കൊലു ആചാരം. ദേവീപ്രീതിക്കായി അലങ്കരിച്ച കലശം വച്ച് ചുറ്റിനും വിവിധ ബൊമ്മകൾ
തട്ടുകളിൽ നിരത്തിവച്ച് ദേവീ പൂജ നടത്തുന്നതാണ് ബൊമ്മക്കൊലു ആചാരം.
തിരുവാതിര
ഉത്സവം
മലയാള മാസം ധനുവിൽ (നവംബർ-ഡിസംബർ) ശുക്ലപക്ഷത്തിലെ വെളുത്തവാവും
തിരുവാതിര നക്ഷത്രവും ഒത്തുവരുന്ന ദിവസം കേരളീയ സ്ത്രീകൾ തിരുവാതിര ആഘോഷിക്കുന്നു.
ഹിന്ദു ഐതീഹ്യപ്രകാരം പരമശിവന്റെ ജന്മദിനമാണ് ധനുമാസത്തിലെ തിരുവാതിര നക്ഷത്രം. തിരുവാതിര
നക്ഷത്ര ദിനത്തിൽ സ്ത്രീകൾ സന്ധ്യകഴിഞ്ഞ് മുറ്റത്ത് നിലവിളക്കിന് ചുറ്റുമായി കൈകൊട്ടിക്കളി
(തിരുവാതിരക്കളി) നടത്തുന്നു.
ക്രിസ്തുമസ്
ക്രിസ്തുമസ് ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ്.
യേശു ക്രിസ്തുവിന്റെ ജന്മദിനമായ ഡിസംബർ 25ന് ലോകമെമ്പാടുമുള്ള പോലെ കേരളത്തിലും ക്രിസ്തുമസ്
വിപുലമായി ആഘോഷിക്കുന്നു.
മിലാദി
ഷെരീഫ്
ഇസ്ലാം മതപ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനമായ ഈ ദിവസം
കേരളത്തിൽ അങ്ങോളമിങ്ങോളം ജാതിമത ഭേദമന്യേ ആഘോഷിക്കുന്നു.
കൊറ്റൻകുളങ്ങര
ചമയവിളക്ക്
തികച്ചും വ്യത്യസ്തതയാർന്ന ഒരു ഉത്സവമാണ് കൊല്ലം ജില്ലയിലെ
ചവറയിലെ കൊറ്റൻകുളങ്ങര ദേവി ക്ഷേത്രത്തിലെ ചമയവിളക്ക്. പുരുഷന്മാർ ഉത്സവരാത്രിയിൽ സുന്ദരികളായ
സ്ത്രീകളെപ്പോലെ വേഷം കെട്ടി സാമ്പ്രദായിക രീതിയിലുള്ള വിളക്കുമായി വാദ്യാഘോഷത്തോടെ
ക്ഷേത്രത്തിലേക്കു വരിവരിയായി പോകുന്ന ചടങ്ങാണ് ഇത്.
ഓച്ചിറക്കളി
രാജഭരണകാലത്ത് വേണാട് - കായംകുളം രാജാക്കന്മാർ നടത്തിയ
യുദ്ധങ്ങളുടെ വീരസ്മരണ ഉയർത്തുന്നതിനായി കൊല്ലം ജില്ലയിൽ നടത്തുന്ന ഒരുത്സവമാണ് ഓച്ചിറക്കളി.
എല്ലാവർഷവും മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ഓച്ചിറക്കളി നടക്കുന്നത്.
കൽപ്പാത്തി
രഥോത്സവം
പാലക്കാട് ജില്ലയിലെ കൽപ്പാത്തിയിലാണ് രഥോത്സവം അരങ്ങേറുന്നത്.
എല്ലാവർഷവും തുലാം മാസത്തിൽ (ഒക്ടോബർ - നവംബർ) നടക്കുന്ന ഈ രഥോത്സവത്തിന്റെ ഉത്സവകേന്ദ്രം
കൽപ്പാത്തിപ്പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്ന 700 വർഷം പഴക്കമുള്ള വിശ്വനാഥ ക്ഷേത്രത്തിലാണ്.
ചെട്ടിക്കുളങ്ങര
ഭരണി
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ സ്ഥിതിചെയ്യുന്ന
ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവമാണിത്. എല്ലാ വർഷവും കുംഭ മാസത്തിലെ (ഫെബ്രുവരി
- മാർച്ച്) ഭരണി നാളിലാണ് ഇത് അരങ്ങേറുന്നത്. കുത്തിയോട്ടവും കെട്ടുകാഴ്ചയുമാണ് ഈ ഉത്സവത്തിലെ
പ്രധാന ആകർഷണങ്ങൾ.
കൊട്ടിയൂർ
മഹോത്സവം
കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ ബാവലി നദിയുടെ ഇരുകരകളിലുള്ള
ക്ഷേത്രങ്ങളായ അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിവ ചേർന്ന് നടത്തുന്ന ഉത്സവം.
28 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം എല്ലാവർഷവും മെയ് - ജൂൺ മാസങ്ങളിലാണ് നടക്കുന്നത്.
ആനയൂട്ട്
തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലാണ് പ്രധാനമായും ആനയൂട്ട്
നടത്തുന്നത്. ഭഗവാനുള്ള സമർപ്പണമായാണ് ഗജവീരന്മാർക്ക് ആനയൂട്ട് നടത്തിപ്പോരുന്നത്.
നെന്മാറ
വേല
പാലക്കാട് നെല്ലികുളങ്ങര ഭഗവതി ക്ഷേത്രം ഒരുക്കുന്ന 21
ദിവസത്തെ നെന്മാറ വേല, തൃശ്ശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ ദൃശ്യവിസ്മയമാണ്.
എല്ലാ വർഷവും മീനമാസത്തിൽ (മാർച്ച്-ഏപ്രിൽ) നടക്കുന്ന നെന്മാറ വേലയുടെ പ്രധാന ആകർഷണം
30 ഗജവീരന്മാരുടെ നെറ്റിപ്പട്ടം ചൂടിയ പ്രൗഢഗംഭീരമായ എഴുന്നള്ളത്താണ്.
ആറാട്ടുപുഴ
പൂരം
പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നു. തൃശ്ശൂർ ജില്ലയിലെ
ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തിലാണ് പൂരം അരങ്ങേറുന്നത്. എല്ലാ വർഷവും മീനമാസത്തിലെ
പൂരം നാളിലാണ് നടക്കുന്നത്. ഏറ്റവും കൂടുതൽ ആനകൾ അണിനിരക്കുന്ന ഉത്സവമാണ് ആറാട്ടുപുഴ
പൂരം.
ഉത്രാളിക്കാവു
പൂരം
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലുള്ള പരുത്തിപ്രയിലെ
ശ്രീ രുധിര മഹാകാളി കാവു ക്ഷേത്രത്തിലെ ഉത്സവമാണിത്. എല്ലാ വർഷവും കുംഭമാസത്തിലാണ്
പൂരം അരങ്ങേറുന്നത്.
ആനയടി
പൂരം
കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് സ്ഥിതിചെയ്യുന്ന ആനയടി
പഴയിടം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ പൂരം. എല്ലാ വർഷവും മകരമാസത്തിലാണ് (ജനുവരി
- ഫെബ്രുവരി) പൂരം അരങ്ങേറുന്നത്.
കുമാരനല്ലൂർ
തൃക്കാർത്തിക
കേരളത്തിലെ 108 ദുർഗാ ക്ഷേത്രങ്ങളിൽ പ്രമുഖ സ്ഥാനമാണ് കുമാരനല്ലൂർ
ദേവീ ക്ഷേത്രത്തിനുള്ളത്. വൃശ്ചിക മാസത്തിലെ തൃക്കാർത്തികയാണ് ഇവിടുത്തെ പ്രധാന ഉത്സവം.
ശബരിമല
മകരവിളക്ക്
വൃശ്ചികം മുതൽ മകരം വരെ നീളുന്ന വ്രതാനുഷ്ഠാനത്തിന്റെ സമാപനത്തിലാണ്
ശബരിമലയിൽ മകരവിളക്കുത്സവം. മകരസംക്രമപൂജയാണ് മകരവിളക്കു ദിവസത്തെ പ്രധാന പൂജ. പരശുരാമ
മഹർഷി ശബരിമലയിൽ പ്രതിഷ്ഠ നടത്തിയത് മകര സംക്രമ മുഹൂർത്തത്തിലാണെന്നാണ് വിശ്വാസം.
ഗുരുവായൂർ
ഏകാദശി
ഗുരുവായൂരിലെ പ്രധാന ഉത്സവമാണ് ഏകാദശി വിളക്കും അതോടനുബന്ധിച്ചുള്ള
സംഗീതോത്സവവും. വൃശ്ചികമാസത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശിയാണ് ഗുരുവായൂർ ഏകാദശിയായി
ആചരിക്കുന്നത്. 1974 മുതൽ ചെമ്പൈ സംഗീതോത്സവം നടത്തിവരുന്നു.
പനച്ചിക്കാട്
നവരാത്രി
ദക്ഷിണ മൂകാംബികയെന്ന് പ്രസിദ്ധമാണ് പനച്ചിക്കാട് സരസ്വതീ
ക്ഷേത്രം. നവരാത്രിയാണ് ഇവിടുത്തെ പ്രധാന ഉത്സവം.
മംഗളാദേവി
ചിത്രാപൗർണ്ണമി
വർഷത്തിലൊരിക്കൽ ഉത്സവത്തിനുമാത്രം ഭക്തർ ആരാധന നടത്തുന്ന
ക്ഷേത്രമാണ് മംഗളാദേവി. മേട മാസത്തിലെ ചിത്തിരയും പൗർണമിയും ഒത്തുവരുന്ന ദിവസമാണ് ചിത്രാപൗർണ്ണമി
ഉത്സവം ആഘോഷിക്കുന്നത്. പെരിയാർ ടൈഗർ റിസർവിനുള്ളിലാണ് മംഗളാദേവി ക്ഷേത്രം. ചേരൻ ചെങ്കുട്ടവൻ
പണികഴിപ്പിച്ച ക്ഷേത്രമാണിത്. ഇളങ്കോവടികളുടെ ചിലപ്പതികാരത്തിൽ ഈ ക്ഷേത്രത്തെക്കുറിച്ചു
പരാമർശമുണ്ട്. കണ്ണകി ദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ.
ആറ്റുകാൽ
പൊങ്കാല
സ്ത്രീകളുടെ ശബരിമലയെന്ന് പേരുകേട്ട മഹാക്ഷേത്രമാണ് ആറ്റുകാൽ
ഭഗവതി ക്ഷേത്രം. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ് കുംഭമാസത്തിലെ പൂരം നാളിൽ നടക്കുന്ന
പൊങ്കാല. സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മതപരമായ ആഘോഷം എന്ന
ഗിന്നസ് റെക്കോർഡ് ആറ്റുകാൽ പൊങ്കാലയ്ക്കുണ്ട്.
ആലുവാ
ശിവരാത്രി
പെരിയാറിന്റെ തീരത്ത് ആലുവ മണപ്പുറത്താണ് ചരിത്രപ്രസിദ്ധമായ
ശിവരാത്രി ഉത്സവം നടക്കുന്നത്.
എടത്വ
പെരുന്നാൾ
ആലപ്പുഴയിലെ എടത്വാ പട്ടണത്തിൽ സെന്റ് ജോർജ് ഫെറോനാപ്പള്ളിയിലാണ്
എടത്വാ പെരുന്നാൾ ആഘോഷിക്കുന്നത്. ഈ പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം
വഹിച്ചു നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം മെയ് മാസമാണ് നടക്കുന്നത്.
മണർക്കാട്
പെരുന്നാൾ
കോട്ടയം ജില്ലയിലെ മണർക്കാട് സെന്റ് മേരീസ് പള്ളിയിലാണ്
മണർക്കാട് പെരുന്നാൾ അരങ്ങേറുന്നത്. പെരുന്നാളുമായി ബന്ധപ്പെട്ട 'എട്ടുനൊയമ്പു പെരുന്നാൾ'
വളരെ വിശേഷപ്പെട്ടതാണ്. എല്ലാ വർഷവും സെപ്റ്റംബർ മാസമാണ് പെരുന്നാൾ നടക്കുന്നത്.
വെട്ടുകാട്
പെരുന്നാൾ
തിരുവനന്തപുരം ജില്ലയിൽ വെട്ടുകാട് എന്ന തീരപ്രദേശത്ത്
സ്ഥിതിചെയ്യുന്ന മാദ്രേ -ദെ- ദേവൂസ് ദേവാലയത്തിൽ നടക്കുന്ന പെരുന്നാൾ. എല്ലാ വർഷവും
നവംബർ മാസത്തിൽ നടക്കുന്ന ക്രിസ്തുരാജ തിരുന്നാൾ എന്ന വെട്ടുകാട് പെരുന്നാൾ വളരെ പ്രസിദ്ധമാണ്.
മലയാറ്റൂർ
പെരുന്നാൾ
ഈസ്റ്റർ ആഘോഷവേളയിലാണ് മലയാളി ക്രൈസ്തവർക്ക് ഏറ്റവും പ്രശസ്തമായ
മലയാറ്റൂർ തീർഥാടനവും പൊൻമല കയറ്റവും നടക്കുന്നത്.
കാഞ്ഞിരമറ്റം
കൊടിക്കുത്ത്
സൂഫി സന്യാസിയായ ഷേയ്ക്ക് ഫരിദുദിന്റെ സ്മരണാർത്ഥം നിർമ്മിക്കപ്പെട്ട
എറണാകുളത്തെ കാഞ്ഞിരമറ്റം പള്ളിയിലെ ഉത്സവം. ചന്ദനകുടം വഹിച്ചുകൊണ്ടുള്ള ചടങ്ങാണ് ഈ
ഉത്സവത്തിന്റെ പ്രധാന ആകർഷണം. എല്ലാ വർഷവും ജനുവരി മാസത്തിലാണ് അരങ്ങേറുന്നത്.
പട്ടാമ്പി
നേർച്ച
ആളൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങൾ എന്ന മുസ്ലീ ദിവ്യന്റെ
സ്മരണയ്ക്കായി നടത്തപ്പെടുന്ന ആഘോഷം. എല്ലാ വർഷവും മാർച്ച് മാസമാണ് പട്ടാമ്പി നേർച്ച
നടക്കുന്നത്.
അപ്പ
വാണിഭം നേർച്ച
കോഴിക്കോട് ജില്ലയിലെ ഇടിയങ്ങര ഷേയ്ക്ക് മസ്ജിദിലെ അപ്പ
വാണിഭം നേർച്ച ജാതി-മത ഭേദമന്യേ നടക്കുന്ന ഉത്സവമാണ്. വിളവുഫലങ്ങളും പുതുവസ്ത്രങ്ങളും
ഭക്തർ നേർച്ചയായി സമർപ്പിക്കുന്നത് ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്.
ബീമാപള്ളി
ഉറൂസ്
തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധ മുസ്ലിം തീർത്ഥാടന കേന്ദ്രമായ ബീമാപള്ളി ദർഗാഗരീഫിലെ ഉത്സവം. എല്ലാ വർഷവും ജനുവരി മാസത്തിലാണ് ഉറൂസ് നടക്കുന്നത്. ഉറൂസിന്റെ ഭാഗമായി നടക്കുന്ന പത്തു ദിവസത്തെ ചന്ദനക്കുടം ഉത്സവം ജാതിമത ഭേദമന്യേ എല്ലാ ആളുകളും പങ്കെടുക്കുന്നു.
