കേരളത്തിലെ ആദ്യകാല പ്രസിദ്ധീകരണങ്ങൾ

Arun Mohan
0

കേരളത്തിലെ ആദ്യകാല പ്രസിദ്ധീകരണങ്ങൾ

മലയാള സാഹിത്യത്തിന്റെ വളർച്ചയ്ക്ക് മികച്ച സംഭാവനകൾ നൽകിയ ധാരാളം പ്രസിദ്ധീകരണങ്ങളുണ്ട്. 1881ൽ ആരംഭിച്ച വിദ്യാവിലാസിനിയാണ് മലയാളത്തിൽ സാഹിത്യത്തിനു പ്രാധാന്യം നൽകിയ ആദ്യ പ്രസിദ്ധീകരണം. അതിനെത്തുടർന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനക്കാലത്ത് ജനരഞ്ജിനി, ഭാഷാപോഷിണി, കവനോദയം, വിദ്യാവിനോദിനി എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ഉണ്ടായ പ്രസിദ്ധീകരണങ്ങളാണ് രസികരഞ്ജിനി, കവനകൗമുദി, മംഗളോദയം തുടങ്ങിയവ.

ഭാഷാപോഷിണി

കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ 1892 ഏപ്രിൽ മുതൽ ചതുർമാസികയായി പ്രസിദ്ധീകരണമാരംഭിച്ചു. 1896 സെപ്റ്റംബർ മുതൽ 1938ൽ മനോരമ നിരോധിക്കുന്നതുവരെ മാസികയായി പ്രചരിച്ചു. 1978ൽ ദ്വൈമാസികയായി പുനരാരംഭിച്ചു. ഭാഷാപോഷിണി ഇപ്പോൾ പ്രതിമാസ പത്രികയാണ്.

വിദ്യാവിനോദിനി

മലയാള സാഹിത്യത്തിലെ നിരൂപകനായ സി.പി.അച്യുതമേനോൻ പത്രാധിപരായി ആരംഭിച്ച മാസികയാണ് വിദ്യാവിനോദിനി. സാഹിത്യത്തിൽ തെറ്റു കണ്ടാൽ രൂക്ഷമായി അദ്ദേഹം 'വിദ്യാവിനോദിനി'യിലൂടെ വിമർശിക്കും. ഈ മാസികയിൽ കൂടി, മോശപ്പെട്ട സാഹിത്യമെഴുതുന്നവരെ അദ്ദേഹം കളിയാക്കിയിരുന്നു. 

രസികരഞ്ജിനി

1903 ഓഗസ്റ്റിൽ തൃശ്ശൂർ ജില്ലയിലാണ് രസികരഞ്ജിനി എന്ന സാഹിത്യ മാസിക പ്രസിദ്ധീകരണം ആരംഭിച്ചത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനായിരുന്നു പത്രാധിപർ. പ്രാചീന സന്ദേശകാവ്യമായ 'ഉണ്ണുനീലി സന്ദേശം' ആദ്യമായി പ്രസിദ്ധീകരിച്ചത് രസികരഞ്ജിനിയിലാണ്. 1906 ലായിരുന്നു പ്രസിദ്ധീകരണം. മലയാളത്തിലെ ആദ്യത്തെ ഡിറ്റക്ടീവ് നോവലായ 'ഭാസ്ക്കരമേനോൻ' അച്ചടിക്കപ്പെട്ട മാസികയും രസികരഞ്ജിനിയാണ്. 'ഒരു ദുർമരണം' എന്ന പേരിലാണ് കർത്താവായ അപ്പൻ തമ്പുരാൻ ഈ നോവൽ രസികരഞ്ജിനിയിൽ പ്രസിദ്ധീകരിച്ചത്.

കവനകൗമുദി

1904ൽ ആരംഭിച്ച 'കവനകൗമുദി'യാണ് മലയാളത്തിലെ ആദ്യത്തെ പദ്യമാസിക. ഇതിലെ വാർത്തകളും മുഖപ്രസംഗങ്ങളും കത്തുകളും പരസ്യങ്ങളും വരെ കവിതാരൂപത്തിലായിരുന്നു. 'ഭാഷാവിലാസം' എന്ന പേരിൽ മലയാളത്തിലാദ്യമായി വിശേഷാൽപ്രതി ഇറക്കിയതും ഈ മാസികതന്നെ.

Post a Comment

0 Comments
Post a Comment (0)